Saturday, June 18, 2011

കടലില്‍ നിന്നും കാട്ടിലേക്കെന്തു ദൂരം...!!!

യാത്രകള്‍, എന്നും മനസ്സിനും ശരീരത്തിനും നവോന്മേഷം കൊണ്ടുവരും. ആ യാത്ര തുടങ്ങുന്നത് ഒരു കടല്‍ ക്കരയില്‍ നിന്നായാലോ...?തീര്‍ന്നില്ല; തുടങ്ങി വെച്ച യാത്ര അവസാനിക്കുന്നത് ഒരു കാടിന്റെ വശ്യതയിലെക്കായാലോ...?
മനസ്സിനെയും ശരീരത്തേയും കുളിര്‍പ്പിച്ചു കൊണ്ടൊരു സ്വപ്ന യാത്ര!!


ഗതകാല പ്രൌഡിയുടെ മാറാപ്പും പേറി നില്‍ക്കുന്ന ഈ കടല്‍പ്പാലത്തിനു എന്തെല്ലാം കഥകള്‍ പറയാനുണ്ടാകും.
ആശകളും നിരാശകളും, ആകാശം മുട്ടേ ഉയര്‍ന്ന സ്വപ്നങ്ങള്‍ പലതും ഈ പാലത്തിനടിയിലൂടെ എത്രവട്ടം
ഒലിച്ച് പോയിട്ടുണ്ടാവണം. ഇബുനു ബത്തൂത്ത തന്റെ പുസ്തകത്തില്‍ കോഴിക്കോട് കടപ്പുറത്ത് നിന്നും കപ്പല്‍ കയറിയതിനെ പറ്റി വിവരിക്കുന്നുണ്ട്.മുലൈബാറിലെ** ഏറ്റവും വലിയ തുറമുഖമായിട്ടാണു കോഴിക്കോട്ടിനെ അദ്ദേഹം പരിചയപ്പെടുത്തുന്നത്. പതിമൂന്ന് കൂറ്റന്‍ കപ്പലുകളാണത്രെ ചൈനയിലേക്ക് പോകാനായി തുറമുഖത്ത് നിരന്നു നിന്നിരുന്നത്. സുഗന്ധവ്യഞ്ജനങ്ങളും കുരുമുളകും കുത്തിനിറച്ച് യാത്രക്ക് തയ്യാറായ്..

എല്ലാ ആരവങ്ങളും അടങ്ങി ഇന്നീ കടല്‍പ്പാലത്തിന്റെ എല്ലിന്‍ കൂട് മാത്രം ബാക്കി. ഒരു തിരയ് ക്കും അടുത്ത തിരയ് ക്കും ഇടക്ക് കനച്ച് കിടക്കുന്ന ഏകാന്തതയില്‍ മുങ്ങി നിവര്‍ന്ന്....


അന്ന്, കച്ചവടക്കാര്‍ക്ക് പിന്നാലെ എത്തി, നമ്മുടെ മണ്ണിലും മനസ്സിലും ആധിപത്യം സ്ഥാപിച്ച അധിനിവേശക്കാര്‍ക്കെതിരെ ധീരമായ് പോരാടിയ ഒരാളുണ്ടായിരുന്നു; പഴശ്ശിരാജ . അദ്ദേഹത്തിന്റെ സ്മരണകള്‍ ഉറങ്ങുന്ന വയനാട്ടിലേക്കാണു നമുക്കിനി പോകേണ്ടത്. പോകാം...?




വയനാടന്‍ ചുരം എത്ര കണ്ടാലും മതിയാകില്ല എനിക്ക്.

അതിരാവിലെ കോട പുതച്ച് കിടക്കുന്ന താഴവാരത്തിലേക്ക് നോക്കി എത്ര നേരം വേണേലും ഇരിക്കാം.വെയില്‍ പരന്നു തുടങ്ങിയാല്‍ മഞ്ഞിന്റെ മറക്കുള്ളിലൂടെ വെളിപ്പെട്ടു വരുന്ന പച്ചപ്പിലേക്ക് നോക്കി ആര്‍ത്തു വിളിക്കാം. തണുപ്പാണു ചുരത്തിലെപ്പോഴും, ഈ തണുപ്പും മരങ്ങളും ഒരുപാട് കാലം ഇങ്ങനെ തന്നെ നിലനിന്നിരുന്നെങ്കില്‍....,






ഈ ചുരത്തിനെപറ്റിയും ഒരുപാടു കഥകളുണ്ട്.നമുക്കറിയാവുന്നത് തന്നെ എല്ലാം.ചുരം വെട്ടാന്‍ സായിപ്പിനു വഴി
കാണിച്ച് കൊടുത്ത ആദിവാസിയെ സായിപ്പ് കൊന്ന് കളഞ്ഞത്രെ! ഇനിയാര്‍ക്കും വഴികള്‍ അടയാളപ്പെടുത്താതിരിക്കാന്‍!!


ജീവിച്ച് മതിയായിട്ടുണ്ടാവില്ല അയാള്‍ക്ക്,സ്നേഹിച്ച് തീര്‍ന്നിട്ടുണ്ടാകില്ല അയാള്‍. അതായിരിക്കാം പാതിരാത്രിക്ക് അയാളിങ്ങനെ അലഞ്ഞിട്ടുണ്ടാകുക ചുരത്തില്‍. ആ സ്നേഹവും ജീവിതത്തോടുള്ള അടങ്ങാത്ത തൃഷ്ണയുമാണു ഇവിടെയിങ്ങനെ ചങ്ങലയില്‍ ബന്ധിച്ചിട്ടിരിക്കുന്നത്.

ലക്കിടിയിലെ ഈ ചങ്ങല മരവും പിന്നിട്ട്, വീണ്ടും മുന്നോട്ട് പോയാല്‍ മാനന്തവാടി എത്തുന്നതിനു മുന്‍പ് വേറൊരു മരമുണ്ട്, പുഴക്കരയില്‍! അവിടെ ആത്മാവുകളല്ല,പക്ഷെ ഒരു തരത്തില്‍ അവരുടെ കൂട്ടാളികള്‍ തന്നെ.കടവാവലുകള്‍ !!

വല്ലാത്തൊരു കാഴ്ചയാണത്. മരത്തില്‍ നിറയെ തലകീഴായ് തൂങ്ങിക്കിടക്കുന്ന വാവലുകള്‍!!

കുറുവ ദ്വീപിലെക്കാണു നമുക്ക പോകേണ്ടത്.മാനന്തവാടിയില്‍ നിന്ന് മൈസൂര്‍ റോഡില്‍ ഏകദേശം ഇരുപത്തേഴ് കിലോമീറ്റര്‍ ഉണ്ടാകും കുറുവയിലേക്ക്.



മനോഹരമായ കൊച്ചുകൊച്ചു ദ്വീപുകളുടെ ഒരു കൂട്ടമാണു കുറുവ.. 950 ഏക്കറാണു ദ്വീപിന്റെ മൊത്തം വിസ്തീര്‍ണ്ണം.
കബനീ നദിയാണു ദ്വീപിനെ ചുറ്റി ഒഴുകുന്നത്. ഈയിടെ മഴ പെയ്തതോണ്ടാണെന്ന് തോന്നുന്നു, കബനി കലങ്ങി
മറിഞ്ഞിരിക്കുന്നു. ചങ്ങാടത്തില്‍ കയറി ദ്വീപിലിറങ്ങാം നമുക്ക്. ഇനി നടക്കാം,കാട്ടിനുള്ളിലൂടെ, മുളംകാടുകളുടെ
സംഗീതം കേട്ട്...


പ്രകൃതിദത്തമായ വനമാണു കുറുവ. കുശാല്‍ നഗറിലെ നിസര്‍ഗധമയെ പോലെ ഈ മുളംകൂട്ടങ്ങള്‍ വെച്ച് പിടിപ്പിച്ചതല്ല.മാവ്,തേക്ക്



പുളി, ആല്‍ തുടങ്ങി എനിക്ക് പേരറിയാത്ത ഒരു പാട് മരങ്ങള്‍ ;വല്ലാത്തൊരു വന്യതയോടെ ആകാശത്തേക്ക് തലയുയര്‍ത്തി നില്‍ക്കുന്ന കാഴ്ച്ക കണ്ണിനു കുളിര്‍മ്മ പകരുന്നു. നദിയിലേക്ക് ചാഞ്ഞ് നില്‍ക്കുന്ന മരക്കൊമ്പുകളില്‍ തൂങ്ങിയാടി, പൊന്തി നില്‍ക്കുന്ന കല്ലുകളില്‍ നിന്നും മറ്റൊന്നിലേക്ക് ചാടി നമുക്ക് ദ്വീപുകള്‍ ഓരോന്നായ് മുറിച്ച് കടക്കാം.



ഉള്ളിലേക്ക് പോകുന്തോറും കാടിനു കട്ടി കൂടി വരുന്നുണ്ട്. പണ്ട് പഴശ്ശിരാജ കുറുവ ദ്വീപ് ഒളിത്താവളമായ് ഉപയോഗിച്ചിട്ടുണ്ടത്രെ.


രണ്ട് മൂന്ന് ദ്വീപുകള്‍ മുറിച്ച് കടന്നപ്പോഴേക്കും ആള്‍ സഞ്ചാരം തീരെ കുറഞ്ഞു. എങ്കില്‍ ഇനി കുളിച്ചിട്ടു തന്നെ കാര്യം.


വെള്ളത്തിനു നല്ല തണുപ്പ്.“ പി.എ ബക്കറിന്റെ കബനീ നദി ചുവന്നപ്പോള്‍ “ എന്ന സിനിമയെ പറ്റി ഓര്‍മ്മ വന്നപ്പോള്‍ ഉള്ളിലൊരാന്തല്‍. ആ സിനിമ ഞാന്‍ കണ്ടിട്ടില്ല. ഈ നദി എങ്ങനെ ചുവന്നു..? ദൈവമേ ഇനി വല്ല ചീങ്കണ്ണിയോ മുതലക്കുട്ടികളൊ ഉണ്ടാകുമോ..?

കുറുവയില്‍ നിന്നും മടങ്ങുമ്പോള്‍ ഉച്ച കഴിഞ്ഞിരുന്നു. രണ്ടു മൂന്ന് കൊല്ലം മുന്‍പ് വരെ ടൂറിസ്റ്റുകളൊന്നും ഈ വഴി വന്നിരുന്നില്ല.
ഇപ്പോള്‍ അതല്ല സ്ഥിതി. സീസണില്‍ ദിനേന മൂവായിരം ആളുകള്‍ വരെ എത്തുന്നുണ്ടത്രെ.
നല്ല ഹോം ലി ഫുഡ് കിട്ടുന്ന ഒരുപാട് കടകളുണ്ട് കുറുവക്ക് ചുറ്റും. സീസണില്‍ മാത്രമാണു കച്ചവടം.


ജോസഫേട്ടന്‍ സന്തോഷത്തിലാണു. ഊണു വിളമ്പുന്നതിനിടെ പുര കെട്ടി മേയുന്നതിനെ പറ്റിയാണു അയാള്‍ സംസാരിച്ചത്.
നമുക്കിത് ഒരു ദിവസത്തെ ആഘോഷം! പക്ഷെ അവര്‍ക്കിത് ജീവിതമാണു !!

ഇനി യാത്ര തിരുനെല്ലിയിലേക്ക്...

മനസ്സിനൊരുപാട് സന്തോഷം തരുന്ന വഴിയാണിതും,. നഗരത്തിന്റെ എല്ലാ ബഹളങ്ങളും പുറം പൂച്ചുകളും ഒഴിവാക്കി
നിശബ്ദതയിലേക്കും ഒറ്റപ്പെടലിലേക്കുമുള്ള വഴി. മനസ്സ് വല്ലാതെ കുറുമ്പ് കാട്ടുമ്പോള്‍ ഇങ്ങനെയുള്ള യാത്രകള്‍ നല്ലതാണു.
ഒരു പുനര്‍ജനിയുടെ സുഖം...

മിക്കവാറും ആനകളെ കാണാറുണ്ട് ഈ വഴിയില്‍. പക്ഷെ എന്തൊ ഇത്തവണ അവന്മാരൊന്നും പുറത്ത് വന്നില്ല.
ആനത്താര ഒഴിഞ്ഞ് കിടക്കുന്നു. വനം വകുപ്പ് പുതിയൊരു ആനത്താര വെട്ടിയുണ്ടാക്കി ബോര്‍ഡും വെച്ചിട്ടുണ്ട്.
‘നിര്‍ദ്ദിഷ്ട ആനത്താര ‘ എന്ന്. ഇനി ആനകള്‍ ഇതിലൂടെ പോകണമെന്ന്!!!
ആനക്ക് വായിക്കാനറിയുമോ ആവോ...?

“ ദേ..ഒരു മയില്‍” എന്നു പറഞ്ഞപ്പോഴേക്കും അവന്‍ ജീവനും കൊണ്ടോടി.

തിരുനെല്ലി പൊലീസ് സ്റ്റെഷനിലേക്ക് തിരിയുന്ന ജങ്ക്ഷന്‍.




ഈ കാണുന്ന വഴിയിലൂടെ അരകിലോമീറ്റര്‍
നടന്നാല്‍ വര്‍ഗീസിനെ വെടിവെച്ച് കൊന്ന സ്ഥലത്തെത്താം. തൊട്ടടുത്ത ചായക്കടയില്‍ നിന്നും ഞങ്ങളൊരു വഴികാട്ടിയെ സംഘടിപ്പിച്ചു.കറപ്പന്‍,ആദിവാസിയാണു. ആനയിറങ്ങുന്ന സമയമാണു ,പോയി നോക്കാമെന്ന് പറഞ്ഞ് മുന്‍പേ നടന്ന കറപ്പന്റെ പിന്നാലെ ഞങ്ങള്‍ വെച്ചു പിടിച്ചു.
1970 ഫെബ്രുവരി പതിനെട്ടിനാണു വര്‍ഗീസ് കൊല്ലപ്പെടുന്നത്. നീണ്ട നാല്പത് വര്‍ഷങ്ങള്‍ വേണ്ടി വന്നു അതൊരു ഏറ്റുമുട്ടല്‍ കൊല ആയിരുന്നില്ലെന്നും നിരായുധനായ ഒരു ചെറുപ്പക്കാരനെ വെടിവെച്ചു കൊല്ലുകയായിരുന്നെന്നും നമ്മള്‍ അറിയാന്‍ !!!
ഏത് ആദര്‍ശത്തിന്റെ പുറത്തായാലും അതില്‍ ഉറച്ച് നില്‍ക്കുകയും അതിനു വേണ്ടി ജീവന്‍ വെടിയുകയും ചെയ്ത ചെറുപ്പക്കാര്‍!!!
ഇന്നോ...?
മന്ത്രിസ്ഥാനം ഇല്ലാത്തതിന്റെ പേരില്‍ കരഞ്ഞ് മൂക്കുപിഴിയുന്ന നേതാക്കന്മാരാണു ടിവിയില്‍ നിറയെ....എങ്ങനെ വീണാലും നാലുകാലില്‍.

മുന്നില്‍ നടന്നിരുന്ന കറപ്പന്‍ പെട്ടെന്നു നിന്നു. വഴിയില്‍ ആവി പറക്കുന്ന ആനപിണ്ടം. അടുത്ത് തന്നെ ആനക്കൂട്ടമുണ്ട്.

വര്‍ഗീസിന്റെ ആത്മാവിനു നിത്യശാന്തി നേര്‍ന്നു കൊണ്ട് വന്നതിനേക്കാള്‍ വേഗത്തില്‍ ഞങ്ങള്‍ തിരിച്ച് നടന്നു.


ക്ഷേത്രത്തിലെത്തിയപ്പോള്‍ വൈകുന്നേരമായിരുന്നു. മൂവായിരത്തോളം വര്‍ഷത്തെ പഴക്കമുണ്ട് ഈ ക്ഷേത്രത്തിനു.
വിഷ്ണുവാണു പ്രതിഷ്ഠ. ക്ഷേത്ര മുറ്റത്ത് നിന്നുമുള്ള കാഴ്ച അതി മനോഹരമാണു. നാലുപാടും പച്ച പുതച്ച മലനിരകള്‍.
ബ്രഹ്മഗിരി, ഉദയഗിരി, കരിമല ,നരി നിരങ്ങി മല തുടങ്ങിയ മലനിരകളാണത്.

പാപനാശിനിയിലേക്കുള്ള വഴിയാണിത്. പാപങ്ങള്‍ കഴുകി കളയാന്‍ അത്ര എളുപ്പമല്ല. ഈ കയറ്റം മുഴുവന്‍ കയറിയേ പറ്റു.


പാറക്കെട്ടുകള്‍ക്കിടയിലൂടെ ഒഴുകിവരുന്ന വെള്ളത്തിനു നല്ല തണുപ്പ്. വെള്ളം ഒഴുകി ഒരു ചെറിയ കുഴിയില്‍ വീഴുന്നുണ്ട്.


അരക്കൊപ്പം വെള്ളത്തില്‍ മുങ്ങിക്കയറുന്ന ആളുകള്‍. തങ്ങളുടെ പ്രിയപ്പെട്ടവരുടെ മോക്ഷത്തിനു വേണ്ടി അകമഴിഞ്ഞ്
പ്രാര്‍ത്ഥിക്കുന്നുണ്ട് അവര്‍.


പാപനാശിനിയിലേക്കുള്ള വഴിയില്‍ എന്നെ പിടിച്ച് നിര്‍ത്തിയ ഒരു കാഴ്ചയാണിത്. ദഹനം കഴിഞ്ഞ് മൂന്നാം നാള്‍ അസ്ഥിക്കുഴിയില്‍
നിന്നും ശേഖരിക്കുന്ന അസ്ഥിക്കഷ്നങ്ങളും ബാക്കിയായ ചാരവുമല്ലെ ഇത്. മണ്‍കലങ്ങളും പ്ലാസ്റ്റിക് വെയിസ്റ്റും ഇടകലര്‍ന്ന്...


ഇവിടെ നിന്നാണൊ നമ്മുടെ പ്രിയപ്പെട്ടവര്‍ സ്വര്‍ഗാരോഹണം നടത്തേണ്ടത്...?

തിരിച്ച് പോരുന്ന വഴിക്ക് ചായയും ഉണ്ണിയപ്പവും തിന്ന് ചുരത്തിലെത്തിയപ്പോഴേക്കും രാത്രിയായ്.


താഴെ താഴ്വാരത്ത് ഒരായിരം നക്ഷത്രങ്ങള്‍ പൂത്തിറങ്ങിയ പോലെ... താഴെ നിന്നും വീശിയടിച്ച ഒരു കാറ്റ് കാറിനുള്ളില്‍ വട്ടം ചുറ്റി മുടിയിഴകളെ പിന്നോക്കം തെറ്റിച്ച് എന്റെ ചുണ്ടുകളില്‍ പറ്റിച്ചേര്‍ന്നു. പുറത്തെ ഇരുട്ടിലേക്ക് നോക്കി ഞാന്‍ കണ്ണടച്ചു,..ഞാനിതാ വരുന്നു.

75 comments:

  1. മനസ്സു നിറഞ്ഞ കാഴ്ച്ച.വളരെ നല്ല വിവരണം.പക്ഷെ,അവിടെയും ഒരസ്വസ്തത പിന്തുടരുന്നുണ്ട്. അല്ലെങ്കിൽ വെണ്ട,നമുക്കാ പ്ലാസ്റ്റിക് കൂമ്പാരം മാത്രം കണ്ടില്ലെന്നു നടിക്കാം.

    ReplyDelete
  2. മനോഹരമായ അവതരണം .....
    ഒരുമിച്ചു യാത്രചെയ്ത ഫീല്‍ ...

    തുടരുക .... എല്ലാവിധ ഭാവുകങ്ങളും

    ReplyDelete
  3. മുല്ല,

    യാത്രാവിവരണം നന്നായിട്ടോ..വയനാട് എന്റെയും ഇഷ്ട ലൊക്കേഷന്‍ ആണ്..വടകരക്കാരനായ എനിക്ക് ഏറ്റവും എളുപ്പത്തില്‍ പോയി വരാന്‍ പറ്റുന്ന ഏക ടൂറിസ്റ്റ് ലോക്കെഷനാണ് വയനാട്..സുഹൃത്തുകളുമായി ബൈക്കില്‍ കുറ്റിയാടി ചുരം കേറി ഇടയ്ക്കിടെ ഞങ്ങളും പോവാറുണ്ട് അങ്ങോട്ട്‌.. പക്ഷെ ഇപ്പോള്‍ എല്ലാം ഓര്‍മ്മകള്‍ മാത്രം..മുല്ലയുടെ വിവരണവും പിന്നെ മനോഹരമായ ചിത്രങ്ങളും ആ പഴയ ഓര്‍മകളിലേക്ക് എന്നെ കൊണ്ട് പോയിട്ടോ..അതുതന്നെയാണ് താങ്കളുടെ എഴുത്തിന്റെ വിജയവും...അഭിനദ്ധങ്ങള്‍..

    ReplyDelete
  4. മനസ്സിനു സുഖം പകർന്ന യാത്രാനുഭവം...കൂടെ ചുരമിറങ്ങിയ പോലെ...ചങ്ങല്യ്ക്കിട്ട ആത്മാവും കടവാവലുകൾ തപസ്സു ചെയ്യുന്ന മരവുമൊക്കെ വേറിട്ട കാഴ്ചകളായി...ആശംസകൾ

    ReplyDelete
  5. യാത്രാ വിവരണവും ചിത്രങ്ങളും നന്നായിട്ടുണ്ട്. കോഴിക്കോട് നിന്ന് വയനാട്ടിലേക്ക്‌ ഒരു യാത്ര. കേരളത്തിലെ 14 ജില്ലകളിലൂടെയും യാത്രചെയ്തിട്ടുണ്ട് എങ്കിലും ഏറ്റവും കൂടുതല്‍ ആസ്വദിക്കുന്നത് വയനാട്‌ ജില്ലയിലെ കാഴ്ചകള്‍ ആണ്. ഏറ്റവും അധികം യാത്ര പോയതും വയനാട്ടിലേക്ക്‌ തന്നെ. വെക്കേഷന് നാട്ടില്‍ വരുമ്പോള്‍ ഒരു ട്രിപ്പ്‌ പ്ലാന്‍ ചെയ്തിട്ടും ഉണ്ട്. ചുരം കയറിയാല്‍ ആദ്യം പൂക്കോട് തടാകം. ഇടക്കല്‍ ഗുഹ, മുത്തങ്ങ, തിരുനെല്ലി, കുറുവ അങ്ങനെ പ്രകൃതി രമണീയമായ പ്രദേശങ്ങള്‍ മാത്രം ഉള്ള ജില്ല. ചുരം കയറി വയനാട്‌ ജില്ലയിലേക്ക്‌ പ്രവേശിക്കുമ്പോള്‍ തന്നെ ഒരു പ്രത്യേക അനുഭൂതി അനുഭവിച്ചറിയാന്‍ കഴിയും. ഇപ്പോള്‍ മഴക്കാലമായതിനാല്‍ തുഷാരഗിരി വെള്ളച്ചാട്ടവും കാണാന്‍ മനോഹരം ആയിരിക്കും. ഈ യാത്രാ വിവരണവും, ചിത്രങ്ങളും കണ്ടപ്പോള്‍ വയനാട്‌ ഒന്ന് ചുറ്റിക്കറങ്ങണം എന്ന ആഗ്രഹം വര്‍ദ്ധിച്ചുവരുന്നു.. :)

    "കബനി നദി ചുവന്നപ്പോള്‍". അരവിന്ദന്റെ സിനിമയല്ല. അടിയന്തരാവസ്ഥക്കാലത്തെ രാഷ്ട്രീയ പീഡനങ്ങളും, പ്രണയവും എല്ലാം ചര്‍ച്ച ചെയ്യുന്ന, പി.എ ബക്കര്‍ സംവിധാനം ചെയ്ത സിനിമയാണ്.

    ReplyDelete
  6. നല്ല ഒരു യാത്ര നടത്തി അല്ലെ?
    ശ്രീ പറഞ്ഞത് പോലെ ഞാനും പ്ലാന്‍ ചെയ്തിട്ടുണ്ട് വയനാട്‌ യാത്ര. ..പക്ഷെ പെരുമഴയത്തുള്ള വയനാട്‌ യാത്ര എങ്ങനെയാകും എന്ന് സംശയമുണ്ട്‌.

    ReplyDelete
  7. നന്ദി ശ്രീജിത്ത്, അത് തിരുത്തിയിട്ടുണ്ട്.

    ReplyDelete
  8. നല്ല വിവരണം.. ഇഷ്ടപ്പെട്ടു.. :)

    ReplyDelete
  9. ഏതാണ്ട് ഒരു വര്‍ഷത്തോളം വയനാട്ടില്‍ താമസിച്ചിട്ടുണ്ട്,പഠനാവശ്യാര്‍ത്ഥം.വയനാട്ടിലെ മിക്കവാറും സ്ഥലങ്ങള്‍ അക്കാലത്ത് സന്ദര്‍ശിച്ചിട്ടുണ്ട്.കുറുവ ദ്വീപിലേക്ക് ഒരു ഫുള്‍ ഡേ ടൂര്‍ തന്നെ സംഘടിപ്പിച്ചു.
    മുല്ലയുടെ ഈ പോസ്റ്റ് , ആ നല്ല ഓര്‍മ്മകള്‍ വീണ്ടും മനസ്സിലേക്ക് കൊണ്ട് വന്നു.
    Thanks a lot.
    @ ശ്രീജിത്ത്‌......വയനാട്ടിലേക്ക്‌ പോകുന്നുണ്ടെങ്കില്‍ അറിയിക്കണം.ഞാനും ഉണ്ടാകും.

    ReplyDelete
  10. "മുല്ലാ ... അപ്പൊ കറങ്ങി നടക്കാ ല്ലേ ?"

    വളരെ മനോഹരമായി വിവരിച്ചു. നല്ല ചിത്രങ്ങള്‍ പോസ്റ്റിനു കൂടുതല്‍ മിഴിവേകി. ആശംസകള്‍

    ReplyDelete
  11. മുല്ല എന്ത് മാത്രം മിടുക്കിയാണ് !
    എത്ര ചാതുര്യത്തോടെ യാണ് ഈ വര്‍ക്ക് ചെയ്തു വെച്ചിരിക്കുന്നത് !
    റിയലി ഫന്റാസ്റ്റിക്ക് !
    സൂപ്പര്‍ ചിത്രങ്ങളും സൂപ്പര്‍ വിവരണവും !
    അനുമോദനങ്ങള്‍ മാത്രം ...!

    ReplyDelete
  12. കഴിഞ്ഞ വെക്കേഷന്‍ ഞാനും പോയതാ ഈ വഴി സുന്ദരമാണ് ഈ ദ്രിശ്യങ്ങള്‍ ഓരോന്നും കൊള്ളാം

    ReplyDelete
  13. ഒരു വയനാട് യാത്ര ഏറെ നാളത്തെ ആഗ്രഹമാണ്.

    ഈ പോസ്റ്റിലെ വാചാലമായ ചിത്രങ്ങളും വാഗ്മിതയുള്ള സുവശ്യവിവരണവും വായിച്ചപ്പോൾ ആഗ്രഹത്തിന് സാന്ദ്രതയേറുന്നു.

    നന്ദി.

    ReplyDelete
  14. മുല്ല,
    കബനീനദി ചുവന്നത് മുതലയോ ചീങ്കണ്ണിയോ വാപിളര്‍ന്നിട്ടല്ല. എഴുപതുകള്‍ വാ പിളര്‍ന്നിട്ടാണ്. സമഗ്രാധിപത്യത്തിന്റെ ദംഷ്ട്രകള്‍
    നമ്മുടെ നാടിനെ വിഴുങ്ങിയ അതേ കാലം. വയനാട് അന്ന് വലിയൊരു പോരാട്ടത്തിന്റെ വേദിയായിരുന്നു. തോല്‍ക്കുമെന്ന്, തോറ്റെന്ന് ഉറപ്പുള്ള ഒരു പോരാട്ടം. ആ കാലത്തെക്കുറിച്ചും ആ മനുഷ്യരെക്കുറിച്ചുമാണ് ആ സിനിമ.
    ആ സിനിമയുടെ പിന്നാമ്പുറക്കഥ പിന്നീട് ബാബുഭരദ്വാജ് കബനീനദി ചുവന്നത് എന്ന പേരില്‍ വേറെ എഴുതിയിട്ടുണ്ട്.
    കെ.പി ജയകുമാറിന്റെ ഉടലില്‍ കൊത്തിയ ചരിത്ര സ്മരണകള്‍ (മാതൃഭൂമി ബുക്സ്) ചുവന്ന കബനീനദിയെക്കുറിച്ച്പറയുന്നുണ്ട്.

    കൂടുതല്‍ വായനക്ക് ഇതാ ഇതും. http://bookmalayalam.blogspot.com/2009/01/blogpost_22.html

    വയനാട് യാത്രാകുറിപ്പ് നന്നായി. പടങ്ങളും.

    ReplyDelete
  15. ആവശ്യത്തിനു ഫോട്ടോയും അത്യാവശ്യത്തിനു മാത്രം വിവരണവും. എല്ലാം നന്നായി :)
    ഹാവൂ.....ഒരു യാത്രകഴിഞ്ഞെത്തിയ ക്ഷീണം. ;)

    ReplyDelete
  16. കരയിലേക്ക് ഒരു കടൽ ദൂരം! കാട്ടിലേക്ക് അറിയില്ല!!!!!! നല്ല ചിത്രങ്ങളാണു ട്ടോ

    ReplyDelete
  17. നല്ല യാത്ര...

    ReplyDelete
  18. പാപനാശിനിയിൽ നിമഞ്ജനം ചെയ്ത് ബലി ഇട്ടാൽ പിന്നെ ആയുസ്സിൽ ബലി ഇടേണ്ടതില്ല എന്നൊരു ഐതിഹ്യം ഉണ്ട്..
    2002 മെയ് മാസത്തിലെ ഒരു മഴ ദിവസം ഞാനുമവിടെ ബലിയിട്ടിട്ടുണ്ട്..
    ആ ചിത്രം കണ്ടപ്പോളത് ഓർമ്മ വരുന്നു..

    ReplyDelete
  19. ഇത്തവണ ചിത്രങ്ങള്‍ കൊണ്ട് മനോഹരമാക്കിയ ഒരു നീണ്ട യാത്ര അല്ലെ? കൂടുതല്‍ വിവരണങ്ങളോടെ സമ്പന്നമാക്കി. സാധാരണ എല്ലായിടത്തും എല്ലാവര്ക്കും പരിചയമുണ്ടായിരിക്കാവുന്ന ഒരു ചിത്രമാണ് വവ്വാലുകളുടെ.
    പണ്ട് സ്കൂളില്‍ പോകുമ്പോള്‍ വവ്വാലുകള്‍ തൂങ്ങിക്കിടക്കുന്ന മരത്തിനു ചുവട്ടില്‍ കശുവണ്ടി പറക്കാന്‍ ഓടിയിരുന്നത് ഓര്‍മ്മ വന്നു.

    ReplyDelete
  20. മുല്ലയുടെ വിവരണം വായിക്കുമ്പോള്‍ എസ്.കെ പൊറ്റെക്കാടിന്റെ ശൈലി ചെറുതായിട്ടോര്‍മ്മ വരുന്നു. “എസ്.കെ മുല്ലെക്കാട്” ജീവിതത്തില്‍ ഒരിക്കല്‍ മാത്രം വയനാടന്‍ ചുരം ഇറങ്ങിയിട്ടുണ്ട്. ഹൈസ്കൂളില്‍ പഠിക്കുന്ന കാലത്ത് ബാംഗളൂര്‍ മൈസൂര്‍ ഊട്ടി വിനോദയാത്ര പോയത് വേറെ വഴിയിലാണെങ്കിലും തിരിച്ചിറങ്ങിയത് ചുരം വഴിയാണ്. അന്ന് വഴിമദ്ധ്യേ കാട്ടിലിറങ്ങി ഒരു ഷാള്‍ നിറയെ നെല്ലിക്ക പറിച്ചതും ഓര്‍മ്മ വന്നു. പിന്നെ ആ ചങ്ങല മരം കണ്ടതും ഓര്‍മ്മ വന്നു. പക്ഷെ അതു തന്നെയാണോ? 33 വര്‍ഷങ്ങള്‍ക്ക് മുമ്പല്ലേ അത്? പിന്നെ ഭണ്ടാരപ്പെട്ടികള്‍ക്ക് എല്ലായിടത്തും ഒരേ ഷേയ്പ്പ് തന്നെയായിരിക്കുമല്ലോ അല്ലേ? ആര്‍ത്തിയോടെ വായ് പിളര്‍ന്നിരിക്കുന്ന ഒരു വലിയ പാത്രം. എല്ലാത്തിന്റെയും ബേസിക് തത്വം ഒന്നു തന്നെ. അതിപ്പോള്‍ ആള്‍ദൈവങ്ങളാണെങ്കിലും ഊമവിഗ്രഹങ്ങളാണെങ്കിലും. പാപനാശിനിപ്പുഴയെന്ന് കേട്ടപ്പോളൊക്കെ ഹുങ്കാരത്തോടെ കൂലം കുത്തിയൊഴുകുന്ന ഒരു പുഴയുടെ ദൃശ്യമായിരുന്നു ഓര്‍മ്മയില്‍. ഇത് പക്ഷെ...കണ്ടാല്‍ സങ്കടം തോന്നുന്ന ഒരു അഗതിയെപ്പോലെ.

    നല്ല ഓര്‍മ്മകള്‍ തന്നു ഈ പോസ്റ്റ്. അഭിനന്ദനങ്ങള്‍!!

    ReplyDelete
  21. മനസ്സ് വീണ്ടും വയനാട്ടില്‍ എത്തി.
    ഓരോ അവധിക്കാലവും എനിക്ക് ഒഴിവാക്കാന്‍ പറ്റാത്ത സ്ഥലമ്മാണ് വയനാട്. ഒരു ആത്മബന്ധം പോലെ.
    എന്ത് മനോഹരമായാണ് വിവരിച്ചത്.
    യാത്രാവിവരണങ്ങള്‍ ഇങ്ങിനെ കൂടെ നടത്തണം. വായിക്കുന്നവരെ.

    ReplyDelete
  22. ഹോ ..വളരെ നന്ദി മുല്ലാ ..അവിടെയൊക്കെ നന്നായൊന്നു ചുറ്റിയടിച്ച പ്രതീതി ..ചുരങ്ങള്‍ എത്രകണ്ടാലും
    മതിവരാത്ത കാഴ്ചകളാണ് .എന്നും

    ReplyDelete
  23. വയനാട് കാണാത്ത എനിക്ക് ഈ കാഴ്ചകള്‍ കണ്ടപ്പോള്‍ ഒന്നവിടെ എത്തിപ്പെട്ടാല്‍ മതി എന്നായിപ്പോയി.
    പിന്നെ,കടല്‍..അതെനിക്ക് എത്ര കണ്ടാലും മതി വരാത്ത കാഴ്ചയാണ്.
    എന്നത്തേയും പോലെ കുളിര്‍മയും തെളിമയുമുള്ള പോസ്റ്റ്‌.

    ReplyDelete
  24. വയനാട് വല്ലാതെ മോഹിപ്പിക്കുന്ന ഒരിടം തന്നെയാണ്. ബൈക്കിലും കാറിലും ഒക്കെയായി ഞാനും ഒരുപാട് പ്രാവശ്യം പോയിട്ടുണ്ടിവിടെ. കുറുവാ ദ്വീപില്‍ പോയപ്പോള്‍ ഒരുപാട് നേരം നീന്തി കുളിച്ച് വിശന്ന് ഹോട്ടലില്‍ ചെന്നപ്പോള്‍ കഴിക്കാന്‍ ഒന്നുമില്ല. ലേശം കപ്പ ബാക്കിയുള്ളതും, അവിലും പഴവുംതന്നു. ഉള്ളതുകൊണ്ട് വിശപ്പടക്കേണ്ടി വന്നു.

    കടല്‍പാലം കണ്ടപ്പോള്‍ വല്ലാതെ നൊസ്റ്റാള്‍ജിക് ആയി. കടല്‍പാലവും നോക്കി സ്റ്റാന്റില്‍ ഇട്ട ബൈക്കില്‍ കയറി ഇരുന്ന് ചൂട് ചായയും, ഗ്രീന്‍പീസും കഴിക്കാന്‍ പൂതി ആയിപ്പോയി. കുറച്ച് ദിവസം കൂടെ കാത്തിരുന്നല്‍ മതി എന്നത് ഒരു ആശ്വാസം.

    മനോഹരമായി അവതരിപ്പിച്ചു. കമന്റ് ഒതുക്കിയതാണ്. വയനാടും, കോഴിക്കോട് ബീച്ചും എല്ലാം കണ്ടപ്പോള്‍ ഒരുപാട് ഓര്‍മ്മകള്‍ മനസ്സിലേക്ക് കടന്നുവന്നു. നന്ദി

    ReplyDelete
  25. അവതരണം നന്നായിട്ടുണ്ട്,,,,,,,, വയനാട്ടില്‍ ഞാന്‍ ഒരുതവണമാത്രമേ പോയിട്ടുള്ളു,,, എങ്കിലും എനിക്കൊരുപാടിഷ്ടപ്പെട്ട സ്ഥലമായിരുന്നുവത്,,, ഒരോരൊ കാരണങ്ങളാല്‍ പിന്നീടിതുവരെ പോകാന്‍ സാധിച്ചില്ല,,, വയനാട് ചുരം ഒന്നുകൂടി കയറമെന്നുണ്ട്,,,,, ഈ വിവരണം വായിച്ചപ്പോള്‍ പോകാനുള്ള ആഗ്രഹം കൂടി,,,, നാട്ടില്‍ പോകുമ്പോള്‍ പോകണമെന്നു വിചാരിക്കുന്നു,,, സാധിക്കുമോ എന്നറിയില്ല,,,,, ഇനിയും എഴുതുക,,,, എല്ലാവിധ ഭാവുകങ്ങളും നേരുന്നു,,,,

    ReplyDelete
  26. നല്ലൊരു യാത്രാനുഭവം....

    ReplyDelete
  27. ജീവസ്സുറ്റ കുറിപ്പുകള്‍, ചിത്രങ്ങള്‍..

    എന്നെങ്കിലുമൊരിക്കല്‍ പോകണമെന്ന് ഉറപ്പിച്ചു!

    ReplyDelete
  28. നാടും കാടും ഒക്കെ ചുറ്റി മനസ് നിറച്ചു അല്ലെ മുല്ലേ !
    ചിത്രങ്ങളൊക്കെ ഗംഭീരം ..:)

    ReplyDelete
  29. അങ്ങനെ ചുരംകേറതെ ഞമ്മളുംവയനാട് കണ്ടേ...:)
    നല്ലഫോട്ടോകളും..!

    ReplyDelete
  30. എത്ര പ്രാവശ്യം പോയാലും മതിവരാത്ത നാട് - വയനാട്!
    ഞാനും രണ്ടുമൂന്നു തവണ പോയിട്ടുണ്ട്.ഇനിയും പോണം.പല സ്ഥലങ്ങളും ഇനിയും ബാക്കി.
    തുഞ്ചന്‍ പറമ്പില്‍ നടന്ന കഴിഞ്ഞ മീറ്റ് പോലെ നല്ല വിപുലമായ രീതിയില്‍ ഒരു മീറ്റ് അടുത്ത വര്ഷം വയനാട്ടില്‍ സംഘടിപ്പിച്ചാല്‍ നന്നായിരിക്കും എന്നെനിക്ക് തോന്നുന്നു. അവിസ്മരണീയമായിരിക്കും അത്!

    മോഹിപ്പിക്കുന്ന ചിത്രങ്ങള്‍!(ചിലതൊഴികെ)
    മനോഹരമായ അവതരണം.
    ഇനിയും ഇതുപോലെ കണ്ണും മനസ്സും തുറന്നു സഞ്ചരിക്കൂ..ഇതുപോലെ വിരുന്നു നല്‍കൂ..

    ReplyDelete
  31. വല്ലാത്തൊരു യാത്ര അനുഭവം
    സമയം കിട്ടുമ്പോള്‍
    കുട്ടനാട്ടിലും ആലപ്പുഴയിലും
    ഒന്നുവരണം മലകളും വനങ്ങളും
    ഇല്ലങ്കിലും കിഴക്കിന്റെ വെനീസ്സിലൂടെയുള്ള യാത്ര
    പുതിയ ഒരു അനുഭവമായിരിക്കും

    ReplyDelete
  32. വയനാട് എനിക്കേറെ ഇഷ്ടമുള്ള സ്ഥലമാണ്.ഒരു മഴക്കാലം വയനാട്ടിലാവണമെന്ന് വളരെക്കാലമായി ആഗ്രഹിക്കുന്നു.ഇത് വരെ സാധ്യമായില്ല.മഴ കാണാന്‍ വയനാട്ടില്‍ ഒരീസം ഞാന്‍ പോകും!
    പിന്നെ മ്മടേ താമരശ്ശേരി ചൊരം എനിക്ക് മറക്കാന്‍ പറ്റുമോ?:):)

    നല്ല വിവരണം മുല്ലേ!

    ReplyDelete
  33. ശ്രീ

    മുഹമ്മദ്ക്ക

    നാഷു
    ദുബായ്ക്കാരന്‍, ഇനി ദുബായ്ന്നു വരുമ്പോ ചുമ്മാ കറങ്ങീട്ട് വാ..

    സീത
    ശ്രീജിത്ത്

    ഹാഷിക്ക്, മഴയത്തല്ലെ ചുരം കയറേണ്ടത്.

    ഫയാസ്, നന്ദി ആദ്യ വരവിനും കമന്റിനും

    അസീസ്, ആദ്യ വരവിനും അഭിപ്രായത്തിനും സന്തോഷം.

    മൂസ ഭായ്

    പള്ളിക്കരയില്‍

    ഒരില വെറുതെ, അതെനിക്കറിയാം അന്നത്തെ സംഭവങ്ങളൊക്കെ,വായിച്ചിട്ടുണ്ട് ഞാന്‍. പക്ഷെ അതൊന്നും ചീങ്കണ്ണിക്കറിയില്ലല്ലൊ. നന്ദി കേട്ടോ,വിശദമായ കുറിപ്പിനു.

    ചെറുതെ, ലെസ്സ് ലഗേജ് മോര്‍...

    ഇസ്മയില്‍, ഏയ്..ചുമ്മാ..

    പുഷ്പാംഗദ്, ഹോ അവസാനം സമ്മതിച്ചല്ലോ.

    കിങ്ങിണിക്കുട്ടി

    അലി,
    ഹരീഷ്
    റാംജി ജി

    അജിത്ത്ജീ, എസ് കെ യുടെ ബന്ധുക്കള്‍ അപകീര്‍ത്തി കേസ് ഫയല്‍ ചെയ്യും. ലാലേട്ടന്‍ കോടതി കയറി നടക്കണ പോലെ ഞാന്‍ കയറേണ്ടി വരുമേ..
    ചങ്ങല മരം അത് തന്നെ. ചുരം വെട്ടീട്ട് ഇപ്പൊ കാലം കുറെയായില്ലെ. പിന്നെ പാപനാശിനി അങ്ങനെന്നെ ആണു എന്നും നൂല്‍ പോലെ വെള്ളം.നല്ല തണുപ്പാ പക്ഷെ.

    ReplyDelete
  34. ചെറുവാടീ..
    സിദ്ദീക്ക
    മേയ്ഫ്ലവര്‍
    മുസ്തു കുറ്റിപ്പുറം, നന്ദി ആദ്യ വരവിനും അഭിപ്രായത്തിനും

    ഷബീറെ, ദിവസം എണ്ണി ഇരിക്ക്യാ അല്ലേ.
    നിക്കു കേച്ചേരി
    നിശാ സുരഭി
    വാഴക്കോടന്‍,അതന്നെ ഈ താമരശ്ശേരി ചുരംന്ന് പറഞ്ഞാ...

    ഈ യാത്രയില്‍ എന്റെ കൂടെ കൂടിയ എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി,സ്നേഹം

    ReplyDelete
  35. കടലും,കാടും തൊട്ടറിഞ്ഞുകൊണ്ട് ,നന്മകളും,തിന്മകളുടേയും കൂമ്പാരങ്ങലിലേക്ക് ഫോട്ടോക്കാഴ്ച്ചകലുമായി സുന്ദരമായ ഒരു സഞ്ചാര കുറിപ്പുകൾ കേട്ടൊ മുല്ലേ

    ReplyDelete
  36. കുറുമ്പടീ, ആയ്ക്കോട്ടേ വയനാട്ടിലാവട്ടെ അടുത്ത സംഗമം.
    പിന്നെ മരിക്കാന്‍ പേടിയാ ..അതാണോ ചില ഫോട്ടോകള്‍ ഇഷ്ടാവാഞ്ഞെ..ബെസ്റ്റ്...

    കെ എം റഷീദ്,തീര്‍ച്ചയായും വരുന്നതാണു
    ഇഷാക്
    മുകുന്ദന്‍ ജീ ,ഈ തിരക്കിനിടയിലും വന്ന് വായിക്കാന്‍ സമയം കണ്ടെത്തുന്നതില്‍ എനിക്ക് നിങ്ങളൊടെല്ലാവരോടും ഒരുപാട് നന്ദിയുണ്ട്.

    ReplyDelete
  37. നല്ല ഫോട്ടോസും അതിലുപരു നല്ല വിവരണവും

    ReplyDelete
  38. നല്ല വർണ്ണന,ചിത്രങ്ങൾ വളരെ മനോഹരമായി.ഓരോ ചിത്രങ്ങളും മനസ്സിൽ നൊസ്റ്റാൾജിയ ഫീൽ ചെയ്യുന്നു.
    അഭിനന്ദനങ്ങൾ മുല്ല...

    ReplyDelete
  39. >>വഴിയില്‍ ആവി പറക്കുന്ന ആനപിണ്ടം. അടുത്ത് തന്നെ ആനക്കൂട്ടമുണ്ട്. ഞങ്ങള്‍ തിരിച്ച് നടന്നു.<<<
    --------------------

    ആനപ്പിണ്ടം കണ്ടപ്പഴേ പേടിച്ചു. അപ്പൊ ആനയെ കണ്ടിരുന്നെങ്കിലോ. ഈ ധൈര്യം സമ്മതിക്കണം.

    പതിവ് പോലെ യാത്രാ വിവരണം നന്നായി മുല്ലേ. യാത്രകള്‍ തുടരുക. എഴുത്തും.

    ReplyDelete
  40. ചരിത്രത്തെ വാരി പുണര്‍ന്നു .. പ്രക്ര്തിയുടെ ഭംഗിയെ ആവാഹിച്ചു കൊണ്ട് വിശ്വാസത്തിന്റെ വേലിക്കെട്ടുകള്‍ക്കിടയിടയിലൂടെ കൂടെ ഞാനും യാത്ര ചെയ്തപ്പോള്‍ കടവാവലുകാളുടെ ചിറകടി ശബ്ദം തിരിച്ചു നടന്നാലോ എന്ന് തോന്നിപ്പിച്ചു .. പക്ഷെ കറുപ്പന്‍ ആദിവാസിയുടെ പിന്നാലെ ഞാനും വീണ്ടും യാത്ര തുടര്‍ന്ന്.. വര്‍ഗീസിന്റെ കൊലയെ പറ്റി പത്രങ്ങളില്‍ വന്ന അഷരങ്ങള്‍ പെറുക്കിയെടുത്തു അദ്ദേഹത്തിന് ഒരായിരം അശ്രുപൂക്കള്‍ സമ്മാനിച്ച്‌.. അവരവരുടെ വിശ്വാസത്തിന്റെ അത്താണിയായ സമര്‍പ്പണത്തിന്റെ പാപനാശിനി ദൂരെ നിന്നും ഒരു നോക്ക് കണ്ടു .. ജീവിതത്തിന്റെ അസ്തമയത്തിലേക്ക്. നാമും അടുക്കുകയാണെന്ന ബോധം എന്നെ എന്നിലേക്ക് തന്നെ തിരിച്ചു കൊണ്ട് വന്നു... കാടും കാട്ടാറും താണ്ടിയുള്ള ഈ യാത്രയും അതിന്റെ വിവരണം വളരെ മനോഹരമായിരിക്കുന്നു.. ഇനിയും തുടരുക..ഭാവുകങ്ങള്‍...

    ReplyDelete
  41. കടലിനും കാടിനും അപകടകരമായ ഒരാകര്‍ഷണീയതയുണ്ട് .നല്ല അവതരണം

    ReplyDelete
  42. യാത്രാവിവരണം നന്നായിട്ടോ.

    ReplyDelete
  43. വളരെ ചെറുപ്പത്തില്‍ കോഴിക്കോട് ബീച്ചില്‍ പോയാല്‍ ആ പാലത്തിന്റെ കൈവരികളില്‍ കയറി കളിക്കും ,കൂറ്റന്‍ തിരമാലകള്‍ വരുമ്പോള്‍ അതിന്റെ തൂണിലേയ്ക്ക് പറ്റിനില്‍ക്കുമായിരുന്നു ...ഇത്തവണ നാട്ടില്‍ വന്നപ്പോള്‍ പാലം കണ്ടില്ല പകരം ആ തൂണ്‍ മാത്രം കണ്ടപ്പോള്‍ നിരാശ തോന്നി..ഓര്‍ക്കുകയും ചെയ്തു ,ഇനി വരുമ്പോള്‍ ഇതും കാണില്ല എന്ന് ..ആ ഇഷ്ട സ്ഥലം കാണിച്ചതിന് ഒരു സ്പെഷ്യല്‍ .കൈ

    ReplyDelete
  44. എത്താന്‍ വൈകിപ്പോയി മുല്ലേ...
    കൊതിപ്പിക്കുന്ന വിവരണവും ചിത്രങ്ങളും...
    ഇതുവരെ പോയിട്ടില്ല അവിടെ...

    ReplyDelete
  45. ചിത്രങ്ങളും.... അതിനൊത്ത അവതരണവും.

    ReplyDelete
  46. ഏറെ ഇഷ്ടമായീന്ന്.
    മനസ്സിലായോ.?

    ReplyDelete
  47. തൂവലാന്‍
    മൊയ്ദീന്‍ ഭായ്
    അക്ബര്‍ ഭായ്,എന്നെ കൊലക്ക് കൊടുക്കാനാ...
    ആനക്ക് മുല്ലപ്പൂവിന്റെ മണം ഭയങ്കര ഇഷ്ടാത്രെ.അതാ വേഗം പോന്നത്.

    ലിപീ,കാണേണ്ട സ്ഥലമാണു കേട്ടോ.

    ചന്തുവേട്ടാ..
    ഫൈസല്‍
    നാമൂസേ,മനസ്സിലായ്...ഗുണ്ടര്‍ട്ടിന്റെ നിഘണ്ടൂലും ഇഷ്ടത്തിനു ഇഷ്ടം എന്ന് തന്നെയാ..
    ഉമ്മു അമ്മാര്‍,
    ഹൈന
    ഞാന്‍
    വന്നതിനു, അഭിപ്രായം പറഞ്ഞതിനും ഒരുപാട് നന്ദി.

    ReplyDelete
  48. "നമുക്കിത് ഒരു ദിവസത്തെ ആഘോഷം! പക്ഷെ അവര്‍ക്കിത് ജീവിതമാണു !!"

    ശരിക്കും മുല്ല സ്പര്‍ശമുള്ള, യാത്രകളുടെ അനുഭവ സമൃദ്ധമായ മറ്റൊരു പോസ്റ്റ്‌. വയനാട് ഒക്കെ പോയിട്ടുണ്ട് എന്നല്ലാതെ ഇങ്ങിനെ ഇറങ്ങി ചെന്നിട്ടില്ല. അതിനുള്ള സ്പാര്‍ക്ക് വന്നിട്ടില്ല. എന്‍റെ ആ യാത്രയിലേറെ എനിക്ക് ഈ വിവരണത്തില്‍ നിന്ന് കിട്ടി. blessed is your pen. let it flow on yet more....

    ReplyDelete
  49. വയനാട്ടുകാരി ആയതില്‍ ഞാന്‍ വളരെ സന്തോഷിക്കുന്നു.. മുല്ലയുടെ യാത്രാ വിവരണം ആസ്വദിച്ചു വായിച്ചു.
    പക്ഷെ ടൂറിസ്റ്റുകളുടെ തിരക്ക് കാരണം വയനാട്ടിലെ പല സ്ഥലങ്ങളുടെയും ആസ്വാദ്യത കുറഞ്ഞിട്ടുണ്ടോ എന്ന് സംശയം.. :(

    ReplyDelete
  50. വിശദമായ ഒരു വായനക്കായി ഞാന്‍ വരാം മുല്ലാ...ഇപ്പോള്‍ ഔട്ട്‌ ഓഫ് മൂഡിലാണ്.....

    ReplyDelete
  51. മുല്ലേ... നിങ്ങളുടെ പുസ്തകങ്ങൾ വല്ലതും ഇറങ്ങിയിട്ടുണ്ടോ.. ഐ മീൻ.. പബ്ളിഷ് ചെയ്തിട്ടുണ്ടോ എന്ന്

    ReplyDelete
  52. യാത്രാവിവരണം കേമം, മനോഹരം...ചിത്രങ്ങള്‍, പറയും വേണ്ട...വളരെ ഇഷ്ടമായി ട്ടൊ, ആശംസകള്‍.

    ReplyDelete
  53. സലാംജീ,നന്ദി.
    ശാലിനി ,നന്ദി കേട്ടോ ഈ വരവിനു

    മഹേഷ്, ഓക്കെ ടേക്ക് യുവര്‍ ഓണ്‍ ടൈം.
    നദീര്‍,ദൈവമേ..പുസ്തകോ...ഞാനോ...!!!!

    വര്‍ഷിണീ,സന്തോഷം.

    ReplyDelete
  54. ആഹാ ...എന്ത് സുഖം ...? ഞാന്‍ ഒരിക്കലും കാണാത്ത
    വയനാട് .ചുരം ഇറങ്ങി കുറുവ ദ്വീപും കണ്ടു
    പാപ നാശിനി കയറി ഇറങ്ങി പിന്നെ കമന്റുകളും
    കൂടി വായിച്ചു അവസാനം എത്തുമ്പോള്‍ മുല്ലയുടെ
    പോസ്റ്റിന്റെ സൌന്ദര്യം അങ്ങ് മുഴുവന്‍ ആസ്വദിക്കാം
    എനിക്ക് ഇപ്പോള്‍ ..

    അവധിക്കു പോവുമ്പോള്‍ മറ്റ് നാടുകളും രാജ്യങ്ങളും
    കാണാന്‍ വെമ്പല്‍ കൊളളുന്ന മലയാളി സ്വന്തം നാട്ടില്‍ കാണാത്ത എത്രയോ കാഴ്ചകള്‍ ..

    മുല്ലേ നന്ദി ..എന്ന് കാണാന്‍ ഒക്കുമോ ..തണല്‍ പറഞ്ഞ പോലെ ഒരു മീറ്റ്‌ വയനാട്ടില്‍ വെച്ചെങ്കില്‍ ..!!കൂടാന്‍ ഒത്തെങ്കില്‍ ...!!

    off line:- larynx നു പകരം syrinx മുല്ലയുടെ പ്രത്യേകത ..ഒരു
    പക്ഷി ആകാന്‍ ആയിരുന്നോ മോഹം എന്നും ?

    ReplyDelete
  55. നമുക്കാ പ്ലാസ്റ്റിക് കൂമ്പാരം മാത്രം കണ്ടില്ലെന്നു നടിക്കാം.

    ReplyDelete
  56. എന്റെ കോഴിക്കോടെ, എന്റെ കടപ്പുറം, കടല്‍പ്പാലം, ചുരം, വയനാട്... കുറ്റ്യാടി ചുരമിറങ്ങിയാല്‍ എന്റെ വീടായി.

    നന്ദി ഇതൊക്കെയും ബൂലോകത്ത് എത്തിച്ചതിന് :)

    ReplyDelete
  57. നല്ല യാത്രാ വിവരണം ഒരു വായനമാത്രമല്ല നല്‍കുന്നത് ഒരു യാത്രാ സുഖം തന്നെ നല്‍കും ,,

    ആ കാര്യത്തില്‍ മുല്ല വിജയിച്ചു...ആ സ്ഥലങ്ങളിലൊക്കെ ആ വരികളുടെ കൂടെ വായനക്കാരനും സഞ്ചരിക്കുക ആയിരുന്നു....

    നന്നായിട്ടുണ്ട്...

    ReplyDelete
  58. ഭംഗിയുള്ള ഫോട്ടോകള്‍, നല്ല വിവരണം. യാത്രകള്‍, എന്നും മനസ്സിനും ശരീരത്തിനും നവോന്മേഷം കൊണ്ടുവരും. നൂറ് ശതമാനം 
    യോജിക്കുന്നു.

    ReplyDelete
  59. nalla yatrayayirunnu.pettennu teerna pole.chitrangalum kollam.sarikkum itrayum nalla keralm vittitanallo nam international tour ennum paranju pokannath.

    ReplyDelete
  60. മിക്കവാറും എല്ലാ വര്‍ഷവും ഒരു രാത്രി ചിലവഴിക്കാന്‍ ഞാന്‍ തിരുനെല്ലിയില്‍ പോവാറുണ്ട്. വല്ലാത്തൊരു അഭിനിവേശമാണ് ആ പ്രകൃതിയോടെനിക്ക് ........സസ്നേഹം

    ReplyDelete
  61. ഞാനും വന്ന് വായിച്ചും ചിത്രങ്ങൾ കണ്ടും യാത്ര ചെയ്തു പോകുന്നു കേട്ടൊ.

    ReplyDelete
  62. വർത്തമാനം പത്രത്തിൽ പെണ്ണിടത്തിലെ ലേഖനം നന്നായിരുന്നു.
    വ്യത്യസ്തമായ ചിന്തകൾ, നല്ല പദ സമ്പത്ത്.
    ഇനിയും ധാരാളം എഴുതു.
    ബ്ലോഗിൽ ഫോളോവർ ആവാൻ വഴി കണ്ടില്ല.
    പോസ്റ്റിടുമ്പോ ഒരു ലിങ്ക് അയയ്ക്കാമോ?
    ബുദ്ധിമുട്ടില്ലെങ്കിൽ........

    ReplyDelete
  63. കടലും കാടുമെല്ലാം കണ്ടു മനസ്സുനിറഞ്ഞു, വയനാട്ടിലേക്ക് എന്നെ കൂടി കൂട്ടിയതിന് നന്ദി.

    ReplyDelete
  64. vayanattiloode oru ottapradhikshanam nadathi..

    Best Wishes

    ReplyDelete
  65. വയനാടൻ ചുരം വളഞ്ഞു കിടക്കിണല്ല് വാലാ കോലാ..നല്ല ഫോട്ടൊകളും മോശമല്ലാത്ത വിവരണവും..എല്ലാം കൂടി നല്ല രസമുണ്ട് മുല്ലാജീ ..എല്ലാ ഭവുകങ്ങളും

    ReplyDelete
  66. onnu koodi avide okke pooyathu poole

    ReplyDelete
  67. എന്റെ ലോകം, ഞാന്‍ കരുതിയത് എല്ലാവരും വയനാട് ഒരുപാട് തവണ കണ്ടിട്ടുണ്ടാകും എന്ന്. അതാ ഫോട്ടോസ് കുറച്ചത്.
    syrinx ന്റെ ഗുട്ടന്‍സ് പിടികിട്ടിയില്ലേ.

    നദീര്‍
    ശ്രദ്ധേയന്‍,

    അഷ്ക്കര്‍,നന്ദി ആദ്യവരവിനും അഭിപ്രായത്തിനും

    കേരളദാസനുണ്ണി,നന്ദി ഈ നല്ല വാക്കുകള്‍ക്ക്

    സുലേഖ, നന്ദി കേട്ടോ ആദ്യവരവിനു,ഇനിയും വരുമല്ലോ..

    യാത്രികന്‍,സസ്നേഹം.

    മൈപ്
    the man to walk with,നന്ദി വന്നതിനും അഭിപ്രായം പറഞ്ഞതിനും

    എച്ച്മു, നന്ദി നല്ല വാക്കുകള്‍ക്ക്. ഇനി പോസ്റ്റിടുമ്പോള്‍ ലിങ്ക് അയക്കാം .

    മന്‍സൂര്‍ ആലുവിള, നന്ദി.
    ഇവിടെ വന്ന എന്റെ എല്ലാ കൂട്ടുകാര്‍ക്കും സ്നേഹത്തോടെ...

    ReplyDelete
  68. കടലില്‍നിന്നും കാട്ടിലേക്കുള്ള യാത്ര മനോഹരം ..നനായിരിക്കുന്നു ....അഭിനന്ദനങ്ങള്‍ ....

    ReplyDelete
  69. നല്ല വിവരമം. നല്ല പടങ്ങള്‍

    ReplyDelete
  70. kazhchakalal sambanname yathraaaaa
    bst wishes

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..