Friday, December 7, 2012

മൂന്നാമതൊരാൾ....


അഞ്ചോ ആറോ വർഷം മുൻപ് വരെയെങ്കിലും മലയാളിയുടെ ജീവിതത്തിൽ ഒരു നിത്യസന്ദർശകനായ് അയാളുണ്ടായിരുന്നു; കക്ഷത്തിലിറുക്കിയ കറുത്ത ഡയറിയും കാലൻ കുടയുമായി അയാൾ കയറിയിറങ്ങാത്ത വീടുകൾ ചുരുക്കം ; ആ ഡയറിയിൽ മലയാളി യുവതീ യുവാക്കളുടെ സ്വപ്നങ്ങൾ ചേർത്ത് വച്ചിരുന്നു അയാൾ, ഇന്നാർക്ക് ഇന്നാരെന്നു ഒരു ചെറു ചിരിയോടെ അയാൾ ചൂണ്ടിക്കാണിച്ച് തരുമ്പോൾ മറുത്തൊന്നും പറയാൻ മലയാളി ശീലിച്ചിട്ടുണ്ടായിരുന്നില്ല അന്ന്...


പക്ഷേ ഇന്ന്; കേരളത്തിലെ ഗ്രാമങ്ങളിൽ നിന്നും പോലും അയാൾ അപ്രത്യക്ഷനായിരിക്കുന്നു. ആരും അയാളെ പ്രതീക്ഷിക്കുന്നേയില്ല ഇപ്പോൾ. പകരം വിരൽ തുമ്പിലെ ഒറ്റ ക്ലിക്കിലൂടെ നിങ്ങൾക്ക് നിങ്ങളുടെ സ്വപ്നങ്ങൾ തൂക്കി നോക്കാം, വിലയിടാം. എന്തെളുപ്പം.എന്തൊരാശ്വാസം. ഏത് മതത്തിൽ പെട്ടതാകട്ടെ, ജാതിയിൽ പെട്ടതാകട്ടെ, കറുപ്പൊ വെളുപ്പൊ തടിച്ചതൊ, മെലിഞ്ഞ് നീണ്ടതൊ ആകട്ടെ, എല്ലാം ഒരൊറ്റ ക്ലിക്കിലൂടെ മുന്നിലെത്തുമ്പോൾ ഒന്നും ചെയ്യാനില്ലാതെയായിപ്പോയ അയാൾ എവിടെയോ മറഞ്ഞുപോയി. ഒറ്റക്കല്ല അയാൾ പോയത്, കൂടെ കൊണ്ട് പോയത് ഒരു സംസ്ക്കാരത്തെ ആയിരുന്നു; മലയാളിയുടെ സാമൂഹിക ബോധത്തെ ആയിരുന്നു.

പണ്ടൊക്കെ ഒരു വിവാഹം എന്നു വെച്ചാൽ, രണ്ട് വീട്ടുകാരുടെ, രണ്ട് കുടുബങ്ങളുടെ , രണ്ട് ദേശക്കാരുടെ ആഘോഷമായിരുന്നു.ആദ്യവട്ട പെൻണുകാണലും ചെക്കൻ കാണലും മിക്കവാറും സംഭവിക്കുക ഏതെങ്കിലും കല്യാണ വീട്ടിലൊ മരണാടിയന്തര വീട്ടിലൊ വെച്ചായിരിക്കും. ആ അന്വേഷണത്തിന്റെ ചുക്കാൻ പിടിക്കാനും ദൂത് പോകാനും അയാളുണ്ടാകും; മൂന്നമതൊരാൾ. മലയാളി ഒറ്റക്കൊന്നും നിശ്ചയിച്ചുറപ്പിച്ചിരുന്നില്ല അന്ന്. കുടുംബ ബന്ധങ്ങൾക്കും കൊടുക്കൽ വാങ്ങലുകൽക്കും വില കൽ‌പ്പിച്ചിരുന്ന മലയാളി ഇന്ന് തന്റെ മാത്രം ലോകത്തിലേക്ക് ചുരുങ്ങിപ്പോയിരിക്കുന്നു.

ഈ അവസരം മുതലെടുത്ത് തന്നെയാണു മുൻപ് പത്രങ്ങളിൽ മാത്രം ഒതുങ്ങി നിന്നിരുന്ന വിവാഹ പരസ്യങ്ങൾ ഇന്ന് ഓൺലൈനായി മലയാളിയുടെ മുന്നിലെക്കെത്താൻ മത്സരിക്കുന്നത്. വിവിധ മാട്രിമോണിയൽ പോർട്ടലുകൾ, പല രൂപത്തിലും ഭാവത്തിലും അവന്റെ മുന്നിലേക്കെത്തുകയും തിരഞ്ഞെടുക്കാൻ യഥേഷ്ടം ഓപ്ഷനുകൾ ലഭ്യമായിരിക്കുകയും ചെയ്യുമ്പോൾ പിന്നെന്തിനു മൂന്നാമതൊരാളുടെ സാന്നിദ്ധ്യം.

ഗ്രാമങ്ങളിൽ നിന്നും നഗരങ്ങളിലേക്കും , കൂട്ടുകുടുംബത്തിൽ നിന്നും ഫ്ലാറ്റുകളുടെ ഒറ്റപ്പെടലുകളിലേക്കും മാറിയ ഒരു സമൂഹത്തിനു തീർച്ചയായും ഈയൊരു സംവിധാനത്തിന്റെ ഗുണഗണങ്ങൾ വർണിക്കാനുണ്ടാകും. ജാതകം നോക്കലും പെണ്ണു കാണലും തീയതി നിശ്ചയിക്കലും വരെ ഇവ്വിധം നടന്നു കിട്ടുമ്പോൾ ആശ്വസിക്കുന്നവരുണ്ടാകും; നാടൊടുമ്പോൾ നടുവെ ഓടണമെന്ന ചൊല്ല്. പക്ഷെ അക്കൂട്ടത്തിൽ ഇല്ലാണ്ടായിപ്പോകുന്നത് ബന്ധങ്ങളുടെ ഊഷ്മളതയും കൊടുക്കൽ വാങ്ങലുകളിലൂടെ ഉരുത്തിരിഞ്ഞ് വന്നിരുന്ന സ്നേഹത്തിന്റേയും കെട്ടുപാടുകളുടേയും വലിയൊരു ലോകമാണു.


അടുത്ത കാലത്തായി മാട്രിമോണിയൽ സൈറ്റുകളുടെ പ്രവാഹമാണു സൈബർ ലോകത്ത് . മലയാളത്തിലെ മുൻ നിര പത്രങ്ങളെല്ലാം തന്നെ സ്വന്തം മാട്രിമോണിയൽ സൈറ്റുകൾ തുറന്നു കഴിഞ്ഞു. ആദ്യ റജിസ്ട്രേഷം തികച്ചും സൌജന്യമാണു. തുടരന്വേഷണങ്ങൾക്ക് ഫീസുണ്ട്. പണ്ട് ബ്രോക്കർ നാണ്വേട്ടന്റെയും മൂസാക്കാന്റെം പോക്കറ്റിൽ നമ്മൾ തിരികി കൊടുത്തിരുന്ന പത്തിന്റെയും അൻപതിന്റേയും മുഷിഞ്ഞ നോട്ടുകൾക്ക് പകരം ആയിരവും അതിന്റെ മുകളിലോട്ടുമാണു ചാർജ്.

ജാതി ചോദിക്കരുത് പറയരുത് എന്ന് ഉൽഘോഷിച്ച ശ്രീ നാരായണ ഗുരുവിന്റെ ആത്മാവെങ്ങാനും അറിയാതെ ഈ സൈറ്റുകളുടെ ഇടയിൽ ചെന്നു പെട്ടാൽ അന്തം വിടും. മുസ്ലിംകൾക്ക് ലോകത്തെവിടെ നിന്നും പെണ്ണുന്വേഷിക്കാൻ നിക്കാഹ്.കോം. ഹിന്ദുക്കൾക്ക്; നായർ സൈറ്റ്, അതിൽ തന്നെ വിളക്കിത്തല നായരാണൊ..പേടിക്കേണ്ട, വിളക്കിത്തല പെൺകുട്ടികളും ആൺകുട്ടികളും റെഡി. ഇനി ഈഴവ, തിയ്യ, നമ്പൂരി, നംബീശൻ , അതും റെഡിയാണു. കൃസ്റ്റ്യാനിയാണേൽ, റോമനാണൊ ,കത്തോലിക്കനാണൊ..(RC,LC), മനസ്സമ്മതത്തിനു സ്യൂട്ട് തയ്പ്പിക്കാൻ നേരമായി. ഇനിയിപ്പൊ ഒന്നു കെട്ടിയതാണെലും കുഴപ്പമില്ല, അവർക്കും ഇരു ചെവി അറിയാതെ തങ്ങൾക്ക് ഇഷ്റ്റപ്പെട്ട ആളെ തപ്പാം.


പെണ്ണുകാണലും മോതിരം മാറലുമെല്ലാം ഒറ്റക്കാവാമെങ്കിൽ കല്യാണവും അങ്ങനെ തന്നെ മതിയെന്നാണു ഇപ്പൊ മലയാളിയുടെ ഫാഷൻ. കല്യാണം കൂടാൻ ആർക്കും ക്ഷണമില്ല, പകരം റിസെപ്ഷനു വരാനാനു ക്ഷണം. വൈകിട്ട് ആറു മണി മുതൽ ഒൻപതോ പത്തോ മണി വരെ നീളുന്ന വിവാഹ സൽക്കാരങ്ങൾ. ആ സൽക്കാര പന്തലിലേക്ക് ഇടക്ക് വന്ന് മുഖം കാണിച്ച് ഭക്ഷണം കഴിച്ച് പിരിയുന്നവർ. അവർ പരസ്പരം കാണുന്നില്ല; പങ്ക് വെക്കുന്നില്ല ഒന്നും.

ലോകം വല്ലാതെ ചുരുങ്ങിപ്പോയിരിക്കുന്നു. ഗ്ലൊബൽ വില്ലേജ്. ഒപ്പം അവന്റെ മനസ്സും. വിവിധ സോഷ്യൽ സൈറ്റുകളിലാണു മലയാളിയുടെ സജീവ സാന്നിദ്ധ്യം നിറഞ്ഞാടുന്നത്. എന്തിനും ഏതിനും ഉപായങ്ങളും പരിഹാരങ്ങളും നിർദ്ദെശിക്കുന്നവൻ പക്ഷെ തന്റെ തൊട്ട അയൽക്കാരന്റെ പ്രശ്നം അറിയാനൊ പരിഹാരം നിർദ്ദേശിക്കാനൊ മുതിരുന്നില്ല. തൊട്ടടുത്ത് അടഞ്ഞു കിടക്കുന്ന വീട്ടിൽ നിന്നും ഒരു നാൾ ദുർഗന്ധം പുറത്തേക്ക് വമിക്കുകയും ആളും പോലീസും കൂടുകയും ചെയ്യുമ്പോളെ അവനറിയുന്നുള്ളു ആ വീട്ടിലെ അനക്കങ്ങളെല്ലാം എന്നന്നേക്കുമായി നിലച്ചിരിക്കുന്നു എന്ന്...

ഇതാണു ഇന്നു ഓരോ മലയാളിയുടേയും സ്ഥിതി. അവനവനിലേക്ക് തന്നെ ചുരുങ്ങി ഇല്ലാണ്ടായിക്കൊണ്ടിരിക്കുന്ന അവസ്ഥ. മൂന്നാമതൊരാൾ സാന്ത്വനവുമായി പടി കടന്നെത്താൻ ഉണ്ടെന്ന ഉൾതുടിപ്പ് പോലും അവനു നഷ്ടപ്പെട്ടിരിക്കുന്നു. ഒരു വീണ്ടെടുപ്പ് സാധ്യമാകുമോ ഇനി...?

****നാട്ടുപച്ചയിൽ പ്രസിദ്ധീകരിച്ചത്...


36 comments:

 1. ഇപ്പോള്‍ 'നാട്ടുപച്ച'നോക്കാറില്ല.മനപൂര്‍വമല്ല ട്ടോ.അതുകൊണ്ട് ഈ പോസ്റ്റു ഇവിടെ നിന്നും വായിക്കാന്‍ കഴിഞ്ഞതില്‍ സന്തോഷം...
  എല്ലാം മാറുന്നു.ഓരോ മാറ്റവും നല്ലതിനാവട്ടെ എന്ന് പ്രാര്‍ഥിക്കാം....

  ReplyDelete
 2. പഴയ കാലങ്ങള്‍ ഇനിയൊരിക്കലും തിരിച്ചുവരാന്‍ പോകുന്നില്ല.
  മലയാളിയുടെ മാറിയ മുഖച്ഛായ വ്യക്തമായി കാണിച്ചു തരുന്ന വാക്കുകള്‍ .
  ചുരുക്കം ചില ഗ്രാമങ്ങളിലിപ്പോഴും വേരറ്റുപോവാതെ ആ കാലത്തിന്റെ ചില അടയാളങ്ങളെങ്കിലും നിലനില്‍ക്കുന്നുണ്ട് എന്ന് സമാശ്വസിക്കാം.

  ReplyDelete
 3. മാറ്റം സംഭവിക്കുന്നത് ലേഖനത്തില്‍ സൂചിപ്പിച്ചത് പോലെ സാമുഹികബോധം നശിപ്പിച്ചുകൊണ്ടാകുമ്പോഴാണ് ആകെ പ്രയാസം തോന്നുന്നത്. കൂട്ടുകുടുംബം നശിക്കുകയും അണുകുടുംബം ആയിത്തീരുകയും ചെയ്തതോടെ സ്വാഭാവികമായും പലരായി പങ്കിട്ടു നടത്തിയിരുന്ന ഒരു കുടുംബത്തിലെ മുഴുവന്‍ സമയവും ഓരോരുത്തര്‍ ചെയ്യേണ്ടതായി മാറി. അവിടുന്നങ്ങോട്ട് ഓരോ കാര്യത്തിനും മനുഷ്യന് സമയം ഇല്ലാതാകാന്‍ തുടങ്ങി. പങ്കിടാന്‍ ആളില്ലാതായി.
  എന്തായാലും മാറ്റത്തിലൂടെ സാമുഹികമായ ബന്ധം കുറഞ്ഞുകൊണ്ടിരിക്കുന്നു (കേള്‍ക്കുന്നതും കാണുന്നതും ഒരേ വികാരമാല്ലല്ലോ ഉണ്ടാക്കുന്നത്) എന്ന് തന്നെ കാണേണ്ടിയിരിക്കുന്നു.

  ReplyDelete
 4. പ്രതിപാദിച്ചിരിക്കുന്ന കാര്യങ്ങളത്രയും സത്യം... പക്ഷേ, മാറ്റങ്ങൾ അനിവാര്യമല്ലേ...?

  ReplyDelete
 5. ലോകം വല്ലാതെ ചുരുങ്ങിപ്പോയി, അല്ലേ. കാലം നിശ്ചലമായി നില്‍ക്കുന്നില്ല. അനിവാര്യമായ മാറ്റം സംഭവിച്ചുകൊണ്ടേയിരിക്കും, നല്ലത് കെട്ടത് എന്നൊന്നുമില്ല. നമ്മള്‍ വെറും കാഴ്ചക്കാര്‍

  നല്ല പോസ്റ്റ്‌!!!

  ReplyDelete
 6. എല്ലാവർക്കും ഒത്തൊരുമിച്ച് നന്മയുടെ പാഠങ്ങൾ രചിക്കാം.

  ReplyDelete
 7. മാറ്റങ്ങള്‍ എല്ലായിടത്തുമായില്ലേ മുല്ലേ? പിന്നെ, കരിവിളക്കിനെ നിലവിളക്കാക്കി വര്‍ണ്ണിച്ച് കാര്യം നടത്താന്‍ ഇവര്‍ക്കുണ്ടായിരുന്ന പ്രത്യേക കഴിവുകൂടിയാണ് ഇവരോടൊപ്പം അപ്രത്യക്ഷമാകുന്നത്. :-)
  അവസാന പാരഗ്രാഫുകളില്‍ പറഞ്ഞിരിക്കുന്നതിനോട് യോജിക്കുന്നു.........

  ReplyDelete
 8. നീണ്ടുപരന്നു കിടന്ന ലോകം ഇപ്പോൾ ഉരുണ്ടുകൂടി ദാ 14 ഇഞ്ച്‌ സ്ക്രീനിലെത്തിയിരിക്കുന്നു.

  ReplyDelete
 9. അകലങ്ങള്‍ അടുത്താകുമ്പോള്‍ അടുപ്പങ്ങള്‍ അകന്നു പോകുകയാണ്.
  ആശംസകള്‍

  ReplyDelete
 10. വളരെ ശരിയാണ്

  ReplyDelete
 11. ബ്രോക്കെര്‍ ദല്ലാള്‍ എന്നീ നാമത്തില്‍ ചെറിയ ഒരു പരിഹാസത്തോടെ നമ്മള്‍ പറഞ്ഞിരുന്നവര്‍ രണ്ടു ജീവിതങ്ങളെ മന്ത്രങ്ങള്‍ ഉച്ചരിച്ചല്ലാതെ നാവിന്‍റെ വഴക്കം കൊണ്ട് ഒന്നാക്കുന്ന മഹനീയ പ്രവര്‍ത്തി ചെയ്തിരുന്നവര്‍ പഴമയുടെ പലതും വംശ നാശം സംഭവിച്ച കൂട്ടത്തില്‍ ഇ കൂട്ടരും ഇല്ലാതായി അല്ലെങ്കില്‍ അവരും കാലത്തിനൊപ്പം നടക്കാന്‍ പഠിച്ചു എന്നും പറയാം

  ReplyDelete
 12. പ്രസക്തവും സത്യസന്തവുമായ എഴുത്ത്......... ആശംസകള്‍

  ReplyDelete
 13. വളരെ കാലിക പ്രസക്തിയുള്ള ഒരു ലേഖനം. സത്യത്തില്‍ 'മാറ്റം' എന്നത് മാറ്റമില്ലാത്ത ഒന്നാണ് എങ്കിലും പലപ്പോഴും അത് കൂടുതല്‍ കുഴപ്പങ്ങളില്‍ എത്തിക്കുന്നു.
  നമ്മള്‍ പകപ്പോടെ നോക്കിക്കാണുന്നു വളരെ വേഗത്തില്‍ മാറുന്ന ഈ ലോകത്തെ. പണം ഏറെ പ്രാധാന്യം നേടുന്നു .
  ഈ വരികള്‍ കൂടുതല്‍ പ്രാധാന്യം ഉള്ളതാണ് .
  പണ്ട് ബ്രോക്കർ നാണ്വേട്ടന്റെയും മൂസാക്കാന്റെം പോക്കറ്റിൽ നമ്മൾ തിരികി കൊടുത്തിരുന്ന പത്തിന്റെയും അൻപതിന്റേയും മുഷിഞ്ഞ നോട്ടുകൾക്ക് പകരം ആയിരവും അതിന്റെ മുകളിലോട്ടുമാണു ചാർജ്.

  ReplyDelete
 14. മാറ്റമില്ലാത്തത് മാറ്റത്തിനു മാത്രം എന്നല്ലേ! മൂന്നാമതൊരാളില്ലാതെ അതു നടക്കുന്നത് വിരളം തന്നെ. ആ ആളിനു പരിണാമം സംഭവിച്ചിരിക്കുന്നു എന്നത് നേരു തന്നെ.

  പിന്നെയുമുണ്ട് മാറ്റങ്ങള്‍ . പണ്ടൊക്കെ നിശ്ചയമെന്ന ചടങ്ങ് പെണ്ണിന്റെ വീട്ടില്‍ ചെറുക്കന്റെ വീട്ടില്‍ നിന്ന് കാരണവന്മാരാരെങ്കിലും പോയി ചെയ്തു വന്നിരുന്ന ഒരു ഏര്‍പ്പാടായിരുന്നില്ലേ? ഇപ്പോ വലിയ ആര്‍ഭാടമായി നടക്കുന്നു അതും . പിന്നെ കല്യാണത്തിനാണെങ്കില്‍ ആയിരം പേരില്‍ കുറഞ്ഞൊന്നുമുണ്ടാവുക അപൂര്‍വ്വം . എന്തൊക്കെയോ ഉണ്ടെന്നുള്ള കാട്ടിക്കൂട്ടലല്ലേ ഇത് എന്ന് തോന്നായ്കയില്ല ആര്‍ഭാടങ്ങള്‍ കാണുമ്പോള്‍ .

  ReplyDelete
 15. നല്ല ലേഖനം. ഒരിക്കലും തിരിച്ചുവരില്ലെങ്കിലും ഇന്നത്തെ തലമുറയുടെ ഓമ്മകളില്‍ ഒരു നെടുവീര്‍പ്പായെങ്കിലും മൂന്നാമനും ഈ സംസ്കാരങ്ങളുമൊക്കെ ജീവിക്കുന്നു. പക്ഷേ നമ്മുടെ കാലവും കഴിഞ്ഞാല്‍? അന്നീ ലേഖനങ്ങളെല്ലാം വായിക്കുന്ന ചുരുക്കം ചിലരെങ്കിലും അക്ഷരങ്ങളിലൂടെ അറിയുമായിരിക്കുമല്ലേ അവരെ... ആശ്വസിക്കാം.

  ReplyDelete
 16. കുറെ നാളായി മുല്ലേ ഈ വഴി വന്നിട്ട്... നല്ല ലേഖനം...പറഞ്ഞത് വളരെ ശെരി..എങ്കിലും മാറ്റങ്ങളെ നമ്മള്‍ ഉള്കൊണ്ടാല്ലേ പറ്റൂ...

  ReplyDelete
 17. ഇവിടെ എത്തിപെടാന്‍ ഇപ്പോഴാണ് നിയോഗമുണ്ടായത്..!
  ഇന്നെത്തെ കാലത്തിനു പ്രസക്തമാണ് ഈ വരികള്‍ ...
  നല്ല ലേഖനം
  ആശംസകളോടെ
  അസ്രുസ്

  http://asrusworld.blogspot.com/
  http://asrusstories.blogspot.com/
  http://asruscaricatures.blogspot.com/
  http://www.facebook.com/asrus
  ഇതൊക്കെയാണ് പോലും ഞാന്‍ ...കഷ്ടം.. അല്ലേ (എനിക്കും തോന്നി) !!?

  ReplyDelete
 18. ഇന്നത്തെ മൂന്നാമൻ നമ്മുടെ മടിയിൽ കയറിയിരിക്കുന്ന ലാപ്പ് തന്നെയല്ലെ

  ReplyDelete
 19. മൂന്നാമതൊരാള്‍......

  മുല്ല കേമമായി എഴുതീലോ. കൊള്ളാം. അഭിനന്ദനങ്ങള്‍.

  ReplyDelete
 20. ഇതാണു ഇന്നു ഓരോ മലയാളിയുടേയും സ്ഥിതി. അവനവനിലേക്ക് തന്നെ ചുരുങ്ങി ഇല്ലാണ്ടായിക്കൊണ്ടിരിക്കുന്ന അവസ്ഥ....നല്ല എഴുത്ത്...അഭിനന്ദനങ്ങള്‍

  ReplyDelete
 21. ജോലിതിരക്കിലായിരുന്നു കാണാന്‍ വൈകി, യാഥാര്‍ത്യങ്ങള്‍ ..നന്നായി പറഞ്ഞു മുല്ല .

  ReplyDelete
 22. നല്ല ലേഖനം. ആരെയും ഇരുത്തി ചിന്തിപ്പിക്കും. ഇതിന്റെയൊക്കെ അടിസ്ഥാനത്തില്‍, കേരളം ഭ്രാന്താലയം ആണ് എന്ന് സ്വാമി വിവേകാനന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇവിടെയെന്നല്ല കേരളത്തിന്‌ പുറത്തും ഇങ്ങിനെയൊക്കെത്തന്നെ. കുറെക്കാലമായി മഹാരാഷ്ട്രയില്‍ താമസക്കാരനായ ഞാന്‍ പറയട്ടെ. ഒരാളെ പരിചയപ്പെടുമ്പോള്‍ ചോദിക്കുന്നത് താങ്കളുടെ
  സ്ഥാനപ്പേര് (പേരല്ല) എന്ത് എന്നാണ്. പേര് പ്രശ്നമല്ല എന്നര്‍ത്ഥം സ്ഥാനപ്പേര് വഴി ജാതി മനസ്സിലാക്കാമല്ലോ.
  http://drpmalankot0.blogspot.com
  http://drpmalankot2000.blogspot.com

  ReplyDelete
 23. അവനവനിലേക്ക് തന്നെ ചുരുങ്ങി ഇല്ലാണ്ടായിക്കൊണ്ടിരിക്കുന്ന അവസ്ഥ. മൂന്നാമതൊരാൾ സാന്ത്വനവുമായി പടി കടന്നെത്താൻ ഉണ്ടെന്ന ഉൾതുടിപ്പ് പോലും അവനു നഷ്ടപ്പെട്ടിരിക്കുന്നു. ഒരു വീണ്ടെടുപ്പ് സാധ്യമാകുമോ ഇനി...?

  ഇനിയൊരു വീന്ടെടുപ്പ്‌ ഉണ്ടാവില്ല. മാറ്റമില്ലാത്തതായി മാറ്റം മാത്രം.
  വളരെ ഭംഗിയായി തന്നെ എഴുതി

  ReplyDelete
 24. കാലിക പ്രസക്തിയുള്ള നല്ലൊരു ലേഖനം നന്നായി എഴുതി മുല്ല ..!

  ReplyDelete
 25. നന്നായിരിക്കുന്നു ലേഖനം
  നല്ല എഴുത്ത്...അഭിനന്ദനങ്ങള്‍

  ReplyDelete
 26. നാട്ടിന്‍ പുറം ആയതു കൊണ്ടാണോ എന്നറിയില്ല ഈ മൂന്നാമന്‍മാര്‍ ഞങ്ങളെ നാട്ടില്‍ കൂടികൊണ്ടിരിക്കുന്നു .പിന്നെ മൂന്നാമന്‍ മാരയാലും നമ്മള്‍ ജാതിയും മതവും ഒക്കെ നോക്കി തന്നെയല്ലേ വിവാഹം ആലോചിക്കുന്നത്? ,അതെ ജോലി മാട്രിമോണിയാലുകാരും ചെയ്യുന്നതില്‍ അവരെ തെറ്റ് പറയാന്‍ പറ്റുമോ ??.

  ReplyDelete
 27. ഇനിയിപ്പോ മൂന്നാമതൊരാളെ വല്ല സിനിമയിലുമൊക്കെ കാണാം

  ReplyDelete
 28. മാറ്റമില്ലാത്തത് മാറ്റത്തിനുമാത്രമാണ് എന്നല്ലേ..

  ReplyDelete
 29. അതെ..അവനവനിലേക്ക് ചുരുങ്ങിക്കൊണ്ടിരിക്കുന്നു..സമൂഹബന്ധങ്ങളുണ്ടാക്കാൻ ആളുകൾക്ക് താല്പര്യം കുറഞ്ഞ് വരുന്നു..

  ReplyDelete
 30. മുല്ല , വരച്ചു കാട്ടിയത് ഒരു കാലത്തിന്റെ നോവ് തന്നെ ..
  പുതിയ തലങ്ങളിലേക്ക് ചുവട് മാറ്റുമ്പൊള്‍
  നമ്മളില്‍ നിന്നും കുടിയിറങ്ങി പൊകുന്നത് ..
  ഇത്തവണ നാട്ടില്‍ പൊയപ്പൊള്‍ കൂട്ടുകാരി
  പകര്‍ത്തിയതിന്റെ പൊരുള്‍ കണ്ടിരുന്നു ..
  വരുന്ന മിക്ക കല്യാണ കത്തുകളില്‍ കല്യാണ
  ദിവസത്തേ കുറിച്ചില്ല , " അഫ്റ്റര്‍ മാരേജ് "
  ആണ് എല്ലായിടത്തും , സംവേദനങ്ങള്‍ അവിടെന്നെങ്കിലും
  ഉണ്ടാകട്ടെ എന്നാശ്വസ്സിക്കാം ..
  കൂട്ട് കുടുംബങ്ങളില്‍ നിന്ന് അണു കുടുംബത്തിലേക്കുള്ള
  യാത്രയില്‍ നമ്മുക്ക് നഷ്ടമാകുന്നതിന്റെ കണക്കുകള്‍
  ഇത്തരത്തിലുള്ള വായനയിലൂടെയാണ് ആഴം തൊടുക ..
  ഇപ്പൊള്‍ ആണും പെണ്ണും സ്വയം കണ്ടെത്തി അറിഞ്ഞ്
  ചാറ്റ് ചെയ്തു കല്യാണം കഴിക്കുന്നുന്റ് , നല്ലത് തന്നെ
  കുടുംബത്തിന്റെ പിന്‍ബലം ഇല്ലാതെ രൂപപെടുന്ന
  ഈ ബന്ധങ്ങള്‍ ദീര്‍ഘകാലം നിലനില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം ..
  ഈ ഓര്‍മക്ക് , തിരിഞ്ഞ് നോക്കുന്ന കണ്ണിനും മനസ്സിനും
  നനദി സഖീ .. സ്നേഹപൂര്‍വം

  ReplyDelete
 31. വാസ്തവം..
  ബ്രോക്കറുടെ റോള്‍ ഓണ്‍ ലൈന്‍ ഏറ്റെടുത്തു.
  കുറ്റം പറയരുതല്ലോ,ഞങ്ങള്‍ക്ക് പുതിയാപ്പിളയെ തന്നത് matrimonial site ആണ്.

  ReplyDelete
 32. നന്നായിരിക്കുന്നു...
  ഞങ്ങളുടെ നാട്ടിലുംണ്ട് മൂന്നാമന്‍മാര്‍...
  ഇപ്പോ ക്ഷയിച്ചുവരുന്നു.
  വംശം കുറ്റിയറ്റുപോവുമോയെന്നു ഭയക്കുന്നു.

  ReplyDelete
 33. Piriyunnathinu munpulla Bandhanam ....!!!

  Manoharam, Ashamsakal...!!!

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..