Sunday, February 24, 2013

അനന്തരം..

പുലർച്ചെ  എഴുന്നേറ്റ് ഗ്രാമത്തിലെ കിണറിനടുത്തേക്ക് നടന്ന സൌദാമിനിയമ്മയാണു അത് ആദ്യം കണ്ടത്. വഴിയിലുടനീളം ഏതോ ജീവി വലിഞ്ഞ് ഇഴഞ്ഞു പോയ പാട് ; അതിങ്ങനെ ഒരു കേല പോലെ കിണറിനടുത്തേക്ക് നീണ്ടു കിടക്കുന്നു. ജിജ്ഞാസ കൊണ്ട് മുന്നോട്ട് നീങ്ങിയ അവർ,  പൊടുന്നനെ അടിവയറ്റിൽ നിന്നുയർന്ന  ഒരു കോച്ചിപ്പിടിത്തത്തിൽ സ്തംഭിച്ച് നിലത്തിരുന്നു പോയി. ഇതിനിടെ ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഉണർന്നിരുന്നു. അടിവയറും പൊത്തിപ്പിടിച്ച് തങ്ങളുടെ വാതിൽ‌പ്പടിയിലും ചവിട്ടു കല്ലിലും മറ്റും കണ്ട കേലയുടെ ഉറവിടം അന്വേഷിച്ച് അവരും കിണറിനടുത്തേക്കെത്തിയിരുന്നു. ഒട്ടുന്ന വഴു വഴുത്ത ആ ചോര ചാൽ കിണറിന്റെ ആൾമറയിൽ മുഴുക്കെ പറ്റിപ്പിടിച്ച് താഴേക്ക് ഒലിച്ചിറങ്ങിയിരുന്നു. . ചോര ചുവപ്പുള്ള കിണറിലെ വെള്ളം കണ്ട് ഗ്രാമത്തിലെ പെണ്ണൂങ്ങൾ അലമുറയിട്ടു.


ഗർഭപാത്രങ്ങൾ നഷ്ടപ്പെട്ട പെണ്ണുങ്ങൾ മുഴുവൻ വറ്റി വരണ്ട മരുഭുമി പോലെ ചുട്ടു പഴുത്തു. അവരുടെ ശരീരത്തിൽ നിന്നും ആവി പൊങ്ങി. വേവിലും ചൂടിലും പൊള്ളി നീറിയ അവരിൽ നിന്നും സ്നേഹവും പ്രണയവും രതിയുമൊക്കെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട് പോയിരുന്നു.

 സ്ത്രീകളെ പ്രാപിക്കാൻ ശ്രമിച്ച പുരുഷന്മാരൊക്കെ ഒരാന്തലോടെയും വെപ്രാളത്തോടെയും സ്ത്രീകളുടെ ശരീരത്തിൽ നിന്നും തങ്ങളെ അടർത്തി മാറ്റി ചൂളി നിന്നു. വേദനയെന്തെന്നു അവരും അറിഞ്ഞു  ആദ്യമായിട്ട്.
ഉള്ളിൽ തിളച്ച് അറിയുന്ന ലാവയെ തുറന്ന് വിടാൻ വഴി കാണാതെ പുരുഷന്മാർ തങ്ങളിലേക്ക് തന്നെ ചുരുങ്ങി, വികസിച്ചൂ; പിന്നെ ചുവരിൽ ചാരി നിന്ന് ആശ്വാസത്തോടെ നിശ്വസിച്ചു. ഗ്രാമത്തിലെ ചുവരുകളിലും മതിലുകളിലും നിറയെ ശുക്ലം ഒലിച്ചിറങ്ങി കനച്ചു കിടന്നു ; ഫോസിലുകൾ....

അനന്തരം.....; ഒരു കൊടുങ്കാറ്റിനും പ്രളയത്തിനും മധ്യേ ഭൂമി ഉലഞ്ഞാടി.

Thursday, February 21, 2013

ജാലിയൻ വാലാബാഗിലെ നിലവിളികൾ...


1919 ലെ ജാലിയന്‍ വാലാബാഗ് സംഭവത്തെ പറ്റി ബാലചന്ദ്രന്‍ മാഷ്
ഘോരഘോരം പ്രസംഗിക്കുകയാണ്.ചിലര്‍ ഉറക്കം തൂങ്ങുന്നു,മറ്റുചിലര്‍
ചിത്രം വരക്കുന്നു.ഇടക്ക് മാഷ് ചോക്കെടുത്ത് ബാക്ക് ബെഞ്ച്
നോക്കി ഒറ്റയേറ്,

ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ഒരു പ്രധാന സംഭവമായിരുന്നു
അത്.ഏത്?അബ്ദു പറയൂ?


ഉറങ്ങുകയായിരുന്ന അബ്ദു ചാടിയെണീറ്റു,തല ചൊറിഞ്ഞു.

അടുത്തിരുന്ന തോമസ് പ്രോത്സാഹിപ്പിച്ചു,ജാലിയന്‍....വാലാ..

വാലിയന്‍ ജാലാബാഗ് സര്‍ ,അബ്ദുവിന്റെ ഉത്തരം കൂട്ടച്ചിരിയില്‍ മുങ്ങിപ്പോയി.

അതുകൊണ്ട് തന്നെയാവാം ആ സംഭവത്തിന്റെ പ്രാധാന്യമൊന്നുംഞങ്ങളാരും ഉള്‍ക്കൊണ്ടില്ല!ആ ദുരന്തത്തിന്റെ വ്യാപ്തിയും മാനുഷിക വശങ്ങളൊന്നും ഞങ്ങളെ സ്പര്‍ശിച്ചേയില്ല!

പക്ഷെ അന്ന്...., 

രണ്ടു കെട്ടിടങ്ങള്‍ക്കിടയിലുള്ള ഒരു ചെറിയ വഴിയിലൂടെ,കഷ്ടിച്ച് ഒരു സൈക്കിള്‍ റിക്ഷക്ക് കടന്നു പോകാം;
ആ മൈതാനത്തിനകത്തേക്ക് കടന്നപ്പോള്‍ എന്റെപെരുവിരലില്‍ നിന്നുമൊരു തരിപ്പ് മുകളിലേക്ക്
കയറി.ഞാന്‍ ചുറ്റും നോക്കി,നാല് ഭാഗത്തുംരണ്ടാള്‍ പൊക്കത്തിലുള്ള കെട്ടിടങ്ങളാണ്.പിടിച്ചു
കയറാന്‍ ഒരു ജനവാതില്‍ പോലുമില്ലാത്തമരിച്ച കെട്ടിടങ്ങള്‍ .

ബാലചന്ദ്രന്‍ മാഷിന്റെ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങി.
“പ്രവേശന കവാടത്തില്‍ നിന്നു ജനറല്‍ ഡയറുംസംഘവും നിരായുധരായ ഇന്ത്യക്കാര്‍ക്ക് നേരെ
വെടിവെച്ചു”മൈതാന മധ്യത്ത് വെടിയുണ്ടകളുടെ പാടുകളും
പേറി ഒരു കെട്ടിടത്തിന്റെ അവശിഷ്ടം!വെടിപ്പാടുകളിലൂടെ വിരലോടിക്കവേ എനിക്ക്
ചോര മണത്തു!

എനിക്കുചുറ്റും പ്രാണഭീതിയാല്‍ പരക്കം പായുന്ന ജനങ്ങള്‍ !നിലവിളികള്‍ ,ആക്രോശങ്ങള്‍,  
എന്റെ തല പെരുക്കുന്നപോലെ,അടുത്തു കണ്ടഒരു ചുവരിലേക്ക് ഞാന്‍ പതുക്കെ ചാരി.

ഗൈഡ് എന്നെ നോക്കി പതുക്കെ പറഞ്ഞു,“ഈ കിണറിലേക്കാണ് നൂറ് കണക്കിന്
ആളുകള്‍ ജീവനുവേണ്ടി എടുത്തുചാടിയത്,പാതിമരിച്ചവര്‍ ”

കിണറിലേക്ക് ഞാന്‍ എത്തിനോക്കി,വെള്ളത്തിന് ചോരയുടെ നിറമാണോ?

തലയും തൂക്കി പുറത്തേക്ക് നടക്കുമ്പോ പിന്നില്‍ നിന്ന് ആരോ പറഞ്ഞോ?
നീയൊക്കെ ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം ഞങ്ങളുടേയൊക്കെ സ്വപ്നങ്ങള്‍ക്കും
ആഗ്രഹങ്ങള്‍ക്കും മീതെ കെട്ടിപ്പൊക്കിയതാണ്. ഞാന്‍ തിരിഞ്ഞു നോക്കി,ഇല്ല
അവിടെയൊന്നും ആരുമില്ല! എനിക്ക് വെറുതെ തോന്നീതാവും

Wednesday, February 13, 2013

എഴുത്തുകാരിയുടെ മുറി.ഒരു എഴുത്തുകാരിയുടെ മുറി എങ്ങനെയാവണം. അല്ലെങ്കില്‍ അത് എങ്ങനെയിരുന്നാല്‍ എന്താണല്ലെ.
സ്വന്തമായി എഴുത്തുമുറിയുള്ള എത്ര എഴുത്തുകാരികള്‍ ഉണ്ടാകും നമുക്ക്..മീന്‍ വെട്ടിക്കഴുകുമ്പോള്‍,
അല്ലെങ്കില്‍ ദോശ നന്നായി മൊരിയാന്‍ കാത്ത് നില്‍ക്കുമ്പോള്‍ ഉള്ളിലുയര്‍ന്ന് വരുന്ന അക്ഷരങ്ങളെ
ദോശക്കൊപ്പം മറിച്ചിടുമ്പോള്‍ ചിലത് നന്നായി മൊരിഞ്ഞ് പാകമായ് വരും. മറ്റ് ചില വാക്യങ്ങള്‍
അപ്പാടെ കരിഞ്ഞ് പോയിട്ടുണ്ടാകും. എത്ര ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാലും പിടിതരാതെ വഴുതിക്കളിച്ച്...പണികളെല്ലാം  കഴിഞ്ഞ് ബെഡ് റൂമിലെ കട്ടിലില്‍ ചമ്രം പടിഞ്ഞിരുന്ന് നോട്ട് ബുക്
 മടിയിലെടുത്ത് വെച്ചാല്‍ അക്ഷരങ്ങള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തും. 
-- ഒന്നുമുണ്ടാവില്ല  മനസ്സിലപ്പോൾ. . . ശുദ്ധശൂന്യത. ആ ഒച്ചയില്ലായ്മകളിലേക്കാണു പതിയെ ഒന്നിനു
പിറകെ ഒന്നായ് ആ കാലൊച്ചകള്‍ കടന്നു വരിക. എന്റെ എഴുത്ത്മുറിയില്‍ കനച്ച് കിടക്കുന്ന
നിശബ്ദതയിലേക്ക് വന്നു വീഴുന്ന ഈ ശബ്ദങ്ങളെ  ഞാന്‍ സ്നേഹിച്ചു തുടങ്ങിയത് എപ്പോഴാണു..., അത്രമേല്‍ ഞാനവയോട് ഇഴുകി ചേര്‍ന്നതിനാല്‍ ഇപ്പോഴെനിക്ക് ഓരോ കാലൊച്ചകളേയും  വേര്‍തിരിച്ചറിയാനാകും.

ആ ശബ്ദങ്ങളുടേഉടമകള്‍ ആരെന്നറിയാന്‍ ഒന്ന് തല പൊന്തിച്ച് നോക്കുക പോലും വേണ്ടനിക്ക്..,കാലടികളുടെ അമർന്ന ശബ്ദം, ഒരു മുരടനക്കൽ, അല്ലെങ്കിൽ മൊബൈലിന്റെ പരിചിതമായ കുണുങ്ങലുകൾ, അതിൽ നിന്നറിയാം ഇരുട്ടിലൂടെ കടന്നു പോകുന്നത് ആരാണെന്ന്. 

ഒരു ഫോട്ടൊക്ക് അടിക്കുറിപ്പെഴുതി പോസ്റ്റ് ചെയ്യുന്നതിനിടയിലാവും ഒരു ചുംബനത്തിന്റെ സീൽക്കാരം ജനൽ ചില്ലയിൽ തട്ടി ,ചുമരിലെ കണ്ണാടിയിൽ തടഞ്ഞ് എന്റെ നേർക്ക് ചരിഞ്ഞ് വീഴുക. ഇവിടിരുന്നാൽ അയാളെ എനിക്ക് കാണാനാകുന്നുണ്ട്, അജ്ഞാതയായ അയാളുടെ കാമുകിയേയും. ചെറുപ്പമാണയാൾ, പ്രണയം അയാളുടെ മുഖത്തെ ജ്വലിപ്പിക്കുന്നുണ്ട്.  ഉറച്ച ആത്മ വിശ്വാസം ദ്വോതിപ്പിക്കുന്ന കാൽ വെപ്പുകൾ. അതെന്തായാലും ഈ നിമിഷം അയാളുടെ കാമുകി ഭാഗ്യവതിയാണു, ഭാവിയിൽ എന്താകുമെന്ന് ഒരുറപ്പുമില്ല. 

ഇനി വരാനുള്ളത് കുട്ടനാണു. അൽ‌പ്പം  സ്വാധീന ക്കുറവുള്ള ഇടത് കാലിലെ വള്ളിച്ചെരിപ്പ് റോഡിലുരയുന്ന ശബ്ദം കേട്ടാൽ  അപ്പുറത്തും ഇപ്പുറത്തുമുള്ള പൂച്ചകളൊന്നാകെ വഴിയിലിറങ്ങും. അവക്കറിയാം കുട്ടന്റെ കൈയിൽ അമ്പലത്തിലെ പ്രസാദം ഉണ്ടെന്നു. അമ്മിണി, ബാലു, പാറുക്കുട്ടി എന്നൊക്കെ ഈ നഗരത്തിലും പൂച്ചകൾക്ക് പേരുണ്ടെന്നു ഞാൻ അറിഞ്ഞത് അതിശയത്തോടെയാണു. ചോദിച്ചാൽ  പുഴു തിന്ന് അടർന്ന് വീഴാറായ പല്ലുകൾ കാട്ടി കുട്ടൻ  ചിരിക്കും. “ ഇവറ്റോളെ അല്ലാതെ ഞാനാരെയാ പേരെടുത്ത് വിളിക്ക്യാ...”

അജ്ഞാതനായ ആ കാമുകനേയും കുട്ടനേയും വിട്ട് എന്തേലുമെഴുതാനായുമ്പോളാവും രാമേട്ടന്റെ വരവ്. രണ്ട് വശത്തേക്കും കൊതുകിനെ കൊല്ലാനുള്ള ബാറ്റ് ആഞ്ഞു വീശി രാമേട്ടൻ നടക്കുമ്പോൾ കടുക് മണികൾ പൊട്ടിച്ചിതറുന്നത് പോലെ നാലുപാടും കൊതുകുകൾ ചത്തു വീഴും. അപ്പുറത്ത് ഒഴിഞ്ഞ് കിടക്കുന്ന വീട്ടിലെ വാച്ച്മാനാണു രാമേട്ടൻ. ഗേറ്റടക്കുന്നതിനിടയിൽ മതിലിനു മുകളിലൂടെ ഗുഡ്നൈറ്റ് രാമേട്ടാന്ന് വിളിച്ച് പറയുന്ന എന്റെ നേരെ ബാറ്റ് വീശി അയാൾ ചിരിക്കും.” ഞ്ഞി ഒറങ്ങിക്കൊ, ഞാനീടെ ഉണ്ട്.” പാവം രാമേട്ടൻ. ജീവിതത്തിലെ സായം കാലത്ത് വീട്ടിൽ കിടന്നു വിശ്രമിക്കുന്നതിനു പകരം ഈ കൊതുക് കടിയും കൊണ്ട് രാവ് മുഴുവൻ ഉറക്കൊഴിയണം.   ഗ്രാറ്റുവിറ്റിയൊ പങ്കാളിത്ത പെൻഷനോ പോയിട്ട് അസുഖം വന്നാൽ ചികിത്സിക്കാൻ കൂടി ഗതിയില്ലാത്ത ഒരു വലിയ  വിഭാഗത്തിന്റെ പ്രതിനിധിയാണു രാമേട്ടൻ. 

ഇനി കട അടച്ച് മുഹമ്മദിക്ക് കൂടി പോയാൽ എനിക്കുറങ്ങാം. വീടിനു മുന്നിലെ നിരത്ത് മുറിച്ച് കടന്നാൽ കാണുന്നതാണു ആയിഷ സ്റ്റോർ. നേരമിരുട്ടി കടയിൽ ചെന്നാൽ മുഹമ്മദിക്ക കണ്ണുരുട്ടും . “ നീയെന്തിനേപ്പൊ വന്നെ, ഇരുട്ടത്ത്, “ , മോനില്ലെ അവിടെ..?’“
“ അവനു പരീക്ഷയാണു പഠിക്ക്യാണെന്ന് പറഞ്ഞാൽ എനിക്ക് വേണ്ടുന്ന സാധനങ്ങൾ വേഗത്തിൽ എടുത്ത് തന്ന് എന്നെ പറഞ്ഞയക്കുന്ന കരുതൽ. എല്ലാ മനുഷ്യരും ഇങ്ങനെ നല്ലവരാണെന്നു വിശ്വസിക്കാൻ തന്നെയാണു ഈ കാലത്തും എനിക്കിഷ്ടം. ജീവിക്കാനാകില്ല അല്ലെങ്കിലെനിക്ക്.ഇങ്ങനെയുള്ള ചുരുക്കം ചില മനുഷ്യർ കാരണമാണു ഇപ്പോഴും ഈ ഭൂമി ഇങ്ങനെ നില നിൽക്കുന്നത്ലൈറ്റോഫാക്കി ജനലടക്കാൻ നോക്കിയാൽ എത്ര ശ്രമിച്ചാലും ഒരു ജനലടയില്ല, വാടക വീടുകളുടെ മനശാസ്ത്രം അങ്ങനെയാണു, എത്ര നല്ല വീടാണേലും ഒരു കുറ്റിയോ കൊളുത്തോ ഉണ്ടാകും പിടി തരാതെ..., എന്നാലും ഈ വീടുകളെയെല്ലാം ഞാൻ സ്നേഹിക്കുന്നുണ്ട്. ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളിലും എന്റൊപ്പം ചിരിച്ചും കരഞ്ഞും ഈ വീടുകളുമുണ്ടായിരുന്നു എന്നും.

“ ബാമുണ്ടോ, ഇപ്പളും നല്ല വേദനയാ..” അയ്യപ്പനാണത്, ഇരുട്ടത്തും ആ ശബ്ദം കേട്ടാൽ എനിക്കറിയാം. കഴുത്തും തിരുമ്മി അയ്യപ്പൻ വന്നു നിൽക്കുമ്പോൾ ഇത്രകാലം കഴിഞ്ഞിട്ടും എനിക്ക് സങ്കടം വരും. തൂങ്ങിമരിച്ചതാണു അയ്യപ്പൻ. എന്തിനാണു എന്റടുത്ത് എപ്പളും ഇങ്ങനെ വരണേന്നു ചോദിച്ചാൽ അയ്യപ്പൻ കണ്ണു നിറക്കും, “ എന്നെ ഓർക്കണൊരടുത്തല്ലെ ഞാൻ പോവ്വാ..”

സ്കൂളിലെ പ്യൂണായിരുന്നു അയ്യപ്പൻ. ആളുകൾ സ്വയം ഇല്ലാണ്ടാകുന്നത് എന്തിനാണെന്ന് അന്നൊന്നും എനിക്കറിയില്ലായിരുന്നു. ക്ലാസ്സ് മുറിയിലെ കഴുക്കോലിൽ തൂങ്ങിയാടുന്ന ആ രൂപം ഇപ്പോഴും എന്റെ കണ്ണിലുണ്ട്. മാഞ്ഞു പോണില്ല ഒന്നും.

ഇനി വരിക പാത്തേബിയാണു. മുലകൾ വേദനിക്കുന്നൂന്ന് പറഞ്ഞ് അവൾ കരയുമ്പോൾ കൈകൾ നെഞ്ചത്തമർതത്തി ഞാൻ കമിഴ്ന്നു കിടക്കും. എനിക്ക് കാണാൻ വയ്യ അത്. പാത്തേബി എന്നു എല്ലാവരും വിളിച്ചിരുന്ന ഫാത്തിമകുട്ടി. പെറ്റ് നാല്പത് നാൾ തികയും മുൻപ് കെട്ടിയവൻ ചവിട്ടിക്കൊന്നവൾ. സംശയമായിരുന്നു ആ കാലമാടന്റെ മനസ്സു നിറയെ. സ്കൂളിലേക്കുള്ള എളുപ്പ വഴിയായിരുന്നു ഞങ്ങൾക്ക് പാത്തേബിയുടെ പുരയിടം. ഇടവഴി കയറി പുരക്ക് മുന്നിലൂടെ ചുറ്റി വന്നാൽ റെയിൽ പാളമായി, പാളം മുറിച്ച് കടന്നാൽ ഒറ്റയോട്ടത്തിനു സ്കൂളിലെത്താം. നീല ഞരമ്പോടിയ കൈതണ്ടയിൽ നിറയെ കറുത്ത കുപ്പിവളകളും മൈലാഞ്ചി ചോപ്പുമായി പാത്തേബിയുണ്ടാകും മുറ്റത്ത്. ആ മൊഞ്ചത്തിയാണു ഇങ്ങനെ  പാലൊലിക്കുന്ന നെഞ്ചുമായി മുന്നിൽ വന്ന് നിൽക്കുന്നതെന്ന് വിശ്വസിക്കാനാകില്ല.   മരിച്ചവർക്കും വയസ്സാകുമെന്നു  ആരെങ്കിലും പറഞ്ഞാൽ അതിൽ ഒട്ടും  അതിശയോക്തി ഇല്ല  !


മരിച്ചവരെന്തിനാണു എനിക്ക് ചുറ്റും ഇങ്ങനെ  അലയുന്നത്..? കേൾക്കാനാകുന്നില്ല ആ ഞരക്കങ്ങൾ.