Sunday, March 27, 2011

കടലും പുഴയും ഒന്നാകുമ്പോള്‍......



ഒരു പുഴ കടലിലേക്കൊഴുകുന്നത് കാണാന്‍.... കടല്‍ ആയിരം കൈകള്‍ നീട്ടി
പുഴയെ വാരിപ്പുണരുന്നത് കാണാന്‍ , ആ ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കാന്‍ ആഗ്രഹമില്ലേ....?
എങ്കില്‍ വരൂ ..ഈ വഴിയെ...

ഫറോക്കിലാണു നമ്മളിപ്പൊള്‍ ...ടിപ്പുസുല്‍ത്താന്റെ ഫാറൂക്കാബാദ്. അതിനും മുന്‍പ് പരവന്‍ മുക്ക് എന്നാണത്രെ ഇവിടം അറിയപ്പെട്ടിരുന്നത്.
പരവന്മാര്‍ എന്നൊരു ആദിമ സമുദായക്കാര്‍ ഉണ്ടായിരുന്നു കേരളത്തിന്റെയും തമിഴ്നാടിന്റേയും തീരദേശങ്ങളില്‍. മത്സ്യബന്ധനത്തിലും ആയോധന കലകളിലും സമര്‍ത്ഥരായിരുന്നത്രെ അവര്‍. ഇപ്പോള്‍ ഗള്‍ഫ് ഓഫ് മന്നാറില്‍ ( മന്നാര്‍ ഉള്‍ക്കടല്‍ ) ആണു അവര്‍ കേന്ദ്രീകരിച്ചിട്ടുള്ളത്. മുപ്പത്തഞ്ചോളം ഗ്രാമങ്ങളിലായ് പരവര്‍ താമസിക്കുന്നു. ലക്ഷ്ദ്വീപ് കടലിന്റെ ആഴം കുറഞ്ഞ ഭാഗമാണു മന്നാര്‍ ഉള്‍ക്കടല്‍. ഈ മന്നാറിലാണു നമ്മുടെ രാമസേതു അഥവാ ആദം പാലം.


നൂറു വര്‍ഷം പഴക്കമുള്ള ഫറൊക്കിലെ പാലമാണിത്. ബ്രിട്ടീഷുകാര്‍ ഉണ്ടാക്കിയത്. അത് കൊണ്ട് തന്നെ ഇപ്പോഴും നല്ല ഉറപ്പില്‍ നില്‍ക്കുന്നു. സിമെന്റും കമ്പിയുമൊന്നും മേസ്തിരി വിറ്റു കാശാക്കിയിട്ടുണ്ടാവില്ല!!

പണ്ട് പാലമുണ്ടാക്കുമ്പോള്‍ , തൂണുറക്കാനായ് മനുഷ്യരെ കുരുതി കൊടുക്കാറുണ്ടായിരുന്നത്രെ......കേള്‍ക്കുന്നുണ്ടോ ഒരു തേങ്ങല്‍..
എനിക്ക് തോന്നീതാവും അല്ലേ....?

പശ്ചിമ ഘട്ടത്തില്‍ നിന്നാണു ചാലിയാര്‍ ഉല്‍ഭവിക്കുന്നത്. കാടുകള്‍ കടന്നിട്ട് വേണം അവള്‍ക്ക് ഇവിടെയെത്താന്‍. ഒരുപാട് ദൂരം...ആ വരവില്‍ അവള്‍ കൈയ്യില്‍ കൊള്ളാവുന്നത്രേം കളിമണ്ണും കൊണ്ട് വരും. ആ കളിമണ്ണു കണ്ടിട്ടാണു ഇവിടെ സായിപ്പ് ഓട് ഫാക്റ്ററി സ്ഥാപിച്ചത്. ഒരു ഡസനോളം ഓട് ഫാക്റ്ററികള്‍ ഉണ്ട് ഫറോക്കില്‍.

പശ്ചിമ മലനിരകളിലെ എലമ്പലരി മലയില്‍ നിന്നും ( നീലഗിരി ജില്ലയില്‍) ഉല്‍ഭവിക്കുന്ന ചാലിയാര്‍ ഒഴുകുന്നത്
ഏറേയും മലപ്പുറം ജില്ലയിലൂടെയാണു. പതിനേഴ് കിലോമീറ്ററോളം മലപ്പുറത്തിന്റേയും കോഴിക്കോടിന്റേയും അതിര്‍ത്തിയായ് പരക്കുന്നു അവള്‍. പിന്നെ ഒരു കുതിപ്പാണു തന്റെ പ്രിയപ്പെട്ടവനു അരികിലെത്താന്‍. അവസാനത്തെ ആ പത്ത് കിലോമീറ്റര്‍ കോഴിക്കൊട് ജില്ലയിലൂടെയാണു. ഇവിടെ ഇവള്‍ കടലുണ്ടിപ്പുഴയാണു. എന്തൊരു ആവേശമാണു ഇവള്‍ക്ക്...



ഈ പാലത്തിനു മേലെ നിന്നും താഴേക്ക് നോക്കുമ്പോള്‍ എനിക്ക് അനുഭവപ്പെടുന്നുണ്ട് ആ സ്നേഹത്തിന്റെ ആഴം.
മുകള്‍പരപ്പില്‍ പുഴ ശാന്തയാണു. ഓളങ്ങളില്ലാതെ...പക്ഷെ അടിയൊഴുക്ക് ശക്തം. കാലെടുത്ത് വെച്ചാല്‍ നമ്മെകൂടി അവളാ സ്നേഹത്തില്‍ മുക്കിക്കൊല്ലും!!





പാലത്തിനുമപ്പുറത്ത് കൂടി താഴേക്കിറങ്ങിയാല്‍ കടലിന്റെ നീട്ടിപ്പിടിച്ച കൈകളിലെത്താം നമുക്ക്, ആ നനഞ്ഞു നീണ്ട
വിരലുകളില്‍ പിടിച്ച് കുറച്ച് നേരം താഴെയുള്ള ശബ്ദങ്ങള്‍ക്ക് കാതോര്‍ക്കാം.


ഇന്ന്..ഇരുട്ടിനെ വകഞ്ഞു മാറ്റി നിലാവ് പരക്കുവോളം ഞാനീ തീരത്തിരിക്കും. എന്റെ സാന്നിദ്ധ്യം തെല്ലും വകവെക്കാതെ പുഴയെ തന്നിലേക്ക് ചേര്‍ക്കാന്‍ കുതിക്കുന്ന കടലിന്റെ ആരവം കേള്‍ക്കാന്‍..

ചില സ്നേഹങ്ങള്‍ ഇങ്ങനെയാണു. തീക്ഷ്ണവും തീവ്രതരവും. നമുക്കൊന്നു പ്രതിരോധിക്കാന്‍ പോലും ഇടതരാതെ നമ്മെയും കൊണ്ട് അതിന്റെ അഗാധതയിലേക്ക് കൂപ്പുകുത്തും!!!






Thursday, March 24, 2011

ആടിന്റെ വിരുന്ന്



2010 ല്‍ സാഹിത്യത്തിനുള്ള നോബല്‍ പ്രൈസ് ലഭിച്ച മരിയാ വര്‍ഗാസ് യോസയുടെ പ്രശസ്തമായ നോവലാണു,ആടിന്റെ വിരുന്ന്.
ലാറ്റിനമേരിക്കന്‍ സാഹിത്യത്തിലെ കേന്ദ്ര സ്ഥാനത്തൂള്ള എഴുത്തുകാരിലൊരാളാണു യോസ.1936ല്‍ പെറുവിലെ അരാക്വിവയിലാണു യോസയുടെ ജനനം.
യോസക്ക് അഞ്ചുമാസം പ്രയമുള്ളപ്പോള്‍ മാതാപിതാക്കള്‍ വേര്‍പിരിഞ്ഞു,പിന്നീട് അമ്മയോടൊപ്പം ബൊളീവിയയിലും പെറുവിലെ വിയൂറിയയിലും.പിന്നീട് 1946 ലാണു യോസ അഛനെ കാണുന്നത്,പിന്നെ അഛനമ്മമാരോടൊത്ത് ലിമയില്‍. പത്തൊമ്പത് വയസ്സുള്ളപ്പോള്‍ തന്നേക്കാള്‍ പതിമൂന്ന് വയസ്സിനു മുതിര്‍ന്ന ഒരു കസിനെ യോസ വിവാഹം കഴിച്ചു. പക്ഷേ അധിക നാള്‍ ആ ബന്ധം ഉണ്ടായില്ല. ആ ബന്ധത്തെ ആധാരമാക്കി യോസ ഒരു നോവലെഴുതി. Aunt Julia & The script writer.

1962 മുതലാണു യോസയുടെ എഴുത്ത് ലോകം ശ്രദ്ധിക്കാന്‍ തുടങ്ങിയത്. മാര്‍ക്കേസിന്റെ നോവലുകളിലെ മാജിക്കല്‍ റിയലിസത്തെ വിട്ട് ലോകം യോസയെ നിരീക്ഷിക്കാന്‍ തുടങ്ങിയിരുന്നു.
നല്ല സുഹൃത്തുക്കളായിരുന്നു രണ്ട്പേരും.മാര്‍ക്കേസിനെ കുറിച്ച് എഴുതിയ ഒരു പ്രബന്ധത്തിനു യോസക്ക് ഡോക്ടറേറ്റ് ലഭിക്കുകയുണ്ടായിട്ടുണ്ട്. പക്ഷേ എഴുപതുകളുടെ പകുതിയായപ്പോഴേക്കും ആ സുഹൃത്ബന്ധം മുറിഞ്ഞിരുന്നു. ലോകമെമ്പാടുമുള്ള സാഹിത്യ പ്രേമികള്‍ വളരെ കൌതുകത്തോടെയാണു ആ പിണക്കത്തിന്റെ വാര്‍ത്തകള്‍ കേട്ടിരുന്നത്. കൈയ്യാങ്കളി വരെ എത്തിയ ആ പിണക്കം തീരുന്നത് മാര്‍ക്കേസിന്റെ ഏകാന്തതയുടെ നൂറു വര്‍ഷങ്ങളുടെ നൂറാം പതിപ്പ് ഇറങ്ങിയപ്പോഴാണു. അതിനു അവതാരിക എഴുതിയിരിക്കുന്നത് യോസയാണ്.

വളരെ മൌലികമായ ഒരു രചനാരീതിയാണു യോസയുടേത്; സ്ഥലവും കാലവും മാറിമാറി വരും എഴുത്തില്‍. വ്യത്യസ്ത കാലങ്ങളില്‍ നടന്ന സംഭവങ്ങള്‍ ,സമകാലിക സംഭവങ്ങള്‍ക്ക് ഇടയില്‍ പറയുന്ന ശൈലി. കാലത്തില്‍ നിന്നു കാലത്തിലേക്ക് ചാടുന്ന ഈ രീതി വളരെ പ്രകടമാണു ആടിന്റെ വിരുന്നില്‍. എന്നിരുന്നാലും വളരെ ലളിതമായി കാര്യങ്ങള്‍ പറയുന്നുണ്ട് യോസ, ഈ പുസ്തകത്തില്‍. കഥ വെറുതെ പറഞ്ഞു പോകുകയല്ല, അതിനപ്പുറം രാഷ്ട്രീയം,അധികാരം,സമൂഹം,സ്ത്രീ എന്നീ വിഷയങ്ങളില്‍ തന്റേതായ നിരീക്ഷണങ്ങളും കൂടെ വായനക്കാരുമായി പങ്കു വെക്കുന്നു, യോസ ആടിന്റെ വിരുന്നില്‍.

1930 മുതല്‍ 1961 ല്‍ കൊല്ലപ്പെടുന്നത് വരെ ഡൊമിനിക്കന്‍ റിപ്പ്ലബ്ലിക്ക് ഭരിച്ചിരുന്ന ജനറല്‍ ട്രൂജിലൊ മൊളീ‍നയുടെ ഏകാധിപത്യത്തിന്റെ കഥയാണു ആടിന്റെ വിരുന്ന്. ലോകത്ത് എവിടെയായാലും ഏകാധിപതികള്‍ക്ക് ഒരേ സ്വരവും ഭാവമുമെന്ന് നമ്മെ ഉണര്‍ത്തുന്നു, ഈ പുസ്തകം. അധികാരത്തിന്റെ ഇരുണ്ട ഇടനാഴികകളില്‍ അരങ്ങേറുന്ന വൃത്തികെട്ട നാടകങ്ങള്‍ക്ക് നേരെ പിടിച്ച ഒരു കണ്ണാടി. അധികാരം പിടിച്ചെടുക്കാനും അത് നിലനിര്‍ത്താനും എന്തെല്ലാം പൈശാചിക കൃത്യങ്ങളാണു ഓരോ ഏകാധിപതികളും അനുവര്‍ത്തിച്ച് വരുന്നതെന്നു
വായനക്കാരെ ബോധ്യപ്പെടുത്തുന്ന ഒരു ഇരുണ്ട നോവലാണു ആടിന്റെ വിരുന്ന്. അതേ സമയം അങ്കിള്‍ സാമിന്റെ ഇരട്ട മുഖവും നോവലില്‍ അനാവൃതമാകുന്നുണ്ട്. ശക്തനായ കമ്മ്യൂണിസ്റ്റ് വിരുദ്ധന്‍ എന്ന നിലയില്‍ യാങ്കീ ഭരണകൂടം ട്രൂജിലോയെ പിന്തുണക്കുന്നുണ്ട് .അധികാരം പിടിച്ചെടുക്കാന്‍ അവരാണു അയാള്‍ക്ക് ആയുധങ്ങളും പണവും കൊടുക്കുന്നത്.

ക്യൂബയേയും ഫിഡലിനേയും അടിക്കാനുള്ള വടി ആയിരുന്നു അങ്കിള്‍ സാമിനു ട്രൂജിലോ. പക്ഷേ ചരിത്രം ആവര്‍ത്തിക്കുകയാണു,അവസാനം സി ഐ എ യുടെ ഏജന്റുമാരാല്‍ തന്നെയാണു അയാള്‍ കൊല്ലപ്പെടുന്നതും.
വായനക്കാരെ ശരിക്കും അസ്വസ്ഥമാക്കുകയും മനോവേദനയിലാഴ്ത്തുകയും ചെയ്യുന്നു ഈ പുസ്തകം.

ഒരേ സമയം മൂന്നു വ്യത്യസ്ഥ കോണുകളിലുടെയാണു കഥ വികസിക്കുന്നത്. ട്രൂജിലോയുടെ മന്ത്രിസഭയിലെ പ്രമുഖനായിരുന്ന സെനേറ്റര്‍
അഗസ്റ്റിന്‍ കബ്രാളിന്റെ മകള്‍ യുറാനിറ്റയുടെ അനുഭവങ്ങള്‍, അവള്‍ പറയുകയാണു, തന്റെ പതിനാലാം വയസ്സില്‍ തനിക്ക് എന്തു കൊണ്ട് നാടു വിടേണ്ടി വന്നുവെന്നും, നീണ്ട മുപ്പത് കൊല്ലങ്ങള്‍ക്ക് ശേഷം താനെന്തിനു തിരിച്ച് നാട്ടിലെത്തിയെന്നും..
അതേസമയം, ജനറലിനെ കൊല്ലാന്‍ കാത്തുനില്‍ക്കുന്നവര്‍ , ,അവരോരുത്തരും എങ്ങനെ ജനറലിനെ വധിക്കാനുള്ള ശ്രമത്തില്‍ പങ്കാളികളാകേണ്ടി വന്നു എന്നും, അവരോര്‍ത്തര്‍ക്കുമുണ്ടായ കയ് ക്കുന്ന അനുഭവങ്ങളും.
അടുത്തത് സാക്ഷാല്‍ ജനറലിന്റെ അവസാന ദിവസം , അയാളുടെയും അയാളുടെ മന്ത്രിസഭയിലെ പ്രമുഖരുടെ വാചകങ്ങളിലൂടെ .ഇങ്ങനെ ഒരേ സമയം മൂന്നു കോണുകളിലൂടെയാണു
ആടിന്റെ വിരുന്ന് മുന്നോട്ട് പോകുന്നത്.

നോവലിന്റെ ഒറിജിനല്‍ സ്പാനിഷിലാണു. അതു കൊണ്ട് തന്നെ സ്പാനിഷ് ഭാ‍ഷയിലെ പല നാടന്‍ പ്രയോഗങ്ങളും
മലയാളീകരിച്ചപ്പോള്‍ വല്ലാതെ അശ്ലീലമായി എന്ന ഒരു കുറവ് പരിഭാഷക്കുണ്ട്.

They kill the Goat---എന്നത് ഒരു സ്പാനിഷ് പഴമൊഴിയാണു. അതില്‍ നിന്നാവും യോസ തന്റെ നോവലിന്റെ തലക്കെട്ട് എടുത്തത്.

ഇനി നോവലില്‍ നിന്നും...

ട്രൂഹിയോയുടെ വധത്തിനു ശേഷം അയാളുടെ മകന്‍, രാജ്യം വിടുന്നതിനു മുന്‍പ് തന്റെ പപ്പയെ കൊന്നവരോട് പ്രതികാരം ചെയ്യുകയാണു.
തീവ്രവാദികള്‍ മിക്കവരും പിടിയിലായി. അവരെ രാജ്യത്തെ കുപ്രസിദ്ധമായ എല്‍ ന്യൂവെ എന്ന തടങ്കല്‍ പാളയത്തില്‍ കൊണ്ട് വന്നു
പീഡിപ്പിക്കുകയാനു അയാള്‍. ഒരാഴ്ച്ചയൊളം പട്ടിണിക്കിട്ട മിഗുവെല്‍ ഏഞ്ചലിനും ഏണസ്റ്റൊ ഡയസിനും , ജയിലര്‍ ഒരു പാത്രം ഇറച്ചിക്കറി കൊണ്ടു വന്നു കൊടുത്തു. വിശപ്പു കൊണ്ട് ആര്‍ത്തി പിടിച്ച് അത് മുഴുവന്‍ അകത്താക്കിയ അവരോട് ആ ക്രൂരനായ ജയിലര്‍ ചോദിക്കുക്കുകയാണു... തന്റെ മകനെ കൊന്നു തിന്നിട്ടും ഏണസ്റ്റോ ഡയസ്സിനു ഒന്നും തോന്നുന്നില്ലേ എന്ന്..!!
അയാളെ തെറി വിളിച്ച ഏണസ്റ്റൊക്ക് മുമ്പിലേക്ക് ജയിലര്‍ ഒരു കുഞ്ഞിന്റെ അറുത്ത് മാറ്റിയ തല നീട്ടിപ്പിടിച്ചു. തന്റെ കുഞ്ഞിന്റെ തൂങ്ങിയാടുന്ന തല കണ്ട ഏണസ്റ്റോ ഹൃദയ സ്തംഭനം വന്നു മരിക്കുകയാണു. കുറച്ച് മുന്‍പ് അയാള്‍ അകത്താക്കിയത്.....

എന്തു തോന്നുന്നു സുഹൃത്തുക്കളെ...ചര്‍ദ്ദിക്കണോ...വെയിറ്റ്....പ്ലാസ്റ്റിക് കവറൊക്കെ മാപ്പുകാരും കളക്ടര്‍ സാറും കൂടി കൊണ്ട് പോയി.
ദേ കുറച്ച് ടിഷ്യൂ പേപ്പര്‍....

"The feast of the Goat" എന്ന ഈ കൃതി മൊഴിമാറ്റം ചെയ് തിരിക്കുന്നത് ആശാലത. പ്രസാധനം ഡി സി ബുക്സ്. വില:Rs250/-


*** നാട്ടുപച്ചയുടെ അന്‍പത്തിരണ്ടാം ലക്കത്തില്‍ പ്രസിദ്ധീകരിച്ചത്.

Sunday, March 13, 2011

അകലാപുഴ ചിരിക്കുന്നു...


ഇത് അകലാപുഴ...ഇരു കരകളും നിറഞ്ഞ് ശാന്തമായൊഴുകുന്നു. കൊയിലാണ്ടിയിലെ നെല്ല്യാടി എന്ന സ്ഥലത്ത് നിന്നുമുള്ള ചിത്രം.

ഭാരതപ്പുഴയുടെ തീരത്ത് ജനിച്ച് വളര്‍ന്ന എനിക്ക് പുഴ എന്നു കേട്ടാല്‍ ഓര്‍മ്മ വരിക നിളയുടെ വിശാലമായ മണല്‍ തിട്ടയാണു. മഴക്കാലത്ത് ഇരുകരയും മുട്ടി നുരയും പതയും തുപ്പി, തീരമാകെ ചെളി നിറപ്പിച്ച് കൊണ്ട് പരന്നൊഴുകിയിരുന്ന നിള, ഇന്നത്തെ പുഴയല്ല പണ്ടത്തെ. വേനലായാല്‍ മണല്‍തിട്ട മുഴുവന്‍ ഞങ്ങള്‍ക്ക് കളിക്കാന്‍ വിട്ടു തന്ന് കൊണ്ട് ഒരു ഭാഗത്തേക്ക് ചരിഞ്ഞു കിടക്കും അവള്‍. ആര്‍ത്തിപൂണ്ട മനുഷ്യര്‍ മണലായ മണലെല്ലാം ചാക്കിലും ലോറിയിലും നിറച്ച് കൊണ്ട് പോയി. ഇന്ന്; ഉറക്കത്തില്‍ ഒന്നു കൈയും കാലും നീട്ടാന്‍ പോലും ഇത്തിരി മണല്‍ ബാക്കിയില്ല അവള്‍ക്കവിടെ !!

അകലാപുഴയെ പറ്റി ഞാന്‍ ആദ്യം കേള്‍ക്കുന്നത് ബാബുഭരദ്വാജിന്റെ പുസ്തകങ്ങളിലൂടെയാണു. അദ്ദേഹത്തിന്റെ പുസ്തകങ്ങളില്‍ നിറഞ്ഞു നില്‍ക്കുന്ന ഒരു സ്നേഹസാന്നിദ്ധ്യമാണീ പുഴ. നന്തിഗേറ്റും കടലൂരുമൊക്കെ കടന്ന് ,ഇന്നീ പുഴ കാണാന്‍ വേണ്ടി മാത്രാണു ഞാന്‍ വന്നത്.
ഒരു തോണിത്തുമ്പില്‍ അലസമായിരുന്ന് അകലാ പുഴ മുറിച്ച് കടക്കാന്‍. ഇവിടെ ജീവിച്ച് മരിച്ച് പോയവരുടേ ശബ്ദങ്ങള്‍ക്ക് കാതോര്‍ത്തിരിക്കാന്‍ രാത്രി,നിറഞ്ഞ നിലാവില്‍ എന്നെ കണ്ട് അതിശയിച്ച മീനുകള്‍ പുളഞ്ഞ് ചാടുന്നത് കാണാന്‍....


കടവില്‍ നിന്നും കാലെടുത്ത് വെക്കുന്നത് പുഴയിലേക്കാണു,നല്ല ആഴമുണ്ട്. ഇവിടെയും പൂഴി വാരുന്നവര്‍ സജീവം. കുറച്ച് കാ‍ലം കഴിഞ്ഞാല്‍ ഇവള്‍ക്കും ഇങ്ങനെ ചിരിക്കാന്‍ ആവില്ലായിരിക്കാം.

മണലില്ലാതെ നമുക്ക് വീടുകള്‍ കെട്ടാന്‍ എന്തുണ്ട് വഴി..? ഇക്കോ ഫ്രണ്ട്ലി വീടുകള്‍. പണ്ട് സ്കൂള്‍ വിട്ട് വരുമ്പോള്‍ എന്നും വള്ളിയുടേയും തുപ്രന്റേയും കുടിലില്‍ കയറുമായിരുന്നു. അവിടെ മുറ്റത്ത് വീണു കിടക്കുന്ന മഞ്ചാടി മണികള്‍ പെറുക്കാന്‍. എന്ത് ഭംഗിയായിരുന്നു അവരുടെ കുടില്‍, ചാണകവും കരിയും തേച്ച് മിനുക്കിയ കോലായയും അരമതിലും.
അരമതിലില്‍ കയറിയിരിക്കുന്ന എന്നെ വള്ളി തടയും
“ ഊയിന്റെ കുട്ട്യേ..കുപ്പായത്തില് മുഴോനും കരിയായീലേ..”.ഒരു ചിരി കൊണ്ട് അത്
തട്ടിക്കളഞ്ഞ് കാലുകളാട്ടി ഞാ‍നാ അരമതിലില്‍ തന്നെയിരിക്കും .

ആ വീടുകളൊക്കെ ചെറുതായിരുന്നെങ്കിലും സന്തൊഷമുണ്ടായിരുന്നു അതിനുള്ളിലുള്ളവര്‍ക്ക്. ആരേയും പേടിക്കാതെ കിടന്നുറങ്ങിയിരുന്നു അന്നെല്ലാവരും. പക്ഷെ..ഇന്നോ...? വീടുകളൊക്കെ വലുതാവുന്നതിനനുസരിച്ച് നമ്മുടേ മനസ്സുകളൊക്കെ ചുരുങ്ങി ചുരുങ്ങി വന്നു. പരസ്പരം സ്നേഹമില്ല ,പിന്നെങ്ങനെ നമ്മള്‍ പുഴയെ സ്നേഹിക്കും, മരത്തെ വട്ടം പിടിക്കും, കുന്നിന്‍പുറത്തെ കാറ്റിന് കാതോര്‍ക്കും.

കടവിലെ വെള്ളത്തിനു നല്ല തണുപ്പ്. അകലാ‍ പുഴ വരുന്നത് വയനാടന്‍ മലകളില്‍ നിന്നാണു. അതാവും ഇത്ര തണുപ്പ്. അകലാ പുഴയുംപൂനൂര്‍ പുഴയും . കളിച്ച് ചിരിച്ച് വരുന്നാ രണ്ട് സുന്ദരികളും കൂടി ഒന്നായ് കോരപ്പുഴയാവും. എലത്തൂരില്‍ വെച്ച് കോരപ്പുഴക്ക് അറബിക്കടലിനോട് ചേരാന്‍ എന്തൊരു ആവേശമാണു !!


ഒരു പുഴയുടെ ഗതിവിഗതികള്‍ക്കനുസരിച്ചാണു എന്നും സംസ്കാരങ്ങള്‍ രൂപം കൊണ്ടിട്ടുള്ളത്. വടക്കേ മലബാറിനേയും തെക്കേ മലബാറിനേയും വേര്‍ത്തിരിച്ചിരുന്ന അതിര്‍ത്തിരേഖയായിരുന്നു കോരപ്പുഴ. പണ്ട്കാലത്ത് കോരപ്പുഴ കടന്ന നമ്പൂതിരി സ്ത്രീകളെ സമുദായത്തില്‍ നിന്നും ഭ്രഷ്ടാക്കിയിരുന്നുവത്രെ. സംസ്കാരങ്ങളും ആചാരങ്ങളും പരസ്പരം കലരാതിരിക്കാന്‍ അന്നത്തെ നാടുവാഴികള്‍ കണ്ട എളുപ്പ വഴി !!

അതിരുകളും വിലക്കുകളുമില്ലല്ലോ സ്നേഹത്തിന് ,നിലാവിനേയും ഇരുട്ടിനേയും കൂട്ടുപിടിച്ച് ഒരുപാട് ചെറുപ്പക്കാര്‍ ഈ ഒഴുക്കിനെ മുറിച്ച് അക്കരെക്ക് നീന്തിയിട്ടുണ്ടാവും !!!


സ്നേഹം തെളിമയാര്‍ന്നത് ; ഈ പുഴയെ പോലെ അതങ്ങനെ ഒഴുകിക്കൊണ്ടെയിരിക്കും. ജീവിതത്തിനും മരണത്തിനുമിടയിലെ നൂല്‍പ്പാലവും കടന്ന് അപ്പുറത്തേക്ക്....

Tuesday, March 8, 2011

ദോസ്ത്.

ये दोस्ती.... हम नही तोडेंगे....
तोडेंगे दम मगर, तेरा साथ ना छोडेंगे........


ഒരേ ചിന്തകളും കാഴ്ച്ചപ്പാടുകളുമുള്ള കൂട്ടുകാരെ കിട്ടാന്‍ ഭാഗ്യം ചെയ്യണം. അക്കാര്യത്തില്‍ ഏണസ്റ്റോ ഗുവേര ഭാഗ്യവാനായിരുന്നു.

ഏണസ്റ്റോയും ആല്‍ബെര്‍ടോയും മാമ്പോ---ടാങ്കോയിലെ യാത്ര 1952 ജൂണ്‍

തന്റെ തന്നെ പാതിയായിരുന്നു ഏണസ്റ്റോക്ക് തന്റെ കൂട്ടുകാരന്‍, ആല്‍ബെര്‍ട്ടോ ഗ്രനാഡോ. അങ്ങനെയാണു ചെറുപ്പത്തിന്റെ ഉത്സാഹത്തില്‍ രണ്ട്പേരും കൂടി യാത്ര പ്ലാന്‍ ചെയ്യുന്നത്. 1952 ജനുവരി നാലാം തിയതി ബ്യൂണസ് അയേര്‍സില്‍ നിന്നും തുടങ്ങി,. ദക്ഷിണ അമേരിക്കയുടെ തെക്ക് നിന്നും വടക്കേ അറ്റം വരെ നീണ്ട ഒരു യാത്ര. ശരിക്കുമതൊരു ജീവിത യാത്ര തന്നെ ആയിരുന്നു. അവരുടെ ജീവിതവും കാഴ്ചപ്പാടുകളും മാറ്റിമറിച്ചു അത്. വൈദ്യ വിദ്യാര്‍ത്ഥിയായിരുന്ന ഏണസ്റ്റോയെ ലോകം ഇന്നറിയപ്പെടുന്ന ചെഗുവേരയാക്കി മാറ്റിയ യാത്ര.


മാമ്പോ ടാങ്കോയില്‍ ആമസോണ്‍ നദിയിലൂടെ,1952 ജൂണ്‍

അവരെ രണ്ട് പേരെ കൂടാതെ ഒരാള്‍ കൂടിയുണ്ടായിരുന്നു ആ യാത്രയില്‍ അവര്‍ക്കൊപ്പം. ഏണസ്റ്റോയുടെ മോട്ടോര്‍സൈക്കിള്‍;

ലാ പെഡ് റോസ

ലാ പെഡ് റോസ. അവനായിരുന്നു താരം. മോട്ടോര്‍ സൈക്കിളില്‍ എട്ട് മാസം നീണ്ട് നിന്ന ആ സഞ്ചാരം അവസാനിച്ചപ്പോഴേക്കും
അവരുടെ അകക്കണ്ണു തുറന്നിരുന്നു. തങ്ങള്‍ യഥാര്‍ത്ഥത്തില്‍ എന്താകണം എന്നത് അവര്‍ കണ്ടെത്തിക്കഴിഞ്ഞിരുന്നു.
ലാറ്റിനമേരിക്കയിലെ ജനങ്ങളനുഭവിക്കുന്ന അതി തീവ്രമായ പട്ടിണിയും ചൂഷണവും കണ്ട ഏണസ്റ്റോ ഒരു മാറ്റത്തിനായ് കൊതിക്കുന്നു.
അങ്ങനെയാണയാള്‍ വിപ്ലവത്തിന്റെ തീച്ചൂളയിലേക്ക് സ്വയം നടന്നു കയറുന്നത്. പിന്നീട് ക്യൂബയുടെയും ഫിദലിന്റേയും
സന്തത സഹചാരിയായ് ചെ മാറി. 1967 ഒക്റ്റോബര്‍ എട്ടാം തിയ്യതി ബൊളീവിയന്‍ കാടുകളിലെ ഗറില്ലാ യുദ്ധത്തിനിടയില്‍
പിടിക്കപ്പെട്ട ചെയെ പിറ്റേന്ന് ഒന്‍പതാം തിയ്യതി ബൊളീവിയന്‍ സൈന്യം വെടിവെച്ച് കൊന്നു.

തന്റെ കൂട്ടുകാരന്റെ ആശയങ്ങള്‍ക്ക് പ്രചാരണം നല്‍കിക്കൊണ്ട് ,അതിനിടെ ആല്‍ബെര്‍ട്ടോ ക്യൂബയിലെത്തിയിരുന്നു 1961ല്‍.
ക്യൂബയുടെ വൈദ്യശാസ്ത്രരംഗത്തെ വളര്‍ച്ചയില്‍ ആല്‍ബെര്‍ട്ടോവിനുള്ള പങ്ക് വലുതാണു. രണ്ട് പുസ്തകങ്ങളും രചിച്ചിട്ടുണ്ട് അദ്ദേഹം.
“ട്രാവലിംഗ് വിത് ചെഗുവേര: മേക്കിംഗ് ഓഫ് എ റെവലൂഷണറി” , “ മേക്കിംഗ് ഓഫ് ചെഗുവേര “തുടങ്ങിയവ.




രണ്ട് കൂട്ടുകാര്‍ തുടങ്ങി വെച്ച ഒരു യാത്ര; യാത്രക്കിടക്ക് എപ്പോഴോ ഇറങ്ങിപ്പോയ കൂട്ടുകാരന്റെ ഓര്‍മ്മയിലും ആശയങ്ങളിലും ഇത്രയും
കാലം ജീവിച്ച ആ മനുഷ്യനും ദേ ഇന്നലെ തന്റെ എണ്‍പെത്തെട്ടാമത്തെ വയസ്സില്‍ ഇറങ്ങിപ്പോയിരിക്കുന്നു.

ആല്‍ബെര്‍ട്ടോ ഗ്രനേഡോ

ഒരു പക്ഷെ ;തന്റെ പ്രിയപ്പെട്ട മോട്ടോര്‍സൈക്കിളുമായി ചെ അവിടുണ്ടാ‍കും എന്ന ചിന്തയിലായിരിക്കാം....!!


യാത്രയും സൌഹൃദവും; രണ്ടും അത്രമേല്‍ ഇഴുകി ചേര്‍ന്നിരിക്കുന്നു ജീവിതത്തില്‍ . രണ്ടും ആഹ്ലാദകരം ! ഏറെ കൊതിപ്പിക്കുന്നത്!!