Sunday, January 30, 2011

സ്വപ്നങ്ങളില്ലാത്തവര്‍....



കോഴിക്കോട്- ഷൊര്‍ണ്ണൂര്‍ പാസ്സെഞ്ചര്‍ ഔട്ടറില്‍ കിടക്കുന്നു, പരപ്പനങ്ങാടി എത്തുന്നതേയുള്ളൂ. അരിഞ്ഞ പച്ചക്കറികളും കത്തിയും കൂടി
ബാഗില്‍ എടുത്ത് വെച്ച് പത്മിനി ടീച്ചര്‍ ഇറങ്ങാന്‍ റെഡിയായി. ടീച്ചര്‍ക്കിനി റിട്ടയറാവാന്‍ രണ്ടുവര്‍ഷം കൂടിയേ ഉള്ളു. റിട്ടയമെന്റിനു ശേഷം കുടുംബത്തോടൊപ്പം കുറച്ച് നാള്‍ ബദ്ധപ്പാടുകളൊന്നുമില്ലാതെ കഴിയണമെന്ന ഒറ്റ ചിന്തയേ ഇപ്പോ ടീച്ചറുടെ സ്വപ്നങ്ങളിലുള്ളു.

“ ദാണ്ടേ അവനവിടേ നില്‍പ്പുണ്ട്” .ബാത്ത് റൂമില്‍ പോയ രേഖ ഓടിവന്നു.

“ ഇന്നലെ വാതില്‍ക്കല്‍ നിന്നും നീങ്ങി നില്‍ക്കാന്‍ പറഞ്ഞേന് എന്തോരം തെറിയാ അവന്‍ ടീച്ചറെ വിളിച്ചത്. വാ..ഇന്നവനെ
നമുക്ക് ശരിയാക്കാം. തെണ്ടി ,അസത്ത്..”. വെറുപ്പും വിദ്വേഷവും കൊണ്ട് രേഖയുടെ വെളുത്ത് സുന്ദരമായ മുഖം കറുത്ത് കരുവാളിച്ച് പോയിരുന്നു.

സാരല്ല ടീച്ചറെ..വിട്ടേക്ക് അവനന്നേരത്തെ ദേഷ്യത്തിനു പറഞ്ഞതാവും അല്ലേലും ചീത്തവാക്കുകളല്ലാതെ അവനു വേറെ എന്താനു അറിയുന്നുണ്ടാവുക.അവന് ചുറ്റും എന്നും അതല്ലെ ഉണ്ടാകൂ.

എന്നെയൊന്നു അമര്‍ത്തി നോക്കി ടീച്ചറും രേഖയും ഇറങ്ങിപ്പോയി..

പരപ്പനങ്ങാടിയില്‍ നിന്നും ആരും കയറാനുണ്ടായിരുന്നില്ല. വണ്ടി നീങ്ങിത്തുടങ്ങിയപ്പോള്‍ ഞാന്‍ പതുക്കെ എണിറ്റ് വാതിലിനരുകിലേക്ക് ചെന്നു.

പുറം കൈ കൊണ്ട് കണ്ണുനീര്‍ തുടച്ച് അവനവിടെ നില്‍പ്പുണ്ട്. 10-12 വയസ്സ് തോന്നിക്കുന്ന ഒരു പയ്യന്‍. കുടുക്കുകളഴിഞ്ഞു പോയ ട്രൌസര്‍ ഒരു ചാക്ക് നൂല്‍ കൊണ്ട് അരയില്‍ കെട്ടി വെച്ചിരിക്കുന്നു. എണ്ണമയമില്ലാത്ത പാറിപ്പറന്ന തലമുടി. പിഞ്ഞിത്തുടങ്ങിയ ഷര്‍ട്ടിന്റെ
പാതി കീറിയ കീശയില്‍ ഒരു പരിപ്പു വടയുടെ വക്കടര്‍ന്നുപോയ കഷണം. അതവന്‍ കൈകൊണ്ട് പൊത്തിപ്പിടിച്ചിരിക്കുന്നു താഴെ വീണു പോകാതിരിക്കാന്‍.

നീയെന്തിനാ അവരെ അങ്ങനെ വിളിച്ചെ..? നിന്റെ അമ്മയാകാന്‍ പ്രായമില്ലേ അവര്‍ക്ക്..? എന്ന എന്റെ ചോദ്യത്തിനു നേരെ അവന്‍
രൂക്ഷമായി നോക്കി. അന്നേരത്തെ അവന്റെ കണ്ണിലെ തീ കണ്ട് ഞാന്‍ അമ്പരന്ന് പോയി.

എന്റെ മകനിപ്പോ ഫേസ് ബുക്കില്‍ സിറ്റിവില്ല കെട്ടുകയാവും.ഇവനോ ...? ജീവിതത്തിന്റെ അനിശ്ചിതത്വത്തിലേക്ക് തുറക്കുന്ന ഈ വാതിലിനരികില്‍ തനിച്ച്....

എന്റെ കൂടെ പോരുന്നോ എന്ന എന്റെ ചൊദ്യത്തിനു നേരെ അവന്‍ തലയിളക്കി. “മുടിയാത് ,എനക്ക് തങ്കച്ചിയിരുക്ക്, ശെല്‍വി.”
അവന്‍ കീശയിലെ പരിപ്പുവടക്കഷ്ണം ഒന്നൂടെ വിരലുകള്‍ കൊണ്ട് താഴേക്കമര്‍ത്തിപ്പിടിച്ചു. ഞാന്‍ കൊടുത്ത രൂപ അവന്‍ ട്രൌസറിന്റെ ഉള്ളിലെവിടെയോ ഭദ്രമായി വെച്ചു. “ചിറ്റപ്പാ കണ്ടാല്‍ പിടിച്ച് വാങ്ങും. തണ്ണിയടിച്ച് ഞങ്ങളെ തല്ലും. നോക്കിക്കോ ഒരുദിവസം ഞാനയാളെ കൊല്ലും”

വണ്ടിയുടെ കുലുക്കത്തിനിടയിലും അവന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം എനിക്ക് കേള്‍ക്കാമായിരുന്നു.

തിരൂരെത്തിയപ്പോള്‍ എന്റെ കൈ പതുക്കെ തോളില്‍ നിന്നും എടുത്തു മാറ്റി അവന്‍ പ്ലാറ്റ്ഫോമിലേക്ക് ചാടി.ഒന്നു തിരിഞ്ഞ് നോക്കി ചിരിച്ച് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഊളിയിട്ടു.

എവിടെ അവന്റെ ശെല്‍വി, അമ്മ ....കണ്ണുനീരിന്റെ നേരിയ പാടയിലൂടെ എനിക്കൊന്നും തെളിഞ്ഞ് കാണുന്നുണ്ടായിരുന്നില്ല്ല. വണ്ടി നീങ്ങാന്‍ തുടങ്ങിയിരുന്നു.

ഞാന്‍ യാത്ര തുടരുകയാണു.....

52 comments:

  1. ശെല്‍വനും ശെല്‍വിയുമൊന്നും ഒറ്റപ്പെട്ട കഥ കളല്ല...

    ReplyDelete
  2. നന്നായി എഴുതി.

    ReplyDelete
  3. പാവം . എന്നാലും തെറി വിളിച്ചത് ശരിയല്ല

    ReplyDelete
  4. നമ്മള്‍ യാത്ര തുടരുകയാണ്...
    ഇത്തരം കാഴ്ചകള്‍ക്കിടയിലൂടെ തന്നെ.പന്ത്രണ്ട് പ്രായമായ അവന്റെ മനസ്സില്‍ ആകെ ഉണ്ടായിരുന്നത് സ്നേഹം മാത്രമാണ്. ഇന്നിപ്പോള്‍ നഷ്ടമായിക്കൊണ്ടിരിക്കുന്നത്.
    യാത്രക്കിടയില്‍ നമ്മള്‍ നിത്യവും കണ്ടുമുടുന്ന കാഴ്ചകള്‍ വെറും ഒരു കാണല്‍ മാത്രമായി മാറുമ്പോഴും അവരെ പ്രത്യക്ഷത്തില്‍ സ്വാധീനിക്കുന്ന സംഭവങ്ങളില്‍ നിന്നുണ്ടാകുന്ന ചില പെരുമാട്റ്റങ്ങള്‍ക്ക് കുറ്റപ്പെടുത്തെണ്ടിവരുമ്പോള്‍ ഒരു നിമിഷം അവരുടെ വാക്കുകളിലേക്ക്‍ അല്ലെങ്കില്‍ അവരുടെ സാഹചര്യങ്ങളിലേക്ക് നമ്മുടെ സാമൂഹ്യനീതി എത്ത്തിപ്പെടെണ്ടാതിലെക്ക് നമ്മെ ഗൌരവമായി ചിന്തിപ്പിക്കുന്ന പോസ്റ്റ്‌.

    ReplyDelete
  5. ഒറ്റപ്പെട്ട കഥകളല്ലെങ്കിലും ഇതു പോലത്തെ ഓരോ കഥകളും മനസ്സില്‍ തട്ടുന്നു.

    എഴുത്ത് നന്നായി

    ReplyDelete
  6. പിടിച്ചിരുത്തിയ കഥ.
    "എന്റെ മകനിപ്പോ ഫേസ് ബുക്കില്‍ സിറ്റിവില്ല കെട്ടുകയാവും.ഇവനോ ...? ജീവിതത്തിന്റെ അനിശ്ചിതത്വത്തിലേക്ക് തുറക്കുന്ന ഈ വാതിലിനരികില്‍ തനിച്ച്"
    ഇങ്ങിനെയൊക്കെ എഴുതുമ്പോള്‍ നല്ല ചിന്തയും ഉണ്ട് കഥയില്‍.
    നന്നായി എഴുതി

    ReplyDelete
  7. മുല്ല,
    യാത്ര തുടര്ന്നുകൊണ്ടെയിരിക്കുക..
    ഇനിയും എത്ര എത്ര കാഴ്ചകള്‍, സങ്കടങ്ങള്‍ ആ യാത്രയില്‍ നിന്നെയും കാത്തിരിക്കുന്നുണ്ടാകും...
    എഴുതുക...എല്ലാം എഴുതുക..
    ആശംസകള്‍..

    ReplyDelete
  8. ഈ സ്വപ്നങ്ങളീല്ലാത്തവരെ കുറിച്ച് അസ്സലായി പറഞ്ഞിരിക്കുന്നു...കേട്ടൊ മുല്ലേ

    ഇനിയും പങ്കുവെക്കൂ...അങ്ങിനേയെങ്കിലും വായിക്കുന്നവർക്കെങ്കിലും ഒരു തിരിച്ചറിവുണ്ടാകട്ടേ...

    നമ്മളുടെ യാത്രകളിലൊക്കെ കണ്ടുകൊണ്ടിരിക്കുന്ന ഇത്തരം അനേകം കാഴച്ചകൾ കാണുമ്പോളാണല്ലോ ,നമ്മളൊക്കെ ശരിക്കും ഭാഗ്യം ചെയ്തവരാണെന്ന് മനസ്സിലാക്കുക ..!

    ReplyDelete
  9. "സാരല്ല ടീച്ചറെ..വിട്ടേക്ക് അവനന്നേരത്തെ ദേഷ്യത്തിനു പറഞ്ഞതാവും അല്ലേലും ചീത്തവാക്കുകളല്ലാതെ അവനു വേറെ എന്താനു അറിയുന്നുണ്ടാവുക.അവന് ചുറ്റും എന്നും അതല്ലെ ഉണ്ടാകൂ."

    നല്ല മനം. ഈ ചിന്താഗതിയുള്ളവര്‍ നല്ല മനുഷ്യരാണ്. ഈ ഭൂമി ഇപ്പോഴും ഫലവും ധാന്യവും വിളയിക്കുന്നതും, മഞ്ഞും മഴയും പൊഴിയിക്കുന്നതും, ഇതുപോലുള്ള ചുരുക്കം നല്ല മനുഷ്യരെ ഓര്‍ത്താണെന്ന് ഞാന്‍ കരുതുന്നു.

    ReplyDelete
  10. എന്റെ കൈ പതുക്കെ തോളില്‍ നിന്നും എടുത്തു മാറ്റി അവന്‍ പ്ലാറ്റ്ഫോമിലേക്ക് ചാടി.ഒന്നു തിരിഞ്ഞ് നോക്കി ചിരിച്ച് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഊളിയിട്ടു.
    മനസില്‍ നിലയ്ക്കാത്തൊരോളം അലയടിച്ചു കൊണ്ടേയിരുന്നു!
    സ്വപ്നങ്ങളിലും ഇല്ലാത്തവരാണവര്‍!
    നന്മ ഭവിയ്ക്കട്ടേ..

    ReplyDelete
  11. ഇവിടെ മൂന്ന് തരം മനുഷ്യരെ കണ്ടു. വടയുടെ പൊട്ട് സഹോദരിക്ക് വേണ്ടി പോക്കറ്റില്‍ അമര്‍ത്തിപ്പിടിച്ചു അത് വഴിയില്‍ നഷ്ടപ്പെട്ടേക്കുമോ എന്നാധി കൊള്ളുന്ന പാവം ബാലനുണ്ട്. അവനെ തങ്ങളുടെ സുഖമവഴിയിലെ പേക്കോലമായി ആട്ടിയകറ്റുന്ന വരേണ്ണ്യനുണ്ട്. അവനോടു സഹതാപം ഉണ്ടെങ്കിലും അതിനപ്പുറം ഒന്നും ചെയ്യാന്‍ കെല്‍പ്പില്ലാത്ത ഹൃദയമുള്ളവരും ഉണ്ട്.
    ആഫ്രിക്കയിലെ ദരിദ്രരെ മൊത്തമായി എടുത്താലും ഇന്ത്യക്കാണ് ഒന്നാം സ്ഥാനം ദരിദ്രരുടെ എണ്ണത്തില്‍ എന്നാണ് സ്ഥിതിവിവരക്കണക്ക്. TV യില്‍ വരുന്ന rich and famous പ്രദര്‍ശനങ്ങളില്‍ കണ്ണന്ചി നമ്മള്‍ സൂപ്പര്‍ പവര്‍ ആവുകയാണെന്നു മേനി പറഞ്ഞു നടക്കുന്നവര്‍ വസിക്കുന്ന വേറെ ഒരു ലോകവും നമുക്കിടയിലുണ്ട്.
    അരുന്ധതിയെ കടമെടുത്തു പറഞ്ഞാല്‍ അവസാനം പറഞ്ഞ ഈ വിഭാഗം ഇതിനകം തന്നെ real india യില്‍ നിന്ന് വിഘടിച്ചു india ക്കുള്ളില്‍ തന്നെ മറ്റൊരു രാജ്യം സ്ഥാപിച്ചിരിക്കുന്നു. ഇടതായാലും വലതായാലും, തീവ്രവലതായാലും ഭരിക്കുന്നവര്‍ അവരുടെ വാലാട്ടികള്‍ മാത്രം.
    ഈ പൊള്ളുന്ന നേരിനെ പൊള്ളുന്ന വരികളിലൂടെ മുല്ല വീണ്ടും ഓര്‍മിപ്പിക്കുന്നു. നെഞ്ചുരുക്കുന്ന കാഴ്ചകള്‍. ഇത് കാണാന്‍ പലര്‍ക്കും ഇന്ന് കണ്ണടകള്‍ വേണം.

    ReplyDelete
  12. "എന്റെ മകനിപ്പോ ഫേസ് ബുക്കില്‍ സിറ്റിവില്ല കെട്ടുകയാവും.ഇവനോ ...? "
    ശരിയാണ് ...
    ഇങ്ങനെ നമുക്ക് ചുറ്റുമുള്ളവരെ താരതമ്യം ചെയ്തു മനസിലാക്കിയിരുന്നെങ്കില്‍ നമുക്ക് സമാന്തരമായി ഉരുളുന്ന മറ്റൊരു കറുത്ത ലോകം കാരുണ്യം കിട്ടാതെ കരയില്ലയിരുന്നു..

    ReplyDelete
  13. കേട്ട കഥകളിലെ ഒരേട് ആണെങ്കിലും ഇങ്ങനെയുള്ള എത്രയെത്രമക്കൾ.. ഒരു നേരത്തെ വിശപ്പടക്കാൻ പലരുടേയും മുന്നിൽ കൈനീട്ടുന്നു.. അല്ലെ ?.. പലരിൽ നിന്നും എന്തൊക്കെ കുത്തുവാക്കുകൾ വേദനകൾ എല്ലാം ഇവരിലേക്ക് ദിനേന ഉണ്ടാകുന്നു .അവരെ സമൂഹം ചീത്തയായി കാണുന്നു തെണ്ടിപ്പിള്ളേർ എന്ന് മുദ്ര കുത്തി അകറ്റി നിർത്തുന്നു.. ജീവിതത്തിൽ അവനെല്ലാദിവസവുമിങ്ങനെ തന്നെ... നമ്മുടെ മക്കൾ ദിനേന പുതിയതിനെ തേടിപോകുമ്പോൾ അവൻ അവന്റെ ഒരു നേരത്തെ വിശപ്പിനു ശമനം കാണാനായി കിട്ടുന്നതിൽ പാതി ഉടപ്പിറപ്പിനായി കരുതി ജീവിക്കുന്നു.. ഒന്നു തിരിഞ്ഞ് നോക്കി ചിരിച്ച് ആള്‍ക്കൂട്ടത്തിനിടയിലേക്ക് ഊളിയിട്ടു.ഇനി വേറെ ആരുടേയെങ്കിലും മുന്നിലേക്ക് എന്തെങ്കിലും കിട്ടിയാലോ എന്ന പ്രതീക്ഷയോടെ.. ചിന്തിപ്പിക്കുന്ന വേദനിപ്പിക്കുന്ന പോസ്റ്റ്..

    ReplyDelete
  14. "എന്റെ മകനിപ്പോ ഫേസ് ബുക്കില്‍ സിറ്റിവില്ല കെട്ടുകയാവും.ഇവനോ ...? " ..... ഒന്ന് മനസ്സില്‍ കൊണ്ടു.....
    പണ്ട് ബസില്‍ കയറിയപ്പോള്‍ ഒരു സ്ത്രീയെ പരിചയപ്പെട്ടു.അവരും അവരുടെ മോനും കൂടി എറണാകുളം പോവുകയാണ്.മോന്‍ പത്താം ക്ലാസ്സ്‌ കഴിഞ്ഞു.പോളി ടെക്നിക്കില്‍ അഡ്മിഷന്‍ കിട്ടിയതാണ്.പക്ഷെ കയ്യില്‍ നാലായിരം രൂപ ഇല്ലാതിരുന്നത് കൊണ്ട് ചേരാന്‍ പറ്റിയില്ല.ഇപ്പോള്‍ പത്രത്തില്‍ kitex കാരുടെ ജോലി പരസ്യം കണ്ടു ,മോന്‍ ഇന്റര്‍വ്യൂ നു പോവുകയാണ്. 2000 രൂപ ശമ്പളം കിട്ടും. ഒരു മോള് കൂടെയുണ്ട് .ഭര്‍ത്താവു മരിച്ചു പോയി.മോളുടെ പഠിപ്പ്,കല്യാണം..എല്ലാം ഈ മോന്‍ വേണം നടത്താന്‍....
    നാലായിരം രൂപ ഇല്ലാത്തതു കൊണ്ട് പഠിക്കാന്‍ പറ്റാതെ പോയ ആ കുട്ടിയുടെ മുഖം കണ്ടപ്പോള്‍ , എന്റെ കയ്യില്‍ ഉണ്ടായിരുന്ന 5000 രൂപയെക്കുറിച് ഓര്‍ത്തു .ഹോസ്റ്റല്‍ ലിലും,മെസ്സിലും ബില്ലടയ്കാനും മറ്റും അമ്മ തന്നു വിട്ട തുക. കൊടുത്താലോ എന്ന് ഒരു നിമിഷം ആലോചിച്ചു.പിന്നെ ഇത് കൊണ്ട് അവര്‍ക്കൊന്നുമാവില്ല എന്ന മുടന്തന്‍ ന്യായം സ്വയം പറഞ്ഞു ആശ്വസിച്ചു .

    എന്നാലും പിന്നെയും ഒരു കുറ്റബോധം മനസ്സില്‍ ....

    ReplyDelete
  15. തെരുവില്‍ അനാഥമായ എത്ര എത്ര ബാല്യങ്ങള്‍
    മുല്ലയുടെ പോസ്റ്റു നന്നായി

    ReplyDelete
  16. തീവണ്ടി മുറികളില്‍ കാണാറുള്ള പതിവ് കാഴ്ച..അടുത്ത കണക്ഷന്‍ പിടിക്കാനും വീട്ടിലും ഓഫീസിലും എത്തിപ്പെടാനുമെല്ലാമുള്ള പാച്ചിലിനിടയില്‍ നമ്മള്‍ മനപൂര്‍വ്വം വിസ്മരിക്കുന്ന ബാല്യങ്ങള്‍ ...വീട്ടിലിരിക്കുന്ന കുട്ടിയുമായുള്ള മുല്ലയുടെ താരതമ്യം ചിലപ്പോള്‍ ഇനിയുള്ള കാഴ്ചകളില്‍ ഇവരെ ശ്രദ്ധിക്കാന്‍ കാരണമായേക്കാം..പതിവ് പോലെ നല്ല ഒരു പോസ്റ്റ്......

    മുകളില്‍ ലക്ഷ്മി പറഞ്ഞ ആ മുടന്തന്‍ ന്യായം ഞാനുള്‍പ്പെടെ പലര്‍ക്കും പലപ്പോഴും തോന്നുന്നതാണ് ...

    ReplyDelete
  17. നന്നായിട്ടുണ്ട് ...

    ReplyDelete
  18. തെരുവ് ബാല്യം!പറഞ്ഞ് തീരാത്തത്!
    നന്നായി!

    ReplyDelete
  19. നല്ല കുഞ്ഞു കഥ.

    മനസ്സിൽ നന്മ വറ്റാതിരിക്കട്ടെ.

    കഴിയുമ്പോൾ, കഴിയുന്ന വിധം ആരെയെങ്കിലുമൊക്കെ സഹായിക്കാൻ ഈ കുറിപ്പ് എല്ലാവർക്കും പ്രചോദനമാകട്ടെ.

    ആശംസകൾ!

    ReplyDelete
  20. മനസ്സില്‍ ചെറിയൊരു നൊമ്പരമുണര്‍ത്തുന്ന കഥ.

    ReplyDelete
  21. ഇവിടെ വന്ന് അഭിപ്രായം പറഞ്ഞ എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
    ബാലഭിക്ഷാടന മാഫിയയെ പറ്റി നല്ല ബോധം ഉള്ളത് കൊണ്ട് കുട്ടികളെ മുന്‍ നിര്‍ത്തി യാചിക്കാന്‍ വരുന്നവരെ ഞാന്‍ പ്രോത്സാഹിപ്പിക്കാറില്ല.ഇവിടെ ഇവന്‍ ചെയ്ത തെറ്റിനെ പറ്റി സഹയാത്രികരുടെ കമന്റ് കേട്ടപ്പോള്‍ ഞാന്‍ ആലോചിച്ച് പോയി.അവന്റെ സാഹചര്യങ്ങളാണു അവനെ അങ്ങനെ ആക്കിയത്. അവനെ കുറ്റം പറയാന്‍ നമുക്ക് എന്തവകാശം..? ഏറ്റവും മുന്തിയ സ്കൂളുകളിലെ ഏറ്റവും ബെസ്റ്റ് കുട്ടികളുമായ് സംവദിച്ച് അവരോട് സ്വപ്നം കാണാന്‍ പറഞ്ഞാല്‍ അവര്‍ കാണുമായിരിക്കും,റോക്കറ്റുകളെ പറ്റിയും മിസൈലുകളെ പറ്റിയും.അങ്ങനെ നാളെ ഇന്ത്യ തിളങ്ങും. പക്ഷേ ഒരു നേരത്തെ ഭക്ഷണവും തലക്ക് മേലെ ഒരു കൂരയുമില്ലാത്ത ഇവര്‍ എന്ത് സ്വപ്നം കാണാനാണു..? എന്നിട്ടും അവനെ ഉള്ളില്‍ കൂടപ്പിറപ്പിനോടുള്ള സ്നേഹമുണ്ട്.ഒരു പക്ഷേ ഒന്നു തലോടിക്കൊടുത്താല്‍ അതവിടെ കിടന്ന് ജ്വലിച്ചേക്കാം.ഒരു വേള; നാളെ ഒരു ഗുണ്ടയോ കൊലപാതകിയോ കൂട്ടിക്കൊടുപ്പുകാരനായോ മാറാതിരുന്നേക്കാം.

    ReplyDelete
  22. രമേഷ്ജിയുടെ കമന്റ്‌ ബോക്സില്‍ ചെമ്മാട് ഇസ്മയില്‍
    മുല്ലയുടെ കഥ വായിച്ച കാര്യം പറഞ്ഞു... അതെ
    കമന്റ്‌ തന്നെ ഞാന്‍ ഇവിടെയും പറയുന്നു...അറിഞ്ഞവ
    വളരെ കുറവ്..അറിയാതവ അതിലേറെ.ഒരു കുഞ്ഞു നൊമ്പരം
    മനസ്സിലേറ്റി വിട വാങ്ങട്ടെ മുല്ലേ..അഭിനന്ദനങ്ങള്‍..

    ReplyDelete
  23. 'സാരല്ല ടീച്ചറെ..വിട്ടേക്ക് '
    മുല്ലയുടെ പടവാള്‍ വീണ്ടും...
    ഒടുവില്‍ പാവങ്ങള്‍ക്കു വേണ്ടി നിറയുന്നു കരുണാര്‍ദ്രമായി ആ കണ്ണുകള്‍...
    വളരെ ശക്തിമത്തായ വരികളും ആശയവും..
    അഭിനന്ദനങ്ങള്‍...

    ReplyDelete
  24. This comment has been removed by the author.

    ReplyDelete
  25. നന്നായിടുണ്ട്

    ReplyDelete
  26. നന്നായിടുണ്ട്

    ReplyDelete
  27. ഉള്‍ക്കാഴ്ചയുള്ളവര്‍ക്കേ ഇത്തരം മുഖങ്ങള്‍ കാണാന്‍ കഴിയൂ..
    വായിച്ചു വല്ലാതെ നൊന്തു പോയി.

    ReplyDelete
  28. അതേ.. യാത്ര തുടരുകയാണ്. മുല്ല എന്നും വേറിട്ട വഴ്യിലൂടെ സഞ്ചരിക്കുന്നു. തന്റെ സഞ്ചാര പഥത്തെ അടയാളപ്പെടുത്തുന്നു. അത് വായനക്കാരുമായി നല്ല ഭാഷയില്‍ പങ്കുവെക്കുന്നു. ഈ ബ്ലോഗിലെ ഓരോ പോസ്റ്റും അങ്ങിനെ എനിക്ക് പുതിയ അനുഭവങ്ങള്‍ തുറന്നു തരുന്നു.

    ജീവിതത്തിന്റെ അനിശ്ചിതത്വത്തിലേക്ക് തുറക്കുന്ന വാതിലിനരികില്‍ തനിച്ചിരിക്കുന്ന ബാലനും അനന്തയിലേക്ക് നീളുന്ന പാതയും നമ്മുടെ നിത്യ കാഴ്ചകളില്‍ അസാധാരണത്വം നല്‍കുന്നില്ലെങ്കിലും വായനക്കാരുടെ മനസ്സില്‍ കനിവിന്റെ നനവ്‌ പടര്‍ത്താന്‍ മുല്ലക്ക് കഴിഞ്ഞു.

    നാം ജീവിതങ്ങള്‍ കാണാറുണ്ട്‌, എന്നാല്‍ ജീവിതങ്ങളെ അറിയുന്നത് ഇത്തരം നിരീക്ഷങ്ങളിലൂടെയാണ്. മുല്ല പ്രതീക്ഷ നല്‍കുന്ന എഴുത്ത് കാരിയാണ്.

    ReplyDelete
  29. രമേശ്‌ സാറിന്‍റെ ബ്ലോഗില്‍നിന്നും വരുന്ന വരവാ..
    അവിടുന്ന് കണ്ണ് നിറച്ചുംകൊണ്ട് ഇവിടെയെത്തി ,ഇവിടുന്ന് ഒലിച്ചിറങ്ങുന്ന കണ്ണുനീരുമായി മടങ്ങുന്നു.
    മുല്ലയുടെ പോസ്റ്റുകള്‍ എനിക്ക് കിട്ടാറില്ല.
    ഫോളോ ചെയ്തില്ല എന്ന് ഇപ്പോള്‍ ശ്രദ്ധയില്‍പെട്ടു.ഈ നിമിഷം ഒപ്പം കൂടുന്നു.

    ReplyDelete
  30. നൊമ്പരമുണര്‍ത്തിയ പോസ്റ്റ്..
    പാവം കുട്ടി...
    മനസില്‍ നന്മ വറ്റാതിരിക്കട്ടെ

    ReplyDelete
  31. തെരുവില്‍ അലയുന്ന ബാല്യം ദാരിദ്രത്തില്‍ നീറുന്ന ബാല്യം അതിനു അതിനൊരു സുഗമുന്ദ് അനുഭവിച്ച ബാല്യത്തിന് അറിയാം

    ReplyDelete
  32. kollaam ...ഭാവുകങ്ങള്‍ .
    സമയം കിട്ടുമ്പോള്‍ എന്റെ ബ്ലോഗും വായിക്കണേ ...

    ReplyDelete
  33. അങ്ങനെ ഉത്തരേന്ത്യവിട്ട് മുല്ല കേരളത്തിലെത്തി.
    നന്നായിട്ടുണ്ട് കഥ.അവതരണവും ഭംഗിയായി..

    ReplyDelete
  34. അവന് സ്വപ്നങ്ങളീല്ലെന്നു ആരു പറഞ്ഞു...? അവന്റെ കൈ നിക്കറിന്റ് പോക്കറ്റിൽ പൊതിഞ്ഞു പിടിച്ചിരുന്നത് അവന്റെ സ്വപ്നങ്ങളായിരുന്നില്ലേ...?!
    നന്നായെഴുതി.. തികച്ചും വ്യത്യസ്തമായി..

    ആശംസകൾ...

    ReplyDelete
  35. നിശാസുരഭിയാണ് ഈ ലിങ്ക് തന്നത്..
    വന്നത് നന്നായീന്ന് ഇതു വായിച്ചപ്പോള്‍ തോന്നി..നല്ല എഴുത്ത്..ആശംസകള്‍...

    ReplyDelete
  36. രൂക്ഷമായി നോക്കി......
    i am new commer..... congrats

    ReplyDelete
  37. സമൂഹത്തോടുള്ള ദേഷ്യം പലരൂപത്തിലും പുറത്തുവരുന്നു.. അവനില്‍ നിന്നും അതു തെറീയായിട്ടും....
    നന്നായി..ആശംസ്കള്‍

    ReplyDelete
  38. ഇതു വായിച്ചപ്പോള്‍ ഓടിച്ചാടി കളിച്ചു
    നടന്ന എന്റെ സമൃദ്ധമായ ബാല്യകാല
    ത്തിനോടു ഒരു നിമിഷം കടുത്ത അവഞ്ജ തോന്നുന്നു .

    ReplyDelete
  39. മറ്റൊരു തീവണ്ടി മുറിയില്‍നിന്ന് ഇനിയും ഇറങ്ങിയിട്ടില്ല മനസ്സ്. ഷൊര്‍ണൂര്‍ പാസഞ്ചര്‍. അന്നേരമാണ് ഈ തീവണ്ടി മുറിയില്‍ കയറിയത്. കരുണ ഒരാഡംബരമാവുന്ന നാട്ടില്‍ ഈ വരികള്‍ ഒരാശ്വാസം.

    ReplyDelete
  40. കഥ ഇവിടെ തീർന്നു എങ്കിലും ഞാൻ
    അതിന്റെ ഒർമ്മകളിൽ തുടരുകയാണ്.
    ഭാവുകങ്ങൾ

    ReplyDelete
  41. ഇതിലെ മൂന്നും അമ്മമാരാണ്.
    മൂന്നും മൂന്നു തരത്തിലുള്ള അമ്മമാര്‍.
    എന്നാല്‍, അമ്മ മനസ്സിനെ കാണാനാകുന്നില്ലല്ലോ..????

    ReplyDelete
  42. ഇവിടെ വന്ന് അവന്റേയും എന്റേയും സങ്കടത്തില്‍ പങ്ക് ചേര്‍ന്ന എല്ലാവര്‍ക്കും നന്ദി.
    വേദനകള്‍ പങ്ക് വെക്കപ്പെടുമ്പോള്‍ ആശ്വാസമാണു. കുറച്ച് ദിവസമായ് വല്ലാത്തൊരു അവസ്ഥയിലാണു. ഈ ലോകം എന്തു പറഞ്ഞാലും നന്നാവില്ലായെന്ന തോന്നല്‍.ആ കുട്ടി മരിക്കുമെന്ന് ഏറെക്കുറെ ഉറപ്പായിരുന്നു. തലച്ചോറിനെല്‍ക്കുന്ന ഏത് ചെറിയ ആഘാതവും മാരകമായേക്കാം.ഇനി രക്ഷപ്പെട്ടാലും പഴയ പോലെ ആകില്ല.
    ദൈവം ആ കുട്ടിയുടെ കുടുംബത്തിനു മറക്കാനും പൊറുക്കാനുള്ള ശക്തി കൊടുക്കട്ടെ.

    ReplyDelete
  43. സ്ഥിരം കാഴ്ച ആയ ഒരു സംഭവം കഥാ രൂപത്തില്‍

    ReplyDelete
  44. വളരെ നന്നായിട്ടുണ്ട്.....

    ReplyDelete
  45. മനസ്സിൽ തട്ടുന്ന ചില കാഴ്ചകൾ..

    നന്നായി അവതരിപ്പിച്ചിരിക്കുനു.
    ആശംസകൾ

    ReplyDelete
  46. ഞാന്‍ ആദ്യമായാണ്‌ ഇവിടെ ...

    മുല്ലയുടെ പോസ്റ്റു നന്നായി...
    വീണ്ടും കാണാം ..

    ReplyDelete
  47. വളരെ നന്നായിട്ടുണ്ട്..

    ReplyDelete
  48. മുല്ലയുടെ എഴുത്ത് നന്നായിട്ടുണ്ട്.....

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..