Saturday, June 30, 2012

മഞ്ഞുറഞ്ഞ വഴികളിലൂടെ...കിഴക്കിന്റെ സ്വിറ്റ്സര്‍ലാന്റ് ; അങ്ങനെയാണു സിക്കിം അറിയപ്പെടുന്നത്.
തികച്ചും സാര്‍ത്ഥകമായ പേരു തന്നെയെന്ന്
സിക്കിമിലൂടെ ഒരു വട്ടം സഞ്ചരിക്കുന്നവര്‍ക്ക് ബോധ്യമാകും.
മഞ്ഞും തണുപ്പും കൈകോര്‍ത്ത് പിടിച്ച്
താഴെ കുന്നിന്‍ ചെരുവില്‍ ഉറങ്ങിക്കിടക്കുന്ന
ഗ്രാമങ്ങളിലേക്ക് നമ്മെ വരവേല്‍ക്കും. കാറ്റ് , മെല്ലെ കവിളില്‍
തട്ടി ദേ ...ആ മഞ്ഞ് മലയില്‍ നിന്നാണു ഞാന്‍ വരുന്നതെന്ന്
കൈചൂണ്ടിയാല്‍ നമ്മള്‍ ഒന്നുകൂടെ ചൂളിപ്പിടിക്കും തണുത്തിട്ട്....

വിശാലമായ് പുഞ്ചിരിക്കുന്ന ജനങ്ങള്‍, അപരിചതരോട് തീരെ
അകലം വെക്കാത്ത പ്രകൃതം.നാഗരികതയുടെ തിരക്കുകളൊന്നും
അവരെ തൊട്ട് തീണ്ടിയിട്ടില്ല.
സുഖിം എന്നും സിക്കിമിനെ വിളിച്ച് കേള്‍ക്കാറുണ്ട്. ഗാംങ്ങ്ടോക്ക്
ആണു സിക്കിമിന്റെ തലസ്ഥാനം. സിലിഗുരിയില്‍ നിന്നും
അന്‍പത്താറ് കിലോമീറ്ററാണ് ഗാങ്ങ്ടോക്കിലേക്ക്, സിലിഗുരിയില്‍
ഒരു എയര്‍പോര്‍ട്ടുണ്ട്. വെസ്റ്റ് ബംഗാളിലെ ന്യൂ ജയ്പാല്‍ ഗുഡിയാണു
ഏറ്റവും അടുത്തറെയില്‍ വേ സ്ടെഷന്‍. ന്യൂ ജയ്പാല്‍ ഗുഡിയില്‍
ഇറങ്ങിയാല്‍ ടാക്സി കിട്ടും ഗാംങ്ങ്ടൊക്കിലേക്ക്,സിലിഗുരി വഴി.
സിലിഗുരിയില്‍ നിന്നും വഴി രണ്ടായി പിരിഞ്ഞു പോകുന്നുണ്ട്,
ഡാര്‍ജിലിങ്ങിലേക്ക് നാല്പതോളം കില്പ്മീറ്റരെ ഉള്ളു.
സിലിഗുരിയില്‍ നിന്നും ഗാങ്ങ്ടോക്കിലേക്കുള്ള കയറ്റം കയറുമ്പോള്‍
ഒരു നദിയും നമുക്ക് പിന്നാലെ വരും.


ടീസ്റ്റാ നദി, സിക്കിമിന്റെ ജീവ നാഢി. കലങ്ങിമറിഞ്ഞ് രൌദ്രഭാവത്തോടെ
ഉരുളന്‍ കല്ലുകള്‍ക്ക് മേല്‍ തലതല്ലിപ്പൊട്ടിച്ച്
ഒരു നദി, വണ്ടിയുടെ ഇരമ്പത്തിനു മീതെ അവളുടെ ശബ്ദം കേള്‍ക്കാനാകും.
ഹിമാലയത്തിലെ സോ ലാമൊ കുന്നില്‍
( Tso- Lhamo) നിന്നുല്‍ഭവിച്ച് സിക്കിമിന്റെ മുഴുനീളം ഓടിക്കിതച്ച്
തളര്‍ന്ന് ബ്രഹ്മപുത്രയെ വാരിപ്പുണരുന്ന മിടുക്കി.
റാംഗ്പോ ടൌണിനേയും കാലിപ്പൊംഗ് പട്ടണത്തേയുമൊക്കെ
തൊട്ട് തൊട്ടില്ലാന്ന മട്ടില്‍ അവള്‍ നമ്മോടൊപ്പം യാത്ര
തുടരും. കാലിപ്പോംഗില്‍ വെച്ച് രംഗീത് നദിയും ചേരുന്നുണ്ട് ഇവളുടെ
കളിയാട്ടത്തില്‍. അതി ശക്തമായ ഒഴുക്കാണിവിടെ,
പുഴക്ക് ഭ്രാന്ത് പിടിക്കുക എന്ന് കെട്ടിട്ടില്ലേ അത് തന്നെ. റാഫ്റ്റിങ്ങിനു
പറ്റിയ ഒഴുക്കും വെള്ളത്തിരിച്ചിലുകളും. കാലിപ്പോങ്ങിലെ
ടീസ്റ്റബസാറില്‍ റാഫ്റ്റിങ്ങിനുള്ള സൌകര്യം ഉണ്ട്.

സിക്കിമിന്റെ തലസ്ഥാനമാണു ഗാങ്ങ്ടോക്ക്. ഒരു ചെറിയ
പട്ടണം, പക്ഷെ നല്ല വൃത്തിയും വെടിപ്പുമുള്ള നിരത്തുകള്‍.
എംജി മാര്‍ഗും ലാല്‍ മാര്‍ക്കറ്റുമാണു പ്രധാന ഷോപ്പിങ്ങ് ഏരിയകള്‍.
ഭൂമിയുടെ കയറ്റിറക്കങ്ങള്‍ അതുപോലെ നിലനിര്‍ത്തിക്കൊണ്ടുള്ള
നിര്‍മ്മാണ രീതിയാണു സിക്കിമിലുടനീളം. കടകളിലേക്ക് ചിലപ്പോള്‍
നൂറുക്കണക്കിനു പടികള്‍ കയറിച്ചെല്ലണം. വൃദ്ധന്മാര്‍ അടക്കമുള്ള
പ്രദേശവാസികള്‍ അനായാസം കയറിപ്പോകുന്നത് പലപ്പോഴും നമുക്ക്
നോക്കിനില്‍ക്കേണ്ടി വരും.


ബൂട്ടിയാസ്, ലെപ് ചാസ്, നേപ്പാളീസ് എന്നീ മൂന്ന് വിഭാഗം ആളുകളാണ്
ഇവിടെയുള്ളത്. നേപ്പാളിയും ഹിന്ദിയും ഇംഗ്ലീഷും അറിയാം
അവര്‍ക്ക്. ടൂറിസമാണു പ്രധാന വരുമാന മാര്‍ഗ്ഗം. സ്തീകള്‍ക്കാണു
കുടുംബത്തില്‍ പ്രാധാന്യം എന്നു തോന്നുന്നു.
വെളുപ്പിനു ഫ്ലാസ്ക്കുകളില്‍ ചായ നിറച്ചു കൊണ്ട് വന്ന് വില്‍പ്പന
നടത്തുന്ന സ്ത്രീകള്‍ നിരവധി. പുലര്‍ച്ചെ എണീറ്റ് ചുടുചായയും കുടിച്ച്
അങ്ങകലെ വെള്ളിക്കൊലുസണിഞ്ഞു നില്‍ക്കുന്ന കാഞ്ചന്‍ ജംഗയുടെ
കാഴ്ച്ച അതിമനോഹരമാണു.


ഗാങ്ങ്ടൊക്കില്‍ നിന്നും അന്‍പത്തിയാറ് കിലോമീറ്ററാണു
നാഥുല പാസ്സിലേക്ക്, ലോകത്തിലെ ഏറ്റവും ഉയരം കൂടിയ മോട്ടോറബിള്‍
റോഡുകളിൽ ഒന്നാണു നാഥുല പാസ്സ്. പണ്ട് ഹൈസ്ക്കൂളില്‍ സില്‍ക്ക് റൂട്ടിനെ
പറ്റി ബാലചന്ദ്രന്‍ മാഷ് ക്ലാസ്സെടുക്കുമ്പോള്‍ കോട്ടുവാ വിട്ട്
സമയത്രായെടീന്ന് ചോദിക്കുമായിരുന്നു ഞാന്‍ ജ്യോതിയോട്..,
ഇപ്പോള്‍ ഗാങ്ങ്ടൊക്ക് -നാഥുലാ ഹൈവേയില്‍ നില്‍ക്കുമ്പോള്‍
പൊടുന്നനെ എനിക്ക് മാഷിനെ ഓര്‍മ്മ വന്നു. ചൈനയില്‍ നിന്നും
ഇന്ത്യയിലേക്ക് വ്യാപാരസംബന്ധമായ് ആളുകള്‍ കടന്നു വന്നിരുന്ന റൂട്ടാണിത്.
ഒരുപാട് പേരുടെ ചവിട്ടറ്റിയേറ്റ പുരാതനമായ മണ്ണ്. ആര്‍ക്കറിയാം
ചിലപ്പോള്‍ ഹുവാന്‍സാങ്ങ് ഇന്ത്യയിലേക്ക് കടന്ന് വന്ന വഴിയും
ഇത് തന്നെയാവില്ലേ...


വളഞ്ഞു പുളഞ്ഞ് മേലോട്ട് കയറിപ്പോകുന്ന റോഡില്‍ താഴേക്ക്
നോക്കിയാല്‍ തല കറങ്ങും, റോഡിന്റെ പകുതിയേ ഉള്ളൂ,
ബാക്കിയൊക്കെ ഇടിഞ്ഞു പോയിരിക്കുന്നു. എപ്പോള്‍ വേണെലും
ലാന്‍ഡ് സ്ലൈഡ് ഉണ്ടാകാം എന്ന മുന്നറിയിപ്പ്
ബോര്‍ഡുകള്‍ കണ്ടു പലയിടത്തും. ബോര്‍ഡര്‍ റോഡ്
ഓര്‍ഗനൈസേഷന്റെ ജവാന്മാര്‍ പൊളിഞ്ഞ് കിടക്കുന്ന റോഡുകള്‍
അപ്പപ്പോള്‍ നന്നാക്കുന്നുണ്ട്. അങ്ങകലെ മഞ്ഞു കുപ്പായമണിഞ്ഞ്
നില്‍ക്കുന്ന ഹിമവാന്റെ ഗാംഭീര്യം കാ‍ണുന്നുണ്ട്.

നാഥുലപാസ്സിലെക്ക് എത്തുന്നതിനു മുന്‍പാണു മഞ്ഞുറഞ്ഞ്
രൂപപ്പെട്ട ചങ്കു ലേക്ക്. ഹിമവാന്റെ മടിത്തട്ടില്‍ മയങ്ങിക്കിടക്കുന്ന സുന്ദരി.

തന്റെ നീണ്ടഫ്രോക്കിന്റെ അറ്റത്ത് നനുത്ത മഞ്ഞ് കട്ടകള്‍
കൊണ്ട് അലങ്കാരപ്പണികള്‍ തുന്നി പ്പിടിപ്പിച്ച് മിഴികള്‍
പൂട്ടി ലാസ്യ ഭാവത്തില്‍ ശയിക്കുന്ന മോഹിനി.

തണുപ്പിപ്പോള്‍ അതിന്റെ ഉച്ഛസ്ഥായിയിലാണു, തണുപ്പിനെ
തടയാന്‍ കമ്പിളിക്കോട്ടുകളും കാലുറകളും വില്‍ക്കുന്ന
കടകളുണ്ട് അവിടെ ധാരാളം. ജാക്കറ്റും കാലുറയുമൊക്കെ
ധരിച്ച് തണുപ്പിനെ തോല്‍പ്പിച്ച സന്തോഷത്തോടേ
വീണ്ടും മുകളിലേക്ക്...യാക്കിന്റെ പുറത്തൊരു സവാരി നടത്താം വേണമെങ്കില്‍..
സമുദ്ര നിരപ്പില്‍ നിന്നും 14500 അടി ഉയരത്തിലാണുനാഥുലാ പാസ്സ്.


ചുറ്റും മഞ്ഞ് കമ്പളം വിരിച്ചിരിക്കുന്നു.
യഥേഷ്ടം ഇറങ്ങി മഞ്ഞ് വാരിക്കളിക്കാം നമുക്ക്.


മഞ്ഞ് കമ്പളത്തിലൂടെ താഴേക്ക് ഉരസിയിറങ്ങാന്‍ നല്ല സുഖം.
ഏറ്റവും മുകളില്‍ ഒരു ക്ഷേത്രമുണ്ട്. ബാബ ഹര്‍ഭജന്‍ സിങ്ങിന്റെ
ഫോട്ടോയൊക്കെ വെച്ച് ഒരു ചെറിയ അമ്പലം.


രജപുത്ത റെജിമെന്റിലെ ധീരനായ ജവാനായിരുന്ന ഹര്‍ബ ജന്‍ സിംഗ്
1965 ല്‍ സിക്കിമില്‍ വെച്ചാണു അന്തരിക്കുന്നത്.
അദ്ദേഹത്തിന്റെ ഓര്‍മ്മക്കായാണു ഈ മന്ദിര്‍. ഈ കൊടും
മഞ്ഞത്ത് നമ്മുടെ രാജ്യത്തിന്റെ അതിര്‍ത്തി കാക്കാന്‍
സദാസമയവും ജാഗരൂകരായ് നില്‍ക്കുന്ന പട്ടാളക്കാരെ
എത്ര നമിച്ചാലും മതിയാകില്ല. സീറോ പോയിന്റിലേക്ക്
ഇനിയും മുകളിലേക്ക് പോകണം. അവിടെ ചൈനയുടേയും
ഇന്ത്യയുടേയും അതിര്‍ത്തി വേലിക്കെട്ടി തിരിച്ചിരിക്കുന്നു.
1961 ലെ ഇന്ത്യാ ചൈന യുദ്ധത്തെ തുടര്‍ന്ന് ഈ വഴി
അടച്ച് സീല്‍ വെച്ചിരുന്നു. പിന്നീട് 2006 ലാണു അതിര്‍ത്തി
വീണ്ടും തുറക്കുന്നത്. കണ്ണെത്താ ദൂരത്തോളം പരന്നു കിടക്കുന്ന
മഞ്ഞാണു ചുറ്റിനും, വീശിയടിക്കുന്ന കാറ്റിന്റെ സീല്‍ക്കാരം
മാത്രെ കേള്‍ക്കാനുള്ളൂ. മഞ്ഞിനു മുകളില്‍ നിശബ്ദത വല
കെട്ടിയിരിക്കുന്നു. അല്ലെങ്കിലും എല്ലാ അതിര്‍ത്തികളും
ഇങ്ങനെ തന്നെയാണു. സൌഹൃദവും സ്നേഹവുമൊക്കെ
കനത്ത ഭാവ ചലങ്ങളില്‍ ഒളിപ്പിച്ച് വെച്ച് വല്ലാതെ മസിലു പിടിച്ചു കളയും.


മഞ്ഞില്‍ കാല്‍ പൂഴ്ത്തി നിന്ന് തണുത്ത് മരവിച്ച കൈവിരലുകള്‍
കൂട്ടിത്തിരുമ്മി അവിടയങ്ങനെ നില്‍ക്കുമ്പോള്‍ ഞാനാലോചിച്ചത്
അതിര്‍ത്തികളില്‍ മുട്ടിത്തിരിയാത്ത രാജ്യങ്ങളെ കുറിച്ചായിരുന്നു.
വേലി കെട്ടി തിരിക്കാ‍തെ , തുറിച്ച നോട്ടങ്ങളില്ലാതെ യഥേഷ്ടം
ആര്‍ക്കും കടന്നു പോകാവുന്ന വഴികള്‍.
സ്നേഹവും സൌഹൃദവും തണല്‍ വിരിക്കുന്ന വഴിത്താരകള്‍...

49 comments:

 1. സമുദ്ര നിരപ്പില്‍ നിന്നും 14500 കിലോമീറ്റര്‍ ഉയരത്തിലാണുനാഥുലാ പാസ്സ്. കിലോമീറ്റര്‍ ആണോ ഫീറ്റ്‌ എന്നൊരു സംശയം.
  നല്ല യാത്രാവിവരണം. സിക്കിമിലെ തണുപ്പ് നന്നായി ഫീല്‍ ചെയ്തു.

  ReplyDelete
  Replies
  1. നന്ദി ഉദയപ്രഭന്‍, അടി ആണു ശരി,തെറ്റ് തിരുത്തിയിട്ടുണ്ട്.

   Delete
 2. മനോഹരമായ ഭൂപ്രദേശങ്ങളിലൂടെയുള്ള സാഹസികമായ യാത്രാനുഭവങ്ങള്‍ അതിന്റേതായ യാഥാര്‍ത്യബോധത്തോടെ മനസ്സിലേക്ക് പകര്‍ന്നു നല്‍കുന്നുണ്ട് ഈ വരികള്‍ .ഒപ്പം വിജ്ഞാനപ്രദവും.അഭിനന്ദനങ്ങള്‍

  ReplyDelete
 3. സ്നേഹവും സൌഹൃദവും തണല്‍ വിരിക്കുന്ന സിക്കിമിന്റെ മഞ്ഞണിഞ്ഞ വഴികളിലൂടെ നടന്നു.
  ഭൂപ്രകൃതിയെ പരമാവധി ഹനിക്കാതെയാണ് അവിടത്തെ റോഡുകളും മറ്റും നിര്‍മിക്കുന്നത്
  എന്ന് വായിച്ചപ്പോള്‍ നമുക്കും അങ്ങിനെ ആയിരുന്നെങ്കില്‍ എന്ന് ഓര്‍ത്തു പോയി.
  യാത്ര വിവരണം തുടരുക.

  ReplyDelete
 4. നല്ലഒരു യാത്രാവിവരണം മനോഹരമായ ചിത്രങ്ങളും .. നേരില്‍ കണ്ട പോലെ..!
  അഭിനന്ദനങ്ങള്‍

  ReplyDelete
 5. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റോഡിലൂടെ പോകാനും വേണം ഒരു ഭാഗ്യം അല്ലെ

  ReplyDelete
 6. വളഞ്ഞു പുളഞ്ഞ് മേലോട്ട് കയറിപ്പോകുന്ന റോഡില്‍ താഴേക്ക്
  നോക്കിയാല്‍ തല കറങ്ങും, റോഡിന്റെ പകുതിയേ ഉള്ളൂ,
  ബാക്കിയൊക്കെ ഇടിഞ്ഞു പോയിരിക്കുന്നു. എപ്പോള്‍ വേണെലും
  ലാന്‍ഡ് സ്ലൈഡ് ഉണ്ടാകാം എന്ന മുന്നറിയിപ്പ്
  ബോര്‍ഡുകള്‍ കണ്ടു പലയിടത്തും.

  മുല്ല എന്നെ ഫ്രീ ആയിട്ട് കൊണ്ടുപോകാമെന്ന് പറഞ്ഞാലും ഞാന്‍ വരൂല്ല. മുല്ല ഇവിറ്റമൊക്കെ കണ്ടിട്ട് എഴുത്. ഞാന്‍ വന്ന് വായിച്ചോളാം.

  ReplyDelete
  Replies
  1. ഇങ്ങനെ പേടിച്ചാലോ മാഷേ...

   Delete
  2. പേടിയാണെന്നൊക്കെ വെറുതെ പറയുന്നതല്ലെ. നേവിയിൽ ആയിരുന്നല്ലോ...

   Delete
 7. സിക്കിമിലെ തനണുപ്പിലൂടെയുള്ള നല്ലൊരു യാത്ര നടത്തി തിരിച്ചെത്തിയ അനുഭൂതി.

  ReplyDelete
 8. ചുളുവില്‍ എനിക്കും ഒരു സിക്കിം യാത്ര അനുഭവിച്ച പ്രതീതി കിട്ടി..എപ്പോഴെങ്കിലും ഇവിടെയൊക്കെ പോകണം എന്നൊരു കണക്കു കൂട്ടലുകള്‍ ഉണ്ട്..നടക്കുമോ എന്തോ..ഈ പ്രവാസി ജീവിതം കഴിയുമ്പോഴേക്കും മനുഷ്യന്‍ ഒരു പരുവമായില്ലേല്‍ ഞാന്‍ എന്തായാലും ഒരു All India Trip പ്ലാന്‍ ചെയ്തിട്ടുണ്ട്..വലിയ ആഘോഷങ്ങള്‍ ഇല്ലാതെ, ബസും , ട്രെയിനും ജീപ്പിലും ഒക്കെ കുത്തി തിരക്കി കഷ്ടപ്പെട്ട് , താടിയും മുടിയും (മുടി കൊഴിഞ്ഞിട്ടില്ലേല്‍ ) വളര്‍ത്തി ഒരു ഭ്രാന്തനെ പോലെ അലയണം..അതിനു വേണ്ടിയാണ് കല്യാണം കൂടി ഇപ്പോള്‍ വേണ്ടാന്നു വക്കുന്നത്. ഇപ്പോള്‍ കല്യാണം കഴിച്ചാല്‍ ഈ യാത്രക്ക് പോകുന്നതിനു മുന്നേ തന്നെ ഞാന്‍ ഭ്രാന്തനാകില്ലേ..അത് വേണ്ടാ ന്നു വച്ച്..ഹി ഹി..

  എന്തയാലും നല്ല യാത്രാ വിവരണത്തിന് ആശംസകള്‍..അഭിനന്ദനങ്ങള്‍..

  ReplyDelete
  Replies
  1. ഹ ഹ അത് കൊള്ളാം, നീയെന്താ മുകുന്ദനു പഠിക്ക്യാ..മൂപ്പരു തന്നെ ഇപ്പൊ അതൊക്കെ ഉപേക്ഷിച്ചു. എന്നാലും നല്ലൊരു സ്വപ്നായിരുന്നു അത്, അനാര്‍ക്കിസം, ആരോടും കടപ്പാടും കടമകളുമൊന്നുമില്ലാതെ അവനവനെ കണ്ട് അങ്ങനെ അലഞ്ഞു തിരിയുക.

   Delete
 9. ഈ പോസ്റ്റിന്റെ ഒരു ഇണ്ട്രോ ആയിരുന്നു മുൻപു കണ്ടിരുന്ന ഒരു മഞ്ഞിൽ പതിഞ്ഞ കാല്പാടുകളുടെ ഫോട്ടോ അല്ലെ.
  വായനക്കൊടുവിൽ സിക്കിമിൽ പോകണമെന്നു തോന്നി. ആശംസകൾ..

  ReplyDelete
 10. ഓരോ യാത്രാവിവരണവും അതിന്റെ വിവരണ വശ്യതകൊണ്ട് സഹയാത്രാനുഭവം പോലെ.പ്രിയ സഞ്ചാരീ മടുക്കുന്നില്ല,യാത്രകള്‍ !എന്തു ചെയ്യാന്‍ പറ്റുമെന്നു തോന്നുന്നില്ല ഈ മഞ്ഞുറഞ്ഞ വഴികള്‍ ....അങ്ങിനെയുള്ളവര്‍ക്ക് ഈ കാണാകാഴ്ച്ചകള്‍ കണ്‍പൂരമാകുന്നു.അഭിനന്ദനങ്ങളോടെ...അസൂയയോടെ...

  ReplyDelete
 11. മുല്ലേ ..ഇവിടെ ചൂടാണ് , നല്ല ചൂടാണ് ..
  വരികളിലൂടെ രാവിലെ തന്നെ തണുപ്പ് വീണു ..
  പൊയ പ്രതീതി നല്‍കുന്നുണ്ട് വരികള്‍ ..
  കനല്‍ പാടുകള്‍ നിരത്തി വച്ച കഴിഞ്ഞ പൊസ്റ്റില്‍
  നിന്നും മാറീ മഞ്ഞിന്റെ കണം നല്‍കി ..
  കുളിര്‍ തെന്നലിന്റെ ശീല്‍ക്കാരം മുഴങ്ങുന്ന
  വരികള്‍ അവസ്സാനം സ്നേഹത്തിന്റെയും സഹൊദര്യത്തിന്റെയും
  അതിര്‍ വരമ്പുകള്‍ തട്ടി തെറുപ്പിക്കാന്‍ പതിയെ പറയുന്നുണ്ട് ..
  "പുഴക്ക് ഭ്രാന്ത് പിടിക്കുക " പുഴ കാണും പൊലെ ഒഴുകി മുന്നില്‍
  കലങ്ങി മറിഞ്ഞ് , പലപ്പൊഴും സ്വപ്നം കാണാറുണ്ട് ഒരു യാത്ര
  പക്ഷേ നാളിതുവരെ സാധിക്കാതെ ബാക്കി നില്‍ക്കുന്നു ..
  മന്‍സൂറിന്റെയും , ഈ കൂട്ടുകാരിയുടെയും വരികളിലൂടെ
  അതൊക്കെ സാധിക്കുന്നു എന്ന നിര്‍വൃതിയോടെ..
  സ്നേഹപൂര്‍വം.. റിനീ...

  ReplyDelete
 12. മഞ്ഞും മലകളും കാണാന്‍ തന്നെ രസമല്ലേ.
  വിവരണവും ചിത്രങ്ങളും അസ്സലായി.

  "സിലിഗുരിയില്‍ നിന്നും ഗാങ്ങ്ടോക്കിലേക്കുള്ള കയറ്റം കയറുമ്പോള്‍
  ഒരു നദിയും നമുക്ക് പിന്നാലെ വരും." ഗ്രാവിറ്റിക്ക് എതിരേയോ !!!!
  (കാര്യം മനസ്സിലായെങ്കിലും 'ക്ഷീരമുള്ളോരകിടിന്‍ ചുവട്ടിലും ....'എന്നല്ലേ
  :) )

  ReplyDelete
 13. um, anganeyoru feel thanneyanu sarikum,nadi pinnale mukalilekk uyarnnu nammodoppam varunna pole,

  ReplyDelete
 14. മനോഹരമായ ഈ യാത്രാവിവരണത്തിനു നന്ദി.

  ReplyDelete
 15. മഞ്ഞും മലയുമെല്ലാമുള്ള ചിത്രങ്ങളടങ്ങിയ പോസ്റ്റും കേരളാ വണ്ടര്‍ ടൂര്‍ എന്ന ലേബലും . ആളുകളെ പറഞ്ഞു കൊതിപ്പിച്ചുള്ള മുല്ലയുടെ ഈ മാര്‍ക്കറ്റിംഗ് തന്ത്രം കൊള്ളാം :-) വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലേക്ക് ഒരു യാത്ര .... അതിങ്ങനെ വെയിലും മഴയും കഴിഞ്ഞിട്ട് ആകാമെന്ന് കരുതി നീണ്ടുനീണ്ട് പോകുന്നു.

  ഗാംങ്ങ്ടോക്ക് ആണു സിക്കിമിന്റെ തലസ്ഥാനമെന്ന് എന്തിനാ രണ്ടിടത്ത് പറഞ്ഞിരിക്കുന്നെ?

  ReplyDelete
 16. ഹൃദ്യമായ യാത്രാവിവരണം.
  യാത്രയില്‍ പങ്കുചേര്‍ന്നു എത്തിയ പ്രതീതി!
  മനോഹരമായിരിക്കുന്നു പോസ്റ്റ്.
  ആശംസകള്‍

  ReplyDelete
 17. മുല്ല, മഞ്ഞും തണുപ്പും കൈകോര്‍ത്ത് പിടിച്ച മലമടക്കുകളിലൂടെയുള്ള യാത്ര വളരെ മനോഹരമായി അവതരിപ്പിച്ചിരിയ്ക്കുന്നു.. പക്ഷേ കൂടുതൽ വിവരങ്ങൾ ഇനിയും ഉൾപ്പെടുത്തമായിരുന്നു എന്ന് തോന്നുന്നു.. പ്രത്യേകിച്ച് ഹര്‍ഭജന്‍ സിങ്ങ് ബാബയെക്കുറിച്ചുള്ള കാര്യങ്ങൾ.. അദ്ദേഹത്തേക്കുറിച്ച് എഴുതുവാനാണെങ്കിൽ ഒരു പോസ്റ്റ് തന്നെ വേണ്ടിവരും...1968-ൽ ഒരു അപകടത്തിൽ അദ്ദേഹം മരിച്ചതിനുശേഷം പലപ്പോഴും, പല സൈനികർക്കും അപകടങ്ങൾ ഉണ്ടായ സമയത്ത് സഹായവുമായി അദ്ദേഹം പ്രത്യക്ഷപ്പെടാറുണ്ട് എന്നാണ് വിശ്വാസം.. ഇന്നും, വാർഷിക അവധി ഉൾപ്പടെ ഒരു സൈനികന് ലഭിയ്ക്കുന്ന എല്ലാ ആനുകൂല്യങ്ങളും അദ്ദേഹത്തിന് ലഭിയ്ക്കുന്നുണ്ട്.. അദ്ദേഹത്തിന്റെ പേരിൽ സൈനികർ നിർമ്മിച്ചതാണ് ആ മന്ദിരം..

  അതിനെക്കുറിച്ച് ഒരു പ്രാധാന്യമില്ലാതെ പറഞ്ഞുപോയതുകൊണ്ട് സൂചിപ്പിച്ചതാണ്.. ‌:}

  ഇതു പോലെ ഒരു യാത്ര മണാലിയിലേയ്ക്ക് ഞങ്ങൾ പോയിരുന്നു.. ഇതു വരെ എഴുതുവാൻ സമയം കിട്ടിയില്ല...ഈ വിവരണങ്ങൾ വായിയ്ക്കുമ്പോൾ ആ ദിവസങ്ങൾ ഓർമ്മ വരുന്നു...

  ReplyDelete
 18. ഒരു നല്ല യാത്ര വിവരണം ..

  ReplyDelete
 19. ഒരു മഞ്ഞു കാറ്റ് വരികളിലൂടെ
  ഇങ്ങനെ ഇറങ്ങിനടക്കുന്നു.
  സിക്കിമിലേക്കുള്ള ഒരു പാത
  സ്വപ്നത്തില്‍നിന്ന്
  പതിയെ തുറന്നു വരുന്നു.

  മനോഹരമായി ഈ യാത്രാനുഭവം.

  ReplyDelete
 20. മിടുക്കീ,
  നാട് നിറയെ സഞ്ചരിക്കുകയും,അതൊക്കെ നല്ല വെടിപ്പായി ഞങ്ങളോട് പങ്ക് വെക്കുകയും ചെയ്യുന്നതിന് ഒരായിരം നന്ദി.
  നല്ല തെളിമയുള്ള ഈ ബ്ലോഗ്ഗില്‍ അതിലും തെളിമയോടെയുള്ള എഴുത്ത് മനസ്സിന് ഒരു സുഖം തരാറുണ്ട്.
  നാഥുല പാസ് പേടിപ്പിച്ചു കേട്ടോ.
  ചിത്രങ്ങള്‍ സുന്ദരം..

  ReplyDelete
 21. നേരത്തെ വായിച്ചതാണ്.
  അന്ന് മലയാളം ഫോണ്ടിന് എന്നോട് ഒരനിഷ്ടം.
  നന്നായിട്ടുണ്ട് .

  ReplyDelete
 22. ഹോ! എന്തൊരു പ്രൗഢമായ ഭാഷ!!!... ഗുരുസാഗരത്തിലെ ജ്വാലാമുഖിയെ വായിച്ചതുപോലെയൊരു ഫീലിംഗ്... ഒന്നു പോകാന്‍ തോന്നുന്നു അവിടെയൊക്കെ... എനിയ്‌ക്കൊരു സ്‌നേഹിതനുണ്ട് സിംലയില്‍... ബിപ്‌ളവ് നവ്‌റോജി എന്നാണു മൂപ്പരുടെ പേര്. ഈ യാത്രാവിവരണത്തിനു മുല്ലയ്ക്കു നന്ദി... ആശംസകള്‍...

  ReplyDelete
 23. ജീവിതത്തിന്റെ വരണ്ടുണങ്ങിയ തീരങ്ങള്‍ നനയ്ക്കും, അനുഭവങ്ങള്‍ നിറഞ്ഞ യാത്രകള്‍..
  സിക്കിം, ലോട്ടറിയുടെ പേരിലാണ് നമ്മുടെ നാട്ടില്‍ പ്രസസ്തി.. ഇന്നിതാ അവളുടെ മടിത്തട്ടിലൂടെ താങ്കള്‍ നടത്തിയ ഈ യാത്രാ വിവരണം വേറിട്ട ഒരു വായന, ഒരു അനുഭവം അങ്ങിനെ എന്തൊക്കെയോ..
  നാടുകള്‍ ചുറ്റിക്കറങ്ങുന്ന സഞ്ചാരി, ഞങ്ങള്‍കായി ആ നാടുകളെ തന്റെ പോസ്റ്റുകളില്‍ പകുത്തു വെക്കുന്നതിനു നന്ദി..

  ReplyDelete
 24. ഹിമാലയൻ യാത്രാവിവരണങ്ങൾ എനിക്ക് എന്നും ഇഷ്ടമാണ്‌. ഈ ലേഖനം കുറേക്കൂടി ഹൃദ്യമായി എഴുതാമായിരുന്നില്ലേയെന്ന് തോന്നുന്നു. വായിച്ച് പരിചയം ഉള്ളതുകൊണ്ടാണോയെന്നറിയില്ല. വായിച്ചുകഴിയുമ്പോൾ യാത്രനടത്തിയ പ്രതീതിയുണ്ടാവണം. പത്തിലൊന്നായി ചുരുങ്ങിപ്പോയില്ലേയെന്ന് സംശയം. ആസ്വദിച്ചെഴുതിയാൽ മതി. ശരിയായിക്കൊള്ളും.
  കൂടുതൽക്കൂടുതൽ യാത്രകൾ നടത്താൻ കഴിയട്ടെ...ആശംസകൾ...യാത്രാനുഭവങ്ങൾ പങ്കുവച്ചതിന്‌ നന്ദി...

  ReplyDelete
 25. ഇതിപ്പോഴാണ് വായിച്ചത്...വളരെ നല്ല വായനാനുഭവം. മനോഹരമായ വരികൾ....

  ReplyDelete
 26. നല്ല യാത്രാ വിവരണം. ഒരുപാട് നാളായി ബൂലോക സഞ്ചാരം നടത്താറില്ല.. വന്നത് വെറുതെയായില്ല. ചിത്രങ്ങള്‍ കണ്ടിട്ട് ഒട്ടും ചെറുതല്ലാത്ത അസൂയ രേഖപ്പെടുത്തുന്നു.

  ReplyDelete
 27. വായിച്ചു കഴിഞ്ഞപ്പോള്‍ തണുക്കുന്നപോലെ.
  നന്നായെഴുതി.
  മുല്ലക്കെങ്ങിനെ എപ്പോഴും യാത്രപോകാന്‍ പറ്റുന്നു എന്ന് ചിന്തിക്കാറുണ്ട്.
  കുടുംബമൊന്നിച്ചാണോ പോകാറ്‌.
  അതോ യാത്രകള്‍ അനിവാര്യമായ വല്ല ജോലിയുമാണോ.
  എന്തായാലും ഭാഗ്യവതിയാണ് മുല്ല.
  ആശംസകള്‍.

  ReplyDelete
 28. മനോഹരമായ വിവരണം

  ReplyDelete
 29. മനോഹരമായി ഈ യാത്രാനുഭവം........

  ReplyDelete
 30. വിശാലമായ് പുഞ്ചിരിക്കുന്ന ജനങ്ങള്‍, അപരിചതരോട് തീരെ
  അകലം വെക്കാത്ത പ്രകൃതം.നാഗരികതയുടെ തിരക്കുകളൊന്നും
  അവരെ തൊട്ട് തീണ്ടിയിട്ടില്ല.
  ----------------------------
  തണുപ്പ് പ്രദേശത്തു ജീവിക്കുന്നവരുടെ സ്വഭാവം പൊതുവേ ശാന്തമാണ് എന്ന് പറയാറുണ്ട്,,മനോഹരം ഈ കുറിപ്പ് എന്ന് ഇനി വീണ്ടും പറയുന്നില്ല ,യാത്രകള്‍ തുടരുക ,അതിനു തരം കിട്ടാത്തവര്‍ക്ക് ആ യാത്രയിലെ അനുഭവങ്ങള്‍ പങ്കു വെക്കുക ,എല്ലാ ആശംസകളും .

  ReplyDelete
 31. വിവരനത്തിലുടനീളം സഹായാത്രികനായുണ്ടായിരുന്നു. സിക്കിം ഇത് വരെ സന്ദര്‍ശിച്ചിട്ടില്ല. ഇന്ഷാ അല്ലാഹ്, ഇനി നാട്ടില്‍ സെറ്റ്ല്‍ ആയിട്ട് നോക്കാം

  ReplyDelete
 32. നല്ലൊരു യാത്ര വിവരണം ..ഒരുപാട് പുതിയ അറിവുകള്‍ പ്രധാനം ചെയ്യുന്നു

  ReplyDelete
 33. പോസ്റ്റ് വായിക്കാൻ അല്പം താമസിച്ചെങ്കിലും ഇത് വായിക്കാനായല്ലോ !!!

  നല്ല യാത്രാ വിവരണവും ഫോട്ടോസും, സിക്കിമിലെ പുതിയ വിശേഷങ്ങൾ അറിഞ്ഞതിൽ സന്തോഷം.

  കൂടുതൽ പോസ്റ്റുകൾ വായിക്കാനുള്ളതിനാൽ വിശദമായ കമെന്റ് ഇല്ല. ആശംസകൾ

  ReplyDelete
 34. നന്നായിട്ടുണ്ട് .. അഭിനന്ദനങള്‍

  ReplyDelete
 35. നല്ല യാത്രാ വിവരണം. ലോകത്തില്‍ എന്തെല്ലാം മനോഹര കാഴ്ചകള്‍, സ്ഥലങ്ങള്‍. ഞാനൊക്കെ എന്ത് കണ്ടു.

  ReplyDelete
 36. അതിമനോഹരമായ ഒരു യാത്രാചിത്രം!!!
  ഹൃദയംനിറഞ്ഞ ആശംസകള്‍!!

  ReplyDelete
 37. സുന്ദരമായ ചിത്രങ്ങളും, ഹൃദ്യമായ വിവരണവും ഈ പേജിൽ ഏറെ നേരം എന്നെ തളച്ചിട്ടു. ഹൃദയപൂർവ്വം നന്ദി പറയുന്നു ഈ അനുഭവക്കുറിപ്പിന്.

  ReplyDelete
 38. യാത്രകള്‍ ദേശങ്ങളിലേക്ക് മാത്രമല്ല.. സംസ്കാരങ്ങളിലെക്കും ഹൃദയങ്ങളിലെക്കും കൂടെയാണ് ലെ .. നല്ല വിവരണം. ഇവിടെ എത്താന്‍ വൈകി.. സഹപാഠയായിരുന്നിട്ടും...

  ReplyDelete
 39. നല്ല യാത്രാനുഭ..വം ..മുല്ലയുടെ വിവരണം തരക്കേടില്ല ട്ടോ

  ReplyDelete
 40. നല്ല വിവരണം
  ഒരുപാട് യാത്ര ചെയ്തു ല്ലേ ..
  ഭാഗ്യവതി ...

  ReplyDelete
 41. നല്ല യാത്രാനുഭവം ...
  പിന്നെ
  ഇതൊന്നുമല്ല ശരിക്കുള്ള തണുപ്പും ,മഞ്ഞും,..,..കേട്ടൊ മോളെ
  വല്ല സാക്ഷാൽ മഞ്ഞുകാലാത്ത് ഇവിടേക്ക്...വാ
  തണുപ്പിനെ തനി ഫ്രീസായി തൊട്ടറിയാം..!

  ReplyDelete
 42. രാമചന്ദ്രന്‍ സര്‍ ന്‍റെ ഹിമാലയന്‍ യാത്രകള്‍ വായിച്ച് ത്രില്ലടിച്ചിരിക്കുന്ന സമയമായതിനാല്‍, അത്തരം ഹിമാലയന്‍ യാത്രാ വിവരണങ്ങള്‍ ഇനിയുമുണ്ടോ എന്നറിയുവാന്‍ ഗൂഗിളില്‍ ഒന്ന് സെര്‍ച്ചിയതാ. എത്തിപ്പെട്ടത് നല്ല ഒരിടത്തായി. മികച്ച രചന. ഭാവുകങ്ങള്‍!!....,,,

  ReplyDelete
 43. ഷിബു തോവാള എഴുതിയ പോലെ എനിക്കും തോന്നി മുല്ലേ. ഹര്‍ബജന്‍സിംഗ്ബാബയെക്കുറിച്ചു എഴുതാന്‍ എത്രയുണ്ട്..രാമചന്ദ്രന്‍ സാറിന്റെ ഹിമാലയന്‍ യാത്രകളുടെ എല്ലാ പുസ്തകങ്ങളും പിന്നെയും പിന്നെയും വായിച്ചു മനസ്സ് കൊണ്ട് എത്ര തവണ എത്തിപ്പെട്ടതാണ് ഞാന്‍ ഈ സ്ഥലങ്ങളില്‍ ഒക്കെ എന്നറിയോ?
  പിന്നെ അധ്യാപകന്‍ ആയിരുന്ന ബാലചന്ദ്രന്‍ സാറിന്റെ പുസ്തകങ്ങളും ഈ വിവരണങ്ങള്‍ റൊമാന്റിക് ആയി വിവരിക്കുന്നുണ്ട് .
  ശരീരം അനുവദിക്കുമെന്ന് തോന്നുന്നില്ല. എങ്കിലും മനസ്സ് കൊണ്ട് ഞാനും മുല്ലയുടെ കൂടെപ്പോരും എല്ലാ യാത്രകളിലും..!

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..