Monday, November 16, 2009

മോന്‍ ബിസിയാ.....



കുടുംബക്കോടതികള്‍ക്ക് പണിയില്ലാതാവുന്നു !!!
ഈ നാട്ടിലെ (മറുനാട്ടിലേയും) വിവാഹമോചനങ്ങളുടെ കൃത്യമായ
കാരണം കണ്ടുപിടിക്കപ്പെട്ടിരിക്കുന്നു. 99./. കൃത്യത ഗ്യാരണ്ടീഡ്.

വെള്ളിനക്ഷത്രം ലക്കം 1062 ലെ ഒരു പരസ്യം .
“ മോനുവിനറിയില്ല അവന്റെ പപ്പയും മമ്മിയും അകന്നതെന്തിനെന്ന് !! “

(ചെക്കന്‍ ഈ പ്രായത്തില്‍ എങ്ങനെ അറിയാനാ...)

മുസ്ലിപവര്‍ എക്സ്ട്രായുടെ പരസ്യമാണു.എപ്പടി..?
ഇനിയിപ്പോ ഈ സാധനം കുടുംബക്കോടതി വഴി വിതരണം ചെയ്യാം.
നോ മോര്‍ സിറ്റിങ്ങ്...!!

അത് കൊണ്ട് മാതാപിതാക്കന്മാര്‍ ജാഗ്രതൈ...കുട്ടികളുടെ മുന്നില്‍ വച്ച്
തല്ല് പിടിക്കേണ്ട.അടുത്ത ജന്മദിനത്തില്‍ നിങ്ങള്‍ക്കു കിട്ടുന്ന സമ്മാനം
ഒരു പാക്കറ്റ് മുസ്ലിയായിരിക്കും....!!!

Tuesday, November 3, 2009

കണ്ടവരുണ്ടോ....?

ബൂലോകത്തെ പെണ്ണുങ്ങളെ കണ്ടവരുണ്ടോ...?
എവിടെപ്പോയി എല്ലാരും...?
ചുമ്മാ വന്ന് ഒരു തേങ്ങ ഉടച്ചിട്ട് പോം...


കൈതമുള്ളിന്റെ പുസ്തകം ജ്വാലകള്‍ ശലഭങ്ങള്‍...
ഒരാണിന്റെ കണ്ണിലൂടെയുള്ള കുറേ പെണ്ണുങ്ങളാണു പുസ്തകത്തില്‍...
പെണ്ണൊന്ന് ചിരിച്ചാല്‍ കുറച്ചൊന്നു അടുത്തിടപഴകിയാല്‍ അത്
പ്രണയമാണെന്ന് തെറ്റിദ്ധരിക്കുന്ന ആണിന്റെ മൂഡത,അല്ലേല്‍ നിന്റെ
എല്ലാ പ്രശങ്ങളും ഞാനങ്ങ് തീര്‍ത്തുതന്നേക്കാം എന്നുള്ള താന്‍പോരിമ...
പെണ്ണിന്റെ മനസ്സ് ആണുങ്ങള്‍ ഇനിയും അറിയേണ്ടിയിരിക്കുന്നു....

എന്റെ വായന ദാ ഇവിടേ....

നിങ്ങളുടെ അഭിപ്രായങ്ങള്‍ പറയുമല്ലോ...?

Wednesday, October 28, 2009

ബൂലോക ആതങ്കവാദി...ണി

മുല്ലയുടെ അഛന്റെ പേര്‍ ഉമര്‍ എന്നാണെത്രെ.”അപ്പോള്‍ മുല്ലാ ഉമര്‍ എന്നായ്,
ഭീകരവാദി തന്നെ,ശ്രദ്ധിക്കണം,നമുക്കവളെ അകത്താക്കാം.”
“എന്നാലും മുല്ല ഒരു പെണ്ണല്ലേ..?”

“പക്ഷേ ഉമര്‍ ആണാണല്ലോ?നമുക്കവളെ പിന്തുടരാം”
“അതാ മുല്ല ഒരു കോഴിക്കടയിലേക്ക് കയറുന്നു..
“കോഴി വാങ്ങാനാവില്ല”
“പിന്നെ.?”
“കശാപ്പു കത്തി ഉപയോഗിക്കാനുള്ള ട്രൈയിനിങ്ങാണു..”
ഇത്തവണ ചെരുപ്പ് കടയിലേക്കാണു.
“കൃത്യം നടത്തിയ ശേഷം എളുപ്പം ഓടിരക്ഷപ്പെടാന്‍ പറ്റിയ ഷൂസ്
തെരഞ്ഞാണ്..”
“അപ്പോള്‍ ഹോട്ടലില്‍ പോയതോ..?
“കൃത്യം നടത്താനുള്ള ഊര്‍ജം സംഭരിക്കേണ്ടേ..?”
അവളതാ സ്കൂള്‍ ബസാറില്‍ നിന്ന് ഇറങ്ങി വരുന്നു.
കൈയ്യിലുള്ള ടിഫിന്‍ കരിയറില്‍ ബോംബ് വെക്കാനാണു,ചുരുട്ടിപ്പിടിച്ച
മാപ്പില്‍ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ അടയാളപ്പെടുത്തീട്ടുണ്ടാവും ,സ്ഫോടനം
നടത്താന്‍...
“ഇന്നലെ ബീച്ചില്‍ കണ്ടിരുന്നു,തിരക്കുള്ള സ്ഥലം നൊക്കിവെക്കേണ്ടെ...
ബോംബ് വെക്കാന്‍..”
“ഉം..നമുക്കിവളെ പൊക്കാം..”
“എന്നാലും മുല്ല ഒരു പെണ്ണല്ലേ..”
“എങ്കി മറ്റേ വകുപ്പും കൂടെ ചേര്‍ത്തോ..ലൌ ജിഹാദ്...അപ്പൊ
കാര്യം എളുപ്പായി...”

Tuesday, October 20, 2009

ജനലിനപ്പുറം ജീവിതം....

ജനലിനപ്പുറം ജീവിതം പോലെയീ...
പകല്‍ വെളിച്ചം മറഞ്ഞു പോകുന്നതും...

ചുള്ളിക്കാടിന്റെ സന്ദര്‍ശനം കേള്‍ക്കുന്നു ഞാന്‍,ഒപ്പം ജനലിനപ്പുറം ഒരുപാട് ജീവിതങ്ങള്‍
മറഞ്ഞു പോകുന്നതും കേള്‍ക്കുന്നുണ്ട്.ആക്രോശങ്ങള്‍,അമര്‍ത്തിയ നിലവിളികള്‍.....
പിന്നെ നിശബ്ധത....

ഇവിടെ എന്റെ ബെഡ് റൂമിലെ ജനലില്‍ കൂടി നോക്കിയാല്‍ താഴെ ഒരു നിര വീടുകള്‍,
അടുത്തടുത്ത്,
അവിടെ നിന്നാണീ ശബ്ദങ്ങള്‍.കാരണങ്ങള്‍ പലതാവാം,ചെലപ്പോ ഒരതിര്‍ത്തി തര്‍ക്കം,
അല്ലെങ്കില്‍
മദ്യപിച്ച് വരുന്ന ഭര്‍ത്താവോ മകനോ,ഇനി സ്ത്രീധനത്തിന്റെ ബാക്കി ചോദിച്ച് വരുന്ന
ഒരു മരുമകന്‍....
എല്ലാ ശബ്ദങ്ങളും അടങ്ങുമ്പോള്‍ കേള്‍ക്കാവുന്ന അമര്‍ത്തിയ നിലവിളികള്‍ക്ക്
ഏകതാനത,സ്ത്രീ ശബ്ദം.
ഇതിനിടയില്‍ ആരും കാണാതെ പോകുന്ന ഒരു കൂട്ടര്‍,കുട്ടികള്‍.അവരുടെ കണ്ണുകളിലെ ആ നിഷ്കളങ്കത
എന്നേ കൊഴിഞ്ഞുപോയിരിക്കുന്നു,പകരം ഈ കളിയില്‍ തങ്ങളുടെ റോളെന്താനെന്ന്
നിശ്ചയിക്കാനാവാത്തതിന്റെ
അമ്പരപ്പ്,സ്നേഹം നിഷേധിക്കപ്പെടുമ്പോഴുള്ള നിസ്സഹായത,പിന്നെ എന്തിനെന്നറിയാത്ത രോഷവും.

Friday, October 16, 2009

ത്രീ മിസ്റ്റേക്ക് ഓഫ് മൈ ലൈഫ്

ഫൈവ് പോയിന്റ് സംവണിനും നൈറ്റ്‌@ എ കാള്‍ സെന്ററിനും ശേഷം
ചേതന്‍ ഭഗത്തിന്റെ പുതിയ പുസ്തകം.Three mistakes of my life.
ഇന്നത്തെ ചെറുപ്പക്കാരുടെ സ്വപ്നങ്ങളും ആഗ്രഹങ്ങളുമൊക്കെ വളരെ
ഭംഗിയായ് പറഞ്ഞു വച്ചിട്ടുണ്ട് ചേതന്‍.എത്ര പേരുടെ സ്വപ്നങ്ങള്‍ക്കു
മീതേ കൂടിയാണു ഒരു ഭൂകമ്പം അല്ലെങ്കി ഒരു വര്‍ഗീയ കലാപം
അതിന്റെ വാള്‍തല വീശി കടന്നുപോകുന്നത്!!!!
എന്നിട്ടും എല്ലാം വീണ്ടും കെട്ടിപ്പടുക്കുകയാണു എല്ലാരും...
അതെ...സ്വപ്നങ്ങളൊന്നുമില്ലേല്‍ പിന്നെ നമ്മളില്ല....!!!

പൂര്‍ണവായനക്ക്

Sunday, October 11, 2009

തകര്‍ന്നു തരിപ്പണമായ ഏപ്രില്‍


രക്തം രക്തം കൊണ്ടല്ലാതെ ന്യായീകരിക്കപ്പെടുകയില്ല എന്ന പുരാതന അല്‍ബേനിയന്‍ സാമൂഹിക
വ്യവസ്ഥിതിയിലേക്ക് വെളിച്ചം വീശുന്ന നോവലാണു ഇസ്മായില്‍ കാദെറെയുടെ
“തകര്‍ന്നു തരിപ്പണമായ ഏപ്രില്‍”.അല്‍ബേനിയയിലെ ആദിവാസികള്‍ക്കിടയിലാണു
കാനൂണ്‍ എന്ന രക്ത നിയമം നിലനില്‍ക്കുന്നത്.കൊലക്ക് പകരം കൊല എന്ന ലളിതമായ തത്വം.
ഒരുവീട്ടിലെ ഒരാള്‍ കൊല്ലപ്പെട്ടാല്‍,കൊലപാതകിയുടെ വീട്ടിലെ ഒരു പുരുഷനെ കൊന്ന്
പകരം വീട്ടുക.തെറ്റിക്കാന്‍ പാടില്ലാത്ത നിയമം.കൊലക്ക് വിധിക്കപ്പെട്ടവന്‍ വിശുദ്ധ ബലിമൃഗത്തെ
പോലെ പരിഗണിക്കപ്പെടും.അയാള്‍ രക്തപ്പണം എന്ന പിഴ അടക്കണം.ഈ രക്തപ്പണം കൊണ്ടാണു
ഒറോഷുകള്‍(കൊട്ടാരങ്ങള്‍)നിലനിന്നുപോകുന്നത്.ഒരാള്‍ കൊലചെയ്യപ്പെട്ടാല്‍ 24 മണിക്കൂറിനുള്ളില്‍
അല്ലെങ്കില്‍ അടുത്ത മുപ്പത് ദിവസത്തിനുള്ളില്‍ അടുത്തയാള്‍ കൊല്ലപ്പെട്ടിരിക്കണം.
കൊലമുതല്‍ കൊലവരെയുള്ള മുപ്പത് ദിവസം.ഇരയാക്കപ്പെട്ടവന്റെ നിസ്സംഗത,ജീവിതത്തോടുള്ള അഭിനിവേശം,
പ്രണയം ഇതെല്ലാമാണു തകര്‍ന്നു തരിപ്പണമായ ഏപ്രിലില്‍ നമ്മെ കാത്തിരിക്കുന്നത്.ഒപ്പം വരികള്‍ക്കിടയില്‍ നിന്നുമുയരുന്ന
ചോരയുടെ മണവും!!!
പൂര്‍ണവായന ഇവിടെ

Friday, July 10, 2009

ഭഗവാനേ......

മോഹന്‍ലാലിനു ലഫ്റ്റനന്റ്.കേണല്‍ പദവി..

പതിനെട്ടോ പത്തമ്പൊതോ വയസ്സില്‍ ആര്‍മിയില്‍ ചേര്‍ന്ന്
തന്റെ നല്ല കാലം മുഴുവന്‍ അതിര്‍ത്തിയിലെ മഞ്ഞിലും എകാന്തതയിലും
അനിശ്ചിതാവസ്ഥയിലും ജീവിതം തള്ളിനീക്കുന്ന ഒരു പട്ടാളക്കാരന്റെ
മുഖത്ത് നോക്കി കൊഞ്ഞനം കാട്ടുന്ന പണിയായ് പോയ്...
ഭഗവാനേ......

മോഹന്‍ലാല്‍ നല്ല നടനാണു,തര്‍ക്കമില്ല.പക്ഷേ രണ്ടു സിനിമേല്‍
കേണലായി അഭിനയിച്ചൂന്ന് വച്ച് ,ഉടനെയങ്ങ് ചാര്‍ത്തിക്കൊടുക്കേണ്ട കാര്യമാണൊ ഇത്?
അപ്പോ.. പണ്ടത്തെ ജനാര്‍ദ്ധനന്‍,സോമന്‍ ,ഗോവിന്ദന്‍ കുട്ടി പ്രതിഭകള്‍ക്ക്
എന്തോന്നെടുത്ത് കൊടുക്കും...?ഭഗവാനേ.....

Wednesday, June 24, 2009

അപ്പൊ ......നമ്മളൊക്കെ ആരാ ......

ഇന്നത്തെ മാധ്യമം പത്രത്തിലെ ഒരു വാര്‍ത്ത.
ലാല്‍ഗഡ്:അടുത്ത ഘട്ട നീക്കത്തിനു സുരക്ഷാസേന തയ്യാറെടുക്കുന്നതിനിടെ,
വെടിനിര്‍ത്തിയാല്‍ ബുദ്ധിജീവികളുടെ സാന്നിദ്ധ്യത്തില്‍ കേന്ദ്ര-സംസ്ഥാന
സര്‍ക്കാറുകളുമായ് ചര്‍ച്ചക്കു തയ്യാറെന്നു മാവോയിസ്റ്റുകള്‍.കഴിഞ്ഞ ദിവസം
പശ്ചിമബംഗാളിലെ ലാല്‍ഗഡ് സന്ദര്‍ശിച്ച ബുദ്ധിജീവികള്‍ ചര്‍ച്ചക്ക് മുന്‍ കൈ
എടുക്കണമെന്നു മാവൊയിസ്റ്റ് നേതാവ് സാഗര്‍ അറിയിച്ചു.
ചലചിത്ര സംവിധായിക അപര്‍ണാസെന്‍,നാടകകാരന്മാരായ
കൌശിക് സെന്‍,സവൊന്‍ലി മിത്ര,കവി ജൊയ് ഗൊസ്വാമി
തുടങ്ങി കല്‍ക്കത്ത ആസ്ഥാനമായ ചില ബുദ്ധിജീവികള്‍
ഞായറാഴ്ച ലാല്‍ഗഡ് മേഖലയില്‍ സന്ദര്‍ശനം നടത്തിയിരുന്നു.
........................................

പരിണാമത്തിന്റെ കുരുക്കഴിക്കുന്നതിനിടെ പണ്ട് ഡാര്‍വിന്‍ വിട്ടുപോയ
ആ കണ്ണിയാണോ ഈ ബുദ്ധിജീവികള്‍?അപ്പൊ ഡാര്‍വിന് ഈ സംഗതി
ഉണ്ടായിരുന്നില്ലെ ബുദ്ധി...?ഇനി ചലചിത്ര രംഗത്തുള്ളവരും കവികളും
കലാകാരുമേ ബുദ്ധിജീവികളായുള്ളു....?ഇവരിങ്ങനെ ബുദ്ധിയെടുത്ത്
അമ്മാനമാടി കളിക്കുകയാണോ...?അപ്പൊ നമ്മളൊക്കെ ആരാ...?
ഹോ...കണ്‍ഫ്യൂഷന്‍...കണ്‍ഫ്യുഷന്‍....
ഞാന്‍ പത്രം വായിക്കുന്നത് നിര്‍ത്തി.

Saturday, April 4, 2009

കൊന്ന മണക്കുന്ന കുട്ടിപ്പുരകള്‍ .................



അവധിക്കാലം തുടങ്ങി,ഒപ്പം കുട്ടിപ്പുരകളും:
ഇതുമൊരു കുട്ടിപ്പുര!!!ഉണ്ടാക്കാന്‍ എളുപ്പം,അഴിച്ചെടുക്കാനും.
എന്റെ മനസ്സിലുമുണ്ടൊരു കുഞ്ഞു കുട്ടിപ്പുര...ശീമകൊന്നയുടേ
കമ്പുകള്‍ കൊണ്ടു കാല്‍ നാട്ടി,മുകളീല്‍ അതേ ശീമകൊന്നയുടെ
ചില്ലകള്‍ മേലാപ്പ് തൂക്കിയ ,കൊന്നയുടെ മണമുള്ള ഒരു കുട്ടിപ്പുര!!!
അതില്‍ നിന്നും ഇതിലേക്കെന്തു ദൂരം!!!!

Wednesday, March 25, 2009

അങ്ങനെ ഒരവധിക്കാലത്ത് ......

ഒരവധിക്കാലം കൂടി വരുന്നു,പക്ഷേ വളരെ പതുക്കെ
നിറങ്ങളുടെ മേളങ്ങളില്ലാതെ..ആരവങ്ങളില്ലാതെ!!
ഞാനെന്റെ മക്കളോട് ചോദിച്ചു..ഈ വെക്കേഷനു എന്താ
പരിപാടി..?തലയാട്ടിക്കൊണ്ട് അവരു പറയുകയാണു,എന്തു പരിപാടി,
കുറേ പുതിയ ഗെയിംസ് വന്നിട്ടുണ്ട്,അതൊക്കെ ഡൌണ്‍ലോഡ്
ചെയ്യണം,കളിക്കണം,അല്ലാതെന്താ..
ഒരു പുഴയില്‍ ,വെള്ളത്തില്‍ ശ്വാസം മുട്ടുന്ന വരെ മുങ്ങി
കിടക്കണമെന്നോ,കൂട്ടുകാരന്റെ തോളില്‍ കയറി
പിന്നോക്കം മറിയണമെന്നൊ അവര്‍ക്കാഗ്രഹമില്ല!!!
ഞാവല്‍ മരത്തി കയറി ഞാവല്‍ പഴം പറിച്ച് തിന്നിട്ട്,
ഒരു ചോരച്ചിരി ചിരിക്കാന്‍ അവര്‍ക്കാഗ്രഹമില്ല!!!
രാത്രി കുളം വറ്റിച്ച് മീന്‍ പിടിക്കുമ്പോ..നിലാവില്‍ പുളയുന്ന
കണ്ണനേയും വരാലിനേയും കാണണമെന്നു അവര്‍ക്കു
തോന്നുന്നില്ല!!!!
ഞാനിതൊക്കെ പറയുമ്പോ അവര്‍ ചിരിക്കും,ഉമ്മാക്ക്
പുഴ കാണണൊ?അത് നമുക്കിവിടെ ഉണ്ടാക്കാം
ഒരു വിര്‍ച്വല്‍ പുഴ,ഒരു വിര്‍ച്വല്‍ ഞാവല്‍ മരം
ഒരു വിര്‍ച്വല്‍ നിലാവും!!!!
എനിക്ക് കരയാന്‍ തോന്നും.

Saturday, March 14, 2009

എന്തേ ഈ ആളുകള്‍ ഇങ്ങനെ ....?

ഇന്നത്തെ മാധ്യമം പത്രത്തില്‍ ഒരു വാര്‍ത്തയുണ്ട്.എന്റെ നെഞ്ഞു പൊള്ളി..

വര്‍ക്കല:ബൈക്കപകടത്തില്‍ പെട്ട യുവാവ് ആളുകള്‍ നോക്കി നിക്കെ
രക്തം വാര്‍ന്നു നടുറോട്ടില്‍ കിടന്നു മരിച്ചു.ഷെറിന്‍(22),ഓടിക്കൂടിയ
ആരും ആ യുവാവിനെ ആശുപത്രീല്‍ കൊണ്ടുപോവാന്‍ തയ്യാറായില്ലത്രെ!!
അപകടം നടന്നയുടന്‍ ,ജംഗ് ക്ഷനിലെ ടാക്സി സ്റ്റാന്റിലുണ്ടായിരുന്ന കാറുകള്‍
പൂട്ടി ഡ്രൈവര്‍മാര്‍ സ്ഥലം വിടുകയും ചെയ്തു!!!!

എന്തേ നമുക്ക് പറ്റിയത്...?എവിടെ നമ്മുടെ ആ പഴയ മനസ്സും,സ്നേഹവും മറ്റും..
എവിടെ വെച്ച് എങ്ങനെ അതൊക്കെ കൈമോശം വന്നുപോയ്..?

മരണ സമയത്ത്..മരണവേദനയേക്കാള്‍ ..ഒരുപക്ഷേ ആ യുവാവിനെ
വേദനിപ്പിച്ചതും അതുതന്നെ ആയിരിക്കില്ലേ..?ആ സമയത്ത് വല്ലാതെ ഒറ്റപ്പെട്ടുപോയിട്ടുണ്ടാവും
അവന്‍...ഒന്നു യാത്രാമൊഴി ചൊല്ലുവാന്‍ പോലും ആരുമില്ലാതെ....

Thursday, January 15, 2009

ജീവിതപാത



2008 കഴിഞ്ഞു...ഇനി 2009
അതും...?

“കുറ്റിപ്പുറം റെയില്‍ വേ ഫ്ലാറ്റ്ഫോമില്‍നിന്ന് എടുത്ത ചിത്രങ്ങള്‍“