എത്ര കാശ് ആകും പോയി വരാൻ ? പൂത്തകാശാണല്ലെ കൈയിൽ .. യാത്ര തുടങ്ങിയ മുതൽ കേൾക്കുന്ന ചോദ്യങ്ങൾ ആണിതെല്ലാം. കാശ് കുറെ ഉണ്ടായത് കൊണ്ട് യാത്ര പോകണം എന്നില്ല. അതിനു മനസ്സ് വേണം. യാത്ര ചെയ്യാനുള്ള ആഗ്രഹം വേണം. ഒരേ മനസ്സുള്ള കൂട്ടുകാരും ഉണ്ടെങ്കിൽ സെറ്റ്.
ബഡ്ജറ്റ് യാത്രകൾ ആയത് കൊണ്ട് ഏറ്റവും കുറഞ്ഞ നിരക്കിൽ എങ്ങനെ ഏറ്റവും കൂടുതൽ സ്ഥലങ്ങൾ കാണാം എന്നാണു ഞങ്ങൾ തിരയാറ്. വിമാന നിരക്കുകൾ കുറവുള്ള സമയം നോക്കി നേരത്തെ എടുത്ത് വെക്കുക. പോകുന്ന സ്ഥലത്തെ പബ്ലിക് ട്രാൻസ്പോർട്ട് സംവിധാനങ്ങൾ പരമാവധി ഉപയോഗപ്പെടുത്തുക. നമുക്ക് കാണാൻ ഉള്ള സ്ഥലങ്ങളുടെ അടുത്ത് താമസ സ്ഥലം അറേഞ്ച് ചെയ്യുക. അവിടുത്തെ തനത് ഭക്ഷണം കഴിക്കുക. എന്നീ കാര്യങ്ങളിൽ ശ്രദ്ധിച്ചാൽ ചിലവ് കുറക്കാൻ കഴിയും.
ഞാൻ ഇഛിക്കുന്നു
വാളമീൻ കൽപ്പിക്കുന്നു.
70 സ് 80 സ് കിഡ്സ് നു ഈ വാചകങ്ങൾ ഓർമ്മ ഉണ്ടാകും.അന്നത്തെ സോവിയറ്റ് കഥാബുക്കുകൾ . അന്ന് അതൊക്കെ വായിച്ച് എന്നെങ്കിലും ഇവിടെയൊക്കെ പോകാൻ ആകുമോ എന്ന് സ്വപ്നം കണ്ടിരുന്നു. പ്രമുഖ എഴുത്തുകാരി ബീനയുടെ ബീന കണ്ട റഷ്യ എന്ന പുസ്തകം അന്ന് മാതൃഭൂമി വാരികയിൽ ഒക്കെ വന്നിരുന്നു. അത് വായിച്ച് അന്ന് ബീനയോട് കുശുമ്പ് തോന്നിയിരുന്നു.
സ്വപ്നങ്ങളിൽ നിറഞ്ഞ് നിന്നിരുന്ന ആ പഴയ സോവിയറ്റ് രാജ്യങ്ങളിലേക്കാണു ' എന്നാൽ നമുക്ക് പോയാലോ ' എന്ന ചോദ്യം കൊണ്ട് തീരുമാനം ആകുന്നത്.
കസാക്കിസ്ഥാൻ , ഉസ്ബെക്കിസ്ഥാൻ, താജികിസ്താൻ, തുർക്ക്മെനിസ്താൻ, കിർഗിസ്ഥാൻ എന്നീ രാജ്യങ്ങൾ ഒക്കെ പഴയ സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നു.തൊട്ടടുത്ത് കിടക്കുന്ന ചെറിയ ചെറിയ രാജ്യങ്ങൾ. കസാക്കിസ്ഥാനിലേക്ക് ഇന്ത്യക്കാർക്ക് വിസ വേണ്ട. ഉസ്ബെക്കിസ്ഥാനിലേക്ക് നമുക്ക് വിസ ഓൺ അറൈവൽ ആണ്. അത് നമുക്ക് ഇവിടുന്ന് തന്നെ ഓൺ ലൈൻ ആയി എടുക്കാം. ഉസ്ബെക്കിസ്ഥാൻ ഗവർണ്മെന്റ് സൈറ്റിൽ നിന്ന് വളരെ ഈസിയായ് നമുക്ക് എടുക്കാവുന്നത് ആണ്.
Alma Ata അഥവാ Almaty , city of Apple
കസാക്കിസ്ഥാൻ കണ്ടാൽ യൂറോപ്പ് കണ്ട പോലെ ആണ് എന്ന ആമിയുടെ വാക്ക് ; അതൊന്ന് മാത്രമാണ് ഞങ്ങളെ അൽമാട്ടിയിൽ എത്തിച്ചത്. സുഹൃത്തും യാത്രക്കാരിയും ആയ ആമി സുബു അൽമാട്ടിയിൽ ഉണ്ട് എന്ന ധൈര്യത്തിൽ ആണ് ഞങ്ങൾ അൽമാട്ടിയിലേക്ക് വെച്ച് പിടിച്ചത്. രണ്ടൊ മൂന്നോ ദിവസം അൽമാട്ടിയിൽ പിന്നീട് ഉസ്ബെക്കിസ്ഥാൻ , അതായിരുന്നു പ്ലാൻ.
കസാക്കിസ്ഥാനിലെ പ്രധാനപ്പെട്ട സിറ്റി ആണ് അൽമാട്ടി. മുൻപ് അൽമാട്ടി ആയിരുന്നു കസാകിസ്ഥാന്റെ തലസ്ഥാനം. പ്രകൃതി ഭംഗി കൊണ്ട് അനുഗൃഹീതമായ പ്രദേശം. Autumn season ആയത് കൊണ്ട് മരങ്ങളെല്ലാം ഓറഞ്ചും മഞ്ഞയും ചുവപ്പും നിറങ്ങളിൽ ഉള്ള കുപ്പായങ്ങൾ അണിഞ്ഞ് മഞ്ഞ് കാലത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്ന കാഴ്ച. വൃത്തിയുള്ള നടപ്പാതകൾ , വളരെ പൊളൈറ്റും സൈലന്റും ആയ ആളുകൾ.
നന്നായി പരിപാലിക്കുന്ന പാർക്കുകൾ , സന്ദർശകർക്ക് ഇരിക്കാനുള്ള ബെഞ്ചുകൾ .പൊതു ഗതാഗത സംവിധാനം കാര്യക്ഷമാമായ് പ്രവർത്തിക്കുന്നുണ്ട്. ബസിലാണു മിക്ക സ്ഥലങ്ങളിലേക്കും ഞങ്ങൾ പോയത്.
ഡെൽഹിയിൽ നിന്നും FlyArystan ന്റെ ഫ്ലൈറ്റ് അൽമാട്ടി ഇന്റെർനാഷണൽ എയർപോർട്ടിൽ ഇറങ്ങുന്നതിനു വളരെ മുൻപ് തന്നെ മുകളിൽ നിന്നുമുള്ള ആകാശക്കാഴ്ച കണ്ട് അത്ഭുതപ്പെട്ട്പോയിരുന്നു. നിര നിരയായ് കിടക്കുന്ന മഞ്ഞ്മലകൾ, അതിങ്ങനെ കടലുപോലെ പരന്ന് കിടക്കുന്നു.അതിനു ഇപ്പുറം വിശാലമായ ഭൂമി.ആദ്യം കരുതിയത് മരുഭൂമി ആണൊ എന്നാണ്. പിന്നെയാണു ഓർത്തത് അത് സ്റ്റെപി ( steppe) ആണ് എന്ന്. സെന്റ്രൽ ഏഷ്യയിലെ ഏറ്റവും വലിയ സ്റ്റെപി ആണിത്. കസാക്കിസ്ഥാനിലൂടെ കടന്ന് പോയി ചൈന വരെ നീളുന്നുണ്ട് ഈ പുൽമേടുകൾ. ചെറിയ കുറ്റിപ്പുല്ലുകൾ നിറഞ്ഞ ജനവാസമില്ലാത്ത പ്രദേശം.
കസാക്കിലെ ഈ പുൽമേട്ടിലാണു നാസയുടെ ബഹിരാകാശ പേടകമായ സോയൂസ് Soyuz M23 യിലെ
അസ്ട്രൊനോട്ട് ആയ ഫ്രാങ്ക് റുബിയും സഹ അസ്ട്രൊനോട്ടും വന്നിറങ്ങിയത്.
കസാക്കിൽ ആയിരിക്കെ തലങ്ങും വിലങ്ങും റോക്കറ്റ് പോകുന്നത് കണ്ട് അന്തം വിട്ടിരുന്നു.ഇതെങ്ങനെ ഇവിടെ എന്ന്. പിന്നെയാണു മനസ്സിലായത് സോവിയറ്റ് യൂണിയന്റെ പ്രധാന സ്പേസ് സ്റ്റേഷൻ കസാക്കിലെ ബൈകനൂർ എന്ന സ്ഥ്ലത്ത് ആണു എന്ന്.
1957 ൽ സോവിയറ്റ് യൂണിയന്റെ ആദ്യ artificial earth satellite ആയ സ്പുട്നിക് 1 Sputnik 1 വിക്ഷേപിച്ചത് കസാക്കിസ്ഥാനിലെ ബൈകനൂർ സ്പേസ് സ്റ്റേഷനിൽ നിന്നായിരുന്നു.
സോവിയറ്റ് യൂണിയന്റെ വിഘടന ശേഷവും റഷ്യ , ബൈകനൂർ സ്പേസ് സ്റ്റേഷൻ ലീസിനു എടുത്ത് അവരുടെ പരീക്ഷണങ്ങൾ തുടരുന്നുണ്ട്.
ഇതൊക്കെ കാണാനും അറിയാനും ഉള്ള അവസരം ഇങ്ങനെയുള്ള പുറപ്പെട്ട് പോകലുകൾ കൊണ്ട് സാധ്യമാകുന്നല്ലോ എന്ന് ആലോചിച്ചപ്പൊ ഹൃദയം ഇങ്ങനെ നിറഞ്ഞ് നിറഞ്ഞ് വന്നു. യാത്രകൾകൊണ്ട് മാത്രം സാധ്യമാകുന്ന അനുഭൂതി.
കൊൽസായ് ലേക്കും (kolsai lake ) ഗ്രാന്റ് കന്യോൺ ന്റെ ( Grant canyon ) അനിയൻ charym canyon ണും.
കസാക്കിലെ ഏറ്റവും ഭംഗിയുള്ള പ്രദേശം ഏതാണെന്ന് ചോദിച്ചാൽ കസാക്കുകാർ പറയും കൊൽസായ് ലേക്ക് എന്ന്. സംഭവം സത്യമാണ് എന്ന് അവിടെ ചെന്നപ്പോൾ മനസ്സിലായി. അൽമാട്ടിയിൽ നിന്നും രണ്ട് മണിക്കൂർ യാത്ര ഉണ്ട് ഇങ്ങോട്ടേക്ക്. ബസ് ടൂറുകൾ ഉണ്ട്.ടാക്സി വിളിച്ച് പോകുകയും ചെയ്യാം. Tian shan മലകൾക്കിടയിലെ പ്രകൃതിദത്തമായ ഒരു ലേക്ക് ആണിത്. Pearl of Tian shan എന്നാണു ഇവരിതിനെ വിളിക്കുന്നത്. നീല നിറത്തിൽ മുത്ത് പോലെ തിളങ്ങുന്ന വെള്ളം. ചുറ്റും മലനിരകൾ. വീശിയടിക്കുന്ന തണുത്ത കാറ്റ്. നയന മനോഹരമായ കാഴ്ച തന്നെയാണു കൊൽസായ് ലേക്ക്. 10 km അപ്പുറം ചൈന ആണ്. ചൈനക്കാർ ഇഷ്ടംപോലെ വരുന്നുണ്ട് ഇപ്പുറത്തേക്ക് ഈ ലേയ്ക് കാണാൻ.
ഞങ്ങളുടെ ഡ്രൈവറുടെ പേരു അമിതാഭ് ബച്ചൻ എന്നായിരുന്നു.
അദ്ദേഹത്തിന്റെ ഉമ്മ അമിതാഭ് ബച്ചന്റെ വലിയ ആരാധിക ആയിരുന്നത്രെ.അങ്ങനെ ആണു തന്റെ മകനു അവർ അമിതാഭ് ബച്ചൻ എന്ന പേർ ഇടുന്നത്. ഈ അമിതാഭ് ബച്ചനു ഇംഗ്ലീഷ് ഒട്ടും അറിയില്ല. കസാക്കിലെ ഞങ്ങളുടെ സുഹൃത്തായ റാഹത്ത് അക്മത് ആണ് ദ്വിഭാഷി. റാഹത്ത് കസാക്കിലെ വലിയ ബിസിനെസ്കാരൻ ആണ്. ഫിലിം പ്രൊഡ്യൂസറും വ്ലോഗറും ആണ് കക്ഷി. ഞങ്ങൾ ഇന്ത്യയിൽ നിന്നാണ് എന്നറിഞ്ഞപ്പോൾ കസാക്ക് കാണിക്കാൻ കൂടെ വരിക ആയിരുന്നു റാഹത്തും മകൻ അസാമും.
എന്ത് നല്ല മനുഷ്യർ ആണ് ഇവരൊക്കെ എന്ന് അഹ്ലാദിച്ച് മിണ്ടിയും പറഞ്ഞും യാത്രയിൽ ഉടനീളം ഞങ്ങൾ നിറഞ്ഞ് സന്തോഷിച്ചു.
കൊൽസായ് ലേക്ക് കണ്ട് കഴിഞ്ഞ് തിരിച്ച് വരുന്ന വഴി തിരിഞ്ഞ് കുറെ ഉള്ളിലോട്ട് പോയാൽ ആണ് charym canyon . USA യിലെ ഗ്രാന്റ് കനിയോൺ ന്റെ little brother എന്നാണ് charym canyon അറിയപ്പെടുന്നത്. പ്രകൃതിയിലെ അമ്പരപ്പിക്കുന്ന ഒരു പ്രതിഭാസം തന്നെ ആണിത്. ചാരിം നദി ഒഴുകുന്നുണ്ട് താഴെ.ഈ നദിയിലെ വെള്ളമൊഴുക്ക് കൊണ്ട് ദശലക്ഷക്കണക്കിനു വർഷം എടുത്ത് രൂപപ്പെട്ടതാണു ഈ കാനിയോൺ.
വെള്ളമൊഴുക്കും കാറ്റിന്റെ പ്രഭാവം കൊണ്ടും റെഡ് സാന്റ്സ്റ്റോൺ പൊടിഞ്ഞ്തൂകി പലവിധ രൂപത്തിലും ഭാവത്തിലും ഉയർന്ന് നിൽക്കുന്നത് കാണാൻ അമ്പരപ്പിക്കുന്ന ഭംഗിയാണു. വായും പൊളിച്ച് നോക്കിനിൽക്കുക എന്നല്ലാതെ ഒന്നും ചെയ്യാനില്ല.
കിലോമീറ്റർ കണക്കിനു പരന്ന് കിടക്കുകയാണ് കനിയോൺ.ആളുകൾ നടന്ന് പോകുന്നുണ്ട്. ഇത്രെം ദൂരം നടന്നാൽ ഊപ്പാട് ഇളകും എന്നതിനാൽ ഞങ്ങൾ വണ്ടിയിൽ പോയിവന്നു.
മടക്കയാത്രയിൽ റാഹത്ത് ഇന്ത്യയെ പറ്റി ഒരുപാട് ചോദിച്ചറിഞ്ഞു. വഴിയിൽ പശുക്കളെ കാണുമ്പൊ റാഹത്തും ബച്ചനും നമസ്തെ എന്നും പറഞ്ഞ് കൈകൂപ്പും. അവരുടെ വിചാരം ഇന്ത്യയിൽ എല്ലാവരും പശുക്കളെ ആരാധിക്കുന്നവർ ആണെന്നാണ്. അങ്ങനെ അല്ല എന്നും ചെറിയ ഒരു വിഭാഗം ; തലയിൽ കൗ ഡങ്ങ് ഉള്ള കുറച്ച് പേരെ ഇങ്ങനെയുള്ളു എന്നും ഇന്ത്യയുടെ സെകുലർ മതേതര വിത്യസ്ഥത എന്നൊക്കെ കാച്ചി റാഹത്തിന്റേയും ബച്ചന്റേയും ഒക്കെ മുന്നിൽ മാനം കാക്കാൻ പെട്ട പാട്.
ഇന്ത്യ സോവിയറ്റ് ഭായീ ഭായീ..
അൽമാട്ടി എയർപോർട്ടിൽ ഇറങ്ങി ആഴ്ച കൾക്ക് ശേഷം താഷ്കെന്റ് എയർപോർട്ടിൽ നിന്നും തിരിച്ച് വരുന്ന വരെ ഞങ്ങളെ അമ്പരിപ്പിച്ച , സന്തോഷിപ്പിച്ച ഒരു കാര്യമായിരുന്നു കസാഖ് കാരുടേയും ഉസ്ബെക്ക്കാരുടേയും ഇന്ത്യക്കാരോട് ഉള്ള സ്നേഹം. ഇന്ത്യൻ ആണോ എന്നും ചോദിച്ച് നിരത്തുകളിൽ , ഷോപ്പുകളിൽ , ബസിൽ , ട്രെയിനിൽ ഒക്കെ അവർ ഞങ്ങളെ സ്നേഹം കൊണ്ട് പൊതിഞ്ഞു. ഒപ്പം ഫോട്ടൊയെടുത്തും അവരുടെ കൈയിൽ ഉള്ള അപ്പങ്ങൾ , മിഠായികൾ എന്നിവ തന്ന് കെട്ടിപ്പിടിച്ചും അവരുടെ സ്നേഹം അവർ പ്രകടിപ്പിച്ചു.
50 കളിലും 60 കളിലും ഉള്ളവർക്ക് രാജ്കുമാറിന്റേയും മിഥുൻ ചക്രവർത്തിയുടേയും പഴയ പാട്ടുകൾ മനപാഠം. ലോഭമില്ലാതെ അവരത് പാടിത്തരും.ചെറുപ്പക്കാർക്ക് ഷാരൂഖ് ഖാനും ആമിർഖാനും ഒക്കെയാണ് പ്രിയം.
മിക്കവർക്കും ഇംഗ്ലീഷ് അറിയില്ല. സ്നേഹത്തിനു ഭാഷ തടസ്സം അല്ല എന്ന് ഈ യാത്രകൊണ്ട് പിന്നേയും ഞങ്ങൾ അടിവര ഇട്ടു.
എന്ത്കൊണ്ട് ഇവർക്ക് ഇന്ത്യക്കാരോട് ഇത്രെം സ്നേഹം എന്ന് ചരിത്രം തിരക്കിപ്പോയപ്പോൾ കിട്ടിയ ചില നുറുങ്ങുകൾ.
ശീതയുദ്ധകാലത്ത് ഇന്ത്യയും യുഎസ് എസ് ആറും ഒരേ ചേരിയിൽ ആയിരുന്നു . ആ സമയങ്ങളിൽ ഇന്ത്യക്ക് യു എസ് എസ് ആറിന്റെ എകണോമിക് സപ്പോർട്ട് നന്നായി ലഭിച്ചിട്ടുണ്ട്.1971 ൽ ഇന്ത്യയും യു എസ് എസ് ആറും തമ്മിൽ ഉണ്ടാക്കിയ ട്രീറ്റി ; സമാധാനം സാഹോദര്യം , സഹവർത്തിത്വം എന്നിവയിൽ ഊന്നി ആയിരുന്നു.
1966 ൽ indo soviet peace treaty യിൽ ഒപ്പ് വെച്ച ലാൽബഹദൂർ ശാസ്ത്രി താഷ്കെന്റിലെ ഹോട്ടലിൽ വെച്ച് ദുരൂഹസാഹചര്യത്തിൽ മരണപ്പെടുക ആയിരുന്നു. താഷ്കന്റിൽ എത്തിയ ഞങ്ങൾ ആദ്യം പോയത് ശാസ്ത്രിയെ കാണാൻ ആയിരുന്നു. ശാസ്ത്രി മെമ്മോറിയൽ നന്നായി പരിപാലിക്കപ്പെടുന്നുണ്ട്. ശാസ്ത്രി സ്ട്രീറ്റ് എന്നാണ് ആ ഭാഗത്തിന്റെ പേർ.
പ്രകാശം പരത്തുന്നവർ
ജീവിതവഴികളിൽ നമ്മൾ ഒരുപാട് മനുഷ്യരെ കണ്ട്മുട്ടാറുണ്ട്. ചിലർ പതുക്കെ അങ്ങ് കടന്ന്പോകും , ചിലമനുഷ്യർ കുറച്ച് കാലം കൂടെ ഉണ്ടാകും.തിരിഞ്ഞ് നോക്കാതെ പോകുന്നവരും ഉണ്ട്. വളരെ കുറച്ച് മനുഷ്യരെ നമ്മുടെ മനസ്സിലേക്ക് ഇടിച്ച് കയറി വന്ന് അവിടെ കസേരയിട്ട് ഇരിക്കു. അങ്ങനെ ഞങ്ങൾക്കിടയിലേക്ക് പൊടുന്നനെ കയറിവന്ന് പ്രകാശവും സൗരഭ്യവും വാരിക്കോരിത്തൂകിയ ഒന്നാന്തരം ഒരു മനുഷ്യത്തിയാണു ആമി സുബു. അവളവിടെ ഉള്ളത് കൊണ്ട് മാത്രമാണ് ഞങ്ങൾ കസാഖിലേക്ക് Detour അടിച്ചത്. ഒട്ടും നഷ്ടമായില്ല ആ തീരുമാനം.
നിങ്ങൾ കുതിര ഇറച്ചി കഴിക്കുമോ എന്ന ആമിയുടെ ചോദ്യത്തിനു കഴിക്കും എന്ന് പറയുമ്പോൾ പോലും എനിക്ക് അറിയില്ലായിരുന്നു കുതിര ഇറച്ചി സാധാരണ ആളുകൾ കഴിക്കും എന്ന്. ആടും കുതിര ചാടും കുതിര വെള്ളം കണ്ടാൽ നിൽക്കും കുതിര എന്നല്ലാതെ ഈ സാധനത്തിനെ റോസ്റ്റാക്കി തട്ടാൻ പറ്റും എന്ന് ഞാൻ ആലോചിച്ചിരുന്നില്ല. എന്തായാലും സംഭവം സൂപ്പർ ആയിരുന്നു.ആമിയുടെ കൈപുണ്യം ആണൊ കുതിരയിറച്ചിയുടെ സ്വാദ് ആണോന്ന് അറിയില്ല. നാവിൽ ഇപ്പോഴും ആ രുചി ഉണ്ട്.അടുത്തിടെ ഒന്നും ഇത്രയും സ്വാദോടെ ഞാൻ ഭക്ഷണം കഴിച്ചിട്ടില്ല. കുതിരപ്പാലും കസാഖ് കാർ കഴിക്കുമത്രെ.കറന്നപാട് കഴിക്കണം പോലും.
കുതിരയിറച്ചി റോസ്റ്റും ചപ്പാത്തിയും ചിക്കൻ പൊരിച്ചതും ഒക്കെ വയറു നിറച്ച് കഴിച്ച് , അൽമാട്ടിയിലെ തെരുവുകളിലൂടെ ഞങ്ങൾ നടന്നു. പാതയോരങ്ങളിലും പാർക്കുകളിലും ഓറഞ്ചും മഞ്ഞയും നിറമുള്ള ഇലകളുമായ് പൂത്ത് നിൽക്കുന്ന മരങ്ങൾ. മഴ ചാറുന്നുണ്ടായിരുന്നു. കൊറിയൻ സീരീസുകളിൽ കണ്ടിട്ടുണ്ട് കോട്ടും ഇട്ട് ആളുകൾ മഴയത്ത് നടന്ന് പോകുന്നത്. അത്പോലെ , ഗോബ്ലിനെയും
, ഗോബ്ലിന്റെ ബ്രൈഡിനേയും ഒക്കെ ഓർത്ത് ആ മഴച്ചാറലിലൂടെ തണുപ്പിനെ വക വെക്കാതെ ഞങ്ങൾ ചുമ്മാ നടന്ന് പോയി. ജീവിതത്തിൽ ഒരിക്കലും മറക്കാൻ ഇടയില്ലാത്ത ഒരു പകൽ ആയിരുന്നു അത്.
ബോർഡർ ക്രോസ്സിങ്ങ്.
അൽമാട്ടിയിൽ നിന്നും ഉസ്ബെക്കിസ്ഥാൻ ന്റെ കാപിറ്റൽ ആയ താഷ്കെന്റിലേക്ക് പോകാൻ ഫ്ലൈറ്റ് , ട്രെയിൻ , ബസ് , ടാക്സി എന്നീ സൗകര്യങ്ങൾ ആണ് ഉള്ളത്. ഫ്ലൈറ്റ് ചാർജ് കൂടുതൽ ആയത് കൊണ്ടും രാത്രി ട്രെയിൽ ലഭ്യമല്ലാത്തതിനാലും ഞങ്ങൾ രാത്രി ബസിൽ ആണ് താഷ്കന്റ് ലേക്ക് പോയത്. 15 മണിക്കൂർ യാത്ര ഉണ്ട്. വൈകീട്ട് ബസ് കയറാൻ ചെന്ന ഞങ്ങളെ രാജ്കുമാറിന്റേയും മിഥുൻ ചക്രവർത്തിയുടേയും ഒക്കെ പാട്ടുകൾ പാടി ആരവത്തോടെയാണു എതിരേറ്റത്. സ്ലീപ്പർ ബസ് ആയിരുന്നു അത്.സൗകര്യമായ് കിടന്ന് ഉറങ്ങാം. ഇടക്ക് ഒന്ന് രണ്ട് സ്ഥലങ്ങളിൽ ഭക്ഷണം കഴിക്കാനും ടോയിലറ്റ് പോകാനും ഒക്കെ ആയി നിർത്തിയിരുന്നു. കൈയിലുള്ള ടെങ്ക മുഴുവനും ഞങ്ങൾഅൽമാട്ടിയിൽ ചിലവാക്കിയിരുന്നു.മൂത്രമൊഴിക്
രാവിലെ 8 മണി ആയപ്പോൾ ബസ് നിർത്തി കണ്ടക്ടർ വന്ന് എന്തോക്കെയോ പറഞ്ഞു. ബോർഡർ ചെക്കിങ്ങിനു ഇറങ്ങാൻ പറഞ്ഞതാണു എന്ന് ബാക്കി യാത്രക്കാരുടെ ഭാവഹാദികൾ കണ്ടപ്പോൾ മനസ്സിലായി. ബസിൽ ഒപ്പം ഉണ്ടായിരുന്ന ആളുകളുടെ മുഖങ്ങൾ പരമാവധി മനസ്സിൽ സ്കാൻ ആക്കി അവർക്ക് പിന്നാലെ ഞങ്ങളും ഇറങ്ങി. ലഗേജ് എല്ലാം എടുത്ത് ആളുകൾ പോണ വഴിയെ നടന്നു. നല്ല ക്യൂ ആണ്. ലോഭം ഇല്ലാതെ സലാമലൈക്കും , വലൈക്കും സലാമും എടുത്ത് വാരിവിതറി ചെക്കിങ്ങ് കൗണ്ടറിനു മുന്നിൽ എത്തി. പാസ്സ്പോർട്ട് കണ്ടപ്പോൾ ചിരിച്ച് കൊണ്ട് അയാളും സലാം പറഞ്ഞു. പാസ്സ്പോർട്ടിൽ സീൽ അടിച്ച് കിട്ടിയപ്പോൾ സമാധാനം ആയി.ഇതിനായിരുന്നോ ഇത്രേം ടെൻഷൻ അടിച്ചത് എന്നോർത്ത് പുറത്തേക്ക് നടന്നു. ഞങ്ങളെയും കാത്ത് ബസിൽ ഒപ്പം ഉണ്ടായിരുന്ന ലേഡി കാത്ത് നിൽപ്പുണ്ടായിരുന്നു.അവർക്ക് അറിയാമായിരുന്നു ഞങ്ങൾ ബസ് കാണാതെ വിഷമിക്കും എന്ന്. വീണ്ടും ലഗേജ് എല്ലാം ബസിൽ കയറ്റി ഒരു മണിക്കുറിൽ അധികം യാത്ര ചെയ്തിട്ടാണു താഷ്കന്റ് ബസ് സ്റ്റേഷനിൽ എത്തിയത്.
പുറപ്പെട്ട്പോകലിന്റെ രസതന്ത്രം.
എന്നും ടൂറിൽ ആണല്ലേ , അടുത്തത് എങ്ങോട്ടാ , എന്തൊരു ഭാഗ്യമാണു , ഇതിനൊക്കെ ഭർത്താവ് സമ്മതിക്കുമോ തുടങ്ങി ഒരു ഭാഗത്ത് അടങ്ങി ഇരുന്നൂടെ എന്ന ചോദ്യങ്ങൾ , പ്രസ്താവനകൾ. കാണുന്ന പോലെ എളുപ്പം അല്ല ഈ യാത്രകൾ .
ഒരു ഡെസ്റ്റിനേഷൻ മനസിൽ കയറിക്കഴിഞ്ഞാൽ ; അത് കിട്ടുക എന്നോ കണ്ട ഒരു സിനിമയിൽ നിന്നായിരിക്കാം, അല്ലെങ്കിൽ വായിച്ച ഒരു പുസ്തകത്തിൽ നിന്നായിരിക്കാം , ഒരു സ്വപ്നം പോലെ അതിങ്ങനെ മനസിനകത്ത് കിടന്ന് വലുതായ് വലുതായ് വരും. അവഗണിക്കാൻ പറ്റാതെ കിരുകിരുപ്പ് ആകുമ്പോഴാണു എന്നാപിന്നെ പോയ്ക്കളയാം എന്ന് തീരുമാനിക്കുക. നമ്മുടെ അതേ വൈബ് ഉള്ള ഒരാളെ കൂടെകിട്ടുക എന്നതാണ് ഏതൊരു യാത്രയുടേയും ആദ്യകടമ്പ.
ഒന്നോ രണ്ടൊ ദിവസത്തെ യാത്ര ആണെങ്കിൽ നമുക്ക് ആരുടെ കൂടെയും പോയി വരാൻ ആകും.അതിൽ കൂടുതൽ എടുക്കുന്ന യാത്രകൾക്ക് നമ്മുടെ അതേ ചിന്താഗതി ഉള്ളവർ അല്ലെങ്കിൽ ട്രിപ് ജഗപൊക ആയത് തന്നെ.
ഡെസ്റ്റിനേഷനും ആളും റെഡിയായ് കഴിഞ്ഞാൽ പിന്നെ ഫുൾ അരിച്ച്പെറുക്കൽ ആണ്. ഡിറ്റെയിൽഡ് സ്റ്റഡി. സാധ്യമായ എല്ലാ സോഴ്സും ഉപയോഗിച്ച് അരച്ച്കലക്കിക്കുടിക്കൽ. പോകുന്നതിനു മുൻപ് അവിടുത്തെ ഒരുവിധം കാര്യങ്ങളൊക്കെ നമുക്ക് മനപാഠമായിട്ട് ഉണ്ടാകും. നല്ല രസമുള്ള പരിപാടി ആണത്. ഒന്നോ രണ്ടൊ മാസങ്ങൾ എടുത്തിട്ടാണു നമ്മളീ ഡാറ്റകൾ ശേഖരിക്കുന്നത്. ഇത് വെച്ച് ഫൈനൽ ഇറ്റിനെററി ഉണ്ടാക്കും. ഏറ്റവും ചീപ്പ് ഫ്ലൈറ്റ് നോക്കി ബുക്ക് ചെയ്യും. ഒരു പകൽ ലേ ഓവർ ഉണ്ടെങ്കിൽ , അവിടെ എങ്ങനെ എക്സ്പ്ലോർ ചെയ്യാം എന്ന് ആലോചിക്കും. ബുക്കിങ്ങ്.കോമിലെ ഹോട്ടൽ റിവ്യൂസ് വായിച്ചാണു സ്റ്റേ ബുക്ക് ചെയ്യുക. മിനക്കെട്ട പണി ആണത്.ചിലപ്പൊ 200 , 300 റിവ്യൂസ് ഒക്കെ നോക്കെണ്ടിവരും .ബഡ്ജറ്റ് സ്റ്റേ നോക്കി ബുക്ക് ചെയ്ത് ഹോട്ടലിനെ നേരിട്ട് കോണ്ടാക്റ്റ് ചെയ്ത് അവരുമായ് പേർസണൽ ബന്ധം ഉണ്ടാക്കും.
അത് പോലെ ഓരോ രാജ്യത്തിന്റേയും കമ്യൂണിറ്റി ഗ്രൂപ്പുകൾ , ട്രാവെൽ ഗ്രൂപ്പുകൾ ഒക്കെ ഉണ്ട് സോഷ്യൽ മീഡിയയിൽ.അവയിൽ എല്ലാം പോയി ചേർന്ന് അവരുമായ് കമ്യൂണികേറ്റ് ചെയ്ത് നമുക്ക് സംശയങ്ങൾ തീർക്കാവുന്നതാണു.
ഇങ്ങനെയൊക്കെ വർക്ക് ചെയ്ത് വളരെ ഭംഗിയായ് ഒരു ട്രിപ് ഓർഗനൈസ് ചെയ്ത് വരുമ്പോഴായിരിക്കും ചിലരുടെ ചോദ്യം. എന്നും ടൂറാണല്ലൊ എന്ന്. ചുമ്മാ ഒരു ചിരി ചിരിക്കുകയല്ലാതെ മറുപടി പറയാറില്ല അതിനൊന്നും.
ഉസ്ബെക്കിസ്ഥാൻ എന്ന സ്വപ്നം.
താഷ്കെന്റ് ബസ് സ്റ്റേഷനിൽ ഇറങ്ങിയതും ടാക്സിക്കാർ ഞങ്ങൾ പൊതിഞ്ഞു. ആർക്കും ഇംഗ്ലീഷ് അറിയില്ല. വൈഫൈ ഇല്ല, സിം കാർഡ് എടുത്തിട്ടും ഇല്ല. അല്പസ്വല്പം ഇംഗ്ലീഷ് അറിയാവുന്ന ഒരാളെ കണ്ടപ്പോൾ അയാളെ കൊണ്ട് ഹോട്ടലിലേക്ക് വിളിപ്പിച്ചു അഡ്രസ് പറഞ്ഞ്കൊടുത്ത് ഒരു ടാക്സിക്കാരനെ സെറ്റാക്കി. ഉസ്ബെക്കിലേക്കും കസാഖിലേക്കും വരുന്നവർ ചെറിയ ഡെനോമിനേഷനിൽ ഉള്ള ഡോളർ കൊണ്ട് വരരുത്.100 ന്റെ നോട്ട്കൾ ആണ് നല്ലത്.അത് മാറ്റിയെടുക്കാൻ ഉള്ള സംവിധാനം എല്ലായിടത്തും ഉണ്ട്.
താഷ്കെന്റ് എയർപോർട്ട് വഴി ആണ് വരുന്നത് എങ്കിൽ ടൂറിസ്റ്റ് സിം കാർഡ് അവിടെ നിന്ന് തന്നെ വാങ്ങുക. ഞങ്ങൾ ബസിലാണു വന്നത് എന്നത് കൊണ്ട് ടൗണിൽ പോയി തപ്പിക്കണ്ട്പിടിച്ച് സിം കാർഡ് എടുത്തു
Ucell ,beeline എന്നിവയൊക്കെ ആണ് പ്രധാനസേവനധാതാക്കൾ. ആലോചിക്കുമ്പൊ ഇപ്പോഴും ഞങ്ങൾക്ക് അത്ഭുതമാണു. ജനിച്ച് വളർന്ന നാട്ടിൽ നിന്നും എത്രയോ അകലെ ഒരു രാജ്യത്തേക്ക് , അവിടെ അറിയാവുന്നവർ ഇല്ല , ഭാഷ അറിയില്ല. അങ്ങനൊരു രാജ്യത്ത് വന്നിറങ്ങിയിട്ട് ടൗൺ മുഴുവൻ നടന്നും ചോദിച്ചും പറഞ്ഞും സിം കാർഡ് കിട്ടുന്ന സ്ഥലം കണ്ടെത്തി .
മനുഷ്യരിൽ ഉള്ള വിശ്വാസം തന്നെ ആണ് ഇത്രയും ദൂരെ ഇങ്ങനെ ടെൻഷൻസ് ഏതുമില്ലാതെ ഇറങ്ങിനടക്കാൻ പ്രേരിപ്പിക്കുന്ന ഘടകം.
നാട്ടിൽ നിന്നുതന്നെ yandex go App ഡൗൺലോഡ് ആക്കി രെജിസ്റ്റർ ചെയ്ത് വെച്ചിട്ട് ഉണ്ടായിരുന്നു. പുതിയ സിം ഇട്ടതോടെ അത് ആക്റ്റിവേറ്റ് ആയി. ഉസ്ബെക്കിലും കസാഖിലും yandex App ഉപയോഗിക്കാം.ടാക്സി ചിലവ് കുറവ് ആണ്.
കാണുന്ന ആൾക്കാരോട് എല്ലാം ചിരിച്ചും മിണ്ടിയും ലോഹ്യം പറഞ്ഞും ഒപ്പം ഫോട്ടോയെടുത്തും അവർ സ്നേഹത്തോടെ സമ്മാനിക്കുന്ന പഴങ്ങളും കേക്കുകളും ഒക്കെ തിന്നും ഞങ്ങൾ കണ്ട സ്വപ്നത്തെ ഏറ്റവും കളർഫുൾ ആക്കി യാത്ര എന്നത് ഞങ്ങൾ അനുഭവിച്ചു.
താഷ്കെന്റ് മെട്രൊ സ്റ്റേഷൻ
താഷ്കെന്റ് ട്രിപ്പിൽ ഒഴിച്ച് കൂടാൻ ആകാത്ത ഒന്നാണു താഷ്കന്റ് മെട്രൊ സ്റ്റേഷൻ ടൂർ.
സെൻട്രൽ ഏഷ്യയിലെ ആദ്യത്തെ മെട്രൊ സിസ്റ്റെം ആണ് താഷ്കെന്റെ മെട്രൊ. 1977 ൽ ആണു ഇത് പബ്ലിക്നു തുറന്ന് കൊടുക്കുന്നത്.സോവിയറ്റ് യൂണിയന്റെ പ്രതാപവും ടെക്നോളജിയിൽ ഉള്ള മുന്നേറ്റവും വിളിച്ചോതുന്ന അടയാളങ്ങൾ ആണ് ഓരോ സ്റ്റേഷനുകളും. പണ്ട് ഇവിടെ കാമറ ഉപയോഗിക്കാനോ ഫോട്ടോസ് എടുക്കാനോ ഉള്ള അനുവാദം ഉണ്ടായിരുന്നില്ല.പക്ഷെ ഇപ്പോൾ ടൂറിസം സാധ്യതകൾ മുന്നിൽകണ്ട് ഫോട്ടൊയെടുപ്പ് അനുവദിനീയം ആണ്.
സ്റ്റാൻലിന്റെ കാലത്ത് തൊഴിലാളികളെ ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്ക് കൊണ്ട്പോകാനായി ആണ് ആദ്യത്തെ മെട്രൊ ആയ മോസ്കൊ മെട്രൊ നടപ്പിലാക്കുന്നത്. മെട്രോ സ്റ്റേഷനുകൾ എന്തിനാണ് ഇങ്ങനെ കൊട്ടാരങ്ങൾ പോലെ ഉണ്ടാക്കിവെച്ചിരിക്കുന്നത് എന്ന് അത്ഭുതപ്പെടുമ്പോഴാണു അതിനു പിന്നിലെ സോവിയറ്റ് മനശാസ്ത്രം അറിയുന്നത്. സാധാരണ ജനങ്ങൾക്ക് സോവിയറ്റ് ഭരണത്തിന്റെ പ്രതാപം അറിയാനും അതിൽ അഭിമാനം കൊള്ളാനും ഉള്ള ഭരണതന്ത്രം. ജനങ്ങളെ മെസ്മറൈസ് ആക്കാൻ ഉള്ള കാഞ്ഞബുദ്ധി.
അതെന്തായാലും ലോകത്തിലെ ഏറ്റവും മനോഹരമായ മെട്രൊ ആണ് മോസ്കൊ മെട്രൊ.
പിന്നീട് സെയിന്റ് പീറ്റേർസ്ബർഗ്, kyiv,Baku ,kharkiv തുടങ്ങി അവസാനം ആണു താഷ്കെന്റ് മെട്രൊ നിലവിൽ വന്നത്. പല സ്റ്റേഷനുകളും യുദ്ധകാലത്ത് ബങ്കറുകൾ ആയി ഉപയോഗിച്ചിരുന്നുവത്രെ. സ്റ്റേഷനുകൾക്കിടയിലെ സബ് വേക്ക് അകത്ത് കൂടെ നടക്കുമ്പോൾ അവിടെ പണ്ട് കാലത്ത് അഭയം തേടി കൂനിക്കൂടി ഇരുന്നിരുന്നവരെ ഓർത്തു. ബോംബുകൾക്കിടയിലൂടെ ഓടിവന്നവർ, കുട്ടികൾ , പ്രായം ചെന്നവർ , അസുഖബാധിതർ..
ചരിത്രത്തിന്റെ ഭാഗം ആകുകയായിരുന്നു ഞങ്ങളും.
പോകുന്നതിനു മുന്നെ താഷ്കെന്റ് മെട്രൊയുടെ മാപ് പ്രിന്റ് എടുത്ത് കാണാൻ ആഗ്രഹിക്കുന്ന സ്റ്റേഷനുകൾ അടയാളപ്പെടുത്തി വെച്ചിരുന്നു.
ഓരോ സ്റ്റേഷനും ഓരോ തീമിൽ ആണ് ഡിസൈൻ ചെയ്തിരിക്കുന്നത്. സോവിയറ്റ് & ഉസ്ബെക് കൾചർ മിക്സ് ചെയ്ത തീം ആയത് കൊണ്ട് ഓരോന്നും unique ആയി നിലനിൽക്കുന്നു.
ഇൻലെ വർക്ക് ചെയ്ത തിളങ്ങുന്ന മൊസൈകുകൾ കൊണ്ട് അലങ്കരിച്ച സ്റ്റേഷനുകൾ. മിന്നുന്ന നിറങ്ങൾ , ഉസ്ബെകിസ്താൻ പൈതൃകം വിളിച്ചോതുന്ന കൊത്തുപണികൾ , തിളങ്ങുന്ന കൂറ്റൻ ഷാന്റ്ലിയറുകൾ. എല്ലാം കൂടെ വേറെ ഏതോ ലോകത്ത് ചെന്ന് പെട്ട പ്രതീതി.
3 ലൈൻ ആണ് താഷ്കന്റ് മെട്രൊ. ചിലൊൻസർ ലൈൻ( റെഡ് ലൈൻ) ഉസ്ബെക്കിയോൺ ലൈൻ ( ബ്ലു ലൈൻ ), യുനുസൊബോഡ് ( ഗ്രീൻ ലൈൻ )
ടികെറ്റ് വളരെ കുറവ് ആണ്. 1000 സോം .ടിക്കെറ്റ് എടുത്ത് അകത്ത് കയറി എത്ര ദൂരം വേണമെങ്കിലും ട്രെയിനുകൾ മാറി മാറി കയറി യാത്ര ചെയ്യാം. സ്റ്റേഷനു പുറത്ത് ഇറങ്ങാഞ്ഞാൽ മതി .താഷ്കെന്റിൽ ഞങ്ങൾ താമസിച്ച ഹോട്ടലിന്റെ തൊട്ട് ഉള്ള മെട്രൊ സ്റ്റേഷനിൽ നിന്നും ടികെറ്റ് എടുത്ത് കയറിയ ഞങ്ങൾ മൂന്ന് ലൈനിലൂടെയും തലങ്ങും വിലങ്ങും യാത്ര ചെയ്തു. മാപ്പിൽ മാർക്ക് ചെയ്ത് വെച്ചിരുന്ന ഓരോ സ്റ്റേഷനിലും ഇറങ്ങി , ഫോട്ടോ എടുത്തും യാത്രക്കാരോടും ഗാർഡ്മാരോടും സംസാരിച്ച് വിവരങ്ങൾ ചോദിച്ചറിഞ്ഞും മെട്രൊ യാത്ര ഞങ്ങൾ അവിസ്മരണീയമാക്കി.
സോവിയറ്റ് കാലത്ത് ഉപയോഗിച്ചിരുന്ന അതേ വാഗണുകൾ ആണ് ഇപ്പോഴും ഉപയോഗിക്കുന്നത് എന്നതാണ് ഹൈലൈറ്റ്.
ആരൽ സീ ഡിസാസ്റ്റർ
സോവിയറ്റ് കാലത്ത് ഉസ്ബെക്കിസ്ഥാൻ ആയിരുന്നു ലോകത്തിലെ കോട്ടൺ ഉല്പാദനത്തിന്റെ മുന്നിൽ. വൈറ്റ് ഗോൾഡ് എന്ന് അറിയപ്പെട്ടിരുന്ന കോട്ടൺ ഉസ്ബെക്കിസ്ഥാൻ ന്റെ സ്റ്റാറ്റസ് സിംബൽ ആയിരുന്നു. സ്റ്റാലിന്റെ കാലത്ത് വൻതോതിൽ ഉല്പാദനം വർദ്ധിപ്പിക്കാൻ ആയി , സെൻട്രൽ ഏഷ്യയിലെ ഏറ്റവും വലിയ സാൾട്ട് ലേക്ക് ആയിരുന്ന ആരൽ സീയുടെ രണ്ട് പോഷക നദികളായ സിർ ദാരിയ , അമു ദാരിയ എന്നിവയെ കോട്ടൺ വയലുകളിലേക്ക് വഴിതിരിച്ച് വിട്ടു. അശാസ്ത്രീയമായ ഇറിഗേഷൻ രീതികൾ കാരണം കനാലുകളിലൂടെ ഒഴുക്കിയ വെള്ളം വയലുകളിലേക്ക് എത്തുന്നതിനു മുൻപ് മണ്ണിലേക്ക് ഒലിച്ചിറങ്ങി നഷ്ടമാകുകയും , കൂടുതൽ കൂടുതൽ വെള്ളം കനാലിലൂടെ തിരിച്ച് വിടുകയും ചെയ്തു. അതോടെ ആരൽസീ വറ്റുകയും ആ തടാകത്തെ ആശ്രയിച്ച് കഴിഞ്ഞിരുന്ന ഒരു പ്രദേശം അപ്പാടെ ദാരിദ്ര്യത്തിലേക്ക് കൂപ്പ് കുത്തുകയും ചെയ്തു. Moynaq എന്ന ഗ്രാമവാസികളുടെ ആശ്രയമായിരുന്നു ആരൽ തടാകം. മൽസ്യബന്ധനം ആയിരുന്നു മൊയ്നാക് കാരുടെ ഉപജീവന മാർഗം. ഇന്ന് ഉസ്ബെക്കിസ്ഥാനിലെ ഏറ്റവും ദാരിദ്ര്യം പിടിച്ച ഒരു പ്രദേശം ആണിത്. മരുഭൂമി ആയി മാറിയ തടാകത്തിലെ ഉപ്പിന്റെ സാന്ദ്രത പതിന്മടങ്ങ് വർദ്ധിക്കുകയും , അടിഞ്ഞ് കൂടിയ രാസവളങ്ങളും മറ്റ് വേയ്സ്റ്റുകളും നിറഞ്ഞ് ഉപേക്ഷിക്കപ്പെട്ട രീതിയിലും കിടക്കുന്ന കാഴ്ച വേദനിപ്പിക്കുന്നത് ആണ് . മൊയ്നാക്കുകാർ മിക്കവരും ശ്വാസകോശരോഗികൾ ആണ്. ഒരു കാലത്ത് മൽസ്യബന്ധന തുറമുഖം ആയിരുന്ന തീരം ഇപ്പോൾ തകർന്ന് കിടക്കുന്ന കപ്പലുകളുടെ ശവപ്പറമ്പ് ആണ്.
ലോകത്ത് നിലവിൽ ഉള്ള മാൻ മെയിഡ് ഡിസാസ്റ്റർന്റെ ഉത്തമ ഉദാഹരണം ആണു ആരൽ സീ ഡിസാസ്റ്റർ.
ഉസ്ബെക് - കസാഖ് ബോർഡറിൽ ആണ് ആരാൽസീ. കസാക്കിസ്ഥാന്റെ ഭാഗത്ത് നിന്നും ആരാൽ തടാകത്തെ പുനരുദ്ധാരണം ചെയ്യാനുള്ള പ്രവർത്തനങ്ങൾ തകൃതിയായ് നടക്കുന്നുണ്ട്.
ആരാൽ തടാകം ഇപ്പോൾ ഒരു ടൂറിസ്റ്റ് ലോക്കേഷൻ ആണ്. എത്തിപ്പെടാൻ ബുദ്ധിമുട്ട് ആണ്. ഒന്നുകിൽ താഷ്കന്റ് നിന്നും ഫ്ലൈറ്റിൽ നുകുസ് ഇറങ്ങി ഷെയർ ടാക്സി.അല്ലെങ്കിൽ കിവയിൽ നിന്നും നുകുസ് ലേക്ക് ട്രെയിൻ പിന്നെ ഷെയർ ടാക്സി. രണ്ടായാലും രണ്ട് ദിവസം അധികം പ്ലാനിൽ കാണണം.
ആർക്കാണു ഇത്ര ധൃതി .
യാത്ര തീരുമാനിച്ചതിനു ശേഷം ആദ്യം ചെയ്ത കാര്യം ഉസ്ബെക്കിസ്ഥാനിലെ വിവിധ ഭാഗങ്ങളിലേക്ക് ഉള്ള ട്രെയിൻ ടിക്കറ്റുകൾ എടുത്ത് വെക്കുക എന്നതാണ്. ഓൺലൈൻ ആയി ഉസ്ബെക് റെയിൽ വേ സൈറ്റിൽ നിന്നും നമുക്ക് ടിക്കറ്റ് എടുക്കാം. സാധാരണ ട്രെയിൻ , ഷാർക്ക് ട്രെയിൻ പിന്നെ അഫ്രാസിയോബ് അഥവാ ബുള്ളറ്റ് ട്രെയിൻ എന്നിങ്ങനെ ആണ് ഓപ്ഷൻ. താഷ്കെന്റ് നിന്നും സമർകണ്ടിലേക്ക് ഏകദേശം 350 കിലോമീറ്റർ ഉണ്ടാകും. രണ്ട് മണിക്കൂർ കൊണ്ട് ഈ ബുള്ളറ്റ് ട്രെയിൻ ഓടിയെത്തും. ബഡ്ജറ്റ് ട്രാവലേർസിനെ സംബന്ധിച്ച് വളരെ ഉപകാരപ്രദമാണു ബുള്ളറ്റ് ട്രെയിനുകൾ. അതിരാവിലെ ഉള്ള ട്രെയിനിൽ സമർകണ്ടിലേക്ക് വന്നാൽ ആ ദിവസം കൂടെ നമുക്ക് സമർകണ്ട് എക്സ്പ്ലോർ ചെയ്യാനാകും. അത്യാധുനിക സംവിധാനങ്ങളാണു ഈ ട്രെയിനുകളിൽ ഒരുക്കിയിരിക്കുന്നത്. വിശാലമായ ഉൾഭാഗങ്ങളും സൗകര്യം ഉള്ള ഇരിപ്പിടങ്ങളും. ഫ്ലൈറ്റ് അറ്റന്റേർസിന്റെ പോലെ യൂണിഫോം ധരിച്ച ജീവനക്കാർ. പാസ്സ്പോർട്ടും ടിക്കറ്റും പരിശോധിച്ച ശേഷമേ ട്രെയിനിനു അകത്ത് കയറ്റു. സ്നാക്ക്സും ചായയും വിളമ്പുന്നുണ്ട്.അത് ടിക്കറ്റിന്റെ കൂടെ ഉള്ളതാണ്. സമയനിഷ്ഠ കിറുകൃത്യം. താഷ്കെന്റ് വിട്ടാൽ പിന്നെ സമർകണ്ട് ആണ് സ്റ്റോപ്പ്.
കേരളത്തിലേയും ഇന്ത്യയിലേയും ട്രെയിൻ യാത്രയുടെ ദുരിതങ്ങൾ ഓർക്കുമ്പൊ ആണ് ഈ സിസ്റ്റത്തിന്റെ പ്രാധാന്യം മനസ്സിലാകുക. നിരക്കുകളും കുറവ് ആണ്. ഒരാൾക്ക് 700 റേഞ്ചിൽ മാത്രമെ ബുള്ളറ്റ് ട്രെയിൻ ടിക്കറ്റ് നിരക്ക് ആകുകയുള്ളു. സമർകണ്ടിൽ നിന്നും ബുഖാറയിലേക്കുള്ള 275 കിലോമീറ്റർ ഓടിയെത്തിയത് ഒന്നര മണിക്കൂർ കൊണ്ട്. വളരെ റിലാക്സ് ആയിട്ട് ആസ്വദിച്ച് യാത്ര ചെയ്യാം.
ബുള്ളറ്റ് ട്രെയിനുകളും അതിവേഗ റെയിൽ പാതകളും കേരളത്തിൽ ആവശ്യമാണ്. അതിനെതിരെ കവിത എഴുതിയിട്ടും പാരിസ്ഥിതിക വാദം നിരത്തിയിട്ടും കാര്യം ഇല്ല.
സിൽക്ക് റൂട്ടിലെ പാതിരാനടത്തം.
പൗരാണിക കാലത്ത് ഇന്ത്യ ചൈന വാണിജ്യാവശ്യങ്ങൾക്കായി ഉപയോഗിച്ചിരുന്ന പ്രധാന പാത ആയിരുന്നു സിൽക്ക് റൂട്ട്. ഇന്ത്യയിൽ നിന്നു ചൈനയിലേക്കും തിരിച്ചും കച്ചവടക്കാർ തങ്ങളുടെ ഉൽപ്പന്നങ്ങളുമായ് യാത്ര ചെയ്തു. ഇന്ത്യക്കും ചൈനക്കും ഇടക്ക് ഈ പാതയിലെ ഒരു പ്രധാന സംഗമ സ്ഥലം ആയിരുന്നു സമർകണ്ട്. ഒരു കാലത്ത് കച്ചവടക്കാരും അവരുടെ കൂട്ടാളികളും , ആന , കുതിര , കഴുതകൾ , അന്തപുര വാസികൾ , തുടങ്ങി സാധാരണ ജനങ്ങളും കൂടെ ഇടകലർന്ന് ഇരമ്പി ജീവിച്ചിരുന്ന ഒരു ഇടം.സിൽക്ക് റൂട്ടിന്റെ പ്രാധാന്യം വലുതായിരുന്നു അന്ന്. എന്തൊക്കെ കഥകൾ ഉണ്ടാകും ഇവിടുത്തെ ഓരോ കല്ലിനും പറയാൻ.
ഇന്ന് സിൽക്ക് റൂട്ട് കടന്ന് പോയ ഇട വഴികളിൽ ധാരാളംകച്ചവട സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ട്. വേൾഡ് ഹെറിറ്റേജ് സെന്റർ ആയി സംരക്ഷിക്കപ്പെട്ടിരിക്കുന്നു .
ചെങ്കിസ് ഖാനു ശെഷം ആമിർ തിമൂറിന്റെ കാലത്താണു ഉസ്ബെക്കിസ്ഥാൻ പിന്നെ പഴയ പ്രതാപം വീണ്ടെടുക്കുന്നത്. ഇന്ന് കാണുന്ന പല മോസ്കുകളും ടൊംബുകളും മദ്രസ്സകളും എല്ലാം തിമൂറിന്റെ കാലത്ത് പണികഴിപ്പിച്ചതാണ്. തിമൂറിന്റെ പേരക്കുട്ടിയായ ഉലുഗ് ബെഗ് ന്റെ ഭരണകാലത്ത് ഉസ്ബെക്കിസ്ഥാൻ ശാസ്ത്ര വൈജ്ഞാനിക രംഗത്ത് പല കണ്ട്പിടുത്തങ്ങളും നടത്തിയിട്ടുണ്ട്. ജ്യോതിശാസ്ത്രരംഗത്ത് അവരുടെ നേട്ടങ്ങൾ വിളിച്ചറിയിക്കുന്ന ഉലുഗ്ബെഗ് ഒബ്സെർവേറ്ററി ധാരാളം സന്ദർശകരെ ആകർഷിക്കുന്നുണ്ട്.
റെജിസ്താൻ ചത്വരത്തിലെ ലേസർ ലൈറ്റ് & സൗണ്ട് ഷോ നമ്മളെ ആ കാല ഘട്ടത്തിലേക്ക് കൊണ്ട്പോകും.
ഈ തിമൂർ തന്നെ ആണ് ഇൻഡസ് നദി നീന്തിക്കടന്ന് പാകിസ്താനിലൂടെ ഇന്ത്യയിലേക്ക് പടനയിച്ചതും ഏറെക്കാലം ഡെൽഹി ഭരിച്ചതും. ബാബറിന്റേയും ഹുമയൂണിന്റേയും പ്രപിതാമഹൻ ആയിരുന്നു തിമൂർ .
സിൽക്ക് റൂട്ടിൽ വെച്ച് അന്ന് കൈമാറ്റം ചെയ്യപ്പെട്ടത് രത്നവും കംബളങ്ങളും സുഗന്ധവ്യഞ്ജനങ്ങളും മാത്രമായിരിക്കാൻ ഇടയില്ല. ഒരുപാട് ഹൃദയങ്ങളും കൈമാറ്റം ചെയ്യപ്പെട്ടിരിക്കാം. ജന്മപരമ്പരകളുടെ മഹാശ്രേണിയിൽ ആ ഓർമകളുടെ അടരുകൾ എവിടെയൊക്കെയോ ബാക്കിയായി കിടക്കുന്നുണ്ടാകും. അതാകും ഇന്ത്യക്കാരെ കാണുമ്പോൾ ഓരോ ഉസ്ബെകികളുടെയും ഉള്ളിൽ നിന്നും ഇരമ്പിപ്പുറത്തേക്ക് വമിക്കുന്ന സ്നേഹത്തിന്റെ ഈ ലാവാപ്രവാഹങ്ങൾ.
രാത്രി , കൾചറൽ ഫെസ്റ്റിവൽ കഴിഞ്ഞ്, കിടുകിടാ വിറക്കുന്ന തണുപ്പിൽ , കച്ചവടക്കാരുടെ ബഹളങ്ങൾക്ക് കാതോർത്ത് , കുതിരക്കുളമ്പടികൾ കേട്ട് , തുറന്നടയുന്ന ഏതോ ജാലകവാതിലിലെ വെളിച്ചം കണ്ട് ഞങ്ങളാ പൗരാണിക വഴികളിലൂടെ നടന്നു. ഇടക്ക് തണുപ്പ് സഹിക്കാൻ വയ്യാതെ ഞങ്ങൾ ഉറക്കെ ഉറക്കെ പാട്ട് പാടി. ഇന്നേവരേക്കും ഒരു ബാത്ത്രൂം സിംഗർ പോലും അല്ലാത്ത ഞങ്ങൾ യാതൊരു സങ്കോചവും കൂടാതെ ഏതൊക്കെയോ വരികൾ ഉച്ചത്തിൽ പാടി തണുപ്പിനെ നേരിട്ടു.
പാതിരാത്രി നിലാവിൽ ബീബി ഖാമൂൺ മോസ്ക്കിന്റെ മുന്നിൽ ഇരുന്ന് കവിതകൾ കേട്ടു.
റഫീഖ് അഹമ്മെദിന്റെ പ്രണയകവിതകൾ, മരണമെത്തുന്ന നേരത്തും , മഴകൊണ്ട് മാത്രം മുളക്കുന്ന വിത്തുകൾ...എന്നതും കഴിഞ്ഞ് ' വേണ്ട' എന്ന കവിതയിലെ
ഓർക്കാതിരിക്കെ ..
ഒരിക്കൽ വിടർന്നെന്റെ നേർക്കു നീ...
വീണ്ടും
ഉയിർത്താലുമോമനേ...
നോക്കാതെ പോകും..
വിചിത്രമീഭൂമിതൻ
നേർക്കാഴ്ചകൾ കണ്ടു
വെന്തു ഞാനങ്ങനേ...
എന്ന് എത്തിയപ്പോഴേക്കും ഞങ്ങൾ മൂന്ന് പേർക്കും പരസ്പരം നോക്കാൻ പോലും ആകുന്നുണ്ടായിരുന്നില്ല.
ഉരുണ്ട് വന്ന കണ്ണുനീർ തുടച്ച് റൂമിലേക്ക് നടക്കവെ വെറുതെ ഒന്ന് തിരിഞ്ഞ് നോക്കി.
മഖബറക്ക് മുന്നിൽ അവരുണ്ടായിരുന്നു.ബീബി ഖാമൂൺ. വിഷാദഭരിതമായ് അവസാനിച്ച ഒരു പ്രണയകഥയിലെ നായിക.
വിശ്വാസവും രീതികളും.
ഒരു കാലത്ത് ഇസ്ലാമിക വൈജ്ഞാനിക രംഗത്ത് വെന്നിക്കൊടി പാറിച്ചിരുന്ന ഒരു രാജ്യമായിരുന്നു ഉസ്ബെക്കിസ്ഥാൻ. പ്രവാചക കാലത്തിനു ശേഷം ഏറ്റവും പ്രബലമായ ഹദീസ് വിശദീകരണവും ക്രോഡീകരണവും നടത്തിയ ഇമാം ബുഖാരിയുടെ ജന്മനാട് ആണ് സമർകണ്ട്. അത് പോലെ പൗരാണിക ആധുനിക വൈദ്യശാസ്ത്ര പിതാവ് എന്ന് അറിയപ്പെടുന്ന ഇബ്നു സീന ജനിച്ചത് ബുഖാറയിൽ ആണ്.
പ്രവാചക ശിഷ്യന്മാരായ നാലു അബൂബക്കർമാരുടെ മക്ബറ , ചോർബക്കർ എന്ന പേരിൽ ബുഖാറയിൽ ഉണ്ട്. ഇസ്ലാമിക വാസ്തുവിദ്യയുടെ അമ്പരപ്പിക്കുന്ന അടയാളങ്ങൾ ആണ് ഇവിടെ ഉള്ള ഓരോ എടുപ്പുകളും.
പിന്നീട് സോവിയറ്റ് കാലത്ത് മതചിഹ്നങ്ങളും മതപാഠശാലകളും എല്ലാം നിരോധിക്കുക ആണ് ഉണ്ടായത്. ആ കാലഘട്ടത്തിൽ ബാല്യം കടന്ന് പോയ ഇപ്പോൾ 50 , 60 കളിൽ എത്തിയ ആർക്കും ഖുർആൻ വായിക്കാനോ നിസ്ക്കരിക്കാനോ അറിയില്ല. പുരുഷന്മാർക്ക് പള്ളിയിൽ പോകുന്നത് കാരണം ഒരുവിധംനിസ്കരിക്കാൻ അറിയാം. ഇപ്പോൾ മദ്രസ്സകളും ക്ലാസുകളും ഒക്കെ വെച്ച് പഠിക്കുന്നുണ്ട് ഇവർ.
ഞങ്ങൾ താമസിച്ചിരുന്ന ഹോം സ്റ്റേയിലെ ഉടമ ആയ സ്ത്രീ ഖുർആൻ ഓതാൻ പഠിക്കുന്നത് കണ്ട് ചെന്ന ഞങ്ങൾ അവർക്ക് ഫാത്തിഹയും , ചെറിയ സൂറത്തുകളും യാസീനും ഒക്കെ കാണാതെ ഓതിക്കൊടുത്തപ്പോൾ അവർ ഞങ്ങളെ കെട്ടിപ്പിടിച്ചു. പിന്നെ ചായയും ബിസ്കറ്റും കേക്കും ഒക്കെ തന്ന് വൻപൻ സൽക്കാരം ആയിരുന്നു.
ഒരുമാതിരി ഓതാനും ദുആ ചെയ്യാനും ഉള്ള കോപ്പ് ഉണ്ടെങ്കിൽ ഹിച് ഹൈക്കിനൊന്നുംപോകാതെ ഇവിടെ പിടിച്ച് നിൽക്കാൻ ആകും.
ഉസ്ബെക്കിസ്ഥാൻ രുചിയോർമ്മകൾ
ഒരു ദേശത്തെ അടയാളപ്പെടുത്തുക അവിടുത്തെ ചരിത്ര നിർമ്മിതി കളും മനുഷ്യരും പിന്നെ അവിടുത്തെ രുചിഭേദങ്ങളും കൂടിയാണ്. നോൺ വെജ്കാരുടെ പറുദീസ ആണ് ഉസ്ബെക്കിസ്ഥാൻ. ആടും പോത്തും ചിക്കനും കുതിര ഇറച്ചിയും എല്ലാം പല ഭാവത്തിലും രൂപത്തിലും പാകം ചെയ്ത് നിർല്ലോഭം അകത്താക്കുന്ന ആളുകൾ. പുലാവ് , സൂപ്പ് ,കബാബുകൾ , ഷാസ് ലിക്ക് , സ്റ്റീക്ക് , സോസേജുകൾ , ലെജിമോൺ എന്ന നൂഡിൽസ് എന്നിങ്ങനെ ആയി സാലഡിൽ വരെ ഇറച്ചി അരിഞ്ഞ് ഇട്ടിട്ട് ഉണ്ടാകും. മെനു നോക്കി ഫുഡ് ഓർഡർ ആക്കുക എന്നത് ഒരു ഹെർക്കുലിയൻ ടാസ്ക് ആണ്. ഗൂഗിൾ ട്രാസ്ലേറ്റർ ഉപയോഗിച്ച് വെയിറ്ററെ പറഞ്ഞ് മനസ്സിലാക്കി വരുമ്പോഴേക്കും കിളി പാറും.പിന്നെ എളുപ്പ വഴി അടുത്ത മേശയിൽ ഇരുന്ന് ആളുകൾ തട്ടിവിടുന്നത് എന്താണു എന്ന് നോക്കി അത് ഒരു പ്ലേറ്റ് പോരട്ടെ എന്ന് പറയുക ആണ്. ഇതൊക്കെ ആണെങ്കിലും വളരെ ആസ്വദിച്ച് ഓരോ വിഭവങ്ങളും ഞങ്ങൾ കഴിച്ചു.ഒപ്പം ഉസ്ബെക്ക് ചായയും ധാരാളമായ് അകത്താക്കി.
കസാഖിലേയും ഉസ്ബെക്കിസ്ഥാൻ ലേയും മെഡിക്കൽ വിദ്യാഭ്യാസം.
കസാഖിലെ All farabi medical university, Asfengiarove medical university എന്നിവയിലും ഉസ്ബെക്കിസ്ഥാനിലെ Ali Ibnu sina medical school ലും ആയി ഒരുപാട് ഇന്ത്യൻ കുട്ടികൾ പഠിക്കുന്നുണ്ട്.
ഇന്ത്യൻ സിലബസ് തന്നെ ഫോളോ ചെയ്യുന്നത് കൊണ്ട് ഇവർക്ക് ഇന്ത്യയിൽ വന്ന് ടെസ്റ്റ് എഴുതി പാസ്സാകാൻ എളുപ്പമാണ്. കോഴിക്കോട്ടും വയനാടും മലപ്പുറവും തിരുവനന്തപുരം കാസെർഗോഡ് വരെ ഉള്ള കുട്ടികളെ കാമ്പസിൽ കണ്ടു. നല്ല കാമ്പസ് ആണ്. എല്ലാ വിധ ഇൻഫ്രാസ്ട്രക്ചറും കുട്ടികൾക്കായി സൗകര്യപ്പെടുത്തിയിട്ട് ഉണ്ട്.
ഇവിടങ്ങളിൽ ഇന്ത്യയെ അപേക്ഷിച്ച് ഫീസ് കുറവാണ് എന്നതാണ് രക്ഷിതാക്കൾ കുട്ടികളെ ഇവിടെ ചേർക്കുന്നത്. കോഴിക്കോട്ട് നിന്നും മലപ്പുറത്ത് നിന്നും ഉള്ള ആളുകൾ അവിടെ മെസ്സ് നടത്തുന്നുണ്ട്.
യാത്രയുടെ അവസാന ദിനം ബുഖാറയിൽ നിന്നും താഷ്കെന്റിലേക്ക് ബസിൽ ആണ് വന്നത്.8 മണിക്കൂർ എടുത്തു അത്. താഷ്കെന്റിൽ എത്തി യാൻഡെക്സ് വിളിച്ച് നേരെ എയർപോർട്ടിലേക്ക്. പുലർച്ചെ ഡെൽഹിയിൽ ഇറങ്ങി ഫ്രെഷായി ലഗേജ് മെട്രൊ സ്റ്റേഷനിലെ ക്ലോക്ക് റൂമിൽ വെച്ച് മെട്രൊ കയറി സരോജിനി മാർക്കറ്റ് പോയി ഷോപ്പിങ്ങ്.വൈകുന്നേരം നേരെ കോഴിക്കോട്ടേക്ക്.