Friday, March 30, 2012

ഒരുവട്ടം കൂടി....

കഴിഞ്ഞാഴ്ച കോട്ടക്കലില്‍ നിന്നു മടങ്ങുമ്പോള്‍ വഴി ബ്ലോക്കായത് കാരണം ബസ്
തിരിച്ച് വിട്ടത് പി എസ് എം ഒ കോളേജിനു മുന്നിലൂടെയാണു. ഞായറാഴ്ച്ക
ആയത് കാരണം ക്ലാസ്സില്ല. കാമ്പസ് ശൂന്യം. കോളേജിനു മുന്നിലെ
സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ എന്തെന്ത് വികാരങ്ങളാണു എന്നിലൂടെ
കടന്ന് പോയത്....സന്തോഷം, വേദന, ഒരു തരം അന്യതാബോധം
എല്ലാം കൂടെ ചേര്‍ന്ന്....
ഇവിടെ നിന്ന് പോയതിനു ശേഷം ഈ വഴി ഞാന്‍ വന്നിട്ടേയില്ല...മൂന്ന് വര്‍ഷം
അടിച്ച് പൊളിച്ച് അര്‍മ്മാദിച്ച് നടന്ന കാമ്പസാണു ...


നോക്കിയിരിക്കെ കാമ്പസ് ബഹളമയമായി.
എന്റെ ഫ്രന്റ്സ് മുഴുവനുമുണ്ട്...

പ്രിന്‍സ്സിയുടെ മുറിക്ക് മുന്നില്‍ നല്ല ബഹളം,സമരമാണു. ഫീസടച്ച് ഓഫീസില്‍
നിന്നിറങ്ങിയ ഞാന്‍ അക്കൂട്ടത്തില്‍ നിന്നും ജഹഫറിനെ പിടിച്ച് വലിച്ചു.

‘ടാ ഇന്ന് ***പൈലയുടെ നെര്‍വസ് സിസ്റ്റമാണു(നാഡീവ്യവസ്ഥ) പ്രാക്റ്റിക്കല്‍,
ഇനിയെന്നോട് പൈലയെ ചോദിച്ച് വരണ്ടാന്നു മജീദ്കാക്ക പറഞ്ഞിട്ടുണ്ട്,
പാടത്തൊന്നും വെള്ളമില്ലത്രെ.. നീ വാ...വൈകിയാ സാറ് ക്ലാസ്സീ കേറ്റില്ല.“

ഓടിക്കിതച്ച് ലാബിലെത്തിയപ്പോള്‍ ക്ലാസ്സ് തുടങ്ങിയിരിക്കുന്നു, സാറിന്റെ
കൂര്‍ത്ത നോട്ടം കണ്ടില്ലാന്ന് വെച്ച് സീറ്റില്‍ പോയിരുന്നു.
“നീയിതെവിടായിരുന്നു, രണ്ട് മൂന്ന് തവണ സാറ് ചോദിച്ചു നീയെവിടെപ്പോയെന്ന്."
.തോട് കട്ട് ചെയ്ത പൈലയെ എന്റെ ട്രേയില്‍ വെക്കുന്നതിനിടെ ഷഹസാദ്
മെല്ലെ ചിരിച്ചു.

“ കാന്റീനില്‍, രാവിലെ ഒന്നും കഴിച്ചില്ല, പിന്നെ ഓഫീസില്‍,അവട്ന്നല്ലേ
ഞാന്‍ നിന്റെ ജഹഫറിനെ പൊക്കിയേ...ടീ അവനോട് മര്യാദക്ക് പഠിച്ച്
പാസ്സാകാന്‍ പറ,അല്ലേല്‍ നിന്റെ കാര്യാം ഗോവിന്ദ...“

ചെറുതായ് വെട്ടിയ ഫിലിം നെര്‍വുകളുടെ അടിയില്‍ ഭംഗിയായി തിരുകി
വെച്ച് ലേബല്‍ ചെയ്യുന്നതിനിടെ ഞാന്‍ തിരിഞ്ഞ് ഷഹസാദിനെ നോക്കി.
“ പറഞ്ഞിട്ടൊന്നും കാര്യമില്ലടീ...അവള്‍ കണ്ണു നിറച്ചു.
“ എന്താണവിടെ പിറുപിറുപ്പ്..നേരം വൈകി ക്ലാസ്സില്‍ വരിക,
എന്നിട്ട് മറ്റുള്ളവരെ കൂടെ ശല്യപ്പെടുത്താ..“

കുനിഞ്ഞ് നിന്ന് ഞാന്‍ ഡിസ്പ്ലേ ചെയ്തുവെച്ചിരിക്കുന്ന സ്പെസിമെന്‍
നോക്കുന്നതിനിടെ സാര്‍ ദേഷ്യപ്പെട്ടു.
“ നല്ല മണം...സാറിന്ന് ബിരിയാണി കഴിച്ചൊ...” കൈയിലിരുന്ന ഫോര്‍സെപ്സ്
ട്രേയിലിട്ട് ഞാന്‍ മൂക്ക് വിടര്‍ത്തി..”
ഒരു മാത്ര ...സാറിന്റെ കൈയിലിരുന്ന നീഡില്‍ വിറച്ച് പൈലയുടെ
ഗാംഗ്ലിയോണ്‍( തലച്ചോറ്‍) വെള്ളത്തില്‍ പൊങ്ങിക്കിടന്നു.....

കുഞ്ഞു കുഞ്ഞു കുസൃതികളും കളിയാക്കലുകളുമായ് എത്രവേഗമാണു
മൂന്ന് കൊല്ലം തീര്‍ന്നു പോയത്...തന്റെ പ്രണയം നടന്നില്ലേല്‍ മരിച്ച് കളയുമെന്ന്
പറഞ്ഞ് ബാഗില്‍ സ്ലീപ്പിങ്ങ്പിത്സുമായ് നടന്നിരുന്ന
ഷഹസാദിനെ പിന്നെ ഞാന്‍ കണ്ടിട്ടില്ല. അവളിപ്പൊ ഗള്‍ഫിലെവിടെയോ
ഉണ്ട് സുഖമായ്, സ്ലീപ്പിങ്ങ് പിത്സൊക്കെ വലിച്ചെറിഞ്ഞ് കളഞ്ഞിട്ടുണ്ടാകും,
അല്ലെങ്കിലും കാമ്പസ് പ്രണയങ്ങള്‍ക്ക് അത്രയൊക്കെയല്ലേ
ആയുസ്സുള്ളു...പക്ഷേ ഓര്‍മ്മകള്‍ മാത്രം മരിക്കുന്നില്ല. സുഖകരമായ
ഒരു നീറ്റല്‍ ബാക്കിയാക്കിക്കൊണ്ട് അതിപ്പഴും അവിടെത്തന്നെയുണ്ട്....

കാമ്പസിലെ ലൌവ് കോര്‍ണറാണിത്..കെമിസ്ട്രി ബ്ലോക്ക്...
അവര്‍ രണ്ടുപേരും ദേ അവിടെത്തന്നെയുണ്ട്..
പരസ്പരം തോളില്‍ കൈയിട്ട്..മനോഹരമായ് പുഞ്ചിരി പൊഴിച്ചുകൊണ്ട്,
ആത്മമിത്രങ്ങള്‍ , ഇഷാക്കും ഷബീറും; തേങ്ങാപ്പൂളും ചക്കരയും...,
ആരോടെന്നില്ലാതെ ആ പുഞ്ചിരിക്ക് മറുചിരി
ചിരിക്കുമ്പോള്‍ ഷഹസാദ് എന്റെ കൈയില്‍ നുള്ളും..
” ടീ വെറുതെ അവന്മാരെ കണ്‍ഫ്യൂസാക്കണ്ട..”
“ അതിനെന്താ..കുറച്ച് കണ്‍ഫ്യൂസാകട്ടെ” എന്നും പറഞ്ഞ് ക്ലാസ്സിലേക്ക്
കയറുന്നതിനിടെ തിരിഞ്ഞ് നിന്ന് ഒരു പാല്പുഞ്ചിരി കൂടി...
പയ്യെപയ്യെ തോളിലിരുന്ന കൈകള്‍ രണ്ടും പോക്കറ്റില്‍ തിരുപ്പിടിപ്പിക്കാന്‍ തുടങ്ങി,
വൈകാതെ ആത്മമിത്രങ്ങള്‍ അവിടവിടെ തനിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

“ ദ് നിനക്ക് പണിയാകുംട്ടോ..” എന്ന് ഭീഷണിപ്പെടുത്തിയ ഷഹസാദിനെ
ഞാന്‍ സമാധാനിപ്പിച്ചു, “എങ്കി നമുക്ക് നറുക്കിടാം..”
ഞാന്‍ എഴുതിക്കൊടുത്ത നറുക്കുകളില്‍ നിന്നും ഒരെണ്ണം എടുത്തു ഷഹാസാദ് ചിരിച്ചു..

“ ഉം ഉം ....തേങ്ങാപ്പൂള്...”
സന്തോഷത്തോടെ തിരിഞ്ഞ് നടക്കുന്നതിനിടയില്‍ അവള്‍ അടുത്ത നറുക്കും
കൂടി നിവര്‍ത്തി. “ ടീ...ഭയങ്കരീ....എന്നും പറഞ്ഞ് തല്ലാനോങ്ങിയ കൈ
നിവര്‍ത്തി അവളെന്നെ കെട്ടിപ്പിടിച്ച് പൊട്ടിച്ചിരിച്ചു.

കോളേജ് വിട്ട ശേഷം ആരേയും ഞാന്‍ കണ്ടിട്ടില്ല , കാണണമെന്ന്
തോന്നിയിട്ടുമില്ല എനിക്ക്, പുതിയ കോളേജ്, പുതിയ ഫ്രന്റ്സ്, ഞാന്‍
മറന്നു പോയതാണോ...അതും അറിയില്ല. പക്ഷെ ഒന്നും ഞാന്‍ മറന്നിട്ടില്ലാന്നു
ഇപ്പൊ എനിക്ക് തോന്നുന്നു. എല്ലാവരും അതേപോലെ ഇപ്പഴും എന്റെ മനസ്സില്‍ ഉണ്ട്.
എന്തിനും ഏതിനും സംശയം മാത്രം ഉണ്ടായിരുന്ന, ബേജാര്‍സിംഗ്
എന്ന് ഞങ്ങള്‍ കളിയാക്കിയിരുന്ന ഹമീദ്, എന്നേക്കാളും ദാഹം ഈ ബണ്ണിനാണൊ
എന്നു പറഞ്ഞ് ചായ ഗ്ലാസ്സിലേക്ക് അല്‍ഭുതം കൂറുന്ന മിഴികളോടെ ഇരിക്കുന്ന
റഹ്മാന്‍. ഇന്ന് ബച്ചുക്കാക്കന്റെ കത്തുണ്ടാ യിരുന്നെന്ന് അടക്കം പറയുന്ന ബിന്ദു.
പാഠപുസ്തകങ്ങള്‍ മാത്രം കരളുന്ന രേഖ, സ്വന്തം കാലില്‍
നിവര്‍ന്ന് നിന്ന് എന്റെ ജീവിതം എനിക്ക് തന്നെ ജീവിക്കണം എന്ന് പറഞ്ഞിരുന്ന
ചുണക്കുട്ടി ഹസീന, ഇന്ന് ഒന്‍പതെണ്ണത്തിനേ കിട്ടീള്ളൂ, ബാക്കി നാളെ
നോക്കാട്ടോ... എന്നും പറഞ്ഞ് ചാക്കില്‍ നിന്നും ചാടിപ്പോയ തവളയെ
പിടിക്കാന്‍ ഓടുന്ന മജീദ് കാക്ക.
പിന്നെ അതിനുമൊക്കെ അപ്പുറത്ത് ഞാന്‍ കാരണം ഉയിര് നഷ്ടപ്പെട്ട ഒരുപാട്
മിണ്ടാപ്രാണികളുടെ കരച്ചിലുകള്‍..‍‍...

ഇടത് കൈയില്‍ പിടിച്ച തവളയുടെ തല തള്ളവിരല്‍ കൊണ്ട് താഴ്ത്തിപ്പിടിച്ച്
കണ്ണുകള്‍ക്കിടയിലെ ഇത്തിരി സ്ഥലത്ത് മെല്ലെ നീഡില്‍ വെക്കുമ്പോള്‍
എത്ര ശ്രമിച്ചാലും അതിന്റെ കണ്ണിലേക്ക് നോക്കാതിരിക്കാനാവില്ല. മരണം
തൊട്ടടുത്ത് വന്ന് നിക്കുമ്പൊഴുള്ള ആ തണുത്ത നോട്ടത്തെ അവഗണിച്ച്
നീഡില്‍ മെല്ലെ താഴേക്ക് കൊണ്ട് വരുമ്പോള്‍ ഒരു ചെറിയ ഹംബ്,അപ്പോ
അവന്‍ മെല്ലെയൊന്ന് വിറക്കും, അതാണു പോയിന്റ്, തലയോട്ടി അവിടെ
അവസാനിക്കും, താഴെ ഒരു കുഞ്ഞ് സ്പോട്ടുണ്ട്,
(foramen magnum. )നേരെ നീഡില്‍ ഉള്ളിലേക്ക് കയറ്റി ഒറ്റക്കറക്കല്‍,
തലച്ചോര്‍ കലങ്ങിപ്പോകും. (pithing of frog)
മെല്ലെ അതിന്റെ കണ്‍പീലികളില്‍ തട്ടിനോക്കിയാല്‍ ഒന്ന് കണ്ണു ചിമ്മുക
പോലുമില്ല, അനങ്ങാതെ കിടക്കും, ഓര്‍മ്മയില്ലേ പണ്ട് താളവട്ടത്തില്‍
നമ്മെയൊക്കെ കരയിപ്പിച്ച് മോഹന്‍ ലാല്‍ കിടന്നിരുന്നത്....അതേപോലെ..

എന്തിനായിരുന്നു അതെല്ലാം, അവ എന്നെ ഒന്നും പഠിപ്പിച്ചില്ല, ഞാനൊന്നും
ആയുമില്ല അതുകൊണ്ട്. പാതിവഴിയില്‍ എന്നെ തനിച്ചാക്കി കടന്നു പോകുന്ന
സൌഹൃദങ്ങളെ, സ്നേഹത്തേ, എന്റെ പ്രണയത്തെ പോലും പിന്‍ വിളി
വിളിക്കാന്‍ എനിക്കാവുന്നില്ല. പലപ്പോഴും എന്റെ കണ്ണിലും മനസ്സിലും അന്ന് ആ
ക്ലാസ്സ്മുറിയില്‍ വെച്ച് കണ്ട കുഞ്ഞ് ജീവിയുടെ കണ്ണുകളിലെ തണുപ്പ് കയറിവരുന്നു...‍....
മരണത്തിന്റെ തണുപ്പ്....

ശൂന്യമായ കാമ്പസിനെ ഒന്നുകൂടെ തിരിഞ്ഞ് നോക്കി പതുക്കെ സീറ്റിലേക്ക് ചാരിയിരുന്ന്
ഞാന്‍ കണ്ണുകളടച്ചു.


*** പൈല.----Pila globosa. ഞവണിക്ക, ഞൌഞ്ഞ് എന്നൊക്കെ പറയും.

Wednesday, March 21, 2012

നൊമ്പരക്കാറ്റ്..

“ കതക് തുറക്കുകയായ് ,
എന്റെ വിഷാദത്തിനു മീതെ,
അതിലൂടെ അവര്‍ വന്നു,
എന്റെ അതിഥികള്‍.
അവിടെ ,അവള്‍ സന്ധ്യ
നിരാശയുടെ ഒരു
കമ്പളം വിരിക്കാനെത്തി.
അതിലൂടെ രാത്രി കടന്ന് പോയി,
വേദനയെക്കുറിച്ച്
നക്ഷത്രങ്ങളോട് പറയാന്‍
ഇതാ പ്രഭാതം വരികയായ്,
തിളങ്ങുന്ന ഒരു വാള്‍തലയുമായ്
ഓര്‍മ്മകളുടെ മുറിവ് തുറക്കാന്‍....“
( ഫൈസ് അഹമ്മദ് ഫൈസ്)

ഞാനീ കതക് തുറക്കുകയാണു...ആ തുറന്ന കതകിലൂടെ കാറ്റ് ആഞ്ഞടിക്കും.തന്റെ
വഴിയിലുള്ളതിനെയൊക്കെ തട്ടിമാറ്റി ദൂരേക്ക് പറത്തിക്കൊണ്ട് പോകുന്ന ചുഴലിക്കാറ്റ് ;
ടൈഫൂണ്‍ ... , സംഹാരതാണ്ഢവമാടികഴിഞ്ഞ് കാറ്റ് തളര്‍ന്നുറങ്ങുമ്പോള്‍ ,
നഷ്ടപ്പെട്ടതൊക്കെ സ്വരുക്കൂട്ടാന്‍ വെമ്പുന്നവര്‍,എത്ര വാരിപ്പൊത്തി
നെഞ്ചോടമര്‍ത്തിയാലും എവിടെയൊക്കെയോ ഏതൊക്കെയോ ഭാഗങ്ങള്‍
എന്നെന്നേക്കുമായ് നഷ്ടപ്പെട്ടിട്ടുണ്ടാകും. അതെ ,ഇനിയൊരിക്കലും
ജീവിതം പഴയപോലാവില്ല എന്ന തിരിച്ചറിവിലേക്ക്
അമ്പരപ്പോടേ നമ്മള്‍ കണ്മിഴിക്കും...

വിധി നമുക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഇത്തരം കാറ്റുകളെ കുറിച്ചാണു ഖ്വൈസ്റ
ഷഹറാസ് തന്റെ ടൈഫൂണ്‍ എന്ന നോവലില്‍ പറയുന്നത്. മനുഷ്യമനസ്സുകള്‍ക്ക്
മേല്‍ ആഞ്ഞടിച്ച് സ്നേഹം, പ്രണയം, സ്വാസ്ഥ്യം എന്നീ മാനുഷിക ഭാവങ്ങളെ
നമ്മില്‍ നിന്നും അടിച്ച് പറത്തിക്കൊണ്ട് പോകുന്ന ചുഴലിക്കാറ്റുകള്‍...

മലയാളികള്‍ക്ക് അത്രയൊന്നും പരിചിതയല്ല ഖ്വൈസ്റ ഷഹറാസ്.( Qaisra Shahras
പാകിസ്ഥാനില്‍ ജനിച്ചു; തന്റെ ഒന്‍പതാമത്തെ വയസ്സില്‍ ലണ്ടനിലേക്ക് കുടിയേറി.


നിരവധി അംഗീകാരങ്ങളും നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയ മികച്ച നോവലിസ്റ്റും
തിരക്കഥാകൃത്തുമാണു ഖ്വൈസ്റ ഷഹറാസ്. അവരുടെ ഹോളി വുമന്‍, ടൈഫൂണ്‍
എന്നീ കൃതികള്‍ ഹിന്ദി, ഇംഗ്ലീഷ് ,ഡച്ച് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം
ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോളിതാ ടൈഫൂണ്‍ മലയാളത്തിലേക്കും ..,.
മലയാള വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥയും
പ്രമുഖ ബ്ലോഗറുമായ ഷീബ ഇ കെ യാണു. വൈ ടു കെ, ഋതുമര്‍മ്മരങ്ങള്‍
എന്നീ പുസ്തകങ്ങള്‍ ഷീബയുടേതായിട്ടുണ്ട്.


മൂലകൃതിയുടെ മനോഹാരിത ഒട്ടും ചോര്‍ന്ന് പോകാതെയാണു ഷീബ മൊഴിമാറ്റം
ചെയ്തിരിക്കുന്നത്. ഒരോ ദൃശ്യവും കഥാപാത്രങ്ങളും നമുക്ക് പരിചിതരാ‍യവര്‍ തന്നെ
എന്ന തോന്നലുളവാക്കും വിധം.

കറാച്ചിയുടെ പ്രാന്തപ്രദേശത്തെ ചിരാഗ് പൂര്‍ എന്ന ഗ്രാമത്തിലേക്ക് ഒഴിവ്കാലം
ചിലവഴിക്കാന്‍ എത്തുന്ന നജ് മാന ഒരിക്കലും വിചാരിച്ചിരുന്നില്ല ,തന്റെ ജീവിതം
കീഴ്മേല്‍ മറിക്കുന്ന സംഭവങ്ങളുടെ തുടക്കമാവും അതെന്ന്. അവിടെ വെച്ച് അവള്‍
തന്റെ മുന്‍ ഭര്‍ത്താവ് ഹാരൂണിനെ യാദൃശ്ചികമായ് കണ്ടുമുട്ടുന്നു. തീവ്രമായ ഒരു
പ്രണയത്തിന്റേയും ഹ്രസ്വമായ ഒരു ദാമ്പത്യത്തിന്റേയും ഓര്‍മ്മകള്‍, അവരിരുവരേയും
പിടിച്ച് കുലുക്കുകയാണു. പ്രണയം,അതിപ്പോഴും അവരുടെ മനസ്സുകളില്‍ ഉണ്ട്,
അവരറിയാതെ തന്നെ.

ഇതോടേ ഗുല്‍ഷന്റെ ; ഹാരൂണിന്റെ ഭാര്യ, സ്വാസ്ഥ്യം നശിക്കുകയാണു. എത്ര
ചേര്‍ത്തു വെച്ചിട്ടും കൂടി യോജിക്കാത്ത ഒരു ചിത്രം പോലെയായ് പിന്നീടവരുടെ
ജീവിതം. നീണ്ട ഇരുപത് കൊല്ലം വേണ്ടി വന്നു അവര്‍ക്കതൊന്ന് തുന്നി
ചേര്‍ക്കണമെന്ന് തോന്നാന്‍..!!

സ്ത്രീകളുടെ താല്പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ഊന്നല്‍ നല്‍കി കൊണ്ട് അങ്ങേയറ്റം
നിഷ്കര്‍ഷയോടെയാണു ഖുര്‍ ആനില്‍ വിവാഹമോചനത്തെ കുറിച്ച് പറയുന്നത്.
പക്ഷെ നിര്‍ഭാഗ്യവശാല്‍ അതിന്റെ അനുവര്‍ത്താക്കള്‍ നിയമം തങ്ങളുടെ
ഇഛകള്‍ക്കനുസരിച്ച് വളച്ചൊടിച്ചു. അതു പോലെ പാകിസ്ഥാനിലെ
പല ഗ്രാമങ്ങളിലും നിലനിന്നു പോരുന്ന അനാചാരങ്ങളിലേക്ക്
നോവലിസ്റ്റ് നമ്മെ കൊണ്ട് പോകുന്നുണ്ട്. ഖുര്‍ആനെ വരിച്ച് ഒരു
പെണ്ണിനെ പുണ്യവതിയാക്കി വാഴിക്കുന്നത് അതിലൊന്നാണു.
കേട്ടുകേള്‍വി പോലുമില്ലാത്ത എന്തെല്ലാം അനാചാരങ്ങളാണു
ലോകത്ത് പലയിടത്തും നടക്കുന്നത്.

കച്ചേരി വിളിച്ച് കൂട്ടി ഗ്രാമമുഖ്യന്‍ ബാബാ സിറാജ്ദീന്‍ ,ഹാറൂണിനെ കൊണ്ട് നിര്‍ബന്ധിച്ച്
നജ് മാനയെ മൊഴി ചൊല്ലിക്കുകയാണു, അതും മൂന്നു തവണ ,ഒരുമിച്ച്, മുത്തലാഖ് ,
ചെയ്യാന്‍ പാടില്ലാത്ത നീചവൃത്തി. അപമാന ഭാരത്താല്‍ കുനിഞ്ഞ ശിരസ്സുമായ് ഗ്രാമം
വിട്ട നജ് മാനയെ തേടി വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചുഴലിക്കാറ്റ് വീണ്ടുമെത്തുകയാണു.
ഇത്തവണ അത് അടിച്ച് പറത്തിക്കൊണ്ട് പോകുന്നത് പ്രൊ. ജഹാംഗീറുമൊത്തുള്ള
അവളുടെ ദാമ്പത്യ ജീവിതത്തെ തന്നെയാണു.

ലോകത്തിന്റെ ഏത് കോണിലായാലും നഷ്ടപ്പെടലുകള്‍ എന്നും സ്ത്രീക്ക് മാത്രമാണു,
ഇല്ലാതാക്കപ്പെടുന്നത് അവളുടെ അഭിമാനമാണു, ഭൂതകാലത്തിന്റെ മാറാപ്പും പേറി
ജീവിതം തള്ളിനീക്കേണ്ടവള്‍ എന്നും സ്ത്രീ മാത്രം.സൌന്ദര്യവും സമ്പത്തുമൊന്നും
അവിടെ മാനദണ്ഢങ്ങളേയല്ല. അതു കൊണ്ടാണല്ലോ ഗ്രാമത്തിലെ അതിസമ്പന്നയും
അതീവ സുന്ദരിയും വിധവയുമായ കനീസിനു തന്റെ ജീവിതം നിസ്സംഗതയുടെ ഇരുമ്പ്
മറക്കുള്ളില്‍ ഇട്ടുമൂടേണ്ടി വന്നത്..!! നീണ്ട ഇരുപത് വര്‍ഷങ്ങള്‍ വേണ്ടിവന്നു അവര്‍ക്ക്,
തന്റെ ശരീരത്തില്‍ ദംഷ്ട്രങ്ങള്‍ ആഴ്ത്തിയ ഇരുണ്ട ഭൂതകാലത്തെ മറക്കാന്‍. ഇരുള്‍
മൂടിയ ആ കാലത്തെ മറികടക്കാന്‍. അതീവ ക്ഷമയോടും സ്നേഹാവായ്പോടേയും
അവളുടെ കൈ പിടിക്കാന്‍ തയ്യാറായ യൂനുസ് റയീസ് എന്ന പുരുഷന്‍, മാര്‍ക്കേസിന്റെ
കോളറാകാലത്തെ പ്രണയത്തിലെ ഫ്ലൊറന്റിനോ അരീസയെ പോലെ നമുക്ക്
പ്രിയപ്പെട്ടവനാകുന്നത് അചഞ്ചലമായ തന്റെ പ്രണയം ഒന്നു കൊണ്ട് മാത്രമാണു.

പാകിസ്ഥാനിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ പെണ്‍ജീവിതത്തിന്റെ എല്ലാ ഭാവങ്ങളെയും
അതിമനോഹരമായി സമഞ്ജസിപ്പിക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.
പ്രസാധനം ഡി സി ബുക്സ്. വില 130 ക.

ഷീബയുടെ ബ്ലോഗ്------കാല്‍പ്പാട്

***നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്.

Tuesday, March 6, 2012

ഓര്‍മ്മ മാത്രം...

ഇത് പരീക്ഷാക്കാലം, ഒപ്പം വിരഹത്തിന്റേയും വേര്‍പ്പാടിന്റേയും കാലം. ഒന്നിച്ച്
പഠിച്ച് കളിച്ച് വളര്‍ന്നവര്‍ തമ്മില്‍ പിരിയാനുള്ള സമയമായിക്കഴിഞ്ഞു.
ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ ഇനി തമ്മില്‍ കാണാനാകുമോ
എന്നൊരുറപ്പുമില്ല. സങ്കടങ്ങള്‍ വാക്കുകളായ് ഓട്ടോഗ്രാഫിന്റെ
പേജുകള്‍ മുഴുവന്‍ നിറഞ്ഞ് പുറത്തേക്കൊഴുകും...


ഓര്‍ക്കുക വല്ലപ്പോഴും എന്നു തുടങ്ങി കണ്ണീരും കുസൃതിയും പ്രണയവും എല്ലാം
ചാലിച്ച് കുനുകുനാ എഴുതിയിട്ടിരുന്ന വരികള്‍...,ഒരു അധ്യയന കാലം മുഴുക്കെ
ഒളിപ്പിച്ച് വെച്ചിരുന്ന പ്രണയം വരികളായ് എഴുതിയിട്ടിരിക്കുന്നത് കാണുമ്പോള്‍
തോന്നുന്ന വികാരം ; ഒന്നുകില്‍ അമ്പരപ്പ് അല്ലെങ്കില്‍ എനിക്കിത് നേരത്തെ
അറിയാമായിരുന്നു എന്ന നിസ്സംഗത...
അന്നത്തെ ആ ഏഴ് വര്‍ണ്ണങ്ങളില്‍ ചാലിച്ച ഓട്ടോഗ്രാഫുകളൊന്നും ഇന്ന്
കാമ്പസുകളില്‍ ഇല്ലായെന്ന് തോന്നുന്നു. പകരം സ്ക്രാപ് ബുക്കുകളാണു.
അല്ലെങ്കിലും ഇന്നത്തെ കുട്ടികള്‍ക്ക് അറിയാം, ഇവനെ അല്ലെങ്കില്‍ ഇവളെ ഞാന്‍
കാണാതിരിക്കില്ല, ഒന്നുകില്‍ ഫേസ്ബുക്കില്‍ അല്ലെങ്കില്‍ ട്വിറ്ററില്‍, എവിടെലും
നിത്യ സാന്നിധ്യം ഉണ്ടാകും എന്നതുറപ്പ്. പിന്നെന്തിനു ഓട്ടോഗ്രാഫെഴുതി
സമയം കളയണം അല്ലെ....എഴുതാനുള്ളത് നേരെ വാളില്‍ പതിക്കാം, ലൈക്ക്
ചെയ്യാം ,എന്തെല്ലാം സൌകര്യങ്ങളാണു.

പക്ഷെ ,എന്തൊക്കെയോ എവിടെക്കെയോ മിസ്സ് ചെയ്യുന്ന പോലെ,
എന്താണതെന്ന് അറിയില്ല,പേരറിയിയാത്ത ഒരു തരം വേദന മനസ്സില്‍
നിറയുന്നുണ്ട്. എന്റെ ആ പഴയ ഓട്ടോഗ്രാഫ് എവിടാണെന്നറിയില്ല,
അതില്‍ എഴുതിയിരുന്ന പലരേയും പിന്നെ ഞാന്‍ കണ്ടിട്ടേയില്ല.
കണ്ടാല്‍ തന്നെ പഴയ ആ സ്നേഹമൊന്നും ഇപ്പൊ ആര്‍ക്കും
ഉണ്ടാകില്ല എന്നറിയാം. എന്നാലും വെറുതെ മോഹിക്കുകയാണു,പഴയ
ആ കാലം തിരിച്ച് കിട്ടിയിരുന്നെങ്കില്‍ എന്ന്...കഥകളേയും കഥാപാത്രങ്ങളേയും
പ്രണയിച്ചിരുന്ന ആ പത്താം ക്ലാസ്സുകാരിയാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്..
രാത്രിയുടെ രണ്ടാം യാമത്തില്‍ പതിനാലാമത്തെ കാറ്റ് വീശുമ്പോള്‍
ഭൂമിയിലേക്കിറങ്ങി വരുന്ന ഗന്ധര്‍വനെ സ്വപ്നം കാണുന്ന കൌമാരക്കാരിയുടെ
മനസ്സ് തിരികെ കിട്ടിയിരുന്നെങ്കിലെന്ന്...

ഒന്നും നടക്കില്ലാന്നറിയാം, കാലത്തെ തിരിച്ച് വെക്കാന്‍ ആര്‍ക്ക് കഴിയും.
ജീവിതം ഇനി പഴയപോലെയാകില്ല എന്ന് എനിക്ക് നന്നായറിയാം.
അതിങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും..എവിടെയൊക്കെയോ തട്ടി ,മുറിഞ്ഞ്,
തെല്ലിട പിന്‍ വാങ്ങി പിന്നേയും മുന്നോട്ട് തന്നെ ....
എങ്കിലും വെറുതെ മോഹിക്കാലോ...

ഇതോടൊപ്പം വായിക്കാന്‍ ഒരു കഥ തരട്ടെ ഞാന്‍,പഴയൊരു
പോസ്റ്റാണു, അതിനെ കഥ എന്നുതന്നെ വിളിക്കാനാണു എനിക്കിഷ്ടം,
കാരണം അനുഭവങ്ങള്‍ പിന്നീട് എഴുതുമ്പോഴാണല്ലോ
കഥയാകുന്നത്,
ഓട്ടോഗ്രാഫ്

മോളെ സ്കൂള്‍ ബസ്സില്‍ കയറ്റിവിട്ട് തിരിച്ച് വരുമ്പോഴാണ്
അകത്ത് ഫോണ്‍ ബെല്ലടിക്കുന്ന ശബ്ധം കേട്ടത്.
“ആരാണാവോ ഇന്നേരത്ത്” ജെസി വേഗം വാതില്‍ തുറന്നു.
“ഹലോ”
“ഹലോ... ഞാനാ സിമി .“
“ഉം പറയ് ”
“ഡാ..നമ്മുടെ അമീര്‍ ഇവിടെ ഹോസ്പിറ്റലിലുണ്ട്.അറ്റാക്ക്,
ദുബായില്‍ന്ന് നേരെ ഇങ്ങോട്ടാ വന്നത്,ഇന്നലെയായിരുന്നു
ആന്‍ ജിയോപ്ലാസ്റ്റി.നീ ഈ നഗരത്തില്‍ തന്നെയുണ്ടെന്ന്
കേട്ടപ്പോള്‍ നിന്നെ കാണണമെന്ന് പറഞ്ഞു.ഒന്നു പോയി
കണ്ടേക്ക്.ഞാന്‍ പിന്നീട് വിളിക്കാം”സിമി ഫോണ്‍ വെച്ചു.

ഇത്രയും കാലത്തിനിടക്ക് അവനെ താന്‍ ഓര്‍ത്തതേയില്ലല്ലോ.
എന്നായിരുന്നു അവസാനം തമ്മില്‍ കണ്ടത്?ഉവ്വ്,പത്തിലെ
ക്ലാസ്സൊക്കെ കഴിഞ്ഞ് സ്കൂള്‍ അടക്കുന്ന ദിവസം;

ഒരുപാട് പഠിക്കാനുണ്ട്,ഇത് വരെ പുസ്തകം തുറന്നുനോക്കീട്ടില്ല
പകരം ബഷീറും,എം.ടിയും മുകുന്ദനുമൊക്കെയായിരുന്നു തലയില്‍,
“പടച്ചോനേ ...തോറ്റാല്‍ മാനം പോയി”ഓരൊന്ന് ആലോചിച്ച്
നടക്കുന്നതിനിടെ അമീര്‍ മുന്നില്‍ വന്നതറിഞ്ഞില്ല.”ഇയാള് സ്വപ്നം
കാണാ..”തലയുയര്‍ത്തിയപ്പൊ അവനൊരു ഓട്ടോഗ്രാഫ് നീട്ടി.

“നീ ഇതിലെന്തെങ്കിലും എഴുത്,മറക്കാതിരിക്കാന്‍ എന്തേലും”

ഓട്ടോഗ്രാഫ് വാങ്ങി പുസ്തകത്തിനിടയില്‍ തിരുകുമ്പോഴാണ്
അത് കണ്ടത്.ഒരു കത്ത്,“എന്തായിത്“

“അത് പിന്നെ...അത്.. എനിക്കു നിന്നോട് പറയാനുള്ളതാണ്
നീയൊരിക്കലും അതിന് അവസരം തന്നിട്ടില്ലല്ലോ,
ഇനിയെങ്കിലും നീ...നീയതറിയണം”.കത്ത് ഓട്ടോഗ്രാഫടക്കം
തിരിച്ചേല്‍പ്പിക്കവേ അവള്‍ പറഞ്ഞു.”വേണ്ട ഇതൊന്നും
ശരിയാവില്ല,അല്ലെങ്കിലും നിസാര്‍ അഹമ്മെദും മജീദും
സേതുവുമൊന്നും ഇങ്ങനെയാര്‍ക്കും കത്ത് കൊടുത്തിട്ടില്ല”.
“ആരാ അവരൊക്കെ?”

അമ്പരുന്നു നില്‍ക്കുന്ന അമീറിനെ തനിച്ചാക്കി ജെസി വേഗം
നടന്നു.കുറച്ചു കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോള്‍
നീട്ടിപ്പിടിച്ച ഓട്ടോഗ്രാഫുമായി അവനതേ നില്പ് നില്‍ക്കുന്നു.

അതായിരുന്നു അവസാനകാഴ്ച!

കാര്‍ഡിയോളജി വാര്‍ഡ് കണ്ടെത്താന്‍ അധികം
പ്രയാസപ്പെടേണ്ടി വന്നില്ല.ജെസിയെ കണ്ടതും അമീറെഴുന്നേല്‍ക്കാന്‍
ശ്രമിച്ചു.“വേണ്ട..കിടന്നോ“ അവളവനെ തടഞ്ഞു.
”നിസാര്‍ അഹമ്മദും
മജീദും സേതുവുമൊക്കെ ഇങ്ങനെ അറ്റാക് വന്ന് ആശുപത്രീല്‍ കിടന്നിരുന്നോ..”
ഒരു കള്ളച്ചിരിയോടെ അമീര്‍ ചോദിച്ചപ്പോള്‍
ചിരിക്കാന്‍ ശ്രമിച്ചെങ്കിലുംജെസിക്കതിന് കഴിഞ്ഞില്ല.
“അന്ന് നീ പോയതിന് ശേഷം ഞാന്‍ കുറെ ആലോചിച്ചു,ആരാണിവര്‍
ഒരെത്തും പിടിയുമില്ല,അവസാനം സിമിയാ പറഞ്ഞു
തന്നത് നിന്റെ ഭ്രാന്തുകള്‍..“.
“ ആമീ..നിനക്ക് മനസ്സിലായോ
ഇതാരാന്ന്”?

“പിന്നേ..എനിക്കാദ്യം കണ്ടപ്പോത്തന്നെ അറിഞ്ഞു,ഇങ്ങളെ
പറ്റിപ്പറയുമ്പൊ ഇവര്‍ക്ക് നൂറ് നാവാ...”
ഉമ്മാന്റെ സാരിയില്‍ തൂങ്ങിയ സുന്ദരിക്കുട്ടിയെ ജെസി താല്പര്യപൂര്‍വം
നോക്കി.” വാ....മോളൂന്റെ പേരെന്താ‍..? ”
നാണത്തോടെ അവള്‍ പറഞ്ഞ പേര്‍ കേട്ട് ജെസി
അമ്പരപ്പോടെ അമീറിനെ നോക്കി.അവന്റെ കണ്ണില്‍ അന്നത്തെ
അതേ കുസൃതിച്ചിരി.