Wednesday, February 22, 2012

തൌസന്റ് സ്പ്ലെന്‍ഡിഡ് സണ്‍സ്.



വായിച്ചാലും വളരും വായിച്ചില്ലേലും വളരും, എന്നു എഴുതി വെച്ച കുഞ്ഞുണ്ണി മാഷ് എത്ര വലിയൊരു സത്യമാണു പറഞ്ഞ് വെച്ച് കടന്ന് പോയത്.‍. രണ്ട് വളര്‍ച്ചയും തമ്മിലുള്ള അന്തരം.അത് വാക്കുകള്‍ക്കതീതമാണു. നമ്മളറിയാത്ത ലോകങ്ങള്‍, ആളുകള്‍, അവരുടെ ഭാഷ,സംസ്കാരം. അവിടത്തെ സാമൂഹിക രാഷ്ടീയ പ്രതിസന്ധികള്‍. കഷ്ടപ്പാടിലും ദുരിതങ്ങളിലും നമ്മള്‍ മനുഷ്യര്‍ എത്രമാത്രം നിസ്സഹായരാണു എന്ന് തിരിച്ചറിവ്, മറക്കാനും അന്യോന്യം പൊറുക്കാനുമുള്ള മനുഷ്യസഹജമായ കഴിവ് എന്തുമാത്രമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ ,എല്ലാറ്റിനുമൊടുവില്‍ സ്നേഹം ജയിക്കുന്നത് കാണുമ്പോള്‍ നമ്മില്‍ നിറയുന്ന പോസിറ്റീവ് എനര്‍ജി, ഇതൊക്കെ വായന നമുക്കായ് തുറന്നിടുന്ന വാതായനങ്ങളാണു പുറം ലോകത്തേക്കുള്ള കണ്ണിമവെട്ടല്‍.‍.

ഖാലിദ് ഹൊസൈനിയെ നിങ്ങളറിയും, പട്ടം പറത്തുന്നവന്‍ എന്ന നോവലിന്റെ രചയിതാവ്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു വിഖ്യാത രചനയാണു" തൌസന്റ് സ്പ്ലെന്‍ഡിഡ് സണ്‍സ് ".( Thousand Splendid suns)

അഫ്ഗാനിസ്ഥാനിലെ രക്തരൂക്ഷിതമായ അധിനിവേശങ്ങളെയും രാഷ്ടീയ പ്രതിസന്ധികളേയും നോവലിലെ കഥാപാത്രമായ അമീറിന്റെ ; ഒരു പുരുഷന്റെ കണ്ണിലൂടെ കണ്ട കാഴ്ചയായിരുന്നു പട്ടം പറത്തുന്നവന്‍ എങ്കില്‍ ഇവിടെ ഈ നോവലില്‍ അത് അങ്ങനെയല്ല. യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഇടയില്‍ ഞെരുങ്ങിയമര്‍ന്നു പോകുന്ന സ്ത്രീകളുടെ കഥ, അവരുടെഒറ്റപ്പെടലിന്റെ ,സഹനത്തിന്റെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണു തൌസന്റ് സ്പ്ലെന്‍ഡിഡ് സണ്‍സ്‍.

മരിയത്തിന്റേയും ലൈലായുടേയും അനുഭവങ്ങളിലൂടെയാണു നോവല്‍ മുന്നോട്ട് പോകുന്നത്. കഥയുടെതുടക്കത്തില്‍ കുഞ്ഞായിരുന്ന മരിയത്തിനോട് അമ്മ പറയുന്നുണ്ട് ഒരു സ്ത്രീക്ക് അവശ്യം വേണ്ടത് സഹിക്കാനുള്ള കഴിവാണെന്നാണു. അന്നത് മരിയം ചിരിച്ചു തള്ളിയെങ്കിലും പില്‍ക്കാലത്ത് അവരുടെവാക്കുകള്‍ അന്വര്‍ത്ഥമാകും വിധം മരിയത്തിന്റെ ജീവിതം ദുരിതപര്‍വ്വങ്ങളിലൂടെ കടന്ന്പോകുകയാണു.

അഫ്ഗാന്റെ പ്രാന്ത പ്രദേശമായ ഹെറാത്ത് എന്ന ഗ്രാമത്തിലായിരുന്നു മരിയത്തിന്റെ ബാല്യം. അവളും അമ്മയും തനിച്ച്, ഗ്രാമത്തിലെ പ്രമുഖനായ ജലീലിനു വേലക്കാരിയില്‍ പിറന്ന മകള്‍,ഹറാമി അതായത്ബാസ്റ്റാര്‍ഡ്, ആ ഒരു പദം മരണം വരെ മറിയത്തെ വേട്ടയാടുന്നുണ്ട്. തനിക്ക് വേണ്ടാത്ത മകളെ ഹെറാത്തില്‍ നിന്നും ദൂരെ കാബൂളിലേക്ക് ഒരു രണ്ടാംകെട്ടുകാരന്റെ ഭാര്യയായ് പറഞ്ഞുവിടുകയാണു മാന്യനായ ആ അഛന്‍ ചെയ്തത്. കാബൂളില്‍ അവരുടെ അയല്‍ വാസികളായിരുന്നു ലൈലയും താരീഖുമെല്ലാം.യുദ്ധം ലൈലയേയും താരീഖിനേയും വേര്‍പ്പെടുത്തുകയാണു, പിന്നീട് മരിയത്തിന്റെ സപത്നിയാവേണ്ടി വരികയാണു ലൈലക്ക്. നിസ്സഹായരായ രണ്ട് സ്തീകള്‍ തങ്ങളുടെ ദുരിതങ്ങളില്‍ പരസ്പരം ആശ്വാസമാവുകയാണു, അവര്‍ തമ്മിലുള്ള ഗാഢവും ഊഷ്മളവുമായ ബന്ധം വളരെ നന്നായിതന്നെ പറയുന്നുണ്ട് നോവലില്‍. പട്ടിണിയിലും ദുരിതങ്ങളിലും അവര്‍ പരസ്പരം താങ്ങാവുകയാണു. മാതൃ പുത്രീ നിര്‍വിശേഷമായ സ്നേഹമാണു അവര്‍ക്കിടയില്‍ ഉയിര്‍ക്കൊള്ളുന്നത്.

ഇതിനിടക്ക് റഷ്യ അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങിയിരുന്നു,പകരം അഹമദ് ഷാ മസ്സൂദിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ മുജാഹിദീനുകള്‍ വൈകാതെ പരസ്പരം പോരടിക്കുകയാണു. അവര്‍ക്ക് ഒരു പൊതു ശത്രു ഇല്ലാതെ ആയപ്പോള്‍ കാബൂളിന്റെ അധികാരത്തിനു വേണ്ടി അവര്‍ പരസ്പരം കൊന്നൊടുക്കി. അഫ്ഗാന്‍ യുദ്ധപ്രഭുക്കളുടെ നാടായി മാറി. റൊക്കറ്റുകളും മിസൈലുകളും വന്നു പതിച്ച് ഒരു ശവപറമ്പായ് മാറിയ അഫ്ഗാനില്‍ നിന്നു ഭൂരിഭാഗം പേരും പെഷവാറിലേക്കും ഇറാനിലേക്കും മറ്റും കുടിയേറി. പിന്നീട് വന്ന താലിബാനികള്‍ സ്ഥിതി കൂടുതല്‍ കഷ്ടതരമാക്കി. ആശുപത്രികള്‍, സ്കൂളുകള്‍ ,ഗവര്‍മെന്റ് സ്ഥാപനങ്ങള്‍ എന്നിവയൊക്കെ ബോംബിങ്ങില്‍ തകര്‍ന്ന് നാമാവശേഷമായിക്കഴിഞ്ഞിരുന്നു. അടി മുതല്‍ മുടി വരെ മൂടിപ്പുതച്ച് നീങ്ങുന്ന സ്ത്രീ രൂപങ്ങളെയും അവരെ പിന്തുടര്‍ന്ന് ചാട്ടവാര്‍ കൊണ്ട് അടിക്കുന്ന താലിബാനികളേയും നമ്മള്‍ കണ്ടിട്ടുണ്ട്, ബി ബിസിയിലും സ്റ്റാര്‍ ന്യൂസിലും മറ്റും , നമുക്കതൊരു പാസ്സിങ്ങ് ഷോട്ട് മാത്രമായിരുന്നു, ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് മാറുന്നതിനിടയില്‍ കണ്ട് അവഗണിച്ചൊരു ദൃശ്യം. ഒരു പക്ഷെ അന്ന് നമ്മള്‍ കണ്ടത് ലൈലയെ ആയിരുന്നിരിക്കാം, ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ നിവൃത്തികേടു കൊണ്ട് അനാഥാലയത്തില്‍ കൊണ്ട് ചെന്നാക്കിയ തന്റെ മകള്‍ അസീസയെ കാണാന്‍ പോകുന്ന ലൈല, അവള്‍ക്ക് പുരുഷനോടപ്പമല്ലാതെ പുറത്തിറങ്ങിക്കൂട, അയാള്‍ക്കാകട്ടെ അവളെ കാണണമെന്ന് താല്പര്യവുമില്ല, അങ്ങനെയാണു ലൈല ഒറ്റക്ക് അസ്സീസയെ കാണാന്‍ പാത്തും പതുങ്ങിയും പോകേണ്ടി വരുന്നത്. തന്റെ മകളെ ഒരു നോക്ക് കാണാന്‍ ആ അടിയും ഭത്സനങ്ങളും മുഴുക്കെ അവള്‍ സഹിക്കുകയാണു.
ഒരു സ്ത്രീയുടെ മനസ്സിനും ശരീരത്തിനും എന്തു മാത്രം വേദന താങ്ങാനുകുമെന്ന് കണ്ട് പലപ്പോഴും നമ്മള്‍ അല്‍ഭുതപ്പെട്ടുപോകും.

പ്രസവ മുറിയിലെ കട്ടിലില്‍ കാലുകള്‍ ഉയര്‍ത്തി വെച്ച് വേദനയാലും സംഭ്രമത്താലും ലജ്ജയാലും കോച്ചിവലിഞ്ഞ് കിടക്കവേ ഞാനോര്‍ത്തിട്ടുണ്ട് എന്തോരം വേദനയും കഷ്റ്റപ്പാടും ആണു ദൈവമേ ഇതെന്ന്, പക്ഷെ ഇവിടെ ലൈലയെ പറ്റി അവളുടെ ധൈര്യത്തെ പറ്റി,സഹനത്തെ പറ്റി വായിച്ചപ്പോള്‍ ഞാന്‍ ചുരുങ്ങി ചെറുതായിപ്പോയി..., നട്ടെല്ലില്‍ നിന്നും ഇടിവാള്‍ പോലെ കയറി വന്ന ഒരു വേദന എന്നെ പിടിച്ച് കുലുക്കി അടിവയറ്റില്‍ കൊളുത്തിപ്പിടിച്ചു.. തകര്‍ന്ന് തരിപ്പണമായ് കിടക്കുന്ന കാബൂളിലെ ഒരു ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ അനസ്തീഷ്യ ഇല്ലാതെ; അത് കൊടുക്കാന്‍ അവിടെ മരുന്നില്ല!!, ലൈലയുടെ വയര്‍ കീറി തലകീഴായ് കിടന്നിരുന്ന കുഞ്ഞിനെ പുറത്തേക്കെടുത്തപ്പോള്‍...!!!

ഹെറാത്തില്‍ നിന്നും ദൂരെ മലകള്‍ക്കിടയില്‍ അമര്‍ന്നുകിടക്കുന്ന ഗോല്‍ദമാന്‍ എന്ന ഗ്രാമത്തില്‍ തന്റെ കൊച്ചു മണ്‍കുടിലില്‍ കുഞ്ഞ് മരിയത്തിനു വലിയ സ്വപ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. വല്ലപ്പോഴും തന്നെ കാണാന്‍ പുഴ മുറിച്ച് കടന്നു വരുന്ന അച്ഛന്‍, അയാളായിരുന്നു അവള്‍ക്കെല്ലാം, പക്ഷെ പിന്നീട് ഇഷ്ടമില്ലാത്തൊരു ജീവിതത്തിലേക്ക് പൊടുന്നനെ വലിച്ചറിയപ്പെടുകയായിരുന്നു മരിയം, ജീവിതത്തോടുള്ള പൊരുതലുകളായിരുന്നു പിന്നീടങ്ങോട്ട്, അതവസാനിച്ചത് പ്രതിഷേധിക്കാന്‍ പോലും അവസരമില്ലാതെ താലിബാന്റെ തൂക്കുകയറിലും.....
.‍.
ഒരു ജനതക്ക് അവരര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടും എന്ന വാദം എനിക്ക് അംഗീകരിക്കാനാവുന്നില്ല, ഇതൊക്കെ വായിച്ച് പോകുമ്പോള്‍. നമ്മുടെ ഇട്ടാവട്ടത്തില്‍ നിന്നും നോക്കുമ്പോള്‍ നാം കാണാതെ പോകുന്ന എത്രയെത്ര യാഥാര്‍ത്ഥ്യങ്ങളാണു ഈ ഭുലോകത്ത്... വേദനകളും ദുരിതങ്ങളുടേയും തീരാമഴ. എന്നാലും പ്രത്യാശയുടേയും പ്രതീക്ഷകളുടേയും തുരുത്തുകള്‍ എമ്പാടും കാണാനാകുന്നുമുണ്ട്. അതു കൊണ്ടല്ലെ മരിച്ച് പോയെന്ന് കരുതിയിരുന്ന താരീഖ് നീണ്ട പത്തുകൊല്ലത്തിനു ശേഷം തിരിച്ചെത്തിയതും ലൈലയേയും മക്കളേയും സ്വീകരിച്ചതും, എല്ലാ ദുരിതങ്ങള്‍ക്കും മേലെയുള്ള സ്നേഹത്തിന്റെ,പ്രണയത്തിന്റെ ആത്മാര്‍ത്ഥതയുടെ വിജയം. ലൈലയും താരീഖും അസീസയും സല്‍മായിയുമെല്ലാം ഒരു നല്ല നാളെ സ്വപ്നം കാണുകയാണു അതിനായ് പരിശ്രമിക്കുകയാണിപ്പോള്‍..

ഒരു യുദ്ധവും എവിടെയും ഉണ്ടാകാതിരിക്കട്ടെ ഇനി.....

***നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്..

47 comments:

  1. "ഒരു യുദ്ധവും എവിടെയും ഉണ്ടാകാതിരിക്കട്ടെ "
    ഈ പറഞ്ഞ ഒരു അവസ്ഥ, ഊഹിക്കാന്‍ ആകുന്നതിനും എത്രയോ അപ്പുറമാണ്... ഹതഭാഗ്യരായ നമ്മുടെ ഈ സഹോദരെ കുറിച്ച് കേള്‍ക്കുമ്പോള്‍ ആണ് നാം എത്ര ഭാഗ്യവാന്മാര്‍ എന്നാലോചിക്കുന്നത്...
    പുസ്തകത്തിന്റെ മലയാള പരിഭാഷ കാണുമോ...?
    ഇതൊക്കെ വായിക്കുകയും പങ്കുവെയ്ക്കുകയും ചെയ്യുന്നതിലൂടെ ഒരു നല്ല കാര്യമാണ് മുല്ല ചെയ്യുന്നത്...ആശംസകള്‍...പ്രാര്‍ഥനകളോടെ

    ReplyDelete
    Replies
    1. River-head Books ആണു പ്രസാധകര്‍. മലയാളം ഉണ്ടെന്ന് തോന്നുന്നു.
      നന്ദി ആദ്യ കമന്റിനു.

      Delete
  2. പട്ടം പറത്തുന്നവന്‍ എന്ന നോവലിനെ കുറിച്ച് എന്റെ ഒരു സുഹ്രത്ത് വായിച്ചു പറഞ്ഞിരുന്നു നല്ല നോവല്‍ ആണെന്ന് ഇത് വരെ എനിക്ക് വായിക്കാന്‍ കഴിഞ്ഞില്ല

    ReplyDelete
  3. മലയാള പരിഭാഷ ഉണ്ടെങ്കിൽ അറിയിക്കാൻ മറക്കരുത്. വായിക്കണമെന്നുണ്ട്.

    ReplyDelete
  4. ഇത്തരം പരിചയപ്പെടുത്തളിലൂടെ ആ കൃതി വായിക്കാന്‍ സാധിച്ചില്ലെങ്കിലും ഒരു രൂപം മനസ്സിലുണ്ടാക്കാന്‍ കഴിയുന്നു. നമുക്ക് മനസ്സില്‍ പോലും ചിന്തിക്കാന്‍ കഴിയാത്ത എത്രയോ സംഭവങ്ങള്‍ ഇതുപോലെ ലോകത്ത് നടക്കുന്നു അല്ലെ.

    ReplyDelete
  5. ഈ ബുക്ക് ഞാനും വായിച്ചിട്ടുണ്ട്
    വളരെ അല്‍ഭുതപ്പെടുത്തിയ ഒരു കഥയാണ്‌.
    വളരെ നന്നായി റിവ്യൂ എഴുതിയിരിക്കുന്നു!
    അഭിനന്ദനങ്ങള്!

    മനസ്സില്‍ ഇപ്പോഴും ഉണ്ട് ലൈലയും മരിയത്തും ഒക്കെ...

    ReplyDelete
  6. വളരെ നല്ല വായന. ഹുസൈനിയുടെ കൈറ്റ് റണ്ണര്‍ പോലെ തന്നെ സോവ്യറ്റ്‌ അധിനിവേശം മുതല്‍ താലിബാന്‍ കാലം വരെ പരന്നുകിടക്കുന്ന ക്യാന്‍വാസ്‌ ആണ് തൌസണ്ട് സ്പ്ലെണ്ടിഡിന്റെതും എന്നാല്‍ കൈറ്റ് റണ്ണറില്‍ നിന്ന് വ്യത്യസ്തമായി അമേരിക ഈ നോവലില്‍ വരുന്നേ ഇല്ല. വിവിധ പ്രായങ്ങളിലുള്ള രണ്ട് സ്ത്രീകള്‍ തമ്മിലുള്ള സ്നേഹത്തിന്റെ കഥ പറയുന്നു ഈ നോവല്‍,. യുദ്ധപ്രഭുക്കളും കലാഷ്നിക്കോവുകളും മയക്കു മരുന്നും ആകുലതകളും പട്ടിണിയും മതാന്ധതയും അടക്കി വാഴുന്ന ഒരു നാട്ടില്‍ മനുഷ്യന്‍, പ്രത്യേകിച്ച് സ്ത്രീ, അനുഭവിക്കുന്ന ദുരിതങ്ങള്‍ ഹുസൈനി വണ്ണത്തില്‍ വരച്ചിടുന്നു. അഫ്ഗാനെ കുറിച്ച് അറബിയില്‍ വായിച്ച പുസ്തകങ്ങളില്‍ പലതും മതാന്ധതയെ മഹത്വവല്ക്കരിക്കുന്നവയായിരുന്നു. സ്ത്രീകള്‍ ഡോക്ടറായി ജോലി ചെയ്തു കൂടാ (ഒരു ജോലിയും ചെയ്തു കൂടാ) ഒരു പുരുഷ ഡോക്ടറുടെ അടുത്ത് അവക്ക്‌ പോകാനും പാടില്ല, അന്യ പുരുഷനല്ലേ? ആലോചിക്കുമ്പോള്‍ തന്നെ ശ്വാസം മുട്ടുന്നില്ലേ? അധിക സ്ത്രീകളും വിധവകള്‍, പുരുഷന്മാര്‍ വീട്ടിലില്ല, തൊഴില്‍ ചെയ്തു കൂടാ, അങ്ങനെ അവര്‍ ജനങ്ങളുടെ മുന്‍പില്‍ കൈ നീട്ടുന്നു (സ്ത്രീകള്‍ക്ക്‌ യാചന നിരോധിച്ചിട്ടില്ല)ഈ കഴിഞ്ഞ കുറെ വര്‍ഷങ്ങളിലായി അവിടെ നടക്കുന്ന യഥാര്‍ത്ഥ ചിത്രം കാണിച്ചു തരുന്ന കുറെ പുസ്തകങ്ങള്‍ വായനക്കെടുക്കുകയുണ്ടായി. ലതീഫയുടെ മൈ ഫോര്‍ബിഡന്‍ ഫെയ്സ്, വെയ്ല്‍ഡ്‌ കറേജ്, സോയാസ്‌ സ്റ്റോറി: ആന്‍ അഫ്ഗാന്‍ വുമന്‍സ്‌ സ്ട്രഗ്ല്‍, അനിതാ പ്രതാപിന്റെ ഐലണ്ട് ഓഫ് ബ്ലഡ്‌, സമീറ സമീര്‍ ഇവയെല്ലാം അഫ്ഗാന്‍ സ്ത്രീ നടന്നു തീര്‍ക്കുന്ന കനലനുഭവങ്ങളെ പകര്‍ന്നവായിരുന്നു ന്നവയായിരുന്നു.
    നാല് ഭാഗങ്ങളായി (ഹിരാത്തിന്റെ പ്രാന്തത്തിലുള്ള മര്‍യമിന്റെ ജനനവും വളര്‍ച്ചയും, ലൈലയുടെ ജീവിതം, മര്യമിന്റെയും ലൈലയുടെയും കൂടിച്ചേരല്‍, വ്യത്യസ്ത വഴികളിലൂടെയുള്ള അവരുടെ നടത്തം)പറഞ്ഞു പോകുന്ന കഥ നോവലെങ്കിലും ഒരു പാട് വിവരങ്ങള്‍ നല്‍കുന്നു.
    നന്ദി യാസ്മീന്‍ ഇതൊക്കെ ഇവിടെ ഒര്മിചെടുക്കാന്‍ അവസരം തന്നതിന്.

    ReplyDelete
    Replies
    1. സന്തോഷം ആരിഫ്ക്ക, ഒരുപാട് നല്ല പുസ്തകങ്ങളെ പറ്റി പറഞ്ഞതിനു. അനിതാപ്രതാപിന്റെ ഐലന്റ് ഓഫ് ബ്ലഡ് എന്റെ ഇഷ്ടപുസ്തകം. അവരെ പോലെ എല്ലായിടത്തും കടന്നു ചെല്ലാന്‍ പറ്റുന്ന ഒരു പത്രപ്രവര്‍ത്തകയായിരുന്നേല്‍ എത്ര നന്നായേനേം.

      Delete
  7. "തകര്‍ന്ന് തരിപ്പണമായ് കിടക്കുന്ന കാബൂളിലെ ഒരു ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ അനസ്തീഷ്യ ഇല്ലാതെ; അത് കൊടുക്കാന്‍ അവിടെ മരുന്നില്ല!!, ലൈലയുടെ വയര്‍ കീറി തലകീഴായ് കിടന്നിരുന്ന കുഞ്ഞിനെ പുറത്തേക്കെടുത്തപ്പോള്‍...!!!"

    യുദ്ധത്തിന്റെയും പട്ടിണിയുടെയും തീരാ കെടുതികള്‍ ആധുനികതയുടെ മൂടുപടം അണിഞ്ഞ ലോകത്ത് നമ്മെ നോക്കി ചിരിക്കുന്നു. യുദ്ധ കൊടുതിയുടെ നിസ്സാഹയത വിവരിക്കുന്ന നോവലിന്റെ പരിചയപ്പെടുത്തല്‍ വളരെ നന്നായി, എനിക്കത് വായിക്കാനാവുമോ, അറിയില്ല,
    ആശംസകളോടെ..

    ReplyDelete
  8. എന്തിനാണ് യുദ്ധം? എല്ലാര്‍ക്കും സമാധാനമായി കഴിഞ്ഞാലെന്താ? പോരുകളൊന്നുമില്ലാത്ത ഭൂമി എത്ര സുന്ദരമായിരിക്കും അല്ലേ? എനിക്ക് ദുരിതകഥകളൊന്നും വായിക്കാന്‍ വയ്യ. പിന്നെ കുറെ രാത്രികളില്‍ നിദ്രാവിഹീനതയും ദുസ്വപ്നവുമാണ് ഫലം. അതുകൊണ്ട് റിവ്യൂ മാത്രം വായിക്കും. അതിനപ്പുറത്തേയ്ക്ക് നഹിനഹി.

    ReplyDelete
    Replies
    1. വനവാസം കഴിഞ്ഞ് വന്നോ,സന്തോഷം.

      Delete
  9. ഒരു യുദ്ധവും എവിടെയും ഉണ്ടാകാതിരിക്കട്ടെ ഇനി.....

    ഇതുവരെ വായിച്ചില്ല... വായിക്കാന്‍ കഴിയുമോ എന്നുമറിയില്ല...
    എങ്കിലും ഈ വിവരണം തന്നെ ആ നോവലിന്റെ നല്ലൊരു ചിത്രം തരുന്നുണ്ട്...
    നന്ദി..ഈ പരിചയപെടുതലിനു....

    ReplyDelete
  10. ആ ദയനീയതയുടെ മുഖം ഇവിടെ വായിക്കുമ്പോള്‍ തന്നെ ഉള്ളം വിറക്കുന്നു ,
    ഈ പരിചയപ്പെടുത്തലുകള്‍ എന്തുകൊണ്ടും പ്രശംസനീയമാണ് .നന്ദി മുല്ലാ.

    ReplyDelete
  11. പരിചയപ്പെടുത്തലിന്` നന്ദി..!

    ReplyDelete
  12. നോവല്‍ വായിക്കുന്നതിനേക്കാള്‍ എന്തുകൊണ്ടൊ എനിക്കേറെ ഇഷ്ടായി ഈ ആസ്വാദനം.. കണ്ണുനിറയ്ക്കുന്ന, ഈ ലോകത്തോട് തന്നെ വിരക്തി തോന്നിക്കുന്ന ഒരനുഭവമാണ്‍ ആ വായന. ഓണ്‍ലൈനില്‍ A Thousand Splendid Suns ഓണ്‍ലൈനില്‍ വായിക്കാം.. ലിങ്ക് ഇടാമൊ എന്നറിയാത്തതുകൊണ്ട് ഇവിടെ ഇടുന്നില്ല.മുല്ലയുടെ ഈ വായിക്കാന്‍ പ്രചോദനമേകുന്ന എഴുത്തിന്‍ നിറഞ്ഞനമസ്ക്കാരം.

    ReplyDelete
  13. വളരെ നന്നായി ഒരു പുസ്തകത്തെ പരിചയപ്പെടുത്തിയിരിക്കുന്നു.
    എനിക്കും അറിയേണ്ടത് ഇതിന്റ മലയാള പരിഭാഷ ഉണ്ടോ എന്നാണ്.
    ലൈലയുടെ ദുരിതങ്ങളെപ്പറ്റി അറിഞ്ഞപ്പോള്‍ ഏതൊരു സ്ത്രീയെയും പോലെ ഞാനും നടുങ്ങിപ്പോയി..
    വേറൊന്ന് ,'വായിച്ചില്ലെങ്കില്‍ വളയും 'എന്നല്ലേ?

    ReplyDelete
    Replies
    1. മലയാളം ഉണ്ടെന്നാണു തോന്നുന്നത്,പണ്ടെങ്ങോ ഡിസി ബുക്സില്‍ കണ്ടിരുന്നോ എന്നൊരോര്‍മ്മ.
      പിന്നെ വളഞ്ഞാലും വളരുമല്ലോ..

      Delete
  14. നല്ല പരിചയപ്പെട്ത്തല്‍ .... എന്നെങ്കിലും വായിക്കാന്‍ കഴിയും എന്ന് വിശ്വസിക്കുന്നു.. :)

    ReplyDelete
  15. കഴിഞ്ഞ പോസ്റ്റിലേത്‌ പോലെ രസകരമായ കഥയാണെന്ന്‌ വെച്ച്‌ വന്നതാണ്‌ ഇതൊരു പുസ്തക പരിചയമാണല്ലോ?


    നട്ടെല്ലില്‍ നിന്നും ഇടിവാള്‍ പോലെ കയറി വന്ന ഒരു വേദന എന്നെ പിടിച്ച് കുലുക്കി അടിവയറ്റില്‍ കൊളുത്തിപ്പിടിച്ചു.. തകര്‍ന്ന് തരിപ്പണമായ് കിടക്കുന്ന കാബൂളിലെ ഒരു ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ അനസ്തീഷ്യ ഇല്ലാതെ; അത് കൊടുക്കാന്‍ അവിടെ മരുന്നില്ല!!, ലൈലയുടെ വയര്‍ കീറി തലകീഴായ് കിടന്നിരുന്ന കുഞ്ഞിനെ പുറത്തേക്കെടുത്തപ്പോള്‍...!!!

    ഈ വരികള്‍ വളരെ നന്നായി തോന്നുന്നു. വളരെ നല്ല്ള രീതിയില്‍ പരിചയപ്പെടുത്തിയിരിക്കുന്നു ആശംസകള്‍

    ReplyDelete
  16. മുല്ലയുടെ ഈ പരിചയപെടുത്തല്‍ എന്നിലെ വായനക്കാരന് ജിജ്ഞാസ പകര്‍ന്നു.
    ഇനി മുംബയിലെ പുസ്താക് തെരുവുകളില്‍ A Thousand Splendid Suns തിരയട്ടെ !!!!

    ReplyDelete
  17. മുല്ല, ഈ കുറിപ്പിന് എന്തു കമന്റെഴുതാനാണ്? ആ പുസ്തകം ഉറക്കമില്ലാത്ത നീണ്ട രാത്രികളാണു തന്നത്........വേദന, പേടി നിസ്സഹായത....

    ഈ പരിചയപ്പെടുത്തലിന്, ഓർമ്മ പുതുക്കലിന് ഒരുപാട് നന്ദി.

    ReplyDelete
  18. യുദ്ധം എന്തിനാണ്...?
    ചില സ്വാർത്ഥ താത്പര്യങ്ങളുടെ പുറത്തല്ലെ എല്ലാ യുദ്ധങ്ങളും.
    പുസ്തക പരിചയം നന്നാ‍യി.
    ആശംസകൾ...

    ReplyDelete
  19. ഖാലിദ് ഹൊസൈനിയെ‘ ഞാനിതുവരെ വായിച്ചിട്ടില്ല...
    പക്ഷേ ഈ പുസ്തകത്തിന്റെ ഉള്ളടക്കത്തിലൂടെ മുല്ല വഴികാട്ടിയപ്പോൾ തീർച്ചയായും ഇത് തേടിപ്പിടിച്ച് വായിക്കാനുള്ള ആഗ്രഹമേറി...
    നല്ല വിശകലനം കോട്ടൊ മുല്ലേ

    പിന്നെ
    നമ്മുടെ നാട്ടിലെ സുഖപ്പേറുകൾ പോലെയല്ല ...
    കാബൂളിലെയൊക്കെ ദുരിതം പേറുന്നവരുടെ യഥാർത്ഥ പേറുകൾ അല്ലേ !

    ReplyDelete
  20. ഞാന്‍ വായിക്കാത്ത പുസ്തകമാണ് ...എന്നാലും മുല്ലയുടെ എഴുത്ത് വായിക്കാന്‍ പ്രേരിപ്പിക്കുന്നു ...:)

    ReplyDelete
  21. ഒരു സ്ത്രീയുടെ മനസ്സിനും ശരീരത്തിനും എന്തു മാത്രം വേദന താങ്ങാനുകുമെന്ന് കണ്ട് പലപ്പോഴും നമ്മള്‍ അല്‍ഭുതപ്പെട്ടുപോകും... .
    super commentary on the book... definitely i will read this book
    ... tks a lot ...

    ReplyDelete
  22. നല്ല പുസ്തകത്തെപ്പറ്റിയൊരു പോസ്റ്റിടാൻ തോന്നിയതിന് നന്ദി...സ്വയമറിഞ്ഞത് പങ്കുവക്കുകയെന്നത് നല്ലത്...വായിക്കണമെന്നുണ്ട്...

    ReplyDelete
  23. ഇവിടെ എവിടെ കിട്ടാന്‍ ? :-( നാട്ടില്‍ എത്തിയിട്ട് നോക്കണം. ഈ പരിചയപ്പെടുത്തലിന് നന്ദി മുല്ലേ.....

    ReplyDelete
  24. വായിച്ചില്ല ഇതുവരെ. കുറച്ചുകാലമായിട്ടിപ്പോൾ പുസ്തകവായനയൊന്നുമില്ല. അതുകൊണ്ടുതന്നെ ഇതിനേപ്പറ്റി അറിഞ്ഞുമില്ല.

    ReplyDelete
  25. "ഒരു ജനതയ്ക്ക് അവരര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടു"മെന്നത് മുടന്തന്‍ ന്യായമെന്ന് പറഞ്ഞെതെന്തുകൊണ്ടാണെന്ന് മനസ്സിലായില്ല."യഥാരാജ:തഥാ പ്രജ:"എന്നല്ലേ?മാത്രവുമല്ല അങ്ങിനെപറഞ്ഞത്(എന്റെ ഓര്‍മ ശരിയാണെങ്കില്‍ )പ്രവാചകനാണോ എന്ന സംശയവും.തെറ്റിയെങ്കില്‍ തിരുത്തുക.
    നല്ലൊരു ആസ്വാദനക്കുറിപ്പിനിടയില്‍ "ഈ മുടന്തന്‍ ന്യായം"ഒരു കല്ലുകടിയായി.

    ReplyDelete
    Replies
    1. മാഷേ, പുസ്തകം വായിച്ച് , ആ രാജ്യത്തെ ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍, അത് എത്രയാണെന്ന് എനിക്ക് വിവരിക്കാന്‍ ആവില്ല അത്രക്കും ഉണ്ട്,എനിക്കറിയാം ഇത് ഇവിടെ മാത്രല്ല പല രാജ്യങ്ങളിലും ഇതൊക്കെ തന്നെയാണു സ്ഥിതി. ആ വായനയുടെ നടുക്കത്തില്‍ എഴുതിയ കുറിപ്പാണിത്. ഇങ്ങനത്തെ ഭരണാധികാരികളെ കിട്ടാന്‍ പാവം ജനങ്ങള്‍ എന്ത് തെറ്റാണു ചെയ്തത്, താലിബാന്റെ പതനത്തിനു ശേഷം കര്‍സായിയുടെ നേതൃത്വത്തില്‍ നിലവില്‍ വന്ന ഭരണത്തിന്റെ ഉന്നത പദവികളില്‍ അന്നത്തെ കൊല്ലിനും കൊലക്കും ചുക്കാന്‍ പിടിച്ചവരും കയറിക്കൂടിയിട്ടുണ്ടെന്ന് പുസ്തകത്തിന്റെ അവസാനത്തില്‍ പറയുന്നുണ്ട്. ശരിയാവാനേ വഴിയുള്ളു. അവര്‍ക്കൊന്നും നഷ്ടപ്പെട്ടിട്ടില്ല, നഷ്റ്റപ്പെട്ടത് മുഴുവന്‍ ജനങ്ങള്‍ക്കാണു.

      അത് കൊണ്ടാണു മുടന്തന്‍ ന്യായമെന്ന് പറഞ്ഞത്. അത് പറഞ്ഞത് പ്രവാചകന്‍ ആണോന്ന് എനിക്ക് അറിയില്ല. മാഷ്ക്കല്ലേ എന്നേക്കാളും ഈ വിഷയത്തില്‍ ജ്ഞാനം. അതു കൊണ്ട് മുടന്തന്‍ എന്ന വാക്ക് ഞാന്‍ മാറ്റുന്നു. എന്നാലും ജനങ്ങള്‍ എന്ത് തെറ്റ് ചെയ്തിട്ടാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അയ്യഞ്ച് കൊല്ലം കൂടുമ്പോള്‍ ഭരിക്കുന്നവരെ ഇട്ട് അമ്മാനമാടിക്കളിക്കുന്ന നമുക്ക് ഇതൊന്നും അംഗീകരിക്കാന്‍ അവാത്തതാവും അല്ലേ...

      Delete
  26. പ്രിയ Yasmin...എന്റെ വാക്കുകള്‍ കുട്ടി തെറ്റിദ്ധരിച്ചുവെന്നു തോന്നുന്നു."ഒരു ജനതയ്ക്ക്..."എന്ന വാക്കുകള്‍ നബിയുടേതാണെങ്കില്‍ 'മുടന്തന്‍ ന്യായ'മെന്ന പരാമര്‍ശത്തെമാത്രമാണ് ഞാന്‍ സൂചിപ്പിച്ചത്.ഒരു ഭരണകൂട ഭീകരതയേയും,അധികാരതോന്ന്യസങ്ങളെയും ഞാന്‍ ന്യായീകരിക്കുകയല്ല.അങ്ങിനെ ഉണ്ടാവുകയുമില്ല.ഒരു സംശയം ഉന്നയിച്ചുവെന്നു മാത്രം കരുതുക.സസ്നേഹം NMK

    ReplyDelete
    Replies
    1. തെറ്റിദ്ധാരണ ഒന്നൂല്ല മാഷേ,എന്നേക്കാളും അറിവുള്ള ഒരാളുടെ അഭിപ്രായം ഞാന്‍ അംഗീകരിക്കുന്നു അത്രേയുള്ളു, ആ വാക്കുകള്‍ പ്രവാചകന്റേതാണെങ്കില്‍ അത് ഖണ്ഡിക്കാന്‍ എനിക്കെന്തവകാശം.
      സ്നേഹത്തോടേ...

      Delete
  27. നന്നായി പറഞ്ഞു ട്ടോ നോവലിനെ പറ്റി.
    വായന ഇപ്പോള്‍ വെറും ബ്ലോഗില്‍ ഒതുങ്ങിപ്പോയ എനിക്ക് ഇതൊക്കെ കാണുമ്പോള്‍ അസൂയയാണ്.
    നിങ്ങള്‍ വായിച്ചു പറയൂ. ഇത്രയെങ്കിലും അറിയാന്‍ പറ്റുമല്ലോ.

    ReplyDelete
  28. വളരെ അധികം നന്ദി .
    പോട്ട കിണറ്റിലെ തവളയെ പോലെ ഒതുങ്ങി കൂടുന്ന നാം നമുക്ക് ചുറ്റും സംഭവിക്കുന്ന ഒന്നിനെ കുറിച്ചും ചെവി കൊടുക്കുന്നെയില്ല . തന്മയത്തത്തോടെ നോവല്ലിനെ കുറിച്ച് വിവരണം വായിച്ചു കഴിഞ്ഞപ്പോള്‍ വല്ലാത്ത ഒരു മാനസികാവസ്ഥയില്‍ ആയി . യുദ്ധ മുഖങ്ങളില്‍ മനുഷ്യന്‍ അനുഭവിക്കുന്ന കഷ്ട്ടപ്പാടുകള്‍ പൊതുവേ ആളുകള്‍ വിസ്മരിക്കപ്പെടുകയാണ് . മത്ര്ത്വത്തിന്റെ പ്രകടമായ ചില നോവുകളും ഇവിടെ നമുക്ക് കാണാന്‍ സടിച്ചു . ഈ നോവലിന്റെ മലയാളം പതിപ്പ് ഉണ്ടോ ?

    ReplyDelete
  29. വളരെയേറെ പ്രയതനിച്ചു എഴുതിയ വരികള്‍ ...അതിനു ചിലപ്പോള്‍ വിമര്‍ശനം ഉണ്ടാകാം ..കാരിരിമ്പുപോലെ അതിനെ നേരിടാന്‍ ഇയാള്‍ക്ക് സാധിക്കട്ടെ ...നന്നായി .തിരയുടെ ആശംസകള്‍

    http://thirayil.blogspot.com/

    ReplyDelete
  30. പ്രീയ പെട്ട മുല്ലേ ..
    വേദനയുടെയും ദുരിതങ്ങളുടെയും തീരാമഴ ..
    നാം ഒന്നുമറിയാതെ ഉണ്ടുറങ്ങുന്നു ..
    നമ്മുടെ ഉറ്റവരുടെ ലളിതമായ ചിന്തകളില്‍
    ആകുലത പൂണ്ട് , മഴ കാണാത്തതിന്
    പൂരം കാണാന്‍ കഴിയാത്തതിന് ...
    പുഴ വക്കത്തിരുന്ന് കിനാവ് കാണാന്‍ കഴിയാത്തതിന്
    ഗൃഹാതുരത്വത്തേ കൂട്ട് പിടിച്ച് വാരി കൂട്ടുന്ന ദുഖങ്ങള്‍
    തൊട്ടപ്പുറം , എല്ലാം സ്വപ്നങ്ങളും നഷ്ടപെട്ട ഒരു കൂട്ടം ജനത !
    നമ്മെ പൊലെ എന്തൊക്കെയോ ആഗ്രഹങ്ങളും
    പേറീ ഈ ഭൂലൊകത്ത് പിറന്നു വീഴുന്നു ..
    കൂട്ടുകാരീ പകര്‍ത്തിയ ചില വരികള്‍ വല്ലാണ്ട് കൊണ്ടു
    പ്രസവമുറിയിലേ ലൈലയുടെ അവസ്ഥ മനസ്സിനേ കീറി മുറിക്കുന്നു
    ഇനി വായിക്കന്റ ഈ വരികള്‍ ,മനസ്സിലേക്ക് പകര്‍ത്തപെട്ടു -
    ആ വേദനയുടെ അംശം മുഴുവനും ..
    ഒരു രാജ്യത്തിന്റെ യുദ്ധത്തിനപ്പുറം ,കുടുംബം പൊലും
    എന്തിന് പിതാവ് പോലും മനസാക്ഷിയില്ലാതെ കടന്നു പൊകുന്ന
    എത്ര ജന്മങ്ങളാണ് മുന്നില്‍ നിറയുന്നത് ..
    യുദ്ധം ഒന്നിനും ഒരു പരിഹാരമല്ല ,അതു അവശേഷിപ്പിച്ച് പൊകുന്നത്
    ഒട്ടേറെ തലമുറകളിലേക്കുള്ള തീകനലുകളാണ് ,അതു കൊളുത്തി പൊയവര്‍
    എന്തറിയുന്നു , തീവ്രമായ പകര്‍ത്തല്‍ കൂട്ടുകാരീ ..
    ഇത്തിരി നേരം ആലൊചനയില്‍ മുഴുകീ ..എന്തൊക്കെയോ ..

    ReplyDelete
  31. വായനയില്‍ മനസ്സിനെ തൊട്ടുണര്‍ത്തിയത് പങ്കുവെച്ചതിന് നന്ദി.അല്പം കാര്യഗൌര്‍വത്തോടെ ബ്ലോഗ്ഗിംഗിനെ കാണുന്ന എഴുത്തുകാരിയാണ് മുല്ല എന്നത് ആ രചനകള്‍ തന്നെ തെളിയിക്കുന്നു. ഇനിയും മുന്നോട്ട് പടര്‍ന്ന് പന്തലിക്കട്ടെ. വേദനകളും കഷ്ടപ്പാടുകളും ദുരന്തങ്ങളും കൊണ്ട് നടുങ്ങുന്ന ഈ ലോകത്ത് പ്രത്യാശയുടെ കിരണങ്ങള്‍ അണഞ്ഞിട്ടില്ല എന്നതൊരു സത്യം തന്നെയാണ്..നന്മയുടെ ഒരു നിര നാം കാണാതെ തന്നെ അണിചേരുന്നുണ്ട്.ആക്രമം ഒന്നിനും പരിഹാരമല്ല.സമാധാനകാംക്ഷികള്‍ വര്‍ദ്ധിക്കട്ടെ.

    ReplyDelete
  32. മുല്ലേ
    മുന്‍പ് നിങ്ങളുടെ തന്നെ ഒരു പോസ്റ്റ്‌ വായിച്ചിട്ടാണ് ഞാന്‍ ''പട്ടം പറത്തുന്നവന്‍"'' വാങ്ങിയത്. വേറെ കുറെ പുസ്തകങ്ങള്‍ വായിക്കനുണ്ടായിരുന്ന്തു കൊണ്ടു വാങ്ങിയത് അങ്ങനെ തന്നെ വച്ച്. രണ്ടു ദിവസം മുന്‍പ് ആ പുസ്തകം ഉറക്കം പോലും കളഞ്ഞു വെറും രണ്ടു ദിവസം കൊണ്ടു ഞാന്‍ വായിച്ചു തീര്‍ത്ത്‌.. ......., എത്ര മനോഹരമായാണ് ഒരു വലിയ കാന്‍വാസില്‍ ആ പുസ്തകം രചിക്കപ്പെട്ടിരിക്കുന്നത്.
    ആ പുസ്തകത്തോടെ ഖാലിദ്‌ ഹുസൈനി മനസ്സില്‍ കയറി. അത് കൊണ്ടു തീര്‍ച്ചയായും ഇതും വായിക്കും . നന്ദി മുല്ലേ ഈ പരിചയപ്പെടുത്തലിനു .
    അതിന്റെ മലയാളത്തെ കുറിച്ച് അറിഞ്ഞാല്‍ ഒന്ന് വിവരമറിയിക്കുമല്ലോ ?

    ReplyDelete
    Replies
    1. പുസ്തകം ധൈര്യായിട്ട് വാങ്ങിക്കോ, ഞാന്‍ ഗാരന്റി,അത്രക്കും നന്ന്, ഇതിന്റെ മലയാളം വേര്‍ഷന്‍ ഉണ്ടെന്ന് തന്നെയാണു എന്റെ ഓര്‍മ്മ.

      Delete
  33. കുറച്ച് മുമ്പ് ഇതുപോലെ ഓര്‍ഹാന്‍ പാമുക്കിന്റെ സ്‌നൊ എന്ന ഒരു നോവല്‍ വായിച്ചിരുന്നു

    നല്ല വിവിരണം

    ReplyDelete
  34. ഇവിടെ വന്നു വായിക്കുകയും അഭിപ്രായം എഴുതുകയും ചെയ്ത എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.

    ReplyDelete
  35. നമുക്ക് യുദ്ധവും അധിനിവേശങ്ങളും ഇല്ലാത്തത് കൊണ്ടാണ് നല്ല രചനകള്‍ ഇല്ലാത്തതെന്ന് പണ്ട് മുകുന്ദന്‍ എവിടെയോ പ്രസ്താവിച്ചത് ഓര്മ വരുന്നു. ശരിയാവാം. "വിശപ്പ് " എഴുതണമെങ്കില്‍ വിശക്കുക തന്നെ വേണം. ജിയോ-പൊലിറ്റിക്കല്‍ ആയി അഫ്ഘാന്‍ കിടക്കുന്ന സ്ഥലം എല്ലാ കാലത്തും സാമ്രാജ്യത്വശക്തികളുടെ കണ്ണു പതിഞ്ഞ പ്രദേശവും അവരുടെ അധിനിവേശത്തിന്റെ ഇരയും ആയിരുന്നു. റഷ്യന്‍ പാവ നജീബുല്ലയും, അതില്‍ നിന്ന് മോചിപ്പിച്ച മുജാഹിദീനും, അവരുടെ തമിലടിയില്‍ നിന്ന് പിന്നെയും മോചിപ്പിച്ച താലിബാനും, അവരുടെ ഇരുണ്ട യുഗത്തിനറുതി വരുത്തിയ (സ്വാര്‍ത്ഥ ലക്ഷ്യത്തോടെ) അമേരിക്കയുടെ പാവ ഹാമിദ് കര്‍സായിയും അവിടെ ഭരിച്ചിട്ടുണ്ട്, ഭരിക്കുന്നുണ്ട്. പക്ഷെ അഫ്ഘാനികള്‍ ഓരോ ദുരിതപര്‍വ്വവും കടന്നു ചെന്നെത്തുന്നത് കൊടും ദുരിതങ്ങളിലേക്കാണെന്നു മാത്രം.

    ഇതിനിടയില്‍ ജീവിക്കുന്ന ഈ ഖാലിദ് ഹുസൈനി ഒരു നല്ല എഴുത്തുകാരനാണെങ്കില്‍ അത് ആ ദുരിത കാണ്ഡങ്ങളില്‍ നിന്ന് ചീന്തിയെടുത്ത ഒരു എട് തന്നെയായിരിക്കും ഈ പുസ്തകം. ആണെന്നതിന് മുല്ലയുടെ വാക്കുകള്‍ സാക്ഷ്യം നില്‍ക്കുന്നുമുണ്ട്.

    ReplyDelete
  36. ഇത്തരം രചനകള്‍ അഭിനന്ദനാര്‍ഹം ആണ്. വായനയുടെ ലോകത്തേക്ക് കുറച്ചു പേര്‍ക്കെങ്കിലും ഒരു വഴികാട്ടി ആകുന്നതു.

    ReplyDelete
  37. എത്താന്‍വൈകി.
    വായിക്കുന്നു. നന്ദി

    ReplyDelete
  38. ഒരു ദേശത്തെയും അവിടുത്തെ മനുഷ്യജന്മങ്ങളുടെയും ചിത്രം മനോഹരമായി പരിചയപ്പെടുത്തി തന്നിരിക്കുന്നു .ഒരു മുല്ല പൂവിന്‍റെ ഗന്ധമുണ്ട് ഈ രചനയ്ക്ക് .മരിയയും,ലൈലയും ചാട്ടവാറും ഒന്നും മനസ്സില്‍ നിന്ന് മായുന്നില്ല .കറുപ്പ് പാടങ്ങളുടെയും യുദ്ധങ്ങളുടെയും നാടായ അഫ്ഗാനേയും ,അവിടുത്തെ ജീവിതതയും മനോഹരമായി വിവരിച്ചിരിക്കുന്നു. ആശംസകള്‍ .

    ReplyDelete
  39. റിവ്യൂ വളരെ നന്നായിട്ടുണ്ട്, അഭിനന്ദനങ്ങൾ...

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..