Friday, June 15, 2012

ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ ഒരു യാത്ര...


“ ബാബീ ആപ് ചായ് നഹി പിയാ, ക്യോം..ഹം ലോഗ് ഗരീബേ,
ഖര്‍ തോ ചോട്ടാ ഹേ..ഇസ് ലിയെ......? .”

എനിക്ക് മുന്നിലിരുന്ന ആ പെണ്‍കുട്ടിയുടെ ചോദ്യം കേട്ടപ്പോള്‍
ചവര്‍പ്പ് കാരണം കുടിക്കാനാവാതെ വെച്ചിരുന്ന
വെള്ളം ഒറ്റവലിക്ക് ഞാനെടുത്ത് കുടിച്ചു. പിന്നാലെ ചായ കുടിച്ച്
ഗ്ലാസ്സ് തിരികെ കൊടുക്കുമ്പോള്‍ ചിരി വറ്റിപ്പോയിരുന്നു
എന്റെ ഉള്ളില്‍.


വെസ്റ്റ് ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ
ഔറംഗാബാദ് എന്ന ഗ്രാമത്തിലായിരുന്നു ഞങ്ങള്‍, വിഷന്‍ 2016 ന്റെ
ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ ആത്മാവിലേക്കൊരു യാത്ര എന്ന
പരിപാടിയില്‍ അംഗമാകുമ്പോഴെ ഉറപ്പിച്ചിരുന്നു ഇതെന്റെ കാഴ്ച്ചപ്പാടുകളെ,
ചിന്തകളെയൊക്കെ മാറ്റിമറിക്കുമെന്ന്..., പക്ഷെ ഇന്ത്യന്‍ ഗ്രാമങ്ങളുടെ
സ്ഥിതി, ജനങ്ങളുടെ ജീവിതം ,ഇത്രത്തോളം ദയനീയമാകുമെന്ന് ഞാന്‍
സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

ഇന്ത്യയുടെ ഒട്ടുമിക്ക പട്ടണങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഞാന്‍ പോയിട്ടുണ്ട്,
അന്നൊക്കെ ഇന്ത്യയുടെ മറ്റൊരു
മുഖമാണു ഞാന്‍ കണ്ടത്, ആഘോഷങ്ങളുടെ, ധാരാളിത്തത്തിന്റെ ,
പ്രൊഢിയുടെ വര്‍ണാഭമായ മായക്കാഴ്ചകള്‍.
കോട്ടക്കൊത്തളങ്ങള്‍, ആകാശം മുട്ടുന്ന മിനാരങ്ങള്‍,
തെരുവുകളിലൂടെ ആടിയും പാടിയും നീങ്ങിക്കൊണ്ടിരിക്കുന്ന
ജനങ്ങള്‍, ഒരിക്കലും ഉറങ്ങാത്ത നഗരവീഥികള്‍.....
പക്ഷെ ഇപ്പോള്‍ ബംഗാളിലേയും ബീഹാറിലേയും ഗ്രാമങ്ങളിലൂടെ
കടന്നു പൊയപ്പോള്‍, അവരുടെ വീടുകളുടെ
അകത്തേക്ക് കടന്നു ചെന്നപ്പോള്‍ എനിക്കോര്‍മ്മ വന്നത് ഇന്ത്യയുടെ
നവോത്ഥാനം തുടങ്ങേണ്ടത് നഗരങ്ങളില്‍ നിന്നല്ലാ എന്നും അതിവിടത്തെ
ഗ്രാമങ്ങളില്‍ നിന്നുമാണെന്ന് പറയുകയും അതിനു വേണ്ടി പരിശ്രമിക്കുകയും
ചെയ്ത ഒരു കുറിയ മനുഷ്യനേയാണു; ഗാന്ധിജിയെ..., അന്ന് വിഭജനത്തിനു
ശേഷം ബ്രിട്ടീഷുകാര്‍ കട്ടു കടത്തിക്കൊണ്ട് പോയതിന്റെ ബാക്കി സാധനസാമഗ്രികള്‍ ,
പെന്നുകളും മഷിക്കുപ്പിയുമടക്കമുള്ള വസ്തുവകകള്‍
പങ്കിട്ടെടുക്കുന്ന തിരക്കിലായിരുന്നു ജിന്നയും പട്ടേലും നെഹ്രുവുമൊക്കെ,
ഇതിലൊന്നും ഭാഗഭാക്കാവാതെ ഗാന്ധിജി ഗ്രാമങ്ങളിലെ ജനങ്ങളെ
കക്കൂസുണ്ടാക്കുന്നത് പഠിപ്പിക്കുകയായിരുന്നു....!! അവിടുന്ന് അവര്‍
മുന്നോട്ട് പോയിട്ടേയില്ല... ആ ഗ്രാമങ്ങളിലൊന്നും ഇപ്പൊഴും
ഒറ്റകക്കൂസു പോലുമില്ല...!!!!നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ....എന്ന്
നമ്മെ പാടിപ്പഠിപ്പിച്ച ഒരു പ്രസ്ഥാനത്തിന്റെ വക്താക്കള്‍ നീണ്ടകാലം
ഭരിച്ച ഒരു സ്ഥലമാണു ബംഗാളെന്ന് , ആ ഗ്രാമങ്ങളുടെയും ജനങ്ങളുടെയും
അവസ്ഥ കണ്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം. വയലും കൃഷിയുമൊക്കെ
എമ്പാടുമുണ്ട്. അതൊക്കെ ജമീന്ദാറുടെയും ഠാക്കൂറുമാരുടേതുമാണെന്ന് മാത്രം.


അവിടെ പണിയുണ്ടെങ്കില്‍ മെയ് മറന്ന് പണിയാം, തുഛമായ കൂലിക്ക്,
അല്ലെങ്കില്‍ പട്ടിണി. വെസ്റ്റ് ബംഗാളിലെ മാല്‍ഡ പ്രവിശ്യയില്‍ ഉള്‍പ്പെട്ട
ഗ്രാമങ്ങളാണു ഡാക് ബംഗ്ല, റാണി നഗര്‍, ശങ്കര്‍പൂര്‍ എന്നിവ.
ഒന്നിനൊന്ന് കഷ്ടമാണു ഓരോയിടത്തേയും അവസ്ഥ. ഒരു ജനതയെ ജീവിതകാലം
മുഴുവന്‍ അന്ധകാരത്തിലാഴ്ത്താന്‍ ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം വിദ്യാഭ്യാസം
നിഷേധിക്കുക എന്നതാണു. അത് കാലാകാലമായ് ഭരണകൂടം വളരെ
നന്നായിതന്നെ ചെയ്യുന്നുണ്ട്. എന്നാലല്ലെ വോട്ട് ബാങ്ക് നിലനില്‍ക്കൂ..


ഇനി സ്കൂളുകള്‍ ഉള്ളിടത്താകട്ടെ പഠിപ്പ് എന്നൊരു സംഗതി ഇല്ലാത്രെ.!!
റാണി നഗറില്‍ വെച്ച് ചുറ്റും കൂടിയ പയ്യന്മാരില്‍ ഒരുത്തന്‍ പറഞ്ഞത്
പഠിപ്പിക്കുന്ന ഒരു ടീച്ചറെ വേണം ഞങ്ങള്‍ക്ക് എന്നാണു, ഒരുപാട്
പേരോട് പറഞ്ഞു നോക്കിയിട്ടും നടക്കുന്നില്ലായെന്ന്.., അവനത് പറഞ്ഞപ്പൊ
ഞാനോര്‍ത്തത് എന്റെ മോനേയാണു, എന്തെല്ലാം സൌകര്യങ്ങളാണു
നമ്മുടെയൊക്കെ മക്കള്‍ക്ക്....


(ബംഗാളില്‍ കുട്ടികളെ സ്കൂളില്‍ കൊണ്ട്പോകാന്‍ ഉപയോഗിക്കുന്ന വണ്ടി)

ശങ്കര്‍പൂരില്‍ വിഷന്‍ നടത്തുന്ന ഒരു റെസിഡന്‍ഷ്യന്‍ സ്കൂളുണ്ട്,
കുറെയധികം കുട്ടികളുണ്ട് അവിടെ,റാണിനഗറില്‍ മലയാളിയായ
ഒരു എഞ്ചിനീയര്‍ ഇരുപത്തഞ്ചോളം ഏക്കര്‍ സ്ഥലം വാങ്ങി വിഷനു
കൈമാറിയിട്ടുണ്ട്. അവിടെ വീടുകളും ആശുപത്രി തുടങ്ങിയവ സ്ഥാപിക്കുന്നതിന്റെ
പ്രാരംഭ പ്രവര്‍ത്തനത്തിലാണു വിഷന്‍ പ്രവര്‍ത്തകര്‍.ഡാക് ബംഗളായില്‍
കുറെയധികം വീടുകളുടെ പണി നടന്നു കൊണ്ടിരിക്കുന്നുമുണ്ട്.
കടലില്‍ കായം കലക്കിയ പോലെയേ ആവുന്നുള്ളു ഇതൊക്കെ,
പാവപ്പെട്ടവരില്‍ നിന്നും അര്‍ഹരായവരെ തെരഞ്ഞെടുത്താണു വീടുകളും
തൊഴില്‍ സാമഗ്രികളുമൊക്കെ വിതരണം ചെയ്യുന്നത്, സത്യം പറഞ്ഞാല്‍
എല്ലാവരും സഹായത്തിനു അര്‍ഹരാണു, ഒരു എന്‍ ജി ഒ സംഘടന
വിചാരിച്ചാലും അതിനു കഴിയില്ല, അത്രക്കുണ്ട് കഷ്ടപ്പെടുന്നവര്‍.
സര്‍ക്കാര്‍ തലത്തില്‍ നിന്നു തന്നെ സഹായം എത്തേണ്ടിയിരിക്കുന്നു.


ഗ്രാമത്തിലൊരിടത്തും ആശുപത്രികളില്ല, ഉള്ളത് തന്നെ അന്‍പതും
അറുപതും കിലോമീറ്ററുകള്‍ അപ്പുറത്താണു, എത്തിപ്പെടുക അസാധ്യം,
മിക്ക പ്രസവങ്ങളും നടക്കുന്നത് വീട്ടില്‍ വെച്ച് തന്നെ. അമ്മക്കും കുഞ്ഞിനും
ഭാഗ്യമുണ്ടെങ്കില്‍ ജീവന്‍ കിടക്കും. നസ് ബന്ധി എന്നൊരു ഏര്‍പ്പാട് അവരുടെ
ഇടയില്‍ ഇല്ല. എനിക്ക് മുന്നില്‍ നിന്ന കൌമാരം വിടാത്ത ഒരു
ഗര്‍ഭിണിയോട് ഞാന്‍ ചോദിച്ചു ഇതെത്രാമെത്തേതാണെന്ന്...
വിരല്‍ മടക്കി അവള്‍ പറഞ്ഞു നാലെന്ന്, എന്റെ നോട്ടം കണ്ടാവണം
അടുത്തിരുന്ന അവളുടെ ഭര്‍ത്താവ് കൈയുയര്‍ത്തി കാ കരേ..ഊപ്പര്‍ വാല
ദേത്തേ ഹേനാ..എന്നു പറഞ്ഞപ്പോള്‍ എനിക്കവന്റെ മൂഞ്ചിക്കിട്ടൊന്ന്
കൊടുക്കാന്‍ തോന്നി. പക്ഷെ ഞരമ്പെഴുന്നു നില്‍ക്കുന്ന കൈകള്‍ കൊണ്ട്
വീര്‍ത്തുനില്‍ക്കുന്ന വയറും താങ്ങി ആ പെണ്‍കുട്ടി പറഞ്ഞത് കേട്ടപ്പോള്‍
ഞാന്‍ ഒരു നിമിഷം തരിച്ചു നിന്നു പോയി.
സിന്തഗി പേ കോയി കുശി നഹി, രംഗി കപടാ, മകാന്‍ ,
ഖാനാ ഭി കമി. ഫിര്‍ കൈസേ മെനെ ഇസ് സെ
യെ ഭി മനാ കര്‍ സക്തി....? ഞാന്‍ മരിച്ചു പോകുമെങ്കില്‍
പോയ്ക്കോട്ടേന്ന് അവള്‍ പറഞ്ഞപ്പോള്‍ എന്റെ
നാവിറങ്ങിപ്പോയി.

മാല്‍ഡ റെയില്‍ വെ സ്റ്റേഷനില്‍ നിന്നും ബീഹാറിലെ അരാഡിയയിലേക്കുള്ള
യാത്രയില്‍ ചൂടും, ഉറക്കമില്ലായ്മയും നീണ്ട യാത്രയുമൊക്കെ കാരണം
എല്ലാവരും ക്ഷീണിച്ചു പോയിരുന്നു. ബീഹാറില്‍ രണ്ട് ദിവസം ഉണ്ടായിരുന്നു
ഞങ്ങള്‍. മേധാപുര, പുര്‍ണിയ, സുപോല്‍ എന്നീ ജില്ലകളിലെ
ഗ്രാമങ്ങളിലേക്കായിരുന്നു ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്നത്.
ഗ്രാമങ്ങളൊക്കെ ബംഗാളില്‍ കണ്ട പോലെ തന്നെ, ദാരിദ്ര്യവും
പട്ടിണിയും തൊഴിലില്ലായമയും കൊണ്ട് വരണ്ട് ഓജസ്സ്
വറ്റിയ ഗ്രാമങ്ങള്‍.

വൈദ്യുതി എന്നത് മിക്കസ്ഥലത്തും
ആര്‍ഭാടമാണു. ആഴ്ചയില്‍ ഒന്നോ രണ്ടോ മണിക്കൂറോ
ആണത്രെ കറന്റ് വരിക. കുട്ടികളൊക്കെ പോത്തിന്റെ പുറത്താണു,
ഒന്നുകില്‍ അവരുടെ അല്ലെങ്കില്‍ ജമീന്ദാരുടെ,
അതിനെ മേക്കലാണു പ്രധാന പരിപാടി. സ്കൂളില്‍ പോക്ക് വല്ലപ്പോഴും..

കക്കൂസോ കുളിമുറിയോ ആര്‍ക്കും ഇല്ല, ഒരു നാലു ചുവരിന്റെ മറ
ഉണ്ടായിരുന്നെങ്കില്‍ “ആ ദിവസങ്ങളിലെ “ കഷ്ടപ്പാട്
കുറച്ച് കുറഞ്ഞേനേം എന്നാണു യുവതിയായ ഒരു വീട്ടമ്മ പറഞ്ഞത്. .
ദിനേന പലവട്ടം സാനിറ്ററി നാപ്കിനുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യം
കാണുന്ന എനിക്കോ നിങ്ങള്‍ക്കൊ അവരുടെ വിഷമം ഉള്‍ക്കൊള്ളാനാകുമോ...
“ ആ ദിവസങ്ങളില്‍ “ അവരാഗ്രഹിക്കുന്നത് സ്കൂട്ടറോടിക്കാനോ മതിലു
ചാടാനോ ഒന്നുമല്ല ! രക്തം പുരണ്ട തുണി മാറ്റാനും
കഴുകാനും അല്പം സ്വകാര്യത മാത്രമാണു !! പണ്ട് രാജസ്ഥാനിലെ
ഒരു ഗ്രാമത്തില്‍ വെച്ച് ഒരു സ്ത്രീ പറഞ്ഞത്
വെള്ളമില്ലാത്തത് കാരണം ആ ദിവസങ്ങളില്‍ അവരുപയോഗിക്കുക
മണല്‍ സഞ്ചികളാണെന്ന്...!!! , കിലോമീറ്ററുകള്‍
താണ്ടി വേണം വെള്ളം കൊണ്ട് വരാന്‍. ഇങ്ങനേയും ആളുകള്‍
ജീവിക്കുന്നുണ്ട് നമ്മുടെ രാജ്യത്ത്, അവരുടെ മുന്നിലേക്കാണു
ചാനലുകള്‍ ഈ മായക്കാഴ്ചകള്‍ തുറന്നുവിടുന്നത് !!!!

ബീഹാരിലെ സുപോല്‍ ജില്ലയിലാണു കോസി നദി,


ബീഹാറിന്റെ ശാപമാണു ഈ നദി, വെള്ളപ്പൊക്കം കാരണം തീരാദുരിതമാണു.
കഴിഞ്ഞ 2008 ആഗസ്റ്റിലെ വെള്ളപ്പൊക്കത്തില്‍ അയ്യായിരം
പേരാണു ഇവിടെ ഒലിച്ച് പോയത്. ആടുമാടുകള്‍
വേറേയും.നദിയുടെ കരയിലും നദിക്ക് നടുവിലെ കൊച്ചു തുരുത്തിലും
ഒക്കെയാണു ആളുകള്‍ കഴിയുന്നത്, വെള്ളം പൊങ്ങിയാല്‍
ഒലിച്ച് പോകും എന്നത് സുനിശ്ചയം. എന്നിട്ടും അവരവിടെ തന്നെ
നില്‍ക്കുന്നത് പോകാന്‍ വേറെ സ്ഥലമില്ല എന്നത് കൊണ്ട്
മാത്രമാണു. കുഞ്ഞു കുട്ടികളും വയസ്സാവരും അടക്കം നിരവധി ആളുകള്‍
തിങ്ങി താമസിക്കുന്നുണ്ട് അവിടെ, വല്ലാത്തൊരു
കാഴ്ചയായിരുന്നു അത്, പണമില്ലാത്തവന്‍ പിണം എന്നത് എത്ര സത്യം.


പൊതു ഖജനാവില്‍ നിന്നും കാശെടുത്ത്
കുടുംബ സമേതം തേരാപാര വിദേശയാത്ര നടത്താനും കട്ടുമുടിക്കാനും
മാത്രം മിടുക്ക് കാട്ടുന്ന നമ്മുടെ ഭരണാധികാരികളുടെ കണ്ണു തുറക്കാന്‍
എന്തുണ്ട് പോംവഴി...?
ബീഹാറില്‍ നിന്നും നേപ്പാളിലേക്കുള്ള യാത്രയില്‍ ഇടക്ക്
ഞങ്ങള്‍ ബംഗാളിലെ നക്സല്‍ബാരി ഗ്രാമത്തിലൂടെ കടന്നു
പോയിരുന്നു. കനുസന്യാലും ചാരുമംജുദാറുമൊക്കെ ജീവന്‍
കൊടുത്ത ഒരു പ്രസ്ഥാനം ഉയിര്‍കൊണ്ട ഇടം.


മാവോയിസ്റ്റുകളാണു ഇപ്പോള്‍ ബംഗാളിലും ബീഹാറിലും
ഭീതി പരത്തുന്നത്. ദാരിദ്ര്യത്തിലും കടുത്ത അവഗണയിലും
കിടന്നുഴലുന്ന ഒരു ജനവിഭാഗത്തെ ബ്രെയിന്‍ വാഷ് ചെയ്യാന്‍
എളുപ്പമാണു. അവര്‍ ചാവേറാകും, പൊട്ടിത്തെറിക്കും കാരണം
അവര്‍ക്ക് നഷ്ടപ്പെടാന്‍ കൂടുതലൊന്നുമില്ല.

അരാഡിയയില്‍ നിന്നും നേപ്പാള്‍ ബൊര്‍ഡറിലേക്ക് നാല്പത്തഞ്ച്
കിലോമീറ്ററേ ഉള്ളൂ, മെച്ചി റിവറിന്റെ അപ്പുറത്തും
ഇപ്പുറത്തുമായ് രണ്ട് രാജ്യങ്ങള്‍. ഇപ്പുറം ബംഗാളിലെ പാനിടാങ്കി
എന്ന ചെറിയ പട്ടണം, പുഴക്കപ്പുറത്ത്
നേപ്പാളിലെ കാക്കര്‍ബീഠാ എന്ന അതിര്‍ത്തിഗ്രാമം.

ഒരു നദിയുടെ അപ്പുറവും ഇപ്പുറവുമുള്ള ആളുകള്‍ക്ക്
ഭാഷയിലും സംസ്കാരത്തിലും മുഖച്ഛായയിലും എന്തൊരു അന്തരം..!!
നേപ്പാളില്‍ കടക്കാന്‍ വിസയും പാസ്പോര്‍ട്ടുമൊന്നും
വേണ്ട, നേരെ മെച്ചിപാലം കടന്നാല്‍ നേപ്പാളായി.


ഇവിടുന്ന് കാഠ്മണ്ഢുവിലേക്ക് അറുന്നൂറ് കിലോമീറ്ററാണു റോഡ്
മാര്‍ഗ്ഗം. ചെറിയൊരു ടൂറിസ്റ്റ് സ്പോട്ടാണു കാക്കര്‍ബീഠാ, അതുകൊണ്ട്
തന്നെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചമാണു.
ഒരു ഓമ്ലെറ്റിനു മുപ്പത് രൂപയും ചായക്ക് ഏഴുരൂപയും വെച്ച് വില്‍പ്പന തകൃതി.
ഇന്ത്യന്‍ രൂപക്ക് പകരം നേപ്പാള്‍ കറന്‍സി
എക്സ്ചേഞ്ച് ചെയ്യുന്നവരും നിരവധി. പാരിസ്ഥിതിക പ്രശ്നങ്ങള്‍,
സാംസ്കാരികാ‍ധിനിവേശം എന്നിവയൊക്കെ ടൂറിസത്തിന്റെ
ഉപോല്‍പ്പന്നങ്ങളായ് ചുണ്ടിക്കാണിക്കാറുണ്ടെങ്കിലും , ടൂറിസം കൊണ്ട്
ജനങ്ങളുടെ പട്ടിണി മാറുമെങ്കില്‍ അത് തന്നെ
നല്ലത്. അവരും ജീവിക്കട്ടെ മനുഷ്യരെ പോലെ...

ഈ യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും ഒരുപാട് കാലത്തേക്ക്
എന്നെ പിന്തുടരും എന്ന് തീര്‍ച്ച. എന്റെ എല്ലാ
അഹങ്കാരങ്ങളും പുറം പൂച്ച്കളും അഴിഞ്ഞ് പോയിരിക്കുന്നു.
വളരെ പരിമിതമായ വസ്തുക്കള്‍ മതി മനുഷ്യര്‍ക്ക് ജീവിക്കാന്‍
എന്ന അറിവ് തന്നെ ധാരാളം. ഇല്ലായ്മകളെ പറ്റി ഞാനിപ്പോള്‍
ആലോചിക്കാറില്ല, മറിച്ച് ദൈവം എനിക്ക് നല്‍കിയ
അനുഗ്രഹങ്ങളെ കുറിച്ച് ഏറെ ബോധവതിയാണു താനും.

ഇതുപോലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഇറങ്ങിചെല്ലലുകള്‍
നല്ലതാണു ഇടക്ക്, അത് നമ്മെ ജീ‍വിതത്തെ
സ്നേഹിക്കാന്‍ പഠിപ്പിക്കും, മറ്റുള്ളവരെ സ്നേഹിക്കാനും.

(***നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്.)

81 comments:

 1. തിളങ്ങുന്ന ഇന്‍ഡ്യ എവിടെ? മുല്ല നേരില്‍ കണ്ട ഈ തിളക്കമറ്റ കാഴ്ച്ചകള്‍ എവിടെ? പുറത്തേയ്ക്കൊന്നും യാത്ര പോകാത്തതിനാല്‍ ടെലിവിഷനില്‍ കാണുന്ന മായികലോകത്തിനടിമകളായി ലഹരിപിടിച്ചിരിക്കുമ്പോള്‍ മുല്ല ഇങ്ങനെ റിയാലിറ്റിയുടെ നേര്‍ക്ക് ജനാല തുറന്നിട്ടാല്‍ ഞങ്ങള്‍ കണ്ട തിളക്കമൊക്കെ അസ്തമിച്ചുപോകുമല്ലോ. ചിന്തിപ്പിക്കുന്ന വാക്കുകള്‍ക്കും പച്ചയ്ക്ക് സത്യങ്ങള്‍ പറയുന്ന ഫോട്ടോകള്‍ക്കുമൊക്കെ താങ്ക്സ്. വിഷന്‍ 2016 വന്‍വിജയമായിത്തീരട്ടെ. വിഷന്‍ യാഥാര്‍ത്ഥ്യമായിമാറട്ടെ.

  "ഒരു ജനതയെ ജീവിതകാലം
  മുഴുവന്‍ അന്ധകാരത്തിലാഴ്ത്താന്‍ ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം വിദ്യാഭ്യാസം
  നിഷേധിക്കുക എന്നതാണു. അത് കാലാകാലമായ് ഭരണകൂടം വളരെ
  നന്നായിതന്നെ ചെയ്യുന്നുണ്ട്. എന്നാലല്ലെ വോട്ട് ബാങ്ക് നിലനില്‍ക്കൂ.."

  ദൈവമെ, ഞങ്ങടെ മുല്ലയെ കള്ളസഖാക്കന്മാരുടെ കയ്യില്‍ നിന്ന് കാത്തോളണെ

  ReplyDelete
 2. ദൈന്യതയുടെ മുഖം പലപ്പോഴും നേരില്‍ കണ്ടിട്ടുണ്ട് .ഈ ലേഖനം അന്നൊക്കെ ഉള്ളില്‍ എരിയിച്ച കനലിനെ ആളിക്കത്തിച്ചു .പാര്ശ്വവല്‍ക്കരിക്കപ്പെടുന്ന ജനതയുടെ കണ്ണീര്‍ തുടക്കാനാര് ?ആ ചോദ്യം ഉത്തരമില്ലാതെ ഇപ്പോഴും ഉള്ളില്‍ ബാക്കിയാകുന്നു ..

  ReplyDelete
 3. ഇന്ത്യയുടെ ആത്മാവിലേക്ക് മുല്ല നടത്തിയ യാത്രയും അവിടുത്തെ നിലക്കാത്ത ഗദ് ഗ്ദങ്ങളുടെ മുഴക്കവും ആണ് ഈ പോസ്റ്റിലൂടെ പങ്കു വെച്ചത്

  ReplyDelete
 4. എല്ലാം ഒരു വീര്‍പ്പില്‍ പറഞ്ഞവസാനിപ്പിക്കണമായിരുന്നോ...? :)

  അറിയാത്ത ഇന്ത്യയുടെ, അറിഞ്ഞിട്ടും അറിയില്ലെന്ന് നടിക്കുന്ന ഭരണാധികാരികളുടെ , അറിയാത്ത പറയാത്ത കഥകള്‍ ഇനിയും കാണും.

  ലേഖനം നന്നായി .

  ആശംസകള്‍

  ReplyDelete
 5. ഇതാണ് ഇന്ത്യ.. അക്ഷരങ്ങള്‍ അച്ചടിച്ചുകൂട്ടിയ പുസ്തകത്താളുകളില്‍ നിന്നും നമുക്ക് പഠിക്കാന്‍ കഴിയാത്ത ഇന്ത്യയുടെ ആത്മാവ്.. (കടപ്പാട് : രണ്‍ജി പണിക്കര്‍)

  മുന്‍പൊരിക്കല്‍ ഹരിയാണയിലെ ഒരു സുഹൃത്ത് പറഞ്ഞു ദിവസത്തില്‍ 12 മണിക്കൂറോളം കറന്റ് ഇല്ലാത്ത ഹരിയാനയിലെ ഗ്രാമങ്ങളെ കുറിച്ച്. ഇവിടെ അരമണിക്കൂര്‍ കറന്റ് കട്ട് വരുമ്പോഴെക്കും അലറിവിളിക്കുന്ന മലയാളി കഥയെന്തറിവൂ അല്ലേ.. അതുപോലെ തന്നെ ഈ പോസ്റ്റ് വായിച്ചപ്പോള്‍ മുല്ല ചിന്തിച്ച ചില കാര്യങ്ങള്‍ ഞാനും ചിന്തിച്ചു. സ്കൂള്‍ വിദ്യാഭ്യാസത്തെ പറ്റി പറഞ്ഞപ്പോള്‍ മുല്ല മകനെപറ്റിയാണ് ചിന്തിച്ചതെങ്കില്‍ ഞാന്‍ നമ്മെ പറ്റി തന്നെ ചിന്തിച്ചു.. നമ്മുടെ കാലത്ത് പോലും ഇവിടെ അത്തരം പ്രശ്നങ്ങള്‍ ഉണ്ടായിരുന്നില്ല. അപ്പോള്‍ സത്യത്തില്‍ എത്രയോ ദശാബ്ദങ്ങള്‍ പിന്നിലാണ് ഇവരൊക്കെ.. ദൈന്യതയിലേക്കുള്ള കണ്‍‌തുറപ്പാണെങ്കിലും നാളെകള്‍ വായിക്കപ്പെടേണ്ടത് തന്നെ ഇവയൊക്കെ..

  ReplyDelete
 6. യാത്രപോവുകയാണെന്ന് കഴിഞ്ഞ ലേഖനത്തിൽ എഴുതിയിരുന്നു. പോയിട്ടുവന്നു അല്ലേ...യാത്രാവിവരണം നന്നായി...

  ഇത് പാർശ്വവൽക്കരിക്കപ്പെട്ട ജനതയുടെ ജീവിതം. അതായത് ഒരുവിഭാഗം പുരോഗമിച്ചപ്പോൾ അതിൽ നിന്നും അവഗണിക്കപ്പെട്ടുപോയ മനുഷ്യർ.
  ഇതൊന്നുമല്ലാതെ മറ്റൊരു കൂട്ടരുണ്ട്. വളരെ പരിമിതമായ വസ്തുക്കൾ ഉപയോഗിച്ച് വൃത്തിയോടെയും നമ്മളെക്കാൾ തൃപ്തിയോടെയും ജീവിക്കുന്നവർ. അക്ഷരാഭ്യാസവും അറിവുമുണ്ട്. ഇവരെ കാണുന്ന പരിഷ്കാരികൾ പോലും പറയുന്നു ഇങ്ങനെ സമാധാനമായി വേണം ജീവിതമെന്ന്. കാപട്യമില്ലാത്ത അവർ ഉൾക്കൊണ്ടിരിക്കുന്ന ഓരോ ജീവിതപാഠങ്ങൾ അമൂല്യങ്ങളെന്ന് സഞ്ചാരികളേവരും പറയുന്നു. നാഗരികതയുടെയും ആധുനികതയുടെയും കാപട്യം കലർന്ന വിദ്യാഭ്യാസരീതി ഒഴിവാക്കുന്നതിനായി സ്വന്തമായി വിദ്യാഭ്യാസ പദ്ധതിയും അവർക്കുണ്ട്. കൃഷി, കന്നുകാലിവളർത്തൽ, ഭക്ഷ്യശാലകളുടെ നടത്തിപ്പ്, വിദ്യാഭ്യാസം, മതാചാരങ്ങൾ എന്നിവയിൽ ഏർപ്പെടുന്നു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൂടെയും ഹിമാലയൻ മേഘലകളിലൂടെയും യാത്ര ചെയ്തവർ പറഞ്ഞ അനുഭവമാണ്‌. കഴിയുമെങ്കിൽ അത്തരം ആളുകളിലേക്കും ഒരു യാത്ര തരപ്പെടുത്തണം.

  ReplyDelete
  Replies
  1. തീര്‍ച്ചയായും പോകണം , കുറച്ച് ദിവസം അവരുടെ കൂടെ താമസിക്കണം, എന്റേയും ആഗ്രഹമാണു.

   Delete
 7. ദയനീയതയുടെ വഴിയോരങ്ങള്‍ നമ്മള്‍ കാണാതെ പോകുന്ന ജീവിതങ്ങള്‍ ... പറഞ്ഞു കേള്‍കുന്ന ഇന്ത്യ ഒന്നുമല്ല നമ്മുടെ രാജ്യം ..വിശന്നു വലയുന്നവരും ഒരു നേരെത്തെ ആഹാരത്തിന് വേണ്ടി പാടുപ്പെടുന്നവരും നമ്മുക്കിടയില്‍ ഉണ്ട് ..അതൊന്നും കാണാതെയും കേള്‍ക്കാതെയും പോകുന്നവരാണ് നമ്മള്‍ ..ആ പെണ്‍കുട്ടിയുടെ വാക്കുകള്‍ ഒരു ദയനീയ വാക്കുകള്‍ പോലെ സിന്തഗി പേ കോയി കുശി നഹി, രംഗി കപടാ, മകാന്‍ ,
  ഖാനാ ഭി കമി. ഫിര്‍ കൈസേ മെനെ ഇസ് സെ
  യെ ഭി മനാ കര്‍ സക്തി....

  ReplyDelete
 8. "വൈദ്യുതി എന്നത് മിക്കസ്ഥലത്തും
  ആര്‍ഭാടമാണു. ആഴ്ചയില്‍ ഒന്നോ രണ്ടോ മണിക്കൂറോ
  ആണത്രെ കറന്റ് വരിക. കുട്ടികളൊക്കെ പോത്തിന്റെ പുറത്താണു,
  ഒന്നുകില്‍ അവരുടെ അല്ലെങ്കില്‍ ജമീന്ദാരുടെ,
  അതിനെ മേക്കലാണു പ്രധാന പരിപാ"

  ഇതൊക്കെ വായിക്കുമ്പോഴാണ് നമ്മൊളൊക്കെ എത്ര ഭാഗ്യവാന്മാറാണെന്നു അറിയുന്നത്

  ReplyDelete
 9. ഇന്ത്യന്‍ഗ്രാമപ്രദേശങ്ങളിലൂടെ സഞ്ചരിച്ച് കൃത്യതയാര്‍ന്ന യാഥാര്‍ത്ഥ്യങ്ങള്‍
  വരച്ചുകാട്ടിയതിന് നന്ദി.അഭിനന്ദനങ്ങള്‍.
  "...ഇതിലൊന്നും ഭാഗഭാക്കാതെ ഗാന്ധിജി ഗ്രാമത്തിലെ ജനങ്ങളെ
  കക്കൂസുണ്ടാക്കുന്നത് പഠിപ്പിക്കുകയായിരുന്നു.
  അവിടുന്ന് അവര്‍ മുന്നോട്ടു പോയിട്ടേയില്ല."
  എന്തൊരു ദയനീയസ്ഥിതി!!!
  രാജ്യം ഭരിക്കുന്നവര്‍ക്ക്‌............
  ആശംസകള്‍

  ReplyDelete
 10. മുല്ലേ .. ത്രിവര്‍ണ്ണ പതാക പാറി പറക്കുമ്പൊള്‍
  ഞാന്‍ ഊറ്റം കൊള്ളാറുണ്ട് ..
  എന്റെ ഇന്ത്യ . നമ്മുടെ ഭാരതം .. !
  ഈ ലേഖനം കണ്ണു തുറപ്പിക്കുന്നു കൂട്ടുകാരീ .. സത്യം ..
  നമ്മുടെ രാജ്യത്തിന്റെ തുടുപ്പുകളെന്ന നാം പറയുന്ന
  ഗ്രാമങ്ങള്‍ പേറുന്നത് എന്താണ് .. അല്ലേ ?
  ഗാന്ധിജി അന്നേ ഉയര്‍ത്തി കാട്ടിയ സത്യത്തേ
  നാം പാടേ വിസ്മരിച്ചിരിക്കുന്നു ..
  പ്രണയവും , മഴയും , ഗൃഹാതുരത്വവും , വിരഹവും
  ഒക്കെ എടുത്ത് വരികളാക്കി മനസ്സിനേ നീറ്റിക്കുന്ന
  എന്നേ പൊലുള്ളവര്‍ക്ക് പാഠമാണീ വരികള്‍ ..
  നമ്മുക്ക് എന്തൊക്കെയുണ്ട് , സ്കൂളുകള്‍ മതിയാകുന്നില്ല
  ചിലതിന് മികച്ച വിജയമില്ലാത്തതിനാല്‍ കുട്ടികളേ നാം
  മാറ്റി പഠിപ്പിക്കുന്നു .. സത്യം എത്ര ക്രൂരമാണല്ലെ ..
  നമ്മള്‍ സ്വര്‍ഗ്ഗത്തില്‍ തന്നെ നൂറു ശതമാനം ..
  നമ്മളൊക്കെ എന്നിട്ടും മുകളിലൊട്ട് മാത്രം നോക്കുന്നു ..
  താഴെ എന്തെന്ന് അറിയാതെ , കണ്ണു തുറപ്പിക്കുന്ന ചില സത്യങ്ങള്‍ ..
  നമ്മുടെ ഗ്രാമങ്ങളുടെ ആത്മാവ് തൊട്ടറിഞ്ഞ , നേരുകള്‍
  പകര്‍ത്തീ ഈ യാത്രക്കും , പകര്‍ത്തലിനും
  ഹൃദയത്തില്‍ നിന്നും അഭിനന്ദനങ്ങള്‍ .

  ReplyDelete
  Replies
  1. ഇത് നമ്മുടെ ഭാരതത്തിലെ ഗ്രാമത്തിലെ അവസ്ഥകളാണെന്ന് ചിന്തിക്കുമ്പോള്‍ നമ്മള്‍ ആഫ്രിക്കന്‍ ഗ്രാമങ്ങളില്‍ നിന്നും വളരെ അകലെ അല്ലെന്ന് തോന്നിപ്പോകുന്നു.
   >>>ഇതുപോലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഇറങ്ങിചെല്ലലുകള്‍
   നല്ലതാണു ഇടക്ക്, അത് നമ്മെ ജീ‍വിതത്തെ
   സ്നേഹിക്കാന്‍ പഠിപ്പിക്കും, മറ്റുള്ളവരെ സ്നേഹിക്കാനും.<<<
   ഈ വാക്കുകള്‍ക്ക് ഒരു അടിയൊപ്പ്.

   Delete
 11. അസൂയ ഹേ താങ്കളോം പര്‍ ചിന്തന്‍ കേ സമയ് !!!!

  ReplyDelete
 12. ഇന്ത്യൻ ഗ്രാമങ്ങളിലെ വേദനയൂറും കാഴ്ചകൾ കണ്ട്. നമ്മുടെ സുഖങ്ങളെ കുറിച്ച് നമ്മൾ ഇങ്ങനെയുള്ള് കാഴ്ചകൾ കാണുമ്പോഴാണു ഓർക്കുന്നത്... ലേഖനം വളരെ നന്നായി.. മറ്റു സംസ്ഥാനങ്ങളികെ ഗ്രാമങ്ങളിലേക്കുള്ള യാത്രകൾ എന്റെ ആഗ്രങ്ങളിലുണ്ട്. അതിനൊക്കെ ഭാഗ്യമുണ്ടാവുമോ എന്നറിയില്ല.. പറ്റുമെങ്കിൽ കാണണം...

  നന്ദി.. ആശംസകൾ

  ReplyDelete
 13. ഞാന്‍ നാട്ടുപച്ചയില്‍ വായിച്ചിരുന്നു നഗ്നമായ യാഥാര്‍ത്യങ്ങളുടെ ഈ നേര്‍ക്കാഴ്ചകള്‍ ..ഉള്ളു പൊള്ളിക്കുന്നു മുല്ലാ..ചില വാക്കുകള്‍ കരളില്‍ കൊള്ളുന്നു.

  ReplyDelete
 14. ഇന്ത്യയുടെ ആത്മാവ് ഇന്ത്യയുടെ ഗ്രാമങ്ങളില്‍ ആണെങ്കില്‍, അല്ലാഹു സത്യം.. ഇന്ത്യ ഒട്ടുമേ വികസിച്ചിട്ടില്ല. ഒട്ടും തിളക്കമില്ലാത്ത ശുഷ്കിച്ച ജീവിത നൈരാശ്യം ബാധിച്ച മുഖങ്ങള്‍ അവിടങ്ങള്ളില്‍ എമ്പാടുമുണ്ട്. നന്ദി മുല്ല.. ഒരു നല്ല പോസ്റ്റിനു

  ReplyDelete
 15. കേരളത്തിൽ തന്നെ,അട്ടപാടി-വയനാട് മേഖലകളിൽ ഇതുപോലൊരു യാത്രനടത്തിയാലും ഇതുപോലെ ചിലകാഴ്ചകൾ കാണാം.

  ReplyDelete
 16. ഒരു ശരാശരി ഭാരതീയന്റെ പ്രതിശീര്‍ഷ വരുമാനം ഇരുപത് രൂപയില്‍ താഴെയാണ് എന്നുള്ള വാര്‍ത്ത മുമ്പ് വായിച്ചപ്പോള്‍ ഒരു പൂജ്യം വിട്ടുപോയതാണോ എന്ന് സംശയിച്ചിരുന്നു.

  പാവങ്ങള്‍ക്കും ആദിവാസികള്‍ക്കും വേണ്ടി ചെയ്തുകൂട്ടിയ കാര്യങ്ങള്‍ വിളംബരം ചെയ്തു പോസ്റ്ററടിക്കാന്‍ മന്ത്രിസഭകളുടെ ഓരോ വാര്‍ഷികത്തിനും പൊതുഖജനാവില്‍ നിന്നുമെടുക്കുന്ന കാശുമാത്രം മതി ഇവരുടെയൊക്കെ അടുപ്പില്‍ ഒരുനേരമെങ്കിലും തീപുകകയ്ക്കാന്‍ എന്ന് ആരുപറഞ്ഞു മനസിലാക്കും ?

  ഇതൊരു സാധാരണക്കാരന്‍ വായിക്കേണ്ട ലേഖനമല്ല.... തങ്ങള്‍ പ്രതിനിധാനം ചെയ്യുന്ന ജനതയെക്കുറിച്ച് അല്പമെങ്കിലും ഉത്തരവാദിത്വവും മനസാക്ഷിയുമുള്ള രാഷ്ട്രീയക്കാരന്‍ വായിക്കേണ്ട ഒന്നാണ്.

  ReplyDelete
 17. ബ്ലോഗില്‍ വന്നിട്ടും എന്തെങ്കിലും എഴുതീട്ടും കൂട്ടുകാരുടെ ബ്ലൊഗുകളില്‍ പോയിട്ടും കുറേ ആയി, സാധാരണ യാത്രകള്‍ കഴിഞ്ഞാല്‍ മനസ്സൊന്ന് റിലാക്സ്ഡാവുകയേ ഉള്ളു, പക്ഷെ ഈ യാത്ര ,എന്തോ പതിവില്‍ നിന്നും വിത്യസ്ഥമായിരുന്നു. മനസ്സിനു മീതെ ഒരു കെട്ടു വീണ പോലെ..എല്ലായ്പ്പോഴുമെന്ന പോലെ നിസ്സംഗതയുടെ കുപ്പായം എടുത്തിടാനാകുന്നില്ല, സ്വാതന്ത്ര്യം കിട്ടിയിട്ട് പത്തറുപത് കൊല്ലക്കാലം കഴിഞ്ഞിട്ടും ഇന്ത്യയിലെ മഹാഭൂരിപക്ഷവും കൊടിയ ദാരിദ്ര്യത്തിലും അവഗണയാലും പുഴുക്കളെ പോലെ ജീവിക്കുന്നു എന്ന കാഴ്ച, വല്ലാണ്ട് ഞെട്ടിച്ചു കളഞ്ഞു. ഞാന്‍ കണ്ടത് വളരെ കുറച്ചേ ആകുന്നുള്ളു, ബാക്കി അവിടെയുണ്ട് ഇതിലും കഷ്ടായിട്ട്.

  ReplyDelete
 18. >>ഇതുപോലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഇറങ്ങിചെല്ലലുകള്‍
  നല്ലതാണു ഇടക്ക്, അത് നമ്മെ ജീ‍വിതത്തെ
  സ്നേഹിക്കാന്‍ പഠിപ്പിക്കും, മറ്റുള്ളവരെ സ്നേഹിക്കാനും.<<
  ശരിയാണ് മുല്ല ഗ്രാമങ്ങളിലേക്കുള്ള യാത്ര മനുഷ്യന്റെ അഹങ്കാരങ്ങളെ ഇല്ലാതാക്കും ...!
  തമിള്‍ നാട് വാടകരൈ എന്ന സ്ഥലത്തെ ഗ്രാമത്തിലെ അവസ്ഥ ഏകദേശം ഇതേ പോലെ തന്നെയാണ് ...!
  നല്ല ലേഖനം ...!!

  ReplyDelete
 19. മുല്ല....ഡലഹിയിൽ എത്തിയശേഷമുള്ള വർഷങ്ങളിൽ കണ്ടുപഴകിയതോടെ ഈ കാഴ്ചകൾ ഉണ്ടാക്കുന്ന മുറിപ്പാടുകളുടെ വേദന ഇപ്പോൾ മരവിപ്പിലേയ്ക്ക് മാറിയിരിയ്ക്കുകയാണ്... പ്രത്യേകിച്ച് ഒരു വികാരവും തോന്നാത്ത അവസ്ഥ... അല്ലെങ്കിൽത്തന്നെ ഈ ദയനീയകാഴ്ചകൾക്കുമുൻപിൽ നിസ്സഹായരായിപ്പോകുന്ന നമുക്ക് എന്താണ് ചെയ്യുവാനാകുക.
  മലയാളികളായ നാം എന്തിലാണ് ഊറ്റം കൊള്ളുന്നത് എന്ന് പലപ്പോഴും ആലോചിച്ചുപോകുന്നു.. പൊട്ടക്കിണറ്റിലെ തവളകളേപ്പോലെ ആഡംഭരഭ്രമങ്ങളിൽ മുങ്ങിത്താണ്, പോങ്ങച്ചത്തിന്റെ കഴുതപ്പുറത്ത് സഞ്ചരിയ്ക്കുന്ന നാം കേരളത്തിനു വെളിയിലെ- എന്തിന് അട്ടപ്പാടി, ഇടമലക്കുടി വനമേഖലകളിൽ ജീവിയ്ക്കുന്ന ആദിവാസികളുൾപ്പടെയുള്ള മനുഷ്യരെക്കുറിച്ച് ചിന്തിയ്ക്കാറുണ്ടോ..? പുഴുക്കളേപ്പോലെ വഴിയോരങ്ങളിൽ ചത്തൊടുങ്ങുന്ന മനുഷ്യജീവനുകൾ, അവന്റെ മനസ്സിൽ എന്തെങ്കിലും വികാരം ജനിപ്പിയ്ക്കാറുണ്ടോ...ഭൂരിപക്ഷത്തിന്റെ മനസ്സിലും ഒരു വികാരവും ഉണ്ടാകുവാനിടയില്ല എന്നാണ് എനിയ്ക്ക് തോന്നുന്നത്...
  .................................................
  ഇങ്ങനേയും ആളുകള്‍ ജീവിക്കുന്നുണ്ട് നമ്മുടെ രാജ്യത്ത്, അവരുടെ മുന്നിലേക്കാണു
  ചാനലുകള്‍ ഈ മായക്കാഴ്ചകള്‍ തുറന്നുവിടുന്നത് !!!!

  ഇതും നമ്മുടെ നാടിന്റെ മറ്റൊരു മുഖമാണ് മുല്ല.... പച്ചയായ ചില യാഥാർത്ഥ്യങ്ങളേക്കാളുപരി, പൊള്ളയായ ജീവിതസുഖങ്ങളിൽ മാത്രം ആനന്ദം കണ്ടെത്തുന്ന ഒരു ചെറുവിഭാഗം ജനങ്ങൾക്കുവേണ്ടി മാത്രമുള്ള ഉപഭോഗസംസ്കാരത്തിന്റെ മായക്കാഴ്ചകൾ ... ഈ കാഴ്ചകളെ തുറന്നുകാണിച്ച മുല്ലയ്ക്ക് പ്രത്യേക അഭിനന്ദനങ്ങൾ..

  അടുത്ത മാസം ഞാൻ വെസ്റ്റ് ബംഗാളിലേയ്ക്ക് പോകുന്നുണ്ട്.. പക്ഷെ ഇതുപോലെയുള്ള ഗ്രാമക്കാഴ്ചകൾ കാണുവാൻ സാധിയ്ക്കുമോ എന്നറിയില്ല...
  ഹൃദയസ്പർശിയായ ഒരു നല്ല പോസ്റ്റിന് ഏറെ നന്ദി... ഷിബു തോവാള.

  ReplyDelete
 20. സുരേഷ് ഗോപിയുടെ പോലീസ് വേഷം കണ്ട് രോമന്ചപ്പെടുകയും കാര്‍ഗില്‍ യുദ്ധസമയത്തും കീര്ത്തിചക്രയിലെ ലാലിന്റെ വാചകങ്ങള്‍ കേട്ട് ദേശസ്നേഹമുണരുകയും ചെയ്യുന്നതിലപ്പുറം ഇപ്പോള്‍ നമ്മളേല്ലാം പ്രകടിപ്പിക്കുന്ന സഹാനുഭൂതിക്ക് ആയുസ്സുന്ടോ ? സ്വന്തം കംഫര്‍ട്ട് സോണ്‍ വിട്ടിറങ്ങി എന്തെങ്കിലും ചെയ്യണമെന്നാഗ്രഹിക്കുന്നവര്ക്ക് ഇപ്പളും അവസരങ്ങളൂണ്ട്. അതിനു ഉത്തരേന്ത്യ വരെ പോകെണ്ട.... നമുക്കു ചുറ്റും ........ ഇങ്ങ് അട്ടപ്പാടീയിലും വയനാട്ടിലും പിന്നെ തൊട്ടടുത്ത തമിഴ്നാട്ടിലുമൊക്കെ ഒരു പാട് ഒരു പാട് ജീവിതങ്ങളൂണ്ട്....സമൂഹങ്ങളൂന്ട് .... കാണാനല്ല......
  സഹായിക്കാന്‍ തയ്യാറുന്ടെങ്കില്‍ ....

  ReplyDelete
  Replies
  1. അട്ടപ്പാടിയിലും വയനാട്ടിലുമൊന്നും കഷ്ടപ്പെടുന്നവര്‍ ഇല്ലാന്ന് ഞാന്‍ പറഞ്ഞില്ല. അട്ടപ്പാടിയില്‍ നിന്നുമുള്ള ഒരാള്‍ ഞങ്ങളുടെ കൂടെ ഉണ്ടായിരുന്നു, അയാള്‍ പറഞ്ഞത് അട്ടപ്പാടിയിലെ സ്ഥിതി ഇതിലും ഭേദമാണു എന്നാണു, സര്‍ക്കാര്‍ സഹായം എത്തുന്നുണ്ട് അവര്‍ക്ക് എന്ന്, പിന്നെ ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ട് വന്ന് അവരുടെ നിലനില്‍പ്പ് ഇല്ലാതാക്കുകയല്ല വേണ്ടത്, അവരുടെ ആവാസ വ്യവസ്ഥയില്‍ നമ്മള്‍ കയറി കട്ടു മുടിക്കാതിരിക്കുക,സുഖമായ് ജീവിച്ചു പോന്നതായിരുന്നു അവര്‍, കാടായ കാടല്ലാം വെട്ടിപ്പിടിച്ച് നമ്മള്‍ തന്നെയാണു അത് ഇല്ലാതാക്കിയത്, അവരെ കൊണ്ട് വന്ന് കോണ്‍ക്രീറ്റ് കെട്ടിടത്തില്‍ താമസിപ്പിച്ച് നാലു നേരം മൃഷ്ടാന്നം കൊടുത്താല്‍ ആ വംശം തന്നെ വേഗത്തില്‍ ഇല്ലാണ്ടായ്പ്പോകും.

   പിന്നെ കഷ്ടപ്പെടുന്നവരെ കണ്ടാല്‍ മാത്രമെ സഹായിക്കാനുള്ള മനസ്സും ഉണ്ടാകൂ, അതിനു അവരെ തേടി പോകുക തന്നെ വേണം, അല്ലാതെ അവരിങ്ങോട്ട് വന്ന് കാണാന്‍ നിന്നു തരില്ല.

   Delete
  2. മുല്ല,

   ഞാൻ മുൻപ് എഴുതിയ കമന്റ് വായിക്കുകയും അതിന്‌ മറുപടി തരികയും ചെയ്തിരുന്നു.
   ഉത്തരേന്ത്യയിലായാലും അട്ടപ്പാടിയിലായാലും ഇങ്ങനെ കഷ്ടപ്പാടിൽ കഴിയുന്നവരെ കാണുമ്പോൾ എന്തോ ഒരു അപാകത തോന്നുന്നു. ഇതെല്ലാം പരിഷ്കാരികൾ വരുത്തിവച്ചതാണെന്നപോലെ. മുതലാളിത്ത മേഘലകളും രാജ്യങ്ങളും ഉള്ളതുകൊണ്ടാണല്ലോ കോളനിവൽക്കരണവും ദാരിദ്ര്യവും ഉണ്ടായത്.
   ആദിവാസികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരുമ്പോൾ അവരുടെ ഉള്ളിലുള്ളതെല്ലാം ഊറ്റിയെടുത്തതുപോലെയാകും. ആന്തരികമായി മരിച്ചുകഴിഞ്ഞവർക്ക് ഭൗതികമായും ഒന്നുമില്ലെങ്കിൽ പിന്നെയെന്താണ്‌ ഉള്ളതെന്നാണ്‌ ഈ കാഴ്ചകൾ കാണിച്ചുതരുന്നത്. കാലികളെപ്പോലും ഇങ്ങനെ വളർത്തരുത്. അത്ര പരിതാപകരം.
   മുഖ്യധാരയിലേക്ക് വലിച്ചിഴയ്ക്കപ്പെടാത്ത യഥാർത്ഥ ആദിവാസികൾ എത്ര ഭംഗിയായാണ്‌ ജീവിക്കുന്നതെന്ന് കഴിഞ്ഞദിവസം ഇംഗ്ലീഷ് ഡോക്യുമെന്ററിയിൽ കണ്ടിരുന്നു. പട്ടിണിയുമില്ല രോഗവുമില്ല വേവലാതിയുമില്ല.

   Delete
  3. അവര്‍ക്ക് വേണ്ടത് വിദ്യഭ്യാസമാണു, ഞങ്ങളും മനുഷ്യരാണെന്നും മാനുഷിക അവകാശങ്ങള്‍ തങ്ങള്‍ക്കും ബാധകമാണെന്നുമുള്ള തിരിച്ചറിവും അതിനു വേണ്ടി പോരാടാനുള്ള കരുത്തും എങ്കിലേ ഉണ്ടാകൂ. വോട്ടവാകാശം ഉണ്ട് എല്ലാവര്‍ക്കും, അത് ഇലക്ഷന്‍ സമയത്ത് കാളകളെ കൊണ്ട് പോകുന്ന പോലെ കൊണ്ട് പോയി ചെയ്യിക്കും,പിന്നെ തിരിഞ്ഞ് നോക്കില്ല.അടുത്ത തലമുറയും അവിടെ വളര്‍ന്ന് വരുന്നുണ്ട് മാറ്റമില്ലാതെ, അതാണു തിരുത്തപ്പെടേണ്ടത്. ഇവരെ ഇങ്ങനെ തന്നെ നിര്‍ത്തേണ്ടത് ജമീന്ദാര്‍മാരുടെം കൂടെ ആവശ്യമാണു, കാരണം അല്ലെങ്കില്‍ അവര്‍ക്ക് പാടത്ത് പണിയെടുക്കാന്‍ ആളെകിട്ടില്ല. പിന്നെ ഈ പറഞ്ഞവരൊന്നും ആദിവാസികളല്ല, ആദിവാസികള്‍ അവിടെ ഉള്ളൊട്ട് വേറെ ഉണ്ടത്രെ. ശരിക്കുള്ള ആദിവാസികള്‍ക്ക് നല്ല ആരോഗ്യമാകും, നമ്മളിടപെട്ട് അത് കളയാതിരിക്കുകയാണു വേണ്ടത്.

   Delete
 21. എന്താണ് ഈ വിഷന്‍ ഒന്ന് വിഷധമാക്കാമോ?

  ReplyDelete
  Replies
  1. www.vision2016.org.in

   pls visit

   Delete
  2. ഞാന്‍ ചോദിക്കാനിരുന്നത് ഇസ്മായില്‍ ഭായി ചോദിച്ചു. നന്ദി.

   Delete
 22. സുഖ സൌകര്യങ്ങളില്‍ അഭിരമിക്കുന്നവര്‍ കാണാനും കേള്‍ക്കാനും ഇഷ്ട്ടപെടാത്ത യാഥാര്‍ത്യങ്ങള്‍ ഈ വിധം വരച്ചു കാട്ടിയ മുല്ലക്ക് അഭിനന്ദനങ്ങള്‍ .....

  ബീഹാറിലെയും ബെന്ഗാളിലെയും ദുരിതങ്ങള്‍ പലയിടത്തും വായിച്ചിട്ടുണ്ടെങ്കിലും ചിത്രങ്ങള്‍ സഹിതം മുല്ല തന്ന ഈ യാത്രാ വിവരണം ഏറെ ഇഷ്ട്ടമായി... ആശംസകള്‍

  ReplyDelete
 23. ഇവിടെ വരികയും അഭിപ്രായങ്ങല്‍ പറയുകയും ചെയ്ത എന്റെ എല്ലാ കൂട്ടുകാര്‍ക്കും സ്നേഹം,നന്ദി.

  ReplyDelete
 24. നമ്മള്‍ കാണുന്ന കാഴ്ചകള്‍ നിറമുള്ളത് മാത്രം. അതില്‍ നിന്നും തിരിഞ്ഞ് യാഥാര്‍ത്ഥ്യം നേരിട്ട് അനുഭവിക്കുമ്പോള്‍ അത്ഭുതം പോലെ നേരുകള്‍ നിരക്കുന്നു. ഇഷ്ടമില്ലാത്ത കാഴ്ചകള്‍ പോലെ കണ്ണടക്കുന്നത് ഇന്നധികരിച്ചിരിക്കുന്നു.കേരളത്തിലെ ചുറ്റുപാടുകളിലൂടെ നമ്മള്‍ കാര്യങ്ങള്‍ കാണുമ്പോള്‍ ഇതൊക്കെ ഇപ്പോഴും നടക്കുന്നതാണോ എന്ന സംശയമാണ് മുന്നിട്ടുനില്‍ക്കുന്നത്.
  ചിത്രങ്ങളും വിവരണവും വളരെയേറെ ചിന്തിപ്പിക്കാന്‍ കഴിയുന്നു.

  ReplyDelete
 25. ഹൃദയസ്പർശിയായ ഒരു പോസ്റ്റ്. ആശംസകള്‍....

  ReplyDelete
 26. മുര്‍ഷിദാബാദ് വിവരണം നന്നായിരിക്കുന്നു..നേരിട്ടറിയാന്‍ പറ്റുന്നു ഈ സ്ഥലങ്ങളെല്ലാം

  ReplyDelete
 27. നന്നായി കേട്ടൊ മുല്ലേ..
  യഥാർത്ഥ ഉത്തരേന്ത്യൻ ഗ്രാമങ്ങളൂടെ മുഖം കാണിച്ചുതന്നിരിക്കുന്നൂ...!

  കഴിഞ്ഞകൊല്ലം Kim Lonnginotto യുടെ
  ‘പിങ്ക് സാരീസ് ‘ എന്ന ഡ്യോക്യുമെണ്ട്രി ഫിലീമിലൂടെ ..
  ലോകം മുഴുവൻ ഇന്ത്യയുടെ ഇത്തരം അവസ്ഥാവിശേഷങ്ങൾ കണ്ട് ഞെട്ടിയതാണു..!

  ReplyDelete
 28. ബംഗാളിലേയും , ബീഹാരിലേയും കാട്മണ്ഠുവിലേയും ഗ്രാമങ്ങളിലൂടെയുള്ള ഈ സഞ്ചാരത്തിന്‌ അഭിനന്ദനങ്ങള്‍. ഒരു നാടിന്‌റെ തുടിപ്പ്‌ എന്ന് പറയുന്നത്‌ ഗ്രാമങ്ങളിലാണ്‌. ഗ്രാമങ്ങളിലെ ജനത കഷ്ടപ്പാടുകള്‍ അനുഭവിക്കുന്നവരാണെന്ന് ലേഖനത്തില്‍ നിന്നും ബോധ്യമായി, എന്നാല്‍ ആ ഗ്രാമീണരുടെ മുഖത്ത്‌ ഒരു സംതൃപ്തി കാണാന്‍ കഴിഞ്ഞില്ലേ, ഗ്രോമീണര്‍ അങ്ങനെയാണ്‌. പരാതികളും പരിഭവങ്ങളും സന്തോഷമാക്കി മാറ്റുന്നവര്‍...

  ReplyDelete
  Replies
  1. ഉവ്വ്, അവരാരും പരാതിയായിട്ട് ഒന്നും പറഞ്ഞില്ല, പക്ഷെ കഷ്ടപ്പാടുകള്‍ കണ്ട നമുക്കാണു വേവലാതിയും കുറ്റബോധവും, അവരും നമ്മുടെ സഹോദരങ്ങളാണു, നമുക്കുമുണ്ടല്ലോ ബാധ്യത അവരുടെ കാര്യത്തില്‍.
   ആഗ്രഹങ്ങള്‍ കുറവാണു അവര്‍ക്ക്, ബീഹാറില്‍ വെച്ച് ഒരു മുറുക്കാന്‍ കടക്കാരന്‍ പറഞ്ഞത് ഇപ്പോഴും ഞാനോര്‍ക്കുന്നു. അമ്മ,അഛന്‍,ഭാര്യ,ആറു കുട്ടികള്‍, ഒരു കൊച്ചു ഓലപ്പുര, എന്നിട്ടും ഞാന്‍ കുശിയാണെന്നാണു അയാള്‍ പറഞ്ഞത്, അതാണു അവരും നമ്മളും തമ്മിലുള്ള വ്യത്യാസം.

   Delete
 29. വായിച്ചു...പലതും മനസ്സിലാക്കി.നല്ല വിവരണങ്ങള്‍

  ReplyDelete
 30. വായിച്ചു സഹോദരി, പലയിടത്തും വായിച്ചിട്ടുണ്ട് ഇതില്‍ പലതും. എന്നാല്‍ താങ്കളെപോലുള്ള ഒരാള്‍ അത് മറയില്ലാതെ എഴുതി. ഇന്ത്യ വലിയ ഒരു "സംഭവം" ആയിക്കൊണ്ടിരിക്കുന്നു എന്നാണു നമ്മെ
  നയിക്കുന്നവര്‍ പാടി നടക്കുന്നത്. ശതകോടീശ്വരന്മാരുടേയും കൊര്‍പ്പരെട്റ്റ് കുത്തക മുതലാളിമാരുടെയും എണ്ണവും അവരുടെ ജീവിത സാഹചര്യങ്ങളും വര്‍ധിപ്പിക്കാന്‍ ഓടി നടക്കുന്ന
  നമ്മുടെ ഭരണകൂടങ്ങള്‍ അതൊന്നും കാണില്ല. നിങ്ങള്‍ പറഞ്ഞപോലെ ഞാനും ചിന്തിച്ചു നാം ഓരോരുത്തരുടെയും അവരുടെയും ജീവിത സ്ഥിതി. ജീവിതത്തില്‍ അത്തരം ഒരു ഓര്‍മ്മപ്പെടുത്തലായി താങ്കളുടെ എഴുത്ത്. നന്ദി..ആശംസകള്‍.

  ReplyDelete
 31. vision 2016 ഉം താങ്കള്‍ക്കും നന്മകള്‍ നേരുന്നു
  കാറില്‍ പട്ടിയോടൊപ്പം ബോറടി മാറ്റാന്‍ ഊര്ചുറ്റുന്ന വനിതകള്‍ ഉള്ള ഇന്ത്യയില തന്നെയാണ് ഈ ദാരുണ രംഗങ്ങളും അരങ്ങേറുന്നത് !
  ഇതാണ് അസ്സല്‍ "തിളങ്ങുന്ന ഇന്ത്യ"
  ഇതിനൊരു അനുബന്ധം താഴെ ഉള്ള ലിങ്കില്‍ ഉണ്ട്

  തിളങ്ങുന്ന india

  ReplyDelete
 32. ഇതുപോലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഇറങ്ങിചെല്ലലുകള്‍
  നല്ലതാണു ഇടക്ക്, അത് നമ്മെ ജീ‍വിതത്തെ
  സ്നേഹിക്കാന്‍ പഠിപ്പിക്കും, മറ്റുള്ളവരെ സ്നേഹിക്കാനും.

  അതെ നമ്മള്‍ ഇനിയും പഠിക്കാനുണ്ട് .. പഠിച്ചതിനേക്കാള്‍ എത്രയോ ഇരട്ടി..
  കാണാനുണ്ട്... അനുഭവിച്ചറിയാനുണ്ട്‌..
  നമുക്ക് സ്വയം വിലയിരുത്താനുണ്ട്‌.. നമ്മളൊക്കെ എത്ര ഭാഗ്യവാന്മാരെന്നറിയാനുണ്ട്..

  ഇതൊക്കെ കാണേണ്ടവര്‍ കണ്ണടച്ചിരിക്കുമ്പോള്‍, നമ്മളൊക്കെ ഇത്രയെങ്കിലും ചെയ്യേണ്ടേ..?

  ReplyDelete
 33. This comment has been removed by the author.

  ReplyDelete
 34. മനസ്സില്‍ തട്ടി എഴുതിയതിനു നന്ദി ....


  "പൊതു ഖജനാവില്‍ നിന്നും കാശെടുത്ത്
  കുടുംബ സമേതം തേരാപാര വിദേശയാത്ര നടത്താനും കട്ടുമുടിക്കാനും
  മാത്രം മിടുക്ക് കാട്ടുന്ന നമ്മുടെ ഭരണാധികാരികളുടെ കണ്ണു തുറക്കാന്‍
  എന്തുണ്ട് പോംവഴി...?"


  മുല്ല പറഞ്ഞ ഈ കാര്യത്തെ കുറിച്ച് പൊതു വേദികളില്‍ ചര്ച്ച ചെയ്യേണ്ട സമയം അതിക്രമിച്ചിരിക്കുന്നു .

  ReplyDelete
 35. എന്താ പറയുക..! വളരെ ദയനീയമായ അവസ്ഥയാണ് ഉത്തരേന്ത്യൻ ഗ്രാമങ്ങളിലെന്ന് അവിടെക്കു വേണ്ടി പല പ്രൊജക്റ്റുകളെ വിശദീകരിച്ചുകൊണ്ട് പല തവണയായി ഡോ. ഹുസൈൻ മടവൂരിൽ നിന്നും കേട്ടിട്ടുണ്ടായിരുന്നു, ഇപ്പോൾ മുല്ലയും വിശദീകരിച്ചു. ഭരണകൂടത്തിലും നിന്നും പ്രതീക്ഷയില്ലാത്തത് കൊണ്ട് സംഘടനകളിൽ നിന്നും അടിസ്ഥാനപരമായ പുരോഗതിക്കുവേണ്ടിയുള്ള പ്രവർത്തനങ്ങളുണ്ടാവട്ടെ...

  ReplyDelete
 36. വായിച്ചു.വിഷന്‍ 2016 ന് എല്ലാ ആശംസകളും..
  നാം വായിച്ച ഇന്ത്യ..നാം കാണുന്ന ഇന്ത്യ..
  മുല്ലക്ക് നൂറു നന്ദി...എന്തൊക്കെ വായിച്ചാലും
  കേട്ടാലും നമ്മുടെ സുഹൃത്തുക്കള്‍ പറയുന്ന
  കാര്യങ്ങള്‍ കേള്‍ക്കുന്നത് മനസ്സില്‍ തങ്ങി നില്‍ക്കും...
  അതാണ്‌ ബ്ലോഗ് സുഹൃത്തുക്കളുടെ യാത്ര വാര്‍ത്തകള്‍
  വായിക്കുമ്പോള്‍ ഉണ്ടാവുന്ന സത്യ സന്ധമായ അറിവും
  അനുഭവവും.....

  ReplyDelete
  Replies
  1. really very true. an aspect i had never thought of. but it was there somewhere in my mind too. your observations stands apart vincent.

   Delete
 37. നന്നായിരിക്കുന്നു...യാത്രയും വിവരണവും...

  ReplyDelete
 38. കാത്തിരുന്ന പോസ്റ്റ്‌ ആണിത്. വന്നത് അറിഞ്ഞില്ല. ബ്ലോഗില്‍ സജ്ജീവമല്ലാതിരുന്നതിനാല്‍.
  അറിയാമായിരുന്നു ഇങ്ങിനെ ഒരെണ്ണം വരുന്നു എന്ന്. ആ ചിത്രങ്ങള്‍ തന്നെ വേണ്ടുവോളം സംസാരിക്കുന്നു.
  പിന്നെ മുല്ലയുടെ വാക്കുകള്‍ കൂടിയാവുമ്പോള്‍ തെളിയുന്നുണ്ട് ഈ ജീവിത ദുരന്തങ്ങളുടെ അലകടലുകള്‍.
  രണ്ടായിരത്തി ഇരുപതില്‍ സൂപര്‍ പവര്‍ ആകാന്‍ പോവുന്നു അത്രേ. കണ്ണേ മടങ്ങുക എന്ന് പറഞ്ഞാലും മടങ്ങാനാവില്ല ഹൃദയമുള്ളവര്‍ക്ക്. ജാതിയുടെ അടിസ്ഥാനത്തിലുള്ള ghettoization കൂടി മുല്ല വരും
  പോസ്റ്റുകളില്‍ അനുഭവ സാക്ഷ്യം നിറച്ചു എഴുതണം.
  നമ്മുടെ റിയാലിറ്റി ഷോകള്‍ ശരിക്കും റിയാലിറ്റികളിലേക്ക് ഇറങ്ങി വരട്ടെ.

  ReplyDelete
 39. ലോകത്തുള്ള സകലമാന ടൂറിസ്റ്റ് സ്പോര്‍ട്ടുകളും ചുറ്റിടിയടിച്ചു നടക്കുന്ന നമ്മുടെ രാഷ്ട്ര നേതാക്കളെ ഇത്തരം കാഴ്ചകള്‍ നേരില്‍ കാണിക്കുവാന്‍ എന്തുണ്ട് മാര്‍ഗം? അല്ല കണ്ടത്കൊണ്ട് വലിയ കാര്യമൊന്നും ഉണ്ടായിട്ടല്ല, ഇത്തരം ചുറ്റുപാടുകളില്‍ ഇന്ത്യന്‍ ജനത ജീവിക്കുന്നുടെന്നു അവര്‍ക്കറിയാഞ്ഞിട്ടുമല്ല, എന്നാലും വോട്ടുനല്‍കി വിജയിപ്പിച്ചയക്കുന്നവനെ കഴുതകളെപ്പോലെകാണുന്ന ഇവന്മാരെ നാളെ ദൈവത്തിനുമുമ്പില്‍ ഉത്തരംമുട്ടിക്കാന്‍ എങ്കിലും ഈ കാഴ്ചകള്‍ അവരിലേക് എത്തിക്കേണ്ടതുണ്ട് എന്ന് തോന്നുന്നു. നമ്മളാല്‍ കഴിയുന്നത് ഉദ്ദേശശുദ്ധിയോടെ ചെയ്യാന്‍ നമുക്കും സാധിക്കേണ്ടതുണ്ട്, വിഷന്‍ 2016 എന്ന പ്രോഗ്രാമിന്റെ ഉദ്ദേശശുദ്ധി എത്രത്തോളം നല്ലതാണ് എന്നതില്‍ സത്യത്തില്‍ എനിക്ക് സംശയമുണ്ട്‌,പ്രത്യേകിച്ച് അടുത്തകാലത്ത് അവര്‍ പ്രഖ്യാപിച്ച രാഷ്ട്രീയപാര്‍ട്ടിയുടെ അടിത്തറനിര്‍മ്മിക്കാന്‍ ആണോ ഇത്തരം ഒരു പരിപാടിയുമായ്‌ അവര്‍ ഇറങ്ങിയിരിക്കുന്നത് എന്നത് തന്നെ.

  നിങ്ങളുടെ ലേഖനം വളരെയധികം അഭിനന്ദനങ്ങള്‍ അര്‍ഹിക്കുന്നു. keep it up.

  ReplyDelete
 40. ഈ പോസ്റ്റു കണ്ടിരുന്നു-നാട്ടുപച്ചയില്‍ .അഭിപ്രായം അവിടെ കുറിച്ചിട്ടു.ഇനി ഇപ്പോള്‍ ...

  ReplyDelete
 41. മുല്ലാ...
  നമ്മുടെ പാവം ഇന്ത്യയുടെ ഗ്രാമങ്ങളുടെ സ്ഥിതി ഇതുതന്നെയാണ്. ആസ്സാമിലെ ഗ്രാമങ്ങളിലൂടെ സഞ്ചരിക്കാനും അവിടെ അവരോടൊപ്പം താമിക്കാനും അവസരം കിട്ടിയിരുന്നു കുറച്ചുകാലം മുമ്പ്.. പോസ്റ്റ് വായിച്ചപ്പോഴും ചിത്രങ്ങള്‍ കണ്ടപ്പോഴും അതൊക്കെ ഓര്‍ത്തുപോയി. നല്ലൊരു പോസ്റ്റ് സമ്മാനിച്ചതിന് ആശംസകള്‍..

  ReplyDelete
 42. പാവം ഇന്ത്യ

  :-(

  ReplyDelete
 43. മുല്ല,

  ഇരിപ്പിടം പറയുന്നു...

  http://irippidamweekly.blogspot.com/2012/06/blog-post_23.html

  ReplyDelete
  Replies
  1. നന്ദി ബിജു ,നന്ദി ഇരിപ്പിടത്തിനും..

   Delete
 44. ഇവിടെ കൊട്ടി ഘോഷിക്കപ്പെടുന്ന വികസനങ്ങള്‍ ഈ രാജ്യത്തു എവിടെയാണ് സംഭവിക്കുന്നത്‌ , മുതലാളിമാരുടെ കീശയിലോ അതോ അവരുടെ സാമ്രാജ്യങ്ങളിലോ ? ഒരിക്കലും നക്സലുകള്‍ ഒരു ഭരണകൂടത്തിന്റെ പകരക്കാരന്‍ ആകാന്‍ സാധിക്കില്ലായിരിക്കാം , അതെ സമയം നക്സലുകള്‍ എങ്ങിനെ ഉണ്ടാകുന്നു എന്നത് ചിന്തിക്കേണ്ട വിഷയമാണ്.

  ഒരു സര്‍ക്കാരിനും ഇവിടെ വരെ തിരിഞ്ഞു നോക്കാന്‍ പറ്റിയില്ല എന്നൊക്കെ പറഞ്ഞാല്‍ എന്തോ അംഗീകരിക്കാന്‍ സാധിക്കില്ല. കോടികളുടെ ബിനാമി ഇടപാടുകളും അഴിമതികളും സര്‍ക്കാര്‍ തലങ്ങളില്‍ തന്നെ നടക്കുമ്പോള്‍ ഇതിനൊന്നും ഫണ്ടില്ല എന്ന വാദവും വിലപ്പോകില്ല.

  ഈ ലേഖനത്തെക്കള്‍ പ്രശംസനീയം താങ്കള്‍ ഈ ഗ്രാമങ്ങളിലൂടെ ഈ വിവരണങ്ങള്‍ക്കായി നടത്തിയ ആത്മാര്‍ഥമായ യാത്രയാണ്. ആ മനസ്സിനെ ഞാന്‍ നമിക്കുന്നു.

  ആശംസകള്‍.വീണ്ടും വരാം.

  ReplyDelete
 45. >> ഒരു ജനതയെ ജീവിതകാലം
  മുഴുവന്‍ അന്ധകാരത്തിലാഴ്ത്താന്‍ ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം വിദ്യാഭ്യാസം
  നിഷേധിക്കുക എന്നതാണ്.<<

  ഞാന്‍ അഭിമാനം കൊള്ളുന്ന ഇന്ത്യയെ പറ്റി ഒന്നുമറിയില്ല എന്നതില്‍ ലജ്ജതോന്നുന്നു. നമ്മുടെ ഗ്രാമങ്ങളുടെ ദയനീയമായ നേര്‍ക്കാഴ്ച്ചകളിലെയ്ക്ക് കൈപിടിച്ച് കൂട്ടിക്കൊണ്ടു പോയതിലുള്ള നന്ദി അറിയിക്കട്ടെ!
  ആശംസകള്‍ മുല്ല.

  ReplyDelete
 46. സമാനമായ ഒരു പോസ്റ്റ്‌ ഈ ആഴ്ചയില്‍ തന്നെ വായിച്ചിരുന്നു. ഇന്ത്യയിലെ യഥാര്‍ത്ഥ ജീവിതം, അതൊരിക്കലും പുറം ലോകത്തെ അറിയിക്കുവാന്‍ മാധ്യമങ്ങളും താല്പര്യം കാണിക്കുന്നില. വേദനകളില്‍ അന്തിയുറങ്ങുന്നവരെ വരച്ചു കാണിച്ച ഈ പോസ്റ്റിനു ഹൃദയം നിറഞ്ഞ അഭിവാദ്യങ്ങള്‍..

  ReplyDelete
 47. DEAR,MAM YATHRAKAL NAMUKK NAMME THANNE THIRICHARIYAANULLA VEDIYUM ATHIL NINNU DAIVAM NAMUKKU THANNA ANUGRANGALE THOTTARIYAANUMULLA AVASARAVUMAANU.NJAAN ORKKUNNU ORU KOCHU YAATHRA ATTAPAADIYILEKKU NADATHTHIYURUNNU E ULLAVAN COLLEGE MAGAZINIL EZHUTHAAN-AADIVAASIKALUDE KOODE ORU RAATHRI-JEEVITHATHIL MARAKKAAN KAZHIYAATHTHA ORU ANUBHAVAM,NAMUKKU NAMME THANNE THIRICHARIYAATHTHA ATHINU SHRAMIKKAATHTHA E KAALAGTTATHTHIL-ETHU POLULLA YAATHRAKAL NAMUKKUM THIRICHARIVUKAL SAMMAANIKKUNNU-PRATHEEKSHIKKAATHE VANNU VANNATHU VERUTHE AAYILLA- SNEHATHTHODE PRARTHANAYODE SHAMSU

  ReplyDelete
 48. രാജ്യത്തിലെ ബഹുഭൂരിഭാഗവും ദുരിതങ്ങളുടെ കരകാണാകയത്തില്‍ മുങ്ങിത്താഴുമ്പോഴും ഇന്ത്യ തിളങ്ങുകയും വിളങ്ങുകയുമാണെന്ന് പെരുമ്പറയടിക്കുകയും ലക്ഷക്കണക്കിനു കോടികള്‍ കട്ടുമുടിക്കുകയും ചെയ്യുകയാണല്ലോ നമ്മുടെ രാക്ഷ്ട്രീയ തമ്പുരാക്കന്മാര്‍. ഈ ശോചനീയാവസ്ഥക്ക് പരിഹാരം വേണമെങ്കില്‍ പ്രചകളുടെ നോവ് തൊട്ടറിയാന്‍ കെല്‍‌പുള്ള രാഷ്ട്രീയപാര്‍ട്ടികളും ഭരണാധികാ‍രികളും ഉണ്ടായേ തീരൂ. ഇന്ത്യയെ സംബന്ധിച്ച് അത്തരമൊരു പ്രതീക്ഷക്ക് തന്നെ സ്ഥാനമില്ലെന്ന് തോന്നുന്നു. എന്തായാലും ഇന്ത്യന്‍ ഗ്രാമങ്ങളുടെ ദുരവസ്ഥകളുടെ നേര്‍ചിത്രം വരച്ചിട്ടതിനു നന്ദി.

  ReplyDelete
 49. ഇവിടെ വരികയും അഭിപ്രായങ്ങള്‍ പറയുകയും ചെയ്യുന്ന എന്റെ കൂട്ടുകാര്‍ക്ക് നന്ദി. നിങ്ങളുടെ ഈ പ്രോത്സാഹനമാണു എന്നെ വീണ്ടും എഴുതാന്‍ പ്രേരിപ്പിക്കുന്നത്. നമ്മള്‍ കാണുന്നതിലും കേള്‍ക്കുന്നതിലും എത്രയോ കൂടുതലാണു ലോകത്ത് ദുരിതമനുഭവിക്കുന്നവരുടെ അവസ്ഥ. പട്ടിണിക്കും ദാരിദ്ര്യത്തിനും ഒരു മുഖമേയുള്ളു, ദൈന്യതയുടെ നിസ്സഹായതയുടേ മുഖം.

  ReplyDelete
 50. ഹൃദയ സ്പര്‍ശിയായ യാത്രാ വിവരണം...
  ആശംസകള്‍....!

  ReplyDelete
 51. beautifully narrated travelogue...

  each lines expresses the real life of india...

  photos also expresses...

  thanks for sharing

  ReplyDelete
 52. ഹൃദ്യം..
  നല്ലൊരു വിവരണത്തിന് ഭാവുകങ്ങള്‍

  ReplyDelete
 53. കുറച്ചൊക്കെ കണ്ടിട്ടുണ്ട്.
  രാവിലെ റോഡരികില്‍ വെളിക്കിരിക്കുന്ന,
  ചായയ്ക്കും മുമ്പേ തമ്പാക്ക് ചുണ്ടില്‍ തിരുകുന്ന,
  തലേന്നത്തെ ചേറിനാല്‍ ഉറക്കമെഴുന്നേല്‍ക്കുന്ന,
  വൈകുന്നേരങ്ങളില്‍ സര്‍ക്കാരിന്റെ തന്നെ താണമദ്യം “നിംബു” അടിച്ച് നിലം പരിശാകുന്ന,
  കമ്പാര്‍ട്ട്മെന്റിലെ വാതിലിനരികിലെ ഇടനാഴിയില്‍ ടിക്കെറ്റെടുക്കാതെ മുഷിഞ്ഞ ഉടുവസ്ത്രവും ധരിച്ച് കുഞ്ഞുങ്ങളെ ചേര്‍ത്ത് പിടിക്കുന്ന..
  തിളങ്ങുന്ന ഇന്ത്യയെ..

  എന്നിട്ടും നമ്മള്‍ ഘോരഘോരം, പത്രമാധ്യമങ്ങളുള്‍പ്പെടെ പ്രഖ്യാപിക്കുന്നുണ്ട്, കേരളത്തില്‍ ജീവിക്കാന്‍ ഒക്കില്ല എന്ന്..

  ആ പറയുന്ന ഒക്കെത്തിനെം ഒന്ന് ഫ്രീയായ് ഇന്ത്യ ചുറ്റിക്കണം.

  ReplyDelete
 54. മുല്ലേ, ഗ്രാമങ്ങള്‍ മാറിയില്ല.അടുത്തെങ്ങും മാറുകയുമില്ല.
  ഇപ്പോള്‍ ജീവിക്കാനാവാതെ ഗ്രാമീണര്‍ നഗരങ്ങളിലേയ്ക്ക് പാലായനം ചെയ്യുന്നു. ബസ്സില്‍ മുപ്പത്താറു മണിക്കൂര്‍ നിന്നുകൊണ്ട് യാത്ര ചെയ്ത് ഡല്‍ഹഇയില്‍ ചെല്ലുന്നു, ബോംബെയില്‍ ചെല്ലുന്നു. സ്വാതന്ത്ര്യത്തിനു ശേഷം നമ്മുടേ നാട്ടില്‍ അളവില്ലാതെ വളര്‍ന്നത് അസമത്വമാണ്.
  ലേഖനം നന്നായി,കേട്ടോ.

  ReplyDelete
 55. മുല്ല, ഈ വിവരണം ഏറെ ഇഷ്ടപ്പെട്ടു. ഫേസ് ബുക്കിലെ ഒരു ഡിസ്കഷനില്‍ നിന്നാണ് മുല്ലയുടെ യാത്രയെക്കുറിച്ച് അറിഞ്ഞത്. വളരെ നന്നായി. ഒരു വലിയ യാത്രയെക്കുറിച്ച് മൊത്തത്തില്‍ അങ്ങ് എഴുതാതെ ഏതെങ്കിലും ഒരു സംഭവം, പ്രദേശം ത്രെഡ് ആക്കി എഴുതിയാല്‍ കുറേക്കൂടി ടച്ചിംഗ് ആവും എന്ന് തോന്നുന്നു. >>കാ കരേ..ഊപ്പര്‍ വാല
  ദേത്തേ ഹേനാ..എന്നു പറഞ്ഞപ്പോള്‍ എനിക്കവന്റെ മൂഞ്ചിക്കിട്ടൊന്ന്
  കൊടുക്കാന്‍ തോന്നി << ha..ha.

  ReplyDelete
 56. just copying few lines from my last post
  ലോകത്തിലെ വന്‍കിട രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയുണ്ടെന്നു പറയുമ്പോഴും നമ്മെ നാണം കേടുത്തെണ്ട ജീവിത സാഹചര്യങ്ങളിലൂടെയാണ് ജനസംഖ്യയിലെ പകുതിയിലധികം പേരും കടന്നു പോകുന്നത് എന്ന യാഥാര്‍ത്ഥ്യം വിസ്മരിച്ചു കൂട. പൗരന്മാരുടെ പ്രാഥമികാവശ്യങ്ങളെയും അതിനു വേണ്ട അടിസ്ഥാന സൗകര്യങ്ങളെയും അവഗണിക്കുന്ന സാമ്പത്തിക പദ്ധതികളും വരേണ്യ കേന്ദ്രീകൃതമായ സാമൂഹിക പരിഷ്കാരങ്ങളും വഴി ഏതു വന്‍കിട പട്ടികയില്‍ നമ്മുടെ രാജ്യം എത്തിച്ചേര്‍ന്നാലും ഇത്തരം നാണക്കേടിന്റെ അദ്ധ്യായങ്ങള്‍ നമ്മെ തുറിച്ചു നോക്കിക്കൊണ്ടേയിരിക്കും.

  ReplyDelete
 57. Hi...
  Kudos , Mulla for your post..
  I am sharing an Old article by P.Sainath,Rural Affairs Editor in Hindu.. the One and anly one Indian journalist who writes about Real Rural india..

  http://www.thehindu.com/opinion/columns/sainath/article3439624.ece

  http://en.wikipedia.org/wiki/Palagummi_Sainath

  ReplyDelete
 58. നമ്മളൊക്കെ എത്ര സമ്പന്നരാണ് എന്ന് വെളിവാക്കിത്തരുന്ന ലേഖനം... യാത്രകള്‍ ടൂറിസ്റ്റ് സ്‌പോട്ടിലേക്ക് മാത്രമാക്കുന്ന പുതിയ തലമുറകള്‍ ഇതൊന്നു കണ്ടിരുന്നെങ്കില്‍...

  ReplyDelete
 59. വളരെ നല്ല പോസ്റ്റ്.

  നമ്മളെത്ര അനുഗ്രഹീതർ...!!

  ReplyDelete
 60. ഇങ്ങിനെയും ജീവിതങ്ങള്‍ .... :(
  കോടികള്‍ മുടക്കി നടത്തുന്ന യാത്രകള്‍ വിദേശത്തേക്കല്ല ,
  ഇന്ത്യന്‍ ഗ്രാമങ്ങളിലെക്കാണ്‌ വേണ്ടതെന്ന് നമ്മുടെ രാഷ്ട്രനേതാക്കളോട് ആരുപറയും .

  ReplyDelete
 61. ഒരു രാജ്യം ജീര്‍ണ്ണമാകുന്നത് ഭരണാധികാരികളുടെ കൊള്ളരുതായ്മകാരണമാണെന്ന് നമുക്ക് പറയാമെന്നേയുള്ളു. എന്നാല്‍ ഏകാധിപതികള്‍ നിലവിലുള്ള രാജ്യങ്ങളെ മാത്രമേ നമുക്കതില്‍ വസ്തുതാപരമായി ഉള്‍പ്പെടുത്താനും കഴിയു. സത്യത്തില്‍ നമ്മുടെ രാജ്യത്തിന്റെ ജീര്‍ണ്ണത സാംസ്ക്കാരികവും സാമൂഹികവുമായ ജീര്‍ണ്ണതയാണ്. ആ ജിര്ര്ണ്ണതക്ക് ഉത്തരവാദികള്‍ രാഷ്ട്രീയക്കാരേക്കാള്‍ കവികളും, രാഷ്ട്രീയക്കാരും, കലാകാരന്മാരും, ചരിത്രകാരന്മാരും, പത്രപ്രവര്‍ത്തകരും, അധ്യാപകരും എല്ലാം ഉള്‍പ്പെടുന്ന സാംസ്ക്കാരിക മാധ്യമപ്രവര്‍ത്തകരാണെന്നു കാണാം. സംസ്ക്കാരം ഇല്ലാത്ത ഒരു രാജ്യത്ത് രാഷ്ട്രീയം മദാമ്മയുടെ പട്ടികളുടെ ഭരണമാകുന്നത് നമ്മുടെ സുകൃതമെന്നേ കരുതാനാകു. കാരണം സാംസ്ക്കാരികമായി നാം അതുപോലും അര്‍ഹിക്കുന്നില്ല!!! രാജ്യത്തെ സമ്പന്നരായ ഉപരിവര്‍ഗ്ഗം ഹിഗിന്‍ ബോസോണ്‍ കണത്തിന്റെ പെങ്ങളെ കല്ല്യാണമാലോചിക്കാനുള്ള സാംബത്തികവും സാംസ്ക്കാരികവും, പാരമ്പര്യപരവുമായ ത്രാണി തങ്ങള്‍ക്കുണ്ടെന്ന് അഹങ്കരിക്കുകയും, ചന്ദ്രനിലോ, ചൊവ്വയിലോ ഉണ്ടായേക്കാവുന്ന ഒരു ജീവ സ്പന്ദനത്തെ കണ്ടെത്താന്‍ അഹോരാത്രം അദ്ധ്വാനിച്ചുകൊണ്ടുമിരിക്കും. തന്തയില്ലാത്ത സംസ്ക്കാരം !!! ഈ അനുഭവങ്ങള്‍ ധാരാളം ചിത്രങ്ങളോടൊപ്പം നെറ്റിലെത്തട്ടെ... വിവിധ ഭാഷകളില്‍. അതുമാത്രമേ സാംസ്ക്കാരിക ജീര്‍ണ്ണതക്ക് മരുന്നായിത്തീരുകയുള്ളു. ചിത്രകാരന്റെ അഭിവാദ്യങ്ങള്‍ !!!

  ReplyDelete
 62. ഞാന്‍ സമരം ചെയ്യുന്നു. . എല്ലാം ഉണ്ടായിട്ടും ഒന്നുമില്ലെന്ന് പരിതപിക്കുന്നു..
  ഇപ്പോള്‍ എനിക്ക് അറിയാന്‍ കഴിയുന്നുണ്ട്,
  എന്റെ പ്രശ്നങ്ങള്‍ ഒന്നുമല്ലെന്ന്..

  ReplyDelete
 63. കുറച്ചു കാലം ആയി ഒന്നിലും പ്രതികരിക്കാനാവാത്ത ഒരു അവസ്ഥയില്‍ ആയിരുന്നു ഞാന്‍ ..ഈ കീ ബോര്‍ഡ്‌ വിപ്ലവം എന്നെ പെട്ടെന്ന് തന്നെ ബോറടിപ്പിച്ചിരുന്നു ..മുന്‍പ് ഞാനും ശ്രമിച്ചിരുന്നു ഇത് പോലെ ഉള്ള ഓണ്‍ലൈന്‍ ചര്‍ച്ചകളിലൂടെ ആട്ടിന്‍ കുട്ടിയുടെ മുഖം മൂടി അണിഞ്ഞു കൊണ്ട് പലതും ...ഇപ്പോള്‍ എല്ലാം നിശബ്ദമായി വയിക്കാരെ ഉള്ളു ..അറിയാതെ എത്തിയതാണ് ഈ ബ്ലോഗില്‍ ..ഇവര്‍ ഒരു സ്ത്രീ ആയതു കൊണ്ടാണോ ഈ ഒരു ഇന്ത്യ വിവരണത്തിന് ഇത്രയും പ്രതികരണം എന്നൊരു സംശയം ഇല്ലാതില്ല ..പലരുടെയും കമന്റ്‌ കേട്ടപ്പോള്‍ അവര്‍ ആദ്യമായിട്ടാണ് യദാര്‍ത്ഥ ഇന്ത്യ ഇങ്ങനെ ആണെന്ന് അറിഞ്ഞതെന്ന് തോന്നുന .."കഷ്ടം" ..വെറുതെ ട്രെയിനില്‍ കയറി എങ്ങോട്റെന്കെലിം പോയാല്‍ മതി നമ്മുടെ സ്വന്തം വയനട്ടിലെക്കോ തമിള്‍ നാട്ടിലെകൂ മറ്റോ....അല്ലാതെ കഷ്ടപ്പെട്ട് "ഹിന്ദി" സംസാരിക്കുന്ന ബംഗാളി(കമ്മ്യൂണിസ്റ്റ്‌ ) ഗ്രാമങ്ങളിലേക്ക് പോവണ്ട് വല്ല ആവശ്യവും ഉണ്ടായിരുന്നോ .."തത്ത്വമസി."

  ReplyDelete
 64. “വിഷന്‍ 2016”ന്റെ സംഘാടക സംഘടനകളില്‍ മുസ്ലീം നാമധാരികളെ മാത്രമേ കാണുന്നുള്ളു എന്നത് ഇതൊരു ഇസ്ലാമിക “സംഘി” വര്‍ഗ്ഗീയ മുന്നേറ്റത്തിന്റെ കപട മാനവിക മുഖമാണെന്ന് സംശയിക്കാന്‍ ഇടവരുത്തുന്നു.

  ReplyDelete
 65. This comment has been removed by the author.

  ReplyDelete
 66. "ദിനേന പലവട്ടം സാനിറ്ററി നാപ്കിനുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യം
  കാണുന്ന എനിക്കോ നിങ്ങള്‍ക്കൊ അവരുടെ വിഷമം ഉള്‍ക്കൊള്ളാനാകുമോ...
  “ ആ ദിവസങ്ങളില്‍ “ അവരാഗ്രഹിക്കുന്നത് സ്കൂട്ടറോടിക്കാനോ മതിലു
  ചാടാനോ ഒന്നുമല്ല ! രക്തം പുരണ്ട തുണി മാറ്റാനും
  കഴുകാനും അല്പം സ്വകാര്യത മാത്രമാണു !! പണ്ട് രാജസ്ഥാനിലെ
  ഒരു ഗ്രാമത്തില്‍ വെച്ച് ഒരു സ്ത്രീ പറഞ്ഞത്
  വെള്ളമില്ലാത്തത് കാരണം ആ ദിവസങ്ങളില്‍ അവരുപയോഗിക്കുക
  മണല്‍ സഞ്ചികളാണെന്ന്...!!! "


  ^
  |
  തകര്‍ന്നു പോയത് എന്റെയൊക്കെ ഉള്ളിലുള്ള അഹങ്കാരം ആയിരുന്നു...

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..