Wednesday, October 28, 2009

ബൂലോക ആതങ്കവാദി...ണി

മുല്ലയുടെ അഛന്റെ പേര്‍ ഉമര്‍ എന്നാണെത്രെ.”അപ്പോള്‍ മുല്ലാ ഉമര്‍ എന്നായ്,
ഭീകരവാദി തന്നെ,ശ്രദ്ധിക്കണം,നമുക്കവളെ അകത്താക്കാം.”
“എന്നാലും മുല്ല ഒരു പെണ്ണല്ലേ..?”

“പക്ഷേ ഉമര്‍ ആണാണല്ലോ?നമുക്കവളെ പിന്തുടരാം”
“അതാ മുല്ല ഒരു കോഴിക്കടയിലേക്ക് കയറുന്നു..
“കോഴി വാങ്ങാനാവില്ല”
“പിന്നെ.?”
“കശാപ്പു കത്തി ഉപയോഗിക്കാനുള്ള ട്രൈയിനിങ്ങാണു..”
ഇത്തവണ ചെരുപ്പ് കടയിലേക്കാണു.
“കൃത്യം നടത്തിയ ശേഷം എളുപ്പം ഓടിരക്ഷപ്പെടാന്‍ പറ്റിയ ഷൂസ്
തെരഞ്ഞാണ്..”
“അപ്പോള്‍ ഹോട്ടലില്‍ പോയതോ..?
“കൃത്യം നടത്താനുള്ള ഊര്‍ജം സംഭരിക്കേണ്ടേ..?”
അവളതാ സ്കൂള്‍ ബസാറില്‍ നിന്ന് ഇറങ്ങി വരുന്നു.
കൈയ്യിലുള്ള ടിഫിന്‍ കരിയറില്‍ ബോംബ് വെക്കാനാണു,ചുരുട്ടിപ്പിടിച്ച
മാപ്പില്‍ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ അടയാളപ്പെടുത്തീട്ടുണ്ടാവും ,സ്ഫോടനം
നടത്താന്‍...
“ഇന്നലെ ബീച്ചില്‍ കണ്ടിരുന്നു,തിരക്കുള്ള സ്ഥലം നൊക്കിവെക്കേണ്ടെ...
ബോംബ് വെക്കാന്‍..”
“ഉം..നമുക്കിവളെ പൊക്കാം..”
“എന്നാലും മുല്ല ഒരു പെണ്ണല്ലേ..”
“എങ്കി മറ്റേ വകുപ്പും കൂടെ ചേര്‍ത്തോ..ലൌ ജിഹാദ്...അപ്പൊ
കാര്യം എളുപ്പായി...”

Tuesday, October 20, 2009

ജനലിനപ്പുറം ജീവിതം....

ജനലിനപ്പുറം ജീവിതം പോലെയീ...
പകല്‍ വെളിച്ചം മറഞ്ഞു പോകുന്നതും...

ചുള്ളിക്കാടിന്റെ സന്ദര്‍ശനം കേള്‍ക്കുന്നു ഞാന്‍,ഒപ്പം ജനലിനപ്പുറം ഒരുപാട് ജീവിതങ്ങള്‍
മറഞ്ഞു പോകുന്നതും കേള്‍ക്കുന്നുണ്ട്.ആക്രോശങ്ങള്‍,അമര്‍ത്തിയ നിലവിളികള്‍.....
പിന്നെ നിശബ്ധത....

ഇവിടെ എന്റെ ബെഡ് റൂമിലെ ജനലില്‍ കൂടി നോക്കിയാല്‍ താഴെ ഒരു നിര വീടുകള്‍,
അടുത്തടുത്ത്,
അവിടെ നിന്നാണീ ശബ്ദങ്ങള്‍.കാരണങ്ങള്‍ പലതാവാം,ചെലപ്പോ ഒരതിര്‍ത്തി തര്‍ക്കം,
അല്ലെങ്കില്‍
മദ്യപിച്ച് വരുന്ന ഭര്‍ത്താവോ മകനോ,ഇനി സ്ത്രീധനത്തിന്റെ ബാക്കി ചോദിച്ച് വരുന്ന
ഒരു മരുമകന്‍....
എല്ലാ ശബ്ദങ്ങളും അടങ്ങുമ്പോള്‍ കേള്‍ക്കാവുന്ന അമര്‍ത്തിയ നിലവിളികള്‍ക്ക്
ഏകതാനത,സ്ത്രീ ശബ്ദം.
ഇതിനിടയില്‍ ആരും കാണാതെ പോകുന്ന ഒരു കൂട്ടര്‍,കുട്ടികള്‍.അവരുടെ കണ്ണുകളിലെ ആ നിഷ്കളങ്കത
എന്നേ കൊഴിഞ്ഞുപോയിരിക്കുന്നു,പകരം ഈ കളിയില്‍ തങ്ങളുടെ റോളെന്താനെന്ന്
നിശ്ചയിക്കാനാവാത്തതിന്റെ
അമ്പരപ്പ്,സ്നേഹം നിഷേധിക്കപ്പെടുമ്പോഴുള്ള നിസ്സഹായത,പിന്നെ എന്തിനെന്നറിയാത്ത രോഷവും.

Friday, October 16, 2009

ത്രീ മിസ്റ്റേക്ക് ഓഫ് മൈ ലൈഫ്

ഫൈവ് പോയിന്റ് സംവണിനും നൈറ്റ്‌@ എ കാള്‍ സെന്ററിനും ശേഷം
ചേതന്‍ ഭഗത്തിന്റെ പുതിയ പുസ്തകം.Three mistakes of my life.
ഇന്നത്തെ ചെറുപ്പക്കാരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ വളരെ
ഭംഗിയായ് പറഞ്ഞു വച്ചിട്ടുണ്ട് ചേതന്‍.എത്ര പേരുടെ സ്വപ്നങ്ങള്‍ക്കു
മീതേ കൂടിയാണു ഒരു ഭൂകമ്പം അല്ലെങ്കി ഒരു വര്‍ഗീയ കലാപം
അതിന്റെ വാള്‍തല വീശി കടന്നുപോകുന്നത്!!!!
എന്നിട്ടും എല്ലാം വീണ്ടും കെട്ടിപ്പടുക്കുകയാണു എല്ലാരും...
അതെ...സ്വപ്നങ്ങളൊന്നുമില്ലേല്‍ പിന്നെ നമ്മളില്ല....!!!

പൂര്‍ണവായനക്ക്

Sunday, October 11, 2009

തകര്‍ന്നു തരിപ്പണമായ ഏപ്രില്‍


രക്തം രക്തം കൊണ്ടല്ലാതെ ന്യായീകരിക്കപ്പെടുകയില്ല എന്ന പുരാതന അല്‍ബേനിയന്‍ സാമൂഹിക
വ്യവസ്ഥിതിയിലേക്ക് വെളിച്ചം വീശുന്ന നോവലാണു ഇസ്മായില്‍ കാദെറെയുടെ
“തകര്‍ന്നു തരിപ്പണമായ ഏപ്രില്‍”.അല്‍ബേനിയയിലെ ആദിവാസികള്‍ക്കിടയിലാണു
കാനൂണ്‍ എന്ന രക്ത നിയമം നിലനില്‍ക്കുന്നത്.കൊലക്ക് പകരം കൊല എന്ന ലളിതമായ തത്വം.
ഒരുവീട്ടിലെ ഒരാള്‍ കൊല്ലപ്പെട്ടാല്‍,കൊലപാതകിയുടെ വീട്ടിലെ ഒരു പുരുഷനെ കൊന്ന്
പകരം വീട്ടുക.തെറ്റിക്കാന്‍ പാടില്ലാത്ത നിയമം.കൊലക്ക് വിധിക്കപ്പെട്ടവന്‍ വിശുദ്ധ ബലിമൃഗത്തെ
പോലെ പരിഗണിക്കപ്പെടും.അയാള്‍ രക്തപ്പണം എന്ന പിഴ അടക്കണം.ഈ രക്തപ്പണം കൊണ്ടാണു
ഒറോഷുകള്‍(കൊട്ടാരങ്ങള്‍)നിലനിന്നുപോകുന്നത്.ഒരാള്‍ കൊലചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍
അല്ലെങ്കില്‍ അടുത്ത മുപ്പത് ദിവസത്തിനുള്ളില്‍ അടുത്തയാള്‍ കൊല്ലപ്പെട്ടിരിക്കണം.
കൊലമുതല്‍ കൊലവരെയുള്ള മുപ്പത് ദിവസം.ഇരയാക്കപ്പെട്ടവന്റെ നിസ്സംഗത,ജീവിതത്തോടുള്ള അഭിനിവേശം,
പ്രണയം ഇതെല്ലാമാണു തകര്‍ന്നു തരിപ്പണമായ ഏപ്രിലില്‍ നമ്മെ കാത്തിരിക്കുന്നത്.ഒപ്പം വരികള്‍ക്കിടയില്‍ നിന്നുമുയരുന്ന
ചോരയുടെ മണവും!!!
പൂര്‍ണവായന ഇവിടെ