Thursday, December 1, 2011

ചരിത്രത്തിലേക്കൊരു മറുപിറവി!



മലയാളത്തിന്റെ പ്രിയകഥാകാരന്‍ സേതുവിന്റെ ഒരു കഥയോ നോവലോ
വായിച്ച് കുറിപ്പെഴുതുക അതീവ ശ്രമകരമാണു. കാരണം ഓരോ
വരികള്‍ക്കിടയിലും കാണാക്കയങ്ങള്‍ നിരവധി . നമ്മളത്
കണ്ടില്ലെങ്കില്‍ ; ഇടക്ക് വായന നിര്‍ത്തി ആ അഗാധതയിലേക്ക്
മൂങ്ങാം കുഴിയിട്ടില്ലെങ്കില്‍ വരിയുടെ അറ്റം വരെ നടന്നത് വൃഥാവിലാകും.
ദൂത് എന്ന ചെറുകഥയിലൂടെയാണു സേതുവിനെ ആദ്യം അറിയുന്നത്.
ചെറുകഥയുടെ പാഠപുസ്തകമാണു ആ കഥ. ഒരു ചെറുകഥ എങ്ങനെ
എഴുതണമെന്ന് അനുവാചകരെ നിരന്തരം ഓര്‍മ്മിപ്പിക്കുന്ന രചനാ തന്ത്രം.

"നിയോഗം" എന്ന നോവല്‍ മാതൃഭൂമിയിലാണെന്ന് തോന്നുന്നു ഖണ്ഡശ്ശ:
പ്രസിദ്ധീകരിക്കുന്നത്. അതിലെ വിശ്വം ; അവന്റെ ഉള്ളുരുക്കങ്ങള്‍.ഒറ്റപ്പെടല്‍,
എത്ര തന്മയത്വത്തോടെയാണു ഓരോ കഥാപാത്രത്തേയും നോവലിസ്റ്റ്
പരുവപ്പെടുത്തിയെടുക്കുന്നത്.
പിന്നീട് വന്ന "പാണ്ഡവപുരം"; വായനക്കാരനെ വിഭ്രാമകമായ അനുഭവങ്ങളിലൂടെ
അപരിചിതമായ ഓര്‍മ്മകളിലൂടെ വഴി നടത്തുന്നു. അതിലെ ദേവി ,മലയാള
സാഹിത്യത്തിലെ ശക്തമായ ഒരു സ്ത്രീ കഥാപാത്രമാണു.
1982 ല്‍ കേരള സാഹിത്യ അക്കാഡമി അവാര്‍ഡ് നേടിയിട്ടുണ്ട് ഈ നോവല്‍.

അത് പോലെ "അടയാളങ്ങളിലെ" പ്രിയംവദയും നീതുവും. അമ്മയും മകള്‍ക്കുമിടയിലെ
ആത്മസംഘര്‍ഷങ്ങള്‍ ഒട്ടു തീവ്രത കുറയാതെ നോവലിസ്റ്റ് ആവിഷ്കരിച്ചിട്ടുണ്ട്.
കൂടാതെ തൊഴിലാളിയും തൊഴിലുടമയുമായുള്ള കൊടുക്കല്‍ വാങ്ങലുകള്‍.,\ആത്മ ബന്ധങ്ങള്‍,
ഈ നോവലിലെ ചില കഥാപാത്രങ്ങളെ അടര്‍ത്തിയെടുത്താണു അദ്ദേഹം
"കിളിമൊഴികള്‍ക്കപ്പുറത്ത് " എന്ന നോവല്‍ രചിക്കുന്നത്. തന്റെ തന്നെ
കഥാപാത്രങ്ങള്‍ക്ക് പിന്നാലെ നോവലിസ്റ്റിന്റെ സഞ്ചാരം.
ഇത്രെം പറഞ്ഞ സ്ഥിതിക്ക് "ആറാമത്തെ പെണ്‍കുട്ടിയെ" പറ്റി എങ്ങനെ പറയാതിരിക്കും.
പൂവിന്റെ നൈര്‍മ്മല്യമുള്ള കാദംബരി; പൂ വില്‍പ്പനക്കാരി. എന്റെ ഇഷ്ട കഥാപാത്രം.

സേതുവിന്റെ കൃതികള്‍ ഇനിയും ഒരുപാടുണ്ട്. ഓര്‍മ്മയില്‍ നിന്നും എടുത്തെഴുതിയതാണു
മുകളില്‍ പറഞ്ഞതത്രയും...ഇവരെപറ്റി പറയാതെ എഴുത്തുകാരനെപറ്റി പറഞ്ഞാല്‍
അത് മുഴുവനാകില്ലല്ലോ...


സേതുവിന്റെ ഏറ്റവും പുതിയ നോവലാണു മറുപിറവി. കഥയും ചരിത്രവും ഭാവനയുടെ
അലകുകള്‍ ചേര്‍ത്ത് ഭംഗി വരുത്തി ,ഇടക്ക് സമകാലിക സംഭവങ്ങള്‍
സൂക്ഷ്മതയോടെ തുന്നിച്ചേര്‍ത്ത് അദ്ദേഹമങ്ങനെ പറഞ്ഞുപോകുമ്പോള്‍ നമ്മളും
അതിലേക്ക്,ആ കാലഘട്ടത്തിലേക്ക് നടന്നു കയറുകയാണു.ശരിക്കും ഒരു
മറുപിറവി !! രണ്ടായിരം വര്‍ഷങ്ങള്‍ക്കപ്പുറത്തെ സംഭവങ്ങള്‍, ആളുകള്‍,അവരുടെ
ജീവിതം ,മോഹങ്ങള്‍, കൊടുക്കല്‍ വാങ്ങലുകള്‍.....

അങ്ങനെ വായിച്ചു പോകുമ്പോള്‍ ഞാനൊറ്റക്കല്ലാന്നും എനിക്കു ചുറ്റും
ആരൊക്കെയോ ഉണ്ടെന്നുമുള്ള തോന്നല്‍, എനിക്ക് മുന്‍പെ ജീവിച്ച്
മരിച്ച് പോയവര്‍, അവരുടെ സങ്കടങ്ങള്‍, വ്യഥകള്‍, വിരഹം....
കണ്ണടച്ച് ഇത്തിരി നേരം ഇരുന്നാല്‍ പലതും നേരില്‍ കാണുന്നത് പോലെ..,
കപ്പലുകള്‍, കപ്പല്‍ചാലുകള്‍, കരയില്‍ കപ്പലടുപ്പിക്കാന്‍ കാറ്റിന്റെ
കനിവിനായ് കാത്ത്നില്‍ക്കുന്ന നാവികര്‍,അക്കൂട്ടത്തില്‍ യവനരുണ്ട്,
റോമാക്കാരുണ്ട്,അറബികളുണ്ട്....കരയില്‍ അവരെ വരവേല്‍ക്കാനായി
ആഹ്ലാദാതിരേകത്തോടെ കാത്ത് നില്‍ക്കുന്ന നാട്ടുകാര്‍....ഒരു
കൊല്ലത്തെ കാത്തിരിപ്പിനു അവസാനമാണിത് രണ്ട് കൂട്ടര്‍ക്കും...
നൂറ്റാണ്ടുകള്‍ക്കു മുന്‍പ് വിദേശികളായ കച്ചവടക്കാരും
അവരുടെ ഇടനിലക്കാരും വന്നും പോയും കൊണ്ടിരുന്ന ഒരു
കാലഘട്ടം എനിക്കു മുന്നില്‍ അങ്ങനെ ചുരുള്‍ നിവര്‍ന്ന്
വരുന്ന പോലെ...!!!!

രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്ന്പ് തന്നെ പടിഞ്ഞാറന്‍
തീരത്തെ പ്രധാന തുറമുഖമായിരുന്നത്രെ മുചിരിപ്പട്ടണം. ( മുസിരിസ്)
പടിഞ്ഞാറന്‍ നാടുകളിലേക്കുള്ള കടല്‍കച്ചവടത്തിന്റെ
പ്രധാന കവാടം. ആലോചിച്ച് നോക്കൂ...മൊബൈലും
ജി പി ആറെസ് സംവിധാനങ്ങളൊന്നും ഇല്ലാത്ത കാലത്ത്
നക്ഷ്ത്രങ്ങളെ അടയാളങ്ങളാക്കി പുതിയ കപ്പല്പാതകള്‍ കണ്ടെത്തിയ
ഗ്രീക്കുകാരും റോമാക്കാരും..!!! ഈ ഗ്രീക്കുകാര്‍ കടലിലെ
വമ്പന്മാരായിരുന്നത്രെ, കൂറ്റന്‍ തിരമാലകളില്‍ അമ്മാനമാടാന്‍
മിടുക്കന്മാര്‍..സൂയസ് കനാല്‍ ഇല്ലാതിരുന്ന അന്ന്
ആഫ്രിക്ക മുഴുവന്‍ ചുറ്റി നമ്മുടെ തീരത്തെത്തുക എളുപ്പമായിരുന്നില്ല
അവര്‍ക്ക്, പുതിയൊരു പാത അനിവാര്യമായിരുന്നു അവര്‍ക്ക്,
അങ്ങനെയാണു ദിക്കറിയാതെ കടലില്‍ ഉഴറിയ ഹിപ്പാലസ്
എന്ന ഗ്രീക്ക് നാവികന്‍ ,തെക്ക് പടിഞ്ഞാറന്‍ കാറ്റിനെ കൂട്ട് പിടിച്ച്
അറബിക്കടല്‍ മുറിച്ച് കടന്ന് നമ്മുടെ പടിഞ്ഞാറന്‍ തീരത്തെത്തുന്നത്.
ആ കണ്ടെത്തല്‍ മുച്ചിരിയെ അന്താരാഷ്ട തുറമുഖമാക്കി മാറ്റുകയായിരുന്നത്രെ.

പൊന്ന് തേടി പോയവരെ പറ്റിയും കടലിലെ മുത്തും പവിഴവും
വാരാന്‍ പോയവരെ പറ്റിയുമൊക്കെ നമ്മള്‍ മുത്തശ്ശിക്കഥകളില്‍
ഒരുപാട് കേട്ടിട്ടുണ്ട് അല്ലേ.. യവനന്മാരും അവര്‍ക്ക് പിന്നാലെ
അറബികളും നമ്മുടെ നാട്ടിലേക്ക് കൂട്ടത്തോടെ കടല്‍ മുറിച്ച് കയറി
വന്നതും മുത്ത് തേടി തന്നെയാണു. നമുക്ക് ഏറെ സുപരിചിതമായ
മുത്ത്, കുരുമുളക്!!!

ആര്‍ക്കും വേണ്ടാതെ കാട്ടില്‍ യഥേഷ്ടം വിളഞ്ഞു കിടന്നിരുന്ന
കുരുമുളകിനു ആവശ്യക്കാരേറിയപ്പോള്‍ അതെങ്ങനെ ഒരു രാജ്യത്തിന്റെ
സമ്പദ്ഘടനയില്‍ മാറ്റം വരുത്തിയെന്നും ,ആ കൊടുക്കല്‍
വാങ്ങലുകള്‍ക്കിടക്ക് രൂപപെട്ട ബന്ധങ്ങളുടെ ഇഴയടുപ്പം
എത്രയെന്നും സേതു നമ്മെ ബോധ്യപ്പെടുത്തുന്നുണ്ട് ഈ നോവലിലൂടെ.

വലിയൊരു കാന്‍ വാസിലാണു സേതു നോവല്‍ വരച്ചിട്ടിരിക്കുന്നത്.
നോവലിലെ അരവിന്ദനിലേക്ക് കഥാകൃത്ത് പരകായപ്രവേശം
നടത്തിയിരിക്കുന്നു. ഒരുപാട് കാലത്തെ പ്രവാസത്തിനു ശേഷം
നാട്ടിലെത്തുന്ന അരവിന്ദന്റെ അനുഭവങ്ങളിലൂടേ,ഓര്‍മ്മകളിലൂടെ ,
അയാളുടെ കൂട്ടുകാരുടേ സംഭാഷണങ്ങളിലൂടെയൊക്കെയാണു
നോവല്‍ മുന്നോട്ട് പോകുന്നത്. ഓരോ കഥാപാത്രങ്ങളെ
മെനയുമ്പോഴും അവരുടെ നിയോഗമെന്തെന്നു
തീര്‍പ്പാക്കാനുള്ള ബാധ്യത നോവലിസ്റ്റിനു തന്നെയാണു.
എങ്കിലും മുചിരിയും അലക്സാഡ്രിയയും തമ്മില്‍
നിലനിന്നിരുന്ന അന്നത്തെ കച്ചവട ബന്ധത്തിന്റെ അവസാന
ശേഷിപ്പായ പാപ്പിറസ് ചുരുള്‍ തേടിപ്പോയ ആസാദിനെ,
മുചിരിക്കാരനാണയാള്‍,അരവിന്ദന്റെ സുഹൃത്ത്, അലക്സാന്‍ഡ്രിയയിലെ
എതോ ട്രാഫിക് സിഗ്നലില്‍ വെച്ച് കൊന്നു കളയേണ്ടിയിരുന്നില്ല,
അയാളാ ചുരുളുമായി തിരികെ വരണമായിരുന്നു... എനിക്കുറപ്പുണ്ട്
അങ്ങനെയുള്ള കുറിപ്പുകള്‍, രേഖകള്‍ ഇപ്പോഴും ഗ്രീസിലെ ഏതേലും
ലൈബ്രറികളില്‍,റോമിലെ ഏതെങ്കിലും
ദേവാലയത്തില്‍ അല്ലെങ്കില്‍ ഈജിപ്റ്റിലെ പിരമിഡുകള്‍ക്കിടയില്‍
പൊടിപിടിച്ച് കിടപ്പുണ്ടാകുമെന്ന്....

അന്ന്; ഈജിപ്റ്റിലെ ക്ലിയോപാട്ര രാജ്ഞി ,ജൂലിയസ് സീസറില്‍
തനിക്കുണ്ടായ മകന്‍ സീസറിയനെ രാജാവായിരുന്ന ഒക്ടേവിയനില്‍
നിന്നും രക്ഷിച്ച് ഒളിപ്പിക്കാന്‍ കണ്ട് വെച്ചിരുന്ന സ്ഥലം നമ്മുടെ
കേരളതീരത്തെ മുസ് രിസ് ആയിരുന്നത്രെ!!! വിശ്വസിക്കാന്‍
പ്രയാസമുണ്ടല്ലേ..? അതറിയുന്നത് കൊണ്ടാണ് അന്നത്തെ
കാലത്തേക്ക് വെളിച്ചം വീശുന്ന കുറിപ്പുകളുടെ
ആവശ്യകതയെ പറ്റി ഞാന്‍ ഓര്‍മ്മിപ്പിച്ചത്. ചെങ്കടല്‍ തീരത്തെ
ബെര്‍ണിക്ക എന്ന കൊച്ചു തുറമുഖത്ത് നിന്നും നമ്മുടെ കേരളതീരത്തേക്കുള്ള
ദൂരം നാല്പത് ദിവസമെന്നും ഇടക്കുള്ള തുറമുഖങ്ങളെപറ്റിയും
കച്ചവടചരക്കുകളെപറ്റിയും ,ജനങ്ങളെപറ്റിയും
അവിടങ്ങളില്‍ കാണപ്പെട്ടിരുന്ന തോണികളെ കുറിച്ച് വരെ
വിശദമായി അവരെഴുതിയ കുറിപ്പുകളാണു
പെരിപ്ലസ് മാരിസ് എരിത്രിയി. അപ്പോ ഇതൊക്കെ
എവിടെയോ ഉണ്ട് ഇപ്പോഴും...

അത് പോലെ ,നമ്മുടെ നാട്ടില്‍ ജൂതന്മാര്‍ എങ്ങനെ അഭയാര്‍ത്ഥികളായി
വന്നു എന്നും എങ്ങനെ അവര്‍ നമ്മുടെ നാടുമായി മുറിച്ചെറിയാനാകാത്ത വിധം
ഇടകലര്‍ന്ന് പോയിയെന്നുമുള്ള അനിഷേധ്യതയിലേക്കൊരു തിരി വെളിച്ചം.
അത് വളരെ നന്നായിതന്നെ പറഞ്ഞു വെക്കുന്നുണ്ട് സേതു നോവലില്‍.

ആറോനും ശീമോനും ബസലേലുമൊക്കെ ഇവിടെ തന്നെ
ജനിച്ച് വളര്‍ന്നവരാണു., ചേന്ദമംഗലത്ത്, നൂറ്റാണ്ടുകള്‍ക്ക്
മുന്‍പ് ലോകമാകെ ചിതറിയ പോയ അവരുടെ പൂര്‍വ്വികരില്‍
ചിലര്‍ കേരളത്തിലും എത്തിയിരിക്കാം. ആരായിരുന്നു കേരളക്കരയില്‍
ആദ്യമെത്തിയ ജൂതന്‍ എന്നതിനു കൃത്യമായ കണക്കുകള്‍ ഇല്ലെങ്കിലും ,
കൃസ്തുവിനു ആയിരം വര്‍ഷം മുന്‍പ് ഇസ്രയേല്‍ വാണ ശലമോന്‍
രാജാവിനു ഇവിടെ നിന്നും രത്നങ്ങളും പട്ടും ചന്ദനവുമൊക്കെ
കയറ്റിപ്പോയിരുന്നെന്ന് ബൈബിളില്‍ പറയുന്നുണ്ടത്രെ.
കാര്‍ത്തെജ് പട്ടണത്തിലെ ഗോപുരവാതില്‍ ഇവിടുന്ന്
കൊണ്ട് പോയ ചന്ദനമരത്തില്‍
പണിതതാണെത്രെ..!!!!

പലസ്റ്റീന്‍ എന്ന രാഷ്ട്രത്തിന്റെ നടുക്ക് ഇസ്രായേല്‍ എന്നൊരു
രാജ്യം കുത്തിത്തിരുകി വെച്ചതിനെ നോവലിസ്റ്റ് ന്യായീകരിക്കുന്നില്ല,
തികച്ചും കിരാതവും മനുഷ്യത്വ രഹിതവുമായ ആ നടപടി
കാരണം ഇന്നും പശ്ചിമേഷ്യ പുകയുകയാണു. എന്നാലും 1948
മെയ് 14 നു ഇസ്രായേല്‍ എന്ന രാജ്യം പിറന്നപ്പോള്‍
കൊടിപിടിക്കാനും ജാഥ നയിക്കാനും ചേന്ദമംഗലത്തും
പറവൂരുമൊക്കെ ഒരുപാട് ആളുകള്‍ ,ജൂതന്മാര്‍ ഉണ്ടായിരുന്നു
എന്നത് കൌതുകകരമല്ലേ..
ഇങ്ങനെയുള്ള ചരിത്രകൌതുകങ്ങള്‍ നിരവധിയുണ്ട് നോവലിലുടനീളം.

അങ്ങനെ അന്ന് ആ വാഗ്ദത്ത ഭൂമി തേടി പോയതാണു ബസലേലും,
ചേന്ദമംഗലക്കാരന്‍, നോവലിലെ ഒരു കഥാപാത്രമാണയാളും, ആളിപ്പോഴും
ജീവിച്ചിരിപ്പുണ്ട്.ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളുമായാണ് ബസലേലും
കൂട്ടരും കടല്‍കടന്ന് പോയത്. ആ പറിച്ച് നടല്‍ പക്ഷെ എളുപ്പമായിരുന്നില്ല
അവര്‍ക്ക്, അത്രക്കുണ്ടായിരുന്നു തങ്ങളുടെ പൂര്‍വ്വികര്‍ക്ക് അഭയം തന്ന ഈ
മണ്ണിനോടുള്ള അവരുടെ അടുപ്പം, ഒരിക്കലും തിരിച്ച് വരാന്‍
സാധ്യതയില്ലാന്നറിഞ്ഞിട്ടും ഒരിക്കല്‍ മടങ്ങാനായേക്കും എന്ന ആഗ്രഹം,
അതുള്ളിലൊതുക്കി തന്നെയാണു പലരും കടല്‍ കടന്നിരിക്കുക. അതുകൊണ്ട്
തന്നെയാണല്ലോ ബസലേല്‍ ഒരുപാട് കാലത്തിനു ശേഷം തിരിച്ചു വന്നതും...
വീട് വെക്കുകയാണ് അയാളിപ്പോള്‍, ചേന്ദമംഗലത്ത്, വല്ലപ്പോഴും വരുമ്പോള്‍
താമസിക്കാന്‍....
ഇതുപോലെ മണ്ണിനെ സ്നേഹിച്ച, മനസ്സില്‍ നന്മയുടെ നനവ് വറ്റിപ്പോകാതെ
സൂക്ഷിച്ച ഒരുപാട് പേരുണ്ട് നോവലില്‍, മാണിക്കന്‍, കിച്ചന്‍, ജോസ
തുടങ്ങിയവര്‍. വായിച്ച് പോകേ അവരുടെ വേദനകളും സന്തോഷങ്ങളും
നമ്മുടെതും കൂടിയാവുകയാണു ...
അതു തന്നെയല്ലെ ഒരു കഥാകാരന്റെ വിജയവും...
ഡി സി ബുക്സാണു പുസ്തകത്തിന്റെ പ്രസാധകര്‍. വില Rs 200/

നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്***

55 comments:

  1. പരിചയപ്പെടുത്തലിനു നന്ദി, പുതിയ പുസ്തകങ്ങളെക്കുറിച്ച് ഇങ്ങനെ അറിവുകൾ കിട്ടുന്നതിൽ വലിയ സന്തോഷം..
    പിന്നെ ഇസ്രായേൽ സ്ഥാപിച്ച കിരാതവും മനുഷ്യത്വഹീനവുമായ നടപടിയെ കുറ്റപ്പെടുത്തുന്നത് കേരളത്തിലെ ബുദ്ധിജീവികളുടെ ഫാഷനാണ്. ഒഴുക്കിനെതിരേ നീന്താനുള്ള പേടിക്കപ്പുറം അതിൽ എത്ര മാത്രം അത്മാർത്ഥതയുണ്ട് എന്നെനിക്കറിയില്ല.

    സസ്നേഹം,
    പഥികൻ

    ReplyDelete
  2. പ്രിയ മുല്ല,
    ചരിത്രത്തെ കുറിച്ച് എനിക്ക് വലിയ പിടിയൊന്നും ഇല്ല....
    സേതുവിന്‍റെ കൃതികള്‍ ഞാന്‍ അധികം വായിച്ചിട്ടില്ല അതിനാല്‍ തന്നെ അദ്ദേഹത്തിന്റെ എഴുത്തിനെ കുറിച്ച് കുറെഏറെ കാര്യങ്ങള്‍ അറിയാന്‍ ഈ ലേഖനം സഹായിച്ചു...
    കൃസ്തുവിനു, പലസ്റ്റീന്‍, രാഷ്റ്റത്തിന്റെ, സമ്പത്ഘടനയില്, കടലിലിലെ, അക്കൂടത്തില്‍ എന്നിങ്ങനെ കുറെ അക്ഷര പിശാചുക്കള്‍ കാണുന്നു...
    പിന്നെ, ലേഖനം അല്പം നീണ്ടു പോയില്ലേ എന്നൊരു സംശയം തോന്നാതിരുന്നില്ല...

    ReplyDelete
  3. കൃതിയെ പരിചയപ്പെടുത്തിയ രീതിയില്‍ തന്‍റേതായ ഒരു കൈത്തഴക്കം കാണിക്കുന്നുണ്ട്,എഴുത്തുകാരി.
    എഴുത്തുകാരന്റെ മനസ്സിലേക്ക് കടന്നെത്താനൊരു പാലം തന്നെ തീര്‍ക്കുന്നുണ്ട് ചില കണ്ടെത്തലുകളിലൂടെ.
    വളരെക്കുറച്ചു വരികളില്‍ ഫലപ്രദമായൊരു ചരിത്രാന്വേഷണവും നടത്തി.
    വളരെ നല്ല ഉദ്യമം.ആശംസകള്‍ .

    ReplyDelete
  4. അധികമൊന്നും വായനയില്ലാത്ത ഒരാളാണ് ഞാന്‍
    എന്നെപ്പോലുള്ളവര്‍ക്ക് ഈ പോസ്റ്റ്‌ വളരെ ഉപകാരപ്രദം.
    സേതുവിനെ ഇതുവരെവ് വായിച്ചിട്ടില്ല.
    മുങ്ങനനാക്രമത്തില്‍ സേതുവിന്‍റെ നോവലുകള്‍ വായനക്ക് നിര്‍ദെശിക്കുകയാനെങ്കില്‍ മുല്ലയുടെ ഓര്‍ഡര്‍ എങ്ങിനെയായിരിക്കും.. ?

    ReplyDelete
  5. "നിയോഗം " വന്നത് മാതൃഭൂമിയില്‍ തന്നെയായിരുന്നു.
    "അടയാളങ്ങള്‍ " നല്‍കിയത് വായനയുടെ അപാരമായ അനുഭൂതി തന്നെയായിരുന്നു. അതിന് രണ്ടാം ഭാഗം വരുന്നു എന്ന് സേതു പറഞ്ഞത് കണ്ടിരുന്നു.
    "മറുപിറവി " വായിച്ചിട്ടില്ല. വളരെ നന്നായി പരിചയപ്പെടുത്തിയിട്ടുണ്ട്.
    സേതുവിനെ വായിക്കാന്‍ കാത്തിരിക്കുന്നവര്‍ക്ക് നല്ലൊരു പരിചയപെടുത്തല്‍ ആയി ഈ കുറിപ്പ്.
    ആശംസകള്‍

    ReplyDelete
  6. സേതു.... പ്രിയപ്പെട്ട കഥാകാരന്‍ അടയാളങ്ങള്‍ വായിചിട്ടിട്ടുണ്ട്..നിയോഗവും ..നാട്ടില്‍ വച്ചു മാതൃഭൂമി സ്ഥിരം വായന ഉണ്ടായിരുന്നു അപ്പോള്‍ കിട്ടിയതാണ് . ഇപ്പോള്‍ പറ്റാറില്ല ..
    മുല്ലക്ക് ആശംസകള്‍ ...

    ReplyDelete
  7. നന്ദി മഹേഷ്, തിരുത്തിയിട്ടുണ്ട്.
    നോവല്‍ തന്നെ വലുതാണു.എന്നിട്ടും ഞാന്‍ പറ്റാവുന്നിടത്തോളം ചുരുക്കീട്ടുണ്ട്.

    ReplyDelete
  8. "കാണാക്കയങ്ങള്‍ "
    "രണ്ടായിരം വര്‍ഷങ്ങള്‍ക്ക് മുന്ന്പ് തന്നെ പടിഞ്ഞാറന്‍
    തീരത്തെ പ്രധാന തുറമുഖമായിരുന്നത്രെ മുചിരിപ്പട്ടണം. ( മുസിരിസ്)"
    ഇതിനെ തപ്പി പെറുക്കിക്കൊണ്ടിരിക്കുകയല്ലേ ഇപ്പോൾ..
    ഈ അവസ്ഥ ആവുമോ നമ്മുടെ കൊച്ചിക്ക്‌ ???
    പെരിയാറിൽ ചരിത്രം ആവർത്തിക്കാതിരിക്കട്ടെ...

    ReplyDelete
  9. ഇയാള്‍ടെ ഒന്നും ഞാനിതുവരെ വായിച്ചിട്ടില്ല കിട്ടുമോ? എന്ന് നോക്കട്ടെ
    ഏതായാലും പരിജയ പെടുത്തലിനു നന്ദി

    ReplyDelete
  10. പ്രിയ Yasmin... സേതുവിന്റെ കഥകള്‍ പണ്ട് മാതൃഭൂമിയില്‍ വായിച്ചിട്ടുണ്ട്.അതെല്ലാം മറന്നു.എനിക്കീ പുസ്തക പരിചയത്തെക്കാള്‍ ഇഷ്ടമായത് ഈ രചനാ വൈഭവമാണ്.അഭിനന്ദനീയമെന്നു പറഞ്ഞാല്‍ അതല്പം പോലും മതി വരുത്തുന്നില്ല.ഏതായാലും അടുത്തു ഞാന്‍ വാങ്ങി വായിക്കുന്നത് സേതുവിന്റെ ഈ പുസ്തകമായിരിക്കും.
    പിന്നെ ഫിലസ്തീന്‍ കയ്യേറി അവിടെ കുടിയേറിപ്പാര്‍ക്കുന്ന ഇസ്രായേല്‍ കയ്യേറ്റം അമേരിക്കയുടെ പിന്തുണ കൊണ്ടു മാത്രം നില നില്‍ക്കുന്നു.'മാറ്റം'വിജയം കാനുമെന്നത് വളരെ സത്യം.
    ഇങ്ങിനെയൊരു വിശിഷ്ട ലേഖനം സമ്മാനിച്ചതിന് അകം നിറഞ്ഞ നന്ദി ...

    ReplyDelete
  11. സേതുവിന്‍റെ ഈ കൃതിയെ പരിചയപ്പെടുത്തിയതിന്ന്
    നന്ദി. ഇനി ആ പുസ്തകം 
    സംഘടിപ്പിക്കാനുള്ള ശ്രമമാണ്.

    ReplyDelete
  12. സേതുവിന്റെ മറ്റു നോവലുകള്‍ പോലെ എന്തുകൊണ്ടോ എന്നെ ഒട്ടേറെ ആകര്‍ഷിച്ചില്ല മറുപിറവി. പുസ്തകത്തിന്റെ പ്രമേയ പരിസരം നല്ലതാണെങ്കില്‍ പോലും പലയിടത്തും ചെറിയ വിരസത സൃഷ്ടിക്കുന്നതായി തോന്നിയിരുന്നു. നോവലിനുള്ളിലെ നോവലെഴുത്ത് നന്നായിട്ടുണ്ടെങ്കിലും മറ്റു ഭാഗങ്ങളില്‍ നോവല്‍ ചട്ടക്കൂടുകളില്‍ നിന്നും വ്യതിചലിച്ച പോലെ തോന്നി. എങ്കില്‍ തന്നെയും ചില അദ്ധ്യായങ്ങള്‍ എന്നെ വല്ലാതെ ആകര്‍ഷിച്ചതായിരുന്നു. മഹാരാജാസ് കോളേജ് പ്രിന്‍സിപ്പാള്‍ ഭരതന്‍ മാഷിനെ പറ്റിയുള്ള ഭാഗം.. അതുപോലെ പാലിയം സത്യാഗ്രഹവുമായി ബന്ധപ്പെട്ടുള്ള കൊടുങ്ങല്ലൂര്‍ തമ്പുരാട്ടിമാരുടെ കഥ, തങ്ക, അഡ്രിയാന്‍ തുടങ്ങിയ കഥാപാത്രങ്ങള്‍ എല്ലാം ജീവനുള്ളവ തന്നെ. എങ്കിലും എന്ത് കൊണ്ടോ പാണ്ഢവപുരത്തിന്റെ, അടയാളങ്ങളുടെ, കൈമുദ്രകളുടെ ശില്പിയുടെ ശില്പചാരുത മറുപിറവിക്ക് ഇല്ലായെന്ന തോന്നല്‍ വായനക്കൊടുവില്‍ എന്നില്‍ ശക്തമായി നില്‍ക്കുന്നു.

    ReplyDelete
  13. ഈ ശ്രമത്തിനു അഭിനന്ദനങ്ങള്‍..

    ReplyDelete
  14. ‘അടയാളങ്ങളിലെ’ കഥാപാത്രങ്ങൾ വീണ്ടും അണിചേർന്ന ‘കിളിമൊഴിക്കൾക്കപ്പുറത്തിലെ ‘കഥാപാത്രത്തിലൂടെ, സേതു ബ്ലോഗിങ്ങിനെ മലയാള നോവൽ സാഹിത്യത്തിൽ പരിചയപ്പെടുത്തിയ ; ആദ്യ സാഹിത്യക്കാരനാണ്...

    പിന്നെ 2000 കൊല്ലം മുമ്പുള്ള കൊടുങ്ങല്ലൂരിന്റെ ചരിത്രാവലോകനങ്ങൾ രേഖപ്പെടുത്തിയ മുസരീസും ശേഷമുള്ള അതിനിവേശങ്ങളുമടങ്ങിയ ; ഇതുവരെ വായിച്ചിട്ടില്ലാത്ത ‘ചരിത്രത്തിലേക്കൊരു മറുപിറവി’യിലേക്കുള്ള ഒരു നല്ലൊരു കിളിവാതിൽ തുറന്നിട്ടുതന്നതിൽ എന്നെപ്പോലെയുള്ള പ്രവാസി വായനക്കാർ മുല്ലയോട് കടപ്പെട്ടിരിക്കുന്നു കേട്ടൊ ഗെഡിച്ചി.

    ReplyDelete
  15. ee parichayappeduthal nannayi..... PLS VISIT MY BLOG AND SUPPORT A SERIOUS ISSUE......................

    ReplyDelete
  16. നല്ല ആസ്വാദനം... നല്ല പരിചയപെടുത്തല്‍...

    ReplyDelete
  17. സേതുവിന്‍റെ അധികം കൃതികളൊന്നും വായിച്ചിട്ടില്ല. ഇവിടെ നല്ലൊരു പരിചയപ്പെടുത്തല്‍ തന്നെ നടത്തിയിരിക്കുന്നു മുല്ല.അദ്ദേഹത്തിന്റെ പുതിയ നോവലായ 'മറുപിറവി'യെക്കുറിച്ച് ആ പുസ്തകം വായിക്കാതെ തന്നെ ഒരു ചുരുക്കിയെഴുത്ത് പോലെ വായിക്കാനായി.

    ReplyDelete
  18. നന്ദി ഈ പരിചയപ്പെടുത്തലിന് !!!

    ReplyDelete
  19. വായിച്ചില്ല ഇത് വരെ സേതുവിനെ..
    വായിക്കണം എന്ന് തോന്നിപ്പിക്കുന്നു ഈയെഴുത്ത്.
    നന്ദി.

    ReplyDelete
  20. സേതുവിന്റെ എഴുത്ത് എനിക്കും ഇഷ്ട്ടാണ്.
    ഇത്രയും വിവരണം തന്ന സ്ഥിതിക്ക് ഈ പുസ്തകമൊന്ന് വായിക്കണല്ലോ.

    ReplyDelete
  21. പരിചയപ്പെടുത്തൽ അസ്സലായി...സേതു എന്റേയും പ്രിയപ്പെട്ട എഴുത്തുകാരൻ തന്നെ...കൃതി വായിക്കാൻ കൊതി തോന്നിക്കുന്ന രീതിയിൽ ആസ്വാദനം തയ്യാറാക്കിയതിനു അഭിനന്ദനങ്ങൾ മുല്ല

    ReplyDelete
  22. This comment has been removed by the author.

    ReplyDelete
  23. സേതുവിന്റെ കഥാ ലോകത്തെ ക്കുറിച്ച് അടുക്കും ചിട്ടയുമില്ലാത്ത കുറെ ഓര്‍മ്മകള്‍
    ആണ് എന്റേത്.പലപ്പോഴായിവായിച്ച
    നോവലുകള്‍,ചെറുകഥകള്,എല്ലാം തരുന്ന മിസ്റ്റിക് സൌന്ദര്യത്തിലാണ് ഞാന്‍ അവയെ ഓര്‍ക്കുന്നതു. തിങ്കളാഴ്ചയിലെ ആകാശം, തുണ, നിയോഗം അങ്ങനെ കുറെമുദ്ര കള്‍ ഇഴ പിരിഞ്ഞു എന്റെ മനസ്സില്‍ കിടക്കുന്നു.
    തുണയില്‍ നിന്ന് ഞാന്‍ ഒരു നല്ല സിനിമ എന്നെങ്കിലും ഉണ്ടാകുമെന്ന് വിശ്വസിച്ചു. ഒരിക്കല്‍ ആ കഥയുടെ വികലമായ ഒരു സീരിയല്‍ കണ്ടു. നിയോഗത്തിനു മദനന്‍ വരച്ച ചിത്രങ്ങള്‍ മനസ്സില്‍ ശേഷിക്കുന്നു ഇപ്പോഴും.മറുപിറവിയെക്കുറിച്ച് സേതുവിന്റെ ഒരു അഭിമുഖം കണ്ടിരുന്നു. മുല്ലയുടെ പുസ്തക പരിചയ പ്പെടുത്തല്‍ ആ കൃതിയ്ക്ക് കൂടുതല്‍ വായനക്കാരെ കിട്ടട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  24. മുല്ലക്കുട്ടീ, ഈ പരിചയപ്പെടുത്തല്‍ വളരെ നമ്മായിട്ടുണ്ട്...വര്‍ഷങ്ങള്‍ക്കു മുന്‍പ് വായിച്ച "ദൂത്‌" ഇപ്പോഴും മനസ്സിലുണ്ട്..അത്രയും സൌന്ദര്യമുള്ള ഒരു ചെറുകഥ ഞാന്‍ പിന്നെ കണ്ടിട്ടില്ല...സേതുവിനെ വായിക്കുന്നത് തന്നെ ഒരു അനുഭവം ആണ്..ആശംസകള്‍..

    ReplyDelete
  25. ഒരു കഥാകാരന്‍ കൂടി പോക്കറ്റിന്റെ കനം കുറയ്ക്കാന്‍ വന്നു. ഈ പരിചയപ്പെടുത്തലിന് നന്ദി. ഒരുപാട് കേട്ടിട്ടുണ്ടെങ്കിലും സേതുവിനെ ഇതുവരെ വായിച്ചിട്ടില്ല.

    ReplyDelete
  26. നിയോഗം കഴിഞ്ഞിട്ടോ പാണ്ഡവപുരം? സംശയമുണ്ട്‌ - നോക്കുമല്ലോ.
    സ്നേഹപൂര്‍വ്വം,
    ലാസര്‍

    ReplyDelete
  27. പലരും പറഞ്ഞ പോലെ ഞാനും വായിച്ചിട്ടില്ല ഇവിടെ പുസ്തകങ്ങള്‍ കിട്ടാന്‍ ഉള്ള ബുദ്ധിമുട്ട് തന്നെ പ്രധാന കാരണം ഇനി നാട്ടില്‍ ചെന്നിട്ട് വേണം ഇതൊക്കെ തെരഞ്ഞു പിടിച്ചു വായിക്കാന്‍ ഈ പരിചയപ്പെടുത്തലിനു ഒത്തിരി നന്ദി...

    ReplyDelete
  28. നല്ല റിവ്യൂ ..നല്ല ഭാഷ...മുല്ല എന്നത് യഥാര്‍ത്ഥ പേരായാലും അല്ലെങ്കിലും വാക്കുകളില്‍ മുല്ലപ്പൂമണം നിറയുന്നു..! നന്ദി!!

    ReplyDelete
  29. അദ്ദേഹത്തിനെ മാതൃഭൂമിയിലൂടെയാണ് വായിച്ചിട്ടുള്ളത് . 'മറുപിറവി' വായിക്കണം.. ഈ പരിചയപ്പെടുത്തലിനു നന്ദി മുല്ലേ..

    ReplyDelete
  30. വായന കുറയുന്ന ഈ നാളുകളില്‍ .. എന്നെ കൂടുതല്‍ വായിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നു സുഹൃത്ത്‌ ...
    നന്ദി ...!!

    ReplyDelete
  31. ഇവിടെ വന്ന് പുസ്തകത്തെ പറ്റി അഭിപ്രായങ്ങള്‍ പങ്ക് വെച്ച എല്ലാവര്‍ക്കും നന്ദി.

    ReplyDelete
  32. വളരെ കൃത്യതയോടെതന്നെ
    സേതുവിനെ പറഞ്ഞിരിക്കുന്നു.
    വായിച്ചിട്ടുണ്ട്.... ഒരുപാട്

    ഭാവുകങ്ങള്‍

    ReplyDelete
  33. വളരെ കൃത്യതയോടെതന്നെ
    സേതുവിനെ പറഞ്ഞിരിക്കുന്നു.
    വായിച്ചിട്ടുണ്ട്.... ഒരുപാട്

    ഭാവുകങ്ങള്‍

    ReplyDelete
  34. നിരൂപണദൃഷ്ട്യാ സേതുവിന്റെ നോവലിലെ പ്രധാനവിഷയങ്ങൾ എടുത്തുകാട്ടി, വായനയ്ക്കു പ്രേരകമാംവിധം എഴുതിയിരിക്കുന്നു. സുന്ദരമായ ശൈലിയും പദങ്ങളും കൈമുതലായുണ്ട്. ഇവിടെ ആദ്യമായാണ് വന്നത്. തൃപ്തിയുണ്ട്, അനുമോദനങ്ങൾ......

    ReplyDelete
  35. Informative historical article.

    ReplyDelete
  36. മലയാള സാഹിത്യത്തിനും ,ചരിത്ര കുതുകികള്‍ക്കും സേതു നല്‍കിയ സംഭാവാനകള്‍ വിലമതിക്കാനാകാത്തതാണ് . ദൌര്‍ഭാഗ്യകരമെന്ന് പറയട്ടെ നമ്മുടെ വായനാലോകം അത് എത്രമാത്രം ഗൌരവത്തില്‍ ഉള്‍ക്കൊണ്ടു എന്നതില്‍ സംശയിച്ചു പോയിട്ടുണ്ട് പലപ്പോഴും . സാഹിത്യാവലോകനങ്ങള്‍ നടത്തുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ പോലും മുല്ല രചിച്ചതുപോലെ മനോഹരമായ ഒരു രേഖാ ചിത്രം വിരളമായി മാത്രമേ കണ്ടിട്ടുള്ളു . ഭാഷാ ജ്ഞാനവും , അതുകൈകാര്യം ചെയ്യുന്നതിലുള്ള വൈദഗ്ദ്യവും , സര്‍വോപരി സാഹിത്യാഭിരുചിയും ഒത്തുചേര്‍ന്നപ്പോള്‍ ലേഖനം ഈടുറ്റതായി, തിളക്കമുള്ളതായി. മുറ്റത്തെ മുല്ലക്ക് മണമില്ലെന്ന് പഴമൊഴി . ബ്ലോഗുലകിന്റെ മുറ്റത്ത് പൂത്തുലഞ്ഞു നില്‍ക്കുന്ന ഈ മുല്ലയ്ക്ക് മണം മാത്രമല്ല ഗുണവുമേറെ എന്ന് ഈ ലേഖനം വിളിച്ചോതുന്നു . ഭാവുകങ്ങള്‍

    ReplyDelete
  37. പരിചയപ്പെടുത്തലിനു നന്ദി,ആശംസകള്‍

    ReplyDelete
  38. ജൂതന്മാരെയും ഇസ്രായേലികളെയും തമ്മിൽ കൂടികുഴച്ച് ഗ്രേവിയുണ്ടാക്കുന്നത് എത്രത്തോളം ശരിയാണെന്ന് ചില പതിതന്മാർ മനസ്സിലാക്കുന്നില്ല! ഇന്ന് ഇസ്രായേലികളെന്ന് പറയുന്നവർ വിദേശികളാണ്. ബ്രിട്ടനിൽ നിന്നും ജൂതന്മാരെ പുറത്താക്കാൻ കണ്ടെത്തിയ മാർഗമാണ് ഇസ്രായേൽ. ജൂതന്മാരെ പുറത്താക്കാം, അവരുടെ വിശ്വാസത്തം സംരക്ഷിക്കുകയുമാവാം.. ഒരു വെടിക്ക് രണ്ട് പക്ഷി. ഷിമൊൺ പെരസ് മുതൽ കുറേ പേർ റഷ്യനാണ് എന്നത് പലരും മറന്നുപോകുന്നു.

    സേതുവിന്റെ പുതിയ രചനയെ പരിചയപെടുത്തിയതിന് നന്ദി. ചരിത്രവും കൂടെ ഭാവനകളും കഥക്ക് മാറ്റുകൂട്ടും.

    ReplyDelete
  39. നല്ല പരിചയപ്പെടുത്തല്‍.
    നോവലിലേക്കുള്ള പ്രവേശികയായി.
    നന്ദി.

    ReplyDelete
  40. "പാണ്ഡവപുരം"വായിച്ചിട്ടുണ്ട് മാതൃഭൂമില്‍,
    പരിചയപ്പെടുത്തല്‍ നന്നായി..സന്തോഷം.
    തിരക്കൊഴിഞ്ഞിട്ടൊന്നും വായന നടക്കില്ല..!

    ReplyDelete
  41. ബുക്കിനെ പരിചയപ്പെട്ടപ്പോള്‍ ഒന്ന് വാങ്ങാമെന്ന തോന്നല്‍.

    ആശംസകള്‍.

    ReplyDelete
  42. വരികള്‍ക്കിടയിലും കാണാക്കയങ്ങള്‍ നിരവധി,സത്യമാണ്.കിളിമൊഴികള്‍ക്കപ്പുറം വായിച്ചു തീര്‍ന്നിട്ടും ഒരു അപൂര്‍ണത എനിക്ക് തോനിയിട്ടുണ്ട്,അത് എന്റെ അറിവിന്റെ പരിമിതി വളരെ ചെറുതായത് കൊണ്ടാണ് എന്ന് ഞാന്‍ സമ്മതിക്കുന്നു .ഈ പരിചയ പെടുത്തലിനു നന്ദി. മറുപിറവി വായിക്കാന്‍ തോന്നുന്നു മുല്ല ,നന്നായിരിക്കുന്നു ... ആശംസകളോടെ

    ReplyDelete
  43. ഇവിടെ വന്ന് അഭിപ്രായങ്ങള്‍ പങ്ക് വെച്ച എന്റെ എല്ലാ കൂട്ടുകാര്‍ക്കും ഒരിക്കല്‍ കൂടി സ്നേഹത്തോടെ നന്ദി.

    ReplyDelete
  44. വൈകിയെങ്കിലും വായിച്ചു.

    ReplyDelete
  45. സേതുവിന്‌റെ പാണ്ഡവപുരമെന്ന നോവല്‍ ഞാന്‍ കോളേജില്‍ പഠിക്കുന്ന സമയത്ത്‌ വായിച്ചിട്ടുണ്‌ട്‌. കുറേ കാലം മുമ്പ്‌ വായിച്ചതിനാല്‍ കഥയും കഥാ പാത്രങ്ങളുമൊന്ന് അത്രക്ക്‌ ഒാര്‍മ്മയില്ല. പുതിയ നോവലിനെ കുറിച്ചുള്ള വിവരണം ഗംഭീരമായി... അഭിനന്ദനങ്ങള്‍ !!!

    ReplyDelete
  46. അഭിനന്ദനമർഹിക്കുന്ന അസ്വാദനം

    ReplyDelete
  47. നല്ലൊരു പുസ്തക പരിചയം ...
    പ്രവാസിയായി മുംബയില്‍ കുടിയേറിയ നാള്‍ മുതല്‍ അന്യം നിന്ന വായന
    ബ്ലോഗ്‌ എന്ന മാധ്യമത്തിലൂടെയും കിട്ടാവുന്നത്ര പുസ്തകങ്ങളിലൂടെയും
    തിരിച്ചു പിടിച്ചു കൊണ്ടിരിക്കയാണ് . അതിലേക്കു നല്ല ഒരു സംഭാവനയായി
    ഈ പരിചയപ്പെടുത്തല്‍ .

    ഈ ബ്ലോഗ്‌ ഫോളോ ചെയ്യാന്‍ എന്നെ ഇത് വരെ ഗൂഗിള്‍ സമ്മതിച്ചില്ല
    ഇന്ന് ഞാന്‍ അത് സാധിച്ചു . ഇനി പുതിയ പോസ്റ്റ്‌ ഇടുമ്പോഴേക്കും എത്താം .
    നല്ല ഒരു വായനക്ക് ..

    ആശംസകള്‍

    ReplyDelete
  48. ഈ പരിചയപ്പെടുത്തൽ വളരെ നന്നായി. സേതുവിനെ പണ്ടു മുതൽ തന്നെ വായിച്ചിരുന്നു.വളരെ ഇഷ്ടപ്പെട്ട ഒരു എഴുത്തുകാരനാണ് സേതു.

    മുല്ല അതീവ സുന്ദരമായി എഴുതുന്നുണ്ട്. അഭിനന്ദനങ്ങൾ.

    ReplyDelete
  49. ഈ മുല്ല വാടാതിരിക്കട്ടെ ..
    പരിചയപ്പെടുത്തല്‍ ഇഷ്ടമായി.
    വായന കുറവാണു..
    പ്രവാസം തരുന്ന നഷ്ടങ്ങളെ
    ഈ വാക്കിടങ്ങളിലൂടെ നികത്താന്‍
    ശ്രമിക്കുകയാണ്..
    സേതുവെന്ന മഹാനായ സാഹിട്യകരനെക്കുരിച്ചു
    ഒന്നുമറിയില്ലെന്ന് മനസിലായപ്പോള്‍ അല്പം ലജ്ജ തോന്നുന്നു..
    ഇനി ഞാന്‍ വായിച്ചു തുടങ്ങട്ടെ..
    ആശംസകള്‍..

    ReplyDelete
  50. സേതുവേട്ടന്‍ ദി ഗ്രേറ്റ്! താങ്ക്സ് !

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..