Monday, March 18, 2013

തീ പാറ്റകൾ..

പഴയ ഫോണിൽ നിന്നും കോണ്ടാക്റ്റ് ലിസ്റ്റെടുത്ത് പുതിയ ഫോണിൽ സേവ് ചെയ്യുന്നതിനിടയിലാണു ഞാനാ പേരു വീണ്ടും കാണുന്നത്. ഫയർ ഫ്ലൈ.  കാൾ ലോഗെടുത്ത് നോക്കിയപ്പോൾ വിളിച്ചിട്ട് മൂന്നു മാസത്തോളമായിരിക്കുന്നു. രണ്ടാഴ്ച കൂടുമ്പോൾ അല്ലെങ്കിൽ മാസത്തിൽ ഒരു തവണ ആ കാൾ വരാറുള്ളതാണു. എന്ത് പറ്റി അയാൾക്ക്..? ഇനി വല്ല അസുഖവും..?

രണ്ട് വർഷം മുൻപാണു അയാളെന്നെ ആദ്യായിട്ട് വിളിക്കുന്നത്. ഓഫീസിലേക്കുള്ള ഓട്ടത്തിനിടയിൽ അറിയാത്ത ഒരു നമ്പറിൽ നിന്നും വന്ന കോൾ എടുക്കുമ്പോൾ ആരാവുമെന്ന ആകാംക്ഷ ആയിരുന്നു ഉള്ളിൽ. അപ്പുറത്തെ നിശബ്ദത കേട്ടപ്പോൾ റോംഗ് നമ്പറാവുമെന്നു കരുതി ഫോൺ കട്ടാക്കി ബാഗിൽ തിരുകി. ബസിറങ്ങി പാ‍ളയത്തെ തിരക്കിനിടയിലൂടെ നടക്കുന്നതിനിടയിൽ വീണ്ടും ഫോൺ ശബ്ദിച്ചു. അതേ നമ്പർ തന്നെ. അനക്കമില്ല . ‘ ആരാണെന്ന് പറയു.. മനുഷ്യനെ മിനക്കെടുത്താതെ ‘. എന്ന എന്റെ അരിശം കേട്ടാവണം അയാൾ പതുക്കെ പറഞ്ഞു തുടങ്ങി.

 “ ക്ഷമിക്കണം. നമ്പർ തെറ്റി വിളിച്ചതാണു. പക്ഷെ ... ഈ ഡയലർ ടോൺ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. എനിക്ക് മാത്രല്ല എന്റെ കുട്ടികൾക്കും ഭാര്യക്കും ഇഷ്ടാണു ഈ പാട്ട്. നിങ്ങൾക്ക് വിരോധമില്ലെങ്കി ഇടക്ക് ഞാനൊന്ന് വിളിച്ചോട്ടെ. ? “

സൌമ്യതയോടെയും ആദരവോടെയുമുള്ള അയാളുടെ സ്വരം കേട്ടപ്പോൾ മറുത്തൊന്നും പറയാൻ എനിക്ക് തോന്നിയില്ല. തന്നെയുമല്ല ഒരു പെണ്ണിനോട് കൊഞ്ചാനും അടുപ്പം സ്ഥാപിക്കാനുമുള്ള യാതൊരു വ്യഗ്രതയും അയൾക്കുണ്ടായിരുന്നില്ല. 


“ ഓകെ. ..ഞാനീ നമ്പർ സേവ് ചെയ്തേക്കാം. വിളിച്ചാൽ ഞാൻ അറ്റെന്റ് ചെയ്യുന്നില്ല. നിങ്ങൾ പാട്ട് കേട്ടോളു.”

പിന്നെ ഇടക്ക്; രണ്ടാഴ്ച്ച കൂടുമ്പോൾ അല്ലെങ്കിൽ മാസത്തിൽ ഒരു തവണ, ഫയർ ഫ്ലൈ എന്ന പേർ എന്റ്റെ ഫോണിൽ തെളിയാറുണ്ട്. ഇതിപ്പൊ ലാസ്റ്റ് കാൾ വന്നിരിക്കുന്നത് കഴിഞ്ഞ നവംബർ 28 നാണു. പുലർച്ചെ മൂന്നെ ഇരുപതിനു. അതിനു ശേഷം വിളിച്ചിട്ടേയില്ല അയാൾ. 

എന്റെ വേവലാതി കണ്ട് മോൻ ചിരിച്ചു. “ ഉമ്മാക്കെന്താ ..അയാൾക്ക് ആ പാട്ട് വേറെ എവിടുന്നേലും കിട്ടീട്ടുണ്ടാകും. അല്ലെങ്കി തന്നെ നെറ്റീന്ന് ഡൌൺ ലോഡ് ചെയ്യാൻ അഞ്ച് മിനുട്ട് വേണ്ട.”

“ അതല്ലടാ.. എന്നാലും നമ്മളൊന്ന് അന്വേഷിക്കണ്ടെ? എന്താ പറ്റീതെന്നറിയാനുള്ള കടമ നമുക്കില്ലേടാ..”  അസ്സാസിൻ ക്രീഡിൽ പുതിയ ദൌത്യവുമായ് ശത്രുവിന്റെ പിന്നാലെ പായുന്ന അവനത് കേട്ട ഭാവമേയില്ല.

ബെല്ലടിക്കുന്നുണ്ട്. എടുക്കുന്നില്ലല്ലൊ എന്ന നെഞ്ചിടിപ്പിനിടയിൽ അപ്പുറത്തെ ഘനഗംഭീരമായ ശബ്ദം കേട്ട് എന്റെ ഉള്ള് കാളി.

" യെസ്, തോമസ് തരകൻ ഹിയർ.”
" സർ, ഞാൻ കോഴിക്കോട്ട് നിന്നാണു. ഈ നമ്പറിൽ നിന്നും കഴിഞ്ഞ രണ്ട് വർഷമായ് ഒരാൾ ഇടക്ക് വിളിക്കാറുണ്ടായിരുന്നു. ഇപ്പൊ രണ്ട് മൂന്ന് മാസായിട്ട് കാളൊന്നും ഇല്ല. എന്ത് പറ്റീന്നറിയാനായിരുന്നു.” 

" ശിവൻ കുട്ടിയല്ലെ..? എനിക്കറിയാം. എന്റെ ഫോണിൽ നിന്നാണു ശിവൻ കുട്ടി വിളിക്കാറ്. “

“ ശിവൻ കുട്ടി... അതേ സർ.. , എന്തു പറ്റി അയാക്ക്...? ഇയ്യിടെ വിളിക്കാറെയില്ലാലോ..”

" ഉം.. ഇനി അവൻ വിളിക്കില്ല. കഴിഞ്ഞ നവമ്പർ 28 നു അവന്റെ ശിക്ഷ നടപ്പാക്കി. മരിക്കും വരെ തൂക്കികൊല്ലൽ. “

കൈയിൽ നിന്നും ഫോൺ വീണു പോകാതിരിക്കാൻ രണ്ട് കൈയ് കൊണ്ടും ഫോൺ  മുറുകെ പിടിച്ച് ഞാനിരുന്ന് വിറച്ചു.

“ താങ്കളാരാണു....  ?"
" ജയിലറാണു, വിയ്യൂർ സെന്റ്രൽ ജയിലിലെ.”



മായന്നൂർ അങ്ങാടിയിൽ ബസിറങ്ങുമ്പോൾ ഉച്ച തിരിഞ്ഞിരുന്നു. ചെറിയൊരങ്ങാടി, നാലഞ്ച് പെട്ടിക്കടകൾ, ഒരു ചെറിയ ചായക്കട. പെട്ടിക്കടയിൽ നിന്നും നന്നാറി സർബത്ത് വാങ്ങിക്കുടിക്കവെ ശിവൻ കുട്ടിയുടെ വീടന്വേഷിച്ച എന്നെ അയാൾ തറപ്പിച്ച് നോക്കി. 

“എന്തായിറ്റാ... ഞി പത്രത്തീന്നാ.. ന്നാ ആ വഴി കീയണ്ട... എന്തെല്ലാ ഓരെപറ്റി എഴുതിപിടിപ്പിച്ചീന്... ഞാളെ ശിവൻ കുട്ടി അമ്മാതിരിയൊന്നും ചെയ്യിക്കില്ല.” കുട്ട്യ്യോളെ ജീവനേർന്നു  ഓന്...”

.
ഞാൻ പത്രത്തീന്നല്ലാന്നും ശിവൻ കുട്ടി ജോലി ചെയ്തിരുന്ന കമ്പനീന്നാണെന്നും  നുണ പറഞ്ഞപ്പോഴാണു അയാൾ വഴി പറയാൻ തയ്യാറായത്.
“ വിലങ്ങനെ പോയിറ്റ് എടത്തോട്ട് കീഞ്ഞാ രണ്ടാമത്തെ പൊര..” ആട അടുത്തന്നാ ഓന്റെ അനിയൻ ഹരിദാസന്റ്റെ പൊരേം..”

തുരുമ്പ് പിടിച്ച് തുടങ്ങിയ ഗേറ്റ് തുറന്ന് അകത്ത് കയറിയപ്പോൾ വീശിയടിച്ച കാറ്റിൽ മുറ്റത്ത് കൂട്ടം കൂടി കിടന്നിരുന്ന കരിയിലകൾ വട്ടം ചുറ്റി പറന്നു. അടച്ചിട്ട ഉമ്മറത്ത് ആരെ വിളിക്കണമെന്നറിയാതെ നിന്ന എന്റെ മുൻപിലേക്ക് തൊട്ടപ്പുറത്തെ വീട്ടിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു.

" വരൂ..   കോഴിക്കോട്ട്ന്നല്ലെ. തരകൻ സാർ വിളിച്ചിരുന്നു .  എടക്ക് കാണാൻ ചെല്ലുമ്പോ ഏട്ടൻ പറയാറുണ്ടായിരുന്നു  “

ആ കൊച്ചു വീടിന്റെ ഉമ്മറത്തിരുന്നു പിന്നയാൾ പറഞ്ഞ കഥ ; സമൂഹത്തിൽ നടമാടുന്ന ക്രൂരതകളും ദുഷ്ചെയ്തികളും ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെ പറ്റിയായിരുന്നു. അതെങ്ങനെ ഒരാളുടെ ജീവിതത്തെ കീഴ്മേൽ മറിക്കുകയെന്നതിനെ പറ്റിയായിരുന്നു. മരിച്ച് മണ്ണടിഞ്ഞിട്ടും അവരെ മഴയത്ത് നിർത്തുന്ന ഇന്നാട്ടിലെ സാമൂഹിക നീതിയെ പറ്റിയും പത്ര ധർമ്മത്തെ പറ്റിയുമായിരുന്നു.

“ പാവാരുന്നു  ഏട്ടൻ, നാട്ടില് പെൺകുട്ട്യ്യോളെ നേർക്ക് അക്രമണ്ടാകുമ്പോ വല്ലാത്തെ ബേജാറായിരുന്നു  ഏട്ടനു. പിന്നെ മിന്നൂനെം പൊന്നൂനേം കുറച്ചൂ ദിവസത്തേക്ക് സ്കൂളിൽ പോലും വിടില്ല. ഏട്ടത്തീനും കുട്ട്യ്യേളേം കൊണ്ട് അകത്ത് വാതിലടച്ചിരിക്കും. “

കുറച്ച് വർഷം മുൻപ് കേരളത്തെയാകമാനം അപമാനത്തിന്റെ ചൂളയിൽ നീറ്റിയ മൂന്നു വയസ്സുകാരി പെൺകുട്ടിയുടെ മാനഭംഗവും തുടർന്നുള്ള മരണവും നമ്മളൊക്കെ വായിച്ച് സങ്കടപ്പെട്ട് എഫ് ബിയിലും ബ്ലോഗിലുമൊക്കെ പോസ്റ്റിട്ട് ഉൾ നീറ്റൽ മായ്ച്ച് കളഞ്ഞ ഒരു സാധാരണ സംഭവം മാത്രായിരുന്നു.. പക്ഷെ അന്നു രാത്രി, മക്കളുടെ ഭാവിയെ പ്രതി തപിച്ച് വെന്ത ശിവൻ കുട്ടി തന്റെ രണ്ട് മക്കളേയും ഭാര്യയേയും എന്നെന്നേക്കുമായി രക്ഷപ്പെടുത്തിക്കളഞ്ഞു. സ്വയം രക്ഷപ്പെടാൻ ശ്രമിച്ച ശിവൻ കുട്ടിക്ക് പക്ഷെ ഭാഗ്യം തുണച്ചില്ല. 

" പക്ഷെ പത്രക്കാരൊക്കെ എഴുതീത്  പൊന്നൂനെ ന്റെ ഏട്ടൻ ചീത്തയാക്കീന്നാ... അതോണ്ടാ ഏട്ടനത് ചെയ്തേന്ന്... പാവങ്ങളെ പറ്റി ആർക്കും എന്തും എഴുതാലോ...”

അയളുടെ വാക്കുകളിൽ രോഷത്തേക്കാളേറെ സങ്കടം തന്നെയായിരുന്നു നിറയെ.

അവധി ദിവസമായത് കൊണ്ടാണൊ എന്തോ ബസിൽ തിരക്ക് കുറവാണു. ആ പേരും ഡയലർ ടോണും ഡിലിറ്റ് ചെയ്യുന്നതിനു മുൻപ് ആ പാട്ടൊന്നു കൂടി കേൾക്കണം. ഇയർ ഫോൺ ചെവിയിൽ തിരുകി പതിയെ സീറ്റിലേക്ക് ചാരിയിരുന്നു ഞാൻ കണ്ണുകളടച്ചു.

‘ മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ...
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം..
നീ തനിച്ചല്ലേ...പേടിയാവില്ലേ...
കൂട്ടിനു ഞാനും വന്നോട്ടേ..

മഴയത്തും വെയിലത്തും പോകരുതേ നീ...’

പൊടുന്നനെ  ഒരു മഴ വന്നു എന്നെയാകെ നനച്ച് കളഞ്ഞു. വേനൽ മഴ...പെയ്യട്ടെ. മുഖം തുടക്കാൻ പോലും മെനക്കെടാതെ ഞാനാ സീറ്റിൽ കണ്ണടച്ചിരുന്നു. 

..

Monday, March 11, 2013

ഉരുകിത്തീരുന്നവർ !

മനുഷ്യന്റെ നിസ്സഹായതയിൽ നിന്നാണു മൈസൂർ കല്യാണങ്ങളെ പോലുള്ള തിന്മകൾ സമൂഹത്തിൽ ഉണ്ടായിക്കൊണ്ടെയിരിക്കുന്നത്. ഭീമമായ സ്ത്രീ ധനവും ആഭരണങ്ങളും കൊടുക്കാനില്ലാത്തെ പിതാക്കന്മാർ, തങ്ങളുടെ പെണ്മക്കൾ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന ചിന്താഗതിയിലാണു ഈ ചതിയിൽ വീണു പോകുന്നത്. നാട്ടുനടപ്പനുസരിച്ച് ഒരു പെണ്ണിനെ ഇറക്കി വിടണമെങ്കിൽ ചുരുങിയത് ഇരുപത് പവന്റെ ആഭരണമെങ്കിലും വേണം. കൂടാതെ ഒന്നര , രണ്ട് ലക്ഷം വേറേയും കൈയിൽ കൊടുക്കണം. അഷ്ടിക്ക് വകയില്ലാത്ത പട്ടിണി പ്പാവങ്ങൾ എവിടുന്നുണ്ടാക്കാണാണു ഇത്രയും തുക? അപ്പോൾ പിന്നെ വഴി ഒന്നേയുള്ളു. ഒരു ഭാഗ്യ പരീക്ഷണം. ഒത്താൽ ഒത്തു, ഇല്ലേൽ അത് പടച്ചോന്റെ വിധി. മൂത്തവൾ ഇങ്ങനെ നിന്നാൽ ഇളയതുങ്ങൾക്കും ഒരാലോചന വരില്ല എന്നു കുത്തു വാക്കുകൾ കേൾക്കുമ്പോൾ പെണ്ണും കരുതും ഇതെന്റെ വിധി എന്നു. അല്ലെങ്കിലും അന്നേരത്ത് അവളുടെ അഭിപ്രായം ആരു ചോദിക്കുന്നു.


                                                
പുറം നാടുകളിലേക്ക് കല്യാണം ചെയ്തയക്കുന്ന തങ്ങളുടെ പെണ്മക്കൾ എങ്ങനെ ജീവിക്കുന്നു എന്ന് പോയി നോക്കാനൊ അന്വെഷിക്കാനൊ പോലും അവർക്ക് കഴിയാറില്ല പലപ്പൊഴും. അന്യ നാട്, അറിയാത്ത ഭാഷ, ഭക്ഷണം. , ആചാരങ്ങൾ . പൊടുന്നനെ മാറ്റിപ്രതിഷ്ഠിക്കപ്പെടുന്ന പെൺകുട്ടികൾ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണു. മൈസൂരിലെക്ക് മാത്രമല്ല, തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളിലേക്കും കേരളത്തിൽ നിന്നും ഒരുപാട് പെൺകുട്ടികളെ കല്യാണം കഴിപ്പിച്ച് വിട്ടിട്ടുണ്ട്. അതിൽ ജാതി മതം ഒന്നും ഇല്ല, കാശാണു മുഖ്യം. കാശില്ലാത്തവൻ പിണം എന്ന പ്രമാണം. താമസിയാതെ മലയാളി പെൺകുട്ടികൾ ബംഗാളിലും ബീഹാറിലും എത്തും. 

ഈയവസ്ഥ മാറണമെങ്കിൽ സമൂഹം മാറേണ്ടിയിരിക്കുന്നു. പെണ്ണ് വെറും ചരക്കാണെന്ന ധാരണ മാറണം. ചന്തയിൽ പോത്തിനേയും മൂരിക്കും മറ്റും വിലയിടുന്ന ലാഘവത്തോടെ പെണ്ണിനു വിലയിട്ടുറപ്പിക്കുന്ന രീതി മാറിയേ തീരു, സ്ത്രീധനത്തെ ഏറ്റവും കൂടുതൽ എതിർത്ത മുസ്ലിം സമുദായത്തിനകത്ത് തന്നെയാണു ഈ ദുഷ്പ്രവണത ഏറ്റം കൂടുതൽ നടമാടുന്നത് എന്നതാണു വിരോധാഭാസം. മുസ്ലിം സ്ത്രീക്കാണു വിവാഹ സമയത്ത് മഹർ അഥവാ വിവാഹമൂല്യത്തിനു അവകാശം. അത് ചെറുക്കൻ പെണ്ണിനു കൊടുക്കുന്ന ദാനമല്ല; മറിച്ച് പെണ്ണിന്റെ അവകാശമാണു. എന്നിട്ട് നടക്കുന്നതോ? വിവാഹം നടക്കുമ്പോൾ നിക്കാഹ് നടത്തിയതിന്റെ കാശ് വാങ്ങി പോക്കറ്റിലിടാനാണു മഹല്ല് കമ്മറ്റികൾ ക്ക് ധൃതി. എന്നിട്ട് മൂക്കറ്റം തിന്ന് ഏമ്പക്കവും വിട്ട് എണീറ്റ് പോകുക. അതല്ലാതെ ഈയൊരു ദുരവസ്ഥക്ക് പരിഹാരം കാണാൻ ഇവെരെന്നാണു തയ്യാറാകുക? 


മാറേണ്ട ഒന്നു കൂടിയുണ്ട്. അതല്ലാതെ ഇതിനൊരു പോംവഴി ഇല്ല. തങ്ങളുടെ പെണ്മക്കളെ സ്വന്തം കാലിൽ നിൽക്കാനും തീരുമാനങ്ങളേടുക്കാനും പ്രാപ്തരാക്കി വളർത്തുക. കല്യാണം ഒന്നിന്റേയും അവസാന വാക്കല്ല. നാട്ടുകാരുടെ അടീം കാലും പിടിച്ച് കാശ് പിരിച്ച് സ്ത്രീധനം കൊടുത്ത് മക്കളെ പെരു വഴിലാക്കുന്നതിനു പകരം അവർ സ്വന്തം വീട്ടിലെ കഞ്ഞി കുടിച്ച് കഴിയട്ടെ എന്നങ്ങ് തീരുമാനിക്കുക. അതോടൊപ്പം തന്നെ പെൺകുട്ടികളും അല്പം തന്റേടവും പക്വതയും ചെറുപ്പത്തിലേ ആർജ്ജിക്കേണ്ടിയിരിക്കുന്നു. വൈകുന്നേരങ്ങളിൽ തങ്ങളുടെ വീടിന്റെ ഇട്ടാവട്ടത്തിലേക്ക് ഒഴുകിയെത്തുന്ന സീരിയലുകളിലേയും സിനിമകളിലേയും ദൃശ്യങ്ങൾ വെറും കല്പിത കഥകളാണെന്ന തിരിച്ചറിവ് അതിൽ പ്രധാനമാണു. അവയൊക്കെയും സംവിധായകന്റെ ഭാവനാ വിലാസങ്ങളാണെന്ന് നമ്മുടെ കുട്ടികൾ എന്നാണു മനസ്സിലാക്കുക.? അവർ പഠിക്കട്ടെ. പത്താം ക്ലാസ്സും പ്ലസ്റ്റും കഴിഞ്ഞാൽ എളുപ്പം എന്തേലും ജോലി കിട്ടാനുള്ള കോഴ്സുകളിൽ ചേരട്ടെ. പണ്ടവും പണവും ആവശ്യപ്പെട്ട് വരുന്ന വിവാഹാലോചനകൾ തനിക്ക് വേണ്ടാന്നു പറയാനുള്ള
തന്റേടം അവൾക്കുണ്ടാവണം

                                  .

യാതൊരു വേലയും കൂലിയുമില്ലാതെ തേരാ പാര നടക്കുന്നവനും സ്ത്രീധനമെന്ന പേരിൽ വാങ്ങുന്നത് ഒന്ന് ഒന്നര ലക്ഷം ആണു, മിനിമം ആണത്. സ്വർണ്ണം കുറഞ്ഞാൽ അതനുസരിച്ച് കാശ് കൂടും. കല്യാണം കഴിഞ്ഞ് ആദ്യ മാസത്തിൽ തന്നെ അവനത് പണയം വെക്കുകയോ വിറ്റ് ദീവാളി കുളിക്കുകയോ ചെയ്യും. ഇതിനു വേണ്ടിയാണു പെണ്ണിന്റെ തന്തയും തള്ളയും തീ തിന്നിരുന്നത്. നാട്ടുകാർ പിരിവെടുത്ത് കല്യാണം നടത്തിയത്. ഈ ദു:സ്ഥിതി മാറണമെങ്കിൽ; മൈസൂർ കല്യാണങ്ങൾ ഇനിയും ഉണ്ടാവാതിരിക്കണമെങ്കിൽ സ്ത്രീധനമെന്ന അനാചാരം ഇല്ലായ്മ ചെയ്താലെ പറ്റുകയുള്ളു. അല്ലെങ്കിൽ നമ്മുടെ പെണ്മക്കൾ മൈസൂറിൽ മാത്രമല്ല, ബംഗാളിലേയും ബീഹാറിലേയും അടച്ചിട്ട കുടുസ്സു മുറികളിൽ ഇനിയും വെന്തുരുകും.

Sunday, February 24, 2013

അനന്തരം..

പുലർച്ചെ  എഴുന്നേറ്റ് ഗ്രാമത്തിലെ കിണറിനടുത്തേക്ക് നടന്ന സൌദാമിനിയമ്മയാണു അത് ആദ്യം കണ്ടത്. വഴിയിലുടനീളം ഏതോ ജീവി വലിഞ്ഞ് ഇഴഞ്ഞു പോയ പാട് ; അതിങ്ങനെ ഒരു കേല പോലെ കിണറിനടുത്തേക്ക് നീണ്ടു കിടക്കുന്നു. ജിജ്ഞാസ കൊണ്ട് മുന്നോട്ട് നീങ്ങിയ അവർ,  പൊടുന്നനെ അടിവയറ്റിൽ നിന്നുയർന്ന  ഒരു കോച്ചിപ്പിടിത്തത്തിൽ സ്തംഭിച്ച് നിലത്തിരുന്നു പോയി. ഇതിനിടെ ഗ്രാമത്തിലെ സ്ത്രീകൾ മുഴുവൻ ഉണർന്നിരുന്നു. അടിവയറും പൊത്തിപ്പിടിച്ച് തങ്ങളുടെ വാതിൽ‌പ്പടിയിലും ചവിട്ടു കല്ലിലും മറ്റും കണ്ട കേലയുടെ ഉറവിടം അന്വേഷിച്ച് അവരും കിണറിനടുത്തേക്കെത്തിയിരുന്നു. ഒട്ടുന്ന വഴു വഴുത്ത ആ ചോര ചാൽ കിണറിന്റെ ആൾമറയിൽ മുഴുക്കെ പറ്റിപ്പിടിച്ച് താഴേക്ക് ഒലിച്ചിറങ്ങിയിരുന്നു. . ചോര ചുവപ്പുള്ള കിണറിലെ വെള്ളം കണ്ട് ഗ്രാമത്തിലെ പെണ്ണൂങ്ങൾ അലമുറയിട്ടു.


ഗർഭപാത്രങ്ങൾ നഷ്ടപ്പെട്ട പെണ്ണുങ്ങൾ മുഴുവൻ വറ്റി വരണ്ട മരുഭുമി പോലെ ചുട്ടു പഴുത്തു. അവരുടെ ശരീരത്തിൽ നിന്നും ആവി പൊങ്ങി. വേവിലും ചൂടിലും പൊള്ളി നീറിയ അവരിൽ നിന്നും സ്നേഹവും പ്രണയവും രതിയുമൊക്കെ എന്നെന്നേക്കുമായി നഷ്ടപ്പെട്ട് പോയിരുന്നു.

 സ്ത്രീകളെ പ്രാപിക്കാൻ ശ്രമിച്ച പുരുഷന്മാരൊക്കെ ഒരാന്തലോടെയും വെപ്രാളത്തോടെയും സ്ത്രീകളുടെ ശരീരത്തിൽ നിന്നും തങ്ങളെ അടർത്തി മാറ്റി ചൂളി നിന്നു. വേദനയെന്തെന്നു അവരും അറിഞ്ഞു  ആദ്യമായിട്ട്.
ഉള്ളിൽ തിളച്ച് അറിയുന്ന ലാവയെ തുറന്ന് വിടാൻ വഴി കാണാതെ പുരുഷന്മാർ തങ്ങളിലേക്ക് തന്നെ ചുരുങ്ങി, വികസിച്ചൂ; പിന്നെ ചുവരിൽ ചാരി നിന്ന് ആശ്വാസത്തോടെ നിശ്വസിച്ചു. ഗ്രാമത്തിലെ ചുവരുകളിലും മതിലുകളിലും നിറയെ ശുക്ലം ഒലിച്ചിറങ്ങി കനച്ചു കിടന്നു ; ഫോസിലുകൾ....

അനന്തരം.....; ഒരു കൊടുങ്കാറ്റിനും പ്രളയത്തിനും മധ്യേ ഭൂമി ഉലഞ്ഞാടി.

Thursday, February 21, 2013

ജാലിയൻ വാലാബാഗിലെ നിലവിളികൾ...


1919 ലെ ജാലിയന്‍ വാലാബാഗ് സംഭവത്തെ പറ്റി ബാലചന്ദ്രന്‍ മാഷ്
ഘോരഘോരം പ്രസംഗിക്കുകയാണ്.ചിലര്‍ ഉറക്കം തൂങ്ങുന്നു,മറ്റുചിലര്‍
ചിത്രം വരക്കുന്നു.ഇടക്ക് മാഷ് ചോക്കെടുത്ത് ബാക്ക് ബെഞ്ച്
നോക്കി ഒറ്റയേറ്,

ഇന്ത്യന്‍ സ്വാതന്ത്ര സമരത്തിലെ ഒരു പ്രധാന സംഭവമായിരുന്നു
അത്.ഏത്?അബ്ദു പറയൂ?


ഉറങ്ങുകയായിരുന്ന അബ്ദു ചാടിയെണീറ്റു,തല ചൊറിഞ്ഞു.

അടുത്തിരുന്ന തോമസ് പ്രോത്സാഹിപ്പിച്ചു,ജാലിയന്‍....വാലാ..

വാലിയന്‍ ജാലാബാഗ് സര്‍ ,അബ്ദുവിന്റെ ഉത്തരം കൂട്ടച്ചിരിയില്‍ മുങ്ങിപ്പോയി.

അതുകൊണ്ട് തന്നെയാവാം ആ സംഭവത്തിന്റെ പ്രാധാന്യമൊന്നുംഞങ്ങളാരും ഉള്‍ക്കൊണ്ടില്ല!ആ ദുരന്തത്തിന്റെ വ്യാപ്തിയും മാനുഷിക വശങ്ങളൊന്നും ഞങ്ങളെ സ്പര്‍ശിച്ചേയില്ല!

പക്ഷെ അന്ന്...., 

രണ്ടു കെട്ടിടങ്ങള്‍ക്കിടയിലുള്ള ഒരു ചെറിയ വഴിയിലൂടെ,കഷ്ടിച്ച് ഒരു സൈക്കിള്‍ റിക്ഷക്ക് കടന്നു പോകാം;
ആ മൈതാനത്തിനകത്തേക്ക് കടന്നപ്പോള്‍ എന്റെപെരുവിരലില്‍ നിന്നുമൊരു തരിപ്പ് മുകളിലേക്ക്
കയറി.ഞാന്‍ ചുറ്റും നോക്കി,നാല് ഭാഗത്തുംരണ്ടാള്‍ പൊക്കത്തിലുള്ള കെട്ടിടങ്ങളാണ്.പിടിച്ചു
കയറാന്‍ ഒരു ജനവാതില്‍ പോലുമില്ലാത്തമരിച്ച കെട്ടിടങ്ങള്‍ .

ബാലചന്ദ്രന്‍ മാഷിന്റെ വാക്കുകള്‍ എന്റെ കാതില്‍ മുഴങ്ങി.
“പ്രവേശന കവാടത്തില്‍ നിന്നു ജനറല്‍ ഡയറുംസംഘവും നിരായുധരായ ഇന്ത്യക്കാര്‍ക്ക് നേരെ
വെടിവെച്ചു”മൈതാന മധ്യത്ത് വെടിയുണ്ടകളുടെ പാടുകളും
പേറി ഒരു കെട്ടിടത്തിന്റെ അവശിഷ്ടം!വെടിപ്പാടുകളിലൂടെ വിരലോടിക്കവേ എനിക്ക്
ചോര മണത്തു!

എനിക്കുചുറ്റും പ്രാണഭീതിയാല്‍ പരക്കം പായുന്ന ജനങ്ങള്‍ !നിലവിളികള്‍ ,ആക്രോശങ്ങള്‍,  
എന്റെ തല പെരുക്കുന്നപോലെ,അടുത്തു കണ്ടഒരു ചുവരിലേക്ക് ഞാന്‍ പതുക്കെ ചാരി.

ഗൈഡ് എന്നെ നോക്കി പതുക്കെ പറഞ്ഞു,“ഈ കിണറിലേക്കാണ് നൂറ് കണക്കിന്
ആളുകള്‍ ജീവനുവേണ്ടി എടുത്തുചാടിയത്,പാതിമരിച്ചവര്‍ ”

കിണറിലേക്ക് ഞാന്‍ എത്തിനോക്കി,വെള്ളത്തിന് ചോരയുടെ നിറമാണോ?

തലയും തൂക്കി പുറത്തേക്ക് നടക്കുമ്പോ പിന്നില്‍ നിന്ന് ആരോ പറഞ്ഞോ?
നീയൊക്കെ ഇന്നനുഭവിക്കുന്ന ഈ സ്വാതന്ത്ര്യം ഞങ്ങളുടേയൊക്കെ സ്വപ്നങ്ങള്‍ക്കും
ആഗ്രഹങ്ങള്‍ക്കും മീതെ കെട്ടിപ്പൊക്കിയതാണ്. ഞാന്‍ തിരിഞ്ഞു നോക്കി,ഇല്ല
അവിടെയൊന്നും ആരുമില്ല! എനിക്ക് വെറുതെ തോന്നീതാവും

Wednesday, February 13, 2013

എഴുത്തുകാരിയുടെ മുറി.



ഒരു എഴുത്തുകാരിയുടെ മുറി എങ്ങനെയാവണം. അല്ലെങ്കില്‍ അത് എങ്ങനെയിരുന്നാല്‍ എന്താണല്ലെ.
സ്വന്തമായി എഴുത്തുമുറിയുള്ള എത്ര എഴുത്തുകാരികള്‍ ഉണ്ടാകും നമുക്ക്..മീന്‍ വെട്ടിക്കഴുകുമ്പോള്‍,
അല്ലെങ്കില്‍ ദോശ നന്നായി മൊരിയാന്‍ കാത്ത് നില്‍ക്കുമ്പോള്‍ ഉള്ളിലുയര്‍ന്ന് വരുന്ന അക്ഷരങ്ങളെ
ദോശക്കൊപ്പം മറിച്ചിടുമ്പോള്‍ ചിലത് നന്നായി മൊരിഞ്ഞ് പാകമായ് വരും. മറ്റ് ചില വാക്യങ്ങള്‍
അപ്പാടെ കരിഞ്ഞ് പോയിട്ടുണ്ടാകും. എത്ര ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാലും പിടിതരാതെ വഴുതിക്കളിച്ച്...



പണികളെല്ലാം  കഴിഞ്ഞ് ബെഡ് റൂമിലെ കട്ടിലില്‍ ചമ്രം പടിഞ്ഞിരുന്ന് നോട്ട് ബുക്
 മടിയിലെടുത്ത് വെച്ചാല്‍ അക്ഷരങ്ങള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തും. 
-- ഒന്നുമുണ്ടാവില്ല  മനസ്സിലപ്പോൾ. . . ശുദ്ധശൂന്യത. ആ ഒച്ചയില്ലായ്മകളിലേക്കാണു പതിയെ ഒന്നിനു
പിറകെ ഒന്നായ് ആ കാലൊച്ചകള്‍ കടന്നു വരിക. എന്റെ എഴുത്ത്മുറിയില്‍ കനച്ച് കിടക്കുന്ന
നിശബ്ദതയിലേക്ക് വന്നു വീഴുന്ന ഈ ശബ്ദങ്ങളെ  ഞാന്‍ സ്നേഹിച്ചു തുടങ്ങിയത് എപ്പോഴാണു..., അത്രമേല്‍ ഞാനവയോട് ഇഴുകി ചേര്‍ന്നതിനാല്‍ ഇപ്പോഴെനിക്ക് ഓരോ കാലൊച്ചകളേയും  വേര്‍തിരിച്ചറിയാനാകും.

ആ ശബ്ദങ്ങളുടേഉടമകള്‍ ആരെന്നറിയാന്‍ ഒന്ന് തല പൊന്തിച്ച് നോക്കുക പോലും വേണ്ടനിക്ക്..,കാലടികളുടെ അമർന്ന ശബ്ദം, ഒരു മുരടനക്കൽ, അല്ലെങ്കിൽ മൊബൈലിന്റെ പരിചിതമായ കുണുങ്ങലുകൾ, അതിൽ നിന്നറിയാം ഇരുട്ടിലൂടെ കടന്നു പോകുന്നത് ആരാണെന്ന്. 

ഒരു ഫോട്ടൊക്ക് അടിക്കുറിപ്പെഴുതി പോസ്റ്റ് ചെയ്യുന്നതിനിടയിലാവും ഒരു ചുംബനത്തിന്റെ സീൽക്കാരം ജനൽ ചില്ലയിൽ തട്ടി ,ചുമരിലെ കണ്ണാടിയിൽ തടഞ്ഞ് എന്റെ നേർക്ക് ചരിഞ്ഞ് വീഴുക. ഇവിടിരുന്നാൽ അയാളെ എനിക്ക് കാണാനാകുന്നുണ്ട്, അജ്ഞാതയായ അയാളുടെ കാമുകിയേയും. ചെറുപ്പമാണയാൾ, പ്രണയം അയാളുടെ മുഖത്തെ ജ്വലിപ്പിക്കുന്നുണ്ട്.  ഉറച്ച ആത്മ വിശ്വാസം ദ്വോതിപ്പിക്കുന്ന കാൽ വെപ്പുകൾ. അതെന്തായാലും ഈ നിമിഷം അയാളുടെ കാമുകി ഭാഗ്യവതിയാണു, ഭാവിയിൽ എന്താകുമെന്ന് ഒരുറപ്പുമില്ല. 

ഇനി വരാനുള്ളത് കുട്ടനാണു. അൽ‌പ്പം  സ്വാധീന ക്കുറവുള്ള ഇടത് കാലിലെ വള്ളിച്ചെരിപ്പ് റോഡിലുരയുന്ന ശബ്ദം കേട്ടാൽ  അപ്പുറത്തും ഇപ്പുറത്തുമുള്ള പൂച്ചകളൊന്നാകെ വഴിയിലിറങ്ങും. അവക്കറിയാം കുട്ടന്റെ കൈയിൽ അമ്പലത്തിലെ പ്രസാദം ഉണ്ടെന്നു. അമ്മിണി, ബാലു, പാറുക്കുട്ടി എന്നൊക്കെ ഈ നഗരത്തിലും പൂച്ചകൾക്ക് പേരുണ്ടെന്നു ഞാൻ അറിഞ്ഞത് അതിശയത്തോടെയാണു. ചോദിച്ചാൽ  പുഴു തിന്ന് അടർന്ന് വീഴാറായ പല്ലുകൾ കാട്ടി കുട്ടൻ  ചിരിക്കും. “ ഇവറ്റോളെ അല്ലാതെ ഞാനാരെയാ പേരെടുത്ത് വിളിക്ക്യാ...”

അജ്ഞാതനായ ആ കാമുകനേയും കുട്ടനേയും വിട്ട് എന്തേലുമെഴുതാനായുമ്പോളാവും രാമേട്ടന്റെ വരവ്. രണ്ട് വശത്തേക്കും കൊതുകിനെ കൊല്ലാനുള്ള ബാറ്റ് ആഞ്ഞു വീശി രാമേട്ടൻ നടക്കുമ്പോൾ കടുക് മണികൾ പൊട്ടിച്ചിതറുന്നത് പോലെ നാലുപാടും കൊതുകുകൾ ചത്തു വീഴും. അപ്പുറത്ത് ഒഴിഞ്ഞ് കിടക്കുന്ന വീട്ടിലെ വാച്ച്മാനാണു രാമേട്ടൻ. ഗേറ്റടക്കുന്നതിനിടയിൽ മതിലിനു മുകളിലൂടെ ഗുഡ്നൈറ്റ് രാമേട്ടാന്ന് വിളിച്ച് പറയുന്ന എന്റെ നേരെ ബാറ്റ് വീശി അയാൾ ചിരിക്കും.” ഞ്ഞി ഒറങ്ങിക്കൊ, ഞാനീടെ ഉണ്ട്.” പാവം രാമേട്ടൻ. ജീവിതത്തിലെ സായം കാലത്ത് വീട്ടിൽ കിടന്നു വിശ്രമിക്കുന്നതിനു പകരം ഈ കൊതുക് കടിയും കൊണ്ട് രാവ് മുഴുവൻ ഉറക്കൊഴിയണം.   ഗ്രാറ്റുവിറ്റിയൊ പങ്കാളിത്ത പെൻഷനോ പോയിട്ട് അസുഖം വന്നാൽ ചികിത്സിക്കാൻ കൂടി ഗതിയില്ലാത്ത ഒരു വലിയ  വിഭാഗത്തിന്റെ പ്രതിനിധിയാണു രാമേട്ടൻ. 

ഇനി കട അടച്ച് മുഹമ്മദിക്ക് കൂടി പോയാൽ എനിക്കുറങ്ങാം. വീടിനു മുന്നിലെ നിരത്ത് മുറിച്ച് കടന്നാൽ കാണുന്നതാണു ആയിഷ സ്റ്റോർ. നേരമിരുട്ടി കടയിൽ ചെന്നാൽ മുഹമ്മദിക്ക കണ്ണുരുട്ടും . “ നീയെന്തിനേപ്പൊ വന്നെ, ഇരുട്ടത്ത്, “ , മോനില്ലെ അവിടെ..?’“
“ അവനു പരീക്ഷയാണു പഠിക്ക്യാണെന്ന് പറഞ്ഞാൽ എനിക്ക് വേണ്ടുന്ന സാധനങ്ങൾ വേഗത്തിൽ എടുത്ത് തന്ന് എന്നെ പറഞ്ഞയക്കുന്ന കരുതൽ. എല്ലാ മനുഷ്യരും ഇങ്ങനെ നല്ലവരാണെന്നു വിശ്വസിക്കാൻ തന്നെയാണു ഈ കാലത്തും എനിക്കിഷ്ടം. ജീവിക്കാനാകില്ല അല്ലെങ്കിലെനിക്ക്.ഇങ്ങനെയുള്ള ചുരുക്കം ചില മനുഷ്യർ കാരണമാണു ഇപ്പോഴും ഈ ഭൂമി ഇങ്ങനെ നില നിൽക്കുന്നത്



ലൈറ്റോഫാക്കി ജനലടക്കാൻ നോക്കിയാൽ എത്ര ശ്രമിച്ചാലും ഒരു ജനലടയില്ല, വാടക വീടുകളുടെ മനശാസ്ത്രം അങ്ങനെയാണു, എത്ര നല്ല വീടാണേലും ഒരു കുറ്റിയോ കൊളുത്തോ ഉണ്ടാകും പിടി തരാതെ..., എന്നാലും ഈ വീടുകളെയെല്ലാം ഞാൻ സ്നേഹിക്കുന്നുണ്ട്. ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളിലും എന്റൊപ്പം ചിരിച്ചും കരഞ്ഞും ഈ വീടുകളുമുണ്ടായിരുന്നു എന്നും.

“ ബാമുണ്ടോ, ഇപ്പളും നല്ല വേദനയാ..” അയ്യപ്പനാണത്, ഇരുട്ടത്തും ആ ശബ്ദം കേട്ടാൽ എനിക്കറിയാം. കഴുത്തും തിരുമ്മി അയ്യപ്പൻ വന്നു നിൽക്കുമ്പോൾ ഇത്രകാലം കഴിഞ്ഞിട്ടും എനിക്ക് സങ്കടം വരും. തൂങ്ങിമരിച്ചതാണു അയ്യപ്പൻ. എന്തിനാണു എന്റടുത്ത് എപ്പളും ഇങ്ങനെ വരണേന്നു ചോദിച്ചാൽ അയ്യപ്പൻ കണ്ണു നിറക്കും, “ എന്നെ ഓർക്കണൊരടുത്തല്ലെ ഞാൻ പോവ്വാ..”

സ്കൂളിലെ പ്യൂണായിരുന്നു അയ്യപ്പൻ. ആളുകൾ സ്വയം ഇല്ലാണ്ടാകുന്നത് എന്തിനാണെന്ന് അന്നൊന്നും എനിക്കറിയില്ലായിരുന്നു. ക്ലാസ്സ് മുറിയിലെ കഴുക്കോലിൽ തൂങ്ങിയാടുന്ന ആ രൂപം ഇപ്പോഴും എന്റെ കണ്ണിലുണ്ട്. മാഞ്ഞു പോണില്ല ഒന്നും.

ഇനി വരിക പാത്തേബിയാണു. മുലകൾ വേദനിക്കുന്നൂന്ന് പറഞ്ഞ് അവൾ കരയുമ്പോൾ കൈകൾ നെഞ്ചത്തമർതത്തി ഞാൻ കമിഴ്ന്നു കിടക്കും. എനിക്ക് കാണാൻ വയ്യ അത്. പാത്തേബി എന്നു എല്ലാവരും വിളിച്ചിരുന്ന ഫാത്തിമകുട്ടി. പെറ്റ് നാല്പത് നാൾ തികയും മുൻപ് കെട്ടിയവൻ ചവിട്ടിക്കൊന്നവൾ. സംശയമായിരുന്നു ആ കാലമാടന്റെ മനസ്സു നിറയെ. സ്കൂളിലേക്കുള്ള എളുപ്പ വഴിയായിരുന്നു ഞങ്ങൾക്ക് പാത്തേബിയുടെ പുരയിടം. ഇടവഴി കയറി പുരക്ക് മുന്നിലൂടെ ചുറ്റി വന്നാൽ റെയിൽ പാളമായി, പാളം മുറിച്ച് കടന്നാൽ ഒറ്റയോട്ടത്തിനു സ്കൂളിലെത്താം. നീല ഞരമ്പോടിയ കൈതണ്ടയിൽ നിറയെ കറുത്ത കുപ്പിവളകളും മൈലാഞ്ചി ചോപ്പുമായി പാത്തേബിയുണ്ടാകും മുറ്റത്ത്. ആ മൊഞ്ചത്തിയാണു ഇങ്ങനെ  പാലൊലിക്കുന്ന നെഞ്ചുമായി മുന്നിൽ വന്ന് നിൽക്കുന്നതെന്ന് വിശ്വസിക്കാനാകില്ല.   മരിച്ചവർക്കും വയസ്സാകുമെന്നു  ആരെങ്കിലും പറഞ്ഞാൽ അതിൽ ഒട്ടും  അതിശയോക്തി ഇല്ല  !


മരിച്ചവരെന്തിനാണു എനിക്ക് ചുറ്റും ഇങ്ങനെ  അലയുന്നത്..? കേൾക്കാനാകുന്നില്ല ആ ഞരക്കങ്ങൾ.