പതിവ് പോലെ മംഗലാപുരം-ചെന്നൈ സൂപര്‍ ഫാസ്റ്റില്‍ നല്ല തിരക്കാണു.ലേഡീസ് കമ്പാര്‍ട്ട്മെന്റ് തിങ്ങി നിറഞ്ഞിരിക്കുന്നു.വണ്ടി നീങ്ങാന്‍ തുടങ്ങുമ്പോഴാണു ഒരുപെണ്‍കുട്ടി ധൃതിയില്‍ ഓടിക്കയറിയത്. സുന്ദരി, ഒരു ഫാഷന്‍ മോഡലിനെ പോലെ.പക്ഷെ ഒന്നു നീങ്ങിയിരിക്കാമൊ എന്ന അവളുടെ ചോദ്യം കേട്ട് ;ആ സ്വരം കേട്ട് ഞാനൊന്ന് പതറി.ശരീരത്തിനു ചേരാത്ത ശബ്ദം. ബാഗൊക്കെ അടുക്കി വെച്ച് ഇരിക്കുന്നതിനിടെ അവള് പറഞ്ഞു,ചെന്നൈക്ക് പോകുന്നു അവിടെ പഠിക്കുകയാണു ,ഫാഷന്‍ ഡിസൈനിംഗ്.
പിന്നീടുള്ള യാത്രയില്‍ അവളാ കഥ പറഞ്ഞു
ശരീരം മനസ്സിനോട് ഏറ്റുമുട്ടുന്ന നിസ്സഹായരായ കുറേ ജീവിതങ്ങളുടെ കഥ.ആണ് ശരീരത്തിനുള്ളിലെ ഒരു പെണ് മനസ്സിന്റെ
വീര്‍പ്പുമുട്ടലുകള്‍, താനൊരു പെണ്ണാണെന്നു തിരിച്ചറിയുമ്പോള്‍ ഉരുത്തിരിയുന്ന നിസ്സഹായത, സമൂഹത്തില്‍ നിന്നും സ്വന്തം കുടുംബത്തിനുള്ളില്‍ നിന്നും നേരിടേണ്ടി വരുന്ന എതിര്‍പ്പുകള്‍,കളിയാക്കലുകള്‍.ജീവിതം അവസാനിപ്പിക്കണം എന്ന തീവ്രമായ ആഗ്രഹത്തില്‍ നിന്നും അതിശക്തമായ് ജീവിതത്തെ സ്നേഹിച്ച് കൊണ്ട് തിരിച്ച് വന്ന കഥ.
തന്റെ പുരുഷ ശരീരത്തിലെ പെണ്മനസ്സിനെ കണ്ടെത്തുകയും ,തനിക്ക് ഓപ്പോസിറ്റ് സെക്സ് എന്നത് പെണ്‍കുട്ടിയല്ല ഒരു പുരുഷനാണു എന്ന സത്യം തിരിച്ചറിഞ്ഞ് പൂര്‍ണ്ണമായും സ്ത്രീയാവാന്‍ വേണ്ടി ലിംഗ മാറ്റ ശസ്ത്രക്രിയക്ക് വിധേയയായ ഒരു ട്രാന്‍സ് ജെന്‍ഡര്‍.. പൂര്‍വ്വാശ്രമത്തില്‍ അവള് ഇങ്ങനെ ആയിരുന്നില്ല ,കൂട്ടുകാര്‍ ഒന്‍പത് എന്നു വിളിച്ച് കളിയാക്കിയിരുന്ന ഒരാണ്‍കുട്ടി.
ഈ കഥ എന്നെ കൊണ്ടുപോയത് നമ്മള് മറന്നു പോയ ഒരു മൂന്നാമത്തെ ലോകത്തിലേക്കായിരുന്നു. ആണും പെണ്ണും അല്ലാത്ത ഒരു മൂന്നാമത്തെ പിറവി.ഹിജഡകള്‍ ,അറുവാണിച്ചികള്‍ എന്നൊക്കെ പറഞ്ഞ് നമ്മള് മുഖം തിരിച്ച് കളയുന്ന മൂന്നാമത്തെ വര്‍ഗ്ഗം.ദാരിദ്ര്യവും അവഗണനയും മൂലം വേശ്യാവൃത്തിയും ഭിക്ഷാടനവും തൊഴിലാക്കിയ ഒരു സമൂഹം. വിദ്യാഭ്യാസമില്ല ജോലിയുമില്ല,നാട്ടിലെ ഒരു നിയമങ്ങളിലും ഇവരെ സഹായിക്കാന്‍ പഴുതുകളില്ല.പരിഹാസവും യാതനകളും മാത്രമാകുമ്പോള്‍ മനസ്സാന്നിദ്ധ്യം നഷ്ടപ്പെടുന്നതില്‍ എന്തല്‍ഭുതം.
തമിഴ്നാട്ടിലെ കൂവാഗത്ത് കൂത്താണ്ടവര്‍ ക്ഷേത്രത്തില്‍ ആ ണ്ടിലൊരിക്കല്‍ ഇവരുടെ ഉത്സവം കൊണ്ടാടാറുണ്ടത്രെ.ഈ ഉത്സവത്തിനു പിന്നില്‍ ഒരു ഐതിഹ്യമുണ്ട്. കുരുക്ഷേത്ര യുദ്ധത്തില്‍ പാണ്ഡവ വിജയത്തിനായ് അര്‍ജുനനു ,നാഗ സുന്ദരി ഉലൂപിയില്‍ ജനിച്ച മകന്‘ അരവാന്‘ സ്വയം ബലിയര്‍പ്പിക്കാന്‍ തയ്യാറായി.മരിക്കുന്നതിനു മുന്‍പ് ഒരു സ്ത്രീയൊടൊത്ത് രാത്രി കഴിയണമെന്ന അരവാന്റെ ആഗ്രഹത്തിനു ഒരു സ്ത്രീയും തയ്യാറായില്ല. മോഹിനിയുടെ രൂപത്തില്‍ വന്ന കൃഷ്നന്‍ ,അരവാന്റെ മോഹം സാധിപ്പിക്കുകയാണു പിന്നെ. ആ മോഹിനിയോടാണു ഹിജഡകള്‍ സ്വയം സാദൃശ്യപ്പെടുന്നത്.
ശുഭാപ്തി വിശ്വാസത്തിലാണു അവള് .പഠിത്തം കഴിഞ്ഞാല്‍ ഒരു ജോലി, ട്രാന്‍സ് ജെന്ഡറുകള്ക്കും മാന്യമായ് ജീവിക്കാനാകും എന്ന് സമൂഹത്തിനു കാണിച്ച് കൊടുക്കണം എന്ന ആഗ്രഹം.അവളെ പോലുള്ള ഒരുപാട് പേരുണ്ടത്രെ ചെന്നൈയില്‍.
ഒരു ശരീരത്തില്‍ നിന്നും വേറൊരു ശരീരത്തിലേക്കുള്ള കൂടുമാറ്റം എളുപ്പമല്ല.എല്ലാം നടക്കുന്നത് ഒരേ ശരീരത്തിലും മനസ്സിലുമാകുമ്പോള് പിരിമുറുക്കം കൂടൂം. അവര്‍ക്കായ് ഒന്നും ചെയ്യാനായില്ലേല്‍ കൂടി ഇനി നമുക്ക് അവര്‍ക്ക് നേരെ മുഖം തിരിക്കാതിരിക്കാം.ആണും പെണ്ണും കെട്ടവനെ എന്നു വിളിക്കാതിരിക്കാം.
ഓരോ യാത്രയും ഓരോ ദൂരത്തിലേക്കാണു.ഓരോ ദൂരവും കൊണ്ടു വരുന്നത് ഒരോരോ കാഴ്ചകള്‍ .അരനാഴിക നേരം മാത്രം നീണ്ടേക്കാവുന്ന ഈ യാത്രയില്‍ എനിക്കിറങ്ങാനാകുന്നത് വരെ മാത്രമാണു ഞാനീ സീറ്റിന്റെ അവകാശി.അപ്പോള്‍ പിന്നെ ഞാനെന്തിനു വാശി പിടിക്കണം,ഞാന്‍ മാത്രമാണു ശരിയെന്നും ഇതെനിക്ക് ജന്മാവകാശമായ് കിട്ടിയതാണെന്നും മട്ടില്‍ . എല്ലാവരും യാത്ര ചെയ്യട്ടെ അവരവരുടെ സീറ്റില്‍ .......
നമുക്ക് സ്വല്‍പ്പമൊന്നു ഒതുങ്ങിക്കൊടുക്കാം
live and let live.
ശുഭയാത്ര.
..
Thursday, December 30, 2010
മൂന്നാമത്തെ ലോകത്തിലേക്കൊരു തീവണ്ടി.
Sunday, December 19, 2010
താമിയും ഞാനും
എനിക്ക് പിടികിട്ടാത്ത ഒരു തരം മലയാളത്തില്‍ താമി അങ്ങനെ പാടിക്കൊണ്ടിരിക്കും.
വീട്ടിലെ പശുക്കളെ നോക്കാന്‍ ഉപ്പ പാലക്കാട്ട് ന്ന് കൊണ്ടുവന്നതാണ് താമിയെ,പത്തെഴുപത് വയസ്സുണ്ടാകും താമിക്ക്, മകനുമുണ്ടായിരുന്നു കൂടെ,ഷെട്ടി.പണിയൊക്കെ അവന് ചെയ്തോളും.
മുകളില്‍ ഞാന്‍ പഠിക്കാനിരിക്കുന്ന ഒരു കൊച്ചുമുറിയുണ്ട്,അവിടെ താമി
കുടിപാര്‍പ്പ് തുടങ്ങി.ഞാന്‍ ചെല്ലുമ്പോ ഒരു വിളക്കും കത്തിച്ചുവെച്ച് ,പെട്ടിയും തുറന്നുവെച്ച് ഇരിപ്പുണ്ട്.
മുറിയിലെ ലൈറ്റ് ഓണാക്കി ഞാന്‍ പറഞ്ഞു “ഇനി ആ വിളക്ക് കെടുത്തിക്കൊ”.
വേണ്ട കുട്ട്യേ...നുമ്പക്ക് ഈ വെളക്ക് മതി,അതാ സൊഗം,
ഇദ് എവിടെങ്കിലും ഒന്നു വെക്കണൊല്ലൊന്റെ കുട്ട്യെ...
എന്താദ്... ദൈവാ....ഞാനെന്റെ പഴയ പുസ്തകങ്ങളും മറ്റും സൂക്ഷിക്കുന്ന പെട്ടി
അരികിലേക്ക് നീക്കിവെച്ചു.ഇതിന്ന്റ്റെ പുറത്ത് വെച്ചോ,ഇന്റെ പെട്ടിയാദ്,ആരും എടുക്കൂല.
വളരെ ശ്രദ്ധയോടെ ഫോട്ടോയെ പൊതിഞ്ഞിരുന്ന തുണി താമി നിവര്‍ത്തി, പാറ്റ ഗുളികയുടെ
മണം,ഞാന്‍ മൂക്ക് ചുളിച്ചു.ഫോട്ടോയിലേക്ക് എത്തിനോക്കിയ ഞാന്‍ പൊട്ടിച്ചിരിച്ചു,
“അയ്യേ ഇത് ഗാന്ധിജിയല്ലെ,നമ്മുടെ രാഷ്ട്രപിതാവ്”.
“അതാ..നുമ്പടെ ദൈവം“
താമി ചിരിച്ചു.പിന്നെ ഒരു രഹസ്യമെന്നോണം ശബ്ദം താഴ്ത്തി”ഗാന്ധിരിസി ഒറ്റപ്പാലത്ത് വന്നപ്പൊ
ഞാനു തൊട്ടട്ക്കുണു”.
"സത്യം?.."
" ആ കുട്ട്യേ ...ദാ..ഇബടെ..." താമി ചൂണുവിരല്‍ കൊണ്ട്
എന്റെ വാരിയെല്ലില്‍ തൊട്ടു. ഞാന്‍ ഇളകി ചിരിച്ചു.
താമി എനിക്കു കഥകള്‍ പറഞ്ഞു തന്നു.നീലിയും വെള്ളച്ചിയും ഷൈക് തങ്ങളുമൊക്കെ താമിയുടെ കഥകളില്‍
നിറഞ്ഞു നിന്നു.പകരം ഞാന്‍ താമിയെ എഴുതാന്‍ പഠിപ്പിച്ചു.തറ പറ താമി എതിര്‍ത്തു.
“നുമ്പക്ക് ഗാന്ധിരിസീന്ന് എഷ്തിയാലു പോതും.”
“ഗ”വലിയ എതിര്‍പ്പില്ലാതെ താമിക്ക് വഴങ്ങി.പക്ഷെ“ ന്ധ“ യുടെ കയറ്റിറക്കങ്ങളില്‍
തട്ടി താമി അന്തിച്ചുനിന്നു.കരി കൊണ്ട് ചുവരില്‍ എഴുതിയിട്ട“ ഗാന്ധിജി”യില്‍ നോക്കി താമി പറയും
“ഇതിലും എളുപ്പാര്‍ന്നൂ നുമ്പക്ക് സോതന്ത്ര്യം കിട്ടാനു”
താമി പോകുന്നിടത്തൊക്കെ ഞാനുമുണ്ടാകും വാലായിട്ട്,തൊഴുത്തില്‍,പറമ്പില്‍,പുഴയില്‍ അങ്ങനെ നടക്കും.
എന്റെ മുടി ചീകി കെട്ടുന്നതിനിടയില്‍ കുഞ്ഞിപ്പെണ്ണു എന്നെ പേടിപ്പിക്കും.
“കുട്ടിക്ക് അറിയാഞ്ഞിട്ടാ...അയാക്ക് ഒടിമറിയാന്‍ അറിയാം,എനിക്ക് നല്ല നിശ്ശംണ്ട്...ഒരൂസം അയാള്‍ കുട്ടീനെ എട്ടുകാലിയാക്കും,കറുത്ത് തടിച്ച ഒരു എട്ടുകാലി.“
കുഞ്ഞിപ്പെണ്ണിന്റെ കൈ തട്ടിമാറ്റി ഞാന്‍ അകത്തേക്കോടും.
പാമ്പ്,തേള്,പാറ്റ,പഴുതാര എന്നീ ജീവികളെയൊന്നും കുഞ്ഞിപ്പെണ്ണിനു പേടിയില്ല.പാറ്റയേയും പഴുതാരെയേയുമൊക്കെ നിലത്തിട്ട് കാലുകൊണ്ട് ഊശ്..ഊശ്..എന്ന് ചവിട്ടുകൊല്ലും.പക്ഷേ എട്ടുകാലിയെ കണ്ടാല്‍
ഊയിന്റമ്മേ...എന്നും പറഞ്ഞ് ഓടിയൊളിക്കും.അതുകൊണ്ടാവും കുഞ്ഞിപ്പെണ്ണ് എന്നെ എട്ടുകാലിയായ് സങ്കല്‍പ്പിച്ചത്.
പിന്നീട് എത്രയോ രാത്രികളില്‍ ഉറക്കത്തില്‍ നിന്നും കിടക്ക വിട്ട് എഴുന്നേല്ക്കുന്ന ഞാന്‍ ഒരു എട്ടുകാലിയായ് കൈയും കാലും വലിച്ച് വെച്ച് പുറത്തേക്ക് ഇഴഞ്ഞു പോയിരിക്കുന്നു. അതൊരു സ്വപ്നമായിരുന്നു. എന്നാലും അത്
അങ്ങനെ തന്നെ ആയിരുന്നു.
പിന്നെയും ഒരുകൊല്ലം കഴിഞ്ഞ് ഏഴാംക്ലാസ്സിലെത്തിയപ്പോഴാണ് ബാലചന്ദ്രന് മാഷ് എനിക്ക്
“ഖസാക്കിന്റെ ഇതിഹാസം”വായിക്കാന്‍ തരുന്നത്.ചിതലിമലയുടെ താഴ്വാരത്തിലൂടെ,
തസ്രാക്കിലൂടെ നടക്കുമ്പോ എനിക്കു തോന്നി ഞാനിവിടെ മുമ്പ് വന്നിട്ടുണ്ടല്ലോ...
കരിമ്പനയെ ചുഴറ്റി വീശിവന്ന ഒരു കാറ്റ് എന്റെ വാരിയെല്ലില്‍ തൊട്ടു:ദാ..ഇബടെ!
ചിലപ്പൊ ഞാന്‍ മൈമൂനയായി,ചിലപ്പോ കുഞ്ഞാമിന!
അങ്ങനെയിരിക്കെ...ഒരു നട്ടുച്ചക്ക്,ക്ലാസ്സിലെ ഏതോ വിരസമായ ഇടവേളയില്‍ അമീര്‍ അവന്റെ പ്രണയം എന്നോട് വെളിപ്പെടുത്തി. അതിനു നീ രവിയല്ലല്ലോ എന്ന എന്റെ മറുചോദ്യത്തില്‍ ആകെ അമ്പരന്നു പോയ അവനെന്നോട് ചോദിച്ചു.”ഏത് രവി..?”
“വിജയന് മാഷിന്റെ രവി."
“ഏത് വിജയന് മാഷ്..?പത്ത് ബിയിലെ വിജയന് മാഷിന്റേയോ..?”
ഇപ്രാവശ്യം അമ്പരന്നത് ഞാന്‍.എന്റെ നോട്ടത്തിന്റെ ചൂടേറ്റ് അവന്റെ ഉള്ളിലെ പ്രണയം ഉരുകി ആവിയായ് ആകാശത്തേക്കുയരുന്നത് ഞാന്‍ കണ്ടു.
സ്വപ്നങ്ങളും റിയാലിറ്റികളുമിങ്ങനെ നിഴലും വെളിച്ചവും പോലെ ഇടകലരുകയാണു ജീവിതത്തില്‍.ഒരു സ്വപ്നത്തില്‍ നിന്നും ഒരു റിയാലിറ്റിയെ വലിച്ചൂരിയെടുക്കാനാവുന്നില്ല. യാഥാര്‍ത്യങ്ങളില്‍ നിന്നും ഒരു സ്വപ്നത്തെ മാറ്റി വെക്കാനുമാകുന്നില്ല.
Friday, December 17, 2010
ഖജുരാഹോയിലേക്ക്.........
ആഗ്രയില്‍ നിന്നും 175 കിലോമീറ്ററാണു ജാന്‍സിയിലേക്ക്,അവിടുന്നൊരു 220 കിലോമീറ്റര്‍ ഖജുരാഹൊയിലെക്കും. ഒരുപാട് ഫോട്ടോസ് എടുത്തിരുന്നു യാത്രയിലുടനീളം. പത്ത് കൊല്ലം മുന്‍പാണത്.പിന്നീടുള്ള കൂടു വിട്ട് കൂട് മാറലുകള്‍ക്കിടയില്‍ അതൊക്കെ എവിടെയോ നഷ്ട്ടപ്പെട്ടു പോയി. ഓര്‍മ്മകള്‍ മാത്രം ബാക്കി...ഇനി അവയും മാഞ്ഞു പോകും മുന്‍പ് ഇവിടെ കോറിയിടട്ടെ.

ഇതാണു ചമ്പല്‍
ഒരു ഭാഗത്ത് ചമ്പല്‍ നദി ,കലങ്ങി മറിഞ്ഞ് ,ചളി നിറഞ്ഞ് ,വളഞ്ഞ് പുളഞ്ഞ് ഒഴുകുന്നു. ആലോചിക്കുംപ്പോ അല്‍ഭുത തോന്നും,ഇത്രേം
ദുര്‍ഘടമായ ഒരു വിജന പ്രദേശത്ത് ,എങ്ങനെയാണു വര്‍ഷങ്ങളോളം ഫൂലനും കൂട്ടരും പൊരുതി നിന്നത്. അവരുടെ ഇഛാശക്തിയും തന്റേടവുമാണു അതിനവരെ പ്രാപ്തയാക്കിയത്. ഉത്തര്‍ പ്രദേശിലെ അവര്‍ണ്ണ സമുദായത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിയെ ഇന്ത്യയെ വിറപ്പിക്കുന്ന ഒരു കൊ ള്ളക്കാരിയാക്കിത്തീര്‍ത്തത് ആ സമൂഹത്തില്‍ നില നിന്നിരുന്ന അഭിശപ്തമായ സാമൂഹിക സാമ്പത്തിക പരിതസ്ഥികളാണു. ഇന്നും ജാതി വ്യവസ്ഥ വളരെ ശക്തമായ് നിലനില്‍ക്കുന്നുണ്ട് അവിടങ്ങളില്‍. ജാട്ടുകളേയും മറ്റ് താണ ജാതിക്കാരെയൊന്നും സവര്‍ണര്‍ വീട്ടില്‍ കയറ്റില്ല. പുതിയ പുതിയ കണ്ട് പിടുത്തങ്ങളും നിര്‍മ്മിതിയുമൊക്കെയായ് ശാസ്ത്രം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്പക്ഷേ മനുഷ്യന്റെ മനസ്സ് ,അതിപ്പഴും തുടങ്ങിയടത്ത് തന്നെ നില്ക്കുകയാണു.
1606 ല്‍ മഹാരാജ ബീര്‍സിംഗ് ആണു ജാന്‍സികോട്ട പണികഴിപ്പിച്ചത്. കോട്ടക്കിപ്പോഴും പറയത്തക്ക കേടുപാടുകളൊന്നുമില്ല. കരിങ്കല്ലിലാണു കോട്ടയുടെ നിര്‍മ്മിതി. കോട്ടക്ക് ചുറ്റും കിടങ്ങുണ്ട്, പത്ത് വാതിലുകള്‍ ഉണ്ട് കോട്ടക്ക്. ഓരോ പേരാണു ഓരോന്നിനും.ലക്ഷ്മി ഗേറ്റ്, സാഗര്‍ ഗേറ്റ്,ഓര്‍ച്ച ഗേറ്റ് തുടങ്ങി...,പണ്ടോക്കെ രാജാക്കന്മാര് റാണിമാരോടോ മക്കളോടോ സ്നേഹം തൊന്നിയാല്‍ ഉടനെ പണികഴിപ്പിക്കും ഒരു ദര്‍വാസാ, അല്ലേല്‍ ഒരു മഹല്‍ എന്നിട്ടതിനു അവരുടെ പേരും ഇടും രാജകാലമല്ലേ..തിരുവായ്ക്ക് എതിര്‍വായ് ഇല്ല.
ഡാല്‍ഹൌസി ജാന്‍സി ഏറ്റെടുക്കാന്‍ എത്തുന്നത്. ജാന്‍സിലെ ജനങ്ങളും റാണിയും തങ്ങളുടെ സ്വാതന്ത്ര്യം അടിയറ വെക്കാന്‍ തയ്യാറായിരുന്നില്ല. പൊരിഞ്ഞ പോരാട്ടമാണു അവിടെ നടന്നത്, തന്റെ ദത്തുപുത്രനെ പുറത്ത് വെച്ചു കെട്ടി, ഇരു കൈകളിലും വാളേന്തി
കുതിരയുടെ കടിഞ്ഞാണ്‍ വായില്‍ കടിച്ച് പിടിച്ച് റാണി ധീരമായ് പൊരുതി. പക്ഷേ വിജയം ബ്രിട്ടീഷ്കാരുടെ ഭാഗത്തായിരുന്നു. പിടിക്കപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ റാണി കുതിരയേം കൊണ്ട് കോട്ടക്ക് മുകളില്‍ നിന്നും താഴെക്ക് ചാടി. റാണിയും മകനും വന്നു വീണ സ്ഥലം കോട്ടക്ക് താഴെ പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു. ഗുരുതരമായ് പരിക്കേറ്റെങ്കിലും രക്ഷപ്പെട്ട അവര്‍ കല്‍പ്പിയിലെത്തി.
ചന്ദ്ര ഭഗവാന്റെ സന്തതി പരമ്പരകളാണു ചന്ദേലാസ് എന്നാണു മതം. അതീവ സുന്ദരിയായിരുന്നു ഹൈമവതി,രാജ പുരൊഹിതന്റെ മകള്‍,ഒരു രാത്രി പള്ളിനീരാട്ടിനിറങ്ങിയ ഹൈമവതിയെ കണ്ട ചന്ദ്ര ഭഗവാന് നേരെ സ്പുട്ടിനിക്കില്‍ കയറി ഇങ്ങു പോന്നു. പുലര്‍ച്ചെ ഞെട്ടിയുണര്‍ന്ന് വാച്ചില്‍ നോക്കിയ ചന്ദ്രമാ ചാടിയെണീറ്റു. സൂര്യ ഭഗവാന് എഴുന്നള്ളുന്നതിനു മുന്‍പ് അങ്ങെത്തിയില്ലേല്‍ ഉള്ള പണി പോകും.
കരഞ്ഞു കാലു പിടിച്ച ഹൈമവതിയെ അങ്ങോര് സമാധാനിപ്പിച്ചു ഒരു വരം കൊടുത്തു. നിനക്കൊരു പുത്രനുണ്ടാകും,അവനൊരിക്കല് മഹാരാജാവാകും, അവന് നിന്റെ യശസ്സ് വാനോളം ഉയര്‍ത്തും.ആ മകനാണു ചന്ദ്രവര്‍മ്മന്‍.
മനുഷ്യന് തന്റെ ലൌകിക ആഗ്രഹങ്ങള്‍ പുറത്തുപേക്ഷിച്ച് വേണം അകത്തേക്ക് ,അതായത് ആത്മീയതയിലേക്ക് പ്രവേശിക്കാന്‍.യോഗയും ഭോഗവും ഒരേ ലക്ഷ്യത്തിലേക്കുള്ള അതായത് മോക്ഷ്ത്തിലേക്കുള്ള മാര്‍ഗമാണത്രെ. പിന്നെ ഒരു ഐതിഹ്യം കൂടിയുണ്ട്. ഇന്ദ്രനാണല്ലോ ഈ ഇടിയും മിന്നലിന്റെയുമൊക്കെ ബട്ടണ്‍ കണ് ട്രോള്‍ ചെയ്യുന്നത്. ഇമ്മാതിരി കലകളുടെ ആശാനാണു ചങ്ങാതി. അപ്പോള്‍ ഇടിയും മിന്നലും അയക്കുമ്പോള്‍ ഈ ഭാഗത്തേക്കുള്ള ഫ്യൂസ് ഊരും. അപ്പോ ഇടിയും മിന്നലുമേറ്റ് ക്ഷേത്രം നശിക്കില്ല.. ചന്ദ്ര വര്‍മ്മനു ബുദ്ധിയുണ്ട്.
കഥകളെന്തൊക്കെയായാലുംആ കാലഘട്ടത്തില്‍ ഇമ്മാതിരിയൊന്നു പണിതുണ്ടാക്കായ മനുഷ്യന്റെ കഴിവിനെ ശ്ലാഘിച്ചെ പറ്റൂ.
മൈന്‍.പന്നയുടെ പണ്ടത്തെ പേര് പത്മാവതി പുരി എന്നാണു. പന്ന എന്നാല്‍ ഡയമണ്ട് എന്നാണു അര്‍ഥം,അതറിയാതെയാണൊ നമ്മള് പലപ്പോഴും പറയാറില്ലേ അവനാളൊരു പന്നയാണെന്ന്!!
രാജാ ചത്രസാലനാണു പന്നയുടെ വാണിജ്യ പ്രാധാന്യം മനസ്സിലാക്കുന്നതും ഡയമണ്ട് കുഴിച്ചെടുക്കാന്‍ തുടങ്ങുന്നതും.വലിയ കൂറ്റന്‍ പാറക്കല്ലുകളുമായ് ലോറികള്‍ ഇടതടവില്ലാതെ ഫാകറ്ററിയിലേക്ക് പോകുന്നത് കാണുമ്പോള്‍ കൊതി തോന്നി, ഒരു ചെറിയ ഡയമണ്ട് വീണു കിട്ടിയിരുന്നേല്‍ എന്ന്...., ഫാക്റ്ററിയില്‍ വെച്ച് ഈ പാറക്കല്ലുകള്‍ ഇടിച്ച് പൊടിയാക്കും, എന്നിട്ടത് ഒരു സ്ഥലത്ത് പരത്തിയിടും,പിന്നെയാണു ഡയമണ്ട് തിരയുക, ഹാന്‍ഡ് പിക്കിംഗ്.
വജ്രം തേടിയുള്ള ഞങ്ങളുടെ യാത്ര ഇവിടെ തീരുകയാണു, വജ്രമൊന്നും സ്വന്തമാക്കാനായില്ലെങ്കിലും ആ യാത്രയിലെ വഴികള്‍,ആളുകള്‍ ,അവരുടെ ജീവിത രീതി, എല്ലാം വജ്രത്തിളക്കത്തോടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്
Monday, December 13, 2010
മോഹങ്ങള്‍..മോഹഭംഗങ്ങള്‍
“മുന്‍പ് വായിച്ചത് വീണ്ടും വായിക്കുമ്പോള്‍ അതൊരു മോഹഭംഗമാണു സമ്മാനിക്കുക.ഒരു കാലത്ത് നമ്മെ
വല്ലാതെ ആകര്‍ഷിച്ച പല രചനകളും പിന്നീട് അസഹ്യമായ് അനുഭവപ്പെടും.ഹൈസ്ക്കൂള് കാലത്തെ കാമുകിയെ
പില്ക്കാലത്ത് വീണ്ടും കണ്ടുമുട്ടുന്നത് പോലെയൊരു അനുഭവമാണത്.”
( ഗബ്രിയേല്‍ ഗാര്‍സിയെ മാര്‍ക്കേസ്)
ഇന്നലെ ബുക്ക് ഷെല്‍ഫ് പൊടിതട്ടുന്നതിനെടെയാണ് ആ പുസ്തകം എന്റെ കൈയില്‍ വീണ്ടുമെത്തിയത്.എം.ടിയുടെ
പാതിരാവും പൂനിലാവും.വെറുതെ മറിച്ച് നോക്കി വായിച്ചു പോയ എനിക്ക് പ്രത്യ്യേകിച്ച് ഒന്നും തോന്നിയില്ല അതില്‍,പക്ഷേ പണ്ട് അതങ്ങനെ ആയിരുന്നില്ല.ആ പുസ്തകം വായിച്ച് തരിച്ചിരുന്നു പോയ ഒരു പതിനാലുകാരി ഉണ്ടായിരുന്നു.ഒരു ട്രാന്‍സിലെന്ന വണ്ണം.എത്ര ശ്രമിച്ചിട്ടും എനിക്കവളെ എവിടെയും കണ്ടെത്താനായില്ല.
നിളയെ പശ്ചാത്തലമാക്കിയ മനോഹരമായ ഒരു നോവലാണു പാതിരാവും പൂനിലാവും.നിളയുടെ കരയിലാണു ഞങ്ങളുടെ വീട് എന്നത് കൊണ്ട് തന്നെ പഞ്ചാര മണലില്‍ പരക്കുന്ന ആ പൂനിലാവ് കണ്‍കുളിര്‍ക്കെ കണ്ടൊരു ബാല്യം ഉണ്ടെനിക്ക്.വേനലില്‍ ഒഴുക്കും ആഴവും കുറച്ച് നിളയാണു ഞങ്ങളെ നീന്താന്‍ പഠിപ്പിച്ചത്. നല്ല നിലാവുള്ള രാത്രികളില്‍ അയലത്തെ ബാപ്പുട്ടിക്ക, ഉപ്പാനെ വന്നു വിളിക്കും.വരുന്നോ മാഷേ...ഞമ്മള്ക്കൊന്നു വീശിനോക്കാം.കരഞ്ഞു ബഹളം കൂട്ടിയാല്‍ ഉപ്പ എന്നേം കൊണ്ടു പോകും.വലയൊക്കെയിട്ട് മീന്‍ പെടാന്‍ അവര്‍ കാത്തിരിക്കുമ്പോള്‍ ഞാന്‍ നിളയെ കാണുകയായിരിക്കും. ആ തോണിപ്പലകയില് അങ്ങനെ മാനം നോക്കിയിരിക്കുമ്പോള്‍ ആയിരൊത്തൊന്നു രാവിലെ രാജകുമാരിയാകും ഞാന്‍.നക്ഷത്രങ്ങളേയും ഗന്ധര്‍വനേയും സ്നേഹിച്ച രാജകുമാരി!! അതു കൊണ്ടൊക്കെയാവാം അന്നെന്നെ ആ വായന വല്ലാതെ പിടിച്ച് കുലുക്കിയിട്ടുണ്ടാകുക.
നിളയും ഒരുപാട് മാറിപ്പോയി.തിരിച്ചെടുക്കാനാവാത്ത വിധം.ഒരുപാട് മാറിപ്പോയിരിക്കുന്നു ഞാനും.ഓരോ ദിവസവും ഓരോ നിമിഷവും മാറിക്കൊണ്ടിരിക്കുകയാണു.രാവിലെ ഇതെഴുതുന്ന ഞാനാവില്ല വൈകീട്ട് വീണ്ടും വന്ന് ഇതു വായിച്ചേക്കാവുന്ന ഞാന്‍.ഇനി എന്തായിരിക്കും എന്നതും അങ്ങനെ തന്നെ ആവണമെന്നുമില്ല.
Monday, December 6, 2010
ഉപ്പുമാവിന്റെ മണം
നിന്നെ പോലുള്ളവര്‍ക്കൊന്നും തരാനുള്ളതല്ല ഇത് ...കോന്തുണ്ണി മാഷ് എന്റെ ചെവിക്ക് പിടിച്ച് വരിയില്‍ നിന്നും
പുറത്തേക്ക് നീക്കി നിര്‍ത്തി. ഉപ്പുമാവിനായുള്ള വരിയിലായിരുന്നു ഞങ്ങള്‍, ഞാന്‍ ,ഫൌസിയ ,റുക്സാന .നാട്ടിലെ ഏറ്റവും വലിയ ഹോട്ടലിന്റെ മുതലാളിയുടെ മക്കളായിരുന്നു ഫൌസിയയും റുക്സാനയും, ഹോട്ടലിലെ ബിരിയാണിയേക്കാള്‍ അവര്‍ക്കിഷ്ട്ടം ഈ ഉപ്പുമാവായിരുന്നു.
കൈയിലുള്ള വട്ടയില ഞാന്‍ രോഷത്തോടെ നിലത്തേക്ക് വലിച്ചെറിഞ്ഞു. "എനിക്കൊന്നും വേണ്ട നിങ്ങടെ പുഴുവരിക്കുന്ന ഉപ്പുമാവ്..." ജാള്യതയും സങ്കടവും സഹിക്കവയ്യാതെ ഞാന്‍ പതിയെ ക്ലാസ്സ് റൂമില്‍ ചെന്നിരുന്നു. ഞങ്ങള്‍ക്ക് കുറച്ച് ഉപ്പുമാവ് തന്നാല്‍ മാഷ്ക്കെന്താ ചേതം...?
ക്ലാസ്സിലെ ആമിനുവും ജ്യോതിയുമൊക്കെ പറഞ്ഞല്ലോ അവരീ കൊണ്ടു പോണ ഉപ്പുമാവൊക്കെ വീട്ടിലെ
കോഴീം പശുവുമൊക്കെയാ തിന്നുകാ എന്ന്...
വീട്ടീന്ന് ഉപ്പുമാവ് വാങ്ങാന്‍ പാത്രം ചോദിച്ചാല്‍ ഉമ്മ തരില്ല
പെണ്ണിനിപ്പൊ സ്കൂളിലെ പുഴുവരിക്കുന്ന ഉപ്പുമാവ് തിന്നാഞിട്ടാ ....
ബെല്ലടിച്ചാ ഇങ്ങോട്ട് ഓടിപ്പോരെ , ചോറു കഴിക്കാം.
തര്‍ക്കിച്ചിട്ട് കാര്യമൊന്നുമില്ല.
ഓരോന്നു ആലൊചിച്ച് ക്ലാസ്സിലങ്ങനെ ഇരിക്കുമ്പൊ എനിക്ക് ചുറ്റും ഉപ്പുമാവിന്റെ മണം പരക്കും.
വട്ടയിലയില്‍ , (ചില സ്ഥലങ്ങളില്‍ അതിനു പൊടിയണ്ണിയെന്നും പറയും) ചൂടുള്ള ഉപ്പുമാവ് വെച്ചാല്‍
ഒരു സുഗന്ധം വരാനുണ്ട്. ഇലയുടേയും ഉപ്പുമാവിന്റേയും കൂടിക്കുഴഞ്ഞ ഒരു മണം.
തിരിഞ്ഞു നോക്കുമ്പോ അയ്യപ്പന്, സ്കൂളിലെ പ്യൂണായിരുന്നു അയ്യപ്പന്. കറുത്ത് തടിച്ച് ഉയരം കുറഞ്ഞ ഒരു ചെറുപ്പക്കാരനായിരുന്നു
അയ്യപ്പനന്ന്, അയ്യപ്പനയിരുന്നു ഉപ്പുമാവുണ്ടാക്കുക.
കൈയിലുള്ള ഇല എന്റെ മുന്നില്‍ വെച്ചിട്ട് അയ്യപ്പന് പറയും
എന്റെ രാജകുമാരിക്ക് തരാതെ അയ്യപ്പന് വേറെ ആര്‍ക്കേലും കൊടുക്ക്വാ...
മുഴുവനും കഴിച്ചോളുട്ടോ ,എന്നിട്ട് വേഗം വലുതാകട്ടെ...
റുക്സാനക്കായിരുന്നു ആര്‍ത്തി കൂടുതല്‍, വാരി വാരി കഴിക്കും.
വൈകുന്നേരം സ്കൂള്‍ വിടാനായാല്‍ അയ്യപ്പന് ക്ലാസ്സില്‍ വരും. ഹൈസ്കൂള്‍ ക്ലാസ്സുകളിലെ മുതിര്‍ന്ന കുട്ടികളെയായിരുന്നു ആദ്യം വിടുക. ഞങ്ങളുടെ ക്ലാസ്സില്‍ നിന്നാല്‍ പെണ്‍കൂട്ടികള്‍ പോകുന്നത് കാണാം,അയ്യപ്പന് എത്ര ശ്രമിച്ചിട്ടും ആരും അയ്യപ്പനെ തിരിഞ്ഞു നോക്കിയില്ല. അയ്യപ്പന് സങ്കടപ്പെട്ടു കിടക്കും. ആരും എന്നെ ഇഷ്ട്ടപ്പെടാത്തത് എനിക്ക് സൌന്ദര്യമില്ലാത്തത് കോണ്ടാണെന്നും പറഞ്ഞ്
കണ്ണുനിറക്കും.
അയ്യപ്പനങ്ങനെ നിക്കുന്നത് കാണുമ്പോ എനിക്കും കരച്ചില് വരും. ഞാന്‍ മെല്ലെ അടുത്ത് ചെന്നു അയ്യപ്പന്റെ
കൈപിടിക്കും, വലുതായാല്‍ ഞാന്‍ കല്യാണം കഴിച്ചോളാം അയ്യപ്പനെ, എനിക്കെന്നും ഉപ്പുമാവ്
ഉണ്ടാക്കി തന്നാ മതി...പൊട്ടിച്ചിരിച്ചു കൊണ്ട് അയ്യപ്പന് ജനലുകള്‍ ഓരോന്നായ് വലിച്ചടക്കും. സ്കൂള്‍ വിടാനുള്ള ബെല്ലടിക്കുമ്പോഴും അയ്യപ്പന് ചിരിക്കുകയാവും.
ഒരുദിവസം .....രാവിലെ സ്കൂളിലെത്തിയപ്പോ ക്ലാസ്സിനു പുറത്ത് ഒരാള്‍ക്കൂട്ടം...
എന്താ... എന്താ പറ്റിയേ...മുന്നോട്ട് നീങ്ങിയ എന്നെ സ്കൂള്‍ ഗേറ്റിനടുത്ത് കടലക്കച്ചവടം ചെയ്യുന്ന ബാപ്പുട്ടിക്ക പിടിച്ചു നിര്‍ത്തി
"എന്റെ കുട്ടി ഇപ്പൊ അങ്ങോട്ട് പോണ്ട.."
ബാപ്പുട്ടിക്കാന്റെ കൈ വിടുവിച്ച് മുന്നോട്ട് നീങ്ങിയ എന്റെ മുന്നില്‍ , കഴുക്കോലില്‍ കിടന്ന് ആടുന്ന അയ്യപ്പന്, നാക്ക് തുറിച്ച്, തുടയൊക്കെ മാന്തിപ്പൊളിച്ച് ....ദൈവമേ.....തിരിഞ്ഞോടിയ എന്റെ മുന്നില്‍ സ്കൂള്‍ കെട്ടിടവും കളിമൈതാനവുമൊക്കെ കറങ്ങിത്തിരിഞ്ഞു,പിന്നെ ഇരുട്ടായിരുന്നു.
ഇന്നുമെനിക്കറിയില്ല അയ്യപ്പെനെന്തിനാ തൂങ്ങി മരിച്ചേന്ന് , ആരും പറഞ്ഞു തന്നിട്ടില്ല ഒന്നും ...
Friday, December 3, 2010
മാറാമോ ഈ കായ കവചം..ഉടുപ്പ് മാറുമ്പോലെ..?
ഭോജ രാജാവായ വിക്രമാദിത്യനും ഉറ്റ സുഹൃത്തായിരുന്ന ഭട്ടിക്കും ഒരു കഴിവുണ്ടായിരുന്നത്രെ. കൂടു വിട്ട് കൂട് മാറല്‍,
പരകായ പ്രവേശം.ആത്മാവിനെ സ്വന്തം ശരീരത്തില്‍ നിന്ന് പുറത്ത് കടത്തി വേറൊരു ശരീരത്തില്‍ പ്രവേശിക്കുക,
അയാളായി ജീവിക്കുക, പിന്നെ തിരിച്ച് സ്വന്തം ശരീരത്തിലേക്ക്..എന്ത് സുഖം അല്ലേ. കൊതിയാകുന്നു.ഒരു പെണ്ണിന്റെ കുപ്പായത്തിനുള്ളില്‍ ജീവിക്കുമ്പോ പലപ്പോഴും തോന്നീട്ടുണ്ട് ഈ ഉടുപ്പൊന്നു മാറ്റിക്കിട്ടിയിരുന്നെങ്കില് എന്ന്.
കൂട്ടിനാളില്ലാതെ തനിച്ച് പാര്‍ക്കില്‍ നടക്കാനിറങ്ങിയാല്‍, കടല്‍ കണ്ട് മനസ്സൊന്നു തണുക്കട്ടേന്ന് കരുതിയാല്‍ ,എന്തു മാത്രം തുറിച്ച് നോട്ടങ്ങളാണു. ഉടുപ്പേ ഇല്ലാതായിപ്പോകും.