Tuesday, August 20, 2013

കാദംബരി


വാതിൽക്കൽ നിന്നിരുന്ന അവളുടെ   കൈയിൽ നിന്നും ആ കടലാസ് കഷ്ണം വാങ്ങി അരിശത്തോടെ തുണ്ടം തുണ്ടമാക്കി അവൻ പുറത്തേക്ക് പറത്തി. അന്നേരം തീവണ്ടി പൂരപ്പുഴയുടെ കുറുകെ കുതിച്ച് പായുകയായിരുന്നു. ഒരൊറ്റയക്ഷരങ്ങളും ബാക്കി വെക്കാതെ പുഴയത് അപ്പാടെ വിഴുങ്ങുന്നത് തെല്ലൊരു ഖേദത്തോടെ അവൾ നോക്കി നിന്നു.

“ എന്നാലും  എന്റെ ആദ്യത്തെ പ്രണയലേഖനമായിരുന്നു അത്..“ കമ്പിയിൽ പിടിച്ച് പുറത്തേക്ക് ആഞ്ഞു നിന്ന പെൺകുട്ടിയെ  വലിച്ച് അകത്തേക്കാക്കി ,അവളുടെ കാലിന്റെ പെരും വിരലിൽ കാലമർത്തി അവൻ മുരണ്ടു.” എന്നോടുള്ള ദേഷ്യത്തിനു വല്ലവനോടും മിണ്ടിപ്പറയുമ്പോൾ ഓർക്കണമായിരുന്നു”.

അത് ശരിയായിരുന്നു. അവനൊടുള്ള വാശിക്ക് തന്നെയാണ് റെയിൽ വേ സ്റ്റേഷനിൽ വണ്ടി കാത്തിരുന്ന പേരും നാളും അറിയാത്ത ആ ചെറുപ്പക്കാരനോട് അവൾ മിണ്ടിപ്പറഞ്ഞത്, ചിരിച്ചത്, അതിങ്ങനെ പ്രണയ ലേഖനമായി വരുമെന്ന് ആരോർത്തു.
“ എന്നാലും ഞാനതൊന്ന് വായിച്ചു പോലുമില്ല..” അയാൾടെ പേരു പോലും നോക്കിയില്ല “ അവളുടെ സങ്കടം വണ്ടിയുടെ കുലുക്കത്തിൽ ആരും കേട്ടില്ല.

പിറ്റേന്ന്, കാന്റീനിൽ അയമതുട്ടിക്കയുടെ ചായക്കും പരിപ്പ് വടക്കുമൊപ്പം അവന്റെ കൂട്ടുകാരൻ ,തലേന്നത്തെ ക്വൊട്ടേഷന്റെ കാര്യം പറഞ്ഞ് ചിരിച്ചു. ആദ്യത്തെ അടിക്ക് നിന്റെ കാമുകന്റെ പല്ലൊരെണ്ണം താഴെ പോയി, രണ്ടാമത്തെ അടിക്ക് കൈയിന്റെ നട്ടും ബോൾട്ടും തെറിച്ചു പോണത് അവൻ അഭിനയിച്ച് കാണിച്ചത് വിശ്വസിക്കാതിരിക്കാൻ അവൾക്ക് ആവുമായിരുന്നില്ല,     ..
കാരണം അവനായിരുന്നു അക്കൊല്ലവും ബോഡി ബിൽഡിങ്ങ് മത്സരത്തിലെ ചാമ്പ്യൻ.

മൂന്ന് വർഷം അവരൊന്നിച്ചായിരുന്നു. , അവളുടെ  സുഹൃത്ത്, ഒരേയൊരു കൂട്ടുകാരൻ, ഫസ്റ്റ് ക്ലാസ് കൂപ്പേയുടെ ആളൊഴിഞ്ഞ ഇടനാഴികകളിൽ തീവണ്ടിയുടെ ചുക് ചുക് ശബ്ദത്തോടൊപ്പം അവർ ഇണങ്ങുകയും പിണങ്ങുകയും ചെയ്തു. അവനവളോട് പ്രണയമായിരുന്നു..., അതവൾക്കും അറിയാമായിരുന്നു, എന്നിട്ടും പലപ്പോഴും അവളത് അറിഞ്ഞില്ലാന്ന് നടിച്ചു.  അവനെ പ്രണയിക്കാൻ അവൾക്കാവുമായിരുന്നില്ല, അവനെയെന്നല്ല ആരേയും...,

 കാരണം അവളുടെയുള്ളിൽ  സദാ സമയവും ഒരാളുണ്ടായിരുന്നു.. അവൾക്ക്  മാത്രം ഗോചരമാകുന്ന  സ്വപ്നം . അവന്റെ ഗന്ധം അവൾക്ക് പരിചിതം, അവന്റെ സ്പർശം  അവൾക്ക് അനുഭവ ഭേദ്യം. അത് കൊണ്ട് തന്നെ എല്ലായ്പ്പോഴും അവൾ എ ല്ലാവരേയും നിരസിച്ചു കൊണ്ടേയിരുന്നു.     സ്വപ്നം   ആവർത്തിക്കുമ്പോൾ കൂട്ടുകാർ തീർപ്പ് കൽ‌പ്പിക്കും നിനക്ക് ഭ്രാന്താണു,മുഴുത്ത ഭ്രാന്ത്. 


തീവണ്ടിയിലെ അവരുടെ കലപില  കേട്ട്  ടി ടി ഇ അവനോട് പറയും, നിനക്കിത്ര ഇഷ്ടമാണെൽ ഇവളെയങ്ങ് കെട്ടിക്കൂടെയെന്നു, അവൾ എതിർക്കും. “ അതിനെനിക്ക് ഇവനോട് പ്രണയമൊന്നുമില്ല കല്യാണം കഴിക്കാൻ.”
അയാൾ ചിരിക്കും  “ കല്യാണം കഴിക്കാൻ പ്രണയം വേണമെന്നൊന്നും ഇല്ല പെണ്ണേ ”

പിന്നെയും കാലം കുറേ കഴിഞ്ഞ് വീട്ടുകാർ ആലോചിച്ചുറപ്പിച്ച ചെക്കനേം കെട്ടി പുതു ജീവിതത്തിലേക്ക് കാലെടുത്തു വെച്ച 

പെൺകുട്ടി  പുതുമോടി മാറും മുമ്പേ നവ വരനോട് ആവശ്യപ്പെട്ടത് ഒരു പ്രണയലേഖനം ആയിരുന്നു..!!! വധുവിന്റെ വിചിത്രമായ ആവശ്യം കേട്ട് വിളറിപ്പോയ വരൻ സംയമനം വീണ്ടേടുത്ത് പൊട്ടിച്ചിരിച്ചു. തേനും മധുരവും ഒരുപാട് കിട്ടി.  പക്ഷെ ആ  പ്രേമലേഖനം മാത്രം കിട്ടിയില്ല , അത് കൊണ്ട് തന്നെ അവളുടെ   പ്രണയം ഇപ്പോഴും അവളുടെ ഉള്ളിലുണ്ട്. 

അതാണവളെ  ജീവിപ്പിക്കുന്നത്; അത് തന്നെയാണു അവളെ മരിപ്പിക്കുന്നതും.
24 comments:

 1. അപ്പൊ പ്രണയലേഖനമാണ് വില്ലന്‍ :)
  മുല്ലേ ...ഞാനൊരു പ്രണയ ലേഖനം തരട്ടെ ?
  കാല്പനികതയില്‍ ജീവിക്കുന്നവള്‍... അവളെ എനികിഷ്ടായി ..

  ReplyDelete
 2. കഥ നന്നായി. പ്രണയലേഖനത്തിനായി കാത്തിരിക്കുന്ന പെണ്‍കുട്ടി.
  പിന്നെ ടി ടി ആർ എന്നൊരാള്‍ ഇല്ല. ടി ടി ഈ എന്ന് പറഞ്ഞാല്‍ മതി.( travelling ticket examiner)

  ReplyDelete
  Replies
  1. നന്ദി . മാറ്റിയിട്ടുണ്ട്.

   Delete
 3. ഒരൊ ജീവിതങ്ങള്‍ക്കും ഇങ്ങയൊരു കാരണമുണ്ടാകും
  പ്രതീഷകള്‍ തീരുന്നടുത്തൂന്നാകും ചിലപ്പൊള്‍
  ജീവിതത്തിന്റെ ആരംഭവും , അവള്‍ ആശികട്ടെ
  അവള്‍ക്ക് അതേലും ഉണ്ടല്ലൊ , എപ്പൊഴോ എങ്ങനെയൊ
  കൈവരുന്ന ഒരു സ്വപ്നമായി ആ " പ്രണയലേഖനം "
  കാണാതെ പൊകുന്നതിനോട് തോന്നുന്ന ഒന്ന് ..
  " അവള്‍ മാത്രം ആശിക്കുന്ന ഒന്ന് "
  " അവളുടെ മാത്രമായ ഒന്ന് " എന്നിട്ടും .....
  മുല്ലേ യാത്രകളിലാണോ .. അതൊ ?

  ReplyDelete
 4. പുഴ ആ പ്രേമലേഖനത്തെ വിഴുങ്ങുന്ന കാഴ്ച്ച വളരെ മനോഹരമായി മനസ്സില്‍ കാണാന്‍ കഴിഞ്ഞു.ജീവിതവണ്ടിയുടെ കുലുക്കത്തില്‍ കേള്‍ക്കാതെ പോകുന്ന എന്തെല്ലാം സങ്കടങ്ങള്‍ ..
  ഹൃദ്യമായ അവതരണം.

  ReplyDelete
 5. വായിക്കാന്‍ കഴിയാത്ത പ്രണയലേഖനത്തിന്‍റെ മധുരസ്മരണയില്‍.....
  നന്നായിരിക്കുന്നു കഥ.
  ആശംസകള്‍

  ReplyDelete
 6. പ്രണയലേഖനം മധുരം
  കിട്ടാത്ത പ്രണയലേഖനം അതിമധുരം

  ReplyDelete
 7. അഥൂര പ്യാര്‍. വഴിയിലെ ഏതോ ഒരു തിരിവ് കടന്നു ഒരു യഥാര്‍ത്ഥ പ്രണയം വരുന്നുണ്ട് എന്ന സ്വപ്നം ഒരോരുത്തരിലുമുണ്ട്. കമലാ സുരയ്യ അത് തുറന്ന് എഴുതിയതിനാണ് നമ്മള്‍ അവരെ ക്രൂശിച്ചത്. കാരണം നമ്മുടെ മനസ്സില്‍ ഗോപ്യമാക്കി വെച്ച കാര്യം അവര്‍ ഒരു കുട്ടിയുടെ നിഷ്ക്കളങ്കതയോടെ ആവിഷ്കരിച്ചു. മുല്ലയുടെ എഴുത്തിലും ആവര്‍ത്തിച്ചു വരുന്ന ഒരു വിഷയമാണിത്. ഇത്തവണയും അത് പുതിയൊരു വര്‍ണ്ണത്തില്‍ നിറഞ്ഞു. അമരത്ത്വം തേടുന്ന എഴുത്തിന്‍റെയും ജീവിതത്തിന്‍റെയും ആണിക്കല്ല് ഈ പ്രണയവും പ്രതീക്ഷയും തന്നെ.

  Better late than never. ഹാവൂ. അവസാനം ഒരു പോസ്റ്റ്‌ വന്നല്ലോ. ഫെയ്സ്ബുക്കില്‍ കിടന്ന് ബ്ലോഗ്‌ പോസ്റ്റിംഗ് മുടങ്ങിയ കുറെ പേരുണ്ട്. പക്ഷെ മുല്ലയുടെ ബ്ലോഗില്‍ ഇളക്കമില്ലാതായത് അത് കൊണ്ടല്ലല്ലോ. യാത്രകള്‍ കാരണമാകാം. എങ്കില്‍ തന്നെയും വിഷയങ്ങളും പോസ്റ്റുകളും കൂടുകയല്ലേ ചെയ്യുക?

  ReplyDelete
 8. ട്രെയിൻ യാത്രയിൽ കണ്ട ഏതോ പെണ്‍കുട്ടി, മിന്നി മറയുന്ന മരങ്ങൾ, പുഴ, പാലം, കുറെ കാഴ്ചകൾ അങ്ങിനെ എന്തൊക്കെയോ മനസ്സിൽ അടുക്കും ചിട്ടയുമില്ലാതെ കയറി വന്നു സ്രഷ്ടിച്ച കാല്പനികമായ ഒരു പ്രതലത്തിൽ നിന്നും ഉണ്ടായതാണ് ഈ കഥ എന്ന് തോന്നുന്നു.

  കഥ അവസാനിപ്പിക്കാൻ തിടുക്കം കാണിച്ചുവോ. syrinx ൽ വീണ്ടും ആളനക്കം കണ്ടതിൽ സന്തോഷം.

  ReplyDelete
 9. ഇന്നലെ ലിങ്ക് കണ്ടപ്പോള്‍ കരുതിയത് പഴയതെടുത്തിട്ട് പറ്റിക്കുന്നു എന്നാ. സന്തോഷം എഴുത്തിന്‍റെ വഴി തിരികെപിടിച്ചതിന്.

  വായിക്കാനാവാതെ പോയ പ്രണയലേഖത്തിലര്‍പ്പിച്ചിരിക്കുന്ന പ്രതീക്ഷ ഇഷ്ടായി.

  ReplyDelete
 10. ഫേസ് ബുക്കില്‍ എഴുത്ത് മറന്നോന്ന് എഴുതി വെച്ചിരിക്കുന്നു... രണ്ട് പെട തരട്ടെ?

  അതെങ്ങെനെയാ? സ്നേഹായിപ്പോയില്ലേ അതുകൊണ്ട് പെടയ്ക്കണില്ല...

  കഥ ഇഷ്ടപ്പെട്ടു...

  ഇനീം വേഗം അടുത്തത് എഴുതിക്കോളൂ..

  ReplyDelete
 11. മുമ്പേ എന്റെ പോസ്റ്റിലൊരു അഭിപ്രായത്തിൽ മുല്ല പറഞ്ഞത് ഓർക്കുന്നു , റെയിൽവേയുമായി വളരെ അടുത്ത ബന്ധമാണ് എന്ന് .
  മുമ്പും ട്രെയിൻ യാത്രയുമായി ബന്ധപ്പെടുന്ന കഥകൾ ഇവിടെ വായിച്ചിട്ടുണ്ട് . സിയാഫും മുല്ലയും ഒക്കെ അതെഴുതുമ്പോൾ നന്നാവാറും ഉണ്ട് .
  ഇതും ഇഷ്ടായി

  ReplyDelete
 12. കൊള്ളാം ...

  ധൃതി പിടിച്ചു അവസാനിപ്പിച്ചോ എന്നൊരു സംശയം എനിക്കുമുണ്ട്.

  ReplyDelete
 13. nice story...but read this para twice...didn't understand anything..

  "പിറ്റേന്ന്, കാന്റീനിൽ അയമതുട്ടിക്കയുടെ ചായക്കും പരിപ്പ് വടക്കുമൊപ്പം അവന്റെ കൂട്ടുകാരൻ ,തലേന്നത്തെ ക്വൊട്ടേഷന്റെ കാര്യം പറഞ്ഞ് ചിരിച്ചു. ആദ്യത്തെ അടിക്ക് നിന്റെ കാമുകന്റെ പല്ലൊരെണ്ണം താഴെ പോയി, രണ്ടാമത്തെ അടിക്ക് കൈയിന്റെ നട്ടും ബോൾട്ടും തെറിച്ചു പോണത് അവൻ അഭിനയിച്ച് കാണിച്ചത് വിശ്വസിക്കാതിരിക്കാൻ അവൾക്ക് ആവുമായിരുന്നില്ല, ..
  കാരണം അവനായിരുന്നു അക്കൊല്ലവും ബോഡി ബിൽഡിങ്ങ് മത്സരത്തിലെ ചാമ്പ്യൻ."

  I might have lost in between.. :)

  However enjoyed the story..

  ReplyDelete
 14. പ്രണയത്തിനായി, ഒരു ശരിക്കും പ്രണയത്തിനായി കൊതിക്കാത്തവര്‍ ആരുണ്ട്...?
  എന്നാലും ആ തീവ്രത ശരിക്കും അനുഭവിപ്പിക്കാന്‍ കഴിയാതെ പോയത് മുല്ല ധൃതി കൂട്ടി എഴുതിയത് കൊണ്ട് മാത്രമാണ്...

  ReplyDelete
 15. അവനവളോട് പ്രണയമായിരുന്നു..., അതവൾക്കും അറിയാമായിരുന്നു, എന്നിട്ടും - .....

  ReplyDelete
 16. കൊള്ളാം, എന്നാലും എന്താണ് കൊട്ടേഷന്‍ സംഭവം? പിടികിട്ടിയില്ല.

  പിന്നെ പണ്ടേ ഞാന്‍ ഒരു പ്രണയലേഖനം എഴുതി സീല്‍ ചെയ്തു വെച്ചുകഴിഞ്ഞു. എഴുടിഹ്യത് എന്താന്നു മറന്നുപോയി. പക്ഷെ ഇതുപോലൊരു രംഗം ഉണ്ടായാല്‍ അത് എടുത്തു കൊടുക്കാമല്ലോ :-) കാത്തിരിപ്പിനും ഒരു സുഖമാ!

  പ്രണയലേഖനം!

  ReplyDelete
 17. ഇടക്കുള്ള quotation സംഭവം ആര്‍ക്കെങ്കിലും മനസ്സിലായോ?

  ReplyDelete
  Replies
  1. ആർക്കും മനസ്സിലായില്ല? സംഭവം സിമ്പിൾ, കൂട്ടുകാരനും കൂട്ടുകാരനും ചേർന്ന് ലേഖന കർത്താവിനെ വലിച്ചിട്ട് തല്ലി. അത്രേ ഉള്ളു.

   Delete
 18. പ്രണയത്തെ പറ്റി എഴുതുമ്പോൾ ആയതിന്റെ
  തീവ്രത ശരിക്കും തൊട്ടനുഭവിപ്പിക്കണം ..കേട്ടൊ യാസ്മിൻ

  ReplyDelete
 19. ‘ആ പുഴയും കടന്ന്’

  ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..