Monday, April 11, 2011

വരവായ് ഒരു അവധിക്കാലം കൂടി...

അവധിക്കാലം ഇങ്ങെത്തി. പക്ഷെ ഇവിടെ നഗരത്തില്‍ ആര്‍ക്കും വലിയ ഉത്സാഹമൊന്നും കാണാനില്ല. എല്ലാവരും മക്കളെ വിവിധ കോഴ്സുകളില്‍ ചേര്‍ക്കാനുള്ള തത്രപ്പാടിലാണു. അടുത്ത ക്ലാസ്സുകളിലേക്കുള്ള ട്യൂഷന്‍ ഇപ്പഴേ തുടങ്ങും. അതിനും പുറമെ നീന്തല്‍, ഫുട്ട്ബോള്‍, ബാന്റ്മിന്റണ്‍, മാജിക് എന്നു വേണ്ട വ്യക്തിത്വ വികസന കോഴ്സുകളില്‍ വരെ ബുക്കിങ്ങ് ഏറെ കുറെ കഴിഞ്ഞു. എട്ട് വയസ്സുകാരനെയും പത്ത് വയസ്സുകാരനേയുമൊക്കെയാണു ഇങ്ങനെ ഉന്തിത്തള്ളി വിടുന്നത്. വീട്ടിലെ അഛന്റേയും അമ്മയുടെയും വികസനപാഠങ്ങള്‍ക്ക് പുറമേയാണിത്.

കുട്ടികളും തയ്യാറായിക്കഴിഞ്ഞു. പുതിയ ഗ്രാഫിക് കാര്‍ഡ് സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുന്നത്രയും ഗെയിമുകള്‍
ഡൌണ്‍ ലോഡ് ചെയ്തു അവരും കാത്തിരിക്കുകയാണു അവധിക്കാലം. ഇരുപത്തിനാലു മണിക്കൂറും ഇതിനു മുന്നിലിങ്ങനെ ചടഞ്ഞിരിക്കാതെ പുറത്തേക്കിറങ്ങാന്‍ പറഞ്ഞാല്‍ അവര്‍ ചിരിക്കും. പുറത്ത് എന്തിരിക്കുന്നു കാണാന്‍, പുറത്ത് എല്ലാം സ്റ്റാറ്റികായ് നില്‍ക്കുകയല്ലെ, ഒന്നും മാറിയിട്ടില്ലല്ലോ, കണ്ടത് തന്നെ വീണ്ടും വീണ്ടും കണ്ട് എന്ത് കിട്ടാനാ...?

പണ്ടും നമ്മളും കാത്തിരുന്നിരുന്നു ഒരു അവധിക്കാലത്തെ...പക്ഷെ അതിങ്ങനെ ആയിരുന്നില്ല തന്നെ. പരീക്ഷകള്‍
കഴിയുന്നതിനു മുന്നെ ഒരുക്കം തുടങ്ങും. ഈ അവധിക്ക് അഛന്‍ വീട്ടിലോ അമ്മ വീട്ടിലോ...? അമ്മ വീടായിരുന്നു
എല്ലാര്‍ക്കും പഥ്യം. പുസ്തകങ്ങളൊക്കെ പകുതി വിലക്ക് ആരെങ്കിലും പറഞ്ഞു വെച്ചിട്ടുണ്ടാകും. അതൊക്കെ അവര്‍ക്ക്
കൊടുത്ത് ആലഭാരങ്ങളില്ലാതെയാണു അവധിക്കാലത്തേക്ക് കൂപ്പു കുത്തുക.

തൊടിയിലെ മാവും പ്ലാവും കശുമാവുമൊക്കെ നിറയെ കായ്കളുമായ് നമ്മെ വരവേല്‍ക്കും.


മാവിന്റെ ഏറ്റവും തുഞ്ചത്തെ മാങ്ങക്കായിരുന്നു മധുരം കൂടുതല്‍. അതെറിഞ്ഞു വീഴ്ത്തുന്നവനായിരുന്നു കൂട്ടത്തിന്റെ ലീഡര്‍. കശുമാവിന്റെ താഴ്ന്ന കൊമ്പില്‍ കാലുകൊരുത്ത് തലകീഴായ് കിടക്കുമായിരുന്നു എത്ര നേരം വേണമെങ്കിലും...ആ കിടപ്പിലാണു അങ്ങേ പറമ്പിലെ ഞാവല്‍ മരത്തില്‍ തത്ത കൂടു
കൂട്ടിയതും , അയല്‍ വീട്ടിലെ പൂച്ചയെ അവറാന്‍ ക്ക പുഴക്കപ്പുറം നാടുകടത്തിയതും , അവറാങ്ക തിരിച്ചെത്തുന്നതിനു മുന്നെ പൂച്ച വീട്ടിലെത്തിയ കഥയുമൊക്കെ ചുരുള്‍ വിടരുക.

അവധിക്കാലത്തെ മറ്റൊരു വിനോദമായിരുന്നു കുട്ടിപ്പുരകള്‍. ശീമക്കൊന്നയുടെ കമ്പുനാട്ടി കൊന്നയുടെ തന്നെ ഇലകള്‍ മേഞ്ഞ കുട്ടിപ്പുരകള്‍ !! കൊന്നയുടെ മണമാകും അവക്ക്. എത്ര നേരം വേണെലും അതിനുള്ളില്‍ ഇരിക്കാം. അഛനും അമ്മയുമായ് കളിക്കാം.
ഇന്നു കൂട്ടിപ്പുര കെട്ടാന്‍ എളുപ്പമാണു. മടക്കിവെച്ച പുരകള്‍ നിവര്‍ത്തി കാലുകള്‍ മണ്ണില്‍ ഉറപ്പിച്ചാല്‍ പുര റെഡി!!!

സൈക്കിള്‍ വാടക്ക് കിട്ടുമായിരൂന്നു അന്നൊക്കെ.ഒരു രൂപ കൊടുത്താല്‍ എത്ര മണിക്കൂര്‍ വെണെലും ചവിട്ടാം.


വീണും എണീറ്റും ഒരു വാശിയോടെ, ആണ്‍കുട്ടികളുടെ പിന്നിലാവരുത് എന്ന ലക്ഷ്യത്തോടെ സൈക്കിള്‍ ചവിട്ടിയ നാളുകള്‍.ഫൂട്ട്ബാല്‍ ടീമിലെ ഏകപെണ്‍കുട്ടിയെ ആരും കുതികാല്‍ വെച്ച് വിഴ്ത്തില്ലായിരുന്നു. നീയെന്നെ നോക്കി കണ്ണിറുക്കിയത് ചേട്ടനോട് പറയട്ടെ എന്നു മന്ത്രിക്കുമ്പോള്‍ ഒരു മാത്ര അന്‍പരക്കുന്ന ഗോളിയെ വെട്ടിച്ച് വലയിലേക്കൊരു ഗോള്‍.!!!


എത്ര വേഗമാണു എല്ലാം അവസാനിച്ചു പോയത്. ഇതുപൊലൊരു അവധിക്കാലത്ത് ഞാവല്‍ മരത്തിലെ പൊത്തില്‍
കൂടുകൂട്ടിയ തത്തയെ കാണാന്‍ പോയി മരത്തില്‍ കയറാനാകാതെ നിലത്തിരുന്ന എന്നെ സൈദ് കളിയാക്കി.
പൊത്തില്‍ കയ്യിട്ട് അഹ്ലാദത്തോടെ അവന്‍ ആര്‍ത്ത് വിളിച്ചു..ദേ രണ്ടെണ്ണമുണ്ട്, മുട്ട വിരിഞ്ഞാല്‍ നമുക്ക് വീട്ടിക്കൊണ്ടോവാം.
ആലസ്യത്തോടെ എണീറ്റ് നിന്ന എന്റെ ഉടുപ്പില്‍ നോക്കി അവന്‍ കളിയാക്കി.
“ദേ പെണ്ണിന്റെ ഉടുപ്പിലാകെ ഞാവലും പഴത്തിന്റെ കറ... ഇന്നു അമ്മായീനോട് നിനക്ക് നല്ലോണം കിട്ടും..”
പിറ്റേന്ന് ,പതിവ് പോലെ ഉച്ചക്ക് എന്നെ വന്ന് വിളിച്ച അവനെ ഉമ്മ വിലക്കി. “വേണ്ട ഇനിയവള്‍ കളിക്കാന്‍ വരില്ല,
നീ പൊയ്ക്കൊ..”.
പിന്നീടൊരിക്കലും ഞാന്‍ ഫൂട്ട്ബാള്‍ കളിച്ചിട്ടില്ല.. ഒരു മാങ്ങക്കും കല്ലെറിഞ്ഞില്ല. ഒരു ഞാവല്‍ മരത്തില്‍ വലിഞ്ഞു കയറി മുട്ട വിരിഞ്ഞോന്നു നോക്കിയിട്ടില്ല..പുസ്തകങ്ങളായിരുന്നു എന്റെ കൂട്ടുകാര്‍.ഒറ്റക്കിരുന്നു തന്നോട് തന്നെ വര്‍ത്തമാനം പറയുന്ന എന്നെ വലിയുമ്മ ചീത്ത പറയും. “ പെണ്‍കുട്ട്യോളു ഇങ്ങനെ ഒറ്റക്കിരുന്നൂടാ..മൊഞ്ചുള്ള കുട്ട്യേളെ കണ്ടാല്‍ ജിന്നിനു പിരിശം വരും.
അയിറ്റങ്ങളു മേത്ത് കൂടിയാ പിന്നെ ഒഴിഞ്ഞ് പോകൂല...”
വൈകീട്ട് പള്ളീല്‍ നിന്നും വരുമ്പോ വാപ്പു മുസ്ല്യാരെ ഒപ്പം കൂട്ടാന്‍ ഉപ്പാനെ ഏല്‍പ്പിക്കും. വാപ്പു മുസ്ലിയാര്‍ മന്ത്രിച്ചൂതിയാല്‍ ഏത് കൊലകൊമ്പന്‍ ജിന്നും പറപറക്കുമത്രെ. ഉപ്പ ചിരിക്കും..” ആയ്ക്കോട്ടെ..’
വലിയുമ്മാനോട് ഒരു കാര്യവും പറ്റില്ലാന്നു പറയാന്‍ കഴിയില്ല. വലിയ വായില്‍ നിലവിളിക്കും,നിന്റെ ഉപ്പയുണ്ടാരുന്നേല്‍ എന്നു പതം പറയും. അത് കാരണം ആരും വലിയുമ്മാനെ എതിര്‍ക്കില്ല. ഒരു രാജ്ഞിയെ പോലെ അവരങ്ങനെ വീടിന്റെ അകത്തളങ്ങളിലൂടെ നടക്കും. രാത്രിയായാല്‍ അവര്‍ക്ക് കണ്ണു മങ്ങും ,ഒന്നും തെളിഞ്ഞു കാണില്ല. അന്നേരം ഉപ്പ തന്നെ വാപ്പുമുസ്ലിയാരാകും. വലിയ ചട്ടിയില്‍ കനലിട്ട് കുന്തിരിക്കം പുകച്ച് അതിനു മുന്നില്‍ വലിയുമ്മാനെ ചാരി ഞാനിരിക്കും. ഖുറാനിലെ ആയത്തുകള്‍ ഉറക്കെ ഓതുന്നതിനിടയില്‍ കൈയില്‍ കരുതിയ സള്‍ഫര്‍( ഗന്ധകം) കുറച്ച് ചട്ടിയിലെക്കിടും. തീ ഒന്നൂടെ പാളിക്കത്തും. അതാണെനിക്കുള്ള
അടയാളം. ജിന്നു പോകാനുള്ള..., പിന്നെ ഉമ്മ പാവാട കെട്ടാന്‍ വാങ്ങിവെക്കുന്ന ചരട് ഒരു കഷ്നം എന്റെ കൈയില്‍ കെട്ടും. അതൊടെ ജിന്നു സ്വാഹ!! വലിയുമ്മാക്കും സന്തോഷം, എല്ലാവര്‍ക്കും.. പാവം എത്ര തവണ അതിനെയങ്ങനെ പറ്റിച്ചിരിക്കുന്നു.

പക്ഷേ..ഞാന്‍ പോലും അറിയാതെ ഒരു ജിന്ന് ; ഒരു ഗന്ധര്‍വന്‍ എന്റെ ഉള്ളില്‍ കയറിയിരുന്നു. രൂപവും ഭാവവുമില്ലാത്ത ഒരു ഗന്ധര്‍വന്‍!!
ഞാന്‍ വളരുന്നതിനനുസരിച്ച്, എന്റെ സ്വപ്നങ്ങള്‍ വലുതാവുന്നതിനനുസരിച്ച് ആ ഗന്ധര്‍വനും വളര്‍ന്നു...,എന്നോട് പ്രണയം വെളിപ്പെടുത്തിയ ആര്‍ക്കും അവന്റെ രൂപമുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ എല്ലാവരേയും എല്ലായ്പ്പോഴും ഞാന്‍ നിരസിച്ചു കൊണ്ടേയിരുന്നു.....

പോകണമെനിക്ക് .. ഒരു മടക്ക യാത്ര.... ഓര്‍മ്മകളിലൂടെ, അന്നത്തെ ആ വഴികളിലൂടെ......
.എന്റെ മക്കളുടെ കൈ പിടിച്ച്, അവര്‍ക്ക് ഓരോന്നും കാട്ടികൊടുക്കണം.ബന്ധുക്കളെ ഒരോരുത്തരേയും സന്ദര്‍ശിക്കണം. അവര്‍ എനിക്കാരാണെന്നും അവര്‍ക്കാരാണെന്നതും പറഞ്ഞ് കൊടുക്കണം. ബന്ധങ്ങളെ..ഓര്‍മ്മകളെ മടക്കിക്കൊണ്ട് വരാന്‍ ഒരു യാത്ര....

***നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്.

Tuesday, April 5, 2011

കരടിയും കാളയും പിന്നെ ഞാനും...1992 കളിലാണു ഓഹരിവിപണിയിലെ കാളക്കൂറ്റന്‍ എന്ന പേര് ഹര്‍ഷദ് മേത്തക്ക് മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്നത്. ഓഹരി വിപണിയില്‍ ഹര്‍ഷദ് മേത്തയുടെ ഇടപാടുകള്‍ ഉണ്ടാക്കിയ വേലിയേറ്റം കാരണമാണു അതുവരെ ചമ്മന്തീം കൂട്ടി കഞ്ഞി കുടിച്ചു കൊണ്ടിരുന്ന ആം ആദ്മികള്‍ വിപണിയിലെ കളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അയാളുണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയായിരുന്നില്ല.
വന്‍ തോതില്‍ മുന്‍ നിര കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി മന:പൂര്‍വ്വം സെന്‍സെക്സ് സൂചിക ഉയര്‍ത്തുക.


ഇങ്ങനെ ഓഹരികളുടെ വില ഉയര്‍ത്തുന്നവരായിരുന്നു കമ്പോളത്തിലെ കാളകള്‍. എ സി സി സിമന്റിന്റെ ഓഹരികളായിരൂന്നു ഹര്‍ഷദ് മേത്ത വാങ്ങിക്കൂട്ടിയത്. പക്ഷേ സംഗതി എങ്ങനെയോ പുറത്തായ് .പിന്നെ ഒരു വേലിയിറക്കമായിരുന്നു വിപണിയില്‍. ബി എസ് ഇ സെന്‍സെക്സ് മൂക്കും കുത്തി വീണു. ഓഹരികമ്പോള ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച.

ഇനിയൊരു കൂട്ടരുണ്ട്. കരടികള്‍.. ഇവന്മാരുടെ പരിപാടി ,വന്‍ തോതില്‍ ഓഹരികള്‍ ഒന്നിച്ച് വിറ്റഴിച്ച് ഓഹരിസൂചിക താഴ്ത്തുക എന്നതാണു. രണ്ട് കൂട്ടരും ലാഭമുണ്ടാക്കും. ഇടയില്‍ പെട്ടുപോകുന്ന നമ്മള്‍ കുടുങ്ങുകയും ചെയ്യും. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ശ്രദ്ധിച്ചില്ലേല്‍
കാശ് പോകുമെന്നര്‍ത്ഥം.

കാളകളും കരടികളും അരങ്ങ് വാഴുന്ന ഈ കമ്പോളത്തില്‍ സ്ത്രീ സാന്നിദ്ധ്യം തുലൊം കുറവാണു. ബാക്കി എല്ലായിടത്തും തിക്കിത്തിരക്കിക്കയറുന്ന പെണ്മണികള്‍ ഇവിടെ പിന്നിലായിപ്പോവാനെന്താവും കാരണം? പണം സ്വന്തമായ് കൈകാര്യം ചെയ്യാനുള്ള ഭയമാണോ അതോ സാമ്പത്തിക സ്വാതന്ത്ര്യം കുറവായതോ?
നഗരത്തിലെ പ്രധാന ഓഹരി ഇടപാട് സ്ഥാപനങ്ങളായ ജെ ആര്‍ ജി സെക്ക്യൂരിറ്റീസ്, SHCIL, ജിയൊജിത്, RELIGARE മുതലായവരുടെ ട്രേഡിങ്ങ് ഫ്ലോറുകളില്‍ സ്ത്രീകള്‍ വിരലിലെണ്ണാന്‍ പോലും ഇല്ല. കാലത്ത് ഒന്‍പതരക്ക് മാര്‍ക്കറ്റ് ആരംഭിച്ച് മൂന്നരക്ക് ക്ലോസ് ചെയ്യുന്ന വരെ ട്രേഡിങ്ങ് ഫ്ലോറുകളില്‍ പുരുഷന്മാരുടെ തിരക്കാണു. ഡേ ട്രേഡിങ്ങ് രംഗത്തെ താപ്പാനകള്‍!! വിവിധ കമ്പനികളെ കുറിച്ചും അവയുടെ ഓഹരികളെ പറ്റിയുമെല്ലാം
ഇവര്‍ക്കൊക്കെ നല്ല ധാരണയാണു. ട്രേഡിങ്ങ് ഓണ്‍ലൈനായത് കൊണ്ട് നമുക്ക് വീട്ടിലിരുന്നും ചെയ്യാം. പക്ഷെ ഇവരുടെ അടുത്തിരുന്നു, അവരില്‍ നിന്നും കിട്ടുന്ന അനുഭവ പരിജ്ഞാനം ഉണ്ടാവില്ലാന്നു മാത്രം. ഓരോ സ്ക്രിപ്പിനെ പറ്റിയും അവര്‍ ആഴത്തില്‍ പഠിച്ചു വെച്ചിട്ടുണ്ടാകും.ഒറ്റക്കിരുന്നാലും പഠിക്കാന്‍ മനസ്സുണ്ടേല്‍ നമുക്കും ആവാം. പക്ഷെ ഇങ്ങനെ ചുളുവില്‍ കിട്ടില്ലാന്നു മാത്രം.ഡേ ട്രേഡിങ്ങില്‍ അന്നേ ദിവസം തന്നെ ഇടപാടുകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. രണ്ട് തരത്തില്‍ ചെയ്യാം നമുക്ക്.
കാലത്ത് മാര്‍ക്കറ്റ് ഓപണാവുമ്പോള്‍ വാങ്ങിച്ച സ്ക്രിപ്പുകള്‍ ,വില കൂടുന്നതിനനുസരിച്ച് വിറ്റൊഴിയുക. നമ്മുടെ കൈയ്യില്‍ കമ്പനികളുടെ ഓഹരികള്‍ ഇല്ലെങ്കിലും നമുക്കത് വില്‍ക്കാം. വിപണി ക്ലോസ് ചെയ്യുന്നതിനും മുന്നെ നമ്മള്‍ വിറ്റതിനേക്കാളും കുറഞ്ഞ വിലക്ക് തിരിച്ചു വാങ്ങിച്ചാല്‍ മതി. ( short selling) .ഇങ്ങനൊക്കെ ചെയ്യണമെങ്കില്‍ അതാത് സ്ക്രിപ്പുകളെ പറ്റിയും ഇ പി എസു നെ പറ്റിയുമൊക്കെ( earning per share) നമുക്ക് ധാരണ വേണം.സ്തീകള്‍ പൊതുവേ വീട്ടിലിരുന്ന് വിപണി ശ്രദ്ധിച്ച ശേഷം സ്ഥാപനത്തിലേക്ക് ഫോണ്‍ ചെയ്ത് ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാലും അധികമാരും ട്രേഡിങ്ങ് ഫ്ലോറിലേക്ക് വരില്ല. നേരെ മറിച്ച് ഒരു ആഭരണക്കടയോ വസ്ത്രക്കടയോ ആണേല്‍ പെണ്ണുങ്ങളെ തട്ടിയിട്ട് നടക്കാന്‍ ആവില്ല.


ഡേ ട്രേഡിങ്ങ് ഊഹക്കച്ചവടമാണെന്ന് ഒരു വാദഗതിയുണ്ട്. ഇവര്‍ ചെയ്യുന്നത് ശ്രദ്ധിച്ചാല്‍ വെറും ഊഹം മാത്രമല്ല ,ഒരു കമ്പനിയുടെ ഓഹരി വാങ്ങാനും അത് ഹോള്‍ഡ് ചെയ്ത് വച്ച് വില കൂടുമ്പോള്‍ വില്‍ക്കാനും
ഇവരെ പ്രാപ്തരാക്കുന്നത് എന്നു ഏറെക്കുറെ ഉറപ്പാണു. നേരെ മറിച്ച് ദീര്‍ഘകാല നിക്ഷേപങ്ങള്‍ കുഴപ്പമില്ല.


ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പച്ചക്കൊടി കിട്ടിയ ഈയവസരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയും ഇസ്ലാമിക ലോകത്തിന്റെ നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി ശരീയത്ത് ഓഹരികളുടെ സൂചിക പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അതനുസരിച്ച് നമ്മുടെ പണം ഹലാലായ മാര്‍ഗ്ഗങ്ങളിലൂടെ ബിസിനെസ്സ് നടത്തുന്ന കമ്പനികളില്‍ നിക്ഷേപിക്കാം.മദ്യം, സിഗരറ്റ്, ലഹരിവസ്തുക്കള്‍ ,എന്നിവ ഉല്പാദിപ്പിക്കുയോ വിതരണം ചെയ്യുകയോ ചെയ്യുന്ന കമ്പനികളെ ഒഴിവാക്കിക്കൊണ്ടുള്ള ലിസ്റ്റാണ് ബോംബെ സ്റ്റോക്ക് എക്സേഞ്ച് പുറത്തിറക്കിയിരിക്കുന്നത്.


വിപണിയില്‍ നിന്നും മികച്ച ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ നമുക്ക് ഓഹരി നിക്ഷേപരംഗത്തെ അതികായനായ വാറന്‍ ബഫെയുടെ വിജയമന്ത്രങ്ങള്‍ ഉപാധിയാക്കാം.


വളരെ ലളിതമാണത്. ജനങ്ങള്‍ക്ക് ഒരിക്കലും ഒഴിച്ചു കൂടാന്‍ ആവാത്തതോ അല്ലെങ്കില്‍ ജീവിതത്തില്‍ നിന്നും അവര്‍ മാ‍റ്റി നിര്‍ത്താന്‍ ആഗ്രഹിക്കാത്തതോ ആയ വസ്തുക്കളുടെ ബിസിനെസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളുടെ ഓഹരികള്‍. ഉദാഹരണത്തിനു സോപ്പ്, ടൂത്ത് പേസ്റ്റ്,കാറുകള്‍,കമ്പ്യൂട്ടര്‍ തുടങ്ങിയവ. ഈ കമ്പനികള്‍ക്ക് സാമ്പത്തിക സ്ഥിരതയുണ്ടോ അല്ലെങ്കില്‍ ശക്തമായ സാമ്പത്തിക അടിത്തറ ഉണ്ടോ എന്നു പരിശോധിക്കുക.
കമ്പനി മാനേജ്മെന്റിന്റെ മേന്മ, ഏര്‍പ്പെട്ടിരിക്കുന്ന ബിസിനെസ്സിന്റെ ലാളിത്യം ഇവ തീര്‍ച്ചയായും കണക്കിലെടുക്കണം.
പ്രതികൂല സാഹചര്യങ്ങളെ പ്രതിരൊധിക്കാനുള്ള ഒരു കമ്പനിയുടെ കഴിവാണു ബഫെ എടുത്ത് പറയുന്ന വേറൊരു ഘടകം.

കാശുണ്ടാക്കുക എന്നത് അത്ര എളുപ്പമൊന്നുമല്ല. ടാറ്റയും ബിര്‍ളയും അംബാനിമാരുമൊന്നും ഒരു സുപ്രഭാതത്തില്‍
അങ്ങനെയായതല്ല. നന്നായ് അധ്വാനിച്ച് തന്നെയാണു. കേട്ടിട്ടില്ലേ റോബര്‍ട്ട് കിയോസ്കിയും ഷാരോണ്‍ ലെച്ചറും( sharon Lechter) ചേര്‍ന്നെഴുതിയ “ റിച്ച് ഡാഡ് പുവര്‍ ഡാഡ് “ എന്ന പുസ്തകത്തെ പറ്റി.
അതില്‍ പറയുന്നുണ്ട്. കാശുള്ള തന്തമാര്‍ മക്കളോട് ചെറുതിലേ ബിസിനെസ്സിനെ പറ്റിയും കാശുണ്ടാക്കേണ്ടതിനെ പറ്റിയും പറയും. വലുതായാല്‍ ഒരു പുതിയ കമ്പനിയുണ്ടാക്കേണ്ടതിനെ പറ്റി പറയും.
നമ്മളോ....നീ വലുതായിട്ട് ഒരു എഞ്ചിനീയറാകടാ.., അല്ലേല്‍ മാഷാവ് എന്നൊക്കെ പറയും. അങ്ങേയറ്റം പോയാല്‍ ഡോക്ടറാവ് എന്നൊക്കെയല്ലെ ഉപദേശം. അവനെ/ അവളെ അതിനപ്പുറത്തേക്ക് വളരാന്‍ പ്രാപ്തനാക്കണം.

മോഹങ്ങള്‍ ഇങ്ങനെ പറക്കട്ടെ ആകാശത്തോളം.., അതിനു അതിരുകളില്ലല്ലോ....ഒപ്പം Be practical.