Friday, March 30, 2012

ഒരുവട്ടം കൂടി....

കഴിഞ്ഞാഴ്ച കോട്ടക്കലില്‍ നിന്നു മടങ്ങുമ്പോള്‍ വഴി ബ്ലോക്കായത് കാരണം ബസ്
തിരിച്ച് വിട്ടത് പി എസ് എം ഒ കോളേജിനു മുന്നിലൂടെയാണു. ഞായറാഴ്ച്ക
ആയത് കാരണം ക്ലാസ്സില്ല. കാമ്പസ് ശൂന്യം. കോളേജിനു മുന്നിലെ
സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോള്‍ എന്തെന്ത് വികാരങ്ങളാണു എന്നിലൂടെ
കടന്ന് പോയത്....സന്തോഷം, വേദന, ഒരു തരം അന്യതാബോധം
എല്ലാം കൂടെ ചേര്‍ന്ന്....
ഇവിടെ നിന്ന് പോയതിനു ശേഷം ഈ വഴി ഞാന്‍ വന്നിട്ടേയില്ല...മൂന്ന് വര്‍ഷം
അടിച്ച് പൊളിച്ച് അര്‍മ്മാദിച്ച് നടന്ന കാമ്പസാണു ...


നോക്കിയിരിക്കെ കാമ്പസ് ബഹളമയമായി.
എന്റെ ഫ്രന്റ്സ് മുഴുവനുമുണ്ട്...

പ്രിന്‍സ്സിയുടെ മുറിക്ക് മുന്നില്‍ നല്ല ബഹളം,സമരമാണു. ഫീസടച്ച് ഓഫീസില്‍
നിന്നിറങ്ങിയ ഞാന്‍ അക്കൂട്ടത്തില്‍ നിന്നും ജഹഫറിനെ പിടിച്ച് വലിച്ചു.

‘ടാ ഇന്ന് ***പൈലയുടെ നെര്‍വസ് സിസ്റ്റമാണു(നാഡീവ്യവസ്ഥ) പ്രാക്റ്റിക്കല്‍,
ഇനിയെന്നോട് പൈലയെ ചോദിച്ച് വരണ്ടാന്നു മജീദ്കാക്ക പറഞ്ഞിട്ടുണ്ട്,
പാടത്തൊന്നും വെള്ളമില്ലത്രെ.. നീ വാ...വൈകിയാ സാറ് ക്ലാസ്സീ കേറ്റില്ല.“

ഓടിക്കിതച്ച് ലാബിലെത്തിയപ്പോള്‍ ക്ലാസ്സ് തുടങ്ങിയിരിക്കുന്നു, സാറിന്റെ
കൂര്‍ത്ത നോട്ടം കണ്ടില്ലാന്ന് വെച്ച് സീറ്റില്‍ പോയിരുന്നു.
“നീയിതെവിടായിരുന്നു, രണ്ട് മൂന്ന് തവണ സാറ് ചോദിച്ചു നീയെവിടെപ്പോയെന്ന്."
.തോട് കട്ട് ചെയ്ത പൈലയെ എന്റെ ട്രേയില്‍ വെക്കുന്നതിനിടെ ഷഹസാദ്
മെല്ലെ ചിരിച്ചു.

“ കാന്റീനില്‍, രാവിലെ ഒന്നും കഴിച്ചില്ല, പിന്നെ ഓഫീസില്‍,അവട്ന്നല്ലേ
ഞാന്‍ നിന്റെ ജഹഫറിനെ പൊക്കിയേ...ടീ അവനോട് മര്യാദക്ക് പഠിച്ച്
പാസ്സാകാന്‍ പറ,അല്ലേല്‍ നിന്റെ കാര്യാം ഗോവിന്ദ...“

ചെറുതായ് വെട്ടിയ ഫിലിം നെര്‍വുകളുടെ അടിയില്‍ ഭംഗിയായി തിരുകി
വെച്ച് ലേബല്‍ ചെയ്യുന്നതിനിടെ ഞാന്‍ തിരിഞ്ഞ് ഷഹസാദിനെ നോക്കി.
“ പറഞ്ഞിട്ടൊന്നും കാര്യമില്ലടീ...അവള്‍ കണ്ണു നിറച്ചു.
“ എന്താണവിടെ പിറുപിറുപ്പ്..നേരം വൈകി ക്ലാസ്സില്‍ വരിക,
എന്നിട്ട് മറ്റുള്ളവരെ കൂടെ ശല്യപ്പെടുത്താ..“

കുനിഞ്ഞ് നിന്ന് ഞാന്‍ ഡിസ്പ്ലേ ചെയ്തുവെച്ചിരിക്കുന്ന സ്പെസിമെന്‍
നോക്കുന്നതിനിടെ സാര്‍ ദേഷ്യപ്പെട്ടു.
“ നല്ല മണം...സാറിന്ന് ബിരിയാണി കഴിച്ചൊ...” കൈയിലിരുന്ന ഫോര്‍സെപ്സ്
ട്രേയിലിട്ട് ഞാന്‍ മൂക്ക് വിടര്‍ത്തി..”
ഒരു മാത്ര ...സാറിന്റെ കൈയിലിരുന്ന നീഡില്‍ വിറച്ച് പൈലയുടെ
ഗാംഗ്ലിയോണ്‍( തലച്ചോറ്‍) വെള്ളത്തില്‍ പൊങ്ങിക്കിടന്നു.....

കുഞ്ഞു കുഞ്ഞു കുസൃതികളും കളിയാക്കലുകളുമായ് എത്രവേഗമാണു
മൂന്ന് കൊല്ലം തീര്‍ന്നു പോയത്...തന്റെ പ്രണയം നടന്നില്ലേല്‍ മരിച്ച് കളയുമെന്ന്
പറഞ്ഞ് ബാഗില്‍ സ്ലീപ്പിങ്ങ്പിത്സുമായ് നടന്നിരുന്ന
ഷഹസാദിനെ പിന്നെ ഞാന്‍ കണ്ടിട്ടില്ല. അവളിപ്പൊ ഗള്‍ഫിലെവിടെയോ
ഉണ്ട് സുഖമായ്, സ്ലീപ്പിങ്ങ് പിത്സൊക്കെ വലിച്ചെറിഞ്ഞ് കളഞ്ഞിട്ടുണ്ടാകും,
അല്ലെങ്കിലും കാമ്പസ് പ്രണയങ്ങള്‍ക്ക് അത്രയൊക്കെയല്ലേ
ആയുസ്സുള്ളു...പക്ഷേ ഓര്‍മ്മകള്‍ മാത്രം മരിക്കുന്നില്ല. സുഖകരമായ
ഒരു നീറ്റല്‍ ബാക്കിയാക്കിക്കൊണ്ട് അതിപ്പഴും അവിടെത്തന്നെയുണ്ട്....

കാമ്പസിലെ ലൌവ് കോര്‍ണറാണിത്..കെമിസ്ട്രി ബ്ലോക്ക്...
അവര്‍ രണ്ടുപേരും ദേ അവിടെത്തന്നെയുണ്ട്..
പരസ്പരം തോളില്‍ കൈയിട്ട്..മനോഹരമായ് പുഞ്ചിരി പൊഴിച്ചുകൊണ്ട്,
ആത്മമിത്രങ്ങള്‍ , ഇഷാക്കും ഷബീറും; തേങ്ങാപ്പൂളും ചക്കരയും...,
ആരോടെന്നില്ലാതെ ആ പുഞ്ചിരിക്ക് മറുചിരി
ചിരിക്കുമ്പോള്‍ ഷഹസാദ് എന്റെ കൈയില്‍ നുള്ളും..
” ടീ വെറുതെ അവന്മാരെ കണ്‍ഫ്യൂസാക്കണ്ട..”
“ അതിനെന്താ..കുറച്ച് കണ്‍ഫ്യൂസാകട്ടെ” എന്നും പറഞ്ഞ് ക്ലാസ്സിലേക്ക്
കയറുന്നതിനിടെ തിരിഞ്ഞ് നിന്ന് ഒരു പാല്പുഞ്ചിരി കൂടി...
പയ്യെപയ്യെ തോളിലിരുന്ന കൈകള്‍ രണ്ടും പോക്കറ്റില്‍ തിരുപ്പിടിപ്പിക്കാന്‍ തുടങ്ങി,
വൈകാതെ ആത്മമിത്രങ്ങള്‍ അവിടവിടെ തനിച്ച് പ്രത്യക്ഷപ്പെടാന്‍ തുടങ്ങി.

“ ദ് നിനക്ക് പണിയാകുംട്ടോ..” എന്ന് ഭീഷണിപ്പെടുത്തിയ ഷഹസാദിനെ
ഞാന്‍ സമാധാനിപ്പിച്ചു, “എങ്കി നമുക്ക് നറുക്കിടാം..”
ഞാന്‍ എഴുതിക്കൊടുത്ത നറുക്കുകളില്‍ നിന്നും ഒരെണ്ണം എടുത്തു ഷഹാസാദ് ചിരിച്ചു..

“ ഉം ഉം ....തേങ്ങാപ്പൂള്...”
സന്തോഷത്തോടെ തിരിഞ്ഞ് നടക്കുന്നതിനിടയില്‍ അവള്‍ അടുത്ത നറുക്കും
കൂടി നിവര്‍ത്തി. “ ടീ...ഭയങ്കരീ....എന്നും പറഞ്ഞ് തല്ലാനോങ്ങിയ കൈ
നിവര്‍ത്തി അവളെന്നെ കെട്ടിപ്പിടിച്ച് പൊട്ടിച്ചിരിച്ചു.

കോളേജ് വിട്ട ശേഷം ആരേയും ഞാന്‍ കണ്ടിട്ടില്ല , കാണണമെന്ന്
തോന്നിയിട്ടുമില്ല എനിക്ക്, പുതിയ കോളേജ്, പുതിയ ഫ്രന്റ്സ്, ഞാന്‍
മറന്നു പോയതാണോ...അതും അറിയില്ല. പക്ഷെ ഒന്നും ഞാന്‍ മറന്നിട്ടില്ലാന്നു
ഇപ്പൊ എനിക്ക് തോന്നുന്നു. എല്ലാവരും അതേപോലെ ഇപ്പഴും എന്റെ മനസ്സില്‍ ഉണ്ട്.
എന്തിനും ഏതിനും സംശയം മാത്രം ഉണ്ടായിരുന്ന, ബേജാര്‍സിംഗ്
എന്ന് ഞങ്ങള്‍ കളിയാക്കിയിരുന്ന ഹമീദ്, എന്നേക്കാളും ദാഹം ഈ ബണ്ണിനാണൊ
എന്നു പറഞ്ഞ് ചായ ഗ്ലാസ്സിലേക്ക് അല്‍ഭുതം കൂറുന്ന മിഴികളോടെ ഇരിക്കുന്ന
റഹ്മാന്‍. ഇന്ന് ബച്ചുക്കാക്കന്റെ കത്തുണ്ടാ യിരുന്നെന്ന് അടക്കം പറയുന്ന ബിന്ദു.
പാഠപുസ്തകങ്ങള്‍ മാത്രം കരളുന്ന രേഖ, സ്വന്തം കാലില്‍
നിവര്‍ന്ന് നിന്ന് എന്റെ ജീവിതം എനിക്ക് തന്നെ ജീവിക്കണം എന്ന് പറഞ്ഞിരുന്ന
ചുണക്കുട്ടി ഹസീന, ഇന്ന് ഒന്‍പതെണ്ണത്തിനേ കിട്ടീള്ളൂ, ബാക്കി നാളെ
നോക്കാട്ടോ... എന്നും പറഞ്ഞ് ചാക്കില്‍ നിന്നും ചാടിപ്പോയ തവളയെ
പിടിക്കാന്‍ ഓടുന്ന മജീദ് കാക്ക.
പിന്നെ അതിനുമൊക്കെ അപ്പുറത്ത് ഞാന്‍ കാരണം ഉയിര് നഷ്ടപ്പെട്ട ഒരുപാട്
മിണ്ടാപ്രാണികളുടെ കരച്ചിലുകള്‍..‍‍...

ഇടത് കൈയില്‍ പിടിച്ച തവളയുടെ തല തള്ളവിരല്‍ കൊണ്ട് താഴ്ത്തിപ്പിടിച്ച്
കണ്ണുകള്‍ക്കിടയിലെ ഇത്തിരി സ്ഥലത്ത് മെല്ലെ നീഡില്‍ വെക്കുമ്പോള്‍
എത്ര ശ്രമിച്ചാലും അതിന്റെ കണ്ണിലേക്ക് നോക്കാതിരിക്കാനാവില്ല. മരണം
തൊട്ടടുത്ത് വന്ന് നിക്കുമ്പൊഴുള്ള ആ തണുത്ത നോട്ടത്തെ അവഗണിച്ച്
നീഡില്‍ മെല്ലെ താഴേക്ക് കൊണ്ട് വരുമ്പോള്‍ ഒരു ചെറിയ ഹംബ്,അപ്പോ
അവന്‍ മെല്ലെയൊന്ന് വിറക്കും, അതാണു പോയിന്റ്, തലയോട്ടി അവിടെ
അവസാനിക്കും, താഴെ ഒരു കുഞ്ഞ് സ്പോട്ടുണ്ട്,
(foramen magnum. )നേരെ നീഡില്‍ ഉള്ളിലേക്ക് കയറ്റി ഒറ്റക്കറക്കല്‍,
തലച്ചോര്‍ കലങ്ങിപ്പോകും. (pithing of frog)
മെല്ലെ അതിന്റെ കണ്‍പീലികളില്‍ തട്ടിനോക്കിയാല്‍ ഒന്ന് കണ്ണു ചിമ്മുക
പോലുമില്ല, അനങ്ങാതെ കിടക്കും, ഓര്‍മ്മയില്ലേ പണ്ട് താളവട്ടത്തില്‍
നമ്മെയൊക്കെ കരയിപ്പിച്ച് മോഹന്‍ ലാല്‍ കിടന്നിരുന്നത്....അതേപോലെ..

എന്തിനായിരുന്നു അതെല്ലാം, അവ എന്നെ ഒന്നും പഠിപ്പിച്ചില്ല, ഞാനൊന്നും
ആയുമില്ല അതുകൊണ്ട്. പാതിവഴിയില്‍ എന്നെ തനിച്ചാക്കി കടന്നു പോകുന്ന
സൌഹൃദങ്ങളെ, സ്നേഹത്തേ, എന്റെ പ്രണയത്തെ പോലും പിന്‍ വിളി
വിളിക്കാന്‍ എനിക്കാവുന്നില്ല. പലപ്പോഴും എന്റെ കണ്ണിലും മനസ്സിലും അന്ന് ആ
ക്ലാസ്സ്മുറിയില്‍ വെച്ച് കണ്ട കുഞ്ഞ് ജീവിയുടെ കണ്ണുകളിലെ തണുപ്പ് കയറിവരുന്നു...‍....
മരണത്തിന്റെ തണുപ്പ്....

ശൂന്യമായ കാമ്പസിനെ ഒന്നുകൂടെ തിരിഞ്ഞ് നോക്കി പതുക്കെ സീറ്റിലേക്ക് ചാരിയിരുന്ന്
ഞാന്‍ കണ്ണുകളടച്ചു.


*** പൈല.----Pila globosa. ഞവണിക്ക, ഞൌഞ്ഞ് എന്നൊക്കെ പറയും.

59 comments:

  1. >>>കോളേജ് വിട്ട ശേഷം ആരേയും ഞാന്‍ കണ്ടിട്ടില്ല , കാണണമെന്ന്
    തോന്നിയിട്ടുമില്ല എനിക്ക്, പുതിയ കോളേജ്, പുതിയ ഫ്രന്റ്സ്, ഞാന്‍
    മറന്നു പോയതാണോ...അതും അറിയില്ല. പക്ഷെ ഒന്നും ഞാന്‍ മറന്നിട്ടില്ലാന്നു
    ഇപ്പൊ എനിക്ക് തോന്നുന്നു. എല്ലാവരും അതേപോലെ ഇപ്പഴും എന്റെ മനസ്സില്‍ ഉണ്ട്.<<<
    സത്യം പൂര്‍ണമായും സത്യം.
    എന്തിനാണു ഇത് വായിച്ചപ്പോള്‍ എന്റെ കണ്ണ് നിറഞ്ഞത്? ദുഖമാണോ അതോ സന്തോഷമാണോ അറിയില്ലാ എനിക്ക്....

    ReplyDelete
  2. നല്ല ഓര്‍മ്മകുറിപ്പ്.
    അപ്പൊ ഈ ഭാഗത്തുള്ള ആളാണല്ലേ.
    അത് കൊള്ളാലോ.
    ഇതിലെ മുന്നത്തെ ഒരു പോസ്റ്റ്‌ "സൂഫി പറയാതെ പോയതും,ബീവി ബാക്കി വെച്ചതും,പിന്നെ നയനയും" ഇത് രണ്ടും എനിക്ക് വളരെയധികം ഇഷ്ടപ്പെട്ട രണ്ടെണ്ണം ആണ്.
    ഈ പോസ്റ്റും നന്നായിരിക്കുന്നു കേട്ടോ.
    ഇതിനു മുന്നേ കമന്റ്‌ ഇട്ട ആള്‍ quote ചെയ്ത ആ ഭാഗം എനിക്കും ഏറെ ഇഷ്ടമായി.
    എന്‍റെ കാര്യത്തിലും സത്യമാണത്.

    ReplyDelete
  3. "പിന്നെ അതിനുമൊക്കെ അപ്പുറത്ത് ഞാന്‍ കാരണം ഉയിര് നഷ്ടപ്പെട്ട ഒരുപാട്
    മിണ്ടാപ്രാണികളുടെ കരച്ചിലുകള്‍..‍‍..."

    പലരും ഇതുപോലെ ഇന്നെത്തിപ്പെട്ട സ്ഥലത്ത്‌ നിന്ന് ചിന്തിക്കുമ്പോള്‍ കഴിഞ്ഞതെല്ലാം എന്തിനുവേണ്ടിയായിരുന്നു...വെറുതെ...എന്നാണ് ഉത്തരം കിട്ടുന്നത്. അപ്പോഴും മധുരമുള്ള കുറെ ഓര്‍മ്മകളെ താലോലിക്കാന്‍ കഴിയുന്നത് സന്തോഷം നല്‍കുന്നു.
    നല്ല പോസ്റ്റ്‌.

    ReplyDelete
  4. പാലക്കാട് വിക്ടോറിയ കോളേജിലെ 1963 - 67 ബാച്ച് ബി. എസ്. സി. മാതമാറ്റിക്സ് വിദ്യാര്‍ത്ഥികളായ ഞങ്ങള്‍ ഇടയ്ക്ക് ഒത്തു ചേരും. ആരുടേയെങ്കിലും മക്കളുടെ വിവാഹമോ , മറ്റേതെങ്കിലും വിശേഷമോ ഉണ്ടായാല്‍ അന്നത്തെ സുഹൃത്തുക്കളുടെ സാന്നിദ്ധ്യം ഉറപ്പ്. അത്തരം കൂടിച്ചേരലില്‍ നിന്ന് ലഭിക്കുന്ന ആനന്ദം പറഞ്ഞറിയിക്കാനാവില്ല

    പോസ്റ്റ് നന്നായി.

    ReplyDelete
  5. പോയ കാലത്തിലെ ഒരേട്‌ ലൈവ് ആയി കണ്ടപോലെ തോന്നി വായനയില്‍.
    ജീവന്‍ വെച്ച് പിടയുന്നു ഓരോ വാക്കും.
    നീഡില്‍ ഇറക്കും മുന്‍പ് ആ തവള പിടയും പോലെ തന്നെ.
    ആ രണ്ടാമത്തെ നറുക്കിലെ പേര് എന്തായിരുന്നു? :)

    ReplyDelete
  6. ഇടക്കു് അയവിറക്കാൻ മധുരമുള്ളം കുറേ ഓർമ്മകൾ.

    ReplyDelete
  7. ആഹാ ഞങ്ങളുടെ നാട്ടിലാണോ പഠിച്ചത്?
    ഓര്മ കുറിപ്പ് നന്നായിട്ടുണ്ട്.

    ReplyDelete
  8. മിണ്ടാപ്രാണികളുടെ
    ഉയിരെടുക്കുമ്പോഴും അവയുടെ
    കണ്ണുകളിലെ മരണത്തിനുശേഷമുള്ള
    മരവിച്ച തണുപ്പ് തൊട്ടറിയുമ്പോഴുമൊക്കെ മുല്ലയുടെ ആർദ്ദമായ മനസ്സ് വായനക്കാർക്ക് കാണുവാൻ കഴിയുന്നൂ...

    പിന്നെ
    കാമ്പസ് പ്രണയങ്ങള്‍ക്ക്
    അത്രയൊക്കെയല്ലേ ആയുസ്സുള്ളു...
    അല്ലാട്ടാ ; ഒരു പ്രണയങ്ങളുടേയും ഓര്‍മ്മകള്‍ ഒരിക്കലും മരിക്കുന്നില്ല... സുഖകരമായ
    ഒരു നീറ്റല്‍ ബാക്കിയാക്കിക്കൊണ്ട് അതെല്ലാം എപ്പോഴും അവിടെത്തന്നെയുണ്ടാകും....!

    ReplyDelete
  9. മുല്ല, ഇതൊരു സാധാരണ കാമ്പസ് കുറിപ്പായിപ്പോയല്ലോ.
    എല്ലാവരും എല്ലാ കാലത്തും എഴുതുന്ന ഒന്ന്. ഇത്തിരി കൂടി പുതിയ ഒരു ആംഗിള്‍ പരീക്ഷിക്കാമായിരുന്നു.
    എഴുതാനറിയുന്ന ഒരാള്‍ക്ക് അതത്ര ബുദ്ധിമുട്ടാവില്ല.

    ReplyDelete
  10. മുല്ല, ഇത് ജാലകത്തിൽ പബ്ലിഷ് ചെയ്തില്ലേ..?( അതോ ഞാൻ കാണാതെ പോയതോ) കോളേജ് ജീവിതത്തിന്റെ മറക്കുവാനാകാത്ത, മാധുര്യം നിറഞ്ഞ ഓർമ്മകളിലേയ്ക്കുള്ള ഒരു തിരിഞ്ഞുനോട്ടത്തിന്റെ സുഖം പകരുന്ന പോസ്റ്റ്..അന്നത്തെ സഹപാഠികളെ പലരെയും മനസ്സിൽ ഓർക്കാറുണ്ടെങ്കിലും,നാട്ടിലെത്തുമ്പോൾ ആരെയും കാണുവാൻ സാധിയ്ക്കാറില്ല. എല്ലാവരെയും ഒരിയ്ക്കൽ ഒന്നിച്ചുകൂട്ടണമെന്ന ആഗ്രഹം മനസ്സിൽ കൊണ്ടുനടക്കുവാൻ തുടങ്ങിയിട്ട് കാലമേറെയായി. നടക്കുമെന്ന് പ്രതീക്ഷിയ്ക്കുന്നു..

    ഒരിയ്ക്കൽക്കൂടി ആ ഓർമ്മകൾക്ക് പുതുജീവൻ നൽകിയതിന് ഏറെ നന്ദി..

    ReplyDelete
  11. മനോഹരമായ ആഖ്യാനം മനസ്സിലേക്ക് കാഴ്ച്ചകളെ സമ്മേളിപ്പിക്കുന്നു.നോക്കിയിരിക്കെ കാമ്പസ് ബഹളമയമായെന്ന ഒറ്റവരികൊണ്ട് കലാശാല കാണാത്ത ഈയുള്ളവനും ആ ബഹളത്തില്‍ പാങ്കാളിയായ ഒരനുഭവം..ആശംസകളോടെ..

    ReplyDelete
  12. വായിച്ചു.. ഇതുവരെ ഓര്‍ക്കാതിരുന്ന കാമ്പസില്‍ അടുത്ത അവധിക്കാലത്ത് എന്തായാലും പോവണമെന്നൊരാഗ്രഹം.

    ReplyDelete
  13. മനോഹരം,ഈ കുറിപ്പ് ,,ഒരിക്കല്‍ കൂടി ആ ക്യാമ്പസിലേക്ക് ഓര്‍മ്മകളെ കൂട്ടിക്കൊണ്ടുപോയി ...ഒരു "ക്ലാസ്‌മേയ്റ്റ്‌ റീ ലോഡ്‌" ആശംസകള്‍

    ReplyDelete
  14. കലാലയ സ്മരണകള്‍ ഇഷ്ടമില്ലാത്തവരുണ്ടാകുമോ...

    നന്നായി എഴുതി.

    ആ തവളയുടെ ഭാഗം വായിച്ചപ്പോള്‍ വിഷമം തോന്നി

    ReplyDelete
  15. ക്യാമ്പസുകളെപ്പറ്റിയുള്ള ഓർമ്മകൾ തന്നെ ഒരു നെടുവീർപ്പുയർത്തും.ഓർമ്മകൾക്ക് നന്ദി...

    ReplyDelete
  16. നല്ല ഓര്‍മ്മക്കുറിപ്പ്.

    ReplyDelete
  17. മുമ്പ് വായിച്ച് കമന്റ് പറയാന്‍ നോക്കിയപ്പോള്‍ ഗൂഗിള്‍ സമ്മതിച്ചില്ല. അതുകൊണ്ട് കമന്റ് മെയിലയച്ചിട്ടുണ്ട് കേട്ടോ. ഇപ്പോ ശരിയായോന്നറിയാന്‍ വീണ്ടും വന്നതാണേയ്...!

    ReplyDelete
  18. നന്ദി ഷരീഫ്ക്കാ ആദ്യത്തെ അഭിപ്രായത്തിനു.

    ഉമ, ഈ ഭാഗത്തൊക്കെ തന്നെ. നയനയും സൂഫി പറഞ്ഞതും ഇഷ്ടപ്പെട്ടു എന്നറിഞ്ഞതില്‍ സന്തോഷം, എനിക്കും ഇഷ്ടമാണു അവ.

    റാംജിജീ, സത്യമാണു താങ്കള്‍ പറഞ്ഞത.

    കേരളദാസനുണ്ണി, പഴയകൂട്ടുകാരെ കാണുമ്പോള്‍ സന്തോഷം തന്നെയാണു, പക്ഷെ ചിലപ്പൊ തോന്നും കാണേണ്ടിയിരുന്നില്ല എന്ന്.

    സലാംജി, നന്ദി നല്ല വാക്കുകള്‍ക്ക്,
    രണ്ടാമത്തെ നറുക്ക്, ആരാവും,ആലോചിക്കൂ..

    ടൈപിസ്റ്റ്, നന്ദി.

    ഇസ്മയില്‍, തന്നേന്നും.

    മുകുന്ദന്‍ ജീ, താങ്കു താങ്കു.
    പിന്നെ ആ പ്രണയമൊന്നും മരിച്ചിട്ടില്ലാന്ന് മ്മള്‍ക്ക് അറിയാട്ടാ..നിത്യഹരിതപ്രേംനസീറാണെന്നും.

    ReplyDelete
  19. ഒരില വെറുതെ, ശരിയാണു ഒരു സാധാരണ കുറിപ്പ്, ഇനി ഒരുപക്ഷെ വേറൊരു കാലത്തും സമയത്തും എഴുതാനായേക്കുമെങ്കില്‍ വേറൊരു തലത്തില്‍ ആയേക്കാം.സന്തോഷമുണ്ട് ഇങ്ങനെ പറഞ്ഞ് കേള്‍ക്കുന്നതില്‍.

    ഷിബു, ഉണ്ടല്ലൊ ജാലകത്തില്‍. നന്ദി അഭിപ്രായത്തിനു.

    ശ്രീ,നന്ദി.
    ഫൈസല്‍,താങ്കു.

    ഇഷാക്, നന്ദി.

    സങ്കല്പങ്ങള്‍, നന്ദി.

    ഇലഞ്ഞിപ്പൂക്കള്‍, നന്ദി അഭിപ്രായത്തിന്.

    അജിത്ത്ജീ, ശരിയാണു, വായിച്ചിട്ട് കമന്റാന്‍ പറ്റിയില്ലേല്‍ മനപ്രയാസമാണു.

    കുട്ടിക്ക, നന്ദി ഇഷ്ടമായി എന്നറിഞ്ഞതില്‍.

    ReplyDelete
  20. മുല്ല വീണ്ടും കോളജ്‌ ലൈഫ് ഓര്‍മ്മപ്പെടുത്തി ..ഒരു നിമിഷം ഞാനും പ്രാക്ട്ടിക്കല്‍ ചെയ്ത തവള,പല്ലി,പാറ്റ ഇവയെ ഒക്കെ ഓര്‍ത്തു പോയി ...അതിനെ കീറി മുറിക്കുമ്പോള്‍ ആ ഹൃദയമിടിപ്പ് ഇപ്പൊ ന്റെ മനസ്സില്‍ ഞാന്‍ കാണുന്നു ...!!

    >>>കോളേജ് വിട്ട ശേഷം ആരേയും ഞാന്‍ കണ്ടിട്ടില്ല , കാണണമെന്ന്
    തോന്നിയിട്ടുമില്ല എനിക്ക്, പുതിയ കോളേജ്, പുതിയ ഫ്രന്റ്സ്, ഞാന്‍
    മറന്നു പോയതാണോ...അതും അറിയില്ല. പക്ഷെ ഒന്നും ഞാന്‍ മറന്നിട്ടില്ലാന്നു
    ഇപ്പൊ എനിക്ക് തോന്നുന്നു. എല്ലാവരും അതേപോലെ ഇപ്പഴും എന്റെ മനസ്സില്‍ ഉണ്ട്.<<<
    അതെ സത്യാണ് ഒന്നും മറക്കാന്‍ സാധിക്കില്ല

    ReplyDelete
  21. ക്യാമ്പസ്‌ അനുഭവങ്ങള്‍ എല്ലാവര്ക്കും ഒരുപോലെ പ്രിയപ്പെട്ടതാകും. ഇരുപതു വര്‍ഷങ്ങള്‍ക്കു ശേഷം ഒരുപാട് വികൃതികളും കുസ്രിതിത്തരങ്ങളും നിറഞ്ഞ എന്റെ പ്രിയപ്പെട്ട ആ നാളുകളിലേക്ക് എന്നെ നയിച്ചതിനു നന്ദി, ഒരുപാട് ഒരുപാട് നന്ദി.

    ReplyDelete
  22. പഠിച്ച കലാലയ മുറ്റം കാണുന്നതില്‍ എന്നും ഓര്‍മകളുടെ തിരിച്ചു വരവ് ആണ് മുല്ല നൈസ് ആയി പറഞ്ഞു

    ReplyDelete
  23. ചിലർ പറയുന്നു, നൊസ്റ്റാൾജിയ മടുപ്പുളവാക്കി തുടങ്ങീയെന്ന്..എനിക്കു തോന്നുന്നത് ചിലരുടെ എഴുത്ത് മാത്രമാണ് മടുപ്പിക്കുന്നതെന്നാണ്..മുല്ല ഭംഗിയായി എഴുതി..
    പരീക്ഷണങ്ങൾക്കു വേണ്ടി ജീവികളെ കൊല്ലുന്നത് കർശനമായി നിയന്ത്രിക്കേണ്ടിയിരുന്നു.ഇതൊക്കെ പഠിച്ച് തവളകൾക്കും പാറ്റകൾക്കും ആരും ശസ്ത്രക്രിയ ചെയ്ത് രോഗശാന്തി വരുത്താറില്ലല്ലൊ..

    ReplyDelete
  24. സ്കൂള്‍ കാമ്പസ്‌ വിശേഷങ്ങള്‍ പറയാന്‍ നിന്നാല്‍ മനസ്സ്‌ വളരെ ആര്‍ദ്രമാകും, നൊസ്റ്റാള്‍ജിക്കാവും... വീെണ്‌ടും ആ മനോഹര കാലഘട്ടത്തിലേക്ക്‌ മടങ്ങി പോകാന്‍ തോന്നും. ഈ ഒാര്‍മ്മക്കുറിപ്പ്‌ വായിച്ചപ്പോഴും ഇവയൊക്കെ തന്നെ അനുഭവപ്പെട്ടും.. വീണ്‌ടും മുടിയെല്ലാം ചീകിയിതുക്കി, അവളുടെ ഒരു നോട്ടത്തിന്‌ ഒരു പുഞ്ചിരിക്ക്‌ കാത്തിരുന്ന ആ കാലം... കലാലയകാലം.. ആകെ മൊത്തം മനസ്സിന്‌ ഒരു വിഷമമിപ്പോള്‍....

    ReplyDelete
  25. എത്ര ശരിയാണ് പറഞ്ഞത്. കലാലയത്തിന്‍റെ മുന്നിലൂടെ ഒന്ന് പോയാല്‍ മതി. കൂടെ പോരും കുറെ ഓര്‍മ്മകള്‍.

    അതൊക്കെ ഓര്‍ത്തിരിക്കുന്നത് നല്ലൊരു നേരമ്പോക്കും. ആ ഓര്‍മ്മകളെ ഭംഗിയായി പകര്‍ത്തി ഇവിടെ.

    അഭിനന്ദനങ്ങള്‍

    ReplyDelete
  26. ഞാന്‍ വായിച്ചു

    ReplyDelete
  27. കലാലയസ്മരണകളെകുറിച്ചുള്ള പോസ്റ്റുകള്‍ രണ്ട്മൂന്നെണ്ണം ഈയാഴ്ച വായിച്ചു, മധുരിക്കുന്ന ആ ഓര്‍മകള്‍ എഹ്റ്റ്ര എഴുതിയാലും വായിച്ചാലും മതിയാവില്ല..
    ആശംസകള്‍ ..

    ReplyDelete
  28. കലാലയം.....
    ''കണ്ണിലും കരളിലും
    ഒരിക്കലും മരിക്കാത്ത ഓര്‍മ്മകള്‍ തന്ന
    ഒരു കല്‍ മതില്‍ കെട്ടിനുള്ളിലെ
    മതിലുകളില്ലാത്ത മായിക ലോകം

    അവിടെ....

    ഇന്നും എന്‍റെ സ്വപ്‌നങ്ങള്‍...
    ശലഭ ചിറകേറി പാറി നടക്കുന്നുണ്ടാവും

    മോഹങ്ങള്‍..

    മന്ത്ര ധ്വനികളായി കാറ്റില്‍ അലിഞ്ഞു ചേരുന്നുണ്ടാവും

    സ്നേഹം...

    കാലഭേദമില്ലാത്ത വസന്തമായി
    എന്നും വിടര്‍ന്നു നില്‍പ്പുണ്ടാവും...

    പ്രണയം...

    ഇന്നും പുറത്തു കടക്കാനാവാതെ...
    ആ മതില്‍ കെട്ടിനുള്ളിലെവിടെയോ തളര്‍ന്നിരിപ്പുണ്ടാവും..''.

    നല്ല ഭാഷ ... നല്ല രചന ...ഇനിയും എഴിതുക ...വായിക്കാന്‍ ഞാനും വരം ...ആശംസകളോടെ ...................

    ReplyDelete
  29. ..."മെല്ലെ അതിന്റെ കണ്‍പീലികളില്‍ തട്ടിനോക്കിയാല്‍ ഒന്ന് കണ്ണു ചിമ്മുക പോലുമില്ല, അനങ്ങാതെ കിടക്കും, ഓര്‍മ്മയില്ലേ പണ്ട് താളവട്ടത്തില്‍ നമ്മെയൊക്കെ കരയിപ്പിച്ച് മോഹന്‍ ലാല്‍കിടന്നിരുന്നത്.... അതേപോലെ..

    എന്തിനായിരുന്നു അതെല്ലാം, അവ എന്നെ ഒന്നും പഠിപ്പിച്ചില്ല, ഞാനൊന്നും ആയുമില്ല അതുകൊണ്ട്. പാതിവഴിയില്‍ എന്നെ തനിച്ചാക്കി കടന്നു പോകുന്ന
    സൌഹൃദങ്ങളെ, സ്നേഹത്തേ, എന്റെ പ്രണയത്തെ പോലും പിന്‍ വിളി വിളിക്കാന്‍ എനിക്കാവുന്നില്ല.
    പലപ്പോഴും എന്റെ കണ്ണിലും മനസ്സിലും അന്ന് ആ ക്ലാസ്സ് മുറിയില്‍ വെച്ച് കണ്ട കുഞ്ഞ് ജീവിയുടെ കണ്ണുകളിലെ തണുപ്പ് കയറിവരുന്നു...‍....
    മരണത്തിന്റെ തണുപ്പ്.......!!

    മനസ്സില്‍ പതിയുന്ന വാക്കുകള്‍.... വായനക്കാരെ പഴയ ക്യാമ്പസ്സിലേയ്ക്ക് വലിച്ചെറിയുന്ന പോസ്റ്റ്!!

    ReplyDelete
  30. നന്നായിരിക്കുന്നു മുല്ലാ ..,എവിടെയൊക്കെയോ ഒരു നീറ്റല്‍ ..ഒരു നഖമുനയാല്‍ കരളില്‍ ചെറിയൊരു പോറല്‍ ഏറ്റപോലെ..

    ReplyDelete
  31. എന്താ പറയുക... ഇത്തരം കുറിപ്പുകള്‍ വായിച്ചാല്‍ ഒന്നും പറയാന്‍ കഴിയാതെ ഇരിക്കേണ്ടി വരും... അത് തന്നെ ഇവിടെയും...

    മധുരമുള്ള ഓര്‍മ്മകള്‍... അതിലേറെ എന്തോ നഷ്ടമായെന്ന തോന്നല്‍... എവിടെയോ കൊളുത്തുന്ന വേദന...
    നന്നായി എഴുതി...

    ''എന്തിനായിരുന്നു അതെല്ലാം, അവ എന്നെ ഒന്നും പഠിപ്പിച്ചില്ല, ഞാനൊന്നും
    ആയുമില്ല ....''

    ഈ ചോദ്യം ഞാനും ചോതിക്കാരുണ്ട്.... ഈ ക്രൂരത മാത്രമല്ല...
    കുറെ സൈനും, കോസും ഒക്കെ പഠിച്ചു... പരീക്ഷക്ക്‌ മാര്‍ക്കും കിട്ടി... പിന്നെ വേറൊരു ഉപയോഗവും ഉണ്ടായില്ല...

    ReplyDelete
  32. എനിക്ക് ഇങ്ങനെയുള്ള യാതൊരു അനുഭവങ്ങളുമില്ല. ഒന്നും ഓർമ്മിക്കാനുമില്ല. ഒരിക്കൽ അവിടെനിന്നും ഇറങ്ങി. ഇനി കയറണമെന്നേയില്ല.
    വളരെ ആസ്വദിച്ചാണ്‌ ഈ പോസ്റ്റ് എഴുതിയതെന്ന് മനസ്സിലായി. ഓർമ്മിക്കാൻ ഇഷ്ടപ്പെടുന്ന എന്തെല്ലാമോ ഉണ്ടല്ലോ. ആശംസകൾ...

    പരീക്ഷണത്തിനായി തവളകളെ കൊല്ലുന്നതിനെക്കുറിച്ച് ഈയിടെ എവിടെയോ വായിച്ചിരുന്നു. ജന്തുശാസ്ത്രം ഉപേക്ഷിച്ച് മറ്റു വിഷയങ്ങളിലേക്ക് തിരിയുന്നവർ അതുവരെ തവളകളെ കൊന്നൊടുക്കിയിട്ടുണ്ടെങ്കിൽ അതെല്ലാം വെറുതെയാവുന്നു.

    ReplyDelete
  33. ഈ എഴുത്ത് വീണ്ടും എന്നെ പട്ടാമ്പി ഗവണ്മെന്റ് കോളേജില്‍ എത്തിച്ചു ...
    അവിടെ പഠിച്ചിറങ്ങിയ ആ അഞ്ചു വര്‍ഷങ്ങള്‍..
    മുല്ല ആ കാലത്തിലൂടെ എന്നെ തിരികെ നടത്തി.
    ഇപ്പോഴും നാട്ടില്‍ എത്തിയാല്‍ ആ കാമ്പസ്സില്‍ വെറുതെ ഒന്ന് ചുറ്റി നടന്നു പഴയ സ്മരണകള്‍ അയവിറക്കുന്ന ഒരു സ്വഭാവം. അത് കൂടെയുണ്ട്. കലാലയ സ്മരണകള്‍ എന്നും മനസ്സില്‍ ഒരു നോവാണ്.

    നന്നായി പറഞ്ഞ പോസ്റ്റ്‌ .. ആശംസകള്‍

    ReplyDelete
  34. മധുരിക്കും ഓര്‍മ്മകള്‍ ...
    അഞ്ചു വര്ഷം പിന്നോട്ടെക്ക് പോയി , അക്കാലത്തു കാട്ടിക്കൂട്ടിയ കാര്യങ്ങള്‍ ഇന്ന് ഓര്‍ക്കുമ്പോള്‍ വല്ലാതെ വേദന ,,,
    നന്ദി മുല്ല ..നന്നായി എഴുതി

    ReplyDelete
  35. ക്യാമ്പസ്‌ ഓര്‍മ്മകള്‍ പുതുക്കി ...പ്രാക്ടിക്കല്‍ ക്ലാസ്ല്‍ കൊന്നൊടുക്കിയ തവളകളെ കുറിച്ച് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ അന്ന് തോന്നാതിരുന്ന ഒരു വിഷമം...എഴുത്ത് നന്നായി

    ReplyDelete
  36. മധുരവും,നൊമ്പരവും ഉണര്‍ത്തുന്ന
    ഗതകാലസ്മരണകള്‍
    നന്നായിരിക്കുന്നു.
    ആശംസകള്‍

    ReplyDelete
  37. ആദ്യമായാണ്‌ ഈ ബ്ലോഗില്‍ വരുന്നത്. തിരക്കു പിടിച്ച ഓട്ടത്തിനിടയില്‍ പോയ കാലത്തെക്കുറിച്ച ഒരു പിടി നല്ല ഓര്‍മ്മകള്‍ സമ്മാനിച്ച പോസ്റ്റ്‌. ഇനിയും വരും, ഇന്ഷാ അല്ലാഹ്..!

    ReplyDelete
  38. കൊച്ചുമോള്‍, നന്ദി നല്ല വാക്കുകള്‍ക്ക്.

    നന്ദി മുഹമ്മദ് അലി, വരവിനും അഭിപ്രായത്തിനും.

    മൂസ ഭായ്, നന്ദി.
    വിഡ്ഡിമാന്‍, ജീവികളെ കൊന്നുള്ള പഠിത്തം നിരോധിച്ചു.

    മൊഹി, അപ്പൊ മൊത്തം പഞ്ചാരക്കുട്ടനായിരുന്നു അല്ലെ, നന്നായി.

    മന്‍സൂര്‍ ഭായ്, നാട്ടില്‍ എത്തിയോ, ഗവി ട്രിപ് മുടക്കണ്ടട്ടോ..

    നിസാര്‍ ഭായ്,നന്ദി.

    സഹയാത്രികന്‍, അത് ശരിയാണു ആ ഓര്‍മ്മകള്‍ മധുരതരമം തന്നെ.

    ഷലീര്‍, നന്ദി ആദ്യ വരവിനും അഭിപ്രായത്തിനും.

    മാണിക്യം, നന്ദി നല്ല വാക്കുകള്‍ക്ക്.

    ഷബീജ്, സന്തൊഷം.

    വേണുജീ, ഇഷ്റ്റായി എന്നറിഞ്ഞതില്‍ സന്തോഷംട്ടൊ.

    സിദ്ദീക്ക, എന്താ കാര്യം പറയ്, എന്തോ ഉണ്ട്.

    ഖാദു, ശരിയാണു പറഞ്ഞത്, പരീക്ഷക്ക് മാര്‍ക്ക് കിട്ടി അല്ലാതെ ഒന്നും കിട്ടിയില്ല.

    ഹരിനാഥ്, പഠിച്ചത് ജന്തുശാസ്ത്രം ഒക്കെതന്നെയാണു, എന്നിട്ടെന്താ ഏതേലും ജീവിയെ കാണിച്ച് ഇതേതാ ജീവി എന്നു ചോദിച്ചാല്‍ ഇപ്പൊ എനിക്കറിയില്ല.എല്ലാം മറന്നുപൊയിരിക്കുന്നു, കാരണം അത് പിന്നെ ഉപയോഗിച്ചിട്ടേയില്ല.

    ദേജാവു, ശരിയാണു പറഞ്ഞത്.

    തങ്കപ്പന്‍ സര്‍, നന്ദി.

    ഷംസി, നന്ദി ആദ്യവരവിനും അഭിപ്രായത്തിനും.

    ReplyDelete
  39. പൈല എന്താ എന്ന് അവസാനം വിവരിച്ചില്ല എങ്കില്‍ കഥയിലൂടെയുള്ള എന്റെ വായനയെ ആലോസരപ്പെടുത്തിയ പൈലയെ പോലെ ഒരു പാട് കാലം അത് എന്നെ ആലോസരപ്പെടുത്തിയേനെ
    നന്നായി തന്നെ എഴുതിരിക്കുന്നു .....ഒരു വട്ടം കൂടി ..........:)

    (ഇത് പോലെ തവളയെ കൊല്ലുമ്പോള്‍ അതിന്റെ കണ്ണില്‍ നോക്കാന്‍ പേടിയെകാള്‍ കൂടുതല്‍ വിഷമം ഉള്ളത് കൊണ്ടാണ് ഞാന്‍ ജീവ ശാത്രം പഠിക്കാതെ യിരിരുന്നത്)

    ReplyDelete
  40. PSMO.....
    21 വര്ഷം മുന്‍പ് സൌദാബാദില്‍ ഞാനുമുണ്ടായിരുന്നു.
    ഓര്‍മ്മകള്‍ നുരപ്പിച്ചു ഈ പോസ്റ്റ്‌!

    ReplyDelete
  41. നല്ലൊരു രചന .ലളിത സുന്ദരമായ ശൈലി വായനക്കാരെ ആ പഴയ ക്യാമ്പസ്‌ കാലഘട്ടത്തിലേക്ക് അനായാസം കൂട്ടികൊണ്ട്പോകുന്നുണ്ട്.

    ആശംസകള്‍
    satheeshharipad from മഴചിന്തുകള്‍

    ReplyDelete
  42. നല്ലൊരു ഓര്‍മ്മക്കുറിപ്പ്‌...മനസ്സില്‍ തട്ടുന്ന വിധത്തില്‍ തന്നെ എഴുതി..

    ReplyDelete
  43. ഓര്‍മ്മകള്‍ക്കെന്തു സുഗന്ധം...ഒന്നും തിരിച്ചു കിട്ടില്ലല്ലോ എന്ന വിതുമ്പലുകളും....

    ReplyDelete
  44. ഒരു ക്യാമ്പസ് പ്രതീതി എന്നതിനപ്പുറം മരണത്തിന്റെ ആ നേർത്ത തണുപ്പ് എന്നതിലാണ്‌ ഈ പോസ്റ്റിന്റെ ഹൈലൈറ്റ് എന്നു തോന്നുന്നു. അതെന്റെ തോന്നലാകാം. വേദനയുടെ ഒരു സ്പോട്ട് നല്കുന്നു വായനക്കൊടുവിൽ..

    ReplyDelete
  45. കോളേജ് വഴിയുള ബസ്സ്‌ മിസ്സ്‌ ആയി. പിന്നെ നടക്കേണ്ടി വന്നു. അതാ മുല്ല ടീച്ചറെ വൈകിയത്. :)

    കാമ്പസിലും ക്ലാസിലുമൊക്കെ ചുറ്റി കറങ്ങിയാല്‍ മതിയായിരുന്നു. ലാബില്‍ കയറിയത് ഇഷ്ടമായില്ല. ഈ തവളകളെ ഒക്കെ ഞാനും വെറുതെ കീറിയിട്ടുണ്ട്. എന്തിനെന്നു എനിക്കും അറിയില്ല.

    ഇവിടെ ഗുമസ്ത പണി എടുക്കാന്‍ ആ പാവങ്ങളെ ഉപദ്രവിക്കേണ്ട ഒരു ആവശ്യവും ഉണ്ടായിരുന്നില്ല എന്ന് ഇപ്പോള്‍ എനിക്കും തോന്നുന്നു. പോസ്റ്റിലൂടെ എനിക്ക് ഒരിക്കല്‍ കൂടി കോളേജ് പ്രവേശനം തന്നതില്‍ നന്ദി.

    ReplyDelete
  46. ">>>കോളേജ് വിട്ട ശേഷം ആരേയും ഞാന്‍ കണ്ടിട്ടില്ല , കാണണമെന്ന്
    തോന്നിയിട്ടുമില്ല എനിക്ക്, പുതിയ കോളേജ്, പുതിയ ഫ്രന്റ്സ്, ഞാന്‍
    മറന്നു പോയതാണോ...അതും അറിയില്ല. പക്ഷെ ഒന്നും ഞാന്‍ മറന്നിട്ടില്ലാന്നു
    ഇപ്പൊ എനിക്ക് തോന്നുന്നു. എല്ലാവരും അതേപോലെ ഇപ്പഴും എന്റെ മനസ്സില്‍ ഉണ്ട്.<<<"

    മുല്ലയെ പോലെ വായനക്കാരെയും ക്യാമ്പസ്സിന്റെ മധുരിമയിലേക്ക് ഒരിക്കല്‍ കൂടി കൂട്ടി കൊണ്ട് പോയി, മനോഹരമായി വര്‍ണ്ണിച്ചു. ഒരിക്കലും തിരിച്ചു കിട്ടാനാവാത്ത മധുര നൊമ്പര കാറ്റായി പഴയ സുവര്‍ണ്ണ കാലത്തെ ഓര്‍മ്മപെടുത്തുന്ന രചനക്ക് ആശംസകളോടെ

    ReplyDelete
  47. മൈ ഡ്രീംസ്, ഒരു പാവം ജീവിയാണു പൈല,ഞവണിക്ക എന്നാ ഇവിടെയൊക്കെ പറയുക.നന്ദി വരവിനും അഭിപ്രായത്തിനും.

    എം ടി മനാഫ്,നന്ദി

    സതീഷ് ഹരിപ്പാട്,
    ഇക്ബാല്‍ മയ്യഴി,
    മുഹമ്മദ് കുട്ടി മാഷ്,എല്ലാവര്‍ക്കും ഇഷ്റ്റായി എന്നറിഞ്ഞതില്‍ സന്തോഷം.

    ജെഫു, തീര്‍ച്ചയായും വേദനയുണ്ട്.

    എളയോടന്‍, നന്ദി നല്ല വാക്കുകള്‍ക്ക്.

    അക്ബര്‍ ഭായ്, എന്താ ഒരു കനം. പുസ്തകം തരൂല്ലാന്ന് പറഞ്ഞിട്ടാ...അത് ഞാന്‍ കാര്യം പറഞ്ഞതാട്ടാ. ഇന്ന് രൊക്കം,നാളെയും രൊക്കം.
    അക്ബര്‍ ഭായ് പറഞ്ഞത് ശരിയാണു, ഇവിടെയിരുന്നു ഇങ്ങനെ പോസ്റ്റിടാനും കഥാന്നും ഓര്‍മ്മാന്നും ഒക്കെ പറഞ്ഞ് വായേതോന്നീത് എഴുതാനും എന്തിനായിരുന്നു ആവോ അന്നത്തെ എന്റെ അഭ്യാസം.
    സന്തോഷം വരവിനും അഭിപ്രായത്തിനും.

    ReplyDelete
  48. കോളെജിലേക്ക് കൂട്ടിക്കൊണ്ടുപോയ എഴുത്താനല്ലോ മുല്ലേ ഇത്. നന്നായിട്ടോ. എന്റെ കാര്യത്തിലും ഇത് നേരാണ്.

    ReplyDelete
  49. ശരിയാണ്..
    ഓര്‍ക്കാറില്ലെങ്കിലും ഓര്‍മ്മകളിലെ ഒരു തുരുത്തില്‍ അവരെല്ലാം ഉണ്ട്, ചിലപ്പോള്‍ അരിക് പൊടിഞ്ഞ ചിത്രമായ് മാറുന്നുണ്ടെങ്കിലും മുഖങ്ങളുടെ രേഖാചിത്രം മാത്രം മതിയാകും മിഴിവേകാനായ്..

    നല്ലൊരോര്‍മ്മക്കുറിപ്പ്..
    വായിച്ച് മനം കുളിരാന്‍ തുടങ്ങിയപ്പോഴേക്കും തീര്‍ന്ന് പോയീ :)

    ReplyDelete
  50. കോളേജില്‍ ആയിരുന്നപ്പോള്‍
    ദൈവമേ ഒന്ന് കഴിഞ്ഞാല്‍ മതിയാരുന്നു ഈ ക്ലാസ്സ്‌ എന്നായിരുന്നു
    ഇപ്പോള്‍ മൂന്നാല് മാസം വീട്ടില്‍ ഇരുന്നപ്പോള്‍
    അറിയുന്നു ആ വിഷമം
    ആ തിരക്കിനും ചൂടിനുമിടയില്‍ ...സൌഹ്രദങ്ങള്‍ പകര്‍ന്നു തന്ന നനവ്‌
    പാവം പോലെ നടന്നു നടന്നുല്‍ എല്ലാ വിക്രിതിതരങ്ങളും ഞങ്ങള്‍ കാണിച്ചിരുന്നു
    പുറമേ കാണുന്നവര്‍ക്ക് ഞങ്ങള്‍ പാവങ്ങള്‍... പിഞ്ചുകള്‍
    പക്ഷെ യഥാര്‍ത്ഥത്തില്‍ ഞങ്ങള്‍ കാണിച്ചത്ര കുരുത്തകേട്‌ അവിടെ ആരും കാണിച്ചിട്ടില്ല
    ഇന്ന് ഓര്‍മ്മകള്‍ മാത്രം ബാക്കി

    ReplyDelete
  51. മുല്ല പറഞ്ഞത് ശരിക്കും മനസ്സിലാവുന്നു.ഉൾക്കൊള്ളാനാവുന്നു.,

    കോഴിക്കോട്ടെ ദേവഗിരി കോളേജിന്റെ മുന്നിലുള്ള മെഡിക്കല്‍ കോളേജു പരിസരത്തെത്തുമ്പോൾ ഇപ്പോഴും മനസ്സു തുടിക്കും - ദേവഗിരിയിലെ ആ പഴയ കൂട്ടുകരാരെങ്കിലും പരിസരത്തുണ്ടോ എന്ന് അറിയാതെ ചുറ്റും നോക്കിപ്പോവും.മനസ്സുകൊണ്ട് ആ നല്ല കാലത്തേക്കു പോവും....

    ReplyDelete
  52. This comment has been removed by the author.

    ReplyDelete
  53. സുഖമുള്ള നോവായി എനിക്ക് കാമ്പസ്‌ ജീവിതമൊന്നും ഓര്‍ക്കാനില്ല.എങ്കിലും ഇത് വായിച്ചപ്പോള്‍ ഞാനും എവിടെയൊക്കെയോ ചുറ്റി സഞ്ചരിച്ച അനുഭവം.
    ഈ നല്ല വായന നല്‍കിയതിനു ഒരുപാട് നന്ദി.

    ReplyDelete
  54. മനസ് കുറച്ച് നേരത്തേക്ക് കോളേജ് കാലഘട്ടത്തിലേക്ക് പോയി...
    നന്ദി...

    ReplyDelete
  55. നല്ല വായന നല്‍കിയതിനു ഒരുപാട് നന്ദി.

    ReplyDelete
  56. ഇതേ കലാലയത്തിന്റെ മുന്നിലൂടെ സമാന ചിന്തകളുമായി കടന്നു പോയിട്ടുണ്ട് ഞാനും...തവളകളെയും കെമിസ്ട്രി ബ്ലോക്ക്‌ നെയും ഓര്‍ക്കാരിലെങ്കിലും അന്ന് തവളകളെ കീറിമുറിക്കുന്ന പെണ്‍കുട്ടികളുടെ കണ്ണില്‍ ഞാന്‍ നാളത്തെ സര്‍ജന്‍ ആണെന്ന ഭാവം നിഴലിട്ടിരുന്നത് ഓര്‍ക്കുന്നു..ലേഡീസ് ഹോസ്റ്റല്‍ ലേക്കുള്ള വഴിയും ആ ബസ്കെറ്റ് ബോള്‍ കോര്‍ട്ടും...അവിടെ എവിടെയൊക്കെയോ ഞാന്‍ എന്നെ തന്നെ കാണാറുണ്ട്...
    ഓര്‍മ്മകള്‍ക്ക് നന്ദി...ആശംസകള്‍....

    ReplyDelete
  57. ഹ.. ഈ മുല്ല ഞമ്മടെ മുറ്റത്ത്‌ ഉണ്ടായിരുന്നുവല്ലേ?,
    "എന്നേക്കാളും ദാഹം ഈ ബണ്ണിനാണൊ"... മൂന്നു വാക്കില്‍ ഒരു കോമഡി സ്കിറ്റ്.., well done!!

    ReplyDelete
  58. ക്യാമ്പസ് എപ്പോഴും ഒരു നൊമ്പരമാണ്... പ്രീഡിഗ്രി മുതല്‍ പി.ജിവരെ അനുഭവങ്ങള്‍ മാത്രം നല്‍കുന്ന സുഖമുള്ള നൊമ്പരം... എപ്പോഴും തിരിച്ചുകിട്ടാന്‍ കൊതിക്കുന്ന കാലം (ക്ലാസ് അല്ലാട്ടോ..!!) ബാല്യത്തേക്കാള്‍ എനിക്ക് പ്രിയപ്പെട്ടത്...

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..