Wednesday, February 22, 2012

തൌസന്റ് സ്പ്ലെന്‍ഡിഡ് സണ്‍സ്.വായിച്ചാലും വളരും വായിച്ചില്ലേലും വളരും, എന്നു എഴുതി വെച്ച കുഞ്ഞുണ്ണി മാഷ് എത്ര വലിയൊരു സത്യമാണു പറഞ്ഞ് വെച്ച് കടന്ന് പോയത്.‍. രണ്ട് വളര്‍ച്ചയും തമ്മിലുള്ള അന്തരം.അത് വാക്കുകള്‍ക്കതീതമാണു. നമ്മളറിയാത്ത ലോകങ്ങള്‍, ആളുകള്‍, അവരുടെ ഭാഷ,സംസ്കാരം. അവിടത്തെ സാമൂഹിക രാഷ്ടീയ പ്രതിസന്ധികള്‍. കഷ്ടപ്പാടിലും ദുരിതങ്ങളിലും നമ്മള്‍ മനുഷ്യര്‍ എത്രമാത്രം നിസ്സഹായരാണു എന്ന് തിരിച്ചറിവ്, മറക്കാനും അന്യോന്യം പൊറുക്കാനുമുള്ള മനുഷ്യസഹജമായ കഴിവ് എന്തുമാത്രമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ ,എല്ലാറ്റിനുമൊടുവില്‍ സ്നേഹം ജയിക്കുന്നത് കാണുമ്പോള്‍ നമ്മില്‍ നിറയുന്ന പോസിറ്റീവ് എനര്‍ജി, ഇതൊക്കെ വായന നമുക്കായ് തുറന്നിടുന്ന വാതായനങ്ങളാണു പുറം ലോകത്തേക്കുള്ള കണ്ണിമവെട്ടല്‍.‍.

ഖാലിദ് ഹൊസൈനിയെ നിങ്ങളറിയും, പട്ടം പറത്തുന്നവന്‍ എന്ന നോവലിന്റെ രചയിതാവ്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു വിഖ്യാത രചനയാണു" തൌസന്റ് സ്പ്ലെന്‍ഡിഡ് സണ്‍സ് ".( Thousand Splendid suns)

അഫ്ഗാനിസ്ഥാനിലെ രക്തരൂക്ഷിതമായ അധിനിവേശങ്ങളെയും രാഷ്ടീയ പ്രതിസന്ധികളേയും നോവലിലെ കഥാപാത്രമായ അമീറിന്റെ ; ഒരു പുരുഷന്റെ കണ്ണിലൂടെ കണ്ട കാഴ്ചയായിരുന്നു പട്ടം പറത്തുന്നവന്‍ എങ്കില്‍ ഇവിടെ ഈ നോവലില്‍ അത് അങ്ങനെയല്ല. യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഇടയില്‍ ഞെരുങ്ങിയമര്‍ന്നു പോകുന്ന സ്ത്രീകളുടെ കഥ, അവരുടെഒറ്റപ്പെടലിന്റെ ,സഹനത്തിന്റെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണു തൌസന്റ് സ്പ്ലെന്‍ഡിഡ് സണ്‍സ്‍.

മരിയത്തിന്റേയും ലൈലായുടേയും അനുഭവങ്ങളിലൂടെയാണു നോവല്‍ മുന്നോട്ട് പോകുന്നത്. കഥയുടെതുടക്കത്തില്‍ കുഞ്ഞായിരുന്ന മരിയത്തിനോട് അമ്മ പറയുന്നുണ്ട് ഒരു സ്ത്രീക്ക് അവശ്യം വേണ്ടത് സഹിക്കാനുള്ള കഴിവാണെന്നാണു. അന്നത് മരിയം ചിരിച്ചു തള്ളിയെങ്കിലും പില്‍ക്കാലത്ത് അവരുടെവാക്കുകള്‍ അന്വര്‍ത്ഥമാകും വിധം മരിയത്തിന്റെ ജീവിതം ദുരിതപര്‍വ്വങ്ങളിലൂടെ കടന്ന്പോകുകയാണു.

അഫ്ഗാന്റെ പ്രാന്ത പ്രദേശമായ ഹെറാത്ത് എന്ന ഗ്രാമത്തിലായിരുന്നു മരിയത്തിന്റെ ബാല്യം. അവളും അമ്മയും തനിച്ച്, ഗ്രാമത്തിലെ പ്രമുഖനായ ജലീലിനു വേലക്കാരിയില്‍ പിറന്ന മകള്‍,ഹറാമി അതായത്ബാസ്റ്റാര്‍ഡ്, ആ ഒരു പദം മരണം വരെ മറിയത്തെ വേട്ടയാടുന്നുണ്ട്. തനിക്ക് വേണ്ടാത്ത മകളെ ഹെറാത്തില്‍ നിന്നും ദൂരെ കാബൂളിലേക്ക് ഒരു രണ്ടാംകെട്ടുകാരന്റെ ഭാര്യയായ് പറഞ്ഞുവിടുകയാണു മാന്യനായ ആ അഛന്‍ ചെയ്തത്. കാബൂളില്‍ അവരുടെ അയല്‍ വാസികളായിരുന്നു ലൈലയും താരീഖുമെല്ലാം.യുദ്ധം ലൈലയേയും താരീഖിനേയും വേര്‍പ്പെടുത്തുകയാണു, പിന്നീട് മരിയത്തിന്റെ സപത്നിയാവേണ്ടി വരികയാണു ലൈലക്ക്. നിസ്സഹായരായ രണ്ട് സ്തീകള്‍ തങ്ങളുടെ ദുരിതങ്ങളില്‍ പരസ്പരം ആശ്വാസമാവുകയാണു, അവര്‍ തമ്മിലുള്ള ഗാഢവും ഊഷ്മളവുമായ ബന്ധം വളരെ നന്നായിതന്നെ പറയുന്നുണ്ട് നോവലില്‍. പട്ടിണിയിലും ദുരിതങ്ങളിലും അവര്‍ പരസ്പരം താങ്ങാവുകയാണു. മാതൃ പുത്രീ നിര്‍വിശേഷമായ സ്നേഹമാണു അവര്‍ക്കിടയില്‍ ഉയിര്‍ക്കൊള്ളുന്നത്.

ഇതിനിടക്ക് റഷ്യ അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങിയിരുന്നു,പകരം അഹമദ് ഷാ മസ്സൂദിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ മുജാഹിദീനുകള്‍ വൈകാതെ പരസ്പരം പോരടിക്കുകയാണു. അവര്‍ക്ക് ഒരു പൊതു ശത്രു ഇല്ലാതെ ആയപ്പോള്‍ കാബൂളിന്റെ അധികാരത്തിനു വേണ്ടി അവര്‍ പരസ്പരം കൊന്നൊടുക്കി. അഫ്ഗാന്‍ യുദ്ധപ്രഭുക്കളുടെ നാടായി മാറി. റൊക്കറ്റുകളും മിസൈലുകളും വന്നു പതിച്ച് ഒരു ശവപറമ്പായ് മാറിയ അഫ്ഗാനില്‍ നിന്നു ഭൂരിഭാഗം പേരും പെഷവാറിലേക്കും ഇറാനിലേക്കും മറ്റും കുടിയേറി. പിന്നീട് വന്ന താലിബാനികള്‍ സ്ഥിതി കൂടുതല്‍ കഷ്ടതരമാക്കി. ആശുപത്രികള്‍, സ്കൂളുകള്‍ ,ഗവര്‍മെന്റ് സ്ഥാപനങ്ങള്‍ എന്നിവയൊക്കെ ബോംബിങ്ങില്‍ തകര്‍ന്ന് നാമാവശേഷമായിക്കഴിഞ്ഞിരുന്നു. അടി മുതല്‍ മുടി വരെ മൂടിപ്പുതച്ച് നീങ്ങുന്ന സ്ത്രീ രൂപങ്ങളെയും അവരെ പിന്തുടര്‍ന്ന് ചാട്ടവാര്‍ കൊണ്ട് അടിക്കുന്ന താലിബാനികളേയും നമ്മള്‍ കണ്ടിട്ടുണ്ട്, ബി ബിസിയിലും സ്റ്റാര്‍ ന്യൂസിലും മറ്റും , നമുക്കതൊരു പാസ്സിങ്ങ് ഷോട്ട് മാത്രമായിരുന്നു, ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് മാറുന്നതിനിടയില്‍ കണ്ട് അവഗണിച്ചൊരു ദൃശ്യം. ഒരു പക്ഷെ അന്ന് നമ്മള്‍ കണ്ടത് ലൈലയെ ആയിരുന്നിരിക്കാം, ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ നിവൃത്തികേടു കൊണ്ട് അനാഥാലയത്തില്‍ കൊണ്ട് ചെന്നാക്കിയ തന്റെ മകള്‍ അസീസയെ കാണാന്‍ പോകുന്ന ലൈല, അവള്‍ക്ക് പുരുഷനോടപ്പമല്ലാതെ പുറത്തിറങ്ങിക്കൂട, അയാള്‍ക്കാകട്ടെ അവളെ കാണണമെന്ന് താല്പര്യവുമില്ല, അങ്ങനെയാണു ലൈല ഒറ്റക്ക് അസ്സീസയെ കാണാന്‍ പാത്തും പതുങ്ങിയും പോകേണ്ടി വരുന്നത്. തന്റെ മകളെ ഒരു നോക്ക് കാണാന്‍ ആ അടിയും ഭത്സനങ്ങളും മുഴുക്കെ അവള്‍ സഹിക്കുകയാണു.
ഒരു സ്ത്രീയുടെ മനസ്സിനും ശരീരത്തിനും എന്തു മാത്രം വേദന താങ്ങാനുകുമെന്ന് കണ്ട് പലപ്പോഴും നമ്മള്‍ അല്‍ഭുതപ്പെട്ടുപോകും.

പ്രസവ മുറിയിലെ കട്ടിലില്‍ കാലുകള്‍ ഉയര്‍ത്തി വെച്ച് വേദനയാലും സംഭ്രമത്താലും ലജ്ജയാലും കോച്ചിവലിഞ്ഞ് കിടക്കവേ ഞാനോര്‍ത്തിട്ടുണ്ട് എന്തോരം വേദനയും കഷ്റ്റപ്പാടും ആണു ദൈവമേ ഇതെന്ന്, പക്ഷെ ഇവിടെ ലൈലയെ പറ്റി അവളുടെ ധൈര്യത്തെ പറ്റി,സഹനത്തെ പറ്റി വായിച്ചപ്പോള്‍ ഞാന്‍ ചുരുങ്ങി ചെറുതായിപ്പോയി..., നട്ടെല്ലില്‍ നിന്നും ഇടിവാള്‍ പോലെ കയറി വന്ന ഒരു വേദന എന്നെ പിടിച്ച് കുലുക്കി അടിവയറ്റില്‍ കൊളുത്തിപ്പിടിച്ചു.. തകര്‍ന്ന് തരിപ്പണമായ് കിടക്കുന്ന കാബൂളിലെ ഒരു ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ അനസ്തീഷ്യ ഇല്ലാതെ; അത് കൊടുക്കാന്‍ അവിടെ മരുന്നില്ല!!, ലൈലയുടെ വയര്‍ കീറി തലകീഴായ് കിടന്നിരുന്ന കുഞ്ഞിനെ പുറത്തേക്കെടുത്തപ്പോള്‍...!!!

ഹെറാത്തില്‍ നിന്നും ദൂരെ മലകള്‍ക്കിടയില്‍ അമര്‍ന്നുകിടക്കുന്ന ഗോല്‍ദമാന്‍ എന്ന ഗ്രാമത്തില്‍ തന്റെ കൊച്ചു മണ്‍കുടിലില്‍ കുഞ്ഞ് മരിയത്തിനു വലിയ സ്വപ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. വല്ലപ്പോഴും തന്നെ കാണാന്‍ പുഴ മുറിച്ച് കടന്നു വരുന്ന അച്ഛന്‍, അയാളായിരുന്നു അവള്‍ക്കെല്ലാം, പക്ഷെ പിന്നീട് ഇഷ്ടമില്ലാത്തൊരു ജീവിതത്തിലേക്ക് പൊടുന്നനെ വലിച്ചറിയപ്പെടുകയായിരുന്നു മരിയം, ജീവിതത്തോടുള്ള പൊരുതലുകളായിരുന്നു പിന്നീടങ്ങോട്ട്, അതവസാനിച്ചത് പ്രതിഷേധിക്കാന്‍ പോലും അവസരമില്ലാതെ താലിബാന്റെ തൂക്കുകയറിലും.....
.‍.
ഒരു ജനതക്ക് അവരര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടും എന്ന വാദം എനിക്ക് അംഗീകരിക്കാനാവുന്നില്ല, ഇതൊക്കെ വായിച്ച് പോകുമ്പോള്‍. നമ്മുടെ ഇട്ടാവട്ടത്തില്‍ നിന്നും നോക്കുമ്പോള്‍ നാം കാണാതെ പോകുന്ന എത്രയെത്ര യാഥാര്‍ത്ഥ്യങ്ങളാണു ഈ ഭുലോകത്ത്... വേദനകളും ദുരിതങ്ങളുടേയും തീരാമഴ. എന്നാലും പ്രത്യാശയുടേയും പ്രതീക്ഷകളുടേയും തുരുത്തുകള്‍ എമ്പാടും കാണാനാകുന്നുമുണ്ട്. അതു കൊണ്ടല്ലെ മരിച്ച് പോയെന്ന് കരുതിയിരുന്ന താരീഖ് നീണ്ട പത്തുകൊല്ലത്തിനു ശേഷം തിരിച്ചെത്തിയതും ലൈലയേയും മക്കളേയും സ്വീകരിച്ചതും, എല്ലാ ദുരിതങ്ങള്‍ക്കും മേലെയുള്ള സ്നേഹത്തിന്റെ,പ്രണയത്തിന്റെ ആത്മാര്‍ത്ഥതയുടെ വിജയം. ലൈലയും താരീഖും അസീസയും സല്‍മായിയുമെല്ലാം ഒരു നല്ല നാളെ സ്വപ്നം കാണുകയാണു അതിനായ് പരിശ്രമിക്കുകയാണിപ്പോള്‍..

ഒരു യുദ്ധവും എവിടെയും ഉണ്ടാകാതിരിക്കട്ടെ ഇനി.....

***നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്..

Saturday, February 4, 2012

നയന...

“ അമ്പലത്തിലെ പ്രസാദാ അത്, കളയാന്‍ പാടില്ല..”

യമുനയിലേക്കിറങ്ങുന്ന കല്പടവിലിരുന്ന്,കുറച്ച് മുന്‍പ് തൊട്ടടുത്ത ഹനുമാന്‍
കോവിലിലെ പൂജാരി കൊണ്ട് വന്ന് തന്ന പായസം പാത്രത്തോടെ
പുഴയിലൊഴുക്കുകയായിരുന്നു ഞാന്‍.
ഇന്ന് പൌര്‍ണ്ണമിയാണു, നിലാവില്‍ കുളിച്ച് നില്‍ക്കുന്ന താജ് എനിക്കു മുന്നില്‍
യമുനയിലെ വെള്ളത്തില്‍ മെല്ലെയിളകുന്നു....
ശബ്ദം കേട്ട ഭാഗത്തേക്ക് തലതിരിച്ചപ്പോള്‍ താഴെ കല്‍പ്പടവിലൊരു ചെറുപ്പക്കാരന്‍,
അലസമായ വേഷം, ഷേവ് ചെയ്യാത്ത മുഖം. ഇയാളെപ്പോ ഇവിടെ വന്നു ,
കണ്ടേയില്ലല്ലൊ എന്ന് ഓര്‍ക്കവേ അയാളെണീറ്റ് ഞാനിരിക്കുന്നിടത്തേക്ക് വന്നു.

“ഞാന്‍ നിരഞ്ജന്‍, താനൊറ്റക്കാ....”

“ അല്ല, ഹസ്ബന്റും കുട്ടികളും ഉണ്ട്, ദേ അവിടെ പാനിപൂരി കഴിക്കുന്നു” .
നിരത്തിനപ്പുറത്തെ ഭണ്ടാരിയുടെ കടയിലേക്ക് ഞാന്‍ വിരല്‍ ചൂണ്ടി.

“ ഇയാളു മലയാളിയാണോ.. “ പടവിലിരുന്ന് കൈനീട്ടി വെള്ളത്തിലെ ചന്ദ്രനെ
തൊടാനായുന്ന അയാള്‍ അത് കേട്ട് ചിരിച്ചു.
“ അല്ല എസ്പാനിയോള്‍....എടോ നമ്മളിത് വരെ പറഞ്ഞതൊക്കെ മലയാളല്ലേ...”
“ ഓ..“
.വിരല്‍ കുടഞ്ഞ് മുഖത്തെ ചമ്മല്‍ മറക്കാന്‍ കാലുകള്‍ നീട്ടി പതുക്കെ വെള്ളത്തില്‍
മുക്കി ഞാന്‍ ചുണ്ട് കടിച്ചു. ഹൌ ...എന്തൊരു തണുപ്പ്...

അന്നേരം... ഇയാളെ ഇതിനു മുന്പ് എവിടെ വെച്ചാണു കണ്ടെതെന്ന് ഓര്‍ത്തെടുക്കുകയായിരുന്നു
ഞാന്‍, ഈ വിഷാദഭാവം, കണ്ണിലെ ആഴങ്ങളില്‍ ഒളിപ്പിച്ച് വെച്ച സ്നേഹത്തിന്റെ
ഇലയനക്കങ്ങള്‍....എവിടെ വെച്ച്....എപ്പോള്‍...

“പേടിയുണ്ടോ നിനക്ക് ,എന്റടുത്ത് ഇവിടെയിങ്ങനെ..ഒറ്റക്ക്...“ കല്‍പ്പടവില്‍ നിന്നും
തപ്പിയെടുത്ത കല്ല് വെള്ളത്തിലെ ചന്ദ്രബിംബത്തിനു നേരെ ഉയര്‍ത്തി അയാള്‍
എന്റെ നേര്‍ക്ക് മുഖം തിരിച്ചു.

‘ എന്തിനു... ഇപ്പോ ഒരു മുഴുവന്‍ താജും ദേ നിന്റെ കണ്ണില്‍...“ഞാന്‍ കുനിഞ്ഞ്
അയാളുടെ കണ്ണിലേക്ക് ഉറ്റ്നോക്കി.
“ മുകളിലേക്ക് നോക്കിയ നിരഞ്ജന്‍ ചാടിയെണീറ്റു, “നോക്ക്,അല്‍പ്പസമയത്തിനുള്ളില്‍
ചന്ദ്രന്‍ താജിന്റെ താഴികകുടത്തിന്റെ നേരെ മുകളിലെത്തും“
“ വാ,,,ഇന്ന് നിനക്ക് ഞാനൊരു വിസ്മയം കാണിച്ച് തരാം, താഴികകുടത്തിന്റെ
ഒത്ത മുകളില്‍ ഒരു ദ്വാരമുണ്ട്.അതിലൂടെയാ.. മഞ്ഞും
മഴേം അകത്ത് ഉറങ്ങിക്കിടക്കുന്ന മുംതാസിന്റെ മേല്‍ വീഴുക.
ഇന്ന് അതിലൂടെ നിലാവ് ഒഴുകിയിറങ്ങും, പാലു പോലുള്ള നിലാവ്...
ആ നിലാവില്‍ ഉറങ്ങിക്കിടക്കുന്ന മുംതസ് ഉണെര്‍ന്നെണീക്കും.“
അയാളെന്റെ കൈകള്‍ പിടിച്ച് വലിച്ചു കല്പടവില്‍ നിന്നും മുകളിലേക്ക് കയറി.

“ അയ്യോ ഞാനില്ല, അതിനിനി ഈ വഴിയെല്ലാം ചുറ്റി അപ്പറത്തുടെ വരണ്ടെ,
എന്നെ കണ്ടില്ലേ കുട്ടികള്‍ പേടിക്കും..”

“ ഇതിലൂടെ ഒരുളുപ്പ വഴിയുണ്ട് ...” താജിന്റെ പിന്നില്‍ അടച്ചിട്ടിരിക്കുന്ന ഗേറ്റിനു
സമീപം പൊളിഞ്ഞ് കിടക്കുന്ന മതിലിലേക്ക് നിരഞ്ജന്‍ വിരല്‍ ചൂണ്ടി. ഒരാള്‍ക്ക്
നൂണ്ട് കടക്കാവുന്ന വഴി. അയാള്‍ക്ക് പിന്നാലെ മതിലിനപ്പുറത്തേക്ക് നൂണ്ട്
കടക്കുമ്പോള്‍ തുന്നിപകുതിയാക്കിയ ചെരുപ്പ് ഒരുഭാഗത്തേക്കിട്ട് ചുന്നിലാല്‍ ഓടി വന്നു.

“അരേ ബേട്ടേ....രാസ്താ ഖരാബേ .മത് ജാനാ...“

അത് കേള്‍ക്കാതെ ഞങ്ങളോടി ...പൂന്തോട്ടത്തിന്റെ അരിക് വേലി ചാടിക്കടന്ന്,
പുല്‍ത്തകിടി വിലങ്ങനെ മുറിച്ച് കടന്ന്, കാവല്‍ക്കാരന്റെ
കണ്ണില്‍ പെടാതെ താജിന്റെ കവാടത്തില്‍ ചെന്ന് നിന്ന് കിതച്ചു.
ഇനി താഴേക്കിറങ്ങണം,അവിടെയാണു മുംതസും ഷാജഹാനും കിടക്കുന്നത്.
ഇരുട്ടില്‍ തപ്പി താഴേക്കിറങ്ങുന്ന നിരഞ്ജന്റെ പിന്നാലെ നടക്കുമ്പോള്‍ ഞാനോര്‍ത്തത്
ഭൂതകാലത്തിലെ ഏതോ ഒരേട്..ഒരു തീവണ്ടിയുടെ നീണ്ട ചൂളം വിളി.

അസമയത്ത് അതിഥികളെ കണ്ട് എഴുന്നേറ്റ് വന്ന ഖബര്‍ കാവല്‍ക്കാരന്‍
കാശ് കിട്ടിയപ്പോള്‍ തന്റെ വിരിപ്പിലേക്ക് തന്നെ തിരിച്ചു പോയി.
അകത്തെ ഇരുട്ടില്‍ മാര്‍ബില്‍ ജാലിയുടെ തണുപ്പില്‍ കവിളമര്‍ത്തി
നിന്ന് നിരഞ്ജന്‍ മന്ത്രിച്ചു.
“ കണ്ണടച്ച് ഏറ്റവും ഇഷ്ടമുള്ളൊരാളെ മനസ്സില്‍ കരുത്, അല്പസമയത്തിനകം
നിലാവ് ഈ മുറിയില്‍ പരക്കും..”
ഇരുട്ടില്‍ ജാലിക്കപ്പുറത്ത് മുംതസിന്റേയും ഷാജഹാന്റേയും ഖബറുകള്‍
മങ്ങിക്കാണാം, പെട്ടെന്ന് നിലാവിന്റെ ഒരു തുണ്ട് മുകളിലെ
ദ്വാരത്തിലൂടെ മുംതസിനു മേല്‍ വീണു, പിന്നാലെ വേറൊന്നു കൂടി....
പതിയെ പതിയെ നിലാവ് മുറി മുഴുവന്‍ ഒഴുകിപ്പരന്നു.

“ ഷാജഹാനെങ്ങാനും ഇപ്പൊ ഉണര്‍ന്നാ മുംതസിനേം നിലാവിനേം
തിരിച്ചറിയാതെ കുഴങ്ങുംല്ലേ..“.ഞാന്‍ പതുക്കെ നിരഞ്ജന്റെ
കൈയില്‍ നുള്ളി.

മിണ്ടാതിരിക്കാന്‍ ചൂണ്ട് വിരല്‍ എന്റെ ചുണ്ടില്‍ വെച്ച് കണ്ണുകൊണ്ട്
ആംഗ്യം കാണിച്ച് നിരഞ്ജന്‍ പുറത്തേക്കിറങ്ങി.
പൂന്തോട്ടം മുറിച്ച് കടക്കുന്നതിനിടെ ഞാനവനെ പിടിച്ച് നിര്‍ത്തി.
“ആരാണു നയന....എത്ര തവണയാ ഇരുട്ടില്‍ നീയാ പേരു മന്ത്രിച്ചത്..”

നമുക്ക് പോകാം ,നിനക്ക് നേരം വൈകില്ലേ...എന്റെ ചോദ്യം കേള്‍ക്കാത്ത
മട്ടില്‍ അവന്‍ മുന്നോട്ട് നടന്നു.

മതിലിന്റെ വിടവിലൂടെ അപ്പുറത്തേക്ക് നൂണ്ട് കടന്ന് തലയുയര്‍ത്തിയപ്പോള്‍
എന്നെ കാണാതെ വിഷമിച്ച് നില്‍ക്കുന്ന ഇക്കേം കുട്ടികളും. ഉറങ്ങാന്‍
പോ യ ചുന്നിലാല്‍ എഴുന്നേറ്റ് വന്നിരിക്കുന്നു.

“നീയിതെവിടെ പോയി,ഒറ്റക്ക് ഇരുട്ടില്‍“.

“ഒറ്റക്കല്ലല്ലോ എന്റെ കൂടെ നിരഞ്ജന്‍ ഉണ്ടായിരുന്നല്ലോ .

ചുന്നിദാ ..ആപ് ദേഖാഥാ നാ...”

“അരേ...കിതേ ബാര്‍ മേനേ കഹാഥാ.....രാസ്താ ഖരാബേ
മത് ജാനാ അകേലീ..പാഗല്‍ ഹോഗയീ ക്യാ...
ഉറക്കം നഷ്ടപ്പെട്ടതില്‍ കെറുവിച്ച് ചുന്നിദാ തലവെട്ടിച്ച് നടന്ന് പോയി.

"ഞാന്‍ ചെറിയ കുട്ടിയൊന്ന്വല്ലല്ലൊ..തന്നേമല്ല എന്റെ കൂടെ നിരഞ്ജ......
എന്റെ കണ്ണുകള്‍ മോന്‍ പാനിപൂരി പൊതിഞ്ഞ് കൊണ്ട് വന്ന പേപ്പറില്‍ ഉടക്കി.
വിറക്കുന്ന കൈകളോടെ എണ്ണപുരണ്ട ആ പേപ്പര്‍കഷ്ണം ഞാന്‍ നിവര്‍ത്തി
നിരഞ്ജന്റെ ഫോട്ടോ..

YOUTH FOUND DEAD

An 29-year-old man was found dead under mysterious circumstances
in Thaj Ganj here on Sunday.
The body of the deceased, later identified as NIranjan kumar Mizra,
was found near Thaj in the morning. The police suspect that Niranjan
and his wife Nayana Guptha were shot dead by her relatives .
The police later explained that the couple were victims of honour* killing.
Earlier many such cases were reported form Delhi, UP Etc.

ആ പേപ്പര്‍ കഷ്ണം എന്റെ വിരലുകള്‍ക്കിടയിലൂടെ ഊര്‍ന്ന് നിലത്ത് വീണു..
ദൈവമേ..കരയാതിരിക്കാന്‍ ചുണ്ടുകള്‍
കടിച്ച് പിടിച്ചു മുഖത്തേക്ക് മങ്കിക്യാപ് വലിച്ചിട്ട് ഞാന്‍ ബൈക്കിന്റെ
പുറകില്‍ കയറിയിരുന്നു.

യമുന അപ്പോഴും ഓളങ്ങളിളക്കി ശാന്തയായ് ഒഴുകിക്കൊണ്ടിരുന്നു. പിന്നില്‍
നിലാവില്‍ കുളിച്ച് ഒന്നുമറിയാത്ത പോലെ താജും.....


*honour* killing:- സ്വന്തം അഭീഷ്ഠപ്രകാരം വിവാഹിതരാവുന്ന ചെക്കനേം പെണ്ണിനേം ബന്ധുക്കള്‍ തന്നെ ദുരഭിമാനത്തിന്റെ പേരില്‍ കൊന്നു കളയുന്ന ഏര്‍പ്പാട്. നോര്‍ത്തിന്ത്യയില്‍ സാധാരണം.