Tuesday, March 6, 2012

ഓര്‍മ്മ മാത്രം...

ഇത് പരീക്ഷാക്കാലം, ഒപ്പം വിരഹത്തിന്റേയും വേര്‍പ്പാടിന്റേയും കാലം. ഒന്നിച്ച്
പഠിച്ച് കളിച്ച് വളര്‍ന്നവര്‍ തമ്മില്‍ പിരിയാനുള്ള സമയമായിക്കഴിഞ്ഞു.
ജീവിതത്തിന്റെ നെട്ടോട്ടത്തിനിടയില്‍ ഇനി തമ്മില്‍ കാണാനാകുമോ
എന്നൊരുറപ്പുമില്ല. സങ്കടങ്ങള്‍ വാക്കുകളായ് ഓട്ടോഗ്രാഫിന്റെ
പേജുകള്‍ മുഴുവന്‍ നിറഞ്ഞ് പുറത്തേക്കൊഴുകും...


ഓര്‍ക്കുക വല്ലപ്പോഴും എന്നു തുടങ്ങി കണ്ണീരും കുസൃതിയും പ്രണയവും എല്ലാം
ചാലിച്ച് കുനുകുനാ എഴുതിയിട്ടിരുന്ന വരികള്‍...,ഒരു അധ്യയന കാലം മുഴുക്കെ
ഒളിപ്പിച്ച് വെച്ചിരുന്ന പ്രണയം വരികളായ് എഴുതിയിട്ടിരിക്കുന്നത് കാണുമ്പോള്‍
തോന്നുന്ന വികാരം ; ഒന്നുകില്‍ അമ്പരപ്പ് അല്ലെങ്കില്‍ എനിക്കിത് നേരത്തെ
അറിയാമായിരുന്നു എന്ന നിസ്സംഗത...
അന്നത്തെ ആ ഏഴ് വര്‍ണ്ണങ്ങളില്‍ ചാലിച്ച ഓട്ടോഗ്രാഫുകളൊന്നും ഇന്ന്
കാമ്പസുകളില്‍ ഇല്ലായെന്ന് തോന്നുന്നു. പകരം സ്ക്രാപ് ബുക്കുകളാണു.
അല്ലെങ്കിലും ഇന്നത്തെ കുട്ടികള്‍ക്ക് അറിയാം, ഇവനെ അല്ലെങ്കില്‍ ഇവളെ ഞാന്‍
കാണാതിരിക്കില്ല, ഒന്നുകില്‍ ഫേസ്ബുക്കില്‍ അല്ലെങ്കില്‍ ട്വിറ്ററില്‍, എവിടെലും
നിത്യ സാന്നിധ്യം ഉണ്ടാകും എന്നതുറപ്പ്. പിന്നെന്തിനു ഓട്ടോഗ്രാഫെഴുതി
സമയം കളയണം അല്ലെ....എഴുതാനുള്ളത് നേരെ വാളില്‍ പതിക്കാം, ലൈക്ക്
ചെയ്യാം ,എന്തെല്ലാം സൌകര്യങ്ങളാണു.

പക്ഷെ ,എന്തൊക്കെയോ എവിടെക്കെയോ മിസ്സ് ചെയ്യുന്ന പോലെ,
എന്താണതെന്ന് അറിയില്ല,പേരറിയിയാത്ത ഒരു തരം വേദന മനസ്സില്‍
നിറയുന്നുണ്ട്. എന്റെ ആ പഴയ ഓട്ടോഗ്രാഫ് എവിടാണെന്നറിയില്ല,
അതില്‍ എഴുതിയിരുന്ന പലരേയും പിന്നെ ഞാന്‍ കണ്ടിട്ടേയില്ല.
കണ്ടാല്‍ തന്നെ പഴയ ആ സ്നേഹമൊന്നും ഇപ്പൊ ആര്‍ക്കും
ഉണ്ടാകില്ല എന്നറിയാം. എന്നാലും വെറുതെ മോഹിക്കുകയാണു,പഴയ
ആ കാലം തിരിച്ച് കിട്ടിയിരുന്നെങ്കില്‍ എന്ന്...കഥകളേയും കഥാപാത്രങ്ങളേയും
പ്രണയിച്ചിരുന്ന ആ പത്താം ക്ലാസ്സുകാരിയാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്..
രാത്രിയുടെ രണ്ടാം യാമത്തില്‍ പതിനാലാമത്തെ കാറ്റ് വീശുമ്പോള്‍
ഭൂമിയിലേക്കിറങ്ങി വരുന്ന ഗന്ധര്‍വനെ സ്വപ്നം കാണുന്ന കൌമാരക്കാരിയുടെ
മനസ്സ് തിരികെ കിട്ടിയിരുന്നെങ്കിലെന്ന്...

ഒന്നും നടക്കില്ലാന്നറിയാം, കാലത്തെ തിരിച്ച് വെക്കാന്‍ ആര്‍ക്ക് കഴിയും.
ജീവിതം ഇനി പഴയപോലെയാകില്ല എന്ന് എനിക്ക് നന്നായറിയാം.
അതിങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും..എവിടെയൊക്കെയോ തട്ടി ,മുറിഞ്ഞ്,
തെല്ലിട പിന്‍ വാങ്ങി പിന്നേയും മുന്നോട്ട് തന്നെ ....
എങ്കിലും വെറുതെ മോഹിക്കാലോ...

ഇതോടൊപ്പം വായിക്കാന്‍ ഒരു കഥ തരട്ടെ ഞാന്‍,പഴയൊരു
പോസ്റ്റാണു, അതിനെ കഥ എന്നുതന്നെ വിളിക്കാനാണു എനിക്കിഷ്ടം,
കാരണം അനുഭവങ്ങള്‍ പിന്നീട് എഴുതുമ്പോഴാണല്ലോ
കഥയാകുന്നത്,
ഓട്ടോഗ്രാഫ്

മോളെ സ്കൂള്‍ ബസ്സില്‍ കയറ്റിവിട്ട് തിരിച്ച് വരുമ്പോഴാണ്
അകത്ത് ഫോണ്‍ ബെല്ലടിക്കുന്ന ശബ്ധം കേട്ടത്.
“ആരാണാവോ ഇന്നേരത്ത്” ജെസി വേഗം വാതില്‍ തുറന്നു.
“ഹലോ”
“ഹലോ... ഞാനാ സിമി .“
“ഉം പറയ് ”
“ഡാ..നമ്മുടെ അമീര്‍ ഇവിടെ ഹോസ്പിറ്റലിലുണ്ട്.അറ്റാക്ക്,
ദുബായില്‍ന്ന് നേരെ ഇങ്ങോട്ടാ വന്നത്,ഇന്നലെയായിരുന്നു
ആന്‍ ജിയോപ്ലാസ്റ്റി.നീ ഈ നഗരത്തില്‍ തന്നെയുണ്ടെന്ന്
കേട്ടപ്പോള്‍ നിന്നെ കാണണമെന്ന് പറഞ്ഞു.ഒന്നു പോയി
കണ്ടേക്ക്.ഞാന്‍ പിന്നീട് വിളിക്കാം”സിമി ഫോണ്‍ വെച്ചു.

ഇത്രയും കാലത്തിനിടക്ക് അവനെ താന്‍ ഓര്‍ത്തതേയില്ലല്ലോ.
എന്നായിരുന്നു അവസാനം തമ്മില്‍ കണ്ടത്?ഉവ്വ്,പത്തിലെ
ക്ലാസ്സൊക്കെ കഴിഞ്ഞ് സ്കൂള്‍ അടക്കുന്ന ദിവസം;

ഒരുപാട് പഠിക്കാനുണ്ട്,ഇത് വരെ പുസ്തകം തുറന്നുനോക്കീട്ടില്ല
പകരം ബഷീറും,എം.ടിയും മുകുന്ദനുമൊക്കെയായിരുന്നു തലയില്‍,
“പടച്ചോനേ ...തോറ്റാല്‍ മാനം പോയി”ഓരൊന്ന് ആലോചിച്ച്
നടക്കുന്നതിനിടെ അമീര്‍ മുന്നില്‍ വന്നതറിഞ്ഞില്ല.”ഇയാള് സ്വപ്നം
കാണാ..”തലയുയര്‍ത്തിയപ്പൊ അവനൊരു ഓട്ടോഗ്രാഫ് നീട്ടി.

“നീ ഇതിലെന്തെങ്കിലും എഴുത്,മറക്കാതിരിക്കാന്‍ എന്തേലും”

ഓട്ടോഗ്രാഫ് വാങ്ങി പുസ്തകത്തിനിടയില്‍ തിരുകുമ്പോഴാണ്
അത് കണ്ടത്.ഒരു കത്ത്,“എന്തായിത്“

“അത് പിന്നെ...അത്.. എനിക്കു നിന്നോട് പറയാനുള്ളതാണ്
നീയൊരിക്കലും അതിന് അവസരം തന്നിട്ടില്ലല്ലോ,
ഇനിയെങ്കിലും നീ...നീയതറിയണം”.കത്ത് ഓട്ടോഗ്രാഫടക്കം
തിരിച്ചേല്‍പ്പിക്കവേ അവള്‍ പറഞ്ഞു.”വേണ്ട ഇതൊന്നും
ശരിയാവില്ല,അല്ലെങ്കിലും നിസാര്‍ അഹമ്മെദും മജീദും
സേതുവുമൊന്നും ഇങ്ങനെയാര്‍ക്കും കത്ത് കൊടുത്തിട്ടില്ല”.
“ആരാ അവരൊക്കെ?”

അമ്പരുന്നു നില്‍ക്കുന്ന അമീറിനെ തനിച്ചാക്കി ജെസി വേഗം
നടന്നു.കുറച്ചു കഴിഞ്ഞ് തിരിഞ്ഞു നോക്കിയപ്പോള്‍
നീട്ടിപ്പിടിച്ച ഓട്ടോഗ്രാഫുമായി അവനതേ നില്പ് നില്‍ക്കുന്നു.

അതായിരുന്നു അവസാനകാഴ്ച!

കാര്‍ഡിയോളജി വാര്‍ഡ് കണ്ടെത്താന്‍ അധികം
പ്രയാസപ്പെടേണ്ടി വന്നില്ല.ജെസിയെ കണ്ടതും അമീറെഴുന്നേല്‍ക്കാന്‍
ശ്രമിച്ചു.“വേണ്ട..കിടന്നോ“ അവളവനെ തടഞ്ഞു.
”നിസാര്‍ അഹമ്മദും
മജീദും സേതുവുമൊക്കെ ഇങ്ങനെ അറ്റാക് വന്ന് ആശുപത്രീല്‍ കിടന്നിരുന്നോ..”
ഒരു കള്ളച്ചിരിയോടെ അമീര്‍ ചോദിച്ചപ്പോള്‍
ചിരിക്കാന്‍ ശ്രമിച്ചെങ്കിലുംജെസിക്കതിന് കഴിഞ്ഞില്ല.
“അന്ന് നീ പോയതിന് ശേഷം ഞാന്‍ കുറെ ആലോചിച്ചു,ആരാണിവര്‍
ഒരെത്തും പിടിയുമില്ല,അവസാനം സിമിയാ പറഞ്ഞു
തന്നത് നിന്റെ ഭ്രാന്തുകള്‍..“.
“ ആമീ..നിനക്ക് മനസ്സിലായോ
ഇതാരാന്ന്”?

“പിന്നേ..എനിക്കാദ്യം കണ്ടപ്പോത്തന്നെ അറിഞ്ഞു,ഇങ്ങളെ
പറ്റിപ്പറയുമ്പൊ ഇവര്‍ക്ക് നൂറ് നാവാ...”
ഉമ്മാന്റെ സാരിയില്‍ തൂങ്ങിയ സുന്ദരിക്കുട്ടിയെ ജെസി താല്പര്യപൂര്‍വം
നോക്കി.” വാ....മോളൂന്റെ പേരെന്താ‍..? ”
നാണത്തോടെ അവള്‍ പറഞ്ഞ പേര്‍ കേട്ട് ജെസി
അമ്പരപ്പോടെ അമീറിനെ നോക്കി.അവന്റെ കണ്ണില്‍ അന്നത്തെ
അതേ കുസൃതിച്ചിരി.

60 comments:

 1. മുല്ലേ .. മൂന്നു ദിവസം മുന്നേ
  ഞാന്‍ മാധ്യമത്തില്‍ നമ്മുക്കന്യമായി പൊയ
  ഓട്ടൊഗ്രാഫിനേ പറ്റി ഒരു വാര്‍ത്ത, ചിത്രം
  സഹിതം കണ്ടിരുന്നു , എന്തൊ അപ്പൊള്‍
  വല്ലാത്തൊരു സങ്ക്ടം വന്നു നിറഞ്ഞിരുന്നു മനസ്സില്‍
  അതിപ്പൊല്‍ ഈ വരികളിലൂടെ പൂര്‍ണമായെന്ന് തൊന്നുന്നു ..
  " എന്റേ കലാലയ കാലത്ത് ഒരു പെണ്‍കുട്ടി കുറിച്ച
  വരികള്‍ ഇപ്പൊഴും ഉണ്ട് ഉള്ളില്‍ "
  "നിന്റെ കണ്ണുകള്‍ നീ ആര്‍ക്കും പകുത്ത് കൊടുക്കരുത്
  അതില്‍ ഞാന്‍ തീര്‍ത്ത സ്വപ്നങ്ങള്‍ ഉണ്ട് ,
  ഒരിക്കല്‍ അതു ഞാന്‍ തിരികേ ചോദിക്കും
  എനിക് മാത്രമായത് കാത്തു വയ്ക്കുക "
  അവളിപ്പൊള്‍ എവിടെയാണെന്ന് അറിയില്ല , എന്താണെന്നും ..
  തിരികേ കിട്ടാത്ത ആ കാലങ്ങളെ ഒരിക്കല്‍ കൂടി
  ഒന്നു കൊണ്ടു വന്നുവെങ്കില്‍ അല്ലെ !
  അല്ലെങ്കിലും നമ്മുക്കന്യമായി പൊയ ചിലതിനെ
  ഹൃദയം കൊതിക്കുന്നുണ്ട് , കാലം അനുവദിച്ചില്ലെങ്കിലും
  ഇന്നിന്റെ മനസ്സുകള്‍ പാടെ മാറി പൊയിരിക്കുന്നു
  വിദേശത്ത് നിന്നും വിരുന്ന വന്നതെങ്കിലും
  ഓട്ടൊഗ്രഫിന് എന്തൊ ഒരു ഗൃഹാതുരമായ ഓര്‍മകളുടെ
  മണമുണ്ട് , ചിലപ്പൊള്‍ ആ കാലത്തിന്റെതാകാം
  ഇന്നുള്ളവര്‍ക്ക് രുചികള്‍ വ്യത്യസ്ഥമാകം
  ഇന്നു എം ടിയും , മുകുന്ദനുമൊക്കെ വിരല്‍തുമ്പിലെ
  വെറും സമയം കൊല്ലികളായീ മാറുന്നുണ്ടോ ?
  ആമിയുടെയും അമീറിന്റെയും കുട്ടിയുടെ
  പേരെന്താണ് കൂട്ടുകാരീ ...?
  ഹൃദയത്തിലേക്ക് വന്നു വീണു ചില വരികള്‍ ..
  ഓര്‍മകളേ തൊട്ടുണര്‍ത്തുമ്പൊള്‍ ഒരു വിരഹത്തിന്റെ
  നൊമ്പരപാട് അവശേഷിക്കുന്ന പൊലെ ..

  ReplyDelete
 2. Post ishtappettu, kathha athilereyum_.

  ReplyDelete
 3. ഹാ ഹാ
  എത്ര നന്നായ്ട്ടാണ്..ആ ഓട്ടോഗ്രാഫിന്റെ താ‍ളുകളിലെ പ്രണയവർണ്ണങ്ങൾ ഇവിടെ ചാർത്തി തന്നിട്ടുള്ളത്.
  പോരാത്തതിന് ആയതിന് മേമ്പൊടി ചേർക്കുന്നതിനായി ,ചേരുമ്പടി ചേർക്കാനൊരു അതിമനോഹരമായ ഒരു കഥയും..
  അഭിനന്ദനങ്ങൾ കേട്ടൊ മുല്ലേ

  ReplyDelete
 4. കഥകളേയും കഥാപാത്രങ്ങളേയും
  പ്രണയിച്ചിരുന്ന ആ പത്താം ക്ലാസ്സുകാരിയാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്..

  ഒരിക്കലും തിരിച്ച് വരില്ലെന്ന് വ്യക്തമെന്കിലും ആശകള്‍ നശിക്കാതെ പ്രതീക്ഷിക്കാനാണിപ്പോഴും ഇഷ്ടം. അത് തുടര്‍ന്നുകൊണ്ടേയിരിക്കും എന്ന് തോന്നുന്നു.....

  ReplyDelete
 5. മറന്നു പോയ മധുരിക്കുന്ന ആ പഴയ ഓർമ്മകളെ മുല്ല ഒന്നുകൂടി ഉണർത്തി. നന്നായിട്ടുണ്ട്

  ReplyDelete
 6. എന്‍റെ ഓട്ടോഗ്രാഫില്‍ ഒരു പെണ്‍കുട്ടി എഴുതിയത് "ഒരിക്കലും മിണ്ടാത്ത സോദരാ ..വിട " എന്നാണ്.
  ഇത്ര ഉപകാരപ്പെട്ട ഒന്ന് വേറെയില്ല. കെട്ട്യോളുടെ അടുത്ത് അത് കാണിച്ചാണ് പല അപകടത്തില്‍ നിന്നും തടിയൂരുന്നത് :-) (ചുമ്മാ )

  നന്നായി ട്ടോ ഈ കുറിപ്പ്. കൂടെ കഥയും. നല്ല ഫീല്‍ ഉണ്ട് വായിക്കുമ്പോള്‍ .

  ReplyDelete
 7. If you laugh with the world, world will laugh with you..

  ഇങ്ങിനെ ഒരാള്‍ എഴുതിയിരുന്നു എന്റെ ഓട്ടോഗ്രാഫില്‍. ചില വാക്കുകള്‍ നാം മറക്കുകയില്ല എന്ന് പറയുന്നതെത്ര സത്യം. മൂന്നര പതിറ്റാണ്ട് കഴിഞ്ഞു. ഓട്ടോഗ്രാഫ് എവിടെയോ നഷ്ടപ്പെട്ടു. പക്ഷെ വാക്കുകള്‍ ഇന്നും സുവ്യക്തം. ഓട്ടോഗ്രാഫുകള്‍ വംശനാശം വരുന്നുവെന്ന് മാദ്ധ്യമത്തില്‍ കഴിഞ്ഞയാഴ്ച്ച വായിച്ചിരുന്നു. (പിന്നെ മുല്ലേ, ഇതില്‍ “സിമി” എന്ന് ഒരു വാക്കുണ്ട്. സിമിബന്ധം ആരോപിച്ച് കസ്റ്റഡീലെടുത്താലോ....സൂക്ഷിക്കണെ)

  ReplyDelete
 8. കലാലയ ജീവിതത്തിന്റെ കാണാമറയത്തേക്ക് വീണ്ടും ഒരു തിരിഞ്ഞുനോട്ടത്തിന്റെ ഓര്‍മ്മക്കുറിപ്പുകള്‍...ഒരധ്യാപകനയപ്പോള്‍ അത് മനസ്സിനെ വല്ലാതെ മദിച്ചില്ല.എന്നേക്കുമുള്ള 'ഓട്ടോഗ്രാഫ്‌'ആയി തെളിഞ്ഞു നില്പുണ്ട് ആ പൂക്കാലങ്ങള്‍.
  ഈ എഴുത്തിനും അതില്‍ പറഞ്ഞു വെച്ച 'വെറുതെയെന്ന മോഹങ്ങള്‍'ക്കും പുതുത്വരകളുടെ അവസ്ഥാന്തരങ്ങള്‍ വരച്ചിട്ടതിനും ആശംസകള്‍

  ReplyDelete
 9. >>>എന്നാലും വെറുതെ മോഹിക്കുകയാണു,പഴയ
  ആ കാലം തിരിച്ച് കിട്ടിയിരുന്നെങ്കില്‍ എന്ന്...<<<
  എന്റെ മനസിലുള്ളത് കണ്ട് എഴുതിയതാണോ മുല്ല ഈ വരികള്‍. ഇപ്പോഴും പഴയ കാലവും അന്നത്തെ കഥാപാത്രങ്ങളെയും ഇന്നും മനസില്‍ താലോലിച്ചു നടക്കുന്ന എനിക്ക് ഈ പോസ്റ്റും കഥയും വല്ലാത്ത ഒരു അനുഭവമായി.....അഭിനന്ദനങ്ങള്‍ മുല്ല.

  ReplyDelete
 10. മുല്ലാ ശെരിക്കും ആസ്വദിച്ചു വായിച്ചു , ഹൃദയത്തിന്റെ ഉള്ളറയിലെ ഏതോ ഒരു താളില്‍ പെന്‍സില്‍ കൊണ്ട് കോറിയ പോലെ നനുനനുത്തൊരു നൊമ്പരം ,അനുബന്ധകഥ വല്ലാതെ ഒന്നുലച്ചു.

  ReplyDelete
 11. ഇന്നാ ഓട്ടോഗ്രാഫ് എവിടെയാണെന്നറിയില്ല. ഞാനായിട്ടത് വലിച്ചെറിഞ്ഞിട്ടില്ലാത്തതു കൊണ്ട് പഴയ പെട്ടികളിലെവിടെയെങ്കിലും ഇപ്പൊഴും ഒരു മന്ദസ്മിതം തൂകി കിടപ്പുണ്ടാകണം. എങ്കിലും അതിലെ ഒരെഴുത്ത് ഇന്നും ഓർമ്മയുടെ തീരത്ത് മറക്കാനാവാതെ കിടപ്പുണ്ട്. അവർഎനിക്കു മാത്രമായി എഴുതിയിരുന്നു....
  അല്ലെങ്കിൽ വേണ്ട. അതാരും അറിയണ്ട. ആ ഉറപ്പ് അല്ലെങ്കിൽ വിശ്വാസം എന്നിൽ ഉണ്ടായിരുന്നതു കൊണ്ടല്ലെ ആ നാലുവരി എനിക്കു മാത്രമായി എഴുതിയത്...!
  കാലമേറെ കടന്നു പോയെങ്കിലും ആ വിശ്വാസം, ഇനിയും എന്റെ മാത്രം ഒരു നനവൂറുന്ന സുഖമുള്ള സ്വകാര്യമായി ഞാൻ കാത്തു സൂക്ഷിക്കും.
  മുല്ലയുടെ എഴുത്ത് പെട്ടെന്നെന്നെ അവിടേക്കാണു കൂട്ടിക്കൊണ്ടു പോയത്. നന്ദി.
  ആശംസകൾ...

  ReplyDelete
 12. ചേച്ചി ഞാനും +2 കഴിഞ്ഞു പോരുന്ന ദിവസം അതുവരെ എന്നോട് മിണ്ടുകയോ ഒന്നും ചെയ്തിരുന്ന ഒരു കുട്ടി..എന്റെ ഓട്ടോഗ്രാഫ് ചോദിച്ചു .ഞാന്‍ കൊടുത്തു അവന്‍ എഴുതിയതെന്താനെന്നോ..നിനക്ക് എന്നെങ്കിലും പ്രണയം വേണം എന്ന് തോന്നുമ്പോള്‍ എന്നെ വിളികണം എന്ന്..അത് കണ്ടപ്പോള്‍ ഞാന്‍ അവനോടു പറഞ്ഞു എനിക്ക് ബഷീര്‍ നെ ഇഷ്ട്ടമാണ് എന്ന് .അപ്പോള്‍ അവന്‍ ചോദിച്ചു നീ ഒരു നസ്രാണി അല്ലെ നിന്റെ വീട്ടില്‍ ഇതറിഞ്ഞാല്‍ എന്താകും എന്ന്.ഞാന്‍ ചിരിച്ചു കൊണ്ട് പോയി..പിന്നീട് ഈ അടുത്ത കാലത്ത് അവനെ കണ്ടപ്പോള്‍ ആണ് അവന്‍ പറഞ്ഞത് ആളു അത് എന്റെ ചേട്ടനോട് പറഞ്ഞു എന്നും ചേട്ടന്‍ അവനെ കളിയാക്കി ചിരിച്ചു എന്നും ചിരിയടങ്ങിയപോള്‍ പറഞ്ഞത്രേ ബഷീര്‍ അവളുടെ ഇഷ്ട്ട സാഹിത്യകാരന്‍ ആണെന്ന്....ഇതും പറഞ്ഞു അന്ന് ഞങ്ങള്‍ ഒരുപാടു ചിരിച്ചു ..അപ്പോളാന്നു അവന്‍ പറയുന്നത് +1 മുതല്‍ അവനു എന്നെ ഇഷ്ട്ടമായിരുന്നു എന്ന് ..പറയാന്‍ മടിയയിരുനത്രേ..എന്തായാലും അവന്‍ രെക്ഷപെട്ടു..

  ReplyDelete
 13. എങ്കിലും വെറുതെ മോഹിക്കാലോ...

  ReplyDelete
 14. കൊച്ചു കഥ ഹൃദ്യമായിരിക്കുന്നു.......ആശംസകള്‍

  ReplyDelete
 15. ഫെയിസ്ബുക്കിലെ വാളില്‍ സ്ക്രാപ്പയച്ചും ലൈക്കടിച്ചും നടക്കുന്ന പുതുതലമുറ അറിയുന്നില്ലല്ലോ, പഴയ ഓട്ടോഗ്രാഫ് കാണുമ്പോഴുണ്ടാവുന്ന സുഖം :)

  ReplyDelete
 16. പക്ഷെ ,എന്തൊക്കെയോ എവിടെക്കെയോ മിസ്സ് ചെയ്യുന്ന പോലെ,
  എന്താണതെന്ന് അറിയില്ല,പേരറിയിയാത്ത ഒരു തരം വേദന മനസ്സില്‍
  നിറയുന്നുണ്ട്.

  സത്യം... എന്തൊക്കെയോ എവിടെയോ കൊളുത്തി വലിക്കുന്നു...

  കഥയും നന്നായി...

  ReplyDelete
 17. ഒരിക്കലും തിരിച്ചുവരാത്ത പഴയ കാലം.ഓർക്കാൻ സുഖമുള്ള ഓർമ്മകളെങ്കിലും ഉണ്ടല്ലോ!

  ReplyDelete
 18. "രാത്രിയുടെ രണ്ടാം യാമത്തില്‍ പതിനാലാമത്തെ കാറ്റ് വീശുമ്പോള്‍
  ഭൂമിയിലേക്കിറങ്ങി വരുന്ന ഗന്ധര്‍വനെ സ്വപ്നം കാണുന്ന കൌമാരക്കാരിയുടെ
  മനസ്സ് തിരികെ കിട്ടിയിരുന്നെങ്കിലെന്ന്" - ലേശം കഞ്ചാവോ മറ്റോ അടിച്ചിട്ടിരുന്നു ആലോചിച്ചാല്‍ മതി രണ്ടാം യാമം ഒന്നും ആകണ്ടാ അതിനും മുന്നേ ഗന്ധര്‍വ്വന്‍ വന്നോളും ട്ടോ.. :-)

  വെറുതെ ഞാനും, ആ പഴയ കാലങ്ങളിലെ, ഓര്‍മ്മകളിലേക്ക് ഒന്ന് പോയി തിരികെ വന്നു....
  അവളുടെ ഓട്ടോഗ്രാഫില്‍ ഒരു പേജെങ്കിലും എഴുതണം എന്നുണ്ടായിരുന്നു പക്ഷെ കാലം അവധിക്കു വെച്ച സ്വപ്നങ്ങള്‍ പോലെ അതും....
  അവള്‍ എന്റെ ഓട്ടോഗ്രാഫില്‍ എഴുതിയതെല്ലാം എന്നോ ഒരിക്കല്‍ ഞാന്‍ അഗ്നിക്കിരയാക്കി....

  ഇന്ന് എന്റെയും ഒരു മോഹമാണ്, വീണ്ടും ക്യാമ്പസിലെ ആ പഴയ കൌമാരക്കാരനായി അവള്‍ക്കെഴുതാതെ പോയതൊക്കെ വൈകിയാണെങ്കിലും എഴുതാന്‍...അതേ, എന്റെ മനസ്സില്‍ കിടക്കുന്ന ഒരു കഥയെ കുറിച്ച് തന്നെയാണ് പറഞ്ഞു വരുന്നത്.."എഴുതാന്‍ മറന്ന ഓട്ടോഗ്രാഫ്....."

  പിന്നെ, പോസ്റ്റ് ഇഷ്ടപെട്ട കാര്യം ഇനി എടുത്തു പറയേണ്ടതില്ലല്ലോ അല്ലേ :-)

  ReplyDelete
 19. കലാലയസ്മരണകളുടെ തിരുശേഷിപ്പാണ് ഈ ഓട്ടോഗ്രാഫ്‌ ..അതിന്‍റെ വിശേഷങ്ങള്‍ പങ്കുവച്ച ഈ കുറിപ്പ് വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 20. ഇല പൊഴിയും കാലം മാര്ച് മാസം

  ഒരിക്കല്‍ കൂടി ആ പത്താം ക്ലാസ്സ്ക്കരനവാന്‍ കൊതിക്കുന്നു ....

  എന്റെ ഓട്ടോ ഗ്രഫ് ഇപ്പോഴും ഞാന്‍ ഇടയ്ക്കു ഒക്കെ മറിച്ചു നോക്കാറുണ്ട് ...

  എന്നെ താല്പര്യ പൂര്‍വ്വം നോക്കിയ പെണ്‍കുട്ടികളോട് ഒന്നും മിണ്ടാന്‍ സാധിക്കാതെ പോയത് ഒക്കെ ഓര്‍ക്കുമ്പോള്‍ ...

  പിന്നെ ഇപ്പൊ ഒരു അവസരം കൂടി കിട്ടിയാല്‍ ഒരു കൈ നോക്കാം എന്നും തോനാറുണ്ട് .അതി മോഹമാണ് ...  കഥ യെ കുറിച്ച് പറയുവാന് എങ്കില്‍ ഒരുപാട് വായിച്ചും സിനിമയില്‍ ഒക്കെ കണ്ടു പോയാ അതെ ഇതിവൃത്തം

  ReplyDelete
 21. ഓര്‍മ്മകളെ ഒന്ന് പുറകിലോട്ട് ഓടിച്ചു മുല്ല ഈ പോസ്റ്റിലൂടെ ..
  ഫേസ് ബുക്കും , ട്വിട്ടെരും , എസ് എം എസും, മെയിലും ഒക്കെ വഴിയുള്ള ഇന്നത്തെ സമ്പര്‍ക്കങ്ങള്‍ക്കിടയില്‍ ഈ മറന്നു പോയ ഉപാധിയെ ഓര്‍ത്തെടുക്കാനും അതിന്റെ നിറമുള്ള താളുകളിലേക്ക് ഓര്‍മ്മകളെ നയിക്കാനും എഴുത്തുകാരിക്കായി എന്നത് ഈ എഴുത്തിന്റെ വിജയമായി കാണുന്നു .... ആശംസകള്‍

  ReplyDelete
 22. എന്റെ ഓട്ടോഗ്രാഫ്‌,ഞാന്‍ അന്വോഷിച്ചു നടക്കാന്‍ തുടങ്ങിയിട്ട് കുറെ കാലം ആയി.
  ഗള്‍ഫിള്‍ക്ക് പോന്നതിന് ശേഷം, വീട് പെയിന്റ് ചെയ്തപ്പോള്‍. എന്റെ മുറി വൃത്തിആക്കിയിരുന്നെന്നും , അന്ന് ആവശ്യമില്ലാത്ത കുറെ കടലാസുകള്‍ കത്തുന്ന അടുപ്പില്‍ ചാരമായതും ഉമ്മ മുന്‍പ് പറഞ്ഞത് പിന്നീടാണ് ഞാന്‍ ഓര്‍ത്തത്.
  ആ ഓട്ടോഗ്രാഫില്‍ ഞാന്‍ എന്നും വായിക്കാന്‍ കൊതിച്ചിരുന്നു ഒരു വരി ഉണ്ടായിരുന്നു.....
  പക്ഷെ.. തീ കൊണ്ട് പോയതാണേല്‍ , തിരിച്ചു കിട്ടോലല്ലോ ..
  അനുഭവമായാലും, കഥയായാലും മുല്ലയുടെ കഥ നന്നായിട്ടുണ്ട് , ആശംസകള്‍

  ReplyDelete
 23. എനിക്ക് സ്വന്തമായി ഔട്ടോ ഗ്രാഫ് ഇല്ല ഞാന്‍ ആരുടെയും ഔട്ടോ ഗ്രാഫില്‍ എയുതിയിട്ടും ഇല്ല ആകെ കണ്ടത് ഭാര്യയുടെ ഔട്ടോ ഗ്രഫാ അതില്‍ കുറെ സ്നേഹം തുളുമ്പുന്ന വരികള്‍ ഉണ്ട് എന്നല്ലാതെ എനിക്കൊന്നും തോന്നീട്ടില്ല അല്ലെങ്കില്‍ തന്നെ പഠിച്ച കാലത്തെ ആളുകളെ ഒക്കെ ആരോര്‍ക്കുന്നു ലൈവില്‍ ഉള്ള സൌഹൃദവുമായി മുന്നോട്ടു പോവുക ആണ് ഓരോരുത്തരും ചെയ്യുന്നത് മുല്ലയെ ഒരാളെങ്കിലും ഓര്‍ത്തല്ലോ വായിച്ചു ആശംസകള്‍

  ReplyDelete
 24. എന്റെ ഓട്ടോ ഗ്രാഫ് നഷ്ട്ടപ്പെട്ടു പോയി.
  പണ്ട് വായ്‌ നോക്കികള്‍ എന്ന് പറഞ്ഞു അധിക്ഷേപിച്ചവരുടെയൊക്കെ വരികള്‍ വായിക്കാന്‍ കൊതി തോന്നിപ്പോയിട്ടുണ്ട്.

  ReplyDelete
 25. പ്രണയവും ,സ്നേഹവും,ഗൃഹാതുരത്വവുമൊക്കെ നിറഞ്ഞു നിന്ന ഓട്ടോഗ്രാഫുകളിലെ ഭാഷയില്‍ നിന്ന് ഒരുപാട് മാറിയിരിക്കുന്നു സ്ക്രാപ്പു ബുക്കുകളിലെ വാങ്മയം...- കാലത്തിനനുസരിച്ച മാറ്റം ഹൃദയബന്ധങ്ങലിലും സംഭവിക്കാതിരിക്കില്ലല്ലോ......
  ഗൃഹാതുരമായ ഓര്‍മകളിലേക്ക് കൊണ്ടു പോയതിന് നന്ദി....

  ReplyDelete
 26. വായിച്ചിട്ട് കുറെയധികം നേരമായി... കുറെ ഓർമ്മകളിലൂടെ സഞ്ചരിച്ചു. ഓട്ടോഗ്രാഫുകളിലെ വർണ്ണത്താളുകളിലായി നഷ്ടപ്പെട്ട കുറേ മുഖങ്ങളെയും നിമിഷങ്ങളെയും ഓർത്തു...

  ReplyDelete
 27. ഓര്‍മ്മ മാത്രം...
  നല്ല ചിന്തകള്‍ ,അവതരണവും .
  ആശംസകള്‍

  ReplyDelete
 28. കാലത്തെ തിരിച്ചു പിടിക്കാന്‍ ആര്‍ക്കും ആവില്ലലോ, എന്നാല്‍ എല്ലാവരും അതാഗ്രഹിക്കുന്നു.

  കഴിഞ്ഞു പോയ സുവര്‍ണ്ണ കാലത്തേക്ക് ഒരു തിരിച്ചു പോക്ക്, കുട്ടികാലത്തെ ഓരോരോ കുസൃതികള്‍, സ്കൂള്‍ ജീവിതത്തിലെ മറക്കാനാവാത്ത അനുഭവങ്ങള്‍ ഒന്നും തിരിച്ചു പിടിക്കാനാവില്ല. ചിതലരിച്ചു പോയതോ എവിടെയോ മറന്നു വെച്ച ഓട്ടോഗ്രാഫുകള്‍ തപ്പി പഴയവരെ ഓര്‍മ്മിചെടുക്കാനുള്ള ശ്രമം മാത്രം നടത്താം.

  അമീറിനെയും ജെസിയെയും പോലെ ഒത്തിരി കഥാ പാത്രങ്ങള്‍ നമളില്‍ പലര്‍ക്കും പരിചിതമാകും.

  ഇന്നത്തെ തലമുറ ഓട്ടോഗ്രാഫും ഡിജിറ്റല്‍ രൂപത്തില്‍ ആക്കിയില്ലേ.

  പഴയ സ്മരണകളിലൂടെയുള്ള ഈ യാത്രക്ക് ആശംസകള്‍.

  ReplyDelete
 29. ഇത് വായിച്ചപ്പോള്‍ ഒരു നിമിഷം എങ്കിലും എന്റെ സ്കൂള്‍ ജീവിതത്തിലേക്ക് തിരിച്ചു പോയി...കുറച്ചു നേരം എന്റെ ഓട്ടോഗ്രാഫിലെ എനിക്കിഷ്ടപ്പെട്ട വരികള്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിക്കുകയായിരുന്നു...ആ ഒര്മാപെടുത്തലിനും ഈ മനോഹരമായ കഥയ്ക്കും നന്ദി മുല്ലേ.

  ReplyDelete
 30. ഓട്ടോഗ്രാഫുകള്‍ .............
  ഓര്‍മ്മകള്‍ക്ക് മീതെ നാട്ടുന്ന മീസാന്‍ കല്ലുകള്‍ ആണ്.
  എപ്പോഴെന്കിലും കാണാന്‍ ഇട വന്നാല്‍ ഒരു നേര്‍ത്ത നീറ്റല്‍ ...

  ReplyDelete
 31. ശരിയാണ്... ഇന്ന് ആ പഴയ കാലമോര്‍ക്കുമ്പോള്‍ എന്തെന്നറിയാത്ത ഒരു വിഷമം...


  കഥ നന്നായിട്ടുണ്ട്

  ReplyDelete
 32. പഴയ സ്കൂള്‍ ജീവിതവും ആ ക്ലാസ്സ് മുറിയും ടീച്ചേര്‍സിനെയും പിരിഞ്ഞു പോകുന്ന
  രംഗവും, ആ വിവിധ വര്‍ണങ്ങളിലുള്ള ഓരോ പജും അതിലെ ഓരോ വരികളും വീണ്ടും ഓര്‍മിപ്പിച്ച നല്ലൊരു പോസ്റ്റ് മുല്ല വളരെ നന്നായി ഇവിടെ ഓര്‍മകള്‍ നിരത്തി വെച്ചു ആ ഓര്‍മകള്‍ ഒരു നഷ്ട സ്വപ്നം പോലെ.

  പക്ഷേ അതൊക്കെ ഇപ്പോള്‍ ഉണ്ടോ, ....
  ഒന്നും നടക്കില്ലാന്നറിയാം, കാലത്തെ തിരിച്ച് വെക്കാന്‍ ആര്‍ക്ക് കഴിയും.
  ജീവിതം ഇനി പഴയപോലെയാകില്ല എന്ന് എനിക്ക് നന്നായറിയാം.
  അതിങ്ങനെ ഒഴുകിക്കൊണ്ടേയിരിക്കും..എവിടെയൊക്കെയോ തട്ടി ,മുറിഞ്ഞ്,
  തെല്ലിട പിന്‍ വാങ്ങി പിന്നേയും മുന്നോട്ട് തന്നെ ....
  എങ്കിലും വെറുതെ മോഹിക്കാലോ...
  ആശംസകള്‍ മുല്ലേ ഈ നല്ലൊരു പോസ്റ്റിന്

  ReplyDelete
 33. ഇവിടെ വന്ന് അഭിപ്രായം എഴുതിയ എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
  കഴിഞ്ഞ ദിവസം അനിയന്റെ മോള്‍ക്ക് വേണ്ടി ഓട്ടോഗ്രാഫ് വാങ്ങാന്‍ പോയി. അവള്‍ ആറില്‍ നിന്നും ഏഴിലേക്ക് വേറെ സ്കൂളിലേക്ക് മാറുന്നു. ഒറ്റ കടയിലും പഴയ രീതിയിലുള്ള ഓട്ടോഗ്രാഫുകള്‍ ഇല്ല.പകരം ഡയറി പോലുള്ള പുസ്തകങ്ങള്‍,പേര് സ്ക്രാപ് ബുക്ക്. ശരിക്കും കണ്ടപ്പോള്‍ സങ്കടം വന്നു. പഴയ ആ ഓട്ടോഗ്രാഫുകള്‍ കാണാന്‍ തന്നെ എന്ത് ഭംഗിയായിരുന്നു. അതിലെഴുതാനും ഒരു സുഖമുണ്ടായിരുന്നു ,ഇഷ്ടവും...സ്ലേറ്റും മഷിത്തണ്ടും ഒക്കെ നഷ്ടമായ കൂട്ടത്തില്‍ ഇതും കൂടി..

  ReplyDelete
 34. പക്ഷെ ,എന്തൊക്കെയോ എവിടെക്കെയോ മിസ്സ് ചെയ്യുന്ന പോലെ,
  എന്താണതെന്ന് അറിയില്ല,പേരറിയിയാത്ത ഒരു തരം വേദന മനസ്സില്‍... great post.....congrats

  ReplyDelete
 35. ഞാന്‍ ഗള്‍ഫില്‍ വന്ന് ലീവിന്‌ നാട്ടിലെത്തിയപ്പോള്‍ ഒരു ദിവസം ഞാനെന്‌റെ ഒാട്ടോഗ്രാഫ്‌ പരതി. പക്ഷെ എവിടേയും കണ്‌ടെത്താന്‍ കഴിഞ്ഞില്ല. എന്‌റെ ഒാര്‍മ്മകളും ബാല്യകാല കൂട്ടുകാരുടെ അക്ഷരങ്ങളും നഷ്ടമായത്‌ എന്നെ വേദനിപ്പിച്ചു. ഈ ഒാട്ടോഗ്രാഫ്‌ വിവരണം പഴയ കാലങ്ങളിലേക്ക്‌ കൂട്ടിക്കൊണ്‌ട്‌ പോയി. ആശംസകള്‍

  ReplyDelete
 36. നന്നായിട്ടുണ്ട്......മുല്ലേ......അഭിനന്ദനങ്ങൾ

  ReplyDelete
 37. എല്ലാവരെയും പോലെ ഞാനും കുറച്ചു നിമിഷം ആ പഴയ കാലത്തേക്ക് പോയി.
  തിരിച്ചെടുക്കാന്‍ ആശിക്കുന്ന കുറെ വരികള്‍,ഓര്‍മ്മകള്‍,മനസ്സുകള്‍..നഷ്ടബോധങ്ങള്‍...

  ReplyDelete
 38. ഓട്ടോഗ്രാഫ്പേജുകളിലെവിടെയോ സൂക്ഷിച്ചുവെച്ച ഓര്‍മ്മകളെ തേടി ഇതുവായിച്ച പലരേയും പോലെ ഞാനുമൊന്ന് പിറകിലോട്ട് നടന്നു.. നന്ദി മുല്ലാ..

  ReplyDelete
 39. എന്റെ ഓര്‍മ്മയില്‍ ഒരുപാട് ചിത്രങ്ങളുണ്ട്.. പക്ഷെ, അവിടെയെങ്ങും ഈ പറയുന്ന ഓട്ടോ ഗ്രാഫുകള്‍ ഇല്ല.!
  {മുല്ലയില്‍ നിന്ന് പ്രതീക്ഷിക്കുന്നത്... പുതുമണങ്ങളാണ്. }

  ReplyDelete
 40. മുല്ലയുടെ പോസ്റ്റ്‌ വായിച്ചപ്പോള്‍ കാലം എന്നെ ഒത്തിരി പുറകോട്ടു കൊണ്ട് പോയി.. കണ്ണുകള്‍ ഈറനായി.. പഴയ ഓട്ടോഗ്രാഫിന്റെ താളുകളില്‍ ഉറങ്ങുന്ന കൂട്ടുകാര്‍ ഇന്നെവിടെയോ... ആശംസകളോടെ..

  ReplyDelete
 41. പണ്ടത്തെ കളിത്തോഴന്‍ കാഴ്ച വെയ്ക്കുന്നു മുന്നില്‍..
  രണ്ടു വാക്കുകള്‍ മാത്രം ഓര്‍ക്കുക വല്ലപ്പോഴും..
  ഓര്‍ക്കുക വല്ലപ്പോഴും..

  ReplyDelete
 42. നല്ല കഥ..നന്നായി..
  ഇതു വായിക്കുമ്പോള്‍ ഞാനും ആ കാലം വരെ പോയി വന്നു...
  മുല്ലക്ക് ആശംസകള്‍...

  www.ettavattam.blogspot.com

  ReplyDelete
 43. കഥകളേയും കഥാപാത്രങ്ങളേയും
  പ്രണയിച്ചിരുന്ന ആ പത്താം ക്ലാസ്സുകാരിയാകാന്‍ കഴിഞ്ഞിരുന്നെങ്കിലെന്ന്..
  രാത്രിയുടെ രണ്ടാം യാമത്തില്‍ പതിനാലാമത്തെ കാറ്റ് വീശുമ്പോള്‍ ഭൂമിയിലേക്കിറങ്ങി വരുന്ന ഗന്ധര്‍വനെ സ്വപ്നം കാണുന്ന കൌമാരക്കാരിയുടെ
  മനസ്സ് തിരികെ കിട്ടിയിരുന്നെങ്കിലെന്ന്...

  പോയ കാലമതെന്നെ മരിച്ചു...പക്ഷെ ഈ വരികളിലെ മനോഹാരിതയ്ക്ക് ജീവനുണ്ട്. മുല്ലയുടെ മനസ്സ് പോലെ

  പോസ്റ്റിലെ കഥ മനോഹരമായി മുല്ലേ. ഈ ആഴ്ചയിലെ ഇരിപ്പിടത്തില്‍ പരിചയപ്പെടുത്തിയ "കാലം കാത്തു വെച്ചത്" എന്ന കഥ ഇതിനോട് സാമ്യമുള്ളതാണ്.

  http://irippidamweekly.blogspot.com/2012/03/blog-post_10.html

  ReplyDelete
 44. ഓര്‍മ്മകളില്‍ എപ്പോഴോ മറന്നു കൊണ്ടിരിക്കുകയായിരുന്ന ആ പഴയ പച്ച മാങ്ങയും ഉപ്പും കൂട്ടി കഴിച്ച കാലം ഓര്‍മ്മ വന്നു ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ .. പല വര്‍ണ്ണങ്ങളില്‍ അന്ന് കൂട്ടുകാരുടെ ഓട്ടോ ഗ്രാഫുകളില്‍ മത്സരിച്ചു എഴുതുമ്പോള്‍ ഓര്‍ത്തിരുന്നില്ല . ഒരു കാലത്ത് ആ ഓടോഗ്രഫിനും ചില കഥകള്‍ പറയുവാന്‍ കാണുമെന്ന് .. തിരിച്ചു കിട്ടില്ലെന്നുരപ്പുള്ള ആ പഴയ കാല ക്ലാവ് പിടിച്ചു കൊണ്ടിരിക്കുന്ന ഓര്‍മ്മകളിലേക്ക് ഒരിക്കല്‍ കൂടെ കൊണ്ട് പോയതിനു എഴുത്തുകാരിക്ക് നന്ദി .. ആശംസകള്‍ ബൈ അപ്ന അപ്ന

  ReplyDelete
 45. മധുരിക്കുന്ന ഓർമ്മകളെ ഒന്നുകൂടി ഉണർത്തി. നന്നായിട്ടുണ്ട്നന്ദി.
  ആശംസകൾ...

  ReplyDelete
 46. This comment has been removed by the author.

  ReplyDelete
 47. ഈ പോസ്റ്റ്‌ അറിഞ്ഞില്ലല്ലോ. ഡാഷ്ബോര്‍ഡ്‌ നോക്കാത്തതിനാല്‍.
  അങ്ങിനെ മുല്ലയും നോസ്റ്റാള്ജിക്ക് ആയി.
  ശരിയാണ് ഇന്ന് വേണമെന്നുണ്ടെങ്കില്‍ ആര്‍ക്കും ആരെയും മിസ്സ്‌ ആവില്ല.
  ആഗോള ഗ്രാമം യാഥാര്‍ത്യമായിരിക്കുന്നു. കഴിഞ്ഞ കാലത്തെ നമ്മള്‍ കൂടുതല്‍ സ്നേഹിക്കുന്നത് ആ കാലം എപ്പോഴും ഇതിനേക്കാള്‍
  മെച്ചമായത്‌ കൊണ്ടാവണമെന്നില്ല. മറിച്ച്, നമ്മുകെ കളഞ്ഞു പോയ, പോകുന്ന കൌമാര, യൌവ്വന സ്വപ്ന സൌന്ദര്യങ്ങളില്‍
  ഇന്ന് കിട്ടാത്ത നിനവിന്റെ ഒരു നിറവു അങ്ങിനെ ലഭിക്കുന്നത് കൊണ്ടാണ്.
  മുല്ല എന്ത് എഴുതിയാലും മനോഹരമാണ്

  ReplyDelete
 48. കേടു പഴകിയ വിഷയം എന്ന ഒരു മടുപ്പോടെ ആണ് വന്നത്. പക്ഷെ, നന്നായിരിക്കുന്നു അഭിനന്ദനങ്ങള്‍.

  ReplyDelete
 49. കഥയുടെ രാജകുമാരിക്ക് ആശംസകള്‍ ...വായിച്ചാലും വായിച്ചാലും കൊതി തീരാത്ത വരികള്‍ .. വീണ്ടും വരാം ..

  ReplyDelete
 50. മുല്ല...
  ഓട്ടോഗ്രാഫുകള്‍ നമ്മുടെ ജീവിതത്തില്‍ ചെലുത്തിയിരുന്ന സ്വാധീനം...
  മുല്ലയുടെ പോസ്റ്റ് വായിച്ചപ്പോള്‍ എന്റെ പഴയ ഒരു കൂട്ടുകാരനെ ഓര്‍ത്തുപോയി.. വലിയ സാഹിത്യകാരനായ മൊയ്തുവാണിമേലിന്റെ സഹോദരനായ റഷീദ്. ഇപ്പോളവനെവിടെയാണെന്നറിയില്ല. മാധ്യമത്തില്‍ ജോലിചെയ്യുന്നുവെന്നൊക്കെ കേട്ടിരുന്നു. കണ്ടിട്ട് ഒരുപാട് നാളായി.. ഇതേപോലെ വാണിമേല്‍ ക്രസന്റ് ഹൈസ്കൂളിലെ സ്കൂള്‍ ലൈബ്രറിയിലെ ബഷീറിനെയും, പൊറ്റെക്കാടിനേയും, എം.ടി.യെയും, മുകുന്ദനെയും, വിജയനെയും ഒക്കെ ആരാധിച്ചു നടന്നിരുന്നകാലം.. എട്ടാം ക്ലാസ്സില്‍ പുതിയ സ്കൂളില്‍ ചേര്‍ന്ന് സ്കൂള്‍ അന്തരീക്ഷവുമായി പരിചയപ്പെട്ടുവരുന്ന സമയത്ത് ആദ്യം പരിചയപ്പെട്ടത് ലൈബ്രറിയായിരുന്നു. ആകസ്മികമായിരുന്നുവെങ്കിലും.. സ്കൂള്‍ തുറന്ന് മൂന്നാമത്തെ ദിവസം ബുധനാഴ്ച ഒരു മുറിയുടെ മുന്നില്‍ നീണ്ട ക്യൂ... എന്താണെന്നന്വേഷിച്ചപ്പോള്‍ ക്യൂവില്‍ നിന്നാല്‍ പുസ്തകം കിട്ടുമെന്നു പറഞ്ഞു. നിന്നു. ഊഴമെത്തിയപ്പോള്‍ ഏതുപുസ്തകമെടുക്കണമെന്നങ്കലാപ്പില്‍ നില്‍ക്കുമ്പോള്‍ തൊട്ടുമുന്നില്‍ നിന്നിരുന്ന റഷീദ് എം.ടി.യുടെ രണ്ടാമൂഴം എടുത്തു കയ്യില്‍ തന്നു.. നല്ല പുസ്തകമാണെന്നു പറഞ്ഞു.. പിന്നീടങ്ങോട്ട് വായനയുടെ കാര്യത്തില്‍ തിരിഞ്ഞുനോക്കേണ്ടിവന്നിട്ടില്ല. എല്ലാ ഓര്‍മ്മകളും മുല്ലയുടെ പോസ്റ്റ് വായിച്ചപ്പോള്‍ മനസ്സില്‍ തികട്ടിവന്നു.. ആശംസകള്‍... നല്ല എഴുത്തിന്...

  ReplyDelete
 51. ഇവിടെ വന്ന് ഓര്‍മ്മകള്‍ പങ്ക് വെച്ച എന്റെ എല്ലാ കൂട്ടുകാര്‍ക്കും സ്നേഹത്തോടെ...

  ReplyDelete
 52. നിന്നെക്കണ്ടതും നിന്നോടടുത്തതും
  നിന്നെത്തൊട്ടതും ഒക്കെയുമോമനെ
  ആണ്ടറുതി പരീക്ഷക്ക്‌ ഉറക്കൊഴിഞ്ഞു
  ആട്ടം തിയറി വായിക്കുംപോളത്രേ

  ReplyDelete
 53. വളരെ നന്നായിട്ടുണ്ട്.വായിച്ചു കഴിഞ്ഞപ്പോള്‍ ഒരുപാട് സമയം എന്റെ ഭൂതകാലത്തിലേക്ക് പോയി ഞാന്‍.എത്ര മനോഹരമായ വരികള്‍ !!!!
  ഒരുപാട് സംസാരിക്കുന്ന എനിക്ക് കൂട്ടുകാരെ പിരിയുന്നത് ആലോചിക്കാന്‍ വയ്യായിരുന്നു.സ്കൂള്‍ അടച്ചപ്പോള്‍ ഇടയ്ക്കിടയ്ക്ക് ഞാന്‍ ആ ഓട്ടോഗ്രാഫ് എടുത്തു വായിക്കുമായിരുന്നു.

  ReplyDelete
 54. എന്നെയും ഒരു നിമിഷം ന്റെ കോളേജ് ജീവിതം ഓര്‍മ്മപ്പെടുത്തി ...ന്‍റെ ഓട്ടോഗ്രാഫ് നഷ്ടപ്പെട്ടത് അടുത്ത സമയത്താണ് ...അതില്‍ എഴുതിയിട്ടുള്ള ഒരുപാട് പേര്‍ ഇപ്പൊ എവിടാണെന്നു പോലും അറിയില്ല ...കുറെ പേര്‍ ആ സ്നേഹബന്ധം നിലനിര്‍ത്തി വരണ്‌ു ..
  ന്റെ ഓട്ടോഗ്രാഫില്‍ ഒരു കൂട്ടുകാരന്‍ എഴുതിയത് ഞാന്‍ ഇപ്പോളും ഓര്‍ക്കുന്നു "For ur eyes only for ...." എന്നാണു പേര് എഴുതുന്നില്ല ...അമേരിക്കയില്‍ ഡോക്ടര്‍ ആയ ആ സുഹൃത്തിനെ ഇന്നേ വരെ പിന്നെ കണ്ടിട്ടില്ല ..
  ഈ ഓര്‍മ്മക്കുറിപ്പ്‌ കൊള്ളാം മുല്ലേ ...!!

  ReplyDelete
 55. ഓര്‍മ്മകള്‍ മരിക്കുന്നില്ല ...
  ഇത് പോലുള്ള .. കുഞ്ഞു വരികളില്‍ പറയുന്ന വലിയ കഥകള്‍ ... ഓര്‍മ്മകളെ മരിക്കാന്‍ അനുവദിക്കുന്നില്ല ..... എഴുതി കൊടുത്ത വരികളിലൂടെ ആരൊക്കെ നമ്മളെ ഓര്‍മ്മിക്കുന്നുണ്ടാവും എന്നാ ഒരു ചോദ്യവും കൌതുകവും മാത്രം ബാക്കി ...
  നന്നായി എഴുതി മുല്ലയ്ക്ക് ... ആശംസകള്‍ .. :))

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..