Thursday, August 16, 2012

ബാജ്രയുടെ മധുരം.



ശ്വാസം മുട്ടല്‍ കാരണം ബുദ്ധിമുട്ടുന്ന മൊനേയും കൊണ്ട് ഡോക്ടറുടെ
അടുത്തേക്ക് പോകുന്നതിനിടയില്‍ ഞാനയാളെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.
നിങ്ങളവിടെതന്നെ വെയിറ്റ് ചെയ്യണം, ഡൊക്ടറെ കണ്ട് ഞാന്‍ വേഗം
തിരിച്ച് വരാം. അല്ലെങ്കില്‍ പിന്നെ എനിക്ക് വേറെ വണ്ടി കിട്ടില്ല
ഇന്നേരത്ത്, ഇവരെ രണ്ടു പേരേംകൊണ്ട് നടക്കാനാകില്ല എന്നൊക്കെ.
റിക്ഷ ചവിട്ടി നീങ്ങുന്നതിനിടയില്‍ അയാള്‍ മിണ്ടുന്നേയില്ല.
നോമ്പ് തുറക്കാനാവുന്നതിനു മുന്‍പെ തിരിച്ചെത്താം എന്ന് കരുതി
ക്ലിനിക്കിലെത്തിയപ്പോള്‍ അവിടെ ഡോക്ടര്‍ എത്തിയിട്ടില്ല. തിരിച്ച്
പോയാല്‍ രാത്രിയെങ്ങാനും അസുഖം അധികായാല്‍ ഒറ്റക്കെന്ത്
ചെയ്യുമെന്ന ആധിയില്‍ മക്കളേയും പിടിച്ച് അവിടെയിരിക്കുന്നതിനിടയില്‍
ഉപ്പാക്ക് ഈ സമയം തന്നെ ഓഫീഷ്യല്‍ ടൂറ് വന്നല്ലൊയെന്ന്
ഞാനവരോട് തിരിച്ചും മറിച്ചും പറഞ്ഞു കൊണ്ടേയിരുന്നു.
മരുന്നൊക്കെ വാങ്ങി മടങ്ങുമ്പോഴെക്കും ഇരുട്ട് വീണിരുന്നു.
ഡിസംബറില്‍ ആഗ്രയിലെ തണുപ്പ് സഹിക്കാനാകില്ല
കൂടെ നോമ്പും. “ഭയ്യാ ജല്‍ദി ജാ.. രോജ ഖൊല്‍നെകെലിയെ
ടൈം ഹോഗയി.“ എന്ന എന്റെ വിളിയൊന്നും അയാള്‍
കേട്ട മട്ടില്ല. ഒരു മിണ്ടാപ്പൂതം. എനിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.
സദര്‍ ബസാറും കഴിഞ്ഞ് പാര്‍വതിപുര കഴിഞ്ഞ്
നേരെ പോകുന്നതിനു പകരം അയാള്‍ ഇടത്തോട്ട് തിരിഞ്ഞപ്പോള്‍
എന്റെ നെഞ്ച് കത്തി. റബ്ബേ ഇയ്യാളെങ്ങോട്ടാണീ പോണത്. എന്നെം
കുട്ടികളെം ഇയാള്‍ എന്താക്കും എന്നൊക്കെ ആലോചിച്ച് ഞാനിരുന്നു
വിയര്‍ത്തു ആ തണുപ്പിലും. കുട്ടികളെയും കൊണ്ട് വണ്ടിയില്‍ നിന്ന്
ചാടാനാകില്ല.
വരുന്നത് വരട്ടെ എന്ന് കരുതി ഇരിക്കുന്നതിനിടെ അയാള്‍
പൊളിഞ്ഞ് കിടക്കുന്ന ഒരു മതിലിനു മുന്നില്‍ റിക്ഷ നിര്‍ത്തി
മതിലനപ്പുറത്തേക്ക് കയറിപ്പോയി. ഇനിയിപ്പൊ എന്ത്
ചെയ്യുമെന്ന് വിചാരിക്കുന്നതിനിടയില്‍ കൈയിലൊരു ഗ്ലാസ്സും
ജഗ്ഗില്‍ വെള്ളവുമായ് അയാള്‍ ഇറങ്ങിവന്നു. ഗ്ലാസ്സെനിക്ക് നിട്ടി.
പീലോ ബഹന്‍ ജീ എന്നു പറഞ്ഞപ്പോള്‍ എന്റെ നാവിറങ്ങിപ്പോയി.
പിന്നാലെ അയാളുടെ ഭാര്യ എന്നു തോന്നിക്കുന്ന സ്ത്രീ ഒരു പാത്രത്തില്‍
അപ്പോള്‍ ചുട്ടെടുത്ത റൊട്ടിയുമായ് വന്നു. വേണ്ടായെന്ന് പറഞ്ഞിട്ടും അവര്‍
സമ്മതിച്ചില്ല. ബാജറയുടെ പരുപരുത്ത ആ റോട്ടിയുടെ രുചി എന്റെ
നാവില്‍ ഇപ്പോളുമുണ്ട്. മനസ്സില്‍ എല്ലാ ഇഫ്താറുകളേക്കാളും
ആ ഒരു ഇഫ്താറിന്റെ മധുരവും.

കൊടിയ ദാരിദ്ര്യത്തിലും അവരുടെ അന്നം പങ്കുവെക്കാന്‍
തയ്യാറാവുകയും അമുസ്ലിമായിട്ട് കൂടി ഞങ്ങളെ നോമ്പ് തുറപ്പിക്കാന്‍
അവര്‍ കാണിച്ച ആ നല്ല മനസ്സുമൊക്കെ കാരണമാണു ഇന്നും ഈ
ലോകം ഇങ്ങനെ നിലനില്‍ക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.