Friday, December 7, 2012

മൂന്നാമതൊരാൾ....


അഞ്ചോ ആറോ വർഷം മുൻപ് വരെയെങ്കിലും മലയാളിയുടെ ജീവിതത്തിൽ ഒരു നിത്യസന്ദർശകനായ് അയാളുണ്ടായിരുന്നു; കക്ഷത്തിലിറുക്കിയ കറുത്ത ഡയറിയും കാലൻ കുടയുമായി അയാൾ കയറിയിറങ്ങാത്ത വീടുകൾ ചുരുക്കം ; ആ ഡയറിയിൽ മലയാളി യുവതീ യുവാക്കളുടെ സ്വപ്നങ്ങൾ ചേർത്ത് വച്ചിരുന്നു അയാൾ, ഇന്നാർക്ക് ഇന്നാരെന്നു ഒരു ചെറു ചിരിയോടെ അയാൾ ചൂണ്ടിക്കാണിച്ച് തരുമ്പോൾ മറുത്തൊന്നും പറയാൻ മലയാളി ശീലിച്ചിട്ടുണ്ടായിരുന്നില്ല അന്ന്...


പക്ഷേ ഇന്ന്; കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നും പോലും അയാൾ അപ്രത്യക്ഷനായിരിക്കുന്നു. ആരും അയാളെ പ്രതീക്ഷിക്കുന്നേയില്ല ഇപ്പോൾ. പകരം വിരൽ തുമ്പിലെ ഒറ്റ ക്ലിക്കിലൂടെ നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നങ്ങൾ തൂക്കി നോക്കാം, വിലയിടാം. എന്തെളുപ്പം.എന്തൊരാശ്വാസം. ഏത് മതത്തിൽ പെട്ടതാകട്ടെ, ജാതിയിൽ പെട്ടതാകട്ടെ, കറുപ്പൊ വെളുപ്പൊ തടിച്ചതൊ, മെലിഞ്ഞ് നീണ്ടതൊ ആകട്ടെ, എല്ലാം ഒരൊറ്റ ക്ലിക്കിലൂടെ മുന്നിലെത്തുമ്പോൾ ഒന്നും ചെയ്യാനില്ലാതെയായിപ്പോയ അയാൾ എവിടെയോ മറഞ്ഞുപോയി. ഒറ്റക്കല്ല അയാൾ പോയത്, കൂടെ കൊണ്ട് പോയത് ഒരു സംസ്ക്കാരത്തെ ആയിരുന്നു; മലയാളിയുടെ സാമൂഹിക ബോധത്തെ ആയിരുന്നു.

പണ്ടൊക്കെ ഒരു വിവാഹം എന്നു വെച്ചാൽ, രണ്ട് വീട്ടുകാരുടെ, രണ്ട് കുടുബങ്ങളുടെ , രണ്ട് ദേശക്കാരുടെ ആഘോഷമായിരുന്നു.ആദ്യവട്ട പെൻണുകാണലും ചെക്കൻ കാണലും മിക്കവാറും സംഭവിക്കുക ഏതെങ്കിലും കല്യാണ വീട്ടിലൊ മരണാടിയന്തര വീട്ടിലൊ വെച്ചായിരിക്കും. ആ അന്വേഷണത്തിന്റെ ചുക്കാൻ പിടിക്കാനും ദൂത് പോകാനും അയാളുണ്ടാകും; മൂന്നമതൊരാൾ. മലയാളി ഒറ്റക്കൊന്നും നിശ്ചയിച്ചുറപ്പിച്ചിരുന്നില്ല അന്ന്. കുടുംബ ബന്ധങ്ങൾക്കും കൊടുക്കൽ വാങ്ങലുകൽക്കും വില കൽ‌പ്പിച്ചിരുന്ന മലയാളി ഇന്ന് തന്റെ മാത്രം ലോകത്തിലേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു.

ഈ അവസരം മുതലെടുത്ത് തന്നെയാണു മുൻപ് പത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വിവാഹ പരസ്യങ്ങൾ ഇന്ന് ഓൺലൈനായി മലയാളിയുടെ മുന്നിലെക്കെത്താൻ മത്സരിക്കുന്നത്. വിവിധ മാട്രിമോണിയൽ പോർട്ടലുകൾ, പല രൂപത്തിലും ഭാവത്തിലും അവന്റെ മുന്നിലേക്കെത്തുകയും തിരഞ്ഞെടുക്കാൻ യഥേഷ്ടം ഓപ്ഷനുകൾ ലഭ്യമായിരിക്കുകയും ചെയ്യുമ്പോൾ പിന്നെന്തിനു മൂന്നാമതൊരാളുടെ സാന്നിദ്ധ്യം.

ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കും , കൂട്ടുകുടുംബത്തിൽ നിന്നും ഫ്ലാറ്റുകളുടെ ഒറ്റപ്പെടലുകളിലേക്കും മാറിയ ഒരു സമൂഹത്തിനു തീർച്ചയായും ഈയൊരു സംവിധാനത്തിന്റെ ഗുണഗണങ്ങൾ വർണിക്കാനുണ്ടാകും. ജാതകം നോക്കലും പെണ്ണു കാണലും തീയതി നിശ്ചയിക്കലും വരെ ഇവ്വിധം നടന്നു കിട്ടുമ്പോൾ ആശ്വസിക്കുന്നവരുണ്ടാകും; നാടൊടുമ്പോൾ നടുവെ ഓടണമെന്ന ചൊല്ല്. പക്ഷെ അക്കൂട്ടത്തിൽ ഇല്ലാണ്ടായിപ്പോകുന്നത് ബന്ധങ്ങളുടെ ഊഷ്മളതയും കൊടുക്കൽ വാങ്ങലുകളിലൂടെ ഉരുത്തിരിഞ്ഞ് വന്നിരുന്ന സ്നേഹത്തിന്റേയും കെട്ടുപാടുകളുടേയും വലിയൊരു ലോകമാണു.


അടുത്ത കാലത്തായി മാട്രിമോണിയൽ സൈറ്റുകളുടെ പ്രവാഹമാണു സൈബർ ലോകത്ത് . മലയാളത്തിലെ മുൻ നിര പത്രങ്ങളെല്ലാം തന്നെ സ്വന്തം മാട്രിമോണിയൽ സൈറ്റുകൾ തുറന്നു കഴിഞ്ഞു. ആദ്യ റജിസ്ട്രേഷം തികച്ചും സൌജന്യമാണു. തുടരന്വേഷണങ്ങൾക്ക് ഫീസുണ്ട്. പണ്ട് ബ്രോക്കർ നാണ്വേട്ടന്റെയും മൂസാക്കാന്റെം പോക്കറ്റിൽ നമ്മൾ തിരികി കൊടുത്തിരുന്ന പത്തിന്റെയും അൻപതിന്റേയും മുഷിഞ്ഞ നോട്ടുകൾക്ക് പകരം ആയിരവും അതിന്റെ മുകളിലോട്ടുമാണു ചാർജ്.

ജാതി ചോദിക്കരുത് പറയരുത് എന്ന് ഉൽഘോഷിച്ച ശ്രീ നാരായണ ഗുരുവിന്റെ ആത്മാവെങ്ങാനും അറിയാതെ ഈ സൈറ്റുകളുടെ ഇടയിൽ ചെന്നു പെട്ടാൽ അന്തം വിടും. മുസ്ലിംകൾക്ക് ലോകത്തെവിടെ നിന്നും പെണ്ണുന്വേഷിക്കാൻ നിക്കാഹ്.കോം. ഹിന്ദുക്കൾക്ക്; നായർ സൈറ്റ്, അതിൽ തന്നെ വിളക്കിത്തല നായരാണൊ..പേടിക്കേണ്ട, വിളക്കിത്തല പെൺകുട്ടികളും ആൺകുട്ടികളും റെഡി. ഇനി ഈഴവ, തിയ്യ, നമ്പൂരി, നംബീശൻ , അതും റെഡിയാണു. കൃസ്റ്റ്യാനിയാണേൽ, റോമനാണൊ ,കത്തോലിക്കനാണൊ..(RC,LC), മനസ്സമ്മതത്തിനു സ്യൂട്ട് തയ്പ്പിക്കാൻ നേരമായി. ഇനിയിപ്പൊ ഒന്നു കെട്ടിയതാണെലും കുഴപ്പമില്ല, അവർക്കും ഇരു ചെവി അറിയാതെ തങ്ങൾക്ക് ഇഷ്റ്റപ്പെട്ട ആളെ തപ്പാം.


പെണ്ണുകാണലും മോതിരം മാറലുമെല്ലാം ഒറ്റക്കാവാമെങ്കിൽ കല്യാണവും അങ്ങനെ തന്നെ മതിയെന്നാണു ഇപ്പൊ മലയാളിയുടെ ഫാഷൻ. കല്യാണം കൂടാൻ ആർക്കും ക്ഷണമില്ല, പകരം റിസെപ്ഷനു വരാനാനു ക്ഷണം. വൈകിട്ട് ആറു മണി മുതൽ ഒൻപതോ പത്തോ മണി വരെ നീളുന്ന വിവാഹ സൽക്കാരങ്ങൾ. ആ സൽക്കാര പന്തലിലേക്ക് ഇടക്ക് വന്ന് മുഖം കാണിച്ച് ഭക്ഷണം കഴിച്ച് പിരിയുന്നവർ. അവർ പരസ്പരം കാണുന്നില്ല; പങ്ക് വെക്കുന്നില്ല ഒന്നും.

ലോകം വല്ലാതെ ചുരുങ്ങിപ്പോയിരിക്കുന്നു. ഗ്ലൊബൽ വില്ലേജ്. ഒപ്പം അവന്റെ മനസ്സും. വിവിധ സോഷ്യൽ സൈറ്റുകളിലാണു മലയാളിയുടെ സജീവ സാന്നിദ്ധ്യം നിറഞ്ഞാടുന്നത്. എന്തിനും ഏതിനും ഉപായങ്ങളും പരിഹാരങ്ങളും നിർദ്ദെശിക്കുന്നവൻ പക്ഷെ തന്റെ തൊട്ട അയൽക്കാരന്റെ പ്രശ്നം അറിയാനൊ പരിഹാരം നിർദ്ദേശിക്കാനൊ മുതിരുന്നില്ല. തൊട്ടടുത്ത് അടഞ്ഞു കിടക്കുന്ന വീട്ടിൽ നിന്നും ഒരു നാൾ ദുർഗന്ധം പുറത്തേക്ക് വമിക്കുകയും ആളും പോലീസും കൂടുകയും ചെയ്യുമ്പോളെ അവനറിയുന്നുള്ളു ആ വീട്ടിലെ അനക്കങ്ങളെല്ലാം എന്നന്നേക്കുമായി നിലച്ചിരിക്കുന്നു എന്ന്...

ഇതാണു ഇന്നു ഓരോ മലയാളിയുടേയും സ്ഥിതി. അവനവനിലേക്ക് തന്നെ ചുരുങ്ങി ഇല്ലാണ്ടായിക്കൊണ്ടിരിക്കുന്ന അവസ്ഥ. മൂന്നാമതൊരാൾ സാന്ത്വനവുമായി പടി കടന്നെത്താൻ ഉണ്ടെന്ന ഉൾതുടിപ്പ് പോലും അവനു നഷ്ടപ്പെട്ടിരിക്കുന്നു. ഒരു വീണ്ടെടുപ്പ് സാധ്യമാകുമോ ഇനി...?

****നാട്ടുപച്ചയിൽ പ്രസിദ്ധീകരിച്ചത്...


Saturday, November 3, 2012

ഖജുരാഹോ....

ആഗ്രയിലെ മൂന്നു കൊല്ലക്കാലത്തെ വാസത്തിനിടക്ക് ഒരുപാട് സ്ഥലങ്ങള്‍ കാണാന്‍ പറ്റിയിട്ടുണ്ട്. അവിടെ ഞങ്ങള്‍ മലയാളികള്‍ക്ക് ഒരു ക്ലബുണ്ടായിരുന്നു. റോസസ് ക്ലബ്. യാത്രകളായിരുന്നു മുഖ്യ അജണ്ട. അങ്ങനെയാണു അക്കൊല്ലം ഖജുരാഹോയിലേക്ക് പോകാന്‍ തീരുമാനിക്കുന്നത്. ജാന്‍സി വഴി ഖജുരാഹോയിലേക്ക്,അവിടുന്ന് ഇന്ത്യയുടെ ഡയമണ്ട് സിറ്റിയായ പന്നയിലേക്ക്... ആഗ്രയില്‍ നിന്നും 175 കിലോമീറ്ററാണു ജാന്‍സിയിലേക്ക്,അവിടുന്നൊരു 220 കിലോമീറ്റര്‍ ഖജുരാഹൊയിലെക്കും. ഒരുപാട് ഫോട്ടോസ് എടുത്തിരുന്നു യാത്രയിലുടനീളം. പത്ത് കൊല്ലം മുന്‍പാണത്.പിന്നീടുള്ള കൂടു വിട്ട് കൂട് മാറലുകള്‍ക്കിടയില്‍ അതൊക്കെ എവിടെയോ നഷ്ട്ടപ്പെട്ടു പോയി. ഓര്‍മ്മകള്‍ മാത്രം ബാക്കി...ഇനി അവയും മാഞ്ഞു പോകും മുന്‍പ് ഇവിടെ കോറിയിടട്ടെ. ആഗ്രയില്‍ നിന്നും പുറപ്പെട്ട് ബിന,മൊറീന എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ചമ്പലായി. ഇനി യാത്ര ചമ്പല്‍ കാടുകള്‍ക്കരികിലൂടെ...കാട് എന്നു കേട്ട് കുളിരു കോരേണ്ട. ഒരു പുല്‍നാമ്പ് പോലുമില്ല എങ്ങും. പണ്ട് നമ്മള്‍ ചിരട്ട കൊണ്ട് മണ്ണപ്പം ചുടില്ലെ, അതുപോലുള്ള കുഞ്ഞു കുഞ്ഞ് ചുവന്ന മൊട്ടക്കുന്നുകള്‍ ,അടുത്തടുത്തായ് , അവക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഇടുങ്ങിയ വഴികള്‍, അവിടെങ്ങും മുള്ളുകളുള്ള ഒരു തരം കുറ്റിച്ചെടികളാണു നിറയെ. കുതിരപ്പുറത്തേ സഞ്ചരിക്കാന്‍ പറ്റൂ...ഒരു കാലത്ത് ഉത്തര്‍പ്രദേശ്,മദ്ധ്യപ്രദേശ് സര്‍ക്കാറുകളെ വെള്ളം കുടിപ്പിച്ചിരുന്ന ഇന്ത്യയുടെ ബാന്‍ഡിക്റ്റ് ക്യൂ‍ന്‍ ഫൂലന്‍ ദേവിയും കൂട്ടാളികളായ വിക്രമും മാന്‍സിംഹുമെല്ലാം വിഹരിച്ചിരുന്ന ഇടം. ഫൂലനും കൂട്ടരുമേ ഇല്ലാതായിട്ടുള്ളു, പക്ഷേ ഇപ്പഴും ഈ പ്രദേശത്ത് പിടിച്ച് പറി സംഘങ്ങള്‍ വളരെ സജീവമാണത്രെ.

ഒരു ഭാഗത്ത് ചമ്പല്‍ നദി ,കലങ്ങി മറിഞ്ഞ് ,ചളി നിറഞ്ഞ് ,വളഞ്ഞ് പുളഞ്ഞ് ഒഴുകുന്നു. ആലോചിക്കുംപ്പോ അല്‍ഭുത തോന്നും,ഇത്രേം ദുര്‍ഘടമായ ഒരു വിജന പ്രദേശത്ത് ,എങ്ങനെയാണു വര്‍ഷങ്ങളോളം ഫൂലനും കൂട്ടരും പൊരുതി നിന്നത്. അവരുടെ ഇഛാശക്തിയും തന്റേടവുമാണു അതിനവരെ പ്രാപ്തയാക്കിയത്. ഉത്തര്‍ പ്രദേശിലെ അവര്‍ണ്ണ സമുദായത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിയെ ഇന്ത്യയെ വിറപ്പിക്കുന്ന ഒരു കൊ ള്ളക്കാരിയാക്കിത്തീര്‍ത്തത് ആ സമൂഹത്തില്‍ നില നിന്നിരുന്ന അഭിശപ്തമായ സാമൂഹിക സാമ്പത്തിക പരിതസ്ഥികളാണു. ഇന്നും ജാതി വ്യവസ്ഥ വളരെ ശക്തമായ് നിലനില്‍ക്കുന്നുണ്ട് അവിടങ്ങളില്‍. ജാട്ടുകളേയും മറ്റ് താണ ജാതിക്കാരെയൊന്നും സവര്‍ണര്‍ വീട്ടില്‍ കയറ്റില്ല. പുതിയ പുതിയ കണ്ട് പിടുത്തങ്ങളും നിര്‍മ്മിതിയുമൊക്കെയായ് ശാസ്ത്രം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്പക്ഷേ മനുഷ്യന്റെ മനസ്സ് ,അതിപ്പഴും തുടങ്ങിയടത്ത് തന്നെ നില്‍ക്കുകയാണു. ഫൂലന്‍ കൂട്ടരേയും ചമ്പലില്‍ തന്നെ വിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു, ജാന്‍സിയിലേക്ക്, ഫൂലനില്‍ നിന്നും ലക്ഷ്മീ ഭായിയിലേക്ക് അധികം ദൂരമില്ല.സാഹചര്യങ്ങളാണു അവരെ രണ്ട് ധ്രുവങ്ങളിലാക്കിയത്. ലക്ഷ്മീഭായി ജനിച്ചത് വരാണസിയില്‍ ഒരു സവര്‍ണ്ണ ബ്രാഹ്മണന്റെ മകളായിട്ട്. അവര്‍ ജാന്‍സിയിലെത്തിയത് മഹാരാജാ ഗംഗാദര്‍ റാവുവിന്റെ പട്ടമഹിഷിയായി.ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ത്ത പേരാണു റാണീ ലക്ഷ്മീഭായിയുടേത്. ബ്രീട്ടീഷുകാര്‍ക്കെതിരെയുള്ള ആദ്യ സ്വാതന്ത്ര്യ സമരത്തിലെ വീരനായിക. 1606 ല്‍ മഹാരാജ ബീര്‍സിംഗ് ആണു ജാന്‍സികോട്ട പണികഴിപ്പിച്ചത്. കോട്ടക്കിപ്പോഴും പറയത്തക്ക കേടുപാടുകളൊന്നുമില്ല. കരിങ്കല്ലിലാണു കോട്ടയുടെ നിര്‍മ്മിതി. കോട്ടക്ക് ചുറ്റും കിടങ്ങുണ്ട്, പത്ത് വാതിലുകള്‍ ഉണ്ട് കോട്ടക്ക്. ഓരോ പേരാണു ഓരോന്നിനും.ലക്ഷ്മി ഗേറ്റ്, സാഗര്‍ ഗേറ്റ്,ഓര്‍ച്ച ഗേറ്റ് തുടങ്ങി...,പണ്ടോക്കെ രാജാക്കന്മാര്‍ റാണിമാരോടോ മക്കളോടോ സ്നേഹം തൊന്നിയാല്‍ ഉടനെ പണികഴിപ്പിക്കും ഒരു ദര്‍വാസാ, അല്ലേല്‍ ഒരു മഹല്‍ എന്നിട്ടതിനു അവരുടെ പേരും ഇടും രാജകാലമല്ലേ..തിരുവായ്ക്ക് എതിര്‍വായ് ഇല്ല. കോട്ടക്കകത്ത് ഒരു അമ്പലമുണ്ട് ,ശിവ പ്രതിഷ്ഠ ,ജാന്‍സി ഗാര്‍ഡനൊക്കെ പുല്ലുമൂടിക്കിടക്കുന്നു. ഒരുകാലത്ത് കുതിരക്കുളമ്പടികളും പോര്‍വിളികളാലും പ്രകമ്പനം കൊണ്ടിരുന്ന രണ ഭൂമിയാണിത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വിലപ്പെട്ട ഒരേട് നമുക്കിവിടെ നിന്നും കണ്ടെടുക്കാനാവും.. തങ്ങളുടെ സാമ്രാജ്യത്തിന്റെ അതിരുകള്‍ വിസ്തൃതമാക്കാന്‍ എന്തിനും തയ്യാറാകുന്ന ബ്രിട്ടീഷ്കാരുടെ ദുരയാണു ലക്ഷ്മീഭായിയെയും ജാന്‍സിയിലെ ജനങ്ങളെയും പോരാട്ടത്തിലേക്ക് തള്ളിവിട്ടത്. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ വിധവയാകുമ്പോള്‍ അവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. ദത്തെടുത്ത മകന്‍ അനന്തരാവകാശിയാവാന്‍ നിയമമില്ലായെന്ന വരട്ടുവാദം പറഞ്ഞാണ് ലോര്‍ഡ് ഡാല്‍ഹൌസി ജാന്‍സി ഏറ്റെടുക്കാന്‍ എത്തുന്നത്. ജാന്‍സിലെ ജനങ്ങളും റാണിയും തങ്ങളുടെ സ്വാതന്ത്ര്യം അടിയറ വെക്കാന്‍ തയ്യാറായിരുന്നില്ല. പൊരിഞ്ഞ പോരാട്ടമാണു അവിടെ നടന്നത്, തന്റെ ദത്തുപുത്രനെ പുറത്ത് വെച്ചു കെട്ടി, ഇരു കൈകളിലും വാളേന്തി കുതിരയുടെ കടിഞ്ഞാണ്‍ വായില്‍ കടിച്ച് പിടിച്ച് റാണി ധീരമായ് പൊരുതി. പക്ഷേ വിജയം ബ്രിട്ടീഷ്കാരുടെ ഭാഗത്തായിരുന്നു. പിടിക്കപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ റാണി കുതിരയേം കൊണ്ട് കോട്ടക്ക് മുകളില്‍ നിന്നും താഴെക്ക് ചാടി. റാണിയും മകനും വന്നു വീണ സ്ഥലം കോട്ടക്ക് താഴെ പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു. ഗുരുതരമായ് പരിക്കേറ്റെങ്കിലും രക്ഷപ്പെട്ട അവര്‍ കല്‍പ്പിയിലെത്തി. പിന്നീട് കല്‍പ്പിയില്‍ വെച്ച് നടന്ന രണ്ടാമത്തെ യുദ്ധത്തിലാണു ജാന്‍സി റാണി കൊല്ലപ്പെട്ടത്. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍. പണ്ട് സോഷ്യല്‍ സയന്‍സ് ക്ലാസില്‍ ജാന്‍സി റാണിയെ പറ്റി കാണാതെ പഠിക്കുമ്പോള്‍ സ്വപ്നേപി കരുതിയതല്ല അവരുടെ ചോര പുരണ്ട മണ്ണില്‍ കാലുകുത്താന്‍ പറ്റുമെന്ന്!
ഇനി ഞങ്ങള്‍ക്ക് പോകേണ്ടത് ഖജുരാഹോയിലേക്കാണു. ക്ഷേത്രങ്ങളുടേയും ശില്‍പ്പങ്ങളുടെയും നാട്.ചന്ദേലാ രാജവംശത്തിന്റെ ആസ്ഥാനം. ചന്ദ്ര ഭഗവാന്റെ സന്തതി പരമ്പരകളാണു ചന്ദേലാസ് എന്നാണു മതം. അതീവ സുന്ദരിയായിരുന്നു ഹൈമവതി,രാജ പുരൊഹിതന്റെ മകള്‍,ഒരു രാത്രി പള്ളിനീരാട്ടിനിറങ്ങിയ ഹൈമവതിയെ കണ്ട ചന്ദ്ര ഭഗവാന്‍ നേരെ സ്പുട്ടിനിക്കില്‍ കയറി ഇങ്ങു പോന്നു. പുലര്‍ച്ചെ ഞെട്ടിയുണര്‍ന്ന് വാച്ചില്‍ നോക്കിയ ചന്ദ്രമാ ചാടിയെണീറ്റു. സൂര്യ ഭഗവാന്‍ എഴുന്നള്ളുന്നതിനു മുന്‍പ് അങ്ങെത്തിയില്ലേല്‍ ഉള്ള പണി പോകും. കരഞ്ഞു കാലു പിടിച്ച ഹൈമവതിയെ അങ്ങോര്‍ സമാധാനിപ്പിച്ചു ഒരു വരം കൊടുത്തു. നിനക്കൊരു പുത്രനുണ്ടാകും,അവനൊരിക്കല്‍ മഹാരാജാവാകും, അവന്‍ നിന്റെ യശസ്സ് വാനോളം ഉയര്‍ത്തും.ആ മകനാണു ചന്ദ്രവര്‍മ്മന്‍.
ചന്ദ്രവര്‍മ്മനാണു ഈ ക്ഷേത്ര നഗരി പണിതത്, 200 വര്‍ഷം കൊണ്ടാണു ഈ ക്ഷേത്ര സമുച്ചയം പണിതുയര്‍ത്തിയത്. മധ്യ കാല ഇന്ത്യയുടെ നിര്‍മ്മാണ വൈദഗ്ദ്യവും ശില്പ ചാരുതയും വിളിച്ചോതുന്നതാണു ഓരോ ക്ഷേത്രങ്ങളും. മൊത്തം 88 ക്ഷേത്രങ്ങളാണു, മൂന്നു വിങ്ങുകളിലായി,അതങ്ങനെ പരന്നു കിടക്കുന്നു. ഇപ്പോള്‍ 22 എണ്ണമേ അവശേഷിക്കുന്നുള്ളു. ബാക്കിയൊക്കെ ഇടിഞ്ഞു പോയിരിക്കുന്നു.എട്ട് ഗേറ്റുകളാണു ഈ സമുച്ചയത്തിനു.ഓരോ കവാടത്തിനും കാവലെന്ന പോലെ രണ്ട് ഈന്തപ്പനകള്‍. അതില്‍ നിന്നാണു ഖജുരാഹോ എന്ന പേര്‍ വന്നത്, ഖജൂര്‍ എന്നാല്‍ ഈന്തപ്പന.റെഡ് സ്റ്റോണിലാണു ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്, സിമെന്റ് ഉപയൊഗിച്ചിട്ടേയില്ല. ഓരോ കല്ലും ഒന്നിനോട് യോജിപ്പിച്ച് വച്ചിരിക്കുന്നു. ഇന്റെര്‍ ലോക്കിങ്.
ഖജുരാഹോയിലെ ശില്പങ്ങള്‍ ലോകപ്രശസ്തമാണു, അന്നത്തെ ശില്‍പ്പികളുടെ കഴിവ് അപാരം.അത്രയും ചാരുതയോടെയാണു ഓരോ ഭാവങ്ങളും അവര്‍ കല്ലില്‍ കൊത്തിവെച്ചിരിക്കുന്നത്. മനുഷ്യന്റെ ദൈനംദിന ജീവിതത്തീലെ എല്ലാ കാര്യങ്ങളും അവര്‍ പകര്‍ത്തിയിട്ടുണ്ട്. കൃഷിയും കാലി വളര്‍ത്തലുമായിരുന്നു അവരുടെ ഉപജീവന മാര്‍ഗങ്ങള്‍ എന്നു ആ ശില്‍പ്പങ്ങള്‍ പറയുന്നു. കൂടാതെ പ്രണയം സ്നേഹം രതി എന്നീ ഭാവങ്ങളും വളരെ തന്മയത്തോടെ ആ ക്ഷേത്ര ച്ചുവരുകളില്‍ കാണാം.വിശപ്പ് ദാഹം എന്നിവയൊക്കെ പോലെ പ്രണയവും രതിയുമൊക്കെ മനുഷ്യന്റെ അടിസ്ഥാന ചോദനകളാണെന്നും അവയെ പേടിക്കേണ്ടതില്ലെന്നുമാണു ആ കാലഘട്ടത്തിലെ ആളുകള്‍ കരുതിയിരുന്നത്. പക്ഷേ ഇന്നോ ,എല്ലാവരും കൂടെ ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്ത് ലൈംഗികത എന്നാല്‍ എന്തോ ഭീകര കാര്യമാണെന്ന തോന്നലാണു ഉളവാക്കിയിരിക്കുന്നത്. ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അണ്ഡകഠാഹ ഹുന്ത്രാപ്പി ബുസ്സാട്ടോ!!
ക്ഷേത്രത്തിന്റെ പുറം ചുവരില്‍ മാത്രമേ രതിശില്‍പ്പങ്ങള്‍ ഉള്ളു.അതിനു പിന്നിലുള്ള ഐതിഹ്യങ്ങള്‍ രസകരമാണു മനുഷ്യന്‍ തന്റെ ലൌകിക ആഗ്രഹങ്ങള്‍ പുറത്തുപേക്ഷിച്ച് വേണം അകത്തേക്ക് ,അതായത് ആത്മീയതയിലേക്ക് പ്രവേശിക്കാന്‍.യോഗയും ഭോഗവും ഒരേ ലക്ഷ്യത്തിലേക്കുള്ള അതായത് മോക്ഷ്ത്തിലേക്കുള്ള മാര്‍ഗമാണത്രെ. പിന്നെ ഒരു ഐതിഹ്യം കൂടിയുണ്ട്. ഇന്ദ്രനാണല്ലോ ഈ ഇടിയും മിന്നലിന്റെയുമൊക്കെ ബട്ടണ്‍ കണ്‍ ട്രോള്‍ ചെയ്യുന്നത്. ഇമ്മാതിരി കലകളുടെ ആശാനാണു ചങ്ങാതി. അപ്പോള്‍ ഇടിയും മിന്നലും അയക്കുമ്പോള്‍ ഈ ഭാഗത്തേക്കുള്ള ഫ്യൂസ് ഊരും. അപ്പോ ഇടിയും മിന്നലുമേറ്റ് ക്ഷേത്രം നശിക്കില്ല.. ചന്ദ്ര വര്‍മ്മനു ബുദ്ധിയുണ്ട്. കഥകളെന്തൊക്കെയായാലുംആ കാലഘട്ടത്തില്‍ ഇമ്മാതിരിയൊന്നു പണിതുണ്ടാക്കായ മനുഷ്യന്റെ കഴിവിനെ ശ്ലാഘിച്ചെ പറ്റൂ. കാഴ്ചകള്‍ കണ്ട് പുറത്തിറങ്ങിയപ്പോഴേക്കും സൂര്യനും അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് പോകാന്‍ തിരക്കു കൂട്ടുന്നു. ഞങ്ങള്‍ക്കും പോയേ പറ്റൂ.പന്നയിലെത്തണം, ഇന്ത്യയുടെ ഡയമണ്ട് സിറ്റി. ഇവിടെ നിന്നു 40 കി.മി ആണു പന്നയിലേക്ക്. ഇന്ത്യയുടെ ഡയമണ്ട് ഉല്പാദനത്തിന്റെ ഏറിയ പങ്കും പന്നയിലെ മജഗാവന്‍ മൈനില്‍ നിന്നുമാണു.നാഷണല്‍ മിനെറല്‍ ഡെവെലപ്മെന്റ് കൊര്‍പ്പറേഷന്റെ (NMDC) കീഴിലാണു മൈന്‍.പന്നയുടെ പണ്ടത്തെ പേര്‍ പത്മാവതി പുരി എന്നാണു. പന്ന എന്നാല്‍ ഡയമണ്ട് എന്നാണു അര്‍ഥം,അതറിയാതെയാണൊ നമ്മള്‍ പലപ്പോഴും പറയാറില്ലേ അവനാളൊരു പന്നയാണെന്ന്!! രാജാ ചത്രസാലനാണു പന്നയുടെ വാണിജ്യ പ്രാധാന്യം മനസ്സിലാക്കുന്നതും ഡയമണ്ട് കുഴിച്ചെടുക്കാന്‍ തുടങ്ങുന്നതും.വലിയ കൂറ്റന്‍ പാറക്കല്ലുകളുമായ് ലോറികള്‍ ഇടതടവില്ലാതെ ഫാകറ്ററിയിലേക്ക് പോകുന്നത് കാണുമ്പോള്‍ കൊതി തോന്നി, ഒരു ചെറിയ ഡയമണ്ട് വീണു കിട്ടിയിരുന്നേല്‍ എന്ന്...., ഫാക്റ്ററിയില്‍ വെച്ച് ഈ പാറക്കല്ലുകള്‍ ഇടിച്ച് പൊടിയാക്കും, എന്നിട്ടത് ഒരു സ്ഥലത്ത് പരത്തിയിടും,പിന്നെയാണു ഡയമണ്ട് തിരയുക, ഹാന്‍ഡ് പിക്കിംഗ്.
വജ്രം തേടിയുള്ള ഞങ്ങളുടെ യാത്ര ഇവിടെ തീരുകയാണു, വജ്രമൊന്നും സ്വന്തമാക്കാനായില്ലെങ്കിലും ആ യാത്രയിലെ വഴികള്‍,ആളുകള്‍ ,അവരുടെ ജീവിത രീതി, എല്ലാം വജ്രത്തിളക്കത്തോടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്

Tuesday, September 18, 2012

താമരനൂലിന്റെ അറ്റത്ത്...




മച്ചിലെ അരണ്ട വെളിച്ചത്തില്‍ , നിറം മങ്ങി അരികുകള്‍ പൊടിഞ്ഞ്
തുടങ്ങിയ ആ കടലാസിലൂടെ കണ്ണുകള്‍ നീങ്ങവേ എന്റെ
വിരലുകള്‍ വിറയാര്‍ന്നു വന്നു...


കൊല്ലം 1112 തുലാം 27 നുക്ക് 1936 November 12 നു .
ആയിരത്തിതൊള്ളായിരത്തി മുപ്പത്താറു നവംബര്‍
പന്ത്രണ്ടാം തിയ്യതി. ഒറ്റപ്പാലം താലൂക്ക് പാലപ്പുറം
അംശം പാലപ്പുറം ദേശത്ത് കിഴക്കിനിയകത്ത് വീട്ടില്‍
താമസിക്കും പരേതനായ മുഹമ്മദ് എന്നിവരുടെ മകന്‍ 32 വയസ്സ് ,
കച്ചവടം സെയ്തുണ്ണി. ഒറ്റപ്പാലം താലൂക്ക് മനിശ്ശേരി വില്ലേജ് ,
മനിശ്ശേരി ദേശത്ത് കുന്നുമ്പുറം പുലാപറ്റ എന്ന ഭവനത്തില്‍
താമസിക്കും കാര്‍ത്യായനി എന്നിവരുടെ മകള്‍ സ്വസ്ഥം
28 വയസ്സ് മാധവി എന്നിവര്‍ക്ക് എഴുതിക്കൊടുത്ത ദാനം
തീരാധാരം.

തൊള്ളായിരത്തിമുപ്പതുകളില്‍ ഒരു മുസ്ലിം യുവാവ് അന്യമതസ്ഥയായ
ഒരു യുവതിക്ക് എന്തിനിങ്ങനെയൊരു ഇഷ്ടദാനം കൊടുത്തു
എന്ന കൌതുകത്തേക്കാള്‍ എന്റെ കണ്ണുകള്‍ തറഞ്ഞു നിന്നത്
കുന്നുമ്പുറം പുലാപറ്റ, മനിശ്ശെരി,ഒറ്റപ്പാലം എന്ന ആ വിലാസമായിരുന്നു.
വായിച്ചു മതിയാവാതെ പിന്നെയും പിന്നെയും വായിച്ച്
അക്ഷരങ്ങളില്‍ മഷി പടര്‍ന്ന കത്തുകള്‍...., ഉണര്‍വിലും
ഉറക്കത്തിലും എനിക്ക് മന:പാഠമായിരുന്ന വിലാസം.
ഇടത്തോട്ടല്‍പ്പം ചരിഞ്ഞ് കടലാസില്‍ കുനു കുനാന്നുള്ള
എഴുത്ത് . -ഉണ്ണി വിനോദ്..
മറന്നെന്ന് ഞാന്‍ വിചാരിച്ചിരുന്ന ഓര്‍മ്മകള്‍;
അല്ലെങ്കില്‍ അങ്ങനെ കരുതി സമാധാനിച്ചിരുന്നവ ,
ഒന്നടങ്കം ആര്‍ത്തലച്ച് പൊട്ടിവീണപ്പോള്‍ പൊള്ളിയടര്‍ന്ന്
പോയ ഞാന്‍ മച്ചിലെ തണുത്ത തറയില്‍ മുഖമമര്‍ത്തി കമിഴ്ന്നു കിടന്നു....

കളിച്ചും ചിരിച്ചും ഇണങ്ങിയും പിണങ്ങിയും മെല്ലെ മെല്ലെ
വിടര്‍ന്നു വന്നഒരു സൌഹൃദം എവിടെവെച്ചാണു
അറിയാത്തൊരിഷ്ടത്തിനു വഴിമാറിയതെന്ന്
ഓര്‍ത്തെടുക്കാനാകുന്നില്ല. ഒരു മുറിച്ച് മാറ്റല്‍ അനിവാര്യമാണെന്ന്
ഉള്‍ക്കിടിലത്തോടെ ഞാന്‍ മനസ്സിലാക്കിയ ദിവസം ,
കോരിച്ചൊരിയുന്ന മഴയില്‍ നനഞ്ഞ് കുളിച്ച് അവനെന്റെ
അരികിലെത്തി.



നനഞ്ഞ വിരലുകള്‍ കുടഞ്ഞ് അവനെന്റെ അരികില്‍ നിന്നപ്പോള്‍
മഞ്ഞിന്റെ തണുപ്പായിരുന്നു അവന്റെ ശരീരത്തിനു; കണ്ണുകളില്‍
ഇരമ്പുന്ന ഒരു മുഴുവന്‍ കടലും.., ആ കടലിലേക്ക് നോക്കാനാവാതെ
തല താഴ്ത്തി നിന്ന എന്റെ കവിളിലൂടെ ഒലിച്ചിറങ്ങിയ മഴയില്‍
ചുണ്ട് ചേര്‍ത്ത് അവന്‍ ചിരിച്ചു.“ .ഉപ്പ് മഴ.”


അന്നാ കാമ്പസില്‍ പെയ്ത മഴയത്രയും ഞങ്ങളൊരുമിച്ച് കൊണ്ടു.
വേദനകളും സങ്കടങ്ങളും കഴുകി തോര്‍ത്തി മഴ ഞങ്ങളെ ശുദ്ധരാക്കി.



ചാരുകസേരയുടെ പടിയില്‍ കാലുകള്‍ നീട്ടി വെച്ച് മലര്‍ന്നു
കിടന്ന് , ആ കടലാസ് കെട്ടിലൂടെ കണ്ണോടിച്ച അദ്ദുമാമ പൊട്ടിച്ചിരിച്ചു.

” ഇദിപ്പൊവിടന്നാ നിനക്ക് കിട്ടിയെ..ഇദൊരു വല്യ കഥയാ..മ്മടെയൊക്കെ ചരിത്രങ്ങള്...

കോലായയുടെ അറ്റത്ത് കഴുകിക്കമഴ്ത്തിയ കോളാമ്പി
ഞാനരികിലേക്ക് നീക്കിവെച്ച് കൊടുത്തു. വായിലെ മുറുക്കാന്‍
ചണ്ടി തുപ്പിക്കളഞ്ഞ് കിണ്ടിയില്‍ നിന്നും വെള്ളമെടുത്ത് വായ
കുലുക്കുഴിഞ്ഞ് തുപ്പി മാമ എന്റെ മുടിയില്‍ തഴുകി.

“ ചരിത്രങ്ങളിലേക്ക് അധികം മുങ്ങാം കുഴിയിടേണ്ട ന്റെ കുട്ടി,
മുങ്ങി പുറത്തേക്കെടുക്കണത് മുത്തും പവിഴൊം മാത്രാവൂല്ല,
അറ്റം കൂര്‍ത്ത കല്ലുകളും കാണും കൂട്ടത്തില്‍ ...കൈമുറിയും,
ചോരേം നീരും പുറത്തേക്കല്ല ഉള്ളില്‍ക്കാ ഒലിച്ചിറങ്ങാ...അതവിടെ
കിടന്ന് വിങ്ങിപ്പെരുകും..”


മാമ എണീറ്റ് അകത്ത് പോയി അലമാരയില്‍ നിന്നും ഒരു
പഴയ ഫോട്ടോ എടുത്ത് കൊണ്ട് വന്നു എന്റെ മുന്നില്‍ വെച്ചു.

“ ദാരാന്നറിയ്യോ നിണക്ക്..”

കോട്ടും പാന്റും തൊപ്പിയുമൊക്കെ വെച്ച് സുന്ദരനായ
ഒരു യുവാവ്. ഇടത്തെ കവിളിനു താഴെ താടിയില്‍ തെറിച്ച്
നില്‍ക്കുന്ന ഒരു കാക്കപ്പുള്ളി.

“ നിന്റെ ഉപ്പാപ്പയാ..മുതുമുത്തഛന്‍....... മാമ തോളില്‍ കിടന്ന
തോര്‍ത്ത് കൊണ്ട് ഫോട്ടോയിലെ പൊടി തട്ടിക്കളഞ്ഞു.
“ സെയ്തുണ്ണി സായ്‌വ് ,ഒറ്റപ്പലത്തെ വലിയ ജന്മിയായിരുന്നു.
സിലോണില്‍ നിന്നായിരുന്നു മൂപ്പരക്കാലത്ത് സില്‍ക്കിന്റെ
തുണീം മറ്റും കൊണ്ട് വന്നിരുന്നത് കച്ചോടത്തിനു..,
അറബിക്കുതിരേനെ പൂട്ടിയ ജഡ്ക വണ്ടീല്‍ കുതിച്ച്
പായുന്നസായ്‌വ് ഒരു കാഴ്ചയായിരുന്നു അന്ന്...

അകത്തേക്കൊന്ന് പാളി നോക്കി ആരും കേള്‍ക്കുന്നില്ലാന്ന്
ഉറപ്പ് വരുത്തി മാമ തുടര്‍ന്നു.

“ ചില രാത്രികളില്‍ ഉപ്പുപ്പാനെം കൊണ്ട് അറബിക്കുതിര
പറന്നിറങ്ങിയത് കുന്നുമ്പുറത്തെ മാധവിയുടെ വീട്ടുമുറ്റത്തായിരുന്നു.



ജഡ്ക വണ്ടിയുടെ മണിയടിയൊച്ചകള്‍ പലപ്പോഴും ആ
വീട്ടുപടിക്കല്‍ അവസാനിക്കണത് ആരും ശ്രദ്ധിച്ചില്ല.
അല്ലെങ്കിലും ആചാരങ്ങളും അവകാശങ്ങളുമൊക്കെ
പണക്കാര്‍ക്കുള്ളതല്ലെ...അന്നും ഇന്നും..“

ആധാരക്കെട്ട് മടിയില്‍ വെച്ച് അതിന്റെ മടക്കുകളിലൂടെ
വിരലൊടിച്ച് മാമ നെടുവീര്‍പ്പിട്ടു.

“ഞാനിതിന്റെ പുറകെ കുറെ നടന്നതാണു, തീരെ
സുഖല്ലാത്ത ഒരു അലച്ചില്‍....., ഇതൊന്നും ഓര്‍ക്കണത് കൂടി
ഇബടള്ളോര്‍ക്ക് ഇഷ്ടല്ല.., അവിടുന്നും ഇവ്ടുന്നും
പെറുക്കിക്കൂട്ടിയ കുറെ നുറുങ്ങുകള്‍.... അത്രന്നെ. “

കോഴിക്കോട്ടേക്ക് ചരക്കെടുക്കാന്‍ പോയ സെയ്തുണ്ണി സായ്‌വ്
കൊടുംകാറ്റ് പോലെ അകത്തേക്ക് പാഞ്ഞുകയറുന്നത്
കാര്യ്സ്ഥന്‍ രാവുണ്ണ്യായര് ഭയപ്പാടാടെ കണ്ട് നിന്നു.
തലേന്ന് മാധവിക്കും കുഞ്ഞിനും വേണ്ടുന്ന സാധനങ്ങള്‍
കൊണ്ട് പോയ കണാരനെ അങ്ങാടീല്‍ വെച്ച് സായ്‌വിന്റെ
അളിയന്മാര്‍ തല്ലിച്ചതച്ഛിരുന്നു.

അകത്തേക്ക് പോയ സായ്‌വ് ചാടിത്തുള്ളി പുറത്തേക്ക് വന്നു
പടാപ്പുറത്ത് കഴുകിക്കമഴ്ത്തിയിരുന്ന കോളാമ്പി കാലുകൊണ്ട്
തട്ടിത്തെറിപ്പിച്ചു.
“നായരേ..”
“എന്തോ “
“ ആ വക്കീല്‍ ഗോവിന്ദമേനോന്‍ എവിടെ..” ഇന്നല്ലേ ആ ആധാരം
നടത്തേണ്ട ദിവസം..”
“ അദ്ദ്യം നേരെ കച്ചേരീല്‍ക്ക് വരാന്ന് പറഞ്ഞ്ട്ട്ണ്ട് “.
രാമന്‍ നായര്‍ തോര്‍ത്ത് കൊണ്ട് വാ പൊത്തിപ്പിടിച്ചു.

അകത്തേക്ക് നോക്കി ഒന്നമര്‍ത്തി മൂളി സായ്‌വ് പടിപ്പുര
ഇറങ്ങി ജഡ്ക വണ്ടിയിലേക്ക് വലത്കാലെടുത്ത് വെച്ചു.
അമ്പരപ്പോടെ തന്റെ വലത് കാല്‍ ചലനമറ്റിരിക്കുന്നു
എന്നറിഞ്ഞ അദ്ദേഹം വലത് കൈയെടുത്ത് വണ്ട്പ്പടിയില്‍
വെക്കാനാഞ്ഞു. കൈ അനങ്ങുന്നില്ല. ഒരന്ധാളിപ്പോടെ വായ
ഒരു ഭാഗത്തേക്ക് അല്പം തുറന്ന് സായ്‌വ് കുതിരയുടെ
കാലുകള്‍ക്കരികെ ഇടിഞ്ഞു വീണു കിടന്നു.

നിലത്ത് തലയും കുമ്പിട്ടിരിക്കുകയായിരുന്ന എന്റെ താടി
പിടിച്ചുയര്‍ത്തി അദ്ദുമാമ ചിരിച്ചു..” ദിന് നീയെന്തിനാടീ
സങ്കടപ്പെടണെ...ഞാനാദ്യേ പറഞ്ഞില്ലേ...ചരിത്രത്തിന്റെ
സ്വഭാവം.., തോണ്ടി പുറത്തേക്കെടുക്കുമ്പോള്‍ അയ്നു നല്ല
മൂര്‍ച്ച്യാവുംന്ന്.. ഇനി ഈ കഥോള്‍ടെയൊക്കെ അവകാശി
നീയാണു. എനിക്ക് അറിയാവുന്നത് ഞാന്‍ പറഞ്ഞു കഴിഞ്ഞു.”
വിയര്‍പ്പില്‍ മുങ്ങിപ്പോയിരുന്ന എന്റെ നെറ്റിത്തടത്തില്‍ അമര്‍ത്തി
ചുംബിച്ച് മാമ എണീറ്റ് അകത്തെക്ക് പോയി.

ആധാരവും ഫോട്ടോയും തിരികെ അലമാരയില്‍ വെക്കുന്നതിനിടയില്‍
നെറ്റിയിലെ വിയര്‍പ്പ് പുറംകൈ കൊണ്ട് അമര്‍ത്തി ത്തുടച്ച്
ഉപ്പുപ്പാന്റെ കവിളിലെ കാക്കപ്പുള്ളിയില്‍ ഞാന്‍ പതുക്കെ
ചൂണ്ട് വിരലമര്‍ത്തി..

അന്നേരം...

ഭൂഖണ്ഡങ്ങള്‍ക്കപ്പുറത്ത് തന്റെ മുറിയില്‍ ഉറങ്ങിക്കിടക്കുകയായിരുന്ന
ഉണ്ണി, കിടക്കയില്‍ എഴുന്നേറ്റിരുന്നു തന്റെ ഇടത്തെ കവിളിലെ
കാക്കപ്പുള്ളിയില്‍ വിരലമര്‍ത്തി . അവന്റെ നെറ്റിയില്‍ അന്നേരം
വിയര്‍പ്പ് പൊടിഞ്ഞിരുന്നു.....


Tuesday, September 4, 2012

ഗുരുദക്ഷിണ ( റിമേക്ക്)


ഈ കഥ നടന്നത് ഒരു അദ്ധ്യാപക ദിനത്തിലാണെന്നത് വെറും
യാദൃശ്ചികമാവാം!!!


നാളത്തേക്കുള്ള പ്രൊജക്റ്റിന്റെ അവസാന മിനുക്കു
പണിയിലായിരുന്നു അവള്‍. കൂട്ടുകാരൊക്കെ എപ്പോഴോ പോയിരുന്നു.
അതിനിടയില്‍ ക്ലാസ്സിലേക്കു കടന്നു വന്ന ഗുരുവിനെ കണ്ട് അവള്‍
എണീറ്റ് നിന്നു.

“സര്‍...”


“ഇന്ന് അദ്ധ്യാപക ദിനമല്ലെ,നിന്നോട് ഗുരുദക്ഷിണ വാങ്ങാന്‍
വന്നതാണു ഞാന്‍”

ഒരാന്തലൊടേ ,തന്റെ നീണ്ടു മെലിഞ്ഞ മനോഹരമായ വിരലുകള്‍
ശിഷ്യ ചുരിദാറിന്റെ മടക്കുകളില്‍ ഒളിപ്പിച്ചു. ഡിസക്ഷന്‍
ടേബിളില്‍ കിടക്കുന്ന തവളയുടെ നാഡിഞരമ്പുകളിലൂടേ
വിദഗ്ധമായി ചലിക്കുന്ന തന്റെ വിരലുകളെ ആരാധനയോടെ
ശ്രദ്ധിക്കുന്ന ഗുരുവിനെ അവള്‍ പലപ്പോഴും കണ്ടുപിടിച്ചിട്ടുണ്ടല്ലോ.

വിരലുകളില്ലാത്ത തന്റെ കൈപ്പത്തിയെ കുറിച്ചോര്‍ത്തപ്പോ ശിഷ്യക്ക്

കരച്ചില്‍ വന്നു.

“താനെന്താടൊ വല്ലാതെ”

" ഒന്നുല്ല്യ സര്‍ ”


“ഇയാള് വല്ല്യ ബ്ലോഗറല്ലെ,താനെനിക്കൊരു ബ്ലോഗുണ്ടാക്കിത്താ”

“ഓ..ഇത്രേയൊള്ളൊ.ഒന്നല്ല നൂറെണ്ണം ഉണ്ടാക്കാം” .
ശിഷ്യ വിനീതയായി.

“ബ്ലോഗിന്റെ പേരെന്താ വേണ്ടെ,യു ആര്‍.എല്‍?”

“അതൊക്കെ നിന്റെ ഇഷ്ടം പോലെ ചെയ്യ്,എനിക്കു തീരെ
സമയമില്ല അതോണ്ടാ...”

“ശരി സര്‍..”

വൈകിട്ട്, ഉഗ്രനൊരു ബ്ലോഗ് കൈയൊടെ ഏല്‍പ്പിച്ചപ്പോ ഗുരുവിന്റെ
മുഖത്ത് നിലാവ് പരക്കുന്നത് ശിഷ്യ കണ്ടു.

“പകരം നിനക്കെന്താ വേണ്ടത്?”ഗുരു ചോദിച്ചു.

“ഒരു വരം ചോദിക്കട്ടെ”

“You mean "varam",the samethings that old Gurus gave?

ഗുരു സംശയാലുവായി

“ഉവ്വ്.”

“ഓകെ.എന്നാ ചോദിച്ചൊ.ഗുരു കണ്ണടച്ച് റെഡിയായി.

“ഈ ജന്മം കൊണ്ട് എന്നെ വെറുക്കരുത്”അതു പറയുമ്പോള്‍

ശിഷ്യയുടെ കണ്‍കോണീല്‍ നനവുപടര്‍ന്നത് ഗുരു കണ്ടില്ല.

Thursday, August 16, 2012

ബാജ്രയുടെ മധുരം.



ശ്വാസം മുട്ടല്‍ കാരണം ബുദ്ധിമുട്ടുന്ന മൊനേയും കൊണ്ട് ഡോക്ടറുടെ
അടുത്തേക്ക് പോകുന്നതിനിടയില്‍ ഞാനയാളെ നിരന്തരം ഓര്‍മ്മിപ്പിക്കുന്നുണ്ടായിരുന്നു.
നിങ്ങളവിടെതന്നെ വെയിറ്റ് ചെയ്യണം, ഡൊക്ടറെ കണ്ട് ഞാന്‍ വേഗം
തിരിച്ച് വരാം. അല്ലെങ്കില്‍ പിന്നെ എനിക്ക് വേറെ വണ്ടി കിട്ടില്ല
ഇന്നേരത്ത്, ഇവരെ രണ്ടു പേരേംകൊണ്ട് നടക്കാനാകില്ല എന്നൊക്കെ.
റിക്ഷ ചവിട്ടി നീങ്ങുന്നതിനിടയില്‍ അയാള്‍ മിണ്ടുന്നേയില്ല.
നോമ്പ് തുറക്കാനാവുന്നതിനു മുന്‍പെ തിരിച്ചെത്താം എന്ന് കരുതി
ക്ലിനിക്കിലെത്തിയപ്പോള്‍ അവിടെ ഡോക്ടര്‍ എത്തിയിട്ടില്ല. തിരിച്ച്
പോയാല്‍ രാത്രിയെങ്ങാനും അസുഖം അധികായാല്‍ ഒറ്റക്കെന്ത്
ചെയ്യുമെന്ന ആധിയില്‍ മക്കളേയും പിടിച്ച് അവിടെയിരിക്കുന്നതിനിടയില്‍
ഉപ്പാക്ക് ഈ സമയം തന്നെ ഓഫീഷ്യല്‍ ടൂറ് വന്നല്ലൊയെന്ന്
ഞാനവരോട് തിരിച്ചും മറിച്ചും പറഞ്ഞു കൊണ്ടേയിരുന്നു.
മരുന്നൊക്കെ വാങ്ങി മടങ്ങുമ്പോഴെക്കും ഇരുട്ട് വീണിരുന്നു.
ഡിസംബറില്‍ ആഗ്രയിലെ തണുപ്പ് സഹിക്കാനാകില്ല
കൂടെ നോമ്പും. “ഭയ്യാ ജല്‍ദി ജാ.. രോജ ഖൊല്‍നെകെലിയെ
ടൈം ഹോഗയി.“ എന്ന എന്റെ വിളിയൊന്നും അയാള്‍
കേട്ട മട്ടില്ല. ഒരു മിണ്ടാപ്പൂതം. എനിക്കും ദേഷ്യം വരുന്നുണ്ടായിരുന്നു.
സദര്‍ ബസാറും കഴിഞ്ഞ് പാര്‍വതിപുര കഴിഞ്ഞ്
നേരെ പോകുന്നതിനു പകരം അയാള്‍ ഇടത്തോട്ട് തിരിഞ്ഞപ്പോള്‍
എന്റെ നെഞ്ച് കത്തി. റബ്ബേ ഇയ്യാളെങ്ങോട്ടാണീ പോണത്. എന്നെം
കുട്ടികളെം ഇയാള്‍ എന്താക്കും എന്നൊക്കെ ആലോചിച്ച് ഞാനിരുന്നു
വിയര്‍ത്തു ആ തണുപ്പിലും. കുട്ടികളെയും കൊണ്ട് വണ്ടിയില്‍ നിന്ന്
ചാടാനാകില്ല.
വരുന്നത് വരട്ടെ എന്ന് കരുതി ഇരിക്കുന്നതിനിടെ അയാള്‍
പൊളിഞ്ഞ് കിടക്കുന്ന ഒരു മതിലിനു മുന്നില്‍ റിക്ഷ നിര്‍ത്തി
മതിലനപ്പുറത്തേക്ക് കയറിപ്പോയി. ഇനിയിപ്പൊ എന്ത്
ചെയ്യുമെന്ന് വിചാരിക്കുന്നതിനിടയില്‍ കൈയിലൊരു ഗ്ലാസ്സും
ജഗ്ഗില്‍ വെള്ളവുമായ് അയാള്‍ ഇറങ്ങിവന്നു. ഗ്ലാസ്സെനിക്ക് നിട്ടി.
പീലോ ബഹന്‍ ജീ എന്നു പറഞ്ഞപ്പോള്‍ എന്റെ നാവിറങ്ങിപ്പോയി.
പിന്നാലെ അയാളുടെ ഭാര്യ എന്നു തോന്നിക്കുന്ന സ്ത്രീ ഒരു പാത്രത്തില്‍
അപ്പോള്‍ ചുട്ടെടുത്ത റൊട്ടിയുമായ് വന്നു. വേണ്ടായെന്ന് പറഞ്ഞിട്ടും അവര്‍
സമ്മതിച്ചില്ല. ബാജറയുടെ പരുപരുത്ത ആ റോട്ടിയുടെ രുചി എന്റെ
നാവില്‍ ഇപ്പോളുമുണ്ട്. മനസ്സില്‍ എല്ലാ ഇഫ്താറുകളേക്കാളും
ആ ഒരു ഇഫ്താറിന്റെ മധുരവും.

കൊടിയ ദാരിദ്ര്യത്തിലും അവരുടെ അന്നം പങ്കുവെക്കാന്‍
തയ്യാറാവുകയും അമുസ്ലിമായിട്ട് കൂടി ഞങ്ങളെ നോമ്പ് തുറപ്പിക്കാന്‍
അവര്‍ കാണിച്ച ആ നല്ല മനസ്സുമൊക്കെ കാരണമാണു ഇന്നും ഈ
ലോകം ഇങ്ങനെ നിലനില്‍ക്കുന്നതെന്ന് ഞാന്‍ വിശ്വസിക്കുന്നു.

Saturday, June 30, 2012

മഞ്ഞുറഞ്ഞ വഴികളിലൂടെ...



കിഴക്കിന്റെ സ്വിറ്റ്സര്‍ലാന്റ് ; അങ്ങനെയാണു സിക്കിം അറിയപ്പെടുന്നത്.
തികച്ചും സാര്‍ത്ഥകമായ പേരു തന്നെയെന്ന്
സിക്കിമിലൂടെ ഒരു വട്ടം സഞ്ചരിക്കുന്നവര്‍ക്ക് ബോധ്യമാകും.
മഞ്ഞും തണുപ്പും കൈകോര്‍ത്ത് പിടിച്ച്
താഴെ കുന്നിന്‍ ചെരുവില്‍ ഉറങ്ങിക്കിടക്കുന്ന
ഗ്രാമങ്ങളിലേക്ക് നമ്മെ വരവേല്‍ക്കും. കാറ്റ് , മെല്ലെ കവിളില്‍
തട്ടി ദേ ...ആ മഞ്ഞ് മലയില്‍ നിന്നാണു ഞാന്‍ വരുന്നതെന്ന്
കൈചൂണ്ടിയാല്‍ നമ്മള്‍ ഒന്നുകൂടെ ചൂളിപ്പിടിക്കും തണുത്തിട്ട്....

വിശാലമായ് പുഞ്ചിരിക്കുന്ന ജനങ്ങള്‍, അപരിചതരോട് തീരെ
അകലം വെക്കാത്ത പ്രകൃതം.നാഗരികതയുടെ തിരക്കുകളൊന്നും
അവരെ തൊട്ട് തീണ്ടിയിട്ടില്ല.
സുഖിം എന്നും സിക്കിമിനെ വിളിച്ച് കേള്‍ക്കാറുണ്ട്. ഗാംങ്ങ്ടോക്ക്
ആണു സിക്കിമിന്റെ തലസ്ഥാനം. സിലിഗുരിയില്‍ നിന്നും
അന്‍പത്താറ് കിലോമീറ്ററാണ് ഗാങ്ങ്ടോക്കിലേക്ക്, സിലിഗുരിയില്‍
ഒരു എയര്‍പോര്‍ട്ടുണ്ട്. വെസ്റ്റ് ബംഗാളിലെ ന്യൂ ജയ്പാല്‍ ഗുഡിയാണു
ഏറ്റവും അടുത്തറെയില്‍ വേ സ്ടെഷന്‍. ന്യൂ ജയ്പാല്‍ ഗുഡിയില്‍
ഇറങ്ങിയാല്‍ ടാക്സി കിട്ടും ഗാംങ്ങ്ടൊക്കിലേക്ക്,സിലിഗുരി വഴി.
സിലിഗുരിയില്‍ നിന്നും വഴി രണ്ടായി പിരിഞ്ഞു പോകുന്നുണ്ട്,
ഡാര്‍ജിലിങ്ങിലേക്ക് നാല്പതോളം കില്പ്മീറ്റരെ ഉള്ളു.
സിലിഗുരിയില്‍ നിന്നും ഗാങ്ങ്ടോക്കിലേക്കുള്ള കയറ്റം കയറുമ്പോള്‍
ഒരു നദിയും നമുക്ക് പിന്നാലെ വരും.


ടീസ്റ്റാ നദി, സിക്കിമിന്റെ ജീവ നാഢി. കലങ്ങിമറിഞ്ഞ് രൌദ്രഭാവത്തോടെ
ഉരുളന്‍ കല്ലുകള്‍ക്ക് മേല്‍ തലതല്ലിപ്പൊട്ടിച്ച്
ഒരു നദി, വണ്ടിയുടെ ഇരമ്പത്തിനു മീതെ അവളുടെ ശബ്ദം കേള്‍ക്കാനാകും.
ഹിമാലയത്തിലെ സോ ലാമൊ കുന്നില്‍
( Tso- Lhamo) നിന്നുല്‍ഭവിച്ച് സിക്കിമിന്റെ മുഴുനീളം ഓടിക്കിതച്ച്
തളര്‍ന്ന് ബ്രഹ്മപുത്രയെ വാരിപ്പുണരുന്ന മിടുക്കി.
റാംഗ്പോ ടൌണിനേയും കാലിപ്പൊംഗ് പട്ടണത്തേയുമൊക്കെ
തൊട്ട് തൊട്ടില്ലാന്ന മട്ടില്‍ അവള്‍ നമ്മോടൊപ്പം യാത്ര
തുടരും. കാലിപ്പോംഗില്‍ വെച്ച് രംഗീത് നദിയും ചേരുന്നുണ്ട് ഇവളുടെ
കളിയാട്ടത്തില്‍. അതി ശക്തമായ ഒഴുക്കാണിവിടെ,
പുഴക്ക് ഭ്രാന്ത് പിടിക്കുക എന്ന് കെട്ടിട്ടില്ലേ അത് തന്നെ. റാഫ്റ്റിങ്ങിനു
പറ്റിയ ഒഴുക്കും വെള്ളത്തിരിച്ചിലുകളും. കാലിപ്പോങ്ങിലെ
ടീസ്റ്റബസാറില്‍ റാഫ്റ്റിങ്ങിനുള്ള സൌകര്യം ഉണ്ട്.

സിക്കിമിന്റെ തലസ്ഥാനമാണു ഗാങ്ങ്ടോക്ക്. ഒരു ചെറിയ
പട്ടണം, പക്ഷെ നല്ല വൃത്തിയും വെടിപ്പുമുള്ള നിരത്തുകള്‍.
എംജി മാര്‍ഗും ലാല്‍ മാര്‍ക്കറ്റുമാണു പ്രധാന ഷോപ്പിങ്ങ് ഏരിയകള്‍.
ഭൂമിയുടെ കയറ്റിറക്കങ്ങള്‍ അതുപോലെ നിലനിര്‍ത്തിക്കൊണ്ടുള്ള
നിര്‍മ്മാണ രീതിയാണു സിക്കിമിലുടനീളം. കടകളിലേക്ക് ചിലപ്പോള്‍
നൂറുക്കണക്കിനു പടികള്‍ കയറിച്ചെല്ലണം. വൃദ്ധന്മാര്‍ അടക്കമുള്ള
പ്രദേശവാസികള്‍ അനായാസം കയറിപ്പോകുന്നത് പലപ്പോഴും നമുക്ക്
നോക്കിനില്‍ക്കേണ്ടി വരും.


ബൂട്ടിയാസ്, ലെപ് ചാസ്, നേപ്പാളീസ് എന്നീ മൂന്ന് വിഭാഗം ആളുകളാണ്
ഇവിടെയുള്ളത്. നേപ്പാളിയും ഹിന്ദിയും ഇംഗ്ലീഷും അറിയാം
അവര്‍ക്ക്. ടൂറിസമാണു പ്രധാന വരുമാന മാര്‍ഗ്ഗം. സ്തീകള്‍ക്കാണു
കുടുംബത്തില്‍ പ്രാധാന്യം എന്നു തോന്നുന്നു.
വെളുപ്പിനു ഫ്ലാസ്ക്കുകളില്‍ ചായ നിറച്ചു കൊണ്ട് വന്ന് വില്‍പ്പന
നടത്തുന്ന സ്ത്രീകള്‍ നിരവധി. പുലര്‍ച്ചെ എണീറ്റ് ചുടുചായയും കുടിച്ച്
അങ്ങകലെ വെള്ളിക്കൊലുസണിഞ്ഞു നില്‍ക്കുന്ന കാഞ്ചന്‍ ജംഗയുടെ
കാഴ്ച്ച അതിമനോഹരമാണു.


ഗാങ്ങ്ടൊക്കില്‍ നിന്നും അന്‍പത്തിയാറ് കിലോമീറ്ററാണു
നാഥുല പാസ്സിലേക്ക്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിള്‍
റോഡുകളിൽ ഒന്നാണു നാഥുല പാസ്സ്. പണ്ട് ഹൈസ്ക്കൂളില്‍ സില്‍ക്ക് റൂട്ടിനെ
പറ്റി ബാലചന്ദ്രന്‍ മാഷ് ക്ലാസ്സെടുക്കുമ്പോള്‍ കോട്ടുവാ വിട്ട്
സമയത്രായെടീന്ന് ചോദിക്കുമായിരുന്നു ഞാന്‍ ജ്യോതിയോട്..,
ഇപ്പോള്‍ ഗാങ്ങ്ടൊക്ക് -നാഥുലാ ഹൈവേയില്‍ നില്‍ക്കുമ്പോള്‍
പൊടുന്നനെ എനിക്ക് മാഷിനെ ഓര്‍മ്മ വന്നു. ചൈനയില്‍ നിന്നും
ഇന്ത്യയിലേക്ക് വ്യാപാരസംബന്ധമായ് ആളുകള്‍ കടന്നു വന്നിരുന്ന റൂട്ടാണിത്.
ഒരുപാട് പേരുടെ ചവിട്ടറ്റിയേറ്റ പുരാതനമായ മണ്ണ്. ആര്‍ക്കറിയാം
ചിലപ്പോള്‍ ഹുവാന്‍സാങ്ങ് ഇന്ത്യയിലേക്ക് കടന്ന് വന്ന വഴിയും
ഇത് തന്നെയാവില്ലേ...


വളഞ്ഞു പുളഞ്ഞ് മേലോട്ട് കയറിപ്പോകുന്ന റോഡില്‍ താഴേക്ക്
നോക്കിയാല്‍ തല കറങ്ങും, റോഡിന്റെ പകുതിയേ ഉള്ളൂ,
ബാക്കിയൊക്കെ ഇടിഞ്ഞു പോയിരിക്കുന്നു. എപ്പോള്‍ വേണെലും
ലാന്‍ഡ് സ്ലൈഡ് ഉണ്ടാകാം എന്ന മുന്നറിയിപ്പ്
ബോര്‍ഡുകള്‍ കണ്ടു പലയിടത്തും. ബോര്‍ഡര്‍ റോഡ്
ഓര്‍ഗനൈസേഷന്റെ ജവാന്മാര്‍ പൊളിഞ്ഞ് കിടക്കുന്ന റോഡുകള്‍
അപ്പപ്പോള്‍ നന്നാക്കുന്നുണ്ട്. അങ്ങകലെ മഞ്ഞു കുപ്പായമണിഞ്ഞ്
നില്‍ക്കുന്ന ഹിമവാന്റെ ഗാംഭീര്യം കാ‍ണുന്നുണ്ട്.

നാഥുലപാസ്സിലെക്ക് എത്തുന്നതിനു മുന്‍പാണു മഞ്ഞുറഞ്ഞ്
രൂപപ്പെട്ട ചങ്കു ലേക്ക്. ഹിമവാന്റെ മടിത്തട്ടില്‍ മയങ്ങിക്കിടക്കുന്ന സുന്ദരി.

തന്റെ നീണ്ടഫ്രോക്കിന്റെ അറ്റത്ത് നനുത്ത മഞ്ഞ് കട്ടകള്‍
കൊണ്ട് അലങ്കാരപ്പണികള്‍ തുന്നി പ്പിടിപ്പിച്ച് മിഴികള്‍
പൂട്ടി ലാസ്യ ഭാവത്തില്‍ ശയിക്കുന്ന മോഹിനി.

തണുപ്പിപ്പോള്‍ അതിന്റെ ഉച്ഛസ്ഥായിയിലാണു, തണുപ്പിനെ
തടയാന്‍ കമ്പിളിക്കോട്ടുകളും കാലുറകളും വില്‍ക്കുന്ന
കടകളുണ്ട് അവിടെ ധാരാളം. ജാക്കറ്റും കാലുറയുമൊക്കെ
ധരിച്ച് തണുപ്പിനെ തോല്‍പ്പിച്ച സന്തോഷത്തോടേ
വീണ്ടും മുകളിലേക്ക്...യാക്കിന്റെ പുറത്തൊരു സവാരി നടത്താം വേണമെങ്കില്‍..
സമുദ്ര നിരപ്പില്‍ നിന്നും 14500 അടി ഉയരത്തിലാണുനാഥുലാ പാസ്സ്.


ചുറ്റും മഞ്ഞ് കമ്പളം വിരിച്ചിരിക്കുന്നു.
യഥേഷ്ടം ഇറങ്ങി മഞ്ഞ് വാരിക്കളിക്കാം നമുക്ക്.


മഞ്ഞ് കമ്പളത്തിലൂടെ താഴേക്ക് ഉരസിയിറങ്ങാന്‍ നല്ല സുഖം.
ഏറ്റവും മുകളില്‍ ഒരു ക്ഷേത്രമുണ്ട്. ബാബ ഹര്‍ഭജന്‍ സിങ്ങിന്റെ
ഫോട്ടോയൊക്കെ വെച്ച് ഒരു ചെറിയ അമ്പലം.


രജപുത്ത റെജിമെന്റിലെ ധീരനായ ജവാനായിരുന്ന ഹര്‍ബ ജന്‍ സിംഗ്
1965 ല്‍ സിക്കിമില്‍ വെച്ചാണു അന്തരിക്കുന്നത്.
അദ്ദേഹത്തിന്റെ ഓര്‍മ്മക്കായാണു ഈ മന്ദിര്‍. ഈ കൊടും
മഞ്ഞത്ത് നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍
സദാസമയവും ജാഗരൂകരായ് നില്‍ക്കുന്ന പട്ടാളക്കാരെ
എത്ര നമിച്ചാലും മതിയാകില്ല. സീറോ പോയിന്റിലേക്ക്
ഇനിയും മുകളിലേക്ക് പോകണം. അവിടെ ചൈനയുടേയും
ഇന്ത്യയുടേയും അതിര്‍ത്തി വേലിക്കെട്ടി തിരിച്ചിരിക്കുന്നു.
1961 ലെ ഇന്ത്യാ ചൈന യുദ്ധത്തെ തുടര്‍ന്ന് ഈ വഴി
അടച്ച് സീല്‍ വെച്ചിരുന്നു. പിന്നീട് 2006 ലാണു അതിര്‍ത്തി
വീണ്ടും തുറക്കുന്നത്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന
മഞ്ഞാണു ചുറ്റിനും, വീശിയടിക്കുന്ന കാറ്റിന്റെ സീല്‍ക്കാരം
മാത്രെ കേള്‍ക്കാനുള്ളൂ. മഞ്ഞിനു മുകളില്‍ നിശബ്ദത വല
കെട്ടിയിരിക്കുന്നു. അല്ലെങ്കിലും എല്ലാ അതിര്‍ത്തികളും
ഇങ്ങനെ തന്നെയാണു. സൌഹൃദവും സ്നേഹവുമൊക്കെ
കനത്ത ഭാവ ചലങ്ങളില്‍ ഒളിപ്പിച്ച് വെച്ച് വല്ലാതെ മസിലു പിടിച്ചു കളയും.


മഞ്ഞില്‍ കാല്‍ പൂഴ്ത്തി നിന്ന് തണുത്ത് മരവിച്ച കൈവിരലുകള്‍
കൂട്ടിത്തിരുമ്മി അവിടയങ്ങനെ നില്‍ക്കുമ്പോള്‍ ഞാനാലോചിച്ചത്
അതിര്‍ത്തികളില്‍ മുട്ടിത്തിരിയാത്ത രാജ്യങ്ങളെ കുറിച്ചായിരുന്നു.
വേലി കെട്ടി തിരിക്കാ‍തെ , തുറിച്ച നോട്ടങ്ങളില്ലാതെ യഥേഷ്ടം
ആര്‍ക്കും കടന്നു പോകാവുന്ന വഴികള്‍.
സ്നേഹവും സൌഹൃദവും തണല്‍ വിരിക്കുന്ന വഴിത്താരകള്‍...

Friday, June 15, 2012

ഇന്ത്യന്‍ ഗ്രാമങ്ങളിലൂടെ ഒരു യാത്ര...


“ ബാബീ ആപ് ചായ് നഹി പിയാ, ക്യോം..ഹം ലോഗ് ഗരീബേ,
ഖര്‍ തോ ചോട്ടാ ഹേ..ഇസ് ലിയെ......? .”

എനിക്ക് മുന്നിലിരുന്ന ആ പെണ്‍കുട്ടിയുടെ ചോദ്യം കേട്ടപ്പോള്‍
ചവര്‍പ്പ് കാരണം കുടിക്കാനാവാതെ വെച്ചിരുന്ന
വെള്ളം ഒറ്റവലിക്ക് ഞാനെടുത്ത് കുടിച്ചു. പിന്നാലെ ചായ കുടിച്ച്
ഗ്ലാസ്സ് തിരികെ കൊടുക്കുമ്പോള്‍ ചിരി വറ്റിപ്പോയിരുന്നു
എന്റെ ഉള്ളില്‍.


വെസ്റ്റ് ബംഗാളിലെ മുര്‍ഷിദാബാദ് ജില്ലയിലെ
ഔറംഗാബാദ് എന്ന ഗ്രാമത്തിലായിരുന്നു ഞങ്ങള്‍, വിഷന്‍ 2016 ന്റെ
ആഭിമുഖ്യത്തില്‍ ഇന്ത്യന്‍ ഗ്രാമങ്ങളുടെ ആത്മാവിലേക്കൊരു യാത്ര എന്ന
പരിപാടിയില്‍ അംഗമാകുമ്പോഴെ ഉറപ്പിച്ചിരുന്നു ഇതെന്റെ കാഴ്ച്ചപ്പാടുകളെ,
ചിന്തകളെയൊക്കെ മാറ്റിമറിക്കുമെന്ന്..., പക്ഷെ ഇന്ത്യന്‍ ഗ്രാമങ്ങളുടെ
സ്ഥിതി, ജനങ്ങളുടെ ജീവിതം ,ഇത്രത്തോളം ദയനീയമാകുമെന്ന് ഞാന്‍
സ്വപ്നത്തില്‍ പോലും കരുതിയിരുന്നില്ല.

ഇന്ത്യയുടെ ഒട്ടുമിക്ക പട്ടണങ്ങളിലും ടൂറിസ്റ്റ് കേന്ദ്രങ്ങളിലും ഞാന്‍ പോയിട്ടുണ്ട്,
അന്നൊക്കെ ഇന്ത്യയുടെ മറ്റൊരു
മുഖമാണു ഞാന്‍ കണ്ടത്, ആഘോഷങ്ങളുടെ, ധാരാളിത്തത്തിന്റെ ,
പ്രൊഢിയുടെ വര്‍ണാഭമായ മായക്കാഴ്ചകള്‍.
കോട്ടക്കൊത്തളങ്ങള്‍, ആകാശം മുട്ടുന്ന മിനാരങ്ങള്‍,
തെരുവുകളിലൂടെ ആടിയും പാടിയും നീങ്ങിക്കൊണ്ടിരിക്കുന്ന
ജനങ്ങള്‍, ഒരിക്കലും ഉറങ്ങാത്ത നഗരവീഥികള്‍.....
പക്ഷെ ഇപ്പോള്‍ ബംഗാളിലേയും ബീഹാറിലേയും ഗ്രാമങ്ങളിലൂടെ
കടന്നു പൊയപ്പോള്‍, അവരുടെ വീടുകളുടെ
അകത്തേക്ക് കടന്നു ചെന്നപ്പോള്‍ എനിക്കോര്‍മ്മ വന്നത് ഇന്ത്യയുടെ
നവോത്ഥാനം തുടങ്ങേണ്ടത് നഗരങ്ങളില്‍ നിന്നല്ലാ എന്നും അതിവിടത്തെ
ഗ്രാമങ്ങളില്‍ നിന്നുമാണെന്ന് പറയുകയും അതിനു വേണ്ടി പരിശ്രമിക്കുകയും
ചെയ്ത ഒരു കുറിയ മനുഷ്യനേയാണു; ഗാന്ധിജിയെ..., അന്ന് വിഭജനത്തിനു
ശേഷം ബ്രിട്ടീഷുകാര്‍ കട്ടു കടത്തിക്കൊണ്ട് പോയതിന്റെ ബാക്കി സാധനസാമഗ്രികള്‍ ,
പെന്നുകളും മഷിക്കുപ്പിയുമടക്കമുള്ള വസ്തുവകകള്‍
പങ്കിട്ടെടുക്കുന്ന തിരക്കിലായിരുന്നു ജിന്നയും പട്ടേലും നെഹ്രുവുമൊക്കെ,
ഇതിലൊന്നും ഭാഗഭാക്കാവാതെ ഗാന്ധിജി ഗ്രാമങ്ങളിലെ ജനങ്ങളെ
കക്കൂസുണ്ടാക്കുന്നത് പഠിപ്പിക്കുകയായിരുന്നു....!! അവിടുന്ന് അവര്‍
മുന്നോട്ട് പോയിട്ടേയില്ല... ആ ഗ്രാമങ്ങളിലൊന്നും ഇപ്പൊഴും
ഒറ്റകക്കൂസു പോലുമില്ല...!!!!



നമ്മള്‍ കൊയ്യും വയലെല്ലാം നമ്മുടേതാകും പൈങ്കിളിയേ....എന്ന്
നമ്മെ പാടിപ്പഠിപ്പിച്ച ഒരു പ്രസ്ഥാനത്തിന്റെ വക്താക്കള്‍ നീണ്ടകാലം
ഭരിച്ച ഒരു സ്ഥലമാണു ബംഗാളെന്ന് , ആ ഗ്രാമങ്ങളുടെയും ജനങ്ങളുടെയും
അവസ്ഥ കണ്ടാല്‍ വിശ്വസിക്കാന്‍ പ്രയാസം. വയലും കൃഷിയുമൊക്കെ
എമ്പാടുമുണ്ട്. അതൊക്കെ ജമീന്ദാറുടെയും ഠാക്കൂറുമാരുടേതുമാണെന്ന് മാത്രം.


അവിടെ പണിയുണ്ടെങ്കില്‍ മെയ് മറന്ന് പണിയാം, തുഛമായ കൂലിക്ക്,
അല്ലെങ്കില്‍ പട്ടിണി. വെസ്റ്റ് ബംഗാളിലെ മാല്‍ഡ പ്രവിശ്യയില്‍ ഉള്‍പ്പെട്ട
ഗ്രാമങ്ങളാണു ഡാക് ബംഗ്ല, റാണി നഗര്‍, ശങ്കര്‍പൂര്‍ എന്നിവ.
ഒന്നിനൊന്ന് കഷ്ടമാണു ഓരോയിടത്തേയും അവസ്ഥ. ഒരു ജനതയെ ജീവിതകാലം
മുഴുവന്‍ അന്ധകാരത്തിലാഴ്ത്താന്‍ ഏറ്റവും എളുപ്പമായ മാര്‍ഗ്ഗം വിദ്യാഭ്യാസം
നിഷേധിക്കുക എന്നതാണു. അത് കാലാകാലമായ് ഭരണകൂടം വളരെ
നന്നായിതന്നെ ചെയ്യുന്നുണ്ട്. എന്നാലല്ലെ വോട്ട് ബാങ്ക് നിലനില്‍ക്കൂ..


ഇനി സ്കൂളുകള്‍ ഉള്ളിടത്താകട്ടെ പഠിപ്പ് എന്നൊരു സംഗതി ഇല്ലാത്രെ.!!
റാണി നഗറില്‍ വെച്ച് ചുറ്റും കൂടിയ പയ്യന്മാരില്‍ ഒരുത്തന്‍ പറഞ്ഞത്
പഠിപ്പിക്കുന്ന ഒരു ടീച്ചറെ വേണം ഞങ്ങള്‍ക്ക് എന്നാണു, ഒരുപാട്
പേരോട് പറഞ്ഞു നോക്കിയിട്ടും നടക്കുന്നില്ലായെന്ന്.., അവനത് പറഞ്ഞപ്പൊ
ഞാനോര്‍ത്തത് എന്റെ മോനേയാണു, എന്തെല്ലാം സൌകര്യങ്ങളാണു
നമ്മുടെയൊക്കെ മക്കള്‍ക്ക്....


(ബംഗാളില്‍ കുട്ടികളെ സ്കൂളില്‍ കൊണ്ട്പോകാന്‍ ഉപയോഗിക്കുന്ന വണ്ടി)

ശങ്കര്‍പൂരില്‍ വിഷന്‍ നടത്തുന്ന ഒരു റെസിഡന്‍ഷ്യന്‍ സ്കൂളുണ്ട്,
കുറെയധികം കുട്ടികളുണ്ട് അവിടെ,റാണിനഗറില്‍ മലയാളിയായ
ഒരു എഞ്ചിനീയര്‍ ഇരുപത്തഞ്ചോളം ഏക്കര്‍ സ്ഥലം വാങ്ങി വിഷനു
കൈമാറിയിട്ടുണ്ട്. അവിടെ വീടുകളും ആശുപത്രി തുടങ്ങിയവ സ്ഥാപിക്കുന്നതിന്റെ
പ്രാരംഭ പ്രവര്‍ത്തനത്തിലാണു വിഷന്‍ പ്രവര്‍ത്തകര്‍.ഡാക് ബംഗളായില്‍
കുറെയധികം വീടുകളുടെ പണി നടന്നു കൊണ്ടിരിക്കുന്നുമുണ്ട്.
കടലില്‍ കായം കലക്കിയ പോലെയേ ആവുന്നുള്ളു ഇതൊക്കെ,
പാവപ്പെട്ടവരില്‍ നിന്നും അര്‍ഹരായവരെ തെരഞ്ഞെടുത്താണു വീടുകളും
തൊഴില്‍ സാമഗ്രികളുമൊക്കെ വിതരണം ചെയ്യുന്നത്, സത്യം പറഞ്ഞാല്‍
എല്ലാവരും സഹായത്തിനു അര്‍ഹരാണു, ഒരു എന്‍ ജി ഒ സംഘടന
വിചാരിച്ചാലും അതിനു കഴിയില്ല, അത്രക്കുണ്ട് കഷ്ടപ്പെടുന്നവര്‍.
സര്‍ക്കാര്‍ തലത്തില്‍ നിന്നു തന്നെ സഹായം എത്തേണ്ടിയിരിക്കുന്നു.


ഗ്രാമത്തിലൊരിടത്തും ആശുപത്രികളില്ല, ഉള്ളത് തന്നെ അന്‍പതും
അറുപതും കിലോമീറ്ററുകള്‍ അപ്പുറത്താണു, എത്തിപ്പെടുക അസാധ്യം,
മിക്ക പ്രസവങ്ങളും നടക്കുന്നത് വീട്ടില്‍ വെച്ച് തന്നെ. അമ്മക്കും കുഞ്ഞിനും
ഭാഗ്യമുണ്ടെങ്കില്‍ ജീവന്‍ കിടക്കും. നസ് ബന്ധി എന്നൊരു ഏര്‍പ്പാട് അവരുടെ
ഇടയില്‍ ഇല്ല. എനിക്ക് മുന്നില്‍ നിന്ന കൌമാരം വിടാത്ത ഒരു
ഗര്‍ഭിണിയോട് ഞാന്‍ ചോദിച്ചു ഇതെത്രാമെത്തേതാണെന്ന്...
വിരല്‍ മടക്കി അവള്‍ പറഞ്ഞു നാലെന്ന്, എന്റെ നോട്ടം കണ്ടാവണം
അടുത്തിരുന്ന അവളുടെ ഭര്‍ത്താവ് കൈയുയര്‍ത്തി കാ കരേ..ഊപ്പര്‍ വാല
ദേത്തേ ഹേനാ..എന്നു പറഞ്ഞപ്പോള്‍ എനിക്കവന്റെ മൂഞ്ചിക്കിട്ടൊന്ന്
കൊടുക്കാന്‍ തോന്നി. പക്ഷെ ഞരമ്പെഴുന്നു നില്‍ക്കുന്ന കൈകള്‍ കൊണ്ട്
വീര്‍ത്തുനില്‍ക്കുന്ന വയറും താങ്ങി ആ പെണ്‍കുട്ടി പറഞ്ഞത് കേട്ടപ്പോള്‍
ഞാന്‍ ഒരു നിമിഷം തരിച്ചു നിന്നു പോയി.
സിന്തഗി പേ കോയി കുശി നഹി, രംഗി കപടാ, മകാന്‍ ,
ഖാനാ ഭി കമി. ഫിര്‍ കൈസേ മെനെ ഇസ് സെ
യെ ഭി മനാ കര്‍ സക്തി....? ഞാന്‍ മരിച്ചു പോകുമെങ്കില്‍
പോയ്ക്കോട്ടേന്ന് അവള്‍ പറഞ്ഞപ്പോള്‍ എന്റെ
നാവിറങ്ങിപ്പോയി.

മാല്‍ഡ റെയില്‍ വെ സ്റ്റേഷനില്‍ നിന്നും ബീഹാറിലെ അരാഡിയയിലേക്കുള്ള
യാത്രയില്‍ ചൂടും, ഉറക്കമില്ലായ്മയും നീണ്ട യാത്രയുമൊക്കെ കാരണം
എല്ലാവരും ക്ഷീണിച്ചു പോയിരുന്നു. ബീഹാറില്‍ രണ്ട് ദിവസം ഉണ്ടായിരുന്നു
ഞങ്ങള്‍. മേധാപുര, പുര്‍ണിയ, സുപോല്‍ എന്നീ ജില്ലകളിലെ
ഗ്രാമങ്ങളിലേക്കായിരുന്നു ഞങ്ങള്‍ക്ക് പോകേണ്ടിയിരുന്നത്.
ഗ്രാമങ്ങളൊക്കെ ബംഗാളില്‍ കണ്ട പോലെ തന്നെ, ദാരിദ്ര്യവും
പട്ടിണിയും തൊഴിലില്ലായമയും കൊണ്ട് വരണ്ട് ഓജസ്സ്
വറ്റിയ ഗ്രാമങ്ങള്‍.

വൈദ്യുതി എന്നത് മിക്കസ്ഥലത്തും
ആര്‍ഭാടമാണു. ആഴ്ചയില്‍ ഒന്നോ രണ്ടോ മണിക്കൂറോ
ആണത്രെ കറന്റ് വരിക. കുട്ടികളൊക്കെ പോത്തിന്റെ പുറത്താണു,
ഒന്നുകില്‍ അവരുടെ അല്ലെങ്കില്‍ ജമീന്ദാരുടെ,
അതിനെ മേക്കലാണു പ്രധാന പരിപാടി. സ്കൂളില്‍ പോക്ക് വല്ലപ്പോഴും..

കക്കൂസോ കുളിമുറിയോ ആര്‍ക്കും ഇല്ല, ഒരു നാലു ചുവരിന്റെ മറ
ഉണ്ടായിരുന്നെങ്കില്‍ “ആ ദിവസങ്ങളിലെ “ കഷ്ടപ്പാട്
കുറച്ച് കുറഞ്ഞേനേം എന്നാണു യുവതിയായ ഒരു വീട്ടമ്മ പറഞ്ഞത്. .
ദിനേന പലവട്ടം സാനിറ്ററി നാപ്കിനുകളുടെ കണ്ണഞ്ചിപ്പിക്കുന്ന പരസ്യം
കാണുന്ന എനിക്കോ നിങ്ങള്‍ക്കൊ അവരുടെ വിഷമം ഉള്‍ക്കൊള്ളാനാകുമോ...
“ ആ ദിവസങ്ങളില്‍ “ അവരാഗ്രഹിക്കുന്നത് സ്കൂട്ടറോടിക്കാനോ മതിലു
ചാടാനോ ഒന്നുമല്ല ! രക്തം പുരണ്ട തുണി മാറ്റാനും
കഴുകാനും അല്പം സ്വകാര്യത മാത്രമാണു !! പണ്ട് രാജസ്ഥാനിലെ
ഒരു ഗ്രാമത്തില്‍ വെച്ച് ഒരു സ്ത്രീ പറഞ്ഞത്
വെള്ളമില്ലാത്തത് കാരണം ആ ദിവസങ്ങളില്‍ അവരുപയോഗിക്കുക
മണല്‍ സഞ്ചികളാണെന്ന്...!!! , കിലോമീറ്ററുകള്‍
താണ്ടി വേണം വെള്ളം കൊണ്ട് വരാന്‍. ഇങ്ങനേയും ആളുകള്‍
ജീവിക്കുന്നുണ്ട് നമ്മുടെ രാജ്യത്ത്, അവരുടെ മുന്നിലേക്കാണു
ചാനലുകള്‍ ഈ മായക്കാഴ്ചകള്‍ തുറന്നുവിടുന്നത് !!!!

ബീഹാരിലെ സുപോല്‍ ജില്ലയിലാണു കോസി നദി,


ബീഹാറിന്റെ ശാപമാണു ഈ നദി, വെള്ളപ്പൊക്കം കാരണം തീരാദുരിതമാണു.
കഴിഞ്ഞ 2008 ആഗസ്റ്റിലെ വെള്ളപ്പൊക്കത്തില്‍ അയ്യായിരം
പേരാണു ഇവിടെ ഒലിച്ച് പോയത്. ആടുമാടുകള്‍
വേറേയും.നദിയുടെ കരയിലും നദിക്ക് നടുവിലെ കൊച്ചു തുരുത്തിലും
ഒക്കെയാണു ആളുകള്‍ കഴിയുന്നത്, വെള്ളം പൊങ്ങിയാല്‍
ഒലിച്ച് പോകും എന്നത് സുനിശ്ചയം. എന്നിട്ടും അവരവിടെ തന്നെ
നില്‍ക്കുന്നത് പോകാന്‍ വേറെ സ്ഥലമില്ല എന്നത് കൊണ്ട്
മാത്രമാണു. കുഞ്ഞു കുട്ടികളും വയസ്സാവരും അടക്കം നിരവധി ആളുകള്‍
തിങ്ങി താമസിക്കുന്നുണ്ട് അവിടെ, വല്ലാത്തൊരു
കാഴ്ചയായിരുന്നു അത്, പണമില്ലാത്തവന്‍ പിണം എന്നത് എത്ര സത്യം.


പൊതു ഖജനാവില്‍ നിന്നും കാശെടുത്ത്
കുടുംബ സമേതം തേരാപാര വിദേശയാത്ര നടത്താനും കട്ടുമുടിക്കാനും
മാത്രം മിടുക്ക് കാട്ടുന്ന നമ്മുടെ ഭരണാധികാരികളുടെ കണ്ണു തുറക്കാന്‍
എന്തുണ്ട് പോംവഴി...?
ബീഹാറില്‍ നിന്നും നേപ്പാളിലേക്കുള്ള യാത്രയില്‍ ഇടക്ക്
ഞങ്ങള്‍ ബംഗാളിലെ നക്സല്‍ബാരി ഗ്രാമത്തിലൂടെ കടന്നു
പോയിരുന്നു. കനുസന്യാലും ചാരുമംജുദാറുമൊക്കെ ജീവന്‍
കൊടുത്ത ഒരു പ്രസ്ഥാനം ഉയിര്‍കൊണ്ട ഇടം.


മാവോയിസ്റ്റുകളാണു ഇപ്പോള്‍ ബംഗാളിലും ബീഹാറിലും
ഭീതി പരത്തുന്നത്. ദാരിദ്ര്യത്തിലും കടുത്ത അവഗണയിലും
കിടന്നുഴലുന്ന ഒരു ജനവിഭാഗത്തെ ബ്രെയിന്‍ വാഷ് ചെയ്യാന്‍
എളുപ്പമാണു. അവര്‍ ചാവേറാകും, പൊട്ടിത്തെറിക്കും കാരണം
അവര്‍ക്ക് നഷ്ടപ്പെടാന്‍ കൂടുതലൊന്നുമില്ല.

അരാഡിയയില്‍ നിന്നും നേപ്പാള്‍ ബൊര്‍ഡറിലേക്ക് നാല്പത്തഞ്ച്
കിലോമീറ്ററേ ഉള്ളൂ, മെച്ചി റിവറിന്റെ അപ്പുറത്തും
ഇപ്പുറത്തുമായ് രണ്ട് രാജ്യങ്ങള്‍. ഇപ്പുറം ബംഗാളിലെ പാനിടാങ്കി
എന്ന ചെറിയ പട്ടണം, പുഴക്കപ്പുറത്ത്
നേപ്പാളിലെ കാക്കര്‍ബീഠാ എന്ന അതിര്‍ത്തിഗ്രാമം.

ഒരു നദിയുടെ അപ്പുറവും ഇപ്പുറവുമുള്ള ആളുകള്‍ക്ക്
ഭാഷയിലും സംസ്കാരത്തിലും മുഖച്ഛായയിലും എന്തൊരു അന്തരം..!!
നേപ്പാളില്‍ കടക്കാന്‍ വിസയും പാസ്പോര്‍ട്ടുമൊന്നും
വേണ്ട, നേരെ മെച്ചിപാലം കടന്നാല്‍ നേപ്പാളായി.


ഇവിടുന്ന് കാഠ്മണ്ഢുവിലേക്ക് അറുന്നൂറ് കിലോമീറ്ററാണു റോഡ്
മാര്‍ഗ്ഗം. ചെറിയൊരു ടൂറിസ്റ്റ് സ്പോട്ടാണു കാക്കര്‍ബീഠാ, അതുകൊണ്ട്
തന്നെ ജനങ്ങളുടെ ജീവിത നിലവാരം മെച്ചമാണു.
ഒരു ഓമ്ലെറ്റിനു മുപ്പത് രൂപയും ചായക്ക് ഏഴുരൂപയും വെച്ച് വില്‍പ്പന തകൃതി.
ഇന്ത്യന്‍ രൂപക്ക് പകരം നേപ്പാള്‍ കറന്‍സി
എക്സ്ചേഞ്ച് ചെയ്യുന്നവരും നിരവധി. പാരിസ്ഥിതിക പ്രശ്നങ്ങള്‍,
സാംസ്കാരികാ‍ധിനിവേശം എന്നിവയൊക്കെ ടൂറിസത്തിന്റെ
ഉപോല്‍പ്പന്നങ്ങളായ് ചുണ്ടിക്കാണിക്കാറുണ്ടെങ്കിലും , ടൂറിസം കൊണ്ട്
ജനങ്ങളുടെ പട്ടിണി മാറുമെങ്കില്‍ അത് തന്നെ
നല്ലത്. അവരും ജീവിക്കട്ടെ മനുഷ്യരെ പോലെ...

ഈ യാത്രയിലെ കാഴ്ചകളും അനുഭവങ്ങളും ഒരുപാട് കാലത്തേക്ക്
എന്നെ പിന്തുടരും എന്ന് തീര്‍ച്ച. എന്റെ എല്ലാ
അഹങ്കാരങ്ങളും പുറം പൂച്ച്കളും അഴിഞ്ഞ് പോയിരിക്കുന്നു.
വളരെ പരിമിതമായ വസ്തുക്കള്‍ മതി മനുഷ്യര്‍ക്ക് ജീവിക്കാന്‍
എന്ന അറിവ് തന്നെ ധാരാളം. ഇല്ലായ്മകളെ പറ്റി ഞാനിപ്പോള്‍
ആലോചിക്കാറില്ല, മറിച്ച് ദൈവം എനിക്ക് നല്‍കിയ
അനുഗ്രഹങ്ങളെ കുറിച്ച് ഏറെ ബോധവതിയാണു താനും.

ഇതുപോലെ പൊള്ളുന്ന യാഥാര്‍ത്ഥ്യങ്ങളിലേക്കുള്ള ഇറങ്ങിചെല്ലലുകള്‍
നല്ലതാണു ഇടക്ക്, അത് നമ്മെ ജീ‍വിതത്തെ
സ്നേഹിക്കാന്‍ പഠിപ്പിക്കും, മറ്റുള്ളവരെ സ്നേഹിക്കാനും.

(***നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്.)

Sunday, April 15, 2012

വരവേല്ക്കാം നമുക്കീ അവധിക്കാലത്തെ ........


ഒരവധിക്കാ‍ലവും കൂടെ ഇങ്ങെത്തിക്കഴിഞ്ഞു. ഒരു ശരാശരി മലയാളിയുടെ അവധിക്കാലം എന്നുവെച്ചാല്‍ കുട്ടികളുടെ സ്കൂള്‍ അടക്കുന്ന സമയം തന്നെയാണു. അതിനെ ചുറ്റിപറ്റിയെ അവധിക്കാല പ്ലാനിങ്ങുകള്‍ ഏറെക്കുറെയും നടക്കു. പണ്ടൊക്കെ സ്കൂളടച്ചാല്‍ അമ്മവീട്ടില്‍ അല്ലേല്‍ അഛന്‍ വീട്ടില്‍ ,രണ്ടുമാസം അടിച്ച് തിമര്‍ത്ത്, അമ്മമ്മേടെം അഛഛന്റേയുമൊക്കെ ഒപ്പം; പക്ഷെ ഇന്ന് അത് അങ്ങനെയൊന്നുമല്ല. കുടുംബത്തോടൊപ്പം ഒരു യാത്ര... മനസ്സിനും ശരീരത്തിനും ഉണര്‍വ്വും ഉന്മേഷവും നല്‍കാന്‍. ഇന്നത്തെ തിരക്കു പിടിച്ച ജീവിതത്തില്‍ അതൊരാവശ്യം തന്നെയാണു, ഒരിക്കലും ആഢംബരമല്ല തന്നെ

ഈ അവധിക്കാലത്തെ മനോഹരമാക്കുവാനും ഒരുപാട് സ്ഥലങ്ങള്‍ നിങ്ങള്‍ക്ക് സജെസ്റ്റ് ചെയ്യുവാനും അത് നടപ്പിലാക്കാനും ഞങ്ങള്‍ക്ക് സാധിക്കുമെന്ന് അഭിമാനപൂര്‍വ്വം ,സന്തോഷത്തോടെ അറിയിക്കുകയാണു. വളരെ ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഒരുപാട് പേരെ കേരളത്തിനകത്തും ഇന്ത്യയുടെയും വിവിധ ഭാഗങ്ങളിലേക്കും കൊണ്ട്പോകാന്‍ കേരള വണ്ടര്‍ ടൂറിനു സാധിച്ചിട്ടുണ്ട്. ആഢംബരമായ ഒരു യാത്രയെക്കാള്‍ ഞങ്ങള്‍ ഉദ്ദേശിക്കുന്നത് നമ്മുടെ പോക്കറ്റിനു അനുസൃതമായ യാത്രകളാണു. കൂടുതല്‍ സ്ഥലങ്ങള്‍ കാണുക, ആളുകളെ സംസ്കാരത്തെ അറിയുക, ആ ത്രില്‍ അനുഭവിക്കുക,അതാവണം യാത്രയുടെ ലക്ഷ്യം. അത് നമുക്ക് ജീവിതത്തോടുള്ള ആര്‍ജ്ജവം കൂട്ടുകയേ ഉള്ളു.


ഒരു യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ ഏറ്റവും ആദ്യം കണക്കിലെടുക്കേണ്ടത് പോകാനുദ്ദേശിക്കുന്ന സ്ഥലത്തെ ക്ലൈമറ്റ് ആണു. പ്രതികൂല കാലാവസ്ഥയാണേല്‍ പോകാതിരിക്കുന്നത് തന്നെ നല്ലത്. മെയ്, ജൂണ്‍, ജൂലൈ, ആഗസ്റ്റ് മാസങ്ങളില്‍ നൊര്‍ത്ത് ഇന്ത്യയിലേക്ക് ; ഡല്‍ഹി, ആഗ്ര ,ജയ്പൂര്‍, രാജസ്ഥാന്‍ എന്നിവിടങ്ങളില്‍
നല്ല ചൂടായിരിക്കും. പുറത്തിറങ്ങാന്‍ ആവില്ല, കൂടെ പവര്‍ ഫെയിലറും സെപ്റ്റംബര്‍ മുതല്‍ നല്ല കാലാവസ്ഥയാകും. വിന്റെരിലാണു ഇവിടങ്ങളില്‍ യാത്രക്ക് അനുയോജ്യം.

കാശ്മീരിലെക്ക് ഒരു യാത്ര പോകാന്‍ പറ്റിയ സമയമാണിത്. ഭൂമിയിലെ ആ സ്വര്‍ഗത്തിലേക്കുള്ള യാത്ര നിങ്ങളുടെ അവധിക്കാലത്തെ അനുസ്മരണീയമാക്കും.

ചരിത്രവും മാസ്മരികതയും ഒത്തിണങ്ങിയ ഒരു യാത്രയാണു ഉദ്ദേശിക്കുന്നതെങ്കില്‍ അതിനു പറ്റിയത് ആന്‍ഡമാന്‍ ദ്വീപ് തന്നെ. കപ്പല്‍ മാര്‍ഗ്ഗവും ആകാശമാര്‍ഗ്ഗവും നിങ്ങള്‍ക്ക് അവിടെയെത്താം. പോര്‍ട്ട്ബ്ലെയരിലെ സെല്ലുലര്‍ ജെയിലില്‍ കാലം നിങ്ങള്‍ക്ക് മുന്നില്‍ വിറങ്ങലിച്ച് നില്‍ക്കും. ജയിലിലെ പീഢനമുറിയില്‍, ലോകം
കണ്ട എറ്റവും ക്രൂരനായ ജയിലര്‍ ഡേവിഡ് ബാരി ഇരുന്ന കസേരയില്‍ കയറി ഇരുന്നപ്പോള്‍ എന്റെ ശരീരത്തിലൂടെ പാഞ്ഞ വിറയല്‍; ഇപ്പോഴും എനിക്കൊര്‍മ്മയുണ്ട്. ഞാനനുഭവിക്കുന്ന സ്വാതന്ത്ര്യത്തെ പറ്റി അതെന്നെ നിരന്തരം ഓര്‍മ്മപ്പെടുത്തുന്നു.

ഇനി കേരളത്തിന്റെ പ്രകൃതി ഭംഗിയില്‍ ലയിച്ച് ചേര്‍ന്നൊരു യാത്രയാണു വേണ്ടതെങ്കില്‍ നേരെ പോവുക. വയനാട്, കുടക്.. അത് നമ്മെ ഒരിക്കലും മടുപ്പിക്കില്ല. വശ്യം മനോഹരം. എന്നും എല്ലായ്പ്പോഴും..

ഊട്ടിയില്‍ സീസണ്‍ തുടങ്ങിയിരിക്കുന്നു. പൂക്കളുടെ ഉത്സവം. ഇനി കോട കാണാനും മഞ്ഞ് അറിയാനുമാണേല്‍ കൊടൈക്കനാല്‍ നിങ്ങളെ കാത്തിരിക്കുന്നു.

മനസ്സില്‍ കവിതയും നഷ്ടസ്മൃതികളും പേറുന്നവരാണേല്‍ നേരെ പോവുക, മധുര ,രാമേശ്വരം ധനുഷ് ക്കോടി. കടലെടുത്ത് പോയ ഒരു പ്രദേശമാണത്.കാണാനല്ല...കേള്‍ക്കാന്‍ , അനുഭവിക്കാന്‍... , പൊടുന്നനെ ഇല്ലാണ്ടായിപ്പോയവരുടെ പിറുപിറുക്കലുകള്‍ക്ക് കാതോര്‍ക്കാന്‍..., ഓടിക്കൊണ്ടിരിക്കെ പൊടുന്നനെ
അപ്രത്യക്ഷമായിപ്പോയ ഒരു തീവണ്ടി, അതിലെ ആളുകള്‍,അവരുടെ സ്വപ്നങ്ങള്‍ ...,ആ മണ്ണില്‍ ചവിട്ടി നില്‍ക്കുമ്പോള്‍ എന്തിനെ പറ്റിയാവും നമ്മള്‍ ഓര്‍ക്കുക..? തീര്‍ച്ചയായും നമുക്ക് ലഭിക്കാതെ പോയ സൌകര്യങ്ങളെ പറ്റിയാവില്ല തന്നെ...മറിച്ച് നമ്മള്‍ എത്ര ഭാഗ്യവാന്മാര്‍ എന്ന് ദൈവത്തിനു സ്തുതി പറയും.!!

ഓരോ യാത്രയും ഒരോ അനുഭവമാണു. അത് നമ്മെ രാകി രാകി മിനുസപ്പെടുത്തിയെടുക്കും, കൂടുതല്‍ കരുത്തോടെ ജീവിതത്തെ നേരിടാന്‍..

അങ്ങനെയുള്ള ഒരു യാത്രക്ക് പോകുകയാണു ഞാന്‍ നാളെ, കൊല്‍ക്കത്തയിലെ, ബീഹാറിലെ , സിക്കിമിലെ ഗ്രാമങ്ങളിലൂടെ... അവിടെയുള്ള എന്റെ സഹോദരങ്ങള്‍ എങ്ങനെ ജീവിക്കുന്നു എന്നറിയാനും, അവരുടെ സന്തോഷങ്ങളിലും സങ്കടങ്ങളിലും ഭാഗഭാക്കാകുവാനും. ഗാംങ്ങ്ടോക്കില്‍ നിന്നും 56 കിലൊമീറ്റര്‍ അകലെ കിടക്കുന്ന ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മൊട്ടോറബിള്‍ റോഡായ നാഥുലപാസ്സ് വരെ നീളുന്ന ഒരു യാത്ര...

ഈ യാത്രയിലെ അനുഭവങ്ങള്‍ എന്റെ എഴുത്തിനെയും , ജീവിതത്തേയും ആഴത്തില്‍ സ്വാധീനിക്കുമെന്ന ശുഭാപ്തിവിശ്വാസത്തോടെ ഞാന്‍ എന്റെ ഭാണ്ഡം മുറുക്കുകയാണ്.

ശുഭയാത്ര




.

Friday, March 30, 2012

ഒരുവട്ടം കൂടി....

കഴിഞ്ഞാഴ്ച കോട്ടക്കലില്‍ നിന്നു മടങ്ങുമ്പോള്‍ വഴി ബ്ലോക്കായത് കാരണം ബസ്
തിരിച്ച് വിട്ടത് പി എസ് എം ഒ കോളേജിനു മുന്നിലൂടെയാണു. ഞായറാഴ്ച്ക
ആയത് കാരണം ക്ലാസ്സില്ല. കാമ്പസ് ശൂന്യം. കോളേജിനു മുന്നിലെ
സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ എന്തെന്ത് വികാരങ്ങളാണു എന്നിലൂടെ
കടന്ന് പോയത്....സന്തോഷം, വേദന, ഒരു തരം അന്യതാബോധം
എല്ലാം കൂടെ ചേര്‍ന്ന്....
ഇവിടെ നിന്ന് പോയതിനു ശേഷം ഈ വഴി ഞാന്‍ വന്നിട്ടേയില്ല...മൂന്ന് വര്‍ഷം
അടിച്ച് പൊളിച്ച് അര്‍മ്മാദിച്ച് നടന്ന കാമ്പസാണു ...


നോക്കിയിരിക്കെ കാമ്പസ് ബഹളമയമായി.
എന്റെ ഫ്രന്റ്സ് മുഴുവനുമുണ്ട്...

പ്രിന്‍സ്സിയുടെ മുറിക്ക് മുന്നില്‍ നല്ല ബഹളം,സമരമാണു. ഫീസടച്ച് ഓഫീസില്‍
നിന്നിറങ്ങിയ ഞാന്‍ അക്കൂട്ടത്തില്‍ നിന്നും ജഹഫറിനെ പിടിച്ച് വലിച്ചു.

‘ടാ ഇന്ന് ***പൈലയുടെ നെര്‍വസ് സിസ്റ്റമാണു(നാഡീവ്യവസ്ഥ) പ്രാക്റ്റിക്കല്‍,
ഇനിയെന്നോട് പൈലയെ ചോദിച്ച് വരണ്ടാന്നു മജീദ്കാക്ക പറഞ്ഞിട്ടുണ്ട്,
പാടത്തൊന്നും വെള്ളമില്ലത്രെ.. നീ വാ...വൈകിയാ സാറ് ക്ലാസ്സീ കേറ്റില്ല.“

ഓടിക്കിതച്ച് ലാബിലെത്തിയപ്പോള്‍ ക്ലാസ്സ് തുടങ്ങിയിരിക്കുന്നു, സാറിന്റെ
കൂര്‍ത്ത നോട്ടം കണ്ടില്ലാന്ന് വെച്ച് സീറ്റില്‍ പോയിരുന്നു.
“നീയിതെവിടായിരുന്നു, രണ്ട് മൂന്ന് തവണ സാറ് ചോദിച്ചു നീയെവിടെപ്പോയെന്ന്."
.തോട് കട്ട് ചെയ്ത പൈലയെ എന്റെ ട്രേയില്‍ വെക്കുന്നതിനിടെ ഷഹസാദ്
മെല്ലെ ചിരിച്ചു.

“ കാന്റീനില്‍, രാവിലെ ഒന്നും കഴിച്ചില്ല, പിന്നെ ഓഫീസില്‍,അവട്ന്നല്ലേ
ഞാന്‍ നിന്റെ ജഹഫറിനെ പൊക്കിയേ...ടീ അവനോട് മര്യാദക്ക് പഠിച്ച്
പാസ്സാകാന്‍ പറ,അല്ലേല്‍ നിന്റെ കാര്യാം ഗോവിന്ദ...“

ചെറുതായ് വെട്ടിയ ഫിലിം നെര്‍വുകളുടെ അടിയില്‍ ഭംഗിയായി തിരുകി
വെച്ച് ലേബല്‍ ചെയ്യുന്നതിനിടെ ഞാന്‍ തിരിഞ്ഞ് ഷഹസാദിനെ നോക്കി.
“ പറഞ്ഞിട്ടൊന്നും കാര്യമില്ലടീ...അവള്‍ കണ്ണു നിറച്ചു.
“ എന്താണവിടെ പിറുപിറുപ്പ്..നേരം വൈകി ക്ലാസ്സില്‍ വരിക,
എന്നിട്ട് മറ്റുള്ളവരെ കൂടെ ശല്യപ്പെടുത്താ..“

കുനിഞ്ഞ് നിന്ന് ഞാന്‍ ഡിസ്പ്ലേ ചെയ്തുവെച്ചിരിക്കുന്ന സ്പെസിമെന്‍
നോക്കുന്നതിനിടെ സാര്‍ ദേഷ്യപ്പെട്ടു.
“ നല്ല മണം...സാറിന്ന് ബിരിയാണി കഴിച്ചൊ...” കൈയിലിരുന്ന ഫോര്‍സെപ്സ്
ട്രേയിലിട്ട് ഞാന്‍ മൂക്ക് വിടര്‍ത്തി..”
ഒരു മാത്ര ...സാറിന്റെ കൈയിലിരുന്ന നീഡില്‍ വിറച്ച് പൈലയുടെ
ഗാംഗ്ലിയോണ്‍( തലച്ചോറ്‍) വെള്ളത്തില്‍ പൊങ്ങിക്കിടന്നു.....

കുഞ്ഞു കുഞ്ഞു കുസൃതികളും കളിയാക്കലുകളുമായ് എത്രവേഗമാണു
മൂന്ന് കൊല്ലം തീര്‍ന്നു പോയത്...തന്റെ പ്രണയം നടന്നില്ലേല്‍ മരിച്ച് കളയുമെന്ന്
പറഞ്ഞ് ബാഗില്‍ സ്ലീപ്പിങ്ങ്പിത്സുമായ് നടന്നിരുന്ന
ഷഹസാദിനെ പിന്നെ ഞാന്‍ കണ്ടിട്ടില്ല. അവളിപ്പൊ ഗള്‍ഫിലെവിടെയോ
ഉണ്ട് സുഖമായ്, സ്ലീപ്പിങ്ങ് പിത്സൊക്കെ വലിച്ചെറിഞ്ഞ് കളഞ്ഞിട്ടുണ്ടാകും,
അല്ലെങ്കിലും കാമ്പസ് പ്രണയങ്ങള്‍ക്ക് അത്രയൊക്കെയല്ലേ
ആയുസ്സുള്ളു...പക്ഷേ ഓര്‍മ്മകള്‍ മാത്രം മരിക്കുന്നില്ല. സുഖകരമായ
ഒരു നീറ്റല്‍ ബാക്കിയാക്കിക്കൊണ്ട് അതിപ്പഴും അവിടെത്തന്നെയുണ്ട്....

കാമ്പസിലെ ലൌവ് കോര്‍ണറാണിത്..കെമിസ്ട്രി ബ്ലോക്ക്...
അവര്‍ രണ്ടുപേരും ദേ അവിടെത്തന്നെയുണ്ട്..
പരസ്പരം തോളില്‍ കൈയിട്ട്..മനോഹരമായ് പുഞ്ചിരി പൊഴിച്ചുകൊണ്ട്,
ആത്മമിത്രങ്ങള്‍ , ഇഷാക്കും ഷബീറും; തേങ്ങാപ്പൂളും ചക്കരയും...,
ആരോടെന്നില്ലാതെ ആ പുഞ്ചിരിക്ക് മറുചിരി
ചിരിക്കുമ്പോള്‍ ഷഹസാദ് എന്റെ കൈയില്‍ നുള്ളും..
” ടീ വെറുതെ അവന്മാരെ കണ്‍ഫ്യൂസാക്കണ്ട..”
“ അതിനെന്താ..കുറച്ച് കണ്‍ഫ്യൂസാകട്ടെ” എന്നും പറഞ്ഞ് ക്ലാസ്സിലേക്ക്
കയറുന്നതിനിടെ തിരിഞ്ഞ് നിന്ന് ഒരു പാല്പുഞ്ചിരി കൂടി...
പയ്യെപയ്യെ തോളിലിരുന്ന കൈകള്‍ രണ്ടും പോക്കറ്റില്‍ തിരുപ്പിടിപ്പിക്കാന്‍ തുടങ്ങി,
വൈകാതെ ആത്മമിത്രങ്ങള്‍ അവിടവിടെ തനിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

“ ദ് നിനക്ക് പണിയാകുംട്ടോ..” എന്ന് ഭീഷണിപ്പെടുത്തിയ ഷഹസാദിനെ
ഞാന്‍ സമാധാനിപ്പിച്ചു, “എങ്കി നമുക്ക് നറുക്കിടാം..”
ഞാന്‍ എഴുതിക്കൊടുത്ത നറുക്കുകളില്‍ നിന്നും ഒരെണ്ണം എടുത്തു ഷഹാസാദ് ചിരിച്ചു..

“ ഉം ഉം ....തേങ്ങാപ്പൂള്...”
സന്തോഷത്തോടെ തിരിഞ്ഞ് നടക്കുന്നതിനിടയില്‍ അവള്‍ അടുത്ത നറുക്കും
കൂടി നിവര്‍ത്തി. “ ടീ...ഭയങ്കരീ....എന്നും പറഞ്ഞ് തല്ലാനോങ്ങിയ കൈ
നിവര്‍ത്തി അവളെന്നെ കെട്ടിപ്പിടിച്ച് പൊട്ടിച്ചിരിച്ചു.

കോളേജ് വിട്ട ശേഷം ആരേയും ഞാന്‍ കണ്ടിട്ടില്ല , കാണണമെന്ന്
തോന്നിയിട്ടുമില്ല എനിക്ക്, പുതിയ കോളേജ്, പുതിയ ഫ്രന്റ്സ്, ഞാന്‍
മറന്നു പോയതാണോ...അതും അറിയില്ല. പക്ഷെ ഒന്നും ഞാന്‍ മറന്നിട്ടില്ലാന്നു
ഇപ്പൊ എനിക്ക് തോന്നുന്നു. എല്ലാവരും അതേപോലെ ഇപ്പഴും എന്റെ മനസ്സില്‍ ഉണ്ട്.
എന്തിനും ഏതിനും സംശയം മാത്രം ഉണ്ടായിരുന്ന, ബേജാര്‍സിംഗ്
എന്ന് ഞങ്ങള്‍ കളിയാക്കിയിരുന്ന ഹമീദ്, എന്നേക്കാളും ദാഹം ഈ ബണ്ണിനാണൊ
എന്നു പറഞ്ഞ് ചായ ഗ്ലാസ്സിലേക്ക് അല്‍ഭുതം കൂറുന്ന മിഴികളോടെ ഇരിക്കുന്ന
റഹ്മാന്‍. ഇന്ന് ബച്ചുക്കാക്കന്റെ കത്തുണ്ടാ യിരുന്നെന്ന് അടക്കം പറയുന്ന ബിന്ദു.
പാഠപുസ്തകങ്ങള്‍ മാത്രം കരളുന്ന രേഖ, സ്വന്തം കാലില്‍
നിവര്‍ന്ന് നിന്ന് എന്റെ ജീവിതം എനിക്ക് തന്നെ ജീവിക്കണം എന്ന് പറഞ്ഞിരുന്ന
ചുണക്കുട്ടി ഹസീന, ഇന്ന് ഒന്‍പതെണ്ണത്തിനേ കിട്ടീള്ളൂ, ബാക്കി നാളെ
നോക്കാട്ടോ... എന്നും പറഞ്ഞ് ചാക്കില്‍ നിന്നും ചാടിപ്പോയ തവളയെ
പിടിക്കാന്‍ ഓടുന്ന മജീദ് കാക്ക.
പിന്നെ അതിനുമൊക്കെ അപ്പുറത്ത് ഞാന്‍ കാരണം ഉയിര് നഷ്ടപ്പെട്ട ഒരുപാട്
മിണ്ടാപ്രാണികളുടെ കരച്ചിലുകള്‍..‍‍...

ഇടത് കൈയില്‍ പിടിച്ച തവളയുടെ തല തള്ളവിരല്‍ കൊണ്ട് താഴ്ത്തിപ്പിടിച്ച്
കണ്ണുകള്‍ക്കിടയിലെ ഇത്തിരി സ്ഥലത്ത് മെല്ലെ നീഡില്‍ വെക്കുമ്പോള്‍
എത്ര ശ്രമിച്ചാലും അതിന്റെ കണ്ണിലേക്ക് നോക്കാതിരിക്കാനാവില്ല. മരണം
തൊട്ടടുത്ത് വന്ന് നിക്കുമ്പൊഴുള്ള ആ തണുത്ത നോട്ടത്തെ അവഗണിച്ച്
നീഡില്‍ മെല്ലെ താഴേക്ക് കൊണ്ട് വരുമ്പോള്‍ ഒരു ചെറിയ ഹംബ്,അപ്പോ
അവന്‍ മെല്ലെയൊന്ന് വിറക്കും, അതാണു പോയിന്റ്, തലയോട്ടി അവിടെ
അവസാനിക്കും, താഴെ ഒരു കുഞ്ഞ് സ്പോട്ടുണ്ട്,
(foramen magnum. )നേരെ നീഡില്‍ ഉള്ളിലേക്ക് കയറ്റി ഒറ്റക്കറക്കല്‍,
തലച്ചോര്‍ കലങ്ങിപ്പോകും. (pithing of frog)
മെല്ലെ അതിന്റെ കണ്‍പീലികളില്‍ തട്ടിനോക്കിയാല്‍ ഒന്ന് കണ്ണു ചിമ്മുക
പോലുമില്ല, അനങ്ങാതെ കിടക്കും, ഓര്‍മ്മയില്ലേ പണ്ട് താളവട്ടത്തില്‍
നമ്മെയൊക്കെ കരയിപ്പിച്ച് മോഹന്‍ ലാല്‍ കിടന്നിരുന്നത്....അതേപോലെ..

എന്തിനായിരുന്നു അതെല്ലാം, അവ എന്നെ ഒന്നും പഠിപ്പിച്ചില്ല, ഞാനൊന്നും
ആയുമില്ല അതുകൊണ്ട്. പാതിവഴിയില്‍ എന്നെ തനിച്ചാക്കി കടന്നു പോകുന്ന
സൌഹൃദങ്ങളെ, സ്നേഹത്തേ, എന്റെ പ്രണയത്തെ പോലും പിന്‍ വിളി
വിളിക്കാന്‍ എനിക്കാവുന്നില്ല. പലപ്പോഴും എന്റെ കണ്ണിലും മനസ്സിലും അന്ന് ആ
ക്ലാസ്സ്മുറിയില്‍ വെച്ച് കണ്ട കുഞ്ഞ് ജീവിയുടെ കണ്ണുകളിലെ തണുപ്പ് കയറിവരുന്നു...‍....
മരണത്തിന്റെ തണുപ്പ്....

ശൂന്യമായ കാമ്പസിനെ ഒന്നുകൂടെ തിരിഞ്ഞ് നോക്കി പതുക്കെ സീറ്റിലേക്ക് ചാരിയിരുന്ന്
ഞാന്‍ കണ്ണുകളടച്ചു.


*** പൈല.----Pila globosa. ഞവണിക്ക, ഞൌഞ്ഞ് എന്നൊക്കെ പറയും.

Wednesday, March 21, 2012

നൊമ്പരക്കാറ്റ്..

“ കതക് തുറക്കുകയായ് ,
എന്റെ വിഷാദത്തിനു മീതെ,
അതിലൂടെ അവര്‍ വന്നു,
എന്റെ അതിഥികള്‍.
അവിടെ ,അവള്‍ സന്ധ്യ
നിരാശയുടെ ഒരു
കമ്പളം വിരിക്കാനെത്തി.
അതിലൂടെ രാത്രി കടന്ന് പോയി,
വേദനയെക്കുറിച്ച്
നക്ഷത്രങ്ങളോട് പറയാന്‍
ഇതാ പ്രഭാതം വരികയായ്,
തിളങ്ങുന്ന ഒരു വാള്‍തലയുമായ്
ഓര്‍മ്മകളുടെ മുറിവ് തുറക്കാന്‍....“
( ഫൈസ് അഹമ്മദ് ഫൈസ്)

ഞാനീ കതക് തുറക്കുകയാണു...ആ തുറന്ന കതകിലൂടെ കാറ്റ് ആഞ്ഞടിക്കും.തന്റെ
വഴിയിലുള്ളതിനെയൊക്കെ തട്ടിമാറ്റി ദൂരേക്ക് പറത്തിക്കൊണ്ട് പോകുന്ന ചുഴലിക്കാറ്റ് ;
ടൈഫൂണ്‍ ... , സംഹാരതാണ്ഢവമാടികഴിഞ്ഞ് കാറ്റ് തളര്‍ന്നുറങ്ങുമ്പോള്‍ ,
നഷ്ടപ്പെട്ടതൊക്കെ സ്വരുക്കൂട്ടാന്‍ വെമ്പുന്നവര്‍,എത്ര വാരിപ്പൊത്തി
നെഞ്ചോടമര്‍ത്തിയാലും എവിടെയൊക്കെയോ ഏതൊക്കെയോ ഭാഗങ്ങള്‍
എന്നെന്നേക്കുമായ് നഷ്ടപ്പെട്ടിട്ടുണ്ടാകും. അതെ ,ഇനിയൊരിക്കലും
ജീവിതം പഴയപോലാവില്ല എന്ന തിരിച്ചറിവിലേക്ക്
അമ്പരപ്പോടേ നമ്മള്‍ കണ്മിഴിക്കും...

വിധി നമുക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഇത്തരം കാറ്റുകളെ കുറിച്ചാണു ഖ്വൈസ്റ
ഷഹറാസ് തന്റെ ടൈഫൂണ്‍ എന്ന നോവലില്‍ പറയുന്നത്. മനുഷ്യമനസ്സുകള്‍ക്ക്
മേല്‍ ആഞ്ഞടിച്ച് സ്നേഹം, പ്രണയം, സ്വാസ്ഥ്യം എന്നീ മാനുഷിക ഭാവങ്ങളെ
നമ്മില്‍ നിന്നും അടിച്ച് പറത്തിക്കൊണ്ട് പോകുന്ന ചുഴലിക്കാറ്റുകള്‍...

മലയാളികള്‍ക്ക് അത്രയൊന്നും പരിചിതയല്ല ഖ്വൈസ്റ ഷഹറാസ്.( Qaisra Shahras
പാകിസ്ഥാനില്‍ ജനിച്ചു; തന്റെ ഒന്‍പതാമത്തെ വയസ്സില്‍ ലണ്ടനിലേക്ക് കുടിയേറി.


നിരവധി അംഗീകാരങ്ങളും നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയ മികച്ച നോവലിസ്റ്റും
തിരക്കഥാകൃത്തുമാണു ഖ്വൈസ്റ ഷഹറാസ്. അവരുടെ ഹോളി വുമന്‍, ടൈഫൂണ്‍
എന്നീ കൃതികള്‍ ഹിന്ദി, ഇംഗ്ലീഷ് ,ഡച്ച് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം
ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോളിതാ ടൈഫൂണ്‍ മലയാളത്തിലേക്കും ..,.
മലയാള വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥയും
പ്രമുഖ ബ്ലോഗറുമായ ഷീബ ഇ കെ യാണു. വൈ ടു കെ, ഋതുമര്‍മ്മരങ്ങള്‍
എന്നീ പുസ്തകങ്ങള്‍ ഷീബയുടേതായിട്ടുണ്ട്.


മൂലകൃതിയുടെ മനോഹാരിത ഒട്ടും ചോര്‍ന്ന് പോകാതെയാണു ഷീബ മൊഴിമാറ്റം
ചെയ്തിരിക്കുന്നത്. ഒരോ ദൃശ്യവും കഥാപാത്രങ്ങളും നമുക്ക് പരിചിതരാ‍യവര്‍ തന്നെ
എന്ന തോന്നലുളവാക്കും വിധം.

കറാച്ചിയുടെ പ്രാന്തപ്രദേശത്തെ ചിരാഗ് പൂര്‍ എന്ന ഗ്രാമത്തിലേക്ക് ഒഴിവ്കാലം
ചിലവഴിക്കാന്‍ എത്തുന്ന നജ് മാന ഒരിക്കലും വിചാരിച്ചിരുന്നില്ല ,തന്റെ ജീവിതം
കീഴ്മേല്‍ മറിക്കുന്ന സംഭവങ്ങളുടെ തുടക്കമാവും അതെന്ന്. അവിടെ വെച്ച് അവള്‍
തന്റെ മുന്‍ ഭര്‍ത്താവ് ഹാരൂണിനെ യാദൃശ്ചികമായ് കണ്ടുമുട്ടുന്നു. തീവ്രമായ ഒരു
പ്രണയത്തിന്റേയും ഹ്രസ്വമായ ഒരു ദാമ്പത്യത്തിന്റേയും ഓര്‍മ്മകള്‍, അവരിരുവരേയും
പിടിച്ച് കുലുക്കുകയാണു. പ്രണയം,അതിപ്പോഴും അവരുടെ മനസ്സുകളില്‍ ഉണ്ട്,
അവരറിയാതെ തന്നെ.

ഇതോടേ ഗുല്‍ഷന്റെ ; ഹാരൂണിന്റെ ഭാര്യ, സ്വാസ്ഥ്യം നശിക്കുകയാണു. എത്ര
ചേര്‍ത്തു വെച്ചിട്ടും കൂടി യോജിക്കാത്ത ഒരു ചിത്രം പോലെയായ് പിന്നീടവരുടെ
ജീവിതം. നീണ്ട ഇരുപത് കൊല്ലം വേണ്ടി വന്നു അവര്‍ക്കതൊന്ന് തുന്നി
ചേര്‍ക്കണമെന്ന് തോന്നാന്‍..!!

സ്ത്രീകളുടെ താല്പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ഊന്നല്‍ നല്‍കി കൊണ്ട് അങ്ങേയറ്റം
നിഷ്കര്‍ഷയോടെയാണു ഖുര്‍ ആനില്‍ വിവാഹമോചനത്തെ കുറിച്ച് പറയുന്നത്.
പക്ഷെ നിര്‍ഭാഗ്യവശാല്‍ അതിന്റെ അനുവര്‍ത്താക്കള്‍ നിയമം തങ്ങളുടെ
ഇഛകള്‍ക്കനുസരിച്ച് വളച്ചൊടിച്ചു. അതു പോലെ പാകിസ്ഥാനിലെ
പല ഗ്രാമങ്ങളിലും നിലനിന്നു പോരുന്ന അനാചാരങ്ങളിലേക്ക്
നോവലിസ്റ്റ് നമ്മെ കൊണ്ട് പോകുന്നുണ്ട്. ഖുര്‍ആനെ വരിച്ച് ഒരു
പെണ്ണിനെ പുണ്യവതിയാക്കി വാഴിക്കുന്നത് അതിലൊന്നാണു.
കേട്ടുകേള്‍വി പോലുമില്ലാത്ത എന്തെല്ലാം അനാചാരങ്ങളാണു
ലോകത്ത് പലയിടത്തും നടക്കുന്നത്.

കച്ചേരി വിളിച്ച് കൂട്ടി ഗ്രാമമുഖ്യന്‍ ബാബാ സിറാജ്ദീന്‍ ,ഹാറൂണിനെ കൊണ്ട് നിര്‍ബന്ധിച്ച്
നജ് മാനയെ മൊഴി ചൊല്ലിക്കുകയാണു, അതും മൂന്നു തവണ ,ഒരുമിച്ച്, മുത്തലാഖ് ,
ചെയ്യാന്‍ പാടില്ലാത്ത നീചവൃത്തി. അപമാന ഭാരത്താല്‍ കുനിഞ്ഞ ശിരസ്സുമായ് ഗ്രാമം
വിട്ട നജ് മാനയെ തേടി വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചുഴലിക്കാറ്റ് വീണ്ടുമെത്തുകയാണു.
ഇത്തവണ അത് അടിച്ച് പറത്തിക്കൊണ്ട് പോകുന്നത് പ്രൊ. ജഹാംഗീറുമൊത്തുള്ള
അവളുടെ ദാമ്പത്യ ജീവിതത്തെ തന്നെയാണു.

ലോകത്തിന്റെ ഏത് കോണിലായാലും നഷ്ടപ്പെടലുകള്‍ എന്നും സ്ത്രീക്ക് മാത്രമാണു,
ഇല്ലാതാക്കപ്പെടുന്നത് അവളുടെ അഭിമാനമാണു, ഭൂതകാലത്തിന്റെ മാറാപ്പും പേറി
ജീവിതം തള്ളിനീക്കേണ്ടവള്‍ എന്നും സ്ത്രീ മാത്രം.സൌന്ദര്യവും സമ്പത്തുമൊന്നും
അവിടെ മാനദണ്ഢങ്ങളേയല്ല. അതു കൊണ്ടാണല്ലോ ഗ്രാമത്തിലെ അതിസമ്പന്നയും
അതീവ സുന്ദരിയും വിധവയുമായ കനീസിനു തന്റെ ജീവിതം നിസ്സംഗതയുടെ ഇരുമ്പ്
മറക്കുള്ളില്‍ ഇട്ടുമൂടേണ്ടി വന്നത്..!! നീണ്ട ഇരുപത് വര്‍ഷങ്ങള്‍ വേണ്ടിവന്നു അവര്‍ക്ക്,
തന്റെ ശരീരത്തില്‍ ദംഷ്ട്രങ്ങള്‍ ആഴ്ത്തിയ ഇരുണ്ട ഭൂതകാലത്തെ മറക്കാന്‍. ഇരുള്‍
മൂടിയ ആ കാലത്തെ മറികടക്കാന്‍. അതീവ ക്ഷമയോടും സ്നേഹാവായ്പോടേയും
അവളുടെ കൈ പിടിക്കാന്‍ തയ്യാറായ യൂനുസ് റയീസ് എന്ന പുരുഷന്‍, മാര്‍ക്കേസിന്റെ
കോളറാകാലത്തെ പ്രണയത്തിലെ ഫ്ലൊറന്റിനോ അരീസയെ പോലെ നമുക്ക്
പ്രിയപ്പെട്ടവനാകുന്നത് അചഞ്ചലമായ തന്റെ പ്രണയം ഒന്നു കൊണ്ട് മാത്രമാണു.

പാകിസ്ഥാനിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ പെണ്‍ജീവിതത്തിന്റെ എല്ലാ ഭാവങ്ങളെയും
അതിമനോഹരമായി സമഞ്ജസിപ്പിക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.
പ്രസാധനം ഡി സി ബുക്സ്. വില 130 ക.

ഷീബയുടെ ബ്ലോഗ്------കാല്‍പ്പാട്

***നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്.

Tuesday, March 6, 2012

ഓര്‍മ്മ മാത്രം...

ഇത് പരീക്ഷാക്കാലം, ഒപ്പം വിരഹത്തിന്റേയും വേര്‍പ്പാടിന്റേയും കാലം. ഒന്നിച്ച്
പഠിച്ച് കളിച്ച് വളര്‍ന്നവര്‍ തമ്മില്‍ പിരിയാനുള്ള സമയമായിക്കഴിഞ്ഞു.
ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ ഇനി തമ്മില്‍ കാണാനാകുമോ
എന്നൊരുറപ്പുമില്ല. സങ്കടങ്ങള്‍ വാക്കുകളായ് ഓട്ടോഗ്രാഫിന്റെ
പേജുകള്‍ മുഴുവന്‍ നിറഞ്ഞ് പുറത്തേക്കൊഴുകും...


ഓര്‍ക്കുക വല്ലപ്പോഴും എന്നു തുടങ്ങി കണ്ണീരും കുസൃതിയും പ്രണയവും എല്ലാം
ചാലിച്ച് കുനുകുനാ എഴുതിയിട്ടിരുന്ന വരികള്‍...,ഒരു അധ്യയന കാലം മുഴുക്കെ
ഒളിപ്പിച്ച് വെച്ചിരുന്ന പ്രണയം വരികളായ് എഴുതിയിട്ടിരിക്കുന്നത് കാണുമ്പോള്‍
തോന്നുന്ന വികാരം ; ഒന്നുകില്‍ അമ്പരപ്പ് അല്ലെങ്കില്‍ എനിക്കിത് നേരത്തെ
അറിയാമായിരുന്നു എന്ന നിസ്സംഗത...
അന്നത്തെ ആ ഏഴ് വര്‍ണ്ണങ്ങളില്‍ ചാലിച്ച ഓട്ടോഗ്രാഫുകളൊന്നും ഇന്ന്
കാമ്പസുകളില്‍ ഇല്ലായെന്ന് തോന്നുന്നു. പകരം സ്ക്രാപ് ബുക്കുകളാണു.
അല്ലെങ്കിലും ഇന്നത്തെ കുട്ടികള്‍ക്ക് അറിയാം, ഇവനെ അല്ലെങ്കില്‍ ഇവളെ ഞാന്‍
കാണാതിരിക്കില്ല, ഒന്നുകില്‍ ഫേസ്ബുക്കില്‍ അല്ലെങ്കില്‍ ട്വിറ്ററില്‍, എവിടെലും
നിത്യ സാന്നിധ്യം ഉണ്ടാകും എന്നതുറപ്പ്. പിന്നെന്തിനു ഓട്ടോഗ്രാഫെഴുതി
സമയം കളയണം അല്ലെ....എഴുതാനുള്ളത് നേരെ വാളില്‍ പതിക്കാം, ലൈക്ക്
ചെയ്യാം ,എന്തെല്ലാം സൌകര്യങ്ങളാണു.

പക്ഷെ ,എന്തൊക്കെയോ എവിടെക്കെയോ മിസ്സ് ചെയ്യുന്ന പോലെ,
എന്താണതെന്ന് അറിയില്ല,പേരറിയിയാത്ത ഒരു തരം വേദന മനസ്സില്‍
നിറയുന്നുണ്ട്. എന്റെ ആ പഴയ ഓട്ടോഗ്രാഫ് എവിടാണെന്നറിയില്ല,
അതില്‍ എഴുതിയിരുന്ന പലരേയും പിന്നെ ഞാന്‍ കണ്ടിട്ടേയില്ല.
കണ്ടാല്‍ തന്നെ പഴയ ആ സ്നേഹമൊന്നും ഇപ്പൊ ആര്‍ക്കും
ഉണ്ടാകില്ല എന്നറിയാം. എന്നാലും വെറുതെ മോഹിക്കുകയാണു,പഴയ
ആ കാലം തിരിച്ച് കിട്ടിയിരുന്നെങ്കില്‍ എന്ന്...കഥകളേയും കഥാപാത്രങ്ങളേയും
പ്രണയിച്ചിരുന്ന ആ പത്താം ക്ലാസ്സുകാരിയാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്..
രാത്രിയുടെ രണ്ടാം യാമത്തില്‍ പതിനാലാമത്തെ കാറ്റ് വീശുമ്പോള്‍
ഭൂമിയിലേക്കിറങ്ങി വരുന്ന ഗന്ധര്‍വനെ സ്വപ്നം കാണുന്ന കൌമാരക്കാരിയുടെ
മനസ്സ് തിരികെ കിട്ടിയിരുന്നെങ്കിലെന്ന്...

ഒന്നും നടക്കില്ലാന്നറിയാം, കാലത്തെ തിരിച്ച് വെക്കാന്‍ ആര്‍ക്ക് കഴിയും.
ജീവിതം ഇനി പഴയപോലെയാകില്ല എന്ന് എനിക്ക് നന്നായറിയാം.
അതിങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും..എവിടെയൊക്കെയോ തട്ടി ,മുറിഞ്ഞ്,
തെല്ലിട പിന്‍ വാങ്ങി പിന്നേയും മുന്നോട്ട് തന്നെ ....
എങ്കിലും വെറുതെ മോഹിക്കാലോ...

ഇതോടൊപ്പം വായിക്കാന്‍ ഒരു കഥ തരട്ടെ ഞാന്‍,പഴയൊരു
പോസ്റ്റാണു, അതിനെ കഥ എന്നുതന്നെ വിളിക്കാനാണു എനിക്കിഷ്ടം,
കാരണം അനുഭവങ്ങള്‍ പിന്നീട് എഴുതുമ്പോഴാണല്ലോ
കഥയാകുന്നത്,
ഓട്ടോഗ്രാഫ്

മോളെ സ്കൂള്‍ ബസ്സില്‍ കയറ്റിവിട്ട് തിരിച്ച് വരുമ്പോഴാണ്
അകത്ത് ഫോണ്‍ ബെല്ലടിക്കുന്ന ശബ്ധം കേട്ടത്.
“ആരാണാവോ ഇന്നേരത്ത്” ജെസി വേഗം വാതില്‍ തുറന്നു.
“ഹലോ”
“ഹലോ... ഞാനാ സിമി .“
“ഉം പറയ് ”
“ഡാ..നമ്മുടെ അമീര്‍ ഇവിടെ ഹോസ്പിറ്റലിലുണ്ട്.അറ്റാക്ക്,
ദുബായില്‍ന്ന് നേരെ ഇങ്ങോട്ടാ വന്നത്,ഇന്നലെയായിരുന്നു
ആന്‍ ജിയോപ്ലാസ്റ്റി.നീ ഈ നഗരത്തില്‍ തന്നെയുണ്ടെന്ന്
കേട്ടപ്പോള്‍ നിന്നെ കാണണമെന്ന് പറഞ്ഞു.ഒന്നു പോയി
കണ്ടേക്ക്.ഞാന്‍ പിന്നീട് വിളിക്കാം”സിമി ഫോണ്‍ വെച്ചു.

ഇത്രയും കാലത്തിനിടക്ക് അവനെ താന്‍ ഓര്‍ത്തതേയില്ലല്ലോ.
എന്നായിരുന്നു അവസാനം തമ്മില്‍ കണ്ടത്?ഉവ്വ്,പത്തിലെ
ക്ലാസ്സൊക്കെ കഴിഞ്ഞ് സ്കൂള്‍ അടക്കുന്ന ദിവസം;

ഒരുപാട് പഠിക്കാനുണ്ട്,ഇത് വരെ പുസ്തകം തുറന്നുനോക്കീട്ടില്ല
പകരം ബഷീറും,എം.ടിയും മുകുന്ദനുമൊക്കെയായിരുന്നു തലയില്‍,
“പടച്ചോനേ ...തോറ്റാല്‍ മാനം പോയി”ഓരൊന്ന് ആലോചിച്ച്
നടക്കുന്നതിനിടെ അമീര്‍ മുന്നില്‍ വന്നതറിഞ്ഞില്ല.”ഇയാള് സ്വപ്നം
കാണാ..”തലയുയര്‍ത്തിയപ്പൊ അവനൊരു ഓട്ടോഗ്രാഫ് നീട്ടി.

“നീ ഇതിലെന്തെങ്കിലും എഴുത്,മറക്കാതിരിക്കാന്‍ എന്തേലും”

ഓട്ടോഗ്രാഫ് വാങ്ങി പുസ്തകത്തിനിടയില്‍ തിരുകുമ്പോഴാണ്
അത് കണ്ടത്.ഒരു കത്ത്,“എന്തായിത്“

“അത് പിന്നെ...അത്.. എനിക്കു നിന്നോട് പറയാനുള്ളതാണ്
നീയൊരിക്കലും അതിന് അവസരം തന്നിട്ടില്ലല്ലോ,
ഇനിയെങ്കിലും നീ...നീയതറിയണം”.കത്ത് ഓട്ടോഗ്രാഫടക്കം
തിരിച്ചേല്‍പ്പിക്കവേ അവള്‍ പറഞ്ഞു.”വേണ്ട ഇതൊന്നും
ശരിയാവില്ല,അല്ലെങ്കിലും നിസാര്‍ അഹമ്മെദും മജീദും
സേതുവുമൊന്നും ഇങ്ങനെയാര്‍ക്കും കത്ത് കൊടുത്തിട്ടില്ല”.
“ആരാ അവരൊക്കെ?”

അമ്പരുന്നു നില്‍ക്കുന്ന അമീറിനെ തനിച്ചാക്കി ജെസി വേഗം
നടന്നു.കുറച്ചു കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോള്‍
നീട്ടിപ്പിടിച്ച ഓട്ടോഗ്രാഫുമായി അവനതേ നില്പ് നില്‍ക്കുന്നു.

അതായിരുന്നു അവസാനകാഴ്ച!

കാര്‍ഡിയോളജി വാര്‍ഡ് കണ്ടെത്താന്‍ അധികം
പ്രയാസപ്പെടേണ്ടി വന്നില്ല.ജെസിയെ കണ്ടതും അമീറെഴുന്നേല്‍ക്കാന്‍
ശ്രമിച്ചു.“വേണ്ട..കിടന്നോ“ അവളവനെ തടഞ്ഞു.
”നിസാര്‍ അഹമ്മദും
മജീദും സേതുവുമൊക്കെ ഇങ്ങനെ അറ്റാക് വന്ന് ആശുപത്രീല്‍ കിടന്നിരുന്നോ..”
ഒരു കള്ളച്ചിരിയോടെ അമീര്‍ ചോദിച്ചപ്പോള്‍
ചിരിക്കാന്‍ ശ്രമിച്ചെങ്കിലുംജെസിക്കതിന് കഴിഞ്ഞില്ല.
“അന്ന് നീ പോയതിന് ശേഷം ഞാന്‍ കുറെ ആലോചിച്ചു,ആരാണിവര്‍
ഒരെത്തും പിടിയുമില്ല,അവസാനം സിമിയാ പറഞ്ഞു
തന്നത് നിന്റെ ഭ്രാന്തുകള്‍..“.
“ ആമീ..നിനക്ക് മനസ്സിലായോ
ഇതാരാന്ന്”?

“പിന്നേ..എനിക്കാദ്യം കണ്ടപ്പോത്തന്നെ അറിഞ്ഞു,ഇങ്ങളെ
പറ്റിപ്പറയുമ്പൊ ഇവര്‍ക്ക് നൂറ് നാവാ...”
ഉമ്മാന്റെ സാരിയില്‍ തൂങ്ങിയ സുന്ദരിക്കുട്ടിയെ ജെസി താല്പര്യപൂര്‍വം
നോക്കി.” വാ....മോളൂന്റെ പേരെന്താ‍..? ”
നാണത്തോടെ അവള്‍ പറഞ്ഞ പേര്‍ കേട്ട് ജെസി
അമ്പരപ്പോടെ അമീറിനെ നോക്കി.അവന്റെ കണ്ണില്‍ അന്നത്തെ
അതേ കുസൃതിച്ചിരി.

Wednesday, February 22, 2012

തൌസന്റ് സ്പ്ലെന്‍ഡിഡ് സണ്‍സ്.



വായിച്ചാലും വളരും വായിച്ചില്ലേലും വളരും, എന്നു എഴുതി വെച്ച കുഞ്ഞുണ്ണി മാഷ് എത്ര വലിയൊരു സത്യമാണു പറഞ്ഞ് വെച്ച് കടന്ന് പോയത്.‍. രണ്ട് വളര്‍ച്ചയും തമ്മിലുള്ള അന്തരം.അത് വാക്കുകള്‍ക്കതീതമാണു. നമ്മളറിയാത്ത ലോകങ്ങള്‍, ആളുകള്‍, അവരുടെ ഭാഷ,സംസ്കാരം. അവിടത്തെ സാമൂഹിക രാഷ്ടീയ പ്രതിസന്ധികള്‍. കഷ്ടപ്പാടിലും ദുരിതങ്ങളിലും നമ്മള്‍ മനുഷ്യര്‍ എത്രമാത്രം നിസ്സഹായരാണു എന്ന് തിരിച്ചറിവ്, മറക്കാനും അന്യോന്യം പൊറുക്കാനുമുള്ള മനുഷ്യസഹജമായ കഴിവ് എന്തുമാത്രമാണെന്ന ഓര്‍മ്മപ്പെടുത്തല്‍ ,എല്ലാറ്റിനുമൊടുവില്‍ സ്നേഹം ജയിക്കുന്നത് കാണുമ്പോള്‍ നമ്മില്‍ നിറയുന്ന പോസിറ്റീവ് എനര്‍ജി, ഇതൊക്കെ വായന നമുക്കായ് തുറന്നിടുന്ന വാതായനങ്ങളാണു പുറം ലോകത്തേക്കുള്ള കണ്ണിമവെട്ടല്‍.‍.

ഖാലിദ് ഹൊസൈനിയെ നിങ്ങളറിയും, പട്ടം പറത്തുന്നവന്‍ എന്ന നോവലിന്റെ രചയിതാവ്. അദ്ദേഹത്തിന്റെ തന്നെ മറ്റൊരു വിഖ്യാത രചനയാണു" തൌസന്റ് സ്പ്ലെന്‍ഡിഡ് സണ്‍സ് ".( Thousand Splendid suns)

അഫ്ഗാനിസ്ഥാനിലെ രക്തരൂക്ഷിതമായ അധിനിവേശങ്ങളെയും രാഷ്ടീയ പ്രതിസന്ധികളേയും നോവലിലെ കഥാപാത്രമായ അമീറിന്റെ ; ഒരു പുരുഷന്റെ കണ്ണിലൂടെ കണ്ട കാഴ്ചയായിരുന്നു പട്ടം പറത്തുന്നവന്‍ എങ്കില്‍ ഇവിടെ ഈ നോവലില്‍ അത് അങ്ങനെയല്ല. യുദ്ധങ്ങള്‍ക്കും കലാപങ്ങള്‍ക്കും ഇടയില്‍ ഞെരുങ്ങിയമര്‍ന്നു പോകുന്ന സ്ത്രീകളുടെ കഥ, അവരുടെഒറ്റപ്പെടലിന്റെ ,സഹനത്തിന്റെ, ഉയിര്‍ത്തെഴുന്നേല്‍പ്പിന്റെ കഥയാണു തൌസന്റ് സ്പ്ലെന്‍ഡിഡ് സണ്‍സ്‍.

മരിയത്തിന്റേയും ലൈലായുടേയും അനുഭവങ്ങളിലൂടെയാണു നോവല്‍ മുന്നോട്ട് പോകുന്നത്. കഥയുടെതുടക്കത്തില്‍ കുഞ്ഞായിരുന്ന മരിയത്തിനോട് അമ്മ പറയുന്നുണ്ട് ഒരു സ്ത്രീക്ക് അവശ്യം വേണ്ടത് സഹിക്കാനുള്ള കഴിവാണെന്നാണു. അന്നത് മരിയം ചിരിച്ചു തള്ളിയെങ്കിലും പില്‍ക്കാലത്ത് അവരുടെവാക്കുകള്‍ അന്വര്‍ത്ഥമാകും വിധം മരിയത്തിന്റെ ജീവിതം ദുരിതപര്‍വ്വങ്ങളിലൂടെ കടന്ന്പോകുകയാണു.

അഫ്ഗാന്റെ പ്രാന്ത പ്രദേശമായ ഹെറാത്ത് എന്ന ഗ്രാമത്തിലായിരുന്നു മരിയത്തിന്റെ ബാല്യം. അവളും അമ്മയും തനിച്ച്, ഗ്രാമത്തിലെ പ്രമുഖനായ ജലീലിനു വേലക്കാരിയില്‍ പിറന്ന മകള്‍,ഹറാമി അതായത്ബാസ്റ്റാര്‍ഡ്, ആ ഒരു പദം മരണം വരെ മറിയത്തെ വേട്ടയാടുന്നുണ്ട്. തനിക്ക് വേണ്ടാത്ത മകളെ ഹെറാത്തില്‍ നിന്നും ദൂരെ കാബൂളിലേക്ക് ഒരു രണ്ടാംകെട്ടുകാരന്റെ ഭാര്യയായ് പറഞ്ഞുവിടുകയാണു മാന്യനായ ആ അഛന്‍ ചെയ്തത്. കാബൂളില്‍ അവരുടെ അയല്‍ വാസികളായിരുന്നു ലൈലയും താരീഖുമെല്ലാം.യുദ്ധം ലൈലയേയും താരീഖിനേയും വേര്‍പ്പെടുത്തുകയാണു, പിന്നീട് മരിയത്തിന്റെ സപത്നിയാവേണ്ടി വരികയാണു ലൈലക്ക്. നിസ്സഹായരായ രണ്ട് സ്തീകള്‍ തങ്ങളുടെ ദുരിതങ്ങളില്‍ പരസ്പരം ആശ്വാസമാവുകയാണു, അവര്‍ തമ്മിലുള്ള ഗാഢവും ഊഷ്മളവുമായ ബന്ധം വളരെ നന്നായിതന്നെ പറയുന്നുണ്ട് നോവലില്‍. പട്ടിണിയിലും ദുരിതങ്ങളിലും അവര്‍ പരസ്പരം താങ്ങാവുകയാണു. മാതൃ പുത്രീ നിര്‍വിശേഷമായ സ്നേഹമാണു അവര്‍ക്കിടയില്‍ ഉയിര്‍ക്കൊള്ളുന്നത്.

ഇതിനിടക്ക് റഷ്യ അഫ്ഗാനില്‍ നിന്നും പിന്‍വാങ്ങിയിരുന്നു,പകരം അഹമദ് ഷാ മസ്സൂദിന്റെ നേതൃത്വത്തില്‍ അധികാരത്തിലേറിയ മുജാഹിദീനുകള്‍ വൈകാതെ പരസ്പരം പോരടിക്കുകയാണു. അവര്‍ക്ക് ഒരു പൊതു ശത്രു ഇല്ലാതെ ആയപ്പോള്‍ കാബൂളിന്റെ അധികാരത്തിനു വേണ്ടി അവര്‍ പരസ്പരം കൊന്നൊടുക്കി. അഫ്ഗാന്‍ യുദ്ധപ്രഭുക്കളുടെ നാടായി മാറി. റൊക്കറ്റുകളും മിസൈലുകളും വന്നു പതിച്ച് ഒരു ശവപറമ്പായ് മാറിയ അഫ്ഗാനില്‍ നിന്നു ഭൂരിഭാഗം പേരും പെഷവാറിലേക്കും ഇറാനിലേക്കും മറ്റും കുടിയേറി. പിന്നീട് വന്ന താലിബാനികള്‍ സ്ഥിതി കൂടുതല്‍ കഷ്ടതരമാക്കി. ആശുപത്രികള്‍, സ്കൂളുകള്‍ ,ഗവര്‍മെന്റ് സ്ഥാപനങ്ങള്‍ എന്നിവയൊക്കെ ബോംബിങ്ങില്‍ തകര്‍ന്ന് നാമാവശേഷമായിക്കഴിഞ്ഞിരുന്നു. അടി മുതല്‍ മുടി വരെ മൂടിപ്പുതച്ച് നീങ്ങുന്ന സ്ത്രീ രൂപങ്ങളെയും അവരെ പിന്തുടര്‍ന്ന് ചാട്ടവാര്‍ കൊണ്ട് അടിക്കുന്ന താലിബാനികളേയും നമ്മള്‍ കണ്ടിട്ടുണ്ട്, ബി ബിസിയിലും സ്റ്റാര്‍ ന്യൂസിലും മറ്റും , നമുക്കതൊരു പാസ്സിങ്ങ് ഷോട്ട് മാത്രമായിരുന്നു, ചാനലുകളില്‍ നിന്നും ചാനലുകളിലേക്ക് മാറുന്നതിനിടയില്‍ കണ്ട് അവഗണിച്ചൊരു ദൃശ്യം. ഒരു പക്ഷെ അന്ന് നമ്മള്‍ കണ്ടത് ലൈലയെ ആയിരുന്നിരിക്കാം, ഒരു നേരത്തെ ഭക്ഷണത്തിനു പോലും വകയില്ലാതെ നിവൃത്തികേടു കൊണ്ട് അനാഥാലയത്തില്‍ കൊണ്ട് ചെന്നാക്കിയ തന്റെ മകള്‍ അസീസയെ കാണാന്‍ പോകുന്ന ലൈല, അവള്‍ക്ക് പുരുഷനോടപ്പമല്ലാതെ പുറത്തിറങ്ങിക്കൂട, അയാള്‍ക്കാകട്ടെ അവളെ കാണണമെന്ന് താല്പര്യവുമില്ല, അങ്ങനെയാണു ലൈല ഒറ്റക്ക് അസ്സീസയെ കാണാന്‍ പാത്തും പതുങ്ങിയും പോകേണ്ടി വരുന്നത്. തന്റെ മകളെ ഒരു നോക്ക് കാണാന്‍ ആ അടിയും ഭത്സനങ്ങളും മുഴുക്കെ അവള്‍ സഹിക്കുകയാണു.
ഒരു സ്ത്രീയുടെ മനസ്സിനും ശരീരത്തിനും എന്തു മാത്രം വേദന താങ്ങാനുകുമെന്ന് കണ്ട് പലപ്പോഴും നമ്മള്‍ അല്‍ഭുതപ്പെട്ടുപോകും.

പ്രസവ മുറിയിലെ കട്ടിലില്‍ കാലുകള്‍ ഉയര്‍ത്തി വെച്ച് വേദനയാലും സംഭ്രമത്താലും ലജ്ജയാലും കോച്ചിവലിഞ്ഞ് കിടക്കവേ ഞാനോര്‍ത്തിട്ടുണ്ട് എന്തോരം വേദനയും കഷ്റ്റപ്പാടും ആണു ദൈവമേ ഇതെന്ന്, പക്ഷെ ഇവിടെ ലൈലയെ പറ്റി അവളുടെ ധൈര്യത്തെ പറ്റി,സഹനത്തെ പറ്റി വായിച്ചപ്പോള്‍ ഞാന്‍ ചുരുങ്ങി ചെറുതായിപ്പോയി..., നട്ടെല്ലില്‍ നിന്നും ഇടിവാള്‍ പോലെ കയറി വന്ന ഒരു വേദന എന്നെ പിടിച്ച് കുലുക്കി അടിവയറ്റില്‍ കൊളുത്തിപ്പിടിച്ചു.. തകര്‍ന്ന് തരിപ്പണമായ് കിടക്കുന്ന കാബൂളിലെ ഒരു ആശുപത്രിയില്‍ വെച്ച് ഡോക്ടര്‍ അനസ്തീഷ്യ ഇല്ലാതെ; അത് കൊടുക്കാന്‍ അവിടെ മരുന്നില്ല!!, ലൈലയുടെ വയര്‍ കീറി തലകീഴായ് കിടന്നിരുന്ന കുഞ്ഞിനെ പുറത്തേക്കെടുത്തപ്പോള്‍...!!!

ഹെറാത്തില്‍ നിന്നും ദൂരെ മലകള്‍ക്കിടയില്‍ അമര്‍ന്നുകിടക്കുന്ന ഗോല്‍ദമാന്‍ എന്ന ഗ്രാമത്തില്‍ തന്റെ കൊച്ചു മണ്‍കുടിലില്‍ കുഞ്ഞ് മരിയത്തിനു വലിയ സ്വപ്നങ്ങള്‍ ഒന്നുമുണ്ടായിരുന്നില്ല. വല്ലപ്പോഴും തന്നെ കാണാന്‍ പുഴ മുറിച്ച് കടന്നു വരുന്ന അച്ഛന്‍, അയാളായിരുന്നു അവള്‍ക്കെല്ലാം, പക്ഷെ പിന്നീട് ഇഷ്ടമില്ലാത്തൊരു ജീവിതത്തിലേക്ക് പൊടുന്നനെ വലിച്ചറിയപ്പെടുകയായിരുന്നു മരിയം, ജീവിതത്തോടുള്ള പൊരുതലുകളായിരുന്നു പിന്നീടങ്ങോട്ട്, അതവസാനിച്ചത് പ്രതിഷേധിക്കാന്‍ പോലും അവസരമില്ലാതെ താലിബാന്റെ തൂക്കുകയറിലും.....
.‍.
ഒരു ജനതക്ക് അവരര്‍ഹിക്കുന്ന ഭരണാധികാരികളെ കിട്ടും എന്ന വാദം എനിക്ക് അംഗീകരിക്കാനാവുന്നില്ല, ഇതൊക്കെ വായിച്ച് പോകുമ്പോള്‍. നമ്മുടെ ഇട്ടാവട്ടത്തില്‍ നിന്നും നോക്കുമ്പോള്‍ നാം കാണാതെ പോകുന്ന എത്രയെത്ര യാഥാര്‍ത്ഥ്യങ്ങളാണു ഈ ഭുലോകത്ത്... വേദനകളും ദുരിതങ്ങളുടേയും തീരാമഴ. എന്നാലും പ്രത്യാശയുടേയും പ്രതീക്ഷകളുടേയും തുരുത്തുകള്‍ എമ്പാടും കാണാനാകുന്നുമുണ്ട്. അതു കൊണ്ടല്ലെ മരിച്ച് പോയെന്ന് കരുതിയിരുന്ന താരീഖ് നീണ്ട പത്തുകൊല്ലത്തിനു ശേഷം തിരിച്ചെത്തിയതും ലൈലയേയും മക്കളേയും സ്വീകരിച്ചതും, എല്ലാ ദുരിതങ്ങള്‍ക്കും മേലെയുള്ള സ്നേഹത്തിന്റെ,പ്രണയത്തിന്റെ ആത്മാര്‍ത്ഥതയുടെ വിജയം. ലൈലയും താരീഖും അസീസയും സല്‍മായിയുമെല്ലാം ഒരു നല്ല നാളെ സ്വപ്നം കാണുകയാണു അതിനായ് പരിശ്രമിക്കുകയാണിപ്പോള്‍..

ഒരു യുദ്ധവും എവിടെയും ഉണ്ടാകാതിരിക്കട്ടെ ഇനി.....

***നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്..