പഴയ ഫോണിൽ നിന്നും കോണ്ടാക്റ്റ് ലിസ്റ്റെടുത്ത് പുതിയ ഫോണിൽ സേവ് ചെയ്യുന്നതിനിടയിലാണു ഞാനാ പേരു വീണ്ടും കാണുന്നത്. ഫയർ ഫ്ലൈ. കാൾ ലോഗെടുത്ത് നോക്കിയപ്പോൾ വിളിച്ചിട്ട് മൂന്നു മാസത്തോളമായിരിക്കുന്നു. രണ്ടാഴ്ച കൂടുമ്പോൾ അല്ലെങ്കിൽ മാസത്തിൽ ഒരു തവണ ആ കാൾ വരാറുള്ളതാണു. എന്ത് പറ്റി അയാൾക്ക്..? ഇനി വല്ല അസുഖവും..?
രണ്ട് വർഷം മുൻപാണു അയാളെന്നെ ആദ്യായിട്ട് വിളിക്കുന്നത്. ഓഫീസിലേക്കുള്ള ഓട്ടത്തിനിടയിൽ അറിയാത്ത ഒരു നമ്പറിൽ നിന്നും വന്ന കോൾ എടുക്കുമ്പോൾ ആരാവുമെന്ന ആകാംക്ഷ ആയിരുന്നു ഉള്ളിൽ. അപ്പുറത്തെ നിശബ്ദത കേട്ടപ്പോൾ റോംഗ് നമ്പറാവുമെന്നു കരുതി ഫോൺ കട്ടാക്കി ബാഗിൽ തിരുകി. ബസിറങ്ങി പാളയത്തെ തിരക്കിനിടയിലൂടെ നടക്കുന്നതിനിടയിൽ വീണ്ടും ഫോൺ ശബ്ദിച്ചു. അതേ നമ്പർ തന്നെ. അനക്കമില്ല . ‘ ആരാണെന്ന് പറയു.. മനുഷ്യനെ മിനക്കെടുത്താതെ ‘. എന്ന എന്റെ അരിശം കേട്ടാവണം അയാൾ പതുക്കെ പറഞ്ഞു തുടങ്ങി.
“ ക്ഷമിക്കണം. നമ്പർ തെറ്റി വിളിച്ചതാണു. പക്ഷെ ... ഈ ഡയലർ ടോൺ എനിക്ക് വല്ലാതെ ഇഷ്ടപ്പെട്ടു. എനിക്ക് മാത്രല്ല എന്റെ കുട്ടികൾക്കും ഭാര്യക്കും ഇഷ്ടാണു ഈ പാട്ട്. നിങ്ങൾക്ക് വിരോധമില്ലെങ്കി ഇടക്ക് ഞാനൊന്ന് വിളിച്ചോട്ടെ. ? “
സൌമ്യതയോടെയും ആദരവോടെയുമുള്ള അയാളുടെ സ്വരം കേട്ടപ്പോൾ മറുത്തൊന്നും പറയാൻ എനിക്ക് തോന്നിയില്ല. തന്നെയുമല്ല ഒരു പെണ്ണിനോട് കൊഞ്ചാനും അടുപ്പം സ്ഥാപിക്കാനുമുള്ള യാതൊരു വ്യഗ്രതയും അയൾക്കുണ്ടായിരുന്നില്ല.
“ ഓകെ. ..ഞാനീ നമ്പർ സേവ് ചെയ്തേക്കാം. വിളിച്ചാൽ ഞാൻ അറ്റെന്റ് ചെയ്യുന്നില്ല. നിങ്ങൾ പാട്ട് കേട്ടോളു.”
പിന്നെ ഇടക്ക്; രണ്ടാഴ്ച്ച കൂടുമ്പോൾ അല്ലെങ്കിൽ മാസത്തിൽ ഒരു തവണ, ഫയർ ഫ്ലൈ എന്ന പേർ എന്റ്റെ ഫോണിൽ തെളിയാറുണ്ട്. ഇതിപ്പൊ ലാസ്റ്റ് കാൾ വന്നിരിക്കുന്നത് കഴിഞ്ഞ നവംബർ 28 നാണു. പുലർച്ചെ മൂന്നെ ഇരുപതിനു. അതിനു ശേഷം വിളിച്ചിട്ടേയില്ല അയാൾ.
എന്റെ വേവലാതി കണ്ട് മോൻ ചിരിച്ചു. “ ഉമ്മാക്കെന്താ ..അയാൾക്ക് ആ പാട്ട് വേറെ എവിടുന്നേലും കിട്ടീട്ടുണ്ടാകും. അല്ലെങ്കി തന്നെ നെറ്റീന്ന് ഡൌൺ ലോഡ് ചെയ്യാൻ അഞ്ച് മിനുട്ട് വേണ്ട.”
“ അതല്ലടാ.. എന്നാലും നമ്മളൊന്ന് അന്വേഷിക്കണ്ടെ? എന്താ പറ്റീതെന്നറിയാനുള്ള കടമ നമുക്കില്ലേടാ..” അസ്സാസിൻ ക്രീഡിൽ പുതിയ ദൌത്യവുമായ് ശത്രുവിന്റെ പിന്നാലെ പായുന്ന അവനത് കേട്ട ഭാവമേയില്ല.
ബെല്ലടിക്കുന്നുണ്ട്. എടുക്കുന്നില്ലല്ലൊ എന്ന നെഞ്ചിടിപ്പിനിടയിൽ അപ്പുറത്തെ ഘനഗംഭീരമായ ശബ്ദം കേട്ട് എന്റെ ഉള്ള് കാളി.
" യെസ്, തോമസ് തരകൻ ഹിയർ.”
" സർ, ഞാൻ കോഴിക്കോട്ട് നിന്നാണു. ഈ നമ്പറിൽ നിന്നും കഴിഞ്ഞ രണ്ട് വർഷമായ് ഒരാൾ ഇടക്ക് വിളിക്കാറുണ്ടായിരുന്നു. ഇപ്പൊ രണ്ട് മൂന്ന് മാസായിട്ട് കാളൊന്നും ഇല്ല. എന്ത് പറ്റീന്നറിയാനായിരുന്നു.”
" ശിവൻ കുട്ടിയല്ലെ..? എനിക്കറിയാം. എന്റെ ഫോണിൽ നിന്നാണു ശിവൻ കുട്ടി വിളിക്കാറ്. “
“ ശിവൻ കുട്ടി... അതേ സർ.. , എന്തു പറ്റി അയാക്ക്...? ഇയ്യിടെ വിളിക്കാറെയില്ലാലോ..”
" ഉം.. ഇനി അവൻ വിളിക്കില്ല. കഴിഞ്ഞ നവമ്പർ 28 നു അവന്റെ ശിക്ഷ നടപ്പാക്കി. മരിക്കും വരെ തൂക്കികൊല്ലൽ. “
കൈയിൽ നിന്നും ഫോൺ വീണു പോകാതിരിക്കാൻ രണ്ട് കൈയ് കൊണ്ടും ഫോൺ മുറുകെ പിടിച്ച് ഞാനിരുന്ന് വിറച്ചു.
“ താങ്കളാരാണു.... ?"
" ജയിലറാണു, വിയ്യൂർ സെന്റ്രൽ ജയിലിലെ.”
മായന്നൂർ അങ്ങാടിയിൽ ബസിറങ്ങുമ്പോൾ ഉച്ച തിരിഞ്ഞിരുന്നു. ചെറിയൊരങ്ങാടി, നാലഞ്ച് പെട്ടിക്കടകൾ, ഒരു ചെറിയ ചായക്കട. പെട്ടിക്കടയിൽ നിന്നും നന്നാറി സർബത്ത് വാങ്ങിക്കുടിക്കവെ ശിവൻ കുട്ടിയുടെ വീടന്വേഷിച്ച എന്നെ അയാൾ തറപ്പിച്ച് നോക്കി.
“എന്തായിറ്റാ... ഞി പത്രത്തീന്നാ.. ന്നാ ആ വഴി കീയണ്ട... എന്തെല്ലാ ഓരെപറ്റി എഴുതിപിടിപ്പിച്ചീന്... ഞാളെ ശിവൻ കുട്ടി അമ്മാതിരിയൊന്നും ചെയ്യിക്കില്ല.” കുട്ട്യ്യോളെ ജീവനേർന്നു ഓന്...”
.
ഞാൻ പത്രത്തീന്നല്ലാന്നും ശിവൻ കുട്ടി ജോലി ചെയ്തിരുന്ന കമ്പനീന്നാണെന്നും നുണ പറഞ്ഞപ്പോഴാണു അയാൾ വഴി പറയാൻ തയ്യാറായത്.
“ വിലങ്ങനെ പോയിറ്റ് എടത്തോട്ട് കീഞ്ഞാ രണ്ടാമത്തെ പൊര..” ആട അടുത്തന്നാ ഓന്റെ അനിയൻ ഹരിദാസന്റ്റെ പൊരേം..”
തുരുമ്പ് പിടിച്ച് തുടങ്ങിയ ഗേറ്റ് തുറന്ന് അകത്ത് കയറിയപ്പോൾ വീശിയടിച്ച കാറ്റിൽ മുറ്റത്ത് കൂട്ടം കൂടി കിടന്നിരുന്ന കരിയിലകൾ വട്ടം ചുറ്റി പറന്നു. അടച്ചിട്ട ഉമ്മറത്ത് ആരെ വിളിക്കണമെന്നറിയാതെ നിന്ന എന്റെ മുൻപിലേക്ക് തൊട്ടപ്പുറത്തെ വീട്ടിൽ നിന്നും ഒരു ചെറുപ്പക്കാരൻ ഇറങ്ങി വന്നു.
" വരൂ.. കോഴിക്കോട്ട്ന്നല്ലെ. തരകൻ സാർ വിളിച്ചിരുന്നു . എടക്ക് കാണാൻ ചെല്ലുമ്പോ ഏട്ടൻ പറയാറുണ്ടായിരുന്നു “
ആ കൊച്ചു വീടിന്റെ ഉമ്മറത്തിരുന്നു പിന്നയാൾ പറഞ്ഞ കഥ ; സമൂഹത്തിൽ നടമാടുന്ന ക്രൂരതകളും ദുഷ്ചെയ്തികളും ഒരു വ്യക്തിയിൽ ഉണ്ടാക്കുന്ന ആഘാതങ്ങളെ പറ്റിയായിരുന്നു. അതെങ്ങനെ ഒരാളുടെ ജീവിതത്തെ കീഴ്മേൽ മറിക്കുകയെന്നതിനെ പറ്റിയായിരുന്നു. മരിച്ച് മണ്ണടിഞ്ഞിട്ടും അവരെ മഴയത്ത് നിർത്തുന്ന ഇന്നാട്ടിലെ സാമൂഹിക നീതിയെ പറ്റിയും പത്ര ധർമ്മത്തെ പറ്റിയുമായിരുന്നു.
“ പാവാരുന്നു ഏട്ടൻ, നാട്ടില് പെൺകുട്ട്യ്യോളെ നേർക്ക് അക്രമണ്ടാകുമ്പോ വല്ലാത്തെ ബേജാറായിരുന്നു ഏട്ടനു. പിന്നെ മിന്നൂനെം പൊന്നൂനേം കുറച്ചൂ ദിവസത്തേക്ക് സ്കൂളിൽ പോലും വിടില്ല. ഏട്ടത്തീനും കുട്ട്യ്യേളേം കൊണ്ട് അകത്ത് വാതിലടച്ചിരിക്കും. “
കുറച്ച് വർഷം മുൻപ് കേരളത്തെയാകമാനം അപമാനത്തിന്റെ ചൂളയിൽ നീറ്റിയ മൂന്നു വയസ്സുകാരി പെൺകുട്ടിയുടെ മാനഭംഗവും തുടർന്നുള്ള മരണവും നമ്മളൊക്കെ വായിച്ച് സങ്കടപ്പെട്ട് എഫ് ബിയിലും ബ്ലോഗിലുമൊക്കെ പോസ്റ്റിട്ട് ഉൾ നീറ്റൽ മായ്ച്ച് കളഞ്ഞ ഒരു സാധാരണ സംഭവം മാത്രായിരുന്നു.. പക്ഷെ അന്നു രാത്രി, മക്കളുടെ ഭാവിയെ പ്രതി തപിച്ച് വെന്ത ശിവൻ കുട്ടി തന്റെ രണ്ട് മക്കളേയും ഭാര്യയേയും എന്നെന്നേക്കുമായി രക്ഷപ്പെടുത്തിക്കളഞ്ഞു. സ്വയം രക്ഷപ്പെടാൻ ശ്രമിച്ച ശിവൻ കുട്ടിക്ക് പക്ഷെ ഭാഗ്യം തുണച്ചില്ല.
" പക്ഷെ പത്രക്കാരൊക്കെ എഴുതീത് പൊന്നൂനെ ന്റെ ഏട്ടൻ ചീത്തയാക്കീന്നാ... അതോണ്ടാ ഏട്ടനത് ചെയ്തേന്ന്... പാവങ്ങളെ പറ്റി ആർക്കും എന്തും എഴുതാലോ...”
അയളുടെ വാക്കുകളിൽ രോഷത്തേക്കാളേറെ സങ്കടം തന്നെയായിരുന്നു നിറയെ.
അവധി ദിവസമായത് കൊണ്ടാണൊ എന്തോ ബസിൽ തിരക്ക് കുറവാണു. ആ പേരും ഡയലർ ടോണും ഡിലിറ്റ് ചെയ്യുന്നതിനു മുൻപ് ആ പാട്ടൊന്നു കൂടി കേൾക്കണം. ഇയർ ഫോൺ ചെവിയിൽ തിരുകി പതിയെ സീറ്റിലേക്ക് ചാരിയിരുന്നു ഞാൻ കണ്ണുകളടച്ചു.
‘ മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ...
എങ്ങോട്ടാണെങ്ങോട്ടാണീ തിടുക്കം..
നീ തനിച്ചല്ലേ...പേടിയാവില്ലേ...
കൂട്ടിനു ഞാനും വന്നോട്ടേ..
മഴയത്തും വെയിലത്തും പോകരുതേ നീ...’
പൊടുന്നനെ ഒരു മഴ വന്നു എന്നെയാകെ നനച്ച് കളഞ്ഞു. വേനൽ മഴ...പെയ്യട്ടെ. മുഖം തുടക്കാൻ പോലും മെനക്കെടാതെ ഞാനാ സീറ്റിൽ കണ്ണടച്ചിരുന്നു.
..
തീപ്പാറ്റയായി മാറി തീർന്ന കഥാപാത്രവുമായി കഥാകാരി അനുഭവത്തിലൂടെ സഞ്ചരിച്ച കഥാരീതി അസ്സലായിട്ടുണ്ട് കേട്ടൊ മുല്ലേ
ReplyDeleteഇത് വായിച്ച് എന്തിനോ ഞാൻ കരഞ്ഞു. വല്ലാത്തൊരു സങ്കടമാണ് നെഞ്ചിൽ പിടഞ്ഞതു.
ReplyDeleteവേറെ ഞാൻ എന്ത് പറയാൻ.
മനോഹരമായ ആവിഷ്കാരം.ആകാംക്ഷാഭരിതമായ തുടക്കം.അവിശ്വസനീയമായ ഉള്ളടക്കം,സങ്കടകരമായ അവസാനം.
ReplyDeleteകഥ എഴുത്ത് നന്നായി
ReplyDeleteമുന്നോട്ട് വച്ച കഥാതന്തുവിനോട് യോജിപ്പില്ലെങ്കിലും
നന്നായിരിക്കുന്നു കഥ
ReplyDeleteഅവസാനഭാഗം ഇത്രയും വിശദീകരിക്കേണ്ടതില്ലായിരുന്നു എന്നാണ്
എനിക്ക് തോന്നിയത്.......
ആശംസകള്‍
ഹോ.
ReplyDeleteമുല്ല ഇത്തവണ ഞെട്ടിച്ചു കളഞ്ഞു
അഭിനന്ദനങ്ങൾ
നാട്ടുപച്ചയിൽ വായിച്ചിരുന്നു .
ReplyDeleteനന്നായി പറഞ്ഞ കഥ
നന്നായെഴുതി മുല്ലാ..
ReplyDeleteനല്ല കഥ.
ReplyDeleteപീഡനം, മാധ്യമ ഇടപെടല്‍,മിസ്സ്ഡ് കോള്‍ തുടങ്ങി സമകാലികമായ വിവധ വിഷങ്ങളെ വളരെ നന്നായി സമന്വയിപ്പിച്ചിരിക്കുന്നു.
എന്റെ മിന്നുവും , ചിന്നുവും ..........
ReplyDeleteഒരൊ വാര്‍ത്തയും ആകുലതയാണ് .....!
പെണ്ണിനേ കുറിച്ചൊറ്ക്കുമ്പൊള്‍ , അവളേ വര്‍ണ്ണിക്കുമ്പൊള്‍
ഒക്കെ എന്നിലും ഈ ആകുലത പടരുമെന്നറിഞ്ഞിരുന്നില്ല ..
ഇന്നതറിയുന്നു , രണ്ട് പൊന്നൊമനകളുടെ അച്ഛനായപ്പൊള്‍ ..
മനസ്സ് നമ്മുടെ കൈവിരല്‍ തുമ്പില്‍ നിന്നും
പിടുത്തം വിടുന്ന ഒരൊ നിമിഷമുണ്ട് .. " ഭൂതകണ്ണാടിയിലേ "
വിദ്യാധരനേ പൊലെയൊക്കെ ചിന്തിച്ചു പൊകും നാം ...
കൂടേ മാധ്യപടയുടെ മല്‍സരത്തില്‍ , മരിച്ചിട്ടും മരിക്കാത്ത
കുറെ നേരുകള്‍ നമ്മേ നോക്കി പല്ലിളിക്കും .......
ആദ്യ ഭാഗം നൊമ്പരവും , പിന്നീട് .....................
"മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ..."
എത്ര മഴകള്‍ വേണ്ടി വരും ഉള്ളമൊന്നു തണുക്കാന്‍ ......
മുല്ലേ ...................... സ്നേഹപൂര്‍വം
കഥ കൊള്ളാം, നന്നായെഴുതി.
ReplyDeleteആദ്യഭാഗം അതീവ സുന്ദരമായി അനുഭവപ്പെട്ടു. ഒരു പ്രത്യേകത അനുഭവപ്പെട്ടു. രക്ഷപ്പെടാന്‍ സ്വയം അവസാനിപ്പിക്കുകയും അവസാനിക്കുകയും ചെയ്യുന്നതുകൊണ്ടു കാര്യമില്ലെന്ന് തോന്നുന്നു. അത് വേട്ടക്കാര്‍ക്ക് കൂടുതല്‍ ഗുണമേ ചെയ്യു എന്ന് തോന്നുന്നു.
ReplyDeleteഅവതരണം വളരെ ഇഷ്ടായി.
ഇങ്ങനെ നെഞ്ചില്‍ തീ കോരിയിട്ട് ജീവിക്കുന്ന ഒരുപാട്` അച്ഛന്മാരുണ്ട് നമുക്ക് ചുറ്റും.
ReplyDeleteകഥ നന്നായിട്ടുണ്ട്...ആശംസകള്‍
നന്നായി മുല്ലേ!!!!!
ReplyDeleteആകാംഷ നിലനിര്ത്തിക്കൊണ്ട് പറഞ്ഞു വന്നു ഒടുവിലത് വേദനയിലേക്ക് എത്തിച്ചപ്പോൾ സമ്മാനിച്ചത് നല്ല വായന. തീപാറ്റകൾ പേരും ഇഷ്ടപ്പെട്ടു..
ReplyDeleteഹൃദയത്തില്‍ കൊണ്ടു ...ആശംസകള്‍ മുല്ലാ
ReplyDeleteഇന്നത്തെ സാമൂഹിക പശ്ചാത്തലത്തില്‍ നിന്ന് കൊണ്ട് വികസിപ്പിച്ചെടുത്ത നല്ലൊരു സൃഷ്ട്ടി ഒപ്പം ആടിനെ പട്ടിയും പട്ടിയെ പേപ്പട്ടിയും ആക്കി പിന്നെ നാട്ടാരെ കൂട്ടി തല്ലി കൊല്ലുന്ന മാധ്യമ ഭീകരത എന്ന് തന്നെ വിളിക്കാവുന്ന ഒരു വൃത്തികെട്ട സംസ്കാരത്തെ ഇച്ചിരി കളിയാക്കല്‍ എല്ലാം ഉഷാറായി
ReplyDeleteആത്മഹത്യ ചെയ്യാന്‍ പോകുന്നവനെ പ്പോലും വെറുതെ വിടാത്ത മാധ്യമ ധര്‍മം
ഇന്നിന്റെ കഥ...നാളെ ഇതിലും മോശമായെക്കാം കാര്യങ്ങൾ..
ReplyDeleteമനസ്സില് ഒരു ചെറിയ വേദന ഉളവാക്കിയ രചന..
ആശംസകൾ...
Its heart touching... very creative work.
ReplyDeleteAll the best
നമ്മളൊക്കെ പലപ്പോഴും ആഘോഷമായി കൊണ്ടാടാറുള്ള വാർത്തകൾക്ക് പിന്നിൽ ഇത്തരം കണ്ണീരിന്റെ കഥകളുണ്ടെന്ന് ഒർമിപ്പിച്ചതിന്നു നന്ദി
ReplyDeleteതീ പാറ്റ നന്നായിരിക്കുന്നു, അതില്‍ കൂടുതലൊന്നും പറയാനറിയില്ല മനസ്സ്സിലെവിടെയോക്കെയോ നൊന്ത പോലെ ........
ReplyDeleteഇയ്യാംപാറ്റകള്‍.... ...!അസ്തിത്വദു:ഖത്തിന്‍റെ പ്രതിബിംബകല്പന നന്നായി...
ReplyDeleteകൊള്ളാം മുല്ലേ ..നന്നായെഴുതി
ReplyDeleteഎല്ലാ അരുതായ്മകളും പണ്ടും ഇവിടെ ഉണ്ടായിരുന്നു. എങ്കിലും അരാജകത്വം കൂടി വരുന്ന ഒരു കാലത്തിലാണ് നാം. മാധ്യമങ്ങൾ പോലും ഇതിനെതിരെ പോരാടുന്നു എന്ന് പറയുമ്പോഴും സെന്സേഷനലിസം ലാക്കാക്കി മുന്നിലെത്താൻ അവർ മത്സരിക്കുന്നു. അതിന്റെ ഇരകളും സാധാരണക്കാർ തന്നെ, ശിവന്‍ കുട്ടിയെ പോലെ. മനസ്സിനെ സ്പർശിക്കും വിധം അവതരിപ്പിച്ചു.
ReplyDeleteകഥ ഇഷ്ടമായി..
ReplyDeleteവാര്‍ത്തകള്‍ വളച്ചുകെട്ടി മനുഷ്യനെ കൊല്ലാകൊല ചെയ്യുന്ന ചില സംഘങ്ങള്‍ക്ക് നടുവിലാണ് നമ്മളിന്നു ജീവിക്കുന്നത്. അപ്പോള്‍ ഇതുപോലെ നിരവധി ശിവന്‍കുട്ടികള്‍ സൃഷ്ട്ടിക്കപെട്ടില്ലെന്കിലെ അത്ഭുതപ്പെടെണ്ടൂ.
മനസ്സില്‍ സ്പര്‍ശിക്കും വിധം തന്മയത്വത്തോടെ കഥ പറഞ്ഞു. ആശംസകള്‍
This comment has been removed by the author.
ReplyDeleteസമകാലിക വിഷയങ്ങളെ വളരെ നന്നായി അവതരിപ്പിച്ച കഥ. ആദ്യ പകുതി വളരെ നന്നായി തോന്നി. ആശംസകൾ
ReplyDeleteവളരെ ഒതുക്കത്തോടെ മനോഹരം ആയി
ReplyDeleteഅവതരിപ്പിച്ച ഒരു കഥ..കഥയുടെ പോക്ക്
എങ്ങോട്ട് എന്ന് ഒരു പിടിയും കിട്ടാത്ത
രചന ആണ് വായനയുടെ ആകാംഷ നില
നിർത്തിയത്.
രണ്ടാം പകുതി കഥയുടെ മര്മം ആണല്ലോ?
അവിടെ അല്പം പോലും വിരസത വായനയിൽ
വരുന്നില്ല. രണ്ടാം പകുതി നീണ്ടു പോയി എന്ന്
അല്പമെങ്കിലും തോന്നി എങ്കിൽ അതിനു കാരണം
ആദ്യ പകുതിയിൽ സസ്പെന്സു തീര്ന്ന വായനക്കാരന്
വായിച്ചു തീര്ക്കാൻ ഉള്ള തിടുക്കം മാത്രം ആവും. ബ്ലോഗ്
വായനിയിലെ ഒരു 'സാധാരണ അദ്ഭുതം'.
ആ ഭാഗത്ത് ഒരു ട്വിസ്റ്റ് കൊടുത്തുള്ള അദ്ഭുതം ഒന്നും
കാണിക്കണ്ട എന്ന് കഥാകാരിയും തീരുമാനിച്ചു !!.
അതൊക്കെ വിട്ടാൽ ശിവാൻ കുട്ടി എന്നാ കഥാ പാത്രം ഒരു
സത്യവും സമസ്യയും ആണ്.ഇത് പോലെ തീയില ചാടാനും
ചിറകു കരിയാനും മുഴുവൻ ആയി വെന്തു മരിക്കാനും
ഉള്ള അവസ്ഥയില എത്രയോ തീ പാറ്റകൾ നമുക്ക് ചുറ്റും.?? !!
മരിക്കുന്നതിനു മുമ്പും മരണത്തിനു ശേഷവും കൊല്ലുന്ന
മാധ്യമങ്ങളും..
അഭിനന്ദനം മുല്ലേ...
ഈയാം പാറ്റക്കു ,തീ പാറ്റ എന്നും
പേര് ഉണ്ട് അല്ലെ?
അതീവ ലളിതവും എന്നാല്‍ പല വഴികളിലൂടെ വായനക്കാരെ കൊണ്ട് പോയ കഥ അല്പമെങ്കിലും മനസ്സിനെ മഥിച്ചു.
ReplyDelete"“ താങ്കളാരാണു.... ?"
" ജയിലറാണു, വിയ്യൂർ സെന്റ്രൽ ജയിലിലെ.”" ഈ വരിയോടെ കഥ നിര്‍ത്തി വായനക്കാര്‍ക്ക് ബാക്കി വിട്ടുകൊടുതിരുന്നെകില്‍ ഈ കഥ കൂടുതല്‍ നന്നാവുമായിരുന്നു എന്ന് എനിക്ക് തോന്നുന്നു.
i LOVE THE WAY YOU PRESENTED THE THEME...HEART TOUCHING
ReplyDeleteനന്നായി എഴുതി .. ഇടക്ക് വിശദീകരണം കൂടിയോ എന്നൊരു ആശങ്ക.... ഒന്നുകൂടി എഡിറ്റ് ചെയ്യൂ നല്ല ആത്മാവുള്ള കഥ
ReplyDeleteTouching ... നന്നായിരിക്കുന്നു മുല്ല...
ReplyDeleteകാലികമായ വേദനകള്‍ ഉള്ളിലൊതുക്കിയപ്പോള്‍ പുറത്തു വന്ന ഒരു രോദനം എന്ന് കഥയെ ഞാന്‍ വിശേഷിപ്പിക്കട്ടെ. അപരാധികള്‍ ആഘോഷിക്കപ്പെടുകയും നിരപരാധികള്‍ വേട്ടയാടപ്പെടുകയും ചെയ്യുന്ന ശീര്‍ഷാസനമാണല്ലോ വാര്‍ത്താലോകം. കട്ടവനെ കിട്ടിയില്ലെങ്കില്‍ കിട്ടിയവനെ വെട്ടുന്ന അസംബന്ധമാണ് ലോകം. അന്ധേര്‍ നഗരി ഓര്‍ ചൌപട് രാജാ എന്ന ഭാരതേന്ദു ഹരിശ്ചന്ദ്രയുടെ അസംബന്ധ നാടകമാണ് ആനന്ദിന്‍റെ ഒരു നോവലിനുള്ള വിഷയം തന്നെ. ചൌപട് രാജാവ് മരിച്ചിട്ടില്ല, തന്നെയുമല്ല ഒരുപാട് ചൌപട് രാജാക്കന്മാര്‍ ജന്മമെടുക്കുകയും ചെയ്തു. കാലത്തിന്‍റെ തലതിരിഞ്ഞ നീതിക്കെതിരെ ചുരുട്ടിയ മുഷ്ടിയായി ഈ കഥ പരിണമിക്കട്ടെ. ആശംസകള്‍
ReplyDeleteരസകരം.
ReplyDeleteLiked it. Very much. Thought first the story would flatly end with the first half. Then the turn around in the second half was captivating (could it not be made a little brief?). Adoor Gopalakrishnan (on a visit to Goa for a 'chithr-mELa' of his) said about 'possibility' and 'probability'of the end of the story that makes THE difference.... Somehow I remembered his portrayal of the 'aaraachaar' immortalised by Otuvil Unnikrishnan, when I read your story. Best wishes and regards.
ReplyDeletegood narration., liked it..
ReplyDeleteഎന്താ ല്ലേ ജീവിതത്തിന്റെ ഓരോ ഭാവപ്പകർച്ചകൾ . കഥ ഇഷ്ടമായി . ആശംസകൾ ..
ReplyDeleteഈ വഴിയെത്തിയിട്ട് കുറെയായി. വായിച്ച് സങ്കടപ്പെട്ടതിനു ശേഷമാണ് കഥയാണെന്ന ലേബല്‍ കണ്ടത്. ആശംസകള്‍.
ReplyDeleteഎന്റെ കണ്ണ് നനയിച്ചതിനു നന്ദി.
ReplyDeleteതലക്കെട്ട് കണ്ടപ്പോൾ വെറുതെയൊന്ന് കണ്ണോടിക്കാമെന്നു വെച്ചു. പക്ഷെ കണ്ണിന്റെ ഓട്ടം ഫിനിഷ് പോയിന്റിലെത്തിയപ്പോഴേക്കും സീറ്റിലിരുന്ന മുല്ല കണ്ണടച്ചു കഴിഞ്ഞിരുന്നു.
ReplyDeleteഇവിടെ പുതിയ പോസ്റ്റുകള്‍ ഒന്നും ഇല്ലേ മുല്ലേ?
ReplyDelete