Saturday, November 3, 2012

ഖജുരാഹോ....

ആഗ്രയിലെ മൂന്നു കൊല്ലക്കാലത്തെ വാസത്തിനിടക്ക് ഒരുപാട് സ്ഥലങ്ങള്‍ കാണാന്‍ പറ്റിയിട്ടുണ്ട്. അവിടെ ഞങ്ങള്‍ മലയാളികള്‍ക്ക് ഒരു ക്ലബുണ്ടായിരുന്നു. റോസസ് ക്ലബ്. യാത്രകളായിരുന്നു മുഖ്യ അജണ്ട. അങ്ങനെയാണു അക്കൊല്ലം ഖജുരാഹോയിലേക്ക് പോകാന്‍ തീരുമാനിക്കുന്നത്. ജാന്‍സി വഴി ഖജുരാഹോയിലേക്ക്,അവിടുന്ന് ഇന്ത്യയുടെ ഡയമണ്ട് സിറ്റിയായ പന്നയിലേക്ക്... ആഗ്രയില്‍ നിന്നും 175 കിലോമീറ്ററാണു ജാന്‍സിയിലേക്ക്,അവിടുന്നൊരു 220 കിലോമീറ്റര്‍ ഖജുരാഹൊയിലെക്കും. ഒരുപാട് ഫോട്ടോസ് എടുത്തിരുന്നു യാത്രയിലുടനീളം. പത്ത് കൊല്ലം മുന്‍പാണത്.പിന്നീടുള്ള കൂടു വിട്ട് കൂട് മാറലുകള്‍ക്കിടയില്‍ അതൊക്കെ എവിടെയോ നഷ്ട്ടപ്പെട്ടു പോയി. ഓര്‍മ്മകള്‍ മാത്രം ബാക്കി...ഇനി അവയും മാഞ്ഞു പോകും മുന്‍പ് ഇവിടെ കോറിയിടട്ടെ. ആഗ്രയില്‍ നിന്നും പുറപ്പെട്ട് ബിന,മൊറീന എന്നീ സ്ഥലങ്ങള്‍ കഴിഞ്ഞാല്‍ പിന്നെ ചമ്പലായി. ഇനി യാത്ര ചമ്പല്‍ കാടുകള്‍ക്കരികിലൂടെ...കാട് എന്നു കേട്ട് കുളിരു കോരേണ്ട. ഒരു പുല്‍നാമ്പ് പോലുമില്ല എങ്ങും. പണ്ട് നമ്മള്‍ ചിരട്ട കൊണ്ട് മണ്ണപ്പം ചുടില്ലെ, അതുപോലുള്ള കുഞ്ഞു കുഞ്ഞ് ചുവന്ന മൊട്ടക്കുന്നുകള്‍ ,അടുത്തടുത്തായ് , അവക്കിടയിലൂടെ വളഞ്ഞു പുളഞ്ഞു പോകുന്ന ഇടുങ്ങിയ വഴികള്‍, അവിടെങ്ങും മുള്ളുകളുള്ള ഒരു തരം കുറ്റിച്ചെടികളാണു നിറയെ. കുതിരപ്പുറത്തേ സഞ്ചരിക്കാന്‍ പറ്റൂ...ഒരു കാലത്ത് ഉത്തര്‍പ്രദേശ്,മദ്ധ്യപ്രദേശ് സര്‍ക്കാറുകളെ വെള്ളം കുടിപ്പിച്ചിരുന്ന ഇന്ത്യയുടെ ബാന്‍ഡിക്റ്റ് ക്യൂ‍ന്‍ ഫൂലന്‍ ദേവിയും കൂട്ടാളികളായ വിക്രമും മാന്‍സിംഹുമെല്ലാം വിഹരിച്ചിരുന്ന ഇടം. ഫൂലനും കൂട്ടരുമേ ഇല്ലാതായിട്ടുള്ളു, പക്ഷേ ഇപ്പഴും ഈ പ്രദേശത്ത് പിടിച്ച് പറി സംഘങ്ങള്‍ വളരെ സജീവമാണത്രെ.

ഒരു ഭാഗത്ത് ചമ്പല്‍ നദി ,കലങ്ങി മറിഞ്ഞ് ,ചളി നിറഞ്ഞ് ,വളഞ്ഞ് പുളഞ്ഞ് ഒഴുകുന്നു. ആലോചിക്കുംപ്പോ അല്‍ഭുത തോന്നും,ഇത്രേം ദുര്‍ഘടമായ ഒരു വിജന പ്രദേശത്ത് ,എങ്ങനെയാണു വര്‍ഷങ്ങളോളം ഫൂലനും കൂട്ടരും പൊരുതി നിന്നത്. അവരുടെ ഇഛാശക്തിയും തന്റേടവുമാണു അതിനവരെ പ്രാപ്തയാക്കിയത്. ഉത്തര്‍ പ്രദേശിലെ അവര്‍ണ്ണ സമുദായത്തില്‍ ജനിച്ച ഒരു പെണ്‍കുട്ടിയെ ഇന്ത്യയെ വിറപ്പിക്കുന്ന ഒരു കൊ ള്ളക്കാരിയാക്കിത്തീര്‍ത്തത് ആ സമൂഹത്തില്‍ നില നിന്നിരുന്ന അഭിശപ്തമായ സാമൂഹിക സാമ്പത്തിക പരിതസ്ഥികളാണു. ഇന്നും ജാതി വ്യവസ്ഥ വളരെ ശക്തമായ് നിലനില്‍ക്കുന്നുണ്ട് അവിടങ്ങളില്‍. ജാട്ടുകളേയും മറ്റ് താണ ജാതിക്കാരെയൊന്നും സവര്‍ണര്‍ വീട്ടില്‍ കയറ്റില്ല. പുതിയ പുതിയ കണ്ട് പിടുത്തങ്ങളും നിര്‍മ്മിതിയുമൊക്കെയായ് ശാസ്ത്രം ഒരുപാട് മുന്നോട്ട് പോയിട്ടുണ്ട്പക്ഷേ മനുഷ്യന്റെ മനസ്സ് ,അതിപ്പഴും തുടങ്ങിയടത്ത് തന്നെ നില്‍ക്കുകയാണു. ഫൂലന്‍ കൂട്ടരേയും ചമ്പലില്‍ തന്നെ വിട്ട് ഞങ്ങള്‍ യാത്ര തുടര്‍ന്നു, ജാന്‍സിയിലേക്ക്, ഫൂലനില്‍ നിന്നും ലക്ഷ്മീ ഭായിയിലേക്ക് അധികം ദൂരമില്ല.സാഹചര്യങ്ങളാണു അവരെ രണ്ട് ധ്രുവങ്ങളിലാക്കിയത്. ലക്ഷ്മീഭായി ജനിച്ചത് വരാണസിയില്‍ ഒരു സവര്‍ണ്ണ ബ്രാഹ്മണന്റെ മകളായിട്ട്. അവര്‍ ജാന്‍സിയിലെത്തിയത് മഹാരാജാ ഗംഗാദര്‍ റാവുവിന്റെ പട്ടമഹിഷിയായി.ചരിത്രത്തില്‍ തങ്കലിപികളില്‍ എഴുതിച്ചേര്‍ത്ത പേരാണു റാണീ ലക്ഷ്മീഭായിയുടേത്. ബ്രീട്ടീഷുകാര്‍ക്കെതിരെയുള്ള ആദ്യ സ്വാതന്ത്ര്യ സമരത്തിലെ വീരനായിക. 1606 ല്‍ മഹാരാജ ബീര്‍സിംഗ് ആണു ജാന്‍സികോട്ട പണികഴിപ്പിച്ചത്. കോട്ടക്കിപ്പോഴും പറയത്തക്ക കേടുപാടുകളൊന്നുമില്ല. കരിങ്കല്ലിലാണു കോട്ടയുടെ നിര്‍മ്മിതി. കോട്ടക്ക് ചുറ്റും കിടങ്ങുണ്ട്, പത്ത് വാതിലുകള്‍ ഉണ്ട് കോട്ടക്ക്. ഓരോ പേരാണു ഓരോന്നിനും.ലക്ഷ്മി ഗേറ്റ്, സാഗര്‍ ഗേറ്റ്,ഓര്‍ച്ച ഗേറ്റ് തുടങ്ങി...,പണ്ടോക്കെ രാജാക്കന്മാര്‍ റാണിമാരോടോ മക്കളോടോ സ്നേഹം തൊന്നിയാല്‍ ഉടനെ പണികഴിപ്പിക്കും ഒരു ദര്‍വാസാ, അല്ലേല്‍ ഒരു മഹല്‍ എന്നിട്ടതിനു അവരുടെ പേരും ഇടും രാജകാലമല്ലേ..തിരുവായ്ക്ക് എതിര്‍വായ് ഇല്ല. കോട്ടക്കകത്ത് ഒരു അമ്പലമുണ്ട് ,ശിവ പ്രതിഷ്ഠ ,ജാന്‍സി ഗാര്‍ഡനൊക്കെ പുല്ലുമൂടിക്കിടക്കുന്നു. ഒരുകാലത്ത് കുതിരക്കുളമ്പടികളും പോര്‍വിളികളാലും പ്രകമ്പനം കൊണ്ടിരുന്ന രണ ഭൂമിയാണിത്. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ വിലപ്പെട്ട ഒരേട് നമുക്കിവിടെ നിന്നും കണ്ടെടുക്കാനാവും.. തങ്ങളുടെ സാമ്രാജ്യത്തിന്റെ അതിരുകള്‍ വിസ്തൃതമാക്കാന്‍ എന്തിനും തയ്യാറാകുന്ന ബ്രിട്ടീഷ്കാരുടെ ദുരയാണു ലക്ഷ്മീഭായിയെയും ജാന്‍സിയിലെ ജനങ്ങളെയും പോരാട്ടത്തിലേക്ക് തള്ളിവിട്ടത്. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍ വിധവയാകുമ്പോള്‍ അവര്‍ക്ക് കുട്ടികളുണ്ടായിരുന്നില്ല. ദത്തെടുത്ത മകന്‍ അനന്തരാവകാശിയാവാന്‍ നിയമമില്ലായെന്ന വരട്ടുവാദം പറഞ്ഞാണ് ലോര്‍ഡ് ഡാല്‍ഹൌസി ജാന്‍സി ഏറ്റെടുക്കാന്‍ എത്തുന്നത്. ജാന്‍സിലെ ജനങ്ങളും റാണിയും തങ്ങളുടെ സ്വാതന്ത്ര്യം അടിയറ വെക്കാന്‍ തയ്യാറായിരുന്നില്ല. പൊരിഞ്ഞ പോരാട്ടമാണു അവിടെ നടന്നത്, തന്റെ ദത്തുപുത്രനെ പുറത്ത് വെച്ചു കെട്ടി, ഇരു കൈകളിലും വാളേന്തി കുതിരയുടെ കടിഞ്ഞാണ്‍ വായില്‍ കടിച്ച് പിടിച്ച് റാണി ധീരമായ് പൊരുതി. പക്ഷേ വിജയം ബ്രിട്ടീഷ്കാരുടെ ഭാഗത്തായിരുന്നു. പിടിക്കപ്പെടുമെന്ന ഘട്ടം വന്നപ്പോള്‍ റാണി കുതിരയേം കൊണ്ട് കോട്ടക്ക് മുകളില്‍ നിന്നും താഴെക്ക് ചാടി. റാണിയും മകനും വന്നു വീണ സ്ഥലം കോട്ടക്ക് താഴെ പ്രത്യേകം അടയാളപ്പെടുത്തിയിരിക്കുന്നു. ഗുരുതരമായ് പരിക്കേറ്റെങ്കിലും രക്ഷപ്പെട്ട അവര്‍ കല്‍പ്പിയിലെത്തി. പിന്നീട് കല്‍പ്പിയില്‍ വെച്ച് നടന്ന രണ്ടാമത്തെ യുദ്ധത്തിലാണു ജാന്‍സി റാണി കൊല്ലപ്പെട്ടത്. ഇരുപത്തിരണ്ടാമത്തെ വയസ്സില്‍. പണ്ട് സോഷ്യല്‍ സയന്‍സ് ക്ലാസില്‍ ജാന്‍സി റാണിയെ പറ്റി കാണാതെ പഠിക്കുമ്പോള്‍ സ്വപ്നേപി കരുതിയതല്ല അവരുടെ ചോര പുരണ്ട മണ്ണില്‍ കാലുകുത്താന്‍ പറ്റുമെന്ന്!
ഇനി ഞങ്ങള്‍ക്ക് പോകേണ്ടത് ഖജുരാഹോയിലേക്കാണു. ക്ഷേത്രങ്ങളുടേയും ശില്‍പ്പങ്ങളുടെയും നാട്.ചന്ദേലാ രാജവംശത്തിന്റെ ആസ്ഥാനം. ചന്ദ്ര ഭഗവാന്റെ സന്തതി പരമ്പരകളാണു ചന്ദേലാസ് എന്നാണു മതം. അതീവ സുന്ദരിയായിരുന്നു ഹൈമവതി,രാജ പുരൊഹിതന്റെ മകള്‍,ഒരു രാത്രി പള്ളിനീരാട്ടിനിറങ്ങിയ ഹൈമവതിയെ കണ്ട ചന്ദ്ര ഭഗവാന്‍ നേരെ സ്പുട്ടിനിക്കില്‍ കയറി ഇങ്ങു പോന്നു. പുലര്‍ച്ചെ ഞെട്ടിയുണര്‍ന്ന് വാച്ചില്‍ നോക്കിയ ചന്ദ്രമാ ചാടിയെണീറ്റു. സൂര്യ ഭഗവാന്‍ എഴുന്നള്ളുന്നതിനു മുന്‍പ് അങ്ങെത്തിയില്ലേല്‍ ഉള്ള പണി പോകും. കരഞ്ഞു കാലു പിടിച്ച ഹൈമവതിയെ അങ്ങോര്‍ സമാധാനിപ്പിച്ചു ഒരു വരം കൊടുത്തു. നിനക്കൊരു പുത്രനുണ്ടാകും,അവനൊരിക്കല്‍ മഹാരാജാവാകും, അവന്‍ നിന്റെ യശസ്സ് വാനോളം ഉയര്‍ത്തും.ആ മകനാണു ചന്ദ്രവര്‍മ്മന്‍.
ചന്ദ്രവര്‍മ്മനാണു ഈ ക്ഷേത്ര നഗരി പണിതത്, 200 വര്‍ഷം കൊണ്ടാണു ഈ ക്ഷേത്ര സമുച്ചയം പണിതുയര്‍ത്തിയത്. മധ്യ കാല ഇന്ത്യയുടെ നിര്‍മ്മാണ വൈദഗ്ദ്യവും ശില്പ ചാരുതയും വിളിച്ചോതുന്നതാണു ഓരോ ക്ഷേത്രങ്ങളും. മൊത്തം 88 ക്ഷേത്രങ്ങളാണു, മൂന്നു വിങ്ങുകളിലായി,അതങ്ങനെ പരന്നു കിടക്കുന്നു. ഇപ്പോള്‍ 22 എണ്ണമേ അവശേഷിക്കുന്നുള്ളു. ബാക്കിയൊക്കെ ഇടിഞ്ഞു പോയിരിക്കുന്നു.എട്ട് ഗേറ്റുകളാണു ഈ സമുച്ചയത്തിനു.ഓരോ കവാടത്തിനും കാവലെന്ന പോലെ രണ്ട് ഈന്തപ്പനകള്‍. അതില്‍ നിന്നാണു ഖജുരാഹോ എന്ന പേര്‍ വന്നത്, ഖജൂര്‍ എന്നാല്‍ ഈന്തപ്പന.റെഡ് സ്റ്റോണിലാണു ക്ഷേത്രം നിര്‍മ്മിച്ചിരിക്കുന്നത്, സിമെന്റ് ഉപയൊഗിച്ചിട്ടേയില്ല. ഓരോ കല്ലും ഒന്നിനോട് യോജിപ്പിച്ച് വച്ചിരിക്കുന്നു. ഇന്റെര്‍ ലോക്കിങ്.
ഖജുരാഹോയിലെ ശില്പങ്ങള്‍ ലോകപ്രശസ്തമാണു, അന്നത്തെ ശില്‍പ്പികളുടെ കഴിവ് അപാരം.അത്രയും ചാരുതയോടെയാണു ഓരോ ഭാവങ്ങളും അവര്‍ കല്ലില്‍ കൊത്തിവെച്ചിരിക്കുന്നത്. മനുഷ്യന്റെ ദൈനംദിന ജീവിതത്തീലെ എല്ലാ കാര്യങ്ങളും അവര്‍ പകര്‍ത്തിയിട്ടുണ്ട്. കൃഷിയും കാലി വളര്‍ത്തലുമായിരുന്നു അവരുടെ ഉപജീവന മാര്‍ഗങ്ങള്‍ എന്നു ആ ശില്‍പ്പങ്ങള്‍ പറയുന്നു. കൂടാതെ പ്രണയം സ്നേഹം രതി എന്നീ ഭാവങ്ങളും വളരെ തന്മയത്തോടെ ആ ക്ഷേത്ര ച്ചുവരുകളില്‍ കാണാം.വിശപ്പ് ദാഹം എന്നിവയൊക്കെ പോലെ പ്രണയവും രതിയുമൊക്കെ മനുഷ്യന്റെ അടിസ്ഥാന ചോദനകളാണെന്നും അവയെ പേടിക്കേണ്ടതില്ലെന്നുമാണു ആ കാലഘട്ടത്തിലെ ആളുകള്‍ കരുതിയിരുന്നത്. പക്ഷേ ഇന്നോ ,എല്ലാവരും കൂടെ ചര്‍ച്ച ചെയ്ത് ചര്‍ച്ച ചെയ്ത് ലൈംഗികത എന്നാല്‍ എന്തോ ഭീകര കാര്യമാണെന്ന തോന്നലാണു ഉളവാക്കിയിരിക്കുന്നത്. ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ അണ്ഡകഠാഹ ഹുന്ത്രാപ്പി ബുസ്സാട്ടോ!!
ക്ഷേത്രത്തിന്റെ പുറം ചുവരില്‍ മാത്രമേ രതിശില്‍പ്പങ്ങള്‍ ഉള്ളു.അതിനു പിന്നിലുള്ള ഐതിഹ്യങ്ങള്‍ രസകരമാണു മനുഷ്യന്‍ തന്റെ ലൌകിക ആഗ്രഹങ്ങള്‍ പുറത്തുപേക്ഷിച്ച് വേണം അകത്തേക്ക് ,അതായത് ആത്മീയതയിലേക്ക് പ്രവേശിക്കാന്‍.യോഗയും ഭോഗവും ഒരേ ലക്ഷ്യത്തിലേക്കുള്ള അതായത് മോക്ഷ്ത്തിലേക്കുള്ള മാര്‍ഗമാണത്രെ. പിന്നെ ഒരു ഐതിഹ്യം കൂടിയുണ്ട്. ഇന്ദ്രനാണല്ലോ ഈ ഇടിയും മിന്നലിന്റെയുമൊക്കെ ബട്ടണ്‍ കണ്‍ ട്രോള്‍ ചെയ്യുന്നത്. ഇമ്മാതിരി കലകളുടെ ആശാനാണു ചങ്ങാതി. അപ്പോള്‍ ഇടിയും മിന്നലും അയക്കുമ്പോള്‍ ഈ ഭാഗത്തേക്കുള്ള ഫ്യൂസ് ഊരും. അപ്പോ ഇടിയും മിന്നലുമേറ്റ് ക്ഷേത്രം നശിക്കില്ല.. ചന്ദ്ര വര്‍മ്മനു ബുദ്ധിയുണ്ട്. കഥകളെന്തൊക്കെയായാലുംആ കാലഘട്ടത്തില്‍ ഇമ്മാതിരിയൊന്നു പണിതുണ്ടാക്കായ മനുഷ്യന്റെ കഴിവിനെ ശ്ലാഘിച്ചെ പറ്റൂ. കാഴ്ചകള്‍ കണ്ട് പുറത്തിറങ്ങിയപ്പോഴേക്കും സൂര്യനും അന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് പോകാന്‍ തിരക്കു കൂട്ടുന്നു. ഞങ്ങള്‍ക്കും പോയേ പറ്റൂ.പന്നയിലെത്തണം, ഇന്ത്യയുടെ ഡയമണ്ട് സിറ്റി. ഇവിടെ നിന്നു 40 കി.മി ആണു പന്നയിലേക്ക്. ഇന്ത്യയുടെ ഡയമണ്ട് ഉല്പാദനത്തിന്റെ ഏറിയ പങ്കും പന്നയിലെ മജഗാവന്‍ മൈനില്‍ നിന്നുമാണു.നാഷണല്‍ മിനെറല്‍ ഡെവെലപ്മെന്റ് കൊര്‍പ്പറേഷന്റെ (NMDC) കീഴിലാണു മൈന്‍.പന്നയുടെ പണ്ടത്തെ പേര്‍ പത്മാവതി പുരി എന്നാണു. പന്ന എന്നാല്‍ ഡയമണ്ട് എന്നാണു അര്‍ഥം,അതറിയാതെയാണൊ നമ്മള്‍ പലപ്പോഴും പറയാറില്ലേ അവനാളൊരു പന്നയാണെന്ന്!! രാജാ ചത്രസാലനാണു പന്നയുടെ വാണിജ്യ പ്രാധാന്യം മനസ്സിലാക്കുന്നതും ഡയമണ്ട് കുഴിച്ചെടുക്കാന്‍ തുടങ്ങുന്നതും.വലിയ കൂറ്റന്‍ പാറക്കല്ലുകളുമായ് ലോറികള്‍ ഇടതടവില്ലാതെ ഫാകറ്ററിയിലേക്ക് പോകുന്നത് കാണുമ്പോള്‍ കൊതി തോന്നി, ഒരു ചെറിയ ഡയമണ്ട് വീണു കിട്ടിയിരുന്നേല്‍ എന്ന്...., ഫാക്റ്ററിയില്‍ വെച്ച് ഈ പാറക്കല്ലുകള്‍ ഇടിച്ച് പൊടിയാക്കും, എന്നിട്ടത് ഒരു സ്ഥലത്ത് പരത്തിയിടും,പിന്നെയാണു ഡയമണ്ട് തിരയുക, ഹാന്‍ഡ് പിക്കിംഗ്.
വജ്രം തേടിയുള്ള ഞങ്ങളുടെ യാത്ര ഇവിടെ തീരുകയാണു, വജ്രമൊന്നും സ്വന്തമാക്കാനായില്ലെങ്കിലും ആ യാത്രയിലെ വഴികള്‍,ആളുകള്‍ ,അവരുടെ ജീവിത രീതി, എല്ലാം വജ്രത്തിളക്കത്തോടെ മനസ്സില്‍ മായാതെ നില്‍ക്കുന്നുണ്ട്

66 comments:

 1. 'പന്ന' പോസ്റ്റ്‌ !
  ആശംസകള്‍ നേരുന്നു !!

  ReplyDelete
  Replies
  1. ഉം..ഒരു പന്ന നന്ദി.

   Delete
 2. ഹൊ! അപ്പോ ഈ ബ്ലോഗ് 'പന്ന'യാണെന്ന് പറയാല്ലെ..?

  ReplyDelete
  Replies
  1. ഒന്നൊന്നര പന്ന.

   Delete
 3. കാഴ്ചയും ചരിത്രവും വിവരിച്ച ഈ ഓര്‍മയിലെ യാത്ര വിവരണം ഹൃദ്യമായി
  ഭാവുകങ്ങള്‍

  ReplyDelete
  Replies
  1. ഓർമ്മകളൊക്കെ മാഞ്ഞു പോണെനു മുൻപ് ഒരു കോറിയിടൽ. വന്നതിനും അഭിപ്രായത്തിനും നന്ദി.

   Delete
 4. ഹഹഹ് കുറുമ്പടി അത് കലക്കി

  ReplyDelete
 5. കൊള്ളാം മുല്ലേ ... പണ്ട് സാമൂഹ്യപാഠപുസ്തകത്തിലെ പഠിച്ചു മറന്ന പാഠങ്ങള്‍ ഓര്‍ത്തു . എനിക്കിതില്‍ പലതും പുതിയ അറിവുകള്‍ . യാത്രകള്‍ എന്ത് രസമാണല്ലേ ,പ്രത്യേകിച്ചും ഇതുപോലുള്ള ചരിത്രമുറങ്ങുന്ന ഇടങ്ങളിലേക്ക് ആകുമ്പോള്‍ . അനുഭവങ്ങള്‍ പങ്കു വെച്ചതിനു നന്ദി .ഒന്ന് മറന്നു ഫോട്ടോകള്‍ എല്ലാം നന്നായിരുന്നു .

  ReplyDelete
  Replies
  1. അനാമികെ, ആ ചിത്രങ്ങളൊക്കെ ഗൂഗിളമ്മച്ചീടെയാ. എന്റെ കൈയിലുണ്ടായിരുന്ന ചിത്രങ്ങളൊക്കെ എവിടെയോ നഷ്ടപ്പെട്ടു. കൂടു വിട്ട് കൂട് മാറുന്നതിനിടയിൽ സംഭവിക്കുന്ന അനിവാര്യത.

   Delete
 6. യാത്രകളിൽ നിന്നും കിട്ടുന്ന ചിലതിന്ന് വജ്രത്തെക്കൾ തളക്കം
  അത് മറ്റുള്ളവർക് പറഞ്ഞുതരുമ്പോൾ അതിന്റെ തിളക്കം കൂടി കൂടി വരുന്നു

  ആശംസകൾ

  ReplyDelete
 7. ചരിത്രാവഷിഷ്ടങ്ങളുടെ നേര്‍ക്കാഴ്ച്ചകള്‍ക്കൊപ്പം അതിന്‍റെ ഭൂതകാലവഴികളിലൂടെ സഞ്ചരിച്ച തൂലികക്കൊപ്പമെത്താനും മനസ്സിന് കഴിഞ്ഞു.ആശംസകളോടെ..

  ReplyDelete
  Replies
  1. നല്ല വാക്കുകൾക്ക് നന്ദി.

   Delete
 8. കുറെക്കാലമായി ഒരു യാത്ര വിവരണം വായിച്ചിട്ട്.. നല്ലൊരു അനുഭവം..

  ReplyDelete
  Replies
  1. സന്തോഷം വരവിനും അഭിപ്രായത്തിനും.

   Delete
 9. ലേഖനം തന്നെ അക്ഷരങ്ങളുടെ 'വജ്രശേഖര'മല്ലേ?പണ്ടു പഠിച്ചു മറന്നവ സചിത്രം 'ജീവനോടെ' മുമ്പില്‍ വശ്യമായ ശൈലിയില്‍ വിവരിച്ചു കണ്ടപ്പോള്‍ ആദ്യവായനയില്‍ തന്നെ ഒരു യാത്രക്ക് കഴിഞ്ഞെങ്കില്‍ എന്നു വെറുതെ മോഹിച്ചു....അഭിനന്ദനങ്ങള്‍,ഊഷ്മളമായി...!

  ReplyDelete
 10. ഒരപേക്ഷകോടി.ഈ ലേഖനം കുടുംബ മാധ്യമത്തിലേക്ക് അയച്ചു കൊടുക്കുമോ ?

  ReplyDelete
  Replies
  1. മാഷെ, അയച്ചു കൊടുത്താലും പ്രസിദ്ധീകരിക്കുമൊ ആവോ..

   Delete
  2. ആത്മവിശ്വാസത്തോടെ അയച്ചു കൊടുക്കുക.'അദ്ഭുത ശിശുക്കള്‍' എന്ന ഇന്നത്തെ -4/11/12-വാരാദ്യ മാധ്യമത്തിലെ ലേഖനം കണ്ടില്ലേ?നിരാശപ്പെടരുത്.കുറേ അയച്ചിട്ടാണ് എന്‍റെ 'കവിതകള്‍'വെളിച്ചം കാണുന്നത്.ഇത് എന്തായാലും 'വാരാദ്യമാധ്യമ'ത്തിലേക്ക് അയച്ചു കൊടുക്കൂ.കുടുംബ മാധ്യമാത്തെക്കാള്‍ പ്രസക്തം -ഉചിതം-അതാണെന്നു തോന്നുന്നു.കുട്ടിയുടെ ഇഷ്ടം.

   Delete
  3. ഉം. ഞാൻ അയച്ചു കൊടുക്കാം മാഷെ.

   Delete
 11. ചരിത്ര സംഭവങ്ങളും,പുരാണ കഥകളും കോര്‍ത്തിണക്കി മനോഹരമായൊരു യാത്രാ വിവരണം.... ഭാവുകങ്ങള്‍.

  ReplyDelete
 12. മുഴുവന്‍ മറന്നു പോയെങ്കില്‍ ഒരു യാത്ര കൂടെ ആവാം. ഇപ്പോള്‍ എല്ലാം മാറിയിരിക്കും.
  വിവരണം ഉഷാറായിരിക്കുന്നു.

  ReplyDelete
  Replies
  1. ഒന്നൂടെ പോകണം. ഇനിയിപ്പൊ പോകാലോ..ഇഷ്ടം പോലെ.വിത് ട്രാവെൽ ഇന്ത്യ

   Delete
 13. nannaayeetto mulle.enikkishtaaye.............

  ReplyDelete
 14. This comment has been removed by the author.

  ReplyDelete
 15. ...ദൊരു പന്നലേഖനാട്ടോ...

  മനുഷ്യന്റെ മനസ്സ് ,അതിപ്പഴും തുടങ്ങിയടത്ത് തന്നെ നില്‍ക്കുകയാണു. .(പന്ന പ്രസ്താവന തന്നെ)
  ഖജുരാഹോയുടെ അര്‍ത്ഥം അറിയില്ലായിരുന്നു. പഠിപ്പിച്ചല്ലോ, ഗുരുവേ നന്ദി

  ReplyDelete
  Replies
  1. സന്തോഷം അജിത്ത്ജീ...

   Delete
 16. സൂര്യന്‍ ഇന്നത്തെ ഡ്യൂട്ടി കഴിഞ്ഞ് പോയി... ഓവര്‍ ടൈം എടുക്കാന്‍ പറ്റില്ലാന്ന് എന്റെ കണ്‍പോളകളും പറഞ്ഞുതുടങ്ങി... ഒരു കമന്റ് ഇട്ട് വേഗം സലാമത്താക്കാം...

  ആ ഫോട്ടോസ് നഷ്ടപെട്ടില്ലായിരുന്നെങ്കില്‍ എന്ന് കൊതിച്ചുപോയി... നല്ല ഫോട്ടോസിന്റെ ദാരിദ്ര്യം ഉണ്ട് ഈ പോസ്റ്റിന്. നല്ല അവതരണം... ആശംസകള്‍...

  ReplyDelete
  Replies
  1. ശരിയാ ഷബീർ എഴുത്തിനു ഭംഗി വരണെൽ കൂടെ കിടിലൻ ഫോട്ടൊസും കൂടെ വേണം.

   Delete
 17. ചരിത്രത്തിലൂടെയുള്ള ഈ യാത്ര വളരെ നന്നായി. രസകരമായ വിവരണങ്ങള്‍., ... ആശംസകള്‍!.....! !!!

  ReplyDelete
  Replies
  1. നന്ദി നല്ല വാക്കുകൾക്ക്

   Delete
 18. ഓര്‍മ്മകളില്‍ നിന്നും ചിള്ളിയെടുത്തുതന്ന ഈ യാത്രാക്കുറിപ്പ് ഇഷ്ടമായി ....സസ്നേഹം

  ReplyDelete
  Replies
  1. ഒരു പാട് യാത്ര ചെയ്യുകയും അത് മനോഹരമായി എഴുതിയിടുകയും ചെയ്യുന്ന താങ്കളുടെ വാക്കുകൾക്ക് ഒരുപാട് നന്ദി.

   Delete
 19. കൊള്ളാം നല്ലൊരു വായനാനുഭവം

  ആശംസകള്‍

  ReplyDelete
 20. >>കാട് എന്നു കേട്ട് കുളിരു കോരേണ്ട. ഒരു പുല്‍നാമ്പ് പോലുമില്ല എങ്ങും. പണ്ട് നമ്മള്‍ ചിരട്ട കൊണ്ട് മണ്ണപ്പം ചുടില്ലെ, അതുപോലുള്ള കുഞ്ഞു കുഞ്ഞ് ചുവന്ന മൊട്ടക്കുന്നുകള്‍ ,അടുത്തടുത്തായ് << ചമ്പല്‍ക്കാട് കാണാന്‍ കണ്ണും തുറന്ന് ഇരിക്കുന്നവരെ പറ്റിക്കാനായി ഒരു കാട് :-)
  ഖജുരാഹോയുടെ പേര് ഇങ്ങനെ വന്നതാണല്ലേ ? പിരിച്ചെഴുതി നോക്കിയിരുന്നേല്‍ പണ്ടേ പിടികിട്ടിയേനെ.....
  നല്ല വിവരണം മുല്ല... ഈ പന്ന യാത്രക്കിടയില്‍ ഗ്വാളിയോര്‍ വിട്ടുകളഞ്ഞോ?

  ReplyDelete
  Replies
  1. ഗ്വോളിയോർ ഞങ്ങൾ പിന്നീട് പോയി. അത് ആഗ്രയിൽ നിന്നും വലിയ ദൂരം ഇല്ല.ഉഗ്രൻ പാലസാണു ഗ്വൊളിയൊർ രാജാവിന്റെ. അത് പോലെ കോട്ടയും.

   Delete
 21. നല്ല രസമുള്ള യാത്രാ വിവരണം. അറിവുകളും അനുഭവവും മേളിച്ച ഒന്നാന്തരം പോസ്റ്റ്‌., നര്‍മം മേമ്പൊടിയും. ആശംസകള്‍

  ReplyDelete
  Replies
  1. നന്ദി ആരിഫ്ക്കാ..

   Delete
 22. കൂടാതെ പ്രണയം സ്നേഹം രതി എന്നീ ഭാവങ്ങളും
  വളരെ തന്മയത്തോടെ ആ ക്ഷേത്ര ച്ചുവരുകളില്‍ കാണാം.
  വിശപ്പ് ദാഹം എന്നിവയൊക്കെ പോലെ പ്രണയവും രതിയുമൊക്കെ
  മനുഷ്യന്റെ അടിസ്ഥാന ചോദനകളാണെന്നും അവയെ പേടിക്കേണ്ടതില്ലെന്നുമാണു
  ആ കാലഘട്ടത്തിലെ ആളുകള്‍ കരുതിയിരുന്നത്...

  പക്ഷേ ഇന്നോ

  വരികൾക്കും വായനക്കും വജ്രത്തിളക്കമേകിയ രചന..!

  ReplyDelete
  Replies
  1. അതന്നെ.അണ്ഢകഠാഹ ഹുന്ത്രാപ്പി ബുസ്സാട്ടോ...

   Delete
 23. യാത്രാവിവരണത്തോടൊപ്പം കുറേ ചരിത്രവും അറിയാൻ കഴിഞ്ഞു... വളരെ സന്തോഷം...

  ReplyDelete
 24. Oh, what a "panna" travelogue! I enjoyed it.

  ReplyDelete
 25. നന്ദി ഈ ചരിത്ര വിവരണങ്ങള്‍ക്ക്.

  ReplyDelete
 26. മുല്ല, മനസ്സിനുള്ളിൽ മറഞ്ഞുകിടന്ന ഒരു പിടി ഓർമ്മകളെ ഒരു യാത്രാവിവരണമാക്കി ഞങ്ങൾക്ക് നൽകിയതിന് ഏറെ നന്ദി... എന്റെ യാത്രാസ്വപ്നങ്ങളിൽ ഞാൻ കാത്തുസൂക്ഷിയ്ക്കുന്ന ഒരു സ്ഥലമാണിത്.. അതിനേക്കുറിച്ച് കുറേ കാര്യങ്ങൾ ഇപ്പോൾതന്നെ മനസ്സിലാക്കുവാൻ കഴിഞ്ഞതിൽ ഏറെ സന്തോഷവുമുണ്ട്..

  ചമ്പൽക്കാടുകൾ അത്ര മോശമല്ല കേട്ടോ.. നമ്മുടെ കാടുകൾപോലെ ഹരിതഭംഗി നിറഞ്ഞതല്ലെങ്കിലും, അതിലൂടെ നടന്നുകാണുമ്പോൾ അതിന്റെ മറ്റൊരു ഭംഗി...എന്നുവച്ചാൽ നിശബ്ദതയുടെയും,വിജനതയുടെയും ഒരു ഭീകരഭംഗി നമുക്ക് അനുഭവിയ്ക്കുവാൻ സാധിയ്ക്കും.. എന്നെങ്കിലും സാധിച്ചാൽ ഒരു കാൽനടയാത്ര നടത്തണം കേട്ടോ... കാരണം വ്യത്യസ്തമായ ഒരു അനുഭവം തന്നെയാണത്..

  പന്നയിൽവരെ പോയിട്ട് അവിടുത്തെ കടുവാസങ്കേതത്തിൽ പോയില്ലേ..?
  അതുകൂടി കാണേണ്ടതായിരുന്നു.....
  ഇനിയും വരിക ഇതുപോലെയുള്ള മനോഹരവിവരണങ്ങളുമായി...
  ഷിബു തോവാള.

  ReplyDelete
 27. നല്ല നിരീക്ഷണങ്ങള്‍..!

  ReplyDelete
 28. മുല്ലയുടെ ബ്ലോഗില്‍ ഞാന്‍ വായിക്കുന്ന ഏറ്റവും ഇഷ്ടമായ പോസ്റ്റില്‍ ഒന്ന് കൂടി .ചമ്പല്‍ കാടിനെ കുറിച്ചുള്ള ഇത് വരെ മനസ്സില്‍ ഉണ്ടായിരുന്ന സങ്കല്പങ്ങള്‍ ഒക്കെ മാറി ,അത് പോലെ ഞാന്സി റാണി യുടെ അന്ത്യവും പുതിയ ഒരരിവുതന്നെ ,,കേവലം ഒരു യാത്ര കുറിപ്പ് കുരിചിടുന്നതിനു പകരം അതിനന്റെ ചരിത്ര പശ്ചാത്തലവും കൂടി ആധികാരികതയോടെ അവതരിപ്പിക്കുമ്പോള്‍ "എഴുത്ത് കാരന്റെ ധാര്‍മികത ഒന്ന് കൂടി ഉയരുന്നു .മരവിയുടെ മാറാല ക്ക് പിടികൊടുക്കാതെ ഇതിവിടെ കുറിച്ചതിന് ,ഒരു പാട് നന്ദി : തണല്‍ പറഞ്ഞ കമന്റ് ഞാനും പറയുന്നു ,ഒരു പാട് ഇഷടമായ ഒരു "പന്ന പോസ്റ്റ്‌ " !!!!!!!....

  ReplyDelete
 29. യാത്രാവിവരണം നന്നായി..വായിക്കുന്നതോടെ കുറേ അറിവുകളും മനസ്സിൽ പതിയുകയാണല്ലോ.യാത്രകളും കുറിപ്പുകളും തുടരാൻ ആശംസിക്കുന്നു,

  ReplyDelete
 30. യാത്ര ചെയ്താലും പോര. മറ്റുവരെ അതിനു പ്രേരിപ്പിക്കുകയും വേണംല്ലെ. പോസ്റ്റ്‌ ഇഷ്ട്പ്പ്പെട്ടു.

  ReplyDelete
 31. യാത്ര ചെയ്താലും പോര. മറ്റുവരെ അതിനു പ്രേരിപ്പിക്കുകയും വേണംല്ലെ. പോസ്റ്റ്‌ ഇഷ്ട്പ്പ്പെട്ടു.

  ReplyDelete
 32. ഞാനിപ്പോഴാ വായിച്ചത്.. ചമ്പല്‍ക്കാട് എന്ന് പറഞ്ഞാ മരങ്ങള്‍ തിങ്ങിനിറഞ്ഞ ഒന്നാണെന്നാ ഞാന്‍ കരുതിയിരുന്നത്. ഖജൂരാഹോയും ജാന്‍സിയുമെല്ലാം ഹിസ്റ്ററി ക്ലാസ്സിലെ ഉറക്കം തൂങ്ങി ദിവസങ്ങളെ ഓര്‍മ്മിപ്പിച്ചു. നന്ദി മുല്ലാ, കുറേ പുതിയ അറിവുകള്‍ക്ക്

  ReplyDelete
 33. അറിവുകള്‍ പകര്‍ന്നുതന്ന പോസ്റ്റിന് ഒരുപാട് നന്ദി മുല്ലാ..

  ReplyDelete
 34. മിടുക്കി മുല്ലേ.....വായിച്ച് സന്തോഷിച്ചു..ഖജുരാഹോ ഒഴിച്ച് ബാക്കിയെല്ലാം എനിക്കും പരിചിതം...
  പന്ന എന്ന് അച്ഛന്‍ ചീത്ത പറയുമായിരുന്നു. അതിന്‍റെ അര്‍ഥവും പിന്നീട് പറഞ്ഞു തന്നിട്ടുണ്ട്. അത് ഓര്‍മ്മിച്ചു പോയി. ആ കടുവാ സങ്കേതം കൂടി കാണായിരുന്നു...ങാ പോട്ടെ...
  ഉം ഒരു പന്ന പോസ്റ്റ്......

  ReplyDelete
 35. ഖജുരാഹോ കാണണം എന്ന് തോന്നി. പാറുകുട്ടിയെ യും കൂട്ടണം. ലെറ്റ്‌ ഹേര്‍ സീ ദി വോള്‍

  ReplyDelete
 36. വളരെ നേരത്തെ തന്നെ വായിച്ചിരുന്നു... പക്ഷെ ഇപ്പോഴാണ് അഭിപ്രായം പറയാന്‍ പറ്റിയത്. സ്വതവേ ചരിത്രത്തോട് താല്പര്യം കുറവുള്ള എനിക്ക് പോലും ഈ വിവരണം വളരെ രസകരമായി തോന്നി. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും മുല്ലയുടെ ഓര്‍മ്മകള്‍ക്ക് ഒട്ടും മങ്ങല്‍ ഏറ്റിട്ടില്ല എന്നാണ് എനിക്ക് തോന്നിയത്...

  ReplyDelete
 37. ഇവിടെ വരികയും വായിക്കുകയും ചെയ്ത എല്ലാ കൂട്ടുകാർക്കും സ്നേഹം നന്ദി

  ReplyDelete
 38. 'അണ്ഡകഠാഹ ഹുന്ത്രാപ്പി ബുസ്സാട്ടോ!'ഈ ബേപ്പൂർ സുൽത്തന്റെ ഒരു കാര്യം! മുല്ലയുടെയും! ഖജുരാഹോയിലേക്ക് ഒരുനാൾ ഞാനും പോകും.

  ReplyDelete
 39. ഈ പോസ്റ്റോ ഇതുപോലെ വേറൊരു പോസ്റ്റോ മുല്ല മുന്‍പ് പോസ്റ്റ് ചെയ്തിരുന്നു. പക്ഷെ ഈ പോസ്റ്റ്‌ ഒരു മാസം വൈകി ഞാന്‍ ഇപ്പോഴാണ് കാണുന്നത്. ഡാഷ് ബോഡ് നോക്കാത്തതിനാല്‍ തന്നെ. മുല്ല അജിത്‌ ബ്ലോഗില്‍ പറഞ്ഞതാണ് എനിക്ക് മുല്ലയോടു പറയാന്‍ ഉള്ളത്. പോസ്റ്റ് ഇടുമ്പോള്‍ ഒരു മെയില്‍ വിട്ടാല്‍ ശല്ല്യമേ ആവില്ല.
  ഇനി പോസ്റ്റിനെ പറ്റി. എന്തെഴുതിയാലും, യാത്രാ വിവരണമായാലും യാസ്മിന്റെ ചില തത്വ ചിന്തകള്‍ ഭംഗിയായി എല്ലാറ്റിലും ഇഴ ചേര്‍ന്ന് കിടക്കുന്നുണ്ടാവും. അത് നല്‍കുന്ന ആതമാവ്‌ തന്നെയാണ് ഈ എഴുത്തിന്റെ ചൈതന്യം. ഈ പോസ്റ്റിലും അത് പ്രകാശം പരത്തുന്നു.

  ReplyDelete
 40. ഇത് പഴയ ഖജൂരാഹോ തന്നെ അല്ലെ. അതോ വീണ്ടും പോയോ. :)

  ReplyDelete
 41. വളരെ നന്നായി മുല്ലാ ....
  ഇത്തിരി വൈകി ആണ് വായിച്ചത് . എന്‍റെ വളരെ നാളുകള്‍ കൊണ്ടുള്ള ആഗ്രഹമാണ് ഖജുരാഹോ ; കോളേജ് കാലത്ത് ടൂര്‍ പ്ലാന്‍ ചെയ്തപ്പോള്‍ ഞാന്‍ ഖജുരാഹോ ഖജുരാഹോ എന്ന് ബഹളം കൂട്ടിയത് ഓര്‍മവരുന്നു ...

  ReplyDelete
 42. പണ്ട് സോഷ്യല്‍ സ്റ്റഡീസില് പഠിച്ച കുറെ കാര്യങ്ങള്‍ ഓര്‍മ്മവന്നു. വിവരണം നന്നായിരിക്കുന്നു. ഭാവുകങ്ങള്.
  http://drpmalankot0.blogspot.com

  ReplyDelete
 43. നന്നായി മുല്ല
  ഞാന്‍ ഇത് വഴി വരാന്‍ താമസിച്ചു, കഴിഞ്ഞ മാസം ഞാന്‍ ഖജുരാഹോയില്‍ പോയി ..............

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..