Monday, March 18, 2013

തീ പാറ്റകൾ..

പഴയ ഫോണിൽ നിന്നും കോണ്ടാക്റ്റ് ലിസ്റ്റെടുത്ത് പുതിയ ഫോണിൽ സേവ് ചെയ്യുന്നതിനിടയിലാണു ഞാനാ പേരു വീണ്ടും കാണുന്നത്. ഫയർ ഫ്ലൈ.  കാൾ ലോഗെടുത്ത് നോക്കിയപ്പോൾ വിളിച്ചിട്ട് മൂന്നു മാസത്തോളമായിരിക്കുന്നു. രണ്ടാഴ്ച കൂടുമ്പോൾ അല്ലെങ്കിൽ മാസത്തിൽ ഒരു തവണ ആ കാൾ വരാറുള്ളതാണു. എന്ത് പറ്റി അയാൾക്ക്..? ഇനി വല്ല അസുഖവും..?

രണ്ട് വർഷം മുൻപാണു അയാളെന്നെ ആദ്യായിട്ട് വിളിക്കുന്നത്. ഓഫീസിലേക്കുള്ള ഓട്ടത്തിനിടയിൽ അറിയാത്ത ഒരു നമ്പറിൽ നിന്നും വന്ന കോൾ എടുക്കുമ്പോൾ ആരാവുമെന്ന ആകാംക്ഷ ആയിരുന്നു ഉള്ളിൽ. അപ്പുറത്തെ നിശബ്ദത കേട്ടപ്പോൾ റോംഗ് നമ്പറാവുമെന്നു കരുതി ഫോൺ കട്ടാക്കി ബാഗിൽ തിരുകി. ബസിറങ്ങി പാ‍ളയത്തെ തിരക്കിനിടയിലൂടെ നടക്കുന്നതിനിടയിൽ വീണ്ടും ഫോൺ ശബ്ദിച്ചു. അതേ നമ്പർ തന്നെ. അനക്കമില്ല . ‘ ആരാണെന്ന് പറയു.. മനുഷ്യനെ മിനക്കെടുത്താതെ ‘. എന്ന എന്റെ അരിശം കേട്ടാവണം അയാൾ പതുക്കെ പറഞ്ഞു തുടങ്ങി.

 “ ക്ഷമിക്കണം. നമ്പർ തെറ്റി വിളിച്ചതാണു. പക്ഷെ ... ഈ ഡയലർ ടോൺ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. എനിക്ക് മാത്രല്ല എന്റെ കുട്ടികൾക്കും ഭാര്യക്കും ഇഷ്ടാണു ഈ പാട്ട്. നിങ്ങൾക്ക് വിരോധമില്ലെങ്കി ഇടക്ക് ഞാനൊന്ന് വിളിച്ചോട്ടെ. ? “

സൌമ്യതയോടെയും ആദരവോടെയുമുള്ള അയാളുടെ സ്വരം കേട്ടപ്പോൾ മറുത്തൊന്നും പറയാൻ എനിക്ക് തോന്നിയില്ല. തന്നെയുമല്ല ഒരു പെണ്ണിനോട് കൊഞ്ചാനും അടുപ്പം സ്ഥാപിക്കാനുമുള്ള യാതൊരു വ്യഗ്രതയും അയൾക്കുണ്ടായിരുന്നില്ല. 


“ ഓകെ. ..ഞാനീ നമ്പർ സേവ് ചെയ്തേക്കാം. വിളിച്ചാൽ ഞാൻ അറ്റെന്റ് ചെയ്യുന്നില്ല. നിങ്ങൾ പാട്ട് കേട്ടോളു.”

പിന്നെ ഇടക്ക്; രണ്ടാഴ്ച്ച കൂടുമ്പോൾ അല്ലെങ്കിൽ മാസത്തിൽ ഒരു തവണ, ഫയർ ഫ്ലൈ എന്ന പേർ എന്റ്റെ ഫോണിൽ തെളിയാറുണ്ട്. ഇതിപ്പൊ ലാസ്റ്റ് കാൾ വന്നിരിക്കുന്നത് കഴിഞ്ഞ നവംബർ 28 നാണു. പുലർച്ചെ മൂന്നെ ഇരുപതിനു. അതിനു ശേഷം വിളിച്ചിട്ടേയില്ല അയാൾ. 

എന്റെ വേവലാതി കണ്ട് മോൻ ചിരിച്ചു. “ ഉമ്മാക്കെന്താ ..അയാൾക്ക് ആ പാട്ട് വേറെ എവിടുന്നേലും കിട്ടീട്ടുണ്ടാകും. അല്ലെങ്കി തന്നെ നെറ്റീന്ന് ഡൌൺ ലോഡ് ചെയ്യാൻ അഞ്ച് മിനുട്ട് വേണ്ട.”

“ അതല്ലടാ.. എന്നാലും നമ്മളൊന്ന് അന്വേഷിക്കണ്ടെ? എന്താ പറ്റീതെന്നറിയാനുള്ള കടമ നമുക്കില്ലേടാ..”  അസ്സാസിൻ ക്രീഡിൽ പുതിയ ദൌത്യവുമായ് ശത്രുവിന്റെ പിന്നാലെ പായുന്ന അവനത് കേട്ട ഭാവമേയില്ല.

ബെല്ലടിക്കുന്നുണ്ട്. എടുക്കുന്നില്ലല്ലൊ എന്ന നെഞ്ചിടിപ്പിനിടയിൽ അപ്പുറത്തെ ഘനഗംഭീരമായ ശബ്ദം കേട്ട് എന്റെ ഉള്ള് കാളി.

" യെസ്, തോമസ് തരകൻ ഹിയർ.”
" സർ, ഞാൻ കോഴിക്കോട്ട് നിന്നാണു. ഈ നമ്പറിൽ നിന്നും കഴിഞ്ഞ രണ്ട് വർഷമായ് ഒരാൾ ഇടക്ക് വിളിക്കാറുണ്ടായിരുന്നു. ഇപ്പൊ രണ്ട് മൂന്ന് മാസായിട്ട് കാളൊന്നും ഇല്ല. എന്ത് പറ്റീന്നറിയാനായിരുന്നു.” 

" ശിവൻ കുട്ടിയല്ലെ..? എനിക്കറിയാം. എന്റെ ഫോണിൽ നിന്നാണു ശിവൻ കുട്ടി വിളിക്കാറ്. “

“ ശിവൻ കുട്ടി... അതേ സർ.. , എന്തു പറ്റി അയാക്ക്...? ഇയ്യിടെ വിളിക്കാറെയില്ലാലോ..”

" ഉം.. ഇനി അവൻ വിളിക്കില്ല. കഴിഞ്ഞ നവമ്പർ 28 നു അവന്റെ ശിക്ഷ നടപ്പാക്കി. മരിക്കും വരെ തൂക്കികൊല്ലൽ. “

കൈയിൽ നിന്നും ഫോൺ വീണു പോകാതിരിക്കാൻ രണ്ട് കൈയ് കൊണ്ടും ഫോൺ  മുറുകെ പിടിച്ച് ഞാനിരുന്ന് വിറച്ചു.

“ താങ്കളാരാണു....  ?"
" ജയിലറാണു, വിയ്യൂർ സെന്റ്രൽ ജയിലിലെ.”മായന്നൂർ അങ്ങാടിയിൽ ബസിറങ്ങുമ്പോൾ ഉച്ച തിരിഞ്ഞിരുന്നു. ചെറിയൊരങ്ങാടി, നാലഞ്ച് പെട്ടിക്കടകൾ, ഒരു ചെറിയ ചായക്കട. പെട്ടിക്കടയിൽ നിന്നും നന്നാറി സർബത്ത് വാങ്ങിക്കുടിക്കവെ ശിവൻ കുട്ടിയുടെ വീടന്വേഷിച്ച എന്നെ അയാൾ തറപ്പിച്ച് നോക്കി. 

“എന്തായിറ്റാ... ഞി പത്രത്തീന്നാ.. ന്നാ ആ വഴി കീയണ്ട... എന്തെല്ലാ ഓരെപറ്റി എഴുതിപിടിപ്പിച്ചീന്... ഞാളെ ശിവൻ കുട്ടി അമ്മാതിരിയൊന്നും ചെയ്യിക്കില്ല.” കുട്ട്യ്യോളെ ജീവനേർന്നു  ഓന്...”

.
ഞാൻ പത്രത്തീന്നല്ലാന്നും ശിവൻ കുട്ടി ജോലി ചെയ്തിരുന്ന കമ്പനീന്നാണെന്നും  നുണ പറഞ്ഞപ്പോഴാണു അയാൾ വഴി പറയാൻ തയ്യാറായത്.
“ വിലങ്ങനെ പോയിറ്റ് എടത്തോട്ട് കീഞ്ഞാ രണ്ടാമത്തെ പൊര..” ആട അടുത്തന്നാ ഓന്റെ അനിയൻ ഹരിദാസന്റ്റെ പൊരേം..”

തുരുമ്പ് പിടിച്ച് തുടങ്ങിയ ഗേറ്റ് തുറന്ന് അകത്ത് കയറിയപ്പോൾ വീശിയടിച്ച കാറ്റിൽ മുറ്റത്ത് കൂട്ടം കൂടി കിടന്നിരുന്ന കരിയിലകൾ വട്ടം ചുറ്റി പറന്നു. അടച്ചിട്ട ഉമ്മറത്ത് ആരെ വിളിക്കണമെന്നറിയാതെ നിന്ന എന്റെ മുൻപിലേക്ക് തൊട്ടപ്പുറത്തെ വീട്ടിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു.

" വരൂ..   കോഴിക്കോട്ട്ന്നല്ലെ. തരകൻ സാർ വിളിച്ചിരുന്നു .  എടക്ക് കാണാൻ ചെല്ലുമ്പോ ഏട്ടൻ പറയാറുണ്ടായിരുന്നു  “

ആ കൊച്ചു വീടിന്റെ ഉമ്മറത്തിരുന്നു പിന്നയാൾ പറഞ്ഞ കഥ ; സമൂഹത്തിൽ നടമാടുന്ന ക്രൂരതകളും ദുഷ്ചെയ്തികളും ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെ പറ്റിയായിരുന്നു. അതെങ്ങനെ ഒരാളുടെ ജീവിതത്തെ കീഴ്മേൽ മറിക്കുകയെന്നതിനെ പറ്റിയായിരുന്നു. മരിച്ച് മണ്ണടിഞ്ഞിട്ടും അവരെ മഴയത്ത് നിർത്തുന്ന ഇന്നാട്ടിലെ സാമൂഹിക നീതിയെ പറ്റിയും പത്ര ധർമ്മത്തെ പറ്റിയുമായിരുന്നു.

“ പാവാരുന്നു  ഏട്ടൻ, നാട്ടില് പെൺകുട്ട്യ്യോളെ നേർക്ക് അക്രമണ്ടാകുമ്പോ വല്ലാത്തെ ബേജാറായിരുന്നു  ഏട്ടനു. പിന്നെ മിന്നൂനെം പൊന്നൂനേം കുറച്ചൂ ദിവസത്തേക്ക് സ്കൂളിൽ പോലും വിടില്ല. ഏട്ടത്തീനും കുട്ട്യ്യേളേം കൊണ്ട് അകത്ത് വാതിലടച്ചിരിക്കും. “

കുറച്ച് വർഷം മുൻപ് കേരളത്തെയാകമാനം അപമാനത്തിന്റെ ചൂളയിൽ നീറ്റിയ മൂന്നു വയസ്സുകാരി പെൺകുട്ടിയുടെ മാനഭംഗവും തുടർന്നുള്ള മരണവും നമ്മളൊക്കെ വായിച്ച് സങ്കടപ്പെട്ട് എഫ് ബിയിലും ബ്ലോഗിലുമൊക്കെ പോസ്റ്റിട്ട് ഉൾ നീറ്റൽ മായ്ച്ച് കളഞ്ഞ ഒരു സാധാരണ സംഭവം മാത്രായിരുന്നു.. പക്ഷെ അന്നു രാത്രി, മക്കളുടെ ഭാവിയെ പ്രതി തപിച്ച് വെന്ത ശിവൻ കുട്ടി തന്റെ രണ്ട് മക്കളേയും ഭാര്യയേയും എന്നെന്നേക്കുമായി രക്ഷപ്പെടുത്തിക്കളഞ്ഞു. സ്വയം രക്ഷപ്പെടാൻ ശ്രമിച്ച ശിവൻ കുട്ടിക്ക് പക്ഷെ ഭാഗ്യം തുണച്ചില്ല. 

" പക്ഷെ പത്രക്കാരൊക്കെ എഴുതീത്  പൊന്നൂനെ ന്റെ ഏട്ടൻ ചീത്തയാക്കീന്നാ... അതോണ്ടാ ഏട്ടനത് ചെയ്തേന്ന്... പാവങ്ങളെ പറ്റി ആർക്കും എന്തും എഴുതാലോ...”

അയളുടെ വാക്കുകളിൽ രോഷത്തേക്കാളേറെ സങ്കടം തന്നെയായിരുന്നു നിറയെ.

അവധി ദിവസമായത് കൊണ്ടാണൊ എന്തോ ബസിൽ തിരക്ക് കുറവാണു. ആ പേരും ഡയലർ ടോണും ഡിലിറ്റ് ചെയ്യുന്നതിനു മുൻപ് ആ പാട്ടൊന്നു കൂടി കേൾക്കണം. ഇയർ ഫോൺ ചെവിയിൽ തിരുകി പതിയെ സീറ്റിലേക്ക് ചാരിയിരുന്നു ഞാൻ കണ്ണുകളടച്ചു.

‘ മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ...
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം..
നീ തനിച്ചല്ലേ...പേടിയാവില്ലേ...
കൂട്ടിനു ഞാനും വന്നോട്ടേ..

മഴയത്തും വെയിലത്തും പോകരുതേ നീ...’

പൊടുന്നനെ  ഒരു മഴ വന്നു എന്നെയാകെ നനച്ച് കളഞ്ഞു. വേനൽ മഴ...പെയ്യട്ടെ. മുഖം തുടക്കാൻ പോലും മെനക്കെടാതെ ഞാനാ സീറ്റിൽ കണ്ണടച്ചിരുന്നു. 

..

Monday, March 11, 2013

ഉരുകിത്തീരുന്നവർ !

മനുഷ്യന്റെ നിസ്സഹായതയിൽ നിന്നാണു മൈസൂർ കല്യാണങ്ങളെ പോലുള്ള തിന്മകൾ സമൂഹത്തിൽ ഉണ്ടായിക്കൊണ്ടെയിരിക്കുന്നത്. ഭീമമായ സ്ത്രീ ധനവും ആഭരണങ്ങളും കൊടുക്കാനില്ലാത്തെ പിതാക്കന്മാർ, തങ്ങളുടെ പെണ്മക്കൾ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന ചിന്താഗതിയിലാണു ഈ ചതിയിൽ വീണു പോകുന്നത്. നാട്ടുനടപ്പനുസരിച്ച് ഒരു പെണ്ണിനെ ഇറക്കി വിടണമെങ്കിൽ ചുരുങിയത് ഇരുപത് പവന്റെ ആഭരണമെങ്കിലും വേണം. കൂടാതെ ഒന്നര , രണ്ട് ലക്ഷം വേറേയും കൈയിൽ കൊടുക്കണം. അഷ്ടിക്ക് വകയില്ലാത്ത പട്ടിണി പ്പാവങ്ങൾ എവിടുന്നുണ്ടാക്കാണാണു ഇത്രയും തുക? അപ്പോൾ പിന്നെ വഴി ഒന്നേയുള്ളു. ഒരു ഭാഗ്യ പരീക്ഷണം. ഒത്താൽ ഒത്തു, ഇല്ലേൽ അത് പടച്ചോന്റെ വിധി. മൂത്തവൾ ഇങ്ങനെ നിന്നാൽ ഇളയതുങ്ങൾക്കും ഒരാലോചന വരില്ല എന്നു കുത്തു വാക്കുകൾ കേൾക്കുമ്പോൾ പെണ്ണും കരുതും ഇതെന്റെ വിധി എന്നു. അല്ലെങ്കിലും അന്നേരത്ത് അവളുടെ അഭിപ്രായം ആരു ചോദിക്കുന്നു.


                                                
പുറം നാടുകളിലേക്ക് കല്യാണം ചെയ്തയക്കുന്ന തങ്ങളുടെ പെണ്മക്കൾ എങ്ങനെ ജീവിക്കുന്നു എന്ന് പോയി നോക്കാനൊ അന്വെഷിക്കാനൊ പോലും അവർക്ക് കഴിയാറില്ല പലപ്പൊഴും. അന്യ നാട്, അറിയാത്ത ഭാഷ, ഭക്ഷണം. , ആചാരങ്ങൾ . പൊടുന്നനെ മാറ്റിപ്രതിഷ്ഠിക്കപ്പെടുന്ന പെൺകുട്ടികൾ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണു. മൈസൂരിലെക്ക് മാത്രമല്ല, തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളിലേക്കും കേരളത്തിൽ നിന്നും ഒരുപാട് പെൺകുട്ടികളെ കല്യാണം കഴിപ്പിച്ച് വിട്ടിട്ടുണ്ട്. അതിൽ ജാതി മതം ഒന്നും ഇല്ല, കാശാണു മുഖ്യം. കാശില്ലാത്തവൻ പിണം എന്ന പ്രമാണം. താമസിയാതെ മലയാളി പെൺകുട്ടികൾ ബംഗാളിലും ബീഹാറിലും എത്തും. 

ഈയവസ്ഥ മാറണമെങ്കിൽ സമൂഹം മാറേണ്ടിയിരിക്കുന്നു. പെണ്ണ് വെറും ചരക്കാണെന്ന ധാരണ മാറണം. ചന്തയിൽ പോത്തിനേയും മൂരിക്കും മറ്റും വിലയിടുന്ന ലാഘവത്തോടെ പെണ്ണിനു വിലയിട്ടുറപ്പിക്കുന്ന രീതി മാറിയേ തീരു, സ്ത്രീധനത്തെ ഏറ്റവും കൂടുതൽ എതിർത്ത മുസ്ലിം സമുദായത്തിനകത്ത് തന്നെയാണു ഈ ദുഷ്പ്രവണത ഏറ്റം കൂടുതൽ നടമാടുന്നത് എന്നതാണു വിരോധാഭാസം. മുസ്ലിം സ്ത്രീക്കാണു വിവാഹ സമയത്ത് മഹർ അഥവാ വിവാഹമൂല്യത്തിനു അവകാശം. അത് ചെറുക്കൻ പെണ്ണിനു കൊടുക്കുന്ന ദാനമല്ല; മറിച്ച് പെണ്ണിന്റെ അവകാശമാണു. എന്നിട്ട് നടക്കുന്നതോ? വിവാഹം നടക്കുമ്പോൾ നിക്കാഹ് നടത്തിയതിന്റെ കാശ് വാങ്ങി പോക്കറ്റിലിടാനാണു മഹല്ല് കമ്മറ്റികൾ ക്ക് ധൃതി. എന്നിട്ട് മൂക്കറ്റം തിന്ന് ഏമ്പക്കവും വിട്ട് എണീറ്റ് പോകുക. അതല്ലാതെ ഈയൊരു ദുരവസ്ഥക്ക് പരിഹാരം കാണാൻ ഇവെരെന്നാണു തയ്യാറാകുക? 


മാറേണ്ട ഒന്നു കൂടിയുണ്ട്. അതല്ലാതെ ഇതിനൊരു പോംവഴി ഇല്ല. തങ്ങളുടെ പെണ്മക്കളെ സ്വന്തം കാലിൽ നിൽക്കാനും തീരുമാനങ്ങളേടുക്കാനും പ്രാപ്തരാക്കി വളർത്തുക. കല്യാണം ഒന്നിന്റേയും അവസാന വാക്കല്ല. നാട്ടുകാരുടെ അടീം കാലും പിടിച്ച് കാശ് പിരിച്ച് സ്ത്രീധനം കൊടുത്ത് മക്കളെ പെരു വഴിലാക്കുന്നതിനു പകരം അവർ സ്വന്തം വീട്ടിലെ കഞ്ഞി കുടിച്ച് കഴിയട്ടെ എന്നങ്ങ് തീരുമാനിക്കുക. അതോടൊപ്പം തന്നെ പെൺകുട്ടികളും അല്പം തന്റേടവും പക്വതയും ചെറുപ്പത്തിലേ ആർജ്ജിക്കേണ്ടിയിരിക്കുന്നു. വൈകുന്നേരങ്ങളിൽ തങ്ങളുടെ വീടിന്റെ ഇട്ടാവട്ടത്തിലേക്ക് ഒഴുകിയെത്തുന്ന സീരിയലുകളിലേയും സിനിമകളിലേയും ദൃശ്യങ്ങൾ വെറും കല്പിത കഥകളാണെന്ന തിരിച്ചറിവ് അതിൽ പ്രധാനമാണു. അവയൊക്കെയും സംവിധായകന്റെ ഭാവനാ വിലാസങ്ങളാണെന്ന് നമ്മുടെ കുട്ടികൾ എന്നാണു മനസ്സിലാക്കുക.? അവർ പഠിക്കട്ടെ. പത്താം ക്ലാസ്സും പ്ലസ്റ്റും കഴിഞ്ഞാൽ എളുപ്പം എന്തേലും ജോലി കിട്ടാനുള്ള കോഴ്സുകളിൽ ചേരട്ടെ. പണ്ടവും പണവും ആവശ്യപ്പെട്ട് വരുന്ന വിവാഹാലോചനകൾ തനിക്ക് വേണ്ടാന്നു പറയാനുള്ള
തന്റേടം അവൾക്കുണ്ടാവണം

                                  .

യാതൊരു വേലയും കൂലിയുമില്ലാതെ തേരാ പാര നടക്കുന്നവനും സ്ത്രീധനമെന്ന പേരിൽ വാങ്ങുന്നത് ഒന്ന് ഒന്നര ലക്ഷം ആണു, മിനിമം ആണത്. സ്വർണ്ണം കുറഞ്ഞാൽ അതനുസരിച്ച് കാശ് കൂടും. കല്യാണം കഴിഞ്ഞ് ആദ്യ മാസത്തിൽ തന്നെ അവനത് പണയം വെക്കുകയോ വിറ്റ് ദീവാളി കുളിക്കുകയോ ചെയ്യും. ഇതിനു വേണ്ടിയാണു പെണ്ണിന്റെ തന്തയും തള്ളയും തീ തിന്നിരുന്നത്. നാട്ടുകാർ പിരിവെടുത്ത് കല്യാണം നടത്തിയത്. ഈ ദു:സ്ഥിതി മാറണമെങ്കിൽ; മൈസൂർ കല്യാണങ്ങൾ ഇനിയും ഉണ്ടാവാതിരിക്കണമെങ്കിൽ സ്ത്രീധനമെന്ന അനാചാരം ഇല്ലായ്മ ചെയ്താലെ പറ്റുകയുള്ളു. അല്ലെങ്കിൽ നമ്മുടെ പെണ്മക്കൾ മൈസൂറിൽ മാത്രമല്ല, ബംഗാളിലേയും ബീഹാറിലേയും അടച്ചിട്ട കുടുസ്സു മുറികളിൽ ഇനിയും വെന്തുരുകും.