Wednesday, March 21, 2012

നൊമ്പരക്കാറ്റ്..

“ കതക് തുറക്കുകയായ് ,
എന്റെ വിഷാദത്തിനു മീതെ,
അതിലൂടെ അവര്‍ വന്നു,
എന്റെ അതിഥികള്‍.
അവിടെ ,അവള്‍ സന്ധ്യ
നിരാശയുടെ ഒരു
കമ്പളം വിരിക്കാനെത്തി.
അതിലൂടെ രാത്രി കടന്ന് പോയി,
വേദനയെക്കുറിച്ച്
നക്ഷത്രങ്ങളോട് പറയാന്‍
ഇതാ പ്രഭാതം വരികയായ്,
തിളങ്ങുന്ന ഒരു വാള്‍തലയുമായ്
ഓര്‍മ്മകളുടെ മുറിവ് തുറക്കാന്‍....“
( ഫൈസ് അഹമ്മദ് ഫൈസ്)

ഞാനീ കതക് തുറക്കുകയാണു...ആ തുറന്ന കതകിലൂടെ കാറ്റ് ആഞ്ഞടിക്കും.തന്റെ
വഴിയിലുള്ളതിനെയൊക്കെ തട്ടിമാറ്റി ദൂരേക്ക് പറത്തിക്കൊണ്ട് പോകുന്ന ചുഴലിക്കാറ്റ് ;
ടൈഫൂണ്‍ ... , സംഹാരതാണ്ഢവമാടികഴിഞ്ഞ് കാറ്റ് തളര്‍ന്നുറങ്ങുമ്പോള്‍ ,
നഷ്ടപ്പെട്ടതൊക്കെ സ്വരുക്കൂട്ടാന്‍ വെമ്പുന്നവര്‍,എത്ര വാരിപ്പൊത്തി
നെഞ്ചോടമര്‍ത്തിയാലും എവിടെയൊക്കെയോ ഏതൊക്കെയോ ഭാഗങ്ങള്‍
എന്നെന്നേക്കുമായ് നഷ്ടപ്പെട്ടിട്ടുണ്ടാകും. അതെ ,ഇനിയൊരിക്കലും
ജീവിതം പഴയപോലാവില്ല എന്ന തിരിച്ചറിവിലേക്ക്
അമ്പരപ്പോടേ നമ്മള്‍ കണ്മിഴിക്കും...

വിധി നമുക്ക് മേല്‍ അടിച്ചേല്‍പ്പിക്കുന്ന ഇത്തരം കാറ്റുകളെ കുറിച്ചാണു ഖ്വൈസ്റ
ഷഹറാസ് തന്റെ ടൈഫൂണ്‍ എന്ന നോവലില്‍ പറയുന്നത്. മനുഷ്യമനസ്സുകള്‍ക്ക്
മേല്‍ ആഞ്ഞടിച്ച് സ്നേഹം, പ്രണയം, സ്വാസ്ഥ്യം എന്നീ മാനുഷിക ഭാവങ്ങളെ
നമ്മില്‍ നിന്നും അടിച്ച് പറത്തിക്കൊണ്ട് പോകുന്ന ചുഴലിക്കാറ്റുകള്‍...

മലയാളികള്‍ക്ക് അത്രയൊന്നും പരിചിതയല്ല ഖ്വൈസ്റ ഷഹറാസ്.( Qaisra Shahras
പാകിസ്ഥാനില്‍ ജനിച്ചു; തന്റെ ഒന്‍പതാമത്തെ വയസ്സില്‍ ലണ്ടനിലേക്ക് കുടിയേറി.


നിരവധി അംഗീകാരങ്ങളും നിരൂപക ശ്രദ്ധയും പിടിച്ചു പറ്റിയ മികച്ച നോവലിസ്റ്റും
തിരക്കഥാകൃത്തുമാണു ഖ്വൈസ്റ ഷഹറാസ്. അവരുടെ ഹോളി വുമന്‍, ടൈഫൂണ്‍
എന്നീ കൃതികള്‍ ഹിന്ദി, ഇംഗ്ലീഷ് ,ഡച്ച് എന്നീ ഭാഷകളിലേക്ക് മൊഴിമാറ്റം
ചെയ്യപ്പെട്ടിട്ടുണ്ട്. ഇപ്പോളിതാ ടൈഫൂണ്‍ മലയാളത്തിലേക്കും ..,.
മലയാള വിവര്‍ത്തനം നിര്‍വഹിച്ചിരിക്കുന്നത് വിദ്യാഭ്യാസ വകുപ്പില്‍ ഉദ്യോഗസ്ഥയും
പ്രമുഖ ബ്ലോഗറുമായ ഷീബ ഇ കെ യാണു. വൈ ടു കെ, ഋതുമര്‍മ്മരങ്ങള്‍
എന്നീ പുസ്തകങ്ങള്‍ ഷീബയുടേതായിട്ടുണ്ട്.


മൂലകൃതിയുടെ മനോഹാരിത ഒട്ടും ചോര്‍ന്ന് പോകാതെയാണു ഷീബ മൊഴിമാറ്റം
ചെയ്തിരിക്കുന്നത്. ഒരോ ദൃശ്യവും കഥാപാത്രങ്ങളും നമുക്ക് പരിചിതരാ‍യവര്‍ തന്നെ
എന്ന തോന്നലുളവാക്കും വിധം.

കറാച്ചിയുടെ പ്രാന്തപ്രദേശത്തെ ചിരാഗ് പൂര്‍ എന്ന ഗ്രാമത്തിലേക്ക് ഒഴിവ്കാലം
ചിലവഴിക്കാന്‍ എത്തുന്ന നജ് മാന ഒരിക്കലും വിചാരിച്ചിരുന്നില്ല ,തന്റെ ജീവിതം
കീഴ്മേല്‍ മറിക്കുന്ന സംഭവങ്ങളുടെ തുടക്കമാവും അതെന്ന്. അവിടെ വെച്ച് അവള്‍
തന്റെ മുന്‍ ഭര്‍ത്താവ് ഹാരൂണിനെ യാദൃശ്ചികമായ് കണ്ടുമുട്ടുന്നു. തീവ്രമായ ഒരു
പ്രണയത്തിന്റേയും ഹ്രസ്വമായ ഒരു ദാമ്പത്യത്തിന്റേയും ഓര്‍മ്മകള്‍, അവരിരുവരേയും
പിടിച്ച് കുലുക്കുകയാണു. പ്രണയം,അതിപ്പോഴും അവരുടെ മനസ്സുകളില്‍ ഉണ്ട്,
അവരറിയാതെ തന്നെ.

ഇതോടേ ഗുല്‍ഷന്റെ ; ഹാരൂണിന്റെ ഭാര്യ, സ്വാസ്ഥ്യം നശിക്കുകയാണു. എത്ര
ചേര്‍ത്തു വെച്ചിട്ടും കൂടി യോജിക്കാത്ത ഒരു ചിത്രം പോലെയായ് പിന്നീടവരുടെ
ജീവിതം. നീണ്ട ഇരുപത് കൊല്ലം വേണ്ടി വന്നു അവര്‍ക്കതൊന്ന് തുന്നി
ചേര്‍ക്കണമെന്ന് തോന്നാന്‍..!!

സ്ത്രീകളുടെ താല്പര്യങ്ങള്‍ക്കും അവകാശങ്ങള്‍ക്കും ഊന്നല്‍ നല്‍കി കൊണ്ട് അങ്ങേയറ്റം
നിഷ്കര്‍ഷയോടെയാണു ഖുര്‍ ആനില്‍ വിവാഹമോചനത്തെ കുറിച്ച് പറയുന്നത്.
പക്ഷെ നിര്‍ഭാഗ്യവശാല്‍ അതിന്റെ അനുവര്‍ത്താക്കള്‍ നിയമം തങ്ങളുടെ
ഇഛകള്‍ക്കനുസരിച്ച് വളച്ചൊടിച്ചു. അതു പോലെ പാകിസ്ഥാനിലെ
പല ഗ്രാമങ്ങളിലും നിലനിന്നു പോരുന്ന അനാചാരങ്ങളിലേക്ക്
നോവലിസ്റ്റ് നമ്മെ കൊണ്ട് പോകുന്നുണ്ട്. ഖുര്‍ആനെ വരിച്ച് ഒരു
പെണ്ണിനെ പുണ്യവതിയാക്കി വാഴിക്കുന്നത് അതിലൊന്നാണു.
കേട്ടുകേള്‍വി പോലുമില്ലാത്ത എന്തെല്ലാം അനാചാരങ്ങളാണു
ലോകത്ത് പലയിടത്തും നടക്കുന്നത്.

കച്ചേരി വിളിച്ച് കൂട്ടി ഗ്രാമമുഖ്യന്‍ ബാബാ സിറാജ്ദീന്‍ ,ഹാറൂണിനെ കൊണ്ട് നിര്‍ബന്ധിച്ച്
നജ് മാനയെ മൊഴി ചൊല്ലിക്കുകയാണു, അതും മൂന്നു തവണ ,ഒരുമിച്ച്, മുത്തലാഖ് ,
ചെയ്യാന്‍ പാടില്ലാത്ത നീചവൃത്തി. അപമാന ഭാരത്താല്‍ കുനിഞ്ഞ ശിരസ്സുമായ് ഗ്രാമം
വിട്ട നജ് മാനയെ തേടി വര്‍ഷങ്ങള്‍ക്ക് ശേഷം ആ ചുഴലിക്കാറ്റ് വീണ്ടുമെത്തുകയാണു.
ഇത്തവണ അത് അടിച്ച് പറത്തിക്കൊണ്ട് പോകുന്നത് പ്രൊ. ജഹാംഗീറുമൊത്തുള്ള
അവളുടെ ദാമ്പത്യ ജീവിതത്തെ തന്നെയാണു.

ലോകത്തിന്റെ ഏത് കോണിലായാലും നഷ്ടപ്പെടലുകള്‍ എന്നും സ്ത്രീക്ക് മാത്രമാണു,
ഇല്ലാതാക്കപ്പെടുന്നത് അവളുടെ അഭിമാനമാണു, ഭൂതകാലത്തിന്റെ മാറാപ്പും പേറി
ജീവിതം തള്ളിനീക്കേണ്ടവള്‍ എന്നും സ്ത്രീ മാത്രം.സൌന്ദര്യവും സമ്പത്തുമൊന്നും
അവിടെ മാനദണ്ഢങ്ങളേയല്ല. അതു കൊണ്ടാണല്ലോ ഗ്രാമത്തിലെ അതിസമ്പന്നയും
അതീവ സുന്ദരിയും വിധവയുമായ കനീസിനു തന്റെ ജീവിതം നിസ്സംഗതയുടെ ഇരുമ്പ്
മറക്കുള്ളില്‍ ഇട്ടുമൂടേണ്ടി വന്നത്..!! നീണ്ട ഇരുപത് വര്‍ഷങ്ങള്‍ വേണ്ടിവന്നു അവര്‍ക്ക്,
തന്റെ ശരീരത്തില്‍ ദംഷ്ട്രങ്ങള്‍ ആഴ്ത്തിയ ഇരുണ്ട ഭൂതകാലത്തെ മറക്കാന്‍. ഇരുള്‍
മൂടിയ ആ കാലത്തെ മറികടക്കാന്‍. അതീവ ക്ഷമയോടും സ്നേഹാവായ്പോടേയും
അവളുടെ കൈ പിടിക്കാന്‍ തയ്യാറായ യൂനുസ് റയീസ് എന്ന പുരുഷന്‍, മാര്‍ക്കേസിന്റെ
കോളറാകാലത്തെ പ്രണയത്തിലെ ഫ്ലൊറന്റിനോ അരീസയെ പോലെ നമുക്ക്
പ്രിയപ്പെട്ടവനാകുന്നത് അചഞ്ചലമായ തന്റെ പ്രണയം ഒന്നു കൊണ്ട് മാത്രമാണു.

പാകിസ്ഥാനിലെ ഒരുള്‍നാടന്‍ ഗ്രാമത്തിലെ പെണ്‍ജീവിതത്തിന്റെ എല്ലാ ഭാവങ്ങളെയും
അതിമനോഹരമായി സമഞ്ജസിപ്പിക്കാന്‍ നോവലിസ്റ്റിനു കഴിഞ്ഞിട്ടുണ്ട്.
പ്രസാധനം ഡി സി ബുക്സ്. വില 130 ക.

ഷീബയുടെ ബ്ലോഗ്------കാല്‍പ്പാട്

***നാട്ടുപച്ചയില്‍ പ്രസിദ്ധീകരിച്ചത്.

29 comments:

  1. ഇത്താ (എന്നെക്കാള്‍ ചെറുപ്പമാണോ എന്നറിയില്ല, ന്നാലും ബഹുമാനം കൊണ്ട് അങ്ങിനെ വിളിക്കട്ടെ!) അയല്‍നാട്ടിലെ ശ്രദ്ധിക്കപ്പെടേണ്ട ഒരു സാഹിത്യകാരിയെയും അവരുടെ കൃതിയും പരിചയപ്പെടുത്തിയതിനു ഒത്തിരി നന്ദി.

    ReplyDelete
  2. ഇപ്പോള്‍ എന്ത് അഭിപ്രായമെഴുതും? പുസ്തകം വാങ്ങി വായിക്കാന്‍ തീരെ സാധ്യതയില്ല.

    ReplyDelete
  3. പുസ്തകം വായിക്കാന്‍ കഴിഞ്ഞില്ലെങ്കിലെന്ത്..!അളന്നുമുറിച്ച ഈ വിശകലനം കൊണ്ട് കഥയറിയാനും കഥാകാരിയെ മനസ്സിലാക്കാനും കഴിഞ്ഞുവല്ലൊ.
    അഭിനന്ദനങ്ങള്‍

    ReplyDelete
  4. ഷീബയുടെ വിവര്‍ത്തനം വായിക്കുവാന്‍ ശ്രമിക്കട്ടെ.. അതിനു പ്രേരിപ്പിക്കുന്നും ഈ കുറിപ്പ്

    ReplyDelete
  5. എന്റെ കാര്യവും ഇതൊക്കെ തന്നെ... എന്നെങ്കിലും വായിക്കാന്‍ കഴിയും എന്നൊന്നും അറിയില്ലെങ്കിലും ഈ ബ്ലോഗ്ഗിലെ പരിചയപെടുത്തല്‍ വായിച്ചാല്‍ തന്നെ സന്തോഷമാണ്...കാരണം ഇവിടെ എഴുത്തുകാരി എന്നും നല്ലൊരു വിശകലനം നല്‍കാറുണ്ട്... ഇത്തവണയും ആ പതിവ് തെറ്റിച്ചില്ല...
    നന്ദി...

    ReplyDelete
  6. ഖ്വൈസ്റ ഷഹറാസിനെ കുറിച്ച് ഞാന്‍ ആദ്യമാണ് കേള്‍ക്കുന്നത്. അത്രയൊന്നും എത്താന്‍ കഴിഞ്ഞിട്ടില്ല എന്നത് തന്നെ.
    കുറെയൊക്കെ ഇവിടെ നിന്നറിയാന്‍ കഴിഞ്ഞത് കൊണ്ട് നന്ദിയുണ്ട്.

    ReplyDelete
  7. പുസ്തകങ്ങളെ പരിചയപ്പെടുത്തുന്നത് ഒരു പുണ്യ പ്രവര്‍ത്തിയാണ്. കാരണം ബുക്ക്സ്റ്റാളില്‍ ചെന്ന് ചോദിച്ചു വാങ്ങാം. പൊടി നിറഞ്ഞ ട്രാക്കുകളില്‍ അടുക്കി വെച്ചിരിക്കുന്നത് തല ഉയര്‍ത്തി നോക്കി കണ്ണുകള്‍ക്ക് ശ്രമം കൊടുക്കാതെ തെരയാതെ കഴിച്ചു കൂട്ടാം. നന്ദി.

    ReplyDelete
  8. പുസ്തക പരിചയപ്പെടുത്തല്‍ ഒരു കലയാണ്‌.. വിശകലനം ഒരു പാട് ഇഷ്ടപ്പെട്ടു.പുസ്തകം വായിക്കാന്‍ കാത്തിരിക്കുന്നു .. വീണ്ടും വരാം ... ആശംസകള്‍ ...സസ്നേഹം

    ReplyDelete
  9. പുസ്തകങ്ങളെ പരിചയപ്പെടുത്തുന്ന പോസ്റ്റ്‌ അസ്സലായി... ആശംസകള്‍

    ReplyDelete
  10. നല്ല പരിചയപെടുത്തല്‍...

    പുസ്തകം തപ്പട്ടെ !!!!

    കഥയും കഥാകാരിയും മനസ്സില്‍ കുടിയേറി ഈ വിശകലനത്തിലൂടെ ....

    ReplyDelete
  11. ഈ പരിചയപ്പെടുത്തലുകള്‍ വായന ഇഷ്ടപ്പെടുന്നവര്‍ക്ക് വളരെ ഉപകാരം ചെയ്യും.
    ഫൈസ് അഹമ്മദ് ഫൈസ് ന്റെ കവിതയും അസ്സലായി.

    ReplyDelete
  12. അറിയപ്പെടാത്ത സംസ്കാരങ്ങളും ജീവിതരീതികളും. ഡി സി ബുക്സ് പ്രസിദ്ധീകരണം ആണെന്നറിഞ്ഞതിൽ സന്തോഷം. വാങ്ങിവായിക്കാൻ പറ്റും. ഈ പുസ്തകപരിചയം വായിച്ചപ്പോഴാണ്‌ ഇതേക്കുറിച്ച് അറിഞ്ഞത്. വളരെ നന്ദി.

    ReplyDelete
  13. 'ലോകത്തിന്റെ ഏത് കോണിലായാലും നഷ്ടപ്പെടലുകള്‍ എന്നും സ്ത്രീക്ക് മാത്രമാണു,
    ഇല്ലാതാക്കപ്പെടുന്നത് അവളുടെ അഭിമാനമാണു, ഭൂതകാലത്തിന്റെ മാറാപ്പും പേറി
    ജീവിതം തള്ളിനീക്കേണ്ടവള്‍ എന്നും സ്ത്രീ മാത്രം.സൌന്ദര്യവും സമ്പത്തുമൊന്നും
    അവിടെ മാനദണ്ഢങ്ങളേയല്ല...'
    വാസ്തവം...!
    പണ്ടത്തെ നമ്മുടെ സ്വന്തക്കാരുടെ മകളായ ഇന്നത്തെ അയലക്കക്കാരിയായ ഖ്വൈസ്റ ഷഹറാസിനെ അങ്ങിനെ പരിചയപ്പെട്ടു...!

    ReplyDelete
  14. അടിച്ചമർത്തപ്പെടുന്നവരുടെ വേദന പ്രതിഫലിക്കുന്ന നോവലെന്നെങ്കിലും കിട്ടിയാൽ വായിക്കണം .നന്നായ് വിശകലനം ചെയ്യ്തു.ആശംസകൾ..

    ReplyDelete
  15. നന്നായി വിശകലനം ചെയ്തിരിക്കുന്നു ഈ പരിചയപ്പെടുത്തലിന് നന്ദി മുല്ലേ
    കൂടുതല്‍ വായിക്കാന്‍ പ്രേരിപ്പിക്കുന്ന എഴുത്ത്

    ReplyDelete
  16. വായിക്കാൻ പ്രേരിപ്പിക്കുന്നു. വളരെ നല്ല പ്രവർത്തി. ആശംസകൾ........

    ReplyDelete
  17. പരിച്ചയപെടുത്തല്‍ നന്നായിരിക്കുന്നു.......നന്ദി ആശംസകള്‍

    ReplyDelete
  18. മുല്ലയുടെ പുസ്തക നിരൂപണം ഗൌരവമായ സമീപനമാണ്. ഇത്തരം ശ്രമങ്ങള്‍ ബ്ലോഗു ലോകത്ത് വിരളമാണ്. ഇത് അംഗീകരിക്കുകയും, ഇത്തിരി പ്രോല്‍സാഹനം കൊടുക്കുകയും ചെയ്യു ന്നതില്‍ രണ്ടാമതൊന്നു ആലോചിക്കേണ്ട കാര്യം ഇല്ല. തുമ്മിയാല്‍ കൂടി അതിനു കമന്റു വീഴുന്ന ബ്ലോഗു ലോകത്തു ആത്മാര്‍ഥമായ ഇത്തരം
    സംഭാവനകള്‍ വേറിട്ടു കാണേണ്ടതാണ്.

    ReplyDelete
  19. വൃത്തിയുള്ള അവലോകനം .വിശധമായ വിവരണം .അയല്‍പക്ക എഴുതുകാരിയെ പരിചയപ്പെടുത്തിയതിനും നന്ദി .ഒത്താല്‍ ഈ ബുക്ക്‌ വാങ്ങണം.ആശംസകള്‍

    ReplyDelete
  20. മുല്ലാ...ന്റെ “അളിവേണിയിലും ജിന്നയിലും” മുല്ലയുടെ സാന്നിദ്ധ്യം അറിയിച്ചതിൽ സന്തോഷം ട്ടൊ...നന്ദി..!

    നൊമ്പരക്കാറ്റ് അറിയുവാൻ ഇടയാക്കി തന്ന കൂട്ടുകാരിയ്ക്ക് നന്ദി...ആശംസകൾ...!

    ReplyDelete
  21. നന്നായി, മുല്ല. നല്ല പരിചയപ്പെടുത്തലായി. അഭിനന്ദനങ്ങൾ.നാടുപച്ചയിലും കണ്ടിരുന്നു എന്നാണോർമ്മ.

    ReplyDelete
  22. നന്ദി, അറിയാത്തൊരു
    വഴി തുറന്നു തന്നതിന്.
    അതിലൂടെ നടക്കാന്‍
    പ്രരിപ്പിച്ചതിന്.

    ReplyDelete
  23. പുസ്തകം അയച്ചു തരൂ മുല്ലേ. വായിച്ചിട്ട് തിരിച്ചയക്കാം. :)

    ReplyDelete
  24. ഇവിടെ വന്ന് പുസ്തകത്തെ പറ്റി അഭിപ്രായം പറഞ്ഞ എന്റെ എല്ലാ കൂട്ടുകാര്‍ക്കും നന്ദി.
    @ അക്ഭര്‍ ഭായ്, അത് പള്ളീ പോയി പറഞ്ഞാ മതീട്ടോ..

    ReplyDelete
  25. ഇതിപ്പോഴാ വായിച്ചത്. പുസ്തകത്തോട് നീതി പുലര്‍ത്തുന്ന അവലോകനം.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..