Wednesday, December 18, 2013

അതിശയക്കാറ്റ്!!

നിനച്ചിരിക്കാത്ത നേരത്ത് പുറകിലൂടെ വന്ന് വട്ടം പിടിച്ച് അഴിഞ്ഞ് വീണ മുടിച്ചുരുളുകളെ വകഞ്ഞ് മാറ്റി പിൻ കഴുത്തിൽ  ഉമ്മ വെക്കുന്ന ഈ കാറ്റിനെ പ്രണയിക്കാതിരിക്കുന്നതെങ്ങനെ..! ഞാനിവിടെ വരുമ്പോഴൊക്കെയും ഈ കാറ്റുണ്ട് ഇവിടെ. ഗ്രാമത്തിനു മുകളിലൂടെ വട്ടം പറന്ന് , തെരുവുകൾക്കീടയിലൂടെ ചുറ്റി, ജനൽ‌പ്പടിയിൽ വന്ന് മുട്ടിത്തിരിയുന്ന കാറ്റ് !! ഇക്കാണുന്ന കാറ്റൊക്കെയും എവിടുന്ന് വരുന്നുവെന്ന് കണ്ണു മിഴിക്കുന്ന നേരം കൊണ്ട്  ഒരു കാറ്റ് വന്ന് നമ്മുടെ  കണ്ണു പൊത്തിക്കളയും !!!തെന്റ്രൽ, തമിഴ്, താമരഭരണി . ഈ മൂന്ന് ‘ത ‘ കളാണു ഒരു തെങ്കാശിക്കാരന്റെ സ്വകാര്യ അഹങ്കാരം. തെന്റ്രൽ എന്നാൽ കാറ്റ്. പൊതിഗൈ മലനിരകൾക്കിടയിലെ ചരിവിലൂടെ കാറ്റിങ്ങനെ ഒന്നിനു പിറകെ ഒന്നായ് പറന്നു വരും.ഈ പ്രദേശത്ത് സമൃദ്ധമായ് കാണുന്ന ആര്യവെപ്പിനെ തട്ടി ,തഴുകി വരുന്ന ഈ കാറ്റിനുമുണ്ടാകും ഔഷധഗുണം. 

ഇവിടുത്തുകാർ പറയുന്നത് നല്ല ശുദ്ധമാന തമിഴിന്റെ ഉല്പത്തി ഇവിടുന്നാണത്രെ. മലയാളം എല്ലാവർക്കും അറിയാം,എന്നാലും നാക്കെടുത്താ തമിഴേ പേച്ചു. താമര ഭരണി ഒരു സുന്ദരി പുഴയാണു. പൊതിഗൈ മലയിൽ, പാപനാശത്തിനു മുകളിൽ നിന്നും ഉൽഭവം. കോപ്പറിന്റെ സാന്നിദ്ധ്യം ഉണ്ട് വെള്ളത്തിനു. അതിൽ കുളിച്ചാൽ രോഗശമനം എന്നാണു ഐതിഹ്യം. 

കാണാനൊരുപാടുണ്ട് തെങ്കാശിക്കു ചുറ്റും. മണിമുത്താർ ഡാം. മാഞ്ചോല, കുറ്റാലം തെന്മല അങ്ങനെ  കുറേ സ്ഥലങ്ങൾ. കേരളത്തിൽ ഓണം വന്നാലും പെരുന്നാളു വന്നാലും തമിഴന്റെ പോക്കറ്റ് നിറയും എന്ന് പറഞ്ഞപോലെ തന്നെയാണു വെള്ളത്തിന്റെ കാര്യവും. കേരളത്തിൽ മഴ പെയ്താൽ കുറ്റാലത്ത് അറിയും. കുറ്റാലത്തും ടൈഗർ ഫാൾസിലും ഫൈവ്ഫാൾസിലുമൊക്കെ വെള്ളത്തിന്റെ പെരുങ്കളിയാട്ടമാകും അപ്പോൾ. 


കാറ്റടിച്ചൂതുന്ന ഒരു വൈകുന്നേരം ചുമ്മാ ഒരു സവാരിയാകാം വല്ലത്തേക്ക്. ഒരു തനത് തമിഴ് ഗ്രാമത്തിന്റെ ഭംഗിയും ചൊടിയുമുണ്ട് വല്ലത്തിനു. പച്ചച്ച പാടങ്ങളും അവക്ക് കാവലായ് നിരന്നു കിടക്കുന്ന മലനിരകളും കണ്ണിനും മനസ്സിനും കുളിർമ്മയേകും. പൊട്ടിപ്പൊളിഞ്ഞ നിരത്തിലൂടെ കിതച്ച് നീങ്ങുന്ന കാളവണ്ടികൾ. തെരുവിലേക്ക് തുറക്കുന്ന വാസൽ‌പ്പടിയിൽ കോലം വരക്കുന്ന സ്ത്രീകൾ. കറപുരളാത്തൊരു നാട്ടിൻപുറം.


ഏതൊരു ഇന്ത്യൻ ഗ്രാമത്തിലും ; അത് ബീഹാറിലെയോ ബംഗാളിലെയോ ഉത്തർപ്രദേശിലൊ എവിടെ വേണേലും ആകട്ടെ; ആ ഗ്രാമത്തിലെ സ്ത്രീകളാണു ഒരോ വീടുകളിലേയും ഊർജ്ജം. സ്വന്തം വയർ മുറുക്കിയുടുത്ത് അഞ്ചപ്പം കൊണ്ട് ഒരു വീട്ടിലെ പത്ത് പതിനാലു വയറുകളെ ഊട്ടുന്ന മാന്ത്രിക വിദ്യ അവൾക്കറിയാം.  !   വല്ലത്തേയും സ്ഥിതി വ്യത്യസ്തമല്ല. ഗ്രാമത്തിലെ ബീഡിക്കമ്പനിയിൽ നിന്നും കൊടുക്കുന്ന പുകയില വെട്ടി ബീഡി തെറുത്ത് ദിവസവും 150 രൂപയോളം അവളുണ്ടാക്കുന്നു. പുരുഷൻ എങ്കൈ എന്ന ചോദ്യത്തിനു ഏതാവത് വേല കെടച്ചാ പോകും, ഇല്ലാമെ എന്നാ പണ്ണുവേ എന്ന മറുപടി. അത് ശരിയായിരുന്നു. മടങ്ങുന്ന വഴിക്ക് റോഡ് സൈഡിലെ കലുങ്കിനടിയിൽ കളം വരച്ച് കല്ലു കളിക്കുന്ന അഞ്ചാറ് ആണുങ്ങൾ. എന്നാ പണ്ണും. അവർക്ക് വേലയൊന്നും കെടക്കാത് !!


തെങ്കാശി എന്നാൽ തെക്കൻ കാശി എന്നാണർത്ഥം. പട്ടണത്തിനു നടുക്ക് പടുകൂറ്റൻ ഗോപുരത്തോട് കൂടി പ്രൌഢ ഗംഭീരമായ ഒരു അമ്പലമുണ്ട്. കാശി വിശ്വനാഥ ക്ഷേത്രം. 

ഗോപുരത്തിലെ കൊത്തുപണികൾ മനോഹരമാണു.മുല്ലപ്പൂവിന്റെയും ചന്ദനത്തിരികളുടെയും മണമാണു ആ തെരുവിനു.
തെങ്കാശിയിൽ നിന്നും 35 കിലോമീറ്ററുണ്ടാകും ശെർവലാർ- കാരയാർ ഡാമിലെക്ക്. മുൻ കൂട്ടി അനുവാദം വാങ്ങിയാൽ നിങ്ങൾക്ക് കാട്ടിനകത്തെ ഗസ്റ്റ് ഹൌസിൽ രാത്രി തങ്ങാം. സ്പോട്ട് ലൈറ്റൊക്കെ വെച്ച് രാത്രി കാട്ടിലൂടെ ഒരു  സവാരി. ടൈഗർ റിസെർവ് ആണത്. ആനയും മാനും, പുലിയും  കാട്ടുപോത്തുമൊക്കെ മുന്നിൽ വന്നു പെട്ടാൽ കൊഞ്ചം തമിഴ് പേശാം. 

കേരളത്തിന്റെ മഴനിഴൽ പ്രദേശമാണു തെങ്കാശി. കേരളത്തിൽ മഴ പെയ്താൽ തെങ്കാശിയിൽ ചാറൽ മഴ പെയ്യും. ആകാശത്തോളം കൈകൾ ഉയർത്തി കാറ്റിനെ പിടിച്ച് കെട്ടാൻ നിൽക്കുന്ന പടുകൂറ്റൻ കാറ്റാടികളാണു ഈ  പ്രദേശ ത്തിന്റെ മറ്റൊരു പ്രത്യേകത. ദൂരേന്ന് നോക്കിയാൽ മലഞ്ചെരുവുകളിൽ ആകാശത്തേക്ക് പറന്നുയരാൻ ചിറകുകൾ വിടർത്തി നിൽക്കുന്ന ആയിരക്കണക്കിനു കൊറ്റികളെ പോലെ കാറ്റാടിപ്പാടങ്ങൾ !! കാറ്റിനെ കറന്ന് കറന്റെടുക്കുക !!!. കാറ്റുള്ളടെത്തോളം കറന്റിനു ക്ഷാമം ഉണ്ടാകില്ല. പക്ഷെ നല്ല നിലയിൽ പ്രവർത്തിച്ചിരുന്ന പല കാറ്റാടിനിലയങ്ങളും ഇപ്പോൾ നിശ്ചലമാണു. സർക്കാർ സഹകരിക്കുന്നില്ലയെന്നു. അവരിപ്പോൾ സൌരോർജ്ജത്തിനു പിന്നാലെയാണു. സൌരോർജ്ജം അയൽനാടിനെ പൊള്ളിച്ചത് അവരറിഞ്ഞിട്ടുണ്ടാവില്ല!! മലയാളം തെരിയാത്  കണ്ണേ.

ദൈവം നമുക്ക് തരുന്ന അനുഗ്രഹങ്ങളാണു കാറ്റും മഴയും വെയിലും ഒക്കെ. അത് അറിഞ്ഞുപയോഗിക്കുന്നതിനു പകരം കേവല സാമ്പത്തിക രാഷ്ട്രീയ ലാഭങ്ങൾക്കായ്  അവക്ക് പുല്ലുവില കൽ‌പ്പിച്ചാൽ ഇല്ലാതാകുന്നത് മനുഷ്യകുലം തന്നെയാണു. ഒരു അണു ഉലൈയുടെ ആവശ്യം നമുക്കുണ്ടൊയെന്ന് ഒന്നുകൂടെ പുനരാലോചിക്കുന്നത് തന്നെയാണു നല്ലു.

ഈ കാറ്റിനെ ഞാൻ വല്ലാതെ സ്നേഹിക്കുന്നുണ്ടിപ്പോൾ. അകലെ മലഞ്ചെരുവിൽ നിന്നും കാറ്റ് വരുന്ന ശബ്ദം കണ്ണടച്ച് നിന്നാലും കേൾക്കാനാകും. ചുമ്മാ കണ്ണടച്ച് കൈയും കെട്ടി നിൽക്കുക. അങ്ങനെ നിൽക്കുമ്പോൾ  പതിയെ കാറ്റ് വന്നു ചെവിയിലൂതും.കണ്ണു തുറക്കാതെ പതിയെ മുഖമുയർത്തുക. തെന്റ്രൽ വന്ന് നമ്മെ തൊടും നേരം ഒരാൾ കൂടിയുണ്ടാകും പലപ്പോഴും കൂട്ടിനു. സാറൽ. ആകാശത്തു നിന്നും നൂലുപോലെ പൊഴിഞ്ഞ് ചിതറുന്ന മഴതുള്ളികൾ. തെങ്കാശിയുടെ മാത്രം പ്രത്യേകതയാണത് . സാറൽ. (Drizzling) ജൂൺ ജൂലായ് ആഗസ്റ്റ് മാസങ്ങളിലാണു തെങ്കാശിയിലെ സീസൺ. അന്നേരം ഈ സാറൽ നനയാൻ വേണ്ടി മാത്രം ഭുഖണ്ഡങ്ങൾക്കപ്പുറത്ത് നിന്നും സന്ദർശകരെത്തും. ഒരു സാറൽ മഴൈ നനഞ്ഞ് ,കാറ്റിനൊട് കിന്നാരം പറഞ്ഞ് അങ്ങകലെ കാണുന്ന കുന്നിൻ ചെരുവിൽ മേഘങ്ങൾ ഉമ്മ വെക്കുന്നതും നോക്കി എത്ര വേണേലും ഇരിക്കാം. ബോറടിക്കമാട്ടേൻ...

** പുനലൂർ നിന്നും തെന്മല, ആര്യങ്കാവ് ,ചെങ്കോട്ട വഴി തെങ്കാശിയിലെത്താം. ഗുരുവായൂർ നിന്നും പുനലൂർ വരെ ട്രെയിൻ ഉണ്ട്.**
--