Wednesday, December 21, 2011

സീറോ ഡയല്‍ ;ജീവിതത്തിനും മരണത്തിനുമിടയില്‍ നിന്നൊരു കാള്‍...

“ കമാന്റര്‍”
“ യെസ് ബോസ്”
“ കുച്ച് ഖാസ് ഖബര്‍ ഹേം.”
“ ഓകെ. ഹോട്ടല്‍ ആഷ അറ്റ് ഘാട്ട്ക്കൂപ്പര്‍. പാഞ്ച് മിനുട്ട്..”

ചീറിപാഞ്ഞു വന്ന ബൈക്ക് ഹോട്ടല്‍ ആഷയുടെ മുന്നില്‍ പാര്‍ക്ക് ചെയ്ത്
അല്പസമയം പരിസരം നിരീക്ഷിച്ച അയാള്‍
അകത്തേക്ക് കയറി. ഹോട്ടലിനകത്തേക്കും പുറത്തേക്കും പോകുന്ന ആളുകളെ
കാണുന്ന തരത്തില്‍ അയാളൊരു മൂലയിലെ കസേരയിലിരുന്നു. മധുരമില്ലാത്ത
ചായ മെല്ലെ മൊത്തി അങ്ങനെയിരിക്കെ പെട്ടെന്ന് പതുക്കെ സംസാരിച്ച്
രണ്ടപരിചിതര്‍ അകത്തേക്ക് കടന്നു വരുന്നത് അയാള്‍ കണ്‍കോണുകള്‍ക്കിടയിലൂടെ
കണ്ടു. അവര്‍ക്ക് പിന്നാലെ ഹോട്ടലിലേക്ക് കടന്നു വന്ന മനുഷ്യന്‍ ,
ഒരു മാത്ര അയാളെ നോക്കി കണ്ണുചിമ്മി. കുടിച്ചിരുന്ന ചായ മുഴുവനാക്കാതെ
അയാള്‍ പുറത്തിറങ്ങി ഗലിയിലെ തിരക്കിലേക്ക് ബൈക്കില്‍ കുതിച്ചു.

മുകളില്‍ വായിച്ചത് ഒരു സൂപ്പര്‍താര ചിത്രത്തിലെ കിടിലന്‍ രംഗമൊന്നുമല്ല. ഇക്കഴിഞ്ഞ ജൂണ്‍ 11 നു വേടിയേറ്റ് കൊല്ലപ്പെടുന്നത് വരെയുള്ള ജെ ഡെയുടെ (J .Dey ) ജീവിതത്തിലെ എന്നത്തേയും ഒരു ദിവസം !
ജെ ഡേ എന്ന ജ്യോതിര്‍മയീ ഡെ ( Jyotirmoy Dey ).ഇന്ത്യ കണ്ട മികച്ച ക്രൈം റിപ്പോര്‍ട്ടര്‍. കമാന്‍ഡര്‍,എന്നായിരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. MID DAY യുടെ ഇന്‍വെസ്റ്റിഗേഷന്‍ എഡിറ്റര്‍. വിവരങ്ങള്‍ ചോര്‍ത്താനും പരിസരം നിരീക്ഷിച്ച് കാര്യങ്ങള്‍ ഗ്രഹിക്കുവാനുമുള്ള ജന്മവാസന അദ്ദേഹത്തെ ക്രൈം റിപ്പോര്‍ട്ടിങ്ങ് രംഗത്തെ അതികായനാക്കി. പകല്‍ സമയത്ത് തന്റെ പത്രസ്ഥാപനത്തിലിരുന്നും രാ‍ത്രി മുംബൈയിലെ ഗലികളില്‍ അലഞ്ഞു നടന്നും ജെഡെ തന്റെ കര്‍മ്മരംഗത്തെ സജീവമാക്കി.
ഒരേസമയത്ത് പോലീസുകാരുമായും ഇന്റലിജന്‍സ് ബ്യൂറോയിലെ ഉദ്യോഗസ്ഥരുമായും അതുപോലെ അധോലോകക്കാരുടേയും സൂഹൃത്തായിരുന്നു അദ്ദേഹം. അധോലോകക്കാരുടെ സ്ഥിരം താവളങ്ങളായ ഹോട്ടലുകളിലും ഗല്ലികളിലും ക്ഷമയോടെ ആരുടെ കണ്ണിലും പെടാതെ ചുറ്റിക്കറങ്ങി കാര്യങ്ങള്‍ നിരീക്ഷിച്ചറിയാനുള്ള ജെഡെ യുടെ കഴിവ് അപാരമായിരുന്നു. താനറിഞ്ഞ വിവരങ്ങള്‍ ശരിയാണോന്നറിയാന്‍ അധോലോകത്തെ ചാരന്മാരെ വിളിച്ച് ഉറപ്പ് വരുത്തുക ,അതായിരുന്നു അദ്ദേഹത്തിന്റെ രീതി. ഇവരുമായി (informers) വളരെ അടുത്ത സൌഹൃദമുണ്ടായിരുന്നു അദ്ദേഹത്തിനു. ദാവൂദിന്റേയും ഛോട്ടാരാജന്റേയും ആളുകളുമായും ജെഡെ ബന്ധം പുലര്‍ത്തിയിരുന്നുവത്രെ. ഈയിടെ അധോലോകത്തെ ഓയില്‍ മാഫിയ പറ്റിയും അതിനു പിന്നിലെ നിഗൂഡതകളിലേക്കും വെളിച്ചം വീശാനുതകുന്ന ഒരു പുസ്തകത്തിന്റെ രചനയിലായിരുന്നു അദ്ദേഹം. അതാണൊ അദ്ദേഹത്തിന്റെ കൊലക്ക് നിദാനം എന്നത് ഇപ്പോഴും അജ്ഞാതം.


തന്റെ രീതികളിലും ഭാവങ്ങളിലും വല്ലാത്ത നിഗൂഡത കാത്തുസൂക്ഷിച്ചിരുന്നു ജെഡെ. മൊബൈല്‍ ഫോണില്‍ ആരുടെ പേരും സേവ് ചെയ്യാറില്ല,.എല്ലാം കോഡുകള്‍. ചാരന്മാരെ സ്വന്തം ഫോണില്‍ നിന്നും വിളിക്കില്ല,പുറത്തെ പബ്ലിക് ബൂത്തില്‍ നിന്നേ സംസാരിക്കൂ.ചിലപ്പോള്‍ പെണ്‍ശബ്ദത്തിലാകും സംസാരം. കാണാമെന്ന് പറഞ്ഞുറപ്പിച്ച സ്ഥലം അവസാന നിമിഷം മാറ്റിപ്പറയും. അക്രമണമുണ്ടായാല്‍ പെട്ടെന്ന് രക്ഷപ്പെടാന്‍ പാകത്തില്‍ ബൈക്കെപ്പോഴും റോഡിലേക്ക് തിരിച്ചേ വെക്കൂ..ഇത്രയധികം മുന്‍ കരുതല്‍ എടുത്തിട്ടും ഇക്കഴിഞ്ഞ ജൂണ്‍ 11 നു മലയാളിയായ ഷാര്‍പ്പ് ഷൂട്ടര്‍ സതീഷ് കാലിയയും സംഘവും അദ്ദേഹത്തെ വെടിവച്ചു കൊന്നു. .32 റിവോള്‍വറില്‍ നിന്നും ചീറിപ്പാഞ്ഞ അഞ്ചു വെടിയുണ്ടകളായിരുന്നു ശരീരം തുളച്ച് അപ്പുറം കടന്നത്. ആര്‍ക്ക് വേണ്ടിയാണു അവരിത് ചെയ്തതെന്ന് ഇന്നും അറിയില്ല. കേസ് നടക്കുന്നേയുള്ളു. ഛോട്ടാരാജന്‍ തനിക്ക് അബദ്ധം പറ്റിയതാണെന്ന് പറയുന്നു. തന്നെ കൊലപാതകത്തിനു പ്രേരിപ്പിച്ചത് ജെഡയുടെ സഹപ്രവര്‍ത്തകയായ ജിഗ്ന വോറയാണെന്നാണു രാജന്‍ അവകാശപ്പെടുന്നത്. അതെന്തായാലും ജെഡെയെ കൊലയാളികള്‍ക്ക് കാണിച്ചു കൊടുത്തതും അദ്ദെഹത്തിന്റെ ബൈക്കിന്റെ നമ്പര്‍ പ്ലേറ്റ് മൊബൈലില്‍ പകര്‍ത്തി കൊലയാളികള്‍ക്ക് കൈമാറിയതും ജിഗ്നയാണു. അധോലോകത്തിന്റെ ഇടനിലക്കാരിയാണു ഇവരെന്നാണു സൂചനകള്‍. സമൂഹത്തിലെ ഉന്നത്നമാരുടെ രഹസ്യ വിവരങ്ങള്‍ ചോര്‍ത്താന്‍ അവര്‍ ആശ്രയിച്ചിരുന്നത് അധോലോകത്തെ വിവര സ്രോതാസ്സുകളെയായിരുന്നു,( സീറൊ ഡയലുകള്‍) .ഇങ്ങനെയുള്ള ഒരു വിവരസ്രോതസ്സായിരുന്ന ഫരീദ് താനാശയെ; (ഛോട്ടാ രാജന്റെ ബന്ധുവും വലം കൈയുമായിരുന്നു അയാള്‍,) ചൊല്ലിയുള്ള തര്‍ക്കമാണു ജെഡെക്കെതിരെ നീങ്ങാന്‍ ജിഗ്നയെ പ്രേരിപ്പിച്ചതെന്നാണു വര്‍ത്തമാനം,സത്യം കോടതി തെളിയിക്കട്ടെ.

ഇതയും പറഞ്ഞത് എഴുത്തുകാരനെ പറ്റി ഒരുള്‍ക്കാഴ്ച്ച ഉണ്ടാകാനാണു.ജെഡെ യുടെ പുതിയ പുസ്തകത്തെ പറ്റി പറയുമ്പോള്‍ എഴുത്തുകാരനെ പറ്റി അറിയണം. എന്നാലേ ആ എഴുത്തിന്റെ ശൈലി, സത്യം എന്നിവ നമുക്കനുഭവഭേദ്യമാകൂ. വെറുതെ വായിച്ചു പോകാവുന്ന ഒരു പുസ്തകമല്ല ഇത്.പലപ്പോഴും വിക്കിയെ ആശ്രയിക്കേണ്ടി വന്നു; പുസ്തകത്തില്‍ പറഞ്ഞ ആളുകള്‍ ,അവരുടെ മുന്‍ കാലജീവിതം ഒക്കെ അറിയാന്‍. അങ്ങനെ നോക്കുമ്പോള്‍ സാധാരണ ഒരു നോവലോ കഥയോ വായിക്കുന്ന ലാഘവത്തോടെ വായിക്കാന്‍ ആവില്ല ഇത്. അതൊരു പക്ഷെ അദ്ദേഹത്തിന്റെ എഴുത്തിന്റെ രീതി കൊണ്ട് കൂടിയാകാം. ഒരു തരം റിപ്പോര്‍ട്ടിങ്ങ് ശൈലി. നമുക്ക് പരിചയമില്ലാത്ത ,അറിയാത്ത ഒരു ലോകമാണു ജെ ഡെ നമുക്ക് മുന്‍പില്‍ തുറന്നിടുന്നത്.

“സീറോ ഡയല്‍ ,ദ് ഡേഞ്ചറസ് വേള്‍ഡ് ഓഫ് ഇന്‍ഫോര്‍മേര്‍സ്” . ( ZERO DIAL The Dangerous World Of Informers )പേരു സൂചിപ്പിക്കുന്നത് പോലെ നാമാരും അധികം കേള്‍ക്കാത്തതും കാണാത്തതുമായ അധോലോക ചാരന്മാരുടെ അഥവാ വിവര സ്രോതസ്സുകളുടെ ജീവിതം.

ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലത്തിലൂടെയാണു ഇവരുടെ സഞ്ചാരം. സീറോ ഡയല്‍ എന്നാണു ഇക്കൂട്ടര്‍ പോലീസ് വൃത്തങ്ങളില്‍ അറിയപ്പെടുക. ജീവിക്കാന്‍ വേണ്ടിയാണു ഇവരീ വേഷം കെട്ടുന്നത്. മിക്കവരുടേയും മുന്‍ കാല ചരിത്രം പരിശോധിച്ചാല്‍ അടിപിടി, ആള്‍മാറാട്ടം കൊലപാ‍തക ശ്രമം എന്നിവയൊക്കെ കാണും. അധോലോകക്കാരുമായി നല്ല അടുപ്പം കാണും ഇവര്‍ക്ക്. ഈ അടുപ്പത്തില്‍ നിന്നും തങ്ങള്‍ക്ക് കിട്ടുന്ന വിവരങ്ങള്‍ പോലീസുകാര്‍ക്ക് ചോര്‍ത്തിക്കൊടുത്ത് കാശ് കൈപറ്റുക.ചിലപ്പോള്‍ ഡബിള്‍ ഗെയിമും കളിക്കും ഇവര്‍.അതായത് പോലീസിന്റെ വിവരങ്ങള്‍ അധോലോകക്കാ‍ര്‍ക്ക് ചോര്‍ത്തിക്കൊടുക്കുക. അത് പോലെ സമൂഹത്തിലെ ഉന്നതന്മാരെ നിരീക്ഷിച്ച് അവരുടെ രഹസ്യങ്ങള്‍ ചോര്‍ത്തി ഭീഷണിപ്പെടുത്തി പണം പിടുങ്ങുക. ഇന്റലിജന്‍സ് ബ്യൂറൊയിലെ ഉദ്യോഗസ്ഥര്‍ ഇവരെ വ്യാപകമായി ഉപയോഗപ്പെടുത്തുന്നുണ്ട്. . മുകളില്‍ നിന്നുള്ള സമ്മര്‍ദ്ദം ഏറുമ്പോള്‍ ഒരു വമ്പന്‍ കേസ് കിട്ടാനും മുഖം രക്ഷിക്കാനും മിക്കവരും ആശ്രയിക്കുക ചാരന്മാരേയാണു. ഇങ്ങനെ ഭീകരവാദികളേയും ഗുണ്ടകളുടേയുമൊക്കെ ചോര്‍ത്തിക്കിട്ടിയ നീക്കങ്ങള്‍ നിരീക്ഷിച്ച് ഒരു ഏറ്റുമുട്ടല്‍ നാടകത്തിലൂടെ അവരെ കൊന്നുകളയുക. ഇങ്ങനെയുള്ള encounter specialist കള്‍ ഒരുപാടുണ്ട് ഐബിയില്‍.

ക്ഷമ. അതാണു ഒരു ഇന്‍ഫോര്‍മറുടെ ഏറ്റവും വലിയ കൈമുതല്‍. ചിലപ്പോള്‍ ദിവസങ്ങള്‍ അല്ലെങ്കില്‍ ആഴ്ചകള്‍ ഇരയുടെ നീക്കങ്ങള്‍ നിരീക്ഷിച്ചിരിക്കേണ്ടി വരും. ഇതിനിടയില്‍ പിടിക്കപ്പെട്ടാല്‍ കഥ തീര്‍ന്നത് തന്നെ. ഇവിടെ അഹമ്മദും റഹീമും സദത്തീനുമെല്ലാം സീറോ ഡയലുകളാണു. വിവരങ്ങള്‍ വിറ്റ് ജീവിതം കരുപിടിപ്പിക്കുന്നവര്‍. ജീവിതത്തിനും മരണത്തിനുമിടയിലെ അവരുടെ ഞാണിന്മേല്‍ കളി നന്നായി വരച്ചുവെച്ചിട്ടുണ്ട് ജെഡെ. രാജ്യത്തെ ഐ ബി ഓഫീസര്‍മാരുമായ് ചേര്‍ന്ന് ഇന്ത്യയുടെ മോസ്റ്റ് വാണ്ടഡ് ടെററിസ്റ്റ് ആയ റിയാസ് ബട്ക്കലിനെ തേടിയുള്ള അവരുടെ അന്വേഷണത്തിന്റെ വിവരങ്ങള്‍ ഉദ്വേഗജനകമായ് വിവരിക്കുന്നുണ്ട് പുസ്തകത്തില്‍. ഒരോ തവണയും അയാള്‍ രക്ഷപ്പെടുകയാണു. അയാളിപ്പോള്‍ പാകിസ്ഥാനിലാണെന്നാണു ഭാഷ്യം. അത് ശരിയല്ലെന്നും പാകിസ്ഥാനില്‍ ചെന്ന് താനയാളെ വെടിവെച്ചു കൊന്നുമെന്നുമാണു ഛോട്ടാരാജന്‍ അവകാശപ്പെടുന്നത്. സത്യം ആര്‍ക്കറിയാം...

ജെഡെയെന്ന അപൂര്‍വ്വ വ്യക്തിത്വത്തിന്റെ പ്രതിഫലനമാണീ പുസ്തകം. ഒരു അപസര്‍പ്പക കഥ പോലെ ജീവിതം നെയ്ത വ്യക്തി. മരണത്തില്‍ പോലും ആ ദുരൂഹത വിടാതെ പിന്തുടരുന്നു അദ്ദേഹത്തെ...
കേസിനു തുമ്പുണ്ടാകുമെന്നും അദ്ദേഹത്തിന്റെ ഘാതകര്‍ക്ക് പരമാവധി ശിക്ഷ കിട്ടുമെന്നും നമുക്ക് പ്രത്യാശിക്കാം.എങ്കിലേ ഘാട്ട്കൂപ്പറിലെ വസതിയില്‍ കണ്ണീര്‍ പെരുമഴയില്‍ വിറങ്ങലിച്ചിരിക്കുന്ന ഒരമ്മയുടേയും പെങ്ങളുടേയും അദ്ദേഹത്തിന്റെ ഭാര്യ ശുഭയുടേയും മനസ്സിനു ഇത്തിരിയെങ്കിലും ശാന്തി ലഭിക്കൂ....

ജൈകോ ( JAICO) ബുക്ക്സാണു പുസ്തകത്തിന്റെ പ്രസാധകര്‍. മലയാളം വിവര്‍ത്തനം ഇറങ്ങീട്ടില്ല. വില Rs 125/-

***നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്.

Tuesday, December 13, 2011

ഡാം 999




മലയാളിയായ സോഹന്‍ റോയ് നിര്‍മ്മിച്ച ഹോളിവുഡ് ചിത്രംഡാം 999
ഇദയക്കനി കണ്ടിട്ടില്ല ,അല്ലെങ്കില്‍ അവരെ ആരോ തെറ്റിദ്ധരിപ്പിച്ചിരിക്കുന്നു,
ഈ ചിത്രം മുല്ലപ്പെരിയാര്‍ അണക്കെട്ടിനെ പറ്റിയാണെന്നും അത് നമുക്ക്
പണിയുണ്ടാക്കുമെന്നും.

സംവിധായകന്‍ സോഹന്‍ റോയ് തന്നെ തന്റെ പടം
അണക്കെട്ടിനെ പറ്റിയല്ലാന്ന് ആണയിട്ട് പറഞ്ഞിട്ടും അമ്മ കുലുങ്ങുന്നില്ല.
ആ പടം ഇവിടെ ഓടണ്ടാന്നും നിങ്ങളങ്ങനെ പുതിയ അണക്കെട്ട് കെട്ടി
ഞെളിയണ്ടാന്നുമാണു പുള്ളിക്കാരത്തിയുടെ വാശി.

91 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കിയ ഈ ചിത്രം
അണക്കെട്ട് മൂലമുണ്ടാകുന്ന പാരിസ്ഥിതിക പ്രശനങ്ങളിലേക്ക് ശ്രദ്ധ
തെളിയിക്കുക എന്ന ഉദ്ദേശത്തോടേയാണെന്ന്
പറയുന്നുണ്ടെങ്കിലും പ്രണയവും വിരഹവുമാണു സിനിമയുടെ പ്രധാന തീം.
താന്‍ 9 ആങ്കിളില്‍ നിന്ന് പ്രശ്നത്തെ സമീപിച്ചിട്ടുണ്ടെന്നാണു
സംവിധായകന്റെ അവകാശവാദം.എത്ര ചാഞ്ഞും ചരിഞ്ഞും
നോക്കീട്ടും അതൊന്നും ചിത്രത്തില്‍ കാണാന്‍ കഴിഞ്ഞില്ലാന്നാണു
വാസ്തവം. ചിത്രത്തിലെ പ്രധാന കഥ ...

മുഴുവന്‍ വായിക്കണമെങ്കില്‍ ഇവിടെ പോയി വായിക്കണം
വായിച്ച് അഭിപ്രായം പറയുമല്ലോ..

ഓ.ടോ****
ജെയിംസ് കാമറൂണ്‍ സവിധാനം ചെയ്ത ടൈറ്റാനിക്, പ്രണയത്തെ
മനുഷ്യമനസ്സിന്റെ വ്യത്യസ്ഥ ഭാവങ്ങളെ അതിമനോഹരമായ്
അഭ്രപാളികളിലേക്ക് പകര്‍ത്തിയ ചിത്രം. അതെങ്ങാനും
ഒരു മലയാളി സംവിധായകനാണു ചെയ്തേനെയെങ്കില്‍,
റോസ് അറ്റ്ലാന്റിക്കിന്റെ ആഴങ്ങളിലേക്ക് പോകും, ജാക്ക്
എങ്ങനെയെങ്കിലും കരപറ്റി കല്യാണമൊക്കെ കഴിച്ച്
സുഖായ് കഴിയുണുണ്ടാകും.

Thursday, December 1, 2011

ചരിത്രത്തിലേക്കൊരു മറുപിറവി!



മലയാളത്തിന്റെ പ്രിയകഥാകാരന്‍ സേതുവിന്റെ ഒരു കഥയോ നോവലോ
വായിച്ച് കുറിപ്പെഴുതുക അതീവ ശ്രമകരമാണു. കാരണം ഓരോ
വരികള്‍ക്കിടയിലും കാണാക്കയങ്ങള്‍ നിരവധി . നമ്മളത്
കണ്ടില്ലെങ്കില്‍ ; ഇടക്ക് വായന നിര്‍ത്തി ആ അഗാധതയിലേക്ക്
മൂങ്ങാം കുഴിയിട്ടില്ലെങ്കില്‍ വരിയുടെ അറ്റം വരെ നടന്നത് വൃഥാവിലാകും.
ദൂത് എന്ന ചെറുകഥയിലൂടെയാണു സേതുവിനെ ആദ്യം അറിയുന്നത്.
ചെറുകഥയുടെ പാഠപുസ്തകമാണു ആ കഥ. ഒരു ചെറുകഥ എങ്ങനെ
എഴുതണമെന്ന് അനുവാചകരെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന രചനാ തന്ത്രം.

"നിയോഗം" എന്ന നോവല്‍ മാതൃഭൂമിയിലാണെന്ന് തോന്നുന്നു ഖണ്ഡശ്ശ:
പ്രസിദ്ധീകരിക്കുന്നത്. അതിലെ വിശ്വം ; അവന്റെ ഉള്ളുരുക്കങ്ങള്‍.ഒറ്റപ്പെടല്‍,
എത്ര തന്മയത്വത്തോടെയാണു ഓരോ കഥാപാത്രത്തേയും നോവലിസ്റ്റ്
പരുവപ്പെടുത്തിയെടുക്കുന്നത്.
പിന്നീട് വന്ന "പാണ്ഡവപുരം"; വായനക്കാരനെ വിഭ്രാമകമായ അനുഭവങ്ങളിലൂടെ
അപരിചിതമായ ഓര്‍മ്മകളിലൂടെ വഴി നടത്തുന്നു. അതിലെ ദേവി ,മലയാള
സാഹിത്യത്തിലെ ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണു.
1982 ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയിട്ടുണ്ട് ഈ നോവല്‍.

അത് പോലെ "അടയാളങ്ങളിലെ" പ്രിയംവദയും നീതുവും. അമ്മയും മകള്‍ക്കുമിടയിലെ
ആത്മസംഘര്‍ഷങ്ങള്‍ ഒട്ടു തീവ്രത കുറയാതെ നോവലിസ്റ്റ് ആവിഷ്കരിച്ചിട്ടുണ്ട്.
കൂടാതെ തൊഴിലാളിയും തൊഴിലുടമയുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍.,\ആത്മ ബന്ധങ്ങള്‍,
ഈ നോവലിലെ ചില കഥാപാത്രങ്ങളെ അടര്‍ത്തിയെടുത്താണു അദ്ദേഹം
"കിളിമൊഴികള്‍ക്കപ്പുറത്ത് " എന്ന നോവല്‍ രചിക്കുന്നത്. തന്റെ തന്നെ
കഥാപാത്രങ്ങള്‍ക്ക് പിന്നാലെ നോവലിസ്റ്റിന്റെ സഞ്ചാരം.
ഇത്രെം പറഞ്ഞ സ്ഥിതിക്ക് "ആറാമത്തെ പെണ്‍കുട്ടിയെ" പറ്റി എങ്ങനെ പറയാതിരിക്കും.
പൂവിന്റെ നൈര്‍മ്മല്യമുള്ള കാദംബരി; പൂ വില്‍പ്പനക്കാരി. എന്റെ ഇഷ്ട കഥാപാത്രം.

സേതുവിന്റെ കൃതികള്‍ ഇനിയും ഒരുപാടുണ്ട്. ഓര്‍മ്മയില്‍ നിന്നും എടുത്തെഴുതിയതാണു
മുകളില്‍ പറഞ്ഞതത്രയും...ഇവരെപറ്റി പറയാതെ എഴുത്തുകാരനെപറ്റി പറഞ്ഞാല്‍
അത് മുഴുവനാകില്ലല്ലോ...


സേതുവിന്റെ ഏറ്റവും പുതിയ നോവലാണു മറുപിറവി. കഥയും ചരിത്രവും ഭാവനയുടെ
അലകുകള്‍ ചേര്‍ത്ത് ഭംഗി വരുത്തി ,ഇടക്ക് സമകാലിക സംഭവങ്ങള്‍
സൂക്ഷ്മതയോടെ തുന്നിച്ചേര്‍ത്ത് അദ്ദേഹമങ്ങനെ പറഞ്ഞുപോകുമ്പോള്‍ നമ്മളും
അതിലേക്ക്,ആ കാലഘട്ടത്തിലേക്ക് നടന്നു കയറുകയാണു.ശരിക്കും ഒരു
മറുപിറവി !! രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തെ സംഭവങ്ങള്‍, ആളുകള്‍,അവരുടെ
ജീവിതം ,മോഹങ്ങള്‍, കൊടുക്കല്‍ വാങ്ങലുകള്‍.....

അങ്ങനെ വായിച്ചു പോകുമ്പോള്‍ ഞാനൊറ്റക്കല്ലാന്നും എനിക്കു ചുറ്റും
ആരൊക്കെയോ ഉണ്ടെന്നുമുള്ള തോന്നല്‍, എനിക്ക് മുന്‍പെ ജീവിച്ച്
മരിച്ച് പോയവര്‍, അവരുടെ സങ്കടങ്ങള്‍, വ്യഥകള്‍, വിരഹം....
കണ്ണടച്ച് ഇത്തിരി നേരം ഇരുന്നാല്‍ പലതും നേരില്‍ കാണുന്നത് പോലെ..,
കപ്പലുകള്‍, കപ്പല്‍ചാലുകള്‍, കരയില്‍ കപ്പലടുപ്പിക്കാന്‍ കാറ്റിന്റെ
കനിവിനായ് കാത്ത്നില്‍ക്കുന്ന നാവികര്‍,അക്കൂട്ടത്തില്‍ യവനരുണ്ട്,
റോമാക്കാരുണ്ട്,അറബികളുണ്ട്....കരയില്‍ അവരെ വരവേല്‍ക്കാനായി
ആഹ്ലാദാതിരേകത്തോടെ കാത്ത് നില്‍ക്കുന്ന നാട്ടുകാര്‍....ഒരു
കൊല്ലത്തെ കാത്തിരിപ്പിനു അവസാനമാണിത് രണ്ട് കൂട്ടര്‍ക്കും...
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വിദേശികളായ കച്ചവടക്കാരും
അവരുടെ ഇടനിലക്കാരും വന്നും പോയും കൊണ്ടിരുന്ന ഒരു
കാലഘട്ടം എനിക്കു മുന്നില്‍ അങ്ങനെ ചുരുള്‍ നിവര്‍ന്ന്
വരുന്ന പോലെ...!!!!

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്ന്പ് തന്നെ പടിഞ്ഞാറന്‍
തീരത്തെ പ്രധാന തുറമുഖമായിരുന്നത്രെ മുചിരിപ്പട്ടണം. ( മുസിരിസ്)
പടിഞ്ഞാറന്‍ നാടുകളിലേക്കുള്ള കടല്‍കച്ചവടത്തിന്റെ
പ്രധാന കവാടം. ആലോചിച്ച് നോക്കൂ...മൊബൈലും
ജി പി ആറെസ് സംവിധാനങ്ങളൊന്നും ഇല്ലാത്ത കാലത്ത്
നക്ഷ്ത്രങ്ങളെ അടയാളങ്ങളാക്കി പുതിയ കപ്പല്പാതകള്‍ കണ്ടെത്തിയ
ഗ്രീക്കുകാരും റോമാക്കാരും..!!! ഈ ഗ്രീക്കുകാര്‍ കടലിലെ
വമ്പന്മാരായിരുന്നത്രെ, കൂറ്റന്‍ തിരമാലകളില്‍ അമ്മാനമാടാന്‍
മിടുക്കന്മാര്‍..സൂയസ് കനാല്‍ ഇല്ലാതിരുന്ന അന്ന്
ആഫ്രിക്ക മുഴുവന്‍ ചുറ്റി നമ്മുടെ തീരത്തെത്തുക എളുപ്പമായിരുന്നില്ല
അവര്‍ക്ക്, പുതിയൊരു പാത അനിവാര്യമായിരുന്നു അവര്‍ക്ക്,
അങ്ങനെയാണു ദിക്കറിയാതെ കടലില്‍ ഉഴറിയ ഹിപ്പാലസ്
എന്ന ഗ്രീക്ക് നാവികന്‍ ,തെക്ക് പടിഞ്ഞാറന്‍ കാറ്റിനെ കൂട്ട് പിടിച്ച്
അറബിക്കടല്‍ മുറിച്ച് കടന്ന് നമ്മുടെ പടിഞ്ഞാറന്‍ തീരത്തെത്തുന്നത്.
ആ കണ്ടെത്തല്‍ മുച്ചിരിയെ അന്താരാഷ്ട തുറമുഖമാക്കി മാറ്റുകയായിരുന്നത്രെ.

പൊന്ന് തേടി പോയവരെ പറ്റിയും കടലിലെ മുത്തും പവിഴവും
വാരാന്‍ പോയവരെ പറ്റിയുമൊക്കെ നമ്മള്‍ മുത്തശ്ശിക്കഥകളില്‍
ഒരുപാട് കേട്ടിട്ടുണ്ട് അല്ലേ.. യവനന്മാരും അവര്‍ക്ക് പിന്നാലെ
അറബികളും നമ്മുടെ നാട്ടിലേക്ക് കൂട്ടത്തോടെ കടല്‍ മുറിച്ച് കയറി
വന്നതും മുത്ത് തേടി തന്നെയാണു. നമുക്ക് ഏറെ സുപരിചിതമായ
മുത്ത്, കുരുമുളക്!!!

ആര്‍ക്കും വേണ്ടാതെ കാട്ടില്‍ യഥേഷ്ടം വിളഞ്ഞു കിടന്നിരുന്ന
കുരുമുളകിനു ആവശ്യക്കാരേറിയപ്പോള്‍ അതെങ്ങനെ ഒരു രാജ്യത്തിന്റെ
സമ്പദ്ഘടനയില്‍ മാറ്റം വരുത്തിയെന്നും ,ആ കൊടുക്കല്‍
വാങ്ങലുകള്‍ക്കിടക്ക് രൂപപെട്ട ബന്ധങ്ങളുടെ ഇഴയടുപ്പം
എത്രയെന്നും സേതു നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട് ഈ നോവലിലൂടെ.

വലിയൊരു കാന്‍ വാസിലാണു സേതു നോവല്‍ വരച്ചിട്ടിരിക്കുന്നത്.
നോവലിലെ അരവിന്ദനിലേക്ക് കഥാകൃത്ത് പരകായപ്രവേശം
നടത്തിയിരിക്കുന്നു. ഒരുപാട് കാലത്തെ പ്രവാസത്തിനു ശേഷം
നാട്ടിലെത്തുന്ന അരവിന്ദന്റെ അനുഭവങ്ങളിലൂടേ,ഓര്‍മ്മകളിലൂടെ ,
അയാളുടെ കൂട്ടുകാരുടേ സംഭാഷണങ്ങളിലൂടെയൊക്കെയാണു
നോവല്‍ മുന്നോട്ട് പോകുന്നത്. ഓരോ കഥാപാത്രങ്ങളെ
മെനയുമ്പോഴും അവരുടെ നിയോഗമെന്തെന്നു
തീര്‍പ്പാക്കാനുള്ള ബാധ്യത നോവലിസ്റ്റിനു തന്നെയാണു.
എങ്കിലും മുചിരിയും അലക്സാഡ്രിയയും തമ്മില്‍
നിലനിന്നിരുന്ന അന്നത്തെ കച്ചവട ബന്ധത്തിന്റെ അവസാന
ശേഷിപ്പായ പാപ്പിറസ് ചുരുള്‍ തേടിപ്പോയ ആസാദിനെ,
മുചിരിക്കാരനാണയാള്‍,അരവിന്ദന്റെ സുഹൃത്ത്, അലക്സാന്‍ഡ്രിയയിലെ
എതോ ട്രാഫിക് സിഗ്നലില്‍ വെച്ച് കൊന്നു കളയേണ്ടിയിരുന്നില്ല,
അയാളാ ചുരുളുമായി തിരികെ വരണമായിരുന്നു... എനിക്കുറപ്പുണ്ട്
അങ്ങനെയുള്ള കുറിപ്പുകള്‍, രേഖകള്‍ ഇപ്പോഴും ഗ്രീസിലെ ഏതേലും
ലൈബ്രറികളില്‍,റോമിലെ ഏതെങ്കിലും
ദേവാലയത്തില്‍ അല്ലെങ്കില്‍ ഈജിപ്റ്റിലെ പിരമിഡുകള്‍ക്കിടയില്‍
പൊടിപിടിച്ച് കിടപ്പുണ്ടാകുമെന്ന്....

അന്ന്; ഈജിപ്റ്റിലെ ക്ലിയോപാട്ര രാജ്ഞി ,ജൂലിയസ് സീസറില്‍
തനിക്കുണ്ടായ മകന്‍ സീസറിയനെ രാജാവായിരുന്ന ഒക്ടേവിയനില്‍
നിന്നും രക്ഷിച്ച് ഒളിപ്പിക്കാന്‍ കണ്ട് വെച്ചിരുന്ന സ്ഥലം നമ്മുടെ
കേരളതീരത്തെ മുസ് രിസ് ആയിരുന്നത്രെ!!! വിശ്വസിക്കാന്‍
പ്രയാസമുണ്ടല്ലേ..? അതറിയുന്നത് കൊണ്ടാണ് അന്നത്തെ
കാലത്തേക്ക് വെളിച്ചം വീശുന്ന കുറിപ്പുകളുടെ
ആവശ്യകതയെ പറ്റി ഞാന്‍ ഓര്‍മ്മിപ്പിച്ചത്. ചെങ്കടല്‍ തീരത്തെ
ബെര്‍ണിക്ക എന്ന കൊച്ചു തുറമുഖത്ത് നിന്നും നമ്മുടെ കേരളതീരത്തേക്കുള്ള
ദൂരം നാല്പത് ദിവസമെന്നും ഇടക്കുള്ള തുറമുഖങ്ങളെപറ്റിയും
കച്ചവടചരക്കുകളെപറ്റിയും ,ജനങ്ങളെപറ്റിയും
അവിടങ്ങളില്‍ കാണപ്പെട്ടിരുന്ന തോണികളെ കുറിച്ച് വരെ
വിശദമായി അവരെഴുതിയ കുറിപ്പുകളാണു
പെരിപ്ലസ് മാരിസ് എരിത്രിയി. അപ്പോ ഇതൊക്കെ
എവിടെയോ ഉണ്ട് ഇപ്പോഴും...

അത് പോലെ ,നമ്മുടെ നാട്ടില്‍ ജൂതന്മാര്‍ എങ്ങനെ അഭയാര്‍ത്ഥികളായി
വന്നു എന്നും എങ്ങനെ അവര്‍ നമ്മുടെ നാടുമായി മുറിച്ചെറിയാനാകാത്ത വിധം
ഇടകലര്‍ന്ന് പോയിയെന്നുമുള്ള അനിഷേധ്യതയിലേക്കൊരു തിരി വെളിച്ചം.
അത് വളരെ നന്നായിതന്നെ പറഞ്ഞു വെക്കുന്നുണ്ട് സേതു നോവലില്‍.

ആറോനും ശീമോനും ബസലേലുമൊക്കെ ഇവിടെ തന്നെ
ജനിച്ച് വളര്‍ന്നവരാണു., ചേന്ദമംഗലത്ത്, നൂറ്റാണ്ടുകള്‍ക്ക്
മുന്‍പ് ലോകമാകെ ചിതറിയ പോയ അവരുടെ പൂര്‍വ്വികരില്‍
ചിലര്‍ കേരളത്തിലും എത്തിയിരിക്കാം. ആരായിരുന്നു കേരളക്കരയില്‍
ആദ്യമെത്തിയ ജൂതന്‍ എന്നതിനു കൃത്യമായ കണക്കുകള്‍ ഇല്ലെങ്കിലും ,
കൃസ്തുവിനു ആയിരം വര്‍ഷം മുന്‍പ് ഇസ്രയേല്‍ വാണ ശലമോന്‍
രാജാവിനു ഇവിടെ നിന്നും രത്നങ്ങളും പട്ടും ചന്ദനവുമൊക്കെ
കയറ്റിപ്പോയിരുന്നെന്ന് ബൈബിളില്‍ പറയുന്നുണ്ടത്രെ.
കാര്‍ത്തെജ് പട്ടണത്തിലെ ഗോപുരവാതില്‍ ഇവിടുന്ന്
കൊണ്ട് പോയ ചന്ദനമരത്തില്‍
പണിതതാണെത്രെ..!!!!

പലസ്റ്റീന്‍ എന്ന രാഷ്ട്രത്തിന്റെ നടുക്ക് ഇസ്രായേല്‍ എന്നൊരു
രാജ്യം കുത്തിത്തിരുകി വെച്ചതിനെ നോവലിസ്റ്റ് ന്യായീകരിക്കുന്നില്ല,
തികച്ചും കിരാതവും മനുഷ്യത്വ രഹിതവുമായ ആ നടപടി
കാരണം ഇന്നും പശ്ചിമേഷ്യ പുകയുകയാണു. എന്നാലും 1948
മെയ് 14 നു ഇസ്രായേല്‍ എന്ന രാജ്യം പിറന്നപ്പോള്‍
കൊടിപിടിക്കാനും ജാഥ നയിക്കാനും ചേന്ദമംഗലത്തും
പറവൂരുമൊക്കെ ഒരുപാട് ആളുകള്‍ ,ജൂതന്മാര്‍ ഉണ്ടായിരുന്നു
എന്നത് കൌതുകകരമല്ലേ..
ഇങ്ങനെയുള്ള ചരിത്രകൌതുകങ്ങള്‍ നിരവധിയുണ്ട് നോവലിലുടനീളം.

അങ്ങനെ അന്ന് ആ വാഗ്ദത്ത ഭൂമി തേടി പോയതാണു ബസലേലും,
ചേന്ദമംഗലക്കാരന്‍, നോവലിലെ ഒരു കഥാപാത്രമാണയാളും, ആളിപ്പോഴും
ജീവിച്ചിരിപ്പുണ്ട്.ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ബസലേലും
കൂട്ടരും കടല്‍കടന്ന് പോയത്. ആ പറിച്ച് നടല്‍ പക്ഷെ എളുപ്പമായിരുന്നില്ല
അവര്‍ക്ക്, അത്രക്കുണ്ടായിരുന്നു തങ്ങളുടെ പൂര്‍വ്വികര്‍ക്ക് അഭയം തന്ന ഈ
മണ്ണിനോടുള്ള അവരുടെ അടുപ്പം, ഒരിക്കലും തിരിച്ച് വരാന്‍
സാധ്യതയില്ലാന്നറിഞ്ഞിട്ടും ഒരിക്കല്‍ മടങ്ങാനായേക്കും എന്ന ആഗ്രഹം,
അതുള്ളിലൊതുക്കി തന്നെയാണു പലരും കടല്‍ കടന്നിരിക്കുക. അതുകൊണ്ട്
തന്നെയാണല്ലോ ബസലേല്‍ ഒരുപാട് കാലത്തിനു ശേഷം തിരിച്ചു വന്നതും...
വീട് വെക്കുകയാണ് അയാളിപ്പോള്‍, ചേന്ദമംഗലത്ത്, വല്ലപ്പോഴും വരുമ്പോള്‍
താമസിക്കാന്‍....
ഇതുപോലെ മണ്ണിനെ സ്നേഹിച്ച, മനസ്സില്‍ നന്മയുടെ നനവ് വറ്റിപ്പോകാതെ
സൂക്ഷിച്ച ഒരുപാട് പേരുണ്ട് നോവലില്‍, മാണിക്കന്‍, കിച്ചന്‍, ജോസ
തുടങ്ങിയവര്‍. വായിച്ച് പോകേ അവരുടെ വേദനകളും സന്തോഷങ്ങളും
നമ്മുടെതും കൂടിയാവുകയാണു ...
അതു തന്നെയല്ലെ ഒരു കഥാകാരന്റെ വിജയവും...
ഡി സി ബുക്സാണു പുസ്തകത്തിന്റെ പ്രസാധകര്‍. വില Rs 200/

നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്***

Thursday, October 20, 2011

സൂഫി പറയാതെ പോയതും ബീവി ബാക്കി വെച്ചതും...



ഞാനെന്തിന് ഈ കടല്‍ത്തീരത്ത് വന്നു എന്ന് എനിക്ക് തന്നെ അറിയില്ല.
എനിക്കൊന്നും നേടാനില്ല ഇവിടെ നിന്നും. അല്ലെങ്കിലും നിസ്സഹായതയുടെ
ഉത്തുംഗത്തില്‍ നിന്നും തന്റെ പ്രാണനെ പറിച്ചെറിഞ്ഞ് കടലിന്റെ
അഗാധതയിലേക്ക് നടന്നിറങ്ങിയവളൊട് ഞാനെന്ത് ആവശ്യപ്പെടാന്‍...?
ഏതോ ഒരു ജന്മ നിയോഗം പോലെ ഞാനിന്ന് ഈ കടപ്പുറത്ത്...

ബീവിക്കഭിമുഖമായ് നില്‍ക്കുമ്പോള്‍ അവള്‍ക്കെന്തോ എന്നോട് പറയാനുള്ളത് പോലെ...

ഉടുത്തിരുന്ന വെള്ളക്കാച്ചിയുടെ തുമ്പ് അരയിലെ വെള്ളിയരഞ്ഞാണത്തിനിടയിലേക്ക്
കുത്തിയുറപ്പിച്ച് , തട്ടം മാറത്തേക്ക് വലിച്ചിട്ട് ഖബറിനു മുകളില്‍ നിന്നും ബീവി താഴെ
നനഞ്ഞ മണലിലേക്ക് ഊര്‍ന്നിറങ്ങി.

“ നീയിപ്പോഴും എന്ത് സുന്ദരിയായിരിക്കുന്നു” എന്ന എന്റെ അതിശയത്തിനു നേരെ അവള്‍
കണ്‍കോണുകള്‍ ഇറുക്കി ചുണ്ട് കോട്ടി.

“ എന്നിട്ടെന്താ..ആരു കാണാനാ, വരുന്നവര്‍ക്കെല്ലാം എന്റെ പോരിശ മതി.
ഇവിടെയുള്ളവര്‍ക്ക് കാശും.”ഖബറിനു സമീപത്തെ ഭണ്ഢാര പെട്ടിയില്‍
നിന്നും നോട്ടുകെട്ടുകള്‍ ബാ‍ഗില്‍ നിറക്കുന്ന മുസ്ല്യാരെ ചൂണ്ടി
ബീവി നിശ്വസിച്ചു.

“ മതിയായ് എനിക്ക്, എങ്ങോട്ടേലും ഓടിപ്പോയാലോ എന്നു തോന്നും “

നിങ്ങളറിയില്ലേ ഇവളെ..? ഇത് മേലേപുല്ലാര തറവാട്ടിലെ കാര്‍ത്തിക്കുട്ടി.
തന്റെ ഉള്ളില്‍ ഇരമ്പിക്കൊണ്ടിരുന്ന സ്നേഹത്തെ ശമിപ്പിക്കാന്‍ തറവാടും
മച്ചിലെ ഭഗവതിയേയും വിട്ട്, വിശ്വസിച്ചവന്റെ കൂടെ ഇറങ്ങിപ്പുറപ്പെട്ടവള്‍.

അന്ന്...,

പീത്താന്‍ മാമുട്ടിയുടെ ചുമലില്‍ പറ്റിക്കിടന്ന് ഭാരതപ്പുഴയുടെ ആഴങ്ങള്‍
നീന്തിക്കടക്കുമ്പോള്‍ അവളറിഞ്ഞിട്ടുണ്ടാകുമോ അങ്ങകലെ അറബിക്കടല്‍
തനിക്കായ് കാത്ത്കിടപ്പുള്ളത്...!! ഒരിക്കലുമുണ്ടാവില്ല, വിദൂരമായ ഒരു
സ്വപ്നത്തില്‍ പോലും ഒരു പെണ്ണും അങ്ങനെയൊന്നും വിചാരിച്ച് ആധി
കൊള്ളാറില്ലല്ലോ അല്ലെങ്കിലും. പിന്നീട് ,സങ്കല്പത്തിലെ ജീവിതമായിരുന്നു
യാഥാര്‍ത്ഥ്യത്തേക്കാള്‍ നല്ലത് എന്നറിയുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുണ്ടാകും.

" മാമുട്ടിക്ക് നിന്നെ ജീവനായിരുന്നില്ലേ..?”

നനഞ്ഞ മണലില്‍ താനുണ്ടാക്കിയ കുഞ്ഞിന്റെ രൂപത്തില്‍ ഉറ്റുനോക്കിയിരുന്നിരുന്ന
ബീവി എന്റെ ചോദ്യം കേട്ട് തലയുയര്‍ത്തി. കണ്‍പീലികളില്‍ തങ്ങിനിന്നിരുന്ന
കണ്ണുനീര്‍ ഞാന്‍ കാണാതിരിക്കാന്‍ തട്ടത്തിന്റെ തുമ്പ് കൊണ്ട് മറച്ച് ബീവി ചിരിച്ചു.

“ഉവ്വ് അയാക്കെന്നെ സ്നേഹമായിരുന്നു, ആരാധന, എന്റെ ശരീരത്തോട്,
തറവാട്ടില്‍ വല്ല്യമ്മാവന്‍ ഭഗവതീനെ പൂജിക്കണ പോലെയാ അയാള്‍
എന്നെ സ്നേഹിക്ക്യ , അങ്ങേയറ്റം നിഷ്ഠയോടെ, ഒരു പൂജാകര്‍മ്മം ചെയ്യണ
ഭാവാവും അന്നേരം അയാള്‍ടെ മുഖത്ത്..., പിന്നീട് അതും ഒരു ചടങ്ങായ് മാറീരുന്നു.”

നനഞ്ഞ മണലില്‍ കാല്‍ പിണച്ചിരിക്കുന്ന ബീവിയെ നോക്കിയിരിക്കുമ്പോള്‍
ഞാനോര്‍ത്തത് മേലേപുല്ലാരത്തറവാട്ടിലെ മച്ചില്‍ അനാഥയായ്പ്പോയ ഭഗവതിയെ...,

തറവാട്ടില്‍ നിന്നും ഇറങ്ങിപ്പോന്നേനു ശേഷം നീയെപ്പോഴെങ്കിലും ഭഗവതീനെ
കണ്ടിരുന്നോ..? എന്റെ ചോദ്യത്തിനു നേരെ ബീവി തലകുലുക്കി.

“ ഇല്ല , ഭഗവതിയാണെലും അവളും ഒരു പെണ്ണല്ലേ...എത്ര കാലാന്നു വെച്ചാ
മച്ചിനകത്ത് ഒറ്റക്കിരിക്ക്യ ...അവളെങ്ങാണ്ടോ പോയീന്ന് പറേണ കേട്ടു.”

തറവാട്ടിലെ ഒറ്റപ്പെടലില്‍ നിന്നും ഏകാന്തതയില്‍ നിന്നുമുള്ള ഒരു
രക്ഷപ്പെടലായിരുന്നു കാര്‍ത്തിക്ക് അയാള്‍. അയാളവളെ സ്നേഹം കൊണ്ട്
ശ്വാസം മുട്ടിക്കുമെന്നാകും അവള്‍ കൊതിച്ചിട്ടുണ്ടാകുക. അയാള്‍ടെ കൂടെ
പൊന്നാനിയിലെ മുസ്ല്യാരകംവീട്ടിലേക്ക് കാലെടുത്ത് വെക്കുമ്പോഴും
ആ സ്നേഹത്തിന്റെ ആഴം തന്നെയാവും അവളെ പ്രലോഭിപ്പിച്ചിട്ടുണ്ടാകുക.
തീഷ്ണമായ പ്രണയത്തിന്റെ ചൂടേറ്റ് വെന്തുരുകാനാവും ആഗ്രഹിച്ചിട്ടുണ്ടാകുക.

പ്രണയത്തില്‍ ജീവിതത്തിന്റെ ചൂടും മരണത്തിന്റെ തണുപ്പും ഒരുപോലെയുണ്ട്,
സമാസമം. സ്ത്രീയുടെ ഉള്ളില്‍ ഈ രണ്ടു വികാരങ്ങള്‍ക്കും മൂര്‍ച്ചയേറും.
പലപ്പോഴും പുരുഷന്മാര്‍ക്ക് അതുള്‍ക്കൊള്ളാനാകില്ല. അവള്‍ കീഴടങ്ങാനും
കീഴടക്കപ്പെടാനും വിധിക്കപ്പെട്ടവള്‍!! അവളുടെ ഉള്ളില്‍ നിന്നുമയരുന്ന
സ്നേഹത്തിന്റെ ചൂടും ചൂരും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറാണു പതിവ് ..!!!
അതു കൊണ്ട് തന്നെയാകാം കാര്‍ത്തിയുടെ ശരീരത്തില്‍ നിന്നുയര്‍ന്ന
തീക്ഷ്ണ ഗന്ധത്തിലും ആ മുഖത്ത് ഒളിമിന്നിയ ചൈതന്യത്തിലും പെട്ട്
ഉരുക്ക് പോലെയുള്ള പീത്താന്‍ മാമുട്ടിക്ക് പോലും നില തെറ്റിയത്.
അല്ലെങ്കിലെന്തിനു അയാള്‍, തന്റെ തൃഷ്ണകളെ ശമിപ്പിക്കാനായി മനസ്സിലും
ശരീരത്തിലും മഞ്ഞിന്റെ തണുപ്പുമായ് നടക്കുന്ന ഒരു ചെറുപ്പക്കാരനെ കൂട്ട്പിടിക്കണം..?

“ എന്നിട്ടും നീ അയാളെ സ്നേഹിച്ചിരുന്നു അല്ലേ..?


എന്റെ ചോദ്യം ചീറിയടിച്ച ഒരു തിരയില്‍ പെട്ട് കടലിലേക്ക് തന്നെ ഒഴുകിപ്പോയി.

“മഴ വരുന്നു..” ബീവി എണീറ്റ് കാച്ചിയില്‍ പറ്റിയ

നനഞ്ഞ മണല്‍ തട്ടിക്കളഞ്ഞ് , കടല്‍ കരയിലേക്ക് അടിച്ച് കയറുന്നത്
തടയാനിട്ട കരിങ്കല്‍കല്ലുകളിലൂടെ നടന്ന് ഖബറിലേക്ക് ഇറങ്ങി.


ഒരു മാത്ര അവരൊന്നു തിരിഞ്ഞു നോക്കിയൊ....,ഇല്ല എനിക്ക്
വെറുതേ തോന്നീതാവും...!!

എനിക്ക് ചുറ്റും ചന്ദനത്തിരികളുടെ സുഗന്ധം. ബീവിയെ കാണാനും
അനുഗ്രഹം വാങ്ങാനും വന്നവരുടെ തിരക്ക്!!!
തനിക്ക് സംഭവിച്ച ദുരന്തങ്ങള്‍ക്ക് നേരെ ഒരു ചെറുവിരല്‍ പോലും
അനക്കാനാവാതെ മരണത്തിലേക്ക് നടന്നിയിറങ്ങിയ ഒരുവളോടാണ്
കരഞ്ഞ് സഹായമര്‍ത്ഥിക്കുന്നതെന്ന് ഇവരറിയുന്നുണ്ടോ ആവോ.....?

ഞാനും മടങ്ങുകയാണു. ഇനിയെന്നെങ്കിലും ഇവിടെ വരാനാകുമോ
എന്നെനിക്കുറപ്പില്ല. പക്ഷെ...ഒന്നെനിക്കറിയാം. ഓരോ പെണ്ണിന്റെ ഉള്ളിലും
അതി തീക്ഷ്ണമായ സ്നേഹത്തിന്റെ ഉറവകളുണ്ടെന്നും,
ആ സ്നേഹം മരണത്തിനപ്പുറത്തേക്ക് കൂടി നീണ്ടു കിടക്കുമെന്നും....!!!!!

Tuesday, September 27, 2011

പോകാം... നമുക്കാ യാത്ര!!


അന്താരാഷ്ട്ര വിനോദ സഞ്ചാര ദിനമായ ഇന്ന് ഒരുപാട് സന്തോഷത്തോടെയാണു
ഞാനീ കുറിപ്പുമായി നിങ്ങള്‍ക്ക് മുന്‍പില്‍ വരുന്നത്.. ഒരു പുതിയ പ്രൊജക്റ്റ്,
യാഥാര്‍ത്ഥ്യമാകുന്നു എന്ന സന്തോഷം. കോഴിക്കോട് ആസ്ഥാനമാക്കി
"Tra-well India " എന്ന Destination Management Company"
ഔദ്യോഗികമായി നിലവില്‍ വരികയാണു.
www.keralawondertours.com

എന്ന വെബ് സൈറ്റ് നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ!

യാത്രയെ സ്നേഹിക്കുന്ന, യാത്ര ജീവിതത്തിന്റെ ഭാഗമാക്കിയ ഞങ്ങള്‍
സുഹൃത്തുക്കള്‍, ആ കാഴ്ചകളിലെ വിസ്മയം നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുകയാണു.
ഒരു ടൂര്‍ പാക്കേജിന്റെ പതിവ് രീതികളില്‍ നിന്നു മാറി ഞങ്ങള്‍ നടന്നു
തീര്‍ത്ത വഴികളിലൂടെ തികച്ചും വ്യക്തി അധിഷ്ഠിതമായി ഒരു യാത്ര!!
“ ഏറ്റവും കുറഞ്ഞ ചിലവില്‍ കൂടുതല്‍ ദൂരത്തേക്ക് “
അതാണു ഞങ്ങളുടെ ലക്ഷ്യം. ഒരുപാട് യാത്ര ചെയ്ത അനുഭവങ്ങളാണു
ഞങ്ങളുടെ മൂലധനം. യാത്രയെ പ്രണയിക്കുകയും യാത്രകള്‍ പോകാന്‍
ഇഷ്ടപ്പെടുകയും ചെയ്യുന്ന നിങ്ങളാണു ഞങ്ങളുടെ പ്രചോദനവും....

യാത്ര പോകാന്‍ തീരുമാനിക്കുക എന്നതിനൊപ്പം തന്നെ
പ്രധാനമാണു അതെങ്ങനെ പോകണം, എന്ത് കാണണം ,
എങ്ങനെ കാണണമെന്നതും...അവിടെയാണു ഞങ്ങള്‍ക്ക്
നിങ്ങളെ സഹായിക്കാനാകുക. വെറുതെ കാഴ്ച്ചകള്‍ കണ്ട്
പോരുന്നതിനപ്പുറം ഒരു ദേശത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ
അടയാളപ്പെടുത്തലുകള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ അനാവരണം
ചെയ്ത്, ആ യാത്ര മാസ്മരികമായ ഒരു അനുഭൂതിയാക്കി മാറ്റുക.
അതാണു കേരള വണ്ടര്‍ ടൂര്‍സ് ലക്ഷ്യം വെക്കുന്നത്.

നിങ്ങളുടെ സമയത്തിനും ബജറ്റിനും അനുസൃതമായി തിരഞ്ഞെടുക്കാവുന്ന
നിരവധി പാക്കേജുകളുണ്ട് സൈറ്റില്‍. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക്
ഒരു യാത്ര സമ്മാനിക്കാനുള്ള അവസരവും ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

നിങ്ങള്‍ കണ്ട് മടങ്ങിയ സ്ഥലങ്ങളില്‍ പോലും, കാണാതെ പോയ
നിരവധി കാഴ്ചകള്‍, അനുഭവവേദ്യമാക്കിത്തരുവാന്‍ നാമൊരുമിച്ചുള്ള
യാത്രയില്‍ സാധിക്കും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്!

നിങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ട്,
സഹകരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്,

സ്നേഹപൂര്‍വം,
മുല്ല.

Sunday, September 11, 2011

കുടകില്‍ പോകുമ്പോള്‍ കുട ചൂടി പോകേണം!!!

(8.9.11 ലെ മാധ്യമം ദിനപത്രത്തിന്റെ കുടുംബമാധ്യമം പേജില്‍ വന്നത്)



പഴം ചൊല്ലില്‍ പതിരില്ല. പരമാര്‍ത്ഥം! ചന്നം പിന്നം മഴയാണു കുടക്
മലകളില്‍ നിറയേ...മഴ ഒരു നിമിഷം മാറിനിന്നാല്‍ ഉടനെ മരം പെയ്യാന്‍ തുടങ്ങും!!
കൊമ്പ് കുലുക്കി ചില്ലകളാട്ടി “ ഇന്നാ പിടിച്ചോ..”ന്നും പറഞ്ഞ്
മരങ്ങളിങ്ങനെ മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്നത് കാണാന്‍....,


മഞ്ഞിന്റെ നേരിയ പുതപ്പ് കാറ്റിലുലയുമ്പോള്‍ അതിനിടയിലൂടെ വെളിപ്പെടുന്ന മഴനൂലുകളെ
കൈനീട്ടി പിടിക്കാന്‍...,



വിജനതയിലേക്ക് നീണ്ടു കിടക്കുന്ന കാനന
പാതകളിലൂടെ സ്വയം മറന്ന് നടക്കാന്‍.., മഞ്ഞില്‍ കുതിര്‍ന്ന് നില്‍ക്കുന്ന
കാപ്പിപ്പൂകളുടെ സൌരഭ്യം നുണയാന്‍ വരുന്നോ കുടകിലേക്ക്.....?


ബ്രഹ്മഗിരിയുടെ മടിത്തട്ടില്‍ ഒരായിരം കുന്നുകളുമായി മയങ്ങിക്കിടക്കുകയാണ് കുടക്.
വശ്യം, സുന്ദരം !

നഗരത്തിന്റെ ആരവങ്ങളില്ലാതെ, ബഹളങ്ങളില്ലാതെ പ്രകൃതിയെ അടുത്ത് കാണാന്‍ ഇഷ്ടപ്പെടുന്നവരുടെ സ്വര്‍ഗ്ഗം. മടിക്കേരിയാണ് കുടക് ജില്ലയുടെ ആസ്ഥാനം.
കോഴിക്കോടു നിന്നും മൂന്നര മണിക്കൂര്‍ കൊണ്ട് മാനന്തവാടി വഴി തോല്‍പ്പെട്ടിയിലെത്താം.
കേരള - കര്‍ണ്ണാടക അതിര്‍ത്തിയാണത്.
ഇടക്ക് ചുരം കയറണം കേട്ടോ.,താമരശ്ശേരി ചുരം. .തോരാ മഴയത്ത് ഒടിഞ്ഞ് മടങ്ങിക്കിടക്കുന്ന ചുരത്തിലൂടെയുള്ള യാത്ര വിവരണാതീതം!!


തോല്‍പ്പെട്ടിയാണു കേരള- കര്‍ണാടക അതിര്‍ത്തി. തോല്‍പ്പെട്ടിയില്‍ നിന്നും വഴി രണ്ടായി പിരിയുന്നുണ്ട്.
ഒന്നു തിരുനെല്ലിയിലേക്ക്; ക്ഷേത്രത്തില്‍ പോയി തൊഴുത് ,വേര്‍പ്പെട്ട് പോയവരുടെ ഓര്‍മ്മകളില്‍ ഒരു നിമിഷം നിന്ന് ,പാപനാശിനിയില്‍ മുങ്ങി പാപങ്ങള്‍ കഴുകി കളഞ്ഞ്, തിരിച്ച് പോരുമ്പോള്‍
വര്‍ഗീസിനെ കണ്ട് വിപ്ലവാ‍ശയങ്ങള്‍ ഉരുക്കഴിക്കാം നമുക്ക് .


നഗരത്തിന്റെ തിരക്കുകളില്‍ മുങ്ങി ശ്വാസം കിട്ടാതാകുമ്പോള്‍ ഇങ്ങനൊരു രക്ഷപ്പെടല്‍ നല്ലതാണു. ഒരു പുനര്‍ജനിയുടെ സുഖം തരും അത്...!!!

ഇനിയിപ്പോ ഭക്തിയും വിപ്ലവവും പിന്നെ മതിയെങ്കില്‍ നമുക്ക് അടുത്ത വഴിയിലൂടെ നേരെ പോകാം.കുട്ട വഴി
ഗോണിക്കുപ്പയിലേക്ക്. ഗോണിക്കൊപ്പത്ത് നല്ല ഭക്ഷണം കിട്ടുന്ന നിരവധി റെസ്റ്റോറന്റുകളുണ്ട്. വയറു നിറച്ച് എന്തെങ്കിലും കഴിച്ച് പോളിബെട്ട, സിദ്ധാപുര വഴി നമുക്ക് ദുബാരെയിലെത്താം.


കാവേരി നദി മുറിച്ച് കടക്കാന്‍ നമ്മെ കാത്ത് കിടക്കുന്ന
ഒരു ബോട്ടില്‍ കയറി അപ്പുറത്ത് ആനപ്പന്തിയില്‍ ഇറങ്ങാം..
റാഫ്റ്റിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് അതാകാം.

ദുബാരേയില്‍ നിന്നും നേരെ കാവേരി നിസര്‍ഗധമയിലേക്ക്,


വശ്യ മനോഹരമായ ഒരു കുഞ്ഞു ദ്വീപാണ് നിസര്‍ഗമധമ. ചുറ്റും കാവേരി നദി, വളഞ്ഞു പുളഞ്ഞു സംഗീതമുതിര്‍ക്കുന്ന മുളംകാടുകള്‍. അതെ, മുളകളുടെ ഒരു കടല്‍ !! ഈ മുളംകാടുകള്‍ മുഴുവന്‍ വച്ചു പിടിപ്പിച്ചവയാണു. ഒരേ പ്രായത്തിലും വലിപ്പത്തിലുമുള്ള മുളങ്കൂട്ടങ്ങള്‍. ,ഏകതാനമായ് അവയുതിര്‍ക്കുന്ന നാദവീചികള്‍ അനുഭൂതിദായകം..


കാവേരിയിലെ തണുത്തവെള്ളത്തിലെ ഒരു കുളി യാത്രയുടെ എല്ലാ ക്ഷീണങ്ങളേയും അകറ്റിക്കളയും.ബ്രഹ്മ ഗിരി മലകളില്‍ നിന്നാണു കാവേരിയുടെ ഉല്‍ഭവം.


ഇനി ബൈലക്കുപ്പയിലേക്ക്...


കുശാല്‍ നഗറിനടുത്താണ് ബൈലക്കുപ്പ. 1500 ഏക്കറില്‍ പരന്നു കിടക്കുന്ന തിബറ്റന്‍ സെറ്റില്‍മെന്റ് കോളനി. 1961 - ല്‍ സ്ഥാപിതം. പ്രവാസത്തിന്റെ നൊമ്പരക്കാഴ്ചകളാണ് ചുറ്റും. ഇത് എത്രാമത്തെ തവണയാണ് ഞാനിവിടെ വരുന്നത്..?. മടുക്കില്ല എനിക്ക്. കൈയില്‍ ജപമാലയും പ്രാര്‍ത്ഥനാ ചക്രവുമായി നടക്കുന്ന വൃദ്ധന്‍മാര്‍, എന്താണവര്‍ പ്രാര്‍ത്ഥിക്കുന്നത് ?


എന്നെങ്കിലും തങ്ങളുടെ ജന്മനാട്ടിലേക്ക് മടങ്ങിപ്പോകാന്‍ പറ്റണേ എന്നോ...? വല്ലാത്തൊരു നിസ്സംഗതയാണ് അവരുടെ കണ്ണുകളില്‍. ഒരു തരം വിരക്തി. എവിടുന്നാണത് പകര്‍ന്നു കിട്ടിയതാവോ...? കൊട്ടാരം വിട്ടിറങ്ങുമ്പോള്‍ ബുദ്ധന്റെ കണ്ണിലും ഇതേ ഭാവമായിരുന്നില്ലേ...?



ദലായ് ലാമ യുടെ കൂടെ അഭയാര്‍ഥികളായി വന്നവരും, പിന്മുറക്കാരും ഇവിടെ ഇന്ത്യാ ഗവര്‍മെന്റിന്റെ അതിഥികളായി കൃഷി ചെയ്ത് കഴിയുന്നു. പതിനാറായിരത്തോളം അഭയാര്‍ഥികള്‍ക്കാണ് നമ്മുടെ സര്‍ക്കാര്‍ ഇവിടെ അഭയം നല്‍കിയത്. ഇവിടെ നിരവധി മൊണാസ്റ്റ്റികളും മനോഹരങ്ങളായ ബുദ്ധവിഹാരങ്ങളും ഉണ്ട്. തിബറ്റിന്റെ ഈ കൊച്ചു പതിപ്പ് ഒരേസമയം ആകര്‍ഷണീയവും വിഷാദ സ്മൃതികള്‍ ഉണര്‍ത്തുന്നതുമാണു. ഗോള്‍ഡന്‍ ടെമ്പിള്‍ ആണു ഇവിടുത്തെ പ്രധാന ആരാധനാലയം.

ഇനി നമുക്ക് പോകേണ്ടത് മെര്‍ക്കാറയിലേക്കാണു.

സംശയിക്കേണ്ട,നമ്മുടെ മടിക്കേരി തന്നെ. മെര്‍ക്കാറയും മഞ്ഞും; പരസ്പര പൂരിതം !!! കൂടെ മഴത്തുള്ളികളുടെ കിലുക്കം കൂടിയാകുമ്പോള്‍ പ്രണയാര്‍ദ്രമായ ഒരു കവിത പോലെ ....

മഞ്ഞിനെ പതുക്കെ വകഞ്ഞു മാറ്റി കൈ കോര്‍ത്ത് നമുക്കീ പാതയിലൂടെ നടക്കാം...ഇത് രാജാസ് സീറ്റ്; പണ്ട് രാജാക്കന്മാര്‍ കാറ്റു കൊള്ളാന്‍ ഇരുന്നയിടം. നമുക്കിവിടെയിരുന്ന് ദൂരെ താഴ്വാരത്ത് മഞ്ഞ് പരക്കുന്നത് കാണാം...


രാത്രി ; കനത്തു വരുന്ന ഇരുട്ടിലൂടെ അരിച്ചിറങ്ങുന്ന പ്രകാശരശ്മികള്‍ പതുക്കെ പതുക്കെ മഞ്ഞില്‍ അലിഞ്ഞില്ലാതാകുന്നത് കണ്ട് കണ്മിഴിക്കാം..
ഇരുട്ടില്‍ കോട വന്നു കവിളില്‍ തൊടുമ്പോള്‍ തോളുകള്‍ താഴ്ത്തി ഒന്നൂടെ ചേര്‍ന്നിരിക്കാം..

രാത്രിയായാല്‍ പ്രവര്‍ത്തനക്ഷമമാകുന്ന മ്യൂസിക് ഫൌണ്ടന്‍ രാജാസ് സീറ്റിന്റെ മുഖ്യ
ആകര്‍ഷണമാണു. പാട്ടിന്റെ ലയ വിന്യാസങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്നു താഴുന്ന വെള്ളച്ചാലുകള്‍.



ഇനി പ്രകൃതിദത്തമായ വെള്ളച്ചാട്ടം കാണണമെങ്കില്‍
നമുക്ക് താഴെ അബ്ബി ഫാള്‍സില്‍ പോകാം. ഇവിടുന്ന് ഏകദേശം അഞ്ചു കിലോമീറ്ററേ ഉള്ളൂ അങ്ങോട്ട്....



പശ്ചിമ മലനിരകളില്‍ നിന്നാണു ഈ വെള്ളച്ചാട്ടത്തിന്റെ ഉല്‍ഭവം. കഴിഞ്ഞ വേനലില്‍ ഞങ്ങളിവിടെ വന്നപ്പോള്‍
വെള്ളത്തിനു ഇത്ര അഹങ്കാരം കണ്ടിരുന്നില്ല. പക്ഷെ ഈ മഴയത്ത് ദേ..എന്തൊരു കുതിപ്പാണു വെള്ളത്തിനു,
വഴിയിലുള്ളതിനെയൊക്കെ തച്ചുടച്ച്, വലിയ ശബ്ദത്തോടെ താഴേക്ക് എടുത്ത് ചാടുകയാണു.
നേരെ കാവേരിയിലേക്ക്.. എത്താനുള്ള ആവേശമാണു മൂപ്പര്‍ക്ക്. വെള്ളച്ചാട്ടം നില്‍ക്കുന്നത് ഒരു കാപ്പിത്തോട്ടത്തിനു നടുക്കാണു. വെള്ളച്ചാട്ടത്തിനു മുന്നിലുള്ള തൂക്കുപാലത്തില്‍ നിന്നും യാത്രയുടെ
ഓര്‍മ്മക്കായ് ഫോട്ടോകളെടുക്കാം.അപ്പുറത്ത്
കാളിമാതാ അമ്പലമുണ്ട്. മഴക്കാലത്ത് ഈ വഴികളില്‍ നാം മാത്രമാകില്ല, ഒരുപക്ഷെ കൂട്ടിനു അട്ടകളും കണ്ടേക്കാം. ജാഗ്രതൈ...

മെര്‍ക്കാറയില്‍ ഹോട്ടലുകളും ഹോംസ്റ്റേകളും സുലഭമാണു. നമ്മുടെ ബജറ്റിനനുസരിച്ച് യഥേഷ്ടം തിരഞ്ഞെടുക്കാം.

ഇനി നമുക്ക് കാണേണ്ടത് ഓംകാരേശ്വര ടെമ്പിളാണു. ഇസ്ലാമിക ശില്പ കലാ ചാരുതയും ഗോഥിക് മാതൃകയും ഒത്തുചേര്‍ന്ന മനോഹരമായ ഈ അമ്പലം പണി കഴിപ്പിച്ചത് 1820 ല്‍ മഹാരാജാ ലിംഗരാജേന്ദ്രയാ‍ണു.


ഇതിന്റെ നിര്‍മ്മാണത്തിനു പിന്നിലും രസകരമായ ഒരു കഥയുണ്ട്. ഈ മഹാരാജാവു
ആളൊരു ഗഡിയായിരുന്നു. നമ്മുടെ കുന്നത്ത് ഫാര്‍മസിക്കാരുടെ ബ്രാന്‍ഡ്
അംബാസിഡറാവാനുള്ള സകല കഴിവും ഒത്തിണങ്ങിയ വ്യക്തി. അന്തപുരത്തില്‍ രാജ്ഞിമാരെ കൂടാതെ ഒരുപാട് യുവതികളെ
പാര്‍പ്പിച്ചിരുന്നത്രെ.
അന്നത്തെ കുടക് രാജാക്കന്മാര്‍ ലിംഗായത്ത്കളായിരുന്നു,പൂജാദി കര്‍മ്മങ്ങള്‍ അവര്‍ തന്നെയാണു അനുഷ്ഠിച്ച് പോന്നിരുന്നത്. അതിനാല്‍ രാജ്യത്ത് ബ്രാഹ്മണര്‍ക്ക് പ്രതേക പരിഗണന ഉണ്ടായിരുന്നില്ല. ഇതില്‍ അസഹിഷ്ണുക്കളായിരുന്നു മിക്ക ബാഹ്മണരും. ഒരു ദിവസം രാജാവ് നായാട്ടിനു പോയ സമയത്ത് ,തന്റെ യുവതിയായ മകളെ യും കൊണ്ട് അന്യദേശത്ത് നിന്നും വന്ന ഒരു വൃദ്ധനെ
സ്വജാതിയില്‍ പെട്ട സുബ്ബരാസയ്യ എന്ന ബ്രാഹ്മണന്‍ തിരിച്ചയച്ചു. തന്റെ ചാരന്മാര്‍
മുഖേന വിവരമറിഞ്ഞ രാജാവ് കലിപൂണ്ട് സുബ്ബരാസയ്യയെയും രണ്ട് ആണ്മക്കളേയും
ക്രൂരമായ് കൊലപ്പെടുത്തി. പ്രേതമായ് വന്ന് തന്നെ നിരന്തരം ശല്യപ്പെടുത്തിയ സുബ്ബരാസയ്യയില്‍ നിന്നും രക്ഷപ്പെടാന്‍ രാജാവ് നീലേശ്വരത്തു നിന്നും തന്ത്രികളെ വിളിച്ച് വരുത്തി
അവരുടെ ഉപദേശ പ്രകാരം സുബ്ബരാസയ്യയുടെ വീട് നിന്നിരുന്ന സ്ഥലത്ത്
പണി കഴിപ്പിച്ചതാണു ഈ ക്ഷേത്രം. കാശിയില്‍
നിന്നാണു ഇവിടെ പ്രതിഷ്ഠിക്കാനുള്ള ശിവലിംഗം കൊണ്ട് വന്നത്.
കഥ എന്തായാലും നടുവില്‍ കുംഭ ഗൊപുരവും നാലു വശത്തും മിനാരങ്ങളുമായ് ഒരു മുസ്ലിം പള്ളിയുടെ മാതൃകയില്‍
കാണപ്പെടുന്ന ഈ അമ്പലം കാഴച്ചക്കാരെ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല.

മടിക്കേരിയില്‍ നിന്നും 44 കിലോമീറ്ററാണു തലക്കാവേരിയിലേക്ക്. ഇതാണ് കാവേരി നദിയുടെ ഉത്ഭവസ്ഥാനം.

കുടകരുടെ പുണ്യ നദിയാണിത്. മരണത്തിനും കല്യാണത്തിനും,ഒരു വര്‍ഷത്തിനുള്ളില്‍, ഇവിടുത്തെ കുളി ഒഴിച്ചു കൂടാന്‍ വയ്യാത്ത ചടങ്ങാണ്. തലക്കാവേരിക്ക് താഴെയാണ് ഭാഗമണ്ഡല; കാവേരി നദിയും കന്നികെ നദിയും കൂടിച്ചേരുന്ന ഇടം. സുജ്യോതി എന്ന അദൃശ്യയായ നദിയാണത്രെ ഭൂമിക്കടിയിലൂടെ ഇവയെ യോജിപ്പിക്കുന്നത്. മരിച്ച പുലയുള്ളവര്‍ ഇവിടുത്തെ അമ്പലത്തില്‍ മുണ്ഡനം ചെയ്ത ശേഷമാണ് തലക്കാവേരിയില്‍ കുളിക്കാനെത്തുന്നത്.


അമ്പലത്തിനു പിറകില്‍, മലമുകളിലേക്ക് കയറാന്‍ കുത്തനെ പടികള്‍ വെട്ടിയുണ്ടാക്കിയിരിക്കുന്നു. ഏകദേശം പത്തുമുന്നൂറ്പടികള്‍.


കിതച്ചും കുതിച്ചും മുകളിലെത്തിയാല്‍..നയനാനന്ദ മനോഹരം. ചുറ്റിനും പച്ചപ്പട്ടുടുത്ത മലനിരകള്‍, കണ്ണെത്താ ദൂരത്തോളം മയങ്ങിക്കിടക്കുന്ന കുന്നുകളുടെ നിര ...വാക്കുകള്‍ക്കതീതം!!! അവക്കിടയിലൂടെ വീശിയടിക്കുന്ന കാറ്റ് നമ്മെ പറത്തിക്കൊണ്ട് പോകും. അങ്ങനെയിരിക്കെ ... അക്കാണുന്ന കുന്നിന്റെ മറവില്‍ നിന്നും പൊടുന്നനെ ഒരു മഴ ഇറങ്ങി വന്ന് നമ്മെ പൊതിയും!!!!

ഇനി നമുക്ക് പോകേണ്ടത് കക്കാബേയിലേക്കാണു. . മടിക്കേരിയില്‍ നിന്നും 35 കിലോമീറ്ററാണ് കക്കാബേയിലേക്ക്. കാട്ടിനുള്ളിലൂടെയുള്ള യാത്ര അവസാനിക്കുന്നത് ഒരു കൊട്ടാരത്തിലാണ്. 'നാലക് നാട്' പാലസ്, 1792 ല്‍ ദൊഡ്ഡ വീരേന്ദ്ര രാജാവ് പണികഴിപ്പിച്ചതാണത്. എ.ഡി 1780 ല്‍



രാജാ ലിഗരാജയുടെ മരണശേഷം കുടക് ഹൈദരാലിയുടെ അധികാരത്തിന്‍ കീഴിലായിരുന്നു. അന്നു കുട്ടിയായിരുന്ന വീരേന്ദ്ര രാജാവ് പിന്നീട് കുടകിന്റെ

ഭരണം ടിപ്പുവില്‍ നിന്നു പിടിച്ചടക്കുകയാണു ഉണ്ടായത്, മടിക്കേരി ഫോര്‍ട്ട് അപ്പോഴും ടിപ്പുവിന്റെ അധീനതയില്‍ ആയതിനാ‍ലാല്‍

വീര രാജേന്ദ്ര കാടിനു നടുവില്‍ ഈ കൊട്ടാരം നിര്‍മ്മിക്കുകയായിരുന്നു. ‍. കൊട്ടാരത്തിന്റെ അകം ചുവരുകളില്‍ നിറയെ വര്‍ണശബളമായ പെയിന്റിങ്ങുകള്‍ കാണാം. കൊട്ടാരത്തിന്റെ ഏറ്റവും അകത്തേ മുറിയില്‍ നിന്നാല്‍ പോലും പ്രവേശന കവാടം കാണുന്ന തരത്തിലാണു കൊട്ടാരത്തിന്റെ നിര്‍മ്മിതി.



വീരേന്ദ്ര രാജാവിനു പുത്രന്മാര്‍ ഉണ്ടായിരുന്നില്ല. തന്നെ അപായപ്പെടുത്തി ഭരണം മറ്റുള്ളവര്‍ കൈയ്യാളുമെന്ന സദാ ഭീതിയിലായിരുന്ന രാജാവ്,

വിഷാദത്തിലും ഉന്മാദത്തിലും പെട്ടുഴറി അകാലത്തില്‍ തന്റെ നാല്‍പ്പത്തിരണ്ടാം വയസ്സിലാണു അന്തരിക്കുന്നത്.

ഇന്നു; പഴയ പ്രതാപമെല്ലാം അസ്തമിച്ച് ,ഇരുണ്ട ഇടനാഴികളും കാട്ടിലേക്ക് തുറന്ന ജനലുകളുമായി ഗതകാല പ്രൌഡിയോടെ കൊട്ടാരം മാത്രം ബാക്കി. ഇരുട്ടും നിശബ്ദതയുമാണ് ഇടനാഴികള്‍ നിറയെ... പാലസിന്റെ മുറ്റത്തുനിന്ന് നോക്കിയാല്‍ അകലെ തടിയന്റെമോള്‍ കൊടുമുടി കാണാം. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടി. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ട്രക്കിംഗ് ആകാം.

ഇനി മടക്കം... വഴിക്ക് കുട്ടക്കടുത്തുള്ള ഇരുപ്പ് വെള്ളച്ചാട്ടത്തിലെ ഒരു കുളിയും കൂടി ആയാല്‍ യാത്ര പൂര്‍ണ്ണം. ഈ വെള്ളച്ചാട്ടത്തിനു


‘ലക്ഷ്മണ്‍ തീര്‍ത്ഥ’ എന്നൊരു പേരു കൂടിയുണ്ട്. അതിനു പിന്നിലും ഒരു കഥയുണ്ട്, പണ്ട്...രാവണ്‍ജി കിഡ്നാപ്പ് ചെയ്ത് കൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ച് രാമനും ലക്ഷ്മണനും ഈ മലഞ്ചെരുവിലെത്തി. ദാഹിച്ച് വലഞ്ഞ രാമന്‍ ,ലക്ഷ്മണനോട് വെള്ളം ആവശ്യപ്പെട്ടു. “ നൊ പ്രോബ്ലെം ജേഷ്ഠാജീ “

എന്നും പറഞ്ഞ് ലക്ഷ്മണന്‍ അമ്പെടുത്ത് ബ്രഹ്മഗിരി മലനിരകളെ ലക്ഷ്യം വച്ചു. അസ്ത്രം ചെന്ന് തറച്ച സ്ഥലത്തു നിന്നും ഒരു ഉറവ പൊട്ടി

താഴേക്കൊഴുകി!!! ശിവരാത്രി ദിവസം ഇവിടെ ജനനിബിഡമാകും. താഴെ ഒരു ശിവന്റമ്പലമുണ്ട്. ഈ വെള്ളത്തില്‍ കുളിച്ചാല്‍ പാപങ്ങളൊക്കെ കഴുകിപ്പോകും എന്നാണു. അതെന്തായാലും മഞ്ഞ്
പോലെ തണുത്ത ഈ വെള്ളച്ചാട്ടത്തിനു താഴെ അല്പ നേരം നിന്നാല്‍ രണ്ട് ദിവസത്തെ
യാത്രാക്ഷീണമൊക്കെ പമ്പകടക്കും..

ചില വഴിത്താരകളിലൂടെ കടന്നു പോകുമ്പോള്‍ ജീവിതം പലപ്പോഴും സ്വപ്നത്തേക്കാള്‍ മനോഹരമാകും.....ആ നിമിഷങ്ങള്‍ കണ്ടെത്തി ജീവിതം അവിസ്മരണീയമാക്കേണ്ടത് നമ്മള്‍ തന്നെയല്ലേ....

ഈ യാത്ര ഇവിടെ തീരുകയാണു. പുതിയ വഴികളിലേക്കും ദൂരങ്ങളിലേക്കും മുങ്ങിത്താഴുന്നതിനു മുന്‍പ് ഒരു ചെറിയ ഇടവേള.

Tuesday, September 6, 2011

മാവേലി നാടു വാണിടും കാലം...



ഇത്തവണയും പതിവു തെറ്റിക്കാതെ അദ്ദേഹം എത്തിയിട്ടുണ്ട്. ഉപേക്ഷിച്ച് പോകേണ്ടിവന്ന
രാജ്യത്തേയും തന്റെ പ്രിയ ജനങ്ങളേയും കാണാന്‍ !
ഒരു വര്‍ഷം നീണ്ട കാത്തിരിപ്പാണു മാവേലിമന്നന് ഈ സുദിനം.
ഗൃഹാതുരതയുടെ നീറ്റലില്‍ തള്ളിനീക്കിയ ഒരു വര്‍ഷം!! പക്ഷേ..നമുക്കോ..?
ആരാണു ഇന്ന് മാവേലിയെ കാത്തിരിക്കുന്നത്..? എന്താണു നമ്മള്‍
അദ്ദേഹത്തിനായ് ഇവിടെ കാത്ത് വെച്ചിട്ടുള്ളത്..? പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ് കിടക്കുന്ന രാജപാതകള്‍..., മൂക്കോളം അഴിമതിയിലും ധൂര്‍ത്തിലും മുങ്ങിക്കുളിച്ച ഭരണാധികാരികള്‍, മാനം പിച്ചിച്ചീന്തപ്പെടുമ്പോള്‍ ഒരിറ്റ് ശ്വാസത്തിനു പിടയുന്ന പെണ്‍കുഞ്ഞുങ്ങളുടെ
ആര്‍ത്തനാദങ്ങള്‍....!!! എല്ലാം കണ്ടും കേട്ടും
നിസ്സംഗതയോടെ നില്‍ക്കുന്ന ഞാനടക്കമുള്ള പൊതുജനം !!!!

എങ്കിലും...ചില നേരങ്ങളിലെങ്കിലും ഞാനാഗ്രഹിക്കാറുണ്ട്, എന്റെയാ പഴയ നാടും
നാട്ടാരേയുമൊക്കെ ഒരിക്കലെങ്കിലും എനിക്ക് തിരിച്ച് കിട്ടിയിരുന്നെങ്കില്‍ ...
പൂവട്ടിയുമായ് പൂക്കളും തേടി കുന്നായകുന്നൊക്കെ അലഞ്ഞു നടക്കാന്‍ പറ്റിയിരുന്നെങ്കില്‍ ...
മണിയും കുലുക്കിപ്പായുന്ന ഓണപ്പൊട്ടന്റെ പിന്നാലെ ചാടിത്തുള്ളി വീടായവീടൊക്കെ
കയറിയിറങ്ങാനായെങ്കില്‍ ..., “എന്തേ തുമ്പീ തുള്ളാത്തൂ” എന്നാര്‍ക്കുന്ന
കൂട്ടുകാരികള്‍ക്കിടയില്‍ മുടിയഴിച്ചിട്ട് തല കുമ്പിട്ടിരിക്കുന്ന
കുഞ്ഞിപ്പെണ്ണിന്റെ ഭാവം മാറുന്ന നിമിഷത്തെ ഉറ്റുനോക്കിയിരിക്കാനായെങ്കില്‍ എന്ന്...!!!!

ഒന്നും തിരിച്ച് കിട്ടില്ലാന്നറിയാം ,എന്നാലും വെറുതെ മോഹിക്കുകയാണു..വെറുതെ...

എന്റെ എല്ലാ കൂട്ടുകാര്‍ക്കും സ്നേഹം നിറഞ്ഞ ഒരായിരം ഓണാശംസകള്‍.....

Friday, July 15, 2011

‘പട്ടം പറത്തുന്നവന്‍ ‘



ഇത്രനാളും ഞാനെന്തേ ഈ പുസ്തകം കാണാതെ പോയി എന്ന ചിന്തയിലാണു ഞാന്‍. ശരിക്കു പറഞ്ഞാല്‍
കാണാതെ പോയതല്ല. ഓരോ തവണയും പുസ്തകക്കടയിലെ അലമാരയില്‍ നിന്നും മറിച്ചു നോക്കി തിരിച്ച്
അവിടെ തന്നെ വെക്കാറാണു പതിവ്. വായിക്കാന്‍ കൊള്ളില്ല എന്ന എന്റെ മുന്‍ വിധി, എത്രമാത്രം അബദ്ധമായിരുന്നെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. മനസ്സിപ്പോഴും പൊട്ടിവീഴാന്‍ പോകുന്ന ആ പട്ടത്തിനു പിന്നാലെയാണു.

“ നിനക്ക് വേണ്ടി ഒരായിരം തവണ” എന്നു പറഞ്ഞ് അമീറിനൊപ്പം ഞാനും ആ പട്ടം വീഴാന്‍ പോകുന്ന സ്ഥലം മനസ്സില്‍ ഗണിച്ച് അങ്ങോട്ട് ഓടുകയാണു !!! എനിക്കുറപ്പുണ്ട് നിങ്ങളും വായനക്കവസാനം പുസ്തകം അടച്ചുവെച്ച് അങ്ങോട്ട് തന്നെ വരുമെന്ന്...

‘പട്ടം പറത്തുന്നവന്‍ ‘ ഖാലിദ് ഹൊസൈനിയുടെ ആദ്യ പുസ്തകമാണ്.

അഫ്ഘാനിസ്ഥാനിലെ സമകാലിക സ്ഥിതിഗതികളും അവിടത്തെ കലുഷിതമായ രാഷ്ട്രീയ -മത ഘടനയും ,അതങ്ങെനെ ഒരു ജനതയെ മൊത്തം തീരാദുരിതങ്ങളിലേക്ക് തള്ളിയിട്ടുവെന്നും വിശദമാക്കുന്ന വിഖ്യാത നോവല്‍.

അഫ്ഘാനിസ്ഥാനിലെ കാബൂളിലായിരുന്നു ഹൊസൈനിയുടെ ജനനം , പിന്നീട് അഫ്ഘാനിലെ റഷ്യന്‍
അധിനിവേശത്തെ തുടര്‍ന്ന് അമേരിക്കയില്‍ രാഷ്ട്രീയാഭയം തേടുകയായിരുന്നു ഹൊസൈനിയുടെ കുടുംബം.
കാബൂളിലെ തന്റെ ബാല്യകാലം നോവലില്‍ ഹൊസൈനി വരച്ചിടുന്നുണ്ട്. ഒപ്പം പുഷ്തുകളും ഹസാരകളും
തമ്മിലുള്ള വംശീയ സ്പര്‍ദ്ധയുടെ നേര്‍ക്കാഴ്ച്ചകളും നോവലിലുടനീളം പ്രതിഫലിക്കുന്നുണ്ട്.

ഹിന്തുക്കുഷ് പര്‍വതനിരകള്‍ക്കപ്പുറത്തെ ‘ഹസാരാജത്ത് ‘ ആണു ഹാസാരകളുടെ ജന്മദേശം.
ബാമിയാന്‍ ടൌണ്‍ ഉള്‍പ്പെടുന്ന പ്രദേശം. ഭൂരിഭാഗവും ഷിയാ മുസ്ലിംകള്‍. ഇസ്ലാം മതം
ആശ്ലേഷിക്കുന്നതിനു മുന്‍പ് ബുദ്ധമതക്കാരായിരുന്നു അവര്‍ എന്ന് പറയപ്പെടുന്നു. മംഗോളിയന്‍
ഒറിജിന്‍. ഒരു പക്ഷെ ചെങ്കിസ് ഖാന്റെ പിന്‍ തലമുറയാകാം....

അഫ്ഘാനിലെ തനത് ഗോത്രസമൂഹമായ പഷ്തുക്കള്‍ ( pashtun പത്താന്‍) ഒട്ടുമുക്കാലും സുന്നി വിഭാഗക്കാരായിരുന്നു.
ഹസാരകളെ അവര്‍ എന്നും അധ:കൃതരായാണു കണ്ടിരുന്നത്. ഹസാരകളുമായുള്ള വിവാഹബന്ധം നിഷിദ്ധം.
അവരെ ഉപദ്രവിക്കാനുള്ള ഒരവസരവും പഷ്തുക്കള്‍ ഒഴിവാക്കിയിരുന്നില്ല. ഈ വംശീയ വിദ്വേഷം തന്നെയാണു
പില്‍ക്കാലത്ത് താലിബാനികള്‍ ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ത്തതിലൂടെ നിറവേറ്റിയിട്ടുണ്ടാക്കുക.
എന്നിട്ടത് എത്ര എളുപ്പമായാണു ഇസ്ലാമിന്റെ പേരില്‍ അവര്‍ കണക്കെഴുതി വെച്ചത്..!!

ഇത്രയും ആമുഖം. ഇനി നമുക്ക് പുസ്തകത്തിലേക്ക് വരാം.

അഫ്ഘാനിലെ റഷ്യന്‍ അധിനിവേശക്കാലത്ത് തന്റെ ബാബ( അഛന്‍) യോടൊപ്പം അമേരിക്കയിലേക്ക്
കുടിയേറിപ്പാര്‍ത്ത അമീറിന്റെ ഓര്‍മ്മകളിലൂടെയാണു കഥ വികസിക്കുന്നത്. കാബൂളില്‍ അവരുടെ വീട്,
സ്കൂള്‍ ജീവിതം ഒപ്പം അമീറിന്റെ ഉറ്റകൂട്ടുകാരന്‍ ഹസ്സന്‍; ഒരു ഹസാരയായിരുന്നു ഹസ്സന്‍. അമീറിന്റെ
ബാബയുടെ വേലക്കാരനായിരുന്ന അലിയുടെ മകന്‍. വല്ലാത്തൊരു ആത്മ ബന്ധമായിരുന്നു അലിയും
അമീറിന്റെ ബാബയും തമ്മില്‍. അത്രത്തോളം ഇഷ്ടം പക്ഷെ അമീറിനു, ഹസ്സനോട് ഉണ്ടായിരുന്നില്ല.

ഭീരുവായ അമീറിനു മരിച്ച് പോയ തന്റെ അമ്മയെ പോലെ കവിതയിലും കഥയിലുമൊക്കെയായിരുന്നു
താല്പര്യം. എന്തിനും ഏതിനും തന്റെ കൂടെ നിന്ന ഹസ്സനെ കൊടിയ ഒരു അപമാനത്തില്‍ നിന്നും
രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന കുറ്റബോധം അമീറിനെ വേട്ടയാടുകയാണു. സ്വയം ഇകഴുത്തുന്ന ആ
കുറ്റബോധത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഹസ്സനേയും അവന്റെ ബാബ അലിയേയും വീട്ടില്‍
നിന്നും പുകച്ച് പുറത്ത് ചാടിക്കുമ്പോള്‍ അമീറ് ഒരിക്കലും അറിഞ്ഞിരുന്നില്ല ഹസ്സന്‍ തന്റെ സഹോദരനാണെന്ന
വസ്തുത. തന്റെ ബാബക്ക് ഒരു ഹസാര യുവതിയില്‍ ഉണ്ടായ മകന്‍!! മരണം വരെ ഹസ്സനും അറിഞ്ഞില്ല ഒന്നും.


ഇന്ന്, ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറം അമീര്‍ തന്റെ ഭീരുത്വത്തില്‍ നിന്നും ഉണര്‍ന്ന് താന്‍ പണ്ട് തന്റെ സുഹൃത്തിനോട്
ചെയ്ത മാപ്പില്ലാത്ത കുറ്റത്തിനു പ്രായശ്ചിത്തം ചെയ്യുകയാണു. തകര്‍ന്നടിഞ്ഞ കാബൂളില്‍ നിന്നും, താലിബാനികളുടെ
വൃത്തികെട്ട ലൈംഗിക അതിക്രമത്തില്‍ നിന്നും ഹസ്സന്റെ മകന്‍ സൊറാബിനെ രക്ഷിച്ചു കൊണ്ട്...

രണ്ട് ഉറ്റചങ്ങാതിമാരുടെ ആത്മ ബന്ധം, ഒരു മകനും അഛനും തമ്മിലുള്ള ഹൃദയയൈക്യം,അതിലുപരി
അധിനിവേശങ്ങള്‍ക്ക് മുന്‍പുള്ള കാബൂളിലെ സ്വഛന്ദസുന്ദരമായ ജീവിതവും , അതിനു ശേഷം കാബൂള്‍ എന്തുമാത്രം
അകവും പുറവും മാറിപ്പോയി എന്നും നമ്മെ ബോധ്യപ്പെടുത്തുന്നു ഈ നോവല്‍.

അമീറിനേയും ഹസ്സനേയും കൂടാതെ ഒരുപാട് പേരുണ്ട് ഈ കഥയില്‍. കഥാപാത്രങ്ങള്‍
ശരിക്കും ജീവിക്കുകയാണു നോവലില്‍. കഥപറച്ചിലിന്റെ പതിവ് ശൈലിയില്‍ നിന്നും
മാറിയുള്ള ആഖ്യാനരീതിയും നോവലിന്റെ പുതുമയാണു. ലോകമെമ്പാടുമുള്ള അനുവാചകര്‍
ഹൊസൈനിയുടെ ഈ നോവലിനെ നെഞ്ചേറ്റിയതില്‍ ഒട്ടും അതിശയമില്ല തന്നെ.

ഡി സി ബുക്ക്സാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവര്‍ത്തനം ശ്രീമതി.രമാ മേനോന്‍.

ഞാനിപ്പോഴും ആകാശത്ത് പാറിക്കളിക്കുന്ന ആ പട്ടത്തില്‍ തന്നെയാണു. സൊറാബിനു വേണ്ടി അമീര്‍ ഉയര്‍ത്തി വിട്ട പട്ടം. ഒപ്പം എന്തേ ഈ പുസ്തകം എന്റെ കൈയിലെത്താന്‍ വൈകി എന്ന ചിന്തയിലും...

അമീരിന്റെ വാക്കുകള്‍ കടമെടുക്കട്ടെ ഞാന്‍..
“ വസന്തം വന്നെത്തുമ്പോള്‍ മഞ്ഞുപാളികള്‍ ഒന്നായ് ഉരുകി വീഴില്ല. മെല്ലെ മെല്ലെ ഓരോ പാളികളായ് .....

Thursday, June 30, 2011

അതിരുകള്‍....!!!

26.6.11 ലെ വര്‍ത്തമാനം പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.



ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും,എന്റെ എഴുത്തിനു
പോലും പരിമിതികളുണ്ട്. നീയൊരു പെണ്ണാണെന്ന നിരന്തരമായ
ഓര്‍മ്മപ്പെടുത്തലുകള്‍ ! എല്ലായ്പ്പോഴും ഞാനതിനെ കുടഞ്ഞു കളയാന്‍
ശ്രമിക്കുമ്പോഴും അതെന്നിലേക്ക് വീണ്ടും വീണ്ടും പറ്റിച്ചേരാന്‍ വെമ്പുന്നത്
പോലെയാണു. പൊതു ഇടങ്ങളില്‍ നിന്നുമുള്ള സഭ്യവും സഭ്യേതരവുമായ
പെരുമാറ്റങ്ങളില്‍ പലപ്പൊഴും ആകെ ഉലഞ്ഞുപോയിട്ടുണ്ട് ഞാനും.
ചീത്തതിനെ തള്ളിക്കളഞ്ഞ് നല്ലതിനെ ചേര്‍ത്ത് വെക്കുകയാണു
എന്നെ ഞാനാക്കാന്‍ എറ്റവും നല്ലതെന്ന് എന്റെ അനുഭവ പാഠം.
അതു കൊണ്ട് തന്നെ ഒരു പെണ്‍ മനസ്സിനു മാത്രം സാധ്യമാകുന്ന
തരത്തില്‍ ചുറ്റും കാണുന്ന ജീവിതങ്ങളെ ആര്‍ദ്രതയോടെയും
സമചിത്തതയോടെയും സമീപിക്കാന്‍ എനിക്കായിട്ടുണ്ട്.

ഒരമ്മ മനസ്സ് എല്ലാ സ്ത്രീകളിലും ഉള്ളത് കൊണ്ടാകാം മറ്റുള്ളവരുടെ
വേദനകളും വിഷമങ്ങളും അവളെ ആകെ ഉലച്ച് കളയുന്നത്.
അതിനു വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ല.
മനുഷ്യരെല്ലാവരും അടിസ്ഥാനപരമായ് നന്മയുള്ളവരാണെന്ന്
വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഗോവിന്ദച്ചാമിയെ പോലുള്ളവര്‍
തുലോം കുറവാണു സമൂഹത്തില്‍. പരസ്പരം സ്നേഹിക്കാനും സഹായിക്കാനുമൊക്കെ
നമുക്കുമാവും. പലപ്പോഴും വളരെ അപ്രതീക്ഷിതമായ ഭാഗത്ത് നിന്നായിരിക്കും
സഹായമെത്തുന്നത്. വളരെ ചെറിയ കാര്യങ്ങളെന്നു തോന്നും നമുക്ക്.
പക്ഷെ അതുണ്ടാക്കുന്ന ആശ്വാസം ചില്ലറയല്ല.

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണെനിക്ക്. നേരത്തെ പറഞ്ഞപോലെ
ഞാനതിലെ നല്ല വശം മാത്രമെ കാണാറുള്ളു. അതാണെന്നെ വീണ്ടും വീണ്ടും
യാത്ര പോകാനും നന്നായി ജീവിക്കാനും പ്രാപ്തയാക്കുന്നത്. നമ്മള്‍ കാണാത്ത ,
അറിയാത്ത ആളുകള്‍.. അവരുടെ വേദനകളും സന്തോഷങ്ങളും നമ്മളുടേത്
കൂടി ആവുക. അതിലൂടെ നമ്മളറിയുന്നത് നമ്മെ തന്നെയാണു.


ഗുരുദീപ് കൌര്‍ എന്ന വൃദ്ധയെ ഞാന്‍ പരിചയപ്പെടുന്നത് വാഗാ അതിര്‍ത്തിയില്‍ വെച്ചാണു.
എല്ലാവരെയും പോലെ ഒരു സഞ്ചാരിയുടെ കൌതുകം കലര്‍ന്ന മനസ്സോടെ
മാത്രമാണു ഞാനും അന്നു അതിര്‍ത്തിയിലെത്തിയത്. ഞങ്ങളെത്തുമ്പോള്‍
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് അവരുടെ പതിവ് ചടങ്ങുകളിലാണു.
മാര്‍ച്ച് പാസ്റ്റും പതാക അഴിക്കല്‍ ചടങ്ങും.


നല്ല ആള്‍ക്കൂട്ടമുണ്ട്.
ഗാലറിയുടെ ഏറ്റവും മുകളിലേക്ക് കയറിയ ഞാനും കാണികളിരൊരാളായി ആര്‍ത്തു വിളിച്ചു.
ഹിന്ദുസ്താന്‍ കീ ജയ് എന്ന്. അപ്പുറത്ത് നിന്ന് ; പാകിസ്ഥാന്റെ മണ്ണില്‍ നിന്നും
അതെ സ്വരത്തില്‍ ആളുകള്‍ ആര്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍ കീ ജയ് .


ബി എസ് എഫ് ജവാന്മാരുടെ കിടിലന്‍ സല്യൂട്ടുകളും നെഞ്ചോളം ഉയര്‍ത്തി നിലത്ത് അമര്‍ത്തിയടിക്കുന്ന


കാലടി ശബ്ദങ്ങളും എല്ലാം കൂടി അവിടെ ദേശസ്നേഹം ഇങ്ങനെ പതഞ്ഞു പൊങ്ങുകയാണു.


ഈ ആരവങ്ങള്‍ക്കിടയിലും ഇതിലൊന്നും ഭാഗഭാക്കാവാതെ തലതാഴ്ത്തി
ഇരിക്കുന്ന അനേകം മുഖങ്ങള്‍ ഞാന്‍ കണ്ടിരുന്നു.
സഞ്ചാരികളുടെ ആവേശമോ കൌതുകമോ ഒന്നും തന്നെ അവരുടെ
മുഖങ്ങളില്‍ നിന്നും വായിച്ചെടുക്കാനായില്ല എനിക്ക്.
പകരം വേദനയും നിരാശയും. കാഴ്ചകളെല്ലാം കഴിഞ്ഞ് ബി എസ് എഫ്
ജവാന്മാരുടെ ഓട്ടൊഗ്രാഫും വാങ്ങി തിരിഞ്ഞപ്പോഴാണു ആളൊഴിഞ്ഞ ഗാലറിയില്‍
തനിച്ചിരിക്കുന്ന ആ സ്ത്രീയെ ഞാന്‍ കാണുന്നത്. അടുത്ത് ചെന്നിട്ടും
അവര്‍ മുഖമുയര്‍ത്തിയില്ല.

“ക്യാ ഹുവാ നാനി ജീ? ക്യോം രൊ രഹീഹെ ആപ്?“

അവരുടെ അടുത്തിരുന്ന എന്റെ കൈകള്‍ അവര്‍ മുറുക്കിപ്പിടിച്ചു.

“കുഛ് നഹീ ബേട്ടേ,“

“ നഹീ തൊ ക്യൊം രൊ രഹീ ഥീ? അകേലീ..? കിസി കൊ ദിഖ് നഹി സക്തീ..?

തീരെ ഒഴുക്കില്ലാത്ത എന്റെ ഹിന്ദി കേട്ടിട്ടാവണം അവര്‍ കണ്ണട എടുത്ത് ദുപ്പട്ടയുടെ
അറ്റം കൊണ്ട് പതുക്കെ തുടച്ച് വീണ്ടും മുഖത്ത് വെക്കുന്നതിനിടെ എന്നെ നോക്കി ചിരിച്ചു.

“ കേരള്‍ സേ...?

ഗുരുദാസ്പുരില്‍ അവരുടെ അയല്‍ വാസി ഒരു നായരുണ്ടത്രെ.ബനാന ചിപ്സും നാരിയല്‍ കാ തേലും
നല്ല ടേസ്റ്റാണെന്ന് പറഞ്ഞ് അവര്‍ വീണ്ടും ചിരിച്ചു.

അപ്പുറത്ത് പാകിസ്ഥാനിലേക്ക് നോക്കി അവര്‍ പറഞ്ഞു. അവിടെയാണു അവര്‍ ജനിച്ചത്.
അന്ന് പക്ഷെ പാകിസ്ഥാന്‍ ഉണ്ടായിരുന്നില്ല. എല്ലാവരും ഒന്ന്.
സിക്കുകാരും മുസ്ലിമുകളും ഹിന്ദുക്കളുമൊക്കെ ഒരേ മനസ്സോടെയാണു കഴിഞ്ഞിരുന്നത്.
വളരെ ചെറുപ്പത്തില്‍; പത്താമത്തെ വയസ്സില്‍ അവരുടെ വിവാഹം കഴിഞ്ഞിരുന്നു.
ഒരുപാട് സന്തോഷം നിറഞ്ഞ നാളുകള്‍ .എല്ലാം അവസാനിച്ചത്
വളരെ പെട്ടെന്നായിരുന്നു. വിഭജനത്തിനു ശേഷം ഇന്ത്യയും പാകിസ്താനും
നിലവില്‍ വന്നപ്പോള്‍ ഗുരു ദീപിന്റെ ഭര്‍തൃ വീട്ടുകാര്‍ ഇന്ത്യയിലേക്ക് പോരാന്‍ തീരുമാനിച്ചു.
മറിച്ച് അവരുടെ മാതാപിതാക്കളും ബാക്കി ബന്ധുക്കളും പാകിസ്താനില്‍ തന്നെ തങ്ങി.

അഛനുമമ്മയുമൊന്നും ഇപ്പോള്‍ ഇല്ല. സഹോദരങ്ങളും ഓരൊരുത്തരായ് പോയി.
ജനനവും മരണവും ഒരുപാട് നടന്നു കുടുംബത്തില്‍. ഒന്നിലും പങ്കെടുക്കാനാവാതെ
ഒരാള്‍ മാത്രം ഇപ്പുറത്ത്...

ഇന്ന്, മരിച്ച് പോയ സഹോദരന്റെ പേരക്കുട്ടിയുടെ മകളേയും കൊണ്ട്
അവര്‍ വരാമെന്നു പറഞ്ഞിരുന്നത്രെ. ഇപ്പുറത്തുള്ള മുത്തശ്സിക്ക് കാണിച്ച് കൊടുക്കാന്‍..
പക്ഷെ വഴിയില്‍ വെച്ച് വണ്ടി കേടായി അവര്‍ക്കെത്താനായില്ലെന്ന്.
പതാക താഴ്ത്തല്‍ ചടങ്ങ് കഴിഞ്ഞാല്‍ കുറച്ച് സമയം ബന്ധുക്കള്‍ക്ക്
അപ്പുറവും ഇപ്പുറവും നിന്ന് സംസാരിക്കാം.അതിനു വേണ്ടിയാണു
പാവം വയ്യാഞ്ഞിട്ടും ഇത്ര ദൂരം വന്നതെന്ന് കേട്ടപ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞു പോയി.

ഒരു സ്ത്രീയുടെ ജീവിതത്തിനു രണ്ട് വ്യത്യസ്തമായ തലങ്ങളുണ്ട്. രണ്ട് ജന്മം പോലെയാണത്.
ജനിച്ച് ,ബാല്യവും കൌമാരവും പിന്നിട്ട വീട്ടില്‍ നിന്നും വിവാഹത്തിനു ശേഷം വേറൊരു
വീട്ടിലേക്കുള്ള പറിച്ച് നടല്‍. അത് തനിക്ക് ഗുണമാണോ ദോഷമാണൊ
കാത്തുവെച്ചിരിക്കുന്നതെന്ന് പോലും അറിയാതെ ഒരു മാറ്റിപ്രതിഷ്ഠിക്കല്‍. അത് ഗുരുദീപിനെ പോലെ വേറൊരു
ദേശത്തേക്ക് കൂടി ആയാലോ....?ഒരു തിരിച്ച് പോക്ക് അസാധ്യമെന്ന അറിവ് കരളുരുക്കിക്കളയും ശരിക്കും...

മതത്തിന്റേയോ ദേശത്തിന്റേയോ അതിര്‍വരമ്പുകളില്ലാതെ മനുഷ്യനു മനുഷ്യനെ സ്നേഹിക്കാനാകുന്ന
കാലത്തെപറ്റി വിചാരിച്ചു കൊണ്ട് ആ ഗാലറിയില്‍ അവരോട് ചേര്‍ന്ന് അങ്ങനെ ഇരിക്കുമ്പോള്‍
എനിക്ക് മുന്നിലൂടെ ഒരു കൂട്ടം ആളുകള്‍ കടന്നു പോകുന്നുണ്ടായിരുന്നു...
നിസ്സഹായരായ ഇന്ത്യക്കാരും പാക്കിസ്ഥാനികളും അടങ്ങുന്ന ഒരു കൂട്ടം ആളുകള്‍...
വേദനയാലും ദുരിതങ്ങളാലും കോടിപ്പോയ മുഖങ്ങളോടെ ..ഒരുവരി അങ്ങോട്ടും ,ഒരു വരി ഇങ്ങോട്ടും!!
സാധുക്കളും നിരക്ഷരരുമായിരുന്ന സാദാ കര്‍ഷകരായിരുന്നു അവര്‍. അവരില്‍ പലര്‍ക്കും
സ്വാതന്ത്ര്യം എന്നാല്‍ എന്താണെന്ന് പോലും അറിയുമായിരുന്നില്ല.
കോണ്‍ഗ്രസ്സും മുസ്ലിം ലീഗും അവര്‍ക്കൊരുപോലെ ആയിരുന്നു.
ഒരു ഗ്രാമത്തില്‍ നിന്നും തൊട്ടടുത്ത മറ്റൊരു ഗ്രാമത്തിലേക്കുള്ള ഹ്രസ്വമായ ഒരു യാത്രയായിരുന്നില്ല അത്.
മറിച്ച് തങ്ങള്‍ ജനിച്ച് വളര്‍ന്ന ഇടങ്ങളില്‍ നിന്നും കടപുഴക്കി എറിയപ്പെട്ടവരുടെ കൂട്ട പലായനം.

ചില യാത്രകളില്‍ അവിചാരിതമായി കണ്ടുമുട്ടുന്ന പലരും നമ്മുടെ ആരൊക്കെയോ
ആയി മാറുകയാണു. വെറുതെ കണ്ട് മടങ്ങാനാകുന്നില്ല നമുക്ക്.
ജന്മ ബന്ധങ്ങളുടെ നേര്‍ത്ത നൂലിനാല്‍ പരസ്പരം കെട്ടപ്പെട്ടത്പോലെ....
യാത്ര പറഞ്ഞ് പിരിയുമ്പോള്‍ ,മരിക്കുന്നതിനു മുന്‍പ് വീണ്ടും കണ്ടുമുട്ടിയേക്കും
എന്ന നേര്‍ത്ത പ്രതീക്ഷയാല്‍ കൈകള്‍ വീശി പിന്നേയും പിന്നേയും തിരിഞ്ഞ് നോക്കി ...
ഒരു മടക്കയാത്ര....!!




**** ചില ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും ***

Saturday, June 18, 2011

കടലില്‍ നിന്നും കാട്ടിലേക്കെന്തു ദൂരം...!!!

യാത്രകള്‍, എന്നും മനസ്സിനും ശരീരത്തിനും നവോന്മേഷം കൊണ്ടുവരും. ആ യാത്ര തുടങ്ങുന്നത് ഒരു കടല്‍ ക്കരയില്‍ നിന്നായാലോ...?തീര്‍ന്നില്ല; തുടങ്ങി വെച്ച യാത്ര അവസാനിക്കുന്നത് ഒരു കാടിന്റെ വശ്യതയിലെക്കായാലോ...?
മനസ്സിനെയും ശരീരത്തേയും കുളിര്‍പ്പിച്ചു കൊണ്ടൊരു സ്വപ്ന യാത്ര!!


ഗതകാല പ്രൌഡിയുടെ മാറാപ്പും പേറി നില്‍ക്കുന്ന ഈ കടല്‍പ്പാലത്തിനു എന്തെല്ലാം കഥകള്‍ പറയാനുണ്ടാകും.
ആശകളും നിരാശകളും, ആകാശം മുട്ടേ ഉയര്‍ന്ന സ്വപ്നങ്ങള്‍ പലതും ഈ പാലത്തിനടിയിലൂടെ എത്രവട്ടം
ഒലിച്ച് പോയിട്ടുണ്ടാവണം. ഇബുനു ബത്തൂത്ത തന്റെ പുസ്തകത്തില്‍ കോഴിക്കോട് കടപ്പുറത്ത് നിന്നും കപ്പല്‍ കയറിയതിനെ പറ്റി വിവരിക്കുന്നുണ്ട്.മുലൈബാറിലെ** ഏറ്റവും വലിയ തുറമുഖമായിട്ടാണു കോഴിക്കോട്ടിനെ അദ്ദേഹം പരിചയപ്പെടുത്തുന്നത്. പതിമൂന്ന് കൂറ്റന്‍ കപ്പലുകളാണത്രെ ചൈനയിലേക്ക് പോകാനായി തുറമുഖത്ത് നിരന്നു നിന്നിരുന്നത്. സുഗന്ധവ്യഞ്ജനങ്ങളും കുരുമുളകും കുത്തിനിറച്ച് യാത്രക്ക് തയ്യാറായ്..

എല്ലാ ആരവങ്ങളും അടങ്ങി ഇന്നീ കടല്‍പ്പാലത്തിന്റെ എല്ലിന്‍ കൂട് മാത്രം ബാക്കി. ഒരു തിരയ് ക്കും അടുത്ത തിരയ് ക്കും ഇടക്ക് കനച്ച് കിടക്കുന്ന ഏകാന്തതയില്‍ മുങ്ങി നിവര്‍ന്ന്....


അന്ന്, കച്ചവടക്കാര്‍ക്ക് പിന്നാലെ എത്തി, നമ്മുടെ മണ്ണിലും മനസ്സിലും ആധിപത്യം സ്ഥാപിച്ച അധിനിവേശക്കാര്‍ക്കെതിരെ ധീരമായ് പോരാടിയ ഒരാളുണ്ടായിരുന്നു; പഴശ്ശിരാജ . അദ്ദേഹത്തിന്റെ സ്മരണകള്‍ ഉറങ്ങുന്ന വയനാട്ടിലേക്കാണു നമുക്കിനി പോകേണ്ടത്. പോകാം...?




വയനാടന്‍ ചുരം എത്ര കണ്ടാലും മതിയാകില്ല എനിക്ക്.

അതിരാവിലെ കോട പുതച്ച് കിടക്കുന്ന താഴവാരത്തിലേക്ക് നോക്കി എത്ര നേരം വേണേലും ഇരിക്കാം.വെയില്‍ പരന്നു തുടങ്ങിയാല്‍ മഞ്ഞിന്റെ മറക്കുള്ളിലൂടെ വെളിപ്പെട്ടു വരുന്ന പച്ചപ്പിലേക്ക് നോക്കി ആര്‍ത്തു വിളിക്കാം. തണുപ്പാണു ചുരത്തിലെപ്പോഴും, ഈ തണുപ്പും മരങ്ങളും ഒരുപാട് കാലം ഇങ്ങനെ തന്നെ നിലനിന്നിരുന്നെങ്കില്‍....,






ഈ ചുരത്തിനെപറ്റിയും ഒരുപാടു കഥകളുണ്ട്.നമുക്കറിയാവുന്നത് തന്നെ എല്ലാം.ചുരം വെട്ടാന്‍ സായിപ്പിനു വഴി
കാണിച്ച് കൊടുത്ത ആദിവാസിയെ സായിപ്പ് കൊന്ന് കളഞ്ഞത്രെ! ഇനിയാര്‍ക്കും വഴികള്‍ അടയാളപ്പെടുത്താതിരിക്കാന്‍!!


ജീവിച്ച് മതിയായിട്ടുണ്ടാവില്ല അയാള്‍ക്ക്,സ്നേഹിച്ച് തീര്‍ന്നിട്ടുണ്ടാകില്ല അയാള്‍. അതായിരിക്കാം പാതിരാത്രിക്ക് അയാളിങ്ങനെ അലഞ്ഞിട്ടുണ്ടാകുക ചുരത്തില്‍. ആ സ്നേഹവും ജീവിതത്തോടുള്ള അടങ്ങാത്ത തൃഷ്ണയുമാണു ഇവിടെയിങ്ങനെ ചങ്ങലയില്‍ ബന്ധിച്ചിട്ടിരിക്കുന്നത്.

ലക്കിടിയിലെ ഈ ചങ്ങല മരവും പിന്നിട്ട്, വീണ്ടും മുന്നോട്ട് പോയാല്‍ മാനന്തവാടി എത്തുന്നതിനു മുന്‍പ് വേറൊരു മരമുണ്ട്, പുഴക്കരയില്‍! അവിടെ ആത്മാവുകളല്ല,പക്ഷെ ഒരു തരത്തില്‍ അവരുടെ കൂട്ടാളികള്‍ തന്നെ.കടവാവലുകള്‍ !!

വല്ലാത്തൊരു കാഴ്ചയാണത്. മരത്തില്‍ നിറയെ തലകീഴായ് തൂങ്ങിക്കിടക്കുന്ന വാവലുകള്‍!!

കുറുവ ദ്വീപിലെക്കാണു നമുക്ക പോകേണ്ടത്.മാനന്തവാടിയില്‍ നിന്ന് മൈസൂര്‍ റോഡില്‍ ഏകദേശം ഇരുപത്തേഴ് കിലോമീറ്റര്‍ ഉണ്ടാകും കുറുവയിലേക്ക്.



മനോഹരമായ കൊച്ചുകൊച്ചു ദ്വീപുകളുടെ ഒരു കൂട്ടമാണു കുറുവ.. 950 ഏക്കറാണു ദ്വീപിന്റെ മൊത്തം വിസ്തീര്‍ണ്ണം.
കബനീ നദിയാണു ദ്വീപിനെ ചുറ്റി ഒഴുകുന്നത്. ഈയിടെ മഴ പെയ്തതോണ്ടാണെന്ന് തോന്നുന്നു, കബനി കലങ്ങി
മറിഞ്ഞിരിക്കുന്നു. ചങ്ങാടത്തില്‍ കയറി ദ്വീപിലിറങ്ങാം നമുക്ക്. ഇനി നടക്കാം,കാട്ടിനുള്ളിലൂടെ, മുളംകാടുകളുടെ
സംഗീതം കേട്ട്...


പ്രകൃതിദത്തമായ വനമാണു കുറുവ. കുശാല്‍ നഗറിലെ നിസര്‍ഗധമയെ പോലെ ഈ മുളംകൂട്ടങ്ങള്‍ വെച്ച് പിടിപ്പിച്ചതല്ല.മാവ്,തേക്ക്



പുളി, ആല്‍ തുടങ്ങി എനിക്ക് പേരറിയാത്ത ഒരു പാട് മരങ്ങള്‍ ;വല്ലാത്തൊരു വന്യതയോടെ ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ച്ക കണ്ണിനു കുളിര്‍മ്മ പകരുന്നു. നദിയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരക്കൊമ്പുകളില്‍ തൂങ്ങിയാടി, പൊന്തി നില്‍ക്കുന്ന കല്ലുകളില്‍ നിന്നും മറ്റൊന്നിലേക്ക് ചാടി നമുക്ക് ദ്വീപുകള്‍ ഓരോന്നായ് മുറിച്ച് കടക്കാം.



ഉള്ളിലേക്ക് പോകുന്തോറും കാടിനു കട്ടി കൂടി വരുന്നുണ്ട്. പണ്ട് പഴശ്ശിരാജ കുറുവ ദ്വീപ് ഒളിത്താവളമായ് ഉപയോഗിച്ചിട്ടുണ്ടത്രെ.


രണ്ട് മൂന്ന് ദ്വീപുകള്‍ മുറിച്ച് കടന്നപ്പോഴേക്കും ആള്‍ സഞ്ചാരം തീരെ കുറഞ്ഞു. എങ്കില്‍ ഇനി കുളിച്ചിട്ടു തന്നെ കാര്യം.


വെള്ളത്തിനു നല്ല തണുപ്പ്.“ പി.എ ബക്കറിന്റെ കബനീ നദി ചുവന്നപ്പോള്‍ “ എന്ന സിനിമയെ പറ്റി ഓര്‍മ്മ വന്നപ്പോള്‍ ഉള്ളിലൊരാന്തല്‍. ആ സിനിമ ഞാന്‍ കണ്ടിട്ടില്ല. ഈ നദി എങ്ങനെ ചുവന്നു..? ദൈവമേ ഇനി വല്ല ചീങ്കണ്ണിയോ മുതലക്കുട്ടികളൊ ഉണ്ടാകുമോ..?

കുറുവയില്‍ നിന്നും മടങ്ങുമ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. രണ്ടു മൂന്ന് കൊല്ലം മുന്‍പ് വരെ ടൂറിസ്റ്റുകളൊന്നും ഈ വഴി വന്നിരുന്നില്ല.
ഇപ്പോള്‍ അതല്ല സ്ഥിതി. സീസണില്‍ ദിനേന മൂവായിരം ആളുകള്‍ വരെ എത്തുന്നുണ്ടത്രെ.
നല്ല ഹോം ലി ഫുഡ് കിട്ടുന്ന ഒരുപാട് കടകളുണ്ട് കുറുവക്ക് ചുറ്റും. സീസണില്‍ മാത്രമാണു കച്ചവടം.


ജോസഫേട്ടന്‍ സന്തോഷത്തിലാണു. ഊണു വിളമ്പുന്നതിനിടെ പുര കെട്ടി മേയുന്നതിനെ പറ്റിയാണു അയാള്‍ സംസാരിച്ചത്.
നമുക്കിത് ഒരു ദിവസത്തെ ആഘോഷം! പക്ഷെ അവര്‍ക്കിത് ജീവിതമാണു !!

ഇനി യാത്ര തിരുനെല്ലിയിലേക്ക്...

മനസ്സിനൊരുപാട് സന്തോഷം തരുന്ന വഴിയാണിതും,. നഗരത്തിന്റെ എല്ലാ ബഹളങ്ങളും പുറം പൂച്ചുകളും ഒഴിവാക്കി
നിശബ്ദതയിലേക്കും ഒറ്റപ്പെടലിലേക്കുമുള്ള വഴി. മനസ്സ് വല്ലാതെ കുറുമ്പ് കാട്ടുമ്പോള്‍ ഇങ്ങനെയുള്ള യാത്രകള്‍ നല്ലതാണു.
ഒരു പുനര്‍ജനിയുടെ സുഖം...

മിക്കവാറും ആനകളെ കാണാറുണ്ട് ഈ വഴിയില്‍. പക്ഷെ എന്തൊ ഇത്തവണ അവന്മാരൊന്നും പുറത്ത് വന്നില്ല.
ആനത്താര ഒഴിഞ്ഞ് കിടക്കുന്നു. വനം വകുപ്പ് പുതിയൊരു ആനത്താര വെട്ടിയുണ്ടാക്കി ബോര്‍ഡും വെച്ചിട്ടുണ്ട്.
‘നിര്‍ദ്ദിഷ്ട ആനത്താര ‘ എന്ന്. ഇനി ആനകള്‍ ഇതിലൂടെ പോകണമെന്ന്!!!
ആനക്ക് വായിക്കാനറിയുമോ ആവോ...?

“ ദേ..ഒരു മയില്‍” എന്നു പറഞ്ഞപ്പോഴേക്കും അവന്‍ ജീവനും കൊണ്ടോടി.

തിരുനെല്ലി പൊലീസ് സ്റ്റെഷനിലേക്ക് തിരിയുന്ന ജങ്ക്ഷന്‍.




ഈ കാണുന്ന വഴിയിലൂടെ അരകിലോമീറ്റര്‍
നടന്നാല്‍ വര്‍ഗീസിനെ വെടിവെച്ച് കൊന്ന സ്ഥലത്തെത്താം. തൊട്ടടുത്ത ചായക്കടയില്‍ നിന്നും ഞങ്ങളൊരു വഴികാട്ടിയെ സംഘടിപ്പിച്ചു.കറപ്പന്‍,ആദിവാസിയാണു. ആനയിറങ്ങുന്ന സമയമാണു ,പോയി നോക്കാമെന്ന് പറഞ്ഞ് മുന്‍പേ നടന്ന കറപ്പന്റെ പിന്നാലെ ഞങ്ങള്‍ വെച്ചു പിടിച്ചു.
1970 ഫെബ്രുവരി പതിനെട്ടിനാണു വര്‍ഗീസ് കൊല്ലപ്പെടുന്നത്. നീണ്ട നാല്പത് വര്‍ഷങ്ങള്‍ വേണ്ടി വന്നു അതൊരു ഏറ്റുമുട്ടല്‍ കൊല ആയിരുന്നില്ലെന്നും നിരായുധനായ ഒരു ചെറുപ്പക്കാരനെ വെടിവെച്ചു കൊല്ലുകയായിരുന്നെന്നും നമ്മള്‍ അറിയാന്‍ !!!
ഏത് ആദര്‍ശത്തിന്റെ പുറത്തായാലും അതില്‍ ഉറച്ച് നില്‍ക്കുകയും അതിനു വേണ്ടി ജീവന്‍ വെടിയുകയും ചെയ്ത ചെറുപ്പക്കാര്‍!!!
ഇന്നോ...?
മന്ത്രിസ്ഥാനം ഇല്ലാത്തതിന്റെ പേരില്‍ കരഞ്ഞ് മൂക്കുപിഴിയുന്ന നേതാക്കന്മാരാണു ടിവിയില്‍ നിറയെ....എങ്ങനെ വീണാലും നാലുകാലില്‍.

മുന്നില്‍ നടന്നിരുന്ന കറപ്പന്‍ പെട്ടെന്നു നിന്നു. വഴിയില്‍ ആവി പറക്കുന്ന ആനപിണ്ടം. അടുത്ത് തന്നെ ആനക്കൂട്ടമുണ്ട്.

വര്‍ഗീസിന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നു കൊണ്ട് വന്നതിനേക്കാള്‍ വേഗത്തില്‍ ഞങ്ങള്‍ തിരിച്ച് നടന്നു.


ക്ഷേത്രത്തിലെത്തിയപ്പോള്‍ വൈകുന്നേരമായിരുന്നു. മൂവായിരത്തോളം വര്‍ഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനു.
വിഷ്ണുവാണു പ്രതിഷ്ഠ. ക്ഷേത്ര മുറ്റത്ത് നിന്നുമുള്ള കാഴ്ച അതി മനോഹരമാണു. നാലുപാടും പച്ച പുതച്ച മലനിരകള്‍.
ബ്രഹ്മഗിരി, ഉദയഗിരി, കരിമല ,നരി നിരങ്ങി മല തുടങ്ങിയ മലനിരകളാണത്.

പാപനാശിനിയിലേക്കുള്ള വഴിയാണിത്. പാപങ്ങള്‍ കഴുകി കളയാന്‍ അത്ര എളുപ്പമല്ല. ഈ കയറ്റം മുഴുവന്‍ കയറിയേ പറ്റു.


പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകിവരുന്ന വെള്ളത്തിനു നല്ല തണുപ്പ്. വെള്ളം ഒഴുകി ഒരു ചെറിയ കുഴിയില്‍ വീഴുന്നുണ്ട്.


അരക്കൊപ്പം വെള്ളത്തില്‍ മുങ്ങിക്കയറുന്ന ആളുകള്‍. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മോക്ഷത്തിനു വേണ്ടി അകമഴിഞ്ഞ്
പ്രാര്‍ത്ഥിക്കുന്നുണ്ട് അവര്‍.


പാപനാശിനിയിലേക്കുള്ള വഴിയില്‍ എന്നെ പിടിച്ച് നിര്‍ത്തിയ ഒരു കാഴ്ചയാണിത്. ദഹനം കഴിഞ്ഞ് മൂന്നാം നാള്‍ അസ്ഥിക്കുഴിയില്‍
നിന്നും ശേഖരിക്കുന്ന അസ്ഥിക്കഷ്നങ്ങളും ബാക്കിയായ ചാരവുമല്ലെ ഇത്. മണ്‍കലങ്ങളും പ്ലാസ്റ്റിക് വെയിസ്റ്റും ഇടകലര്‍ന്ന്...


ഇവിടെ നിന്നാണൊ നമ്മുടെ പ്രിയപ്പെട്ടവര്‍ സ്വര്‍ഗാരോഹണം നടത്തേണ്ടത്...?

തിരിച്ച് പോരുന്ന വഴിക്ക് ചായയും ഉണ്ണിയപ്പവും തിന്ന് ചുരത്തിലെത്തിയപ്പോഴേക്കും രാത്രിയായ്.


താഴെ താഴ്വാരത്ത് ഒരായിരം നക്ഷത്രങ്ങള്‍ പൂത്തിറങ്ങിയ പോലെ... താഴെ നിന്നും വീശിയടിച്ച ഒരു കാറ്റ് കാറിനുള്ളില്‍ വട്ടം ചുറ്റി മുടിയിഴകളെ പിന്നോക്കം തെറ്റിച്ച് എന്റെ ചുണ്ടുകളില്‍ പറ്റിച്ചേര്‍ന്നു. പുറത്തെ ഇരുട്ടിലേക്ക് നോക്കി ഞാന്‍ കണ്ണടച്ചു,..ഞാനിതാ വരുന്നു.