Monday, February 15, 2010

കഥയാണേ...

കറണ്ട് പോയിട്ട് നേരം കുറേയായ്,ഇന്നിനി നോക്കേണ്ട.മേശയില്‍ കുത്തിനിര്‍ത്തിയ മെഴുകുതിരിയുടെ
അരണ്ട വെളിച്ചത്തിലിരുന്ന് എന്തോ കുത്തിക്കുറിക്കുകയായിരുന്നു ഞാന്‍.
പുറത്ത് മഴ പെയ്യുന്നുണ്ട്,തുലാത്തിലെ മഴ,കൂട്ടിനു ഇടിയും മിന്നലും.ജനലടച്ചേക്കാം,ജനലിനടുത്തേക്ക് നടന്ന ഞാന്‍ പെട്ടെന്നു നിന്നു,റൂമില്‍ ആരോ ഉണ്ട്,ഒന്നും കാണാന്‍ വയ്യ...മെഴുകുതിരി എപ്പേഴേ കെട്ടിരുന്നു.
ദൈവമേ ....വീഴാതിരിക്കാന്‍ ജനല്‍ കമ്പിയില്‍ മുറുകെ പിടിച്ച് അടുത്ത മിന്നലിനായ് കാത്ത് നിക്കുമ്പോള്‍
എന്റെ മനസ്സിലൂടെ ഒരുപാട് ചിന്തകള്‍ കടന്നുപോയി.നാളത്തെ പത്രത്തില്‍ ഒരു പെട്ടിക്കോളം വാര്‍ത്ത....
വീട്ടമ്മയെ കെട്ടിയിട്ട് കവര്‍ച്ച....
അടുത്ത മിന്നലില്‍ ഞാനവളെ കണ്ടു,ഒരു പെണ്‍കുട്ടി,മേശക്കെതിരെയുള്ള കസേരയില്‍,മുഖം പാതിയും മറച്ച് ഒരു ഷാള്‍ കഴുത്തിലൂടെ ചുറ്റിയിട്ടിരിക്കുന്നു.എന്റെ നേരെ നോക്കാതെ മുഖം കുനിച്ചിരിപ്പാണു.
ആരാ നീ ..?എങ്ങനെ ഇതിനകത്ത് കയറി..?അവള്‍ മെല്ലെ മുഖമുയര്‍ത്തി മേശപ്പുറത്ത് തുറന്നു കിടക്കുന്ന വാര്‍ഷികപതിപ്പിലേക്ക് കൈ ചൂണ്ടി.ഞാന്‍ ഫാത്തിമ....
എനിക്ക് മനസ്സിലായില്ലാന്ന് തോന്നിയതുകൊണ്ടാവണം അവള്‍ വാര്‍ഷിക പതിപ്പ് എന്റെ മുന്നിലേക്ക്
നീക്കി വച്ചു. ബീച്ചിലെ ഒരു സായാഹ്നം.....പ്രമുഖ എഴുത്തുകാരന്റെ കഥ.
"നിങ്ങള്‍ക്ക് എന്റെ കഥ എഴുതിക്കൂടെ....?"
"ഫാത്തിമ കൊച്ചുകുഞ്ഞല്ലെ നീയിത്......"
അവള്‍ ചിരിച്ചു...കുപ്പി വീണുടയുന്ന മൂര്‍ച്ച..."കാലം എന്റെ മേല്‍ ഇടിഞ്ഞു വീഴുകയായിരുന്നു,അതിന്റെ മാറ്റങ്ങളാ ഇതൊക്കെ..."
അന്ന് ആ ബീച്ചില്‍ വച്ച് ഞങ്ങടെ ജീവിതം മാറിമറിഞ്ഞു പോയി,അതിനു ശേഷം ഒന്നും പഴയ പോലെയായിട്ടില്ല.ആദ്യമാദ്യം എനിക്കൊന്നും മനസ്സിലാവുന്നുന്റായിരുന്നില്ല.എല്ലാം അറിഞ്ഞു വന്നപ്പോഴെക്കും ജീവിതം അതിന്റെ വഴിക്ക് പോയിരുന്നു."
"നിന്റെ കുടുംബം...,ഉമ്മ ,ഏട്ടന്മാര്‍..?
കസേര പിന്നൊക്കം നീക്കി അവള്‍ ജനലിനരികിലേക്ക് നടന്നു.പുറത്തപ്പോഴും
മഴ പെയ്യുന്നുണ്ടായിരുന്നൂ.
"സുന്ദരിയായിരുന്നു ന്റെ ഉമ്മ.സ്ണെഹിച്ച് കല്യാണം കഴിച്ചതാ അവര്‍ രണ്ടാളും,ആദ്യമൊക്കെ എതിര്‍പ്പായിരുന്നു ഉപ്പന്റെ വീട്ടുകാര്‍ക്ക്,പതിയെ അതൊക്കെ മാറി."
"സ്വര്‍ഗായിരുന്നു ഞങ്ങള്‍ടെ വീട്,ഉപ്പ ലീവിനു വരുമ്പൊ എന്തൊരുത്സാഹായിരുന്നു എല്ലാര്‍ക്കും..
"സലീംക്കനെ എഞിനീറാക്കണെമെന്നായിരുന്നു ഉമ്മാന്റെ സ്വപ്നം..."


പുറത്തെ വഴിവിളക്കില്‍ നിന്നുള്ള പ്രകാശത്തില്‍ അവളുടെ കവിളിലെ കണ്ണീര്‍ മിനുങ്ങി...
"കവിതേം കഥേമൊക്കെ എഴുതുമായിരുന്നു അവന്‍,വലിയ എഴുത്തുകാരനാവണമെന്നായിരുന്നു ആഗ്രഹം,ഈ മാത് സൊന്നും എന്റെ തലേല്‍ കേറൂലാന്ന് എപ്പളും പറെം.."
അവന്റെ കവിതയില്‍ നിറച്ചും മഴയും ആകാശങ്ങളും കിളികളുമൊക്കെയായിരുന്നു.സ്നേഹത്തെ കുറിച്ച് എഴുതുമ്പോ എന്ത് മിഴിവായിരുന്നു.അങ്ങനൊരാള്‍ക്ക് ഭീകരവാദിയാവുന്നതിനെ പറ്റി ചിന്തിക്കാന്‍ കഴിയുമോ..?
അവളുടെ കണ്ണിലെ കനലിനെ നേരിടാനാകാതെ ഞാന്‍ മുഖം താഴ്ത്തി.
അന്‍ വറും മുത്തൂം..?അവരിപ്പോ ഏത് ക്ലാസ്സിലാ...?
അവള്‍ വീണ്ടും ചിരിച്ചു....അവരൊക്കെ രക്ഷപ്പെട്ടില്ലെ...അല്ല ഉമ്മ രക്ഷിച്ചു ,എന്ന് പറയണതാവും ശരി.
തീ കൊളുത്തുകയായിരുന്നു,ഉന്മാദത്തിന്റെ ഏതോ മുഹൂര്‍ത്തത്തില്‍ അവരേം കൂട്ടി ഉമ്മ പോയ്ക്കളഞ്ഞു,എന്തെ അവര്‍ എന്നെ ക്കൂട്ടാഞ്ഞെ ആവോ...?
അതോടെ സലീംക്ക കൂടുതല്‍ മൌനിയായ്...ഇപ്പൊ എവിടാണെന്നറീല..


പുറത്ത് മഴ ശക്തിയായ്,കൂടെ ഇടിയും മിന്നലും,ആകാശം താഴേക്ക് ഇറങ്ങിവന്നപോലൊരു രാത്രി.


ഇന്നിനി ഈ കുട്ടിയെ എങ്ങനെ പറഞ്ഞു വിടും,പാത്രങ്ങളൊക്കെ കഴുകി വച്ച് തിരികെ വന്നപ്പോഴും അവളാ ഇരിപ്പില്‍ നിന്നും എണീറ്റിട്ടില്ല.


നിനക്ക് വിശക്കുന്നില്ലെ ,ചോറിരിപ്പുണ്ട് ,ചൂടാക്കിത്തരട്ടെ എന്ന ചോദ്യത്തിനും വേണ്ടാന്നുള്ള തലയാട്ടല്‍.


ഇന്നു ഞാന്‍ അയാളെ കണ്ടു, ഞങ്ങളുടെ വിധി മാറ്റിയെഴുതിയ കഥാകാരനെ , അളകാപുരിയില്‍ ഒരു സാഹിത്യസമ്മേളനം, അയാള്‍ വരുമെന്നു എനിക്കറിയാമായിരുന്നു, കൊല്ലണമെന്നു കരുതിതന്നെയാ പോയത്, പക്ഷേ എന്നെ കണ്ടതും അയാള്‍ പിശാചിനെ കണ്ടത് പോലെ വിളറി. അയാള്‍ എഴുതി നിര്‍ത്തിയേടത്ത് നിന്നും എന്റെ വളര്‍ച്ച അയാള്‍ അറിയുന്നുണ്ടായിരുന്നത്രെ....ചെയ്ത തെറ്റിനെയോര്‍ത്ത് അയാളിപ്പോ നീറുകയാണു, നീറട്ടെ നീറിനീറി പുകയട്ടെ, അത് വേണം.


അരയില്‍ ഒളിപ്പിച്ച് വച്ചിരുന്ന കത്തിയേടുത്ത് അവള്‍ മേശപ്പുറത്തേക്കിട്ടു. ഇനി ഇതിന്റെ ആവശ്യമില്ല. എന്റെ ജീവിതം കൊണ്ടാണു ഞാന്‍ പകരം വീട്ടിയത്. അതു പറയുമ്പോള്‍ വിജയിയുടെ ചിരിയായിരുന്നു അവളുടെ മുഖത്ത്..


എന്റെ എതിര്‍പ്പിനെ വകവെക്കാതെ കോരിച്ചൊരിയുന്ന മഴയിലേക്ക് അവള്‍ ഇറങ്ങിപ്പോയി,വന്ന പോലെ തന്നെ ഒരു തെളിവും ബാക്കി വെക്കാതെ...


പുറത്ത് അപ്പോഴും മഴ കോരിച്ചൊരിയുകയായിരുന്നു.


പിറ്റേന്ന്...


പത്രത്തില്‍ അകം പേജില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒരു വാര്‍ത്തയുണ്ടായിരുന്നു.


" ഹോട്ടല്‍ മുറിയില്‍ സാഹിത്യകാരനെ ശല്യം ചെയ്ത പെണ്‍കുട്ടി റെയില്‍ വേ ട്രാക്കില്‍ മരിച്ച നിലയില്‍,


സാഹിത്യസമ്മേളനത്തിനു വന്ന പ്രസിദ്ധ കഥാകാരനുമായി വഴക്കിട്ട പെണ്‍കുട്ടി ട്രയിനിനു മുന്നില്‍ ചാടിമരിച്ചു.ഇന്നലെ വൈകിട്ട് ആറുമണിയോടെയാണു സംഭവം, കണ്ണൂര്‍ സ്വദേശിയായ ഫാത്തിമയാണെന്നു ബന്ധുക്കള്‍ തിരിച്ചറിഞ്ഞു.
"
ദൈവമേ.....അപ്പോ ഇന്നലെ ഇവിടെ വന്നത്....

അപ്പോ ഇതാരുടെ വീട്...?
വടക്കേക്കാട് നിന്നും പുന്നയൂര്‍ക്കുളം വഴി ഏടപ്പാളിലേക്ക് വരുമ്പോള്‍ കണ്ട വീടാണിത്, കൂടെയുണ്ടായിരുന്ന ബന്ധു
പറഞ്ഞു..ഇതാണു കമലാസുറയ്യയുടെ വീടെന്ന്, ഇറങ്ങി ഒന്നു രണ്ട് ഫോട്ടൊയൊക്കെ എടുത്ത് വീട്ടിചെന്നപ്പോ കൂട്ടുകാരി
ചോദിക്കുന്നു, ഇത് കമലാസുരയ്യയുടെ വീടാണേല്‍ എവിടെ നീര്‍മാതളം..,എവിടെ കാവ് എന്നൊക്കെ..?

പണ്ട് ബഷീറിനോട് ബാല്യകാലസഖി വായിച്ചിട്ട് അബു ചോദിച്ചില്ലെ “ഇതിലെവിടെ ആഖ്യാദം..? “

അത് പോലെ...