Wednesday, January 19, 2011

തഴുകാതെ പോയ സ്നേഹത്തിനുമൊരമ്പലം!!!

ഹിമാചല്‍ പ്രദേശില്‍, മണാലിയില്‍ ഒരമ്പലമുണ്ട്. ഹഡിംബാ ടെമ്പിള്‍. ഇടതൂര്‍ന്ന അശോക മരങ്ങള്‍ക്കിടയില്‍,
സൂര്യന്‍ പോലും കടക്കാന്‍ മടിക്കുന്നിടത്ത് ഒറ്റപ്പെട്ട് ഒരമ്പലം. ഉറഞ്ഞുകിടക്കുന്ന നിശബ്ദതയാണു ചുറ്റിലും.


നാലുനിലയില്‍ മരംകൊണ്ട് നിര്‍മ്മിച്ച ,പഗോഡ മാതൃകയിലുള്ള ഒരമ്പലം! വിഗ്രഹമൊന്നുമില്ല അവിടെ. കരിയിലകളെ വകഞ്ഞു മാറ്റി പടികള്‍ കയറി ചെന്നാല്‍ കാണാം ഒരു പീഠത്തില്‍ ഒരു കാല്പാദം കൊത്തിവെച്ചിരിക്കുന്നു. രാക്ഷസീയാകാരം!!
ശൂന്യതയിലേക്കാണു കാല്‍ എടുത്ത് വെച്ചിരിക്കുന്നത്!!. കരിങ്കല്ലില്‍ തീര്‍ത്ത ചുറ്റുമതിലും വിളക്കും. ചുറ്റിനും പരന്ന് കിടക്കുന്ന മൌനത്തെ മായ്ച്ച്
കളയാന്‍ ഒരു മണി പോലുമില്ല എവിടേയും!!!

അതെ, ഇത് ഹിഡുംബി. പാണ്ഡവരുടെ വനവാസക്കാലത്തെ ഒരദ്ധ്യായം. അവിടെയങ്ങനെ നോക്കി നിന്നപ്പോള്‍
സങ്കടം തോന്നി എനിക്ക്, നിഷേധിക്കപ്പെട്ട സ്നേഹത്തെ ഓര്‍ത്ത്... തിരിഞ്ഞ് നടക്കാന്‍ തുടങ്ങിയ എന്നെ ഒരു ചിലങ്കയുടെ നാദം
പിടിച്ച് നിര്‍ത്തി. ആരുമില്ല ചുറ്റിനും...അപ്പോ പിന്നെ.....
തിരിഞ്ഞു നോക്കിയപ്പോ പീഠത്തില്‍ ഒരു സ്ത്രീ!! ! എന്റെ നോട്ടം കണ്ട് അവളൊന്ന് ഇളകിയിരുന്നു, കണ്ണിറുക്കി വലം കാല്‍ മുന്നോട്ട് നീട്ടിക്കാണിച്ചു. ആ കാലിലൊരു ചിലങ്കയുണ്ടായിരുന്നു. വെളുത്ത അസ്ഥിക്കഷ്ണങ്ങള്‍ കൊരുത്ത ഒന്ന്!!!!
“എന്താണു നിനക്കിത്ര തിടുക്കം..?എത്ര നാളായി ഒരാളിങ്ങനെ സ്നേഹത്തോടെ എന്റെ കണ്ണിലേക്ക് നോക്കിയിട്ട്...,
നില്‍ക്ക് ഞാന്‍ പറയട്ടെ...”

അടുത്ത് കണ്ട ഒരു പാറക്കല്ലിലേക്ക് കയറിയിരുന്ന എന്ന നോക്കി അവള്‍ ചിരിച്ചു, മണികിലുങ്ങുന്ന പോലെ.

അശോക മരത്തിനുള്ളിലൂടെ ഓടിവന്ന ഹിഡൂംബി ,പാറക്കല്ലില്‍ ഇരിക്കുകയായിരുന്ന ഭീമന്റെ മടിയിലേക്ക് ചാഞ്ഞു.
അവളുടെ കൈയ്യില്‍ ഒളിപ്പിച്ച് പിടിച്ചിരുന്ന ഒരു കണ്ണാടിയുണ്ടായിരുന്നു.അതവനെ കാണിക്കാനായിരുന്നു അവളോടിവന്നത്.
ആ കണ്ണാടിയില്‍ നോക്കിയാല്‍ തങ്ങള്‍ക്കേറ്റവും ഇഷ്ട്ടമുള്ള ആളുടെ മുഖം അതില്‍ തെളിഞ്ഞു വരും.!!!
അവള്‍ക്കുറപ്പായിരുന്നു,ഭീമന്‍ നോക്കിയാല്‍ ഉറപ്പായും തന്റെ മുഖമാവും കാണുക എന്ന്.
തീരേ താല്പര്യം കാട്ടാതിരുന്ന ഭീമന്റെ മുഖത്തിനു നേരെ പിടിച്ച് കണ്ണാടിയില്‍ തെളിഞ്ഞ മുഖം കണ്ട് ,
ഹിഡുംബി ,അശോക മരത്തിനിടയിലെ ഇരുട്ടിലേക്ക് തന്നെ ആര്‍ത്തലച്ച് ഓടിപ്പോയി.
തനിക്ക് പകരം അവളവിടെ കണ്ടത് പാ‍ഞ്ചാലിയുടെ മുഖമായിരുന്നു.

ഒന്നും മിണ്ടാതെ പാറയില്‍ നിന്നുമെണീറ്റ് ഞാന്‍ അവളോടിപ്പോയ വഴിയിലൂടെ മെല്ലെ പുറത്തേക്ക് നടന്നു.....

മനുഷ്യനായാലും രാക്ഷസനായാലും സ്നേഹത്തിന്റെ ഭാഷ ഒന്നു തന്നെ.അതിനു പ്രത്യേകിച്ച് ലിപിയൊന്നുമില്ല.അതിങ്ങനെ ഒരാളില്‍ നിന്നും മറ്റൊരാളിലേക്ക് പകര്‍ന്നോളും.

ഇതേ ഹിഡുംബിയില്‍ തന്നെയാണു ഭീമനു ഒരു മകനുണ്ടാകുന്നത് !!! ഘടോല്‍ക്കചന്‍.
കുട്ടികളുണ്ടാകാന്‍ പ്രണയം വേണമെന്നില്ല.

തിരിച്ച് കിട്ടാത്ത സ്നേഹവും തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹവും .രണ്ടും വേദനിപ്പിക്കുന്നതാണു അന്നും ഇന്നും.....
--

67 comments:

  1. ഈ മുല്ലയുടെ പോക്ക് ഇതെങ്ങോട്ടാണ് എന്ന് ഒരെത്തും പിടിയും കിട്ടുന്നില്ലല്ലോ ..ജീവിതത്തില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന ഭീമന്റെ വ്യഥകള്‍ സ്വാംശീകരിച്ച് എംടി എഴുതിയ രണ്ടാമൂഴം ജ്ഞാനപീഠം കയറി .ഇവിടെയിതാ മുല്ല ഭീമന്റെ മനോവിഷമമായ ഹിടുംബിയെ വച്ച് ഒരു കീച്ച് കീച്ചിയിരിക്കുന്നു!!
    ഒന്നാം തരം! അവഗണിക്കപ്പെടുന്ന സ്നേഹം അത് വല്ലാത്തൊരു വേദനതന്നെയാണ് മുല്ലേ ..

    ReplyDelete
  2. പണ്ട് ബാലെ എന്നൊരു സാധനം ഉണ്ടായിരുന്നു, അതിലാണ് പലതവണ ഹിഡുംബിയെ കണ്ടിട്ടുള്ളത്. അവര്‍ക്ക് വലിയ പാര്‍ട്ട് ഒന്നുമില്ല. കരിപുരട്ടി,മുടിയൊക്കെ വിലക്ഷണമായി ചിക്കി,കോമ്പല്ലുമൊക്കെയായി വരുന്ന രാക്ഷസരൂപം. ഭീമന്‍ സുന്ദരന്‍, നല്ലവന്‍. പക്ഷെ ഒരു ഘടോല്‍ക്കചന്‍ പിറക്കാന്‍ ഒന്നും തന്നെ തടസ്സമല്ല. എല്ലാം കഴിഞ്ഞ് അവസാനം ഉപേക്ഷിച്ച് പോകാനും, തള്ളിക്കളയാനും, വേണമെങ്കില്‍ പുത്രത്വത്തെ വരെ ചോദ്യം ചെയ്യാനും ഒന്നും മടിക്കേണ്ടതില്ലല്ലോ. വയനാട്ടില്‍ ആദിവാസികളുടെയിടയില്‍ പ്രവര്‍ത്തിക്കുന്ന എന്റെ സുഹൃത്ത് എനിക്കെഴുതി, നൂറുകണക്കിനു ഹിഡുംബിമാര്‍, ഒരുപാട് ഘടോല്‍ക്കകചന്മാര്‍. ഭീമന്മാരെയൊന്നും പിന്നെ ആരും കാണുകയില്ല. ആര്‍ ചോദ്യം ചെയ്താലും അവര്‍ക്ക് എടുത്ത് ഉദാഹരിക്കാന്‍ പുരാണങ്ങളു മുണ്ടല്ലോ.

    ReplyDelete
  3. അതെ. സ്നേഹത്തിന് അങ്ങിനെ രൂപവും ഭാവവും മതവുമൊന്നുമില്ല.
    വിത്യസ്തമായ ഒരു രചന. പറഞ്ഞ രീതിയിലും ഉണ്ട് നല്ല പുതുമ.
    ഇത് നന്നായി ആസ്വദിച്ചു മുല്ലേ.

    ReplyDelete
  4. ഘടോല്‍ക്കചന്മാര്‍ വര്‍ദ്ധിക്കുന്ന ഇപ്പോഴത്തെ സാഹചര്യത്തില്‍ തിരിച്ച് കിട്ടാത്ത സ്നേഹവും തിരിച്ചറിയാതെപ്പോകുന്ന സ്നേഹവും കൂടിക്കൊണ്ടിരിക്കുന്നു എന്നതില്‍ തര്‍ക്കമില്ല.
    കാര്യം കാര്യമായി അവതരിപ്പിച്ച നല്ല പോസ്റ്റ്‌.

    ReplyDelete
  5. മുല്ല,
    വളരെ ഇഷ്ടപ്പെട്ടു, ഹിഡുംബിയെ അവതരിപ്പിച്ച രീതി. സംരക്ഷണം ഏറ്റെടുക്കുമ്പോൾ തന്നിൽ നിന്നും ഒരു പുത്രൻ ഉണ്ടാകുന്നതുവരെ മാത്രം നിലനിൽക്കുന്ന ബന്ധമായിരിക്കും എന്ന ഒരു എഗ്രിമെന്റ് ഉണ്ടായിരുന്നു എന്നു കേട്ടിട്ടുണ്ട്.

    ReplyDelete
  6. തിരിച്ചറിയപ്പെടാത്ത സ്നേഹം വിങ്ങി നില്‍ക്കുന്നുണ്ട്.,രാമായണത്തിലും മഹാഭാരതത്തിലും ഗ്രീക്ക് കഥകളിലും ഒക്കെ...
    പ്രണയം അതിന്റെ കൂരമ്പില്‍ പിന്മടക്കത്തിന്റെ വഞ്ചന നിറഞ്ഞ രാസലായനിയും പുരട്ടിയിട്ടുണ്ടു..
    .രാമായണത്തില്‍ അയോമുഖി എന്ന ഒരു രാക്ഷസിയുന്ടു,ശൂര്‍പ്പണഖയുടെ തോഴി..കമ്പര്‍ മാത്രമാണ് ആ സ്ത്രീഹൃദയത്തെ
    തുറന്നു കാട്ടിയത്.കൂടുതല്‍ മെച്ചപ്പെട്ട സൌന്ദര്യം കാണുമ്പോള്‍ കൂറുമാറുന്ന നായകന്മാരെയും അവിടെയൊക്കെ കാണാം.
    എന്ത് കൊന്ടു മനസ്സിന്റെ സൌന്ദര്യം എന്ന നുണ ആളുകള്‍ പറഞ്ഞുകൊണ്ടിരിക്കുന്നു?

    തിരസ്ക്കരിക്കപ്പെടുന്ന ഓരോ പെണ്ണിലുമുന്ടു ഹിഡുംബി ..അവള്‍ കാടി ന്റെ ''നാവില്ലാക്കുന്നിലമ്മ..''
    ഒരുമിച്ചുപങ്കിടുമ്പോള്‍ കയ്പ്പുകൂടുതല്‍ തനിക്കുതന്നെ നീക്കിവെ യ്ക്കുന്നവള്‍ ....
    മുല്ല...എഴുതൂ..ഇനിയുമിനിയും...

    ReplyDelete
  7. തിരിച്ച് കിട്ടാത്ത സ്നേഹവും തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹവും .രണ്ടും വേദനിപ്പിക്കുന്നതാണു അന്നും ഇന്നും.....സത്യം

    ReplyDelete
  8. ഇഷ്ട്ട്ടപ്പെട്ടു, കൂടുതൽ എഴുതുക
    ഇങ്ങനെ കുറച്ചു മതി. ഒരുപാട് ആശയങ്ങളും

    ReplyDelete
  9. യാഥാര്‍ത്ഥ്യവും സങ്കല്‍പ്പവും കലര്‍ത്തി എഴുതുക എന്നത് ബുദ്ധിമുട്ടുള്ളതാണ് എന്ന് തോന്നുന്നു.. ഇതില്‍ നന്നായി അത് ചെയ്തിട്ടുണ്ട്.. അഭിനന്ദനങ്ങള്‍...

    ReplyDelete
  10. ഹിഡിംബിയെ എനിക്കിഷ്ടമായി.....

    ReplyDelete
  11. നിങ്ങൾക്ക് രണ്ടാഴ്ച ഭക്ഷണം കഴിക്കാതിരിക്കാം ഒരാഴ്ച വെള്ളം കുടിക്കാതിരിക്കാം, പക്ഷേ ഒരുദിവസം പോലും നിങ്ങൾക്ക് ഏകാന്തത സഹിക്കാൻ പറ്റില്ല എന്ന് ഇലവൻ മിനിറ്റ്സ് എന്ന നോവലിൽ പൌലോ കൊ‌യ്‌ലോ പറയുന്നത് എനിക്ക് പെട്ടന്ന് ഓർമ്മ വന്നു.
    ആരും നോക്കാനില്ലാതെ ആരുടെയും സ്നേഹം പകർന്നുകിട്ടാതെ ഒരു സ്ത്രീ

    അത്മാവിൽ നിന്നാണ് ഇതെഴുതാൻ വാക്കുകൾ മുല്ല ഇറുത്തെടുത്തത്. അതിന്റെ നീറ്റൽ വായനക്കാരീലേക്കും പടരുന്നുണ്ട്.

    ReplyDelete
  12. അല്ല,ഉത്തരേന്ത്യ മുഴുവൻ കലക്കിക്കുടിച്ച ആളാണല്ലേ മുല്ല.
    നല്ല രചന,വിജ്ഞാനപ്രദം.

    ReplyDelete
  13. നിഷേടിക്കപ്പെട്ട സ്നേഹത്തിന്റെ പര്യായങ്ങള്‍
    ഹിഡുംബി ഇഷ്ടമായി , ആശംസകള്‍
    (മുല്ല ഉത്തരെന്ത്യയിലാണോ ?)

    ReplyDelete
  14. The wound of an unrequited love never heals. it's there always, throughout your life. May be even beyond that, no one knows.

    You may forget it at moments, but it never goes away, it always comes back to haunt you.

    Mulla has put it so subtly yet with huge impact.

    ReplyDelete
  15. ആണിനാൽ തിരസ്കരിക്കപ്പെടുമ്പോഴാണ് ഏതൊരുവളും ഹിടുമ്പികളായി ഘടോൽക്കചന്മാരുടെ മാതാക്കളായി മാത്രം പിന്നീട് മാറിക്കൊണ്ടിരിക്കുന്നത്
    ഭീമന്മാർക്കന്നും ഇന്നും പ്രഥമസ്ഥാനം തന്നെയല്ലിയോ...

    ചരിത്ര സ്ഥലങ്ങളെല്ലാം സഞ്ചരിച്ച് കഥയുടെ സ്വത്വകളേല്ലം തപ്പിയെടുക്കുന്ന ഈ കൂട്ടുകാരിക്ക് നമോവാകം....കേട്ടൊ

    തിരിച്ച് കിട്ടാത്ത സ്നേഹവും തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹവും, രണ്ടും വേദനിപ്പിക്കുന്നതാണു അന്നും ഇന്നും.....എന്നും!

    ReplyDelete
  16. തിരിച്ച് കിട്ടാത്ത സ്നേഹവും തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹവും .രണ്ടും വേദനിപ്പിക്കുന്നതാണു അന്നും ഇന്നും.....


    എംടിയുടെ രണ്ടാമൂഴത്തില്‍ പലപ്പോഴും ഭീമസേനന്‍ സ്നേഹത്തോടെ ഹിഡുംബിയെ ഓര്‍ക്കുന്നുണ്ട്.രണ്ടാമൂഴത്തില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട രണ്ടു കഥാപാത്രങ്ങള്‍ ഈ ഹിടുംബിയും ഘടോല്‍ക്കചകനും ആയിരുന്നു.

    ReplyDelete
  17. മുല്ല... കാര്യങ്ങള്‍ മനോഹരമായി അവതരിപ്പിക്കാന്‍ പോസ്റ്റിനു വലിയ നീളമോന്നും വേണ്ട എന്നത് മുല്ലയുടെ ഓരോ എഴുത്തില്‍ കൂടിയും വ്യക്തമാകുന്നു...2006-ല്‍ ഷിംല പോകാന്‍ ഒരു അവസരം കിട്ടിയപ്പോള്‍ സമയക്കുറവുമൂലം നഷ്‌ടമായ രണ്ട്‌ സ്ഥലങ്ങളാണ് കുളുവും മണാലിയും.......

    ReplyDelete
  18. മുല്ലയുടെ പടവാള്‍ ഇത്തവണ വീശിയിരിക്കുന്നത് കണ്ണാടിയുടെ നേരെയാണല്ലോ !
    പാവം ...
    മുഖം നന്നാവാഞ്ഞത് ഹിടുംബിയുടെ കുറ്റമല്ല !
    മുഖം നന്നായത് പാഞ്ചാലിയുടെ കുറ്റവും ...
    പിന്നെ ആരുടെ കുറ്റമാണ് ?
    തല്ക്കാലം ദൈവത്തിന്റെ തലയില്‍ വച്ച് നമുക്ക് രക്ഷപ്പെടാം .

    ReplyDelete
  19. സുന്ദരമായ എഴുത്ത്.അല്പമേ എഴുതിയിട്ടുള്ളൂവെങ്കിലും ഹിഡുംബിയെ ആഴത്തില്‍ പകര്‍ത്തി വെച്ചു..

    ReplyDelete
  20. കൊള്ളാം... നന്നായിട്ടുണ്ട്

    ReplyDelete
  21. നന്നായിട്ടുണ്ട് എഴുത്ത്,തിരിച്ച് കിട്ടാത്ത സ്നേഹവും തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹവും, രണ്ടും വേദനിപ്പിക്കുന്നതാണു അന്നും ഇന്നും.....എന്നും!

    ReplyDelete
  22. മടക്കി കിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങല്‍
    ആണ്..ഇത് "രാജാവിന്റെ മകന്‍" ഡയലോഗ്
    അല്ലെ ???

    മുല്ലേ കളി ആകിയതല്ല.അതൊരു വലിയ സത്യം ആണ് ഹിടുംബിക്ക് സ്നേഹം കിട്ടിയില്ല.അജിത്‌ പറഞ്ഞത് പോലെ
    ഘടോല്‍കച്ചന്മാരെ വെറുതെ കിട്ടും..പക്ഷെ സ്നേഹം... അത് കൊടുക്കുന്നവര്‍ നിഷ്കളങ്കര്‍ ആവണം..അതിനെ മഹത്വം ഉള്ളൂ..മുല്ല നന്നായി പറഞ്ഞു ഈ വിചാരങ്ങള്‍...

    ReplyDelete
  23. പുരാണക്കഥയുടെ ഓര്‍മ്മപ്പെടുത്തലിന് നന്ദി..
    അമ്പലത്തെക്കുറിച്ചുള്ള വിവരണത്തോടൊപ്പം
    കഥയിലെ കാര്യവും നന്നായി അവതരിപ്പിച്ചു..

    ReplyDelete
  24. രമേശ് ജീ ,ആദ്യത്തെ കമന്റിനു നന്ദി.ഞാന്‍ പറഞ്ഞില്ലേ ഇനി ബൂലോഗം ഉഷാറാകും.രമേശ്ജി തിരിച്ചെത്തി.

    അജിത്, ഞാന്‍ പേടിച്ചിരിക്കുകയായിരുന്നു.നിങ്ങള്‍ സ്ഥലം വിട്ടോന്നു,എന്തായാലും പോയില്ലല്ലൊ നന്ദി.
    പിന്നെ ഭീമനു ഭീമന്റേതായ സ്നേഹം ഉണ്ടാകും.ആരേം വിധിക്കാന്‍ ഞാനില്ല.

    നന്ദി ചെറുവാടീ .ഇത് ഇഷ്റ്റപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം.

    നന്ദി റാംജിജീ അഭിപ്രായത്തിനു.

    നന്ദി പാര്‍ത്ഥന്‍, ആദ്യ വരവിനും അഭിപ്രായത്തിനും.എനിക്കറിയാം അത്.ഹിഡുമ്പിയുടെ ആവശ്യമായിരുന്നു ഭീമന്റെ സ്നേഹം.

    നന്ദി വസന്തലതിക,നല്ല വായനക്ക്.അയോമുഖിയെ പരിചയപ്പെടുത്തിയതിനു നന്ദി.

    നന്ദി വാഴക്കോടന്‍

    സെപ്രിയാ...താങ്കു

    അനസ് വി.എം. നന്ദി.

    വേണുഗോപാല്‍ ജീ, നന്ദി നല്ല അഭിപ്രായത്തിനു, ഞാനൊരു പരീക്ഷണം നടത്തിയതാണു. കാലത്തില്‍ നിന്നും കാലത്തിലേക്ക് ചാടി.ഭൂതോം വര്‍ത്തമാനോം കൂടി കൂട്ടിക്കുഴച്ചതാണു.

    എന്‍.ബി.സുരേഷ്, നന്ദി നല്ല വാക്കുകള്‍ക്ക്.ഇലവന്‍ മിനുട്ട്സ് എനിക്കും ഇഷ്റ്റമുള്ള പുസ്തകം തന്നെ.ഏകാന്തത സ്വയം വരിക്കുന്നവരും ഉണ്ട്.മൈക്കല്‍ കെയെ പോലെ
    (ജെ എം.കൂറ്റ്സി)

    ReplyDelete
  25. പാവം ഹിഡുംബി ..

    ReplyDelete
  26. നല്ല രചന....ആശംസകള്‍

    ReplyDelete
  27. സ്നേഹം നിര്‍മതം. നല്ല പോസ്റ്റ്‌. ആശംസകള്‍.

    ReplyDelete
  28. കൊള്ളാം.....
    അപ്പോ ഈ പോസ്റ്റിന്റെ പണിപ്പുരയിലായിരുന്നോ...?
    അതാണോ എല്ലാ ബ്ലോഗിലും പോയി കൊള്ളാം, ആശംസകള്‍
    എന്ന കമന്റില്‍ ഒതുക്കി മുങ്ങി നടന്നിരുന്നത്

    ReplyDelete
  29. തിരിച്ച് കിട്ടാത്ത സ്നേഹവും തിരിച്ചറിയപ്പെടാതെ പോകുന്ന സ്നേഹവും .രണ്ടും വേദനിപ്പിക്കുന്നതാണു അന്നും ഇന്നും.....
    ഏറേ അഭിനന്ദനങ്ങള്‍!!

    ReplyDelete
  30. മുല്ല,
    സുന്ദരമായ കഥ..ഒത്തിരി ഇഷ്ടമായി.

    ReplyDelete
  31. നന്ദി മൊയിദീന്‍ അങ്ങാടിമുഖര്‍.

    ഇസ്മയില്‍ ചെമ്മാട്, നന്ദി അഭിപ്രായത്തിനു.അല്ല,ഉത്തരേന്ത്യയിലല്ല.മുല്ലയുടെ വേരുകള്‍ ഇവിടെതന്നെയാണു.

    salaamji, you said it...thank you for this indepth reading.
    നമ്മുടെ മനസ്സിലെ ഫീലിങ്ങ്സ് അതേപോലെ,അതേ ആഴത്തിലും പരപ്പിലും
    ഒരാള്‍ ഉള്‍ക്കൊള്ളുക എന്നതും,അത് അതേ പോലെ തിരിച്ച് കിട്ടുക എന്നതും വലിയ ഭാഗ്യമാണു.
    ആത്മാവിലെ മുറിവുകള്‍ ഒരിക്കലും ഉണങ്ങില്ല.ഉണങ്ങിയെന്നു നമ്മള്‍ സ്വയം ആശ്വസിപ്പിക്കുന്നതാണു.

    മുകുന്ദന്‍ ജീ,നമോവാകം.

    ഫൈസൂ..കൊട് കൈ.ഉഷാര്‍ ഉഷാര്‍..

    ഹാഷിക്ക്.നീട്ടി പോസ്റ്റാന്‍ അറിയാഞ്ഞിട്ടാണു.പിന്നെ കുളു മണാലി മിസ്സായത് കഷ്റ്റമായ്പ്പോയ്.nice place

    പുഷ്പാംഗദ്, അങ്ങനെയിപ്പോ ദൈവത്തെ കുറ്റം പറയേണ്ട.

    റെയര്‍ റോസ്, നന്ദി ഈ വരവിനും അഭിപ്രായത്തിനും.

    നാഷു, നന്ദി

    ജിഷാദ്, നന്ദി

    ReplyDelete
  32. എന്റെ ലോകം, രാജാവിന്റെ മകന്‍ ഡയലോഗ് ആണൊന്ന് എനിക്കോര്‍മ്മയില്ല.കാര്യം സത്യമാണേ...സ്നേഹത്തെ പറ്റി പറഞ്ഞത്..അത്രെ ഉള്ളു.
    നന്ദി കേട്ടോ വരവിനു..

    നന്ദി മുനീര്‍.

    ലക്ഷ്മി, പാലക്കുഴി, ഷുക്കൂര്‍,എല്ലാവര്‍ക്കും നന്ദി

    റിയാസ് ഭായ്,പണിപ്പുരെലൊന്നുമായിരുന്നില്ല.വെറുതെ കമന്റിട്ട് പുലിവാല്‍ പിടിക്കേണ്ടല്ലോന്ന് കരുതി.അമ്മാതിരി തല്ലല്ലേ ഇപ്പൊ ഓരോ ബ്ലൊഗിലും നടക്കുന്നത്.

    ജോയ് പാലക്കല്‍, ദിയ, നന്ദി ഈ ആദ്യ വരവിനും അഭിപ്രായത്തിനും.

    ReplyDelete
  33. ബൂലോകത്തില്‍ അസാധാരണക്കാരിയായ ഒരു എഴുത്തുകാരിയെ കണ്ടത് ഇപ്പോഴാണ്. കഥയില്‍ നിന്നും കവിതയില്‍ നിന്നും കിട്ടാത്ത ഒരു വായനാനുഭവം തരുന്നു താങ്കളുടെ എഴുത്ത്. എഴുതൂ ഇനിയും..

    വായിക്കാന്‍ കൊതിയോടെ കാത്തിരിക്കുന്ന ഒരു ആരാധിക.

    ReplyDelete
  34. നല്ല ഒഴുക്കുള്ള വായന, നന്ദി..

    ReplyDelete
  35. വർത്തമാനകാല ഭീമൻമാർക്കുനേരെ കണ്ണാടിയുമായി ഇറങ്ങിയിരിക്കുകയാണോ?

    ReplyDelete
  36. നല്ല രസായിട്ട് അവതരിപ്പിച്ചു ട്ടൊ..അവതരണം വളരെ ഇഷ്ടായി.

    ReplyDelete
  37. വെരി ഇന്ററസ്റ്റിങ്ങ്. കൂടുതല്‍ സമയം ഇവിടെ ചിലവഴിക്കേണ്ടിയിരിക്കുന്നു. പിന്നിട് വരാം. എന്നിട്ട് കൂടുതല്‍ വ്യാപ്തിയിലുള്ള പ്രതികരണങ്ങള്‍ ആകാം.

    ഗ്രീറ്റിങ്ങ്സ് ഫ്രം തൃശ്ശിവപേരൂര്‍

    ReplyDelete
  38. അപ്പൊ തിരിച്ചു പ്രതീക്ഷിക്കാതെ സ്നേഹിച്ചാലോ മുല്ലേ.

    ReplyDelete
  39. ഹിടുംബിയുടെ മനസ്സിലൂടെ അവഗണിക്കപ്പെട്ട സ്നേഹത്തെക്കുറിച്ച് വളരെ നന്നായി എഴുതി.
    അഭിനന്ദനങ്ങള്‍.

    എഴുത്തിലെ വശ്യത ഇവിടെത്തന്നെ ചുറ്റിപ്പറ്റിനില്‍ക്കാന്‍ പ്രേരിപ്പിക്കുന്നു.

    ReplyDelete
  40. ഞാനും പോയിട്ടുണ്ട് അവിടെ ........ ആ പ്രാചീനതയില്‍ ശരിക്കും നമ്മള്‍ ഹിഡുംമ്പിയെ തിരഞ്ഞുപോകും. നന്നായി എഴുതി.

    ReplyDelete
  41. @അഞ്ജു
    ‍രഞ്ജിത് ചെമ്മാട്
    വര്‍ഷിണി
    നിക്കുകേച്ചേരി നന്ദി വന്നതിനും അഭിപ്രായത്തിനും

    ജെ.പി വെട്ടിയാട്ടില്‍,സുസ്വാഗതം

    അക്ബര്‍ ഭായ്, അതങ്ങനെതന്നെ മതി, തിരിച്ചു കിട്ടുമെന്നു ഒരു പ്രതീക്ഷയും വേണ്ട.അപ്പൊ പിന്നെ ആഘാതം കുറയും അല്ലേ..?

    തെച്ചിക്കോടന്‍
    പ്രയാണ്‍
    ജയരാജ് നന്ദി.

    ReplyDelete
  42. വഴിയില്‍ തന്ടുകലോടു കൂടിയ സൌഗന്ധിക പൂക്കള്‍ വീണു കിടക്കുന്നത് കണ്ടു.ഇതും ഭീമന്‍ തന്നെ

    ReplyDelete
  43. അവസാനത്തെ രണ്ടുവരിയില്‍ എല്ലാമുണ്ട് മുല്ല...

    ReplyDelete
  44. രഘുനാഥ്, തീര്‍ച്ചയായും,ഭീമനെ ഞാനൊരിക്കലും കുറ്റം പറയില്ല.ഭീമന്‍ ആഗ്രഹിച്ച സ്നേഹം ഭീമനു കിട്ടിയിട്ടില്ല.
    നന്ദി വന്നതിനും അഭിപ്രായത്തിനും.

    കൊട്ടൊട്ടിക്കാരന്‍,നന്ദി

    ReplyDelete
  45. യാത്രകളുടെ മണവും രുചിയുമുള്ള
    രണ്ട് പോസ്റ്റുകള്‍ ഒന്നിച്ചു വായിച്ചു.
    വഴി തെറ്റി വന്നൊരാളുടെ പതിവു
    കൌതുകം. എന്നാല്‍, വായിച്ചു
    തീര്‍ന്നപ്പോള്‍, ഭാഷയുടെ ചാരുത
    ബോധ്യമായി. പക്വതയുള്ള വരികള്‍.
    നാടുഭരിച്ച കൌശലക്കാരിയായ
    ആ അമ്മയുടെയും മകന്റെയും
    പരാമര്‍ശങ്ങള്‍ വരികള്‍ക്കിടയിലെ
    രാഷ്ട്രീയ ഉള്ളടക്കം ബോധ്യപ്പെടുത്തി.

    ReplyDelete
  46. മുല്ല, പുതിയ വിവരങ്ങള്‍ പകര്‍ന്നു തന്നതിന് നന്ദി. ഇഷ്ടമായി വിവരണം.

    ReplyDelete
  47. കേവലം ദിവസങ്ങളെ ആയിട്ടുള്ളൂ, മണാലിയിലെ തണുത്ത സായംകാലത്ത് ഹിഡുംബി ക്ഷേത്രം ഞാന്‍ സന്ദര്‍ശിച്ചിട്ട്..
    ശാന്തമായ സ്ഥലം..പക്ഷെ, എല്ലാം ഞാന്‍ കണ്ടത് എന്റെ ക്യാമറ കണ്ണിലൂടെ മാത്രം..
    നീ കണ്ടതൊന്നും ഞാന്‍ കണ്ടില്ല..
    ഹിഡുംബിയെ കുറിച്ച് ഞാന്‍ ഒന്നും ആലോചിച്ചില്ല...
    ചുമ്മാ പോയി, എന്തോ കണ്ടു...തിരികെ പോന്നു..
    ഇപ്പോള്‍ ഞാന്‍ അറിയുന്നു നീയും ഞാനും തമ്മിലുള്ള വിത്യാസം...
    നീ ആണ് യഥാര്‍ത്ഥ സഞ്ചാരി...
    നിന്റെ ഈ പോസ്റ്റ് വീണ്ടും ഒരിക്കല്‍ കൂടി മണാലിയിലേക്ക് പോകാന്‍ എന്നെ പ്രേരിപ്പിക്കുന്നു...
    ഹിഡുംബിയുടെ സങ്കടങ്ങള്‍ മനസ്സില്‍ ആവാഹിച്ചു അവിടെ അല്പം സമയം ഏകാന്തമായി ഇരിക്കാന്‍ ഈ പോസ്റ്റു എന്നെ പ്രേരിപ്പിക്കുന്നു..
    കാരണം നിന്റെ എഴുത്ത് അത്രയ്ക്ക് മനസ്സില്‍ തട്ടി.
    നീയും ഹൃദയത്തില്‍ തട്ടി എഴുതിയതാണ് എന്ന് ഞാന്‍ ഊഹിക്കുന്നു..
    ആശംസകള്‍..അഭിനന്ദനങ്ങള്‍..

    ReplyDelete
  48. ഭീമനെ കാത്തിരുന്നതും ഇതേ വിധി തന്നെ അല്ലെ മുല്ലേ ?

    ദ്രൌപദി ഇതേ മായക്കണ്ണാടിയില്‍ നോക്കിയപ്പോള്‍ കണ്ടത് അര്‍ജുനന്റെ മുഖം ആയിരുന്നല്ലോ .

    പ്രണയം തിരിച്ചു കിട്ടുമോ എന്ന് ദ്രൌപദിയും സംശയിച്ച്ചിട്ടുന്ടാകില്ലേ....................?



    സ്വപ്ന ഭൂമിയായ മനാലിയിലേക്ക് എന്നെ കൊണ്ടുപോയതിനു നന്ദി .........

    ReplyDelete
  49. കണ്ണുകള്‍ കൊണ്ടല്ല കാഴ്ചകള്‍ കാണെണ്ടത്, മനസുകൊണ്ടാണ്.....
    തലച്ചോറിലേക്കല്ല ഹ്യദയത്തിലേക്കാണ് അവയെ പതിച്ചെടുക്കേണ്ടത്..
    എങ്കിലെ ഇങ്ങനെ വരികള്‍ വിരിയുകയുള്ളു.... മുല്ലവള്ളിയിലെ പൂവുകള്‍ക്ക് സുഗന്ധം കൂടുകയാണ്.. വിരിയട്ടെ ഇനിയും ഒരുപാട് സുഗന്ധവാഹികള്‍ വള്ളികള്‍ നിറയെ....

    ആശംസകള്‍.. എഴുത്തിനും യാത്രകള്‍ക്കും.....

    ReplyDelete
  50. മുല്ലയുടെ ഇ മെയില്‍ അഡ്രെസ്സ് ഏതു നഴ്സറിയില്‍ കിട്ടും ?

    ReplyDelete
  51. "തഴുകാതെ പോയ സ്നേഹത്തിനുമൊരമ്പലം!!!"
    ഹ്ര് ദ്യമായ പറഞ്ഞുപോക്കിനു മുല്ലപ്പൂമണം!!
    അഭിനന്ദനങ്ങള്‍!.

    ReplyDelete
  52. പ്രീയ രമേശ്
    എന്റെ മെയില്‍ ഐഡി പ്രൊഫൈലിലുണ്ട്.

    ReplyDelete
  53. പറയാന്‍ വാക്കുകളില്ല
    കുറച്ച് വരികളില്‍ കുറച്ചേറെ..

    ReplyDelete
  54. തുടരൂ..
    ആശംസകളോടെ..

    ReplyDelete
  55. പ്രണയം ഹിഡുംബിക്ക്‌ ഭീമനോടായിരുന്നു. അതും ഒരു താമരയിതളില്‍ തുളുമ്പുന്ന തീര്‍ത്ഥ ജല സുന്ദരം. എരിയുന്ന അഗ്നി പോലെ പരിശുദ്ധം. ഭീമന്‌ തിരിച്ചങ്ങോട്ട്‌ സ്നേഹമുണ്ടായിരുന്നില്ല എന്നു പറയാനൊക്കില്ല. പക്ഷെ പാഞ്ചാലിയോടുള്ള സ്നേഹം പ്രപഞ്ചം പോലെ വിശാലമായപ്പോള്‍ കടലളവോളമുള്ള സ്നേഹം എങ്ങിനെ കാണിക്കും? എന്തായാലും ഈ എഴുത്തിനൊരു നന്ദിയുണ്ട്‌.

    ReplyDelete
  56. ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ എന്റെ എല്ലാ കൂട്ടുകാര്‍ക്കും എന്റെ നന്ദി.

    ReplyDelete
  57. മുല്ല: "മെയില്‍ ഐഡി പ്രൊഫൈലിലുണ്ട്"

    കാണാതെപോയി: മെയില്‍ ഐഡി പ്രൊഫൈലില്‍ ഇല്ല.. കണ്ടു കിട്ടുന്നവര്‍ എത്രയും പെട്ടന്ന് എന്റെ ബ്ലോഗില്‍ അറിയിക്കുവാന്‍ താല്പര്യപ്പെടുന്നു.. :-)

    ReplyDelete
  58. good one.. saw love and affection from a different point...

    ReplyDelete
  59. മുല്ലേ എനിക്കുനിന്നോടു അസൂയ തോന്നുന്നു..
    എന്ത് മനോഹരമായിട്ടാണ് ഓരോന്നും എഴുതുന്നത്‌..
    ഇനിയുള്ള ദിവസങ്ങളില്‍ ഞാനീ ബ്ലോഗിലൂടെ
    സഞ്ചരിക്കും.

    ReplyDelete
  60. സൂര്യകണത്തിന്റെ പരാമർശത്തിലൂടെയാണിവിടെയെത്തിയത്...മുമ്പ് വന്നിരുന്നു...എങ്കിലും നന്നായി ശ്രദ്ധിച്ചില്ലായിരുന്നു...ശരിയാണ്...മുല്ല നന്നായി എഴുതുന്നു...ഞാനൊക്കെ ഇതിന്റെ മുന്നിൽ ഒന്നുമല്ലാ...അവഗണിക്കപ്പെടുന്ന സ്നേഹം എന്നും മനസ്സിന്റെ നൊമ്പരം തന്നെയാണു...ആശംസകൾ

    ReplyDelete
  61. oru purana kadha.,pranaya kadha.....good mullaa ithaa

    ReplyDelete
  62. ചില സ്നേഹങ്ങള്‍ ഇങ്ങിനെയൊക്കെക്കൂടിയാണ് അല്ലെ മുല്ലേ? നിര്‍വചിക്കാന്‍ പ്രയാസം.

    ReplyDelete
  63. “തിരിച്ചുകിട്ടാത്ത സ്നേഹം മനസ്സിന്റെ വിങ്ങലാണ്” (പത്മരാജൻ). രചന നന്നായി, ഇഷ്ടമായി.

    ReplyDelete
  64. എന്താണു നിനക്കിത്ര തിടുക്കം..?എത്ര നാളായി ഒരാളിങ്ങനെ സ്നേഹത്തോടെ എന്റെ കണ്ണിലേക്ക് നോക്കിയിട്ട്...,
    നില്‍ക്ക് ഞാന്‍ പറയട്ടെ...”

    ഗംഭീര മായിരിക്കുന്നു മുല്ല.. ശരിക്കും ആ തണുപ്പും, നിശബ്ദതയും ഞാനും അറിഞ്ഞു

    ReplyDelete
  65. ഛായാമുഖിയില്‍ ഭീമനെ കണ്ട പെണ്ണ്.... ഭീമന്‍ നോക്കുമ്പോള്‍ ഛായാമുഖിയില്‍ കാണുന്നത് പാഞ്ചാലിയെ. മനസില്‍ പ്രണയിക്കുന്നവരുടെ മുഖമത്രെ ഛായാമുഖിയില്‍ കാണുക. ഛായാമുഖി നാടകം കോഴിക്കോട്ടു കണ്ടപ്പോള്‍ മനസ്സില്‍ നോവായി നിന്നത് പ്രണയ നിരാസം അനുഭവിക്കുന്ന ഛായാമുഖിയായിരുന്നു. ഹിഡുംബിയും ഭീമനും തമ്മിലുള്ള ബന്ധം വേറൊരു രീതിയില്‍ അനാവരണം ചെയ്യുന്ന മറ്റൊരു നാടകം വരുന്നുണ്ട്, നടന്‍ സിദ്ദീഖ് അതില്‍ ഭീമാനാകും. ഹിഡുംബി ആരാണെന്ന് ഓര്‍മയില്ല....

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..