Friday, December 7, 2012

മൂന്നാമതൊരാൾ....


അഞ്ചോ ആറോ വർഷം മുൻപ് വരെയെങ്കിലും മലയാളിയുടെ ജീവിതത്തിൽ ഒരു നിത്യസന്ദർശകനായ് അയാളുണ്ടായിരുന്നു; കക്ഷത്തിലിറുക്കിയ കറുത്ത ഡയറിയും കാലൻ കുടയുമായി അയാൾ കയറിയിറങ്ങാത്ത വീടുകൾ ചുരുക്കം ; ആ ഡയറിയിൽ മലയാളി യുവതീ യുവാക്കളുടെ സ്വപ്നങ്ങൾ ചേർത്ത് വച്ചിരുന്നു അയാൾ, ഇന്നാർക്ക് ഇന്നാരെന്നു ഒരു ചെറു ചിരിയോടെ അയാൾ ചൂണ്ടിക്കാണിച്ച് തരുമ്പോൾ മറുത്തൊന്നും പറയാൻ മലയാളി ശീലിച്ചിട്ടുണ്ടായിരുന്നില്ല അന്ന്...


പക്ഷേ ഇന്ന്; കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നും പോലും അയാൾ അപ്രത്യക്ഷനായിരിക്കുന്നു. ആരും അയാളെ പ്രതീക്ഷിക്കുന്നേയില്ല ഇപ്പോൾ. പകരം വിരൽ തുമ്പിലെ ഒറ്റ ക്ലിക്കിലൂടെ നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നങ്ങൾ തൂക്കി നോക്കാം, വിലയിടാം. എന്തെളുപ്പം.എന്തൊരാശ്വാസം. ഏത് മതത്തിൽ പെട്ടതാകട്ടെ, ജാതിയിൽ പെട്ടതാകട്ടെ, കറുപ്പൊ വെളുപ്പൊ തടിച്ചതൊ, മെലിഞ്ഞ് നീണ്ടതൊ ആകട്ടെ, എല്ലാം ഒരൊറ്റ ക്ലിക്കിലൂടെ മുന്നിലെത്തുമ്പോൾ ഒന്നും ചെയ്യാനില്ലാതെയായിപ്പോയ അയാൾ എവിടെയോ മറഞ്ഞുപോയി. ഒറ്റക്കല്ല അയാൾ പോയത്, കൂടെ കൊണ്ട് പോയത് ഒരു സംസ്ക്കാരത്തെ ആയിരുന്നു; മലയാളിയുടെ സാമൂഹിക ബോധത്തെ ആയിരുന്നു.

പണ്ടൊക്കെ ഒരു വിവാഹം എന്നു വെച്ചാൽ, രണ്ട് വീട്ടുകാരുടെ, രണ്ട് കുടുബങ്ങളുടെ , രണ്ട് ദേശക്കാരുടെ ആഘോഷമായിരുന്നു.ആദ്യവട്ട പെൻണുകാണലും ചെക്കൻ കാണലും മിക്കവാറും സംഭവിക്കുക ഏതെങ്കിലും കല്യാണ വീട്ടിലൊ മരണാടിയന്തര വീട്ടിലൊ വെച്ചായിരിക്കും. ആ അന്വേഷണത്തിന്റെ ചുക്കാൻ പിടിക്കാനും ദൂത് പോകാനും അയാളുണ്ടാകും; മൂന്നമതൊരാൾ. മലയാളി ഒറ്റക്കൊന്നും നിശ്ചയിച്ചുറപ്പിച്ചിരുന്നില്ല അന്ന്. കുടുംബ ബന്ധങ്ങൾക്കും കൊടുക്കൽ വാങ്ങലുകൽക്കും വില കൽ‌പ്പിച്ചിരുന്ന മലയാളി ഇന്ന് തന്റെ മാത്രം ലോകത്തിലേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു.

ഈ അവസരം മുതലെടുത്ത് തന്നെയാണു മുൻപ് പത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വിവാഹ പരസ്യങ്ങൾ ഇന്ന് ഓൺലൈനായി മലയാളിയുടെ മുന്നിലെക്കെത്താൻ മത്സരിക്കുന്നത്. വിവിധ മാട്രിമോണിയൽ പോർട്ടലുകൾ, പല രൂപത്തിലും ഭാവത്തിലും അവന്റെ മുന്നിലേക്കെത്തുകയും തിരഞ്ഞെടുക്കാൻ യഥേഷ്ടം ഓപ്ഷനുകൾ ലഭ്യമായിരിക്കുകയും ചെയ്യുമ്പോൾ പിന്നെന്തിനു മൂന്നാമതൊരാളുടെ സാന്നിദ്ധ്യം.

ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കും , കൂട്ടുകുടുംബത്തിൽ നിന്നും ഫ്ലാറ്റുകളുടെ ഒറ്റപ്പെടലുകളിലേക്കും മാറിയ ഒരു സമൂഹത്തിനു തീർച്ചയായും ഈയൊരു സംവിധാനത്തിന്റെ ഗുണഗണങ്ങൾ വർണിക്കാനുണ്ടാകും. ജാതകം നോക്കലും പെണ്ണു കാണലും തീയതി നിശ്ചയിക്കലും വരെ ഇവ്വിധം നടന്നു കിട്ടുമ്പോൾ ആശ്വസിക്കുന്നവരുണ്ടാകും; നാടൊടുമ്പോൾ നടുവെ ഓടണമെന്ന ചൊല്ല്. പക്ഷെ അക്കൂട്ടത്തിൽ ഇല്ലാണ്ടായിപ്പോകുന്നത് ബന്ധങ്ങളുടെ ഊഷ്മളതയും കൊടുക്കൽ വാങ്ങലുകളിലൂടെ ഉരുത്തിരിഞ്ഞ് വന്നിരുന്ന സ്നേഹത്തിന്റേയും കെട്ടുപാടുകളുടേയും വലിയൊരു ലോകമാണു.


അടുത്ത കാലത്തായി മാട്രിമോണിയൽ സൈറ്റുകളുടെ പ്രവാഹമാണു സൈബർ ലോകത്ത് . മലയാളത്തിലെ മുൻ നിര പത്രങ്ങളെല്ലാം തന്നെ സ്വന്തം മാട്രിമോണിയൽ സൈറ്റുകൾ തുറന്നു കഴിഞ്ഞു. ആദ്യ റജിസ്ട്രേഷം തികച്ചും സൌജന്യമാണു. തുടരന്വേഷണങ്ങൾക്ക് ഫീസുണ്ട്. പണ്ട് ബ്രോക്കർ നാണ്വേട്ടന്റെയും മൂസാക്കാന്റെം പോക്കറ്റിൽ നമ്മൾ തിരികി കൊടുത്തിരുന്ന പത്തിന്റെയും അൻപതിന്റേയും മുഷിഞ്ഞ നോട്ടുകൾക്ക് പകരം ആയിരവും അതിന്റെ മുകളിലോട്ടുമാണു ചാർജ്.

ജാതി ചോദിക്കരുത് പറയരുത് എന്ന് ഉൽഘോഷിച്ച ശ്രീ നാരായണ ഗുരുവിന്റെ ആത്മാവെങ്ങാനും അറിയാതെ ഈ സൈറ്റുകളുടെ ഇടയിൽ ചെന്നു പെട്ടാൽ അന്തം വിടും. മുസ്ലിംകൾക്ക് ലോകത്തെവിടെ നിന്നും പെണ്ണുന്വേഷിക്കാൻ നിക്കാഹ്.കോം. ഹിന്ദുക്കൾക്ക്; നായർ സൈറ്റ്, അതിൽ തന്നെ വിളക്കിത്തല നായരാണൊ..പേടിക്കേണ്ട, വിളക്കിത്തല പെൺകുട്ടികളും ആൺകുട്ടികളും റെഡി. ഇനി ഈഴവ, തിയ്യ, നമ്പൂരി, നംബീശൻ , അതും റെഡിയാണു. കൃസ്റ്റ്യാനിയാണേൽ, റോമനാണൊ ,കത്തോലിക്കനാണൊ..(RC,LC), മനസ്സമ്മതത്തിനു സ്യൂട്ട് തയ്പ്പിക്കാൻ നേരമായി. ഇനിയിപ്പൊ ഒന്നു കെട്ടിയതാണെലും കുഴപ്പമില്ല, അവർക്കും ഇരു ചെവി അറിയാതെ തങ്ങൾക്ക് ഇഷ്റ്റപ്പെട്ട ആളെ തപ്പാം.


പെണ്ണുകാണലും മോതിരം മാറലുമെല്ലാം ഒറ്റക്കാവാമെങ്കിൽ കല്യാണവും അങ്ങനെ തന്നെ മതിയെന്നാണു ഇപ്പൊ മലയാളിയുടെ ഫാഷൻ. കല്യാണം കൂടാൻ ആർക്കും ക്ഷണമില്ല, പകരം റിസെപ്ഷനു വരാനാനു ക്ഷണം. വൈകിട്ട് ആറു മണി മുതൽ ഒൻപതോ പത്തോ മണി വരെ നീളുന്ന വിവാഹ സൽക്കാരങ്ങൾ. ആ സൽക്കാര പന്തലിലേക്ക് ഇടക്ക് വന്ന് മുഖം കാണിച്ച് ഭക്ഷണം കഴിച്ച് പിരിയുന്നവർ. അവർ പരസ്പരം കാണുന്നില്ല; പങ്ക് വെക്കുന്നില്ല ഒന്നും.

ലോകം വല്ലാതെ ചുരുങ്ങിപ്പോയിരിക്കുന്നു. ഗ്ലൊബൽ വില്ലേജ്. ഒപ്പം അവന്റെ മനസ്സും. വിവിധ സോഷ്യൽ സൈറ്റുകളിലാണു മലയാളിയുടെ സജീവ സാന്നിദ്ധ്യം നിറഞ്ഞാടുന്നത്. എന്തിനും ഏതിനും ഉപായങ്ങളും പരിഹാരങ്ങളും നിർദ്ദെശിക്കുന്നവൻ പക്ഷെ തന്റെ തൊട്ട അയൽക്കാരന്റെ പ്രശ്നം അറിയാനൊ പരിഹാരം നിർദ്ദേശിക്കാനൊ മുതിരുന്നില്ല. തൊട്ടടുത്ത് അടഞ്ഞു കിടക്കുന്ന വീട്ടിൽ നിന്നും ഒരു നാൾ ദുർഗന്ധം പുറത്തേക്ക് വമിക്കുകയും ആളും പോലീസും കൂടുകയും ചെയ്യുമ്പോളെ അവനറിയുന്നുള്ളു ആ വീട്ടിലെ അനക്കങ്ങളെല്ലാം എന്നന്നേക്കുമായി നിലച്ചിരിക്കുന്നു എന്ന്...

ഇതാണു ഇന്നു ഓരോ മലയാളിയുടേയും സ്ഥിതി. അവനവനിലേക്ക് തന്നെ ചുരുങ്ങി ഇല്ലാണ്ടായിക്കൊണ്ടിരിക്കുന്ന അവസ്ഥ. മൂന്നാമതൊരാൾ സാന്ത്വനവുമായി പടി കടന്നെത്താൻ ഉണ്ടെന്ന ഉൾതുടിപ്പ് പോലും അവനു നഷ്ടപ്പെട്ടിരിക്കുന്നു. ഒരു വീണ്ടെടുപ്പ് സാധ്യമാകുമോ ഇനി...?

****നാട്ടുപച്ചയിൽ പ്രസിദ്ധീകരിച്ചത്...