Wednesday, January 1, 2014

മേരാ കാശ്മീർ !!!

ഖുദാ സേ മന്നത്ത് ഹേ മേരീ...
ലോട്ടാ ദേ ജന്നത്ത് ഹേ മേരീ....
വൊ അമൻ, വൊ ചമൻ കാ നഷാരാ...
വൊ അമൻ, വൊ ചമൻ കാ നഷാരാ...
വൊ ഖുദായാ,  ലൌട്ടാ ദേ കഷ്മീർ ദുബാരാ...


ഞാനീ വരികൾ എഴുതുമ്പോഴും  ശ്രീനഗറിൽ നിന്നും കലാപത്തിന്റെ വാർത്തകൾ പത്രങ്ങളുടെ അകം പേജിൽ മറഞ്ഞുകിടക്കുന്നുണ്ട്. അതിർത്തിയിൽ പരസ്പരമുള്ള പോർവിളികളും വെടിവെപ്പും ഷെൽ വർഷവും. ഒരു വിധത്തിൽ അവസാനിച്ചെന്നു കരുതിയിരുന്ന തീവ്രവാദത്തിന്റെ വിത്തുകൾ വീണ്ടും കാശ്മീരിനെ കലുഷിതമാക്കാനായ് മുളപൊട്ടുന്നുണ്ട്. ഞങ്ങളവിടെ ഉണ്ടായിരുന്ന സമയത്ത് തന്നെയാണു  തിരക്കെറിയ ലാൽ ചൌക്കിലെ ഹൈദർ പോറ തെരുവിൽ തീവ്ര വാദികൾ സൈനികർക്ക് നേരെ വെടിയുതിർത്തത്. എട്ട് സൈനികർ മരിച്ചു . പതിവ് പോലെ സംഭവത്തിന്റെ ഉത്തരവാദിത്വം ഹിസ്ബുൽ മുജാഹിദീൻ ഏറ്റെടുത്തിട്ടുണ്ട്. എന്താണാവൊ ഇവരീ അക്രമങ്ങൾ കൊണ്ട് ഉദ്ദേശിക്കുന്നത്. തങ്ങളും കൂടി ഉൾപ്പെട്ട ഒരു സമൂഹത്തിന്റെ സ്വസ്ഥജീവിതം നശിപ്പിക്കുക എന്നല്ലാതെ എന്താണിവർ നേടുന്നത്. ഒരു സാദാ കാശ്മീരി , അവൻ അവന്റെ കുടുബത്തിന്റെ വയറ് നിറക്കാൻ പാട് പെടുകയാണു, അവനിതിൽ ഒരു താല്പര്യവും ഉണ്ടാവാൻ വഴിയില്ല. കാശ്മീരിന്റെ സമ്പത് വ്യവസ്ഥയെ താങ്ങി നിർത്തുന്നതിൽ ടൂറിസത്തിനു വലിയൊരു പങ്കുണ്ട്. ദാൽ ലെയ്ക്കിനു ചുറ്റും ജീവിതം കെട്ടിപടുക്കാൻ നെട്ടോട്ടമോടുന്നവരെ ഒരു പാട് കണ്ടു ഞാൻ. ഒരു ശിക്കാര സവാരി, അല്ലെങ്കിൽ ഒരു കാർ യാത്ര, അതുമല്ലെങ്കിൽ ഒരു പോണി റൈഡ്. നിസ്സഹായരായ ഈ മനുഷ്യരെയാണു തീവ്രവാദികൾ വീണ്ടും വീണ്ടും കൊന്നു കൊണ്ടേയിരിക്കുന്നത്. ഒരു പക്ഷെ അന്നു ഹരി സിങ് രാജാവ് ഇന്ത്യയിൽ ലയിക്കാനുള്ള തീരുമാനം കുറച്ച് നേരത്തെ എടുത്തിരുന്നെങ്കിൽ ഈയൊരു അവസ്ഥ ഉണ്ടാകുമായിരുന്നില്ല. 


ഇങ്ങനെയൊക്കെ ആണെലും കാശ്മീർ സുന്ദരിയാണു, സഞ്ചാരികളെ കാത്ത് കിടക്കുന്ന ദാൽ ലെയ്ക്, ഒരു നഗരത്തിന്റെ ജീവനാഡി.

 മനം മയക്കുന്ന പൂന്തോട്ടങ്ങൾ,

 ലാസ്യ ഭാവത്തിൽ ഒരു വശം ചരിഞ്ഞ് കിടക്കുന്ന താഴ്വാരങ്ങൾ,


 ആ ലാസ്യ ഭാവത്തിനു മിഴിവേകാൻ അരികു പറ്റി ദേവദാരുകളും ചിനാറുകളും. മദം പൊട്ടി , പൊട്ടിച്ചിരിക്കുന്ന നദികൾ, അരുവികൾ, വെള്ളത്തിനു മഞ്ഞിന്റെ കുളിർമ്മ.

 അകലെ മഞ്ഞ് പുതച്ചുറങ്ങുന്ന മലനിരകൾ.വെയിലേറ്റാൽ അവ വെട്ടി തിളങ്ങുന്ന കാഴ്ച നയന മനോഹരം

കാശ്മീർ യാത്ര തീരുമാനിച്ചപ്പോഴെ മനസിൽ കരുതീതാണു പാപ 2 കണ്ട് , റോബെർട്ട് തോർപ്പിനേം സന്ദർശിച്ച ശേഷമേ ബാക്കി കാഴ്കളിലേക്കുള്ളു എന്നു. പാപ 2 വിനെ പറ്റി വായിച്ചറിവേ ഉള്ളു എനിക്ക്. 1990 കളിലെ സൈനിക ചോദ്യം ചെയ്യൽ കേന്ദ്രമായിരുന്നു അത്. നിരവധി കാശ്മീരി യുവാക്കളെ കാലപുരിക്കയച്ച കുപ്രസിദ്ധി. പാപ 2 വിന്റെ പടികയറിയ മിക്കവരും തിരിച്ച് വന്നില്ല, 1996 ല് അടച്ചു പൂട്ടുന്നത് വരെ ആ കെട്ടിടത്തെ ചൂഴ്ന്ന് നിലവിളികളും ആക്രോശങ്ങളുമായിരുന്നു. ഇന്നത് പക്ഷെ, മെഹബൂബ മുഫ്തിയുടെ ഔദ്യൊഗിക  വസതിയാണു, പച്ചയും വെള്ളയും ചായം തേച്ച പ്രൌഢ  ഗംഭീരമായ വസതി. സൈനിക പോസ്റ്റുകളാണു ചുറ്റും, അടുത്ത് തന്നെയാണു ഉമർ അബ്ദുള്ളയുടെ വസതിയും. 

പാപ 2 എന്ന പോലെ തന്നെ മിക്ക കാശ്മീരികൾക്കും റോബെർട്ട് തോർപ്പിനേയും അറിയില്ല. ലാൽ ചൌകിൽ നിന്ന് നടക്കാവുന്ന ദൂരമേയുള്ളു ഷൈകബാഗിലേക്ക്. അന്വേഷിച്ച് ചെന്നപ്പോഴേക്കും ചൌക്കിദാർ ഗേറ്റടച്ച് പോയിരിക്കുന്നു. ആരും വരാനില്ല തോർപ്പിനെ തേടി, പിന്നെയെന്തിനു കാവലിരിക്കണം.

 ത്ജലം നദിയുടെ കരയിൽ കാടും പടലും പിടിച്ച് കിടക്കുന്ന സെമിത്തേരി. കാശ്മീരിനു വേണ്ടി ജീവൻ വെടിഞ്ഞയാളാണു ഇവിടെ ഉറങ്ങുന്നതെന്ന് ആരെങ്കിലും ഓർക്കുന്നുവോ? കാശ്മീരിലെ ഗോത്ര പ്രമുഖന്റെ മകളായ ജാനി, തോർപ്പിന്റെ അഛനെ വിവാഹം ചെയ്ത് യൂറോപ്പിലേക്ക് പോയി. പിന്നീട് തന്റെ അമ്മയുടെ ദേശം കാണാൻ വന്ന റൊബെർട്ട് , കാശ്മീരിലെ ഗോത്ര വർഗ്ഗങ്ങളുടെ അടിച്ചമർത്തൽ നയങ്ങൾക്കെതിരെ പോരാടിയതിനു തന്റെ 33 മത്തെ വയസ്സിൽ കൊല്ലപ്പെടുകയായിരുന്നു.ഗേറ്റിന് മുകളിലൂടെ ,താങ്കളെ കാണാനായി മാത്രമാണു ഇങ്ങ് കേരളത്തിൽ നിന്നും ഇത്ര ദൂരെ ഞാൻ വന്നേന്ന് പറഞപ്പൊ ഒരു ചെറുകാറ്റ് എന്നെ തഴുകി കടന്നു പോയി.

കാണാനൊരുപാടുണ്ട് ശ്രീനഗറിൽ, ഒരു ഷെഡ്യൂൾഡ് ട്രിപ്പിൽ ഒതുക്കാവുന്നതിൽ കൂടുതൽ. 


പൂന്തോട്ടങ്ങൾ,മിനാരങ്ങൾ, പള്ളികൾ, അമ്പലങ്ങൾ തുടങ്ങി ദാൽ തടാകത്തിലെ ശിക്കാര വരെ. പൂന്തോട്ടങ്ങളിൽ ഭംഗി  നിഷാന്ത് ബാഗിനും ഷാലിമാർ ബാഗിനും  തന്നെ. 


പൂക്കൾക്കൊക്കെ എന്തൊരു നിറമാണു..!! അതേ നിറവും തുടുപ്പും  തന്നെയാണു കാശ്മീരി പെൺകുട്ടികളുടെ കവിളിനും..!! 

താഴ്വരയിലാകെ പച്ചപ്പ് പരത്തി നിൽക്കുന്നത് ചിനാർ മരങ്ങളാണു. ഉയരമേറിയ ദേവതാരു മരങ്ങളിക്കിടയിലൂടെ കൈപത്തിയുടെ ആകൃതിയിലുള്ള ഇലകൾ വീശി നിൽക്കുന്ന ചിനാറുകൾ. ഇപ്പോഴവക്ക് നല്ല പച്ച നിറമാണു. ഇനി ശരൽക്കാലം വരുമ്പോൾ ഇലകൾ നിറം മാറും, മഞ്ഞയും, ചുവപ്പിലും മുങ്ങിയ ചിനാറിലകൾ പൊഴിഞ്ഞ് കിടക്കുന്ന താഴ്വാരങ്ങൾ. പ്രണയത്തിന്റേയും വിഷാദത്തിന്റേയും കാലപനികത നിറഞ്ഞ തീക്ഷ്ണ  സൌന്ദര്യം ..

ജ്ഞാന മരം എന്നും പേരുണ്ടത്രെ ചിനാറിനു. മുഗൾ ഭരണ കാലത്താണു കാഷ്മീരിൽ ചിനാർ മരങ്ങൾ വ്യാപകമായ് വെച്ച് പിടിപ്പിക്കുന്നത്.  മുഗൾ ഗാർഡനുകളിലെ പ്രധാന ആകർഷകം ചിനാർ മരങ്ങളാണു. പ്രണയിക്കാനും പ്രണയത്തിന്റെ കാലപനിക സൌന്ദര്യത്തിൽ മുഗ്ധരാകാനും മുഗൾ ചക്രവർത്തിമാർക്ക് പ്രത്യേക  കഴിവായിരുന്നെന്നു തോന്നുന്നു. ദാൽ തടാകത്തിൽ ഒരു ദ്വീപുണ്ട്. ചാർ ചിനാർ എന്നും പറഞ്ഞ്, ഒരു കുഞ്ഞു ദ്വീപ്, നാലു വശത്തും നാല് ചിനാർ മരങ്ങൾ പടർന്നു പന്തലിച്ച് നിൽക്കുന്നു. ശിക്കാരയിൽ കയറി ദ്വീപിലിറങ്ങാനും ഫോട്ടോയെടുക്കാനും സഞ്ചാരികളുടെ നീണ്ട നിര.

പള്ളികളും ദർഗ്ഗകളു ഒരുപാടുണ്ട് ശ്രീനഗറിൽ, പ്രാമുഖ്യം ഹസ്രത് ബാൽ പള്ളിക്ക് തന്നെ. ദാൽ ലെയ്ക്കിനടുത്ത് വെള്ള മാർബിളിൽ പണി തീർത്ത പള്ളിയിൽ സഞ്ചാരികളുടെ തിരക്കാണു, അതിലുപരി പ്രാവുകളുടേയും. പ്രവാചകന്റെ മുടി സൂക്ഷിക്കുന്നു എന്നാണിവിടത്തെ ഐതിഹ്യം.  വർഷങ്ങൾക്ക് മുൻപ് തീ പിടുത്തത്തിൽ പള്ളിയൊന്നാകെ കത്തി നശിച്ചിരുന്നു . പിന്നീട് ജനങ്ങളുടെ പ്രതിഷേധത്തിന്റെ ഫലമായ് നാടകീയമായ് മുടി തിരിച്ച് വരികയായിരുന്നു!! പള്ളിയുടെ വാതിലിലും ചുവരിലുമൊക്കെ പിടിച്ച് പ്രാർത്ഥിക്കുന്ന ജനങ്ങൾ. അജ്ഞത, അതിലും മീതെ അന്ധവിശ്വാസം. 

ശ്രീനഗറിലെ ശങ്കരാചാര്യ ടെമ്പിൾ ലോകപ്രശസ്തമാണു. ബി സി 200 ) മാണ്ടിലാണു ഈ അമ്പലത്തിന്റെ നിർമ്മിതി. പണ്ടിതൊരു ബുദ്ധിസ്റ്റ് ടെമ്പിളായിരുന്നെന്ന് ചരിത്രങ്ങൾ പറയുന്നു. നൂറ്റാണ്ടുകൾക്ക് മുൻപ് ശങ്കരാചാര്യർ കേരളത്തിൽ നിന്നും കാൽനടയായി വന്ന് ഈ അമ്പലത്തിൽ സമാധിയിരുന്നെന്നാണു ഐതിഹ്യം. 1100 അടി ഉയരത്തിലാണു അമ്പലം നിൽക്കുന്നത്. പട്ടാളത്തിന്റെ കർശന നിരീക്ഷണത്തിലാണു അമ്പലവും പരിസരവും. നൊ കാമറ നൊ മൊബൈൽ ഫോൺ എലൌഡ്. കിതച്ചും തളർന്നും വഴിയിൽ ഇരുന്നും മുകളിലെത്തിയാൽ നയനാനന്ദകരമായ കാഴ്ചയാണു. ശങ്കാരാചാര്യനല്ല നമ്മളായാലും സന്യസിച്ച് പോകും. താഴെ ശ്രീനഗർ മൊത്തം കാണാം. കുന്നുകളും മലകളും തടാകങ്ങളും എല്ലാമായ് കണ്ണും മനസ്സും നിറയും.

വെയിൽ ചാഞ്ഞ് കിടക്കുന്ന ദാൽ ലെയ്ക്കിലൂടെ ഒരു ശിക്കാര സവാരി. വൈകീട്ട് ലാൽ ചൌക്കിലെ തിരക്കിനിടയിലൂടെ കടകളിൽ കയറിയിറങ്ങി പാഷ്മിന ഷാളുകൾക്ക് വില ചോദിച്ച് ഞെട്ടി, കാശ്മീരി കാവ ആസ്വദിച്ച് ഒരു രാത്രി നടത്തം. ഒൻപത് മണിയാകുമ്പഴേക്കും തെരുവുകളൊക്കെ കാലിയാകാൻ തുടങ്ങും. രാജ് ബാഗിലേക്കുള്ള മടക്ക യാത്രയിൽ ഒരു പൊട്ടിത്തെറി കേട്ട് അമ്പരന്ന ഞങ്ങളെ ഓട്ടോക്കാരൻ ആശ്വസിപ്പിച്ചൂ, ‘അത് ബോംബല്ല മാം, ടയർ പഞ്ചറായതാണു.”. അതാണു കാശ്മീർ.

രാത്രി ; അകലെയെവിടെയോ നിന്ന് കേൾക്കുന്ന പൊട്ടിത്തെറികൾ, ഈ തണുപ്പത്ത് പടക്കം പൊട്ടിച്ച് കളിക്കാൻ നല്ല രസമായിരിക്കുമെന്നോർത്ത് രജായിക്കുള്ളിലേക്ക് . നാളെ ഗുൽമാർഗിൽ പോകാനുള്ളതാണു.

ഗുൽമാർഗ് എന്നാൽ റോസിന്റെ താഴ്വാരം എന്നാണു. ചുമ്മാ മതിലിനു മുകളിലൊക്കെ റോസാപ്പൂക്കൾ അർമാദിച്ച് നിൽക്കുന്നത് കണ്ടാൽ കൊതിയാകും. ഗൌരി മാർഗ് എന്നായിരുന്നത്രെ പണ്ടത്തെ പേര്. ശിവ പത്നിയുടെ നാമം. 52 കിലൊമീറ്ററാണു ശ്രീനഗറിൽ നിന്നും ഗുൽമാർഗിലേക്ക്. 3 മണിക്കൂറെടുക്കും കാറിൽ, നേരത്തെ പോയാൽ ഗൊണ്ടോള ക്യൂവിന്റെ മുന്നിൽ ഇടം കിട്ടും. ഗുൽമാർഗിലെ അഫർവാത്ത് മലനിരകളിലാണു ഏഷ്യയിലെ ഏറ്റവും നീളം കൂടിയ ഐസ് സ്കീയിങ്ങ് ചരിവുള്ളത്. അത് പോലെ തന്നെ ഏറ്റവും ഉയരത്തിലുള്ള ഗോൾഫ് കോഴ്സും ഗുൽമാർഗിലാണു.

ഗുൽമാർഗ് ഗൊണ്ടോള ,ലോകത്തിലെ രണ്ടാമത്തെ ഉയരം കൂടിയ കേബിൾ കാർ പ്രൊജക്റ്റ്. രണ്ട് ഫെയ്സാണു ഇതിൽ. 

ആദ്യ സ്റ്റേജിൽ  ഗുൽമാർഗ് റിസോർട്ടിൽ നിന്നും കുങ്ങ്ടൂർ വരേയും രണ്ടാമത്തെ സ്റ്റേജിൽ കുങ്ങ്ടൂരിൽ നിന്നും അഫർവാത്ത് മല വരേയും. 13 750 അടി ഉയരത്തിലെത്തും നിങ്ങൾ. 400 രൂപയാണു ആദ്യ സ്റ്റേജ്  നിരക്ക്. രണ്ടാം സ്റ്റേജിനു 600 രൂപയും. രണ്ട് സ്റ്റേജ് ടിക്കറ്റും നേരത്തെ ബുക്ക് ചെയ്തില്ലേൽ കാര്യം ഗോവിന്ദയാകും.400 രൂപയുടെ ടികറ്റ് ആയിരത്തിനും രണ്ടായിരത്തിനുമൊക്കെ വിൽക്കാൻ അവിടെ ആളുണ്ട്.  

എത്ര മസിലു പിടിച്ച് നടക്കുന്നവരും മഞ്ഞ് കൂമ്പാരം കിടക്കുന്നത് കണ്ടാൽ കൊച്ച് കുട്ടികളെ പോലെ തുള്ളിക്കളിക്കുന്ന കാഴ്ചയാണു ചുറ്റിനും. ഏറ്റവും മുകളിൽ സൈനിക പോസ്റ്റുണ്ട്. ലൈൻ ഓഫ് കണ്ട്രോൾ (LOC) കടന്നു പോകുന്നുണ്ട് ഇതിനടുത്ത് കൂടെ. 

മഞ്ഞിൽ ചവിട്ടി നിൽക്കവേ ആകാശത്ത് നിന്നും മഞ്ഞ് പൊഴിയുന്ന കാഴ്ച...തലയിലും മുഖത്തും പാറി വീണ മഞ്ഞിൻ കണങ്ങൾ.ജീവിതത്തിൽ ആക്സ്മികമായാണു ഇങ്ങനെയുള്ള അവിസ്മരണീയ മുഹൂർത്തങ്ങൾ വന്നു വീഴുക.  ആവോളം മഞ്ഞിൽ കളിച്ച്, മഞ്ഞ് ചവിട്ടി ക്കുഴച്ച്, മഞ്ഞ് മനുഷ്യനെ ഉണ്ടാക്കി, അതൊക്കെ തട്ടിത്തെറിപ്പിച്ച് നിൽക്കവേ മഴ പെയ്തു. കൂടെ കാറ്റും.  .

ടെമ്പറേചര്‍ മൈനസ് 6 ലേക്ക് താഴ്ന്നത് എത്ര പെട്ടെന്നാണു. അസ്ഥി തുളയുന്ന തണുപ്പ്. ആ തണുപ്പിലും കൂസാതെ നെഞ്ചും  വിരിച്ചു നില്ക്കുന്ന തടിച്ചികളും തടിയന്മാരും . കൊഴുപ്പിന്റെ ആവരണം കടന്ന് തണുപ്പ് അകത്തേക്കെത്താന്‍ കുറച്ച് സമയമെടുക്കും . അസൂയയോടെ അതും നോക്കി താഴേക്ക് പോകാനായി കേബിള്‍ കാര്‍ വരുന്നതും കാത്ത് ഞാനാ ക്യൂവില്‍ കുളിർന്നു വിറച്ചു നിന്നു .

താഴെ, താഴ്വര നിറയെ വീട്ടിലേക്ക് മടങ്ങുന്ന  ആട്ടിന്‍ പറ്റങ്ങളാണു. അവക്കു പിന്നാലെ തലയും കുമ്പിട്ട് നടന്നു വരുന്ന ബക്കരി വാലകള്‍ .

 ജൂണ്‍ ജൂലൈ ആഗസ്റ്റ് മാസങ്ങളിൽ തങ്ങളുടെ  ആട്ടിന്‍ പറ്റത്തേയും മേച്ച് കൊണ്ട് ഇവരീ മലമുകളിൽ  ഉണ്ടാകും . മഞ്ഞിലും മഴയിലും തണുപ്പിലും ഒറ്റപ്പെട്ട ഒരു ജീവിതം .

 മലമടക്കുകളില്‍ വലിച്ച് കെട്ടിയ പ്ളാസ്റ്റിക് ഷീറ്റുകള്ക്ക് താഴെ കുഞ്ഞു  കുട്ടികളടക്കമുള്ള കുടുംബങ്ങൾ . അവരുടെ കളിയും ചിരിയും നോവും വേദനയുമെല്ലാം തികഞ്ഞ  നിസ്സംഗതയോടെ വീക്ഷിക്കുന്ന മഞ്ഞു മലകള്‍ , അവർക്ക് കൂട്ടിനു പാഞ്ഞൊഴുകുന്ന  നദികള്. ജീവിതം ഇങ്ങനെയൊക്കെയാണു പലർക്കും  എന്ന അറിവ് വേദനിപ്പിക്കുന്നതാണു. ജമ്മുവിൽ നിന്നാണു ബക്കരിവാലകൾ ആട്ടിൻപറ്റത്തേയും കൊണ്ട് ഗുൽമാർഗ്, സോണാമാർഗ്, പഹൽഗം എന്നിവിടങ്ങളിലെ മലമടക്കുകളിൽ ചേക്കേറുന്നത്. മഞ്ഞ് മാറി വെയിൽ തെളിയുമ്പോൾ പുൽമേട്ടിൽ കളിച്ച് തിമർക്കുന്ന കുട്ടികൾ.  പ്രകൃതിയുടെ മാറി മാറി വരുന്ന ഭാവങ്ങളാണു അവരുടെ പാഠശാല.
.
ശ്രീ നഗറില്‍ നിന്നും 83 കിലോമീറ്ററാണു സോണാമാര്ഗിലേക്ക്. ഈ വഴിയത്രയും നിങ്ങളെ എതിരേല്ക്കുക അതിമനൊഹരമായ കാഴ്ചകളാണു. പ്രകൃതിയുടെ നൈസർഗ്ഗിക  സൌന്ദര്യം ​ആസ്വദിച്ച് കൊണ്ടൊരു യാത്ര.

 പൈൻ മരങ്ങൾക്കും ദേവദാരുകൾക്കുമിടയിലൂടെ കുതിച്ചൊഴുകുന്ന നല്ല സിന്ധ്. സിന്ധു നദി. കാണാൻ ഒരു പാടുണ്ട് സോണാമാർഗിലും. സോണാമാർഗിലും പഹാൽഗമിലുമൊക്കെ എത്തിയാൽ പിന്നെ ശരണം അവിടുത്തെ ലോക്കൽ വണ്ടികളാണു. പ്രൈവറ്റ് വെഹിക്കിൾസ് അവിടെ ഓടാൻ അവർ സമ്മതിക്കില്ല. ഒരു ദിവസം കൊണ്ട് നമുക്ക് കാണാനുള്ളത് തജിവാസ് ഗ്ലേസിയർ, ഫിഷ് പോയിന്റ് , നിലാഗ്രാഡ്, ബൽതാൽ, സോജിലാ പാസ്, സീറോ പോയിന്റ് എന്നീ സ്ഥലങ്ങളാണു. ആർത്തി പൂണ്ട വണ്ടിക്കാരുടെ ഒരു പട തന്നെ ഉണ്ടാകും നിങ്ങളെ എതിരേൽക്കാൻ, വില പറയാനും കച്ചവടമുറപ്പിക്കാനും ഉള്ള നിങ്ങളുടെ സാമർത്ഥ്യമനുസരിച്ച് കാശ് കുറയും. 2500- 3000 ത്തിനും ഇടയിൽ ചിലപ്പോൾ അതിനും കുറച്ച് നിങ്ങൾക്ക് പോകാനായേക്കും. 

പ്രകൃതി കനിഞ്ഞനുഗ്രഹിച്ച സ്ഥലങ്ങൾ തന്നെയാണു നിലാഗ്രഡും ബൽത്താലുമൊക്കെ. ബൽത്താലിൽ അമർനാഥ് യാത്രക്കുള്ള ബെയ്സ് ക്യാമ്പുണ്ട്. ഇവിടുന്നും 14 കിലോമീറ്ററാണു അമർനാഥിലേക്ക്. കുറച്ച് മാറി ഇന്ത്യൻ ടെറിറ്ററിയിലെ അവസാനത്തെ ഗ്രാമം. സർബൽ.
 തീപ്പെട്ടി കൂടുകൾ അടുക്കി വെച്ച പോലെ കുറേ വീടുകൾ, ടിൻ ഷീറ്റ് കൊണ്ടാണു മേൽ‌പ്പുര കെട്ടിയിരിക്കുന്നത്. മഞ്ഞ് കാലത്ത് ഈ ഭാഗങ്ങളൊക്കെ തീർത്തും ഒറ്റപ്പെട്ട് പോകുമത്രെ. സൈന്യം മാത്രമേ ഉണ്ടാകൂ ഇവിടങ്ങളിൽ അക്കാലത്ത്.

കാശ്മീർ ലേ ലഡാക് ഹൈവേയിലെ NH 1D ഏറ്റവും ഉയരം കൂടിയ റോഡാണു സോജില. 9 കി.മി റാണു സോണാമാർഗിൽ നിന്നും ഇങ്ങോട്ട്. ഏകദേശം 12,000 അടി ഉയരത്തിൽ.ഇനിയും മുകളിലേക്ക് പോയാൽ സീറോ പോയിന്റായി. ഇനിയങ്ങോട്ട് ലഡാക്കിന്റെ തരിശായ പീഠഭൂമികളാണു. എത്ര വേഗമാണു ഭൂമി തന്റെ കുപ്പായം മാറ്റി വേറൊരു മുഖവുമായ് നമ്മുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നത്. സോജില വരെ പച്ചച്ച കുന്നുകളും ഹരം പൂണ്ട് മതി മറന്നൊഴുകുന്ന നദികളും ആകാശത്തേക്ക് കൈ നീട്ടി പൂത്ത് നിൽക്കുന്ന മരങ്ങളുമായ് ഭൂമിയിങ്ങനെ പ്രണയത്താൽ വിടർന്നു നിൽക്കുന്ന ഒരു സുന്ദരിപ്പെണ്ണിനെ പോലെ മനോഹരിയായിരുന്നു. 

കോൺ വോയ് ആയിട്ടാനു സീറൊ പോയിന്റിലേക്ക് വാഹനങ്ങൾ കടത്തി വിടുക. ഉച്ചക്ക് 2 മണിക്ക്. തിരിച്ച് 5 മണിക്ക് ഇങ്ങോട്ടും.

 1948 ൽ ഇന്തോ പാക് യുദ്ധത്തിൽ പാക് സൈന്യം സോജിലാ പാസ് പിടിച്ചടക്കിയിരുന്നു. പിന്നീട് ടാങ്കറുകളും മറ്റുമായ് പൊരിഞ്ഞ യുദ്ധത്തിനൊടുവിൽ ഇന്ത്യൻ സേന തിരിച്ച് പിടിച്ചതാണു പാസ്. താഴെ നിലാഗ്രാദ് വരെ പാക് സൈന്യം കയറിയിരുന്നു. അന്നവർ ബോം ബിട്ട് തകർത്ത ഒരു പാലത്തിന്റെ അവശിഷ്ടങ്ങൾ ഉണ്ടവിടെ ഇപ്പോഴും.

തജിവാസ് ഗ്ലേസിയറാണു സോണാമാർഗിന്റെ മറ്റൊരു പ്രധാന ആകർഷണം. വണ്ടി താഴെ വരേയേ വരുള്ളു. അവിടന്നങ്ങോട്ട് ഒന്നര കിലോമീറ്ററോളം നടക്കാനുണ്ട്. കൊച്ചു കുട്ടികൾ കൂടെയില്ലെങ്കിൽ,  നിങ്ങൾക്ക് നടക്കാനാവുമെങ്കിൽ നടക്കാം. അല്ലേൽ പോണി റൈഡ്. ആകെ ചളിയും കുതിരച്ചാണകവുമാണു വഴി നീളെ. ചളിയിൽ ചവിട്ടി, ഇടക്കിടക്ക് പെയ്യുന്ന മഴയിൽ നനഞ്ഞ്, ഉരുളൻ കല്ലുകൾ നിറഞ്ഞ പുഴ മുറിച്ച് കടന്ന്, ഇടുങ്ങിയ മരപ്പാലത്തിൽ;

 കുതിരകൾക്കും  ചെമ്മരിയാടുകൾക്കും വഴിയൊഴിഞ്ഞ് , ഇടക്കൊരു കാശ്മീരി കാവ കഴിച്ച് തണുപ്പിനെ പറ്റിച്ച് അങ്ങനെ നടക്കാം. തെന്നിത്തെറിച്ച് നിൽക്കുന്ന ഉരുളൻ കല്ലുകളിൽ ചവിട്ടി മുകളിലെക്ക് കയറിയാൽ മഞ്ഞാണു ചുറ്റും. ഒഴുകിയിറങ്ങി കട്ട പിടിച്ച് പോയ മഞ്ഞ്. 

തണുത്ത് വിറക്കുമെങ്കിലും മഞ്ഞിൽ ചവിട്ടി നടക്കാനും തെന്നി വീഴാനും രസം തന്നെ. സാഹസിക യാത്ര തല്പരർക്ക് പറ്റിയ സ്ഥലമാണു സോണാമാർഗ്. നിരവധി ട്രെക്കിങ്ങ് റൂട്ടുകൾ ഉണ്ട് ഇവിടെ. നല്ല സിന്ധ് നദിയിലെ ട്രൌട്ട് മീൻ പീടിത്തം, റാഫ്റ്റിങ്ങ് എന്നിവയും പരീക്ഷിക്കാവുന്നതാണു.

പഹാൽഗമിലെത്തിയാൽ നദിക്ക് പേർ ലിഡാർ. നദികളിൽ സുന്ദരി,

 പ്രസാദാത്മകമായ പൊട്ടിച്ചിരിയോടെ പാറക്കല്ലുകൾക്ക് മുകളിലൂടെ താഴേക്ക് കുതിക്കുന്ന അവളുടെ ചലനങ്ങളിലെ ചാരുത ഏവരേയും ആകർഷിക്കും. സോണാമാർഗിൽ നിന്നും പഹാൽഗമിലെക്കുള്ള നൂറോളം കിലോമീറ്ററിൽ പകുതിയോളവും ഒളിഞ്ഞും തെളിഞ്ഞും ഇവളും നമുക്കൊപ്പമുണ്ടാകും.


അനന്ത് നാഗ്, കൊക്കെർനാഗ് എന്നീ സ്ഥലങ്ങളിലൂടെയാണു നമ്മൾ കടന്നു പോകുക. ശ്രീനഗറിന്റെ വാണിജ്യ തലസ്ഥാനമാണു അനന്ത് നാഗ്. പഹാൽഗമിലേക്കുള്ള വഴിയിൽ തന്നെയാണു സംഗം ഗ്രാമം. ഇവിടുത്തെ ക്രിക്കറ്റ് ബാറ്റുകൾ ലോക പ്രസിദ്ധമാണു. കാഷ്മീരി വില്ലോ മരങ്ങൾ കൊണ്ടുണ്ടാക്കുന്ന ക്രിക്കറ്റ് ബാറ്റുകൾ ഈ ഗ്രാമത്തെ ലോക പ്രശസ്തിയിലേക്ക് ഉയർത്തിയിട്ടുണ്ട്. അടുക്കടുക്കായ് അട്ടിയിട്ടിരിക്കുന്ന ബാറ്റുകളുടെ കാഴ്ച കൌതുകകരം തന്നെ.

ശ്രീനഗറിൽ നിന്നും പഹാൽഗമിലെക്കുള്ള വഴിയിലാണു അവന്തിപുര ക്ഷേത്രാവശിഷ്ഠങ്ങൾ.

 എ ഡി, 853 മുതൽ 858 വരെ കാഷ്മീർ ഭരിച്ചിരുന്ന അവന്തിവർമ്മൻ എന്ന രാജാവ് നിർമ്മിച്ച വിഷ്ണു ക്ഷേത്രമാണു ഇത്. നൂറ്റാണ്ടുകളായി മണ്ണിനടിയിൽ കിടന്ന ഈ ക്ഷേത്രത്തിന്റെ അവശിഷ്ഠങ്ങൾ ഖനനത്തിലൂടെ കണ്ടെത്തിയതാണു. ക്ഷേത്രചുമരുകളിലെ കൊത്തുപണികൾ കാലത്തെ അതിജീവിച്ച്  സഞ്ചാരികളിൽ കൌതുകമുണർത്തി നിലനിൽക്കുന്നു.

പഹൽഗാമിലെത്തി ലഗേജുകൾ ഹോട്ടലിൽ വെച്ച് നേരെ കുതിരകളെ അന്വെഷിച്ചിറങ്ങി. പഹൽഗാമിലെ ബൈസരൻ വാലി, ദുബിയാൻ, ഫോട്ടൊ പോയിന്റ്, കാശ്മീർ വാലി എന്നിവിടങ്ങളിലേക്ക് എത്തിച്ചേരണമെങ്കിൽ കുതിര സവാരിയെ പറ്റു. 600 രൂപ ഫിക്സെഡ് ചാർജ് എന്നൊക്കെ എഴുതി വെച്ചിട്ടുണ്ടെങ്കിലും തർക്കിച്ചാൽ കുറഞ്ഞു കിട്ടും. ചന്ദൻ വാരി, ആരു വാലി ,ബേതാബ് വാലി എന്നിവിടങ്ങളിലേക്ക് ടാക്സി തന്നെ ശരണം. 

ബേതാബ് എന്ന ഹിന്ദി സിനിമയുടെ പേരിലാണു ഈ താഴ്വാരം അറിയപ്പെടുന്നത്. എങ്ങനെ കാമെറ കൊണ്ട് വെച്ചാലും ഉഗ്രൻ ഫ്രെയിംസ്.. പൈനും ദേവദാരു മരങ്ങളും അതിരിടുന്ന നദിക്ക് കുറുകെ കെട്ടിയ മരപ്പാലങ്ങൾ, 

പച്ചപുതച്ച് പുഞ്ചിരിച്ച് കിടക്കുന്ന  കുന്നിൻ ചെരിവുകൾ, മരങ്ങൾക്കിടയിലൂടെ നീണ്ടു കിടക്കുന്ന വഴിത്താരകൾ. തികച്ചും കാല്പനികമായ ഒരു താഴ്വാരം തന്നെ ബേതാബ് വാലി

ചന്ദൻ വാരിയിൽ നിന്നും അമർനാഥ് യാത്രയുടെ പാത പോകുന്നുണ്ട്. 32 കിലോമീറ്ററാണു ഗുഹയിലേക്ക്. നല്ല കയറ്റമാണു, ഇടുങ്ങിയ പാതയും.കട്ടപിടിച്ച മഞ്ഞിനിടയിലൂടെ കുതിച്ചൊഴുകുന്ന പുഴക്ക് എന്തൊരു ശക്തിയാണു. ഒരു തരം തീക്ഷ്ണ സൌന്ദര്യം, നമ്മെ വലിച്ചടുപ്പിച്ച് കളയും അത്.

 ആരു വാലി കൂടി കണ്ട് പിറ്റേന്ന് ശ്രീനഗറിലേക്ക്, 

ഒരു സ്വപ്ന യാത്ര ഇവിടെ തീരുകയാണു.  ഒരിക്കൽ കൂടി കാശ്മീരിൽ വരണം, ശരത്കാലത്ത് തീയിൽ കുളിച്ച പോലെ ജ്വലിക്കുന്ന ചിനാർമരങ്ങൾക്കിടയിലൂടെ അലസമായി നടക്കാൻ, പൊഴിഞ്ഞ് കിടക്കുന്ന ചിനാറിലകളിൽ ചവിട്ടി കാലപനികതയുടെ ഭ്രമാത്മകമായ അന്തരീക്ഷത്തിൽ സ്വയം നഷ്ടപ്പെടാൻ. മേരാ കാശ്മീർ..!!!.വൊ ഖുദായാ   ലൌട്ടാദേ കാശ്മീർ ദുബാരാ....