Saturday, June 30, 2012

മഞ്ഞുറഞ്ഞ വഴികളിലൂടെ...കിഴക്കിന്റെ സ്വിറ്റ്സര്‍ലാന്റ് ; അങ്ങനെയാണു സിക്കിം അറിയപ്പെടുന്നത്.
തികച്ചും സാര്‍ത്ഥകമായ പേരു തന്നെയെന്ന്
സിക്കിമിലൂടെ ഒരു വട്ടം സഞ്ചരിക്കുന്നവര്‍ക്ക് ബോധ്യമാകും.
മഞ്ഞും തണുപ്പും കൈകോര്‍ത്ത് പിടിച്ച്
താഴെ കുന്നിന്‍ ചെരുവില്‍ ഉറങ്ങിക്കിടക്കുന്ന
ഗ്രാമങ്ങളിലേക്ക് നമ്മെ വരവേല്‍ക്കും. കാറ്റ് , മെല്ലെ കവിളില്‍
തട്ടി ദേ ...ആ മഞ്ഞ് മലയില്‍ നിന്നാണു ഞാന്‍ വരുന്നതെന്ന്
കൈചൂണ്ടിയാല്‍ നമ്മള്‍ ഒന്നുകൂടെ ചൂളിപ്പിടിക്കും തണുത്തിട്ട്....

വിശാലമായ് പുഞ്ചിരിക്കുന്ന ജനങ്ങള്‍, അപരിചതരോട് തീരെ
അകലം വെക്കാത്ത പ്രകൃതം.നാഗരികതയുടെ തിരക്കുകളൊന്നും
അവരെ തൊട്ട് തീണ്ടിയിട്ടില്ല.
സുഖിം എന്നും സിക്കിമിനെ വിളിച്ച് കേള്‍ക്കാറുണ്ട്. ഗാംങ്ങ്ടോക്ക്
ആണു സിക്കിമിന്റെ തലസ്ഥാനം. സിലിഗുരിയില്‍ നിന്നും
അന്‍പത്താറ് കിലോമീറ്ററാണ് ഗാങ്ങ്ടോക്കിലേക്ക്, സിലിഗുരിയില്‍
ഒരു എയര്‍പോര്‍ട്ടുണ്ട്. വെസ്റ്റ് ബംഗാളിലെ ന്യൂ ജയ്പാല്‍ ഗുഡിയാണു
ഏറ്റവും അടുത്തറെയില്‍ വേ സ്ടെഷന്‍. ന്യൂ ജയ്പാല്‍ ഗുഡിയില്‍
ഇറങ്ങിയാല്‍ ടാക്സി കിട്ടും ഗാംങ്ങ്ടൊക്കിലേക്ക്,സിലിഗുരി വഴി.
സിലിഗുരിയില്‍ നിന്നും വഴി രണ്ടായി പിരിഞ്ഞു പോകുന്നുണ്ട്,
ഡാര്‍ജിലിങ്ങിലേക്ക് നാല്പതോളം കില്പ്മീറ്റരെ ഉള്ളു.
സിലിഗുരിയില്‍ നിന്നും ഗാങ്ങ്ടോക്കിലേക്കുള്ള കയറ്റം കയറുമ്പോള്‍
ഒരു നദിയും നമുക്ക് പിന്നാലെ വരും.


ടീസ്റ്റാ നദി, സിക്കിമിന്റെ ജീവ നാഢി. കലങ്ങിമറിഞ്ഞ് രൌദ്രഭാവത്തോടെ
ഉരുളന്‍ കല്ലുകള്‍ക്ക് മേല്‍ തലതല്ലിപ്പൊട്ടിച്ച്
ഒരു നദി, വണ്ടിയുടെ ഇരമ്പത്തിനു മീതെ അവളുടെ ശബ്ദം കേള്‍ക്കാനാകും.
ഹിമാലയത്തിലെ സോ ലാമൊ കുന്നില്‍
( Tso- Lhamo) നിന്നുല്‍ഭവിച്ച് സിക്കിമിന്റെ മുഴുനീളം ഓടിക്കിതച്ച്
തളര്‍ന്ന് ബ്രഹ്മപുത്രയെ വാരിപ്പുണരുന്ന മിടുക്കി.
റാംഗ്പോ ടൌണിനേയും കാലിപ്പൊംഗ് പട്ടണത്തേയുമൊക്കെ
തൊട്ട് തൊട്ടില്ലാന്ന മട്ടില്‍ അവള്‍ നമ്മോടൊപ്പം യാത്ര
തുടരും. കാലിപ്പോംഗില്‍ വെച്ച് രംഗീത് നദിയും ചേരുന്നുണ്ട് ഇവളുടെ
കളിയാട്ടത്തില്‍. അതി ശക്തമായ ഒഴുക്കാണിവിടെ,
പുഴക്ക് ഭ്രാന്ത് പിടിക്കുക എന്ന് കെട്ടിട്ടില്ലേ അത് തന്നെ. റാഫ്റ്റിങ്ങിനു
പറ്റിയ ഒഴുക്കും വെള്ളത്തിരിച്ചിലുകളും. കാലിപ്പോങ്ങിലെ
ടീസ്റ്റബസാറില്‍ റാഫ്റ്റിങ്ങിനുള്ള സൌകര്യം ഉണ്ട്.

സിക്കിമിന്റെ തലസ്ഥാനമാണു ഗാങ്ങ്ടോക്ക്. ഒരു ചെറിയ
പട്ടണം, പക്ഷെ നല്ല വൃത്തിയും വെടിപ്പുമുള്ള നിരത്തുകള്‍.
എംജി മാര്‍ഗും ലാല്‍ മാര്‍ക്കറ്റുമാണു പ്രധാന ഷോപ്പിങ്ങ് ഏരിയകള്‍.
ഭൂമിയുടെ കയറ്റിറക്കങ്ങള്‍ അതുപോലെ നിലനിര്‍ത്തിക്കൊണ്ടുള്ള
നിര്‍മ്മാണ രീതിയാണു സിക്കിമിലുടനീളം. കടകളിലേക്ക് ചിലപ്പോള്‍
നൂറുക്കണക്കിനു പടികള്‍ കയറിച്ചെല്ലണം. വൃദ്ധന്മാര്‍ അടക്കമുള്ള
പ്രദേശവാസികള്‍ അനായാസം കയറിപ്പോകുന്നത് പലപ്പോഴും നമുക്ക്
നോക്കിനില്‍ക്കേണ്ടി വരും.


ബൂട്ടിയാസ്, ലെപ് ചാസ്, നേപ്പാളീസ് എന്നീ മൂന്ന് വിഭാഗം ആളുകളാണ്
ഇവിടെയുള്ളത്. നേപ്പാളിയും ഹിന്ദിയും ഇംഗ്ലീഷും അറിയാം
അവര്‍ക്ക്. ടൂറിസമാണു പ്രധാന വരുമാന മാര്‍ഗ്ഗം. സ്തീകള്‍ക്കാണു
കുടുംബത്തില്‍ പ്രാധാന്യം എന്നു തോന്നുന്നു.
വെളുപ്പിനു ഫ്ലാസ്ക്കുകളില്‍ ചായ നിറച്ചു കൊണ്ട് വന്ന് വില്‍പ്പന
നടത്തുന്ന സ്ത്രീകള്‍ നിരവധി. പുലര്‍ച്ചെ എണീറ്റ് ചുടുചായയും കുടിച്ച്
അങ്ങകലെ വെള്ളിക്കൊലുസണിഞ്ഞു നില്‍ക്കുന്ന കാഞ്ചന്‍ ജംഗയുടെ
കാഴ്ച്ച അതിമനോഹരമാണു.


ഗാങ്ങ്ടൊക്കില്‍ നിന്നും അന്‍പത്തിയാറ് കിലോമീറ്ററാണു
നാഥുല പാസ്സിലേക്ക്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിള്‍
റോഡുകളിൽ ഒന്നാണു നാഥുല പാസ്സ്. പണ്ട് ഹൈസ്ക്കൂളില്‍ സില്‍ക്ക് റൂട്ടിനെ
പറ്റി ബാലചന്ദ്രന്‍ മാഷ് ക്ലാസ്സെടുക്കുമ്പോള്‍ കോട്ടുവാ വിട്ട്
സമയത്രായെടീന്ന് ചോദിക്കുമായിരുന്നു ഞാന്‍ ജ്യോതിയോട്..,
ഇപ്പോള്‍ ഗാങ്ങ്ടൊക്ക് -നാഥുലാ ഹൈവേയില്‍ നില്‍ക്കുമ്പോള്‍
പൊടുന്നനെ എനിക്ക് മാഷിനെ ഓര്‍മ്മ വന്നു. ചൈനയില്‍ നിന്നും
ഇന്ത്യയിലേക്ക് വ്യാപാരസംബന്ധമായ് ആളുകള്‍ കടന്നു വന്നിരുന്ന റൂട്ടാണിത്.
ഒരുപാട് പേരുടെ ചവിട്ടറ്റിയേറ്റ പുരാതനമായ മണ്ണ്. ആര്‍ക്കറിയാം
ചിലപ്പോള്‍ ഹുവാന്‍സാങ്ങ് ഇന്ത്യയിലേക്ക് കടന്ന് വന്ന വഴിയും
ഇത് തന്നെയാവില്ലേ...


വളഞ്ഞു പുളഞ്ഞ് മേലോട്ട് കയറിപ്പോകുന്ന റോഡില്‍ താഴേക്ക്
നോക്കിയാല്‍ തല കറങ്ങും, റോഡിന്റെ പകുതിയേ ഉള്ളൂ,
ബാക്കിയൊക്കെ ഇടിഞ്ഞു പോയിരിക്കുന്നു. എപ്പോള്‍ വേണെലും
ലാന്‍ഡ് സ്ലൈഡ് ഉണ്ടാകാം എന്ന മുന്നറിയിപ്പ്
ബോര്‍ഡുകള്‍ കണ്ടു പലയിടത്തും. ബോര്‍ഡര്‍ റോഡ്
ഓര്‍ഗനൈസേഷന്റെ ജവാന്മാര്‍ പൊളിഞ്ഞ് കിടക്കുന്ന റോഡുകള്‍
അപ്പപ്പോള്‍ നന്നാക്കുന്നുണ്ട്. അങ്ങകലെ മഞ്ഞു കുപ്പായമണിഞ്ഞ്
നില്‍ക്കുന്ന ഹിമവാന്റെ ഗാംഭീര്യം കാ‍ണുന്നുണ്ട്.

നാഥുലപാസ്സിലെക്ക് എത്തുന്നതിനു മുന്‍പാണു മഞ്ഞുറഞ്ഞ്
രൂപപ്പെട്ട ചങ്കു ലേക്ക്. ഹിമവാന്റെ മടിത്തട്ടില്‍ മയങ്ങിക്കിടക്കുന്ന സുന്ദരി.

തന്റെ നീണ്ടഫ്രോക്കിന്റെ അറ്റത്ത് നനുത്ത മഞ്ഞ് കട്ടകള്‍
കൊണ്ട് അലങ്കാരപ്പണികള്‍ തുന്നി പ്പിടിപ്പിച്ച് മിഴികള്‍
പൂട്ടി ലാസ്യ ഭാവത്തില്‍ ശയിക്കുന്ന മോഹിനി.

തണുപ്പിപ്പോള്‍ അതിന്റെ ഉച്ഛസ്ഥായിയിലാണു, തണുപ്പിനെ
തടയാന്‍ കമ്പിളിക്കോട്ടുകളും കാലുറകളും വില്‍ക്കുന്ന
കടകളുണ്ട് അവിടെ ധാരാളം. ജാക്കറ്റും കാലുറയുമൊക്കെ
ധരിച്ച് തണുപ്പിനെ തോല്‍പ്പിച്ച സന്തോഷത്തോടേ
വീണ്ടും മുകളിലേക്ക്...യാക്കിന്റെ പുറത്തൊരു സവാരി നടത്താം വേണമെങ്കില്‍..
സമുദ്ര നിരപ്പില്‍ നിന്നും 14500 അടി ഉയരത്തിലാണുനാഥുലാ പാസ്സ്.


ചുറ്റും മഞ്ഞ് കമ്പളം വിരിച്ചിരിക്കുന്നു.
യഥേഷ്ടം ഇറങ്ങി മഞ്ഞ് വാരിക്കളിക്കാം നമുക്ക്.


മഞ്ഞ് കമ്പളത്തിലൂടെ താഴേക്ക് ഉരസിയിറങ്ങാന്‍ നല്ല സുഖം.
ഏറ്റവും മുകളില്‍ ഒരു ക്ഷേത്രമുണ്ട്. ബാബ ഹര്‍ഭജന്‍ സിങ്ങിന്റെ
ഫോട്ടോയൊക്കെ വെച്ച് ഒരു ചെറിയ അമ്പലം.


രജപുത്ത റെജിമെന്റിലെ ധീരനായ ജവാനായിരുന്ന ഹര്‍ബ ജന്‍ സിംഗ്
1965 ല്‍ സിക്കിമില്‍ വെച്ചാണു അന്തരിക്കുന്നത്.
അദ്ദേഹത്തിന്റെ ഓര്‍മ്മക്കായാണു ഈ മന്ദിര്‍. ഈ കൊടും
മഞ്ഞത്ത് നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍
സദാസമയവും ജാഗരൂകരായ് നില്‍ക്കുന്ന പട്ടാളക്കാരെ
എത്ര നമിച്ചാലും മതിയാകില്ല. സീറോ പോയിന്റിലേക്ക്
ഇനിയും മുകളിലേക്ക് പോകണം. അവിടെ ചൈനയുടേയും
ഇന്ത്യയുടേയും അതിര്‍ത്തി വേലിക്കെട്ടി തിരിച്ചിരിക്കുന്നു.
1961 ലെ ഇന്ത്യാ ചൈന യുദ്ധത്തെ തുടര്‍ന്ന് ഈ വഴി
അടച്ച് സീല്‍ വെച്ചിരുന്നു. പിന്നീട് 2006 ലാണു അതിര്‍ത്തി
വീണ്ടും തുറക്കുന്നത്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന
മഞ്ഞാണു ചുറ്റിനും, വീശിയടിക്കുന്ന കാറ്റിന്റെ സീല്‍ക്കാരം
മാത്രെ കേള്‍ക്കാനുള്ളൂ. മഞ്ഞിനു മുകളില്‍ നിശബ്ദത വല
കെട്ടിയിരിക്കുന്നു. അല്ലെങ്കിലും എല്ലാ അതിര്‍ത്തികളും
ഇങ്ങനെ തന്നെയാണു. സൌഹൃദവും സ്നേഹവുമൊക്കെ
കനത്ത ഭാവ ചലങ്ങളില്‍ ഒളിപ്പിച്ച് വെച്ച് വല്ലാതെ മസിലു പിടിച്ചു കളയും.


മഞ്ഞില്‍ കാല്‍ പൂഴ്ത്തി നിന്ന് തണുത്ത് മരവിച്ച കൈവിരലുകള്‍
കൂട്ടിത്തിരുമ്മി അവിടയങ്ങനെ നില്‍ക്കുമ്പോള്‍ ഞാനാലോചിച്ചത്
അതിര്‍ത്തികളില്‍ മുട്ടിത്തിരിയാത്ത രാജ്യങ്ങളെ കുറിച്ചായിരുന്നു.
വേലി കെട്ടി തിരിക്കാ‍തെ , തുറിച്ച നോട്ടങ്ങളില്ലാതെ യഥേഷ്ടം
ആര്‍ക്കും കടന്നു പോകാവുന്ന വഴികള്‍.
സ്നേഹവും സൌഹൃദവും തണല്‍ വിരിക്കുന്ന വഴിത്താരകള്‍...

Friday, June 15, 2012

ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ ഒരു യാത്ര...


“ ബാബീ ആപ് ചായ് നഹി പിയാ, ക്യോം..ഹം ലോഗ് ഗരീബേ,
ഖര്‍ തോ ചോട്ടാ ഹേ..ഇസ് ലിയെ......? .”

എനിക്ക് മുന്നിലിരുന്ന ആ പെണ്‍കുട്ടിയുടെ ചോദ്യം കേട്ടപ്പോള്‍
ചവര്‍പ്പ് കാരണം കുടിക്കാനാവാതെ വെച്ചിരുന്ന
വെള്ളം ഒറ്റവലിക്ക് ഞാനെടുത്ത് കുടിച്ചു. പിന്നാലെ ചായ കുടിച്ച്
ഗ്ലാസ്സ് തിരികെ കൊടുക്കുമ്പോള്‍ ചിരി വറ്റിപ്പോയിരുന്നു
എന്റെ ഉള്ളില്‍.


വെസ്റ്റ് ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ
ഔറംഗാബാദ് എന്ന ഗ്രാമത്തിലായിരുന്നു ഞങ്ങള്‍, വിഷന്‍ 2016 ന്റെ
ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ ആത്മാവിലേക്കൊരു യാത്ര എന്ന
പരിപാടിയില്‍ അംഗമാകുമ്പോഴെ ഉറപ്പിച്ചിരുന്നു ഇതെന്റെ കാഴ്ച്ചപ്പാടുകളെ,
ചിന്തകളെയൊക്കെ മാറ്റിമറിക്കുമെന്ന്..., പക്ഷെ ഇന്ത്യന്‍ ഗ്രാമങ്ങളുടെ
സ്ഥിതി, ജനങ്ങളുടെ ജീവിതം ,ഇത്രത്തോളം ദയനീയമാകുമെന്ന് ഞാന്‍
സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

ഇന്ത്യയുടെ ഒട്ടുമിക്ക പട്ടണങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഞാന്‍ പോയിട്ടുണ്ട്,
അന്നൊക്കെ ഇന്ത്യയുടെ മറ്റൊരു
മുഖമാണു ഞാന്‍ കണ്ടത്, ആഘോഷങ്ങളുടെ, ധാരാളിത്തത്തിന്റെ ,
പ്രൊഢിയുടെ വര്‍ണാഭമായ മായക്കാഴ്ചകള്‍.
കോട്ടക്കൊത്തളങ്ങള്‍, ആകാശം മുട്ടുന്ന മിനാരങ്ങള്‍,
തെരുവുകളിലൂടെ ആടിയും പാടിയും നീങ്ങിക്കൊണ്ടിരിക്കുന്ന
ജനങ്ങള്‍, ഒരിക്കലും ഉറങ്ങാത്ത നഗരവീഥികള്‍.....
പക്ഷെ ഇപ്പോള്‍ ബംഗാളിലേയും ബീഹാറിലേയും ഗ്രാമങ്ങളിലൂടെ
കടന്നു പൊയപ്പോള്‍, അവരുടെ വീടുകളുടെ
അകത്തേക്ക് കടന്നു ചെന്നപ്പോള്‍ എനിക്കോര്‍മ്മ വന്നത് ഇന്ത്യയുടെ
നവോത്ഥാനം തുടങ്ങേണ്ടത് നഗരങ്ങളില്‍ നിന്നല്ലാ എന്നും അതിവിടത്തെ
ഗ്രാമങ്ങളില്‍ നിന്നുമാണെന്ന് പറയുകയും അതിനു വേണ്ടി പരിശ്രമിക്കുകയും
ചെയ്ത ഒരു കുറിയ മനുഷ്യനേയാണു; ഗാന്ധിജിയെ..., അന്ന് വിഭജനത്തിനു
ശേഷം ബ്രിട്ടീഷുകാര്‍ കട്ടു കടത്തിക്കൊണ്ട് പോയതിന്റെ ബാക്കി സാധനസാമഗ്രികള്‍ ,
പെന്നുകളും മഷിക്കുപ്പിയുമടക്കമുള്ള വസ്തുവകകള്‍
പങ്കിട്ടെടുക്കുന്ന തിരക്കിലായിരുന്നു ജിന്നയും പട്ടേലും നെഹ്രുവുമൊക്കെ,
ഇതിലൊന്നും ഭാഗഭാക്കാവാതെ ഗാന്ധിജി ഗ്രാമങ്ങളിലെ ജനങ്ങളെ
കക്കൂസുണ്ടാക്കുന്നത് പഠിപ്പിക്കുകയായിരുന്നു....!! അവിടുന്ന് അവര്‍
മുന്നോട്ട് പോയിട്ടേയില്ല... ആ ഗ്രാമങ്ങളിലൊന്നും ഇപ്പൊഴും
ഒറ്റകക്കൂസു പോലുമില്ല...!!!!നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ....എന്ന്
നമ്മെ പാടിപ്പഠിപ്പിച്ച ഒരു പ്രസ്ഥാനത്തിന്റെ വക്താക്കള്‍ നീണ്ടകാലം
ഭരിച്ച ഒരു സ്ഥലമാണു ബംഗാളെന്ന് , ആ ഗ്രാമങ്ങളുടെയും ജനങ്ങളുടെയും
അവസ്ഥ കണ്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം. വയലും കൃഷിയുമൊക്കെ
എമ്പാടുമുണ്ട്. അതൊക്കെ ജമീന്ദാറുടെയും ഠാക്കൂറുമാരുടേതുമാണെന്ന് മാത്രം.


അവിടെ പണിയുണ്ടെങ്കില്‍ മെയ് മറന്ന് പണിയാം, തുഛമായ കൂലിക്ക്,
അല്ലെങ്കില്‍ പട്ടിണി. വെസ്റ്റ് ബംഗാളിലെ മാല്‍ഡ പ്രവിശ്യയില്‍ ഉള്‍പ്പെട്ട
ഗ്രാമങ്ങളാണു ഡാക് ബംഗ്ല, റാണി നഗര്‍, ശങ്കര്‍പൂര്‍ എന്നിവ.
ഒന്നിനൊന്ന് കഷ്ടമാണു ഓരോയിടത്തേയും അവസ്ഥ. ഒരു ജനതയെ ജീവിതകാലം
മുഴുവന്‍ അന്ധകാരത്തിലാഴ്ത്താന്‍ ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം വിദ്യാഭ്യാസം
നിഷേധിക്കുക എന്നതാണു. അത് കാലാകാലമായ് ഭരണകൂടം വളരെ
നന്നായിതന്നെ ചെയ്യുന്നുണ്ട്. എന്നാലല്ലെ വോട്ട് ബാങ്ക് നിലനില്‍ക്കൂ..


ഇനി സ്കൂളുകള്‍ ഉള്ളിടത്താകട്ടെ പഠിപ്പ് എന്നൊരു സംഗതി ഇല്ലാത്രെ.!!
റാണി നഗറില്‍ വെച്ച് ചുറ്റും കൂടിയ പയ്യന്മാരില്‍ ഒരുത്തന്‍ പറഞ്ഞത്
പഠിപ്പിക്കുന്ന ഒരു ടീച്ചറെ വേണം ഞങ്ങള്‍ക്ക് എന്നാണു, ഒരുപാട്
പേരോട് പറഞ്ഞു നോക്കിയിട്ടും നടക്കുന്നില്ലായെന്ന്.., അവനത് പറഞ്ഞപ്പൊ
ഞാനോര്‍ത്തത് എന്റെ മോനേയാണു, എന്തെല്ലാം സൌകര്യങ്ങളാണു
നമ്മുടെയൊക്കെ മക്കള്‍ക്ക്....


(ബംഗാളില്‍ കുട്ടികളെ സ്കൂളില്‍ കൊണ്ട്പോകാന്‍ ഉപയോഗിക്കുന്ന വണ്ടി)

ശങ്കര്‍പൂരില്‍ വിഷന്‍ നടത്തുന്ന ഒരു റെസിഡന്‍ഷ്യന്‍ സ്കൂളുണ്ട്,
കുറെയധികം കുട്ടികളുണ്ട് അവിടെ,റാണിനഗറില്‍ മലയാളിയായ
ഒരു എഞ്ചിനീയര്‍ ഇരുപത്തഞ്ചോളം ഏക്കര്‍ സ്ഥലം വാങ്ങി വിഷനു
കൈമാറിയിട്ടുണ്ട്. അവിടെ വീടുകളും ആശുപത്രി തുടങ്ങിയവ സ്ഥാപിക്കുന്നതിന്റെ
പ്രാരംഭ പ്രവര്‍ത്തനത്തിലാണു വിഷന്‍ പ്രവര്‍ത്തകര്‍.ഡാക് ബംഗളായില്‍
കുറെയധികം വീടുകളുടെ പണി നടന്നു കൊണ്ടിരിക്കുന്നുമുണ്ട്.
കടലില്‍ കായം കലക്കിയ പോലെയേ ആവുന്നുള്ളു ഇതൊക്കെ,
പാവപ്പെട്ടവരില്‍ നിന്നും അര്‍ഹരായവരെ തെരഞ്ഞെടുത്താണു വീടുകളും
തൊഴില്‍ സാമഗ്രികളുമൊക്കെ വിതരണം ചെയ്യുന്നത്, സത്യം പറഞ്ഞാല്‍
എല്ലാവരും സഹായത്തിനു അര്‍ഹരാണു, ഒരു എന്‍ ജി ഒ സംഘടന
വിചാരിച്ചാലും അതിനു കഴിയില്ല, അത്രക്കുണ്ട് കഷ്ടപ്പെടുന്നവര്‍.
സര്‍ക്കാര്‍ തലത്തില്‍ നിന്നു തന്നെ സഹായം എത്തേണ്ടിയിരിക്കുന്നു.


ഗ്രാമത്തിലൊരിടത്തും ആശുപത്രികളില്ല, ഉള്ളത് തന്നെ അന്‍പതും
അറുപതും കിലോമീറ്ററുകള്‍ അപ്പുറത്താണു, എത്തിപ്പെടുക അസാധ്യം,
മിക്ക പ്രസവങ്ങളും നടക്കുന്നത് വീട്ടില്‍ വെച്ച് തന്നെ. അമ്മക്കും കുഞ്ഞിനും
ഭാഗ്യമുണ്ടെങ്കില്‍ ജീവന്‍ കിടക്കും. നസ് ബന്ധി എന്നൊരു ഏര്‍പ്പാട് അവരുടെ
ഇടയില്‍ ഇല്ല. എനിക്ക് മുന്നില്‍ നിന്ന കൌമാരം വിടാത്ത ഒരു
ഗര്‍ഭിണിയോട് ഞാന്‍ ചോദിച്ചു ഇതെത്രാമെത്തേതാണെന്ന്...
വിരല്‍ മടക്കി അവള്‍ പറഞ്ഞു നാലെന്ന്, എന്റെ നോട്ടം കണ്ടാവണം
അടുത്തിരുന്ന അവളുടെ ഭര്‍ത്താവ് കൈയുയര്‍ത്തി കാ കരേ..ഊപ്പര്‍ വാല
ദേത്തേ ഹേനാ..എന്നു പറഞ്ഞപ്പോള്‍ എനിക്കവന്റെ മൂഞ്ചിക്കിട്ടൊന്ന്
കൊടുക്കാന്‍ തോന്നി. പക്ഷെ ഞരമ്പെഴുന്നു നില്‍ക്കുന്ന കൈകള്‍ കൊണ്ട്
വീര്‍ത്തുനില്‍ക്കുന്ന വയറും താങ്ങി ആ പെണ്‍കുട്ടി പറഞ്ഞത് കേട്ടപ്പോള്‍
ഞാന്‍ ഒരു നിമിഷം തരിച്ചു നിന്നു പോയി.
സിന്തഗി പേ കോയി കുശി നഹി, രംഗി കപടാ, മകാന്‍ ,
ഖാനാ ഭി കമി. ഫിര്‍ കൈസേ മെനെ ഇസ് സെ
യെ ഭി മനാ കര്‍ സക്തി....? ഞാന്‍ മരിച്ചു പോകുമെങ്കില്‍
പോയ്ക്കോട്ടേന്ന് അവള്‍ പറഞ്ഞപ്പോള്‍ എന്റെ
നാവിറങ്ങിപ്പോയി.

മാല്‍ഡ റെയില്‍ വെ സ്റ്റേഷനില്‍ നിന്നും ബീഹാറിലെ അരാഡിയയിലേക്കുള്ള
യാത്രയില്‍ ചൂടും, ഉറക്കമില്ലായ്മയും നീണ്ട യാത്രയുമൊക്കെ കാരണം
എല്ലാവരും ക്ഷീണിച്ചു പോയിരുന്നു. ബീഹാറില്‍ രണ്ട് ദിവസം ഉണ്ടായിരുന്നു
ഞങ്ങള്‍. മേധാപുര, പുര്‍ണിയ, സുപോല്‍ എന്നീ ജില്ലകളിലെ
ഗ്രാമങ്ങളിലേക്കായിരുന്നു ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്നത്.
ഗ്രാമങ്ങളൊക്കെ ബംഗാളില്‍ കണ്ട പോലെ തന്നെ, ദാരിദ്ര്യവും
പട്ടിണിയും തൊഴിലില്ലായമയും കൊണ്ട് വരണ്ട് ഓജസ്സ്
വറ്റിയ ഗ്രാമങ്ങള്‍.

വൈദ്യുതി എന്നത് മിക്കസ്ഥലത്തും
ആര്‍ഭാടമാണു. ആഴ്ചയില്‍ ഒന്നോ രണ്ടോ മണിക്കൂറോ
ആണത്രെ കറന്റ് വരിക. കുട്ടികളൊക്കെ പോത്തിന്റെ പുറത്താണു,
ഒന്നുകില്‍ അവരുടെ അല്ലെങ്കില്‍ ജമീന്ദാരുടെ,
അതിനെ മേക്കലാണു പ്രധാന പരിപാടി. സ്കൂളില്‍ പോക്ക് വല്ലപ്പോഴും..

കക്കൂസോ കുളിമുറിയോ ആര്‍ക്കും ഇല്ല, ഒരു നാലു ചുവരിന്റെ മറ
ഉണ്ടായിരുന്നെങ്കില്‍ “ആ ദിവസങ്ങളിലെ “ കഷ്ടപ്പാട്
കുറച്ച് കുറഞ്ഞേനേം എന്നാണു യുവതിയായ ഒരു വീട്ടമ്മ പറഞ്ഞത്. .
ദിനേന പലവട്ടം സാനിറ്ററി നാപ്കിനുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യം
കാണുന്ന എനിക്കോ നിങ്ങള്‍ക്കൊ അവരുടെ വിഷമം ഉള്‍ക്കൊള്ളാനാകുമോ...
“ ആ ദിവസങ്ങളില്‍ “ അവരാഗ്രഹിക്കുന്നത് സ്കൂട്ടറോടിക്കാനോ മതിലു
ചാടാനോ ഒന്നുമല്ല ! രക്തം പുരണ്ട തുണി മാറ്റാനും
കഴുകാനും അല്പം സ്വകാര്യത മാത്രമാണു !! പണ്ട് രാജസ്ഥാനിലെ
ഒരു ഗ്രാമത്തില്‍ വെച്ച് ഒരു സ്ത്രീ പറഞ്ഞത്
വെള്ളമില്ലാത്തത് കാരണം ആ ദിവസങ്ങളില്‍ അവരുപയോഗിക്കുക
മണല്‍ സഞ്ചികളാണെന്ന്...!!! , കിലോമീറ്ററുകള്‍
താണ്ടി വേണം വെള്ളം കൊണ്ട് വരാന്‍. ഇങ്ങനേയും ആളുകള്‍
ജീവിക്കുന്നുണ്ട് നമ്മുടെ രാജ്യത്ത്, അവരുടെ മുന്നിലേക്കാണു
ചാനലുകള്‍ ഈ മായക്കാഴ്ചകള്‍ തുറന്നുവിടുന്നത് !!!!

ബീഹാരിലെ സുപോല്‍ ജില്ലയിലാണു കോസി നദി,


ബീഹാറിന്റെ ശാപമാണു ഈ നദി, വെള്ളപ്പൊക്കം കാരണം തീരാദുരിതമാണു.
കഴിഞ്ഞ 2008 ആഗസ്റ്റിലെ വെള്ളപ്പൊക്കത്തില്‍ അയ്യായിരം
പേരാണു ഇവിടെ ഒലിച്ച് പോയത്. ആടുമാടുകള്‍
വേറേയും.നദിയുടെ കരയിലും നദിക്ക് നടുവിലെ കൊച്ചു തുരുത്തിലും
ഒക്കെയാണു ആളുകള്‍ കഴിയുന്നത്, വെള്ളം പൊങ്ങിയാല്‍
ഒലിച്ച് പോകും എന്നത് സുനിശ്ചയം. എന്നിട്ടും അവരവിടെ തന്നെ
നില്‍ക്കുന്നത് പോകാന്‍ വേറെ സ്ഥലമില്ല എന്നത് കൊണ്ട്
മാത്രമാണു. കുഞ്ഞു കുട്ടികളും വയസ്സാവരും അടക്കം നിരവധി ആളുകള്‍
തിങ്ങി താമസിക്കുന്നുണ്ട് അവിടെ, വല്ലാത്തൊരു
കാഴ്ചയായിരുന്നു അത്, പണമില്ലാത്തവന്‍ പിണം എന്നത് എത്ര സത്യം.


പൊതു ഖജനാവില്‍ നിന്നും കാശെടുത്ത്
കുടുംബ സമേതം തേരാപാര വിദേശയാത്ര നടത്താനും കട്ടുമുടിക്കാനും
മാത്രം മിടുക്ക് കാട്ടുന്ന നമ്മുടെ ഭരണാധികാരികളുടെ കണ്ണു തുറക്കാന്‍
എന്തുണ്ട് പോംവഴി...?
ബീഹാറില്‍ നിന്നും നേപ്പാളിലേക്കുള്ള യാത്രയില്‍ ഇടക്ക്
ഞങ്ങള്‍ ബംഗാളിലെ നക്സല്‍ബാരി ഗ്രാമത്തിലൂടെ കടന്നു
പോയിരുന്നു. കനുസന്യാലും ചാരുമംജുദാറുമൊക്കെ ജീവന്‍
കൊടുത്ത ഒരു പ്രസ്ഥാനം ഉയിര്‍കൊണ്ട ഇടം.


മാവോയിസ്റ്റുകളാണു ഇപ്പോള്‍ ബംഗാളിലും ബീഹാറിലും
ഭീതി പരത്തുന്നത്. ദാരിദ്ര്യത്തിലും കടുത്ത അവഗണയിലും
കിടന്നുഴലുന്ന ഒരു ജനവിഭാഗത്തെ ബ്രെയിന്‍ വാഷ് ചെയ്യാന്‍
എളുപ്പമാണു. അവര്‍ ചാവേറാകും, പൊട്ടിത്തെറിക്കും കാരണം
അവര്‍ക്ക് നഷ്ടപ്പെടാന്‍ കൂടുതലൊന്നുമില്ല.

അരാഡിയയില്‍ നിന്നും നേപ്പാള്‍ ബൊര്‍ഡറിലേക്ക് നാല്പത്തഞ്ച്
കിലോമീറ്ററേ ഉള്ളൂ, മെച്ചി റിവറിന്റെ അപ്പുറത്തും
ഇപ്പുറത്തുമായ് രണ്ട് രാജ്യങ്ങള്‍. ഇപ്പുറം ബംഗാളിലെ പാനിടാങ്കി
എന്ന ചെറിയ പട്ടണം, പുഴക്കപ്പുറത്ത്
നേപ്പാളിലെ കാക്കര്‍ബീഠാ എന്ന അതിര്‍ത്തിഗ്രാമം.

ഒരു നദിയുടെ അപ്പുറവും ഇപ്പുറവുമുള്ള ആളുകള്‍ക്ക്
ഭാഷയിലും സംസ്കാരത്തിലും മുഖച്ഛായയിലും എന്തൊരു അന്തരം..!!
നേപ്പാളില്‍ കടക്കാന്‍ വിസയും പാസ്പോര്‍ട്ടുമൊന്നും
വേണ്ട, നേരെ മെച്ചിപാലം കടന്നാല്‍ നേപ്പാളായി.


ഇവിടുന്ന് കാഠ്മണ്ഢുവിലേക്ക് അറുന്നൂറ് കിലോമീറ്ററാണു റോഡ്
മാര്‍ഗ്ഗം. ചെറിയൊരു ടൂറിസ്റ്റ് സ്പോട്ടാണു കാക്കര്‍ബീഠാ, അതുകൊണ്ട്
തന്നെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചമാണു.
ഒരു ഓമ്ലെറ്റിനു മുപ്പത് രൂപയും ചായക്ക് ഏഴുരൂപയും വെച്ച് വില്‍പ്പന തകൃതി.
ഇന്ത്യന്‍ രൂപക്ക് പകരം നേപ്പാള്‍ കറന്‍സി
എക്സ്ചേഞ്ച് ചെയ്യുന്നവരും നിരവധി. പാരിസ്ഥിതിക പ്രശ്നങ്ങള്‍,
സാംസ്കാരികാ‍ധിനിവേശം എന്നിവയൊക്കെ ടൂറിസത്തിന്റെ
ഉപോല്‍പ്പന്നങ്ങളായ് ചുണ്ടിക്കാണിക്കാറുണ്ടെങ്കിലും , ടൂറിസം കൊണ്ട്
ജനങ്ങളുടെ പട്ടിണി മാറുമെങ്കില്‍ അത് തന്നെ
നല്ലത്. അവരും ജീവിക്കട്ടെ മനുഷ്യരെ പോലെ...

ഈ യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും ഒരുപാട് കാലത്തേക്ക്
എന്നെ പിന്തുടരും എന്ന് തീര്‍ച്ച. എന്റെ എല്ലാ
അഹങ്കാരങ്ങളും പുറം പൂച്ച്കളും അഴിഞ്ഞ് പോയിരിക്കുന്നു.
വളരെ പരിമിതമായ വസ്തുക്കള്‍ മതി മനുഷ്യര്‍ക്ക് ജീവിക്കാന്‍
എന്ന അറിവ് തന്നെ ധാരാളം. ഇല്ലായ്മകളെ പറ്റി ഞാനിപ്പോള്‍
ആലോചിക്കാറില്ല, മറിച്ച് ദൈവം എനിക്ക് നല്‍കിയ
അനുഗ്രഹങ്ങളെ കുറിച്ച് ഏറെ ബോധവതിയാണു താനും.

ഇതുപോലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഇറങ്ങിചെല്ലലുകള്‍
നല്ലതാണു ഇടക്ക്, അത് നമ്മെ ജീ‍വിതത്തെ
സ്നേഹിക്കാന്‍ പഠിപ്പിക്കും, മറ്റുള്ളവരെ സ്നേഹിക്കാനും.

(***നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്.)