Tuesday, September 27, 2011

പോകാം... നമുക്കാ യാത്ര!!


അന്താരാഷ്ട്ര വിനോദ സഞ്ചാര ദിനമായ ഇന്ന് ഒരുപാട് സന്തോഷത്തോടെയാണു
ഞാനീ കുറിപ്പുമായി നിങ്ങള്‍ക്ക് മുന്‍പില്‍ വരുന്നത്.. ഒരു പുതിയ പ്രൊജക്റ്റ്,
യാഥാര്‍ത്ഥ്യമാകുന്നു എന്ന സന്തോഷം. കോഴിക്കോട് ആസ്ഥാനമാക്കി
"Tra-well India " എന്ന Destination Management Company"
ഔദ്യോഗികമായി നിലവില്‍ വരികയാണു.
www.keralawondertours.com

എന്ന വെബ് സൈറ്റ് നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ!

യാത്രയെ സ്നേഹിക്കുന്ന, യാത്ര ജീവിതത്തിന്റെ ഭാഗമാക്കിയ ഞങ്ങള്‍
സുഹൃത്തുക്കള്‍, ആ കാഴ്ചകളിലെ വിസ്മയം നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുകയാണു.
ഒരു ടൂര്‍ പാക്കേജിന്റെ പതിവ് രീതികളില്‍ നിന്നു മാറി ഞങ്ങള്‍ നടന്നു
തീര്‍ത്ത വഴികളിലൂടെ തികച്ചും വ്യക്തി അധിഷ്ഠിതമായി ഒരു യാത്ര!!
“ ഏറ്റവും കുറഞ്ഞ ചിലവില്‍ കൂടുതല്‍ ദൂരത്തേക്ക് “
അതാണു ഞങ്ങളുടെ ലക്ഷ്യം. ഒരുപാട് യാത്ര ചെയ്ത അനുഭവങ്ങളാണു
ഞങ്ങളുടെ മൂലധനം. യാത്രയെ പ്രണയിക്കുകയും യാത്രകള്‍ പോകാന്‍
ഇഷ്ടപ്പെടുകയും ചെയ്യുന്ന നിങ്ങളാണു ഞങ്ങളുടെ പ്രചോദനവും....

യാത്ര പോകാന്‍ തീരുമാനിക്കുക എന്നതിനൊപ്പം തന്നെ
പ്രധാനമാണു അതെങ്ങനെ പോകണം, എന്ത് കാണണം ,
എങ്ങനെ കാണണമെന്നതും...അവിടെയാണു ഞങ്ങള്‍ക്ക്
നിങ്ങളെ സഹായിക്കാനാകുക. വെറുതെ കാഴ്ച്ചകള്‍ കണ്ട്
പോരുന്നതിനപ്പുറം ഒരു ദേശത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ
അടയാളപ്പെടുത്തലുകള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ അനാവരണം
ചെയ്ത്, ആ യാത്ര മാസ്മരികമായ ഒരു അനുഭൂതിയാക്കി മാറ്റുക.
അതാണു കേരള വണ്ടര്‍ ടൂര്‍സ് ലക്ഷ്യം വെക്കുന്നത്.

നിങ്ങളുടെ സമയത്തിനും ബജറ്റിനും അനുസൃതമായി തിരഞ്ഞെടുക്കാവുന്ന
നിരവധി പാക്കേജുകളുണ്ട് സൈറ്റില്‍. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക്
ഒരു യാത്ര സമ്മാനിക്കാനുള്ള അവസരവും ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

നിങ്ങള്‍ കണ്ട് മടങ്ങിയ സ്ഥലങ്ങളില്‍ പോലും, കാണാതെ പോയ
നിരവധി കാഴ്ചകള്‍, അനുഭവവേദ്യമാക്കിത്തരുവാന്‍ നാമൊരുമിച്ചുള്ള
യാത്രയില്‍ സാധിക്കും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്!

നിങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ട്,
സഹകരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്,

സ്നേഹപൂര്‍വം,
മുല്ല.

Sunday, September 11, 2011

കുടകില്‍ പോകുമ്പോള്‍ കുട ചൂടി പോകേണം!!!

(8.9.11 ലെ മാധ്യമം ദിനപത്രത്തിന്റെ കുടുംബമാധ്യമം പേജില്‍ വന്നത്)പഴം ചൊല്ലില്‍ പതിരില്ല. പരമാര്‍ത്ഥം! ചന്നം പിന്നം മഴയാണു കുടക്
മലകളില്‍ നിറയേ...മഴ ഒരു നിമിഷം മാറിനിന്നാല്‍ ഉടനെ മരം പെയ്യാന്‍ തുടങ്ങും!!
കൊമ്പ് കുലുക്കി ചില്ലകളാട്ടി “ ഇന്നാ പിടിച്ചോ..”ന്നും പറഞ്ഞ്
മരങ്ങളിങ്ങനെ മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്നത് കാണാന്‍....,


മഞ്ഞിന്റെ നേരിയ പുതപ്പ് കാറ്റിലുലയുമ്പോള്‍ അതിനിടയിലൂടെ വെളിപ്പെടുന്ന മഴനൂലുകളെ
കൈനീട്ടി പിടിക്കാന്‍...,വിജനതയിലേക്ക് നീണ്ടു കിടക്കുന്ന കാനന
പാതകളിലൂടെ സ്വയം മറന്ന് നടക്കാന്‍.., മഞ്ഞില്‍ കുതിര്‍ന്ന് നില്‍ക്കുന്ന
കാപ്പിപ്പൂകളുടെ സൌരഭ്യം നുണയാന്‍ വരുന്നോ കുടകിലേക്ക്.....?


ബ്രഹ്മഗിരിയുടെ മടിത്തട്ടില്‍ ഒരായിരം കുന്നുകളുമായി മയങ്ങിക്കിടക്കുകയാണ് കുടക്.
വശ്യം, സുന്ദരം !

നഗരത്തിന്റെ ആരവങ്ങളില്ലാതെ, ബഹളങ്ങളില്ലാതെ പ്രകൃതിയെ അടുത്ത് കാണാന്‍ ഇഷ്ടപ്പെടുന്നവരുടെ സ്വര്‍ഗ്ഗം. മടിക്കേരിയാണ് കുടക് ജില്ലയുടെ ആസ്ഥാനം.
കോഴിക്കോടു നിന്നും മൂന്നര മണിക്കൂര്‍ കൊണ്ട് മാനന്തവാടി വഴി തോല്‍പ്പെട്ടിയിലെത്താം.
കേരള - കര്‍ണ്ണാടക അതിര്‍ത്തിയാണത്.
ഇടക്ക് ചുരം കയറണം കേട്ടോ.,താമരശ്ശേരി ചുരം. .തോരാ മഴയത്ത് ഒടിഞ്ഞ് മടങ്ങിക്കിടക്കുന്ന ചുരത്തിലൂടെയുള്ള യാത്ര വിവരണാതീതം!!


തോല്‍പ്പെട്ടിയാണു കേരള- കര്‍ണാടക അതിര്‍ത്തി. തോല്‍പ്പെട്ടിയില്‍ നിന്നും വഴി രണ്ടായി പിരിയുന്നുണ്ട്.
ഒന്നു തിരുനെല്ലിയിലേക്ക്; ക്ഷേത്രത്തില്‍ പോയി തൊഴുത് ,വേര്‍പ്പെട്ട് പോയവരുടെ ഓര്‍മ്മകളില്‍ ഒരു നിമിഷം നിന്ന് ,പാപനാശിനിയില്‍ മുങ്ങി പാപങ്ങള്‍ കഴുകി കളഞ്ഞ്, തിരിച്ച് പോരുമ്പോള്‍
വര്‍ഗീസിനെ കണ്ട് വിപ്ലവാ‍ശയങ്ങള്‍ ഉരുക്കഴിക്കാം നമുക്ക് .


നഗരത്തിന്റെ തിരക്കുകളില്‍ മുങ്ങി ശ്വാസം കിട്ടാതാകുമ്പോള്‍ ഇങ്ങനൊരു രക്ഷപ്പെടല്‍ നല്ലതാണു. ഒരു പുനര്‍ജനിയുടെ സുഖം തരും അത്...!!!

ഇനിയിപ്പോ ഭക്തിയും വിപ്ലവവും പിന്നെ മതിയെങ്കില്‍ നമുക്ക് അടുത്ത വഴിയിലൂടെ നേരെ പോകാം.കുട്ട വഴി
ഗോണിക്കുപ്പയിലേക്ക്. ഗോണിക്കൊപ്പത്ത് നല്ല ഭക്ഷണം കിട്ടുന്ന നിരവധി റെസ്റ്റോറന്റുകളുണ്ട്. വയറു നിറച്ച് എന്തെങ്കിലും കഴിച്ച് പോളിബെട്ട, സിദ്ധാപുര വഴി നമുക്ക് ദുബാരെയിലെത്താം.


കാവേരി നദി മുറിച്ച് കടക്കാന്‍ നമ്മെ കാത്ത് കിടക്കുന്ന
ഒരു ബോട്ടില്‍ കയറി അപ്പുറത്ത് ആനപ്പന്തിയില്‍ ഇറങ്ങാം..
റാഫ്റ്റിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് അതാകാം.

ദുബാരേയില്‍ നിന്നും നേരെ കാവേരി നിസര്‍ഗധമയിലേക്ക്,


വശ്യ മനോഹരമായ ഒരു കുഞ്ഞു ദ്വീപാണ് നിസര്‍ഗമധമ. ചുറ്റും കാവേരി നദി, വളഞ്ഞു പുളഞ്ഞു സംഗീതമുതിര്‍ക്കുന്ന മുളംകാടുകള്‍. അതെ, മുളകളുടെ ഒരു കടല്‍ !! ഈ മുളംകാടുകള്‍ മുഴുവന്‍ വച്ചു പിടിപ്പിച്ചവയാണു. ഒരേ പ്രായത്തിലും വലിപ്പത്തിലുമുള്ള മുളങ്കൂട്ടങ്ങള്‍. ,ഏകതാനമായ് അവയുതിര്‍ക്കുന്ന നാദവീചികള്‍ അനുഭൂതിദായകം..


കാവേരിയിലെ തണുത്തവെള്ളത്തിലെ ഒരു കുളി യാത്രയുടെ എല്ലാ ക്ഷീണങ്ങളേയും അകറ്റിക്കളയും.ബ്രഹ്മ ഗിരി മലകളില്‍ നിന്നാണു കാവേരിയുടെ ഉല്‍ഭവം.


ഇനി ബൈലക്കുപ്പയിലേക്ക്...


കുശാല്‍ നഗറിനടുത്താണ് ബൈലക്കുപ്പ. 1500 ഏക്കറില്‍ പരന്നു കിടക്കുന്ന തിബറ്റന്‍ സെറ്റില്‍മെന്റ് കോളനി. 1961 - ല്‍ സ്ഥാപിതം. പ്രവാസത്തിന്റെ നൊമ്പരക്കാഴ്ചകളാണ് ചുറ്റും. ഇത് എത്രാമത്തെ തവണയാണ് ഞാനിവിടെ വരുന്നത്..?. മടുക്കില്ല എനിക്ക്. കൈയില്‍ ജപമാലയും പ്രാര്‍ത്ഥനാ ചക്രവുമായി നടക്കുന്ന വൃദ്ധന്‍മാര്‍, എന്താണവര്‍ പ്രാര്‍ത്ഥിക്കുന്നത് ?


എന്നെങ്കിലും തങ്ങളുടെ ജന്മനാട്ടിലേക്ക് മടങ്ങിപ്പോകാന്‍ പറ്റണേ എന്നോ...? വല്ലാത്തൊരു നിസ്സംഗതയാണ് അവരുടെ കണ്ണുകളില്‍. ഒരു തരം വിരക്തി. എവിടുന്നാണത് പകര്‍ന്നു കിട്ടിയതാവോ...? കൊട്ടാരം വിട്ടിറങ്ങുമ്പോള്‍ ബുദ്ധന്റെ കണ്ണിലും ഇതേ ഭാവമായിരുന്നില്ലേ...?ദലായ് ലാമ യുടെ കൂടെ അഭയാര്‍ഥികളായി വന്നവരും, പിന്മുറക്കാരും ഇവിടെ ഇന്ത്യാ ഗവര്‍മെന്റിന്റെ അതിഥികളായി കൃഷി ചെയ്ത് കഴിയുന്നു. പതിനാറായിരത്തോളം അഭയാര്‍ഥികള്‍ക്കാണ് നമ്മുടെ സര്‍ക്കാര്‍ ഇവിടെ അഭയം നല്‍കിയത്. ഇവിടെ നിരവധി മൊണാസ്റ്റ്റികളും മനോഹരങ്ങളായ ബുദ്ധവിഹാരങ്ങളും ഉണ്ട്. തിബറ്റിന്റെ ഈ കൊച്ചു പതിപ്പ് ഒരേസമയം ആകര്‍ഷണീയവും വിഷാദ സ്മൃതികള്‍ ഉണര്‍ത്തുന്നതുമാണു. ഗോള്‍ഡന്‍ ടെമ്പിള്‍ ആണു ഇവിടുത്തെ പ്രധാന ആരാധനാലയം.

ഇനി നമുക്ക് പോകേണ്ടത് മെര്‍ക്കാറയിലേക്കാണു.

സംശയിക്കേണ്ട,നമ്മുടെ മടിക്കേരി തന്നെ. മെര്‍ക്കാറയും മഞ്ഞും; പരസ്പര പൂരിതം !!! കൂടെ മഴത്തുള്ളികളുടെ കിലുക്കം കൂടിയാകുമ്പോള്‍ പ്രണയാര്‍ദ്രമായ ഒരു കവിത പോലെ ....

മഞ്ഞിനെ പതുക്കെ വകഞ്ഞു മാറ്റി കൈ കോര്‍ത്ത് നമുക്കീ പാതയിലൂടെ നടക്കാം...ഇത് രാജാസ് സീറ്റ്; പണ്ട് രാജാക്കന്മാര്‍ കാറ്റു കൊള്ളാന്‍ ഇരുന്നയിടം. നമുക്കിവിടെയിരുന്ന് ദൂരെ താഴ്വാരത്ത് മഞ്ഞ് പരക്കുന്നത് കാണാം...


രാത്രി ; കനത്തു വരുന്ന ഇരുട്ടിലൂടെ അരിച്ചിറങ്ങുന്ന പ്രകാശരശ്മികള്‍ പതുക്കെ പതുക്കെ മഞ്ഞില്‍ അലിഞ്ഞില്ലാതാകുന്നത് കണ്ട് കണ്മിഴിക്കാം..
ഇരുട്ടില്‍ കോട വന്നു കവിളില്‍ തൊടുമ്പോള്‍ തോളുകള്‍ താഴ്ത്തി ഒന്നൂടെ ചേര്‍ന്നിരിക്കാം..

രാത്രിയായാല്‍ പ്രവര്‍ത്തനക്ഷമമാകുന്ന മ്യൂസിക് ഫൌണ്ടന്‍ രാജാസ് സീറ്റിന്റെ മുഖ്യ
ആകര്‍ഷണമാണു. പാട്ടിന്റെ ലയ വിന്യാസങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്നു താഴുന്ന വെള്ളച്ചാലുകള്‍.ഇനി പ്രകൃതിദത്തമായ വെള്ളച്ചാട്ടം കാണണമെങ്കില്‍
നമുക്ക് താഴെ അബ്ബി ഫാള്‍സില്‍ പോകാം. ഇവിടുന്ന് ഏകദേശം അഞ്ചു കിലോമീറ്ററേ ഉള്ളൂ അങ്ങോട്ട്....പശ്ചിമ മലനിരകളില്‍ നിന്നാണു ഈ വെള്ളച്ചാട്ടത്തിന്റെ ഉല്‍ഭവം. കഴിഞ്ഞ വേനലില്‍ ഞങ്ങളിവിടെ വന്നപ്പോള്‍
വെള്ളത്തിനു ഇത്ര അഹങ്കാരം കണ്ടിരുന്നില്ല. പക്ഷെ ഈ മഴയത്ത് ദേ..എന്തൊരു കുതിപ്പാണു വെള്ളത്തിനു,
വഴിയിലുള്ളതിനെയൊക്കെ തച്ചുടച്ച്, വലിയ ശബ്ദത്തോടെ താഴേക്ക് എടുത്ത് ചാടുകയാണു.
നേരെ കാവേരിയിലേക്ക്.. എത്താനുള്ള ആവേശമാണു മൂപ്പര്‍ക്ക്. വെള്ളച്ചാട്ടം നില്‍ക്കുന്നത് ഒരു കാപ്പിത്തോട്ടത്തിനു നടുക്കാണു. വെള്ളച്ചാട്ടത്തിനു മുന്നിലുള്ള തൂക്കുപാലത്തില്‍ നിന്നും യാത്രയുടെ
ഓര്‍മ്മക്കായ് ഫോട്ടോകളെടുക്കാം.അപ്പുറത്ത്
കാളിമാതാ അമ്പലമുണ്ട്. മഴക്കാലത്ത് ഈ വഴികളില്‍ നാം മാത്രമാകില്ല, ഒരുപക്ഷെ കൂട്ടിനു അട്ടകളും കണ്ടേക്കാം. ജാഗ്രതൈ...

മെര്‍ക്കാറയില്‍ ഹോട്ടലുകളും ഹോംസ്റ്റേകളും സുലഭമാണു. നമ്മുടെ ബജറ്റിനനുസരിച്ച് യഥേഷ്ടം തിരഞ്ഞെടുക്കാം.

ഇനി നമുക്ക് കാണേണ്ടത് ഓംകാരേശ്വര ടെമ്പിളാണു. ഇസ്ലാമിക ശില്പ കലാ ചാരുതയും ഗോഥിക് മാതൃകയും ഒത്തുചേര്‍ന്ന മനോഹരമായ ഈ അമ്പലം പണി കഴിപ്പിച്ചത് 1820 ല്‍ മഹാരാജാ ലിംഗരാജേന്ദ്രയാ‍ണു.


ഇതിന്റെ നിര്‍മ്മാണത്തിനു പിന്നിലും രസകരമായ ഒരു കഥയുണ്ട്. ഈ മഹാരാജാവു
ആളൊരു ഗഡിയായിരുന്നു. നമ്മുടെ കുന്നത്ത് ഫാര്‍മസിക്കാരുടെ ബ്രാന്‍ഡ്
അംബാസിഡറാവാനുള്ള സകല കഴിവും ഒത്തിണങ്ങിയ വ്യക്തി. അന്തപുരത്തില്‍ രാജ്ഞിമാരെ കൂടാതെ ഒരുപാട് യുവതികളെ
പാര്‍പ്പിച്ചിരുന്നത്രെ.
അന്നത്തെ കുടക് രാജാക്കന്മാര്‍ ലിംഗായത്ത്കളായിരുന്നു,പൂജാദി കര്‍മ്മങ്ങള്‍ അവര്‍ തന്നെയാണു അനുഷ്ഠിച്ച് പോന്നിരുന്നത്. അതിനാല്‍ രാജ്യത്ത് ബ്രാഹ്മണര്‍ക്ക് പ്രതേക പരിഗണന ഉണ്ടായിരുന്നില്ല. ഇതില്‍ അസഹിഷ്ണുക്കളായിരുന്നു മിക്ക ബാഹ്മണരും. ഒരു ദിവസം രാജാവ് നായാട്ടിനു പോയ സമയത്ത് ,തന്റെ യുവതിയായ മകളെ യും കൊണ്ട് അന്യദേശത്ത് നിന്നും വന്ന ഒരു വൃദ്ധനെ
സ്വജാതിയില്‍ പെട്ട സുബ്ബരാസയ്യ എന്ന ബ്രാഹ്മണന്‍ തിരിച്ചയച്ചു. തന്റെ ചാരന്മാര്‍
മുഖേന വിവരമറിഞ്ഞ രാജാവ് കലിപൂണ്ട് സുബ്ബരാസയ്യയെയും രണ്ട് ആണ്മക്കളേയും
ക്രൂരമായ് കൊലപ്പെടുത്തി. പ്രേതമായ് വന്ന് തന്നെ നിരന്തരം ശല്യപ്പെടുത്തിയ സുബ്ബരാസയ്യയില്‍ നിന്നും രക്ഷപ്പെടാന്‍ രാജാവ് നീലേശ്വരത്തു നിന്നും തന്ത്രികളെ വിളിച്ച് വരുത്തി
അവരുടെ ഉപദേശ പ്രകാരം സുബ്ബരാസയ്യയുടെ വീട് നിന്നിരുന്ന സ്ഥലത്ത്
പണി കഴിപ്പിച്ചതാണു ഈ ക്ഷേത്രം. കാശിയില്‍
നിന്നാണു ഇവിടെ പ്രതിഷ്ഠിക്കാനുള്ള ശിവലിംഗം കൊണ്ട് വന്നത്.
കഥ എന്തായാലും നടുവില്‍ കുംഭ ഗൊപുരവും നാലു വശത്തും മിനാരങ്ങളുമായ് ഒരു മുസ്ലിം പള്ളിയുടെ മാതൃകയില്‍
കാണപ്പെടുന്ന ഈ അമ്പലം കാഴച്ചക്കാരെ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല.

മടിക്കേരിയില്‍ നിന്നും 44 കിലോമീറ്ററാണു തലക്കാവേരിയിലേക്ക്. ഇതാണ് കാവേരി നദിയുടെ ഉത്ഭവസ്ഥാനം.

കുടകരുടെ പുണ്യ നദിയാണിത്. മരണത്തിനും കല്യാണത്തിനും,ഒരു വര്‍ഷത്തിനുള്ളില്‍, ഇവിടുത്തെ കുളി ഒഴിച്ചു കൂടാന്‍ വയ്യാത്ത ചടങ്ങാണ്. തലക്കാവേരിക്ക് താഴെയാണ് ഭാഗമണ്ഡല; കാവേരി നദിയും കന്നികെ നദിയും കൂടിച്ചേരുന്ന ഇടം. സുജ്യോതി എന്ന അദൃശ്യയായ നദിയാണത്രെ ഭൂമിക്കടിയിലൂടെ ഇവയെ യോജിപ്പിക്കുന്നത്. മരിച്ച പുലയുള്ളവര്‍ ഇവിടുത്തെ അമ്പലത്തില്‍ മുണ്ഡനം ചെയ്ത ശേഷമാണ് തലക്കാവേരിയില്‍ കുളിക്കാനെത്തുന്നത്.


അമ്പലത്തിനു പിറകില്‍, മലമുകളിലേക്ക് കയറാന്‍ കുത്തനെ പടികള്‍ വെട്ടിയുണ്ടാക്കിയിരിക്കുന്നു. ഏകദേശം പത്തുമുന്നൂറ്പടികള്‍.


കിതച്ചും കുതിച്ചും മുകളിലെത്തിയാല്‍..നയനാനന്ദ മനോഹരം. ചുറ്റിനും പച്ചപ്പട്ടുടുത്ത മലനിരകള്‍, കണ്ണെത്താ ദൂരത്തോളം മയങ്ങിക്കിടക്കുന്ന കുന്നുകളുടെ നിര ...വാക്കുകള്‍ക്കതീതം!!! അവക്കിടയിലൂടെ വീശിയടിക്കുന്ന കാറ്റ് നമ്മെ പറത്തിക്കൊണ്ട് പോകും. അങ്ങനെയിരിക്കെ ... അക്കാണുന്ന കുന്നിന്റെ മറവില്‍ നിന്നും പൊടുന്നനെ ഒരു മഴ ഇറങ്ങി വന്ന് നമ്മെ പൊതിയും!!!!

ഇനി നമുക്ക് പോകേണ്ടത് കക്കാബേയിലേക്കാണു. . മടിക്കേരിയില്‍ നിന്നും 35 കിലോമീറ്ററാണ് കക്കാബേയിലേക്ക്. കാട്ടിനുള്ളിലൂടെയുള്ള യാത്ര അവസാനിക്കുന്നത് ഒരു കൊട്ടാരത്തിലാണ്. 'നാലക് നാട്' പാലസ്, 1792 ല്‍ ദൊഡ്ഡ വീരേന്ദ്ര രാജാവ് പണികഴിപ്പിച്ചതാണത്. എ.ഡി 1780 ല്‍രാജാ ലിഗരാജയുടെ മരണശേഷം കുടക് ഹൈദരാലിയുടെ അധികാരത്തിന്‍ കീഴിലായിരുന്നു. അന്നു കുട്ടിയായിരുന്ന വീരേന്ദ്ര രാജാവ് പിന്നീട് കുടകിന്റെ

ഭരണം ടിപ്പുവില്‍ നിന്നു പിടിച്ചടക്കുകയാണു ഉണ്ടായത്, മടിക്കേരി ഫോര്‍ട്ട് അപ്പോഴും ടിപ്പുവിന്റെ അധീനതയില്‍ ആയതിനാ‍ലാല്‍

വീര രാജേന്ദ്ര കാടിനു നടുവില്‍ ഈ കൊട്ടാരം നിര്‍മ്മിക്കുകയായിരുന്നു. ‍. കൊട്ടാരത്തിന്റെ അകം ചുവരുകളില്‍ നിറയെ വര്‍ണശബളമായ പെയിന്റിങ്ങുകള്‍ കാണാം. കൊട്ടാരത്തിന്റെ ഏറ്റവും അകത്തേ മുറിയില്‍ നിന്നാല്‍ പോലും പ്രവേശന കവാടം കാണുന്ന തരത്തിലാണു കൊട്ടാരത്തിന്റെ നിര്‍മ്മിതി.വീരേന്ദ്ര രാജാവിനു പുത്രന്മാര്‍ ഉണ്ടായിരുന്നില്ല. തന്നെ അപായപ്പെടുത്തി ഭരണം മറ്റുള്ളവര്‍ കൈയ്യാളുമെന്ന സദാ ഭീതിയിലായിരുന്ന രാജാവ്,

വിഷാദത്തിലും ഉന്മാദത്തിലും പെട്ടുഴറി അകാലത്തില്‍ തന്റെ നാല്‍പ്പത്തിരണ്ടാം വയസ്സിലാണു അന്തരിക്കുന്നത്.

ഇന്നു; പഴയ പ്രതാപമെല്ലാം അസ്തമിച്ച് ,ഇരുണ്ട ഇടനാഴികളും കാട്ടിലേക്ക് തുറന്ന ജനലുകളുമായി ഗതകാല പ്രൌഡിയോടെ കൊട്ടാരം മാത്രം ബാക്കി. ഇരുട്ടും നിശബ്ദതയുമാണ് ഇടനാഴികള്‍ നിറയെ... പാലസിന്റെ മുറ്റത്തുനിന്ന് നോക്കിയാല്‍ അകലെ തടിയന്റെമോള്‍ കൊടുമുടി കാണാം. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടി. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ട്രക്കിംഗ് ആകാം.

ഇനി മടക്കം... വഴിക്ക് കുട്ടക്കടുത്തുള്ള ഇരുപ്പ് വെള്ളച്ചാട്ടത്തിലെ ഒരു കുളിയും കൂടി ആയാല്‍ യാത്ര പൂര്‍ണ്ണം. ഈ വെള്ളച്ചാട്ടത്തിനു


‘ലക്ഷ്മണ്‍ തീര്‍ത്ഥ’ എന്നൊരു പേരു കൂടിയുണ്ട്. അതിനു പിന്നിലും ഒരു കഥയുണ്ട്, പണ്ട്...രാവണ്‍ജി കിഡ്നാപ്പ് ചെയ്ത് കൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ച് രാമനും ലക്ഷ്മണനും ഈ മലഞ്ചെരുവിലെത്തി. ദാഹിച്ച് വലഞ്ഞ രാമന്‍ ,ലക്ഷ്മണനോട് വെള്ളം ആവശ്യപ്പെട്ടു. “ നൊ പ്രോബ്ലെം ജേഷ്ഠാജീ “

എന്നും പറഞ്ഞ് ലക്ഷ്മണന്‍ അമ്പെടുത്ത് ബ്രഹ്മഗിരി മലനിരകളെ ലക്ഷ്യം വച്ചു. അസ്ത്രം ചെന്ന് തറച്ച സ്ഥലത്തു നിന്നും ഒരു ഉറവ പൊട്ടി

താഴേക്കൊഴുകി!!! ശിവരാത്രി ദിവസം ഇവിടെ ജനനിബിഡമാകും. താഴെ ഒരു ശിവന്റമ്പലമുണ്ട്. ഈ വെള്ളത്തില്‍ കുളിച്ചാല്‍ പാപങ്ങളൊക്കെ കഴുകിപ്പോകും എന്നാണു. അതെന്തായാലും മഞ്ഞ്
പോലെ തണുത്ത ഈ വെള്ളച്ചാട്ടത്തിനു താഴെ അല്പ നേരം നിന്നാല്‍ രണ്ട് ദിവസത്തെ
യാത്രാക്ഷീണമൊക്കെ പമ്പകടക്കും..

ചില വഴിത്താരകളിലൂടെ കടന്നു പോകുമ്പോള്‍ ജീവിതം പലപ്പോഴും സ്വപ്നത്തേക്കാള്‍ മനോഹരമാകും.....ആ നിമിഷങ്ങള്‍ കണ്ടെത്തി ജീവിതം അവിസ്മരണീയമാക്കേണ്ടത് നമ്മള്‍ തന്നെയല്ലേ....

ഈ യാത്ര ഇവിടെ തീരുകയാണു. പുതിയ വഴികളിലേക്കും ദൂരങ്ങളിലേക്കും മുങ്ങിത്താഴുന്നതിനു മുന്‍പ് ഒരു ചെറിയ ഇടവേള.

Tuesday, September 6, 2011

മാവേലി നാടു വാണിടും കാലം...ഇത്തവണയും പതിവു തെറ്റിക്കാതെ അദ്ദേഹം എത്തിയിട്ടുണ്ട്. ഉപേക്ഷിച്ച് പോകേണ്ടിവന്ന
രാജ്യത്തേയും തന്റെ പ്രിയ ജനങ്ങളേയും കാണാന്‍ !
ഒരു വര്‍ഷം നീണ്ട കാത്തിരിപ്പാണു മാവേലിമന്നന് ഈ സുദിനം.
ഗൃഹാതുരതയുടെ നീറ്റലില്‍ തള്ളിനീക്കിയ ഒരു വര്‍ഷം!! പക്ഷേ..നമുക്കോ..?
ആരാണു ഇന്ന് മാവേലിയെ കാത്തിരിക്കുന്നത്..? എന്താണു നമ്മള്‍
അദ്ദേഹത്തിനായ് ഇവിടെ കാത്ത് വെച്ചിട്ടുള്ളത്..? പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ് കിടക്കുന്ന രാജപാതകള്‍..., മൂക്കോളം അഴിമതിയിലും ധൂര്‍ത്തിലും മുങ്ങിക്കുളിച്ച ഭരണാധികാരികള്‍, മാനം പിച്ചിച്ചീന്തപ്പെടുമ്പോള്‍ ഒരിറ്റ് ശ്വാസത്തിനു പിടയുന്ന പെണ്‍കുഞ്ഞുങ്ങളുടെ
ആര്‍ത്തനാദങ്ങള്‍....!!! എല്ലാം കണ്ടും കേട്ടും
നിസ്സംഗതയോടെ നില്‍ക്കുന്ന ഞാനടക്കമുള്ള പൊതുജനം !!!!

എങ്കിലും...ചില നേരങ്ങളിലെങ്കിലും ഞാനാഗ്രഹിക്കാറുണ്ട്, എന്റെയാ പഴയ നാടും
നാട്ടാരേയുമൊക്കെ ഒരിക്കലെങ്കിലും എനിക്ക് തിരിച്ച് കിട്ടിയിരുന്നെങ്കില്‍ ...
പൂവട്ടിയുമായ് പൂക്കളും തേടി കുന്നായകുന്നൊക്കെ അലഞ്ഞു നടക്കാന്‍ പറ്റിയിരുന്നെങ്കില്‍ ...
മണിയും കുലുക്കിപ്പായുന്ന ഓണപ്പൊട്ടന്റെ പിന്നാലെ ചാടിത്തുള്ളി വീടായവീടൊക്കെ
കയറിയിറങ്ങാനായെങ്കില്‍ ..., “എന്തേ തുമ്പീ തുള്ളാത്തൂ” എന്നാര്‍ക്കുന്ന
കൂട്ടുകാരികള്‍ക്കിടയില്‍ മുടിയഴിച്ചിട്ട് തല കുമ്പിട്ടിരിക്കുന്ന
കുഞ്ഞിപ്പെണ്ണിന്റെ ഭാവം മാറുന്ന നിമിഷത്തെ ഉറ്റുനോക്കിയിരിക്കാനായെങ്കില്‍ എന്ന്...!!!!

ഒന്നും തിരിച്ച് കിട്ടില്ലാന്നറിയാം ,എന്നാലും വെറുതെ മോഹിക്കുകയാണു..വെറുതെ...

എന്റെ എല്ലാ കൂട്ടുകാര്‍ക്കും സ്നേഹം നിറഞ്ഞ ഒരായിരം ഓണാശംസകള്‍.....