Thursday, October 20, 2011

സൂഫി പറയാതെ പോയതും ബീവി ബാക്കി വെച്ചതും...



ഞാനെന്തിന് ഈ കടല്‍ത്തീരത്ത് വന്നു എന്ന് എനിക്ക് തന്നെ അറിയില്ല.
എനിക്കൊന്നും നേടാനില്ല ഇവിടെ നിന്നും. അല്ലെങ്കിലും നിസ്സഹായതയുടെ
ഉത്തുംഗത്തില്‍ നിന്നും തന്റെ പ്രാണനെ പറിച്ചെറിഞ്ഞ് കടലിന്റെ
അഗാധതയിലേക്ക് നടന്നിറങ്ങിയവളൊട് ഞാനെന്ത് ആവശ്യപ്പെടാന്‍...?
ഏതോ ഒരു ജന്മ നിയോഗം പോലെ ഞാനിന്ന് ഈ കടപ്പുറത്ത്...

ബീവിക്കഭിമുഖമായ് നില്‍ക്കുമ്പോള്‍ അവള്‍ക്കെന്തോ എന്നോട് പറയാനുള്ളത് പോലെ...

ഉടുത്തിരുന്ന വെള്ളക്കാച്ചിയുടെ തുമ്പ് അരയിലെ വെള്ളിയരഞ്ഞാണത്തിനിടയിലേക്ക്
കുത്തിയുറപ്പിച്ച് , തട്ടം മാറത്തേക്ക് വലിച്ചിട്ട് ഖബറിനു മുകളില്‍ നിന്നും ബീവി താഴെ
നനഞ്ഞ മണലിലേക്ക് ഊര്‍ന്നിറങ്ങി.

“ നീയിപ്പോഴും എന്ത് സുന്ദരിയായിരിക്കുന്നു” എന്ന എന്റെ അതിശയത്തിനു നേരെ അവള്‍
കണ്‍കോണുകള്‍ ഇറുക്കി ചുണ്ട് കോട്ടി.

“ എന്നിട്ടെന്താ..ആരു കാണാനാ, വരുന്നവര്‍ക്കെല്ലാം എന്റെ പോരിശ മതി.
ഇവിടെയുള്ളവര്‍ക്ക് കാശും.”ഖബറിനു സമീപത്തെ ഭണ്ഢാര പെട്ടിയില്‍
നിന്നും നോട്ടുകെട്ടുകള്‍ ബാ‍ഗില്‍ നിറക്കുന്ന മുസ്ല്യാരെ ചൂണ്ടി
ബീവി നിശ്വസിച്ചു.

“ മതിയായ് എനിക്ക്, എങ്ങോട്ടേലും ഓടിപ്പോയാലോ എന്നു തോന്നും “

നിങ്ങളറിയില്ലേ ഇവളെ..? ഇത് മേലേപുല്ലാര തറവാട്ടിലെ കാര്‍ത്തിക്കുട്ടി.
തന്റെ ഉള്ളില്‍ ഇരമ്പിക്കൊണ്ടിരുന്ന സ്നേഹത്തെ ശമിപ്പിക്കാന്‍ തറവാടും
മച്ചിലെ ഭഗവതിയേയും വിട്ട്, വിശ്വസിച്ചവന്റെ കൂടെ ഇറങ്ങിപ്പുറപ്പെട്ടവള്‍.

അന്ന്...,

പീത്താന്‍ മാമുട്ടിയുടെ ചുമലില്‍ പറ്റിക്കിടന്ന് ഭാരതപ്പുഴയുടെ ആഴങ്ങള്‍
നീന്തിക്കടക്കുമ്പോള്‍ അവളറിഞ്ഞിട്ടുണ്ടാകുമോ അങ്ങകലെ അറബിക്കടല്‍
തനിക്കായ് കാത്ത്കിടപ്പുള്ളത്...!! ഒരിക്കലുമുണ്ടാവില്ല, വിദൂരമായ ഒരു
സ്വപ്നത്തില്‍ പോലും ഒരു പെണ്ണും അങ്ങനെയൊന്നും വിചാരിച്ച് ആധി
കൊള്ളാറില്ലല്ലോ അല്ലെങ്കിലും. പിന്നീട് ,സങ്കല്പത്തിലെ ജീവിതമായിരുന്നു
യാഥാര്‍ത്ഥ്യത്തേക്കാള്‍ നല്ലത് എന്നറിയുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുണ്ടാകും.

" മാമുട്ടിക്ക് നിന്നെ ജീവനായിരുന്നില്ലേ..?”

നനഞ്ഞ മണലില്‍ താനുണ്ടാക്കിയ കുഞ്ഞിന്റെ രൂപത്തില്‍ ഉറ്റുനോക്കിയിരുന്നിരുന്ന
ബീവി എന്റെ ചോദ്യം കേട്ട് തലയുയര്‍ത്തി. കണ്‍പീലികളില്‍ തങ്ങിനിന്നിരുന്ന
കണ്ണുനീര്‍ ഞാന്‍ കാണാതിരിക്കാന്‍ തട്ടത്തിന്റെ തുമ്പ് കൊണ്ട് മറച്ച് ബീവി ചിരിച്ചു.

“ഉവ്വ് അയാക്കെന്നെ സ്നേഹമായിരുന്നു, ആരാധന, എന്റെ ശരീരത്തോട്,
തറവാട്ടില്‍ വല്ല്യമ്മാവന്‍ ഭഗവതീനെ പൂജിക്കണ പോലെയാ അയാള്‍
എന്നെ സ്നേഹിക്ക്യ , അങ്ങേയറ്റം നിഷ്ഠയോടെ, ഒരു പൂജാകര്‍മ്മം ചെയ്യണ
ഭാവാവും അന്നേരം അയാള്‍ടെ മുഖത്ത്..., പിന്നീട് അതും ഒരു ചടങ്ങായ് മാറീരുന്നു.”

നനഞ്ഞ മണലില്‍ കാല്‍ പിണച്ചിരിക്കുന്ന ബീവിയെ നോക്കിയിരിക്കുമ്പോള്‍
ഞാനോര്‍ത്തത് മേലേപുല്ലാരത്തറവാട്ടിലെ മച്ചില്‍ അനാഥയായ്പ്പോയ ഭഗവതിയെ...,

തറവാട്ടില്‍ നിന്നും ഇറങ്ങിപ്പോന്നേനു ശേഷം നീയെപ്പോഴെങ്കിലും ഭഗവതീനെ
കണ്ടിരുന്നോ..? എന്റെ ചോദ്യത്തിനു നേരെ ബീവി തലകുലുക്കി.

“ ഇല്ല , ഭഗവതിയാണെലും അവളും ഒരു പെണ്ണല്ലേ...എത്ര കാലാന്നു വെച്ചാ
മച്ചിനകത്ത് ഒറ്റക്കിരിക്ക്യ ...അവളെങ്ങാണ്ടോ പോയീന്ന് പറേണ കേട്ടു.”

തറവാട്ടിലെ ഒറ്റപ്പെടലില്‍ നിന്നും ഏകാന്തതയില്‍ നിന്നുമുള്ള ഒരു
രക്ഷപ്പെടലായിരുന്നു കാര്‍ത്തിക്ക് അയാള്‍. അയാളവളെ സ്നേഹം കൊണ്ട്
ശ്വാസം മുട്ടിക്കുമെന്നാകും അവള്‍ കൊതിച്ചിട്ടുണ്ടാകുക. അയാള്‍ടെ കൂടെ
പൊന്നാനിയിലെ മുസ്ല്യാരകംവീട്ടിലേക്ക് കാലെടുത്ത് വെക്കുമ്പോഴും
ആ സ്നേഹത്തിന്റെ ആഴം തന്നെയാവും അവളെ പ്രലോഭിപ്പിച്ചിട്ടുണ്ടാകുക.
തീഷ്ണമായ പ്രണയത്തിന്റെ ചൂടേറ്റ് വെന്തുരുകാനാവും ആഗ്രഹിച്ചിട്ടുണ്ടാകുക.

പ്രണയത്തില്‍ ജീവിതത്തിന്റെ ചൂടും മരണത്തിന്റെ തണുപ്പും ഒരുപോലെയുണ്ട്,
സമാസമം. സ്ത്രീയുടെ ഉള്ളില്‍ ഈ രണ്ടു വികാരങ്ങള്‍ക്കും മൂര്‍ച്ചയേറും.
പലപ്പോഴും പുരുഷന്മാര്‍ക്ക് അതുള്‍ക്കൊള്ളാനാകില്ല. അവള്‍ കീഴടങ്ങാനും
കീഴടക്കപ്പെടാനും വിധിക്കപ്പെട്ടവള്‍!! അവളുടെ ഉള്ളില്‍ നിന്നുമയരുന്ന
സ്നേഹത്തിന്റെ ചൂടും ചൂരും പലപ്പോഴും തെറ്റിദ്ധരിക്കപ്പെടാറാണു പതിവ് ..!!!
അതു കൊണ്ട് തന്നെയാകാം കാര്‍ത്തിയുടെ ശരീരത്തില്‍ നിന്നുയര്‍ന്ന
തീക്ഷ്ണ ഗന്ധത്തിലും ആ മുഖത്ത് ഒളിമിന്നിയ ചൈതന്യത്തിലും പെട്ട്
ഉരുക്ക് പോലെയുള്ള പീത്താന്‍ മാമുട്ടിക്ക് പോലും നില തെറ്റിയത്.
അല്ലെങ്കിലെന്തിനു അയാള്‍, തന്റെ തൃഷ്ണകളെ ശമിപ്പിക്കാനായി മനസ്സിലും
ശരീരത്തിലും മഞ്ഞിന്റെ തണുപ്പുമായ് നടക്കുന്ന ഒരു ചെറുപ്പക്കാരനെ കൂട്ട്പിടിക്കണം..?

“ എന്നിട്ടും നീ അയാളെ സ്നേഹിച്ചിരുന്നു അല്ലേ..?


എന്റെ ചോദ്യം ചീറിയടിച്ച ഒരു തിരയില്‍ പെട്ട് കടലിലേക്ക് തന്നെ ഒഴുകിപ്പോയി.

“മഴ വരുന്നു..” ബീവി എണീറ്റ് കാച്ചിയില്‍ പറ്റിയ

നനഞ്ഞ മണല്‍ തട്ടിക്കളഞ്ഞ് , കടല്‍ കരയിലേക്ക് അടിച്ച് കയറുന്നത്
തടയാനിട്ട കരിങ്കല്‍കല്ലുകളിലൂടെ നടന്ന് ഖബറിലേക്ക് ഇറങ്ങി.


ഒരു മാത്ര അവരൊന്നു തിരിഞ്ഞു നോക്കിയൊ....,ഇല്ല എനിക്ക്
വെറുതേ തോന്നീതാവും...!!

എനിക്ക് ചുറ്റും ചന്ദനത്തിരികളുടെ സുഗന്ധം. ബീവിയെ കാണാനും
അനുഗ്രഹം വാങ്ങാനും വന്നവരുടെ തിരക്ക്!!!
തനിക്ക് സംഭവിച്ച ദുരന്തങ്ങള്‍ക്ക് നേരെ ഒരു ചെറുവിരല്‍ പോലും
അനക്കാനാവാതെ മരണത്തിലേക്ക് നടന്നിയിറങ്ങിയ ഒരുവളോടാണ്
കരഞ്ഞ് സഹായമര്‍ത്ഥിക്കുന്നതെന്ന് ഇവരറിയുന്നുണ്ടോ ആവോ.....?

ഞാനും മടങ്ങുകയാണു. ഇനിയെന്നെങ്കിലും ഇവിടെ വരാനാകുമോ
എന്നെനിക്കുറപ്പില്ല. പക്ഷെ...ഒന്നെനിക്കറിയാം. ഓരോ പെണ്ണിന്റെ ഉള്ളിലും
അതി തീക്ഷ്ണമായ സ്നേഹത്തിന്റെ ഉറവകളുണ്ടെന്നും,
ആ സ്നേഹം മരണത്തിനപ്പുറത്തേക്ക് കൂടി നീണ്ടു കിടക്കുമെന്നും....!!!!!

102 comments:

  1. ഏതൊരു പെണ്ണിനും സ്നേഹം വേണം.
    അതിനു ആണു തന്നെ സ്നേഹിക്കണം.

    ഏതൊരു ആണിനും സ്നേഹമാണു വലുത്,
    അതിനു പെണ്ണു തന്നെ സ്നേഹിക്കണം.
    ( വയലാര്‍ അവാര്‍ഡ് നേടിയ കെ പി രാമനുണ്ണിയുടെ ജീവിതത്തിന്റെ പുസ്തകം എന്ന നോവലില്‍ നിന്നും)

    ReplyDelete
  2. മഹേഷ്‌ വിജയന്‍ said...

    "പിന്നീട് ,സങ്കല്പത്തിലെ ജീവിതമായിരുന്നു യാഥാര്‍ത്ഥ്യത്തേക്കാള്‍ നല്ലത് എന്നറിയുമ്പോഴേക്കും ഒരുപാട് വൈകിയിട്ടുണ്ടാകും."
    " പ്രണയത്തില്‍ ജീവിതത്തിന്റെ ചൂടും മരണത്തിന്റെ തണുപ്പും ഒരുപോലെയുണ്ട്, സമാസമം"

    എന്തേ മുല്ലയുടെ പോസ്റ്റൊന്നും കാണാത്തത് എന്ന് ഇന്നും കൂടി ഓര്‍ത്തതേ ഉള്ളൂ...അപ്പോഴേക്കും ദാ എത്തി...
    കുറെ നാളുകള്‍ക്കു ശേഷമാണെന്ന് തോന്നുന്നു, ഇത് പോലെ വിത്യസ്തമായ ഒരു പോസ്റ്റ് മുല്ല ഇടുന്നത്...
    വേറിട്ട ഒരു വായനാനുഭവം തരാന്‍ ഈ പോസ്റ്റിനായി...

    ബീവിയോടൊപ്പം ആ കടല്‍ തീരത്ത് തിരയുടെ ഓളങ്ങളോടൊപ്പം ഞാനും ഉണ്ടെന്നു തോന്നി..
    അത്രയ്ക്കും മനസ്സില്‍ കൊണ്ടൊരു പോസ്റ്റ്...മനസ്സില്‍ നിന്നും നിന്നും നേരിട്ട് മനസ്സിലേക്ക് എഴുതിയിരിക്കുന്നു...
    നന്ദി...ഒരു നല്ല പോസ്റ്റിനു....
    October 20, 2011 6:08 PM
    Sreejith P K said...

    how are u writing like this Mulla. u know it is awesome....
    October 20, 2011 6:11 PM

    ReplyDelete
  3. സൈബര്‍ ജാലകത്തില്‍ രെജിസ്റ്റര്‍ ആകാത്തത് കൊണ്ട് ഒന്നൂടെ റീപോസ്റ്റ് ചെയ്തു. എന്നിട്ടും ശരിയാകുന്നില്ല.

    ReplyDelete
  4. 'തനിക്ക് സംഭവിച്ച ദുരന്തങ്ങള്‍ക്ക് നേരെ ഒരു ചെറുവിരല്‍ പോലും
    അനക്കാനാവാതെ മരണത്തിലേക്ക് നടന്നിയിറങ്ങിയ ഒരുവളോടാണ്
    കരഞ്ഞ് സഹായമര്‍ത്ഥിക്കുന്നതെന്ന് ഇവരറിയുന്നുണ്ടോ ആവോ.....?'

    അന്ധവിശ്വാസികള്‍ക്ക് നേരെ തൊടുത്തുവിട്ട ഈ അമ്പ് ഇഷ്ടപ്പെട്ടു.

    ബീവിയെ കൂട്ടുപിടിച്ച് പറഞ്ഞ ഈ കഥ തികച്ചും വ്യത്യസ്തം... ആശംസകള്‍

    ReplyDelete
  5. പൊന്നാനിയിലെ ബീവിയും കടപ്പുറവും.മനോഹരമായ സചിത്ര ആഖ്യാനവും...
    കെ.പി.രാമനുണ്ണിയുടെ 'ജീവിതത്തിന്റെ പുസ്തകം'ഇന്നലെ കോഴിക്കോട്ടു നിന്നും വാങ്ങി.വായിക്കാന്‍ തുടങ്ങിയിട്ടില്ല.
    ബീവിയോടുള്ള സംഭാഷണ രീതിയും അത്യാകര്‍ഷകം.അഭിനന്ദനങ്ങള്‍ !

    ReplyDelete
  6. പ്രണയത്തില്‍ ജീവിതത്തിന്റെ ചൂടും മരണത്തിന്റെ തണുപ്പും ഒരുപോലെയുണ്ട്,
    സമാസമം. സ്ത്രീയുടെ ഉള്ളില്‍ ഈ രണ്ടു വികാരങ്ങള്‍ക്കും മൂര്‍ച്ചയേറും.
    പലപ്പോഴും പുരുഷന്മാര്‍ക്ക് അതുള്‍ക്കൊള്ളാനാകില്ല. അവള്‍ കീഴടങ്ങാനും
    കീഴടക്കപ്പെടാനും വിധിക്കപ്പെട്ടവള്‍!!

    ബീവിയിലൂടെ നല്ല ഒരു വായന സമ്മാനിച്ചതിന് നന്ദി .. മുല്ല

    ReplyDelete
  7. പ്രണയവും ജീവിതവും വിശ്വാസവും ഒരുപോലെ വിചാരണ ചെയ്യപ്പടുന്ന സ്വപ്നത്തിന്റെയും യാഥാര്‍ത്ഥ്യത്തിന്റെയും ഒരു നേര്‍ത്ത നൂല്പാലമകലത്തിലൂടെയുള്ള ഈ യാത്ര മനസ്സിന്റെ സങ്കീര്‍ണ്ണതയെ അതിലെ പൂരണമില്ലാത്ത സമസ്യകളെ അങ്ങനെ തന്നെ വളച്ചു കുത്തി നിര്‍ത്തിയിരിക്കുന്നു.
    മുല്ലയുടെ കയ്യൊതുക്കത്തെ അഭിനന്ദിക്കാതെ വയ്യ.
    ഒരു നല്ല അക്ഷരക്കൂട്ടത്തെ വായനക്ക് നല്‍കിയതിനു നന്ദി.

    ReplyDelete
  8. പെണ്ണിന്റെ ഉള്ളറിഞ്ഞ ഈ എഴുത്ത് ഉഷാറായി മുല്ലേ..
    ഒപ്പം ബീവിയുടെ സംസാരോം..

    ReplyDelete
  9. മുല്ലയുടെ വ്യതസ്തമായ ഒരു രചനാ

    ശൈലി..

    ഇഷ്ടപ്പെട്ടു...പ്രത്യേകിച്ച് പ്രണയത്തെയും

    ജീവിതത്തെയും കൂടി ഇണക്കിയ വിശകലനങ്ങള്‍ ‍

    ഒരു നിമിഷം മനസ്സിനെ എവിടെ ഒക്കെയോ കൊണ്ടു

    പോയി ..!!!ആശംസകള്‍..

    ReplyDelete
  10. സ്നേഹത്തില്‍ ജീവിക്കുന്ന്വലും, സ്നേഹത്താല്‍ മരിച്ച്ചവലും തമ്മിലുള്ള സംവേദനങ്ങള്‍ ഭംഗിയായി അവതരിപ്പിച്ചു. തന്റെ ദുരിതങ്ങള്‍ക്ക് പഹിഹാരം കാണാനാവാത്തവളോടുള്ള പ്രാര്‍ത്ഥന, അതിലും കാണുന്നു ഒരു സന്ദേശവും.
    ആശംസകള്‍..

    ReplyDelete
  11. ഇഷ്ടപ്പെട്ടു. കഥയും, കഥ വന്ന വഴിയും പറഞ്ഞ രീതിയും .
    അനാവശ്യ ചമയങ്ങളില്ലാതെ നല്ല ഭംഗിയായി പറഞ്ഞു.

    ReplyDelete
  12. ഇതേവരെയുള്ള എഴുത്തുകളില്‍ നിന്നെല്ലാം വിത്യസ്തമായ ഈ ശൈലി വളരെ ഇഷ്ടപ്പെട്ടു.ഒരു യാത്രാനുഭവത്തെ ഇതിലും മനോഹരമായി അവതരിപ്പിക്കാന്‍ കഴിയില്ലതന്നെ.കണ്മുമ്പിലുണ്ടായിട്ടും കാണാതെ പോയതാണീ കാഴ്ചകള്‍ .അതിന്‍റെ പിന്നാമ്പുറങ്ങള്‍ പ്രദര്‍ശിപ്പിച്ച ആഖ്യാനരീതി അതി മനോഹരം.

    ReplyDelete
  13. മലബാറിലെ കുടില്‍ വ്യവസായമായ ജാറം-മഖാം വര്‍ണ്ണന അത്ര തന്നെ!

    ReplyDelete
  14. മുല്ല ഇതിലെ കഥയെക്കാള്‍ അധികം ശ്രദ്ധിക്കപെടുന്ന ത് സ്ത്രീയിലെ നേരിനെ ആണ് ഒരു ശരാശരി ഔരുഷന്‍ വായിച്ചിരിക്കേണ്ട ഒന്ന് അങ്ങനെ ഇതിനെ കാണുന്നു

    ReplyDelete
  15. ശ്രീമതി മുല്ല,
    മനശാസ്ത്ര അപഗ്രഥനം നന്നായി. ഇവിടെ ബീവിയുടെ സമീപത്തേക്ക് നടത്തിയ യാത്ര,അത് ആ മഹത് വ്യക്തിയുടെ അന്ത :രംഗത്തിലേക്ക് കൂടി വ്യാപിച്ചപ്പോള്‍ പോസ്റ്റ്‌ വളരെ ഉല്‍കൃഷ്ട മായി. ആശംസകള്‍ .............

    ReplyDelete
  16. "Getting a man to love you is easy
    Only be honest about your wants as
    Woman. Stand nude before the glass with him
    So that he sees himself the stronger one
    And believes it so, and you so much more
    Softer, younger, lovelier. Admit your
    Admiration. Notice the perfection
    Of his limbs, his eyes reddening under
    The shower, the shy walk across the bathroom floor,
    Dropping towels, and the jerky way he
    Urinates. All the fond details that make
    Him male and your only man. Gift him all,
    Gift him what makes you woman, the scent of
    Long hair, the musk of sweat between the breasts,
    The warm shock of menstrual blood, and all your
    Endless female hungers. Oh yes, getting
    A man to love is easy..... "

    Thus wrote Kamala Surayya in her "The lookin glass"

    ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ അതൊക്കെ ഓര്‍ത്തുപോയി. ഓരോരുത്തര്‍ക്കും ഏകാന്തതയുടെ ഒരു തടവറയുണ്ട്. തുണയില്ലാതെ കഴിയുന്ന ഒരാള്‍ താന്‍ ഒറ്റയ്ക്കല്ല എന്ന് സ്വയം "വിശ്വസിപ്പിക്കാനായി" എപ്പോഴും ടി.വി ഉച്ചത്തില്‍ ഓണ്‍ ആക്കി വെയ്ക്കുന്ന ഒരു സന്ദര്‍ഭം വായിച്ചിട്ടുണ്ട്. പല ഒളിച്ചോട്ടങ്ങളുടെയും അന്തചോദന പലപ്പോഴും അറിയാത്ത അവഗണനകള്‍ തന്നെ. പ്രലോഭനങ്ങളുടെ അറ്റവും കടക്കുമ്പോള്‍ പ്രാണനെ സ്വയം തന്നെ സ്വതന്ത്രമാക്കുന്നവര്‍.

    ReplyDelete
  17. ഭക്തജനങ്ങളുടെ ശ്രദ്ധയ്ക്ക്...

    ReplyDelete
  18. “ഓരോ പെണ്ണിന്റെ ഉള്ളിലും
    അതി തീക്ഷ്ണമായ സ്നേഹത്തിന്റെ ഉറവകളുണ്ടെന്നും,
    ആ സ്നേഹം മരണത്തിനപ്പുറത്തേക്ക് കൂടി നീണ്ടു കിടക്കുമെന്നും....!“പൊന്നാനിയിലെ ഈ ബീവിയിലൂടെ ഓരൊ പെണ്ണിന്റെ ഉള്ളുമാണ് മുല്ല ഇതുവഴി തുറന്നിട്ടിരിക്കുന്നത്....

    ReplyDelete
  19. മുല്ലേ - ...ആ കടല്‍ തീരത്ത് ,പോയത് വെറുതെ ആയില്ല അല്ലേ?മണല്തരികളോട് പോലും ചോദ്യം ചോദിച്ച്..ഉത്തരം സ്വന്തം മനസിനോട് മാത്രം പറയാതെ ഇതുപോലെ എഴുതി തീര്‍ത്തത് വളരെ വളരെ നന്നായി ....
    സുഫി പറഞ്ഞ കഥ സിനിമ കണ്ടിട്ടുണ്ട് ..അത് കണ്ടു കഴിഞ്ഞപ്പോളും രണ്ടു ദിവസത്തേക്ക് മനസും വളരെ അസ്വസ്ഥമായിരുന്നു ...ഉത്തരമില്ലാത്ത കുറെ ചോദ്യംതന്നെ .എന്തോ ഇത് വായിച്ചപ്പോള്‍ ,കുറെ ഉത്തരമൊക്കെ കിട്ടിയതുപോലെ ....

    ഇനിയും ഇതുപോലെ പോസ്റ്റുകള്‍ എഴുതുവാന്‍ കഴിയട്ടെ

    ReplyDelete
  20. ഏതൊരു പെണ്ണിനും സ്നേഹം വേണം.
    അതിനു ആണു തന്നെ സ്നേഹിക്കണം.

    ഏതൊരു ആണിനും സ്നേഹമാണു വലുത്,
    അതിനു പെണ്ണു തന്നെ സ്നേഹിക്കണം.
    *****************
    ഏതൊരു പെണ്ണിനും ദുരന്തമുണ്ടാകണം
    അത് ആണിന്റെ പക്കൽ നിന്നു തന്നെ വേണം
    എന്നാലേ പോരിശയും പണവും ഉണ്ടാക്കാനാവൂ

    ReplyDelete
  21. മഹേഷ് ,നന്ദി ആദ്യകമന്റിനു. പോസ്റ്റിട്ട് സൈബര്‍ജാലകത്തില്‍ ക്ലിക്കിയപ്പോള്‍ റെജിസറ്റര്‍ ആവാത്തത് കൊണ്ട് ഒന്നൂടെ റിപോസ്റ്റ് ചെയ്യെണ്ടി വന്നു. അതാ കമന്റ് കോപി പേസ്റ്റ് ചെയ്തെ. ക്ഷമി..

    ശ്രീജിത്ത്, നന്ദി.

    ഷബീര്‍

    എന്‍ എം കെ, നന്ദി. ജീവിതത്തിന്റെ പുസ്തകം കുഴപ്പമില്ല. നമുക്ക് നഷ്ടപ്പെട്ടു പോകുന്ന നന്മയുടെയും സ്നേഹത്തിന്റേയും തീരങ്ങളെ നോവലിലൂടെയെങ്കിലും തിരിച്ച് പിടിക്കാന്‍ അദ്ദേഹം ശ്രമിക്കുന്നുണ്ട്.നല്ല കാര്യമാണത്.

    വേണുഗോപാല്‍,നന്ദി

    നാമൂസ്, നല്ല വരികള്‍ക്ക് സന്തോഷം.

    നന്ദി മേയ് ഫ്ലവര്‍

    എന്റെ ലോകം,മനസ്സില്‍ തൊട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

    ജെഫു , പറഞ്ഞാല്‍ മനസ്സിലാകില്ല ആര്‍ക്കും.

    ചെറുവാടീ,താങ്കൂ

    കുട്ടിക്ക,അങ്ങനെ വിളിക്കാനാ സുഖം..നന്ദി.

    എ ബി സി, എന്തോ...

    കൊമ്പാ....നന്ദി.

    നിസാര്‍, സന്തോഷം.

    സലാംജി, എന്താ പറയാ..വരികള്‍ക്കിടയില്‍ വായിക്കാനുള്ള താങ്കളുടെ കഴിവ് അപാരം.

    കമലാസുരയ്യയുടെ ഇംഗ്ലീഷ് കഥകള്‍ ഞാന്‍ വായിച്ചിട്ടില്ല. ഇപ്പൊ അറിയുന്നു ആ നഷ്ടം. ഇനി വായിക്കണം.നന്ദി ഒരുപാട്.

    അജിത്ത് ജീ, അതന്നെ.

    സിയാ, താങ്ക്സ്ട്ടോ..

    മുകുന്ദന്‍ ജീ, സന്തോഷായി.

    വിധു ചോപ്ര, അങ്ങനെയും ഒരര്‍ത്ഥമുണ്ടോ..?

    ReplyDelete
  22. ഇതെവിടെയാ സ്തലം മുല്ല , ഈ ഖബര്‍ എവിടെയാ ?

    ReplyDelete
  23. പ്രണയത്തില്‍ ജീവിതത്തിന്റെ ചൂടും മരണത്തിന്റെ തണുപ്പും ഒരുപോലെയുണ്ട്,
    സമാസമം. സ്ത്രീയുടെ ഉള്ളില്‍ ഈ രണ്ടു വികാരങ്ങള്‍ക്കും മൂര്‍ച്ചയേറും.
    പലപ്പോഴും പുരുഷന്മാര്‍ക്ക് അതുള്‍ക്കൊള്ളാനാകില്ല.

    Biased a bit???????? congrats

    ReplyDelete
  24. പ്രണയത്തില്‍ ജീവിതത്തിന്റെ ചൂടും മരണത്തിന്റെ തണുപ്പും ഒരുപോലെയുണ്ട്,
    സമാസമം. സ്ത്രീയുടെ ഉള്ളില്‍ ഈ രണ്ടു വികാരങ്ങള്‍ക്കും മൂര്‍ച്ചയേറും.
    പലപ്പോഴും പുരുഷന്മാര്‍ക്ക് അതുള്‍ക്കൊള്ളാനാകില്ല.

    Biased a bit???????? congrats

    ReplyDelete
  25. മുല്ലേ...
    അസൂയപ്പെടുത്തുന്നു. വീണ്ടും മുല്ലയുടെ രചന ..
    ആശംസകള്‍..
    ll

    ReplyDelete
  26. >>>>തനിക്ക് സംഭവിച്ച ദുരന്തങ്ങള്‍ക്ക് നേരെ ഒരു ചെറുവിരല്‍ പോലും
    അനക്കാനാവാതെ മരണത്തിലേക്ക് നടന്നിയിറങ്ങിയ ഒരുവളോടാണ്
    കരഞ്ഞ് സഹായമര്‍ത്ഥിക്കുന്നതെന്ന് ഇവരറിയുന്നുണ്ടോ ആവോ.....?<<<<<

    ഇത്രയും പറയാനാണ് മുല്ല ഈ പ്രണയ കഥയുടെ ചുരുളഴിച്ചത് എന്നത് വായനാക്കാരില്‍ പലരും മനസ്സിലാക്കാതെ പോയി എന്നു തോന്നുന്നു.

    ജീവിച്ചിരിക്കുമ്പോള്‍ സംരക്ഷണവും സ്നേഹവും നിഷേധിക്കപ്പെട്ടു മരണത്തിലേക്ക് നടന്നു പോയ നിസ്സഹായയും നിരാലംബയുമായിരുന്ന ഒരു സ്ത്രീയുടെ ശവത്തെ ദൈവിക പരിവേഷത്തിലേക്ക് ഉയര്‍ത്തി തങ്ങളുടെ അവസാന അഭയ കേന്ദ്രമായി കണ്ടു ആരാധിക്കുമ്പോള്‍ അതിന്‍റെ പിന്നാമ്പുറ കഥയിലൂടെ മനുഷ്യരുടെ അന്ത വിശ്വാസങ്ങളുടെ അര്‍ത്ഥശൂന്യത അന്വേഷിക്കുകയാണ് മുല്ല ഈ മനോഹര രചനയിലൂടെ എന്നു എനിക്ക് തോന്നുന്നു.

    പ്രണയത്തെക്കുറിച്ച് ഇതിനേക്കാള്‍ ഭംഗിയായി പറയാന്‍ മുല്ലയിലെ എഴുത്തുകാരിക്ക് അറിയാം. എന്നാല്‍ മച്ചിന്‍പുറത്തുനിന്നു പടിയിറങ്ങിയ ഭഗവതിയേയും, പ്രണയം ശാരീരിക പൂജയിലേക്ക് മാത്രം ചുരുങ്ങിയപ്പോള്‍ വിടവാങ്ങിയ കാര്‍ത്തിയേയും, ശവകുടീരത്തിനു പച്ചപ്പുതപ്പു പുതപ്പിക്കുന്ന മനുഷ്യരെയും ചേര്‍ത്തു ആത്മാവില്ലാത്ത ബാഹ്യ ചേഷ്ടകളുടെ, പാഴ് വിനിമയങ്ങളുടെ നിരര്‍ഥകത പറയാന്‍ പ്രണയത്തെ കൂട്ടു പിടിച്ചു എന്നു മാത്രം.

    എന്‍റെ നിരീക്ഷണം ശരിയാണോ എന്നു അറിയില്ല. പക്ഷെ ഇങ്ങിനെ ഒക്കെ ചിന്തിക്കാനുള്ള പഴുതുകള്‍ കഥാകാരി ഈ രചനയിലൂടെ നമുക്ക് നല്‍കുന്നുണ്ട്. മുല്ലയിലെ നല്ല എഴുത്തുകാരിക്ക് എന്‍റെ അഭിനന്ദനങ്ങള്‍.

    ReplyDelete
  27. വളരെ മനോഹരമായ പോസ്റ്റ് ഇത് പറഞ്ഞതിന് ചിലര്‍ പറയും സുഖിപ്പീര്‍ അല്ലെങ്കില്‍ വേറെ എന്തോ എങ്കിലും ഉള്ളത് പറയണമല്ലോ എന്ത്യേ അതെന്നെ....സ്നേഹിക്കപ്പെടുന്ന മനസ്സുകല്‍ക്കെ സ്നേഹത്തിന്റെ വില അറിയൂ...ചിലരുടെ സ്നേഹം ഒരിക്കലും വിരിയാത്ത മൈല്പ്പീലി പോലെ മനസ്സില്‍ കിടക്കും ..മറ്റു ചിലരുടെതാകട്ടെ പറഞ്ഞിട്ടും അറിഞ്ഞിട്ടും ഒന്നും ചെയ്യാന്‍ പറ്റാത്ത അവസ്ഥയിലും ആകും...എന്തെ അല്ല്ലേ?

    ReplyDelete
  28. This comment has been removed by the author.

    ReplyDelete
  29. ഓരോ പെണ്ണിന്റെ ഉള്ളിലും അതി തീക്ഷ്ണമായ സ്നേഹത്തിന്റെ ഉറവകളുണ്ടെന്നും,ആ സ്നേഹം മരണത്തിനപ്പുറത്തേക്ക് കൂടി നീണ്ടു കിടക്കുമെന്നും ...

    നിസ്സഹായതയുടെ ഉത്തുംഗത്തില്‍ നിന്നും തന്റെ പ്രാണനെ പറിച്ചെറിഞ്ഞ് കടലിന്റെ അഗാധതയിലേക്ക് നടന്നിറങ്ങിയവളൊട് ഞാനെന്ത് ആവശ്യപ്പെടാന്‍.

    ഈ വരികളില്‍ വലിയ ഒരു സന്ദേശം ചേര്‍ത്തു വെച്ചിരിക്കുന്നു എന്നു തോന്നി.

    ലളിതമായ അടുക്കും ചിട്ടയുമുള്ള ഭാഷ.നല്ല എഴുത്ത്. പൊന്നാനിയില്‍ ഇങ്ങിനെ ഒരു സ്ഥലമുണ്ട് എന്നത് എനിക്ക് പുതിയ അറിവാണ്.

    ReplyDelete
  30. രാമനുണ്ണീമാഷിന്റെ പുസ്തകം വായിച്ചിട്ടില്ല.. മുല്ലയുടെ കുറിപ്പ് ആ പുസ്തകത്തിലേക്ക് കൂടി കൂടുതല്‍ അടുപ്പിക്കുന്നു...

    ReplyDelete
  31. ജിത്തുവേ..എന്തിനാ ..? എന്നിട്ട് വേണം എല്ലാരും കൂടി എന്നെയിട്ട് അലക്കാന്‍.

    കലി, നന്ദി വായനക്കും അഭിപ്രായത്തിനും. ഞാന്‍ പക്ഷം പിടിച്ചൊന്നുമില്ലാട്ടോ..ബീവീടെ കണ്ണിലൂടെ കണ്ടൂന്നു മാത്രം.

    അക്ബര്‍ ഭായ്, വിശദമായ് വായനക്ക് ഒരുപാട് സന്തോഷം. സത്യമാണത്, എന്റെ ആദര്‍ശത്തിനു എതിരു തന്നെയാണത്. മരിച്ചവരോടുള്ള പ്രാര്‍ത്ഥന.ജീവിച്ചിരിക്കുമ്പോള്‍ ആരും ആരേയും ആശ്വസിപ്പിക്കാനോ സ്നേഹിക്കാനോ തയ്യാറാകില്ല. എല്ലാം കഴിഞ്ഞിട്ട് ആര്‍ക്ക് വേണ്ടി..?
    അതോടൊപ്പം തന്നെ ഒരു പെണ്ണിന്റെ ഉള്ള്, ബീവിയെ ഒരു പെണ്ണായ എനിക്ക് എളുപ്പത്തില്‍ വായിച്ചെടുക്കാനാകും.

    കെ പി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്ന നോവല്‍ വായിച്ചപ്പോള്‍ മുതലുള്ള ആഗ്രഹമാണു ബീവിയെ കാണണമെന്നത്,മിത്തും ഭാവനയും കൂട്ടുക്കലര്‍ത്ത് രാമനുണ്ണി, കാര്‍ത്തിയില്‍ നിന്നും ബീവിയിലേക്കുള്ള പരിണാമം ഉള്ളുലക്കുന്ന വിധം പറഞ്ഞുവെച്ചപ്പൊളുണ്ടായ ആഗ്രഹം. കഥക്കും കഥാപാത്രത്തിനും പിന്നാലെ ഒരു സ്വപന സഞ്ചാരം.


    ആചാര്യന്‍, നന്ദി വന്നതിനും ആത്മാര്‍ത്ഥമായ അഭിപ്രായത്തിനും.
    പെണ്ണെഴുതിയതിനു കമന്റിട്ടാല്‍ അത് സുഖിപ്പിക്കലാണെന്ന സംസാരം ബൂലോഗത്തുണ്ട്. എന്തു ചെയ്യാനാ..

    പ്രദീപ് കുമാര്‍,
    മനോരാജ്
    നന്ദി.

    ReplyDelete
  32. ഒന്നും പറയാന്‍ ആവാത്തത് പോലെ..അത്രയ്ക്കും ശക്തമായ , വേറിട്ട ഒരു അനുഭവം പ്രദാനം ചെയ്ത പോസ്റ്റ്‌..വല്ലാതെ മനസ്സില്‍ കൊണ്ട് ഈ പോസ്റ്റ്‌..ആശംസകള്‍..

    ReplyDelete
  33. മുല്ലയ്ക്ക് നല്ല കൈ ഒതുക്കം ഉണ്ട്. അഭിനന്ദനങ്ങള്‍

    ReplyDelete
  34. സൂഫി പറഞ്ഞ കഥ എന്ന പുസ്തകം വായിച്ചില്ലെങ്കിലും സിനിമ കണ്ടിരുന്നു..എല്ലാരും പറഞ്ഞത് പോലെ ഈ പോസ്റ്റ്‌ വിത്യസ്തമായ അനുഭവം ആയിരുന്നു..ബീവിയുമായുള്ള സംഭാഷണം വളരെ ഹൃദ്യമായിരുന്നു. അഭിനന്ദനം മുല്ല.

    ReplyDelete
  35. ഒരു പ്രതികരണം. അത് ഈ രീതിയില്‍ , വ്യത്യസ്ഥമായ ഒരു ശൈലിയില്‍ ആവാം എന്ന് മുല്ല തെളിയിച്ചു.

    ReplyDelete
  36. മുല്ലാ കൊതിപ്പിക്കുന്ന ശൈലിയിലുള്ള എഴുത്ത്..നന്നായിരിക്കുന്നു...ചില പെൺജീവിതങ്ങൾ ഇങ്ങനേയും...

    ReplyDelete
  37. ഈ സാങ്കല്‍പ്പികസംഭാഷണം അധി മനോഹരം തന്നെ.
    ഈ അന്തവിശ്വാസികളുടെ കണ്ണുതുറപ്പിക്കാന്‍ ഇതൊന്നുമാകുന്നില്ലല്ലോ എന്നതാണ് ഖേദകരം.

    ReplyDelete
  38. പോസ്റ്റ്‌ വായിച്ചു.നന്നായിട്ടുണ്ട്.അക്ബറിന്റെ അഭിപ്രായത്തിനു അടിവരയിടുന്നു.എന്നെ ആരെങ്കിലും സഹായിച്ചിട്ടു വേണം എന്നിട്ടാണെന്നോട് സഹായം ചോദിക്കുന്നത്!മുല്ല വീണ്ടും വിരിയുകയും സൌരഭ്യം പകരുകയും ചെയ്യട്ടെ.

    ReplyDelete
  39. മുല്ലയുടെ ആരാമത്തില്‍ ആദ്യമാണ്. വിവിധ തരങ്ങളായ മുല്ലകള്‍ പരിമളം പരത്തുന്ന ഒരു ഉദ്യാനം തന്നെ ഇത്. പുതിയ മുല്ലയുടെ സുഗന്ധവും നന്നായി ആസ്വദിച്ചു.
    സ്വന്തം കാര്യങ്ങള്‍ പോലും പരിഹരിക്കപ്പെടാന്‍ വഴിയില്ലാതെ ജീവിതം ഒടുക്കി വെറും മന്കൂനകള്‍ ആയിത്തീര്‍ന്നിടത്തേക്ക് ജീവിതത്തിലെ പ്രാരാബ്ദ്ധങ്ങള്‍ക്ക് പരിഹാരം തേടി തീര്‍ത്ഥയാത്ര നടത്തുന്ന എത്ര മനുഷ്യരാണ് നമ്മുടെ കണ്മുന്നിലുള്ളത്. തന്നെ സൃഷ്ടിച്ചു പരിപാലിക്കുന്ന, തന്റെ മനസ്സിന്റെ ഉള്ളറകളും, തന്റെ ഗുണ ദോഷങ്ങളും, തനിക്കുണ്ടാവുന്നതും ഉണ്ടാവാന്‍ പോവുന്നതുമായ വിധി വിലക്കുകളെക്കുറിച്ചറിയുന്ന, എല്ലാം നിയന്ത്രിക്കാനാവുന്ന തന്റെ യതാര്‍ത്ഥ സൃഷ്ടാവിലേക്ക് തിരിയുന്നതിന് പകരം എന്തേ ഈ ശവക്കൂനകള്‍ക്കു നേരെ ജനങ്ങള്‍ കൈകള്‍ നീട്ടുന്നത്.? ഇതിനു പിന്നില്‍ പ്രവര്‍ത്തിക്കുന്ന, പാവപ്പെട്ട ജനങ്ങളെ ചൂഷണം ചെയ്തു കോടികള്‍ കൊയ്യുന്ന, സ്വയം "വിശുദ്ധരായി " പ്രഖ്യാപിച്ചവര്‍ തന്നെയല്ലേ അതിനു പ്രധാന ഉത്തരവാദികള്‍?
    പ്രണയം വിരിയിച്ചു മനോഹരമായി പറഞ്ഞ ഈ കഥയിലെ കാര്യം "വിശുദ്ധര്" ‍ മനസ്സിലാക്കി കുറ്റസമ്മതം നടത്തിയെങ്കില്‍, അല്ലേല്‍ ചൂഷണം ചെയ്യപ്പെടുന്നവര്‍ സത്യം അറിഞ്ഞു ഈ അന്ധവിശ്വാസത്തില്‍ നിന്നും പിന്തിരിഞ്ഞുവെങ്കില്‍..... ...
    എന്നാശിച്ചു പോവുന്നു...

    ReplyDelete
  40. ബീവിയിലെ സ്ത്രീയെ നന്നായി വരച്ചുകാട്ടുക വഴി ആകര്‍ഷകവും വ്യത്യസ്തവുമായി ഈ രചന.
    ഒപ്പം നിസ്സഹായരോട് സഹായമാഭ്യര്‍ത്തിക്കുന്നതിലെ വ്യര്‍ത്ഥതയും എടുത്ത്‌ കാട്ടുന്നു.

    രചനാലോകത്ത് മുല്ല ഇനിയും പരിലസിക്കട്ടെ.

    ReplyDelete
  41. വളരെ ഭംഗിയായി എഴുതി . രചനയുടെ വിസ്മയത്തിൽ വാക്കുകൾ ഒന്നും കിട്ടുന്നില്ല.തീർത്തും വേറിട്ട ഒരു വായനാനുഭവം ആയിരുന്നു.
    ഈ തലക്കെട്ട് വല്ലാതെ ആകർഷിയ്ക്കുന്നു. അഭിനന്ദനങ്ങൾ.

    ReplyDelete
  42. മുല്ലയുടെ പരിമളം പടര്‍ത്തുന്ന എഴുത്ത് ,,ബീവിയുടെ ഉള്ളും മുല്ലയുടെ ഉള്ളവും ഉള്ളം കയ്യില്‍ വച്ചത് പോലെ .:)
    നന്നായി ആസ്വദിച്ചു ഈ സുഗന്ധ സൌഭഗം .നന്ദി .

    ReplyDelete
  43. "തനിക്ക് സംഭവിച്ച ദുരന്തങ്ങള്‍ക്ക് നേരെ ഒരു ചെറുവിരല്‍ പോലും
    അനക്കാനാവാതെ മരണത്തിലേക്ക് നടന്നിയിറങ്ങിയ ഒരുവളോടാണ്
    കരഞ്ഞ് സഹായമര്‍ത്ഥിക്കുന്നതെന്ന് ഇവരറിയുന്നുണ്ടോ ആവോ....?"
    ഒരുപാടിഷ്ടായി മുല്ലേ...

    ReplyDelete
  44. സൂഫി പറഞ്ഞ കഥ വായിച്ചിട്ടില്ല.
    ഈ കടപ്പുറമേത് എന്നോഈ കഥ എന്തെന്നോ മനസ്സിലായില്ല.
    അതിനാല്‍ തന്നെ പോസ്റ്റില്‍ഇഴുകി ചേരാനും കഴിഞ്ഞില്ല.
    പുസ്തകം വായിക്കാത്തവര്‍ക്കുള്ള ഒരു പശ്ചാത്തല വിവരണം കൂടി ഉണ്ടെങ്കില്‍ നന്നായേനെ. എങ്കിലും നോവലിനും യാത്രാനുഭവത്തിനുമപ്പുറം
    സ്നേഹത്തെക്കുറിച്ചും ആണ്‍ പെണ്‍ ഭേദങ്ങളെ കുറിച്ചുമുള്ള
    നിരീക്ഷണങ്ങള്‍ ഇഷ്ടപ്പെട്ടു.

    ReplyDelete
  45. ഷാനവാസ് ജീ, വന്നതിനും അഭിപ്രായത്തിനും നന്ദി.

    മനോജ്, നന്ദി നല്ല വാക്കുകള്‍ക്ക്

    ദുബായ്ക്കാരന്‍,നന്ദി.സിനിമ ഞാന്‍ കണ്ടില്ല. എന്റെ മനസ്സിലെ ബീവി അങ്ങനെ ഇരിക്കട്ടെ.
    ഹാഷിക്

    സീത

    എക്സേ,എവിടായിരുന്നു..?

    ഹനീഫ

    ഇക്ബാല്‍ മയ്യഴി
    നന്ദി .

    എചുമു, വന്നതിലും വായിച്ചതിലും സന്തൊഷം ഉണ്ട് ഒരുപാട്.

    രമേശ് ജീ, നല്ലൊരു നിരൂപകന്‍ എന്ന നിലയില്‍ അങ്ങയുടെ അഭിപ്രായം ഞാന്‍ വിലമതിക്കുന്നുണ്ട് എല്ലായ്പ്പോഴും..

    തെച്ചിക്കോടന്‍, നന്ദി

    ലിപി,നന്ദി.കാണാറില്ലല്ലോ ഈയിടെ

    ഒരില വേറുതെ, പുസ്തകം താങ്കള്‍ വായിക്കണം. രാമനുണ്ണി വളരെ നന്നായി ചെയ്തിട്ടുണ്ട് അത്. വയലാര്‍ അവാര്‍ഡ് കിട്ടിയ ജീവിതത്തിന്റെ പുസ്തകത്തേക്കാള്‍ എനിക്കിഷ്റ്റായത് അതാണു.
    എല്ലാവര്‍ക്കും ഒരിക്കല്‍ കൂടി നന്ദി.

    ReplyDelete
  46. നന്ദി ഇസ്മയില്‍ ചെമ്മാട്, പുതിയ പോസ്റ്റൊന്നും ഇടത്തത് എന്തേ..?

    ReplyDelete
  47. "എന്നിട്ടെന്താ..ആരു കാണാനാ, വരുന്നവര്‍ക്കെല്ലാം എന്റെ പോരിശ മതി.
    ഇവിടെയുള്ളവര്‍ക്ക് കാശും.”ഖബറിനു സമീപത്തെ ഭണ്ഢാര പെട്ടിയില്‍
    നിന്നും നോട്ടുകെട്ടുകള്‍ ബാ‍ഗില്‍ നിറക്കുന്ന മുസ്ല്യാരെ ചൂണ്ടി
    ബീവി നിശ്വസിച്ചു."
    ഇന്ന് നനടന്നു കൊണ്ടിരിക്കുന്ന അന്ധവിശ്വാസത്തിനു നേത്രത്വം കൊടുക്കുന്നവരും അതിനു ദൈവീക പരിവേഷം കൊടുക്കുന്ന മുല്ലമാരും* ഇത് വായിക്കണം
    അവര്ക്കിത് മനസിലാവുമോ എന്തോ, വരികള്‍ക്കിടയിലൂടെ അവര്‍ക്കെതിരെ തൊടുത്തു വിട്ട ശരങ്ങള്‍, കുറിക്കുതന്നെ കൊള്ളുന്നുണ്ട് .
    അത്പോലെ സ്നേഹത്തിന്റെ വിലയും ഒരു സ്ത്രീയുടെ മനസ്സും മുല്ല വളരെ ഭംഗിയായി അവതരിപ്പിച്ചു, അതിനു മുല്ല തിരഞ്ഞടുട്ത് പശ്ചാത്തലവും, വര്‍ണനയും വളരെ നന്നായി, എന്താണോ മുല്ല പറയാന്‍ വിചാരിച്ചത് അത് വളരെ നന്നായി മുല്ലയുടെ ഭാവനയിലൂടെ വായനക്കാരില്‍ എത്തിക്കാന്‍ കഴിഞ്ഞിട്ടുണ്ട് .
    അഭിനന്ദനങ്ങള്‍ ...
    "മുല്ലാമാര്‍ ആരാണന്നു മുല്ലക് മനസിലാവുമെന്ന് വിചാരിക്കുന്നു"

    ReplyDelete
  48. തനിക്ക് സംഭവിച്ച ദുരന്തങ്ങള്‍ക്ക് നേരെ ഒരു ചെറുവിരല്‍ പോലും
    അനക്കാനാവാതെ മരണത്തിലേക്ക് നടന്നിയിറങ്ങിയ ഒരുവളോടാണ്
    കരഞ്ഞ് സഹായമര്‍ത്ഥിക്കുന്നതെന്ന് ഇവരറിയുന്നുണ്ടോ ആവോ.....?


    ഏറെ ചിന്തിക്കേണ്ട കുറെ ചോദ്യങ്ങള്‍ വായനക്കാരിലേക്ക് നല്‍കുന്ന നല്ലൊരു പോസ്റ്റ്‌....

    ReplyDelete
  49. നന്നായി പറഞ്ഞു, മനുഷ്യന്‍ ചെയ്യുന്ന വിഡ്ഡിത്തങ്ങളെകുറിച്ച് ചിന്തിക്കാന്‍ നിമിത്തമാകുന്ന രചന.. അഭിനന്ദനങ്ങള്‍ ..

    ReplyDelete
  50. "തനിക്ക് സംഭവിച്ച ദുരന്തങ്ങള്‍ക്ക് നേരെ ഒരു ചെറുവിരല്‍ പോലും
    അനക്കാനാവാതെ മരണത്തിലേക്ക് നടന്നിയിറങ്ങിയ ഒരുവളോടാണ്
    കരഞ്ഞ് സഹായമര്‍ത്ഥിക്കുന്നതെന്ന് ഇവരറിയുന്നുണ്ടോ ആവോ"
    ഈത്തരം നിലവിളികളാണ് മുല്ലേ മനുഷ്യരെ പച്ചയാക്കുന്നത് അല്ലാത്തതെല്ലാം കേവലം പുസ്തകജ്ഹാനം (bookish knowledge) മാത്രം

    ReplyDelete
  51. അങ്ങനെ നമ്മളെ ബീവിയെക്കൊണ്ടും കഥ പറയിച്ചു അല്ലേ..
    എന്റെ പന്ത്രണ്ടാം വയസ്സില്‍ ഈ ബീവിയെ കാണാന്‍ ഞാന്‍ പോയിരുന്നു. അത് വിശ്വാസം കൊണ്ടല്ല; വിശ്വാസമില്ലായിമ കൊണ്ട്!
    അവിടെ കണ്ട കാഴചകള്‍ എന്നെ അന്നേ അതിശയപ്പെടുതിയിരുന്നു. പേരും മേല്‍വിലാസവും (അന്ന്) ഇല്ലാത്ത ഒരു ശവം കൊണ്ട് നാട്ടുകാര്‍ക്ക് എങ്ങനെ കാശുണ്ടാക്കാം എന്ന് അന്നേ പിടികിട്ടി. സ്വന്തം ഭാവി കൂടി തിരുത്താന്‍ കഴിയാത്ത ഒരു ശവത്തിനു എങ്ങനെ മറ്റുള്ളവരുടെ ഭാവി ശോഭനമാക്കാന്‍ കഴിയും എന്ന് അന്നേ ചിന്തിച്ചു.
    (വളരെ ശക്തമായ എഴുത്ത്!
    കഥ പറഞ്ഞ രീതിയും വിഷയത്തിലെ സദുദേശ്യവും വളരെ ഏറെ ഇഷ്ടമായി.
    ഇത് ഒരു ലേഖനമാക്കി എഴുതിയാല്‍ വിമര്‍ശനം ഇരന്നു വാങ്ങേണ്ടി വരും എന്ന് കരുതി കഥാ രൂപത്തില്‍ ആക്കി എന്ന് തോന്നുന്നു.
    ഏതായാലും, കൈക്കുന്ന മരുന്ന് തേനില്‍ ചാലിച്ച് കൊടുത്തത് സൂപ്പര്‍.)

    ReplyDelete
  52. This comment has been removed by the author.

    ReplyDelete
  53. ആര്‍ട്ട് ഓഫ് വേവ്,
    കഡു,
    മജീദ് അല്ലൂര്‍
    നന്ദി ആദ്യ വരവിനും അഭിപ്രായത്തിനും.

    വി സി ജോസഫ് ,നന്ദി സര്‍
    കുറുമ്പടീ, നന്ദി വരവിനും അഭിപ്രായത്തിനും.

    സൂഫി പറഞ്ഞ കഥ എന്നില്‍ ഉണ്ടാക്കിയ വിഭ്രമമാണു എന്നെ ആ കടപ്പുറത്തെത്തിച്ചത്. ജാറം നേര്‍ച്ച മുടി പൂജ ഇത്യാദികളെയൊക്കെ തീര്‍ച്ചയായും ഞാന്‍ എതിര്‍ക്കുന്നുണ്ട്. പക്ഷെ ഇവിടെ ഈ പോസ്റ്റില്‍ എന്റെ ബീവിയെയാണു എനിക്കിഷ്ടം. അവളുടെ വ്യഥ ഒറ്റപ്പെടല്‍, അവളുടെ ഉള്ളിലെ സ്നേഹത്തിനു വേണ്ടിയുള്ള അദമ്യമായ ദാഹം ഇതൊക്കെയാണു എന്നെ ഈ കഥ പറയാന്‍ പ്രേരിപ്പിച്ചത്. എനിക്കവളെ കാണേണ്ടിയിരുന്നു,കേള്‍ക്കേണ്ടിയിരുന്നു....

    ReplyDelete
  54. അഭിനന്ദനങ്ങള്‍ !

    ReplyDelete
  55. നല്ല ഒരു പോസ്റ്റ്‌.
    എങ്കിലും എനിക്ക് ഒരു അഭിപ്രായം പറയാതെ വയ്യ. സ്നേഹത്തെ കുറിച്ചാണ് പോസ്റ്റ്‌. സ്നേഹം വളരെ തെളിമ നിറഞ്ഞ ഒരു വികാരം ആണ്. അതിനാല്‍ അതിനെ കുറിച്ച് എഴുതുമ്പോള്‍ കുറച്ചുകൂടി ലളിതമായി എഴുതിയാല്‍ കൂടുതല്‍ നന്നായിരിക്കും.

    ReplyDelete
  56. This comment has been removed by the author.

    ReplyDelete
  57. വളരെ വ്യത്യസ്തമായ എഴുത്ത് മുല്ലേ... 'സൂഫി പറഞ്ഞ കഥ' കണ്ട് മനസ്സ് അസ്വസ്ഥമായിരുന്നു കുറച്ചു ദിവസം.ജീവിതത്തിന്റെ നിരര്‍ത്ഥകതയില്‍ വ്യസനിച്ചിരുന്നു . രാമനുണ്ണിയുടെ പുസ്തകം വായിച്ചിട്ടില്ല. അതിനും പ്രേരിപ്പിക്കുന്നു ഈ എഴുത്ത്.

    ReplyDelete
  58. ഒരുപാടൊരുപാട് ഇഷ്ടമായി...വേറിട്ടുള്ള ചിന്ത,വ്യത്യസ്ഥമായ അവതരണം...ബ്ല്ഗുലകം ഇങ്ങനെ വലരട്ടെ....മുല്ലക്ക് എല്ലാ ഭാവുകങ്ങളും....

    ReplyDelete
  59. പ്രിയനദന്റെ സിനിമ കണ്ടിരുന്നു ..മ്മാമൂട്ടി (പ്രകാശ്‌ റായ്) കാര്‍ത്തു (ശര്ബന മുഖര്‍ജി) ഇപ്പോഴും ഓര്‍മയില്‍ ഉള്ളത് ...ആശംസകള്‍ മുല്ല ചേച്ചി ...

    ReplyDelete
  60. "പ്രണയത്തില്‍ ജീവിതത്തിന്റെ ചൂടും മരണത്തിന്റെ തണുപ്പും ഒരുപോലെയുണ്ട്, സമാസമം. സ്ത്രീയുടെ ഉള്ളില്‍ ഈ രണ്ടു വികാരങ്ങള്‍ക്കും മൂര്‍ച്ചയേറും. പലപ്പോഴും പുരുഷന്മാര്‍ക്ക് അതുള്‍ക്കൊള്ളാനാകില്ല"

    വ്യത്യസ്തമായ ശൈലിയില്‍ വളരെ മനോഹരമായി കഥ പറഞ്ഞു. ഇനിയും യാത്രകള്‍ നടത്താനും അതി മനോഹരമായി എഴുതാനും കഴിയട്ടെ.. ആശംസകള്‍..

    ReplyDelete
  61. ഞാന്‍ എഴുതാന്‍ വന്ന കമന്റ്‌ മുല്ല തന്നെ എഴുതി. കഥാപാത്രത്തിന് ഉള്ളില്‍ നിന്ന് കഥയിലേക്ക് ഉള്ള എത്തിനോട്ടം മികച്ചതായി. " ഇരിപ്പിടത്തില്‍" കണ്ടു.
    അഭിനന്ദനങ്ങള്‍!!!!!

    ReplyDelete
  62. സൂഫി പറഞ്ഞ കഥ എന്ന സിനിമ ഈയിടെ കണ്ടിരുന്നു. അതോര്‍മ്മിപ്പിച്ചു കൊണ്ട് വളരെ മനോഹരമായി മുല്ല എഴുതി. വളരെ ഇഷ്ടപ്പെട്ടു. ഈ നോവലിന്റെ കാര്യം ഇപ്പോഴാ അറിയുന്നത്.

    ReplyDelete
  63. ഇവിടെ വന്നിരുന്നു , ഭാരതപ്പുഴകാണാന്‍ :)

    ReplyDelete
  64. വായിച്ചു.. ഈ ബീവി, ഏതു ബീവിയാനെന്നു എനിക്ക് മനസ്സിലായില്ല.. ബീവിമാരുടെ ചരിത്രങ്ങലുമായി അത്ര പിടിപാട് പോര..
    പോസ്റ്റ് പങ്കു വെക്കുന്ന ആശയം മനസ്സിലാവുന്നു. അനാചാരങ്ങളെ അനാചാരങ്ങള്‍ ആയിട്ട് തന്നെ കാണണം.. യാതൊരു സംശയവും ഇല്ല.
    മതപരമായ ഒരു വിശ്വാസത്തിന്റെ ഉള്ളിലേക്ക് കടക്കാനുള്ള വേദിയല്ല ഇത് എന്നതിനാല്‍ അതിനു ശ്രമിക്കുന്നില്ല.
    ബീവിയുമായി ഒരു മുഖാമുഖം വായനക്കാര്‍ക്ക് കിട്ടുന്ന ആഖ്യാന ശൈലി.. അത് നന്നായി.
    പ്രണയം മോഹിച്ച പെണ്ണിനെ പൂജിക്കാന്‍ മാത്രമറിയുന്ന ഒരാള്‍.. പുരുഷന്മാരില്‍ അങ്ങിനെയും ചിലരുണ്ട്..
    സ്ത്രീ പക്ഷത്തു നിന്നുള്ള ഒരു എഴുത്ത് പോലെ തോണി.. അല്ല, അതിനും വേണമല്ലോ ആരെങ്കിലുമൊക്കെ... :)
    നന്നായി മുല്ല.. വളരെ നന്നായി.. അഭിനന്ദനങ്ങള്‍..

    ReplyDelete
  65. മുല്ല, സൂഫി പറയാതെ പോയ എന്നാല്‍ ബീവി പറഞ്ഞ കഥ വളരെ മനോഹരമായിട്ടുണ്ട്. പറഞ്ഞ രീതിയും. അഭിനന്ദനങ്ങള്‍!!!

    ReplyDelete
  66. മാഷ്, നന്ദി ആദ്യ വരവിനും അഭിപ്രായത്തിനും.

    കണക്കൂര്‍, വളരെ സന്തോഷം ഈ നിര്‍ദ്ദേശത്തിനു.

    കുഞ്ഞൂസ്, നന്ദി കേട്ടോ നല്ല വാക്കുകള്‍ക്ക്.
    ചന്തു സര്‍, വളരെ നന്ദി വന്നതിനും അഭിപ്രായത്തിനും.

    പ്രദീപ്,
    എളയോടന്‍ നന്ദി

    പൊട്ടന്‍, നന്ദി.
    ഷുക്കൂര്‍,കുറേ നാളായി കണ്ടിട്ട്,നന്ദി വരവിനും അഭിപ്രായത്തിനും.

    തറവാടീ, നന്ദിയുണ്ട് ഈ വരവിനു, താങ്കളുടെ പോസ്റ്റുകളൊന്നും കാണാറെയില്ല ഈയിടെയായി.
    ആസാദ്,
    ഷാബു, സന്തോഷം നല്ല വാക്കുകള്‍ക്ക്.
    എന്റെ എല്ലാ കൂട്ടുകാര്‍ക്കും ബലിപെരുന്നാള്‍ ആശംസകള്‍.

    ReplyDelete
  67. ആഹാ...ഇപ്പോ ബീവിയോടൊക്കെയാ കൂട്ട് അല്ലേ?ഈ സ്ഥലം നല്ല പരിചയന്മുണ്ടല്ലോ.എവിടെയാ ഇത്?

    ReplyDelete
  68. ഇപ്പോള്‍ ബസ്സിലും പ്ലസ്സിലുമൊക്കെയാണ്‍ :)

    ReplyDelete
  69. ബീവിയുടെ മനസ്സിനുള്ളിൽ നിന്ന് ചികഞ്ഞെടുത്ത ഈ കഥ വ്യത്യസ്ഥവും മനോഹരവും! :)

    ReplyDelete
  70. ആസ്വാദ്യകരമായ രചനാവൈഭവം.
    ആശംസകളോടെ,
    സി.വി.തങ്കപ്പന്‍

    ReplyDelete
  71. ഒന്നും നോക്കാനില്ല ..എനിക്കിഷ്ട്ടായി...ബുക്കുകള്‍ വാങ്ങി വായിക്കാറുണ്ട്..എന്നാലും ബൂലോകത്തില്‍ ഞാന്‍ പുതിയതാണ്..പക്ഷെ ഇവിടെ എത്തിയപ്പോ വല്ലാത്ത ഒരു അനുഭൂതി..ബൂലോകത്തില്‍ ഇങ്ങനെ പാറി നടക്കാന്‍ നല്ല രസം..
    "സൂഫി പറയാതെ പോയതും ബീവി ബാക്കി വെച്ചതും..."
    എന്തൊക്കെയോ എവിടെയൊക്കെയോ മനസ്സില്‍ ഒരു തടച്ചില്‍ അനുഭവപ്പെട്ടു..
    നല്ല അവതരണ ശൈലി..ബീവിയോടുള്ള സംഭാഷണവും അടിപൊളി....
    കടല്‍ തീരങ്ങള്‍ എന്നും അങ്ങനെ തന്നെയാണ്..പ്രണയത്തിന്‍റെ പിന്നാമ്പുറങ്ങളില്‍ അതിന്‍റെ കയ്യോപ്പുണ്ട്

    ReplyDelete
  72. തനിക്ക് സംഭവിച്ച ദുരന്തങ്ങള്‍ക്ക് നേരെ ഒരു ചെറുവിരല്‍ പോലും
    അനക്കാനാവാതെ മരണത്തിലേക്ക് നടന്നിയിറങ്ങിയ ഒരുവളോടാണ്
    കരഞ്ഞ് സഹായമര്‍ത്ഥിക്കുന്നതെന്ന് ഇവരറിയുന്നുണ്ടോ ആവോ.....?പക്ഷെ...ഒന്നെനിക്കറിയാം. ഓരോ പെണ്ണിന്റെ ഉള്ളിലും
    അതി തീക്ഷ്ണമായ സ്നേഹത്തിന്റെ ഉറവകളുണ്ടെന്നും,

    ആ സ്നേഹം മരണത്തിനപ്പുറത്തേക്ക് കൂടി നീണ്ടു കിടക്കുമെന്നും....!!!!!>>>>.

    (??????)

    ReplyDelete
  73. മുല്ലയുടെ രചനാ ശൈലി വേറിട്ടത് തന്നെ. ആത്മാവറ്റുപോയതിനെ പ്രണയിക്കുന്നതും സ്വാർത്ഥതക്ക് വേണ്ടി..

    അന്ധവിശ്വാസങ്ങൾക്കെതിരെ സ്നേഹം കൊണ്ടെഴുതിപിടിപ്പിച്ച ഈ രചനക്ക് അഭിനന്ദനങ്ങള്‍

    ReplyDelete
  74. ബീവി പറഞ്ഞതു കേട്ടപ്പോൾ സൂഫി പറയാതെപോയത്‌ നന്നായി എന്നാണ്‌ തോന്നിയത്‌.
    ആശംസകൾ.

    കടലിലൂടെ ദിവസങ്ങളോളം!!!! ഒഴുകിനടന്ന ബീവിയുടെ പരിണാമഗുപ്തി?????

    ReplyDelete
  75. മുല്ല ..അര്‍ഥവത്തായ പോസ്റ്റ്‌..നല്ല അവതരണം..!

    ReplyDelete
  76. അരീക്കോടന്‍,ഇപ്പൊ മനസ്സിലായില്ലേ ആരാന്ന്..

    ബിന്ദു ഉണ്ണി , നന്ദി നല്ല വാക്കുകള്‍ക്ക്.

    തങ്കപ്പന്‍ സര്‍,നന്ദി.
    തസ്ലീമലി,അങ്ങനെന്നെ അല്ലെ പേര്‍.മലയാളത്തില്‍ പെരെഴുതിയപ്പൊ ഇങ്ങനെ ആയി. ആദ്യായിട്ടല്ലെ ഇവിടെ.നന്ദി.

    ന്യായവാദി,താങ്കളും ആദ്യാമായിതന്നെയാണു അല്ലെ.നന്ദി. കുറെ ചോദ്യചിഹ്നം,ആശ്ചര്യചിഹ്നം,എന്നോടാ..?
    ഞാനീ നാട്ടുകാരിയല്ലേയ്.ചുമ്മാ ബീവീനെ കാണാന്‍ പോയതാ..

    ബെഞ്ചാലി,കാണാറെയില്ല ഈയിടെ.

    നിക്കു കേച്ചേരി, എവിടാരുന്നു ഇത്രേം കാലം.

    ഫൈസു മദീന, സന്തോഷം.ജീവനോടെയുണ്ട് അല്ലേ...

    ReplyDelete
  77. ഒന്നെനിക്കറിയാം. ഓരോ പെണ്ണിന്റെ ഉള്ളിലും അതി തീക്ഷ്ണമായ സ്നേഹത്തിന്റെ ഉറവകളുണ്ടെന്നും,ആ സ്നേഹം മരണത്തിനപ്പുറത്തേക്ക് കൂടി നീണ്ടു കിടക്കുമെന്നും....!!!!!>>>>.

    ഈ ബീവിയുടെ കഥയെന്താണെന്ന് എനിക്കറിയില്ല.പോസ്റ്റ്‌ പങ്ക് വെക്കുന്ന ആശയം,ഏതോ സൂഫിയുടെയോ ബീവിയുടെയോ കഥയല്ലെന്നും പാരമ്പര്യ മുസ്ലിങ്ങളുടെ വിശ്വാസങ്ങളിലെ അര്‍ത്ഥശൂന്യതക്കെതിരെയുള്ള ചില ന്യായങ്ങള്‍(യുക്തി) ചൂണ്ടി കാണിക്കുകയാണെന്നും ഇവിടെ പലരും വ്യാഖ്യാനിക്കുകയും താങ്കള്‍ തന്നെ അത് അംഗീകരിക്കുകയും ചെയ്യുന്നത് കൊണ്ട് ഈ ബീവിയുടെ യഥാര്‍ത്ഥ കഥയന്വഷിച്ച് പോവേണ്ടാതുമില്ല.എന്നാല്‍,...

    കഥയിലെ ആശയം മാത്രമെടുക്കുമ്പോള്‍...ഒരേസമയം,തനിക്ക് സംഭവിച്ച ദുരന്തങ്ങള്‍ക്ക് നേരെ ഒരു ചെറുവിരല്‍ പോലും അനക്കാനാവാതെ മരണത്തിലേക്ക് നടന്നിയിറങ്ങിയ ഒരുവളോടാണ് കരഞ്ഞ് സഹായമര്‍ത്ഥിക്കുന്നതെന്ന് ന്യായവാദം നടത്തുന്നതോടപ്പം തന്നെ.... ഒന്നെനിക്കറിയാം.ഓരോ പെണ്ണിന്റെ ഉള്ളിലും അതി തീക്ഷ്ണമായ സ്നേഹത്തിന്റെ ഉറവകളുണ്ടെന്നും,ആ സ്നേഹം 'മരണത്തിനപ്പുറത്തേക്ക്' കൂടി നീണ്ടു കിടക്കുമെന്നും പ്രസ്താവിക്കുമ്പോള്‍...രണ്ടും തമ്മിലെ 'ആന്തരിക' വൈരുദ്ധ്യം ഉള്‍കൊള്ളാന്‍ ശ്രമിക്കുമ്പോള്‍ എന്‍റെ മനസ്സില്‍ ഉണ്ടാകുന്ന ചോദ്യങ്ങളാണ്‌ ചോദ്യ ചിഹ്നമായി എന്‍റെ കമെന്റില്‍ താങ്കള്‍ കണ്ടത്.പിന്നെ ആശ്ചര്യ ചിഹ്നം ഞാനുദ്ധരിച്ച താങ്കളുടെ വാചകത്തില്‍ തന്നെയുണ്ടായിരുന്നത് കൊണ്ട് കൂടുതലായി ചേര്‍ക്കേണ്ടി വന്നില്ല.

    ReplyDelete
  78. ന്യായവാദി, കെപി രാമനുണ്ണിയുടെ സൂഫി പറഞ്ഞ കഥ എന്ന നോവലിനെ അധികരിച്ചെഴുതിയ ഒരു കുറിപ്പാണത്. ഒരു വായനക്കാരി എന്ന നിലയില്‍ ഞാനെടുത്ത ഒരു ദുസ്വാതന്ത്ര്യം.നോവല്‍ വായിച്ചവര്‍ക്ക് അല്ലെങ്കില്‍ ആ നോവലിനെ ആസ്പദമാക്കി എടുത്ത സിനിമ കണ്ടവര്‍ക്ക് അറിയാനാകും അതിലെ കഥാതന്തു.
    നോവലിലില്‍ നിന്നും നായികയെ അടര്‍ത്തിയെടുത്ത് അവളുടെ മനോവ്യാപാരങ്ങളിലൂടെ ഒരു സഞ്ചാരം,അത്രയേ ഉദ്ദേശിച്ചുള്ളു. പിന്നെ ജാറം നേര്‍ച്ച ഇത്യാദികളൊട് ആഭിമുഖ്യം ഇല്ലാത്തത് കൊണ്ട് അത് പരാമര്‍ശിച്ചു .അല്ലെങ്കില്‍ ഞാന്‍ ഈ വക കാര്യങ്ങള്‍ക്ക് ഓശാന്‍ പാടല്‍ ആവില്ലേ.പോസ്റ്റ് വായിച്ച് അത് മാത്രം കണ്ടവരെ കുറ്റപ്പെടുത്താന്‍ ആവില്ലല്ലോ. എനിക്ക് തോന്നുന്നത് അക്കാര്യം പരാമര്‍ശിച്ചത് കൊണ്ട് കുറിപ്പിന്റെ മൊത്തം ക്രാഫ്റ്റിനെ അത് ബാധിച്ചിട്ടില്ലാ എന്നാണു,ഉണ്ടോ..? ഉണ്ടെങ്കില്‍ ഒരു എഴുത്തുകാരി(അങ്ങനെ പറയാമോ എന്നറിയില്ല) എന്ന നിലയില്‍ എന്റെ കഴിവില്ലായ്മ തന്നെയാണത്.
    പിന്നെ ഇനി എന്നെലും ഇവിടെ(ആ സ്ഥലത്ത്) വരാനാകുമോ എന്നതാണു എനിക്കറിയാത്തത്.അതിനുശേഷമാണു പെണ്ണിന്റെ സ്നേഹം മരണത്തിനപ്പുറത്തേക്ക് കൂടി നീണ്ടു കിടക്കുമെന്ന് ഞാന്‍ എഴുതിയത്.അതെനിക്കറിയാവുന്നതാണു.മരണത്തോടെ ഒന്നും അവസാനിക്കുന്നില്ല.തുടങ്ങുന്നതേയുള്ളൂ..അവിടെ നമുക്ക് ആഗ്രഹിക്കാം,കാത്തിരിക്കാം,സ്വപ്നങ്ങള്‍ കാണാം...
    ഒരിക്കല്‍ കൂടി നന്ദി കേട്ടോ..രണ്ടാമതും വന്ന് കമന്റിട്ടതിനു.

    ReplyDelete
  79. മുല്ല said...>>>>എനിക്ക് തോന്നുന്നത് അക്കാര്യം പരാമര്‍ശിച്ചത് കൊണ്ട് കുറിപ്പിന്റെ മൊത്തം ക്രാഫ്റ്റിനെ അത് ബാധിച്ചിട്ടില്ലാ എന്നാണു,ഉണ്ടോ..? <<<<

    ഇല്ലെന്നാണ് എന്‍റെ പക്ഷം. വായനക്കാര്‍ ബീവിയില്‍ നിന്നും വേറിട്ട്‌ കഥയിലൂടെ തന്നെ സഞ്ചരിക്കുന്നുണ്ട്. കാര്‍ത്തിക്കുട്ടിയെയും പീത്താന്‍ മാമൂട്ടിയെയും കാണുന്നുണ്ട്. അവര്‍ക്കിടയിലെ പ്രണയത്തിന്റെ ഭാവപ്പകര്‍ച്ച അറിയുന്നുണ്ട്. അതൊക്കെ ക്രാഫ്റ്റിന്റെ മേന്മ കൊണ്ട് തന്നെയാണ്.

    എന്നാല്‍ ഇവിടെ മുല്ല ഒരു ധര്‍മ്മസങ്കടത്തില്‍ അകപ്പെടുന്നുണ്ട് എന്നു വ്യക്തം. ബീവിയില്‍ നിന്നും കാര്‍ത്തിക്കുട്ടിയെ വേര്‍പ്പെടുത്താനാവില്ല എന്നിരിക്കെ ബീവിക്ക് നേരെ നീളുന്ന സഹായാഭ്യര്‍ത്ഥനകള്‍ മുല്ലയുടെ ആദര്‍ശവുമായി ഏറ്റു മുട്ടുന്നു. അവിടെ മുല്ല എടുക്കുന്ന മുന്‍‌കൂര്‍ ജാമ്യമാണ് വാസ്തവത്തില്‍ പല വായനക്കാരുടെയും ശ്രദ്ധ തിരിച്ചത്. (എന്‍റെ മുന്‍ കമന്റ് നോക്കുക).

    അതു കുറിപ്പിന്റെ ആദ്യത്തില്‍ തന്നെ പറയുകയും അവസാനത്തില്‍ വീണ്ടും അതിനു അടിവരയിടുകയും ചെയ്തപ്പോള്‍ ആളുകള്‍ മുല്ലയുടെ നിലപാടിലൂടെ പോസ്റ്റിനെ കാണാന്‍ ശ്രമിച്ചു, അല്ലെങ്കില്‍ മുല്ലയുടെ നിലപാടാണ് (ജാറ വ്യവസായത്തിലുള്ള) ഈ കുറിപ്പിന് ആധാരം എന്നു ധരിച്ചു എന്നാണു എനിക്ക് തോന്നുന്നത്.

    അപ്പൊ ഇനി ഈ കഥ വീണ്ടും എഴുതുമ്പോള്‍ "മുന്‍‌കൂര്‍ ജാമ്യം" കമന്റായി ഇട്ടാല്‍ മതി. :)))) (ചുമ്മാ )

    എന്തായാലും വളരെ മനോഹരമായ ഈ കുറിപ്പ് സമ്മാനിച്ചതിന് നന്ദി. കഥ ചര്‍ച്ച ചെയ്യപ്പെടുന്നത് തന്നെ എഴുത്തിന്റെ വിജയമാണ്.

    ReplyDelete
  80. ലിങ്ക്‌ കിട്ടാതിരുന്നതിനാല്‍ എത്താന്‍ വൈകി. ദയവായി പോസ്റ്റിടുമ്പോള്‍ ലിങ്ക്‌ അയച്ചുതരൂ.

    ജീവിച്ചു തീര്‍ക്കാനുള്ള ഈ ജന്മം നീട്ടിപ്പിടിക്കുന്ന കപാലത്തില്‍ വന്നു വീഴുന്ന കനവും കനപ്പും കിനാവും ഏതാനും വരികളിലൂടെ കഥാകാരി ഇങ്ങിനെ പകര്‍ത്തിവെക്കുന്നു:
    'എനിക്കൊന്നും നേടാനില്ല ഇവിടെ നിന്നും. അല്ലെങ്കിലും നിസ്സഹായതയുടെ ഉത്തുംഗത്തില്‍ നിന്നും തന്റെ പ്രാണനെ പറിച്ചെറിഞ്ഞ് കടലിന്റെ
    അഗാധതയിലേക്ക് നടന്നിറങ്ങിയവളൊട് ഞാനെന്ത് ആവശ്യപ്പെടാന്‍...?'

    തൂക്കിയെടുത്തു ഭംഗിയില്‍ ചേര്‍ത്തെഴുതിയ വാക്കുകള്‍കൊണ്ട്‌ ഒരു സാഹിത്യരചന എത്രമാത്രം സമ്പുഷ്ടമാക്കാമെന്ന്‌ മുല്ല കാട്ടിത്തരുന്നു.

    നല്ലൊരു സൃഷ്ടി.

    ReplyDelete
  81. കെപി രാമനുണ്ണിയുടെ നോവല്‍ വായിച്ചിട്ടില്ല.യുടുബില്‍ നിന്ന് സിനിമയുടെ ആദ്യ രണ്ടു ഭാഗം കണ്ടെങ്കിലും അസൌകര്യം കാരണം മുഴുവന്‍ കാണാനും കഴിഞ്ഞിട്ടില്ല.
    മരണത്തിനപ്പുറത്തേക്ക് കൂടി നീണ്ടു കിടക്കുന്ന പ്രണയത്തിന്‍റെ തീഷ്ണതയാണ് ഈ കുറിപ്പിലൂടെ അവതരിപ്പിക്കുന്നത്‌ എന്നാണു മുല്ലയുടെ വിശദീകരണത്തില്‍ നിന്ന് മനസ്സിലാവുന്നത്,.അതാണ്‌ വാസ്തമെങ്കില്‍ 'സൂഫി പറഞ്ഞ കഥ' എന്ന സിനിമ മുഴുവനും കണ്ടതിന് ശേഷം ഈ കുറിപ്പ്‌ വായിച്ചാല്‍ കൂടുതല്‍ നന്നായി മനസ്സിലാവുമെന്ന് തോന്നുന്നു.

    എന്നാല്‍,ഓരോരുത്തരും അവരവരുടെ ആവശ്യങ്ങള്‍ ബീവിയോടു ചോദിക്കുമ്പോള്‍ അതില്‍ നിന്നെല്ലാം വ്യാത്യസ്തമായി ബീവി ഒരു പെണ്ണ് മാത്രമാണെന്ന ആദര്‍ശബോധത്തോടെ ബീവിയുടെ കാര്യങ്ങളൊക്കെ അന്വഷിക്കുമ്പോള്‍ അതും 'വലുതായ' ഒരു തരത്തിലുള്ള ആസ്വാദനമായി മാറുന്നുണ്ട്.

    ഇങ്ങനെയൊക്കെയാണെങ്കിലും,'സൂഫി പറഞ്ഞ കഥ' എന്ന നോവലിനെ അധികരിച്ച് എഴുതിയ ഈ കുറിപ്പിന് വലിയൊരു പ്രശ്നമുണ്ടെന്ന് തോന്നുന്നു..(??).സിനിമയിലെ ഞാന്‍ കണ്ട ആദ്യ
    രണ്ടു ഭാഗത്തെ അടിസ്ഥാനമാക്കി പറയുകയാണെങ്കില്‍,സിനിമയിലെ ബീവിയും
    പൊന്നാനിയിലെ ബീവിയും ഒരാളല്ല എന്ന് സംശയിക്കാന്‍ ന്യായമായ കാരണമുണ്ട്.സിനിമയിലെ കാര്‍ത്തിയുടെ കാലം ബ്രിട്ടീഷ്‌ കാലമാണ്.മാപ്പിള ലഹളയെ കുറിച്ച് പരമാര്‍ശം ഉള്ളത് കൊണ്ട് അത് 1921നോട്‌ അടുപ്പിച്ചാവാനും സാധ്യതയുണ്ട്.എന്നാല്‍ പൊന്നാനിയില്‍ ഒരു അജ്ഞാത ഡെഡ്ബോഡി കിട്ടിയത് അമ്പത് വര്‍ഷത്തിന് മുമ്പ് ആവാന്‍ യാതൊരു സാധ്യതയും കാണുന്നുമില്ല.(???)

    പിന്നെ മുല്ലക്ക് തന്നെ മുല്ലയുടെ ആദര്‍ശത്തില്‍ ആശയകുഴപ്പമുണ്ടോ എന്ന സംശയം കുറിപ്പ്‌ വായിക്കുന്നവര്‍ക്ക് തോന്നാനുള്ള എഴുത്തിലെ സാഹചര്യത്തെ കുറിച്ചൊക്കെ അവലോകനം ചെയ്യാന്‍ തല്‍ക്കാലം ഞാന്‍ തുനിയുന്നില്ല.
    എങ്കിലും 'മരിച്ചവര്‍ കേള്‍ക്കുമോ' എന്ന ചോദ്യത്തില്‍ നിന്നുല്‍ഭവിക്കുന്ന 'സഹായാഭ്യര്‍ഥന' എന്ന എക്കാലത്തെയും വലിയൊരു തര്‍ക്കവിഷയവും അതില്‍ തന്നെ 'മരിച്ചവരുടെ നിസ്സഹായാവസ്ഥ' എന്ന ന്യായവാദവും സജീവമായി നിലനില്‍ക്കുന്ന സാഹചര്യാത്തില്‍ 'മരിച്ച ബീവിയുമായുള്ള സാങ്കല്‍പ്പിക സംഭാഷണം..മരിച്ചവരുടെ നിസ്സഹായാവസ്ഥ'യെ സംബന്ധിച്ച പരമാര്‍ശം പോസ്റ്റില്‍ തന്നെയുള്ള സാഹചര്യത്തില്‍ ഒഴിവാക്കേണ്ടതായിരുന്നു.

    ReplyDelete
  82. അക്ബര്‍ ഭായ്, ഇതുപോലുള്ള തുറന്ന അഭിപ്രായങ്ങള്‍ കാണുമ്പോള്‍ തന്നെ സന്തോഷമുണ്ട്.
    താങ്കള്‍ പറഞ്ഞപോലെ ആദ്യത്തെ പാരയിലെ ബീവിയ്യെ പറ്റിയുള്ള പരാമര്‍ശം മതിയായിരുന്നു എന്ന് തോന്നുന്നു ഇപ്പോള്‍. അവസാനത്തില്‍ പിന്നേയും അത് തന്നെ ആവര്‍ത്തിച്ചത് ഇനി ആര്‍ക്കെങ്കിലും തെറ്റിദ്ധാരണ വേണ്ടാന്ന് വെച്ചിട്ടായിരുന്നു. എന്തായാലും സാരമില്ല ഒരു വെറും കഥയല്ലെ അല്ലെ..

    ന്യായവാദി. താങ്കള്‍ പറഞ്ഞത് പോലെ കാര്‍ത്തിക്കുട്ടിയാണു ബീവി എന്നതിനു ഒരു തെളിവുമില്ല. സിനിമ ഞാന്‍ കണ്ടിട്ടില്ല.രാമനുണ്ണി നോവലിനെ പറ്റി,നോവല്‍ എഴുതാനുണ്ടായ സാഹചര്യത്തെപറ്റിയൊക്കെ പറയുന്നതിനിടയില്‍ നോവലെഴുതുന്ന കാലത്ത് പൊന്നാനി കടപ്പുറത്ത് ഒരു പെണ്ണിന്റെ ശവം അടിഞ്ഞതിനെ പറ്റിയും അത് കാരണം തികച്ചും ഭാവനാസൃഷ്ടിയായ തന്റെ നോവലിനു കൈവന്ന വിശ്വാസ്യതയേയും പറ്റി. അല്ലാതെ നോവലിസ്റ്റ് കാര്‍ത്തികുട്ടിയാണു ബീവി എന്ന് പറയുന്നില്ല. അത് നമ്മള്‍ ;വായനക്കാര്‍ എടുക്കുന്ന സ്വാതന്ത്ര്യമാണു.

    പിന്നെ ഞാനെഴുതിയതും തികച്ചും ഭാവനയാണു.അങ്ങനെ എടുത്താല്‍ മതീട്ടോ.

    ഗംഗാധരന്‍ സര്‍, ലിങ്ക് തപ്പിപിടിച്ച് ഇത്രടം വരെ വന്നതിനു വളരെ സന്തോഷം. ഇനി പോസ്റ്റിടുമ്പോ ഞാന്‍ മെയില്‍ അയക്കാം. ശല്യമാവുമോ എന്ന് പേടിച്ചിട്ടാണു ഇത് വരെ ചെയ്യാഞ്ഞത്.

    ReplyDelete
  83. ethoru penninum sneham venam athinu aanu thanne snehikkanam..... aashamsakal.....

    ReplyDelete
  84. "സൂഫി പറയാതെ പോയതും ബീവി ബാക്കി വെച്ചതും..." മുല്ല ഹൃദ്യമായ ശൈലിയിലൊരുക്കി വായിപ്പിച്ചതിനു നന്ദി...

    ReplyDelete
  85. ഒരു നല്ല ചെറുകഥ വായിച്ച അനുഭവം. സൂഫി പറഞ്ഞ കഥ പോലെ ഹൃദ്യം, മനോഹരം. ഫിക്ഷനും റിയാലിറ്റിയും ഇഴചേർന്നിരിക്കുന്നു. അഭിനന്ദനങ്ങൾ.

    ReplyDelete
  86. This comment has been removed by the author.

    ReplyDelete
  87. മുല്ല,പോസ്റ്റില്‍ പരമാര്‍ശിക്കുന്ന ദാര്‍ശനിക വിഷയത്തിലെ താങ്കളുടെ ധാരണകള്‍ തെറ്റാണെന്ന് പറയാതിരിക്കാന്‍ നിര്‍വ്വാഹമില്ല.യഥാര്‍ത്ഥത്തില്‍ പുണ്യാത്മാക്കളോട് വിശ്വാസികള്‍ സഹായം ചോദിക്കുകയോ അവര്‍ക്ക്‌ നമ്മെ സഹായിക്കാനുള്ള കഴിവുണ്ടെന്ന വിശ്വാസമോ സുന്നികള്‍ക്കില്ല.ഇനി ഏതെങ്കിലും സുന്നി അങ്ങനെ വിശ്വസിക്കുന്നുണ്ടെങ്കില്‍ തന്നെ കര്‍മ്മ ശാസ്ത്രത്തില്‍ ഷാഫിഇ മദ്ഹബിനെ ഫോളോ ചെയ്യുന്നതോടപ്പം വിശ്വാസശാസ്ത്രത്തില്‍ അശ്ഹരീ ത്വരീഖത്തിനെയും ഫോളോ ചെയ്യുന്ന സുന്നി ആദര്‍ശത്തിന് അത് എതിരാണ്.

    ജാറങ്ങളില്‍ നടക്കുന്നത് യഥാര്‍ത്ഥത്തില്‍ 'മധ്യസ്ഥ പ്രാര്‍ത്ഥന'യാണ്.'സൂഫി പറഞ്ഞ കഥ'യില്‍ തുടക്കത്തില്‍ തന്നെ,ബീവി എന്താണെന്നും എന്തിനാണെന്നുമുള്ള ചോദ്യത്തിന് മറുപടിയായി സൂഫി തന്നെ അത് പറയുന്നുമുണ്ട്.ആലങ്കാരികമായി പറഞ്ഞാല്‍ നമ്മുടെ പ്രാര്‍ത്ഥനകള്‍
    സുഖസുന്ദരമായി വളരെ എളുപ്പത്തില്‍ അല്ലാഹുവില്‍ എത്താന്‍ വേണ്ടിയാണ് ശുപാര്‍ശക്ക് അധികാരമുള്ളവര്‍ 'മുഖേന' സുന്നികള്‍ പ്രാര്‍ഥിക്കുന്നത്.

    പണ്ടൊരു മുസ്ല്യാര്‍ 'നേരിട്ടുള്ള പ്രാര്‍ത്ഥനയെ,കെ എസ് ആര്‍ ടി സി യോടും 'മധ്യസ്ഥ പ്രാര്‍ത്ഥനയെ' ബെന്‍സ്‌ കാറിനോടും ഉപമിക്കുകയും,അതിനെ മറുവിഭാഗം അല്ലാഹുവിനെ
    കെ എസ് ആര്‍ ടി സിയും മഹാത്മാവിനെ ബെന്‍സ്‌ കാറും ആക്കി ദുര്‍വ്യാഖ്യാനിക്കുകയും
    ചെയ്തിരുന്നു.
    എന്നാല്‍ യാത്രാ ലക്ഷ്യമായ അല്ലാഹു വാസ്തവത്തില്‍ ഈ ഉപമയില്‍ വരുന്നില്ലെന്നതാണ്
    സത്യം.നമ്മുടെ പ്രാര്‍ത്ഥനകള്‍ എത്തിചേരേണ്ട യാത്രാ ലക്ഷ്യത്തിലേക്കുള്ള യാത്രമാര്‍ഗ്ഗമാണ്
    ബസ്സും ബെന്‍സും.നേരിട്ട് പ്രാര്‍ത്ഥിക്കുന്നത് ബസ്സില്‍ യാത്ര ചെയ്യുന്നത് പോലെയും
    മഹാത്മാക്കള്‍ മുഖേന പ്രാര്‍ഥിക്കുന്നത് ബെന്‍സില്‍ യാത്ര ചെയ്യുന്നത് പോലെയാണെന്നുമാണ്
    ഈ ഉപമയുടെ ഉദ്ദേശം.

    പിന്നെ നാട്ടില്‍ കള്ളനോട്ടുകള്‍/കള്ളനാണയങ്ങള്‍ ധാരാളമായി പ്രചരിക്കപെട്ടിട്ടുണ്ടായിരിക്കാം.
    കള്ളനോട്ടുകള്‍/കള്ളജാറങ്ങള്‍ പ്രചരിപ്പിക്കുന്ന വിദഗ്ദ്ധ സംഘങ്ങളും നാട്ടില്‍
    ധാരാലമുണ്ടാവാം.ഇങ്ങനെയൊരു വസ്തുത നിലനില്കുന്നത് കൊണ്ട് അല്ലെങ്കില്‍ നിലനില്‍ക്കുന്നത് കൊണ്ട് മാത്രം നാട്ടിലുള്ള മുഴുവന്‍ നോട്ടും കള്ളനോട്ടാണെന്നും അവ
    യാതൊരു മൂല്യവുമില്ലാത്ത വെറും കടലാസ് പുലികളാണെന്നും(ജീവനില്ലാത്ത)
    വാദിക്കുന്നവര്‍ക്ക് എന്തെങ്കിലും കുഴപ്പമുണ്ടോ എന്ന് ചിന്തിക്കുന്നവരെ കുറ്റം പറയാന്‍
    പറ്റില്ല.
    നാട്ടില്‍ കള്ള നോട്ടുകള്‍ പ്രചരിക്കപെട്ടത്‌ കൊണ്ട് നോട്ടുകള്‍ തന്നെ പാടില്ല എന്ന വാദം തലവേദനക്ക് തല തന്നെ വെട്ടികളയണം എന്ന് പറയുന്നത് പോലെ വളരെ വളരെ
    വിചിത്രമാണ്.
    കള്ള നോട്ടുകള്‍ ഉണ്ടെങ്കില്‍ തന്നെ യഥാര്‍ത്ഥ നോട്ടും കള്ള നോട്ടും തമ്മില്‍ വേര്‍തിരിച്ചരിയാല്‍ നോട്ടുകള്‍ കൈകാര്യം ചെയ്യുന്നവരുടെ മാത്രം വിഷയമാണല്ലോ അത്
    അവര്‍ തന്നെ ചെയ്തോളും.

    ഈ വിഷയത്തിലെ കള്ളനാണയങ്ങള്‍ തിരിച്ചറിയാന്‍ പെണ്ണുങ്ങള്‍ വളരെ എക്സ്പേര്‍ട്ടാണ്.അതിന് വേണ്ടി ഉള്‍ക്കാഴ്ച എന്നൊരു ഇന്‍റെണല്‍ സെന്‍സര്‍ പടച്ചോന്‍

    പെണ്ണുങ്ങള്‍ക്ക് മാത്രം നല്‍കിയിട്ടുമുണ്ട്.തക്കം കിട്ടുമ്പോഴൊക്കെ പെണ്ണുങ്ങളെ പരിഹസിക്കുന്ന ഷേക്സ്പിയറും അത് സമ്മതിക്കുന്നുണ്ട്.
    പെണ്ണുങ്ങളുടെ ഉള്‍ക്കാഴ്ചയെന്നാല്‍ റിഫ്ലക്ഷന്‍ പോലെ ആലോചിക്കാതെ എടുക്കുന്നതും എന്നാല്‍ ഏറ്റവും ശരിയായതുമായ തീരുമാനങ്ങളാണ്.എന്നാല്‍,കാര്യകാരണ സമാഹാരങ്ങളുടെ
    സഹായത്തോടെ മാത്രമേ ആണുങ്ങള്‍ക്ക് തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുകയുള്ളൂ.

    എങ്കില്‍ പോലും വിപുലമായ രീതിയിലുള്ള അന്തര്‍ജ്ഞാനവും അദൃശ്യജ്ഞാനവും പെണ്ണുങ്ങള്‍ക്ക് ലഭിക്കാതെ ആണുങ്ങളായ സൂഫിവര്യന്മാര്‍ക്കും ഔലിയാക്കള്‍ക്കും മാത്രം
    ലഭിക്കുന്നതിന്‍റെ കാരണം യുക്തിപരമായി വിശദീകരിക്കാനും സാധിക്കുന്നതാണ്.(വി.ഖു
    2:169)

    (പൊന്നാനിയിലെ ബീവിയെ സംബന്ധിച്ച് കൂടുതലോന്നുമറിയില്ല...തല്‍ക്കാലം അഭിപ്രായവും
    ഇല്ല)

    ReplyDelete
  88. ഇസ്ലാം മത വിശ്വാ‍സ പ്രകാരം ബെന്‍സ് കാറാണോ ബസ്സാണോ ആദ്യം ലക്ഷ്യത്തിലെത്തിച്ചേരേണ്ടത് എന്ന് തീരുമാനിക്കുന്നത് ദൈവമാണ്. ഒരു ഔലിയക്കും ഇതില്‍ ഒരു ചുക്കും ചെയ്യാന്‍ സാധിക്കുകകയില്ല. ദൈവം നിങ്ങളുടെ കര്‍ണ്ണ ഞരമ്പിനേക്കാളും അടുത്താണ്. ഒരു മദ്ധ്യസ്ഥന്റെയും വാഹനത്തിന്റെയും ഇടപെടലില്ലാതെ തന്നെ ദൃഡഃവിശ്വാസം ഒന്നു കൊണ്ടു മാത്രം ദൈവത്തിലേക്കടുക്കാമല്ലോ?

    പിന്നെ, ശ്രീമതി മുല്ല എഴുതിയതിലെ സാഹിത്യ മൂല്യം മാത്രം ചര്‍ച്ചക്ക് വെച്ചാല്‍ മതി എന്നാണെന്റെ പക്ഷം. മറ്റുള്ളവരുടെ വിശ്വാസങ്ങള്‍ അവര്‍ക്ക് വിട്ട് കൊടുക്കാം.

    ReplyDelete
  89. അന്ധവിശ്വാസികള്‍ കൂടിക്കൊണ്ടിരിക്കുന്നു ..കണ്‍മുന്നില്‍ കാണുന്നത് എന്താണെന്ന് പോലും തിരിച്ചറിയാന്‍ പറ്റണില്ല ...നമുക്ക് നേരിട്ട് ദൈവത്തിനോട് പറയുന്നതിന് പകരം ഒരു മീഡിയേറ്ററിനെ വയ്ക്കുന്ന കാലമായി മാറിയിരിക്കുന്നു .....അന്ധവിശ്വാസികള്‍ക്ക് നേരെ തൊടുത്തുവിട്ട ഈ പോസ്റ്റ്‌ ഇഷ്ട്ടായി ....

    സത്യത്തിനു ഞാന്‍ ഇപ്പോളാണ് ഈ പോസ്റ്റ്‌ കാണുന്നത് ....

    ReplyDelete
  90. ദൈവം നിങ്ങളുടെ കര്ണ്ണ ഞരമ്പിനേക്കാളും അടുത്താണ്.>>>>

    ദൈവം നമ്മുടെ കര്‍ണ്ണ ഞരമ്പിനെക്കാളും അടുത്താണെന്നും അടുത്തറിയുന്നവനാണെന്നും മാത്രമല്ല സര്‍വ്വ കോശങ്ങളെയും ദ്രവ്യ-ഊര്‍ജ്ജ കണങ്ങളുടെയും അടുത്തുള്ളവനും എല്ലാറ്റിനെയും ചുഴിഞ്ഞറിയുന്നവനുമാണ്.ദൈവം സര്‍വ്വജ്ഞാനിയാണെന്ന് ശക്തമായി സൂചിപ്പിക്കുന്ന മേല്‍ പ്രയോഗം സര്‍വ്വരുടെയും പ്രാര്‍ത്ഥനകള്‍ ദൈവം നിരുപാധികമായി സ്വീകരിക്കുമെന്നുള്ള ദൈവത്തിന്‍റെ വാഗ്ദാനമാണെന്ന് വ്യാഖ്യാനിക്കുന്നതിന്‍റെ കുഴപ്പങ്ങള്‍ ആലോചിക്കുന്നവര്‍ക്ക് മനസ്സിലാവും.

    ദൈവം നമ്മുടെ കര്‍ണ്ണ ഞരമ്പിനെക്കാള്‍ അടുത്താണ് എന്ന പ്രയോഗം ദൈവം സര്‍വ്വരുടെയും പ്രാര്‍ത്ഥനകള്‍ ഉപാധിയില്ലാതെ സ്വീകരിക്കുമെന്ന് വ്യാഖ്യാനിക്കുമ്പോള്‍ ആരുടെയെങ്കിലും പ്രാര്‍ത്ഥനകള്‍ ഫലപ്രദമാവാതെ വരുന്ന സാഹചര്യത്തില്‍ ദൈവം അവരുടെ പ്രാര്‍ത്ഥനകള്‍ അറിഞ്ഞിട്ടില്ലെന്നോ അല്ലെങ്കില്‍ പ്രാര്‍ത്ഥന അറിഞ്ഞു അതിന് ഉത്തരം നല്‍കുന്ന ഒരു ദൈവം തന്നെയില്ലന്നോ ഇവര്‍ തന്നെ വ്യാഖ്യാനിക്കുമോ....?????ദൈവത്തിന്‍റെ സര്വ്വജ്ഞാനിയെന്ന വിശേഷണം റദ്ദു ചെയ്ത് ദൈവാസ്തിത്വത്തെ വികലമാക്കുന്ന ഇത്തരം വ്യാഖ്യാനങ്ങള്‍ നാസ്ഥികരെയാണ് സഹായിക്കുക.

    മഹാന്മാരെ മഹാതികളെ...പ്രാര്‍ത്ഥനയെന്നാല്‍ നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തെ അറിയിക്കുന്ന കര്‍മ്മമാണോ..?നാം നമ്മുടെ ആവശ്യങ്ങള്‍ ദൈവത്തെ അറിയിച്ചില്ലെങ്കില്‍ അവയൊന്നും ദൈവം അറിയുമായിരുന്നില്ലേ...?സൂഫി ഔലിയാക്കളോടുള്ള വെറുപ്പ്‌ കൊണ്ട് സര്വ്വജ്ഞാനിയെന്ന ദൈവത്തിന്‍റെ വിശേഷണം നിഷേധിക്കുകയാണോ...?ചുക്കാണെന്ന് വിശേഷിപ്പിക്കപെട്ട ഔലിയാക്കളോട്....ദൈവത്തോട് അടുത്ത ഔലിയകളോടുള്ള വെറുപ്പ്‌ കൊണ്ട്.....അടുത്ത പടിയായി ദൈവത്തെ ചുണ്ണാമ്പെന്നും ഇവര്‍ തന്നെ വിശേഷിപ്പിക്കുമോ...?

    എല്ലാ നന്മയും തിന്മയില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കലും ദൈവത്തിനുള്ള ആരാധനയാണ്.പ്രാര്‍ത്ഥനയും ഒരു ആരാധനയാണ്.എങ്കിലും മറ്റ് ആരാധനകളില്‍ നിന്നും പ്രാര്‍ത്ഥനക്കുള്ള ശ്രദ്ധേയമായ വ്യാത്യാസം പ്രാര്‍ത്ഥനക്ക് നിശ്ചിതമായ സ്ഥല-കാലവും രൂപഭാവവും ഇല്ലായെന്നതാണ്.
    എന്നാല്‍ സ്ഥലങ്ങള്‍ക്കും കാലങ്ങള്‍ക്കും രൂപഭാവങ്ങള്‍ക്കും പ്രാര്‍ത്ഥനയില്‍ പ്രാധാന്യം ഇല്ലെന്നല്ല,മറിച്ച് ആ പ്രാധാന്യം നമുക്ക് സ്വതന്ത്രമായി തീരുമാനിക്കാവുന്നതാണ്.അത് പ്രകാരം നമുക്ക്‌ നിന്നിട്ടും ഇരുന്നിട്ടും കിടന്നിട്ടും കൈകള്‍ മുകളിലേക്ക് ഉയര്‍ത്തിയും കൈകള്‍ കുമ്പിള്‍ പോലെയാക്കിയും ""കൈകുഞ്ഞുങ്ങളെ കൈയില്‍ വെച്ചും"" അര്‍ദ്ധരാത്രിയും പട്ടാപകലും ഭാരത പുഴയില്‍ നിന്നും പൊന്നാനി കടപ്പുറത്ത് വെച്ചും ഏതു ഭാഷയിലും ഏതു വാചകത്തിലും പ്രാര്‍ഥിക്കാവുന്നതും അങ്ങനെയങ്ങനെ പ്രാര്‍ത്ഥനകള്‍ കൂടുതല്‍ ഫലപ്രദമാകുന്ന രീതി സ്വയം കണ്ടെത്തി ആ രീതി തന്നെ സ്ഥിരമാക്കാവുന്നതാണ്.
    പ്രാര്‍ത്ഥനകള്‍ ഫലപ്രദമാവാനുള്ള അതിശക്തമായ കാരണം എന്ന നിലക്കാണ് ഔലിയാക്കള്‍ മുഖേന വിശ്വാസികള്‍ പ്രാര്‍ഥിക്കുന്നത്.അതിന് വേണ്ടി,'ഇവരുടെ സത്യം കൊണ്ട്' 'പുണ്യവും പ്രശസ്തിയും കൊണ്ട്' എന്നൊക്കെയുള്ള വാക്കുകള്‍ പ്രാര്‍ത്ഥന വാചകങ്ങളില്‍ കൂട്ടി ചെര്‍ക്കാറുമുണ്ട്.
    ഇനിയൊരു പക്ഷെ ഈ വിശേഷണങ്ങള്‍ക്കൊന്നും അവര്‍ അര്‍ഹര്‍ അല്ലെങ്കില്‍ പോലും ആ പ്രാര്‍ത്ഥന മഹാപാപമായ ശിര്‍ക്ക്‌ ആകുന്നില്ല,ആ പ്രാര്‍ത്ഥനയും ഫലപ്രദമാകില്ലന്നെയുള്ളൂ.
    അതേസമയം പലപ്രാവശ്യം പ്രാര്‍ഥിച്ചിട്ടും ഫലപ്രദമാവാത്ത ഒരു പ്രാര്‍ത്ഥന ഒരു ഔലിയ മുഖേന പ്രാര്‍ഥിച്ചപ്പോള്‍ ഫലപ്രദമായാല്‍ ആ വസ്തുത അവര്‍ അല്ലാഹുമായി അടുത്ത അല്ലാഹുവിന്‍റെ വലിയ്യ്‌ ആണെന്നതിന് ശക്തമായ തെളിവായി വിശ്വാസികള്‍
    മനസ്സിലാക്കും.

    (കൈകുഞ്ഞുങ്ങളുടെയും സൂഫീവര്യന്മാരുടെയും ബ്രെയ്ന്‍ വേവ് ഫ്രീക്വന്‍സിയിലെ സാമ്യം ശ്രദ്ധിക്കപെട്ടിട്ടുണ്ട്.മാത്രമല്ല കൈകുഞ്ഞുങ്ങള്‍ ശൂന്യതയിലേക്ക്...അനന്തതയിലേക്ക് തുറിച്ചു നോക്കുമ്പോള്‍ അവര്‍ മാലാഖമാരോട് സംസാരിക്കുകയാണെന്നും മറ്റും പ്രായമായ ഉമ്മമാരും വല്ല്യുമ്മമാരും പറയുന്നത് ചിലരെങ്കിലും കേട്ടിട്ടുണ്ടാവും.ഇക്കാലത്തെ കുട്ടികളുടെ വിചാരങ്ങളെന്തോക്കെയായിരിക്കുമെന്ന് ശാസ്ത്രത്തിനിന്നു വരെ മനസ്സിലാക്കാന്‍ കഴിയാത്ത സാഹചര്യത്തില്‍ മേല്പറഞ്ഞ മലക്കുകളോടുള്ള സംസാരം നോണ്‍സെന്‍സാണെന്ന് ഉറപ്പിച്ചു പറയാനും കഴിയില്ല)

    [SuperStition SuperSense എന്നൊക്കെ ആക്ഷേപിച്ചാല്‍ പ്രകോപിക്കപെടുകയില്ല]

    ReplyDelete
  91. ജയരാജ്
    ഇഷാക് നന്ദി വായനക്കും അഭിപ്രായത്തിനും.

    രാജഗോപാല്‍, നന്ദി ആദ്യവരവിനും നല്ല വാക്കുകള്‍ക്കും.

    കുഞ്ഞാലി മരക്കാര്‍,
    ഒരു വിശ്വാസിക്കും അവന്റെ നാഥനിലേക്കെത്താന്‍ മധ്യസ്ഥന്റേയോ ശുപാര്‍ശക്കാരന്റേയോ ആവശ്യമില്ല. ഉള്ള കാര്യം ഉള്ളത് പോലെ നേരിട്ട് ബോധിപ്പിച്ചാല്‍ മതി. ജാറവ്യവസായവും മുടിപൂജയുമൊക്കെ അനിസ്ലാമികം തന്നെയാണു.അതിലൊരു തര്‍ക്കത്തിന്റേയും ആവശ്യകതയേ ഉദിക്കുന്നില്ല.

    പിന്നെ ഞാനീ പോസ്റ്റില്‍ പറഞ്ഞത് ഒരു നോവലിനെ ,അതിലെ കഥാപാത്രമായ ഒരു സ്ത്രീയുടെ നിസ്സഹായതയും പ്രണയവുമൊക്കെയാണു.മിത്തും റിയാലിയുമൊക്കെ കൂട്ടിച്ചേര്‍ത്ത് എന്റേതായ രീതിയില്‍. ആ എഴുത്തിനെ വിമര്‍ശിക്കുമ്പോഴെ എനിക്കത് ഗുണം ചെയ്യു..എന്റെ എഴുത്തില്‍ വരുന്ന പാകപ്പിഴവുകള്‍ ചൂണ്ടിക്കാണിക്കുമ്പോള്‍..

    ReplyDelete
  92. പബ്ലിക്കായി തുറന്ന് വെച്ച ബ്ലോഗാണ് ഇത്...?.പബ്ലിക്കായിരിക്കുന്നിടത്തോളം മറ്റ് ബ്ലോഗിലൂടെ ഗൂഗിളിലൂടെ ഇവിടെ ആര്‍ക്കും വരാം.താങ്കളുടെ ആദര്‍ശത്തോട് യോജിക്കുന്നവര്‍ മാത്രം വന്നു കമെന്റ്റ്‌ ചെയ്‌താല്‍ മതിയെന്ന് താങ്കള്‍ക്ക് ആശിക്കാം,പക്ഷെ അങ്ങനെ പ്രതീക്ഷിക്കുന്നത് മഹാ മണ്ടത്തരമാണെന്ന് തിരിച്ചറിയുമ്പോള്‍ മറ്റുള്ളവര്‍ മെനകെട്ടെഴുതിയ കമെന്‍റ്കള്‍ മോഡറേഷന്‍ എന്ന 'പേരില്‍' ഡിലീറ്റ് ചെയ്തു,ദുര്‍ബലമായി കൊണ്ടിരിക്കുന്ന സ്വന്തം ആദര്‍ശത്തിന്‍റെ അസ്തിത്വത്തിലെ
    അസ്ഥികള്‍ക്ക് ബലം നല്‍കാനുള്ള താങ്കളുടെ ശ്രമം തിരിച്ചറിയാന്‍ കഴിയും.

    ഭൂരിപക്ഷ മുസ്ലിങ്ങളുടെ വിശ്വാസത്തെ നിങ്ങളിവിടെ,വഹാബീ-മൌദൂദികള്‍ക്ക്‌ കൂട്ടം ചേര്‍ന്ന് പരിഹസിക്കുന്നു....അവരെ അന്ധവിശ്വാസികളെന്നും മന്ദബുദ്ധികളെന്നും
    വിളിക്കുന്നു.എന്നാല്‍,അവരുടെ വിശ്വാസം അന്ധന്മാരുടെ അന്ധവിശ്വാസമല്ലെന്നും ദൈവവിശ്വാസം പോലെ തന്നെ യുക്തി അതിനും ഉണ്ടെന്ന് വിശദീകരിക്കുമ്പോള്‍ ആ കമെന്റ്റ്‌ ഡിലീറ്റ് ചെയ്തു ജാറവും മറ്റും അനിസ്ലാമികമാണെന്ന പ്രമേയം വോട്ടിനിട്ടു
    പാസാക്കുന്നു.ഇതെവിടുത്തെ ഇസ്ലാം..?.

    'സൂഫി പറഞ്ഞ കഥ'യില്‍ ബീവി ദൈവമല്ലെന്നും ദൈവത്തിലേക്കുള്ള മാര്‍ഗം മാത്രമാണെന്നും സൂഫി തന്നെ പറഞ്ഞിട്ടും ആ നോവലിനെ ബേസ് ചെയ്ത് എഴുതിയ ഈ പോസ്റ്റില്‍ അതെല്ലാം മറച്ചു വെച്ച് ബീവി ദൈവമാണെന്നും പ്രാര്‍ത്ഥനകള്‍ക്ക്‌ ഉത്തരം നല്‍കുന്നത് ബീവിയാണെന്നുമുള്ള വിശ്വാസം വിശ്വാസികള്‍ക്കുണ്ടെന്ന് തോന്നത്തക്ക രീതിയില്‍ ബീവിയുടെ നിസ്സഹായാവസ്ഥയെ കുറിച്ച് പരാമര്‍ശിക്കുകയും ആരുടേയും പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം നല്‍കാന്‍ ബീവിക്ക്‌ കഴിയില്ലെന്ന ന്യായം പറയുകയും ചെയ്യുന്നു.പോസ്റ്റിലെ ആ പരമാര്‍ശം കോപ്പി പേസ്റ്റ്‌ ചെയ്തിവിടെ ആഘോഷിക്കുക്കയും പോസ്റ്റിന്‍റെ ഉദ്ദേശ്യം തന്നെ അത്
    പറയുകയാണെന്ന് വ്യാഖ്യാനിക്കപെടുകയും കൂട്ടത്തില്‍ ഭൂരിപക്ഷ മുസ്ലിങ്ങളെ
    അന്ധവിശ്വാസികളെന്നും മന്ദബുദ്ധികളെന്നും ആക്ഷേപിക്കുകയും ചെയ്യുന്നു.അക്കൂട്ടത്തിലെ
    ഒരാളായ ഞാന്‍ ഇതൊരു പൊതുവേദിയായത് കാരണം ഇസ്ലാമിക പ്രമാണങ്ങള്‍ ഉദ്ധരിക്കാതെ തന്നെ അവയെ കുറിച്ച് യുക്തിപരമായി വിശദീകരിക്കുകയാണ് ചെയ്തത്.

    [എന്‍റെയൊരു മുന്‍ കമെന്‍റെ പോസ്റ്റ്‌ ചെയ്തപ്പോള്‍ പോസ്റ്റില്‍ വന്നിരുന്നെങ്കിലും ഇപ്പോള്‍ അത് പോസ്റ്റില്‍ കാണുന്നില്ല.കമെന്റ്റ്‌ ഡിലീറ്റ് ചെയ്യാനുള്ള സൗകര്യമുപയോഗിച്ചു ബ്ലോഗുടമ അത് ഡിലീറ്റ് ചെയ്തതായിരിക്കുമെന്ന് കരുതുന്നു.കമെന്റ്റ്‌ നഷ്ടപെടാനുള്ള മറ്റ് കാരണങ്ങളെ കുറിച്ച് എനിക്കറിയില്ല]

    ReplyDelete
  93. എവിടെയൊക്കെയോ ചുറ്റിത്തിരിയുമ്പോള്‍
    ഇവിടെയുമെത്തി
    നന്നായിട്ടുണ്ട്
    ഭാവുകങ്ങള്‍

    ReplyDelete
  94. ശ്രീ കുഞ്ഞാലി മരക്കാര്‍, താങ്കളുടെ കമന്റ് ആരും ഡിലീറ്റ് ചെയ്തിട്ടില്ല. കമന്റ് ഡിലീറ്റ് ചെയ്യല്‍ എന്റെ പോളിസിയല്ല എന്ന് മുന്‍ പോസ്റ്റുകള്‍ പറയും. ആരോപണവിധേയമായ കമന്റിതാ സ്പാമില്‍ കിടക്കുന്നു. അത് പൊക്കിയെടുത്തിട്ടുണ്ട്.

    ഈ വിഷയത്തില്‍ ഞാനൊരു ചര്‍ച്ചക്കില്ല.

    മണികണ്ഠന്‍, നന്ദി .

    ReplyDelete
  95. രാമനുണ്ണിസാറിന്‍റെ പുസ്തകവും സിനിമയും ഈ കുറിപ്പും...
    എല്ലാം കൂടി ചേര്‍ത്ത് വെച്ച് നോക്കുമ്പോള്‍...
    കൊള്ളാം.
    എത്ര നല്ല കുറിപ്പ്.

    ReplyDelete
  96. മനോഹരമായ ഭാഷ.
    സൂഫി പറഞ്ഞ കഥ വായിച്ചിട്ടില്ല. വിശ്വാസങ്ങളെ കുറിച്ചും വിവരമില്ല. അതുകൊണ്ട് കൂടുതല്‍ പറയുന്നില്ല. എഴുത്ത് ആകര്‍ഷിക്കുന്നു, മുല്ലാ.. ഇനി ഞനും കൂടെയുണ്ട്.

    ReplyDelete
  97. വളരെ മനോഹരം.യാദ്രിചികമായാണ് ഞാന്‍ ഇതിലെത്തി പ്പെടുന്നത്.പ്രണയത്തിന്റെ കയ്പും മധുരവും ഒരു പോലെ മനസ്സിലേക്ക് വന്നു.ചരിത്രത്തിന്റെ ആത്മാവ് തേടിയുള്ള ഈ ഹൃസവ സഞ്ചാരം യധാര്തതിലൊരു മറക്കാനാവാത്ത യാത്രാ അനുഭവം തന്നെ.

    ReplyDelete
  98. വളരെ മനോഹരം.യാദ്രിചികമായാണ് ഞാന്‍ ഇതിലെത്തി പ്പെടുന്നത്.പ്രണയത്തിന്റെ കയ്പും മധുരവും ഒരു പോലെ മനസ്സിലേക്ക് വന്നു.ചരിത്രത്തിന്റെ ആത്മാവ് തേടിയുള്ള ഈ ഹൃസവ സഞ്ചാരം യധാര്തതിലൊരു മറക്കാനാവാത്ത യാത്രാ അനുഭവം തന്നെ.

    ReplyDelete
  99. വളരെ മനോഹരം.യാദ്രിചികമായാണ് ഞാന്‍ ഇതിലെത്തി പ്പെടുന്നത്.പ്രണയത്തിന്റെ കയ്പും മധുരവും ഒരു പോലെ മനസ്സിലേക്ക് വന്നു.ചരിത്രത്തിന്റെ ആത്മാവ് തേടിയുള്ള ഈ ഹൃസവ സഞ്ചാരം യധാര്തതിലൊരു മറക്കാനാവാത്ത യാത്രാ അനുഭവം തന്നെ.

    ReplyDelete
  100. സൂഫി പറഞ്ഞ കഥ വായിച്ചിട്ടില്ല .
    പക്ഷെ മുനമ്പത്തെ ബീവിയുടെ ഐതിഹ്യം അഞാതമാണ്.
    ഭൂരിഭാഗം പേര്‍ക്കും അറിയുന്നത് അതൊരു സ്ത്രീയുടെ ജഡമായിരുന്നു എന്നും ,പുരുഷന്മാര്‍ അതിന്റെ അടുത്തേക്ക് വരുമ്പോള്‍ തിരിച്ചു കടലിലേക്ക്‌ തന്നെ ഒഴുകിയെന്നുമോക്കെയാണ്‌.
    ഇതെല്ലം വിശ്വാസയോഗ്യമാണോ എന്നൊന്നും അറിയില്ല .
    എന്റെ സംശയം അതല്ല ബീവിയെ കാര്‍ത്തികുട്ടിയിലേക്ക് ബന്ധിപ്പിക്കുന്ന എന്തെങ്കിലും ഐതിഹ്യമോ മറ്റോ ഉണ്ടോ ..?

    ReplyDelete
    Replies
    1. ZAIN സൂഫി പറഞ്ഞ കഥ ഒരിക്കല്‍ വായിക്കൂ.. ചോദ്യത്തിനുള്ള ഉത്തരം കിട്ടും

      Delete
  101. സൂഫി പറഞ്ഞ കഥ വായിച്ചിട്ടില്ലെങ്കിലും സിനിമ കണ്ടു, ഷാര്‍ബണി മൂഖര്‍ജിയുടെ കഥാപാത്രത്തിന്റെ വിഷ്വല്‍ മനസ്സിലേക്കോടി വന്നു, മണലില്‍ ഇരിക്കുന്നതും കുഞ്ഞിനെ ഉണ്ടാക്കുന്നതും എല്ലാം, എന്തിന്, കണ്ണ് ചെറുതാക്കിയുള്ള ചിരിപോലും !
    u r really one of a kind!

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..