Friday, May 21, 2010

വീണുപോയ ജീവിതങ്ങള്‍

അത് നിന്റെ ഉപ്പയല്ല...,പിന്നാലെ ഓടിവന്ന ജഹഫറിനെ തള്ളിമാറ്റി ഞാന്‍ മുള കൊണ്ടുള്ള പടി ചാടിക്കടന്നു.എന്റെ തൊണ്ടയില്‍ കരച്ചില്‍ തികട്ടിതികട്ടി വന്നു.വീട്ടിലേക്കുള്ള പടി കേറുന്നതിനിടെ ഞാന്‍ തിരിഞ്ഞു നോക്കി,അവനവിടെ തന്നെ നിക്കുവാണു മുഖം നിറയെ കണ്ണീര്‍പാടുമായ്....,

സ്കൂള്‍ വിട്ട് വന്ന പാടെ ജഹ്ഫറിന്റെ വീട്ടിലേക്ക് ഓടിയതാണു ഞാന്‍,അവിടെ അവന്റെ ഉപ്പ വന്നിട്ടുണ്ട്.ദുബായില്‍ നിന്നും,ഞാന്‍ കണ്ടിട്ടില്ല ഇതെവരെ,ജഹ്ഫറും കണ്ടിട്ടില്ലാ ഉപ്പാനെ,അവന്റെ ജനനത്തിനും മുന്‍പേ ഭാഗ്യം തേടി പോയതാണയാള്‍.ഇന്നു പൊടുന്നനെ...ഉപ്പ.പകഷേ എന്റെ മനസ്സിലെ ദുബായിക്കാരനെവിടെ....,അത്തറിന്റെ മണം പരത്തുന്ന,പള പള മിന്നുന്ന കുപ്പായമിട്ട,പൊന്നിന്റെ വാച്ച് കെട്ടിയ...,പകരം..,
To Read More

Friday, May 7, 2010

ദിവാസ്വപ്നം...



ഒരു പെണ്ണായത് കൊണ്ട് മാത്രം പിന്നിലുപേക്ഷിക്കേണ്ട ആഗ്രഹങ്ങളും
സ്വപ്നങ്ങളും എത്ര..?ഇനിയുമൊരു ജന്മം കൂടി നീ ഭൂമിയില്‍ പോയി
ജീവിച്ചോളൂ എന്ന് പറയപ്പെട്ടാല്‍ തീര്‍ച്ചയായും ഞാനൊരു
പെണ്ണാവില്ല തന്നെ.അതിലും എനിക്കിഷ്റ്റം ഒരു പക്ഷിയാവാനാണു,
അനന്തവിഹായസ്സിലേക്ക് ചിറക് കുഴയും വരേക്കും പറക്കാന്‍,
അല്ലെങ്കില്‍ ഒരു പരല്‍മീന്‍,ഒഴുക്കായ ഒഴുക്കൊക്കെ മുറിച്ച് കടക്കാന്‍....

Wednesday, May 5, 2010

ആര്‍ക്കാണു ഭ്രാന്ത്...?

കുറ്റിപ്പുറത്ത്കാരുടെ സ്വന്തം ഭ്രാന്തനായിരുന്നു കൃഷ്ണന്‍.സ്നേഹിച്ച് കൂടെ കൂട്ടിയ പെണ്ണ്
ഉപേക്ഷിച്ച് പോയതിനാലാണെന്നും അതല്ല ,പട്ടാളത്തില്‍ നിന്നും തിരിച്ച് വന്ന കൃഷ്ണനെ,
സഹോദരങ്ങള്‍ സ്വത്ത് കൈക്കലാക്കാന്‍ വേണ്ടി വീട്ടില്‍ നിന്നും അടിച്ചിറക്കിയപ്പോഴാണു
ഭ്രാന്തായതെന്നും രണ്ടു പക്ഷം.എന്തോ...എനിക്ക് പേടിയായിരുന്നു കൃഷ്ണനെ..,സ്കൂളിലേക്കുള്ള
വഴിയില്‍ ലെവല്‍ക്രോസിനടുത്തുള്ള കലുങ്കില്‍ ,കൈയിലൊരു മുണ്ടന്‍ വടിയുമായി ഇരിപ്പുണ്ടാവും അയാള്‍.
അയാളെ കടന്നുപോകുമ്പോള്‍ ഭയം കൊണ്ട് മുട്ടിടിക്കും.
ആണ്ടിലൊരിക്കലാണു കൃഷ്ണന്‍ കുളിക്കുക,നാട്ടുകാരുടെ ജോലിയാണത്.ഉത്രാടത്തിന്റന്ന് എല്ലാരും കൂടിഅയാളെ ചങ്ങണാം കടവിലേക്ക് ആനയിക്കും.ഒസ്സാന്‍ കുഞ്ഞയമുവിന്റെ കത്രിക കൃഷ്ണന്റെ തലയിലൂടെയും മുഖത്തൂടേയുംചലിക്കാന്‍ തുടങ്ങിയാല്‍ മറഞ്ഞുകിടക്കുന്ന ഭൂപ്രദേശങ്ങള്‍ വെളിപ്പെട്ടുവരും!!!
പിന്നീട് അയാളെ പുഴയിലിറക്കും,ഒരുകൊല്ലത്തെ മുഴുവന്‍ മാലിന്യങ്ങളും ഏറ്റുവാങ്ങി പുഴ കൃഷ്ണനെ
ശുദ്ധനാക്കും.തൊട്ടടുത്ത് ഭാരത് ഹോട്ടലില്‍ നിന്നും ഒരില ചോറ് വാങ്ങിനല്‍കുന്നതോടെ നാട്ടുകാര്‍
കൃഷ്ണനെ മറക്കും,പിന്നേയും ജീവിതം ആ കലുംങ്കില്‍.....

ഒരുദിവസം ഉപ്പാക്കുള്ള ചോറുമായ് ഞാന്‍ സ്റ്റേഷ്നനിലേക്ക് വരികയാണു.ലെവല്‍ക്രോസ്സില്‍ ഷണ്ടിങ്ങിനായ് ഗുഡ്സ് നിര്‍ത്തിയിട്ടിരുന്നു.മേല്‍പാലം ഇല്ല അന്ന്,വണ്ടിക്കടിയിലൂടെ നൂണ്ട് അപ്പുറം കടക്കണം.
കലുങ്കില്‍ കൃഷ്ണന്‍ ഇരിപ്പില്ല,ആശ്വാസത്തോടെ ഞാന്‍ വണ്ടിക്കടിയിലേക്ക് നൂണ്ടതും എഞ്ചിന്‍ വന്ന് ബോഗിയില്‍ഘടിപ്പിച്ചതും ഒപ്പം,വണ്ടി പിന്നോക്കം ഉരുളാന്‍ തുടങ്ങി,എന്റെ കണ്ണില്‍ ഇരുട്ട് കയറി.പെട്ടെന്ന് ആരോ എന്നെ വലിച്ച് പുറത്തേക്കിട്ടു.ചക്രങ്ങള്‍ പാളത്തിലുരയുന്ന ശബ്ദവും പിന്നെ മനം മടുപ്പിക്കുന്ന ഒരു വാടയും!!
വേറൊന്നും ഞാന്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.വണ്ടിയുടെ അനക്കം നിലച്ചപ്പോ എന്നെ ചുറ്റിയിരുന്നകൈകളും അയഞ്ഞു.ഞാന്‍ ചാടിയെഴുന്നേറ്റു.ദൈവമേ കൃഷ്ണന്‍!!!ആ ഭ്രാന്തന്റെ നെഞ്ചത്തായിരുന്നു ഞാന്‍ കിടന്നിരുന്നത്!!!
അലറി കരയാനായ് വായ തുറന്ന ഞാന്‍ ,പക്ഷേ പകുതിക്ക് വച്ച് അങ്ങനേ നിന്നുപോയി...അയാളുടെ കണ്ണില്‍ കണ്ട തിളക്കം,ഉന്മാദത്തിന്റെ തിളക്കമായിരുന്നില്ല അത്...പകരം സ്നേഹത്തിന്റെ ,വാത്സല്യത്തിന്റെ തിളക്കമായിരുന്നു അത്!!!!അതിങ്ങനെ എനിക്കു ചുറ്റും ഒഴുകിപ്പരക്കുന്നത് ഞാനറിഞ്ഞു.എന്റെ അമ്പരപ്പുകണ്ടിട്ടാവണം അയാള്‍ പതുക്കെ മന്ത്രിച്ചു.”ഇക്ക് പ്രാന്തൊന്നൂല്ല്യ കുട്ട്യെ.....എല്ലാരും കൂടി ഇന്നെ പ്രാന്തനാക്കീതാ....ഇക്കുപ്പായം ഇക്കിനി ഊരാന്‍ പറ്റൂലാ...ആരും സമ്മതിക്കൂലാ അയിന് “
പാളത്തില്‍ കിടന്നിരുന്ന ചോറ്റുപാത്രം അയാള്‍ എനിക്ക് നേരെ നീട്ടി.
“പൊയ്ക്കോ”
തിരിച്ച് നടക്കുമ്പോള്‍ എനിക്കൊന്നും തിരിയുന്നുണ്ടായിരുന്നില്ല.ഉപ്പാനോട് പറഞ്ഞാല്‍ എത്ര കുപ്പായം വേണേലും വാങ്ങിക്കൊടുക്കൂലോ കൃഷ്ണന്...പിന്നെന്താ അയാക്കാ കുപ്പായം മാറ്റിയാല്‍...

പക്ഷേ ഇപ്പൊ ,അയാളന്ന് പറഞ്ഞതിന്റെ പൊരുള്‍ എനിക്കറിയാം.ജീവിത വേദിയില്‍ ഓരോര്‍ത്തര്‍ക്കും,ഓരോരോ വേഷങ്ങള്‍,ഇഷ്റ്റായാലും ഇഷ്റ്റമില്ലേലും ആടിതീര്‍ത്തേ പറ്റു...അരങ്ങുവിടുന്നത് വരേക്കും.....

Sunday, May 2, 2010

മുളങ്കൂമ്പ് കറി

ചൈനക്കാരുടെയും തായ് ലന്റ് കാരുടെയും ഇഷ്ടവിഭവങ്ങളാണ് മുളങ്കൂമ്പ് കൊണ്ടുണ്ടാക്കുന്നവ. ദക്ഷിണേന്ത്യയില്‍ കുടകിലാണ് ഇവക്കു കൂടുതല്‍ ജനകീയത. വിലപിടിപ്പുള്ള ഈ പഞ്ചനക്ഷത്ര വിഭവം നമുക്ക് വീട്ടില്‍ തയ്യാറാക്കി നോക്കാം.


please click here for receipe