Monday, February 28, 2011

മാസോണിക് ലോഡ്ജ് കോഴിക്കോട്ടും !!



വ്യഖ്യാത ഹോളിവുഡ് സംവിധായകന്‍ സ്റ്റാന്‍ലി കുബ്രിക്കിന്റെ “ ഐസ് വൈഡ് ഷട്ട്” എന്ന സിനിമയില്‍ നായകനായ ടോംക്രൂസ് അമേരിക്കയിലെ ഉന്നതകുലജാതര്‍ക്കിടയിലെ നിഗൂഡമായ ഒരു ആചാരം കാണാന്‍ ഇടവരുന്നുണ്ട്.
എല്ലാ കച്ചവട സിനിമയിലും പോലെ കുബ്രിക്കും  അല്പം മസാല ചേര്‍ത്താണു ആ രംഗങ്ങള്‍ ചിത്രീകരിച്ചത്.
സത്യത്തില്‍, പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഉടലെടുത്ത ഫ്രീമേസണ്‍ എന്ന നിഗൂഡ സംഘടനയുടെ
ഹെറൊസ് ഗാമസ് എന്ന അനുഷ്ഠാനത്തിന്റെ വികൃതമാ‍യ അനുകരണമായിരുന്നു അത്.

ഡാന്‍ ബ്രൌണ്‍ തന്റെ ഡാവിഞ്ചികോഡിലും ലോസ്റ്റ് സിംബെല്‍ എന്ന പുസ്തകത്തിലും ഹെറോസ് ഗാമസിനെ പറ്റി
പറയുന്നുണ്ട്. മേസണ്‍ സിദ്ധാന്തമനുസരിച്ച് അതൊരു ദൈവീകമായ ആചാരമാണത്രെ. sex rituals with God & Goddess.
ദൈവത്തെ കാ‍ണാനും ദൈവീകത നേരീട്ടനുഭവിക്കാനും അവരത് പ്രതീകാത്മകമായ് ചെയ്യുന്നു എന്ന്!!.

പൌലോ കൊയ് ലൊ ,തന്റെ എലവന്‍ മിനുട്ടുസില്‍ പറയുന്നുണ്ട്, നേരെ മുകളിലേക്ക് പടികള്‍ ഓടിക്കയറി, രണ്ടാമത്തെ നിലയില്‍
ആദ്യം കാണുന്ന ജനവാതില്‍, അത് തള്ളി തുറക്കുക; അതാണു ദൈവത്തെ കാണാനുള്ള വ്യൂ പോയിന്റ് !! ഇനി കൊയ് ലോയും മേസണാണോ !!!

സോളമന്‍ ടെമ്പിള്‍---ജറുസലേം

പതിനേഴാം നൂറ്റാണ്ടില്‍ യൂറോപ്പില്‍ ഉടലെടുത്ത ഈ സംഘടന 1770 കളോടെ അമേരിക്കയില്‍ വേരുറപ്പിച്ചു. സമൂഹത്തിലെ ഉന്നതന്മാര്‍ മുഴുക്കെ ഇതിലേക്ക് ആകര്‍ഷിക്കപ്പെട്ടു. കലാകാരന്മാര്‍, ശാസ്ത്രജ്ഞര്‍ , രാഷ്ട്രീയപ്രമുഖര്‍ എന്നിവരെല്ലാം ഈ രഹസ്യ സംഘടനയില്‍ അംഗങ്ങളായി. എഡിസണ്‍, ബോട്ടിസെല്ലി, ലിയോനാഡൊ ഡാവിഞ്ചി, ഇസ്സാക് ന്യൂട്ടണ്‍ ,സിയോണിലെ പിയറി , ഫ്രാന്‍സിസ് ബേക്കണ്‍ എന്നീ പ്രമുഖരെല്ലാം തന്നെ മേസണുകളായിരുന്നു !!!!

എല്ലാ മതക്കാരും ഉണ്ടായിരുന്നു ഇവരില്‍, കൃസ്ത്യന്‍, ഇസ്ലാം, ബുദ്ധമതക്കാര്‍; തോറയും ഇഞ്ചീലും ഖുറാനും വേദങ്ങളും ഉണ്ട് ഇവരുടെ അള്‍ത്താരയില്‍.

സഭ അന്നും, ഇന്നും ഇവര്‍ക്കെതിരായിരുന്നു. കാരണം മതത്തേക്കാള്‍ ആത്മീയതക്കായിരുന്നു മേസണറിയില്‍ സ്ഥാനം.
അത്കൊണ്ട് തന്നെ വളരെ നിഗൂഡമായിരുന്നു ഇവരുടെ പ്രവര്‍ത്തനങ്ങള്‍. തങ്ങള്‍ക്ക് പറയാനുള്ളത് അതീവ ചാരുതയോടെ ഇവര്‍ ലോകത്തിന്റെ പല ഭാഗത്തായും ഒളിപ്പിച്ച് വെച്ചു , ചിഹ്നങ്ങളായും രൂപങ്ങളായും.


അമേരിക്കന്‍ ഡോളര്‍ ബില്ലില്‍ കാണുന്ന പിരമിഡും അതിനുള്ളിലെ കണ്ണും ( all seeing eye) മാസോണിക് ചിഹ്നമാണു.

സ്റ്റാച്യൂ ഓഫ് ലിബെര്‍ട്ടി യുടെ ഉയര്‍ത്തിപ്പിടിച്ചിരിക്കുന്ന കൈയ്യിലെ ടോര്‍ച്ച് മാസോനിക് സിംബലാണു. ലോകത്തെ പരമമായ
ലക്ഷ്യത്തിലേക്ക് നയിക്കുന്ന വെളിച്ചം. World in a new order.


മേസണ്‍ എന്നാല്‍ ആത്മീയ ദാര്‍ശനിക ആദര്‍ശങ്ങള്‍ സ്വന്തം മനസ്സില്‍ പടുത്തുയര്‍ത്തുന്ന ആള്‍ എന്നാണു വിവക്ഷ.
അവരുടെ ആദ്യത്തെ പള്ളി ജറുസേലമിലെ സോളമന്‍ ടെമ്പിളിലായിരുന്നു. Solaman the wise എന്നാണല്ലോ ചൊല്ല്.
അതു കൊണ്ടാകും രാജ്യത്തെ മിക്കവാറും എല്ലാ ബുദ്ധിജീവികളും മേസണുകളായത്.. ഇംഗളണ്ടില്‍, പള്ളികള്‍ ലോഡ്ഗ് എന്നാണു പരക്കെ അറിയപ്പെടുക. മാസോണിക് ലോഡ്ജ്. രാജ്യത്തെമ്പാടുമുള്ള ലോഡ്ജുകള്‍ , സോളമന്‍ ടെമ്പിളിന്റെ പിന്തുടര്‍ച്ചയാണു.അതു കൊണ്ട് തന്നെ സോളമന്‍ ടെമ്പിളിനോട് സാദൃശ്യപ്പെടാന്‍ വേണ്ടി അനുഷ്ഠാന സമയത്ത് അംഗങ്ങള്‍ ദീര്‍ഘചതുരാകൃതിയിലാണു നില്‍ക്കുക. സോളമന്‍ ടെമ്പിളിന്റെ തൂണുകളെ
പുന: സൃഷ്ടിക്കാന്‍ !!!
ലോഡ്ജ് എന്ന പേര്‍ ദുരൂഹവും തെറ്റിദ്ധാരണാജനകവുമായതിനാല്‍ ഇപ്പോള്‍ ലോഡ്ജുകളെ ,ഹാള്‍ എന്ന് പുനര്‍നാമകരണം
ചെയ്തിട്ടുണ്ട്.



ഓരോ ലോഡ്ജിനും അവരവരുടെ നിഗൂഡമായ ആചാര അനുഷ്ഠാനങ്ങളുണ്ട്,
രഹസ്യങ്ങള്‍ പുറത്ത് പോകാതിരിക്കാന്‍. പരസ്പരം ആശയങ്ങള്‍ കൈമാറുന്ന രീതി, ഹസ്തദാനം, എന്നിവയൊക്കെ
അവര്‍ക്കിടയില്‍ മാത്രം ഒതുങ്ങുന്ന രഹസ്യങ്ങളാണു. പുറത്ത് പറയാന്‍ പാടില്ല. രഹസ്യങ്ങള്‍ പുറത്താക്കുന്നവരെ
കൊന്ന് കളയുമായിരുന്നു പണ്ട്. അടച്ചിട്ട മുറിയില്‍ ,അതിന്റെ പേര്‍ ചേംബര്‍ ഓഫ് റിഫ്ലെക്ഷന്‍, മണിക്കൂറുകളോളം
തുടരുന്ന അനുഷ്ടാനങ്ങളാണ്. സ്ത്രീകള്‍ക്ക് പ്രവേശനവും അംഗത്വവും ഇല്ല.

ഓരോ ലോഡ്ജിലും മൂന്നുതരം (ഡിഗ്രി) മെസണുകളാണു ഉണ്ടാകുക.
1. അപ്രന്റീസ് ----പുതുതായ് ചേര്‍ന്നവര്‍
2. ഫെല്ലോ മേസണ്‍ അഥവാ ക്രാഫ്റ്റ് മേസണ്‍
3. മാസ്റ്റര്‍ മെസണ്‍.
നാലുമുതല്‍ മുപ്പത്തിമൂന്ന് ഡിഗ്രി വരെ സ്ഥാനങ്ങള്‍ ഉണ്ടെന്ന് പറയപ്പെടുന്നു. മുപ്പത്തിമൂന്ന് ഡിഗ്രിയിലുള്ള മഹാഗുരുവിനാണു എല്ലാ രഹസ്യങ്ങളും അറിയൂ. Everything revealed under 33 degree

ഇനി..
ഇതൊക്കെ അങ്ങ് ഇംഗ്ലണ്ടിലല്ലെ, ഞങ്ങളോടെന്തിനാ പറയുന്നെ എന്നാണെങ്കില്‍ തെറ്റി. ഇവിടെ നമ്മുടെ
മൂക്കിനുതാഴെ ഇതാ ഒരു മാസോണിക് ലോഡ്ജ് !!!!


ഇത് തലവെട്ടിപ്പള്ളി !!!!


കോഴിക്കോട് ഈസ്റ്റ് ഹില്ലിനടുത്ത് , 1886 ല്‍ ഇംഗ്ലണ്ടിലെ ഗ്രാന്റ് ലോഡ്ജിനു കീഴില്‍ രജിസ്റ്റര്‍ ചെയ്യപ്പെട്ട മസോണിക്ക് ടെമ്പിള്‍. അന്നു മുതല്‍ ഇന്നു വരെ യാതൊരു മുടക്കവും കൂടാതെ നടന്നു വരുന്നു. എല്ലാമാസവും ശനിയാഴ്ചകളില്‍ മീറ്റിങ്ങ് ഉണ്ടാകും. കാടും പടലും പിടിച്ച് കിടക്കുന്ന ഈ സ്ഥലം, പക്ഷെ ശനിയാഴ്ച്ക വൈകുന്നേരമായാല്‍ പെട്ടെന്ന് സജീവമാകും.



പിന്നീട് പാതിരാ വരെ നീളുന്ന പരിപാടികളാണു. എന്താണു അതിനുള്ളിലെ ആചാരങ്ങള്‍ എന്നതൊക്കെ അതീവ
രഹസ്യമാണു. മേര്‍സിഡസും ഓഡിയും ബിയെംഡബ്ലിയുവുമൊക്കെയാണു അവിടെ നിരന്നു കിടക്കാറ് !!!!

കണ്ണൂരും, തിരുവനന്തപുരത്തും, കൊല്ലത്തും മസോണിക്ക് ലോഡ് ജുകള്‍ പ്രവര്‍ത്തിക്കുന്നുണ്ടത്രെ!

So don't shut your eyes ,keep it wide open......

Monday, February 21, 2011

പറയാതെ വന്ന അതിഥി....




വിജനമായ പ്ലാറ്റ്ഫോമും ഒഴിഞു കിടക്കുന്ന വാഗണുകളുമായിരുന്നു അക്കാലത്തെ ഞങ്ങളുടെ കളിമൈതാനങ്ങള്‍....

ഉപ്പ അന്ന് കുറ്റിപ്പുറം സ്റ്റേഷനില്‍ സ്റ്റേഷന്‍ മാസ്റ്റെര്‍.ഇന്നത്തെ പോലെ തിരക്കുണ്ടായിരുന്നില്ല അക്കാലത്ത്, ഒന്നോ രണ്ടോ പാസഞ്ചര്‍ വണ്ടികള്‍ പിന്നെ ഒരു മെയിലും. സ്റ്റേഷനു പിന്നിലെ ക്വാര്‍ട്ടേര്‍സിലായിരുന്നു ഞങ്ങള്‍,സ്കൂളിലേക്കുള്ള വരവും പോക്കും പ്ലാറ്റ്ഫോമിലൂടെ തന്നെ. സ്കൂളില്ലാത്ത ദിവസങ്ങളില്‍ പോര്‍ട്ടര്‍ നാരായണേട്ടനെ സോപ്പിട്ട് ബെല്ലടിക്കാനുള്ള അവകാശം ഞങ്ങള്‍ പിടിച്ച് വാങ്ങും. വണ്ടി ബ്ലോക്കായത് അറിയിക്കാനുള്ള മണി അടിക്കാണാണു രസം.നീട്ടിയടിക്കാം..

എഫ്.സി ഐ ഗോഡൌണിലേക്കുള്ള അരിവാഗണ്‍ നില്‍ക്കുക സ്കൂളിനു മുന്നിലെ ചെറിയ പ്ലാറ്റ്ഫോമിലാണ്. ഗാങ്മാന്‍ ഷണ്മുഖനാണു വാഗണുകള്‍ തുറന്നുകൊടുക്കുക, അരിച്ചാക്കിറക്കി ഒഴിഞ്ഞ വാഗണുകളിലെ അരി അടിച്ചുക്കൂട്ടാന്‍ ചൂലും മുറവുമായി കാത്ത് നിക്കുന്ന പെണ്ണൂങ്ങളുടെ ഇടയിലൂടെ ഞാന്‍ ഷണ്മുഖത്തിന്റെ കൈയും പിടിച്ച് നടക്കും.

ഞാനന്ന് അഞ്ചാം ക്ലാസ്സില്‍, “അങ്ങഡ് മാറിനിക്കിന്‍ പെണ്ണുങ്ങളേ.. അവറ്റോള് അതെറക്കിക്കോട്ടെ. ന്നാലുംണ്ടാകും ഇങ്ങക്കൊക്കെ ഒരാഴ്ച കഞ്ഞികുടിക്കാന്‍”. ഷണ്മുഖന്‍ തൊള്ള തുറക്കും.

അട്ടിയിട്ട അരിചാക്കില്‍ ചാരിയിരിക്കുമ്പോള്‍ എന്തിനെന്നില്ലാതെ എനിക്ക് സങ്കടം വരും. എന്തോരം കല്ലാ അവരീ അടിച്ചുകൂട്ടുന്നതില്‍,എന്റെ ക്ലാസ്സിലെ ജഹഫറിന്റെ ഉമ്മയുമൂണ്ട് അക്കൂട്ടത്തില്‍ ; എങ്ങനെയാ അവനിത് തിന്നുക..? ചാക്കിറക്കുന്നതിനിടയില്‍ കൃഷ്ണേട്ടന്‍, അറ്റം വളഞ്ഞ സ്റ്റീല്‍ കൊക്കകൊണ്ട് ചാക്കില്‍ ഒരു വര വരക്കും, ആ കീറലിലൂടെ കുറേ അരിമണികള്‍ ഊര്‍ന്ന് താഴേക്ക് വീഴും. കല്ല് പെടാത്ത അരി, കൃഷ്ണേട്ടന്‍ എന്നെനോക്കി കണ്ണിറുക്കും.

ഒരൂസം അരിയിറക്കി കഴിഞ്ഞ് വാതിലുകള്‍ ലോക്ക് ചെയ്യാന്‍ ചെന്ന ഷണ്മുഖന്‍ പെട്ടെന്നു പിന്നോക്കം ചാടി, “ഹൌ എന്തൊരു നാറ്റം, ന്താദ്...“, ഞാനന്ന് വാഗണ്‍ ട്രാജഡിയെപറ്റിയൊന്നും കേട്ടിട്ടില്ല, ഷണ്മുഖത്തിന്റെ പിന്നാലെ ചെന്ന ഞാന്‍ മൂക്ക് പൊത്തി, ഹൌ...,തുറന്നിട്ട വാതിലിലൂടെയതാ ഒരു കറമ്പി എണ്ണമൈലി പുറത്തെക്കിറങ്ങുന്നു, ആകെ ചളീലും മൂത്രത്തിലും കുഴഞ്ഞ്, “പണ്ടാരം എവുടുന്ന് കേറിക്കൂടിയതാണാവോ”, മനുഷ്യനെ മെനക്കെടുത്താന്‍, ഷണ്മുഖം ഒച്ചയിട്ടു.

അതിനിടെ ഉപ്പ വന്നു, സാരല്ല്യ സേലത്ത് നിര്‍ത്തിയിട്ടപ്പൊ കയറിയതാവും, ഞാനങ്ങോട്ട് വിളിച്ചുപറയാം, ആരെലും അന്വേഷിച്ച് വരാതിരിക്കില്ല. രണ്ടൂസം കൊണ്ട് ക്വാര്‍ട്ടേര്‍സാകെ നാറാന്‍ തുടങ്ങിയപ്പോ ഉമ്മ മുറുമുറുത്തു. ആയിടക്ക് ഞങ്ങള്‍ വീടു വെക്കാന്‍ തുടങ്ങീരുന്നു, ധാരാളം കാറ്റും വെളിച്ചോം കിട്ടുന്ന ഒരു കുന്നിന്മുകളില്‍...,

‘അവിടെ കൊണ്ടെ കെട്ടാം, ആരെങ്കിലും വരാതിരിക്കില്ല.“
രാത്രി എനിക്ക് ഉറക്കം വരില്ല, അയിനു ഉമ്മേം ഉപ്പയുമൊക്കെ ഉണ്ടാവൂലേ, അതിനെ കാണാതെ വിഷമിക്ക്ണുന്റാവില്ലേ...
“പിന്നേ ഉമ്മ ചിരിക്കും, പശൂനാപ്പോ ഉമ്മേം ഉപ്പേം” മിണ്ടാണ്ട് കെടന്നോ പെണ്ണെ”
കുട്ടാപ്പുവായിരുന്നു കറമ്പിയുടെ കെയര്‍റ്റേക്കര്‍, പുല്ലിട്ട് കൊടുക്കുന്നതിനിടെ കുട്ടാപ്പു പറയും, “ഇതിനു നുമ്മ പറേണതൊന്നും മനസ്സിലാവ്ണില്ലാന്ന് തോന്ന്ണു, തമിഴത്തിയല്ലേ അതാ...“ ഒരൂസം സ്കൂള്‍ വിട്ടുവന്നപ്പൊ തൊഴുത്തില്‍ രണ്ടാളുകള്‍ ,കറമ്പിക്കെന്താ പറ്റിയേ?
“ഒന്നൂല്ല്യ അയിനെ കുത്തിവെക്കേണു”
“കുത്തിവെക്കേ....?അയിനു കറമ്പിക്കെന്താ സൂക്കേട്...?“
“സൂക്കേടൊന്നില്ലന്റെ കുട്ട്യെ,കുട്ട്യേളുണ്ടാവാനാ....?“
“അപ്പൊ വലുതായാ ന്നേം കുത്തിവെക്കോ....?“

കുട്ടാപ്പു പൊട്ടിച്ചിരിച്ചു.
“ങ്ങളെന്തിനാന്നും തന്തേ അക്കുട്ടിനോട് വേണ്ടാത്തതൊക്കെ പറഞ്ഞൊടുക്കണേ....അയിനൊരു അന്തോം കുന്തൊല്ല്യ, അത് ചെന്നു അയിന്റെ ഉമ്മാനോട് ചോദിക്കും, പിന്നെ നിക്കാ ചീത്ത കേക്കാ...“ തൊഴുത്തില്‍ ചാണകം വാരീരുന്ന കുഞ്ഞിപ്പെണ്ണ് ചീറി..
പിറ്റേന്ന് രാവിലേ തൊഴുത്തില്‍ കറമ്പി നീലിച്ച് കിടന്നിരുന്നു,തന്നെ അന്വേഷിച്ച് ആരെങ്കിലും വരുമെന്ന പ്രതീക്ഷകളൊക്കെ വിട്ട്....

“ഗൂളികന്‍ തൊട്ടതാ.... ഞാമ്പറഞ്ഞതാ അന്നേ ബ്രഹ്മരക്ഷസിന്റെ തേര്‍വാഴ്ചള്ള സ്ഥലാ, ബടെ തൊഴുത്ത് കെട്ടണ്ടാന്ന്, കുട്ടീന്റെപ്പ കേക്കൂലല്ലോ, വല്ല്യ പഠിപ്പുള്ള ആളൊളല്ലേ” കുട്ടാപ്പു എന്റെ കാതില്‍ മന്ത്രിച്ചു.
പറമ്പിന്റെ കെഴക്കേയതിരിലുള്ള പാലമരം കാട്ടി കുട്ടാപ്പൂ മന്ത്രിച്ചു,“കണ്ടാ എത്രണ്ണത്തിനേ വേലു അബടെ കൊണ്ടെ തളച്ചട്ക്കുണു”.

അന്നുച്ചക്ക് ഞാനൊറ്റക്ക് ആ പാലമരത്തിന്റെ ചുവട്ടില്‍ നിന്നു. മരത്തില്‍ നിറയേ തുരുമ്പിച്ച ആണികള്‍!!! അവക്കടിയില്‍ നിന്നും ആത്മാക്കളുടെ ചിറകടിയൊച്ചകള്‍..., സ്നേഹിച്ച് തീരാതെ കടന്നുപോവേണ്ടിവന്നവരുടെ കണ്ണീര്‍.എന്റെ തൊണ്ടയില്‍ ഒരു കരച്ചില്‍ അമര്‍ന്നൊടുങ്ങി.

Saturday, February 12, 2011

അമ്മയുടെ സ്വന്തം....



നാട്ടില്‍ ഞങ്ങളുടെ അയല്‍ക്കാരായിരുന്നു കുട്ടാപ്പുവും ദേവകിയും. കുട്ടികളുണ്ടായിരുന്നില്ല അവര്‍ക്ക്. മൂന്നോ നാലോ പ്രസവിച്ചിരുന്നു ദേവകി; പക്ഷേ കുഞ്ഞിലേ മരിച്ചുപോയതാണു എല്ലാവരും. കറമ്പിക്ക് പുല്ലിട്ട് കൊടുക്കുമ്പോഴും ടോമിയെ കുളിപ്പിക്കുമ്പോഴുമൊക്കെ കുട്ടാപ്പു നിര്‍ത്താതെ സംസാരിച്ചു കൊണ്ടിരിക്കും. ഭൂതങ്ങളും പ്രേതങ്ങളുമൊക്കെ കുട്ടാപ്പുവിന്റെ സ്വന്തക്കാരാണ്.

സ്കൂളിലേക്ക് ഞങ്ങള്‍ പോകുക കുട്ടാപ്പുവിന്റെ പുരയിടത്തിലൂടെ. ഓലപ്പുര ചുറ്റി അപ്പുറം കടന്ന് കോയഹാജീന്റെ
പറമ്പിലൂടെ താഴെക്കിറങ്ങിയാല്‍ റെയില്‍പ്പാളം. അവിടുന്നങ്ങോട്ട് ഒറ്റ പാച്ചിലാണു. അഞ്ചു മിനുട്ട് കൊണ്ട് സ്കൂളിലെത്തും.

പോകുമ്പോഴും വരുമ്പോഴും ദേവകി പുരയിടത്തിലുടെ ഉഴറി നടക്കുന്നുണ്ടാവും. എവിടേയും നോട്ടമുറക്കാതെ തന്നോട്
തന്നെ പിറുപിറുത്ത് കൊണ്ട് !

ആരോടാ ദേവകിയിങ്ങനെ സംസാരിക്കണേന്ന് ചോദിച്ചാല്‍ കുട്ടാപ്പു ചൂണ്ട് വിരല്‍ എന്റെ ചുണ്ടത്ത് വെക്കും.

‘ ശ് ശ്...ഇങ്ങട്ട് പോരെ...അവള് കുട്ട്യേളോട് മിണ്ടിം പറഞ്ഞും നടക്കേണ്..”
കുട്ടികളോ...!! എവിടെ...?
എന്റെ ചോദ്യം കേട്ട് കുട്ടാപ്പു ചിരിച്ചു.
“ അത് നുമ്പക്കൊന്നും കാണാന്‍ പറ്റൂല്ലാ.. പെറ്റ തള്ളോള്‍ക്കേ കാണാന്‍ പറ്റൂ...
മരിച്ചാലും നുമ്പളാരും എങ്ങട്ടും പോകൂലാ...പോകാനാകൂലാ...ഇബടൊക്കെ തന്നെ ഉണ്ടാകും.”

ഭയപ്പാടോടെ കുട്ടാപ്പുവിനു പിന്നില്‍ ചൂളിയ ഞാന്‍ എത്ര ശ്രമിച്ചിട്ടും ആരേയും കണ്ടില്ല !!! ഒരു ശബ്ദവും കേട്ടില്ല!!!!

ചില ദിവസങ്ങളില്‍ കുട്ടാപ്പുവിന്റെ പുരയില്‍ നിന്നും വേലു പൂശാരിയുടെ അലര്‍ച്ചയും ദേവകിയുടെ കരച്ചിലും
ഇടകലര്‍ന്ന് കേള്‍ക്കാം. ഒഴിപ്പിച്ച ബാധയേയും കൊണ്ട് വേലുവും കുട്ടാപ്പുവും പറമ്പിന്റെ അതിരിലുള്ള പാലമരത്തിനരികിലേക്ക് വേച്ച് വേച്ച് പോകുന്നത് , മുകളില്‍ എന്റെ മുറിയുടെ ജനലഴികളില്‍ മുഖമമര്‍ത്തി നിന്ന് ഞാന്‍ കാണും

പുറത്തെ ഇരുട്ടിനുള്ളിലൂടെ, ദേവകിയില്‍ നിന്നും ബലമായ് അടര്‍ത്തിക്കൊണ്ട് പോകുന്ന ആ സ്നേഹത്തിനു നേരെ ഞാന്‍ കൈ നീട്ടും. ഒരുമാത്ര , ഒന്നു പിടഞ്ഞുണര്‍ന്നു പോകുന്ന അതിനെ വേലുവിന്റെ പരുപരുത്ത വിരലുകള്‍ താഴേക്ക് തന്നെ അമര്‍ത്തിപ്പിടിക്കും.

പിന്നീടെപ്പോഴോ...ഒരു പരീക്ഷാകാലത്ത് തുറന്ന് നോക്കാതെ കിടന്ന ഒരു കത്തില്‍ നിന്നാണ് ഞാനത് അറിഞ്ഞത്. ഉമ്മ എഴുതിയിരിക്കുന്നു. ദേവകി മരിച്ചു, കുട്ടാപ്പു എവിടെയാണെന്ന് ആര്‍ക്കുമറിയില്ല. പരീക്ഷ കഴിഞ്ഞു വന്നപ്പോഴേക്കും ദേവകിക്കു മുകളില്‍ നിറയെ അരിപ്പൂക്കാടുകള്‍.

കഴിഞ്ഞാഴ്ച്ച -- മതിലിനരുകില്‍ നിന്ന് അരിപ്പൂക്കാടുകളെ എത്തി നോക്കിയ എന്നോട് ഉമ്മ വിളിച്ച് പറഞ്ഞു.
ആ പറമ്പ് കോയാഹാജി വാങ്ങി. അയാളുടെ ഇളയ മോന് വീട് വെക്കുകയാണു അവിടെ.
അപ്പോ ദേവകിയോ എന്ന എന്റെ ചോദ്യത്തിനു ഉമ്മ നെടുവീര്‍പ്പിട്ടു.

"ജെ സി ബിക്കെന്ത് ദേവകി, അവളേതോ ലോറീല്‍ കേറി എങ്ങോട്ടോ പോയി."

മതിലില്‍ ചാരി ഇടറി നില്‍ക്കവെ ... തിളങ്ങുന്ന വെയിലിന്റെ മങ്ങിയ തിരശ്ചീലക്കപ്പുറം ഒരു കുഞ്ഞു നിഴല്‍ !!!!
ചുണ്ട് പിളര്‍ത്തി അവനെന്റെ നേരെ കൈകളുയര്‍ത്തി. പുതഞ്ഞ് കിടക്കുന്ന പച്ചമണ്ണില്‍ നിന്നും പിഞ്ചു കാലുകള്‍
ഊരിയെടുക്കവേ മുന്നോട്ടാഞ്ഞു വീണ അവനു നേരെ ഞാന്‍ കണ്ണൂകള്‍ ഇറുക്കിയടച്ചു.


ചില ഓര്‍മ്മകള്‍ ഇങ്ങനെയാണു. മനസ്സിനെ തീ പിടിപ്പിക്കുന്നവ. ചില ഓര്‍മ്മകളോ --ഹൃദയത്തെ നുറുക്കി കളയുന്നത്.ഇനിയും ചില ഓര്‍മ്മകളുണ്ട്...ഒരു നനുത്ത കരസ്പര്‍ശം പോലെ ...ഞാനില്ലേ കൂടെ എന്നു
പറഞ്ഞ് അണച്ച് പിടിക്കുന്നവ !!!

Wednesday, February 9, 2011

വെര്‍തറുടെ ദു:ഖം നമ്മുടെയും..


പ്രസിദ്ധ ജര്‍മ്മന്‍ കവിയും നോവലിസ്റ്റും നാടക രചയിതാവുമൊക്കെയായ ഗെഥെയുടെ അതിപ്രശസ്തമായ കൃതിയാണു വെര്‍തെറുടെ
ദു:ഖങ്ങള്‍. വിഷാദാത്മകമായ ഒരു സിംഫണി പോലെ ആത്മാവിനെ കീറിമുറിക്കുന്നത്. ഏകാന്തതയും വിഷാദവും തോളോട് തോള്‍ ചേര്‍ന്നു പോകുന്നു നോവലിലുടനീളം. മനസ്സുകളില്‍ കൂടു കൂട്ടിയാല്‍ പിന്നെ ഇറങ്ങിപ്പോകാന്‍ മടി കാണിക്കും ഈ രണ്ടു ഭാവങ്ങളും.

മുഴുവന്‍ വായിച്ച് അഭിപ്രായങ്ങള്‍ പറയുമല്ലോ..

ഇവിടെ