Sunday, July 31, 2016

മക് ലോഡ് ഗഞ്ച്.

 പേരു കൊണ്ട് ഒരു ദേശത്തെ ഇഷ്ടപ്പെടുക! ഒരിക്കലെങ്കിലും ആ ദേശത്ത് കാലുകുത്തണമെന്ന് സ്വപ്നം കാണുക. വിദൂരമായ ഒരു നഗരം തന്റെ വ്യത്യസ്തമായ പേരു കൊണ്ട് സഞ്ചാരികളെ മാടി വിളിക്കുന്ന അല്‍ഭുതമായിരുന്നു മക് ലോഡ് ഗഞ്ച്.    ഹിമാചല്‍ പ്രദേശിലെ കാംഗ്ര ജില്ലയിലെ പ്രധാന നഗരമായ ധരംശാലക്കടുത്താണു മക് ലോഡ് ഗഞ്ച് എന്ന ചെറു പട്ടണം. മഞ്ഞ് മൂടിയ ദലൌദാര്‍ മലനിരകള്‍ക്കിടയില്‍ ബഹളമേതുമില്ലാതെ അടങ്ങിക്കിടക്കുന്നൊരു കൊച്ചു സ്ഥലം.    


മണാലിയില്‍ നിന്നും കാര്‍ മാര്‍ഗമാണു ഞങ്ങള്‍ ധരംശാലയില്‍ എത്തുന്നത്. മണാലിയില്‍ നിന്നും ഇരുന്നൂറ്റമ്പതോളം കിലോമീറ്ററുണ്ട് ധരംശാലയിലേക്ക്. ഹിമാലയന്‍ മലനിരകളെ ചുറ്റിപ്പോകുന്ന വീതി കുറഞ്ഞ റോഡിലൂടെയുള്ള യാത്ര ഒരേസമയം സഞ്ചാരികള്‍ക്ക് ആസ്വാദ്യ ദായകവും സാഹസികവുമാണു.

 പലം പൂരിലെത്തിയപ്പോൾ വണ്ടിയൊതുക്കി റോഡ്സൈഡിലെ ധാബയില്‍ നിന്നും റോട്ടിയും പനീര്‍ മസാലയും കഴിച്ചു. സ്ത്രീകളാണു മിക്ക കടകളും നടത്തുന്നത്. തണുപ്പ് കൊണ്ട് വിണ്ട ചുണ്ടുകളും അമർത്തിതുടക്കുമ്പോൾ ചുവപ്പ് രാശി പടരുന്ന കവിൾതടങ്ങളുമുള്ള ഊർജ്ജസ്വലരായ പെണ്ണുങ്ങൾ. ഭക്ഷണം കഴിക്കാഞ്ഞിട്ടാണു നീയിങ്ങനെ നൂലു പോലിരിക്കുന്നതെന്ന് അവരെന്നെ കളിയാക്കും എന്ത് ചെയ്യാനാണു, ഒരു റോട്ടിയിൽ കൂടുതൽ എന്റെ വയറ്റിലേക്ക് പോകില്ല.

മൺപള്ളകളെ തുരന്നുണ്ടാക്കിയ വീതി കുറഞ്ഞ് വളഞ്ഞും പുളഞ്ഞും പോകുന്ന റോഡിലൂടെ വണ്ടി പായുമ്പോൾ ഭീതി തോന്നും. ഇളകിക്കിടക്കുന്ന മൺ കുന്നുകളാണു ചുറ്റിനും. കാറ്റിലും മഴയിലും ഉതിർന്ന് തീരുന്ന ചെമ്മൺ കുന്നുകൾ. ഇടക്ക് വലിയ ഉരുളൻ കല്ലുകൾ റോഡിലേക്ക് വീണു കിടക്കുന്നത് കാണാം. നമുക്ക് മുന്നേ പോയ ആരോ റോഡിനു നടുവില്‍ നിന്നും സൈഡിലേക്ക് മാറ്റിയിട്ടതാണെന്ന് വ്യക്തം. അകലെയൊരു കുന്ന് അപ്പാടെ ഇടിഞ്ഞ് പൊളിഞ്ഞ് വീഴുന്ന കാഴ്ച, പൊടിയുടെ പൂരം.
ബീർബലി എന്ന സ്ഥലത്തെത്തിയപ്പോൾ ആകാശത്ത് വട്ടമിട്ട് പറക്കുന്ന ഗ്ലൈഡറുകൾ. പാരാഗ്ലൈഡിങ്ങിനു പ്രസിദ്ധമാണു ബീർബലി. പച്ചച്ച ഒരു കുന്നിൻ മുകളിൽ നിന്നും താഴേക്ക് ചാടുന്ന ഒരു പറ്റം യുവാക്കൾ. ഒരു പറവയെ പോലെ കാറ്റിൻ കൈകളിൽ ഊയലാടി താഴേക്കും മുകളിലേക്കും വട്ടമിട്ട് പറക്കുന്നവർ.പാരാഗ്ലൈഡിങ്ങിന്റെ ദേശീയ മഹോൽസവം നടക്കാറുണ്ട് ബീർബലിയിൽ.
നിറയെ പൂക്കളാണു താഴ് വര മുഴുവൻ.  ചുവപ്പും വെള്ളയും മഞ്ഞയും നീലയുമൊക്കെയായ് കുഞ്ഞ് കുഞ്ഞ് പൂക്കൾ വിടർന്ന് നിൽക്കുന്ന കാഴ്ച അതിമനോഹരമാണു.കണ്ടാസ്വദിക്കുകയാണു ആരോഗ്യത്തിനു നല്ലത്, എടുത്ത് മണക്കാതിരിക്കുന്നതാണു ഉത്തമം.
കുന്നിൻ ചെരിവുകളിൽ നിറയെ കൊന്ന പൂത്തിരിക്കുന്നു. അത് പോലെ പേരറിയാത്ത ഒരുപാട് മരങ്ങൾ, ഇരുണ്ട പച്ച, കടുമ്പച്ച , ഇളം പച്ച എന്നിങ്ങനെ പച്ചയുടെ മാമാങ്കം.
ധരംശാലയിൽ നിന്നും വളരെയടുത്താണു മക് ലോഡ് ഗഞ്ച്, പത്ത് മിനുട്ട് ഡ്രൈവ്. ടിബറ്റുകാർ ഇതിനെ ലിറ്റിൽ ലാസ എന്നും വിളിക്കുന്നു. ബ്രിട്ടീഷ് കാരുടെ വേനൽ കാല തലസ്ഥാനമായിരുന്നു ഒരുകാലത്ത് മക് ലോഡ് ഗഞ്ച്. ബ്രിട്ടീഷ് ഗവർണർ ജനറൽ ആയിരുന്ന മക് ലോഡ് പ്രഭുവിവിന്റെ നാമമാണു ഈ പട്ടണത്തിനു.
ഫോർസിത്ത് ഗഞ്ച് , മക് ലോഡ് ഗഞ്ച് എന്നീ അടുത്തടുത്ത് കിടക്കുന്ന രണ്ട് പ്രദേശങ്ങൾ ചേർന്നതാണൂ മക് ലോഡ് ഗഞ്ച്.


ബ്രിട്ടീഷ് ഗവർണ്മെന്റിൽ ഗവെർണർ ജനറൽ ആയിരുന്ന ജെയിംസ് ബ്രൂസ് എന്ന ലോർഡ് എലിജിന്റെ ശവക്കല്ലറ സ്ഥിതി ചെയ്യുന്നത് ഫോർസീത് ഗഞ്ചിലെ പുരാതനപള്ളിയായ സെന്റ് ജോർജ് ഇൻ ദ വൈൽഡർനെസ്സിലാണു. അദ്ദേഹത്തിന്റെ അന്ത്യാഭിലാഷമായിരുന്നത്രെ സെന്റ് ജോർജ് ഇൻ ദ വൈൽഡർനെസ്സിലെ ദേവദാരു മരങ്ങളിക്കിടയിൽ  അകലെ കാണുന്ന മഞ്ഞ് മലകളെ നോക്കി ഉറങ്ങണമെന്നത്. കല്ലറകൾ മിക്കതും നാശോന്മുഖമാണു. ചിതറിക്കിടക്കുന്ന മീസാൻ കല്ലുകളെ ചവിട്ടാതെ ലോർഡ് എലിജിന്റെ കല്ലറക്ക് മുന്നിൽ നിന്ന് അദ്ദേഹത്തെ അഭിവാദ്യം ചെയ്യുമ്പോൾ ദേവദാരുമരങ്ങൾ കാറ്റിൽ ചില്ലകൾ താഴ്ത്തി.

കരിങ്കൽ പാളികൾ കൊണ്ട് പണിത പടുകൂറ്റൻ പള്ളിയാണു സെന്റ് ജോർജ് ചർച്ച്. ചർച്ചിലെ മണിയടി പത്തിരുപത് കിലോമീറ്റർ അകലെ നിന്നു പോലും കേൾക്കാമായിരുന്നത്രെ. 1905 ൽ കാംഗ്ര പ്രവിശ്യയിലുണ്ടായ ഭൂകമ്പത്തിൽ ചർച്ച് വിണ്ട്കീറിയിരുന്നു. പിന്നീട് പുനർനിർമ്മിക്കപ്പെടുകയായിരുന്നു.
മക് ലോഡ് ഗഞ്ചിലെത്തുമ്പോൾ മഴയായിരുന്നു. കരിങ്കൽ പാളികൾ പതിച്ച നടപ്പാതയിലൂടെ മഴചാറൽ കൊണ്ട് നടക്കുമ്പോൾ അകലെ സുംഗ്ലക് കാംഗ്( Tsugleg khang) ടെമ്പിളിന്റെ ഗോപുരം കാണാമായിരുന്നു. ടിബറ്റിനു പുറത്തുള്ള ഏറ്റവും വലിയ ബുദ്ധ ടെമ്പിളാണിത്. അമ്പലത്തിനു പിന്നിൽ അങ്ങകലെ മഞ്ഞ് മൂടിക്കിടക്കുന്ന ഹനുമാൻ കാ ടിബ്ബ എന്ന കൊടുമുടി.

ടെമ്പിൾ ഗോപുരത്തിന്റെ സ്വർണ്ണരാശിയിൽ തട്ടി പ്രതിഫലിക്കുന്ന മഞ്ഞ വെളിച്ചവും പിന്നിലെ ഹനുമാൻ ക ടിബ്ബയുയുടെ മഞ്ഞിന്റെ ധവളിമയും പരസ്പരപൂരകം. ഇവക്കിടയിലായി മഴ ചാഞ്ഞും ചരിഞ്ഞും പെയ്യുന്ന ശബ്ദം.

1959 ൽ ചൈനയിലെ കമ്യൂണിസ്റ്റ് ഗവർമെന്റ് ടിബറ്റിനെ ആക്രമിക്കുകയും ടിബറ്റിനെ ചൈനയിലേക്ക് കൂട്ടിചേർക്കുകയും ചെയ്തു. ഗത്യന്തരമില്ലാതെ ദലൈലാമ ബഹു.ടെൻസിൻ ഗിയാസ്റ്റോയും അനുയായികളും ഇന്ത്യയിലേക്ക് പലായനം ചെയ്തു. ഇന്ത്യാ ഗവർമെന്റ് അവർക്ക് വേണ്ടുന്ന എല്ലാ സഹായങ്ങളും ചെയ്ത് കൊടുക്കുകയും ഹിമാചൽ പ്രദേശിലെ ധരംശാലയിൽ അവർക്കായി സെറ്റിൽമെന്റ് ഒരുക്കുകയും ചെയ്തു. കുടകിലെ ബൈലകുപ്പയിൽ സ്ഥിതി ചെയ്യുന്ന ഗോൾഡൻ ടെമ്പിൾ ഈ ശ്രേണിയിലെ രണ്ടാമത്തെ വലിയ സെറ്റിൽമെന്റാണു.
നിരനിരയായി സ്ഥാപിച്ച പ്രാർത്ഥനാചക്രങ്ങളാണു അമ്പലത്തിനു പുറത്ത്, അവ പിടിച്ച് തിരിച്ച് പ്രാർത്ഥിക്കുന്ന ഭക്തജനങ്ങൾ. സ്വന്തം നാടും വീടും വിട്ട് പലായനം ചെയ്യേണ്ടി വന്ന ഒരു ജനതയുടെ നിസ്സഹായതയും നിസ്സംഗതയും ഇവരുടെ മുഖത്തും കണ്ണുകളിലും വായിച്ചെടുക്കാനാകും.  ഒരുവട്ടം തിരിച്ച് പ്രാർത്ഥന ഉരുവിട്ടാൽ നിരവധി തവണ പ്രാർത്ഥന ഉരുവിട്ട ഫലം ആണെന്നാണു വിശ്വാസം.
ഒരറ്റത്ത് നിന്നും മറ്റെ അറ്റം വരെ ചക്രം തിരിച്ച് നടന്നപ്പോൾ ഞാനും പ്രാർത്ഥിച്ചിരുന്നു ദൈവത്തോട്, അല്ലേലും പ്രാർത്ഥിക്കാനാണൊ കാരണങ്ങൾക്ക് പഞ്ഞം.
ടെമ്പിളിനകത്ത് മഞ്ഞനിറത്തിലുള്ള മൂന്ന് കൂറ്റൻ പ്രതിമകൾ ; കണ്ടാൽ മൂന്നും ഒരേപോലുണ്ട്. അത് മൂന്നും ഒരാളല്ലെന്നും മറിച്ച ശാക്യമുനി, അവലോകിതേശ്വരൻ ഗുരു റിമ്പോച്ചെ എന്നിവരാണെന്നു അമ്പലത്തിനകത്തെ സന്യാസി വിശദീകരിച്ചു തന്നു. അകത്ത് ധ്യാനത്തിലിരിക്കുന്നവർ, സഷ്ടാംഗം പ്രണമിക്കുന്നവർ, റിമ്പോച്ചേയുടെ പ്രതിമക്ക് മുന്നിൽ നേർച്ച സമർപ്പിക്കുന്ന വർ , ആരേയും ശല്യപ്പെടുത്താതെ പതിയെ പുറത്ത് കടന്നു. അമ്പലത്തിന്റെ വശത്ത് ടിബറ്റൻ മ്യൂസിയം ഉണ്ട്. ചൈനീസ് അധിനിവേശത്തിന്റേയും അവർ ടിബറ്റൻ ജനതയോട് ചെയ്ത ക്രൂരതകളുടേയും അവശേഷിപ്പുകളാണു മ്യൂസിയം നിറയെ. തൊട്ടടുത്ത ലൈബ്രറിയിൽ നിന്നും ദലൈലാമയുടെ ആത്മകഥയായ ഫ്രീഡം ഇൻ എക്സൈലിന്റെ ഒരു കോപി വാങ്ങി പുറത്തിറങ്ങി.മഴ അപ്പോഴും പെയ്യുന്നുണ്ടായിരുന്നു.

തൊട്ടടുത്താണു ദലൈലാമയുടെ വസതി. ദലൈലാമ നാളെ എത്തുമെന്നും നിങ്ങൾ ഇന്ത്യക്കാരെ കാണാൻ ദലൈലാമക്ക് സന്തോഷമേയുള്ളുവെന്നും ഗേറ്റിനു മുൻപിൽ നിൽക്കുന്ന സന്യാസിമാർ വിശദീകരിച്ചു.അവർ കുടകിലെ ബൈലകുപ്പയിൽ നിന്നും ലാമയെ കാണാൻ വന്നതാണു. അന്നു തന്നെ ഡാൽഹൗസിയിൽ എത്തേണ്ടുന്നതിനാൽ ആ ക്ഷണം ഞങ്ങൾ വിനയപൂർവ്വം നിരസിച്ചു.

നിരത്തിന്റെ ഇരുവശത്തും ടിബറ്റൻ ഹാന്റിക്രാഫ്റ്റുകൾ വിൽക്കുന്ന കടകളാണു. പ്രാർത്ഥനാ  ചക്രങ്ങൾ, മണികൾ, മാലകൾ ബുദ്ധവിഗ്രഹങ്ങൾ തുടങ്ങിയവ നിരത്തി വച്ചിരിക്കുന്ന തും  നോക്കി കടകൾക്കിടയിലൂടെ ഇടുങ്ങിയ വഴികളിലേക്കിറങ്ങി.
ഇരുവശത്തും നിറയെ കൊച്ചുകൊച്ച് മുറികളാണു. ഉയരം കുറഞ്ഞ മേശക്ക് പിന്നിൽ ചമ്രം പടിഞ്ഞിരുന്ന് മുമ്പിൽ നിവർത്തിയിട്ട മഞ്ഞയും വെള്ളയും നിറമുള്ള പട്ടുതുണികളിൽ ശ്രദ്ധയോടെ പ്രാർത്ഥനാ വചനങ്ങൾ എഴുതുന്ന ആളുകൾ. അവർക്കിതൊരു നേർച്ചയാണു. ഈ പട്ടുതുണികൾ തെരുവോരങ്ങളിൽ കൊടിക്കൂറകളായി തൂക്കും.സിൽക്കിന്റെ തുണിയിൽ അതീവ ചാരുതയോടെ പെയിന്റിങ്ങ് ചെയ്യുന്ന ആളുകളുമുണ്ട്. ഈ പെയിന്റിങ്ങുകൾ താൻ ഗ എന്നാണു അറിയപ്പെടുന്നത്. ഇവ ബുദ്ധമത പഠനത്തിനും അമ്പലത്തിനകത്ത് അലങ്കരിക്കാനും ഉപയോഗിക്കുന്നു.
തന്റെ മുൻപിൽ വിരിച്ച തുണിയിൽ അതീവ ശ്രദ്ധയോടെ വിവിധ രൂപങ്ങൾ വരച്ചെടുക്കുന്ന വൃദ്ധന്റെ മുമ്പിൽ ഞങ്ങൾ ചമ്രം പടിഞ്ഞിരുന്നു. സാധാരണയായ് ഒരു താൻ ഗ തുടർച്ചയായ സംഭവങ്ങളുടെ ആഖ്യാനമല്ലെന്നും മറിച്ച് വ്യത്യസ്ത സംഭവങ്ങളുടെ, ആശയങ്ങളുടെ ആകെത്തുകയാണെന്നും വൃദ്ധൻ വിശദീകരിച്ചു.
1960 കളിൽ ടിബറ്റിലെ മഞ്ഞ് പുതഞ്ഞ മലനിരകളിൽ മരിച്ച് വീണ ആയിരക്കണക്കിനു ലാമമാരെ പറ്റി ആ വൃദ്ധനോട് ചോദിക്കണമെന്നുണ്ടായിരുന്നു എനിക്ക്. അഹിംസ എന്നെ വിശ്വാസത്തെ ഉപേക്ഷിച്ച് തങ്ങളുടെ മാതൃഭൂമിയേയും ആത്മീയ ആചാര്യനേയും സംരക്ഷിക്കാൻ ആയുധമെടുക്കേണ്ടി വന്ന ബുദ്ധസന്യാസിമാർ. നിലനിൽപ്പും വിശ്വാസവും തമ്മിലുള്ള മനസാക്ഷി യുദ്ധത്തിൽ എങ്ങനെ അക്കാലത്ത് അവർ പിടിച്ച് നിന്നു എന്നാ വൃദ്ധനിൽ നിന്ന് കേൾക്കാനായെങ്കിൽ എന്ന് ഞാനാശിച്ചു. അയാളുടെ കൂടപ്പിറപ്പുകളൊ മറ്റാരെങ്കിലുമൊ അന്നാ മഞ്ഞ് മലകളിൽ എന്നേക്കുമായി മറഞ്ഞ് പോയിട്ടുണ്ടൊയെന്ന ചോദ്യം എന്റെയുള്ളിൽ തന്നെ മുഴങ്ങിയൊടുങ്ങി.  വരക്കുന്ന ചിത്രത്തിൽ നിന്നും മുഖമുയർത്തി വെളുത്ത പാട അതിരിട്ട ചീമ്പൻ കണ്ണുകൾ വിടർത്തി അയാൾ നിറഞ്ഞ് ചിരിച്ചു. "താഷി ഡിലേക്ക്."




വൈകുന്നേരം , കോട് വാലി ബസാറിലെ തിരക്കിലൂടെ തിങ്ങിനിറഞ്ഞ കടകളിൽ കയറിയിറങ്ങി ഷാളുകൾക്കും കംബളങ്ങൾക്കും വിലചോദിച്ച് ,വഴിവക്കിലൊരിടത്ത് കനലിൽ ചോളം ചുട്ടെടുക്കുന്ന ബാലനോട് കുശലം പറഞ്ഞ് , പാനിപൂരി വിൽക്കുന്ന കടക്ക് മുമ്പിലൂടെ , റോഡിലേക്കിറക്കി കെട്ടിയ കടയിൽ വെച്ച് മോമോയുണ്ടാക്കുന്നതും നോക്കി നിന്ന് വാങ്ങണോ വേണ്ടയോയെന്ന് സംശയിച്ച് , തനിക്ക് മുന്നിൽ വെച്ച പെട്ടിയിൽ നിന്നും വിവിധ എണ്ണകളും ലേഹ്യങ്ങളും പുറത്തെടുത്ത് അവയുടെ മഹത്വം വിളിച്ച് പറയുന്ന ആജാനുബാഹുവായ ലാട വൈദ്യന്റെ മുൻപിൽ , നമ്മുടെ ജഗതി ചേട്ടനെ ഓർത്ത് നിന്ന് അലസമായി ഒരു നടത്തം. നഗരചത്വരത്തിലെ നന്നെ ചെറിയ പാർക്കിൽ നനഞ്ഞ് കിടക്കുന്ന സിമെന്റ് ബെഞ്ചിലിരുന്ന് തൊട്ടപ്പുറത്തെ ടൂറിസം ഇൻഫോർമേഷൻ ഓഫീസിനു മുൻപിൽ അരങ്ങേറുന്ന ഹിമാചലിലെ നാടോടി സംഘത്തിന്റെ പാട്ടിനും നൃത്തത്തിനും കാതോർത്ത് , താഴവരകൾക്കപ്പുറത്ത് നിവർന്ന് കിടക്കുന്ന മഞ്ഞ് മലകളെ നോക്കിയിരിക്കുമ്പോൾ ഉള്ളിലൂറുന്ന അവാച്യമായ അനുഭൂതി. ജന്മനാട്ടിൽ നിന്നും കാതങ്ങൾക്കിപ്പുറം വിദൂരമായ ഈ മലമടക്കിൽ അപരിചിതരായ ആളുകൾക്കിടയിൽ അങ്ങനെയിരിക്കുമ്പോൾ ഉള്ളിലുയിർകൊള്ളുന്ന പുതിയൊരുണര്‍വ് . പഴയ കാഴ്ചകളൊക്കെയും പുതിയൊരു കണ്ണിലൂടെ നോക്കിക്കാണാനുള്ള എളിമ. അത് തന്നെയാണു ഓരോ യാത്രയും ബാക്കി വെക്കുന്നതും.

Tuesday, June 14, 2016

ചാന്ദ് കി ടുകഡ !

ഉത്തരേന്ത്യൻ തെരുവോരങ്ങളിൽ, ബസിൽ, തീവണ്ടിയിലെ തിരക്കിൽ പൊടുന്നനെ  പ്രത്യക്ഷപ്പെട്ട് കൈകൾ ഒരു പ്രത്യേക താളത്തിൽ കൊട്ടി ശൃംഗാരത്തോടെ ശരീരത്തിൽ തൊട്ട് ഭിക്ഷ ചോദിക്കുന്ന ഹിജഡക്കൂട്ടങ്ങളെ ഭയമായിരുന്നു. ഉപദ്രവിക്കുമോയെന്ന പേടി, കുഞ്ഞുങ്ങളെ തട്ടിയെടുത്തോടുമോയെന്ന ഞെട്ടൽ. അവരുടെ സങ്കടങ്ങളെ കുറിച്ച് , ആവലാതികളെ പറ്റി ചിന്തിച്ചിട്ടേയില്ല ഒരിക്കലും.
ഹിജഡകള്‍ ,അറുവാണിച്ചികള്‍ എന്നൊക്കെ പറഞ്ഞ് നമ്മള്‍ മുഖം തിരിച്ച് കളയുന്നവരുടെ നിസ്സഹായതയെ കുറിച്ചുള്ള അറിവില്ലായ്മയായിരുന്നു അത്.
ചാന്ദ്നി യായിരുന്നു മൂന്നാമത്തെ ലോകത്തിലേക്കുള്ള  എന്റെ കിളിവാതിൽ. ആഗ്രയിലെ വിരസമായ പകലുകളിൽ അവളെനിക്ക് കൂട്ട് വന്നു. പച്ചക്കറി ചന്തയിൽ പച്ചക്കറികൾ തിരഞ്ഞ് വിലപേശി , സോനാർഗല്ലിയിലേയും ലോഹമണ്ഡിയിലെയും തിരക്കുകൾക്കിടയിലൂടെ വാ തോരാതെ വർത്തമാനം പറഞ്ഞ്, രൂയി കി മണ്ഡിയിലെ ഗലികളിൽ സ്വെറ്റർ തുന്നാനുള്ള സൂചിയും നൂലും തിരഞ്ഞ് അവളെന്റെ കൂടെ നടക്കും.
ചാന്ദ്നി നന്നായി പാചകം ചെയ്യും. പാചകം മാത്രമല്ല, നന്നായി നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്യും. ചാന്ദ്നി ഹിജഡയാണു, ട്രാന്‍സ്ജെന്റര്‍, പാതി പുരുഷനും പാതി സ്ത്രീയും. തന്റെ ശരീരത്തില്‍ ബാക്കിയായ പുരുഷ ചിഹ്നങ്ങളെ മായ്ച്ച് കളഞ്ഞ്  ഒരു പൂര്‍ണ്ണ സ്ത്രീയാകാന്‍ ആഗ്രഹിക്കുന്ന ഹിജഡ. ഒരാണിന്റെ കരവലയത്തില്‍ അമര്‍ന്ന് കിടക്കാനും അവന്റെ  കുഞ്ഞിനെ പ്രസവിക്കാനും തീവ്രമായ ആഗ്രഹം പേറി നടക്കുന്നൊരു പെണ്ണ്. 
 മധ്യപ്രദേശിലെ മൊറീനയിലാണു ചാന്ദ്നിയുടെ വീട്.  അഛനും അമ്മയും സഹോദരങ്ങളുമൊക്കെയുണ്ട്.
തന്റെയുള്ളില്‍ വളരുന്ന പെണ്ണിനെ വീട്ടുകാര്‍ അംഗീകരിക്കില്ലാന്ന് ഉറപ്പായപ്പോള്‍ ഒളിച്ചോടി ആഗ്രയിലെ ഹിജഡക്കൂട്ടത്തില്‍ ചേര്‍ന്നതാണവള്‍. ഇവിടെ ഹമാമില്‍ അവള്‍ അമ്മയെ പോലെ കരുതി സ്നേഹിക്കുന്ന ഗുരുവുണ്ട്. സഹോദരിമാരെ പോലെ ഇതര ചേലകളും.
ദാരിദ്ര്യവും അവഗണനയും മൂലം വേശ്യാവൃത്തിയും ഭിക്ഷാടനവും
തൊഴിലാക്കിയ ഒരു സമൂഹം. വിദ്യാഭ്യാസമില്ല ജോലിയുമില്ല,നാട്ടിലെ ഒരു നിയമങ്ങളിലും ഇവരെ സഹായിക്കാന്‍ പഴുതുകളില്ല.പരിഹാസവും യാതനകളും മാത്രമാകുമ്പോള്‍
മനസ്സാന്നിദ്ധ്യം നഷ്ട്ടപ്പെടുന്നതില്‍ എന്തല്‍ഭുതം.
 ആളുകളുടെ കളിയാക്കലുകളും ഭത്സനങ്ങളും കേള്‍ക്കുമ്പോള്‍ ഭൂമി പിളര്‍ന്ന് താഴേക്ക് പോയെങ്കിലെന്ന് എത്രയോ വട്ടം ആഗ്രഹിച്ചിട്ടുണ്ടെന്ന് ചാന്ദ്നി പറയുമ്പോള്‍ മറുത്ത് പറയാന്‍ എനിക്കും വാക്കുകള്‍ കിട്ടാറില്ല. അല്ലെങ്കിലും നമ്മള്‍ അവരോട് എന്നും അങ്ങനെയൊക്കെ തന്നെയല്ലേ പെരുമാറിയിട്ടുള്ളൂ. 
പാലു വറ്റിച്ച് ഖോയ ഉണ്ടാക്കുവാനും പിന്നീട് ഖോയ കൊണ്ട് കൊതിയൂറുന്ന മധുര പലഹാരങ്ങൾ ഉണ്ടാക്കാനും മിടുക്കിയായിരുന്നു ചാന്ദ്നി. ബേഗൻ ബർത്തയും പനീർ മസാലയും വെണ്ടക്കക്കുള്ളിൽ മസാല നിറച് പൊരിച്ചെടുക്കാനും അവളെന്നെ പഠിപ്പിച്ചു.
കട്ടിയായി വരുന്ന ഗാജർ ഹലുവ ഉരുളിയിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ  നെയ്യൊഴിച്ച്  ഇളക്കുന്നതിനിടയിൽ ഞാനവളോട് പത്മനാഭന്റെ പ്രകാശം പരത്തുന്ന പെൺ കുട്ടിയെ പറ്റി പറയും.
തനിക്ക് ചുറ്റുമുള്ളവരിലേക്ക് നന്മയുടേയും സ്നേഹത്തിന്റേയും പ്രകാശം പ്രസരിപ്പിക്കുന്ന പെൺകുട്ടി. അത് കേട്ട് നിലാവ് പൊഴിയുന്ന പോലെ മധുരോദാത്തമായ് അവൾ മന്ദഹസിക്കും.
 ചാന്ദ്നിക്കൊരു കാമുകനുണ്ട്. പലപ്പോഴും ബിന്ദുകോട്ട് രയിലും പാര്‍വതീ പുരയിലെ സിനിമാ തിയേറ്റരിലുമൊക്കെ ഞാനവരെ ഒരുമിച്ച് കണ്ടിട്ടുണ്ട്. അവന്‍ നിന്നെ ചതിക്കുമെന്ന് ഞാന്‍ പറയുമ്പോളും അവൾ ചിരിക്കും.
“ അതെനിക്കറിയാം ബാബീ, ഒരു നാള്‍ അവന്‍ പോകുമെന്ന്, ഞാനൊരിക്കലും ഒരു അമ്മയാകില്ലല്ലൊ. എന്നാലും ബാബീ.., എനിക്ക് സ്നേഹിക്കാന്‍ ഒരാണിനെ തന്നെ വേണ്ടേ..”
 മുഖം കുനിച്ച് തറയില്‍ ചമ്രം പടിഞ്ഞിരിക്കുന്ന അവളുടേ കവിളില്‍ തോണ്ടി ഞാന്‍ കളിയാക്കും. “ എന്നാലും നീ സുന്ദരിയാണു, നിന്നെ കണ്ടാല്‍ പെന്‍ണല്ലാന്ന് ആരും പറയില്ല.”
 ഒന്നും മിണ്ടാതെ അവളെണീറ്റ് ഉടുത്തിരുന്ന സാരിയഴിച്ച് കസേരയിലിട്ടു. പിന്നീട് ബ്ലൌസും അടിയുടുപ്പുകളും ഊരി അവളെന്റെ മുന്‍പില്‍ നിവര്‍ന്ന് നിന്നു. ഉടയാടകളഴിഞ്ഞ് വീണപ്പോള്‍ അവളുടെ ദേഹത്ത് പെണ്ണിന്റെ ഒരടയാളവും ഉണ്ടായിരുന്നില്ല. അവളിലെ ആണീനെ അവളെന്നേ ഉപേക്ഷിച്ചിരുന്നു താനും. 
  എന്റെ നാക്കിറങ്ങി പോയിരുന്നു. അവളെ വസ്ത്രം ധരിക്കാന്‍ സഹായിക്കുന്നതിനിടെ ഞാനോര്‍ത്തത് ദൈവത്തിന്റെ വികൃതികളെ പറ്റി. എന്തിനായിരുന്നു ഇങ്ങനെയൊരു സൃഷ്ടിപ്പ്.
 സാരിയുടുത്ത് മുടി ചീകി പൌഡറിട്ട് ചാന്ദ്നി വീണ്ടൂം മോഹിനിയായി .
അരവാന്റെ ആഗ്രഹപ്രകാരം ഒരു ദിവസത്തേക്ക് മോഹിനീ രൂപം പൂണ്ട ഭഗവാൻ കൃഷ്ണൻ.
അവൾക്കിന്ന് പിടിപ്പത് പണിയുണ്ട്. സോന്തേയിയുടെ മകളുടെ കല്യാണ ഘോഷയാത്രയിൽ ആടിപ്പാടണം. ദമ്പതികളെ അനുഗ്രഹിക്കണം.
കരയാൻ സമയമില്ല. അല്ലെങ്കിലും വളരെ ചെറിയ ഈ ജീവിതത്തെ കരഞ്ഞും സങ്കടപ്പെട്ടും എന്തിനു നിറം കെട്ടതാക്കണം.

Thursday, May 5, 2016

മാലിനി ജോൺ കുരുവിള !

മാനസിക രോഗ വിദഗ്ദൻ എന്ന ബോർഡ് തൂക്കിയ മുറിക്ക് മുന്നിൽ നിരത്തിയിട്ട കസേരകളിലൊന്നിൽ ചാഞ്ഞിരുന്ന് മിസിസ് മാലിനി ജോൺ കുരുവിള ഊറിച്ചിരിച്ചു. ഇരിക്കാനും നിൽക്കാനുമാകാതെ അസ്വസ്ഥനായി അങ്ങോട്ടുമിങ്ങോട്ടും വെരുകിനെ പോലെ നടക്കുന്ന മി. ജോൺ കുരുവിളയെ കണ്ട് അവർ ഉള്ളാലെ തലതല്ലി ചിരിച്ചു. ഇത്രെം വർഷത്തെ ദാമ്പത്യജീവിതത്തിനിടയിൽ ഒരിക്കൽ പോലും  ഇത് പോലെ അസ്വസ്ഥനായി അയാളെ അവർ കണ്ടിട്ടില്ല.
രാജ്യത്താകമാനം പരന്ന് കിടക്കുന്ന തന്റെ ബിസിനെസ്സ് സാമ്രാജ്യത്തിലെ എന്ത് പ്രശ്നത്തിലും അതീവ നയചാതുര്യത്തോടെ തീർപ്പ് കൽപ്പിക്കുന്ന മി.ജോൺ കുരുവിള പക്ഷെ ഇപ്പോൾ പ്രശ്നപരിഹാരത്തിനാവാതെ ഉഴറി തേരാ പാരാ നടക്കുന്നത് മാലിനി ജോൺ കുരുവിള ഉള്ളാലെ ആസ്വദിച്ചു.
പ്രണയ വിവാഹമായിരുന്നു അവരുടേത്. വുവാഹത്തിനു മുൻപ് മിസിസ് മാലിനി ജോൺ കുരുവിള .  മിസ്.മാലിനി ഇള നമ്പ്യാർ ആയിരുന്നു. കോളേജ് ബ്യൂട്ടി ക്യൂൻ.  പുരുഷ സഹപാഠികളുടെ ആരാധനാ പാത്രം. ബ്രയിൻ  സെല്ലുകളുടെ
പുനരുജ്ജീവനം
എന്ന വിഷയത്തിലായിരുന്നു മിസ്.മാലിനി ഇള നമ്പ്യാരുടെ റിസർച്ച്.  
ബോൺ മാരോ
സ്റ്റെം സെല്ലുകളിൽ നിന്നും ബ്രെയിൻ കോശങ്ങൾ ഉല്പാദിപ്പിച്ച് കേട് വന്ന ബ്രെയിൻ സെല്ലുകളെ പുനരുജ്ജീവിപ്പിക്കുക എന്ന വിഷയത്തിൽ ഡോക്ട്രേറ്റ് അതായിരുന്നു മിസ്.മാലിനി ഇള നമ്പ്യാരുടെ സ്വപ്നം. പക്ഷെ ഇതിനിടയിലെപ്പൊഴോ ഉടലെടുത്ത പ്രണയം എല്ലാം തകർത്തുകളഞ്ഞു. മാലിനി നമ്പ്യാരുടെ റിസർച്ച് അസിസ്റ്റന്റായിരുന്ന പാലാക്കാരി ട്രീസാ മേരി ജോണിന്റെ സഹോദരനായിരുന്നു ജോൺ കുരുവിള എന്ന ഐ ഐ എം വിദഗ്ദൻ.  പ്രണയം തലക്ക് പിടിച്ച് അസ്ഥിയും കടന്ന് മജ്ജയിൽ കലർന്നപ്പോൾ തൽക്കാലം റിസർച്ചുപേക്ഷിച്ച് മാലിനി ഇള നമ്പ്യാർ ജോൺ കുരുവിളയുടെ മണവാട്ടിയായി. രെജിസ്റ്റ്രാർ ഓഫീസിൽ വെച്ച് ഒപ്പിട്ടിറങ്ങുമ്പോൾ ശശീന്ദ്രൻ നമ്പ്യാർ മകളുടെ കൈ പിടിച്ച് മെല്ലെ അമർത്തി.
"  റിസെർച്ച് മുഴുവനാക്കണം. ഒരു പാട് പേരുടെ പ്രതീക്ഷയാണത്. മറക്കരുത് "
കെട്ട് കഴിഞ്ഞ് പാലായിലെ തറവാട്ടിലെത്തിയ പെണ്ണിനെം ചെക്കനെം ഒന്നാന്തരം സത്യ കൃസ്ത്യാനിയായിരുന്ന കത്രീനാമ്മച്ചി വീട്ടിൽ കേറ്റാൻ വിസമ്മതിച്ചു. പെണ്ണ് മാമോദീസ മുങ്ങി സത്യകൃസ്ത്യാനിയാകണം. അമ്മച്ചി കടും പിടിത്തം പിടിച്ചു. വാശിക്കാരിയായ അമ്മച്ചിക്ക് മുന്നിൽ ഓഛാനിച്ച് നിക്കുന്ന ജോൺ കുരുവിളയെ കണ്ട് മാലിനി നമ്പ്യാർക്ക് ആദ്യമായി ചർദ്ദിക്കാൻ തോന്നി.  വലിയച്ചനും നാട്ട് പ്രമാണിമാരുമൊക്കെ അനുനയിപ്പിച്ച് അന്നവരെ വീട്ടിൽ കയറ്റിയെങ്കിലും വൈകാതെ മാലിനി നമ്പ്യാർക്ക് മാമോദീസ മുങ്ങി സത്യകൃസ്ത്യാനിയാകേണ്ടി വന്നു. അന്ന് മുതൽ മാലിനി ഇള നമ്പ്യാർ എന്ന വാൽ മുറിച്ച് കളഞ്ഞ്
മിസിസ് മാലിനി ജോൺ കുരുവിളയായ് അവർ. മാമോദീസ ചടങ്ങ് നടക്കവെ അടുത്ത് നിന്ന ജോൺ കുരുവിളയെ അവർ ഒളി കണ്ണിട്ട് നോക്കി. അയാളന്നേരം കുരിശ് വരച്ച് പ്രാർഥിക്കുകയായിരുന്നു. പ്രണയത്തിന്റെ കാലയളവിലൊന്നും ഒരിക്കൽ പോലും മി. ജോൺ കുരുവിള ഈശോന്ന് വിളിക്കുകയോ പ്രാർഥിക്കുകയോ ചെയ്തിരുന്നില്ലല്ലോന്ന് 
മാലിനി
ജോൺ കുരുവിള വൈക്ലബ്യത്തോടെ ഓർത്തു.
പ്രണയിച്ച് നടക്കുന്ന അവസരങ്ങളിൽ ഇന്ത്യൻ കോഫീ ഹൗസിൽ, മേശക്കിരുപുറവുമിരുന്നു കോൾഡ് കോഫിക്കൊപ്പം അയാൾ പറയാറുണ്ടായിരുന്നത് കസാൻ ദാക്കീസിനെ പറ്റിയായിരുന്നു. നോചോസ്കിയുടെ ധൈഷണിക് സിദ്ധാന്തങ്ങളായിരുന്നു  അയാൾക്ക് എന്നും പ്രിയം.. ഖലീൽ ജിബ്രാന്റെ കവിതകൾ ചൊല്ലുന്ന അയാളോട് കടുത്ത ആരാധനയായിരുന്നു അവൾക്ക്. ആലോചിച്ചപ്പോൾ കരച്ചിൽ വന്ന് പോയി മാലിനി ജോൺ കുരുവിളക്ക്. ആ കരച്ചിൽ ഉള്ളിലടക്കി പിടിച്ചാണു മാലിനി നസ്രാണി വധുവായി മാമോദീസ മുങ്ങിയതും ജീവിതത്തിലേക്ക് കാലെടുത്ത് വച്ചതും.
മധുവിധുവും യാത്രകളും സൽക്കാരങ്ങളും ജോൺ കുരുവിളയോടൊപ്പമുള്ള ബിസിനെസ്സ് പാർട്ടികളും, കത്രീനാമ്മച്ചിയുടേയും നാത്തൂന്മാരുടെയും മേൽ നോട്ടത്തിൽ താറാവു കറിയും കൊഞ്ച് തീയലും മപ്പാസുമൊക്കെ വെക്കാൻ പഠിക്കലുമൊക്കെയായി കൊല്ലം രണ്ടങ്ങ് പോയി.
മൂന്നാം കൊല്ലമായപ്പോഴേക്കും ക്ഷമ നശിച്ച കത്രീനാമ്മച്ചി അടുക്കളപ്പുറത്തിരുന്നു  മാലിനി കേൾക്കെ അടക്കം പറഞ്ഞു.
പെണ്ണ് മച്ചിയാന്നാ തോന്നണതെന്റെ കർത്താവേ..
അടുക്കളപ്പുറത്ത് പണിക്കാരിപ്പെണ്ണുങ്ങളുടെ അടക്കിച്ചിരികളും കുശുകുശുപ്പും കേട്ട് മാലിനി മുകളിലെ മുറിയിൽ കതകടച്ചിരിക്കും. ഒന്നും ചെയ്യാനില്ലാതെ മുറിയിൽ അങ്ങോട്ടുമിങ്ങോട്ടും നടന്ന്  ഭ്രാന്തെടുക്കുമ്പോൾ പ്രണയത്തിന്റെ കാലപനികതയെ വാഴ്ത്തിപ്പാടിയ കവികളെ അവൾ പ്രാകും. റിസർച്ചിന്റെയും പഠനത്തിന്റെയും ലോകത്തേക്ക് തിരിച്ച് പോകണമെന്നുണ്ടായിരുന്നു മാലിനി ജോൺ കുരുവിളക്ക്. അവളുടെ ആവശ്യം പക്ഷെ ജോൺ കുരുവിള പുഛിച്ച് തള്ളി. നിനക്കെന്തിന്റെ കുറവാ ഇവിടെ "
പല്ലിനിടയിലെ ഇറച്ചിതുണ്ടുകൾ മേശപ്പുറത്ത് കിടന്നിരുന്ന സേഫ്റ്റി പിൻ കൊണ്ട് കുത്തിയെടുത്ത്  മണപ്പിച്ച് ചൂണ്ട് വിരൽ കൊണ്ട് താഴെ വിരിച്ച കാർപെറ്റിലേക്ക് തട്ടിത്തെറിപ്പിച്ച് അയൾ മുരണ്ടു.
ഇയാളെയാണല്ലോ താൻ രണ്ട് കൊല്ലത്തോളം പ്രണയിച്ച് നടന്നതെന്നോർത്ത്  തലയണയിൽ മുഖം പൂഴ്ത്തി കമിഴ്ന്ന് കിടന്ന് ഉറക്കത്തെ കൊതിച്ച്  മാലിനി നേരം വെളുപ്പിക്കും.
കൂട്ടുകാരോടൊപ്പം പാർട്ടി കൂടി രണ്ടെണ്ണം  വിട്ട് പതിവിലും വൈകിയെത്തുന്ന രാത്രികളിൽ ചിലപ്പോൾ മി. ജോൺ കുരുവിളക്ക് പൊടുന്നനെ ഖലീൽ ജിബ്രാനെ ഓർമ്മ വരും. കുഴഞ്ഞ ശ്ബ്ദത്തിൽ അയാൾ പാടും.
മാലിനീ. നിന്നെ ഞാൻ സ്നേഹിക്കും. പുൽമൈതാനങ്ങൾ വസ്ന്തത്തെ സ്നേഹിക്കുന്നതു പോലെ. സൂര്യ കിരണങ്ങൾക്ക് കീഴിലുള്ള പൂവിന്റെ ജീവിതം ഞാൻ നിന്നിൽ ജീവിക്കും.
വിയർപ്പിൽ കുളിച്ച് . കിതച്ച് മോങ്ങികൊണ്ട് തന്റെ ശരീരത്തിൽ നിന്നും അടർന്ന് മാറി  .  കിടന്നയുടനെ കൂർക്കം വലുക്കുന്ന അയാളെ കാണുമ്പോൾ മാലിനിക്ക് എന്തിനെന്നില്ലാതെ അരിശം വരും.
പിന്നീടെപ്പോഴോ ആണു മാലിനി ജോൺ കുരുവിള വിചിത്രമായ സ്വപ്നങ്ങൾ കാണാൻ തുടങ്ങിയത്.
മിനുസമാർന്ന  കാൽ വണ്ണകളും തുടുത്തുയർന്ന മാറിടങ്ങളും സ്വപ്നം കണ്ട് ഞെട്ടിയുണർന്ന അവർ  തന്റെ അടിവസ്ത്രങ്ങൾ നനഞ്ഞിരിക്കുന്നത് കണ്ട് പരിഭ്രാന്തയായി.  ഉറക്കത്തിലെപ്പോഴൊ തന്റെ കാൽ വിരലുകൾ വലിഞ്ഞു മുറുകിയതും ഉള്ളിൽ നിന്നുതിർന്നുയർന്ന ഒരു വീണക്കമ്പി നാദത്തിനൊപ്പം ശരീരം തുടിച്ചുയർന്നതും ഓർത്ത് മാലിനി ജോൺ കുരുവിള അസ്വസ്ഥയായി. തനിക്കെന്താണു സംഭവിക്കുന്നതെന്നോർത്ത് അവർ നിലക്കണ്ണാട്ിക്ക് മുമ്പിൽ വിവസ്ത്രയായി നിന്നു.  ഒന്നുമില്ലെന്ന് പേർത്തും പേർത്തും ഉരുവിടുന്നതിനിടയിലും ഭീതി അവരെയാകമാനം ചൂഴ്ന്ന് നിന്നു.
പിന്നീട്. സ്വപ്നത്തിലെ സ്ത്രീകൾക്ക് മുഖം വെക്കുകയും അവരൊക്കെ തനിക്ക് പരിചയമുള്ളവരും അടുപ്പമുള്ളവരുമെന്നറിഞ്ഞ് ഉറക്കം ഞെട്ടിയ മാലിനി ജോൺ കുരുവിള മുറിയിൽ തേരാപാര നടന്നു.
രാത്രി വൈകി പാർട്ടി കഴിഞ്ഞ് ഖലീൽ ജിബ്രാനേയും കൂട്ട് പിടിച്ച് മാലിനിയെ വട്ടം പിടിച്ച ജോൺ കുരുവിളയെ തട്ടിമാറ്റി അവർ അലറി.
തൊടരുത്. ഞാനൊരു ലെസ്ബിയനാണു.
കുടിച്ചതൊക്കെ ഇറങ്ങി പോയിരുന്നു ജോൺ കുരുവിളക്ക്. അഴിഞ്ഞ് പോയ മുണ്ട് അരയിൽ വാരിചുറ്റി കിടക്കയിൽ ചാരിയിരുന്നു അയാൾ മാലിനിയെ തുറിച്ച് നോക്കി.  അയാൾക്കൊന്നും മനസ്സിലാകുന്നുണ്ടായിരുന്നില്ല.
"മിസിസ് & മി. ജോൺ കുരുവിള "
ഡോക്ടറുടെ അസിസ്റ്റന്റ് പെൺകുട്ടി പേരു വിളിച്ചപ്പോൾ എഴുന്നേറ്റ ജോണിനൊപ്പം മാലിനി അകത്തേക്ക് നടന്നു. വിവരങ്ങൾ ചോദിച്ചറിഞ്ഞ ഡോക്ടർ ജോൺ കുരുവിളയോട് അല്പനേരം പുറത്തിരിക്കാനാവശ്യപ്പെട്ടു. മേശപ്പുറത്തെ സ്ഫടികം കൊണ്ട് നിർമ്മിച്ച പേപ്പർ വെയിറ്റ് പിടിച്ച് കറക്കുന്ന ഡോക്ടറുടെ കൈവിരലുകളിലായിരുന്നു മാലിനിയുടെ ശ്രദ്ധ മുഴുവനും. വൃത്തിയായ് വെട്ടി രാകിമിനുക്കിയ കൈ‌നഖങ്ങൾ.
കാൽ വിരലുകളും ഇങ്ങനെതന്നെയാകും.മാലിനി മനസിൽ ഉരുവിട്ടു.
"  നിങ്ങൾ വര നിർത്തരുതായിരുന്നു മിസിസ്. കുരുവിള . അസാമാന്യ തീക്ഷ്ണതയുണ്ടായിരുന്നു നിങ്ങളുടെ ചിത്രങ്ങൾക്ക് " .
ഡോക്ടർക്ക് ഇതൊക്കെ എങ്ങനെ അറിയാം എന്ന അമ്പരപ്പായിരുന്നു മാലിനിക്ക്.
പേപ്പർ വെയിറ്റ് കറക്കുന്നത് നിർത്തി ഡോക്ടർ ചിരിച്ചു.
" ക്ലബിലെ ഉന്നതരുടെ . സുന്ദരികളായ ഭാര്യമാരുടെ ഇത്തരം ഹോബികളൊക്കെ ക്ലബിൽ സംസാര വിഷയമാണു ".
ഡോക്ടറെഴുന്നേറ്റ് . സമീപത്തെ അലമാരയിൽ നിന്നും ഒരു ചെറിയ പെട്ടിയെടുത്ത് മാലിനിക്ക് നീട്ടി. " കുറച്ച് ഓയിൽ കളറാണു. നിങ്ങൾ വരക്കണം മിസിസ് കുരുവിള. മനസ്സിലുള്ളതൊക്കെ കടലാസിലേക്ക് പകർത്തൂ."
പോകാനിറങ്ങിയ മാലിനിയെ പിൻ വിളി വിളിച്ച് ഡൊക്ടർ കൂട്ടിച്ചേർത്തു. " നിങ്ങളിപ്പോഴും സുന്ദരിയാണു മിസിസി.കുരുവിളാ."
പാതിരാത്രിക്ക് ഉറക്കം ഞെട്ടിയ മാലിനി പതുക്കെ എഴുന്നേറ്റ് അടുത്ത മുറിയിലേക്ക് നടന്നു. പുറത്ത് നല്ല നിലാവുണ്ടായിരുന്നു. ട്രൈപോഡ് ജനലിനരുകിലേക്ക് വലിച്ച് വെച്ച് മാലിനി വരക്കാൻ തുടങ്ങി. എന്ത് വരക്കണമെന്ന് മാലിനിക്ക് സംശയമൊന്നും ഉണ്ടായിരുന്നില്ല.
അവസാനത്തെ രോഗിയും പുറത്തേക്കിറങ്ങിയപ്പോൾ പുറത്ത് കാത്തിരിക്കുകയായിരുന്ന   മാലിനി എഴുന്നേറ്റ് ഡോക്ടറുടെ മുറിയിലേക്ക് നടന്നു. ഈയിടെയായി മാലിനി തനിച്ചാണു ഡോക്ടറെ കാണാൻ വരാറ്.  കൈയിൽ കരുതിയിരുന്ന ചിത്രം ഡോക്ടർക്ക് സമ്മാനിച്ച് അവൾ എതിരെയുള്ള കസേര യിൽ ഇരുന്നു.
മേശപ്പുറത്ത് നിവർത്തി വെച്ച ചിത്രത്തിലേക്ക് നോക്കി ഡോക്ടർചിരിച്ചു.
മനോഹരമായിട്ടുണ്ട് മാലിനീ... എങ്കിലും ഈ ചിത്രത്തെ പറ്റി ഒന്നു പറഞ്ഞ് തരൂ"
ഡോക്ടരേഴുന്നേറ്റ് മാലിനി ഇരിക്കുന്ന കസേരയുടെ പുറകിൽ വന്ന് അവളെ എഴുന്നേൽപ്പിച്ച് തന്നിലേക്ക് ചേർത്ത് നിർത്തി.
ഡോക്ടറുടെ നെഞ്ചിൽ മുഖമമർത്തി ചേർന്ന് നിൽക്കുമ്പോൾ മാലിനിയോർത്തത് തന്റെ സ്വപ്നങ്ങളെ പറ്റിയായിരുന്നു. ഡോക്ടറുടെ കൈവിരലുകൾ തന്റെ അടിവയറ്റിൽ അമരുന്നത് അവൾ അറിയുന്നുണ്ടായിരുന്നു. പതുക്കെ പതുക്കെ സ്വപ്നത്തിലെ സ്ത്രീ മുഖങ്ങൾ അപ്രത്യക്ഷമാകുന്നതും  പകരം നിറങ്ങൾ ചാലിച്ച വെട്ടിയൊതുക്കിയ കൈനഖങ്ങളോട് കൂടിയ ഒരു കൈ തന്റെ ശരീരത്തിൽ മഴവില്ല് വിരിയിക്കുന്നതറിഞ്ഞ് മാലിനി അഹ്ലാദിച്ചു. തനിക്കൊന്നും സംഭവിച്ചിട്ടില്ലെന്ന് പേർത്തും പേർത്തും ഉരുവിട്ട് കൊണ്ട് . തന്നെ ചുറ്റിയിരുന്ന അയാളൂടെ കൈകൾ അടർത്തിമാറ്റി പുറത്ത് ആർത്തിരമ്പി പെയ്യുന്ന മഴയിലേക്ക് മാലിനി ഇറങ്ങി നടന്നു. 

Saturday, October 31, 2015

അജോയ് നദിയിലെ മീനുകൾ !


വണ്ടിയിൽ കേറിയ മുതലേ ആ വൃദ്ധൻ എന്റെ ശ്രദ്ധ ആകർഷിച്ചിരുന്നു. നീണ്ട് നരച്ച താടിയും കാവി നിറമുള്ള അയഞ്ഞ ജുബയും മുണ്ടും. അതേ നിറത്തിൽ സാരി ധരിച്ച വൃദ്ധന്റെ ഭാര്യയെന്ന് തോന്നിക്കുന്ന സ്ത്രീയും. വണ്ടിയിൽ നല്ല തിരക്കാണു. ഭാഗ്യത്തിനാണു ബർത്ത് കിട്ടിയത്. ടീ ടി ഇ യുടെ കൈയും കാലും പിടിച്ച് ഒപ്പിച്ചത്. ബർത്തിൽ കയറിക്കിടന്ന് ഷൗക്കത്തിന്റെ ഹിമാലയൻ യാത്രകൾ എന്ന പുസ്തകം തുറന്നു. വഴികളും സ്ഥലങ്ങളുമെല്ലാം ഒന്നൂടെ മനസ്സുലുറപ്പിക്കണം. താഴേക്ക് നോക്കിയപ്പോൾ വൃദ്ധൻ ഉറങ്ങാനുള്ള ഭാവമൊന്നുമില്ല, മടിയിലെ സഞ്ചിയിൽ കൈയിട്ട് ചെറിയ വീണ പോലുള്ള ഒരു ഉപകരണം കൈയിലെടുത്ത് അതിന്റെ കമ്പിയിൽ മെല്ലെ വിരലോടിക്കുകയാണു. ദൈവമേ...ഏക്താര!! എന്റെ കൈയിൽ നിന്നും പുസ്തകം താഴെ വീണു. ബർത്തിൽ നിന്നും ചാടിയിറങ്ങി ഞാനാ വൃദ്ധന്റെ മുൻപിൽ കാലുകൾ മടക്കി ചമ്രം പടിഞ്ഞിരുന്നു. ഇതിനിടെ സ്ത്രീയും അവരുടെ ഇലത്താളം കൈയിലെടുത്ത് പിടിച്ചിരുന്നു. ജനലിലൂടെ അടിച്ച് വരുന്ന കാറ്റിനെതിരെ ആ വൃദ്ധന്റെ ശബ്ദം ഉയർന്നു. ആദ്യം പതിയെ, പിന്നെ പിന്നെ കാറ്റിന്റെ ഹുങ്കാരത്തിനുൻ മീതെ ആ സ്വരം ഉയർന്നുയർന്നു വന്നു.


" ദിൻ ദൂനിയാർ മാലിക് ഖോഡാ
തൊമാർ ദിൽ കി ദോയാ ഹൊയ്ന?
തൊമാർ ദിൽ കി ദോയ ഹൊയ്ന?
കതർ കതർ ആ ഘട് ദാവോ ഗോ ജൻ
തർ ഫുലേർ ആ ഘട് ശൊയ്ന
തൊമാർ ദിൽ കി ദോയ ഹൊയ്ന?
( നിർഭാഗ്യവാന്മാരുടെ പ്രഭുവായ ഖോഡ
നിനക്ക് ഹൃദയത്തിൽ കനിവില്ലെ
നിനക്ക് ഹൃദയത്തിൽ കനിവില്ലെ
നീ മുള്ളുകൾ കൊണ്ട് അടിക്കുന്നവൻ
താഢനങ്ങൾ ഏൽക്കാനുള്ള കഴിവെനിക്കില്ല
നിനക്ക് ഹൃദയത്തിൽ കനിവില്ലെ?)
അയാൾ പാട്ട് നിർത്തി സഞ്ചിയിൽ നിന്നും  ഖമാക്- എടുത്ത് കൊട്ടാൻ തുടങ്ങുന്നതുനു മുമ്പെ ഞാൻ ചാടിക്കയറി ചോദിച്ചു.
നിങ്ങളുടെ കൂടെ ഞാനും വരട്ടെ കെന്ദൂളിയിലേക്ക് "
-ഖമാക്കിന്റെ -  ചരടുകൾ മുറുക്കുന്നതുനിടെ വൃദ്ധൻ ചിരിച്ചു.
"  തുമി കിബാഭെ ജാനോ'?
അതൊക്കെ എനിക്കറിയാമെന്നും നിങ്ങൾ ബാവുലുകളാണെന്നും ഇപ്പൊ കെന്ദൂളിയിൽ നടക്കാൻ പോകുന്ന പങ്കെടുക്കാൻ പോകുകയാണെന്നുമൊക്കെ ഊഹിക്കാൻ എനിക്കാവുമെന്നും ബാവുലുകളെയും അവരുടെ പാട്ടിമഹാമേളയിൽ നേയും നിതാന്ത അലച്ചിലിനേയുമൊക്കെ ഞാൻ വല്ലാതെ സ്നേഹിക്കുന്നുവെന്നും ഒറ്റ ശ്വാസത്തിൽ  പറഞ്ഞ് നിർത്തിയപ്പോൾ വൃദ്ധൻ പിന്നേയും ചിരിച്ചു.


ഹരി ഗോഷൈനെയും ലാലൻ ഫക്കീറിനേയും മിലുവിനേയും പബനേയുമൊക്കെ എനിക്കറിയാമെന്നും , ബാവുലുകളുടെ ജീവിതം അടുത്തറിയുക എന്നത് എന്റെ ജീവിതാഭിലാഷമാണെന്നും  വിശദീകരിച്ചപ്പോൾ വൃദ്ധൻ -- താളം മുറുക്കി.
ദുർഗാപൂരിൽ നിന്നുള്ള  ഗോപോനും -  അദ്ദേഹത്തിന്റെ ആത്മീയ സഹചാരിണി ബിമലയുമാണു അവർ. തിരുവനന്തപുരത്ത്  ഏകതാര സംഗീത കളരിയിൽ - പാർവതി ബാവുലിന്റെ കൂടെ പരിപാടിയിൽ പങ്കെടുത്ത് മടങ്ങുന്ന വഴിയാണു.


ബാവുലുകളെ അടുത്തറിയാനും കെന്ദൂളിയിലെ തിരക്കിൽ സ്വയ രക്ഷക്കും ഈ വൃദ്ധന്റെയും വൃദ്ധയുടേയും സഹായം കൂടിയെ തീരു.  പിന്നേയും നിർബന്ധം പിടിച്ചപ്പോൾ അയാൾ തലകുലുക്കി ഉറക്കെ പാടി.
സുന്ദരിയായ തോഴീ
എങ്ങു പോകുന്നു നീ
നിൻ പാദസരങ്ങൾ
കിലു കിലെ കിലുങ്ങുന്നു
റണകാ  ത്ധനക ത്ധക
ഞാൻ ദുഖവും വിഷാദവുമാണു
എന്നെ നീ നോക്കി തുറിക്കാതെ
നിന്റെ കണ്ണുകളിൽ
കണ്മഷിരേഖകൾ
എന്നെ നീ ചതിക്കരുത്
ഈ വേദന താങ്ങാൻ
എന്റെ ജീവിതത്തിനാവില്ല
നിൻ പാദസരക്കിലുക്കങ്ങൾ
റണക തധനക തധ്ക!!
ഒരു സ്വപനത്തിലെന്ന വണ്ണം ഞാനാ പാട്ടിന്റെ  ഈണത്തിൽ , തീവണ്ടിയുടെ താളത്തിൽ അലിഞ്ഞൊഴുകിപ്പരന്നു.
എന്റെ ജീനുകളിൽ എവിടെയോ ഒരു നാടോടിയുടെ രക്തം കലർന്നിട്ടുണ്ട്. അതാരായിരുന്നെന്നൊ എങ്ങനെയാണെന്നൊ ഒന്നും എനിക്കറിയില്ല. എന്നാലും അതെനിക്ക് തീർച്ചയാണു. അല്ലാതെ ഞാനെങ്ങനെയാണു ഇങ്ങനെ അലഞ്ഞു തിരിയാൻ  സ്വപ്നം കാണുക. പോകാൻ, പോയിക്കൊണ്ടെയിരിക്കാൻ ആഗ്രഹിക്കുക. കാടും മേടും കടന്ന്, അരുവികളും പുഴകളും മുറിച്ച് കടന്ന്, കാറ്റിനെയും മഴയേയും കണ്ട് മനുഷ്യരെ അറിഞ്ഞ് , കിട്ടുന്നത് പുഴുങ്ങി തിന്ന്, ചെല്ലുന്നിടത്ത് വീണു കിടന്നുറങ്ങി ഒന്നുമേ  ഓർക്കാതെ, ഭൂതവും ഭാവിയും അലട്ടാതെ ഇന്നിനെ പറ്റി മാത്രം ഓർത്ത് കൊണ്ട് അങ്ങനെ നടന്ന് പോകുക. ആരാണു  എന്റെ രക്തത്തിൽ ഇവ്വിധം ഉന്മാദത്തിന്റെ മഞ്ഞ നിറം തട്ടിത്തൂവിയതെന്ന് എനിക്കറിയില്ല.  ഒരു പെണ്ണുടലിന്റെ അപകടങ്ങളിൽ നിന്നും കുതറി മാറി മനസ്സ് പായുന്ന വഴികളിലൂടെ അന്തം വിട്ട് നടക്കാൻ മാത്രം ഭ്രാന്ത് !



ഞാനെഴുന്നേറ്റ്  മുകളിലെ ബെർത്തിൽ കയറിക്കിടന്നു. ഗോപോനും ബിമലയും ഉറങ്ങിക്കഴിഞ്ഞിരിക്കുന്നു.
എന്റെ ഒരാഗ്രഹം  സഫലീകരിക്കാൻ പോകുകയാണു. നാളെ കൊൽക്കത്ത യിലേക്ക് പോകുന്നു. ബാഗ് തുറന്ന് മൊബൈൽ എടുത്ത് ചെന്നൈയിലെ സുഹൃത്തിന്റെ നംബർ ഡയൽ ചെയ്ത് നാളത്തെ സെമിനാർ  അറ്റന്റ് ചെയ്യുന്നില്ലായെന്നും എനിക്ക് പകരം സെമിനാറിൽ പങ്കെടുക്കണമെന്നും അവളെ ശട്ടം കെട്ടി.  വീട്ടിലേക്ക് നാളെ ചെന്നൈയിൽ നിന്നും കൊൽക്കത്തയിലേക്കുള്ള ട്രൈയിനിൽ കയറിയതിനു ശെഷം വിളിക്കാം. അല്ലെങ്കിൽ ഒന്നും നടക്കില്ല ഒറ്റക്ക് ഇങ്ങനൊരു യാത്രക്ക് ആരും സമ്മതിക്കില്ല. ഇതൊരു തരം ഒളിച്ചോടലാണു , സ്വപനങ്ങൾക്ക് പിന്നാലേയുള്ള അലച്ചിൽ.

ചെന്നൈയിൽ നിന്നും കൊൽക്കത്തയിക്കുള്ള ദൂരം മുഴുവനും പാട്ടുകളുടെ അതീന്ദ്രിയ ലോകത്തായിരുന്നു . ബാവുലുകളെ അടുത്തറിയണമെങ്കിൽ , ബാവുൽ ജീവിതത്തെ അറിയണമെങ്കിൽ അവരുടെ പാട്ടുകളെ ആഴത്തിൽ പഠിക്കണം. പാട്ടുകൾ എഴുതിയെടുക്കാനും അവയുടെ അന്തരാർത്ഥം ഗ്രഹിക്കാനുമുള്ള എന്റെ ജിജ്ഞാസ കണ്ടപ്പോൾ ഗോപോൻ ഉഷാറായി. അയാൾ സ്വയം മറന്ന് പാടി.

എഴുതാനും വായിക്കാനും അറിയില്ല ഗോപോനു. മുന്നൂറോളം പാട്ടുകൾ അയാൾക്ക് ഹൃദിസ്ഥമാണു. വളരെ ലളിതമായ താരാട്ട് പാട്ട് മുതൽ സങ്കീർണ്ണമായ അർഥതലങ്ങൾ ഉൾക്കൊള്ളുന്ന പാട്ടുകൾ വരെ. ചിലതിന്റെ അർത്ഥം ഗോപോൻ ഹിന്ദിയിൽ വിവരിച്ച് തന്നു.  വാമൊഴി സംസ്കാരമാണു ബാവുലുകൾക്ക്, ഗുരുമുഖത്ത് നിന്ന് പഠിക്കുന്നവ. പാട്ടുകൾ ഓരോന്നും പാടിപ്പാടി അയാൾ മനപാഠമാക്കും.  ഒന്നുംഎഴുതി വെക്കുന്നില്ലഎവിടെം. പക്ഷെ പുതു തലമുറയിലെ ബാവുലുകൾ പാട്ടെഴുതാനും ശേഖരിക്കാനും ആധുനിക വിദ്യകൾ ഉപയോഗിക്കുന്നുണ്ട്. അതനുസരിച്ച് ഓർമ്മിക്കാനുള്ള ശക്തിയും കുറഞ്ഞ് വരുന്നുണ്ടെന്ന് പറഞ്ഞ് ഗോപോൻ ചിരിച്ചു.


അയാളത് പറഞ്ഞപ്പോൾ ഓർമ്മ വന്നത് രാജസ്ഥാനിലെ ഫാദ് വായനക്കാരെ. ആയിരക്കണക്കിനു ശ്ലോകങ്ങൾ അവർക്ക് മനപാഠമാണു. മുന്നിൽ വലിച്ച് കെട്ടിയ ചിത്രങ്ങൾ നിറഞ്ഞ ബാനറിനു മുന്നിൽ നിന്ന് രാത്രി മുഴുവൻ കഥ പറയാൻ അവർക്കൊരു പുസ്തക ത്തിന്റെയും സഹായം വേണ്ട. തലമുറകളായ് കൈമാറി വരുന്ന അറിവും സാധനയും മാത്രമാണവരുടെയൊക്കെ കൈമുതൽ.


ഹൗറ സ്റ്റേഷനിലെ തിരക്കിലൂടെ ഊളിയിടുമ്പോൾ  ബിമല എന്റെ കൈ മുറുകെ പിടിച്ചിരുന്നു. തിരക്കിൽ എന്നെ നഷ്ടപ്പെട്ട് പോകുമെന്ന് അവർ ഭയക്കുന്ന പോലെ.  ബോൽ പൂരിലേക്ക് രണ്ട് മണിക്കൂറിനു ശേഷമേ ഇനി ബസ് ഉള്ളുവെന്നും അൽപ്പം ഉറങ്ങട്ടേയെന്നും പറഞ്ഞ് സ്റ്റാന്റിന്റെ ഒരു മൂലയിൽ കിടന്ന ഗോപോൻ കിടന്ന പാടേ ഉറങ്ങിപ്പോയി.  ഇവ്വിധം നാളെയെ പറ്റി വേവലാതിപ്പെടാതെ ജീവിതം ജീവിച്ച് തീർക്കാൻ ഇവർക്കല്ലാതെ ആർക്ക് സാധിക്കും.
അയാൾക്കരികെ ഇത്തിരി സ്ഥലത്ത് ഉറങ്ങാൻ വട്ടം കൂട്ടുന്ന ബിമലയെ പറഞ്ഞ് ശട്ടം കെട്ടി , സ്റ്റാന്റിൽ നിന്നും ഒരു ഓട്ടോ വിളിച്ച് ഞാൻ ബാരാ ബസാറിലേക്ക് പോയി. കുറച്ച് സാധനങ്ങൾ വാങ്ങിക്കാനുണ്ട്. എന്റെയീ ജീൻസും ടോപ്പും ഇട്ട് ഇവരുടെ കൂടെ നടന്നാൽ ശ്രദ്ധിക്കപ്പെടും. വേഷം മാറ്റുന്നതാണു തടിക്ക് നല്ലത്.
ആദ്യം കണ്ട സലൂണിൽ കയറി മുടി പറ്റെ വെട്ടി ചെറുതാക്കി. ഉള്ളിലൊരു ടൈറ്റ് ടീഷർട്ടും പുറമെ ഒരു അയഞ്ഞ ജുബയും ജീൻസും. ഇപ്പൊ എന്നെ കണ്ടാൽ അലസനായ ഒരു ബംഗാളി യുവാവിനെ പോലുണ്ട്.
തിരിച്ച് ബസ് സ്റ്റാന്റിൽ ചെന്നിറങ്ങിയ എന്നെ കണ്ട് ഗോപോൻ പൊട്ടിച്ചിരിച്ചു.
"എന്റെ ആത്മമേ
പ്രകൃതിയെ പോലെ വസ്ത്രം ധരിക്ക
ഒരു സ്ത്രീയായിരിക്കാൻ പഠിക്കുക
ആത്മീയ ജ്ഞാനം ആർജ്ജിക്കുക
നിന്റെ ശരീരത്തിന്റെ വേഗം കൂടുന്നത് നീ അറിയും
എന്റെ ആത്മമേ പ്രകൃതിയെ പോലെ വസ്ത്രം ധരിക്ക"


ബോല്പൂരിലേക്കുള്ള ബസിൽ നല്ല തിരക്കായിരുന്നു. ഒരു കപ്പലെന്ന വണ്ണം പൊടി നിറഞ്ഞ നിരത്തിലൂടെ ബസ് ആടിയുലഞ്ഞ് മുന്നോട്ട് നീങ്ങി. ബംഗാളികൾക്കൊക്കെ ഉള്ളിയുടേയും പുഴുങ്ങിയ ഉരുളക്കിഴങ്ങിന്റേയും മണമാണല്ലോന്നോർത്ത് ഗോപോന്റ്റേയും ബിമലയുടേയും നടുക്ക് ഞാനിരുന്നു. ജമാൽ പൂരിൽ നിന്നും ആണും പെണ്ണുമടങ്ങുന്ന സംഘങ്ങൾ ബസിനകത്തേക്ക് ഇരച്ച് കയറി. കെന്ദൂളിയിലേക്ക് പോകുന്ന യാത്രക്കാരാണധികവും. പൊടിപിടിച്ച് ചുവന്ന മുടിയും മുഷിഞ്ഞ കുപ്പായവുമായ് അവർ ബസിനകത്ത് കലപില കൂട്ടി.  തിരക്കിനിടയിലൂടെ ഉന്തിത്തള്ളി , ഹരിബോൽ എന്നുറക്കെ ചിരിച്ച് രണ്ട്മൂന്ന്പേർ മുന്നോട്ട് വന്ന് ഗോപോനെ കെട്ടിപ്പിടിച്ചു. ബർധമാനിൽ നിന്നുള്ള അലോകും അവന്റെ ഖേപി ചിന്മയും ദേബേനും ആണതെന്ന് ബിമല എനിക്ക് അവരെ പരിചയപ്പെടുത്തിതന്നു.
ഞാൻ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അലോകിനു ഒരു ഒരുപാട് സന്തോഷമായി.‌ അയാളൊരിക്കൽ കേരളത്തിൽ വന്നിട്ടുണ്ടത്രെ.


ബോൽ പൂരിൽ നിന്നും ഒരു ഓട്ടോ പിടിച്ച് ഞാൻ ശാന്തിനികേതനിലെ താമസ സ്ഥലത്തേക്ക് പോകാനിറങ്ങി. ഗോപോനും ബിമലയും ദുർഗാപൂരിലേക്കാണു. അലോകും ചിന്മയയും ദേബേനും കെന്ദൂളിയിലേക്കും. അടുത്ത ദിവസം കെന്ദൂളിയിൽ വെച്ച് കാണാമെന്ന് പറഞ്ഞ് പിരിയും നേരം ദേബേന്റെ കണ്ണിൽ കണ്ട തിളക്കം  എന്നെ അസ്വസ്ഥയാക്കി. അയാളുടെ മനസ്സിനകത്ത് എരിയാൻ തുടങ്ങിയ ഒരു തിരിയുടെ തിളക്കമാണതെന്ന് എന്റെ ഉള്ളിലിരുന്ന് ആരോ പറയുന്ന പോലെ !!


പിറ്റേന്ന്  , കെന്ദൂളിയിലെ തിരക്കിൽ ഉയർന്ന് പൊങ്ങുന്ന പൊടിയിലൂടെ  ആളുകളെ വകഞ്ഞ് മാറ്റി ഗോപേനെയും ബിമലയേയും തിരഞ്ഞ് ഞാൻ നടന്നു.  കാറ്റിൽ പൊട്ടിയ പട്ടം പോലെ ഒഴുകി നടക്കുന്ന ബാവുലുകൾ,  ദൈവ നാമം പ്രകീർത്തിച്ച് ഉറക്കെ പാടുന്ന കീർത്തനീയർ, മേള കാണാനും ബാവുലുകളെ കാണാനുമായ് വന്ന ജനങ്ങൾ, വഴിവാണിഭക്കാർ, കെന്ദൂളി നിറഞ്ഞ് കവിഞ്ഞിരുന്നു. 



രാത്രിയിലാണു മേള ആരംഭിക്കുക. ബാവുലുകൾക്ക് ഇരുന്ന് പാടാനായി കല്ലുകൾ കൊണ്ട് കെട്ടി ഉണ്ടാക്കിയ സ്റ്റേജിനു മുകളിൽ തുണിപന്തൽ വലിച്ച് കെട്ടുന്ന തിരക്കിലാണു ചിലർ. സ്റ്റേജുകൾക്കിടയിലൂടെ , മണ്ണു പാറുന്ന കുടിലുകൾ ചുറ്റി, അവിടവിടെ കൂട്ടം കൂടിയിരുന്ന് സംസാരിക്കുന്ന ആളുകൾക്കിടയിലൂടെ പൊടിയിലും കഞ്ചാവിന്റെ പുകയിലും ശ്വാസം മുട്ടി നടക്കവെ അലോക് വന്ന് എന്നെ ഗോപോന്റെ കുടിലിലേക്ക് വഴി കാട്ടി.
മണ്ണുകൊണ്ടുണ്ടാക്കിയ കുടിലിൽ നിന്നും ഇറങ്ങിവന്ന ബിമല മാ  എന്നെ കെട്ടിപ്പിടിച്ചു. അകത്തേക്ക് കൂട്ടിക്കൊണ്ട്പോയി പൂരിയും ഉരുളക്കിഴങ്ങ് കറിയും വിളമ്പിത്തന്നു. കുടിലിന്റെ ഒരു മൂലക്ക് കിടന്ന് നല്ല ഉറക്കമാണു ഗോപോൻ. അയാൾക്ക് രാത്രി ഉണർന്നിരുന്നാണു ശീലം എന്ന് തോന്നുന്നു. ഇന്ന് രാത്രി പബനും മിലുവും വരുമെന്നും അവരുടെ പാട്ടുണ്ടെന്നും ബിമലാ മാ പറഞ്ഞു.

ചായ കുടിച്ച് കുടിലിനു പുറത്തിറങ്ങി അജോയ് നദിക്കരയിലൂടെ വെറുതെ താഴേക്ക് നടന്നു. തമാൽ വൃക്ഷങ്ങളും അരയാലും നിറഞ്ഞ വനമാണു നദിക്കര. നദി മുറിച്ച് നടന്ന് വരുന്ന ജനങ്ങൾ, നദിയിൽ തുണി അലക്കുന്നവർ, മീൻ പിടിക്കുന്നവർ . ഉൽസവ പ്രതീതിയാണെങ്ങും.
നടന്ന് നടന്ന് തിരക്കു കുറഞ്ഞൊരു ഭാഗത്ത് കണ്ട അരയാലിന്റെ വേരിൽ ചാരി ഞാനാ മണ്ണിൽ കിടന്നു.


" തുമി കീ ഗുമാഛ?' **
മുഖമുയർത്തി നോക്കിയപ്പോൾ ദേബേൻ‌. സഞ്ചിയിൽ കൈയിട്ട് ഒരു മുഴുത്ത പേരക്ക നീട്ടി അയാൾ ചിരിച്ചു. ഏക്താര പിടിക്കേണ്ട വിധവും എങ്ങനെ അതിൽ നിന്നും വ്യത്യസ്ഥ സ്വരങ്ങൾ ഉണ്ടാകുന്നതെന്നും അയാൾ വിശദീകരിച്ചു.  കഴിഞ്ഞ പന്ത്രണ്ട് വർഷമായ് ഗോപോനാണു അയാളുടെ ഗുരു.
പാട്ട് കേട്ടും പാട്ടെഴുതിയെടുത്തും കുറേ നേരം. ഭാഷ ഒരു തടസ്സമേ ആയിരുന്നില്ല ഞങ്ങൾക്കിടേൽ.


അന്നേരമാണു  ഛിലം കാണണമെന്ന ആഗ്രഹം ഞനയാളോട് പറയുന്നത്. വിശ്വാസം വരാതെ എന്നെ ഒന്ന് നോക്കി അയാളെഴുന്നേറ്റ് വൃക്ഷങ്ങൾക്കിടയിലൂടെ കുടിലുകളുടെ ഭാഗത്തേക്ക് നടന്നു.  തിരിച്ച് വന്ന് എന്റടുത്തിരുന്ന ദേബേൻ , കളിമണ്ണു കൊണ്ടുണ്ടാക്കിയ ഒരു കുഴൽ എനിക്ക് നീട്ടി. ഉരുണ്ട ഒരു കല്ല് കൊണ്ട് കുഴലിന്റെ താഴ്ഭാഗം അടച്ച് വച്ചിരിക്കുന്നു. സഞ്ചിയിൽ കൈയിട്ട് ഒരു സിഗരറ്റ് എടുത്ത് കത്തിച്ച് കുറച് നേരം പിടിച്ച് അയാളത് ഊതിക്കെടുത്തി. സിഗരറ്റ് കീറി പുകയില കൈവെള്ളയിലിട്ടു. ശേഷം സഞ്ചിയിൽ നിന്നും ഒരു പൊതിയെടുത്ത് അതിൽ നിന്നും ഒരു നുള്ളെടുത്ത്  അതിലേക്കിട്ടു. അനന്തരം വലം കൈയിന്റെ പെരു വിരൽ കൊണ്ട് ഉള്ളം കയ്യിലെ കൂട്ട് നന്നായി തിരുമ്മി ചേർത്ത് , കുഴലിനകത്ത് നിറച്ചു. ഛിലം നിറച്ചയാൾ കത്തിക്കാൻ പാടില്ലാന്ന് നിയമം ഉണ്ടത്രെ. ഞാനത് കത്തിച്ച് കൊടുത്തു. ചുമലിൽ കിടന്ന മുണ്ടിൽ നിന്ന് ഒരറ്റം കീറിയെടുത്ത് വളരെ ശ്രദ്ധാപൂർവ്വം കുഴലിന്റെ താഴെ അറ്റം പൊതിഞ്ഞ് അയാളത് എനിക്ക് നീട്ടി. യാതൊരു മുൻ പരിചയവും ഇല്ലാഞ്ഞിട്ടും ഞാനത് വാങ്ങി അറ്റം ചുണ്ടിൽ ചേർത്ത് വെച്ച് ആഞ്ഞ് വലിച്ചു. ആദ്യത്തെ രണ്ട് വലിക്ക് തന്നെ ഭൂമിയിൽ നിന്നുള്ള പിടിത്തം വിട്ടിരുന്നു. ഉച്ചനേരത്തുംആകാശത്ത് നക്ഷത്രങ്ങൾ വിടർന്ന് ചിരിച്ചു. താഴേക്ക് നൂലു പോലെ തൂങ്ങിയിറങ്ങുന്ന വെൺ മേഘക്കൂട്ടങ്ങൾ. അജോയ് നദിയിലെ വെള്ളം ഉയർന്നുയർന്ന് വരുന്നത് കണ്ട് ഞാൻ ദേബേന്റെ കൈതണ്ടയിൽ മുറുകെ പിടിച്ചു. മീനുകളൊക്കെ കരക്ക് കയറി വരിവരിയായ് നടന്ന് തമാല വൃക്ഷങ്ങൾക്കിടയിലേക്ക് മറയുന്ന ദൃശ്യം കണ്ട് അന്ധാളിച്ചു.,  പഞ്ഞി പോലുള്ള മേഘത്തൊട്ടിലിൽ കിടന്ന് ഞാനുറങ്ങിപ്പോയി.


ഉണർന്നപ്പോൾ ഇരുട്ട് വീഴാൻ തുടങ്ങിയിരുന്നു. ജാള്യയതോടെ എണീറ്റിരുന്നു. താടിക്ക് കൈയും കൊടുത്ത് , തമാലയുടേയും അരയാലിന്റെം ഇലകൾ കൂട്ടിക്കെട്ടിയ വിശറി കൊണ്ട് വീശി ഈച്ചകളെയും കൊതുകിനെയും അകറ്റുന്ന ദേബേനോട് സോറി പറഞ്ഞു. 
നദിക്കര ഇപ്പോൾ വിജനമാണു. വെള്ളത്തിനു നല്ല തണുപ്പ്. അരക്കൊപ്പം , നെഞ്ചൊപ്പം പിന്നെ കഴുത്തൊപ്പമായപ്പോൾ ഞാൻ മുങ്ങാംകുഴിയിട്ടു വെള്ളത്തിനടിയിൽ വെച്ച് കണ്ണുകൾ വലിച്ച് തുറന്നു. വെളുത്ത് തിളങ്ങുന്ന ശൽക്കങ്ങളോടെ പരൽമീനുകൾ, തവിട്ട് നിറത്തിലുള്ള കോട്ടികൾ, ഞങ്ങൾ മൽസരിച്ച് നീന്തി.

രാത്രിയായപ്പോഴേക്കും മേള സ്ഥലം സൂചികുത്താനിടയില്ലാത്ത വിധം നിറഞ്ഞിരുന്നു. ആളുകൾ കൈയടിച്ചും വീണ്ടും പാടാനാവശ്യപ്പെട്ടും നോട്ട് മാല ഇട്ട് കൊടുത്തും പാട്ടുകാരെ പ്രോൽസാഹിപ്പിക്കുന്നുണ്ട്. പാതിരാവായപ്പോൾ ഗോപോന്റെ കുടിലിന്റെ മുറ്റത്ത് ഒരു ചെറു സംഘം രൂൂപം കൊണ്ടിരുന്നു. പബൻ, മിലു, ഗോപോൻ, ബിമല, അലോക്, ചിന്മയി, പിന്നെ ദേബേനും.‌ഞാനവരുടെ അടുത്തേക്ക് പോയി പബനെയും മിലുവിനെയും പരിചയപ്പെട്ടു. ഏക്താരയെടുത്ത് മീട്ടി പബൻ പാടി. മേഘഗർജ്ജനം പോലുള്ള ആ ശബ്ദം കേട്ട് ഞാൻ സ്തംഭിച്ചിരുന്നു. എന്തൊരു ശക്തിയാണയാളുടെ ശബ്ദത്തിനു. അലോകും ഗോപോനും മൽസരിച്ച് പാടി, ദേബേന്റെ മെലിഞ്ഞ തൊണ്ടക്കുഴിയിൽ നിന്നും പുറത്ത് വന്ന ശബ്ദം എന്നെ പിടിച്ച് കുലുക്കി. തീ പിടിച്ച പോലായിരുന്നു അന്നേരമയാൾ. നിലാവ് ചായുവോളം പാട്ട് പാടിയും കേട്ടും സംസാരിച്ചും ആ കുടിലിന്റെ മുറ്റത്തിരുന്നു.


പിറ്റേന്ന് ഹൗറ സ്റ്റേഷനിൽ ഡെൽഹിയിലേക്കുള്ള  ട്രെയിൻ കാത്തിരിക്കവെ പുറകിൽ കാല്പെരുമാറ്റം കണ്ട് ഞാൻ തിരിഞ്ഞ് നോക്കി. ദേബേൻ!!
" അപനി അബാര അസാത്തെ?'***
ഹാം എന്ന് പറഞ്ഞ് തലകുലുക്കിയപ്പോൾ ഞാനയാളുടെ മുഖത്തേക്ക് നോക്കിയില്ല.
ബെർത്തിൽ കിടന്ന് ഷൗക്കത്തിന്റെ ഹിമാലയൻ യാത്രകൾ കൈയിലെടുത്തു. വായിച്ച് മടക്കി വെച്ചിരുന്ന പേജെടുത്ത് നിവർത്തി. ഹിമാലയം വിളിക്കുന്നുണ്ട്.
ഇപ്പൊൾ ഇല്ലെങ്കിൽ പിന്നെ ഒരിക്കലും ഉണ്ടാകില്ല
** നീ ഉറങ്ങുകയാണോ?
*** നീ മടങ്ങി വരുമോ?

Photos: Google.

Sunday, August 9, 2015

ചൻ ചേലോയുടെ പട്ടുറുമാൽ !!

ആരോ തൊട്ടുണർത്തിയത് പോലെയാണു ഞാൻ കണ്ണുതുറന്നത് ! അകലെയെവിടെ നിന്നും  കാറ്റിൽ ഒഴുകിയെത്തുന്ന ഒരു പാട്ടിന്റെ ഈണം. രാത്രിയുടെ ഇരുട്ടിനെ തുളച്ചെന്നുന്ന പുല്ലാംകുഴലിന്റെ അനിർവചനീയമായ നാദധാര !!
ഇടത് കൈ കൊണ്ട് പുതപ്പെടുത്ത് മാറ്റി , എന്നെ ചുറ്റിയിരുന്ന കൈകളെ പതിയെ എടുത്ത് തലയണയിൽ ചേർത്ത് വെച്ച് കട്ടിലിൽ നിന്നും ഞാൻ ഊർന്നിറങ്ങി.  കാലു കുത്താൻ വയ്യാത്തത്രേം തണുപ്പാണു നിലത്ത്.  ഉപ്പൂറ്റിയിലും കാൽ വിരലുകളിലും ഊന്നി ഉള്ളം കാലിൽ തണുപ്പ് തട്ടാതെ ഏന്തി നടന്ന്   ബാൽക്കണിയിലേക്കുള്ള വാതിൽ ഞാൻ പതുക്കെ തുറന്നു.  കാത്ത് നിൽക്കുന്ന പോലാണു തണുപ്പെന്നെ പൊതിഞ്ഞത്.  തണുത്ത് കുളിർന്ന് താഴേ നിന്നും ആ പാട്ട് വരുന്ന ഭാഗത്തേക്ക് നോക്കി ഞാനാ ബാൽക്കണിയിൽ തറഞ്ഞ് നിന്നു. ആകാശത്ത് മുത്തുകൾ വാരി വിതറിയ പോലെ നക്ഷ്ത്രങ്ങൾ.   താഴെ അങ്ങിങ്ങായി മുനിഞ്ഞ് കത്തുന്ന വിളക്കുകൾ. അവിടെയൊരു ഗ്രാമമുണ്ടെന്ന് രാവിലെ ചായ കൊണ്ട് വന്ന പയ്യൻ പറഞ്ഞതോർത്ത്  ആ പാട്ടിന്റെ വരികൾ ശ്രദ്ധിച്ച് , ആ ഈണത്തിൽ ലയിച്ച് നിൽക്കെ , എന്തൊരു തണുപ്പാല്ലേന്നും  പറഞ്ഞ് രജായിയുടെ ചൂടിലേക്ക് എന്നെ ചേർത്ത് നിർത്തി ,  അഴിഞ്ഞ് വീണ മുടിചുരുളുകളെ വകഞ്ഞ് മാറ്റി  പി ൻ കഴുത്തിൽ
ചുണ്ടമർത്തി ആലിപ്പഴത്തിന്റെ മധുരമെന്ന് പറഞ്ഞ് അവൻ  ചിരിച്ചു. 


രാവിലെ ഉണർന്നതും രജായി വലിച്ച് നീക്കി ഞാൻ ബാൽക്കണിയിലേക്കോടി. അന്നേരം ആ പാട്ടവിടെ ഉണ്ടായിരുന്നില്ല. ദൂരെ മഞ്ഞ് പുതച്ച കുന്നിൻ ചരിവുകളിൽ വെയിൽ വെട്ടി തിളങ്ങുന്നു..


തിരിഞ്ഞ് വാതിൽ തുറന്ന് താഴെ റിസപ്ഷനിലേക്ക് എത്തി നോക്കിയപ്പോൾ സമരേഷ് താക്കുർ അവിടെയുണ്ട്. കുനിഞ്ഞിരുന്ന് രെജിസ്റ്റ്രറിൽ എന്തോ എഴുതുകയായിരുന്നു അദ്ദേഹം.  വാതിൽ വലിച്ച് തുറന്ന് പത്തിരുപത് ചെറുപ്പക്കാർ , ആണും പെണ്ണുമടങ്ങുന്ന സംഘം ഹോട്ടലിലേക്ക് തള്ളിക്കയറി വന്നു. ഗുജറാത്തികളാണെന്നു തോന്നുന്നു. അവർക്ക് കടന്ന് പോകാൻ വഴിയൊഴിഞ്ഞ് കോണിയുടെ കൈവരിയിൽ ചാരി നിൽക്കെ ഞാനാലോചിച്ചത് തലേന്നത്തെ പാട്ടിനെപറ്റി തന്നെയായിരുന്നു.


സമരേഷ് കാക്ക ,  ആരായിരുന്നു ഇന്നലെ പാടിയത് ?
രെജിസ്റ്ററിൽ നിന്നും തലയുയർത്തി അദ്ദേഹം ചിരിച്ചു.
" യേ തൊ ഗഡ്ഡി ലോഗേ    " , പഹാരീസ്'".


ഹിമാചൽ പ്രദേശിലെ മലമടക്കുകളിൽ താമസിക്കുന്ന ഗോത്രവിഭാഗമാണു ഗഡ്ഡികൾ. ആടിനെ മേക്കലാണു പ്രധാന തൊഴിൽ. മഞ്ഞ് കാലത്തിന്റെ അവസാനം തങ്ങളൂടെ ആട്ടിൻ പറ്റവുമായി മല കയറുന്ന ആട്ടിടയന്മാർ. അതിജീവനത്തിന്റേയും വിരഹത്തിന്റെയും കാലമാണു അവർക്കത്. തനതായ ഭാഷയും സംസ്കാരവുമുണ്ട് ഗഡ്ഡികൾക്ക്. ബംഗാളിലെ ബാവുൽ ഗായകരെ പോലെ പ്രശസ്തമാണു ഗഡ്ഡികളുടെ പാട്ടും. ബാവുലുകളെ പോലെ തന്നെയാണു  ഇവരും. മലമടക്കുകളിൽ നിന്നും മലമടക്കുകളിലേക്ക് ആട്ടിൻ പറ്റത്തേയും കൊണ്ടുള്ള നിതാന്താ യാത്ര.  ശിവ ഭക്തരാണു പലരും. ചമ്പാ മേഖലയിലെ ഉൽസവങ്ങളിൽ ഗഡ്ഡികളുടെ പാട്ടും നൃത്തവുമാണത്രെ ഉൽസവ രാവുകൾക്ക് മാറ്റ് കൂട്ടുക.
ഹോട്ടലിനു പുറത്തിറങ്ങിയപ്പോൾ ഞങ്ങളുടെ ഡ്രൈവർ എണീറ്റിട്ടില്ല. ഇന്നലെ രാത്രി പുള്ളി കാറിൽ തന്നെയാണു ഉറങ്ങിയതെന്ന് തോന്നുന്നു.

ഇന്ന് ഞങ്ങൾക്ക് കജ്ജിയാറിലേക്കാണു പോകേണ്ടത്. ഡാൽഹൗസിയിൽ നിന്നും കഷ്ടിച്ച് പത്തിരുപത് കിലോമീറ്ററെ ഉള്ളു കജ്ജിയാർ മലനിരകളിലേക്ക്. അത് കൊണ്ട് തന്നെ ഒട്ടും തിരക്ക് കൂട്ടണ്ടായെന്നും നമുക്ക് പതുക്കെ പോയാൽ മതീന്നും തലേന്നേ ഡ്രൈവർ പറഞ്ഞുറപ്പിച്ചിരുന്നു.  അയാളെ ഉണർത്താൻ മിനക്കെടാതെ ഞങ്ങൾ നടന്നു. മുകളിലേക്കുള്ള വഴിയെ പോയാൽ ബസ്സ്റ്റാന്റാണെന്ന് സമരേഷ് കാക്ക പറഞ്ഞിരുന്നു. കുറച്ച് നടന്നപ്പോൾ ഹിമാചൽ പരിവഹൻ എന്നു ബോർഡെഴുതിയ രണ്ട് മൂന്ന് ബസുകൾ കിടക്കുന്നു.  ബസ്റ്റാന്റിന്റെ ഒരു മൂലക്കൽ വെച്ച സ്റ്റൗവിൽ ചായ ഉണ്ടാക്കുന്ന ഒരു സ്ത്രീ. ഓരോ ചായ വാങ്ങിക്കുടിച്ച് തണുപ്പിനെ ഊതിയകറ്റുന്നതിനിടയിൽ അടുത്ത് നിന്ന ബസ് ഡ്രൈവറോട് ഈ ബസ് എങ്ങോട്ടാണെന്ന് ഞാൻ കുശലം ചോദിച്ചു.
കജ്ജിയാറിലേക്കുള്ള ബസാണെന്നും ഇതിനി തിരിച്ച് വൈകിട്ടേ വരുമെന്നും   നിങ്ങൾക്ക് വേണേൽ ഇതിൽ കയറി രണ്ട് കിലോമീറ്റർ അപ്പുറത്തുള്ള ഗാന്ധി ചൗക്കിലോ മാൽ റോഡിലോ ഇറങ്ങി തിരിച്ച് ഹോട്ടലിലേക്ക് നടന്ന് വരാമെന്നും അയാൾ പറഞ്ഞപ്പോൾ രണ്ടാമതൊന്ന് ആലോചിക്കാതെ ബസിൽ കയറി ഇരുന്നു.  ഹിമാചൽ പരിവഹൻ ബസുകളൊക്കെ ആകെ നിറം കെട്ട് ചുളുങ്ങി കുളീം നനേം ഒന്നുമില്ലാത്ത തനി നാടോടികൾ തന്നെയാണു. ബസിൽ അങ്ങിങ്ങായി കൂനിപിച്ചിരിക്കുന്ന കുറച്ചാളുകൾ. രാത്രി പണി കഴിഞ്ഞ് വീട്ടിൽ പോകുന്ന ഗ്രാമ വാസികളാണു  അധികവും.
എന്റെ തൊട്ട സീറ്റിലിരുന്ന ആളോട്  കൈയിൽ കരുതിയിരുന്ന കടലാസ് തുണ്ട് നീട്ടി പരിചിത ഭാവത്തിൽ ഞാൻ ചിരിച്ചു.
യേ കോൻസീ ഗാനാ ഹേ ബായീജാൻ?
രാത്രി കേട്ട പാട്ടിന്റെ വരികൾ ഞാൻ കുറിച്ച് വെച്ചിരുന്നു. എനിക്ക് മനസ്സിലാകുന്ന ഭാഷ ആയിരുന്നില്ല അത്. വെറും ഹിന്ദിയൊന്നും ആയിരുന്നില്ല അത്. കഴുത്തിലെ ‌മഫ്ലെർ അഴിച്ച് കണ്ണട ശരിയാക്കി അയാൾ ആ കടലാസ് കഷ്ണത്തിൽ ഞാൻ കോറിയിട്ടിരുന്ന വാക്കുകൾ വായിച്ചെടെത്തു.


കടലാസിൽ നിന്നും മുഖമുയർത്തി അയാളെന്നെ നോക്കി.
തു കിധർ സെ ആരേ..?
ഞാൻ കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ അയാൾക്ക് സന്തോഷമായി. ഇത്രയും ദൂരേന്ന് വന്നൊരാൾ തങ്ങളൂടെ ജീവിതത്തിന്റെ ഭാഗമായ ഒന്നിനെ പറ്റി ആഗ്രഹത്തോടെ ചോദിക്കുന്ന സന്തോഷം അയാളുടെ നോട്ടത്തിൽ ഉണ്ടായിരുന്നു. അയാളൂടെ വീട് കജ്ജിയാറിലാണെന്നും ഡാൽഹൗസിയിൽ ഒരു റിസോർട്ടിലെ സെക്യൂരിറ്റിയാണെന്നും ഇപ്പോൾ ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയാണെന്നും അയാൾ പറഞ്ഞു.
എന്നിട്ടയാാൾ ആ പാട്ട് പാടി.


"  കപഡേ ദോവൻ നാലേ റോൻ വൻ, കുഞുവാ
മുഖോനു ബോൽ ജവാനീ , ഹോ
ഹാതാ വിഷ് രേഷനീ റൂമാൽ , ചൻ ഞ്ചേലോ...
വിഷ് ഛല്ലാ നിഷാനീ ഹോ....
മെരിയേ ജിന്ദേ..., വിഷ് ഛല്ലാ നിഷാനീ ഹോ..."


തലമുറകളായ് കൈമാറി വരുന്ന നാടൻ പാട്ടാണിതെന്നും പ്രണയത്തിന്റേയും വിരഹത്തിന്റേയും മധുരവും വേദനയും ചാലിച്ചെടുത്ത ഈണമായത് കൊണ്ടാണു് ഇതിത്ര ഇമ്പമായതെന്നും അയാൾ വിശദീകരിച്ചു. കുഞ്ഞുവിന്റെയും ചൻ ഞ്ചേലോയുടെയും കഥയാണത്രെ ആ പാട്ട്.  ആട്ടിടയ യുവാവായിരുന്നു കുഞ്ഞു. ചൻ ഞ്ചേലോ ഉയർന്ന ജാതിയിൽ പെട്ട യുവതിയും. അവരുടെ സ്നേഹത്തിനു ഗ്രാമം മുഴുവൻ എതിരായിരുന്നു. എല്ലാ എതിർപ്പിനേയും അവഗണിച്ച് അവർ സ്നേഹിച്ചു വിവാഹിതരായി. താമസിയാതെ കുഞ്ഞുവിനു , ചൻ ഞ്ചേലോയെ തനിയെ വിട്ട് തന്റെ ആട്ടിൻ പറ്റവുമായി മലമുകളിലേക്ക് പോകേണ്ടി വന്നു.  വിരഹാർത്തയായ ചൻ ഞ്ചേലൊ , കുഞ്ഞുവിന്റെ കുപ്പായക്കൈയ്യിൽ നിന്നും പൊട്ടി വീണ കുടുക്കും കൈയിൽ പിടിച്ച് അവന്റെ സാമീപ്യത്തിനായ് പാടുകയാണു.  കുഞ്ഞുവിന്റെ കൈയിൽ ചൻ ഞ്ചേലോയുടെ തൂവാലയുണ്ട്. അതിൽ മുഖമമർത്തി  അവളൂടെ ഗന്ധം ഉള്ളിലേക്കെടുത്ത്  മല മടക്കുകളിൽ നിന്നും ഒഴുകിയെത്തുന്ന കുഞ്ഞുവിന്റെ പുല്ലാങ്കുഴൽ നാദം."


അയാളൂടെ  പാട്ടും വിശദീകരണവും  വായും പൊളിച്ച് ഞാൻ കേട്ടിരുന്നു. ഓരോ നാട്ടിലുമുണ്ടാകും സമാനമായ നാടൻ ശീലുകൾ.  നന്മയുടേയും സ്നേഹത്തിന്റേയും സഹനത്തിന്റേയുമൊക്കെ അക്ഷയ ഖനികൾ.


" ഗാന്ധി ചൗക്ക് എത്തിയെന്നും നിങ്ങൾക്കിറങ്ങാനായെന്നും കണ്ടക്ടർ വിളിച്ച് പറഞ്ഞപ്പോൾ മലമുകളിൽ  നിരങ്ങി നീങ്ങുന്ന ബസിൽ വെച്ച്  അവിചാരിതമായ് കണ്ട് മുട്ടിയ ആ അഞ്ജാത സുഹൃത്തിനു നന്ദി പറഞ്ഞ് ഞങ്ങൾ ബസിൽ നിന്നിറങ്ങി.


ഒരു ചെറിയ നാൽക്കവലയാണു ഗാന്ധി ചൗക്ക്.  ഒരു ചെറിയ ബസ് വെയിറ്റിങ്ങ് ഷെഡും അതിനു സമീപത്തായി നീളത്തിൽ ഇടുങ്ങിയ ഒരു ഷെഡും. തിബറ്റൻ സാധനങ്ങൾ കച്ചവടം ചെയ്യുന്ന ഗലിയാണത്.  അതിനകത്തൂടെ കയറിയിറങ്ങി , ഓരോ ചായ കുടിച്ച് ,  അയാൾ മോമോയുണ്ടാക്കുന്നതും നോക്കി നിന്ന് ഗാന്ധിപ്രതിമയുടെ സമീപത്ത് കൂടെ താഴേക്ക് പോകുന്ന റോഡിലേക്കിറങ്ങി. ഏകദേശം രണ്ട് കിലോമീറ്ററുണ്ട് ഇവിടുന്ന് ഹോട്ടലിലേക്ക്. ഹിമാചൽ പ്രദേശിൽ ഓട്ടോറിക്ഷ വളരെ കുറവാണു. ഡാൽഹൗസിയിലും ധർമ്മശാലയിലും മണാലിയിലുമൊന്നും ഓട്ടോറിക്ഷക്കാരെ കണ്ടതേയില്ല. വളഞ്ഞ് പുളഞ്ഞ് താഴേക്ക് പോകുന്ന ആ  മലമ്പാതയിലൂടെ , കുഞ്ഞുവിനേയും ചൻ ഞ്ചേലോയെയും ഓർത്ത് , ലൈലായേയും മജ്നുവിനേയും പറ്റി സങ്കടപ്പെട്ട് , വാങ്കയുടേയും കാതിയയുടേയും കഥ ഓർമ്മേണ്ടൊന്ന് തർക്കിച്ച് , ഇണങ്ങിയും പിണങ്ങിയും സ്നേഹിച്ചും ഞങ്ങളാ മലമ്പാതയിലൂടെ ഹോട്ടൽ ലക്ഷ്യമാക്കി നടന്നു.


തണുപ്പെന്നെ അലോസരപ്പെടുത്തിയേ ഇല്ല അന്നേരം !!!