Sunday, December 19, 2010

താമിയും ഞാനും

എനിക്ക് പിടികിട്ടാത്ത ഒരു തരം മലയാളത്തില്‍ താമി അങ്ങനെ പാടിക്കൊണ്ടിരിക്കും.
വീട്ടിലെ പശുക്കളെ നോക്കാന്‍ ഉപ്പ പാലക്കാട്ട് ന്ന് കൊണ്ടുവന്നതാണ് താമിയെ,പത്തെഴുപത് വയസ്സുണ്ടാകും താമിക്ക്, മകനുമുണ്ടായിരുന്നു കൂടെ,ഷെട്ടി.പണിയൊക്കെ അവന്‍ ചെയ്തോളും.
മുകളില്‍ ഞാന്‍ പഠിക്കാനിരിക്കുന്ന ഒരു കൊച്ചുമുറിയുണ്ട്,അവിടെ താമി
കുടിപാര്‍പ്പ് തുടങ്ങി.ഞാന്‍ ചെല്ലുമ്പോ ഒരു വിളക്കും കത്തിച്ചുവെച്ച് ,പെട്ടിയും തുറന്നുവെച്ച് ഇരിപ്പുണ്ട്.
മുറിയിലെ ലൈറ്റ് ഓണാക്കി ഞാന്‍ പറഞ്ഞു “ഇനി ആ വിളക്ക് കെടുത്തിക്കൊ”.
വേണ്ട കുട്ട്യേ...നുമ്പക്ക് ഈ വെളക്ക് മതി,അതാ സൊഗം,
ഇദ് എവിടെങ്കിലും ഒന്നു വെക്കണൊല്ലൊന്റെ കുട്ട്യെ...
എന്താദ്... ദൈവാ....ഞാനെന്റെ പഴയ പുസ്തകങ്ങളും മറ്റും സൂക്ഷിക്കുന്ന പെട്ടി
അരികിലേക്ക് നീക്കിവെച്ചു.ഇതിന്ന്റ്റെ പുറത്ത് വെച്ചോ,ഇന്റെ പെട്ടിയാദ്,ആരും എടുക്കൂല.
വളരെ ശ്രദ്ധയോടെ ഫോട്ടോയെ പൊതിഞ്ഞിരുന്ന തുണി താമി നിവര്‍ത്തി, പാറ്റ ഗുളികയുടെ
മണം,ഞാന്‍ മൂക്ക് ചുളിച്ചു.ഫോട്ടോയിലേക്ക് എത്തിനോക്കിയ ഞാന്‍ പൊട്ടിച്ചിരിച്ചു,
“അയ്യേ ഇത് ഗാന്ധിജിയല്ലെ,നമ്മുടെ രാഷ്ട്രപിതാവ്”. “അതാ..നുമ്പടെ ദൈവം“
താമി ചിരിച്ചു.പിന്നെ ഒരു രഹസ്യമെന്നോണം ശബ്ദം താഴ്ത്തി”ഗാന്ധിരിസി ഒറ്റപ്പാലത്ത് വന്നപ്പൊ
ഞാനു തൊട്ടട്ക്കുണു”. "സത്യം?.." " ആ കുട്ട്യേ ...ദാ..ഇബടെ..." താമി ചൂണുവിരല്‍ കൊണ്ട്
എന്റെ വാരിയെല്ലില്‍ തൊട്ടു. ഞാന്‍ ഇളകി ചിരിച്ചു.
താമി എനിക്കു കഥകള്‍ പറഞ്ഞു തന്നു.നീലിയും വെള്ളച്ചിയും ഷൈക് തങ്ങളുമൊക്കെ താമിയുടെ കഥകളില്‍
നിറഞ്ഞു നിന്നു.പകരം ഞാന്‍ താമിയെ എഴുതാന്‍ പഠിപ്പിച്ചു.തറ പറ താമി എതിര്‍ത്തു.
“നുമ്പക്ക് ഗാന്ധിരിസീന്ന് എഷ്തിയാലു പോതും.”
“ഗ”വലിയ എതിര്‍പ്പില്ലാതെ താമിക്ക് വഴങ്ങി.പക്ഷെ“ ന്ധ“ യുടെ കയറ്റിറക്കങ്ങളില്‍
തട്ടി താമി അന്തിച്ചുനിന്നു.കരി കൊണ്ട് ചുവരില്‍ എഴുതിയിട്ട“ ഗാന്ധിജി”യില്‍ നോക്കി താമി പറയും
“ഇതിലും എളുപ്പാര്‍ന്നൂ നുമ്പക്ക് സോതന്ത്ര്യം കിട്ടാനു”
താമി പോകുന്നിടത്തൊക്കെ ഞാനുമുണ്ടാകും വാലായിട്ട്,തൊഴുത്തില്‍,പറമ്പില്‍,പുഴയില്‍ അങ്ങനെ നടക്കും.
എന്റെ മുടി ചീകി കെട്ടുന്നതിനിടയില്‍ കുഞ്ഞിപ്പെണ്ണു എന്നെ പേടിപ്പിക്കും.
“കുട്ടിക്ക് അറിയാഞ്ഞിട്ടാ...അയാക്ക് ഒടിമറിയാന്‍ അറിയാം,എനിക്ക് നല്ല നിശ്ശംണ്ട്...ഒരൂസം അയാള്‍ കുട്ടീനെ എട്ടുകാലിയാക്കും,കറുത്ത് തടിച്ച ഒരു എട്ടുകാലി.“
കുഞ്ഞിപ്പെണ്ണിന്റെ കൈ തട്ടിമാറ്റി ഞാന്‍ അകത്തേക്കോടും.
പാമ്പ്,തേള്‍,പാറ്റ,പഴുതാര എന്നീ ജീവികളെയൊന്നും കുഞ്ഞിപ്പെണ്ണിനു പേടിയില്ല.പാറ്റയേയും പഴുതാരെയേയുമൊക്കെ നിലത്തിട്ട് കാലുകൊണ്ട് ഊശ്..ഊശ്..എന്ന് ചവിട്ടുകൊല്ലും.പക്ഷേ എട്ടുകാലിയെ കണ്ടാല്‍
ഊയിന്റമ്മേ...എന്നും പറഞ്ഞ് ഓടിയൊളിക്കും.അതുകൊണ്ടാവും കുഞ്ഞിപ്പെണ്ണ് എന്നെ എട്ടുകാലിയായ് സങ്കല്‍പ്പിച്ചത്.
പിന്നീട് എത്രയോ രാത്രികളില്‍ ഉറക്കത്തില്‍ നിന്നും കിടക്ക വിട്ട് എഴുന്നേല്‍ക്കുന്ന ഞാന്‍ ഒരു എട്ടുകാ‍ലിയായ് കൈയും കാലും വലിച്ച് വെച്ച് പുറത്തേക്ക് ഇഴഞ്ഞു പോയിരിക്കുന്നു. അതൊരു സ്വപ്നമായിരുന്നു. എന്നാലും അത്
അങ്ങനെ തന്നെ ആയിരുന്നു.

പിന്നെയും ഒരുകൊല്ലം കഴിഞ്ഞ് ഏഴാംക്ലാസ്സിലെത്തിയപ്പോഴാണ് ബാലചന്ദ്രന്‍ മാഷ് എനിക്ക്
“ഖസാക്കിന്റെ ഇതിഹാസം”വായിക്കാന്‍ തരുന്നത്.ചിതലിമലയുടെ താഴ്വാരത്തിലൂടെ,
തസ്രാക്കിലൂടെ നടക്കുമ്പോ എനിക്കു തോന്നി ഞാനിവിടെ മുമ്പ് വന്നിട്ടുണ്ടല്ലോ...
കരിമ്പനയെ ചുഴറ്റി വീശിവന്ന ഒരു കാറ്റ് എന്റെ വാരിയെല്ലില്‍ തൊട്ടു:ദാ..ഇബടെ!
ചിലപ്പൊ ഞാന്‍ മൈമൂനയായി,ചിലപ്പോ കുഞ്ഞാമിന!


അങ്ങനെയിരിക്കെ...ഒരു നട്ടുച്ചക്ക്,ക്ലാസ്സിലെ ഏതോ വിരസമായ ഇടവേളയില്‍ അമീര്‍ അവന്റെ പ്രണയം എന്നോട് വെളിപ്പെടുത്തി. അതിനു നീ രവിയല്ലല്ലോ എന്ന എന്റെ മറുചോദ്യത്തില്‍ ആകെ അമ്പരന്നു പോയ അവനെന്നോട് ചോദിച്ചു.”ഏത് രവി..?”
“വിജയന്‍ മാഷിന്റെ രവി."
“ഏത് വിജയന്‍ മാഷ്..?പത്ത് ബിയിലെ വിജയന്‍ മാഷിന്റേയോ..?”
ഇപ്രാവശ്യം അമ്പരന്നത് ഞാന്‍.എന്റെ നോട്ടത്തിന്റെ ചൂടേറ്റ് അവന്റെ ഉള്ളിലെ പ്രണയം ഉരുകി ആവിയായ് ആകാശത്തേക്കുയരുന്നത് ഞാന്‍ കണ്ടു.

സ്വപ്നങ്ങളും റിയാലിറ്റികളുമിങ്ങനെ നിഴലും വെളിച്ചവും പോലെ ഇടകലരുകയാണു ജീവിതത്തില്‍.ഒരു സ്വപ്നത്തില്‍ നിന്നും ഒരു റിയാലിറ്റിയെ വലിച്ചൂരിയെടുക്കാനാവുന്നില്ല. യാഥാര്‍ത്യങ്ങളില്‍ നിന്നും ഒരു സ്വപ്നത്തെ മാറ്റി വെക്കാനുമാകുന്നില്ല.

50 comments:

  1. മലയാളം എഴുതാറേയില്ല ഈയിടെയായി. വല്ലപ്പോഴും“ ന്ധ” എന്നെഴുതേണ്ടി വരുമ്പോള്‍ ,കയറിയിറങ്ങി ന്ധ യുടെ മുനമ്പിലെത്തിയാല്‍ ഒരു മാത്ര അവിടെ തടഞ്ഞു നിക്കാറുണ്ട് ഞാന്‍.

    ReplyDelete
  2. കൌതുകത്തോടെ വായിച്ചു
    :)

    ReplyDelete
  3. ഒരു സ്വപ്നത്തില്‍ നിന്നും ഒരു റിയാലിറ്റിയെ വലിച്ചൂരിയെടുക്കാനാവുന്നില്ല. യാഥാര്‍ത്യങ്ങളില്‍ നിന്നും ഒരു സ്വപ്നത്തെ മാറ്റി വെക്കാനുമാകുന്നില്ല.

    ഇന്നത്തെ ചിന്തകളില്‍ മാത്രം കുരുങ്ങിക്കിടക്കുമ്പോള്‍ മറ്റൊന്നും അറിയാന്‍ കഴിയാതെ...
    നന്നായി ഇഷ്ടപ്പെട്ടു അവതരണവും എഴുത്തും ചിന്തകളും.

    ReplyDelete
  4. പതിയെ തുടങ്ങി നല്ല രസകരമായി പറഞ്ഞു നിര്‍ത്തിയ കുറിപ്പ്. താമിയില്‍ നിന്നും തുടങ്ങി തസ്രാകിലൂടെ നടന്ന് പറഞ്ഞു നിര്‍ത്തിയ ഈ കുറിപ്പ് ഹൃദ്യമായി മുല്ലേ. പിന്നെ അവസാനത്തെ വരികള്‍ മികച്ചതായി.
    ആശംസകള്‍

    ReplyDelete
  5. എഴുത്ത് നന്നായി.....
    ചിത്രങ്ങളും........
    തസ്രാക്കാണോ അതു?

    ReplyDelete
  6. സ്വപ്നങ്ങളും റിയാലിറ്റികളുമിങ്ങനെ നിഴലും വെളിച്ചവും പോലെ ഇടകലരുകയാണു ജീവിതത്തില്‍.ഒരു സ്വപ്നത്തില്‍ നിന്നും ഒരു റിയാലിറ്റിയെ വലിച്ചൂരിയെടുക്കാനാവുന്നില്ല. യാഥാര്‍ത്യങ്ങളില്‍ നിന്നും ഒരു സ്വപ്നത്തെ മാറ്റി വെക്കാനുമാകുന്നില്ല.


    ഇത് കലക്കി ...പാവം താമി...

    ReplyDelete
  7. അപ്പൊ, ബഷീര്‍ മാത്രമല്ല താമിയും ഗാന്ധിജിയെ തൊട്ടിട്ടുണ്ടായിരുന്നു അല്ലെ?

    മുല്ലവള്ളിയില്‍ ഒ.വി വിജയന്‍ പരകായപ്രവേശം നടത്തിയിരിക്കുന്നു, രവിയുടെ ബാധ കൂടിയിരിക്കുന്നു. ഹോമം വേണ്ടി വരുമോ, ആതൊ ഏലസ്സുകൊണ്ട് തീരുമോ? നൈസാം അലിയെ തേടിപ്പിടിക്കാന്‍ നേരമായി. പേടിക്കണ്ട, മൂപര്‍ക്ക് ഇപ്പോള്‍ ഇമെയില്‍ ഐഡിയുണ്ട്, മൊബൈല്‍ ഫോണും ഉണ്ട്. വെബ്കാം കണ്‍സള്‍ട്ടിംഗ് ആവാം. അപ്പുക്കിളിയോടു ചോദിച്ചാല്‍ മതി.

    "“ഗ”വലിയ എതിര്‍പ്പില്ലാതെ താമിക്ക് വഴങ്ങി.പക്ഷെ“ ന്ധ“ യുടെ കയറ്റിറക്കങ്ങളില്‍
    തട്ടി താമി അന്തിച്ചുനിന്നു.കരി കൊണ്ട് ചുവരില്‍ എഴുതിയിട്ട“ ഗാന്ധിജി”യില്‍ നോക്കി താമി പറയും
    “ഇതിലും എളുപ്പാര്‍ന്നൂ നുമ്പക്ക് സോതന്ത്ര്യം കിട്ടാനു”

    "പിന്നീട് എത്രയോ രാത്രികളില്‍ ഉറക്കത്തില്‍ നിന്നും കിടക്ക വിട്ട് എഴുന്നേല്‍ക്കുന്ന ഞാന്‍ ഒരു എട്ടുകാ‍ലിയായ് കൈയും കാലും വലിച്ച് വെച്ച് പുറത്തേക്ക് ഇഴഞ്ഞു പോയിരിക്കുന്നു. അതൊരു സ്വപ്നമായിരുന്നു. എന്നാലും അത്
    അങ്ങനെ തന്നെ ആയിരുന്നു."

    മൌലിക പ്രതിഭയുള്ള ഒരാള്‍ക്കേ ഇങ്ങിനെ എഴുതാന്‍ കഴിയൂ.

    സ്വപ്നങ്ങളും യാഥാര്‍ത്യങ്ങളും ഇഴപിരിഞ്ഞപ്പോള്‍ നല്ല ഒരു പോസ്റ്റ്‌ ആയി.

    ReplyDelete
  8. നല്ലൊരു പോസ്റ്റ്‌

    തസ്രാക്കും, അപ്പുക്കിളിയും , അള്ളാപിച്ച മൊല്ലാക്കയും വീണ്ടും മനസ്സിലെക്കെത്തിച്ചതിനു നന്ദി

    ReplyDelete
  9. This comment has been removed by the author.

    ReplyDelete
  10. തട്ടിക്കൂട്ട് തത്വങ്ങളും ചട്ടക്കൂട് ശാസ്ത്രങ്ങളും മുട്ടിപ്പാക്കിയ ജീവിതത്തിന്നിടയില്‍ ഹൃദയം ചുരുങ്ങി ചളുങ്ങി വരണ്ടുണങ്ങിയ പാവം മുട്ടാളന്മാരും കാട്ടാളന്മാരും നമ്മള്‍.

    നമുക്ക് ഗാന്ധിജി കാര്‍ക്കിച്ചു തുപ്പാനും ചവറു വലിച്ചെറിയാനും പറ്റിയാല്‍ ഓരത്തുനിന്നു മലമൂത്ര വിസര്‍ജ്ജനം ചെയ്യാനുമുള്ള ഒരു വെറും റോഡ്‌. അല്ലെങ്കില്‍, പിന്നെ സകല അടവുകളും അഭ്യാസങ്ങളും പയറ്റാനും പയറ്റിപ്പിക്കാനും അവയില്‍ ഔപചാരികമായിട്ടും അല്ലാതെയും ഗവേഷണങ്ങള്‍ നടത്താനും ഉള്ള ഒരു സര്‍വ്വ (അഭ്യാസ) കലാശാല. വിദ്യാഭ്യാസം മാറി വിദ്യാഭാസമായപ്പോള്‍ നമ്മള്‍ 'താമിയിലെ ഗാന്ധിയില്‍' നിന്നും വളരെ അകലേക്ക് യാത്രയായി...!!!!

    ReplyDelete
  11. "സ്വപ്നങ്ങളും റിയാലിറ്റികളുമിങ്ങനെ നിഴലും വെളിച്ചവും പോലെ ഇടകലരുകയാണു ജീവിതത്തില്‍.ഒരു സ്വപ്നത്തില്‍ നിന്നും ഒരു റിയാലിറ്റിയെ വലിച്ചൂരിയെടുക്കാനാവുന്നില്ല. യാഥാര്‍ത്യങ്ങളില്‍ നിന്നും ഒരു സ്വപ്നത്തെ മാറ്റി വെക്കാനുമാകുന്നില്ല". വിജയന്‍റെ വിജയവും ഇവിടെയാണ്‌. തസ്രാക്കിലെ വിഭ്രമിപ്പിക്കുന്ന കഥകള്‍ ഒരിതിഹാസമാക്കിയ മഹാനായ ആ എഴുത്തുകാരന്റെ നോവല്‍ വായിച്ച ഓരോ തവണയും ആലീസിന്റെ അല്ഭുതലോകത്ത് എത്തിയ അനുഭൂതി വന്നിട്ടുണ്ട്; കിനാവാണോ, സത്യമാണോ എന്നറിയാന്‍ നുള്ളി നോക്കി വേദനയുറപ്പിച്ച ഖസാക്ക് വായനയുടെ ഇതിഹാസ തുല്യമായ നാളുകള്‍.

    രവിയെ പ്രണയിക്കുന്ന ഏഴാം ക്ലാസുകാരി തുല്യാനുഭവമുള്ള അനേക സഹസ്രം വായനക്കാരില്‍ ഒരാള്‍ മാത്രം.

    മനോഹരമായൊരു ക്രാഫ്റ്റ്. ദസ്തോവസ്കിയെ പെരുമ്പടവം തന്റെ 'സങ്കീര്‍ത്തനം പോലെ' എഴുതുവാന്‍ കാരണമാക്കി. ഖസാക്കിനെ അധികരിച്ച് ശ്രദ്ധേയമായൊരു കൃതി 'മുല്ല'യും രചിച്ചു. ആശംസകള്‍.

    ReplyDelete
  12. കൊള്ളാം..നല്ല അവതരണം, ചിത്രങ്ങള്‍

    ReplyDelete
  13. നന്നായിട്ടുണ്ട്
    ആശംസകള്‍ .....

    ReplyDelete
  14. "ഞാന്‍ കാന്തീനെ തൊട്ടുമ്മാ.... "

    ReplyDelete
  15. താമിയുടെ നിഷ്കളങ്കത എത്രമനോഹരമായിട്ടാണു മുല്ല അവതരിപ്പിച്ചത്.
    വളരെ വളരെ നന്നായിട്ടുണ്ട്.

    ReplyDelete
  16. താമി മനസ്സില്‍ തൊട്ടു .ഈ മുല്ലയെ കണ്ടിരുന്നില്ല നല്ല പരിമളം .ഇനിയും പൂത്ത് വിരിഞ്ഞു ബൂലോകം നിറയെ സുഗന്ധം പരത്തട്ടെ..

    ReplyDelete
  17. താമിയെ ഇവിടെ കുടിയിരുത്തി ഞാന്‍ നാട്ടില്‍ പോയതായിരുന്നു.ഒരു x.mas short break.
    എഴുതിയതു വായിച്ച് അഭിപ്രായം പറയുകയും എന്നെ പ്രോത്സാഹിപ്പിക്കുകയും ചെയ്ത എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
    താമിയും ഷെട്ടിയും ഇന്നില്ല.കുഞ്ഞിപ്പെണ്ണും അമീറും ഞാനും പിന്നെ നമ്മളിലൂടെ രവിയും കുഞ്ഞാമിനേം മൈമൂനേമൊക്കെ ഇവിടെത്തന്നെയുണ്ട്.പിന്നെ എന്റെ സ്വപ്നങ്ങളും..അതില്ലേല്‍ പിന്നെ ഞാനില്ല.

    ReplyDelete
  18. നല്ല ലളിതസുന്ദരമായ എഴുത്ത്! ബാല്യകാല സ്മരണകള്‍ വേദനാജനകമെങ്കില്‍ കൂടി ഇന്നോര്‍ക്കുമ്പോള്‍ മധുരിതമാകുന്നു.
    ചില അക്ഷരങ്ങള്‍ ടൈപ്പ് ചെയ്യുംനേരം താമി പറഞ്ഞ പോലെ, ഇതിനെക്കാള്‍ എളുപ്പമായിരുന്നു ഇന്ത്യക്ക് സ്വാതന്ത്ര്യം കിട്ടുന്നത് എന്ന് തോന്നാറുണ്ട്.
    മികച്ച അവതരണം എന്നാല്‍ അവസാനം നന്നായില്ല എന്ന് തോന്നി.
    ഭാവുകങ്ങള്‍

    ReplyDelete
  19. താമിയുടെ നിഷ്കളങ്കത മനസ്സില്‍ തട്ടി.. കുഞ്ഞിപ്പെണ്ണ്‍,ബാലചന്ദ്രന്‍ മാഷ്‌,അമീര്‍ തുടങ്ങിയവരിലേക്കുള്ള ധൃതിപിടിച്ച ഓട്ടത്തില്‍ പാവം താമിയെ മറന്നത് ശരിയായില്ല.താമിയെ അത്രമേല്‍ ആകര്‍ഷകമാക്കി.
    അഭിനന്ദനങ്ങള്‍..

    ReplyDelete
  20. 'ഗ' പോലെ ലളിതമായ, ഹൃദ്യമായ ഒഴുക്കുള്ള ഭാഷ. കണ്ണെടുക്കാതെ വായിച്ചു തീര്‍ത്തു. ആശംസകള്‍.

    ReplyDelete
  21. യാഥാര്‍ത്യങ്ങളില്‍ നിന്നും ഒരു സ്വപ്നത്തേയും മാറ്റി വെക്കാനാകില്ല.... എഴുത്ത് നന്നായി ആസ്വദിച്ചു.

    ReplyDelete
  22. nannaayirikkunnu.pinne...happy new year.

    ReplyDelete
  23. എഴുത്തും ചിത്രങ്ങളും നന്നായി... ആശംസകള്‍

    ReplyDelete
  24. valare manoharamaya avatharanavum, chithrangalum..... aashamsakal....

    ReplyDelete
  25. നല്ല വായനാനുഭവമായി

    ReplyDelete
  26. നന്ദി കുറുമ്പടീ അഭിപ്രായത്തിനു,അവസാനം അങ്ങനയേ ആകാവൂ...അതാണു യാഥാര്‍ത്യം.എവിടെ വെച്ച് എപ്പോഴാണു സ്വപ്നങ്ങള്‍ക്കും യാഥാര്‍ത്യങ്ങള്‍ക്കുമിടയിലെ അതിര്‍വരമ്പ് മാഞ്ഞുതുടങ്ങിയതെന്ന് എനിക്കു തന്നെ അറിയില്ല.അതാണു ഭ്രാന്ത് എന്ന അവസ്ഥ.അതും അറിയാം.എന്നാലും അതങ്ങനെ തന്നെയാണു.

    മലബാറീ..അത് തസ്രാക്കല്ല.തസ്രാക്കില്‍ ഞാന്‍ പോയിട്ടില്ല.പോകണമെന്നും ഇല്ല.കാരണം ,ഒരുപക്ഷേ എന്നെ അവിടെ കാത്തിരിക്കുന്നത് സ്വപ്നത്തില്‍ നിന്നും എത്രയോ ദൂരെയുള്ള ഒരു യാഥാര്‍ത്യമാവും.വയ്യ അതിനു.
    ചിത്രത്തിലുള്ള സ്ഥലം പാലക്കാട്ട് -തമിള്‍നാട് അതിര്‍ത്തിയിലെ വണ്ണാമട എന്ന സ്ഥലമാണു.
    മനോഹരമായ ഒരു ഗ്രാമം.

    വായിച്ച് അഭിപ്രായം എഴുതിയ എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
    എല്ലാവര്‍ക്കും പുതുവത്സരാശംസകള്‍

    ReplyDelete
  27. പുതു വര്ഷം പ്രമാണിച്ച് മുല്ലക്കൊരു കമന്റിടാമെന്നു കരുതി.
    ലളിതം, സുന്ദരം. നന്നായിട്ട് ആസ്വദിച്ചു, അഭിനന്ദനങ്ങള്‍!
    ഭാവിയിലെ അറിയപ്പെടുന്ന ഒരു എഴുത്തുകാരിയായിക്കാണാന്‍ ആഗ്രഹിക്കുന്നു.

    ReplyDelete
  28. നല്ല അവതരണവും, മനോഹരമായ എഴുത്തും, താമിയെ പോലുള്ളവരെങ്കിലും ഗാന്ധിജിയെ ആരാധിക്കുന്നുവല്ലോ.

    "ഒരു സ്വപ്നത്തില്‍ നിന്നും ഒരു റിയാലിറ്റിയെ വലിച്ചൂരിയെടുക്കാനാവുന്നില്ല. യാഥാര്‍ത്യങ്ങളില്‍ നിന്നും ഒരു സ്വപ്നത്തെ മാറ്റി വെക്കാനുമാകുന്നില്ല"

    പുതുവത്സരാശംസകളോടെ, ഇനിയും വരാം..

    ReplyDelete
  29. നന്നായി ഈ എഴുത്ത്
    താമിയെ പരിചയപ്പെട്ടതില്‍ സന്തോഷം

    ReplyDelete
  30. നല്ല അവതരണം.... ആ പ്രാ‍യത്തിലെ മനസിന്റെ ചപലത നന്നായി അവതരിപ്പിച്ചു...

    ReplyDelete
  31. This comment has been removed by the author.

    ReplyDelete
  32. ചില നിമിത്തങ്ങളിലൂടെ ചിന്തകളിലേക്ക് ഒഴുകി വന്ന ബാല്യകാല മധുര സ്മൃതികളെ നിര്‍മ്മലമായ തൂവല്‍ സ്പര്‍ശം പോലെ, സൌരഭ്യം പരത്തുന്ന കാറ്റുപോലെ ലളിത മനോഹരമായി മുല്ല വായനക്കാരിലേക്ക് പകര്‍ന്നു.

    താമിയും കുഞ്ഞിപ്പെണ്ണും ഒടിയനും എട്ടുകാലിയുമൊക്കെ ബാല്യ മനസ്സില്‍ യാഥാര്‍ത്യത്തിനും കാല്പനികതക്കുമിടയില്‍ കെട്ടുപിണഞ്ഞുപോയ മനോവിഹാരങ്ങളാണ്.

    ശരിയാണ്. "ഒരു സ്വപ്നത്തില്‍ നിന്നും ഒരു റിയാലിറ്റിയെ വലിച്ചൂരിയെടുക്കാനാവുന്നില്ല. യാഥാര്‍ത്യങ്ങളില്‍ നിന്നും ഒരു സ്വപ്നത്തെ മാറ്റി വെക്കാനുമാകുന്നില്ല".

    മുല്ലയുടെ രചനാ പാടവം അഭിനന്ദനാര്‍ഹം.

    ReplyDelete
  33. കൊള്ളാം.
    നല്ല എഴുത്ത്.
    കെട്ടുക്കുടുക്കില്ലാതെ വായിച്ചു.
    താമിയെ എവിടെയൊക്ക്യോ കണ്ടു മറന്ന പോലെ...
    വരികള്‍ക്കിടയിലെ വരികള്‍ ആസ്വദിച്ചു.
    ഇഷ്ടായി.
    നല്ല പോസ്റ്റ്.
    ഗൃഹാതുരത്വം ചുരത്തുന്ന ഓര്‍മകള്‍ പാഞ്ഞുകയറുന്നു.

    ReplyDelete
  34. സുഖമുള്ള വായാനാനുഭവം...
    കഥാപാത്രങ്ങളെല്ലാം പരിചയസമ്പന്നർ പോലെ

    ReplyDelete
  35. you are a woman of substance, as I see it.

    നീ എഴുതെടി കുഞ്ഞേ, എഴുതിയെഴുതിത്തെളിയട്ടെ. ഗാന്ധിഭക്തിയുള്ള താമിയെ ഒത്തിരി ഇഷ്ടമായി. വര്‍ണ്ണന അതിലുമിഷ്ടം.

    ReplyDelete
  36. ആദ്യമേ തന്നെ പറയട്ടെ...വളരെ വളരെ നല്ല ഒരു പോസ്റ്റാണ്... ഒരുപാട് ഇഷ്ടപ്പെട്ടു..

    നല്ലെതെങ്കിലും ഈ വരികള്‍ എന്നില്‍ ആശയക്കുഴപ്പം സൃഷ്ടിക്കുന്നു മുല്ല...

    "സ്വപ്നങ്ങളും റിയാലിറ്റികളുമിങ്ങനെ നിഴലും വെളിച്ചവും പോലെ ഇടകലരുകയാണു ജീവിതത്തില്‍. ഒരു സ്വപ്നത്തില്‍ നിന്നും ഒരു റിയാലിറ്റിയെ വലിച്ചൂരിയെടുക്കാനാവുന്നില്ല. യാഥാര്‍ത്യങ്ങളില്‍ നിന്നും ഒരു സ്വപ്നത്തെ മാറ്റി വെക്കാനുമാകുന്നില്ല."
    ഇവിടെ മുല്ല എന്താണ് ഉദ്ദേശിക്കുന്നത്?

    ടി രണ്ടാമത്തെ വാക്യത്തിന്റെ അര്‍ത്ഥം ഇതാണോ?
    സ്വപ്നത്തില്‍ റിയാലിറ്റി ഇടകലര്‍ന്നിരിക്കുന്നു എന്നും പക്ഷെ അതിനെ സ്വപനത്തില്‍ നിന്നും വേര്‍തിരിക്കാനാവില്ല എന്നുമാണോ? എങ്കില്‍ ഞാന്‍ അതിനോട് യോചിക്കുന്നില്ല. ഭാവിയില്‍ യാതാര്ത്യമാകാന്‍ സാധ്യത കുറവുള്ള ചിന്തകളാണ് സ്വപ്നങ്ങള്‍.. അതായത് റിയാലിറ്റിയെ വേര്‍തിരിച്ചാല്‍ മാത്രമേ സ്വപ്നങ്ങളെ കണ്ടുപിടിക്കാനാവൂ....
    റിയാലിറ്റി ഉണ്ടെങ്കിലെ സ്വപ്നങ്ങള്‍ ഉള്ളൂ.. (ആദ്യ വാചകം ശരിയാണ് )

    ഇനി മൂന്നാമത്തെ വാചകം പരിശോധിക്കുക..
    എവിടെ യാഥാര്‍ത്യം ഉണ്ടോ അവിടെ സ്വപ്നവും ഉണ്ട് എന്നാണോ ഉദ്ദേശിക്കുന്നത് ?
    അതോ രണ്ടാമത്തെ വാക്യത്തിന്റെ അര്‍ത്ഥം മറ്റൊരു രീതിയില്‍ പറഞ്ഞിരിക്കുന്നു എന്നത് മാത്രം ആണോ ?

    എന്റെ പൊട്ടബുദ്ധിയില്‍ തോന്നിയ പൊട്ടത്തരമാണ് കേട്ടോ.. :-)
    വിവരം പണ്ടേ ഇല്ല..

    ReplyDelete
  37. അങ്ങനെയിരിക്കെ...ഒരു നട്ടുച്ചക്ക്,ക്ലാസ്സിലെ ഏതോ വിരസമായ ഇടവേളയില്‍ അമീര്‍ അവന്റെ പ്രണയം എന്നോട് വെളിപ്പെടുത്തി. അതിനു നീ രവിയല്ലല്ലോ എന്ന എന്റെ മറുചോദ്യത്തില്‍ ആകെ അമ്പരന്നു പോയ അവനെന്നോട് ചോദിച്ചു.”ഏത് രവി..?”
    “വിജയന്‍ മാഷിന്റെ രവി."
    “ഏത് വിജയന്‍ മാഷ്..?പത്ത് ബിയിലെ വിജയന്‍ മാഷിന്റേയോ..?”
    ഇപ്രാവശ്യം അമ്പരന്നത് ഞാന്‍.എന്റെ നോട്ടത്തിന്റെ ചൂടേറ്റ് അവന്റെ ഉള്ളിലെ പ്രണയം ഉരുകി ആവിയായ് ആകാശത്തേക്കുയരുന്നത് ഞാന്‍ കണ്ടു.

    -മനോഹരം, അല്ലെങ്കില്‍ അതിനുമപ്പുറം.-

    ReplyDelete
  38. കുറിപ്പോക്കെ ഇഷ്ടമായി മുല്ലേ.പക്ഷെ ഈ പോസ്റ്റില്‍ ഉപയോഗിച്ച ശൈലി എന്തുകൊണ്ടോ മാധവിക്കുട്ടിയുടെ ബാല്യകാല സ്മരണകള്‍ എന്ന ബുക്കിനെ ഓര്‍മപ്പെടുത്തുന്നു .അതുകൊണ്ട് തന്നെ മുല്ലയെ വായിക്കുവാന്‍ കഴിഞ്ഞില്ല ,എന്നോട് ക്ഷമിക്കുക.

    ReplyDelete
  39. എത്ര ഭംഗിയായാ മുല്ല എഴുതിയിരിക്കുന്നത്. വായിച്ച് മതിയായില്ല, അത്രയും മനോഹരം..

    ReplyDelete
  40. എല്ലാം എല്ലാവരും പറഞ്ഞു തീര്‍ന്നപ്പോള്‍ ആശംസകള്‍ മാത്രം ബാക്കി, അത് നിര്‍ലോഭം തരുന്നു!

    ReplyDelete
  41. ഒരെഴുത്തുകാരന്‍//,/കാരി ഏറ്റവും ശോഭിക്കുക സ്വന്തം ഓര്‍മ്മകള്‍ മറ്റുള്ളവര്‍ക്ക് മുന്‍പില്‍ അവതരിപ്പിക്കുമ്പോഴായിരിക്കും എന്ന് പറയുന്നത് വളരെ ശരിയാണ്. മുല്ല തന്നെ അതോരിക്കല്‍ കൂടി തെളിയിച്ചു.

    ReplyDelete
  42. മുല്ലയും, താമിയും പിന്നെ വിജയനും ..

    നന്നായി എഴുതിയിരിക്കുന്നു !!

    ReplyDelete
  43. ന്ധ യില്‍ തടഞ്ഞു നിന്നെങ്കിലും ഗയിലെ കയറ്റ ഇറക്കങ്ങള്‍ പോലെ ആസ്വദിച്ചു ഈ പോസ്റ്റും... ആശംസകള്‍..

    ReplyDelete
  44. നല്ല ലളിതസുന്ദരമായ എഴുത്ത്! ബാല്യകാല സ്മരണകള്‍ വേദനാജനകമെങ്കില്‍ കൂടി ഇന്നോര്‍ക്കുമ്പോള്‍ മധുരിതമാകുന്നു.

    ReplyDelete
  45. ഹോ....അവസാനം എത്തി കേട്ടോ... നന്നായിട്ടുണ്ട്..!

    ReplyDelete
  46. മാധവിക്കുട്ടി മരിക്കുന്നില്ല അല്ലെ ?

    ReplyDelete
  47. നല്ല ഭാഷ. നല്ല അവതരണം.

    ReplyDelete
  48. നന്നായിരിക്കുന്നു.

    ReplyDelete
  49. നല്ല തുടക്കം -ഒടുക്കവും.ഈ ശൈലിക്ക് ആയിരത്തൊന്ന് ലൈക്...പിന്നെ ഇതിഹസകാരന്‍ ഒ.വി.വിജയന് എട്ടുകാലിയെ ഭയമായിരുന്നുവെന്ന്‍ വായിച്ചിട്ടുണ്ട്.
    -----സംഭവകഥാലോകം കുറ്റിപ്പുറം H.Sആയിരിക്കും അല്ലേ?

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..