Monday, April 11, 2011

വരവായ് ഒരു അവധിക്കാലം കൂടി...

അവധിക്കാലം ഇങ്ങെത്തി. പക്ഷെ ഇവിടെ നഗരത്തില്‍ ആര്‍ക്കും വലിയ ഉത്സാഹമൊന്നും കാണാനില്ല. എല്ലാവരും മക്കളെ വിവിധ കോഴ്സുകളില്‍ ചേര്‍ക്കാനുള്ള തത്രപ്പാടിലാണു. അടുത്ത ക്ലാസ്സുകളിലേക്കുള്ള ട്യൂഷന്‍ ഇപ്പഴേ തുടങ്ങും. അതിനും പുറമെ നീന്തല്‍, ഫുട്ട്ബോള്‍, ബാന്റ്മിന്റണ്‍, മാജിക് എന്നു വേണ്ട വ്യക്തിത്വ വികസന കോഴ്സുകളില്‍ വരെ ബുക്കിങ്ങ് ഏറെ കുറെ കഴിഞ്ഞു. എട്ട് വയസ്സുകാരനെയും പത്ത് വയസ്സുകാരനേയുമൊക്കെയാണു ഇങ്ങനെ ഉന്തിത്തള്ളി വിടുന്നത്. വീട്ടിലെ അഛന്റേയും അമ്മയുടെയും വികസനപാഠങ്ങള്‍ക്ക് പുറമേയാണിത്.

കുട്ടികളും തയ്യാറായിക്കഴിഞ്ഞു. പുതിയ ഗ്രാഫിക് കാര്‍ഡ് സിസ്റ്റത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്ത് കഴിയുന്നത്രയും ഗെയിമുകള്‍
ഡൌണ്‍ ലോഡ് ചെയ്തു അവരും കാത്തിരിക്കുകയാണു അവധിക്കാലം. ഇരുപത്തിനാലു മണിക്കൂറും ഇതിനു മുന്നിലിങ്ങനെ ചടഞ്ഞിരിക്കാതെ പുറത്തേക്കിറങ്ങാന്‍ പറഞ്ഞാല്‍ അവര്‍ ചിരിക്കും. പുറത്ത് എന്തിരിക്കുന്നു കാണാന്‍, പുറത്ത് എല്ലാം സ്റ്റാറ്റികായ് നില്‍ക്കുകയല്ലെ, ഒന്നും മാറിയിട്ടില്ലല്ലോ, കണ്ടത് തന്നെ വീണ്ടും വീണ്ടും കണ്ട് എന്ത് കിട്ടാനാ...?

പണ്ടും നമ്മളും കാത്തിരുന്നിരുന്നു ഒരു അവധിക്കാലത്തെ...പക്ഷെ അതിങ്ങനെ ആയിരുന്നില്ല തന്നെ. പരീക്ഷകള്‍
കഴിയുന്നതിനു മുന്നെ ഒരുക്കം തുടങ്ങും. ഈ അവധിക്ക് അഛന്‍ വീട്ടിലോ അമ്മ വീട്ടിലോ...? അമ്മ വീടായിരുന്നു
എല്ലാര്‍ക്കും പഥ്യം. പുസ്തകങ്ങളൊക്കെ പകുതി വിലക്ക് ആരെങ്കിലും പറഞ്ഞു വെച്ചിട്ടുണ്ടാകും. അതൊക്കെ അവര്‍ക്ക്
കൊടുത്ത് ആലഭാരങ്ങളില്ലാതെയാണു അവധിക്കാലത്തേക്ക് കൂപ്പു കുത്തുക.

തൊടിയിലെ മാവും പ്ലാവും കശുമാവുമൊക്കെ നിറയെ കായ്കളുമായ് നമ്മെ വരവേല്‍ക്കും.


മാവിന്റെ ഏറ്റവും തുഞ്ചത്തെ മാങ്ങക്കായിരുന്നു മധുരം കൂടുതല്‍. അതെറിഞ്ഞു വീഴ്ത്തുന്നവനായിരുന്നു കൂട്ടത്തിന്റെ ലീഡര്‍. കശുമാവിന്റെ താഴ്ന്ന കൊമ്പില്‍ കാലുകൊരുത്ത് തലകീഴായ് കിടക്കുമായിരുന്നു എത്ര നേരം വേണമെങ്കിലും...ആ കിടപ്പിലാണു അങ്ങേ പറമ്പിലെ ഞാവല്‍ മരത്തില്‍ തത്ത കൂടു
കൂട്ടിയതും , അയല്‍ വീട്ടിലെ പൂച്ചയെ അവറാന്‍ ക്ക പുഴക്കപ്പുറം നാടുകടത്തിയതും , അവറാങ്ക തിരിച്ചെത്തുന്നതിനു മുന്നെ പൂച്ച വീട്ടിലെത്തിയ കഥയുമൊക്കെ ചുരുള്‍ വിടരുക.

അവധിക്കാലത്തെ മറ്റൊരു വിനോദമായിരുന്നു കുട്ടിപ്പുരകള്‍. ശീമക്കൊന്നയുടെ കമ്പുനാട്ടി കൊന്നയുടെ തന്നെ ഇലകള്‍ മേഞ്ഞ കുട്ടിപ്പുരകള്‍ !! കൊന്നയുടെ മണമാകും അവക്ക്. എത്ര നേരം വേണെലും അതിനുള്ളില്‍ ഇരിക്കാം. അഛനും അമ്മയുമായ് കളിക്കാം.
ഇന്നു കൂട്ടിപ്പുര കെട്ടാന്‍ എളുപ്പമാണു. മടക്കിവെച്ച പുരകള്‍ നിവര്‍ത്തി കാലുകള്‍ മണ്ണില്‍ ഉറപ്പിച്ചാല്‍ പുര റെഡി!!!

സൈക്കിള്‍ വാടക്ക് കിട്ടുമായിരൂന്നു അന്നൊക്കെ.ഒരു രൂപ കൊടുത്താല്‍ എത്ര മണിക്കൂര്‍ വെണെലും ചവിട്ടാം.


വീണും എണീറ്റും ഒരു വാശിയോടെ, ആണ്‍കുട്ടികളുടെ പിന്നിലാവരുത് എന്ന ലക്ഷ്യത്തോടെ സൈക്കിള്‍ ചവിട്ടിയ നാളുകള്‍.



ഫൂട്ട്ബാല്‍ ടീമിലെ ഏകപെണ്‍കുട്ടിയെ ആരും കുതികാല്‍ വെച്ച് വിഴ്ത്തില്ലായിരുന്നു. നീയെന്നെ നോക്കി കണ്ണിറുക്കിയത് ചേട്ടനോട് പറയട്ടെ എന്നു മന്ത്രിക്കുമ്പോള്‍ ഒരു മാത്ര അന്‍പരക്കുന്ന ഗോളിയെ വെട്ടിച്ച് വലയിലേക്കൊരു ഗോള്‍.!!!


എത്ര വേഗമാണു എല്ലാം അവസാനിച്ചു പോയത്. ഇതുപൊലൊരു അവധിക്കാലത്ത് ഞാവല്‍ മരത്തിലെ പൊത്തില്‍
കൂടുകൂട്ടിയ തത്തയെ കാണാന്‍ പോയി മരത്തില്‍ കയറാനാകാതെ നിലത്തിരുന്ന എന്നെ സൈദ് കളിയാക്കി.
പൊത്തില്‍ കയ്യിട്ട് അഹ്ലാദത്തോടെ അവന്‍ ആര്‍ത്ത് വിളിച്ചു..ദേ രണ്ടെണ്ണമുണ്ട്, മുട്ട വിരിഞ്ഞാല്‍ നമുക്ക് വീട്ടിക്കൊണ്ടോവാം.
ആലസ്യത്തോടെ എണീറ്റ് നിന്ന എന്റെ ഉടുപ്പില്‍ നോക്കി അവന്‍ കളിയാക്കി.
“ദേ പെണ്ണിന്റെ ഉടുപ്പിലാകെ ഞാവലും പഴത്തിന്റെ കറ... ഇന്നു അമ്മായീനോട് നിനക്ക് നല്ലോണം കിട്ടും..”
പിറ്റേന്ന് ,പതിവ് പോലെ ഉച്ചക്ക് എന്നെ വന്ന് വിളിച്ച അവനെ ഉമ്മ വിലക്കി. “വേണ്ട ഇനിയവള്‍ കളിക്കാന്‍ വരില്ല,
നീ പൊയ്ക്കൊ..”.
പിന്നീടൊരിക്കലും ഞാന്‍ ഫൂട്ട്ബാള്‍ കളിച്ചിട്ടില്ല.. ഒരു മാങ്ങക്കും കല്ലെറിഞ്ഞില്ല. ഒരു ഞാവല്‍ മരത്തില്‍ വലിഞ്ഞു കയറി മുട്ട വിരിഞ്ഞോന്നു നോക്കിയിട്ടില്ല..പുസ്തകങ്ങളായിരുന്നു എന്റെ കൂട്ടുകാര്‍.ഒറ്റക്കിരുന്നു തന്നോട് തന്നെ വര്‍ത്തമാനം പറയുന്ന എന്നെ വലിയുമ്മ ചീത്ത പറയും. “ പെണ്‍കുട്ട്യോളു ഇങ്ങനെ ഒറ്റക്കിരുന്നൂടാ..മൊഞ്ചുള്ള കുട്ട്യേളെ കണ്ടാല്‍ ജിന്നിനു പിരിശം വരും.
അയിറ്റങ്ങളു മേത്ത് കൂടിയാ പിന്നെ ഒഴിഞ്ഞ് പോകൂല...”
വൈകീട്ട് പള്ളീല്‍ നിന്നും വരുമ്പോ വാപ്പു മുസ്ല്യാരെ ഒപ്പം കൂട്ടാന്‍ ഉപ്പാനെ ഏല്‍പ്പിക്കും. വാപ്പു മുസ്ലിയാര്‍ മന്ത്രിച്ചൂതിയാല്‍ ഏത് കൊലകൊമ്പന്‍ ജിന്നും പറപറക്കുമത്രെ. ഉപ്പ ചിരിക്കും..” ആയ്ക്കോട്ടെ..’
വലിയുമ്മാനോട് ഒരു കാര്യവും പറ്റില്ലാന്നു പറയാന്‍ കഴിയില്ല. വലിയ വായില്‍ നിലവിളിക്കും,നിന്റെ ഉപ്പയുണ്ടാരുന്നേല്‍ എന്നു പതം പറയും. അത് കാരണം ആരും വലിയുമ്മാനെ എതിര്‍ക്കില്ല. ഒരു രാജ്ഞിയെ പോലെ അവരങ്ങനെ വീടിന്റെ അകത്തളങ്ങളിലൂടെ നടക്കും. രാത്രിയായാല്‍ അവര്‍ക്ക് കണ്ണു മങ്ങും ,ഒന്നും തെളിഞ്ഞു കാണില്ല. അന്നേരം ഉപ്പ തന്നെ വാപ്പുമുസ്ലിയാരാകും. വലിയ ചട്ടിയില്‍ കനലിട്ട് കുന്തിരിക്കം പുകച്ച് അതിനു മുന്നില്‍ വലിയുമ്മാനെ ചാരി ഞാനിരിക്കും. ഖുറാനിലെ ആയത്തുകള്‍ ഉറക്കെ ഓതുന്നതിനിടയില്‍ കൈയില്‍ കരുതിയ സള്‍ഫര്‍( ഗന്ധകം) കുറച്ച് ചട്ടിയിലെക്കിടും. തീ ഒന്നൂടെ പാളിക്കത്തും. അതാണെനിക്കുള്ള
അടയാളം. ജിന്നു പോകാനുള്ള..., പിന്നെ ഉമ്മ പാവാട കെട്ടാന്‍ വാങ്ങിവെക്കുന്ന ചരട് ഒരു കഷ്നം എന്റെ കൈയില്‍ കെട്ടും. അതൊടെ ജിന്നു സ്വാഹ!! വലിയുമ്മാക്കും സന്തോഷം, എല്ലാവര്‍ക്കും.. പാവം എത്ര തവണ അതിനെയങ്ങനെ പറ്റിച്ചിരിക്കുന്നു.

പക്ഷേ..ഞാന്‍ പോലും അറിയാതെ ഒരു ജിന്ന് ; ഒരു ഗന്ധര്‍വന്‍ എന്റെ ഉള്ളില്‍ കയറിയിരുന്നു. രൂപവും ഭാവവുമില്ലാത്ത ഒരു ഗന്ധര്‍വന്‍!!
ഞാന്‍ വളരുന്നതിനനുസരിച്ച്, എന്റെ സ്വപ്നങ്ങള്‍ വലുതാവുന്നതിനനുസരിച്ച് ആ ഗന്ധര്‍വനും വളര്‍ന്നു...,എന്നോട് പ്രണയം വെളിപ്പെടുത്തിയ ആര്‍ക്കും അവന്റെ രൂപമുണ്ടായിരുന്നില്ല. അതു കൊണ്ട് തന്നെ എല്ലാവരേയും എല്ലായ്പ്പോഴും ഞാന്‍ നിരസിച്ചു കൊണ്ടേയിരുന്നു.....

പോകണമെനിക്ക് .. ഒരു മടക്ക യാത്ര.... ഓര്‍മ്മകളിലൂടെ, അന്നത്തെ ആ വഴികളിലൂടെ......
.എന്റെ മക്കളുടെ കൈ പിടിച്ച്, അവര്‍ക്ക് ഓരോന്നും കാട്ടികൊടുക്കണം.ബന്ധുക്കളെ ഒരോരുത്തരേയും സന്ദര്‍ശിക്കണം. അവര്‍ എനിക്കാരാണെന്നും അവര്‍ക്കാരാണെന്നതും പറഞ്ഞ് കൊടുക്കണം. ബന്ധങ്ങളെ..ഓര്‍മ്മകളെ മടക്കിക്കൊണ്ട് വരാന്‍ ഒരു യാത്ര....

***നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്.

62 comments:

  1. ഓര്‍മ്മകള്‍ നന്നായിരിക്കുന്നു... ഫുട്ട്ബോള്‍ കളിക്കിടെ ഗോളിയെ ഭീഷണിപ്പെടുത്തി ഗോളടിക്കുന്ന വിദ്യ ആദ്യായിട്ടാണ് കേള്‍ക്കുന്നത്. മുന്നേ കേട്ടിട്ടും കാര്യമില്ല. പെണ്‍കുട്ടികള്‍ക്കേ അത് ഉപകാരത്തില്‍ പെടൂ.. ആശംസകള്‍

    ReplyDelete
  2. ഇനി ഞാനായിട്ട് ഒന്നും പറയുന്നില്ല .
    എന്നാലും ആ ജിന്ന് ഒരു ഒരു ..എന്താ പറയ്യാ..അതന്നെ !
    കുട്ടി കളി നന്നായിട്ടോ മുല്ലേ ..
    ആശംസകള്‍ ............

    ReplyDelete
  3. പോകണമെനിക്ക് .. ഒരു മടക്ക യാത്ര.... ഓര്‍മ്മകളിലൂടെ, അന്നത്തെ ആ വഴികളിലൂടെ......
    എല്ലാവരും ഇതൊക്കെ ആഗ്രഹിക്കുന്നുണ്ടാവും......പോകാന്‍ കഴിയാത്ത വിഷമം ഇങ്ങനേ വായിച്ചു തീര്‍ക്കാം... നന്നായി മുല്ലേ ഈ ഓര്‍മ്മപ്പെടുത്തല്‍.......ഒപ്പം ആ നാലാമത്തെ ഫോട്ടോയും...........

    ReplyDelete
  4. പോസ്റ്റില്‍ ഇങ്ങിനെ മനസ്സ് തളച്ചിടണം.
    വായിച്ചു തുടങ്ങി അവസാനിക്കുന്നത് വരെ എവിടെയൊക്കെ പോയി, എന്തൊക്കെ കണ്ടു.
    ബാല്യത്തിന്റെ കാഴ്ചകളിലൂടെയുള്ള ഈ യാത്രയില്‍ കുറെ ഓര്‍മ്മകള്‍ കൊണ്ടെന്റെമനസ്സും നിറഞ്ഞു.
    ഒപ്പം ഇപ്പോഴത്തെ കുട്ടികള്‍ക്ക് മനപൂര്‍വ്വമോ അല്ലാതെയോ നിഷേധിക്കപ്പെട്ട കുറെ കാര്യങ്ങള്‍.
    എന്‍റെ കുട്ടികളെ ഓര്‍ത്ത് എനിക്ക് വിഷമം തോന്നാറുണ്ട്. മണ്ണപ്പം ചുട്ടു കളിച്ച് , മാവിലെറിഞ്ഞു, മുറ്റത്തെ ചെടികള്‍ക്ക് വെള്ളമൊഴിച്ച് നടക്കാന്‍ കഴിയാതെ കഴിഞ്ഞു പോകുന്ന അവരുടെ ജീവിതത്തെ കുറിച്ച്.
    മനസ്സില്‍ പതിഞ്ഞൊരു എഴുത്ത്. ആശംസകള്‍

    ReplyDelete
  5. ഞാനും എത്തി എന്റെ കുട്ടിക്കാലത്തിലേയ്ക്ക്…നല്ല രസമുള്ള വായന…ഗർഭിണിയായി നിൽക്കുന്ന ആ പ്ലവിനെ കണ്ടപ്പോൾ മനസ്സു നിറഞ്ഞു…ഇപ്പോഴത്തെ കുട്ടികൾക്ക് അവധിക്കാലത്താണ് ക്ലാസ്സുകൾ…

    ReplyDelete
  6. അവധിക്കാലം..,നമുക്ക് ഓര്‍മകളുടെ പൂക്കാലമായിരുന്നു.
    ആ കാലത്തിലെക്കാണ്‌ മുല്ല കൂട്ടിക്കൊണ്ടുപോയത്‌.
    വളരെ നല്ല പോസ്റ്റ്‌.

    ReplyDelete
  7. ആണ്‍കുട്ടികളുടെ പിന്നിലാവരുത് എന്ന ലക്ഷ്യത്തോടെ സൈക്കിള്‍ ചവിട്ടിയ നാളുകള്‍.

    ഇത് വായിച്ചു പോകുമ്പോള്‍ ചെറുപ്പകാലത്ത്തിലെ ഓരോ ചെറിയ സംഭവങ്ങളിലേക്കും പായുകയായിരുന്നു. അവസാനം ഇനി അതൊന്നും തിരിച്ച് വരില്ലെന്ന അറിവില്‍ സുഖമുള്ള നൊമ്പരം.എന്നാലും അവസാനം സൂചിപ്പിച്ചത്‌ പോലെ എല്ലാം കാണിച്ച് കൊടുക്കണമെന്നും ഒരു തിരിച്ച് പോക്കിന്റെ സുഖം നുകരണമെന്നും കൊതിക്കാത്ത്തവര്‍ ആരുണ്ട്‌.

    ReplyDelete
  8. ആരും കൊതിച്ചു പോകുന്ന ആ ബാല്യകാലം ഇനിയൊരിക്കലും തിരിച്ചു കിട്ടാന്‍ പോകുന്നില്ലെന്ന് അറിയാമായിരുന്നിട്ടും ഒരു മത്ര് ആഗ്രഹിച്ചു പോകുന്നു.അഭിനന്ദനങ്ങള്‍

    ReplyDelete
  9. ഈ ഓര്‍മ്മകള്‍ ഏറെ ഇഷ്ടപ്പെട്ടു
    വലിയുമ്മയെ അതിലേറെ ഇഷ്ടപ്പെട്ടു

    ReplyDelete
  10. മുല്ലേ ഗ്രാമം മുഴുവന്‍ കളിക്കളമാക്കിയ ഒരു തലമുറയുടെ കൂടെ വളര്‍ന്നവനാണ് ഞാനും ..നമ്മുടെ കുട്ടികള്‍ എത്ര നിര്‍ഭാഗ്യം പിടിച്ചവരാണ് ..വീട്ടു മുറ്റങ്ങള്‍ പോലും ഇല്ലാത്തവര്‍ ...ടീവിയും കമ്പ്യുട്ടറും അവരുടെ രാപ്പകലുകള്‍ കവര്‍ന്നെടുക്കുന്നു ...നഷ്ടപ്പെട്ടു പോയെന്നു കരുതിയ ബാല്യ കാലത്തേക്ക് ഒരു മടക്കം ..അതായിരുന്നു മുല്ല യുടെ പോസ്റ്റ് തന്ന അനുഭൂതി :)

    ReplyDelete
  11. മുല്ലയുടെ പോസ്റ്റ്‌ വായിച്ചു തീരുന്നത് വരെയും അതുകഴിഞ്ഞും സ്വന്തം കുട്ടിക്കാലം തന്നെയായിരുന്നു മനസ്സില്‍.ഗ്രിഹാതുര സ്മരണകള്‍ തീക്ഷ്ണമായി ഉണര്തിയതിനു നമോവാകം.ആശംസകളും.

    ReplyDelete
  12. അവധിക്കാലം മുഴുവന്‍ അച്ഛന്‍ വീട്ടിലും അമ്മ
    വീട്ടിലുമായി തകര്‍ത്തു നടന്നിരുന്ന നാളുകള്‍...
    സൈക്കിള്‍ ചവിട്ടാനും മരത്തില്‍ വലിഞ്ഞു
    കേറാനും ഒക്കെ പുറകിലായിപ്പോവുമ്പോള്‍
    കളിയാക്കിയ ചേട്ടന്മാര്‍,ഇപ്പോള്‍ ഓര്‍ക്കാന്‍
    രസമുണ്ടെങ്കിലും അന്നത് അഭിമാന പ്രശ്നമായിരുന്നു.
    [നമ്മള്‍ പറയും ഇന്നത്തെ കുട്ടികള്‍ നിര്‍ഭാഗ്യവാന്മാര്‍
    ആണെന്ന്... പക്ഷെ, അവരോടു പറഞ്ഞു നോക്കൂ...
    കമ്പ്യുട്ടറും നെറ്റും ഒന്നുമില്ലാതെ എന്ത് ബോര്‍ ലൈഫ്
    ആയിരുന്നു നമ്മുടെതെന്ന് അവര്‍ തിരിച്ചു ചോദിക്കും!
    അവയൊക്കെ അത്രമേല്‍ കുട്ടികളെ സ്വാധീനിക്കുന്നുണ്ട് ]
    ഒരുപാടു ഓര്‍മ്മകള്‍ തന്ന ഈ പോസ്റ്റിനു നന്ദി മുല്ലേ

    ReplyDelete
  13. അവധിക്കാലം ആരു മറക്കാനാണു.മനസ്സു എവിടേയ്ക്കൊക്കെയോ പാറിപ്പോയിരിക്കുന്നു.എഴുത്തിന്റെയും ഓര്‍മ്മകളുടേയും ശക്തി.നന്നായിരിക്കുന്നു മുല്ലേ...

    ReplyDelete
  14. ഓര്‍മ്മകളുടെ നടവഴിയിലൂടെയുള്ള ഈ മടക്ക യാത്ര ഹൃദയഹാരിയായി.
    നമ്മുടെ കുട്ടികള്‍ക്ക് എന്തൊക്കെയാണ് നഷ്ടമാകുന്നതെന്ന് ചിന്തിക്കുമ്പോള്‍ അറിയാതെ നൊന്തു പോകുന്നു.

    ReplyDelete
  15. നല്ല പോസ്റ്റ്... നമ്മുടെ കുട്ടികള്‍ക്ക് അതൊന്നും നഷ്ടമാണെന്ന് എനിക്ക് തോന്നണില്ല...അവര്‍ക്ക്ക് അവരുടെതായ ബാല്യം ഉണ്ട്..പക്ഷെ നമ്മുക്ക് ഇതൊക്കെ നോസ്ടല്ജിയ ആണ്... എന്ത് സുഖം... പുറകോട്ടു ചിന്തിക്കാന്‍....

    ReplyDelete
  16. ഷബീര്‍ (തിരിച്ചിലാന്‍) പറഞ്ഞതിന്റെ ചുവട്ടില്‍ ഒരൊപ്പ്...
    ഈ പോസ്റ്റ് നേരത്തെ വായിച്ചിരുന്നോ എന്ന് ഒരു സംശയം ഉണ്ട്...പക്ഷെ ആര്‍ക്കൈവില്‍ തപ്പി നോക്കി കണ്ടില്ല...കുറെ പോസ്റ്റുകള്‍ കാണാനില്ലാത്ത പോലെ...കള്ളന്‍ കൊണ്ട് പോയോ?

    എന്തുമാകട്ടെ, ഇനിയും ഓര്‍ത്തു നോക്കൂ മുല്ലേ.....ഓര്‍മ്മകള്‍ ഇനിയും ഉണ്ടാകാം....
    നാടന്‍ പന്തുകളിയും കുട്ടിയും കോലും ഗോലി കളിയും ഒക്കെ മറന്നോ..?

    അവധിക്കിടയില്‍ റിസള്‍ട്ട്‌ പബ്ലീഷ് ചെയ്യുന്ന ദിവസം സ്കൂളില്‍ എത്തുന്നതും തോറ്റ കുട്ടികളുടെ കണ്ണീരിനു സാക്ഷി ആകുന്നതും മനസ്സില്‍ വീണ്ടും എത്തുന്നു...
    ചക്കയും മാങ്ങയും ഞാവലും മാത്രമല്ല, പഴുത്ത വാളം പുളിയും കുടം പുളിയും, കശുമാങ്ങയും ചാംബങ്ങയും ഒലോലിക്കയും ഇരുംബിപ്പുളിയും ആഞ്ഞിളിക്കാ വളയും അംബഴങ്ങയും തേടിയുള്ള യാത്രകള്‍...അങ്ങനെ അങ്ങനെ...

    ReplyDelete
  17. ഓർമ്മകളിലേക്കു് ഒരു മടക്കയാത്ര.

    കുട്ടികളുടെ കൈ പിടിച്ചു് വീണ്ടും അവിടേക്കു പോകുമ്പോൾ ഓടിക്കളിച്ചിരുന്ന തൊടിയും വയലും ഇടവഴികളും ചാടിക്കയറിയിരുന്ന മരങ്ങളുമൊക്കെ ഉണ്ടാവുമോ നമ്മുടെ കുട്ടികൾക്കു കാണിച്ചുകൊടുക്കാൻ?

    ReplyDelete
  18. ഓര്‍മ്മയുടെ തീരത്തേക്കുള്ള മടക്ക യാത്ര അതീവ ഹൃദ്യമായി തന്നെ അവതരിപ്പിച്ചു. ആനന്ദം വിങ്ങുന്ന ബാല്യ കൌമാരങ്ങളുടെ ആര്‍ത്തലക്കുന്ന ആവേശത്തെ കാലം പിടിച്ചു കെട്ടുമ്പോള്‍ നാമറിയില്ല ഘൌരവതരമായ ജീവിതത്തിന്‍റെ ബന്ധനത്തിലേക്ക് നാം വളരുകയാണ് എന്ന സത്യം.

    പിന്നീട് ഓര്‍മ്മകളുടെ തീരത്തേക്ക് വല്ലപ്പോഴും തിരിച്ചു നടക്കുമ്പോള്‍ നമുക്ക് ഏറെ അനുഭൂതി തരുന്നത് ജീവിത വഴിത്താരയില്‍ നാം ഉപേക്ഷിച്ചു പോന്ന ആ ശൈശവ മാധുര്യം തന്നെ ആണ്. അതുകൊണ്ട് തന്നെയാവാം എല്ലാ എഴുത്തുകാരുടെയും സൃഷ്ടികളില്‍ ഏറ്റവും സന്ത്യസന്ധമായി ആവിഷ്ക്കരിക്കുന്ന ഭാഗം ബാല്യകാലമാകുന്നത്.

    കുട്ടിക്കാലത്തെ ഏതു അതിക്രമങ്ങളും പൊറുക്കപ്പെടും. മുല്ല കണ്ണിറുക്കി ഗോളടിക്കുന്നത് പോലും മനസ്സില്‍ ചിരി പടര്‍ത്തുന്നത് ആ നിഷ്കളങ്ക ഭാവത്തെ വായനക്കാര്‍ അടുത്തറിയുന്നത് കൊണ്ടാണ്. വളരെ സൂക്ഷ്മതയോടെ കുട്ടിക്കാലത്തെ പുനരാവിഷ്ക്കരിക്കാന്‍ മുല്ലക്ക് കഴിഞ്ഞു. ഭാവുകങ്ങള്‍.

    ReplyDelete
  19. അവധിക്കാലം നന്നായിട്ടുണ്ട് മുല്ല.

    ReplyDelete
  20. വീണ്ടും മുന്നിലൂടെ ഒഴുകിപ്പോകുന്ന ഒരു വേനലവധിക്കാലം.
    ഇത് ഗ്രാമക്കാഴ്ച്ചയാണോ എന്നറിയില്ല,ഈ അഭിപ്രായം കുറിക്കുമ്പോള്‍ മുല്ലയുടെ പോസ്റ്റിലെ കഥാപാത്രങ്ങളെല്ലാം മുറ്റത്ത് കളിച്ചു തിമര്‍ക്കുന്നുണ്ട്.തൊടിയില്‍ ചാമ്പയും മാങ്ങയും കശുവണ്ടിയും പെറുക്കി നടക്കുണ്ട്.അത് കണ്ട് ഓര്‍മ്മകള്‍ പുറകിലേക്ക് പായുന്നുണ്ട്.

    ReplyDelete
  21. മരിക്കാത്ത ഓര്‍മ്മകളിലൂടെ കുട്ടിക്കാലത്തേക്ക് വീണ്ടുമൊരു മടക്കയാത്ര .... മുല്ലേ , പോസ്റ്റ്‌ അസ്സലായിട്ടുണ്ട് ....

    മണിക്കൂറിന് 2 രൂപ നിരക്കിലായിരുന്നു ഞാനൊക്കെ സൈക്കിള്‍ വാടകക്ക് എടുത്തിരുന്നത്

    ReplyDelete
  22. Mulla......

    nannayittundu

    A nostalgic feel

    Thanks!

    ReplyDelete
  23. നന്ദി ഷമീര്‍, ആദ്യത്തെ കമന്റിനു.ആ വിദ്യ ഞങ്ങള്‍ക്ക് മാത്രം ഉള്ളതാ..

    പുഷ്പാംഗദ്, ജിന്നെങ്ങാനും കയറിയോ...

    ഹാഷിക്ക്,നന്ദി നല്ല വാക്കുകള്‍ക്ക്.

    ചെറുവാടി, കുട്ടികള്‍ക്ക് പക്ഷെ ഇതൊന്നും ഒരു മൈന്‍ഡും ഇല്ല. ഏത് നേരവും സിസ്തത്തിന്റെ മുന്നിലാണു. ആകാശമിതാ താഴേക്ക് വരുന്നൂന്ന് പറഞ്ഞാലും പറയും അത് 3 ഡി മാക്സാണെന്ന്.എന്താ ചെയ്യാ..?

    തൂവലാന്‍,ഇത് ചക്ക സീസണാണു.നിറയെ കായ്കളുണ്ട്.ആര്‍ക്കും വേണ്ട പക്ഷെ..

    എക്സ്പ്രവാസിനി,നന്ദി

    റാംജിജീ,അതെ വാശിയായിരുന്നു അന്ന്.കൂട്ടത്തിലെ ഒറ്റപെണ്‍കുട്ടി എന്ന ഹുങ്കും.

    മുസ്തഫ,ഒരിക്കല്‍ നടക്കും എല്ലാം.

    അജിത്ത്ജി,നന്ദി നല്ല വാക്കുകള്‍ക്ക്

    രമേശ് ജീ, നമ്മളിങ്ങനെ പറയും എന്നല്ലാതെ കുട്ടികള്‍ക്കെന്ത്...അവരുടെ ലോകം വേറേ.

    ഷാനവാസ് ജി.നന്ദി
    ലിപി, ശരിയാണു പറഞ്ഞത്.

    ശ്രീക്കുട്ടന്‍
    മെയ് ഫ്ലവര്‍
    മഞ്ജു മനോജ്,നന്ദി
    മഹേഷ്, മുന്‍പ് ഞാന്‍ കുട്ടിപ്പുരയെ പറ്റി എഴുതിയപ്പൊ ആ പുരയുടെ ചിത്രം ഉപയോഗിച്ചിരുന്നു. അതാവാം സാമ്യത്തിനു കാരണം.

    എഴുത്തുകാരി,കുറെയൊക്കെ അങ്ങനെ തന്നെ ഉണ്ട്.

    അക്ബര്‍ ഭായ്,കൈയീന്ന് പാളിപ്പോകുമോ എന്ന പേടിയുണ്ടായിരുന്നു. എഴുതുന്നത് അശ്ലീലമാകരുതല്ലൊ. നല്ല വാക്കുകള്‍ക്ക് നന്ദി.

    മൊയ്ദീന്‍ അങ്ങാടിമുഖര്‍,നന്ദി

    ആറങ്ങോട്ട്കര മുഹമ്മദ് ,അതെ ഗ്രാമങ്ങളില്‍ കാണാം ഇപ്പഴും.

    നാഷു,ഒരു മണിക്കൂര്‍ എന്നൊക്കെ പറഞ്ഞാ എടുക്കുക.കൊണ്ടേ കൊടുക്കുക വൈകിട്ടാവും,വൈകുന്നതിനാണൊ കാരണങ്ങള്‍ക്ക് പഞ്ഞം.

    ReplyDelete
  24. എന്‍റെ ബുക്സ് ഒക്കെ ഞാന്‍ മുക്കാല്‍ വിലക്കു വിറ്റിരുന്നു .നന്നായി സൂക്ഷിച്ച്
    ഉപയോഗിക്കുന്ന കുട്ടികളുടെ ബുകിനു മുക്കാല്‍ വില. മറ്റുള്ളവ പാതി വില ..!!!

    നമുക്കാണ് ഇതെല്ലാം miss ചെയ്യുക . ലിപി
    പറഞ്ഞത് പോലെ boring എന്ന് ഇന്നത്തെ കുട്ടികള്‍ പറയുന്നു ..ps3 യും nintendo യും vveyum ഇല്ലാതെ എന്ത് രസം അവര്‍ക്ക്!!!
    ഞങ്ങള്‍ക്ക് പുഴ ഒന്നുമില്ല ..മലയോര കര്‍ഷക കുടുംബം .മരച്ചീനി ആയിരുന്നു ഇഷ്ട ഭക്ഷണം.പിന്നെ ഉരുട്ടി കളിക്കാന്‍ റബ്ബര്‍ മരങ്ങളുടെ കായും 'വള്ളിയും' (elastic ) ഒന്ന് വന്നു നോക്കു ഇവിടെ .ഒരു പഴയ പോസ്റ്റ്‌ ...
    http://vincentintelokam.blogspot.com/2010/07/blog-post.html
    മുല്ലേ വായനാ തീരുന്നത് വരെയും പിന്നെ കുറെ നേരവും ഞാന്‍ ഒരു കുഞ്ഞു ആയി മാറി..അഭിനന്ദനങ്ങള്‍..

    ReplyDelete
  25. ഒരിക്കലും തിരിച്ചു വരാത്ത കുട്ടിക്കാളം...പുതിയ തലമുറയ്ക്ക് പലതും നഷ്ടപ്പെടുന്നു...നന്നായി എഴുതീരിക്കണൂട്ടോ...തുടക്കം മുതലൊടുക്കം വരെ പിടിച്ചിരുത്തി...ഭാവുകങ്ങൾ

    ReplyDelete
  26. വെല്ലിമ്മയും ജിന്നും എനിക്കേറെ ഇഷ്ടപ്പെട്ടു.. മുല്ലപ്പൂ പോലൊരു ഓര്‍മ്മക്കുറിപ്പ്‌. (അക്ബര്‍ ചാലിയാര്‍ ആണ് ഇത് വായിക്കാന്‍ പറഞ്ഞത്. thank you Akbar..)

    ReplyDelete
  27. കൊതിപ്പിക്കുന്ന കുട്ടിക്കാലത്തേക്ക് കൂട്ടികൊണ്ടുപ്പോയി ഈ ഒർമ്മക്കുറിപ്പുകൾ കേട്ടൊ മുല്ല

    ReplyDelete
  28. വിഷു ആശംസകള്‍

    ReplyDelete
  29. ഇതു ശരിയാവില്ലാ...ഇനി ഈ വഴിക്കില്ല....ഞങ്ങൾക്കൊക്കെ ലീവ് കിട്ടുന്നത് ഒന്നും രണ്ടും വർഷം കൂടുമ്പോളാണ്‌...നിങ്ങളൊക്കെ കൂടി കഞ്ഞികുടി മുട്ടിക്കാൻ തീരുമാനിച്ചിറങ്ങിയിരിക്കാലേ....ഇതെന്താ ബ്ലോഗിൽ നൊസ്റ്റി.. സീസണാണോ....

    ReplyDelete
  30. ബാല്യം നല്‍കുന്ന സുഖമുള്ള ഓര്‍മ്മകള്‍ പാതിവഴിയില്‍ ഇട്ടേച്ചുപോന്നിട്ടും, പിന്നെയും പിന്നെയും പിന്നോട്ട് വലിക്കുന്ന ചിത്രങ്ങളും വരികളും വല്ലാതെ നൊമ്പരപ്പെടുത്തി. ഇനി ഈ നൊമ്പരവും കുറെനാള്‍ മനസ്സിലുണ്ടാവും....!

    ReplyDelete
  31. ഗ്രഹാതുരത ഉണര്‍ത്തുന്ന പോസ്റ്റ്‌...അപ്പോള്‍ നല്ലൊരു വേനലവധികാലം നേരുന്നു...

    ReplyDelete
  32. ഓര്‍മ്മകളിലൂടെ, അന്നത്തെ ആ വഴികളിലൂടെ......
    ഞാനും പോയി ഒരുമടക്കയാത്ര..നല്ലപോസ്റ്റിന് നന്ദി..

    ReplyDelete
  33. ബാല്യത്തിലേക്കൊരു മടക്കയാത്ര...
    ഞാനേറ്റവും ഇഷ്ടപ്പെടുന്ന,ഇനിയൊരിക്കലും
    തിരിച്ചു കിട്ടില്ലന്ന് സങ്കടത്തോടെയോര്‍ക്കുന്ന കാലം..
    പണ്ട് ഞാനും ഇതുപോലായിരുന്നു..പരീക്ഷ തുടങ്ങും മുമ്പ് പ്ലാന്‍ ചെയ്യും അവധിക്കാലത്ത് ചെയ്തു തീര്‍ക്കേണ്ട കാര്യങ്ങളെ കുറിച്ച്.
    മിട്ടായി കച്ചവടം,പട്ടം പറത്തല്‍,പമ്പരം കൊത്ത്, ഗോട്ടിക്കളി അങ്ങിനെ ലിസ്റ്റ് നീളുന്നു....

    ReplyDelete
  34. ഒരിക്കലും വിവരിച്ചാല്‍ തീരാത്ത കുട്ടിക്കാലം. എന്തെല്ലാം ഓര്‍മകളാണ് അയവിറക്കാനുള്ളത്.

    പ്രവാസജീവിതത്തിലാണ് ഇത്തരം ഓര്‍മ്മകള്‍ വല്ലാതെ മനസ്സില്‍ തികട്ടി വരുന്നത്.

    മുല്ലയുടെ പോസ്റ്റ്‌ വല്ലാതെ നൊസ്റ്റാള്‍ജിക്ക്‌ ആയി തോന്നി. വായിച്ചു തീരും വരെ രണ്ടു പതിറ്റാണ്ട് പിറകിലായിരുന്നു.

    ReplyDelete
  35. ഓര്‍മ്മകളില്‍ മധുരം. ഓര്‍മ്മകള്‍ നന്നായി എഴുതുമ്പോള്‍ നല്ല രചനകള്‍ പിറക്കുന്നു. സന്തോഷമായാലും സന്താപമായാലും. മുല്ല പേരിനെ അന്വര്‍ത്ഥമാക്കും വിധം എഴുതുമ്പോള്‍ അത് സൌരഭം പൊഴിക്കുന്നു. അത് ഏതു കാലത്തില്‍ നിന് കൊണ്ടായാലും. ഏറ്റവും നല്ല കാലം കുട്ടിക്കാലം ആയതിനാല്‍ അത് എഴുതുമ്പോള്‍ കൂടുതല്‍ ഹൃദ്യമാകുന്നു.

    ReplyDelete
  36. ഇന്നത്തെ കുട്ടികളെ ആരോ ശപിച്ചിരിക്കുന്നു.

    ReplyDelete
  37. ഒരിക്കലും തിരിച്ചു കിട്ടാത്ത ബാല്യകാലങ്ങളെ ഒരു പാട് ആഗ്രഹിച്ചു ഞാൻ..
    മുല്ലയുടെ അവതരണശൈലി കേമമായിരിക്കുന്നു.

    ReplyDelete
  38. പണ്ട് അവധിക്കാലത്ത് ചെറിയ കടകള്‍ തുറന്നിരുന്നത് ഓര്‍ത്തു.ചെറിയ മരക്കഷണങ്ങള്‍ക്കുമേല്‍ പഴയ ഓല നിവര്‍ത്തിയിട്ട കടകള്‍. ഓരോ തുണ്ടു കാശും വെച്ച് വാങ്ങിയ ചെറിയ ചെറിയ മിഠായികള്‍, പലഹാരങ്ങള്‍.
    ഒരു കശുവണ്ടിക്ക് ഒരു മിഠായി എന്ന മട്ടില്‍.
    കച്ചവടം പറ്റിയ പണിയല്ല എന്ന് മനസ്സിലാക്കിതന്നത് അക്കാലമാവാം. അനിയത്തിമാര്‍ ഗമയില്‍ വന്ന് മിഠായി എടുത്തു പോവും.
    കാശ് തരാതെ, സ്നേഹത്തോടെ കരഞ്ഞും ഭീഷണിപ്പെടുത്തിയും ഓരോ മിഠായികള്‍. അങ്ങിനെ കച്ചവടം പൊട്ടും അവധി തീരുമ്പോഴേക്കും.

    നല്ല രസമുണ്ട്, ആ ഓര്‍മ്മകള്‍.
    അരൂപിയായ ഗന്ധര്‍വനെപ്പോലെ ഉള്ളില്‍ കുടിയേറിയ
    ആ ഓര്‍മ്മകള്‍ മാഞ്ഞുപോവാതിരിക്കട്ടെ.

    ReplyDelete
  39. നന്നായി എഴുതാനുള്ള മുല്ലയുടെ കഴിവിനെ അംഗീകരിക്കുന്നു.ആശംസകളും നേരുന്നു...

    ReplyDelete
  40. എനിക്കും എന്റെ ബാല്യം തിരികെ വേണം ........
    ബാല്യത്തെ കുറിച്ച് നന്നായി എഴുതുയിട്ടുണ്ടല്ലോ... ആശംസകള്‍
    ( അല്പം ജോലി തിരക്ക് കാരണം ഒരൊന്നൊന്നര മാസം ഏഎ വഴിക്കൊന്നും വരാന്‍ കഴിഞ്ഞില്ല. എന്തായാലും അന്വോഷനത്തിനു നന്ദി. പിന്നെ എന്റെ പുതിയ പോസ്റ്റിന്റെ പണിയിലാണ് രണ്ടു ദിവസം കഴിഞ്ഞിട്ട് ആ വഴി വീണ്ടും വരണേ..)

    ReplyDelete
  41. ഒോത്തുപള്ളി കിസ്സകളൊന്നും എന്തേ ഒന്നും വിളമ്പാഞ്ഞേ... ?!

    ReplyDelete
  42. എന്റെ ലോകം,താങ്കളൊരു പഠിപ്പിസ്റ്റ് തന്നെ സമ്മതിച്ചു. പോസ്റ്റ് ഇഷ്റ്റപ്പെട്ട് എന്നറിഞ്ഞതില്‍ വളരെ സന്തോഷം.

    സീത,നന്ദി ആദ്യ വരവിനു,വീണ്ടും വരുമല്ലോ

    ബഷീര്‍ സാബ്,അങ്ങയെ പോലുള്ളവരുടെ നല്ല വാക്കുകള്‍ പ്രോത്സാഹനമാണു.അക്ബര്‍ ഭായിക്കൊരു സല്യൂട്ട്.

    ഷമീര്‍, നന്ദി
    മുകുന്ദന്‍ ജീ, വളരെ സന്തോഷം

    നിക്കു കേച്ചേരി,എന്നാ ചെയ്യാനാ..അവധിക്കാലം വന്നപ്പൊ ,ഓര്‍മ്മകള്‍ തള്ളിക്കേറി വന്നപ്പോ എഴുതിപ്പോയതാണു.വീണ്ടും വരുമല്ലോ.

    ഉമേഷ് പീലിക്കോട്,നന്ദി

    ജാസ്മിക്കുട്ടി,ഹാക്കര്‍ എന്തിയേ..
    ഇഷാക്
    റിയാസ് ഭായ് നന്ദി

    സലാം ജി, നല്ല വാക്കുകള്‍ക്ക് നന്ദി.മീറ്റിനു പങ്കെടുത്തിരുന്നു അല്ലെ?നന്നായ്.

    ശിരോമണി.നന്ദി ആദ്യ വരവിനു,വീണ്ടും വരുമല്ലോ.

    ഒരില വെറുതെ, ശരിയാണു .ജീവിതത്തിലെ ഏറ്റം നല്ല കാലം. ഈ ഓര്‍മ്മകളൊക്കെയാണു
    ഞാന്‍.

    ബെഞ്ചാലി,നന്ദി
    സുജിത്ത് കയ്യൂര്‍,നല്ല വാക്കുകള്‍ക്ക് നന്ദി

    ഇസ്മായില്‍,വന്നല്ലേ,വണ്ടി എന്തായാലും ഇടിച്ച് നിര്‍ത്ത്.

    കാദര്‍ പൊറ്റേപ്പാടം.എഴുതാനുണ്ട് കിസ്സകള്‍ ,എഴുതിയാ എല്ലാരും കൂടെ എന്നെ തൂക്കിപുറത്തേക്കിടുമോ ആവോ..?

    ഈ അവധിക്കാലത്ത് എന്നോടൊപ്പം പഴയ ഓര്‍മ്മകളിലൂടെ യാത്ര ചെയ്ത എന്റെ കൂട്ടുകാര്‍ക്ക് നന്ദി,സ്നേഹം.

    ReplyDelete
  43. ആദ്യമായാണ്‌ ഇതുവഴി. മുല്ലയുടെ അവതരണ ശൈലി നന്നായി.. പോസ്റ്റ്‌ നന്നായിട്ടുണ്ട്. ആശംസകള്‍

    ReplyDelete
  44. എന്ത് ഒക്കെ കര്യന്ങ്ങള്‍ ആണ് ഒറ്റ ശ്വാസത്തില്‍ പറഞ്ഞിരിക്കുന്നു ,നന്നായി എന്ന് അല്ല അസ്സലായി ഓര്‍മ്മകള്‍ കോര്‍ത്ത്‌ വെച്ചിരിക്കുന്നു

    fottos superrrr

    ReplyDelete
  45. ഓർമ്മകളിലേക്കുള്ള ഈ മടക്കയാത്ര ഇഷ്ടമായി.

    ReplyDelete
  46. നല്ല പോസ്റ്റ്‌..
    ചെറുപ്പകാലം ഞാനും ഓര്‍ത്തുപോയി..വാടകയ്ക്ക് എടുത്ത സൈക്കിള്‍ ചവിട്ടിയത്..അമ്മയുടെ പഴയ സാരി കൊണ്ട് മറച്ചു ചെറിയ ഒരു വീട് ഉണ്ടാക്കിയത്.അവധിക്കാലത്ത്‌ വരുന്ന ഉത്സവങ്ങള്‍ കൂടിയത് എല്ലാം..

    ആശംസകള്‍..

    ReplyDelete
  47. ജീവിതത്തില്‍ വിരളമായി ലഭിയ്ക്കുന്ന ചില നല്ലമുഹൂര്‍ത്തങ്ങള്‍!!!

    ReplyDelete
  48. അവധിക്കാലവും ജിന്നും ഗന്ധര്‍വ്വനും...
    രസകരമായി എഴുതി, മുല്ല.

    ReplyDelete
  49. സമദ് ഭായ് നന്ദി ആദ്യ വരവിനും അഭിപ്രായത്തിനും

    മൈ ഡ്രീംസ്,നന്ദി കേട്ടോ നല്ല വാക്കുകള്‍ക്ക്

    അനില്‍ കുമാര്‍
    നന്ദു
    വില്ലേജ് മാന്‍
    ജോയ് പാലക്കല്‍
    ചെമ്മരന്‍
    ദ മാന്‍ റ്റു വാക് വിത്( ഹാവൂ..)
    എല്ലാവര്‍ക്കും എന്റെ ഹൃദയം നിറഞ്ഞ നന്ദി.

    ReplyDelete
  50. നമ്മുടെ അവധികാലവും ഇന്നു മക്കളുടെ “vacation" തമ്മിൽ എന്ത് വ്യത്യാസം! ഇന്നു മാങ്ങ പെറുക്കി അവർക്കു പൂണ്ട് കൊടുത്താൽ തിന്നു - അല്ലെങ്കിൽ...ബിസ്ക്കറ്റ് തിന്നും അത്രെയുള്ളു... അവധികാലത്തിന്റെ ആവെശം ഓർമയിൽ തെളിയുന്നു...

    ReplyDelete
  51. പഴയ അവധിക്കാലങ്ങളെ ഓര്‍മ്മിപ്പിച്ചു

    ReplyDelete
  52. എന്റമ്മോ ..ഇങ്ങനെയും മനുഷ്യന്മാരെ വട്ടാക്കുമോ നാട്ടിൽ പോയപ്പോൾ ചില സ്ഥലങ്ങളിലൊക്കെ ഇങ്ങനെ ചില വിക്രിയകൾ കണ്ടിരുന്നു വീട്ടിനടുത്തുള്ള കുറച്ച് കുട്ടികൾ ശീമക്കൊന്നയുടെ കമ്പ്കൊണ്ട് അടിപൊളിയൊരു പന്തലൊരുക്കി എന്നിട്ട് അതിൽ കുറെ മിഠായികൾ തൂക്കിയിട്ടിരിക്കുന്നു.. അതിൽ പണ്ടത്തെ പുളിയച്ചാറും നാരങ്ങാ മീഠായിയും ഉണ്ടോ എന്നു ഞാൻ വെറുതെ ചികഞ്ഞു നോക്കി അപ്പോ അവർ പറഞ്ഞത് ഇപ്പോ ചൂയിംഗവും ലൈസുമൊക്കെയാ താത്താ എല്ലാർക്കും വേണ്ടത് പണ്ടൊക്കെ ഉപ്പിലിട്ട നെല്ലിക്കയും ഹായ്..പറയുമ്പോ തന്നെ വായിൽ കപ്പലോട്ടാൻ വെള്ളമുണ്ട്.. എന്നാലും ഇന്നത്തെ മക്കളെ ചെറുപ്പത്തിൽ തന്നെ കലക്ടർ ആക്കാനാ ശ്രമിക്കുന്നത് . പരീക്ഷയൊക്കെ കഴിഞ്ഞ് ഒന്ന് ആടിതിമർക്കാൻ പോലും സമ്മതിക്കില്ല എന്തെങ്കിലും കോഴ്സുകൾ സ്പൂണിൽ ആക്കി കൊടുക്കാൻ എവിടെയെങ്കിലും ഉണ്ടോ എന്നന്വേഷിച്ച് നടക്കുകയാ അമ്മമാർ.. വളരെ രസതിൽ വായിക്കാൻ പറ്റിയ നല്ല കുറെ ഓർമ്മകൾ... ഒത്തിരി ഇഷ്ട്ടായി.... ആശംസകൾ......... ഓർമ്മകളിലൂടെ ഒരു യാത്ര......

    ReplyDelete
  53. ഒരു മടക്ക യാത്ര കുട്ടിക്കാലത്തിലേക്ക്...ഒരിക്കലും മടങ്ങിവരാത്ത നല്ല കാലത്തിലേക്ക്...

    ReplyDelete
  54. നല്ല വായന!
    നന്ദി

    ReplyDelete
  55. നന്നായി എഴുതുന്നല്ലോ! ഒരു നല്ല കഥാകാരിയുടെ ലക്ഷണം. ആശംസകള്‍!

    ReplyDelete
  56. അവധിക്കാലത്തിന്റെ നല്ല ഓര്‍മ്മകള്‍ വൈകിയാണെങ്കിലും വായിച്ചു.

    ReplyDelete
  57. ഇവിടെ വന്ന് വായിച്ച് അഭിപ്രായം പറഞ്ഞ എല്ലാവര്‍ക്കും നന്ദി .

    ReplyDelete
  58. നന്നായിരിക്കുന്നു... ആശംസകള്‍.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..