Monday, September 2, 2013

ഒരു നിറപുഞ്ചിരി !



ട്രെയിൻ പതുക്കെ പ്ലാറ്റ്ഫോമിലേക്ക് എത്തവേ ഞാൻ എണീറ്റ് വാതിൽക്കൽ പോയി നിന്നു. മഴപ്പെയ്ത്ത് കഴിഞ്ഞ് വെയിൽ പരന്നതോടെ പച്ചപ്പിനിടയിലൂടെ നിറയെ പൂക്കൾ തലനീട്ടാൻ തുടങ്ങിയിരിക്കുന്നു. മുക്കുറ്റിയും തുമ്പയും ഓണവരവ് അറിയിച്ച് മുന്നിലുണ്ട്. ഓവർബ്രിഡ്ജിനടിയിലെ കാട് പിടിച്ച് കിടക്കുന്ന സ്ഥലത്തും നിറയെ പൂക്കളെ കണ്ടപ്പോൾ വെറുതെ ഒരു സന്തോഷം. പണ്ടിവിടെ ഈ മുകൾപ്പാലം ഉണ്ടായിരുന്നില്ല, റെയിൽ മുറിച്ച് കടന്നാണു പോക്കും വരവും, ഗേറ്റിനടുത്തെത്തിയാൽ ഒരു മാത്ര നിന്നു തിക്കും പൊക്കും നോക്കി ഒറ്റയോട്ടം. സ്കൂളിലേക്കും സ്റ്റേഷനിൽ ഉപ്പാന്റെയടുത്തേക്കും പോകുന്നതും  ഈ തരത്തിൽ തന്നെ. വളവ് തിരിഞ്ഞ് കുതിച്ച് വരുന്ന ഒറ്റക്കണ്ണൻ തീവണ്ടിയേക്കാൾ ഭയമായിരുന്നു ഗേറ്റിനടുത്തെ കല്ലിൽ പതറിയ നോട്ടവുമായി ഇരിക്കുന്ന ഭ്രാന്തൻ കൃഷ്ണനെ. എന്തെല്ലാം കുസൃതികളായിരുന്നു അന്ന് കാട്ടിക്കൂട്ടിയിരുന്നത്. തിരിഞ്ഞ് നോക്കുമ്പോൾ വിഷാദം നിറഞ്ഞ പുഞ്ചിരിയോടെയല്ലാതെ ഓർക്കുക വയ്യ.
ബാല്യവും കൌമാരവുമൊക്കെ തിമര്‍ത്താടിയ കാലം.തിരിഞ്ഞു നോക്കുമ്പൊ പലപ്പോഴും തോന്നും വലുതാവേണ്ടിയിരുന്നില്ലായെന്ന് !!
തറവാട്ടിലെ ഒറ്റപ്പെൺകുട്ടിയായിരുന്നു ഞാൻ, എന്റെ രണ്ട് സഹോദരങ്ങൾക്കും പിന്നെ ഒരുപ്പാട് കസിൻ സഹോദരന്മാർക്കും ഇടയിലെ പെൺ തരി. അതു കൊണ്ട് തന്നെ ആൺകുട്ടികൾ കളിക്കുന്ന കളികളായിരുന്നു ഞാനും കളിച്ചിരുന്നത്. ഓലപന്ത്, ചട്ടിപ്പന്ത്, ഫുട്ട്ബാൾ ,മരം കയറ്റം, ഇത്യാദി.  അവധിക്കാലത്താണു അമ്മായീം കുട്ടികളും തലശ്ശേരിയില്‍ നിന്നും വിരുന്നു വരിക. ഒരുപാട് സ്നേഹം കാണിക്കും അമ്മായി അതേപോലെ ദേഷ്യവും .ഹലുവ,സമൂസ,മണ്ട,ഒറോട്ടി എന്നീ വിഭവങ്ങളുമൊക്കെയായ് ആഘോഷപൂര്‍വമായാണു വരിക. അമ്മായിടെ ഭാഷ ഞങ്ങളില്‍ വല്ല്യ കണ്‍ഫ്യൂഷന്‍ ഉണ്ടാക്കിയിരുന്നു.ആട,ഈട,അനക്ക്,ഇന്റെ,എന്തോളീ.. എന്നീ വാക്കുകളും ഞങ്ങളും അങ്ങനെ കുഴഞ്ഞുമറിയും.

 ഈ തിമര്‍പ്പിനിടയിലേക്കാണു  ഉസ്താദ് വരിക.മദ്രസ്സ വിഷയങ്ങള്‍ പഠിപ്പിക്കാന്‍,അപ്രാവശ്യം വന്നത് പുതിയൊരുസ്താദായിരുന്നു. ഒരു ചെറുപ്പക്കാരന്‍,തെക്കന്‍ സംസാരവുമൊക്കെയായ് ഒരു പരിഷ്കാരി.എനിക്കയാളെ തീരെ ഇഷ്ടമായില്ല. .പഠിപ്പിക്കുന്നതിനിടയില്‍ അയാള്‍ എന്റെ കാലില്‍ ചവിട്ടും,കാലിന്റെ പെരുവിരല്‍ കൊണ്ട് അമര്‍ത്തും, ഞാനിങ്ങനെ നാണവും അപമാനവും കൊണ്ട് ചൂളി...

ഒരുദിവസം ഉമ്മയും കുഞ്ഞിപ്പെണ്ണും  ഒരു കല്യാണത്തിണു പോയി.അടുക്കളയും ഞങ്ങളും അമ്മായിയുടെ കീഴിലാണു.പാത്രം കഴുകാനുള്ള മടിക്ക് ഞാന്‍ അമ്മായിയോട് പറഞ്ഞു ഇന്നു നമുക്ക് ഇലയില്‍ ചോറു കഴിക്കാംഅമ്മായി സമ്മതിച്ചു.ഞാനും അനിയനും ഊണു കഴിക്കാന്‍ തുടങ്ങി.പഴയ തരം വീടായിരുന്നു അന്നു,ജനവാതിലുകളൊക്കെ മരത്തിന്റെ അഴിയും പൊളിയുമൊക്കെയായ്.ജനലിന്റെ രണ്ടു മൂന്ന് അഴി ഇളകിപ്പോയിരുന്നു.അതിലൂടെയായിരുന്നു ഞങ്ങളുടെ ഉച്ച സഞ്ചാരങ്ങള്‍!!.

ഊണു കഴിക്കുന്നതിനിടെ ഉസ്താദ് വന്നു.അമ്മായി അടുക്കളയില്‍ നിന്നു വിളിച്ചു പറഞ്ഞു”ഓറോട് ചോറ് ബെയ്ച്ചോളാന്‍ പറീ”
ഞാന്‍ ഉസ്താദിനു ചോറു വിളമ്പി, ഞാനും അനിയനും വേഗം കഴിച്ചെഴുന്നേറ്റു. ഇല എടുത്ത് അടുക്കളയുടെ പിന്‍ഭാഗത്ത് കൊണ്ടിട്ടു. ഉസ്താദിന്റെ ചോറുതീറ്റ കഴിഞ്ഞ് മൂപ്പര്‍ ഇല എടുത്ത് എന്നോടു ചോദിച്ചു”എവിടാ കളയുന്നെ”
അത് കേട്ട അമ്മായി അടുക്കളയില്‍ നിന്നു വിളിച്ചു പറഞ്ഞു ”ജനലീക്കൂടി അപ്പൊരം ചാടിക്കോളീ ...”. ജനലിനടുത്തേക്ക് നടന്ന ഉസ്താദ് എന്നെ നോക്കി,ഒരാള്‍  താഴ്ചയുണ്ടാ ഭാഗത്ത്.മൂപ്പര്‍ ദയനീയമായ് എന്നെ നോക്കി, എന്തോ പറയാന്‍ വാ തുറന്ന അനിയനെ ഞാന്‍ കണ്ണുകാണിച്ചു,പറയാന്‍ വന്നത് വിഴുങ്ങി അവന്‍ പറഞ്ഞതിങ്ങനെ
“അമ്മായിക്ക് ദേഷ്യം പുടിച്ചും”
“എന്താടാ ആടെ”അമ്മായി ഒച്ചയിട്ടു.ഉസ്താദ്..ഇല...ഞാന്‍ വിക്കി.
“അയിനൊകൊണ്ട് അപ്പൊരം ചാടിക്കോളീ മൊയ് ല്യാരേ”അമ്മായി ഗര്‍ജിച്ചു. അതൊടെ ജനാലക്കല്‍ നിന്ന ഉസ്താദ് അപ്രത്യക്ഷ്നായി. ഞാന്‍ ഓടിചെന്നു താഴേക്ക് നോക്കി.ദാ..കിടക്കുന്നു തെങ്ങിന്‍ ചുവട്ടില്‍,ഇലയും എച്ചിലും മേലേയും പുള്ളി താഴേയുമായി ലാന്റ് ചെയ്തിരിക്കുന്നു. അവിടെ കിടന്ന് അയാള്‍ തല പൊക്കി നോക്കിയത് എന്റെ മുഖത്ത്.ചുണ്ടും ചിറിയും കോട്ടി ഞാനൊരു കൊലച്ചിരി ചിരിച്ചു.

വൈകുന്നേരം ഉമ്മ വന്നപ്പൊ അനിയന്‍  കഥ മുഴുവന്‍ വിസ്തരിച്ചു.ദുഷ്ടന്‍..ആരോടും ഒന്നും പറയില്ലാന്നുള്ള ഉറപ്പില്‍ എന്റെ ഓഹരി ചക്കര അട കൂടി അകത്താക്കിയതാണു .നിനക്ക് ഞാന്‍ വച്ചിട്ടുണ്ടടാ.. ഉണ്ടക്കണ്ണാ...  ഞാന്‍ മനസ്സില്‍ പറഞ്ഞു. ഉമ്മാന്റടുത്ത് നിന്നും എനിക്ക് പൊതിരെ തല്ലു കിട്ടി.പക്ഷേ ആ അടിയുടെ വേദന ഞാന്‍ അറിഞ്ഞതേയില്ല. അയാള്‍  ഞൊണ്ടി ഞൊണ്ടി പോകുമ്പൊ ഞാന്‍ ശ്രദ്ധിച്ചിരുന്നു.എന്നെ തോണ്ടാനും ചവിട്ടാനും ഉപയോഗിച്ച അതേ കാല്‍ !!! ആ ഓര്‍മയുടെ സുഖത്തില്‍ അടിയുടെ വേദന ഞാനറിഞ്ഞേയില്ല!!!

22 comments:

  1. ഞാന്‍ ആദ്യം...
    ഇഷ്ടപ്പെട്ടു ഈ കുറിപ്പ്.
    ഇമ്മാതിരി ആള്‍ക്കാര്‍ സര്‍ വവ്യാപികളാണ്.. പേരും നാളും രൂപവുമേ മാറൂ..

    ReplyDelete
  2. സരസം,ഗൃഹാതുരം !!

    ReplyDelete
  3. നല്ല രസം . ചരിച്ചു പോയി .എന്തായാലും ഉസ്താദിനിട്ടു പണി കൊടുത്തല്ലോ നന്നായി

    ReplyDelete
  4. വാ ഉസ്താദ്....ഹ..ഹ...

    പണി കൊടുത്തു.. ഈ മുല്ലക്ക് പണ്ടേ
    പഠിക്കാൻ താല്പര്യം ഇല്ല.മുമ്പും ഈ
    ഉസ്താദിനെ കുറ്റം പറഞ്ഞിട്ടുണ്ട്.

    ഇന്നത്തെപ്പോലെ വല്യ സൗകര്യം ഒന്നും ഇല്ലാത്ത കാലത്ത്
    കാലു ഒന്ന് നീട്ടി വെച്ചപ്പോൾ ഒന്ന് തൊട്ടു എന്നൊക്കെ പറഞ്ഞു
    പാവം ഉസ്താദിനു "പണി കൊടുത്തത് ഒട്ടും ശരി ആയില്ല"..

    പോസ്റ്റ്‌ പെരുത്ത്‌ ഇഷ്ടം ആയി.ആശംസകൾ

    ReplyDelete
  5. പണി കൊടുത്തത് കുറവ് ആയിപ്പോയി.
    പീഡനം അല്ലെ വകുപ്പ് ?

    ReplyDelete
  6. പ്രായത്തിന്റെ കുസൃതികൾ. തലശ്ശേരി അമ്മായിക്ക് എന്റെ സലാം..

    ReplyDelete
  7. പാവം മുസ്ലിയാര്‍

    ReplyDelete
  8. പ്രാദേശികഭാഷ വരുത്തിവെച്ച കുരുത്തകേടേയ്......
    രസകരമായി ഈ അവതരണം.
    ആശംസകള്‍

    ReplyDelete
  9. ”ജനലീക്കൂടി അപ്പൊരം ചാടിക്കോളീ ...”. ജനലിനടുത്തേക്ക് നടന്ന ഉസ്താദ് എന്നെ നോക്കി,ഒരാള്‍ താഴ്ചയുണ്ടാ ഭാഗത്ത്.മൂപ്പര്‍ ദയനീയമായ് എന്നെ നോക്കി,

    ഞാനൊന്ന് സങ്കല്പിച്ചുനോക്കട്ടെ ആ നോട്ടം!

    ReplyDelete
  10. വടക്കൻ സ്ലാങ്ങിലുള്ള ഈ
    കുസൃതികളീകൾ രസിച്ചു വായിച്ചു കേട്ടൊ യാസ്മിൻ

    ReplyDelete
  11. ‘എന്റെ കാലില്‍ ചവിട്ടും,കാലിന്റെ പെരുവിരല്‍ കൊണ്ട് അമര്‍ത്തും‘ - എല്ലാക്കാലത്തും എല്ലായിടത്തും ഉണ്ടല്ലേ ഇക്കൂട്ടർ ?

    ‘ചാടിക്കോളീന്ന്‘ കേട്ടാൽ ഉടനെ തന്നെ ‘ചാടി‘ക്കളഞ്ഞ തെക്കൻ ഉസ്താദ്, തുള്ളിക്കോളീന്ന് കേട്ടാൽ എന്തു ചെയ്യുമായിരുന്നോ ആവോ ?

    ReplyDelete
  12. നല്ല ചാട്ടം തന്നെ....!

    ReplyDelete
  13. ആ ചാട്ടം ഓർത്ത് ചിരിച്ചുപോയി....:)

    ReplyDelete
  14. ഒരു പ്രതികാരത്തിന്റെ കഥ ....
    ആദ്യ ഭാഗം നന്നായി ഇഷ്ടയെട്ടൊ ..
    ഒരു കാര്യം ഓര്‍മ വന്നു ഇതു വായിച്ചപ്പൊള്‍ ... മുല്ലേ
    ഹോജയുടെ കഥയിലാണെന്ന് തൊന്നണു മറന്ന് പോയി
    വായിച്ചതായി ഓര്‍മയുണ്ട് ...
    കുറെ കുട്ടികളുമായി ഉസ്താദ് നടന്ന് പൊകുകയാണ്
    അപ്പൊള്‍ അവരൊടായി ചോദിക്കും എങ്ങൊട്ടാ ഈ വൈകുന്നെരത്ത്
    മഴ കിട്ടാന്‍ വേണ്ടി പടച്ചൊനോട് പ്രാര്‍ത്ഥിക്കാന്‍ ആണെന്ന് ..
    " കുട്ടികള്‍ പ്രാര്‍ത്ഥിച്ചാല്‍ പടച്ചൊന്‍ കേള്‍ക്കുമെന്ന് "
    അപ്പൊള്‍ ഇയാള്‍ പറഞ്ഞത് , കുട്ടികള്‍ പറഞ്ഞാലാണ്
    പടച്ചോന് കേള്‍ക്കുന്നതെങ്കില്‍ " ഉസ്താദ്" മാരുടെ തലയില്‍
    ഇടി വേട്ടേണ്ട സമയം കഴിഞ്ഞൂന്ന് .....

    ReplyDelete
  15. ചിരിപ്പിക്കുന്ന വരികളില്‍ ചിന്തയുണ്ട്..മുല്ലപ്പൂപ്പല്ലില്‍ മൂര്‍ച്ചയുള്ള ഒരു ഒരു വിരലും.

    ReplyDelete
  16. പ്രവാസജീവിതത്തിലാണ്‌ ഈ "എടുത്തുചാട്ടം " ആദ്യമായി കേട്ടത്,
    'അതെടുത്തങ്ങട്ട് ചാടിക്കാളീ"

    ReplyDelete
  17. "ഇലയെടുത്തു ചാടുന്നത്" ആദ്യമായി കേട്ടപ്പോള്‍ കൌതുകമായിരുന്നു!

    അതുപോലെതന്നെ ഞങ്ങള്‍ടെ നാട്ടില്‍ "അപ്പി" എന്ന്പറഞ്ഞാല്‍ ചെറിയ കുട്ടി എന്നാണ് അര്‍ത്ഥം. പക്ഷെ വടക്കോട്ട്‌ പോയിട്ട് ഇത് പറഞ്ഞാല്‍ പണിപാളും! (മുന്‍പൊരിക്കല്‍ കോളേജില്‍ പഠിപ്പിച്ച ടീച്ചറിനോട് ചോദിച്ചു - "ടീച്ചറിന്റെ അപ്പിക്ക് സുഖമാണോ?" എന്ന്. ടീച്ചറിന്റെ മുഖം വല്ലാതായത് ഇപ്പോഴും ഓര്‍ക്കുന്നു!)

    വടക്ക് നാട്ടില്‍ മരിച്ചീനിക്കിഴങ്ങിനു പറയുന്ന പേര് തെക്കന്‍ നാട്ടില്‍ വല്യ തെറിവാക്ക് ആണ്. തിരുവനന്തപുരം ഭാഗത്ത് "കലിപ്പ്", "ബോഞ്ചി വെള്ളം" തുടങ്ങിയ വാക്കുകള്‍ സാധാരണം.

    എന്തായാലും ഭാഷയുടെ വൈവിധ്യം കൊണ്ട് പണി വാങ്ങിച്ചുകൂട്ടിയ ഉസ്താദും കൊള്ളാം, അതുകണ്ട് കയ്യടിച്ച ശിഷ്യയും കൊള്ളാം! :-)

    ReplyDelete
    Replies
    1. ഹ ഹ.. പാവം ടീച്ചർ. ഇത് പോലെ വടക്കൻ കേരളത്തിൽ എടുക്കുക എന്നതിനു തട്ടിക്കൊ എന്ന് പറയും. കുട്ടിയെ എടുക്ക് എന്നതിനു കുഞ്ഞനെ തട്ടിക്കൊ എന്ന്.അന്ന തട്ടിക്കൊ എന്നും പറഞ്ഞ് ഒരെണ്ണം മുന്നിൽ വന്ന് കരഞ്ഞാൽ ആരായാലും ഒരു തട്ട് വച്ച് കൊടുക്കും!! -

      Delete
  18. ഹഹഹഹ എന്നാലും ഇതൊരു ഒടുക്കത്തെ പണിയായി പ്പോയി ,, ആ ഉസ്സ്താദ് ഈ പോസ്റ്റ്‌ കാണാതിരിക്കട്ടെ :)

    ReplyDelete
  19. തലശ്ശേരി അമ്മായിയുടെ "ലാങ്ഗ്വേജ് ബാറില്‍" തട്ടിയാ ഉസ്താദ് വീണത്‌ അല്ലേ.
    സംഗതി രസായി.

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..