Sunday, July 31, 2016

മക് ലോഡ് ഗഞ്ച്.

 പേരു കൊണ്ട് ഒരു ദേശത്തെ ഇഷ്ടപ്പെടുക! ഒരിക്കലെങ്കിലും ആ ദേശത്ത് കാലുകുത്തണമെന്ന് സ്വപ്നം കാണുക. വിദൂരമായ ഒരു നഗരം തന്റെ വ്യത്യസ്തമായ പേരു കൊണ്ട് സഞ്ചാരികളെ മാടി വിളിക്കുന്ന അല്‍ഭുതമായിരുന്നു മക് ലോഡ് ഗഞ്ച്.    ഹിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയിലെ പ്രധാന നഗരമായ ധരംശാലക്കടുത്താണു മക് ലോഡ് ഗഞ്ച് എന്ന ചെറു പട്ടണം. മഞ്ഞ് മൂടിയ ദലൌദാര്‍ മലനിരകള്‍ക്കിടയില്‍ ബഹളമേതുമില്ലാതെ അടങ്ങിക്കിടക്കുന്നൊരു കൊച്ചു സ്ഥലം.    


മണാലിയില്‍ നിന്നും കാര്‍ മാര്‍ഗമാണു ഞങ്ങള്‍ ധരംശാലയില്‍ എത്തുന്നത്. മണാലിയില്‍ നിന്നും ഇരുന്നൂറ്റമ്പതോളം കിലോമീറ്ററുണ്ട് ധരംശാലയിലേക്ക്. ഹിമാലയന്‍ മലനിരകളെ ചുറ്റിപ്പോകുന്ന വീതി കുറഞ്ഞ റോഡിലൂടെയുള്ള യാത്ര ഒരേസമയം സഞ്ചാരികള്‍ക്ക് ആസ്വാദ്യ ദായകവും സാഹസികവുമാണു.

 പലം പൂരിലെത്തിയപ്പോൾ വണ്ടിയൊതുക്കി റോഡ്സൈഡിലെ ധാബയില്‍ നിന്നും റോട്ടിയും പനീര്‍ മസാലയും കഴിച്ചു. സ്ത്രീകളാണു മിക്ക കടകളും നടത്തുന്നത്. തണുപ്പ് കൊണ്ട് വിണ്ട ചുണ്ടുകളും അമർത്തിതുടക്കുമ്പോൾ ചുവപ്പ് രാശി പടരുന്ന കവിൾതടങ്ങളുമുള്ള ഊർജ്ജസ്വലരായ പെണ്ണുങ്ങൾ. ഭക്ഷണം കഴിക്കാഞ്ഞിട്ടാണു നീയിങ്ങനെ നൂലു പോലിരിക്കുന്നതെന്ന് അവരെന്നെ കളിയാക്കും എന്ത് ചെയ്യാനാണു, ഒരു റോട്ടിയിൽ കൂടുതൽ എന്റെ വയറ്റിലേക്ക് പോകില്ല.

മൺപള്ളകളെ തുരന്നുണ്ടാക്കിയ വീതി കുറഞ്ഞ് വളഞ്ഞും പുളഞ്ഞും പോകുന്ന റോഡിലൂടെ വണ്ടി പായുമ്പോൾ ഭീതി തോന്നും. ഇളകിക്കിടക്കുന്ന മൺ കുന്നുകളാണു ചുറ്റിനും. കാറ്റിലും മഴയിലും ഉതിർന്ന് തീരുന്ന ചെമ്മൺ കുന്നുകൾ. ഇടക്ക് വലിയ ഉരുളൻ കല്ലുകൾ റോഡിലേക്ക് വീണു കിടക്കുന്നത് കാണാം. നമുക്ക് മുന്നേ പോയ ആരോ റോഡിനു നടുവില്‍ നിന്നും സൈഡിലേക്ക് മാറ്റിയിട്ടതാണെന്ന് വ്യക്തം. അകലെയൊരു കുന്ന് അപ്പാടെ ഇടിഞ്ഞ് പൊളിഞ്ഞ് വീഴുന്ന കാഴ്ച, പൊടിയുടെ പൂരം.
ബീർബലി എന്ന സ്ഥലത്തെത്തിയപ്പോൾ ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഗ്ലൈഡറുകൾ. പാരാഗ്ലൈഡിങ്ങിനു പ്രസിദ്ധമാണു ബീർബലി. പച്ചച്ച ഒരു കുന്നിൻ മുകളിൽ നിന്നും താഴേക്ക് ചാടുന്ന ഒരു പറ്റം യുവാക്കൾ. ഒരു പറവയെ പോലെ കാറ്റിൻ കൈകളിൽ ഊയലാടി താഴേക്കും മുകളിലേക്കും വട്ടമിട്ട് പറക്കുന്നവർ.പാരാഗ്ലൈഡിങ്ങിന്റെ ദേശീയ മഹോൽസവം നടക്കാറുണ്ട് ബീർബലിയിൽ.
നിറയെ പൂക്കളാണു താഴ് വര മുഴുവൻ.  ചുവപ്പും വെള്ളയും മഞ്ഞയും നീലയുമൊക്കെയായ് കുഞ്ഞ് കുഞ്ഞ് പൂക്കൾ വിടർന്ന് നിൽക്കുന്ന കാഴ്ച അതിമനോഹരമാണു.കണ്ടാസ്വദിക്കുകയാണു ആരോഗ്യത്തിനു നല്ലത്, എടുത്ത് മണക്കാതിരിക്കുന്നതാണു ഉത്തമം.
കുന്നിൻ ചെരിവുകളിൽ നിറയെ കൊന്ന പൂത്തിരിക്കുന്നു. അത് പോലെ പേരറിയാത്ത ഒരുപാട് മരങ്ങൾ, ഇരുണ്ട പച്ച, കടുമ്പച്ച , ഇളം പച്ച എന്നിങ്ങനെ പച്ചയുടെ മാമാങ്കം.
ധരംശാലയിൽ നിന്നും വളരെയടുത്താണു മക് ലോഡ് ഗഞ്ച്, പത്ത് മിനുട്ട് ഡ്രൈവ്. ടിബറ്റുകാർ ഇതിനെ ലിറ്റിൽ ലാസ എന്നും വിളിക്കുന്നു. ബ്രിട്ടീഷ് കാരുടെ വേനൽ കാല തലസ്ഥാനമായിരുന്നു ഒരുകാലത്ത് മക് ലോഡ് ഗഞ്ച്. ബ്രിട്ടീഷ് ഗവർണർ ജനറൽ ആയിരുന്ന മക് ലോഡ് പ്രഭുവിവിന്റെ നാമമാണു ഈ പട്ടണത്തിനു.
ഫോർസിത്ത് ഗഞ്ച് , മക് ലോഡ് ഗഞ്ച് എന്നീ അടുത്തടുത്ത് കിടക്കുന്ന രണ്ട് പ്രദേശങ്ങൾ ചേർന്നതാണൂ മക് ലോഡ് ഗഞ്ച്.


ബ്രിട്ടീഷ് ഗവർണ്മെന്റിൽ ഗവെർണർ ജനറൽ ആയിരുന്ന ജെയിംസ് ബ്രൂസ് എന്ന ലോർഡ് എലിജിന്റെ ശവക്കല്ലറ സ്ഥിതി ചെയ്യുന്നത് ഫോർസീത് ഗഞ്ചിലെ പുരാതനപള്ളിയായ സെന്റ് ജോർജ് ഇൻ ദ വൈൽഡർനെസ്സിലാണു. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നത്രെ സെന്റ് ജോർജ് ഇൻ ദ വൈൽഡർനെസ്സിലെ ദേവദാരു മരങ്ങളിക്കിടയിൽ  അകലെ കാണുന്ന മഞ്ഞ് മലകളെ നോക്കി ഉറങ്ങണമെന്നത്. കല്ലറകൾ മിക്കതും നാശോന്മുഖമാണു. ചിതറിക്കിടക്കുന്ന മീസാൻ കല്ലുകളെ ചവിട്ടാതെ ലോർഡ് എലിജിന്റെ കല്ലറക്ക് മുന്നിൽ നിന്ന് അദ്ദേഹത്തെ അഭിവാദ്യം ചെയ്യുമ്പോൾ ദേവദാരുമരങ്ങൾ കാറ്റിൽ ചില്ലകൾ താഴ്ത്തി.

കരിങ്കൽ പാളികൾ കൊണ്ട് പണിത പടുകൂറ്റൻ പള്ളിയാണു സെന്റ് ജോർജ് ചർച്ച്. ചർച്ചിലെ മണിയടി പത്തിരുപത് കിലോമീറ്റർ അകലെ നിന്നു പോലും കേൾക്കാമായിരുന്നത്രെ. 1905 ൽ കാംഗ്ര പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ ചർച്ച് വിണ്ട്കീറിയിരുന്നു. പിന്നീട് പുനർനിർമ്മിക്കപ്പെടുകയായിരുന്നു.
മക് ലോഡ് ഗഞ്ചിലെത്തുമ്പോൾ മഴയായിരുന്നു. കരിങ്കൽ പാളികൾ പതിച്ച നടപ്പാതയിലൂടെ മഴചാറൽ കൊണ്ട് നടക്കുമ്പോൾ അകലെ സുംഗ്ലക് കാംഗ്( Tsugleg khang) ടെമ്പിളിന്റെ ഗോപുരം കാണാമായിരുന്നു. ടിബറ്റിനു പുറത്തുള്ള ഏറ്റവും വലിയ ബുദ്ധ ടെമ്പിളാണിത്. അമ്പലത്തിനു പിന്നിൽ അങ്ങകലെ മഞ്ഞ് മൂടിക്കിടക്കുന്ന ഹനുമാൻ കാ ടിബ്ബ എന്ന കൊടുമുടി.

ടെമ്പിൾ ഗോപുരത്തിന്റെ സ്വർണ്ണരാശിയിൽ തട്ടി പ്രതിഫലിക്കുന്ന മഞ്ഞ വെളിച്ചവും പിന്നിലെ ഹനുമാൻ ക ടിബ്ബയുയുടെ മഞ്ഞിന്റെ ധവളിമയും പരസ്പരപൂരകം. ഇവക്കിടയിലായി മഴ ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന ശബ്ദം.

1959 ൽ ചൈനയിലെ കമ്യൂണിസ്റ്റ് ഗവർമെന്റ് ടിബറ്റിനെ ആക്രമിക്കുകയും ടിബറ്റിനെ ചൈനയിലേക്ക് കൂട്ടിചേർക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ ദലൈലാമ ബഹു.ടെൻസിൻ ഗിയാസ്റ്റോയും അനുയായികളും ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഇന്ത്യാ ഗവർമെന്റ് അവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുകയും ഹിമാചൽ പ്രദേശിലെ ധരംശാലയിൽ അവർക്കായി സെറ്റിൽമെന്റ് ഒരുക്കുകയും ചെയ്തു. കുടകിലെ ബൈലകുപ്പയിൽ സ്ഥിതി ചെയ്യുന്ന ഗോൾഡൻ ടെമ്പിൾ ഈ ശ്രേണിയിലെ രണ്ടാമത്തെ വലിയ സെറ്റിൽമെന്റാണു.
നിരനിരയായി സ്ഥാപിച്ച പ്രാർത്ഥനാചക്രങ്ങളാണു അമ്പലത്തിനു പുറത്ത്, അവ പിടിച്ച് തിരിച്ച് പ്രാർത്ഥിക്കുന്ന ഭക്തജനങ്ങൾ. സ്വന്തം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വന്ന ഒരു ജനതയുടെ നിസ്സഹായതയും നിസ്സംഗതയും ഇവരുടെ മുഖത്തും കണ്ണുകളിലും വായിച്ചെടുക്കാനാകും.  ഒരുവട്ടം തിരിച്ച് പ്രാർത്ഥന ഉരുവിട്ടാൽ നിരവധി തവണ പ്രാർത്ഥന ഉരുവിട്ട ഫലം ആണെന്നാണു വിശ്വാസം.
ഒരറ്റത്ത് നിന്നും മറ്റെ അറ്റം വരെ ചക്രം തിരിച്ച് നടന്നപ്പോൾ ഞാനും പ്രാർത്ഥിച്ചിരുന്നു ദൈവത്തോട്, അല്ലേലും പ്രാർത്ഥിക്കാനാണൊ കാരണങ്ങൾക്ക് പഞ്ഞം.
ടെമ്പിളിനകത്ത് മഞ്ഞനിറത്തിലുള്ള മൂന്ന് കൂറ്റൻ പ്രതിമകൾ ; കണ്ടാൽ മൂന്നും ഒരേപോലുണ്ട്. അത് മൂന്നും ഒരാളല്ലെന്നും മറിച്ച ശാക്യമുനി, അവലോകിതേശ്വരൻ ഗുരു റിമ്പോച്ചെ എന്നിവരാണെന്നു അമ്പലത്തിനകത്തെ സന്യാസി വിശദീകരിച്ചു തന്നു. അകത്ത് ധ്യാനത്തിലിരിക്കുന്നവർ, സഷ്ടാംഗം പ്രണമിക്കുന്നവർ, റിമ്പോച്ചേയുടെ പ്രതിമക്ക് മുന്നിൽ നേർച്ച സമർപ്പിക്കുന്ന വർ , ആരേയും ശല്യപ്പെടുത്താതെ പതിയെ പുറത്ത് കടന്നു. അമ്പലത്തിന്റെ വശത്ത് ടിബറ്റൻ മ്യൂസിയം ഉണ്ട്. ചൈനീസ് അധിനിവേശത്തിന്റേയും അവർ ടിബറ്റൻ ജനതയോട് ചെയ്ത ക്രൂരതകളുടേയും അവശേഷിപ്പുകളാണു മ്യൂസിയം നിറയെ. തൊട്ടടുത്ത ലൈബ്രറിയിൽ നിന്നും ദലൈലാമയുടെ ആത്മകഥയായ ഫ്രീഡം ഇൻ എക്സൈലിന്റെ ഒരു കോപി വാങ്ങി പുറത്തിറങ്ങി.മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.

തൊട്ടടുത്താണു ദലൈലാമയുടെ വസതി. ദലൈലാമ നാളെ എത്തുമെന്നും നിങ്ങൾ ഇന്ത്യക്കാരെ കാണാൻ ദലൈലാമക്ക് സന്തോഷമേയുള്ളുവെന്നും ഗേറ്റിനു മുൻപിൽ നിൽക്കുന്ന സന്യാസിമാർ വിശദീകരിച്ചു.അവർ കുടകിലെ ബൈലകുപ്പയിൽ നിന്നും ലാമയെ കാണാൻ വന്നതാണു. അന്നു തന്നെ ഡാൽഹൗസിയിൽ എത്തേണ്ടുന്നതിനാൽ ആ ക്ഷണം ഞങ്ങൾ വിനയപൂർവ്വം നിരസിച്ചു.

നിരത്തിന്റെ ഇരുവശത്തും ടിബറ്റൻ ഹാന്റിക്രാഫ്റ്റുകൾ വിൽക്കുന്ന കടകളാണു. പ്രാർത്ഥനാ  ചക്രങ്ങൾ, മണികൾ, മാലകൾ ബുദ്ധവിഗ്രഹങ്ങൾ തുടങ്ങിയവ നിരത്തി വച്ചിരിക്കുന്ന തും  നോക്കി കടകൾക്കിടയിലൂടെ ഇടുങ്ങിയ വഴികളിലേക്കിറങ്ങി.
ഇരുവശത്തും നിറയെ കൊച്ചുകൊച്ച് മുറികളാണു. ഉയരം കുറഞ്ഞ മേശക്ക് പിന്നിൽ ചമ്രം പടിഞ്ഞിരുന്ന് മുമ്പിൽ നിവർത്തിയിട്ട മഞ്ഞയും വെള്ളയും നിറമുള്ള പട്ടുതുണികളിൽ ശ്രദ്ധയോടെ പ്രാർത്ഥനാ വചനങ്ങൾ എഴുതുന്ന ആളുകൾ. അവർക്കിതൊരു നേർച്ചയാണു. ഈ പട്ടുതുണികൾ തെരുവോരങ്ങളിൽ കൊടിക്കൂറകളായി തൂക്കും.സിൽക്കിന്റെ തുണിയിൽ അതീവ ചാരുതയോടെ പെയിന്റിങ്ങ് ചെയ്യുന്ന ആളുകളുമുണ്ട്. ഈ പെയിന്റിങ്ങുകൾ താൻ ഗ എന്നാണു അറിയപ്പെടുന്നത്. ഇവ ബുദ്ധമത പഠനത്തിനും അമ്പലത്തിനകത്ത് അലങ്കരിക്കാനും ഉപയോഗിക്കുന്നു.
തന്റെ മുൻപിൽ വിരിച്ച തുണിയിൽ അതീവ ശ്രദ്ധയോടെ വിവിധ രൂപങ്ങൾ വരച്ചെടുക്കുന്ന വൃദ്ധന്റെ മുമ്പിൽ ഞങ്ങൾ ചമ്രം പടിഞ്ഞിരുന്നു. സാധാരണയായ് ഒരു താൻ ഗ തുടർച്ചയായ സംഭവങ്ങളുടെ ആഖ്യാനമല്ലെന്നും മറിച്ച് വ്യത്യസ്ത സംഭവങ്ങളുടെ, ആശയങ്ങളുടെ ആകെത്തുകയാണെന്നും വൃദ്ധൻ വിശദീകരിച്ചു.
1960 കളിൽ ടിബറ്റിലെ മഞ്ഞ് പുതഞ്ഞ മലനിരകളിൽ മരിച്ച് വീണ ആയിരക്കണക്കിനു ലാമമാരെ പറ്റി ആ വൃദ്ധനോട് ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്. അഹിംസ എന്നെ വിശ്വാസത്തെ ഉപേക്ഷിച്ച് തങ്ങളുടെ മാതൃഭൂമിയേയും ആത്മീയ ആചാര്യനേയും സംരക്ഷിക്കാൻ ആയുധമെടുക്കേണ്ടി വന്ന ബുദ്ധസന്യാസിമാർ. നിലനിൽപ്പും വിശ്വാസവും തമ്മിലുള്ള മനസാക്ഷി യുദ്ധത്തിൽ എങ്ങനെ അക്കാലത്ത് അവർ പിടിച്ച് നിന്നു എന്നാ വൃദ്ധനിൽ നിന്ന് കേൾക്കാനായെങ്കിൽ എന്ന് ഞാനാശിച്ചു. അയാളുടെ കൂടപ്പിറപ്പുകളൊ മറ്റാരെങ്കിലുമൊ അന്നാ മഞ്ഞ് മലകളിൽ എന്നേക്കുമായി മറഞ്ഞ് പോയിട്ടുണ്ടൊയെന്ന ചോദ്യം എന്റെയുള്ളിൽ തന്നെ മുഴങ്ങിയൊടുങ്ങി.  വരക്കുന്ന ചിത്രത്തിൽ നിന്നും മുഖമുയർത്തി വെളുത്ത പാട അതിരിട്ട ചീമ്പൻ കണ്ണുകൾ വിടർത്തി അയാൾ നിറഞ്ഞ് ചിരിച്ചു. "താഷി ഡിലേക്ക്."
വൈകുന്നേരം , കോട് വാലി ബസാറിലെ തിരക്കിലൂടെ തിങ്ങിനിറഞ്ഞ കടകളിൽ കയറിയിറങ്ങി ഷാളുകൾക്കും കംബളങ്ങൾക്കും വിലചോദിച്ച് ,വഴിവക്കിലൊരിടത്ത് കനലിൽ ചോളം ചുട്ടെടുക്കുന്ന ബാലനോട് കുശലം പറഞ്ഞ് , പാനിപൂരി വിൽക്കുന്ന കടക്ക് മുമ്പിലൂടെ , റോഡിലേക്കിറക്കി കെട്ടിയ കടയിൽ വെച്ച് മോമോയുണ്ടാക്കുന്നതും നോക്കി നിന്ന് വാങ്ങണോ വേണ്ടയോയെന്ന് സംശയിച്ച് , തനിക്ക് മുന്നിൽ വെച്ച പെട്ടിയിൽ നിന്നും വിവിധ എണ്ണകളും ലേഹ്യങ്ങളും പുറത്തെടുത്ത് അവയുടെ മഹത്വം വിളിച്ച് പറയുന്ന ആജാനുബാഹുവായ ലാട വൈദ്യന്റെ മുൻപിൽ , നമ്മുടെ ജഗതി ചേട്ടനെ ഓർത്ത് നിന്ന് അലസമായി ഒരു നടത്തം. നഗരചത്വരത്തിലെ നന്നെ ചെറിയ പാർക്കിൽ നനഞ്ഞ് കിടക്കുന്ന സിമെന്റ് ബെഞ്ചിലിരുന്ന് തൊട്ടപ്പുറത്തെ ടൂറിസം ഇൻഫോർമേഷൻ ഓഫീസിനു മുൻപിൽ അരങ്ങേറുന്ന ഹിമാചലിലെ നാടോടി സംഘത്തിന്റെ പാട്ടിനും നൃത്തത്തിനും കാതോർത്ത് , താഴവരകൾക്കപ്പുറത്ത് നിവർന്ന് കിടക്കുന്ന മഞ്ഞ് മലകളെ നോക്കിയിരിക്കുമ്പോൾ ഉള്ളിലൂറുന്ന അവാച്യമായ അനുഭൂതി. ജന്മനാട്ടിൽ നിന്നും കാതങ്ങൾക്കിപ്പുറം വിദൂരമായ ഈ മലമടക്കിൽ അപരിചിതരായ ആളുകൾക്കിടയിൽ അങ്ങനെയിരിക്കുമ്പോൾ ഉള്ളിലുയിർകൊള്ളുന്ന പുതിയൊരുണര്‍വ് . പഴയ കാഴ്ചകളൊക്കെയും പുതിയൊരു കണ്ണിലൂടെ നോക്കിക്കാണാനുള്ള എളിമ. അത് തന്നെയാണു ഓരോ യാത്രയും ബാക്കി വെക്കുന്നതും.