Tuesday, September 27, 2011

പോകാം... നമുക്കാ യാത്ര!!


അന്താരാഷ്ട്ര വിനോദ സഞ്ചാര ദിനമായ ഇന്ന് ഒരുപാട് സന്തോഷത്തോടെയാണു
ഞാനീ കുറിപ്പുമായി നിങ്ങള്‍ക്ക് മുന്‍പില്‍ വരുന്നത്.. ഒരു പുതിയ പ്രൊജക്റ്റ്,
യാഥാര്‍ത്ഥ്യമാകുന്നു എന്ന സന്തോഷം. കോഴിക്കോട് ആസ്ഥാനമാക്കി
"Tra-well India " എന്ന Destination Management Company"
ഔദ്യോഗികമായി നിലവില്‍ വരികയാണു.
www.keralawondertours.com

എന്ന വെബ് സൈറ്റ് നിങ്ങള്‍ക്കായി സമര്‍പ്പിക്കട്ടെ!

യാത്രയെ സ്നേഹിക്കുന്ന, യാത്ര ജീവിതത്തിന്റെ ഭാഗമാക്കിയ ഞങ്ങള്‍
സുഹൃത്തുക്കള്‍, ആ കാഴ്ചകളിലെ വിസ്മയം നിങ്ങള്‍ക്ക് മുന്നില്‍ തുറന്നിടുകയാണു.
ഒരു ടൂര്‍ പാക്കേജിന്റെ പതിവ് രീതികളില്‍ നിന്നു മാറി ഞങ്ങള്‍ നടന്നു
തീര്‍ത്ത വഴികളിലൂടെ തികച്ചും വ്യക്തി അധിഷ്ഠിതമായി ഒരു യാത്ര!!
“ ഏറ്റവും കുറഞ്ഞ ചിലവില്‍ കൂടുതല്‍ ദൂരത്തേക്ക് “
അതാണു ഞങ്ങളുടെ ലക്ഷ്യം. ഒരുപാട് യാത്ര ചെയ്ത അനുഭവങ്ങളാണു
ഞങ്ങളുടെ മൂലധനം. യാത്രയെ പ്രണയിക്കുകയും യാത്രകള്‍ പോകാന്‍
ഇഷ്ടപ്പെടുകയും ചെയ്യുന്ന നിങ്ങളാണു ഞങ്ങളുടെ പ്രചോദനവും....

യാത്ര പോകാന്‍ തീരുമാനിക്കുക എന്നതിനൊപ്പം തന്നെ
പ്രധാനമാണു അതെങ്ങനെ പോകണം, എന്ത് കാണണം ,
എങ്ങനെ കാണണമെന്നതും...അവിടെയാണു ഞങ്ങള്‍ക്ക്
നിങ്ങളെ സഹായിക്കാനാകുക. വെറുതെ കാഴ്ച്ചകള്‍ കണ്ട്
പോരുന്നതിനപ്പുറം ഒരു ദേശത്തിന്റെ ചരിത്രപരവും സാംസ്കാരികവുമായ
അടയാളപ്പെടുത്തലുകള്‍ നിങ്ങള്‍ക്ക് മുന്‍പില്‍ അനാവരണം
ചെയ്ത്, ആ യാത്ര മാസ്മരികമായ ഒരു അനുഭൂതിയാക്കി മാറ്റുക.
അതാണു കേരള വണ്ടര്‍ ടൂര്‍സ് ലക്ഷ്യം വെക്കുന്നത്.

നിങ്ങളുടെ സമയത്തിനും ബജറ്റിനും അനുസൃതമായി തിരഞ്ഞെടുക്കാവുന്ന
നിരവധി പാക്കേജുകളുണ്ട് സൈറ്റില്‍. നിങ്ങളുടെ പ്രിയപ്പെട്ടവര്‍ക്ക്
ഒരു യാത്ര സമ്മാനിക്കാനുള്ള അവസരവും ഞങ്ങള്‍ ഒരുക്കിയിട്ടുണ്ട്.

നിങ്ങള്‍ കണ്ട് മടങ്ങിയ സ്ഥലങ്ങളില്‍ പോലും, കാണാതെ പോയ
നിരവധി കാഴ്ചകള്‍, അനുഭവവേദ്യമാക്കിത്തരുവാന്‍ നാമൊരുമിച്ചുള്ള
യാത്രയില്‍ സാധിക്കും എന്നു ഞങ്ങള്‍ക്കുറപ്പുണ്ട്!

നിങ്ങളുടെ അനുഗ്രഹാശിസ്സുകള്‍ക്കായി പ്രാര്‍ത്ഥിച്ചു കൊണ്ട്,
സഹകരണങ്ങള്‍ പ്രതീക്ഷിച്ച് കൊണ്ട്,

സ്നേഹപൂര്‍വം,
മുല്ല.

Sunday, September 11, 2011

കുടകില്‍ പോകുമ്പോള്‍ കുട ചൂടി പോകേണം!!!

(8.9.11 ലെ മാധ്യമം ദിനപത്രത്തിന്റെ കുടുംബമാധ്യമം പേജില്‍ വന്നത്)



പഴം ചൊല്ലില്‍ പതിരില്ല. പരമാര്‍ത്ഥം! ചന്നം പിന്നം മഴയാണു കുടക്
മലകളില്‍ നിറയേ...മഴ ഒരു നിമിഷം മാറിനിന്നാല്‍ ഉടനെ മരം പെയ്യാന്‍ തുടങ്ങും!!
കൊമ്പ് കുലുക്കി ചില്ലകളാട്ടി “ ഇന്നാ പിടിച്ചോ..”ന്നും പറഞ്ഞ്
മരങ്ങളിങ്ങനെ മഴയില്‍ കുതിര്‍ന്നു നില്‍ക്കുന്നത് കാണാന്‍....,


മഞ്ഞിന്റെ നേരിയ പുതപ്പ് കാറ്റിലുലയുമ്പോള്‍ അതിനിടയിലൂടെ വെളിപ്പെടുന്ന മഴനൂലുകളെ
കൈനീട്ടി പിടിക്കാന്‍...,



വിജനതയിലേക്ക് നീണ്ടു കിടക്കുന്ന കാനന
പാതകളിലൂടെ സ്വയം മറന്ന് നടക്കാന്‍.., മഞ്ഞില്‍ കുതിര്‍ന്ന് നില്‍ക്കുന്ന
കാപ്പിപ്പൂകളുടെ സൌരഭ്യം നുണയാന്‍ വരുന്നോ കുടകിലേക്ക്.....?


ബ്രഹ്മഗിരിയുടെ മടിത്തട്ടില്‍ ഒരായിരം കുന്നുകളുമായി മയങ്ങിക്കിടക്കുകയാണ് കുടക്.
വശ്യം, സുന്ദരം !

നഗരത്തിന്റെ ആരവങ്ങളില്ലാതെ, ബഹളങ്ങളില്ലാതെ പ്രകൃതിയെ അടുത്ത് കാണാന്‍ ഇഷ്ടപ്പെടുന്നവരുടെ സ്വര്‍ഗ്ഗം. മടിക്കേരിയാണ് കുടക് ജില്ലയുടെ ആസ്ഥാനം.
കോഴിക്കോടു നിന്നും മൂന്നര മണിക്കൂര്‍ കൊണ്ട് മാനന്തവാടി വഴി തോല്‍പ്പെട്ടിയിലെത്താം.
കേരള - കര്‍ണ്ണാടക അതിര്‍ത്തിയാണത്.
ഇടക്ക് ചുരം കയറണം കേട്ടോ.,താമരശ്ശേരി ചുരം. .തോരാ മഴയത്ത് ഒടിഞ്ഞ് മടങ്ങിക്കിടക്കുന്ന ചുരത്തിലൂടെയുള്ള യാത്ര വിവരണാതീതം!!


തോല്‍പ്പെട്ടിയാണു കേരള- കര്‍ണാടക അതിര്‍ത്തി. തോല്‍പ്പെട്ടിയില്‍ നിന്നും വഴി രണ്ടായി പിരിയുന്നുണ്ട്.
ഒന്നു തിരുനെല്ലിയിലേക്ക്; ക്ഷേത്രത്തില്‍ പോയി തൊഴുത് ,വേര്‍പ്പെട്ട് പോയവരുടെ ഓര്‍മ്മകളില്‍ ഒരു നിമിഷം നിന്ന് ,പാപനാശിനിയില്‍ മുങ്ങി പാപങ്ങള്‍ കഴുകി കളഞ്ഞ്, തിരിച്ച് പോരുമ്പോള്‍
വര്‍ഗീസിനെ കണ്ട് വിപ്ലവാ‍ശയങ്ങള്‍ ഉരുക്കഴിക്കാം നമുക്ക് .


നഗരത്തിന്റെ തിരക്കുകളില്‍ മുങ്ങി ശ്വാസം കിട്ടാതാകുമ്പോള്‍ ഇങ്ങനൊരു രക്ഷപ്പെടല്‍ നല്ലതാണു. ഒരു പുനര്‍ജനിയുടെ സുഖം തരും അത്...!!!

ഇനിയിപ്പോ ഭക്തിയും വിപ്ലവവും പിന്നെ മതിയെങ്കില്‍ നമുക്ക് അടുത്ത വഴിയിലൂടെ നേരെ പോകാം.കുട്ട വഴി
ഗോണിക്കുപ്പയിലേക്ക്. ഗോണിക്കൊപ്പത്ത് നല്ല ഭക്ഷണം കിട്ടുന്ന നിരവധി റെസ്റ്റോറന്റുകളുണ്ട്. വയറു നിറച്ച് എന്തെങ്കിലും കഴിച്ച് പോളിബെട്ട, സിദ്ധാപുര വഴി നമുക്ക് ദുബാരെയിലെത്താം.


കാവേരി നദി മുറിച്ച് കടക്കാന്‍ നമ്മെ കാത്ത് കിടക്കുന്ന
ഒരു ബോട്ടില്‍ കയറി അപ്പുറത്ത് ആനപ്പന്തിയില്‍ ഇറങ്ങാം..
റാഫ്റ്റിങ്ങില്‍ താല്പര്യമുള്ളവര്‍ക്ക് അതാകാം.

ദുബാരേയില്‍ നിന്നും നേരെ കാവേരി നിസര്‍ഗധമയിലേക്ക്,


വശ്യ മനോഹരമായ ഒരു കുഞ്ഞു ദ്വീപാണ് നിസര്‍ഗമധമ. ചുറ്റും കാവേരി നദി, വളഞ്ഞു പുളഞ്ഞു സംഗീതമുതിര്‍ക്കുന്ന മുളംകാടുകള്‍. അതെ, മുളകളുടെ ഒരു കടല്‍ !! ഈ മുളംകാടുകള്‍ മുഴുവന്‍ വച്ചു പിടിപ്പിച്ചവയാണു. ഒരേ പ്രായത്തിലും വലിപ്പത്തിലുമുള്ള മുളങ്കൂട്ടങ്ങള്‍. ,ഏകതാനമായ് അവയുതിര്‍ക്കുന്ന നാദവീചികള്‍ അനുഭൂതിദായകം..


കാവേരിയിലെ തണുത്തവെള്ളത്തിലെ ഒരു കുളി യാത്രയുടെ എല്ലാ ക്ഷീണങ്ങളേയും അകറ്റിക്കളയും.ബ്രഹ്മ ഗിരി മലകളില്‍ നിന്നാണു കാവേരിയുടെ ഉല്‍ഭവം.


ഇനി ബൈലക്കുപ്പയിലേക്ക്...


കുശാല്‍ നഗറിനടുത്താണ് ബൈലക്കുപ്പ. 1500 ഏക്കറില്‍ പരന്നു കിടക്കുന്ന തിബറ്റന്‍ സെറ്റില്‍മെന്റ് കോളനി. 1961 - ല്‍ സ്ഥാപിതം. പ്രവാസത്തിന്റെ നൊമ്പരക്കാഴ്ചകളാണ് ചുറ്റും. ഇത് എത്രാമത്തെ തവണയാണ് ഞാനിവിടെ വരുന്നത്..?. മടുക്കില്ല എനിക്ക്. കൈയില്‍ ജപമാലയും പ്രാര്‍ത്ഥനാ ചക്രവുമായി നടക്കുന്ന വൃദ്ധന്‍മാര്‍, എന്താണവര്‍ പ്രാര്‍ത്ഥിക്കുന്നത് ?


എന്നെങ്കിലും തങ്ങളുടെ ജന്മനാട്ടിലേക്ക് മടങ്ങിപ്പോകാന്‍ പറ്റണേ എന്നോ...? വല്ലാത്തൊരു നിസ്സംഗതയാണ് അവരുടെ കണ്ണുകളില്‍. ഒരു തരം വിരക്തി. എവിടുന്നാണത് പകര്‍ന്നു കിട്ടിയതാവോ...? കൊട്ടാരം വിട്ടിറങ്ങുമ്പോള്‍ ബുദ്ധന്റെ കണ്ണിലും ഇതേ ഭാവമായിരുന്നില്ലേ...?



ദലായ് ലാമ യുടെ കൂടെ അഭയാര്‍ഥികളായി വന്നവരും, പിന്മുറക്കാരും ഇവിടെ ഇന്ത്യാ ഗവര്‍മെന്റിന്റെ അതിഥികളായി കൃഷി ചെയ്ത് കഴിയുന്നു. പതിനാറായിരത്തോളം അഭയാര്‍ഥികള്‍ക്കാണ് നമ്മുടെ സര്‍ക്കാര്‍ ഇവിടെ അഭയം നല്‍കിയത്. ഇവിടെ നിരവധി മൊണാസ്റ്റ്റികളും മനോഹരങ്ങളായ ബുദ്ധവിഹാരങ്ങളും ഉണ്ട്. തിബറ്റിന്റെ ഈ കൊച്ചു പതിപ്പ് ഒരേസമയം ആകര്‍ഷണീയവും വിഷാദ സ്മൃതികള്‍ ഉണര്‍ത്തുന്നതുമാണു. ഗോള്‍ഡന്‍ ടെമ്പിള്‍ ആണു ഇവിടുത്തെ പ്രധാന ആരാധനാലയം.

ഇനി നമുക്ക് പോകേണ്ടത് മെര്‍ക്കാറയിലേക്കാണു.

സംശയിക്കേണ്ട,നമ്മുടെ മടിക്കേരി തന്നെ. മെര്‍ക്കാറയും മഞ്ഞും; പരസ്പര പൂരിതം !!! കൂടെ മഴത്തുള്ളികളുടെ കിലുക്കം കൂടിയാകുമ്പോള്‍ പ്രണയാര്‍ദ്രമായ ഒരു കവിത പോലെ ....

മഞ്ഞിനെ പതുക്കെ വകഞ്ഞു മാറ്റി കൈ കോര്‍ത്ത് നമുക്കീ പാതയിലൂടെ നടക്കാം...ഇത് രാജാസ് സീറ്റ്; പണ്ട് രാജാക്കന്മാര്‍ കാറ്റു കൊള്ളാന്‍ ഇരുന്നയിടം. നമുക്കിവിടെയിരുന്ന് ദൂരെ താഴ്വാരത്ത് മഞ്ഞ് പരക്കുന്നത് കാണാം...


രാത്രി ; കനത്തു വരുന്ന ഇരുട്ടിലൂടെ അരിച്ചിറങ്ങുന്ന പ്രകാശരശ്മികള്‍ പതുക്കെ പതുക്കെ മഞ്ഞില്‍ അലിഞ്ഞില്ലാതാകുന്നത് കണ്ട് കണ്മിഴിക്കാം..
ഇരുട്ടില്‍ കോട വന്നു കവിളില്‍ തൊടുമ്പോള്‍ തോളുകള്‍ താഴ്ത്തി ഒന്നൂടെ ചേര്‍ന്നിരിക്കാം..

രാത്രിയായാല്‍ പ്രവര്‍ത്തനക്ഷമമാകുന്ന മ്യൂസിക് ഫൌണ്ടന്‍ രാജാസ് സീറ്റിന്റെ മുഖ്യ
ആകര്‍ഷണമാണു. പാട്ടിന്റെ ലയ വിന്യാസങ്ങള്‍ക്കനുസരിച്ച് ഉയര്‍ന്നു താഴുന്ന വെള്ളച്ചാലുകള്‍.



ഇനി പ്രകൃതിദത്തമായ വെള്ളച്ചാട്ടം കാണണമെങ്കില്‍
നമുക്ക് താഴെ അബ്ബി ഫാള്‍സില്‍ പോകാം. ഇവിടുന്ന് ഏകദേശം അഞ്ചു കിലോമീറ്ററേ ഉള്ളൂ അങ്ങോട്ട്....



പശ്ചിമ മലനിരകളില്‍ നിന്നാണു ഈ വെള്ളച്ചാട്ടത്തിന്റെ ഉല്‍ഭവം. കഴിഞ്ഞ വേനലില്‍ ഞങ്ങളിവിടെ വന്നപ്പോള്‍
വെള്ളത്തിനു ഇത്ര അഹങ്കാരം കണ്ടിരുന്നില്ല. പക്ഷെ ഈ മഴയത്ത് ദേ..എന്തൊരു കുതിപ്പാണു വെള്ളത്തിനു,
വഴിയിലുള്ളതിനെയൊക്കെ തച്ചുടച്ച്, വലിയ ശബ്ദത്തോടെ താഴേക്ക് എടുത്ത് ചാടുകയാണു.
നേരെ കാവേരിയിലേക്ക്.. എത്താനുള്ള ആവേശമാണു മൂപ്പര്‍ക്ക്. വെള്ളച്ചാട്ടം നില്‍ക്കുന്നത് ഒരു കാപ്പിത്തോട്ടത്തിനു നടുക്കാണു. വെള്ളച്ചാട്ടത്തിനു മുന്നിലുള്ള തൂക്കുപാലത്തില്‍ നിന്നും യാത്രയുടെ
ഓര്‍മ്മക്കായ് ഫോട്ടോകളെടുക്കാം.അപ്പുറത്ത്
കാളിമാതാ അമ്പലമുണ്ട്. മഴക്കാലത്ത് ഈ വഴികളില്‍ നാം മാത്രമാകില്ല, ഒരുപക്ഷെ കൂട്ടിനു അട്ടകളും കണ്ടേക്കാം. ജാഗ്രതൈ...

മെര്‍ക്കാറയില്‍ ഹോട്ടലുകളും ഹോംസ്റ്റേകളും സുലഭമാണു. നമ്മുടെ ബജറ്റിനനുസരിച്ച് യഥേഷ്ടം തിരഞ്ഞെടുക്കാം.

ഇനി നമുക്ക് കാണേണ്ടത് ഓംകാരേശ്വര ടെമ്പിളാണു. ഇസ്ലാമിക ശില്പ കലാ ചാരുതയും ഗോഥിക് മാതൃകയും ഒത്തുചേര്‍ന്ന മനോഹരമായ ഈ അമ്പലം പണി കഴിപ്പിച്ചത് 1820 ല്‍ മഹാരാജാ ലിംഗരാജേന്ദ്രയാ‍ണു.


ഇതിന്റെ നിര്‍മ്മാണത്തിനു പിന്നിലും രസകരമായ ഒരു കഥയുണ്ട്. ഈ മഹാരാജാവു
ആളൊരു ഗഡിയായിരുന്നു. നമ്മുടെ കുന്നത്ത് ഫാര്‍മസിക്കാരുടെ ബ്രാന്‍ഡ്
അംബാസിഡറാവാനുള്ള സകല കഴിവും ഒത്തിണങ്ങിയ വ്യക്തി. അന്തപുരത്തില്‍ രാജ്ഞിമാരെ കൂടാതെ ഒരുപാട് യുവതികളെ
പാര്‍പ്പിച്ചിരുന്നത്രെ.
അന്നത്തെ കുടക് രാജാക്കന്മാര്‍ ലിംഗായത്ത്കളായിരുന്നു,പൂജാദി കര്‍മ്മങ്ങള്‍ അവര്‍ തന്നെയാണു അനുഷ്ഠിച്ച് പോന്നിരുന്നത്. അതിനാല്‍ രാജ്യത്ത് ബ്രാഹ്മണര്‍ക്ക് പ്രതേക പരിഗണന ഉണ്ടായിരുന്നില്ല. ഇതില്‍ അസഹിഷ്ണുക്കളായിരുന്നു മിക്ക ബാഹ്മണരും. ഒരു ദിവസം രാജാവ് നായാട്ടിനു പോയ സമയത്ത് ,തന്റെ യുവതിയായ മകളെ യും കൊണ്ട് അന്യദേശത്ത് നിന്നും വന്ന ഒരു വൃദ്ധനെ
സ്വജാതിയില്‍ പെട്ട സുബ്ബരാസയ്യ എന്ന ബ്രാഹ്മണന്‍ തിരിച്ചയച്ചു. തന്റെ ചാരന്മാര്‍
മുഖേന വിവരമറിഞ്ഞ രാജാവ് കലിപൂണ്ട് സുബ്ബരാസയ്യയെയും രണ്ട് ആണ്മക്കളേയും
ക്രൂരമായ് കൊലപ്പെടുത്തി. പ്രേതമായ് വന്ന് തന്നെ നിരന്തരം ശല്യപ്പെടുത്തിയ സുബ്ബരാസയ്യയില്‍ നിന്നും രക്ഷപ്പെടാന്‍ രാജാവ് നീലേശ്വരത്തു നിന്നും തന്ത്രികളെ വിളിച്ച് വരുത്തി
അവരുടെ ഉപദേശ പ്രകാരം സുബ്ബരാസയ്യയുടെ വീട് നിന്നിരുന്ന സ്ഥലത്ത്
പണി കഴിപ്പിച്ചതാണു ഈ ക്ഷേത്രം. കാശിയില്‍
നിന്നാണു ഇവിടെ പ്രതിഷ്ഠിക്കാനുള്ള ശിവലിംഗം കൊണ്ട് വന്നത്.
കഥ എന്തായാലും നടുവില്‍ കുംഭ ഗൊപുരവും നാലു വശത്തും മിനാരങ്ങളുമായ് ഒരു മുസ്ലിം പള്ളിയുടെ മാതൃകയില്‍
കാണപ്പെടുന്ന ഈ അമ്പലം കാഴച്ചക്കാരെ ആകര്‍ഷിക്കുമെന്നതില്‍ സംശയമില്ല.

മടിക്കേരിയില്‍ നിന്നും 44 കിലോമീറ്ററാണു തലക്കാവേരിയിലേക്ക്. ഇതാണ് കാവേരി നദിയുടെ ഉത്ഭവസ്ഥാനം.

കുടകരുടെ പുണ്യ നദിയാണിത്. മരണത്തിനും കല്യാണത്തിനും,ഒരു വര്‍ഷത്തിനുള്ളില്‍, ഇവിടുത്തെ കുളി ഒഴിച്ചു കൂടാന്‍ വയ്യാത്ത ചടങ്ങാണ്. തലക്കാവേരിക്ക് താഴെയാണ് ഭാഗമണ്ഡല; കാവേരി നദിയും കന്നികെ നദിയും കൂടിച്ചേരുന്ന ഇടം. സുജ്യോതി എന്ന അദൃശ്യയായ നദിയാണത്രെ ഭൂമിക്കടിയിലൂടെ ഇവയെ യോജിപ്പിക്കുന്നത്. മരിച്ച പുലയുള്ളവര്‍ ഇവിടുത്തെ അമ്പലത്തില്‍ മുണ്ഡനം ചെയ്ത ശേഷമാണ് തലക്കാവേരിയില്‍ കുളിക്കാനെത്തുന്നത്.


അമ്പലത്തിനു പിറകില്‍, മലമുകളിലേക്ക് കയറാന്‍ കുത്തനെ പടികള്‍ വെട്ടിയുണ്ടാക്കിയിരിക്കുന്നു. ഏകദേശം പത്തുമുന്നൂറ്പടികള്‍.


കിതച്ചും കുതിച്ചും മുകളിലെത്തിയാല്‍..നയനാനന്ദ മനോഹരം. ചുറ്റിനും പച്ചപ്പട്ടുടുത്ത മലനിരകള്‍, കണ്ണെത്താ ദൂരത്തോളം മയങ്ങിക്കിടക്കുന്ന കുന്നുകളുടെ നിര ...വാക്കുകള്‍ക്കതീതം!!! അവക്കിടയിലൂടെ വീശിയടിക്കുന്ന കാറ്റ് നമ്മെ പറത്തിക്കൊണ്ട് പോകും. അങ്ങനെയിരിക്കെ ... അക്കാണുന്ന കുന്നിന്റെ മറവില്‍ നിന്നും പൊടുന്നനെ ഒരു മഴ ഇറങ്ങി വന്ന് നമ്മെ പൊതിയും!!!!

ഇനി നമുക്ക് പോകേണ്ടത് കക്കാബേയിലേക്കാണു. . മടിക്കേരിയില്‍ നിന്നും 35 കിലോമീറ്ററാണ് കക്കാബേയിലേക്ക്. കാട്ടിനുള്ളിലൂടെയുള്ള യാത്ര അവസാനിക്കുന്നത് ഒരു കൊട്ടാരത്തിലാണ്. 'നാലക് നാട്' പാലസ്, 1792 ല്‍ ദൊഡ്ഡ വീരേന്ദ്ര രാജാവ് പണികഴിപ്പിച്ചതാണത്. എ.ഡി 1780 ല്‍



രാജാ ലിഗരാജയുടെ മരണശേഷം കുടക് ഹൈദരാലിയുടെ അധികാരത്തിന്‍ കീഴിലായിരുന്നു. അന്നു കുട്ടിയായിരുന്ന വീരേന്ദ്ര രാജാവ് പിന്നീട് കുടകിന്റെ

ഭരണം ടിപ്പുവില്‍ നിന്നു പിടിച്ചടക്കുകയാണു ഉണ്ടായത്, മടിക്കേരി ഫോര്‍ട്ട് അപ്പോഴും ടിപ്പുവിന്റെ അധീനതയില്‍ ആയതിനാ‍ലാല്‍

വീര രാജേന്ദ്ര കാടിനു നടുവില്‍ ഈ കൊട്ടാരം നിര്‍മ്മിക്കുകയായിരുന്നു. ‍. കൊട്ടാരത്തിന്റെ അകം ചുവരുകളില്‍ നിറയെ വര്‍ണശബളമായ പെയിന്റിങ്ങുകള്‍ കാണാം. കൊട്ടാരത്തിന്റെ ഏറ്റവും അകത്തേ മുറിയില്‍ നിന്നാല്‍ പോലും പ്രവേശന കവാടം കാണുന്ന തരത്തിലാണു കൊട്ടാരത്തിന്റെ നിര്‍മ്മിതി.



വീരേന്ദ്ര രാജാവിനു പുത്രന്മാര്‍ ഉണ്ടായിരുന്നില്ല. തന്നെ അപായപ്പെടുത്തി ഭരണം മറ്റുള്ളവര്‍ കൈയ്യാളുമെന്ന സദാ ഭീതിയിലായിരുന്ന രാജാവ്,

വിഷാദത്തിലും ഉന്മാദത്തിലും പെട്ടുഴറി അകാലത്തില്‍ തന്റെ നാല്‍പ്പത്തിരണ്ടാം വയസ്സിലാണു അന്തരിക്കുന്നത്.

ഇന്നു; പഴയ പ്രതാപമെല്ലാം അസ്തമിച്ച് ,ഇരുണ്ട ഇടനാഴികളും കാട്ടിലേക്ക് തുറന്ന ജനലുകളുമായി ഗതകാല പ്രൌഡിയോടെ കൊട്ടാരം മാത്രം ബാക്കി. ഇരുട്ടും നിശബ്ദതയുമാണ് ഇടനാഴികള്‍ നിറയെ... പാലസിന്റെ മുറ്റത്തുനിന്ന് നോക്കിയാല്‍ അകലെ തടിയന്റെമോള്‍ കൊടുമുടി കാണാം. കുടകിലെ ഏറ്റവും ഉയരമുള്ള കൊടുമുടി. സാഹസികത ഇഷ്ടപ്പെടുന്നവര്‍ക്ക് ട്രക്കിംഗ് ആകാം.

ഇനി മടക്കം... വഴിക്ക് കുട്ടക്കടുത്തുള്ള ഇരുപ്പ് വെള്ളച്ചാട്ടത്തിലെ ഒരു കുളിയും കൂടി ആയാല്‍ യാത്ര പൂര്‍ണ്ണം. ഈ വെള്ളച്ചാട്ടത്തിനു


‘ലക്ഷ്മണ്‍ തീര്‍ത്ഥ’ എന്നൊരു പേരു കൂടിയുണ്ട്. അതിനു പിന്നിലും ഒരു കഥയുണ്ട്, പണ്ട്...രാവണ്‍ജി കിഡ്നാപ്പ് ചെയ്ത് കൊണ്ടുപോയ സീതാദേവിയെ അന്വേഷിച്ച് രാമനും ലക്ഷ്മണനും ഈ മലഞ്ചെരുവിലെത്തി. ദാഹിച്ച് വലഞ്ഞ രാമന്‍ ,ലക്ഷ്മണനോട് വെള്ളം ആവശ്യപ്പെട്ടു. “ നൊ പ്രോബ്ലെം ജേഷ്ഠാജീ “

എന്നും പറഞ്ഞ് ലക്ഷ്മണന്‍ അമ്പെടുത്ത് ബ്രഹ്മഗിരി മലനിരകളെ ലക്ഷ്യം വച്ചു. അസ്ത്രം ചെന്ന് തറച്ച സ്ഥലത്തു നിന്നും ഒരു ഉറവ പൊട്ടി

താഴേക്കൊഴുകി!!! ശിവരാത്രി ദിവസം ഇവിടെ ജനനിബിഡമാകും. താഴെ ഒരു ശിവന്റമ്പലമുണ്ട്. ഈ വെള്ളത്തില്‍ കുളിച്ചാല്‍ പാപങ്ങളൊക്കെ കഴുകിപ്പോകും എന്നാണു. അതെന്തായാലും മഞ്ഞ്
പോലെ തണുത്ത ഈ വെള്ളച്ചാട്ടത്തിനു താഴെ അല്പ നേരം നിന്നാല്‍ രണ്ട് ദിവസത്തെ
യാത്രാക്ഷീണമൊക്കെ പമ്പകടക്കും..

ചില വഴിത്താരകളിലൂടെ കടന്നു പോകുമ്പോള്‍ ജീവിതം പലപ്പോഴും സ്വപ്നത്തേക്കാള്‍ മനോഹരമാകും.....ആ നിമിഷങ്ങള്‍ കണ്ടെത്തി ജീവിതം അവിസ്മരണീയമാക്കേണ്ടത് നമ്മള്‍ തന്നെയല്ലേ....

ഈ യാത്ര ഇവിടെ തീരുകയാണു. പുതിയ വഴികളിലേക്കും ദൂരങ്ങളിലേക്കും മുങ്ങിത്താഴുന്നതിനു മുന്‍പ് ഒരു ചെറിയ ഇടവേള.

Tuesday, September 6, 2011

മാവേലി നാടു വാണിടും കാലം...



ഇത്തവണയും പതിവു തെറ്റിക്കാതെ അദ്ദേഹം എത്തിയിട്ടുണ്ട്. ഉപേക്ഷിച്ച് പോകേണ്ടിവന്ന
രാജ്യത്തേയും തന്റെ പ്രിയ ജനങ്ങളേയും കാണാന്‍ !
ഒരു വര്‍ഷം നീണ്ട കാത്തിരിപ്പാണു മാവേലിമന്നന് ഈ സുദിനം.
ഗൃഹാതുരതയുടെ നീറ്റലില്‍ തള്ളിനീക്കിയ ഒരു വര്‍ഷം!! പക്ഷേ..നമുക്കോ..?
ആരാണു ഇന്ന് മാവേലിയെ കാത്തിരിക്കുന്നത്..? എന്താണു നമ്മള്‍
അദ്ദേഹത്തിനായ് ഇവിടെ കാത്ത് വെച്ചിട്ടുള്ളത്..? പൊട്ടിപ്പൊളിഞ്ഞ് കുണ്ടും കുഴിയുമായ് കിടക്കുന്ന രാജപാതകള്‍..., മൂക്കോളം അഴിമതിയിലും ധൂര്‍ത്തിലും മുങ്ങിക്കുളിച്ച ഭരണാധികാരികള്‍, മാനം പിച്ചിച്ചീന്തപ്പെടുമ്പോള്‍ ഒരിറ്റ് ശ്വാസത്തിനു പിടയുന്ന പെണ്‍കുഞ്ഞുങ്ങളുടെ
ആര്‍ത്തനാദങ്ങള്‍....!!! എല്ലാം കണ്ടും കേട്ടും
നിസ്സംഗതയോടെ നില്‍ക്കുന്ന ഞാനടക്കമുള്ള പൊതുജനം !!!!

എങ്കിലും...ചില നേരങ്ങളിലെങ്കിലും ഞാനാഗ്രഹിക്കാറുണ്ട്, എന്റെയാ പഴയ നാടും
നാട്ടാരേയുമൊക്കെ ഒരിക്കലെങ്കിലും എനിക്ക് തിരിച്ച് കിട്ടിയിരുന്നെങ്കില്‍ ...
പൂവട്ടിയുമായ് പൂക്കളും തേടി കുന്നായകുന്നൊക്കെ അലഞ്ഞു നടക്കാന്‍ പറ്റിയിരുന്നെങ്കില്‍ ...
മണിയും കുലുക്കിപ്പായുന്ന ഓണപ്പൊട്ടന്റെ പിന്നാലെ ചാടിത്തുള്ളി വീടായവീടൊക്കെ
കയറിയിറങ്ങാനായെങ്കില്‍ ..., “എന്തേ തുമ്പീ തുള്ളാത്തൂ” എന്നാര്‍ക്കുന്ന
കൂട്ടുകാരികള്‍ക്കിടയില്‍ മുടിയഴിച്ചിട്ട് തല കുമ്പിട്ടിരിക്കുന്ന
കുഞ്ഞിപ്പെണ്ണിന്റെ ഭാവം മാറുന്ന നിമിഷത്തെ ഉറ്റുനോക്കിയിരിക്കാനായെങ്കില്‍ എന്ന്...!!!!

ഒന്നും തിരിച്ച് കിട്ടില്ലാന്നറിയാം ,എന്നാലും വെറുതെ മോഹിക്കുകയാണു..വെറുതെ...

എന്റെ എല്ലാ കൂട്ടുകാര്‍ക്കും സ്നേഹം നിറഞ്ഞ ഒരായിരം ഓണാശംസകള്‍.....

Friday, July 15, 2011

‘പട്ടം പറത്തുന്നവന്‍ ‘



ഇത്രനാളും ഞാനെന്തേ ഈ പുസ്തകം കാണാതെ പോയി എന്ന ചിന്തയിലാണു ഞാന്‍. ശരിക്കു പറഞ്ഞാല്‍
കാണാതെ പോയതല്ല. ഓരോ തവണയും പുസ്തകക്കടയിലെ അലമാരയില്‍ നിന്നും മറിച്ചു നോക്കി തിരിച്ച്
അവിടെ തന്നെ വെക്കാറാണു പതിവ്. വായിക്കാന്‍ കൊള്ളില്ല എന്ന എന്റെ മുന്‍ വിധി, എത്രമാത്രം അബദ്ധമായിരുന്നെന്ന് ഞാനിപ്പോള്‍ തിരിച്ചറിയുന്നു. മനസ്സിപ്പോഴും പൊട്ടിവീഴാന്‍ പോകുന്ന ആ പട്ടത്തിനു പിന്നാലെയാണു.

“ നിനക്ക് വേണ്ടി ഒരായിരം തവണ” എന്നു പറഞ്ഞ് അമീറിനൊപ്പം ഞാനും ആ പട്ടം വീഴാന്‍ പോകുന്ന സ്ഥലം മനസ്സില്‍ ഗണിച്ച് അങ്ങോട്ട് ഓടുകയാണു !!! എനിക്കുറപ്പുണ്ട് നിങ്ങളും വായനക്കവസാനം പുസ്തകം അടച്ചുവെച്ച് അങ്ങോട്ട് തന്നെ വരുമെന്ന്...

‘പട്ടം പറത്തുന്നവന്‍ ‘ ഖാലിദ് ഹൊസൈനിയുടെ ആദ്യ പുസ്തകമാണ്.

അഫ്ഘാനിസ്ഥാനിലെ സമകാലിക സ്ഥിതിഗതികളും അവിടത്തെ കലുഷിതമായ രാഷ്ട്രീയ -മത ഘടനയും ,അതങ്ങെനെ ഒരു ജനതയെ മൊത്തം തീരാദുരിതങ്ങളിലേക്ക് തള്ളിയിട്ടുവെന്നും വിശദമാക്കുന്ന വിഖ്യാത നോവല്‍.

അഫ്ഘാനിസ്ഥാനിലെ കാബൂളിലായിരുന്നു ഹൊസൈനിയുടെ ജനനം , പിന്നീട് അഫ്ഘാനിലെ റഷ്യന്‍
അധിനിവേശത്തെ തുടര്‍ന്ന് അമേരിക്കയില്‍ രാഷ്ട്രീയാഭയം തേടുകയായിരുന്നു ഹൊസൈനിയുടെ കുടുംബം.
കാബൂളിലെ തന്റെ ബാല്യകാലം നോവലില്‍ ഹൊസൈനി വരച്ചിടുന്നുണ്ട്. ഒപ്പം പുഷ്തുകളും ഹസാരകളും
തമ്മിലുള്ള വംശീയ സ്പര്‍ദ്ധയുടെ നേര്‍ക്കാഴ്ച്ചകളും നോവലിലുടനീളം പ്രതിഫലിക്കുന്നുണ്ട്.

ഹിന്തുക്കുഷ് പര്‍വതനിരകള്‍ക്കപ്പുറത്തെ ‘ഹസാരാജത്ത് ‘ ആണു ഹാസാരകളുടെ ജന്മദേശം.
ബാമിയാന്‍ ടൌണ്‍ ഉള്‍പ്പെടുന്ന പ്രദേശം. ഭൂരിഭാഗവും ഷിയാ മുസ്ലിംകള്‍. ഇസ്ലാം മതം
ആശ്ലേഷിക്കുന്നതിനു മുന്‍പ് ബുദ്ധമതക്കാരായിരുന്നു അവര്‍ എന്ന് പറയപ്പെടുന്നു. മംഗോളിയന്‍
ഒറിജിന്‍. ഒരു പക്ഷെ ചെങ്കിസ് ഖാന്റെ പിന്‍ തലമുറയാകാം....

അഫ്ഘാനിലെ തനത് ഗോത്രസമൂഹമായ പഷ്തുക്കള്‍ ( pashtun പത്താന്‍) ഒട്ടുമുക്കാലും സുന്നി വിഭാഗക്കാരായിരുന്നു.
ഹസാരകളെ അവര്‍ എന്നും അധ:കൃതരായാണു കണ്ടിരുന്നത്. ഹസാരകളുമായുള്ള വിവാഹബന്ധം നിഷിദ്ധം.
അവരെ ഉപദ്രവിക്കാനുള്ള ഒരവസരവും പഷ്തുക്കള്‍ ഒഴിവാക്കിയിരുന്നില്ല. ഈ വംശീയ വിദ്വേഷം തന്നെയാണു
പില്‍ക്കാലത്ത് താലിബാനികള്‍ ബാമിയാനിലെ ബുദ്ധപ്രതിമകള്‍ തകര്‍ത്തതിലൂടെ നിറവേറ്റിയിട്ടുണ്ടാക്കുക.
എന്നിട്ടത് എത്ര എളുപ്പമായാണു ഇസ്ലാമിന്റെ പേരില്‍ അവര്‍ കണക്കെഴുതി വെച്ചത്..!!

ഇത്രയും ആമുഖം. ഇനി നമുക്ക് പുസ്തകത്തിലേക്ക് വരാം.

അഫ്ഘാനിലെ റഷ്യന്‍ അധിനിവേശക്കാലത്ത് തന്റെ ബാബ( അഛന്‍) യോടൊപ്പം അമേരിക്കയിലേക്ക്
കുടിയേറിപ്പാര്‍ത്ത അമീറിന്റെ ഓര്‍മ്മകളിലൂടെയാണു കഥ വികസിക്കുന്നത്. കാബൂളില്‍ അവരുടെ വീട്,
സ്കൂള്‍ ജീവിതം ഒപ്പം അമീറിന്റെ ഉറ്റകൂട്ടുകാരന്‍ ഹസ്സന്‍; ഒരു ഹസാരയായിരുന്നു ഹസ്സന്‍. അമീറിന്റെ
ബാബയുടെ വേലക്കാരനായിരുന്ന അലിയുടെ മകന്‍. വല്ലാത്തൊരു ആത്മ ബന്ധമായിരുന്നു അലിയും
അമീറിന്റെ ബാബയും തമ്മില്‍. അത്രത്തോളം ഇഷ്ടം പക്ഷെ അമീറിനു, ഹസ്സനോട് ഉണ്ടായിരുന്നില്ല.

ഭീരുവായ അമീറിനു മരിച്ച് പോയ തന്റെ അമ്മയെ പോലെ കവിതയിലും കഥയിലുമൊക്കെയായിരുന്നു
താല്പര്യം. എന്തിനും ഏതിനും തന്റെ കൂടെ നിന്ന ഹസ്സനെ കൊടിയ ഒരു അപമാനത്തില്‍ നിന്നും
രക്ഷിക്കാന്‍ കഴിഞ്ഞില്ല എന്ന കുറ്റബോധം അമീറിനെ വേട്ടയാടുകയാണു. സ്വയം ഇകഴുത്തുന്ന ആ
കുറ്റബോധത്തില്‍ നിന്നും രക്ഷപ്പെടാന്‍ വേണ്ടി ഹസ്സനേയും അവന്റെ ബാബ അലിയേയും വീട്ടില്‍
നിന്നും പുകച്ച് പുറത്ത് ചാടിക്കുമ്പോള്‍ അമീറ് ഒരിക്കലും അറിഞ്ഞിരുന്നില്ല ഹസ്സന്‍ തന്റെ സഹോദരനാണെന്ന
വസ്തുത. തന്റെ ബാബക്ക് ഒരു ഹസാര യുവതിയില്‍ ഉണ്ടായ മകന്‍!! മരണം വരെ ഹസ്സനും അറിഞ്ഞില്ല ഒന്നും.


ഇന്ന്, ഒരുപാട് വര്‍ഷങ്ങള്‍ക്കിപ്പുറം അമീര്‍ തന്റെ ഭീരുത്വത്തില്‍ നിന്നും ഉണര്‍ന്ന് താന്‍ പണ്ട് തന്റെ സുഹൃത്തിനോട്
ചെയ്ത മാപ്പില്ലാത്ത കുറ്റത്തിനു പ്രായശ്ചിത്തം ചെയ്യുകയാണു. തകര്‍ന്നടിഞ്ഞ കാബൂളില്‍ നിന്നും, താലിബാനികളുടെ
വൃത്തികെട്ട ലൈംഗിക അതിക്രമത്തില്‍ നിന്നും ഹസ്സന്റെ മകന്‍ സൊറാബിനെ രക്ഷിച്ചു കൊണ്ട്...

രണ്ട് ഉറ്റചങ്ങാതിമാരുടെ ആത്മ ബന്ധം, ഒരു മകനും അഛനും തമ്മിലുള്ള ഹൃദയയൈക്യം,അതിലുപരി
അധിനിവേശങ്ങള്‍ക്ക് മുന്‍പുള്ള കാബൂളിലെ സ്വഛന്ദസുന്ദരമായ ജീവിതവും , അതിനു ശേഷം കാബൂള്‍ എന്തുമാത്രം
അകവും പുറവും മാറിപ്പോയി എന്നും നമ്മെ ബോധ്യപ്പെടുത്തുന്നു ഈ നോവല്‍.

അമീറിനേയും ഹസ്സനേയും കൂടാതെ ഒരുപാട് പേരുണ്ട് ഈ കഥയില്‍. കഥാപാത്രങ്ങള്‍
ശരിക്കും ജീവിക്കുകയാണു നോവലില്‍. കഥപറച്ചിലിന്റെ പതിവ് ശൈലിയില്‍ നിന്നും
മാറിയുള്ള ആഖ്യാനരീതിയും നോവലിന്റെ പുതുമയാണു. ലോകമെമ്പാടുമുള്ള അനുവാചകര്‍
ഹൊസൈനിയുടെ ഈ നോവലിനെ നെഞ്ചേറ്റിയതില്‍ ഒട്ടും അതിശയമില്ല തന്നെ.

ഡി സി ബുക്ക്സാണു പുസ്തകം പ്രസിദ്ധീകരിച്ചിരിക്കുന്നത്. വിവര്‍ത്തനം ശ്രീമതി.രമാ മേനോന്‍.

ഞാനിപ്പോഴും ആകാശത്ത് പാറിക്കളിക്കുന്ന ആ പട്ടത്തില്‍ തന്നെയാണു. സൊറാബിനു വേണ്ടി അമീര്‍ ഉയര്‍ത്തി വിട്ട പട്ടം. ഒപ്പം എന്തേ ഈ പുസ്തകം എന്റെ കൈയിലെത്താന്‍ വൈകി എന്ന ചിന്തയിലും...

അമീരിന്റെ വാക്കുകള്‍ കടമെടുക്കട്ടെ ഞാന്‍..
“ വസന്തം വന്നെത്തുമ്പോള്‍ മഞ്ഞുപാളികള്‍ ഒന്നായ് ഉരുകി വീഴില്ല. മെല്ലെ മെല്ലെ ഓരോ പാളികളായ് .....

Thursday, June 30, 2011

അതിരുകള്‍....!!!

26.6.11 ലെ വര്‍ത്തമാനം പത്രത്തിന്റെ വാരാന്ത്യപ്പതിപ്പില്‍ പ്രസിദ്ധീകരിച്ചത്.



ഒരു സ്ത്രീയെന്ന നിലയില്‍ എന്റെ ചിന്തകള്‍ക്കും പ്രവൃത്തികള്‍ക്കും,എന്റെ എഴുത്തിനു
പോലും പരിമിതികളുണ്ട്. നീയൊരു പെണ്ണാണെന്ന നിരന്തരമായ
ഓര്‍മ്മപ്പെടുത്തലുകള്‍ ! എല്ലായ്പ്പോഴും ഞാനതിനെ കുടഞ്ഞു കളയാന്‍
ശ്രമിക്കുമ്പോഴും അതെന്നിലേക്ക് വീണ്ടും വീണ്ടും പറ്റിച്ചേരാന്‍ വെമ്പുന്നത്
പോലെയാണു. പൊതു ഇടങ്ങളില്‍ നിന്നുമുള്ള സഭ്യവും സഭ്യേതരവുമായ
പെരുമാറ്റങ്ങളില്‍ പലപ്പൊഴും ആകെ ഉലഞ്ഞുപോയിട്ടുണ്ട് ഞാനും.
ചീത്തതിനെ തള്ളിക്കളഞ്ഞ് നല്ലതിനെ ചേര്‍ത്ത് വെക്കുകയാണു
എന്നെ ഞാനാക്കാന്‍ എറ്റവും നല്ലതെന്ന് എന്റെ അനുഭവ പാഠം.
അതു കൊണ്ട് തന്നെ ഒരു പെണ്‍ മനസ്സിനു മാത്രം സാധ്യമാകുന്ന
തരത്തില്‍ ചുറ്റും കാണുന്ന ജീവിതങ്ങളെ ആര്‍ദ്രതയോടെയും
സമചിത്തതയോടെയും സമീപിക്കാന്‍ എനിക്കായിട്ടുണ്ട്.

ഒരമ്മ മനസ്സ് എല്ലാ സ്ത്രീകളിലും ഉള്ളത് കൊണ്ടാകാം മറ്റുള്ളവരുടെ
വേദനകളും വിഷമങ്ങളും അവളെ ആകെ ഉലച്ച് കളയുന്നത്.
അതിനു വലിയവരെന്നോ ചെറിയവരെന്നോ വ്യത്യാസമില്ല.
മനുഷ്യരെല്ലാവരും അടിസ്ഥാനപരമായ് നന്മയുള്ളവരാണെന്ന്
വിശ്വസിക്കാനാണ് എനിക്കിഷ്ടം. ഗോവിന്ദച്ചാമിയെ പോലുള്ളവര്‍
തുലോം കുറവാണു സമൂഹത്തില്‍. പരസ്പരം സ്നേഹിക്കാനും സഹായിക്കാനുമൊക്കെ
നമുക്കുമാവും. പലപ്പോഴും വളരെ അപ്രതീക്ഷിതമായ ഭാഗത്ത് നിന്നായിരിക്കും
സഹായമെത്തുന്നത്. വളരെ ചെറിയ കാര്യങ്ങളെന്നു തോന്നും നമുക്ക്.
പക്ഷെ അതുണ്ടാക്കുന്ന ആശ്വാസം ചില്ലറയല്ല.

ഓരോ യാത്രയും ഓരോ അനുഭവങ്ങളാണെനിക്ക്. നേരത്തെ പറഞ്ഞപോലെ
ഞാനതിലെ നല്ല വശം മാത്രമെ കാണാറുള്ളു. അതാണെന്നെ വീണ്ടും വീണ്ടും
യാത്ര പോകാനും നന്നായി ജീവിക്കാനും പ്രാപ്തയാക്കുന്നത്. നമ്മള്‍ കാണാത്ത ,
അറിയാത്ത ആളുകള്‍.. അവരുടെ വേദനകളും സന്തോഷങ്ങളും നമ്മളുടേത്
കൂടി ആവുക. അതിലൂടെ നമ്മളറിയുന്നത് നമ്മെ തന്നെയാണു.


ഗുരുദീപ് കൌര്‍ എന്ന വൃദ്ധയെ ഞാന്‍ പരിചയപ്പെടുന്നത് വാഗാ അതിര്‍ത്തിയില്‍ വെച്ചാണു.
എല്ലാവരെയും പോലെ ഒരു സഞ്ചാരിയുടെ കൌതുകം കലര്‍ന്ന മനസ്സോടെ
മാത്രമാണു ഞാനും അന്നു അതിര്‍ത്തിയിലെത്തിയത്. ഞങ്ങളെത്തുമ്പോള്‍
ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്സ് അവരുടെ പതിവ് ചടങ്ങുകളിലാണു.
മാര്‍ച്ച് പാസ്റ്റും പതാക അഴിക്കല്‍ ചടങ്ങും.


നല്ല ആള്‍ക്കൂട്ടമുണ്ട്.
ഗാലറിയുടെ ഏറ്റവും മുകളിലേക്ക് കയറിയ ഞാനും കാണികളിരൊരാളായി ആര്‍ത്തു വിളിച്ചു.
ഹിന്ദുസ്താന്‍ കീ ജയ് എന്ന്. അപ്പുറത്ത് നിന്ന് ; പാകിസ്ഥാന്റെ മണ്ണില്‍ നിന്നും
അതെ സ്വരത്തില്‍ ആളുകള്‍ ആര്‍ക്കുന്നുണ്ട്. പാകിസ്ഥാന്‍ കീ ജയ് .


ബി എസ് എഫ് ജവാന്മാരുടെ കിടിലന്‍ സല്യൂട്ടുകളും നെഞ്ചോളം ഉയര്‍ത്തി നിലത്ത് അമര്‍ത്തിയടിക്കുന്ന


കാലടി ശബ്ദങ്ങളും എല്ലാം കൂടി അവിടെ ദേശസ്നേഹം ഇങ്ങനെ പതഞ്ഞു പൊങ്ങുകയാണു.


ഈ ആരവങ്ങള്‍ക്കിടയിലും ഇതിലൊന്നും ഭാഗഭാക്കാവാതെ തലതാഴ്ത്തി
ഇരിക്കുന്ന അനേകം മുഖങ്ങള്‍ ഞാന്‍ കണ്ടിരുന്നു.
സഞ്ചാരികളുടെ ആവേശമോ കൌതുകമോ ഒന്നും തന്നെ അവരുടെ
മുഖങ്ങളില്‍ നിന്നും വായിച്ചെടുക്കാനായില്ല എനിക്ക്.
പകരം വേദനയും നിരാശയും. കാഴ്ചകളെല്ലാം കഴിഞ്ഞ് ബി എസ് എഫ്
ജവാന്മാരുടെ ഓട്ടൊഗ്രാഫും വാങ്ങി തിരിഞ്ഞപ്പോഴാണു ആളൊഴിഞ്ഞ ഗാലറിയില്‍
തനിച്ചിരിക്കുന്ന ആ സ്ത്രീയെ ഞാന്‍ കാണുന്നത്. അടുത്ത് ചെന്നിട്ടും
അവര്‍ മുഖമുയര്‍ത്തിയില്ല.

“ക്യാ ഹുവാ നാനി ജീ? ക്യോം രൊ രഹീഹെ ആപ്?“

അവരുടെ അടുത്തിരുന്ന എന്റെ കൈകള്‍ അവര്‍ മുറുക്കിപ്പിടിച്ചു.

“കുഛ് നഹീ ബേട്ടേ,“

“ നഹീ തൊ ക്യൊം രൊ രഹീ ഥീ? അകേലീ..? കിസി കൊ ദിഖ് നഹി സക്തീ..?

തീരെ ഒഴുക്കില്ലാത്ത എന്റെ ഹിന്ദി കേട്ടിട്ടാവണം അവര്‍ കണ്ണട എടുത്ത് ദുപ്പട്ടയുടെ
അറ്റം കൊണ്ട് പതുക്കെ തുടച്ച് വീണ്ടും മുഖത്ത് വെക്കുന്നതിനിടെ എന്നെ നോക്കി ചിരിച്ചു.

“ കേരള്‍ സേ...?

ഗുരുദാസ്പുരില്‍ അവരുടെ അയല്‍ വാസി ഒരു നായരുണ്ടത്രെ.ബനാന ചിപ്സും നാരിയല്‍ കാ തേലും
നല്ല ടേസ്റ്റാണെന്ന് പറഞ്ഞ് അവര്‍ വീണ്ടും ചിരിച്ചു.

അപ്പുറത്ത് പാകിസ്ഥാനിലേക്ക് നോക്കി അവര്‍ പറഞ്ഞു. അവിടെയാണു അവര്‍ ജനിച്ചത്.
അന്ന് പക്ഷെ പാകിസ്ഥാന്‍ ഉണ്ടായിരുന്നില്ല. എല്ലാവരും ഒന്ന്.
സിക്കുകാരും മുസ്ലിമുകളും ഹിന്ദുക്കളുമൊക്കെ ഒരേ മനസ്സോടെയാണു കഴിഞ്ഞിരുന്നത്.
വളരെ ചെറുപ്പത്തില്‍; പത്താമത്തെ വയസ്സില്‍ അവരുടെ വിവാഹം കഴിഞ്ഞിരുന്നു.
ഒരുപാട് സന്തോഷം നിറഞ്ഞ നാളുകള്‍ .എല്ലാം അവസാനിച്ചത്
വളരെ പെട്ടെന്നായിരുന്നു. വിഭജനത്തിനു ശേഷം ഇന്ത്യയും പാകിസ്താനും
നിലവില്‍ വന്നപ്പോള്‍ ഗുരു ദീപിന്റെ ഭര്‍തൃ വീട്ടുകാര്‍ ഇന്ത്യയിലേക്ക് പോരാന്‍ തീരുമാനിച്ചു.
മറിച്ച് അവരുടെ മാതാപിതാക്കളും ബാക്കി ബന്ധുക്കളും പാകിസ്താനില്‍ തന്നെ തങ്ങി.

അഛനുമമ്മയുമൊന്നും ഇപ്പോള്‍ ഇല്ല. സഹോദരങ്ങളും ഓരൊരുത്തരായ് പോയി.
ജനനവും മരണവും ഒരുപാട് നടന്നു കുടുംബത്തില്‍. ഒന്നിലും പങ്കെടുക്കാനാവാതെ
ഒരാള്‍ മാത്രം ഇപ്പുറത്ത്...

ഇന്ന്, മരിച്ച് പോയ സഹോദരന്റെ പേരക്കുട്ടിയുടെ മകളേയും കൊണ്ട്
അവര്‍ വരാമെന്നു പറഞ്ഞിരുന്നത്രെ. ഇപ്പുറത്തുള്ള മുത്തശ്സിക്ക് കാണിച്ച് കൊടുക്കാന്‍..
പക്ഷെ വഴിയില്‍ വെച്ച് വണ്ടി കേടായി അവര്‍ക്കെത്താനായില്ലെന്ന്.
പതാക താഴ്ത്തല്‍ ചടങ്ങ് കഴിഞ്ഞാല്‍ കുറച്ച് സമയം ബന്ധുക്കള്‍ക്ക്
അപ്പുറവും ഇപ്പുറവും നിന്ന് സംസാരിക്കാം.അതിനു വേണ്ടിയാണു
പാവം വയ്യാഞ്ഞിട്ടും ഇത്ര ദൂരം വന്നതെന്ന് കേട്ടപ്പോള്‍ എന്റെ കണ്ണുകളും നിറഞ്ഞു പോയി.

ഒരു സ്ത്രീയുടെ ജീവിതത്തിനു രണ്ട് വ്യത്യസ്തമായ തലങ്ങളുണ്ട്. രണ്ട് ജന്മം പോലെയാണത്.
ജനിച്ച് ,ബാല്യവും കൌമാരവും പിന്നിട്ട വീട്ടില്‍ നിന്നും വിവാഹത്തിനു ശേഷം വേറൊരു
വീട്ടിലേക്കുള്ള പറിച്ച് നടല്‍. അത് തനിക്ക് ഗുണമാണോ ദോഷമാണൊ
കാത്തുവെച്ചിരിക്കുന്നതെന്ന് പോലും അറിയാതെ ഒരു മാറ്റിപ്രതിഷ്ഠിക്കല്‍. അത് ഗുരുദീപിനെ പോലെ വേറൊരു
ദേശത്തേക്ക് കൂടി ആയാലോ....?ഒരു തിരിച്ച് പോക്ക് അസാധ്യമെന്ന അറിവ് കരളുരുക്കിക്കളയും ശരിക്കും...

മതത്തിന്റേയോ ദേശത്തിന്റേയോ അതിര്‍വരമ്പുകളില്ലാതെ മനുഷ്യനു മനുഷ്യനെ സ്നേഹിക്കാനാകുന്ന
കാലത്തെപറ്റി വിചാരിച്ചു കൊണ്ട് ആ ഗാലറിയില്‍ അവരോട് ചേര്‍ന്ന് അങ്ങനെ ഇരിക്കുമ്പോള്‍
എനിക്ക് മുന്നിലൂടെ ഒരു കൂട്ടം ആളുകള്‍ കടന്നു പോകുന്നുണ്ടായിരുന്നു...
നിസ്സഹായരായ ഇന്ത്യക്കാരും പാക്കിസ്ഥാനികളും അടങ്ങുന്ന ഒരു കൂട്ടം ആളുകള്‍...
വേദനയാലും ദുരിതങ്ങളാലും കോടിപ്പോയ മുഖങ്ങളോടെ ..ഒരുവരി അങ്ങോട്ടും ,ഒരു വരി ഇങ്ങോട്ടും!!
സാധുക്കളും നിരക്ഷരരുമായിരുന്ന സാദാ കര്‍ഷകരായിരുന്നു അവര്‍. അവരില്‍ പലര്‍ക്കും
സ്വാതന്ത്ര്യം എന്നാല്‍ എന്താണെന്ന് പോലും അറിയുമായിരുന്നില്ല.
കോണ്‍ഗ്രസ്സും മുസ്ലിം ലീഗും അവര്‍ക്കൊരുപോലെ ആയിരുന്നു.
ഒരു ഗ്രാമത്തില്‍ നിന്നും തൊട്ടടുത്ത മറ്റൊരു ഗ്രാമത്തിലേക്കുള്ള ഹ്രസ്വമായ ഒരു യാത്രയായിരുന്നില്ല അത്.
മറിച്ച് തങ്ങള്‍ ജനിച്ച് വളര്‍ന്ന ഇടങ്ങളില്‍ നിന്നും കടപുഴക്കി എറിയപ്പെട്ടവരുടെ കൂട്ട പലായനം.

ചില യാത്രകളില്‍ അവിചാരിതമായി കണ്ടുമുട്ടുന്ന പലരും നമ്മുടെ ആരൊക്കെയോ
ആയി മാറുകയാണു. വെറുതെ കണ്ട് മടങ്ങാനാകുന്നില്ല നമുക്ക്.
ജന്മ ബന്ധങ്ങളുടെ നേര്‍ത്ത നൂലിനാല്‍ പരസ്പരം കെട്ടപ്പെട്ടത്പോലെ....
യാത്ര പറഞ്ഞ് പിരിയുമ്പോള്‍ ,മരിക്കുന്നതിനു മുന്‍പ് വീണ്ടും കണ്ടുമുട്ടിയേക്കും
എന്ന നേര്‍ത്ത പ്രതീക്ഷയാല്‍ കൈകള്‍ വീശി പിന്നേയും പിന്നേയും തിരിഞ്ഞ് നോക്കി ...
ഒരു മടക്കയാത്ര....!!




**** ചില ചിത്രങ്ങള്‍ ഗൂഗിളില്‍ നിന്നും ***