Monday, September 9, 2013

പിന്നെയും പിന്നെയും അന്ന !!

മണികരണിലെ  സ്നാന ഘട്ടീൽ നിന്നും മുകളിലേക്കുള്ള പടികളിലൊന്നിൽ അന്ന തളർന്നിരുന്നു.  കാൽ മുട്ട് വേദന ഈയിടെ അധികരിച്ചിരിക്കുന്നു. സ്നാന ഘട്ടിൽ കുളിക്കുന്നവരുടെ തിരക്കാണു, സീസൺ തുടങ്ങിയിരിക്കുന്നു മണാലിയിൽ, ഇനി സഞ്ചാരികളുടെ ഒഴുക്കാവും. 


പടിയിൽ നിന്നും എഴുന്നേൽക്കാനായവേ, ഒച്ച വെച്ച് താഴേക്ക് ഓടിയിറങ്ങിയ ഒരു കൂട്ടം ചെറുപ്പക്കാരുടെ തള്ളലിൽ പെട്ട് അന്ന പടിയിലേക്ക് തന്നെ ചാഞ്ഞിരുന്നു. പൊടുന്നനെ, ആ കൂട്ടത്തിന്റെ ഏറ്റവും പിറകിൽ  നടന്നിരുന്ന യുവാവിന്റെ ചലനങ്ങളിൽ ശ്രദ്ധിച്ചിരുന്ന അന്ന ഇരുന്നിടത്തു നിന്നും എഴുന്നേറ്റു നിന്നു, അതേ നടത്ത, കൈവീശലുകൾ, ഓടുമ്പോൾ കൈവിരലുകൾ മടക്കി ശരീരത്തോട് ചേർത്ത് വെച്ച് ശരീരത്തിന്റെ മുകൾ ഭാഗം അധികം അനങ്ങാതുള്ള ഓട്ടം. ഈ പ്രായത്തിൽ അയാൾ എങ്ങനെയിരുന്നുവോ അത് മുറിച്ചു വെച്ചത് പോലെ..

ഓർമ്മകളുടെ മലവെള്ള പാച്ചിലിൽ കുത്തിയൊലിച്ച അന്ന ആ പടവിൽ കുഴഞ്ഞു കിടന്നു. ഈശ്വരാ ഇനിയും ഇവളെയെന്തിനിങ്ങനെ പരീക്ഷിക്കുന്നു. എല്ലാം ഉപേക്ഷിച്ച് ഈ മലമുകളിൽ എത്തിയിട്ട് എത്ര വർഷങ്ങൾ, നാടും വീടും സൌഹ്രദങ്ങളുമെല്ലാം ഓർമ്മകൾ മാത്രമായിട്ട് എത്ര കാലം. കൊഴിഞ്ഞ് പോയ യൌവ്വനം. പടി കടന്നെത്തിയ വാർദ്ധക്യം. ആ അവശതകൾക്കിടയിലും ഒരു വാശി പോലെ അന്ന.

ബോർഡിങ്ങ് സ്കൂളിന്റെ കയറ്റം താണ്ടി, ക്വോർട്ടേഴ്സിലേക്കുള്ള പടികൾ കയറി മുകളിലെത്തിയപ്പോഴേക്കും കിതച്ച് പോയിരുന്നു അന്ന. ഈയിടെ വലിവിന്റെ അസുഖം ഇത്തിരി കൂടുതലാണു. കഴിഞ്ഞ മാസം സ്കൂളിലെ പതിവ് ചെക്കപ്പിനിടയിലും ഡോക്ടർ സൂചിപ്പിച്ചതാണു. ചണ്ഡീഗറിലെ വലിയ ആശുപത്രിയിൽ പോകാൻ. മരണത്തെ താനെത്ര മാത്രം സ്നേഹിക്കുന്നുവെന്ന് ഡോക്ടർക്കറിയില്ലല്ലൊ എന്ന് അന്ന തമാശയോടെ ഓർത്തു.

ഗേറ്റ് തുറക്കുന്ന ശ്ബ്ദം കേട്ട് അപ്പുറത്ത് തോട്ടത്തിൽ നിന്നും രത്തൻ കാക്ക ഓടി വന്നു. സ്കൂളടച്ചാൽ  ഈ വലിയ കോമ്പൌണ്ടിൽ അവശേഷിക്കുന്നത് താനും രത്തൻ കാക്കായും മാത്രമാണു. പോകാൻ ഇടമില്ലാത്തവർ. 

“മേം സാബ്, ആപ് കോ മിൽനെകേലിയെ ഏക് ആദ്മി ആയാഥാ ആജ്”

ആരായിരുന്നു രത്തൻ കാക്കാ..?

" പതാ നഹിം, ഫിർ ആയേഗാ വൊ ജരൂർ”

ഇത്രയും കാലമായിട്ടും ആരും അന്വേഷിച്ച് വരാതിരുന്ന മേം സാബിനെ അന്വേഷിച്ച് ഒരാൾ വന്ന അമ്പരപ്പായിരുന്നു രത്തൻ കാക്കയുടെ മുഖം  നിറയെ. 

അന്നയുടെ ഉള്ളിലുമുണ്ടായിരുന്നു വേവലാതി. തന്നെ അന്വേഷിച്ച് വന്നത് രാവിലെ കണ്ട ചെറുപ്പക്കാരൻ തന്നെയായിരിക്കാനാണു സാധ്യത. എങ്ങനെ അറിഞ്ഞു താനിവിടെ ഉണ്ടെന്ന്, ഇത്രെം കാലങ്ങൾക്ക് ശേഷം ഇനിയെന്താണിപ്പൊൾ? ഒരു പക്ഷെ അയാൾക്കെന്തേലും ആപത്ത്...

അന്ന എഴുന്നേറ്റ് അലമാരിയിലെ പുസ്തകങ്ങൾക്കിടയിൽ നിന്നും ഒരു പുസ്തകം പുറത്തെടുത്ത് പതുക്കെ പേജുകൾ മറിച്ചൂ. 

ജീവിതം യൌവന തീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവുമായിരുന്ന ഒരു കാലഘട്ടത്തിലെ പിറന്നാളിന്റെ ഓർമ്മക്ക്-

ആദ്യത്തെ പേജിൽ കുനു കുനെ കോറിയിട്ട അക്ഷരങ്ങളിലൂടെ വിരലോടിക്കവെ അന്നക്ക് കുളിർന്ന് വിറച്ചു. എല്ലാം ഇന്നലെ കഴിഞ്ഞതു പോലെ വ്യക്തത. 

വായനയോടും അക്ഷരങ്ങളൊടുമുള്ള സ്നേഹം തന്നെയാണു അയാളെ തന്നിലേക്ക് അടുപ്പിച്ചത്. വായിച്ച പുസ്തകങ്ങളെ പറ്റി, എഴുത്തുകാരെ പറ്റി താൻ പറയുന്നത് താല്പര്യത്തോടെ കേട്ടിരിക്കുന്നയാൾ, ഞാനിതൊന്നും കണ്ടില്ലല്ലൊ ,വായിച്ചില്ലല്ലോ എന്ന പരിഭവത്തിനിടയിലും നീയിതൊക്കെ ഒന്നെഴുതി വെക്ക് എവിടേലും എന്നു നിർബദ്ധിക്കുന്ന കരുതൽ, നിന്നെയെനിക്ക് കിട്ടിയില്ലല്ലോ എന്ന കുശുംബ് പറച്ചിനിടയിലും തങ്ങൾ രണ്ട് പേരും അവരവരുടെ കുടുംബത്തിന്റെ തണലിലും സ്വസ്ഥതയിലും തന്നെയായിരുന്നു . പക്ഷെ ആ ശാന്തത മുകൾപരപ്പിൽ മാത്രമായിരുന്നുവെന്നും അടിയിൽ രണ്ട് നദികൾ, ഒരേ ദിശയിലേക്ക്, ഒരേ വേഗത്തിൽ ,കുതിച്ചൊഴുകുന്നുവെന്നും രണ്ട് പേർക്കും അറിയാമായിരുന്നു. 

പുസ്തകമടച്ച് അലമാരയിൽ വെച്ച് , പതിവുള്ള ഗുളികകൾ വിഴുങ്ങി അന്ന കട്ടിലിൽ ഉറങ്ങാതെ കിടന്നു.

രാവിലത്തെ നടത്തം കഴിഞ്ഞ് തിരിച്ചെത്തിയപ്പോൾ ക്വോർട്ടേഴ്സിന്റെ വരാന്തയിൽ തലേന്ന് കണ്ട ചെറുപ്പക്കാരൻ. 
ആന്റിക്കെന്നെ ഓർമ്മയുണ്ടോ..? അടുത്തേക്ക് വന്നയാൾ കൈ നീട്ടിയപ്പോൾ അന്ന ചിരിച്ചു.

രത്തൻ കാക്ക .., ചായ്  ലീജിയെ.
“ഈ സ്ഥലം കണ്ട് പിടിക്കാൻ ഞാൻ ഒരുപാട് ബുദ്ധിമുട്ടി. അച്ഛന്റെ ഡയറിക്കുറിപ്പുകളിൽ നിന്നാണു ഞാനീ സ്ഥലം ഊഹിച്ചത്. ഒരുപാട് എഴുതീട്ടുണ്ട് അഛൻ , ഒരിക്കലും വന്നിട്ടില്ലാത്ത ഈ സ്ഥലത്തെ പറ്റി,“

 നിങ്ങളെ പറ്റിയും... ചെറുപ്പക്കാരൻ ഇരുന്നിടത്ത് നിന്നും എഴുന്നെറ്റ് അന്നയുടെ അടുത്തേക്ക് വന്ന് അരികിൽ മുട്ട് കുത്തി മടിയിൽ തല വെച്ചപ്പോൾ അന്നക്ക് മാറിടം വിങ്ങി. 

നിന്റെ അഛൻ സുഖമായി ഇരിക്കുന്നോ? അത് ചോദിക്കുമ്പോൾ തൊണ്ട ഇടറാതിരിക്കാൻ അന്ന ചുമച്ചു, ഒപ്പം താനിപ്പോഴും, ഇത്ര കാലത്തിനു ശേഷവും  അയാളെ എത്രമാത്രം സ്നേഹിക്കുന്നുവെന്നോർത്ത് അന്ന  ക ണ്ണുകൾ ഇറുക്കിയടച്ചു.
രത്തൻ കാക്ക കൊണ്ട് വന്ന ചായ വാങ്ങി ഊതിക്കൂടിച്ച് ചെറുപ്പക്കാരൻ  എണീറ്റു
“ ഇത്തവണ ഇവിടെ തണുപ്പ് കൂടുതലാണല്ലെ..”
ചായ കപ്പ് രത്തൻ കാക്കയെ ഏൽ‌പ്പിച്ച് അന്നയുടെ അരികിലേക്ക് കസേര വലിച്ചിട്ട് അയാൾ തുടർന്നു.
അമ്മക്ക് അസുഖം കൂടുതലാണു, അഛനെ കാണണമെന്നും മാപ്പ് പറയണമെന്നും ഒരേ വാശിയാണു ഈയിടെ.

അന്ന ഇരുന്നിടത്ത് നിന്നും എഴുന്നേറ്റു.
അഛൻ...
ആന്റി പോയതിൽ പിന്നെ ഒന്നിലും താല്പര്യമില്ലായിരുന്നു അഛനു, ജോലിക്ക് പോകാതായി, എപ്പൊഴും വരാന്തയിലെ ചാരുകസേരയിൽ ഒരിരുപ്പായിരുന്നു. പരാതിയായിരുന്നു അമ്മക്കെന്നും, പുസ്തകങ്ങളും കൂട്ടുകാരുമാണു അഛനെ ചീത്തയാക്കിയെന്നും പറഞ്ഞ്, ഒരു ദിവസം അലമാരയിലെ പുസ്തകങ്ങളെടുത്ത് അമ്മ തീയിട്ടു, അഛൻ എതിർത്തില്ല. നോക്കി കിടന്നു, അവസാനത്തെ പുസ്തകവും എരിഞ്ഞ് തീർന്നപ്പോൾ എണീറ്റ് നടന്നു. പിന്നെ തിരിച്ച് വന്നിട്ടില്ല.

ഞാൻ കരുതി ആന്റിക്കറിയാമായിരിക്കുമെന്ന്.. ചെറുപ്പക്കാരൻ എണീറ്റ് അന്നയെ അണച്ച് പിടിച്ചു. 
അഛന്റെ സ്നേഹമുണ്ടായിരുന്നു ആ ഡയറിക്കുറിപ്പുകളിൽ നിറയേ....

ഡൽഹിയിൽ നിന്നും വരാണസിയിലേക്കുള്ള ട്രെയിനിൽ കയറിയപ്പോഴേക്കും അന്ന തളർന്നിരുന്നു. ഈയിടെയായി ഇത്തരം ദീർഘയാത്രകൾ വയ്യ. ദത്താത്രേയനെ വിളിച്ചു പറഞ്ഞിട്ടുണ്ട് വരുന്ന വിവരത്തിനു, സ്കൂളിന്റെ ട്രസ്റ്റികളിൽ പ്രമുഖനാണയാൾ. 

ഗുളികകൾ കഴിച്ച് ബർത്തിൽ കയറിക്കിടന്ന് അന്ന കണ്ണുകൾ അടച്ചു. 
വരാണസി, എന്നും അയാളുടെ ഇഷ്ട സ്ഥലങ്ങളിൽ ഒന്ന്, തങ്ങളൊന്നിച്ച് വരാണസിയിൽ തങ്ങിയ നാളുകൾ, ഗംഗയെ സാക്ഷിയാക്കി, ഗായത്രീ മന്ത്രങ്ങളുടെ ഈരടികൾ കേട്ട്, പരസ്പരം അറിഞ്ഞ നാളുകൾ. ഭാംഗും ചരസ്സും മണക്കുന്ന കുടുസ്സു മുറിയിൽ ഇനി മുതൽ നമ്മുടെ വിയർപ്പിന്റെ മണവും ഉണ്ടാകുമെന്ന് പറഞ്ഞ് പൊട്ടിച്ചിരിക്കുമായിരുന്നു അയാൾ. അന്നക്കുറപ്പുണ്ടായിരുന്നു ഓർമ്മകളിൽ കുടുങ്ങി മറിഞ്ഞ്  അയാളവിടെ ഏതേലും മുറിയിൽ ഉണ്ടാകുമെന്ന്...

അന്നയെ അസ്സീ ഘാട്ടിലെ  താമസ സ്ഥലത്താക്കി തിരിച്ചു പോകവേ ദത്താത്രേയൻ പറഞ്ഞു,“ അയാളിവിടെ തന്നെ കാണും മാം, വരാണസി ആരേയും മടക്കിയയക്കില്ല”

അത് ശരിയായിരുന്നു. പിറ്റേന്ന് ദശാശ്വമേധ ഘാട്ടിലെ ആരതി കാണാൻ നിൽക്കുന്നവരുടെ ഇടയിൽ വെളിച്ചത്തിന്റേയും ധൂപങ്ങളുടെയും നടുക്ക് ഒറ്റപ്പെട്ട് നിൽക്കുന്ന  അയാളെ ആശ്ലേഷിക്കുമ്പോൾ അന്നയുടെ കണ്ണിലൂടെ ഒരായിരം ആരതികൾ ഒന്നിച്ചൊഴുകി .

പരാതികളും പരിഭവങ്ങളും നിശബ്ദത കൊണ്ട് പരസ്പരം പറഞ്ഞ് ഗംഗയുടെ തീരത്തിരിക്കുമ്പോൾ അയാളെഴുന്നേറ്റ് അരയിൽ നിന്നും ചെറിയൊരു പൊതിയെടുത്ത് അന്നക്ക് നീട്ടി.” എന്നേലും കാണുകയാണെങ്കിൽ തരാൻ കരുതി വെച്ചതാണു“ 
രാത്രി, മുൻഷി ഘാട്ടിലെ ഇടുങ്ങിയ മുറിയിലെ ഒറ്റക്കട്ടിലിൽ അയാളോട് ചേർന്ന് കിടക്കുമ്പോൾ അന്ന അയാളുടെ മുടിയിൽ തഴുകി.’ നാളെ രാവിലെ സച്ചു വരും, ഞാൻ വിളിച്ചു പറഞ്ഞിട്ടുണ്ട്.” അയാളുടെ കൺനിലെ നിരാസത്തെ അന്ന ഉമ്മകൾ കൊണ്ട് മൂടിക്കളഞ്ഞു.

പിറ്റേന്ന് അവരെ യാത്രയാക്കി മടങ്ങവേ അന്ന മണികരണിലെ സ്നാനഘാട്ടിൽ ഇറങ്ങി. അരയോളം വെള്ളത്തിൽ നിന്ന് അന്ന പതുക്കെ ചുരുട്ടിയ മുഷ്ടികൾ തുറന്നു. വെള്ളത്തിന്റെ തള്ളലിൽ കൈവെള്ളയിൽ നിന്ന് താഴെ വീണ താലി ;താഴെ കല്ലിൽ തടഞ്ഞ് ഒരു മാത്ര നിന്നു. പിന്നെ ഒഴുക്കിൽ അപ്രത്യക്ഷമായി.
ക്വോർട്ടേഴ്സിന്റെ ഗേറ്റ് തുറക്കവേ ശബ്ദം കേട്ട് രത്തൻ കാക്ക പൂന്തോട്ടത്തിൽ നിന്നും ഓടി വന്നു.
" മേം സാബ്, ബാബുജി ആജായേഗാ ..., ഹേന..?

ഗേറ്റടച്ച് തഴുതിടവേ അന്ന ചിരിച്ചു     ”  വരുമായിരിക്കും ... “

*** ചിത്രീകരണം: ഇസ് ഹാഖ് നിലമ്പൂർ

35 comments:

  1. ഹൃദ്യം ..ആര്‍ദ്രം ...നന്നായി പറഞ്ഞു...:) വരകളും വരികളോട് നീതി പുലര്‍ത്തി....!!

    ReplyDelete
  2. ജീവിതം. അത് അങ്ങിനെയാണ് പ്രതീക്ഷിക്കാത്തത് സംഭവിക്കും. .. പാവം മനുഷ്യർ ... പ്രതീക്ഷിച്ചും കൊണ്ടിരിക്കും. എഴുത്തും വരയും ഒന്നിനൊന്നു മെച്ചം. പ്രിയ സുഹ്രത്ത് ഇഷാഖ് ഭായിക്കും ടീച്ചറി നും( അങ്ങിനെ വിളിക്കാൻ ഞാന ഇഷ്ടപ്പെടുന്നു) അഭിനന്ദനങ്ങൾ

    ReplyDelete
  3. അന്തിമമാം മണമര്‍പ്പിച്ചടിവാന്‍ മലര്‍ കാക്കില്ലേ
    ഗന്ധവാഹകനെ രഹസ്യമാര്‍ക്കറിയാവൂ!

    വടക്കേയിന്ത്യന്‍ പശ്ചാത്തലത്തില്‍ നല്ലൊരു പ്രേമകഥ!

    ReplyDelete
  4. ഹൃദ്യമായിരിക്കുന്നു.......
    ആശംസകള്‍

    ReplyDelete
  5. നന്നായിരിക്കുന്നു മുല്ലേ. ഒരു മധുര പ്രണയത്തിന്റെ ബാക്കി പത്രം.

    ReplyDelete
  6. മനസ്സ് കുറെ കല്‍പ്പടവുകള്‍ കയറിയിറങ്ങുകയും ഓളങ്ങളിലൂടെ ഒഴുകിപ്പോകുന്ന ചില ജീവിതങ്ങളെ കാണുകയും ചെയ്തു.

    ReplyDelete
  7. വായിച്ചു തീർന്നപ്പോൾ അന്നയുടെ മനസ്സ് പോലെ
    ശാന്തം എന്റെ ഉള്ളവും...മടുപ്പില്ലാതെ വലിച്ചു
    നീട്ടാതെ പറഞ്ഞ ഒരു സുന്ദര പ്രണയ കഥ...
    പ്രായം മനസ്സിനെ ഒരിക്കലും തളർത്തുന്നില്ല..ഓർമ്മകൾ
    എന്നും നിത്യ യൌവനം പോലെ ഹൃദയത്തില തുടിക്കും.
    അഭിനന്ദനങ്ങൾ മുല്ല...

    കുറച്ചു ചോദ്യങ്ങള ബാക്കിയുണ്ട്..അല്ലേ വേണ്ട.കഥയുടെ
    ഒഴുക്കിന് ആവശ്യത്തിനുള്ളത് ഇതിൽ ഉണ്ട് എന്ന്
    സമാധാനിക്കാം...

    ഇങ്ങനെ വല്ലപ്പോഴും ഓരോ പോസ്റ്റ്‌ ഇടൂ.ഫേസ് ബുക്കിൽ
    നിന്നും ഓടി ഇറങ്ങി ഇവിടെ കാത്തിരിക്കാം..ആശംസകൾ
    Ishaq Bhai:Congrats to you too...

    ReplyDelete
  8. കൊള്ളാം...കഥ ഇഷ്ടപ്പെട്ടു.

    ReplyDelete
  9. എത്ര മനോഹരം ഈ പോസ്റ്റ്‌ .

    "നിന്നെയെനിക്ക് കിട്ടിയില്ലല്ലോ എന്ന കുശുംബ് പറച്ചിനിടയിലും തങ്ങൾ രണ്ട് പേരും അവരവരുടെ കുടുംബത്തിന്റെ തണലിലും സ്വസ്ഥതയിലും തന്നെയായിരുന്നു . പക്ഷെ ആ ശാന്തത മുകൾപരപ്പിൽ മാത്രമായിരുന്നുവെന്നും അടിയിൽ രണ്ട് നദികൾ, ഒരേ ദിശയിലേക്ക്, ഒരേ വേഗത്തിൽ ,കുതിച്ചൊഴുകുന്നുവെന്നും രണ്ട് പേർക്കും അറിയാമായിരുന്നു. - "

    അതെ ഇങ്ങനെ എത്രയോ പേർ .ഒന്നാവാൻ വിധിയില്ലാത്തവർ .

    ReplyDelete
  10. അനശ്വര പ്രേമം കാത്തിരിപ്പുകളിലൂടെ ഒഴുകുന്നു

    ReplyDelete
  11. മനസ്സില്‍ തൊട്ടൊരു കഥ ..വരിക്കൊത്ത വരയും..രണ്ടുപേര്‍ക്കും അഭിനന്ദനങ്ങള്‍

    ReplyDelete
  12. നല്ല രസമുണ്ട് വായിക്കാൻ .
    എനിക്കേറ്റവും ഈ വരിയാണ്
    "എഴുന്നെറ്റ് അന്നയുടെ അടുത്തേക്ക് വന്ന് അരികിൽ മുട്ട് കുത്തി മടിയിൽ തല വെച്ചപ്പോൾ അന്നക്ക് മാറിടം വിങ്ങി" .

    ഇസ്ഹാഖ് ഭായ് കഥയ്ക്ക് ചേർന്ന നല്ല ചിത്രങ്ങളും വരച്ചു .

    ReplyDelete
  13. ഭംഗിയായിട്ടുണ്ട്.. അഭിനന്ദനങ്ങള്‍.. എഴുത്തിനു ചേര്‍ന്ന ചിത്രങ്ങളും..

    ReplyDelete
  14. രസമുള്ള ഭാഷ നല്ല പശ്ചാത്തല നിര്‍മാണം കഥാപാത്ര നിര്‍മാണം തുടങ്ങി എല്ലാം കൊണ്ടും ആസ്വാദ്യമായ ഒരു കഥ അഭിനന്ദനങ്ങള്‍

    ReplyDelete
  15. കുറച്ചു കാലം കൂടിയാണ് ഈ വഴി... കൊള്ളാം

    ReplyDelete
  16. കഥ ഇഷ്ടായിട്ടാ. ആശംസകള്‍.

    ReplyDelete
  17. നല്ലൊരു സിനിമ കണ്ടത് പോലെ...
    കഥയും കഥാപാത്രങ്ങളും എല്ലാം തൊട്ടു മുന്നിൽ

    ReplyDelete
  18. എന്തൊക്കെ സംഭവിച്ചാലും മാറ്റമില്ലാതെ....ചെറുതാക്കി ഭംഗിയാക്കി.
    ഇശ്ഹാക്ക് ഭായിയുടെ വരയും കഥയെ മോടി കൂട്ടി.

    ReplyDelete
  19. അന്ത:ക്ഷുബ്ധമായ ചില മനസ്സുകൾ.... കഥ നന്നായി.

    ReplyDelete
  20. ഒരുപാടിഷ്ടത്തോടെ വായിച്ച ഒരു കഥ. വരയും നന്നായി.

    ReplyDelete
  21. നന്നായിട്ടുണ്ട് ..നല്ല കഥ

    ReplyDelete
  22. അയാളിവിടെ തന്നെ കാണും മാം, വരാണസി ആരേയും മടക്കിയയക്കില്ല”
    വളരെ ഇഷ്ടപ്പെട്ടു .............ഇനിയും ഇതുപോലെ ഉള്ള കഥകള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു

    ReplyDelete
  23. നല്ലൊരു പ്രണയ കഥ, ഭംഗിയായി പറഞ്ഞു..
    ആശംസകളോടെ..

    ReplyDelete
  24. ആദ്യമായി ഈ അക്ഷരങ്ങളുടെ ആത്മാവറിഞ്ഞു അതിനൊത്ത വര നല്‍കിയ ഇസ്ഹാക്കിന് അഭിനന്ദനങ്ങള്‍. മുല്ലയുടെ എഴുത്തില്‍ പൊതുവേ കണ്ടു വരാറുള്ള ഒരു പത്മരാജന്‍-കമല സുരയ്യ സ്പര്‍ശം ഇതില്‍ കൂടുതല്‍ തെളിഞ്ഞു നില്‍ക്കുന്നു. വാരണാസി, ഗംഗ, സ്നാനഘട്ട്, കാലാതിവര്‍ത്തിയായ വിശുദ്ധിയുടെ ഇടങ്ങള്‍ അടയാളപ്പെടുത്തുന്നത് കേവല അംഗീകൃത ബന്ധങ്ങളെ കവിഞ്ഞു നില്‍ക്കുന്ന ഒരു വിശുദ്ധ പ്രണയം തന്നെയാണ്. മൂര്‍ത്തമായ രതിയും അതില്‍ തെളിയുമ്പോഴും എഴുത്തിലെ കയ്യടക്കം കൊണ്ട് അതിലെ പ്രണയത്തെ ജ്വലിപ്പിക്കാന്‍ യാസ്മിന് കഴിയുന്നുണ്ട്.
    And when I woke, the marrow
    Out of my bones ran out
    That you were the friend I dreamt for
    But not the dream I woke for.
    -Ezra Pound.

    ReplyDelete
  25. അന്ന; അത് ടോൾ സ്റ്റൊയി യുടെ അന്നയായാലും,എംടിയുടെ വിമല, പത്മനാഭന്റെ ഗൌരി, സേതുവിന്റെ ദേവി, വിജയന്റെ പത്മ, ഇനി ബഷീറിന്റെ സുഹറയായാലും ,അവൾപ്രേമത്താൽ നുറുങ്ങിപ്പോയവൾ, പ്രണയത്താൽ അവനവനോട് തന്നെ യുദ്ധം ചെയ്യേണ്ടവൾ.

    ReplyDelete
  26. നാളുകള്‍ക്കു ശേഷം ഈ വഴി വന്നത് അന്നയുടെ സ്നേഹം അനുഭവിക്കാന്‍ ആയിരിക്കും...നല്ല മനസ്സില്‍ തട്ടുന്ന ചേലുക്ക് എഴുതി...

    ReplyDelete
  27. ഇഷ്ട്ടപ്പെട്ടു ...

    ReplyDelete
  28. പതിവുപോലെ ഹൃദ്യം ,മനോഹരം .വായിക്കാന്‍ വൈകിയതില്‍ ക്ഷമിക്കുക .

    ReplyDelete
  29. വേറൊരു പ്രണയ കഥയുംകണ്ടു അതിലും അന്നയാണ് താരം!!

    ReplyDelete
  30. ജീവിതം യൌവന തീക്ഷ്ണവും ഹൃദയം പ്രേമ സുരഭിലവും - ബഷീറിന്റെ വരികൾ ഓർമ്മപ്പെടുത്തി....

    ഉത്തരേന്ത്യൻ യാത്രാപഥങ്ങളും തീർത്ഥഘട്ടങ്ങളും കഥയുടെ മാറ്റ് കൂട്ടുന്നു.....

    ReplyDelete
  31. ഈ പ്രണയ സഞ്ചാരം ഇതുഅവരെ ഞാൻ കണ്ടില്ലായിരുന്നു കേട്ടോ

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..