Monday, March 11, 2013

ഉരുകിത്തീരുന്നവർ !

മനുഷ്യന്റെ നിസ്സഹായതയിൽ നിന്നാണു മൈസൂർ കല്യാണങ്ങളെ പോലുള്ള തിന്മകൾ സമൂഹത്തിൽ ഉണ്ടായിക്കൊണ്ടെയിരിക്കുന്നത്. ഭീമമായ സ്ത്രീ ധനവും ആഭരണങ്ങളും കൊടുക്കാനില്ലാത്തെ പിതാക്കന്മാർ, തങ്ങളുടെ പെണ്മക്കൾ എങ്ങനെയെങ്കിലും രക്ഷപ്പെടട്ടെ എന്ന ചിന്താഗതിയിലാണു ഈ ചതിയിൽ വീണു പോകുന്നത്. നാട്ടുനടപ്പനുസരിച്ച് ഒരു പെണ്ണിനെ ഇറക്കി വിടണമെങ്കിൽ ചുരുങിയത് ഇരുപത് പവന്റെ ആഭരണമെങ്കിലും വേണം. കൂടാതെ ഒന്നര , രണ്ട് ലക്ഷം വേറേയും കൈയിൽ കൊടുക്കണം. അഷ്ടിക്ക് വകയില്ലാത്ത പട്ടിണി പ്പാവങ്ങൾ എവിടുന്നുണ്ടാക്കാണാണു ഇത്രയും തുക? അപ്പോൾ പിന്നെ വഴി ഒന്നേയുള്ളു. ഒരു ഭാഗ്യ പരീക്ഷണം. ഒത്താൽ ഒത്തു, ഇല്ലേൽ അത് പടച്ചോന്റെ വിധി. മൂത്തവൾ ഇങ്ങനെ നിന്നാൽ ഇളയതുങ്ങൾക്കും ഒരാലോചന വരില്ല എന്നു കുത്തു വാക്കുകൾ കേൾക്കുമ്പോൾ പെണ്ണും കരുതും ഇതെന്റെ വിധി എന്നു. അല്ലെങ്കിലും അന്നേരത്ത് അവളുടെ അഭിപ്രായം ആരു ചോദിക്കുന്നു.


                                                
പുറം നാടുകളിലേക്ക് കല്യാണം ചെയ്തയക്കുന്ന തങ്ങളുടെ പെണ്മക്കൾ എങ്ങനെ ജീവിക്കുന്നു എന്ന് പോയി നോക്കാനൊ അന്വെഷിക്കാനൊ പോലും അവർക്ക് കഴിയാറില്ല പലപ്പൊഴും. അന്യ നാട്, അറിയാത്ത ഭാഷ, ഭക്ഷണം. , ആചാരങ്ങൾ . പൊടുന്നനെ മാറ്റിപ്രതിഷ്ഠിക്കപ്പെടുന്ന പെൺകുട്ടികൾ അനുഭവിക്കുന്ന ദുരിതം വിവരണാതീതമാണു. മൈസൂരിലെക്ക് മാത്രമല്ല, തമിഴ്നാട്ടിന്റെ വിവിധ ഭാഗങ്ങളിലേക്കും കേരളത്തിൽ നിന്നും ഒരുപാട് പെൺകുട്ടികളെ കല്യാണം കഴിപ്പിച്ച് വിട്ടിട്ടുണ്ട്. അതിൽ ജാതി മതം ഒന്നും ഇല്ല, കാശാണു മുഖ്യം. കാശില്ലാത്തവൻ പിണം എന്ന പ്രമാണം. താമസിയാതെ മലയാളി പെൺകുട്ടികൾ ബംഗാളിലും ബീഹാറിലും എത്തും. 

ഈയവസ്ഥ മാറണമെങ്കിൽ സമൂഹം മാറേണ്ടിയിരിക്കുന്നു. പെണ്ണ് വെറും ചരക്കാണെന്ന ധാരണ മാറണം. ചന്തയിൽ പോത്തിനേയും മൂരിക്കും മറ്റും വിലയിടുന്ന ലാഘവത്തോടെ പെണ്ണിനു വിലയിട്ടുറപ്പിക്കുന്ന രീതി മാറിയേ തീരു, സ്ത്രീധനത്തെ ഏറ്റവും കൂടുതൽ എതിർത്ത മുസ്ലിം സമുദായത്തിനകത്ത് തന്നെയാണു ഈ ദുഷ്പ്രവണത ഏറ്റം കൂടുതൽ നടമാടുന്നത് എന്നതാണു വിരോധാഭാസം. മുസ്ലിം സ്ത്രീക്കാണു വിവാഹ സമയത്ത് മഹർ അഥവാ വിവാഹമൂല്യത്തിനു അവകാശം. അത് ചെറുക്കൻ പെണ്ണിനു കൊടുക്കുന്ന ദാനമല്ല; മറിച്ച് പെണ്ണിന്റെ അവകാശമാണു. എന്നിട്ട് നടക്കുന്നതോ? വിവാഹം നടക്കുമ്പോൾ നിക്കാഹ് നടത്തിയതിന്റെ കാശ് വാങ്ങി പോക്കറ്റിലിടാനാണു മഹല്ല് കമ്മറ്റികൾ ക്ക് ധൃതി. എന്നിട്ട് മൂക്കറ്റം തിന്ന് ഏമ്പക്കവും വിട്ട് എണീറ്റ് പോകുക. അതല്ലാതെ ഈയൊരു ദുരവസ്ഥക്ക് പരിഹാരം കാണാൻ ഇവെരെന്നാണു തയ്യാറാകുക? 


മാറേണ്ട ഒന്നു കൂടിയുണ്ട്. അതല്ലാതെ ഇതിനൊരു പോംവഴി ഇല്ല. തങ്ങളുടെ പെണ്മക്കളെ സ്വന്തം കാലിൽ നിൽക്കാനും തീരുമാനങ്ങളേടുക്കാനും പ്രാപ്തരാക്കി വളർത്തുക. കല്യാണം ഒന്നിന്റേയും അവസാന വാക്കല്ല. നാട്ടുകാരുടെ അടീം കാലും പിടിച്ച് കാശ് പിരിച്ച് സ്ത്രീധനം കൊടുത്ത് മക്കളെ പെരു വഴിലാക്കുന്നതിനു പകരം അവർ സ്വന്തം വീട്ടിലെ കഞ്ഞി കുടിച്ച് കഴിയട്ടെ എന്നങ്ങ് തീരുമാനിക്കുക. അതോടൊപ്പം തന്നെ പെൺകുട്ടികളും അല്പം തന്റേടവും പക്വതയും ചെറുപ്പത്തിലേ ആർജ്ജിക്കേണ്ടിയിരിക്കുന്നു. വൈകുന്നേരങ്ങളിൽ തങ്ങളുടെ വീടിന്റെ ഇട്ടാവട്ടത്തിലേക്ക് ഒഴുകിയെത്തുന്ന സീരിയലുകളിലേയും സിനിമകളിലേയും ദൃശ്യങ്ങൾ വെറും കല്പിത കഥകളാണെന്ന തിരിച്ചറിവ് അതിൽ പ്രധാനമാണു. അവയൊക്കെയും സംവിധായകന്റെ ഭാവനാ വിലാസങ്ങളാണെന്ന് നമ്മുടെ കുട്ടികൾ എന്നാണു മനസ്സിലാക്കുക.? അവർ പഠിക്കട്ടെ. പത്താം ക്ലാസ്സും പ്ലസ്റ്റും കഴിഞ്ഞാൽ എളുപ്പം എന്തേലും ജോലി കിട്ടാനുള്ള കോഴ്സുകളിൽ ചേരട്ടെ. പണ്ടവും പണവും ആവശ്യപ്പെട്ട് വരുന്ന വിവാഹാലോചനകൾ തനിക്ക് വേണ്ടാന്നു പറയാനുള്ള
തന്റേടം അവൾക്കുണ്ടാവണം

                                  .

യാതൊരു വേലയും കൂലിയുമില്ലാതെ തേരാ പാര നടക്കുന്നവനും സ്ത്രീധനമെന്ന പേരിൽ വാങ്ങുന്നത് ഒന്ന് ഒന്നര ലക്ഷം ആണു, മിനിമം ആണത്. സ്വർണ്ണം കുറഞ്ഞാൽ അതനുസരിച്ച് കാശ് കൂടും. കല്യാണം കഴിഞ്ഞ് ആദ്യ മാസത്തിൽ തന്നെ അവനത് പണയം വെക്കുകയോ വിറ്റ് ദീവാളി കുളിക്കുകയോ ചെയ്യും. ഇതിനു വേണ്ടിയാണു പെണ്ണിന്റെ തന്തയും തള്ളയും തീ തിന്നിരുന്നത്. നാട്ടുകാർ പിരിവെടുത്ത് കല്യാണം നടത്തിയത്. ഈ ദു:സ്ഥിതി മാറണമെങ്കിൽ; മൈസൂർ കല്യാണങ്ങൾ ഇനിയും ഉണ്ടാവാതിരിക്കണമെങ്കിൽ സ്ത്രീധനമെന്ന അനാചാരം ഇല്ലായ്മ ചെയ്താലെ പറ്റുകയുള്ളു. അല്ലെങ്കിൽ നമ്മുടെ പെണ്മക്കൾ മൈസൂറിൽ മാത്രമല്ല, ബംഗാളിലേയും ബീഹാറിലേയും അടച്ചിട്ട കുടുസ്സു മുറികളിൽ ഇനിയും വെന്തുരുകും.

29 comments:

  1. അതെ,നിസ്സഹായാവസ്ഥയും,നമ്മുടെ സമൂഹം പെണ്ണിന്റെ മേല്‍ അടിച്ചേല്‍പ്പിക്കുന്ന ദുരഭിമാനവുമാണ് ഇത്തരം ദുരിതങ്ങള്‍ പെയ്തിറങ്ങാന്‍ കാരണം.പത്താം ക്ലാസ് കഴിയുമ്പോഴേക്കും ചെറുക്കനെ നോക്കുന്നില്ലേ എന്ന വേണ്ടാത്ത ചോദ്യത്തില്‍ തുടങ്ങുന്നു മാതാപിതാക്കളുടെ വേവലാതി.ഉള്ളവനും ഇല്ലാത്തവനും ഈ ചോദ്യത്തിന് മുമ്പില്‍ പരുങ്ങിപ്പോകുന്നു എന്നതാണ് സത്യം.

    ReplyDelete
  2. പ്രസക്തമായ നിരീക്ഷണം
    നമ്മുടെ സമൂഹത്തില്‍ സ്ത്രീകള്‍ അര്‍ഹിക്കുന്ന പരിഗണന കിട്ടാന്‍ ഇനിയും കാത്തിരിക്കേണ്ടി വരും ...
    പെണ്‍കുട്ടികളെ എങ്ങനെയും കെട്ടിച്ചയക്കണമെന്ന ചിന്ത ചുറ്റുപാടുകള്‍ കല്‍പിക്കുകയാണ്..

    ReplyDelete
  3. ആശംസകള്‍ മുല്ലാ
    ഒരായിരം ആശംസകള്‍

    സ്ത്രീധനമാണ് ഇന്ന് സമുദായത്തിലെ സ്ത്രീകള്‍ നേരിട്ട് കൊണ്ടിരിക്കുന്ന ഏറ്റവും വലിയ പ്രശ്നം എന്നാണു എനിക്ക് തോന്നിയിട്ടുള്ളത്

    മൈസൂര്‍ കല്യാണങ്ങള്‍ എന്നല്ല പറയേണ്ടത്
    നരകത്തിലേക്ക് ഉള്ള യാത്രയാന്ന്

    ReplyDelete
  4. ശക്തമായ വാക്കുകള്‍ മുല്ലേ .......
    വായിക്കുമ്പൊള്‍ മുല്ല , വലിയ ആള്‍ക്കൂട്ടത്തിനോട്
    പ്രസംഗിക്കുന്ന പോലൊരു ഫീല്‍ ...
    കഴിഞ്ഞ വെള്ളിയാഴ്ച ഇന്ത്യാ വിഷനില്‍ കണ്ടു
    മൈസൂരിന്റെ കണ്ണീര്‍കുടങ്ങളേ ...
    ഒരു വാക്ക് പറയുവാന്‍ പൊലും പേടിക്കുന്ന
    നമ്മുടെ മലയാളി പെണ്മക്കളേ , എന്റെ നാട്ടിലേ
    മിക്കവരുമാണ് അതില്‍ പെട്ടു പൊകുന്നത് എന്നറിയുമ്പൊള്‍
    വിഷമം ഉണ്ട് .. ഭാഷ പൊലും നേരെ അറിയാതേ
    ഉപയോഗപെടുത്തുന്ന പാവം മനസ്സുകള്‍ ..
    അതിന്റെ ബാക്കിയാകുന്ന ഇര പൊലെ നിലമ്പൂരിലേ
    പെണ്‍കുട്ടി , എങ്ങനെയൊ രക്ഷപെട്ടു വന്നവള്‍ ..
    നാട്ടാരുടെ കാല് പിടിച്ച് , നടത്തി കൊടുക്കുന്ന കല്യാണങ്ങള്‍
    വെറും ഒഴിവാക്കല്‍ മാത്രമാകുന്നത് ......
    മൈസൂരിലേ മഹല്ല് കമറ്റി വളരേ പ്രസക്തമായി അന്ന്
    സംസാരിച്ചിരുന്നു , അവര്‍ ഒന്നുമറിയുന്നില്ല എന്ന സത്യം ..
    എന്നിരുന്നാലും , ആണ്‍കുട്ടികളേ എന്തിനാണ് ഈ ലക്ഷങ്ങള്‍
    വാങ്ങി കെട്ടി കൊണ്ടു വരുന്നത് , രഹസ്യമായും , പരസ്യമായും
    നില നില്‍ക്കുന്ന ഇതൊക്കെ ഒന്നു നിര്‍ത്തുവാന്‍ പുതിയ തലമുറയെങ്കിലും
    തയ്യാറായെങ്കില്‍ .. പെണ്ണ് വീട്ടിലിരിക്കുമെങ്കില്‍ ഇരിക്കട്ടെ എന്നു തന്നെ ...
    എന്റെ ഒരു ബന്ധു പറയുന്ന കേട്ടിരുന്നു , അല്ല പെണ്‍കുട്ടികളേ
    പഠിപ്പിച്ചിട്ട് എന്തിനാ ? വേറെ വീടുകളില്‍ കൊണ്ടു കൊടുക്കനോ ..
    പ്രായമായല്‍ പേരു ദോഷം വരുത്തും മുന്നേ വല്ലവന്റെയും തലയില്‍
    കെട്ടി വയ്ക്കാമെന്ന് , ഇതൊക്കെ തന്നെ കാരണം ........
    ( ഞാന്‍ ഒരു പൈസ സ്ത്രീധനം വാങ്ങിയിട്ടില്ല : പെണ്ണിറങ്ങുമ്പൊള്‍
    എന്തേലും കഴുത്തില്‍ വേണമെന്ന് പറഞ്ഞ എന്റെ ഭാര്യയുറ്റെ അച്ഛന്റെ
    വാക്കില്‍ തലേന്ന് ഞാന്‍ കൊണ്ടു പൊയി കൊടുത്ത സ്വര്‍ണ്ണം ധരിച്ചാണ്
    അവള്‍ കല്യാണ പന്തലില്‍ വന്നത് ) ഇതിവിടെ പറഞ്ഞത് ഞാന്‍ വാങ്ങി വച്ചിട്ടല്ല
    ഈ പറയുന്നതെന്ന് മനസ്സിലാക്കാന്‍ വേണ്ടി മാത്രം .. എന്റെ പെണ്‍കുട്ടികള്‍ക്ക്
    ആ രീതി ഉണ്ടാകുമോ എന്നൊന്നുമറിയില്ല എനിക്ക് , ഞാന്‍ ഇങ്ങനെയായിരുന്നു എന്നറിയാം ..
    മാറ്റം വരേണ്ടത് മുല്ല പറഞ്ഞ പൊലെ , മാതപിതാക്കളില്‍ നിന്നും ,
    പുതിയ ആണ്‍കുട്ടികളില്‍ നിന്നും ഇനിയെങ്കിലും തുടങ്ങണം , ഇതുപൊലത്തേ
    തീര ദുഖത്തില്‍ ചെന്നു നമ്മുടെ സോദരിമാര്‍ വീഴാതിരിക്കാന്‍ ...!

    ReplyDelete
    Replies
    1. congrats Reeni.അധികമാരും ചെയ്യാത്ത കാര്യമാണു ഇയാൾ ചെയ്തത്. എല്ലാവരും ഇങ്ങനെ ചിന്തിച്ചിരുന്നെങ്കിൽ എത്ര നന്നായെനെ. സമ്പത്തും പണവും ഉള്ളവർ വാരിക്കോരി ചിലവാക്കുന്നത് നിർത്തിയാലെ ഇല്ലാത്തവർക്ക് നിൽക്കക്കള്ളിയുണ്ടാകു. അല്ലെങ്കിൽ ആചാരങ്ങൾ കൊണ്ടാടാൻ അവരാണു ഞെരുങ്ങുക.അതു പോലെ തന്നെ പെൺകുട്ടികളിലെ ആഭരണ ഭ്രമം. അതും ഒഴിവാക്കപ്പെടേണ്ട ദു: ശ്ശീലം തന്നെ.

      Delete
  5. "ഈയവസ്ഥ മാറണമെങ്കിൽ സമൂഹം മാറേണ്ടിയിരിക്കുന്നു. പെണ്ണ് വെറും ചരക്കാണെന്ന ധാരണ മാറണം. ചന്തയിൽ പോത്തിനേയും മൂരിക്കും മറ്റും വിലയിടുന്ന ലാഘവത്തോടെ പെണ്ണിനു വിലയിട്ടുറപ്പിക്കുന്ന രീതി മാറിയേ തീരു."
    ടി വി ചാനലിലെല്ലാം ഈ വിഷയം ചര്‍ച്ച ചെയ്തുകൊണ്ടിരിക്കുന്നുണ്ട്.
    ബോധവല്‍ക്കരണമാണ്‌ ആവശ്യം.എല്ലാവരും ഉണരേണ്ടിയിരിക്കുന്നു!
    നല്ല ലേഖനം
    ആശംസകള്‍

    ReplyDelete
  6. ശക്തമായ വരികള്‍ ..സമൂഹം എങ്ങിനെയാണ് ഇതിനെതിരെ മാറേണ്ടതെന്നും ചില ഉദാഹരങ്ങളോടെ ചൂണിക്കാണിച്ചു.നന്നായി.പതിനാറും പതിനേഴും വയസ്സുള്ള പെണ്‍കുട്ടികള്‍ക്ക് വേണ്ടി ഓടിനടക്കുന്നവരെയാണ് ഇപ്പോഴും മിക്കയിടങ്ങളിലും കാണാന്‍ കഴിയുന്നത്. വിദ്യാഭ്യാസത്തിനല്ല വീടും ചുറ്റുപാടുകള്‍ക്കുമാണ് പ്രാധാന്യം കൊടുക്കുന്നത്.നിര്‍ഭാഗ്യവശാല്‍ മുസ്ലിം സമൂഹത്തില്‍ത്തന്നെയാണ് ഇതൊക്കെ കൂടുതലും നടക്കുന്നതും.മാറ്റങ്ങള്‍ വരണം.

    ReplyDelete
  7. പെണ്‍കുട്ടികള്‍ മാതാപിതാക്കള്‍ക്ക് മനസ്സില്‍ ഇപ്പോഴും തീയാണ്.കല്യാണ പ്രായം കഴിഞ്ഞവര ആണെങ്കില്‍ പ്രത്യേകിച്ചും ...അവര്‍ അധികം പണം ഇല്ലാത്തവര്‍ ആണെങ്കിലോ ?അത്തരം നിസ്സഹായാവസ്ഥ മുതലെടുക്കുന്നവര്‍ ഇന്ന് ധാരാളം

    ReplyDelete
  8. ചൂടിലാണല്ലോ എഴുതി തീര്‍ത്തത്!
    ഉള്ളകാര്യം പറഞ്ഞതിന് ഇതാ അല്പം തണുത്തവെള്ളം.

    ReplyDelete
  9. നിലമ്പുരിലേക്കുള്ള ബസ്സ്‌ കയറിയതായിരുന്നു അന്ന് ഞാന്‍,. മുന്‍ഭാഗത്തായി സീറ്റ് ലഭിച്ചു. ഒരു മക്കനക്കാരി എന്നെ ഇടക്കിടെ തിരിഞ്ഞു നോക്കിക്കൊണ്ടിരിക്കുന്നു. അടുത്ത നോട്ടത്തില്‍ ഞാന്‍ ചിരിച്ചു, അവളും.
    'ഞാന്‍ പഠിപ്പിച്ചിട്ടുണ്ടോ?'
    'അതേ സര്‍, ഒരു വര്‍ഷം.'
    'മുഖം ഓര്‍ക്കുന്നു'
    ബസ്‌ നിലമ്പൂരെത്തി ഞാന്‍ ഇറങ്ങി തിരിഞ്ഞു നോക്കുമ്പോഴുണ്ട് അവള്‍ ഒരു ബാഗും താങ്ങിപ്പിടിച്ച് എന്‍റെ അടുത്തേക്ക്‌ നടന്നുവരുന്നു.
    'സുഖമല്ലേ സര്‍?'
    'അതെ. വളരെ സുഖം'
    'നീ എങ്ങോട്ട് പോകുന്നു?'
    'മൈസൂരിലേക്ക് കുറച്ച് കഴിഞ്ഞ് ഊട്ടി ബസ്‌ വരും. ഗൂഡലൂര്‍ വരെ അതില്‍ പോകും.'
    'ടൂര്‍ പോവുകയാണല്ലേ?, ഒറ്റക്കാണോ?'
    'അല്ല സര്‍, അങ്ങോട്ടാണ് കല്യാണം കഴിച്ചിരിക്കുന്നത്.'
    എനിക്ക് സന്തോഷം മറച്ചു വക്കാനായില്ല. 'ഓ, ഭാഗ്യവതി. എല്ലാവരും ടൂര്‍ ആയിട്ടാണ് മൈസൂരിലേക്ക് പോകാറുള്ളത്‌., നിനക്ക് അവിടെ തന്നെ ജീവിക്കാന്‍ ഭാഗ്യം ലഭിച്ചല്ലോ.'
    'വിധിയാണ് സര്‍'
    അല്‍പ നേരം അകലേക്ക്‌ നോക്കി നിന്ന കണ്ണുകള്‍ നനഞ്ഞിരുന്നു. കടിച്ചുപിടിച്ച കീഴ്ച്ചുണ്ടുകള്‍ മുറിഞ്ഞ് രക്തം പൊടിയുമോ എന്ന് തോന്നി. ഞാന്‍ ആകെ വല്ലാതായി. പോസ്റ്റില്‍ പറഞ്ഞത് പോലെ, അനുജത്തിമാര്‍, ഉമ്മബാപ്പമാര്‍ക്ക്‌ ഭാരം എന്നെല്ലാമായിരിക്കും അവള്‍ തുടര്‍ന്ന് സംസാരിച്ചിരിന്നുവെങ്കില്‍ പറഞ്ഞിട്ടുണ്ടായിരിക്കുക. എന്ത് പറയണം എന്നറിയാതെ നാവ് മരച്ചീള്‍ പോലെ വായില്‍ വിലങ്ങടിച്ചു കിടന്നു.
    'എന്നാപ്പിന്നെ പോകട്ടെ കുട്ടീ, തപ്പിപ്പിടിച്ച് ഞാന്‍ പറഞ്ഞൊപ്പിച്ചു.'
    പറഞ്ഞത് പോലെ പെണ്‍കുട്ടികള്‍ സ്വന്തം കാലില്‍ നില്‍ക്കാന്‍ ത്രാണിയുള്ളവരാവുകയല്ലാതെ മാര്‍ഗ്ഗമൊന്നുമില്ല.

    ReplyDelete
    Replies
    1. നിസ്സഹായരായ് പോകും നമ്മള് പലപ്പോഴും ഇങ്ങനത്തെ സന്ദർഭങ്ങളിൽ.

      Delete
  10. പണ്ടവും പണവും ആവശ്യപ്പെട്ട് വരുന്ന വിവാഹാലോചനകൾ തനിക്ക് വേണ്ടാന്നു പറയാനുള്ള
    തന്റേടം അവൾക്കുണ്ടാവണം

    ഇതൊന്നും ചോദിക്കാതെയും വാങ്ങാതെയും കെട്ടാൻ ആണുങ്ങൾ ആരുമില്ലെന്ന ധാരണയും തെറ്റാണ്. അദർശധീരരായ എത്രയോ ചെറുപ്പക്കാരുണ്ട്.

    ReplyDelete
    Replies
    1. അതുണ്ട് സജീം ഭായ്. അതു കൊണ്ടല്ലെ ഈ ലോകം ഇന്നും ഇങ്ങനെ നില നിൽക്കുന്നത്. കുറച്ച് പേരുടെയെങ്കിലും മനസ്സിലെ നന്മ കാരണമാണു കടലെടുക്കാതെ ഈ ഭൂമി ഇപ്പോഴും ഉരുണ്ടിരിക്കുന്നത്.

      Delete
  11. സമൂഹത്തിന്റെ നേര്‍പകുതി അനുഭവിച്ചുകൊണ്ടിരിക്കുകയും അഭിമുഖീകരിച്ചുകൊണ്ടിരിക്കുകയും ചെയ്യുന്ന വലിയ ജീവിത പ്രതിസന്ധിയെക്കുറിച്ചുള്ള പൊള്ളുന്ന വാക്കുകള്‍. എല്ലാവരേയും ഇരുത്തി ചിന്തിപ്പിക്കേണ്ട വിഷയമാണിത്. ഇതിനെക്കള്‍ ജീവല്‍പ്രധാനമായ ഒരു സാമൂഹ്യപ്രശ്നവും പ്രതിസന്ധിയും ഉണ്ടാവാനില്ല എന്നിടത്തോളം ഭീഷണമാണ്‌ അവസ്ഥ.

    അകലെയുള്ള ഒരു ബന്ധുവീട്ടിലേക്ക് വിവാഹക്ഷണം സ്വീകരിച്ച് എത്തിയപ്പോല്‍ ജമന്തിമാല മുടിയില്‍ ചൂടി ചേല ചുറ്റിയ സ്ത്രീകളടക്കമുള്ള വരന്റെ വിവാഹ പാര്‍ട്ടി വന്നിറങ്ങുകയും അമ്പരപ്പും നിസ്സഹായതയും കൊണ്ട്‌ ചൂളിപ്പോയ കിളിപോലുള്ള പെണ്‌കുട്ടിക്കരികില്‍ വെറ്റില മുറുക്കി കറപിടിച്ച പല്ലുകളും ശുഷ്കിച്ച മുഖവും രൂപവുമുള്ള പരമവിരൂപനായ മദ്രാസുകാരന്‍ വരന്‍ പന്തലില്‍ ചേര്‍ന്നിരിക്കുകയും ചെയ്തതിന്‌ സാക്ഷിയായതിന്റെ ഞെട്ടല്‍ എനിക്ക് ഇനിയും മാറിയിട്ടില്ല.

    പെണ്‌കുട്ടിയുടെ വീട്ടുകാരുടെ സാമ്പത്തിക ഞെരുക്കവും പ്രായമായി വരുന്ന ഇളയതുങ്ങള്‍ ഒരു ഭീഷണിയെന്നോണം പേണ്കുട്ടിയുടെ മുന്നില്‍ വിലങ്ങടിച്ചു നിന്നതും തന്നെയാണ്‌ സ്വയം "കഴുമരം" കയറാനുള്ള തീരുമാനമെടുക്കാന്‍ അവളെയും പ്രേരിപ്പിച്ചതെന്ന്‌ പിന്നീടുള്ള അന്യേഷണത്തില്‍ അറിവായി.

    തമിഴ് നാട്ടില്‍ നിന്ന് ലോറിയില്‍ കുത്തി നിറച്ച് കൊണ്ടുവരുന്ന അറവുമാടുകള്‍ക്ക്‌ പകരം ഇവിടെ നിന്ന് "വില കുറഞ്ഞ" പെണ്കുട്ടികള്‍ അങ്ങോട്ട് എന്ന സ്തിതി ഹ്രദയഭേദകമായ ഒരു യാഥാര്‍ത്ഥ്യമായിരിക്കുന്നു.

    സ്വന്തം കാലില്‍ നില്‍ക്കാനുള്ള ത്രാണി പെണ്മക്കള്ക്ക്‌ ഉണ്ടാക്കിക്കൊടുക്കലാണ്‌ അവര്‍ക്ക് ജന്മം നല്‍കിയവരുടെ പ്രാത്ഥമിക ചുമതല എന്ന ബോധം സമൂഹത്തില്‍ സാര്വ്വത്രികമായി വളര്‍ത്തിയേടുക്കേണ്ടിയിരിക്കുന്നു. വെറുതെ കിട്ടുന്ന പൊന്നും പണവും സ്വമേധയാ ഉപേക്ഷിക്കാനുള്ള സന്മനസ്സ് ആക്രാന്തം മൂത്ത ഇന്നത്തെ സമൂഹത്തില്‍ ഉണ്ടായിത്തീരലും ഉണ്ടാക്കിയെടുക്കലും എളുപ്പമല്ല. മുല്ല എഴുതിയപോലെ, വിവാഹം ഒരേയൊരു ജീവിത ലക്ഷ്യമല്ല എന്ന് പെണ്‌കുട്ടികള്‍ തിരിച്ചറിയുകയും പുരുഷന്റെ സൌജന്യത്തില്‍ മാത്രം ജീവിതം തള്ളിനീക്കേണ്ടവരാണ്‌ തങ്ങളെന്നുമുള്ള മാസസികാടിമത്തത്തില്‍ നിന്ന് സ്വയം മോചിതരാകുകയുമാണ്‌ വേണ്ടത്. ആഭരണങ്ങളോട്‌ അടങ്ങാത്ത ആര്‍ത്തി എന്ന ബലഹീനത പെണ്ണിനു സ്വയം അനര്‍ത്ഥമാകുന്നുണ്ട് എന്ന തിരിച്ചറിവ് സ്ത്രീകള്‍ക്ക് പൊതുവില്‍ ഉണ്ടാവേണ്ടതും ഒപ്പം പ്രാധാന്യമര്‍ഹിക്കുന്ന കാര്യമാണ്‌.

    ReplyDelete
    Replies
    1. വിശദമായ ഈ കുറിപ്പിനു വളരെ നന്ദി. സ്ത്രീകളിലെ ആഭരണ ഭ്രമം ഒഴിവാക്കേണ്ട ദുശ്ശീലം തന്നെയാണു.

      Delete
  12. “മാറേണ്ട ഒന്നു കൂടിയുണ്ട്...
    തങ്ങളുടെ പെണ്മക്കളെ സ്വന്തം കാലിൽ നിൽക്കാനും
    തീരുമാനങ്ങളേടുക്കാനും പ്രാപ്തരാക്കി വളർത്തുക. കല്യാണം
    ഒന്നിന്റേയും അവസാന വാക്കല്ല. നാട്ടുകാരുടെ അടീം കാലും
    പിടിച്ച് കാശ് പിരിച്ച് സ്ത്രീധനം കൊടുത്ത് മക്കളെ പെരു വഴിലാക്കുന്നതിനു
    പകരം അവർ സ്വന്തം വീട്ടിലെ കഞ്ഞി കുടിച്ച് കഴിയട്ടെ എന്നങ്ങ് തീരുമാനിക്കുക.
    അതോടൊപ്പം തന്നെ പെൺകുട്ടികളും
    അല്പം തന്റേടവും പക്വതയും ചെറുപ്പത്തിലേ
    ആർജ്ജിക്കേണ്ടിയിരിക്കുന്നു. പത്താം ക്ലാസ്സും പ്ലസ്റ്റും
    കഴിഞ്ഞാൽ എളുപ്പം എന്തേലും ജോലി കിട്ടാനുള്ള കോഴ്സുകളിൽ
    ചേരട്ടെ. പണ്ടവും പണവും ആവശ്യപ്പെട്ട് വരുന്ന വിവാഹാലോചനകൾ തനിക്ക് വേണ്ടാന്നു പറയാനുള്ള തന്റേടം അവൾക്കുണ്ടാവണം“

    ഈ അടുത്തകാലത്ത് ചാനലിൽ കൂടി ഈ നാടുകടത്തുന്ന നരക കല്ല്യണങ്ങളുടെ സത്യാവസ്ഥകൾ മനസ്സിലാക്കിയിരുന്നു...
    നല്ല ബോധവൽക്കരണത്തിലൂടെ ഇതൊക്കെ മറ്റേണ്ട കാലം അതിക്രമിച്ചിരിക്കുന്നൂ..!

    ReplyDelete
  13. വായിക്കുകയും വിശദമായി അഭിപ്രായം പറയുകയും ചെയ്ത് എല്ലാ കൂട്ടുകാർക്കും നന്ദി.

    പുഷ്പ എന്റെ അയൽ വാസിയായിരുന്നു. രാവ് വെളുക്കുവോളം ഉറക്കൊഴിഞ്ഞ് അടുത്ത വീട്ടുകാർ പൈപ്പിൽ നിന്നും കൊണ്ട് വന്ന് ടാങ്കിൽ നിറച്ച് വെച്ച വെള്ളത്തിൽ തരം കിട്ടിയാൽ ചാടിക്കുളിക്കുന്ന പ്രകൃതം. വെള്ളം കണ്ടാൽ ആർത്തിയായിരുന്നു പെണ്ണിനു. അവളെ കെട്ടിച്ച് കൊണ്ട് പോയത് തമിഴ്നാട്ടിലെ വെള്ളമില്ലാത്ത ഏതോ ഉൾനാട്ടിലേക്ക്. അവളെങ്ങനെ അവിടെ വെള്ളം നനയാതെ ജീവിക്കുന്നുവെന്ന് അതിശയമായിരുന്നു എനിക്ക്. രണ്ട് വർഷത്തിനു ശെഷം കെട്ടിയവൻ മരിച്ച് രന്റ് കുട്ടികളുമായ് പട്ടിണിയും ദുരിതവുമായ് കഴിഞ്ഞ പുഷ്പയെ ഈയടുത്താണു ആങ്ങളയും നാട്ടുകാരും ചേർന്ന് തമിഴ്നാട്ടീന്ന് കൊണ്ട് വന്നത്. വെള്ളം വറ്റിയ പുഴ പോലെ വരണ്ട് പോയിരുന്നു അവൾ.

    ReplyDelete
  14. കാര്യപ്രസക്തമായ ലേഖനം തന്നെ. എനിക്കടുത്തറിയാവുന്ന രണ്ടു പേര്‍ ഒരിക്കല്‍ ഇതിനെ കുറിച്ചൊരു ഫീച്ചര്‍ തയാരാക്കനിറങ്ങി. ഈ വിഷയങ്ങള്‍ ചൂട് പിടിക്കുന്നതിനു കാലത്തിനു മുന്‍പേ.. അവര്‍ അത് പകുതി വെച്ചു നിറുത്തി. നേരിട്ടറിഞ്ഞ വിവരണങ്ങള്‍ അവരില്‍ നിന്നും കേട്ടപ്പോള്‍ അതിന്റെ ദുരിതം വായിച്ചറിയുന്നതിനെക്കാള്‍ എത്രയോ വലുതാണെന്ന് ഇന്നാണ് ശരിക്കും മനസ്സിലായത്‌. ഈ ലേഖനത്തിന് അഭിനന്ദനങ്ങള്‍..

    //വിവാഹം നടക്കുമ്പോൾ നിക്കാഹ് നടത്തിയതിന്റെ കാശ് വാങ്ങി പോക്കറ്റിലിടാനാണു മഹല്ല് കമ്മറ്റികൾ ക്ക് ധൃതി. എന്നിട്ട് മൂക്കറ്റം തിന്ന് ഏമ്പക്കവും വിട്ട് എണീറ്റ് പോകുക. അതല്ലാതെ ഈയൊരു ദുരവസ്ഥക്ക് പരിഹാരം കാണാൻ ഇവെരെന്നാണു തയ്യാറാകുക? // ഇത് കാടടച്ച്ചു വെടി വെച്ചതാ.. 10 പവനെക്കാള്‍ കൂടുതല്‍ സ്വര്‍ണ്ണമുള്ള എത്ര പെണ്ണുങ്ങള്‍ പാവപ്പെട്ടവന്റെ അവകാശമായ സകാത്ത് കൊടുക്കാന്‍ തയാറാകുന്നു എന്ന് ഒരു ആത്മ പരിശോധന നടത്തിയിട്ടുണ്ടോ. അങ്ങിനെ ചിന്തിച്ചാല്‍ ഈ പെണ്‍കുട്ടികള്‍ക്കുള്ള സമ്മാനം ആയിട്ടെങ്കിലും എന്തെങ്കിലും കിട്ടിയേനെ. അവകാശം, അത് പിന്നെ നോക്കാം..

    ReplyDelete
    Replies
    1. കാടടച്ച വെടിയല്ല അത് ജെഫൂ.. നമ്മുടെ മഹല്ല് കമ്മറ്റിക്കാർ ഇക്കാര്യത്തിൽ ഒന്നും ചെയ്യുന്നില്ല. സ്ത്രീധനം പറഞ്ഞുള്ള നിക്കാഹ് ഈ മഹല്ലിൽ നിന്നും നടത്തി തരാൻ പറ്റില്ലാന്നു അവർ ഉറപ്പിച്ച് പറഞ്ഞിരുന്നെൽ സ്ഥിതി മാറില്ലെ. പള്ളിയിൽ രജിസ്റ്റർ ചെയ്യാൻ ആവില്ലാന്നു പറഞ്ഞാൽ കുറെ പേരെങ്കിലും മാറാൻ തയ്യാറാകില്ലെ. അതിനു അവർ തയ്യാറാകണ്ടെ. ഇത്ര പവൻ മഹറിനു പകരം എന്നതിനു ഒരു മോതിരത്തിനു അല്ലെങ്കിൽ ഒരു വളക്ക് ഭാര്യായായി സ്വീകരിക്കുന്നു എന്ന് ചിലരെങ്കിലും പറയാൻ തുടങ്ങീട്ടുണ്ട്. ഇത്ര പവൻ മഹർ എന്നു കണക്കാക്കിയാൽ അതിനു അനുപാതമായി പെണ്ണിനു സ്വർണ്ണം കൊടുക്കുക എന്നൊരു കീഴ്വഴക്കം നമ്മുടെ കൌമിന്റെ ഇടയിൽ ഉണ്ടല്ലൊ. പിന്നെ സക്കാത്ത്. അത് സക്കാത്തിന്റെ പ്രാധാന്യവും ബാധ്യതയും നല്ല പോലെ അറിയാവുന്നവർ മുടക്കം കൂടാതെ കൊടുക്കും. സമ്മാനം എപ്പോഴും ഉണ്ടാവില്ല ജെഫൂ മാറേണ്ടത് മാറുക തന്നെ വേണം.

      Delete
    2. മാറേണ്ടത് മാറുക തന്നെ വേണം. തീര്‍ച്ചയായും വേണം മുല്ലേ..
      മറുപടിയില്‍ വിയോജിപ്പുകള്‍ ഉണ്ട് എങ്കിലും ഇവിടെ ഈ വിഷയത്തില്‍ ചര്‌ച്ച തുടര്‍ന്നാല്‍ ചിലപ്പോള്‍ പോസ്റ്റിന്റെ വിഷയം തന്നെ മാറിപ്പോകും എന്ന് ഭയക്കുന്നു :) ഇന്ഷാ അല്ലാഹ് പിന്നീടാകാം.

      Delete
  15. This comment has been removed by the author.

    ReplyDelete
    Replies
    1. നല്ല വിഷയം മുല്ലെ. ഇനിയും ഒരു പാടു പറയാന്‍ ബാക്കിയുള്ള അഥവാ പറഞ്ഞാൽ തീരാത്തതാണ് ഈ വിഷയം.

      Delete
  16. എന്റേത് ഒരു മിശ്രവിവാഹമായിരുന്നു
    ദരിദ്രകുടുംബത്തിലെ പെണ്‍കുട്ടിയെ ദരിദ്രനായിരുന്ന ഞാന്‍ കഴിവുള്ളതുപോലെ അങ്ങോട്ട് കൊടുത്താണ് വിവാഹം കഴിച്ചത്.
    എന്തായാലും ഇന്നുവരെ ഒരു മുട്ടും വന്നിട്ടില്ല

    പണമല്ല ഒരു ജീവിതത്തെ സുരക്ഷിതവും സമാധാനകരവുമാക്കുന്നതെന്ന് എന്റെ ജീവിതം എന്നെ പഠിപ്പിച്ചു

    ReplyDelete
    Replies
    1. അജിത്ത് ജീ, വളരെ സന്തോഷം തോന്നുന്നു ഇത് കേട്ടപ്പോൾ. എല്ലാ ആശംസകളും..

      Delete
  17. നല്ല പോസ്റ്റ്‌
    വളരെ ശ്രദ്ധേയമായ അഭിപ്രായങ്ങളും
    എല്ലാം കൂട്ടി ചേർത്ത് വായിക്കുമ്പോൾ പ്രസക്തമാകുന്ന ചിന്ത

    ReplyDelete
  18. മുല്ല... സാമൂഹികപ്രസക്തിയുള്ള, ശക്തമായ ഒരു എഴുത്ത്...... ഒരു പരിധി വരെ നാമുൾപ്പെടുന്ന സമൂഹത്തിന്റെ കപട ചിന്താഗതികളല്ലേ ഇത്തരം കല്യാണങ്ങളിലേയ്ക്ക് ദരിദ്രകുടുംബങ്ങളെ തള്ളിവിടുന്നത്....കുറച്ചുനാൾ വിഷയദാരിദ്ര്യത്തിൽനിന്നും രക്ഷപ്പെടുവാൻ വലിച്ചുനീട്ടുന്ന ഒരു ചാനൽ വാർത്തകളും കുറേ ചർച്ചകളും, ഒറ്റപ്പെട്ട ചില പ്രതികരണങ്ങൾ.... ഇവയല്ലാതെ ആത്യന്തികമായ ഒരു അവസാനം കുറിയ്ക്കുവാൻ എന്ത് പ്രവർത്തനമാണ് നമ്മുടെയൊക്കെ ഭാഗത്തുനിന്നുണ്ടാകുന്നത്.. അതുകൂടി ചിന്തിയ്ക്കുവാനുള്ള സമയമായിരിയ്ക്കുന്നു.... അല്ല അത് അതിക്രമിച്ചുകഴിഞ്ഞിരിയ്ക്കുന്നു.... കാരണം കുറേ നാൾ മുൻപ് മാലിയിലേയ്ക്ക് ഇത്തരത്തിൽ കല്യാണങ്ങൾ നടത്തി പെൺകുട്ടികളെ കൊണ്ടുപോകുന്ന വാർത്ത വന്നിരുന്നു.. കുറേ ദിവസങ്ങൾക്കുശേഷം അത മുങ്ങിപ്പോയി... ഇപ്പോൾ അത് മൈസൂർ കല്യാണമായി വീണ്ടും അവതരിപ്പിച്ചിരിയ്ക്കുന്നു... മുല്ല പറഞ്ഞതുപൊലെ ഇനി അത് ബംഗാൾ കല്യാണവും, ബീഹാർ കല്യാണവുമൊക്കെയായി വീണ്ടും അവതരിപ്പിയ്ക്കപ്പെടാം....

    അതിനുമുൻപായി എന്തെങ്കിലും ഒരു മാറ്റം നമ്മുടെ സമൂഹത്തിൽ ഉണ്ടാകുമെന്ന് പ്രതീക്ഷിയ്ക്കാം...

    ReplyDelete
  19. അതെ,പെണ്ണ് വെറും ചരക്കാണെന്ന ധാരണ മാറണം...അത് മാറും എന്നുതന്നെ കരുതാം...പക്ഷെ അത്തരത്തില്‍ സമൂലമായ ഒരു മാറ്റം വരണമെങ്കില്‍ തീര്‍ച്ചയായും അതിന് നാന്ദി കുറിക്കേണ്ടത്‌ ഈ സമൂഹത്തെ പല വിഭാഗങ്ങളാക്കി വെട്ടി മുറിച്ച് ഭരിച്ചുകൊണ്ടിരിക്കുന്ന മതങ്ങളും രാഷ്ട്രീയ പാര്‍ട്ടികളുമാണ്...അവര്‍ക്കേ മുന്‍കൈ എടുക്കാന്‍ കഴിയൂ സ്ത്രീധനത്തിനെയൊക്കെ തച്ചുടച്ചില്ലാതാക്കാന്‍.നിങ്ങളുടെയും എന്റെയുമൊന്നും ഒറ്റപ്പെട്ട ശബ്ദങ്ങള്‍ക്ക്‌ കുറച്ചു നാളുകള്‍ മാത്രം ചര്‍ച്ച ചെയ്യപ്പെടാന്‍ സാധ്യതയുള്ള ഒരു രോദനമായി അലിഞ്ഞില്ലാതാവാനേ കഴിയൂ.അതുമല്ലെങ്കില്‍ ഒറ്റയും തെറ്റയുമായി;റിനി ശബരിയെപ്പോലെ,അജിത്തേട്ടനെപ്പോലെയുള്ള ചുരുക്കം ചില അഗ്നി സ്ഫുലിങ്കങ്ങള്‍ കണ്ടു നാം തൃപ്തി അടയേണ്ടി വരും...നമ്മുടെ ആശയങ്ങള്‍ വെറും മൈതാന പ്രസംഗങ്ങളായി മൃതിയടയും.മേല്‍പ്പറഞ്ഞ കേന്ദ്രങ്ങളില്‍ നിന്നും അങ്ങനെയൊരു ചര്‍ച്ച ഉണ്ടായാലേ കാതലായ മാറ്റങ്ങള്‍ ഉണ്ടാകുകയുള്ളൂ...അതുറപ്പ്‌.പക്ഷേ മാറ്റമില്ലാതെ യാതൊന്നും ഒരുപാട് കാലം തുടരില്ല എന്ന പ്രപഞ്ച സത്യത്തില്‍ വിശ്വസിക്കാം...ആശംസകള്‍ നേരുന്നു...കാലിക പ്രസക്തമായ ഒരു വിഷയം അവതരിപ്പിച്ച് ഇത്രയൊക്കെ ചര്‍ച്ച വളര്‍ത്തിക്കൊണ്ടുവരാന്‍ നടത്തിയ ശ്രമത്തിന് അഭിനന്ദങ്ങള്‍ !! ഇത് കേവലമൊരു ചര്‍ച്ചയായി മാത്രം അവസാനിക്കാതിരിക്കട്ടെ, നമ്മുടെ സഹോദരിമാരുടെ കണ്ണുനീരിന് അറുതി വരുന്നൊരു സൂര്യോദയം ഉണ്ടാകട്ടെ !!

    ReplyDelete
  20. ഇവിടെ വരികയും വായിച്ച് ആത്മാർത്ഥമായി തങ്ങളുടെ അഭിപ്രായം പറയുകയും ചെയ്ത എന്റെ എല്ലാ കൂട്ടുകാർക്കും നന്ദി, സ്നേഹം..

    ഈ പെൺകുട്ടികളുടെ കണ്ണീരിനു ഒരവസാനം ഉണ്ടാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

    ReplyDelete
  21. മുല്ല പറഞ്ഞ പോലെ സമ്മാനം പെണ്‍കുട്ടിക്ക് കൊടുത്ത് വിവാഹം ചെയ്യേണ്ട മുസ്ലിം സമുദായത്തിലാണ് ഈ മൈസൂര് കല്യാണം കൂടുന്നത് എന്ന് മനസ്സിലാക്കുമ്പോൾ കേരളത്തിലെ സമുദായ നേതാക്കൾക്ക് ഈ പ്രശനത്തിലെ പങ്കിനെ നിസ്സാരമായി കാണാൻ കഴിയില്ല ..
    ആരിഫ് സാറിന്റെ കുറിപ്പ് കണ്ണ് നിറയിച്ചു ..എനിക്കും നേരിട്ടറിയാം ചില വിവാഹങ്ങൾ , അതിൽ അപൂർവം ചിലത് നന്നായി പോകുന്നുവെന്നും അറിയാം .. ചിലര് കണ്ണീരും കയ്യുമായി തന്റെ ജീവിതം അവിട് നരകിച്ചു തീർക്കുന്നുമെന്നും അറിയാം
    എങ്കിലും കോഴിക്കോട്ടെ കടലോര വീടുകളിൽ വല്ലിപ്പാന്റെ പ്രായമുള്ള അറബിയോടൊപ്പം മണവാട്ടിയായി പോയ പതിമൂന്നുകാരിയെ ഓർക്കുമ്പോൾ ഇവരെത്ര ഭാഗ്യവതികൾ

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..