Saturday, May 14, 2011

അപരന്‍


ഓരോ മനുഷ്യനും അവന്റെയുള്ളില്‍ പണിതീര്‍ക്കുന്ന സ്വകാര്യവും ഏകാന്തവുമായ ലോകങ്ങളെ
പറ്റിയാണു ദസ്തേവിസ്കി തന്റെ വിഖ്യാതമായ “ ഡബിള്‍ “എന്ന നോവലിലൂടെ പറയുന്നത്.
തന്റെ ഉള്ളില്‍ തന്നോട് തന്നെ പൊരുതുകയും രമിക്കുകയും ചെയ്യുന്ന ദ്വന്ദവ്യക്തിത്വങ്ങള്‍ !

പക്ഷേ ..ഇവിടെ ഞാന്‍ പറയാന്‍ പോകുന്നത് തന്താങ്ങളുടെ ഉള്ളിലെ തന്നെ പറ്റിയല്ല. മറിച്ച്
തന്നെ പോലെ വേറൊരാള്‍ ;തികച്ചും വേറൊരാള്‍ !! അയാളുണ്ടാക്കുന്ന പ്രശ്നങ്ങള്‍.
ഒരാളെപോലെ ഏഴുപേര്‍ ഈ ലോകത്തുണ്ടാകും എന്ന പറച്ചിലില്‍ ഒട്ടും അതിശയോക്തി ഇല്ല.
നിന്നെ പോലെ തന്നെ ഒരാളെ ഞാനിന്ന് കണ്ടു എന്ന് പറയപ്പെട്ടാല്‍ തെല്ലും അവിശ്വസിക്കേണ്ടതില്ല തന്നെ.
കാലങ്ങള്‍ക്കും ദേശങ്ങള്‍ക്കുമപ്പുറത്ത് നിന്നും ഒരു ദിവസം പൊടുന്നനെ അയാള്‍ പ്രത്യക്ഷപ്പെട്ടേക്കാം...
കരുതിയിരിക്കുക.

സ്കൂള്‍ വിട്ട് നേരത്തെയെത്തിയ ഞാന്‍ അടുക്കളയിലെക്കോടി. അടുക്കളതിണ്ണയിലിരുന്നു മാധവന്‍ ചായ കുടിക്കുന്നു.

“ഞാന്‍ അങ്ങാടീ പോകാ...കുട്ടിക്കെന്തേ വേണ്ടത്..?”
“ന്റെ മഷി തീര്‍ന്നു. ഒരു മഷിക്കുപ്പി വാങ്ങിച്ചൊ..നീ..ല.”
മാധവന്റെ മുന്‍പിലിരിക്കുന്ന പാത്രത്തില്‍ നിന്നും അവില്‍ നനച്ചത് വാരി വായിലിടവേ ഞാന്‍ വിക്കി.

“ എടീ അതവന്‍ തിന്നോട്ടെ, നിനക്ക് വേറെ തരാം.” അടുക്കളയില്‍ നിന്നും ഉമ്മ ഒച്ചയിട്ടു.

തന്റെ വയറ്റിലെ സിക്സ് പാക്ക് മസില്‍ തൊട്ടുഴിഞ്ഞ് , നീ തിന്നോടീ ഞാന്‍ ഫിറ്റാ എന്നു മാധവന്‍ കണ്ണിറുക്കി.

നല്ലൊരു ചെറുപ്പക്കാരനായിരുന്നു മാധവന്‍, എല്ലാ പണികളും ചെയ്യും. വൈകീട്ട് അങ്ങാടീ പൊകുമ്പോ ചുറ്റുമുള്ള
വീട്ടുകാര്‍ക്ക് അല്ലറചില്ലറ സാധനങ്ങള്‍ വാങ്ങിക്കലടക്കം. ഭാര്യ കുഞ്ഞമ്മു, രണ്ട് മക്കള്‍. മാധവന്റെ അമ്മ മീനാക്ഷിയമ്മയും അവരുടെ കൂടെ തന്നെ. തള്ളയുടെ നാക്കിനു എല്ലില്ല.വേണ്ടാത്തതേ പറയൂ.

“ ഞാന്‍ വെക്കം വരൂട്ടോ , യ്യ് ഉറങ്ങിക്കളയല്ലേ..എന്നും പറഞ്ഞ് ചാറ്റല്‍ മഴയിലെക്കിറങ്ങിയ മാധവനെ
ഞാന്‍ പിന്‍ വിളി വിളിച്ചു.
“ ന്നാ കുട ,മഴ കൊള്ളണ്ട.”
“ നീ പോടീ..ദ് കണ്ടാ.. വലത്തെ കൈയ് മുകളിലേക്ക് മടക്കി മസിലുകള്‍ മുകളിലേക്ക് ഉരുട്ടി കയറ്റി
മാധവന്‍ ചിരിച്ചു. “ എനക്ക് പനിയൊന്നും പിടിക്കൂലാ..

ചാറ്റല്‍ മഴയിലൂടെ നെഞ്ചു വിരിച്ച് കൈകള്‍ വീശി നടന്നകലുന്ന മാധവനെ ഞാന്‍ നോക്കി നിന്നു.

പിന്നീട് ഞാന്‍ മാധവനെ കാണുന്നത് ഒരാഴ്ച കഴിഞ്ഞിട്ട്. കുഞ്ഞമ്മുവിന്റെയും മീനാക്ഷിയമ്മയുടേയും
അലമുറകള്‍ക്ക് നടുവില്‍ , അവരുടെ ഓലക്കുടിലിന്റെ അകത്തളത്തില്‍ നിലത്ത് വിരിച്ച പായയില്‍ മാധവന്‍ കിടന്നു. തന്റെ മസിലുകള്‍ പെരുപ്പിക്കാനാവാതെ തണുത്ത് വിറങ്ങലിച്ച്...

അന്ന് വൈകീട്ട്, സാധനങ്ങള്‍ വാങ്ങി മടങ്ങുന്ന വഴിക്ക്, മഴയില്‍ വഴുക്കി കിടന്ന പാറയില്‍ തലയിടിച്ച് വീണതാണു.

കുഞ്ഞമ്മുവും മക്കളും പതുക്കെ പതുക്കെ ജീവിതത്തിലേക്ക് തിരിച്ച് വന്നു. കുഞ്ഞമ്മു പണിക്ക് പോയി തുടങ്ങി.ഇടക്ക് വീട്ടില്‍ വരും. ഓണവും വിഷുവും പെരുന്നാളുമൊക്കെ പലകുറി വന്നു പോയി. ആയിടക്കാണു പൊടുന്നനെ ഒരാള്‍ നാട്ടില്‍ പ്രത്യക്ഷപ്പെട്ടത്. എവിടന്നോ വന്ന ഒരാള്‍. കണ്ടവര്‍ കണ്ടവര്‍ മൂക്കത്ത് വിരല്‍ വെച്ചു. ചിലര്‍ അയാളെ തൊട്ട് നോക്കി. വിശ്വാസം വരാതെ അയാളുടെ ബനിയന്‍ പൊക്കി വയറ്റിലെ മസിലില്‍ തെരുപ്പിടിപ്പിച്ചു.
ഇദ് ഓന്‍ തന്നെ,മാധവന്‍ !!!
അയാളെ കണ്ടതും മീനാക്ഷിയമ്മ നെഞ്ചത്തടിച്ച് നിലവിളിച്ചു
“ ന്റെ മാദവാ....”

ഇതെല്ലാം കണ്ടും കേട്ടും നിന്നിരുന്ന കുഞ്ഞമ്മു മക്കളെയും പൊത്തിപ്പിടിച്ച് കാറ്റുപോലെ അകത്തേക്ക് പാഞ്ഞുപോയി. അവളുടെ ഉള്ളില്‍ അന്നേരം ഇടിവെട്ടി പേമാരി പെയ്തിട്ടുണ്ടാവണം.

ജോസ്, അതായിരുന്നു അയാളുടെ പേര്. മെല്ലെ അയാളും ഞങ്ങളുടെ ഗ്രാമത്തിന്റെ ഭാഗമായി.

ഒന്‍പതാം ക്ലാസ്സിലെ കൊല്ലപ്പരീക്ഷ തുടങ്ങുകയാണു നാളെ..തലകുത്തിനിന്നു പഠിക്കുകയാണു ഞാന്‍. വീട്ടിലാരും ഇല്ല. തുറന്നിട്ട വാതിലിലൂടെ മീനാക്ഷിയമ്മ ,കുഞ്ഞമ്മുവിനേ മുറിയിലേക്ക് തള്ളിക്കയറ്റി. വന്നപാടെ ഒരു മൂലയില്‍
കുന്തിച്ചിരുന്ന കുഞ്ഞമ്മുവിനു നേരെ നോക്കി തള്ള മുരണ്ടു. “അസത്ത് . കൊറേ ദിവസായ് ഇവക്ക് വയ്യായ്ക.
കൊല്ലും ഞാന്‍ അശ്രീകരത്തിനെ..” ആ ജോസിനെ കാണാതായ അന്നുമുതല്‍ക്ക് തൊടങ്ങീതാണു ഇവക്ക് ദെണ്ണം.“


മടിക്കുത്തില്‍ നിന്നും ഒരു വലിച്ചെടുത്ത ഒരു മരുന്ന് ശീട്ട് എന്റെ നേരെ നീട്ടി “നീയിതൊന്നു വായിച്ചാണ്, എന്താ ഡാകിട്ടര് എഴുതീര്‍ക്ക്ണ്”

ശീട്ട് വായിച്ച് ഞാന്‍ കുഞ്ഞമ്മുവിനെ നോക്കി. കുനിഞ്ഞിരിക്കുകയായിരുന്ന അവള്‍ പതുക്കെ തലയുയര്‍ത്തി. ഒരു നിമിഷം ഞങ്ങളുടെ കണ്ണുകള്‍ ഇടഞ്ഞു നിന്നു. എന്തായിരുന്നു അവളുടെ കണ്ണുകളില്‍ അപ്പോള്‍?
വേദന, നിസ്സഹായത , ചതിക്കപ്പെട്ടതിലുള്ള രോഷം , അപമാനം.എല്ലാം കൂടെ...
ആ ഒരു നിമിഷത്തില്‍, പൊടുന്നനെ ഞാനവളുടെ അമ്മയായ്, സഹോദരിയായ്, അവളൊളം മുതിര്‍ന്ന കൂട്ടുകാരിയായ്....

മരുന്ന് ശീട്ട് അലമാരയില്‍ വെച്ച് പൂട്ടുന്നതിനിടെ ഞാന്‍ മീനാക്ഷിയമ്മയോട് പറഞ്ഞു
“ ഇതെനിക്ക് വായിക്കാനാകുന്നില്ല, ഇംഗ്ലീഷിലാ..ഉമ്മ വരട്ടെ കൊടുക്കാം.”
കുഞ്ഞമ്മുവിനേയും വലിച്ച് പോകുന്നതിനിടെ തള്ള എന്നേയും ഇപ്പഴത്തെ കാലത്തെ പഠിപ്പിനേയും പ്രാകുന്നുണ്ടായിരുന്നു. പടി കടക്കുന്നതിനിടെ തിരിഞ്ഞ് നിന്ന കുഞ്ഞമ്മുവിന്റെ കണ്ണില്‍ നിന്നും ഒരു തുള്ളി കണ്ണുനീര്‍ താഴെ വീണു ചിതറി.

കഥയുടെ ബാക്കി എന്നോടാരും പറഞ്ഞില്ല. ഞാനതൊന്നും അറിയാന്‍ പാടില്ലല്ലോ. ഞാന്‍ കുട്ടിയല്ലെ. അടുക്കളപ്പുറത്തെ മുറുമുറുപ്പുകളില്‍ നിന്നും ഇടക്ക് കുഞ്ഞിപ്പെണ്ണ് തോണ്ടിക്കൊണ്ട് വരുന്ന നുറുങ്ങുകളില്‍ നിന്നും ഞാന്‍ തനിയെ അത് പൂരിപ്പിക്കുകയായിരുന്നു.


മാധവന്റെ അതേ രൂപത്തിലും ഭാവത്തിലും നാട്ടുംപുറത്ത് പ്രത്യക്ഷപ്പെട്ട അയാള്‍ പതിയെ നടന്നു കയറിയത് കുഞ്ഞമ്മുവിന്റെ മനസ്സിലേക്കായിരുന്നു. സ്നേഹിക്കാനും സ്നേഹിക്കപ്പെടാനുമുള്ള അദമ്യമായ ആഗ്രഹത്താല്‍ ഒരു മാത്ര അവള്‍ തന്നെ തന്നെ മറന്നുപൊയിട്ടുണ്ടാവണം. പ്രണയത്തിനും രതിക്കുമൊക്കെ വഞ്ചനയുടെ മുഖം കൂടിയുണ്ടെന്ന് അവള്‍ അറിഞ്ഞപ്പോഴേക്കും വൈകിപ്പോയിരുന്നു.

എന്തായാലും കുഞ്ഞമ്മു നാട്ടുകാരുടെയും മീനാക്ഷിയമ്മയുടെയും മുന്നില്‍ അപമാനിതയായില്ല. അവള്‍ക്ക് പറ്റിയ തെറ്റ് അവള്‍ മായ്ച്ക് കളഞ്ഞു. ഇനിയൊരിക്കലും ആര്‍ക്കും ഒരു ചലനവും ഉണ്ടാക്കാന്‍ പറ്റാത്ത വിധത്തില്‍ അവള്‍ അവളുടെ മനസ്സ് പൂട്ടി മുദ്ര വെച്ചിട്ടുണ്ടാകും .

മക്കളും മരുമക്കളും പേരകുട്ടികളുമൊക്കെയായ് അവള്‍ സുഖമായ് കഴിയുന്നു. എന്നാലും ആന്തരികമായ് അവള്‍ വല്ലാതെ ഒറ്റക്കാണെന്ന് തോന്നിയിട്ടുണ്ട് പലപ്പോഴും എനിക്ക്. , മാധവനുണ്ടാകുമായിരിക്കുമല്ലേ അവിടെ ; ജോസും....

Monday, April 11, 2011

വരവായ് ഒരു അവധിക്കാലം കൂടി...

അവധിക്കാലം ഇങ്ങെത്തി. പക്ഷെ ഇവിടെ നഗരത്തില്‍ ആര്‍ക്കും വലിയ ഉത്സാഹമൊന്നും കാണാനില്ല. എല്ലാവരും മക്കളെ വിവിധ കോഴ്സുകളില്‍ ചേര്‍ക്കാനുള്ള തത്രപ്പാടിലാണു. അടുത്ത ക്ലാസ്സുകളിലേക്കുള്ള ട്യൂഷന്‍ ഇപ്പഴേ തുടങ്ങും. അതിനും പുറമെ നീന്തല്‍, ഫുട്ട്ബോള്‍, ബാന്റ്മിന്റണ്‍, മാജിക് എന്നു വേണ്ട വ്യക്തിത്വ വികസന കോഴ്സുകളില്‍ വരെ ബുക്കിങ്ങ് ഏറെ കുറെ കഴിഞ്ഞു. എട്ട് വയസ്സുകാരനെയും പത്ത് വയസ്സുകാരനേയുമൊക്കെയാണു ഇങ്ങനെ ഉന്തിത്തള്ളി വിടുന്നത്. വീട്ടിലെ അഛന്റേയും അമ്മയുടെയും വികസനപാഠങ്ങള്‍ക്ക് പുറമേയാണിത്.

കുട്ടികളും തയ്യാറായിക്കഴിഞ്ഞു. പുതിയ ഗ്രാഫിക് കാര്‍ഡ് സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുന്നത്രയും ഗെയിമുകള്‍
ഡൌണ്‍ ലോഡ് ചെയ്തു അവരും കാത്തിരിക്കുകയാണു അവധിക്കാലം. ഇരുപത്തിനാലു മണിക്കൂറും ഇതിനു മുന്നിലിങ്ങനെ ചടഞ്ഞിരിക്കാതെ പുറത്തേക്കിറങ്ങാന്‍ പറഞ്ഞാല്‍ അവര്‍ ചിരിക്കും. പുറത്ത് എന്തിരിക്കുന്നു കാണാന്‍, പുറത്ത് എല്ലാം സ്റ്റാറ്റികായ് നില്‍ക്കുകയല്ലെ, ഒന്നും മാറിയിട്ടില്ലല്ലോ, കണ്ടത് തന്നെ വീണ്ടും വീണ്ടും കണ്ട് എന്ത് കിട്ടാനാ...?

പണ്ടും നമ്മളും കാത്തിരുന്നിരുന്നു ഒരു അവധിക്കാലത്തെ...പക്ഷെ അതിങ്ങനെ ആയിരുന്നില്ല തന്നെ. പരീക്ഷകള്‍
കഴിയുന്നതിനു മുന്നെ ഒരുക്കം തുടങ്ങും. ഈ അവധിക്ക് അഛന്‍ വീട്ടിലോ അമ്മ വീട്ടിലോ...? അമ്മ വീടായിരുന്നു
എല്ലാര്‍ക്കും പഥ്യം. പുസ്തകങ്ങളൊക്കെ പകുതി വിലക്ക് ആരെങ്കിലും പറഞ്ഞു വെച്ചിട്ടുണ്ടാകും. അതൊക്കെ അവര്‍ക്ക്
കൊടുത്ത് ആലഭാരങ്ങളില്ലാതെയാണു അവധിക്കാലത്തേക്ക് കൂപ്പു കുത്തുക.

തൊടിയിലെ മാവും പ്ലാവും കശുമാവുമൊക്കെ നിറയെ കായ്കളുമായ് നമ്മെ വരവേല്‍ക്കും.


മാവിന്റെ ഏറ്റവും തുഞ്ചത്തെ മാങ്ങക്കായിരുന്നു മധുരം കൂടുതല്‍. അതെറിഞ്ഞു വീഴ്ത്തുന്നവനായിരുന്നു കൂട്ടത്തിന്റെ ലീഡര്‍. കശുമാവിന്റെ താഴ്ന്ന കൊമ്പില്‍ കാലുകൊരുത്ത് തലകീഴായ് കിടക്കുമായിരുന്നു എത്ര നേരം വേണമെങ്കിലും...ആ കിടപ്പിലാണു അങ്ങേ പറമ്പിലെ ഞാവല്‍ മരത്തില്‍ തത്ത കൂടു
കൂട്ടിയതും , അയല്‍ വീട്ടിലെ പൂച്ചയെ അവറാന്‍ ക്ക പുഴക്കപ്പുറം നാടുകടത്തിയതും , അവറാങ്ക തിരിച്ചെത്തുന്നതിനു മുന്നെ പൂച്ച വീട്ടിലെത്തിയ കഥയുമൊക്കെ ചുരുള്‍ വിടരുക.

അവധിക്കാലത്തെ മറ്റൊരു വിനോദമായിരുന്നു കുട്ടിപ്പുരകള്‍. ശീമക്കൊന്നയുടെ കമ്പുനാട്ടി കൊന്നയുടെ തന്നെ ഇലകള്‍ മേഞ്ഞ കുട്ടിപ്പുരകള്‍ !! കൊന്നയുടെ മണമാകും അവക്ക്. എത്ര നേരം വേണെലും അതിനുള്ളില്‍ ഇരിക്കാം. അഛനും അമ്മയുമായ് കളിക്കാം.
ഇന്നു കൂട്ടിപ്പുര കെട്ടാന്‍ എളുപ്പമാണു. മടക്കിവെച്ച പുരകള്‍ നിവര്‍ത്തി കാലുകള്‍ മണ്ണില്‍ ഉറപ്പിച്ചാല്‍ പുര റെഡി!!!

സൈക്കിള്‍ വാടക്ക് കിട്ടുമായിരൂന്നു അന്നൊക്കെ.ഒരു രൂപ കൊടുത്താല്‍ എത്ര മണിക്കൂര്‍ വെണെലും ചവിട്ടാം.


വീണും എണീറ്റും ഒരു വാശിയോടെ, ആണ്‍കുട്ടികളുടെ പിന്നിലാവരുത് എന്ന ലക്ഷ്യത്തോടെ സൈക്കിള്‍ ചവിട്ടിയ നാളുകള്‍.



ഫൂട്ട്ബാല്‍ ടീമിലെ ഏകപെണ്‍കുട്ടിയെ ആരും കുതികാല്‍ വെച്ച് വിഴ്ത്തില്ലായിരുന്നു. നീയെന്നെ നോക്കി കണ്ണിറുക്കിയത് ചേട്ടനോട് പറയട്ടെ എന്നു മന്ത്രിക്കുമ്പോള്‍ ഒരു മാത്ര അന്‍പരക്കുന്ന ഗോളിയെ വെട്ടിച്ച് വലയിലേക്കൊരു ഗോള്‍.!!!


എത്ര വേഗമാണു എല്ലാം അവസാനിച്ചു പോയത്. ഇതുപൊലൊരു അവധിക്കാലത്ത് ഞാവല്‍ മരത്തിലെ പൊത്തില്‍
കൂടുകൂട്ടിയ തത്തയെ കാണാന്‍ പോയി മരത്തില്‍ കയറാനാകാതെ നിലത്തിരുന്ന എന്നെ സൈദ് കളിയാക്കി.
പൊത്തില്‍ കയ്യിട്ട് അഹ്ലാദത്തോടെ അവന്‍ ആര്‍ത്ത് വിളിച്ചു..ദേ രണ്ടെണ്ണമുണ്ട്, മുട്ട വിരിഞ്ഞാല്‍ നമുക്ക് വീട്ടിക്കൊണ്ടോവാം.
ആലസ്യത്തോടെ എണീറ്റ് നിന്ന എന്റെ ഉടുപ്പില്‍ നോക്കി അവന്‍ കളിയാക്കി.
“ദേ പെണ്ണിന്റെ ഉടുപ്പിലാകെ ഞാവലും പഴത്തിന്റെ കറ... ഇന്നു അമ്മായീനോട് നിനക്ക് നല്ലോണം കിട്ടും..”
പിറ്റേന്ന് ,പതിവ് പോലെ ഉച്ചക്ക് എന്നെ വന്ന് വിളിച്ച അവനെ ഉമ്മ വിലക്കി. “വേണ്ട ഇനിയവള്‍ കളിക്കാന്‍ വരില്ല,
നീ പൊയ്ക്കൊ..”.
പിന്നീടൊരിക്കലും ഞാന്‍ ഫൂട്ട്ബാള്‍ കളിച്ചിട്ടില്ല.. ഒരു മാങ്ങക്കും കല്ലെറിഞ്ഞില്ല. ഒരു ഞാവല്‍ മരത്തില്‍ വലിഞ്ഞു കയറി മുട്ട വിരിഞ്ഞോന്നു നോക്കിയിട്ടില്ല..പുസ്തകങ്ങളായിരുന്നു എന്റെ കൂട്ടുകാര്‍.ഒറ്റക്കിരുന്നു തന്നോട് തന്നെ വര്‍ത്തമാനം പറയുന്ന എന്നെ വലിയുമ്മ ചീത്ത പറയും. “ പെണ്‍കുട്ട്യോളു ഇങ്ങനെ ഒറ്റക്കിരുന്നൂടാ..മൊഞ്ചുള്ള കുട്ട്യേളെ കണ്ടാല്‍ ജിന്നിനു പിരിശം വരും.
അയിറ്റങ്ങളു മേത്ത് കൂടിയാ പിന്നെ ഒഴിഞ്ഞ് പോകൂല...”
വൈകീട്ട് പള്ളീല്‍ നിന്നും വരുമ്പോ വാപ്പു മുസ്ല്യാരെ ഒപ്പം കൂട്ടാന്‍ ഉപ്പാനെ ഏല്‍പ്പിക്കും. വാപ്പു മുസ്ലിയാര്‍ മന്ത്രിച്ചൂതിയാല്‍ ഏത് കൊലകൊമ്പന്‍ ജിന്നും പറപറക്കുമത്രെ. ഉപ്പ ചിരിക്കും..” ആയ്ക്കോട്ടെ..’
വലിയുമ്മാനോട് ഒരു കാര്യവും പറ്റില്ലാന്നു പറയാന്‍ കഴിയില്ല. വലിയ വായില്‍ നിലവിളിക്കും,നിന്റെ ഉപ്പയുണ്ടാരുന്നേല്‍ എന്നു പതം പറയും. അത് കാരണം ആരും വലിയുമ്മാനെ എതിര്‍ക്കില്ല. ഒരു രാജ്ഞിയെ പോലെ അവരങ്ങനെ വീടിന്റെ അകത്തളങ്ങളിലൂടെ നടക്കും. രാത്രിയായാല്‍ അവര്‍ക്ക് കണ്ണു മങ്ങും ,ഒന്നും തെളിഞ്ഞു കാണില്ല. അന്നേരം ഉപ്പ തന്നെ വാപ്പുമുസ്ലിയാരാകും. വലിയ ചട്ടിയില്‍ കനലിട്ട് കുന്തിരിക്കം പുകച്ച് അതിനു മുന്നില്‍ വലിയുമ്മാനെ ചാരി ഞാനിരിക്കും. ഖുറാനിലെ ആയത്തുകള്‍ ഉറക്കെ ഓതുന്നതിനിടയില്‍ കൈയില്‍ കരുതിയ സള്‍ഫര്‍( ഗന്ധകം) കുറച്ച് ചട്ടിയിലെക്കിടും. തീ ഒന്നൂടെ പാളിക്കത്തും. അതാണെനിക്കുള്ള
അടയാളം. ജിന്നു പോകാനുള്ള..., പിന്നെ ഉമ്മ പാവാട കെട്ടാന്‍ വാങ്ങിവെക്കുന്ന ചരട് ഒരു കഷ്നം എന്റെ കൈയില്‍ കെട്ടും. അതൊടെ ജിന്നു സ്വാഹ!! വലിയുമ്മാക്കും സന്തോഷം, എല്ലാവര്‍ക്കും.. പാവം എത്ര തവണ അതിനെയങ്ങനെ പറ്റിച്ചിരിക്കുന്നു.

പക്ഷേ..ഞാന്‍ പോലും അറിയാതെ ഒരു ജിന്ന് ; ഒരു ഗന്ധര്‍വന്‍ എന്റെ ഉള്ളില്‍ കയറിയിരുന്നു. രൂപവും ഭാവവുമില്ലാത്ത ഒരു ഗന്ധര്‍വന്‍!!
ഞാന്‍ വളരുന്നതിനനുസരിച്ച്, എന്റെ സ്വപ്നങ്ങള്‍ വലുതാവുന്നതിനനുസരിച്ച് ആ ഗന്ധര്‍വനും വളര്‍ന്നു...,എന്നോട് പ്രണയം വെളിപ്പെടുത്തിയ ആര്‍ക്കും അവന്റെ രൂപമുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ എല്ലാവരേയും എല്ലായ്പ്പോഴും ഞാന്‍ നിരസിച്ചു കൊണ്ടേയിരുന്നു.....

പോകണമെനിക്ക് .. ഒരു മടക്ക യാത്ര.... ഓര്‍മ്മകളിലൂടെ, അന്നത്തെ ആ വഴികളിലൂടെ......
.എന്റെ മക്കളുടെ കൈ പിടിച്ച്, അവര്‍ക്ക് ഓരോന്നും കാട്ടികൊടുക്കണം.ബന്ധുക്കളെ ഒരോരുത്തരേയും സന്ദര്‍ശിക്കണം. അവര്‍ എനിക്കാരാണെന്നും അവര്‍ക്കാരാണെന്നതും പറഞ്ഞ് കൊടുക്കണം. ബന്ധങ്ങളെ..ഓര്‍മ്മകളെ മടക്കിക്കൊണ്ട് വരാന്‍ ഒരു യാത്ര....

***നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്.

Tuesday, April 5, 2011

കരടിയും കാളയും പിന്നെ ഞാനും...



1992 കളിലാണു ഓഹരിവിപണിയിലെ കാളക്കൂറ്റന്‍ എന്ന പേര് ഹര്‍ഷദ് മേത്തക്ക് മാധ്യമങ്ങള്‍ ചാര്‍ത്തിക്കൊടുക്കുന്നത്. ഓഹരി വിപണിയില്‍ ഹര്‍ഷദ് മേത്തയുടെ ഇടപാടുകള്‍ ഉണ്ടാക്കിയ വേലിയേറ്റം കാരണമാണു അതുവരെ ചമ്മന്തീം കൂട്ടി കഞ്ഞി കുടിച്ചു കൊണ്ടിരുന്ന ആം ആദ്മികള്‍ വിപണിയിലെ കളികള്‍ ശ്രദ്ധിക്കാന്‍ തുടങ്ങിയത്. അയാളുണ്ടാക്കിയ പൊല്ലാപ്പുകള്‍ ചില്ലറയായിരുന്നില്ല.
വന്‍ തോതില്‍ മുന്‍ നിര കമ്പനികളുടെ ഓഹരികള്‍ വാങ്ങിക്കൂട്ടി മന:പൂര്‍വ്വം സെന്‍സെക്സ് സൂചിക ഉയര്‍ത്തുക.


ഇങ്ങനെ ഓഹരികളുടെ വില ഉയര്‍ത്തുന്നവരായിരുന്നു കമ്പോളത്തിലെ കാളകള്‍. എ സി സി സിമന്റിന്റെ ഓഹരികളായിരൂന്നു ഹര്‍ഷദ് മേത്ത വാങ്ങിക്കൂട്ടിയത്. പക്ഷേ സംഗതി എങ്ങനെയോ പുറത്തായ് .പിന്നെ ഒരു വേലിയിറക്കമായിരുന്നു വിപണിയില്‍. ബി എസ് ഇ സെന്‍സെക്സ് മൂക്കും കുത്തി വീണു. ഓഹരികമ്പോള ചരിത്രത്തിലെ ഏറ്റവും വലിയ തകര്‍ച്ച.

ഇനിയൊരു കൂട്ടരുണ്ട്. കരടികള്‍.. ഇവന്മാരുടെ പരിപാടി ,വന്‍ തോതില്‍ ഓഹരികള്‍ ഒന്നിച്ച് വിറ്റഴിച്ച് ഓഹരിസൂചിക താഴ്ത്തുക എന്നതാണു. രണ്ട് കൂട്ടരും ലാഭമുണ്ടാക്കും. ഇടയില്‍ പെട്ടുപോകുന്ന നമ്മള്‍ കുടുങ്ങുകയും ചെയ്യും. വിപണിയിലെ ചാഞ്ചാട്ടങ്ങള്‍ ശ്രദ്ധിച്ചില്ലേല്‍
കാശ് പോകുമെന്നര്‍ത്ഥം.

കാളകളും കരടികളും അരങ്ങ് വാഴുന്ന ഈ കമ്പോളത്തില്‍ സ്ത്രീ സാന്നിദ്ധ്യം തുലൊം കുറവാണു. ബാക്കി എല്ലായിടത്തും തിക്കിത്തിരക്കിക്കയറുന്ന പെണ്മണികള്‍ ഇവിടെ പിന്നിലായിപ്പോവാനെന്താവും കാരണം? പണം സ്വന്തമായ് കൈകാര്യം ചെയ്യാനുള്ള ഭയമാണോ അതോ സാമ്പത്തിക സ്വാതന്ത്ര്യം കുറവായതോ?




നഗരത്തിലെ പ്രധാന ഓഹരി ഇടപാട് സ്ഥാപനങ്ങളായ ജെ ആര്‍ ജി സെക്ക്യൂരിറ്റീസ്, SHCIL, ജിയൊജിത്, RELIGARE മുതലായവരുടെ ട്രേഡിങ്ങ് ഫ്ലോറുകളില്‍ സ്ത്രീകള്‍ വിരലിലെണ്ണാന്‍ പോലും ഇല്ല. കാലത്ത് ഒന്‍പതരക്ക് മാര്‍ക്കറ്റ് ആരംഭിച്ച് മൂന്നരക്ക് ക്ലോസ് ചെയ്യുന്ന വരെ ട്രേഡിങ്ങ് ഫ്ലോറുകളില്‍ പുരുഷന്മാരുടെ തിരക്കാണു. ഡേ ട്രേഡിങ്ങ് രംഗത്തെ താപ്പാനകള്‍!! വിവിധ കമ്പനികളെ കുറിച്ചും അവയുടെ ഓഹരികളെ പറ്റിയുമെല്ലാം
ഇവര്‍ക്കൊക്കെ നല്ല ധാരണയാണു. ട്രേഡിങ്ങ് ഓണ്‍ലൈനായത് കൊണ്ട് നമുക്ക് വീട്ടിലിരുന്നും ചെയ്യാം. പക്ഷെ ഇവരുടെ അടുത്തിരുന്നു, അവരില്‍ നിന്നും കിട്ടുന്ന അനുഭവ പരിജ്ഞാനം ഉണ്ടാവില്ലാന്നു മാത്രം. ഓരോ സ്ക്രിപ്പിനെ പറ്റിയും അവര്‍ ആഴത്തില്‍ പഠിച്ചു വെച്ചിട്ടുണ്ടാകും.ഒറ്റക്കിരുന്നാലും പഠിക്കാന്‍ മനസ്സുണ്ടേല്‍ നമുക്കും ആവാം. പക്ഷെ ഇങ്ങനെ ചുളുവില്‍ കിട്ടില്ലാന്നു മാത്രം.



ഡേ ട്രേഡിങ്ങില്‍ അന്നേ ദിവസം തന്നെ ഇടപാടുകള്‍ അവസാനിപ്പിക്കേണ്ടതുണ്ട്. രണ്ട് തരത്തില്‍ ചെയ്യാം നമുക്ക്.
കാലത്ത് മാര്‍ക്കറ്റ് ഓപണാവുമ്പോള്‍ വാങ്ങിച്ച സ്ക്രിപ്പുകള്‍ ,വില കൂടുന്നതിനനുസരിച്ച് വിറ്റൊഴിയുക. നമ്മുടെ കൈയ്യില്‍ കമ്പനികളുടെ ഓഹരികള്‍ ഇല്ലെങ്കിലും നമുക്കത് വില്‍ക്കാം. വിപണി ക്ലോസ് ചെയ്യുന്നതിനും മുന്നെ നമ്മള്‍ വിറ്റതിനേക്കാളും കുറഞ്ഞ വിലക്ക് തിരിച്ചു വാങ്ങിച്ചാല്‍ മതി. ( short selling) .ഇങ്ങനൊക്കെ ചെയ്യണമെങ്കില്‍ അതാത് സ്ക്രിപ്പുകളെ പറ്റിയും ഇ പി എസു നെ പറ്റിയുമൊക്കെ( earning per share) നമുക്ക് ധാരണ വേണം.



സ്തീകള്‍ പൊതുവേ വീട്ടിലിരുന്ന് വിപണി ശ്രദ്ധിച്ച ശേഷം സ്ഥാപനത്തിലേക്ക് ഫോണ്‍ ചെയ്ത് ഓഹരികള്‍ വാങ്ങുകയും വില്‍ക്കുകയുമൊക്കെ ചെയ്യുന്നുണ്ട്. എന്നാലും അധികമാരും ട്രേഡിങ്ങ് ഫ്ലോറിലേക്ക് വരില്ല. നേരെ മറിച്ച് ഒരു ആഭരണക്കടയോ വസ്ത്രക്കടയോ ആണേല്‍ പെണ്ണുങ്ങളെ തട്ടിയിട്ട് നടക്കാന്‍ ആവില്ല.


ഡേ ട്രേഡിങ്ങ് ഊഹക്കച്ചവടമാണെന്ന് ഒരു വാദഗതിയുണ്ട്. ഇവര്‍ ചെയ്യുന്നത് ശ്രദ്ധിച്ചാല്‍ വെറും ഊഹം മാത്രമല്ല ,ഒരു കമ്പനിയുടെ ഓഹരി വാങ്ങാനും അത് ഹോള്‍ഡ് ചെയ്ത് വച്ച് വില കൂടുമ്പോള്‍ വില്‍ക്കാനും
ഇവരെ പ്രാപ്തരാക്കുന്നത് എന്നു ഏറെക്കുറെ ഉറപ്പാണു. നേരെ മറിച്ച് ദീര്‍ഘകാല നിക്ഷേപങ്ങള്‍ കുഴപ്പമില്ല.


ഇസ്ലാമിക ധനകാര്യ സ്ഥാപനങ്ങള്‍ക്ക് പച്ചക്കൊടി കിട്ടിയ ഈയവസരത്തില്‍ ഇന്ത്യന്‍ ഓഹരി വിപണിയും ഇസ്ലാമിക ലോകത്തിന്റെ നിക്ഷേപങ്ങളെ ആകര്‍ഷിക്കാന്‍ വേണ്ടി ശരീയത്ത് ഓഹരികളുടെ സൂചിക പ്രസിദ്ധീകരിച്ചു കഴിഞ്ഞു. അതനുസരിച്ച് നമ്മുടെ പണം ഹലാലായ മാര്‍ഗ്ഗങ്ങളിലൂടെ ബിസിനെസ്സ് നടത്തുന്ന കമ്പനികളില്‍ നിക്ഷേപിക്കാം.മദ്യം, സിഗരറ്റ്, ലഹരിവസ്തുക്കള്‍ ,എന്നിവ ഉല്പാദിപ്പിക്കുയോ വിതരണം ചെയ്യുകയോ ചെയ്യുന്ന കമ്പനികളെ ഒഴിവാക്കിക്കൊണ്ടുള്ള ലിസ്റ്റാണ് ബോംബെ സ്റ്റോക്ക് എക്സേഞ്ച് പുറത്തിറക്കിയിരിക്കുന്നത്.


വിപണിയില്‍ നിന്നും മികച്ച ഓഹരികള്‍ തിരഞ്ഞെടുക്കാന്‍ നമുക്ക് ഓഹരി നിക്ഷേപരംഗത്തെ അതികായനായ വാറന്‍ ബഫെയുടെ വിജയമന്ത്രങ്ങള്‍ ഉപാധിയാക്കാം.


വളരെ ലളിതമാണത്. ജനങ്ങള്‍ക്ക് ഒരിക്കലും ഒഴിച്ചു കൂടാന്‍ ആവാത്തതോ അല്ലെങ്കില്‍ ജീവിതത്തില്‍ നിന്നും അവര്‍ മാ‍റ്റി നിര്‍ത്താന്‍ ആഗ്രഹിക്കാത്തതോ ആയ വസ്തുക്കളുടെ ബിസിനെസ്സില്‍ ഏര്‍പ്പെട്ടിരിക്കുന്ന കമ്പനികളുടെ ഓഹരികള്‍. ഉദാഹരണത്തിനു സോപ്പ്, ടൂത്ത് പേസ്റ്റ്,കാറുകള്‍,കമ്പ്യൂട്ടര്‍ തുടങ്ങിയവ. ഈ കമ്പനികള്‍ക്ക് സാമ്പത്തിക സ്ഥിരതയുണ്ടോ അല്ലെങ്കില്‍ ശക്തമായ സാമ്പത്തിക അടിത്തറ ഉണ്ടോ എന്നു പരിശോധിക്കുക.
കമ്പനി മാനേജ്മെന്റിന്റെ മേന്മ, ഏര്‍പ്പെട്ടിരിക്കുന്ന ബിസിനെസ്സിന്റെ ലാളിത്യം ഇവ തീര്‍ച്ചയായും കണക്കിലെടുക്കണം.
പ്രതികൂല സാഹചര്യങ്ങളെ പ്രതിരൊധിക്കാനുള്ള ഒരു കമ്പനിയുടെ കഴിവാണു ബഫെ എടുത്ത് പറയുന്ന വേറൊരു ഘടകം.

കാശുണ്ടാക്കുക എന്നത് അത്ര എളുപ്പമൊന്നുമല്ല. ടാറ്റയും ബിര്‍ളയും അംബാനിമാരുമൊന്നും ഒരു സുപ്രഭാതത്തില്‍
അങ്ങനെയായതല്ല. നന്നായ് അധ്വാനിച്ച് തന്നെയാണു. കേട്ടിട്ടില്ലേ റോബര്‍ട്ട് കിയോസ്കിയും ഷാരോണ്‍ ലെച്ചറും( sharon Lechter) ചേര്‍ന്നെഴുതിയ “ റിച്ച് ഡാഡ് പുവര്‍ ഡാഡ് “ എന്ന പുസ്തകത്തെ പറ്റി.
അതില്‍ പറയുന്നുണ്ട്. കാശുള്ള തന്തമാര്‍ മക്കളോട് ചെറുതിലേ ബിസിനെസ്സിനെ പറ്റിയും കാശുണ്ടാക്കേണ്ടതിനെ പറ്റിയും പറയും. വലുതായാല്‍ ഒരു പുതിയ കമ്പനിയുണ്ടാക്കേണ്ടതിനെ പറ്റി പറയും.
നമ്മളോ....നീ വലുതായിട്ട് ഒരു എഞ്ചിനീയറാകടാ.., അല്ലേല്‍ മാഷാവ് എന്നൊക്കെ പറയും. അങ്ങേയറ്റം പോയാല്‍ ഡോക്ടറാവ് എന്നൊക്കെയല്ലെ ഉപദേശം. അവനെ/ അവളെ അതിനപ്പുറത്തേക്ക് വളരാന്‍ പ്രാപ്തനാക്കണം.

മോഹങ്ങള്‍ ഇങ്ങനെ പറക്കട്ടെ ആകാശത്തോളം.., അതിനു അതിരുകളില്ലല്ലോ....ഒപ്പം Be practical.

Sunday, March 27, 2011

കടലും പുഴയും ഒന്നാകുമ്പോള്‍......



ഒരു പുഴ കടലിലേക്കൊഴുകുന്നത് കാണാന്‍.... കടല്‍ ആയിരം കൈകള്‍ നീട്ടി
പുഴയെ വാരിപ്പുണരുന്നത് കാണാന്‍ , ആ ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കാന്‍ ആഗ്രഹമില്ലേ....?
എങ്കില്‍ വരൂ ..ഈ വഴിയെ...

ഫറോക്കിലാണു നമ്മളിപ്പൊള്‍ ...ടിപ്പുസുല്‍ത്താന്റെ ഫാറൂക്കാബാദ്. അതിനും മുന്‍പ് പരവന്‍ മുക്ക് എന്നാണത്രെ ഇവിടം അറിയപ്പെട്ടിരുന്നത്.
പരവന്മാര്‍ എന്നൊരു ആദിമ സമുദായക്കാര്‍ ഉണ്ടായിരുന്നു കേരളത്തിന്റെയും തമിഴ്നാടിന്റേയും തീരദേശങ്ങളില്‍. മത്സ്യബന്ധനത്തിലും ആയോധന കലകളിലും സമര്‍ത്ഥരായിരുന്നത്രെ അവര്‍. ഇപ്പോള്‍ ഗള്‍ഫ് ഓഫ് മന്നാറില്‍ ( മന്നാര്‍ ഉള്‍ക്കടല്‍ ) ആണു അവര്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. മുപ്പത്തഞ്ചോളം ഗ്രാമങ്ങളിലായ് പരവര്‍ താമസിക്കുന്നു. ലക്ഷ്ദ്വീപ് കടലിന്റെ ആഴം കുറഞ്ഞ ഭാഗമാണു മന്നാര്‍ ഉള്‍ക്കടല്‍. ഈ മന്നാറിലാണു നമ്മുടെ രാമസേതു അഥവാ ആദം പാലം.


നൂറു വര്‍ഷം പഴക്കമുള്ള ഫറൊക്കിലെ പാലമാണിത്. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയത്. അത് കൊണ്ട് തന്നെ ഇപ്പോഴും നല്ല ഉറപ്പില്‍ നില്‍ക്കുന്നു. സിമെന്റും കമ്പിയുമൊന്നും മേസ്തിരി വിറ്റു കാശാക്കിയിട്ടുണ്ടാവില്ല!!

പണ്ട് പാലമുണ്ടാക്കുമ്പോള്‍ , തൂണുറക്കാനായ് മനുഷ്യരെ കുരുതി കൊടുക്കാറുണ്ടായിരുന്നത്രെ......കേള്‍ക്കുന്നുണ്ടോ ഒരു തേങ്ങല്‍..
എനിക്ക് തോന്നീതാവും അല്ലേ....?

പശ്ചിമ ഘട്ടത്തില്‍ നിന്നാണു ചാലിയാര്‍ ഉല്‍ഭവിക്കുന്നത്. കാടുകള്‍ കടന്നിട്ട് വേണം അവള്‍ക്ക് ഇവിടെയെത്താന്‍. ഒരുപാട് ദൂരം...ആ വരവില്‍ അവള്‍ കൈയ്യില്‍ കൊള്ളാവുന്നത്രേം കളിമണ്ണും കൊണ്ട് വരും. ആ കളിമണ്ണു കണ്ടിട്ടാണു ഇവിടെ സായിപ്പ് ഓട് ഫാക്റ്ററി സ്ഥാപിച്ചത്. ഒരു ഡസനോളം ഓട് ഫാക്റ്ററികള്‍ ഉണ്ട് ഫറോക്കില്‍.

പശ്ചിമ മലനിരകളിലെ എലമ്പലരി മലയില്‍ നിന്നും ( നീലഗിരി ജില്ലയില്‍) ഉല്‍ഭവിക്കുന്ന ചാലിയാര്‍ ഒഴുകുന്നത്
ഏറേയും മലപ്പുറം ജില്ലയിലൂടെയാണു. പതിനേഴ് കിലോമീറ്ററോളം മലപ്പുറത്തിന്റേയും കോഴിക്കോടിന്റേയും അതിര്‍ത്തിയായ് പരക്കുന്നു അവള്‍. പിന്നെ ഒരു കുതിപ്പാണു തന്റെ പ്രിയപ്പെട്ടവനു അരികിലെത്താന്‍. അവസാനത്തെ ആ പത്ത് കിലോമീറ്റര്‍ കോഴിക്കൊട് ജില്ലയിലൂടെയാണു. ഇവിടെ ഇവള്‍ കടലുണ്ടിപ്പുഴയാണു. എന്തൊരു ആവേശമാണു ഇവള്‍ക്ക്...



ഈ പാലത്തിനു മേലെ നിന്നും താഴേക്ക് നോക്കുമ്പോള്‍ എനിക്ക് അനുഭവപ്പെടുന്നുണ്ട് ആ സ്നേഹത്തിന്റെ ആഴം.
മുകള്‍പരപ്പില്‍ പുഴ ശാന്തയാണു. ഓളങ്ങളില്ലാതെ...പക്ഷെ അടിയൊഴുക്ക് ശക്തം. കാലെടുത്ത് വെച്ചാല്‍ നമ്മെകൂടി അവളാ സ്നേഹത്തില്‍ മുക്കിക്കൊല്ലും!!





പാലത്തിനുമപ്പുറത്ത് കൂടി താഴേക്കിറങ്ങിയാല്‍ കടലിന്റെ നീട്ടിപ്പിടിച്ച കൈകളിലെത്താം നമുക്ക്, ആ നനഞ്ഞു നീണ്ട
വിരലുകളില്‍ പിടിച്ച് കുറച്ച് നേരം താഴെയുള്ള ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കാം.


ഇന്ന്..ഇരുട്ടിനെ വകഞ്ഞു മാറ്റി നിലാവ് പരക്കുവോളം ഞാനീ തീരത്തിരിക്കും. എന്റെ സാന്നിദ്ധ്യം തെല്ലും വകവെക്കാതെ പുഴയെ തന്നിലേക്ക് ചേര്‍ക്കാന്‍ കുതിക്കുന്ന കടലിന്റെ ആരവം കേള്‍ക്കാന്‍..

ചില സ്നേഹങ്ങള്‍ ഇങ്ങനെയാണു. തീക്ഷ്ണവും തീവ്രതരവും. നമുക്കൊന്നു പ്രതിരോധിക്കാന്‍ പോലും ഇടതരാതെ നമ്മെയും കൊണ്ട് അതിന്റെ അഗാധതയിലേക്ക് കൂപ്പുകുത്തും!!!






Thursday, March 24, 2011

ആടിന്റെ വിരുന്ന്



2010 ല്‍ സാഹിത്യത്തിനുള്ള നോബല്‍ പ്രൈസ് ലഭിച്ച മരിയാ വര്‍ഗാസ് യോസയുടെ പ്രശസ്തമായ നോവലാണു,ആടിന്റെ വിരുന്ന്.
ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ കേന്ദ്ര സ്ഥാനത്തൂള്ള എഴുത്തുകാരിലൊരാളാണു യോസ.1936ല്‍ പെറുവിലെ അരാക്വിവയിലാണു യോസയുടെ ജനനം.
യോസക്ക് അഞ്ചുമാസം പ്രയമുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു,പിന്നീട് അമ്മയോടൊപ്പം ബൊളീവിയയിലും പെറുവിലെ വിയൂറിയയിലും.പിന്നീട് 1946 ലാണു യോസ അഛനെ കാണുന്നത്,പിന്നെ അഛനമ്മമാരോടൊത്ത് ലിമയില്‍. പത്തൊമ്പത് വയസ്സുള്ളപ്പോള്‍ തന്നേക്കാള്‍ പതിമൂന്ന് വയസ്സിനു മുതിര്‍ന്ന ഒരു കസിനെ യോസ വിവാഹം കഴിച്ചു. പക്ഷേ അധിക നാള്‍ ആ ബന്ധം ഉണ്ടായില്ല. ആ ബന്ധത്തെ ആധാരമാക്കി യോസ ഒരു നോവലെഴുതി. Aunt Julia & The script writer.

1962 മുതലാണു യോസയുടെ എഴുത്ത് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. മാര്‍ക്കേസിന്റെ നോവലുകളിലെ മാജിക്കല്‍ റിയലിസത്തെ വിട്ട് ലോകം യോസയെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു.
നല്ല സുഹൃത്തുക്കളായിരുന്നു രണ്ട്പേരും.മാര്‍ക്കേസിനെ കുറിച്ച് എഴുതിയ ഒരു പ്രബന്ധത്തിനു യോസക്ക് ഡോക്ടറേറ്റ് ലഭിക്കുകയുണ്ടായിട്ടുണ്ട്. പക്ഷേ എഴുപതുകളുടെ പകുതിയായപ്പോഴേക്കും ആ സുഹൃത്ബന്ധം മുറിഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള സാഹിത്യ പ്രേമികള്‍ വളരെ കൌതുകത്തോടെയാണു ആ പിണക്കത്തിന്റെ വാര്‍ത്തകള്‍ കേട്ടിരുന്നത്. കൈയ്യാങ്കളി വരെ എത്തിയ ആ പിണക്കം തീരുന്നത് മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെ നൂറാം പതിപ്പ് ഇറങ്ങിയപ്പോഴാണു. അതിനു അവതാരിക എഴുതിയിരിക്കുന്നത് യോസയാണ്.

വളരെ മൌലികമായ ഒരു രചനാരീതിയാണു യോസയുടേത്; സ്ഥലവും കാലവും മാറിമാറി വരും എഴുത്തില്‍. വ്യത്യസ്ത കാലങ്ങളില്‍ നടന്ന സംഭവങ്ങള്‍ ,സമകാലിക സംഭവങ്ങള്‍ക്ക് ഇടയില്‍ പറയുന്ന ശൈലി. കാലത്തില്‍ നിന്നു കാലത്തിലേക്ക് ചാടുന്ന ഈ രീതി വളരെ പ്രകടമാണു ആടിന്റെ വിരുന്നില്‍. എന്നിരുന്നാലും വളരെ ലളിതമായി കാര്യങ്ങള്‍ പറയുന്നുണ്ട് യോസ, ഈ പുസ്തകത്തില്‍. കഥ വെറുതെ പറഞ്ഞു പോകുകയല്ല, അതിനപ്പുറം രാഷ്ട്രീയം,അധികാരം,സമൂഹം,സ്ത്രീ എന്നീ വിഷയങ്ങളില്‍ തന്റേതായ നിരീക്ഷണങ്ങളും കൂടെ വായനക്കാരുമായി പങ്കു വെക്കുന്നു, യോസ ആടിന്റെ വിരുന്നില്‍.

1930 മുതല്‍ 1961 ല്‍ കൊല്ലപ്പെടുന്നത് വരെ ഡൊമിനിക്കന്‍ റിപ്പ്ലബ്ലിക്ക് ഭരിച്ചിരുന്ന ജനറല്‍ ട്രൂജിലൊ മൊളീ‍നയുടെ ഏകാധിപത്യത്തിന്റെ കഥയാണു ആടിന്റെ വിരുന്ന്. ലോകത്ത് എവിടെയായാലും ഏകാധിപതികള്‍ക്ക് ഒരേ സ്വരവും ഭാവമുമെന്ന് നമ്മെ ഉണര്‍ത്തുന്നു, ഈ പുസ്തകം. അധികാരത്തിന്റെ ഇരുണ്ട ഇടനാഴികകളില്‍ അരങ്ങേറുന്ന വൃത്തികെട്ട നാടകങ്ങള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടി. അധികാരം പിടിച്ചെടുക്കാനും അത് നിലനിര്‍ത്താനും എന്തെല്ലാം പൈശാചിക കൃത്യങ്ങളാണു ഓരോ ഏകാധിപതികളും അനുവര്‍ത്തിച്ച് വരുന്നതെന്നു
വായനക്കാരെ ബോധ്യപ്പെടുത്തുന്ന ഒരു ഇരുണ്ട നോവലാണു ആടിന്റെ വിരുന്ന്. അതേ സമയം അങ്കിള്‍ സാമിന്റെ ഇരട്ട മുഖവും നോവലില്‍ അനാവൃതമാകുന്നുണ്ട്. ശക്തനായ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ എന്ന നിലയില്‍ യാങ്കീ ഭരണകൂടം ട്രൂജിലോയെ പിന്തുണക്കുന്നുണ്ട് .അധികാരം പിടിച്ചെടുക്കാന്‍ അവരാണു അയാള്‍ക്ക് ആയുധങ്ങളും പണവും കൊടുക്കുന്നത്.

ക്യൂബയേയും ഫിഡലിനേയും അടിക്കാനുള്ള വടി ആയിരുന്നു അങ്കിള്‍ സാമിനു ട്രൂജിലോ. പക്ഷേ ചരിത്രം ആവര്‍ത്തിക്കുകയാണു,അവസാനം സി ഐ എ യുടെ ഏജന്റുമാരാല്‍ തന്നെയാണു അയാള്‍ കൊല്ലപ്പെടുന്നതും.
വായനക്കാരെ ശരിക്കും അസ്വസ്ഥമാക്കുകയും മനോവേദനയിലാഴ്ത്തുകയും ചെയ്യുന്നു ഈ പുസ്തകം.

ഒരേ സമയം മൂന്നു വ്യത്യസ്ഥ കോണുകളിലുടെയാണു കഥ വികസിക്കുന്നത്. ട്രൂജിലോയുടെ മന്ത്രിസഭയിലെ പ്രമുഖനായിരുന്ന സെനേറ്റര്‍
അഗസ്റ്റിന്‍ കബ്രാളിന്റെ മകള്‍ യുറാനിറ്റയുടെ അനുഭവങ്ങള്‍, അവള്‍ പറയുകയാണു, തന്റെ പതിനാലാം വയസ്സില്‍ തനിക്ക് എന്തു കൊണ്ട് നാടു വിടേണ്ടി വന്നുവെന്നും, നീണ്ട മുപ്പത് കൊല്ലങ്ങള്‍ക്ക് ശേഷം താനെന്തിനു തിരിച്ച് നാട്ടിലെത്തിയെന്നും..
അതേസമയം, ജനറലിനെ കൊല്ലാന്‍ കാത്തുനില്‍ക്കുന്നവര്‍ , ,അവരോരുത്തരും എങ്ങനെ ജനറലിനെ വധിക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാകേണ്ടി വന്നു എന്നും, അവരോര്‍ത്തര്‍ക്കുമുണ്ടായ കയ് ക്കുന്ന അനുഭവങ്ങളും.
അടുത്തത് സാക്ഷാല്‍ ജനറലിന്റെ അവസാന ദിവസം , അയാളുടെയും അയാളുടെ മന്ത്രിസഭയിലെ പ്രമുഖരുടെ വാചകങ്ങളിലൂടെ .ഇങ്ങനെ ഒരേ സമയം മൂന്നു കോണുകളിലൂടെയാണു
ആടിന്റെ വിരുന്ന് മുന്നോട്ട് പോകുന്നത്.

നോവലിന്റെ ഒറിജിനല്‍ സ്പാനിഷിലാണു. അതു കൊണ്ട് തന്നെ സ്പാനിഷ് ഭാ‍ഷയിലെ പല നാടന്‍ പ്രയോഗങ്ങളും
മലയാളീകരിച്ചപ്പോള്‍ വല്ലാതെ അശ്ലീലമായി എന്ന ഒരു കുറവ് പരിഭാഷക്കുണ്ട്.

They kill the Goat---എന്നത് ഒരു സ്പാനിഷ് പഴമൊഴിയാണു. അതില്‍ നിന്നാവും യോസ തന്റെ നോവലിന്റെ തലക്കെട്ട് എടുത്തത്.

ഇനി നോവലില്‍ നിന്നും...

ട്രൂഹിയോയുടെ വധത്തിനു ശേഷം അയാളുടെ മകന്‍, രാജ്യം വിടുന്നതിനു മുന്‍പ് തന്റെ പപ്പയെ കൊന്നവരോട് പ്രതികാരം ചെയ്യുകയാണു.
തീവ്രവാദികള്‍ മിക്കവരും പിടിയിലായി. അവരെ രാജ്യത്തെ കുപ്രസിദ്ധമായ എല്‍ ന്യൂവെ എന്ന തടങ്കല്‍ പാളയത്തില്‍ കൊണ്ട് വന്നു
പീഡിപ്പിക്കുകയാനു അയാള്‍. ഒരാഴ്ച്ചയൊളം പട്ടിണിക്കിട്ട മിഗുവെല്‍ ഏഞ്ചലിനും ഏണസ്റ്റൊ ഡയസിനും , ജയിലര്‍ ഒരു പാത്രം ഇറച്ചിക്കറി കൊണ്ടു വന്നു കൊടുത്തു. വിശപ്പു കൊണ്ട് ആര്‍ത്തി പിടിച്ച് അത് മുഴുവന്‍ അകത്താക്കിയ അവരോട് ആ ക്രൂരനായ ജയിലര്‍ ചോദിക്കുക്കുകയാണു... തന്റെ മകനെ കൊന്നു തിന്നിട്ടും ഏണസ്റ്റോ ഡയസ്സിനു ഒന്നും തോന്നുന്നില്ലേ എന്ന്..!!
അയാളെ തെറി വിളിച്ച ഏണസ്റ്റൊക്ക് മുമ്പിലേക്ക് ജയിലര്‍ ഒരു കുഞ്ഞിന്റെ അറുത്ത് മാറ്റിയ തല നീട്ടിപ്പിടിച്ചു. തന്റെ കുഞ്ഞിന്റെ തൂങ്ങിയാടുന്ന തല കണ്ട ഏണസ്റ്റോ ഹൃദയ സ്തംഭനം വന്നു മരിക്കുകയാണു. കുറച്ച് മുന്‍പ് അയാള്‍ അകത്താക്കിയത്.....

എന്തു തോന്നുന്നു സുഹൃത്തുക്കളെ...ചര്‍ദ്ദിക്കണോ...വെയിറ്റ്....പ്ലാസ്റ്റിക് കവറൊക്കെ മാപ്പുകാരും കളക്ടര്‍ സാറും കൂടി കൊണ്ട് പോയി.
ദേ കുറച്ച് ടിഷ്യൂ പേപ്പര്‍....

"The feast of the Goat" എന്ന ഈ കൃതി മൊഴിമാറ്റം ചെയ് തിരിക്കുന്നത് ആശാലത. പ്രസാധനം ഡി സി ബുക്സ്. വില:Rs250/-


*** നാട്ടുപച്ചയുടെ അന്‍പത്തിരണ്ടാം ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.