Tuesday, June 14, 2016

ചാന്ദ് കി ടുകഡ !

ഉത്തരേന്ത്യൻ തെരുവോരങ്ങളിൽ, ബസിൽ, തീവണ്ടിയിലെ തിരക്കിൽ പൊടുന്നനെ  പ്രത്യക്ഷപ്പെട്ട് കൈകൾ ഒരു പ്രത്യേക താളത്തിൽ കൊട്ടി ശൃംഗാരത്തോടെ ശരീരത്തിൽ തൊട്ട് ഭിക്ഷ ചോദിക്കുന്ന ഹിജഡക്കൂട്ടങ്ങളെ ഭയമായിരുന്നു. ഉപദ്രവിക്കുമോയെന്ന പേടി, കുഞ്ഞുങ്ങളെ തട്ടിയെടുത്തോടുമോയെന്ന ഞെട്ടൽ. അവരുടെ സങ്കടങ്ങളെ കുറിച്ച് , ആവലാതികളെ പറ്റി ചിന്തിച്ചിട്ടേയില്ല ഒരിക്കലും.
ഹിജഡകള്‍ ,അറുവാണിച്ചികള്‍ എന്നൊക്കെ പറഞ്ഞ് നമ്മള്‍ മുഖം തിരിച്ച് കളയുന്നവരുടെ നിസ്സഹായതയെ കുറിച്ചുള്ള അറിവില്ലായ്മയായിരുന്നു അത്.
ചാന്ദ്നി യായിരുന്നു മൂന്നാമത്തെ ലോകത്തിലേക്കുള്ള  എന്റെ കിളിവാതിൽ. ആഗ്രയിലെ വിരസമായ പകലുകളിൽ അവളെനിക്ക് കൂട്ട് വന്നു. പച്ചക്കറി ചന്തയിൽ പച്ചക്കറികൾ തിരഞ്ഞ് വിലപേശി , സോനാർഗല്ലിയിലേയും ലോഹമണ്ഡിയിലെയും തിരക്കുകൾക്കിടയിലൂടെ വാ തോരാതെ വർത്തമാനം പറഞ്ഞ്, രൂയി കി മണ്ഡിയിലെ ഗലികളിൽ സ്വെറ്റർ തുന്നാനുള്ള സൂചിയും നൂലും തിരഞ്ഞ് അവളെന്റെ കൂടെ നടക്കും.
ചാന്ദ്നി നന്നായി പാചകം ചെയ്യും. പാചകം മാത്രമല്ല, നന്നായി നൃത്തം ചെയ്യുകയും പാട്ടുപാടുകയും ചെയ്യും. ചാന്ദ്നി ഹിജഡയാണു, ട്രാന്‍സ്ജെന്റര്‍, പാതി പുരുഷനും പാതി സ്ത്രീയും. തന്റെ ശരീരത്തില്‍ ബാക്കിയായ പുരുഷ ചിഹ്നങ്ങളെ മായ്ച്ച് കളഞ്ഞ്  ഒരു പൂര്‍ണ്ണ സ്ത്രീയാകാന്‍ ആഗ്രഹിക്കുന്ന ഹിജഡ. ഒരാണിന്റെ കരവലയത്തില്‍ അമര്‍ന്ന് കിടക്കാനും അവന്റെ  കുഞ്ഞിനെ പ്രസവിക്കാനും തീവ്രമായ ആഗ്രഹം പേറി നടക്കുന്നൊരു പെണ്ണ്. 
 മധ്യപ്രദേശിലെ മൊറീനയിലാണു ചാന്ദ്നിയുടെ വീട്.  അഛനും അമ്മയും സഹോദരങ്ങളുമൊക്കെയുണ്ട്.
തന്റെയുള്ളില്‍ വളരുന്ന പെണ്ണിനെ വീട്ടുകാര്‍ അംഗീകരിക്കില്ലാന്ന് ഉറപ്പായപ്പോള്‍ ഒളിച്ചോടി ആഗ്രയിലെ ഹിജഡക്കൂട്ടത്തില്‍ ചേര്‍ന്നതാണവള്‍. ഇവിടെ ഹമാമില്‍ അവള്‍ അമ്മയെ പോലെ കരുതി സ്നേഹിക്കുന്ന ഗുരുവുണ്ട്. സഹോദരിമാരെ പോലെ ഇതര ചേലകളും.
ദാരിദ്ര്യവും അവഗണനയും മൂലം വേശ്യാവൃത്തിയും ഭിക്ഷാടനവും
തൊഴിലാക്കിയ ഒരു സമൂഹം. വിദ്യാഭ്യാസമില്ല ജോലിയുമില്ല,നാട്ടിലെ ഒരു നിയമങ്ങളിലും ഇവരെ സഹായിക്കാന്‍ പഴുതുകളില്ല.പരിഹാസവും യാതനകളും മാത്രമാകുമ്പോള്‍
മനസ്സാന്നിദ്ധ്യം നഷ്ട്ടപ്പെടുന്നതില്‍ എന്തല്‍ഭുതം.
 ആളുകളുടെ കളിയാക്കലുകളും ഭത്സനങ്ങളും കേള്‍ക്കുമ്പോള്‍ ഭൂമി പിളര്‍ന്ന് താഴേക്ക് പോയെങ്കിലെന്ന് എത്രയോ വട്ടം ആഗ്രഹിച്ചിട്ടുണ്ടെന്ന് ചാന്ദ്നി പറയുമ്പോള്‍ മറുത്ത് പറയാന്‍ എനിക്കും വാക്കുകള്‍ കിട്ടാറില്ല. അല്ലെങ്കിലും നമ്മള്‍ അവരോട് എന്നും അങ്ങനെയൊക്കെ തന്നെയല്ലേ പെരുമാറിയിട്ടുള്ളൂ. 
പാലു വറ്റിച്ച് ഖോയ ഉണ്ടാക്കുവാനും പിന്നീട് ഖോയ കൊണ്ട് കൊതിയൂറുന്ന മധുര പലഹാരങ്ങൾ ഉണ്ടാക്കാനും മിടുക്കിയായിരുന്നു ചാന്ദ്നി. ബേഗൻ ബർത്തയും പനീർ മസാലയും വെണ്ടക്കക്കുള്ളിൽ മസാല നിറച് പൊരിച്ചെടുക്കാനും അവളെന്നെ പഠിപ്പിച്ചു.
കട്ടിയായി വരുന്ന ഗാജർ ഹലുവ ഉരുളിയിൽ ഒട്ടിപ്പിടിക്കാതിരിക്കാൻ  നെയ്യൊഴിച്ച്  ഇളക്കുന്നതിനിടയിൽ ഞാനവളോട് പത്മനാഭന്റെ പ്രകാശം പരത്തുന്ന പെൺ കുട്ടിയെ പറ്റി പറയും.
തനിക്ക് ചുറ്റുമുള്ളവരിലേക്ക് നന്മയുടേയും സ്നേഹത്തിന്റേയും പ്രകാശം പ്രസരിപ്പിക്കുന്ന പെൺകുട്ടി. അത് കേട്ട് നിലാവ് പൊഴിയുന്ന പോലെ മധുരോദാത്തമായ് അവൾ മന്ദഹസിക്കും.
 ചാന്ദ്നിക്കൊരു കാമുകനുണ്ട്. പലപ്പോഴും ബിന്ദുകോട്ട് രയിലും പാര്‍വതീ പുരയിലെ സിനിമാ തിയേറ്റരിലുമൊക്കെ ഞാനവരെ ഒരുമിച്ച് കണ്ടിട്ടുണ്ട്. അവന്‍ നിന്നെ ചതിക്കുമെന്ന് ഞാന്‍ പറയുമ്പോളും അവൾ ചിരിക്കും.
“ അതെനിക്കറിയാം ബാബീ, ഒരു നാള്‍ അവന്‍ പോകുമെന്ന്, ഞാനൊരിക്കലും ഒരു അമ്മയാകില്ലല്ലൊ. എന്നാലും ബാബീ.., എനിക്ക് സ്നേഹിക്കാന്‍ ഒരാണിനെ തന്നെ വേണ്ടേ..”
 മുഖം കുനിച്ച് തറയില്‍ ചമ്രം പടിഞ്ഞിരിക്കുന്ന അവളുടേ കവിളില്‍ തോണ്ടി ഞാന്‍ കളിയാക്കും. “ എന്നാലും നീ സുന്ദരിയാണു, നിന്നെ കണ്ടാല്‍ പെന്‍ണല്ലാന്ന് ആരും പറയില്ല.”
 ഒന്നും മിണ്ടാതെ അവളെണീറ്റ് ഉടുത്തിരുന്ന സാരിയഴിച്ച് കസേരയിലിട്ടു. പിന്നീട് ബ്ലൌസും അടിയുടുപ്പുകളും ഊരി അവളെന്റെ മുന്‍പില്‍ നിവര്‍ന്ന് നിന്നു. ഉടയാടകളഴിഞ്ഞ് വീണപ്പോള്‍ അവളുടെ ദേഹത്ത് പെണ്ണിന്റെ ഒരടയാളവും ഉണ്ടായിരുന്നില്ല. അവളിലെ ആണീനെ അവളെന്നേ ഉപേക്ഷിച്ചിരുന്നു താനും. 
  എന്റെ നാക്കിറങ്ങി പോയിരുന്നു. അവളെ വസ്ത്രം ധരിക്കാന്‍ സഹായിക്കുന്നതിനിടെ ഞാനോര്‍ത്തത് ദൈവത്തിന്റെ വികൃതികളെ പറ്റി. എന്തിനായിരുന്നു ഇങ്ങനെയൊരു സൃഷ്ടിപ്പ്.
 സാരിയുടുത്ത് മുടി ചീകി പൌഡറിട്ട് ചാന്ദ്നി വീണ്ടൂം മോഹിനിയായി .
അരവാന്റെ ആഗ്രഹപ്രകാരം ഒരു ദിവസത്തേക്ക് മോഹിനീ രൂപം പൂണ്ട ഭഗവാൻ കൃഷ്ണൻ.
അവൾക്കിന്ന് പിടിപ്പത് പണിയുണ്ട്. സോന്തേയിയുടെ മകളുടെ കല്യാണ ഘോഷയാത്രയിൽ ആടിപ്പാടണം. ദമ്പതികളെ അനുഗ്രഹിക്കണം.
കരയാൻ സമയമില്ല. അല്ലെങ്കിലും വളരെ ചെറിയ ഈ ജീവിതത്തെ കരഞ്ഞും സങ്കടപ്പെട്ടും എന്തിനു നിറം കെട്ടതാക്കണം.