അവര്‍ മൂന്ന് പേരുണ്ടായിരുന്നു. രാത്രി ആരുടേയും കണ്ണില്‍പ്പെടാതെ,
വാര്‍ഡന്‍മാര്‍ അവരെ എടുത്ത് കൊണ്ട് പോയത് എന്റെയരുകിലൂടെയായിരുന്നു.
വയറ്റില്‍ കല്ല് കെട്ടി നടുകടലില്‍ കൊണ്ടുപോയി താഴ്ത്തി. ഒരു തെളിവും
ബാക്കിവെക്കാതെ ഇരുളിലേക്ക് അവര്‍ ആഴ്ന്ന് പോയ്. അങ്ങനെ എത്രപേര്‍ !
എല്ലാറ്റിനും മൂക സാക്ഷിയായ് ഞാന്‍., ഓടിപ്പോകാന്‍ പോലുമാകാതെ......,
ജയില്‍ കവാടത്തിനരുകിലെ ആല്‍മരത്തിന് ചുവട്ടിലിരിക്കുകയായിരുന്നു ഞാന്‍.
മഴ കൊള്ളാതിരിക്കാന്‍ വേരുകള്‍ക്കിടയിലേക്ക് തല പൂഴ്ത്തിയിരിക്കുമ്പോള്‍
ഞാനറിഞ്ഞിരുന്നില്ല; എന്റെ സാമീപ്യം നൂറ്റാണ്ടുകളായ് ഉറങ്ങിക്കിടന്ന
ആ വയസ്സന്‍ മരത്തെ ഉറക്കത്തില്‍ നിന്നുണര്‍ത്തുമെന്ന് . ജയിലിലെ
നടുക്കുന്ന ഓര്‍മ്മകള്‍ എന്നോടു പറയുമെന്ന് !!
'കാലാപാനി' അതായിരുന്നു ഈ കടലിന്റെ പേര്. മരണത്തിലേക്കായിരുന്നു
അവരാ ചെറുപ്പക്കാരെ നാടു കടത്തിയിരുന്നത്. തങ്ങള്‍ക്കെതിരെ ശബ്ദിച്ചവരെയെല്ലാം
അവരിവിടെക്കൊണ്ട് വന്ന് തള്ളി. 1858 ലാണ് ഇവിടെ ജയില്‍ പണിയുന്നത്.
ബര്‍മ്മയില്‍ നിന്ന് കല്ലുകളും മറ്റു സാധനങ്ങളും കൊണ്ടുവന്ന് തടവുകാരെക്കൊണ്ടു
തന്നെ അവരീ ജയില്‍ പണിതുയര്‍ത്തി.
തടവുകാര്‍ക്ക് പരസ്പരം കാണാനോ സംസാരിക്കാനോ കഴിയാത്ത
തരത്തിലായിരുന്നു ജയില്‍ നിര്‍മ്മിതി. തൊള്ളായിരമാണ്ടായപ്പോഴേക്കും
രാജ്യമൊട്ടാകെ ബ്രീട്ടീഷുകാര്‍ക്കെതിരായ പോരാട്ടങ്ങള്‍ ശക്തി പ്രാപിച്ചിരുന്നു.
അതോടെ രാഷ്ട്രീയ തടവുകാരുടെ വരവായി. ഒപ്പം അതി ക്രൂരമായ, രക്തം
കല്ലിച്ചു പോകുന്ന പീഢനമുറകളും . പുരുഷ തടവുകാരെ ഇങ്ങോട്ട് കൊണ്ട്
വന്നപ്പോള്‍, സ്ത്രീ തടവുകാരെ തൊട്ടടുത്ത് വൈപ്പര്‍ ഐലന്റിലേക്കാണ് കൊണ്ട്
പോയത്. എന്റെ ചില്ലകള്‍ക്ക് കീഴിലൂടെ ഇങ്ങോട്ട് കയറിപ്പോയ പലരേയും
പിന്നീട് ഞാന്‍ കണ്ടിട്ടേയില്ല. സെന്‍ട്രല്‍ ടവറില്‍ ഞാത്തിയിട്ടേക്കുന്ന ആ
മണി കണ്ടില്ലേ...! അതടിക്കാന്‍ തുടങ്ങിയാല്‍ ഉറപ്പിക്കാം ആരേയോ
തൂക്കിലേറ്റിയിട്ടുണ്ടെന്ന്. ചിലപ്പോള്‍ ഒരു രാത്രി മുഴുവനും അതടിച്ചുകൊണ്ടേയിരിക്കും !!!
മണ്ണിലാണ്ടുപോയ വേരുകളും പറിച്ചെടുത്ത് എങ്ങോട്ടെങ്കിലും ഓടിപ്പോകണമെന്ന്
പലവട്ടം ആഗ്രഹിച്ചിട്ടുണ്ട് ഞാന്‍. കല്ലേ പിളര്‍ക്കുന്ന ഒരാര്‍ത്ത നാദം
കേള്‍ക്കുമ്പോള്‍, ചങ്ക് പറിഞ്ഞുകൊണ്ടുള്ള ഒരു വന്ദേമാതരം
കേള്‍ക്കുമ്പോളൊക്കെ എനിക്ക് ആത്മ നിന്ദ തോന്നും. എനിക്കെന്റെ
നാടിന് വേണ്ടി ഒന്നും ചെയ്യാനാകുന്നില്ലല്ലോ എന്ന വേദന.
തന്റെ നേരെ എതിര്‍ വശത്ത് കാണുന്ന സെല്ലിലേക്ക് ചില്ല താഴ്ത്തി
മരം മെല്ലെ പിറുപിറുത്തു. 'ദേ കണ്ടില്ലേ... അതാണ് സവര്‍ക്കറെ
പാര്‍പ്പിച്ചിരുന്ന സെല്‍. 1911 മുതല്‍ 1921ല്‍ വിട്ടയക്കും വരെ
നീണ്ട 10 കൊല്ലക്കാലം ആ മനുഷ്യന്‍ അതിനുള്ളില്‍ കഴിഞ്ഞു. എന്നിട്ടും
അയാളുടെ വിപ്ളവ വീര്യത്തിന് ഒരു കോട്ടവും വരുത്താന്‍ ഡേവിഡ്
ബാരിക്ക് കഴിഞ്ഞില്ല. ഡേവിഡ് ബാരിയായിരുന്നു അവിടുത്തെ ജയിലര്‍.
പോര്‍ട്ട് ബ്ളയറിലെ ദൈവം എന്നാണയാള്‍ സ്വയം വിശേഷിപ്പിച്ചിരുന്നത്.
അതിക്രൂരനായ ഒരു മനുഷ്യന്‍. തടവുകാരുടെ മനോവീര്യംകെടുത്താനുതകുന്ന
അതികഠിനമായ പീഢനമുറകള്‍ അയാള്‍ നടപ്പാക്കി.
ഡേവിഡ് ബാരിയുടെ മനുഷ്യത്ത്വ ഹീനമായ പ്രവര്‍ത്തികള്‍ക്കെതിരെ 1933 -
ല്‍ ജയില്‍ നിരാഹാര സമരം നടന്നു. കുറച്ചുകാലത്തേക്ക് മാത്രം കാര്യങ്ങള്‍
അല്പം മെച്ചപ്പെട്ടു. പിന്നേയും പഴയപടിയായി.
1937 - ല്‍ രണ്ടാമത്തെ ഹംഗര്‍ സ്ട്രൈക്ക്. തടവുകാര്‍ ഒന്നടങ്കം അന്നവും
വെള്ളവും ഉപേക്ഷിച്ചു. 46 ദിവസമാണ് അത് നീണ്ട് നിന്നത്. സംഭവം
പുറംലോകമറിഞ്ഞു. ആകെ ബഹളമായി, തടവുകാര്‍ പലരും മരിച്ചു.
ബലമായി ഭക്ഷണം കഴിപ്പിക്കാനുള്ള ശ്രമത്തിലാണ് മോഹിത് മോഹിത്രയും,
നമോദാസും, മഹാവീര്‍ സിംഗുമൊക്കെ മരിച്ചത്. മനോനില തെറ്റിയ ഉല്ലാസിന്റെ
അലര്‍ച്ച ഇപ്പോഴും എന്റെ കാതിലുണ്ട്. അവസാനം ഗാന്ധിജി ഇടപെട്ടാണ്
സമരം അവസാനിപ്പിച്ചത്. ചോരയുടെ മണമാണ് ഇവിടത്തെ കാറ്റിനും വെള്ളത്തിനും.
ആയിരക്കണക്കിന് ചെറുപ്പക്കാരുടെ സ്വപ്നങ്ങള്‍ ചിതറിക്കിടക്കുന്നുണ്ടീ മണ്ണില്‍.
ഏറ്റവും പ്രിയപ്പെട്ടതൊക്കെയും പിന്നിലുപേക്ഷിച്ചാണ് അവരീ
കാലാപാനി കടന്നത്. ഖേദമുണ്ടായിരുന്നില്ല അവര്‍ക്കാര്‍ക്കും.
തന്റെ നാടിനുവേണ്ടി, നാടിന്റെ സ്വാതന്ത്ര്യത്തിനു വേണ്ടി എന്ന
ചിന്തയായിരുന്നു അവരുടെ ഉള്ളില്‍. ആര്‍ക്കാണ് ഇപ്പോള്‍ ഇതൊക്കെ
ഓര്‍ക്കാന്‍ നേരം ? ഒരു ദീര്‍ഘനിശ്വാസത്തോടെ ആല്‍മരം വീണ്ടും
സുഷുപ്തിയിലാണ്ടു.
ഞാന്‍ മെല്ലെ എഴുന്നേറ്റ് ജയിലിനുള്ളിലേക്ക് കടന്നു. ഉറഞ്ഞ് കിടക്കുന്ന
നിശബ്ദതയാണാ ഇടനാഴികളില്‍ നിറയെ. ഒരു കാലത്ത് തടവുകാരുടെ
ഞരക്കങ്ങളും നിശ്വാസങ്ങളും കൊണ്ട്ശബ്ദമുഖരിതമായിരുന്ന ഇടം. ഇപ്പോള്‍
ഒരുതരം ശ്മശാന മൂകത. സെല്ലിനകത്തെ കാറ്റിനുപോലും ചോരയുടെ ഗന്ധം !!!
തൂക്കുമരത്തിനു സമീപത്തെ ലിവറില്‍ പിടിച്ച് വലിച്ചപ്പോള്‍ താഴെ ഒരു
കിരു കിരു ശബ്ദം. സമീപത്ത് നിന്ന ഗൈഡ് മോന് വിശദീകരിച്ചു
കൊടുക്കുന്നത് കേട്ടു. ആ ലിവറില്‍ അമര്‍ത്തിയാല്‍ ചവിട്ടി നില്‍ക്കുന്ന പലക
നിരങ്ങിമാറും. പിന്നെ ഇരുട്ടാണ്. കട്ടി കൂടിയ ഇരുട്ട്....
തിരിച്ചുപോരുമ്പോള്‍ എല്ലാവരും നിശബ്ദരായിരുന്നു. ഓരോരുത്തരും ആലോചിച്ചിരുന്ന
കാര്യം ഒന്നു തന്നെ. നമ്മളീ അനുഭവിക്കുന്ന സ്വതന്ത്ര്യത്തിന്റെ വില നമ്മളറിയുന്നില്ല.
നാട്ടുപച്ച മാഗസിന്‍.
Thursday, September 9, 2010
കാലാപാനി -
Subscribe to:
Post Comments (Atom)
പെരുന്നാള്‍ ആശംസകള്‍
ReplyDeleteഒന്ന് തിരഞ്ഞുനോക്കാന്‍ തയ്യാറാവാതെ ഇന്ന് കാട്ടികൂട്ടുന്ന ഈ അഹങ്കാരത്തിന്‍റെ അമിതസ്വാതന്ത്ര്യം കണ്ട് ഇന്നലേകളുടെ ആത്മാവ് ശപിക്കുന്നുണ്ടാവും.
ReplyDeleteകാലാപാനിയെക്കുറിച്ച് ഏറെ കേട്ടിട്ടുണ്ട്.... ഈ പോസ്റ്റ് ഒരു ഓർമ പുതുക്കലായി. നമ്മൾ മറന്നു പോവുന്ന പലതിന്റെയും ഓർമ്മ പുതുക്കൽ....
ReplyDeleteകുറച്ചു കൂടി വിശദീകരണങ്ങള്‍ ആവാമായിരുന്നു ..ചരിത്ര നിഗൂഡതകള്‍ ചുരുളഴിക്കാ മായിരുന്നു...വേറൊന്നു സവര്‍ക്കറെ
ReplyDeleteപാര്‍പ്പിച്ചിരുന്ന സെല്‍. 1911 - മുതല്‍ 1921 - ന് വിട്ടയക്കും വരെ ..എന്ന ഭാഗത്തെ തുടക്ക വര്ഷം വിട്ടു പോയിട്ടുണ്ട് ...ആ വൃക്ഷത്തിന്റെ ചുവട്ടില്‍ ഒരു മുല്ല കൂടി നട്ടു പോരാമായിരുന്നു :)
നന്ദി കേട്ടോ..
DeleteThis comment has been removed by the author.
ReplyDeleteകാലാപാനി ഒറ്റനോട്ടത്തില്‍.. !,
ReplyDeleteഫോട്ടോയില്‍ കാണുന്ന വനിതാ തടവുകാരിയുടെ മുഖത്തു എന്തൊരു ധീരത. :)