Thursday, June 30, 2011

അതിരുകള്‍....!!!

26.6.11 ലെ വര്‍ത്തമാനം പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും,എന്റെ എഴുത്തിനു
പോലും പരിമിതികളുണ്ട്. നീയൊരു പെണ്ണാണെന്ന നിരന്തരമായ
ഓര്‍മ്മപ്പെടുത്തലുകള്‍ ! എല്ലായ്പ്പോഴും ഞാനതിനെ കുടഞ്ഞു കളയാന്‍
ശ്രമിക്കുമ്പോഴും അതെന്നിലേക്ക് വീണ്ടും വീണ്ടും പറ്റിച്ചേരാന്‍ വെമ്പുന്നത്
പോലെയാണു. പൊതു ഇടങ്ങളില്‍ നിന്നുമുള്ള സഭ്യവും സഭ്യേതരവുമായ
പെരുമാറ്റങ്ങളില്‍ പലപ്പൊഴും ആകെ ഉലഞ്ഞുപോയിട്ടുണ്ട് ഞാനും.
ചീത്തതിനെ തള്ളിക്കളഞ്ഞ് നല്ലതിനെ ചേര്‍ത്ത് വെക്കുകയാണു
എന്നെ ഞാനാക്കാന്‍ എറ്റവും നല്ലതെന്ന് എന്റെ അനുഭവ പാഠം.
അതു കൊണ്ട് തന്നെ ഒരു പെണ്‍ മനസ്സിനു മാത്രം സാധ്യമാകുന്ന
തരത്തില്‍ ചുറ്റും കാണുന്ന ജീവിതങ്ങളെ ആര്‍ദ്രതയോടെയും
സമചിത്തതയോടെയും സമീപിക്കാന്‍ എനിക്കായിട്ടുണ്ട്.

ഒരമ്മ മനസ്സ് എല്ലാ സ്ത്രീകളിലും ഉള്ളത് കൊണ്ടാകാം മറ്റുള്ളവരുടെ
വേദനകളും വിഷമങ്ങളും അവളെ ആകെ ഉലച്ച് കളയുന്നത്.
അതിനു വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ല.
മനുഷ്യരെല്ലാവരും അടിസ്ഥാനപരമായ് നന്മയുള്ളവരാണെന്ന്
വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഗോവിന്ദച്ചാമിയെ പോലുള്ളവര്‍
തുലോം കുറവാണു സമൂഹത്തില്‍. പരസ്പരം സ്നേഹിക്കാനും സഹായിക്കാനുമൊക്കെ
നമുക്കുമാവും. പലപ്പോഴും വളരെ അപ്രതീക്ഷിതമായ ഭാഗത്ത് നിന്നായിരിക്കും
സഹായമെത്തുന്നത്. വളരെ ചെറിയ കാര്യങ്ങളെന്നു തോന്നും നമുക്ക്.
പക്ഷെ അതുണ്ടാക്കുന്ന ആശ്വാസം ചില്ലറയല്ല.

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണെനിക്ക്. നേരത്തെ പറഞ്ഞപോലെ
ഞാനതിലെ നല്ല വശം മാത്രമെ കാണാറുള്ളു. അതാണെന്നെ വീണ്ടും വീണ്ടും
യാത്ര പോകാനും നന്നായി ജീവിക്കാനും പ്രാപ്തയാക്കുന്നത്. നമ്മള്‍ കാണാത്ത ,
അറിയാത്ത ആളുകള്‍.. അവരുടെ വേദനകളും സന്തോഷങ്ങളും നമ്മളുടേത്
കൂടി ആവുക. അതിലൂടെ നമ്മളറിയുന്നത് നമ്മെ തന്നെയാണു.


ഗുരുദീപ് കൌര്‍ എന്ന വൃദ്ധയെ ഞാന്‍ പരിചയപ്പെടുന്നത് വാഗാ അതിര്‍ത്തിയില്‍ വെച്ചാണു.
എല്ലാവരെയും പോലെ ഒരു സഞ്ചാരിയുടെ കൌതുകം കലര്‍ന്ന മനസ്സോടെ
മാത്രമാണു ഞാനും അന്നു അതിര്‍ത്തിയിലെത്തിയത്. ഞങ്ങളെത്തുമ്പോള്‍
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് അവരുടെ പതിവ് ചടങ്ങുകളിലാണു.
മാര്‍ച്ച് പാസ്റ്റും പതാക അഴിക്കല്‍ ചടങ്ങും.


നല്ല ആള്‍ക്കൂട്ടമുണ്ട്.
ഗാലറിയുടെ ഏറ്റവും മുകളിലേക്ക് കയറിയ ഞാനും കാണികളിരൊരാളായി ആര്‍ത്തു വിളിച്ചു.
ഹിന്ദുസ്താന്‍ കീ ജയ് എന്ന്. അപ്പുറത്ത് നിന്ന് ; പാകിസ്ഥാന്റെ മണ്ണില്‍ നിന്നും
അതെ സ്വരത്തില്‍ ആളുകള്‍ ആര്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍ കീ ജയ് .


ബി എസ് എഫ് ജവാന്മാരുടെ കിടിലന്‍ സല്യൂട്ടുകളും നെഞ്ചോളം ഉയര്‍ത്തി നിലത്ത് അമര്‍ത്തിയടിക്കുന്ന


കാലടി ശബ്ദങ്ങളും എല്ലാം കൂടി അവിടെ ദേശസ്നേഹം ഇങ്ങനെ പതഞ്ഞു പൊങ്ങുകയാണു.


ഈ ആരവങ്ങള്‍ക്കിടയിലും ഇതിലൊന്നും ഭാഗഭാക്കാവാതെ തലതാഴ്ത്തി
ഇരിക്കുന്ന അനേകം മുഖങ്ങള്‍ ഞാന്‍ കണ്ടിരുന്നു.
സഞ്ചാരികളുടെ ആവേശമോ കൌതുകമോ ഒന്നും തന്നെ അവരുടെ
മുഖങ്ങളില്‍ നിന്നും വായിച്ചെടുക്കാനായില്ല എനിക്ക്.
പകരം വേദനയും നിരാശയും. കാഴ്ചകളെല്ലാം കഴിഞ്ഞ് ബി എസ് എഫ്
ജവാന്മാരുടെ ഓട്ടൊഗ്രാഫും വാങ്ങി തിരിഞ്ഞപ്പോഴാണു ആളൊഴിഞ്ഞ ഗാലറിയില്‍
തനിച്ചിരിക്കുന്ന ആ സ്ത്രീയെ ഞാന്‍ കാണുന്നത്. അടുത്ത് ചെന്നിട്ടും
അവര്‍ മുഖമുയര്‍ത്തിയില്ല.

“ക്യാ ഹുവാ നാനി ജീ? ക്യോം രൊ രഹീഹെ ആപ്?“

അവരുടെ അടുത്തിരുന്ന എന്റെ കൈകള്‍ അവര്‍ മുറുക്കിപ്പിടിച്ചു.

“കുഛ് നഹീ ബേട്ടേ,“

“ നഹീ തൊ ക്യൊം രൊ രഹീ ഥീ? അകേലീ..? കിസി കൊ ദിഖ് നഹി സക്തീ..?

തീരെ ഒഴുക്കില്ലാത്ത എന്റെ ഹിന്ദി കേട്ടിട്ടാവണം അവര്‍ കണ്ണട എടുത്ത് ദുപ്പട്ടയുടെ
അറ്റം കൊണ്ട് പതുക്കെ തുടച്ച് വീണ്ടും മുഖത്ത് വെക്കുന്നതിനിടെ എന്നെ നോക്കി ചിരിച്ചു.

“ കേരള്‍ സേ...?

ഗുരുദാസ്പുരില്‍ അവരുടെ അയല്‍ വാസി ഒരു നായരുണ്ടത്രെ.ബനാന ചിപ്സും നാരിയല്‍ കാ തേലും
നല്ല ടേസ്റ്റാണെന്ന് പറഞ്ഞ് അവര്‍ വീണ്ടും ചിരിച്ചു.

അപ്പുറത്ത് പാകിസ്ഥാനിലേക്ക് നോക്കി അവര്‍ പറഞ്ഞു. അവിടെയാണു അവര്‍ ജനിച്ചത്.
അന്ന് പക്ഷെ പാകിസ്ഥാന്‍ ഉണ്ടായിരുന്നില്ല. എല്ലാവരും ഒന്ന്.
സിക്കുകാരും മുസ്ലിമുകളും ഹിന്ദുക്കളുമൊക്കെ ഒരേ മനസ്സോടെയാണു കഴിഞ്ഞിരുന്നത്.
വളരെ ചെറുപ്പത്തില്‍; പത്താമത്തെ വയസ്സില്‍ അവരുടെ വിവാഹം കഴിഞ്ഞിരുന്നു.
ഒരുപാട് സന്തോഷം നിറഞ്ഞ നാളുകള്‍ .എല്ലാം അവസാനിച്ചത്
വളരെ പെട്ടെന്നായിരുന്നു. വിഭജനത്തിനു ശേഷം ഇന്ത്യയും പാകിസ്താനും
നിലവില്‍ വന്നപ്പോള്‍ ഗുരു ദീപിന്റെ ഭര്‍തൃ വീട്ടുകാര്‍ ഇന്ത്യയിലേക്ക് പോരാന്‍ തീരുമാനിച്ചു.
മറിച്ച് അവരുടെ മാതാപിതാക്കളും ബാക്കി ബന്ധുക്കളും പാകിസ്താനില്‍ തന്നെ തങ്ങി.

അഛനുമമ്മയുമൊന്നും ഇപ്പോള്‍ ഇല്ല. സഹോദരങ്ങളും ഓരൊരുത്തരായ് പോയി.
ജനനവും മരണവും ഒരുപാട് നടന്നു കുടുംബത്തില്‍. ഒന്നിലും പങ്കെടുക്കാനാവാതെ
ഒരാള്‍ മാത്രം ഇപ്പുറത്ത്...

ഇന്ന്, മരിച്ച് പോയ സഹോദരന്റെ പേരക്കുട്ടിയുടെ മകളേയും കൊണ്ട്
അവര്‍ വരാമെന്നു പറഞ്ഞിരുന്നത്രെ. ഇപ്പുറത്തുള്ള മുത്തശ്സിക്ക് കാണിച്ച് കൊടുക്കാന്‍..
പക്ഷെ വഴിയില്‍ വെച്ച് വണ്ടി കേടായി അവര്‍ക്കെത്താനായില്ലെന്ന്.
പതാക താഴ്ത്തല്‍ ചടങ്ങ് കഴിഞ്ഞാല്‍ കുറച്ച് സമയം ബന്ധുക്കള്‍ക്ക്
അപ്പുറവും ഇപ്പുറവും നിന്ന് സംസാരിക്കാം.അതിനു വേണ്ടിയാണു
പാവം വയ്യാഞ്ഞിട്ടും ഇത്ര ദൂരം വന്നതെന്ന് കേട്ടപ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞു പോയി.

ഒരു സ്ത്രീയുടെ ജീവിതത്തിനു രണ്ട് വ്യത്യസ്തമായ തലങ്ങളുണ്ട്. രണ്ട് ജന്മം പോലെയാണത്.
ജനിച്ച് ,ബാല്യവും കൌമാരവും പിന്നിട്ട വീട്ടില്‍ നിന്നും വിവാഹത്തിനു ശേഷം വേറൊരു
വീട്ടിലേക്കുള്ള പറിച്ച് നടല്‍. അത് തനിക്ക് ഗുണമാണോ ദോഷമാണൊ
കാത്തുവെച്ചിരിക്കുന്നതെന്ന് പോലും അറിയാതെ ഒരു മാറ്റിപ്രതിഷ്ഠിക്കല്‍. അത് ഗുരുദീപിനെ പോലെ വേറൊരു
ദേശത്തേക്ക് കൂടി ആയാലോ....?ഒരു തിരിച്ച് പോക്ക് അസാധ്യമെന്ന അറിവ് കരളുരുക്കിക്കളയും ശരിക്കും...

മതത്തിന്റേയോ ദേശത്തിന്റേയോ അതിര്‍വരമ്പുകളില്ലാതെ മനുഷ്യനു മനുഷ്യനെ സ്നേഹിക്കാനാകുന്ന
കാലത്തെപറ്റി വിചാരിച്ചു കൊണ്ട് ആ ഗാലറിയില്‍ അവരോട് ചേര്‍ന്ന് അങ്ങനെ ഇരിക്കുമ്പോള്‍
എനിക്ക് മുന്നിലൂടെ ഒരു കൂട്ടം ആളുകള്‍ കടന്നു പോകുന്നുണ്ടായിരുന്നു...
നിസ്സഹായരായ ഇന്ത്യക്കാരും പാക്കിസ്ഥാനികളും അടങ്ങുന്ന ഒരു കൂട്ടം ആളുകള്‍...
വേദനയാലും ദുരിതങ്ങളാലും കോടിപ്പോയ മുഖങ്ങളോടെ ..ഒരുവരി അങ്ങോട്ടും ,ഒരു വരി ഇങ്ങോട്ടും!!
സാധുക്കളും നിരക്ഷരരുമായിരുന്ന സാദാ കര്‍ഷകരായിരുന്നു അവര്‍. അവരില്‍ പലര്‍ക്കും
സ്വാതന്ത്ര്യം എന്നാല്‍ എന്താണെന്ന് പോലും അറിയുമായിരുന്നില്ല.
കോണ്‍ഗ്രസ്സും മുസ്ലിം ലീഗും അവര്‍ക്കൊരുപോലെ ആയിരുന്നു.
ഒരു ഗ്രാമത്തില്‍ നിന്നും തൊട്ടടുത്ത മറ്റൊരു ഗ്രാമത്തിലേക്കുള്ള ഹ്രസ്വമായ ഒരു യാത്രയായിരുന്നില്ല അത്.
മറിച്ച് തങ്ങള്‍ ജനിച്ച് വളര്‍ന്ന ഇടങ്ങളില്‍ നിന്നും കടപുഴക്കി എറിയപ്പെട്ടവരുടെ കൂട്ട പലായനം.

ചില യാത്രകളില്‍ അവിചാരിതമായി കണ്ടുമുട്ടുന്ന പലരും നമ്മുടെ ആരൊക്കെയോ
ആയി മാറുകയാണു. വെറുതെ കണ്ട് മടങ്ങാനാകുന്നില്ല നമുക്ക്.
ജന്മ ബന്ധങ്ങളുടെ നേര്‍ത്ത നൂലിനാല്‍ പരസ്പരം കെട്ടപ്പെട്ടത്പോലെ....
യാത്ര പറഞ്ഞ് പിരിയുമ്പോള്‍ ,മരിക്കുന്നതിനു മുന്‍പ് വീണ്ടും കണ്ടുമുട്ടിയേക്കും
എന്ന നേര്‍ത്ത പ്രതീക്ഷയാല്‍ കൈകള്‍ വീശി പിന്നേയും പിന്നേയും തിരിഞ്ഞ് നോക്കി ...
ഒരു മടക്കയാത്ര....!!
**** ചില ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും ***

Saturday, June 18, 2011

കടലില്‍ നിന്നും കാട്ടിലേക്കെന്തു ദൂരം...!!!

യാത്രകള്‍, എന്നും മനസ്സിനും ശരീരത്തിനും നവോന്മേഷം കൊണ്ടുവരും. ആ യാത്ര തുടങ്ങുന്നത് ഒരു കടല്‍ ക്കരയില്‍ നിന്നായാലോ...?തീര്‍ന്നില്ല; തുടങ്ങി വെച്ച യാത്ര അവസാനിക്കുന്നത് ഒരു കാടിന്റെ വശ്യതയിലെക്കായാലോ...?
മനസ്സിനെയും ശരീരത്തേയും കുളിര്‍പ്പിച്ചു കൊണ്ടൊരു സ്വപ്ന യാത്ര!!


ഗതകാല പ്രൌഡിയുടെ മാറാപ്പും പേറി നില്‍ക്കുന്ന ഈ കടല്‍പ്പാലത്തിനു എന്തെല്ലാം കഥകള്‍ പറയാനുണ്ടാകും.
ആശകളും നിരാശകളും, ആകാശം മുട്ടേ ഉയര്‍ന്ന സ്വപ്നങ്ങള്‍ പലതും ഈ പാലത്തിനടിയിലൂടെ എത്രവട്ടം
ഒലിച്ച് പോയിട്ടുണ്ടാവണം. ഇബുനു ബത്തൂത്ത തന്റെ പുസ്തകത്തില്‍ കോഴിക്കോട് കടപ്പുറത്ത് നിന്നും കപ്പല്‍ കയറിയതിനെ പറ്റി വിവരിക്കുന്നുണ്ട്.മുലൈബാറിലെ** ഏറ്റവും വലിയ തുറമുഖമായിട്ടാണു കോഴിക്കോട്ടിനെ അദ്ദേഹം പരിചയപ്പെടുത്തുന്നത്. പതിമൂന്ന് കൂറ്റന്‍ കപ്പലുകളാണത്രെ ചൈനയിലേക്ക് പോകാനായി തുറമുഖത്ത് നിരന്നു നിന്നിരുന്നത്. സുഗന്ധവ്യഞ്ജനങ്ങളും കുരുമുളകും കുത്തിനിറച്ച് യാത്രക്ക് തയ്യാറായ്..

എല്ലാ ആരവങ്ങളും അടങ്ങി ഇന്നീ കടല്‍പ്പാലത്തിന്റെ എല്ലിന്‍ കൂട് മാത്രം ബാക്കി. ഒരു തിരയ് ക്കും അടുത്ത തിരയ് ക്കും ഇടക്ക് കനച്ച് കിടക്കുന്ന ഏകാന്തതയില്‍ മുങ്ങി നിവര്‍ന്ന്....


അന്ന്, കച്ചവടക്കാര്‍ക്ക് പിന്നാലെ എത്തി, നമ്മുടെ മണ്ണിലും മനസ്സിലും ആധിപത്യം സ്ഥാപിച്ച അധിനിവേശക്കാര്‍ക്കെതിരെ ധീരമായ് പോരാടിയ ഒരാളുണ്ടായിരുന്നു; പഴശ്ശിരാജ . അദ്ദേഹത്തിന്റെ സ്മരണകള്‍ ഉറങ്ങുന്ന വയനാട്ടിലേക്കാണു നമുക്കിനി പോകേണ്ടത്. പോകാം...?
വയനാടന്‍ ചുരം എത്ര കണ്ടാലും മതിയാകില്ല എനിക്ക്.

അതിരാവിലെ കോട പുതച്ച് കിടക്കുന്ന താഴവാരത്തിലേക്ക് നോക്കി എത്ര നേരം വേണേലും ഇരിക്കാം.വെയില്‍ പരന്നു തുടങ്ങിയാല്‍ മഞ്ഞിന്റെ മറക്കുള്ളിലൂടെ വെളിപ്പെട്ടു വരുന്ന പച്ചപ്പിലേക്ക് നോക്കി ആര്‍ത്തു വിളിക്കാം. തണുപ്പാണു ചുരത്തിലെപ്പോഴും, ഈ തണുപ്പും മരങ്ങളും ഒരുപാട് കാലം ഇങ്ങനെ തന്നെ നിലനിന്നിരുന്നെങ്കില്‍....,


ഈ ചുരത്തിനെപറ്റിയും ഒരുപാടു കഥകളുണ്ട്.നമുക്കറിയാവുന്നത് തന്നെ എല്ലാം.ചുരം വെട്ടാന്‍ സായിപ്പിനു വഴി
കാണിച്ച് കൊടുത്ത ആദിവാസിയെ സായിപ്പ് കൊന്ന് കളഞ്ഞത്രെ! ഇനിയാര്‍ക്കും വഴികള്‍ അടയാളപ്പെടുത്താതിരിക്കാന്‍!!


ജീവിച്ച് മതിയായിട്ടുണ്ടാവില്ല അയാള്‍ക്ക്,സ്നേഹിച്ച് തീര്‍ന്നിട്ടുണ്ടാകില്ല അയാള്‍. അതായിരിക്കാം പാതിരാത്രിക്ക് അയാളിങ്ങനെ അലഞ്ഞിട്ടുണ്ടാകുക ചുരത്തില്‍. ആ സ്നേഹവും ജീവിതത്തോടുള്ള അടങ്ങാത്ത തൃഷ്ണയുമാണു ഇവിടെയിങ്ങനെ ചങ്ങലയില്‍ ബന്ധിച്ചിട്ടിരിക്കുന്നത്.

ലക്കിടിയിലെ ഈ ചങ്ങല മരവും പിന്നിട്ട്, വീണ്ടും മുന്നോട്ട് പോയാല്‍ മാനന്തവാടി എത്തുന്നതിനു മുന്‍പ് വേറൊരു മരമുണ്ട്, പുഴക്കരയില്‍! അവിടെ ആത്മാവുകളല്ല,പക്ഷെ ഒരു തരത്തില്‍ അവരുടെ കൂട്ടാളികള്‍ തന്നെ.കടവാവലുകള്‍ !!

വല്ലാത്തൊരു കാഴ്ചയാണത്. മരത്തില്‍ നിറയെ തലകീഴായ് തൂങ്ങിക്കിടക്കുന്ന വാവലുകള്‍!!

കുറുവ ദ്വീപിലെക്കാണു നമുക്ക പോകേണ്ടത്.മാനന്തവാടിയില്‍ നിന്ന് മൈസൂര്‍ റോഡില്‍ ഏകദേശം ഇരുപത്തേഴ് കിലോമീറ്റര്‍ ഉണ്ടാകും കുറുവയിലേക്ക്.മനോഹരമായ കൊച്ചുകൊച്ചു ദ്വീപുകളുടെ ഒരു കൂട്ടമാണു കുറുവ.. 950 ഏക്കറാണു ദ്വീപിന്റെ മൊത്തം വിസ്തീര്‍ണ്ണം.
കബനീ നദിയാണു ദ്വീപിനെ ചുറ്റി ഒഴുകുന്നത്. ഈയിടെ മഴ പെയ്തതോണ്ടാണെന്ന് തോന്നുന്നു, കബനി കലങ്ങി
മറിഞ്ഞിരിക്കുന്നു. ചങ്ങാടത്തില്‍ കയറി ദ്വീപിലിറങ്ങാം നമുക്ക്. ഇനി നടക്കാം,കാട്ടിനുള്ളിലൂടെ, മുളംകാടുകളുടെ
സംഗീതം കേട്ട്...


പ്രകൃതിദത്തമായ വനമാണു കുറുവ. കുശാല്‍ നഗറിലെ നിസര്‍ഗധമയെ പോലെ ഈ മുളംകൂട്ടങ്ങള്‍ വെച്ച് പിടിപ്പിച്ചതല്ല.മാവ്,തേക്ക്പുളി, ആല്‍ തുടങ്ങി എനിക്ക് പേരറിയാത്ത ഒരു പാട് മരങ്ങള്‍ ;വല്ലാത്തൊരു വന്യതയോടെ ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ച്ക കണ്ണിനു കുളിര്‍മ്മ പകരുന്നു. നദിയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരക്കൊമ്പുകളില്‍ തൂങ്ങിയാടി, പൊന്തി നില്‍ക്കുന്ന കല്ലുകളില്‍ നിന്നും മറ്റൊന്നിലേക്ക് ചാടി നമുക്ക് ദ്വീപുകള്‍ ഓരോന്നായ് മുറിച്ച് കടക്കാം.ഉള്ളിലേക്ക് പോകുന്തോറും കാടിനു കട്ടി കൂടി വരുന്നുണ്ട്. പണ്ട് പഴശ്ശിരാജ കുറുവ ദ്വീപ് ഒളിത്താവളമായ് ഉപയോഗിച്ചിട്ടുണ്ടത്രെ.


രണ്ട് മൂന്ന് ദ്വീപുകള്‍ മുറിച്ച് കടന്നപ്പോഴേക്കും ആള്‍ സഞ്ചാരം തീരെ കുറഞ്ഞു. എങ്കില്‍ ഇനി കുളിച്ചിട്ടു തന്നെ കാര്യം.


വെള്ളത്തിനു നല്ല തണുപ്പ്.“ പി.എ ബക്കറിന്റെ കബനീ നദി ചുവന്നപ്പോള്‍ “ എന്ന സിനിമയെ പറ്റി ഓര്‍മ്മ വന്നപ്പോള്‍ ഉള്ളിലൊരാന്തല്‍. ആ സിനിമ ഞാന്‍ കണ്ടിട്ടില്ല. ഈ നദി എങ്ങനെ ചുവന്നു..? ദൈവമേ ഇനി വല്ല ചീങ്കണ്ണിയോ മുതലക്കുട്ടികളൊ ഉണ്ടാകുമോ..?

കുറുവയില്‍ നിന്നും മടങ്ങുമ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. രണ്ടു മൂന്ന് കൊല്ലം മുന്‍പ് വരെ ടൂറിസ്റ്റുകളൊന്നും ഈ വഴി വന്നിരുന്നില്ല.
ഇപ്പോള്‍ അതല്ല സ്ഥിതി. സീസണില്‍ ദിനേന മൂവായിരം ആളുകള്‍ വരെ എത്തുന്നുണ്ടത്രെ.
നല്ല ഹോം ലി ഫുഡ് കിട്ടുന്ന ഒരുപാട് കടകളുണ്ട് കുറുവക്ക് ചുറ്റും. സീസണില്‍ മാത്രമാണു കച്ചവടം.


ജോസഫേട്ടന്‍ സന്തോഷത്തിലാണു. ഊണു വിളമ്പുന്നതിനിടെ പുര കെട്ടി മേയുന്നതിനെ പറ്റിയാണു അയാള്‍ സംസാരിച്ചത്.
നമുക്കിത് ഒരു ദിവസത്തെ ആഘോഷം! പക്ഷെ അവര്‍ക്കിത് ജീവിതമാണു !!

ഇനി യാത്ര തിരുനെല്ലിയിലേക്ക്...

മനസ്സിനൊരുപാട് സന്തോഷം തരുന്ന വഴിയാണിതും,. നഗരത്തിന്റെ എല്ലാ ബഹളങ്ങളും പുറം പൂച്ചുകളും ഒഴിവാക്കി
നിശബ്ദതയിലേക്കും ഒറ്റപ്പെടലിലേക്കുമുള്ള വഴി. മനസ്സ് വല്ലാതെ കുറുമ്പ് കാട്ടുമ്പോള്‍ ഇങ്ങനെയുള്ള യാത്രകള്‍ നല്ലതാണു.
ഒരു പുനര്‍ജനിയുടെ സുഖം...

മിക്കവാറും ആനകളെ കാണാറുണ്ട് ഈ വഴിയില്‍. പക്ഷെ എന്തൊ ഇത്തവണ അവന്മാരൊന്നും പുറത്ത് വന്നില്ല.
ആനത്താര ഒഴിഞ്ഞ് കിടക്കുന്നു. വനം വകുപ്പ് പുതിയൊരു ആനത്താര വെട്ടിയുണ്ടാക്കി ബോര്‍ഡും വെച്ചിട്ടുണ്ട്.
‘നിര്‍ദ്ദിഷ്ട ആനത്താര ‘ എന്ന്. ഇനി ആനകള്‍ ഇതിലൂടെ പോകണമെന്ന്!!!
ആനക്ക് വായിക്കാനറിയുമോ ആവോ...?

“ ദേ..ഒരു മയില്‍” എന്നു പറഞ്ഞപ്പോഴേക്കും അവന്‍ ജീവനും കൊണ്ടോടി.

തിരുനെല്ലി പൊലീസ് സ്റ്റെഷനിലേക്ക് തിരിയുന്ന ജങ്ക്ഷന്‍.
ഈ കാണുന്ന വഴിയിലൂടെ അരകിലോമീറ്റര്‍
നടന്നാല്‍ വര്‍ഗീസിനെ വെടിവെച്ച് കൊന്ന സ്ഥലത്തെത്താം. തൊട്ടടുത്ത ചായക്കടയില്‍ നിന്നും ഞങ്ങളൊരു വഴികാട്ടിയെ സംഘടിപ്പിച്ചു.കറപ്പന്‍,ആദിവാസിയാണു. ആനയിറങ്ങുന്ന സമയമാണു ,പോയി നോക്കാമെന്ന് പറഞ്ഞ് മുന്‍പേ നടന്ന കറപ്പന്റെ പിന്നാലെ ഞങ്ങള്‍ വെച്ചു പിടിച്ചു.
1970 ഫെബ്രുവരി പതിനെട്ടിനാണു വര്‍ഗീസ് കൊല്ലപ്പെടുന്നത്. നീണ്ട നാല്പത് വര്‍ഷങ്ങള്‍ വേണ്ടി വന്നു അതൊരു ഏറ്റുമുട്ടല്‍ കൊല ആയിരുന്നില്ലെന്നും നിരായുധനായ ഒരു ചെറുപ്പക്കാരനെ വെടിവെച്ചു കൊല്ലുകയായിരുന്നെന്നും നമ്മള്‍ അറിയാന്‍ !!!
ഏത് ആദര്‍ശത്തിന്റെ പുറത്തായാലും അതില്‍ ഉറച്ച് നില്‍ക്കുകയും അതിനു വേണ്ടി ജീവന്‍ വെടിയുകയും ചെയ്ത ചെറുപ്പക്കാര്‍!!!
ഇന്നോ...?
മന്ത്രിസ്ഥാനം ഇല്ലാത്തതിന്റെ പേരില്‍ കരഞ്ഞ് മൂക്കുപിഴിയുന്ന നേതാക്കന്മാരാണു ടിവിയില്‍ നിറയെ....എങ്ങനെ വീണാലും നാലുകാലില്‍.

മുന്നില്‍ നടന്നിരുന്ന കറപ്പന്‍ പെട്ടെന്നു നിന്നു. വഴിയില്‍ ആവി പറക്കുന്ന ആനപിണ്ടം. അടുത്ത് തന്നെ ആനക്കൂട്ടമുണ്ട്.

വര്‍ഗീസിന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നു കൊണ്ട് വന്നതിനേക്കാള്‍ വേഗത്തില്‍ ഞങ്ങള്‍ തിരിച്ച് നടന്നു.


ക്ഷേത്രത്തിലെത്തിയപ്പോള്‍ വൈകുന്നേരമായിരുന്നു. മൂവായിരത്തോളം വര്‍ഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനു.
വിഷ്ണുവാണു പ്രതിഷ്ഠ. ക്ഷേത്ര മുറ്റത്ത് നിന്നുമുള്ള കാഴ്ച അതി മനോഹരമാണു. നാലുപാടും പച്ച പുതച്ച മലനിരകള്‍.
ബ്രഹ്മഗിരി, ഉദയഗിരി, കരിമല ,നരി നിരങ്ങി മല തുടങ്ങിയ മലനിരകളാണത്.

പാപനാശിനിയിലേക്കുള്ള വഴിയാണിത്. പാപങ്ങള്‍ കഴുകി കളയാന്‍ അത്ര എളുപ്പമല്ല. ഈ കയറ്റം മുഴുവന്‍ കയറിയേ പറ്റു.


പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകിവരുന്ന വെള്ളത്തിനു നല്ല തണുപ്പ്. വെള്ളം ഒഴുകി ഒരു ചെറിയ കുഴിയില്‍ വീഴുന്നുണ്ട്.


അരക്കൊപ്പം വെള്ളത്തില്‍ മുങ്ങിക്കയറുന്ന ആളുകള്‍. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മോക്ഷത്തിനു വേണ്ടി അകമഴിഞ്ഞ്
പ്രാര്‍ത്ഥിക്കുന്നുണ്ട് അവര്‍.


പാപനാശിനിയിലേക്കുള്ള വഴിയില്‍ എന്നെ പിടിച്ച് നിര്‍ത്തിയ ഒരു കാഴ്ചയാണിത്. ദഹനം കഴിഞ്ഞ് മൂന്നാം നാള്‍ അസ്ഥിക്കുഴിയില്‍
നിന്നും ശേഖരിക്കുന്ന അസ്ഥിക്കഷ്നങ്ങളും ബാക്കിയായ ചാരവുമല്ലെ ഇത്. മണ്‍കലങ്ങളും പ്ലാസ്റ്റിക് വെയിസ്റ്റും ഇടകലര്‍ന്ന്...


ഇവിടെ നിന്നാണൊ നമ്മുടെ പ്രിയപ്പെട്ടവര്‍ സ്വര്‍ഗാരോഹണം നടത്തേണ്ടത്...?

തിരിച്ച് പോരുന്ന വഴിക്ക് ചായയും ഉണ്ണിയപ്പവും തിന്ന് ചുരത്തിലെത്തിയപ്പോഴേക്കും രാത്രിയായ്.


താഴെ താഴ്വാരത്ത് ഒരായിരം നക്ഷത്രങ്ങള്‍ പൂത്തിറങ്ങിയ പോലെ... താഴെ നിന്നും വീശിയടിച്ച ഒരു കാറ്റ് കാറിനുള്ളില്‍ വട്ടം ചുറ്റി മുടിയിഴകളെ പിന്നോക്കം തെറ്റിച്ച് എന്റെ ചുണ്ടുകളില്‍ പറ്റിച്ചേര്‍ന്നു. പുറത്തെ ഇരുട്ടിലേക്ക് നോക്കി ഞാന്‍ കണ്ണടച്ചു,..ഞാനിതാ വരുന്നു.

Monday, June 6, 2011

സന്തോഷത്തിന്റെ അളവു കോലുകള്‍...എറണാകുളം- കണ്ണൂര്‍ ഇന്റര്‍സിറ്റി എക്സ്പ്രെസ്സിന്റെ അറിയിപ്പ് മുഴങ്ങിയപ്പോള്‍
വായിച്ചിരുന്ന പുസ്തകം മടക്കിബാഗില്‍ വെച്ച് ഞാന്‍ പ്ലാറ്റ്ഫോമിന്റെ അറ്റത്തേക്ക് നടന്നു.
ജനറല്‍ കമ്പാര്‍ട്ട്മെന്റ് മുന്നിലാണ്. തിരക്ക് കുറവുണ്ടെങ്കില്‍ സീറ്റ് കിട്ടിയേക്കുമെന്ന് വിചാരിച്ച് നടക്കുന്നതിനിടെയാണു ഞാനവരെ കണ്ടത്.
പ്ലാറ്റ്ഫോമിന്റെ അറ്റത്തെ ഓവര്‍ബ്രിഡ്ജിനടിയില്‍ ഒരു കുടുംബം. ചിരിച്ച് കളിച്ച്
അവരുടേതായ ലോകത്തില്‍; ചടച്ച് മെലിഞ്ഞ് ഒരു സ്ത്രീ,രണ്ട് കുട്ടികള്‍ ;ഒരാണും ഒരു പെണ്ണും.
മെലിഞ്ഞ് കറുത്ത ഒരു പുരുഷന്‍. അയാള്‍ മുഖം തിരിച്ചപ്പോള്‍ ഞാനാകെ തരിച്ച് പോയി.
ദൈവമേ...ഉരുകി ഒലിച്ച മെഴുകുതിരി പോലെ! മുഖത്തിന്റെ ഒരു ഭാഗം,കണ്ണും മൂക്കും ചെവിയുമടക്കം
താഴേക്ക് ഒലിച്ചിറങ്ങി വടുകെട്ടി ,ഒരു ദാലി പെയിന്റിങ്ങിനു സമം!!.
പക്ഷെ അതൊന്നും അവരെ ബാധിക്കുന്നേയില്ലാത്ത പോലെ,സന്തോഷത്തോടെ കളിയും
ചിരിയുമൊക്കെയായ് അവരങ്ങനെ അവിടെയിരിക്കുന്നു......ട്രെയിനിലെ തിരക്കുകള്‍ക്കിടയിലൂടെ
ആ സ്ത്രീയുടെ തോളില്‍ പിടിച്ച്ആളുകള്‍ക്ക് മുന്നില്‍ അയാള്‍ ദൈന്യതയോടേ കൈ നീട്ടുന്നത്
പലപ്പോഴും ഞാന്‍ കണ്ടിട്ടുണ്ട് !!!


*****************************************

വൈകുന്നേരം ; ഓടിക്കിതച്ച് സ്റ്റേഷനിലെത്തിയപ്പോള്‍ കണ്ണൂര്‍- കോയമ്പത്തൂര്‍ ഫാസ്റ്റ് പാസ്സഞ്ചര്‍
രണ്ടാം നമ്പര്‍ പ്ലാറ്റ്ഫോമില്‍ നിന്നും നീങ്ങാന്‍ തുടങ്ങിയിരിക്കുന്നു. ഓടിക്കയറിയത്
ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍, സാധാരണ ഞാന്‍ ലേഡീസ് കമ്പാര്‍ട്ട്മെന്റില്‍കയറാറേയില്ല.
കാരണം ഒരാളും ഒന്നു നീങ്ങിത്തരിക കൂടിയില്ല. നല്ല തിരക്കാണു വണ്ടിയില്‍.
വാതില്‍ക്കല്‍ തന്നെ രണ്ട്മൂന്ന് സ്ത്രീകള്‍ ഇരിക്കുന്നുണ്ട്. നല്ല സന്തോഷത്തിലാണു എല്ലാരും,ഉറക്കെ സംസാരിച്ച്,ഇടക്കിടെ പൊട്ടിച്ചിരിച്ച്.. ,കിതച്ച് കൊണ്ടുള്ള എന്റെ നില്‍പ്പ് കണ്ടാവണം
അവരിലൊരാള്‍ തന്റെ ഭാണ്ഡം എന്റരികിലേക്ക് നീക്കിവെച്ചു. “ ഇങ്കേ ഉക്കാര് പുള്ളേ....”
അത് കേള്‍ക്കേണ്ട താ‍മസം ഞാനതിലേക്കിരുന്നു അവരെ നോക്കി ആശ്വാസത്തോടെ തലയാട്ടി.
പ്രായമായ ഒരു സ്ത്രീയും രണ്ട് യുവതികളും. എന്താണിവര്‍ക്കിത്ര ചിരിക്കാനെന്ന്
ആശ്ചര്യം പൂണ്ടിരിക്കെ തമിഴ് ചുവ കലര്‍ന്ന മലയാളത്തില്‍ അവര്‍ പറഞ്ഞു തുടങ്ങി.
സേലത്തേക്ക് പോകുകയാണത്രെ അവര്‍. വളക്കച്ചവടമാണു തൊഴില്‍ .കണ്ണൂരിലാണു താമസവും വളക്കച്ചവടവും. എല്ലാ മാസവും സേലത്ത് പോയി വളകള്‍ എടുത്തിട്ട് വരും.
അങ്ങനെ വളകള്‍ എടുക്കാനുള്ള യാത്രയാണിത്. കൂടെയുള്ളത് ഒന്ന് മകള്‍,മറ്റേത് അയല്‍ വാസി.
തൊട്ടടുത്ത ലൈന്‍ മുറിയില്‍ താമസിക്കുന്നവള്‍. സാമാന്യം സുന്ദരി. അവളൂടെ കാലിലെ മുറിവ് എങ്ങനെ പറ്റിയെന്ന് അന്വേഷിച്ചപ്പോള്‍ അവള്‍ ചിരിച്ചു. കള്ളുകുടിച്ച് വന്ന് ഭര്‍ത്താവ് വെട്ടുകത്തിക്ക് വെട്ടിയതാണത്രെ.

“ ഇനീമിരുക്ക് പാരുങ്കോ” എന്ന് പറഞ്ഞ് അടുത്തിരുന്ന വൃദ്ധ അവളുടെ തല
പിടിച്ച് താഴ്ത്തി. തലയുടെ നടുക്ക് ആഴത്തിലൊരു മുറിവ്. സൈക്കിള്‍ ചെയിന്‍ കൊണ്ട്
അടിച്ചതാണത്രെ അയാള്‍ !!
പെറ്റത് മൂന്നും പെണ്‍കുഞ്ഞായത് അവളുടെ കുറ്റം!!!
വീര്‍ത്തു വരുന്ന വയറുഴിഞ്ഞ് ഇതെങ്കിലും ആണ്‍കുളന്തൈ ആനാല്‍ കടവുളക്ക് ഒരു തങ്ക വളൈ”
അതും പറഞ്ഞ് അവള്‍ വീണ്ടും ചിരിച്ചു.

ആ ഭാണ്ഡക്കെട്ടില്‍ അങ്ങനെ അവരുടെ സംസാരം കേട്ട് ഇരുന്നപ്പോള്‍ ഞാനോര്‍ത്തത് നമ്മെ പറ്റി.
നമ്മുടെ അനാവശ്യമായ ആവലാതികളെ പറ്റി...
എന്താണു സന്തോഷത്തിന്റെ അളവ് കോല്‍..? പണം, വലിയവീട്, കാര്‍, ഫോണ്‍ ,ജോലി,.സൌന്ദര്യം....?
ഇതൊന്നുമില്ലാതെ ഇവര്‍ക്ക് ചിരിക്കാന്‍ കഴിയുന്നെണ്ടെങ്കില്‍ മറ്റെന്തോ അല്ലെ കാരണം...?
ഒരു ടിന്റുമോന്‍ ഫലിതം കേട്ടാലോ ശ്രീനിവാസന്‍ സിനിമ കണ്ടാലോ ചിരിക്കാന്‍ പറ്റാതായിരിക്കുന്നു .
പരിചയക്കാരെ കാണുമ്പോള്‍ ചിരിക്ക് പകരം പലപ്പോഴും ചുണ്ടുകള്‍ ഒരു വശത്തെക്ക് കോട്ടി ഒരു ചെറു തലകുലുക്കല്‍ മാത്രമായി ചുരുങ്ങിയിരിക്കുന്നു. ഒന്നിലും ആഹ്ലാദം കണ്ടെത്താന്‍ കഴിയാതായിരിക്കുന്നു. ജീവിതത്തിന്റെ തിരക്കുകള്‍ക്കിടയില്‍ നല്ല നിമിഷങ്ങളൊക്കെ അതിവേഗം മിന്നി മാഞ്ഞു പോകുന്ന ചില ഫ്രെയിമുകള്‍ മാത്രം !!!!

അണമുറിയാത്ത ആ ചിരികള്‍ക്കും സംസാരത്തിനുമിടയിലിരുന്ന മണിക്കൂറുകളില്‍ പലവട്ടം മനസ്സാ ഞാനാ സ്ത്രീകളെ
നമിച്ചുപോയി. ജീവിതത്തോടുള്ള അവരുടെ ക്രിയാത്മക സമീപനവും ശുഭാപ്തിവിശ്വാസവും കണ്ട്...

പുറത്ത് നിന്നും ആവോളം കാറ്റും വെളിച്ചവും വരുന്നുണ്ട് ഈ വാതില്‍ക്കലേക്ക്...എന്നിട്ടും ഞാന്‍ മാത്രമെന്തേ
അതൊക്കെ കാണാതെ പോകുന്നു.......

“ ചേച്ചീ കടല വേണോ...? എന്ന ചോദ്യം കേട്ടാണ് ഞാനാ ഇരിപ്പില്‍ നീന്നും ഉണര്‍ന്നത്. കുട്ടാപ്പുവാണു,
കടലവില്‍പ്പനക്കാരന്‍. ബാഗില്‍ നിന്നും , വായിച്ച് പകുതിയാക്കിയ സ്റ്റീഫന്‍ കോവൈയുടേ
“ സെവന്‍ ഹാബിറ്റ്സ് ഓഫ് ഹൈലി എഫെക്റ്റീവ് പീപ്പിള്‍” എന്ന പുസ്തകം അവനു നേരെ നീട്ടി.
‘ നീയെടുത്തോ...നല്ല കട്ടിയുള്ള പേജാണു ,നിനക്ക് കടല പൊതിയാന്‍ നല്ലതാ.. ”

അവന്റെ മുഖത്തെ ചിരി, അമ്പരപ്പിനു വഴിമാറുന്നത് കാണാന്‍ നില്‍ക്കാതെ ഞാനെണീറ്റ് പ്ലാറ്റ്ഫോമിലെ തിരക്കിലേക്ക്
ഇറങ്ങി നടന്നു...