Wednesday, February 13, 2013

എഴുത്തുകാരിയുടെ മുറി.



ഒരു എഴുത്തുകാരിയുടെ മുറി എങ്ങനെയാവണം. അല്ലെങ്കില്‍ അത് എങ്ങനെയിരുന്നാല്‍ എന്താണല്ലെ.
സ്വന്തമായി എഴുത്തുമുറിയുള്ള എത്ര എഴുത്തുകാരികള്‍ ഉണ്ടാകും നമുക്ക്..മീന്‍ വെട്ടിക്കഴുകുമ്പോള്‍,
അല്ലെങ്കില്‍ ദോശ നന്നായി മൊരിയാന്‍ കാത്ത് നില്‍ക്കുമ്പോള്‍ ഉള്ളിലുയര്‍ന്ന് വരുന്ന അക്ഷരങ്ങളെ
ദോശക്കൊപ്പം മറിച്ചിടുമ്പോള്‍ ചിലത് നന്നായി മൊരിഞ്ഞ് പാകമായ് വരും. മറ്റ് ചില വാക്യങ്ങള്‍
അപ്പാടെ കരിഞ്ഞ് പോയിട്ടുണ്ടാകും. എത്ര ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചാലും പിടിതരാതെ വഴുതിക്കളിച്ച്...



പണികളെല്ലാം  കഴിഞ്ഞ് ബെഡ് റൂമിലെ കട്ടിലില്‍ ചമ്രം പടിഞ്ഞിരുന്ന് നോട്ട് ബുക്
 മടിയിലെടുത്ത് വെച്ചാല്‍ അക്ഷരങ്ങള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തും. 
-- ഒന്നുമുണ്ടാവില്ല  മനസ്സിലപ്പോൾ. . . ശുദ്ധശൂന്യത. ആ ഒച്ചയില്ലായ്മകളിലേക്കാണു പതിയെ ഒന്നിനു
പിറകെ ഒന്നായ് ആ കാലൊച്ചകള്‍ കടന്നു വരിക. എന്റെ എഴുത്ത്മുറിയില്‍ കനച്ച് കിടക്കുന്ന
നിശബ്ദതയിലേക്ക് വന്നു വീഴുന്ന ഈ ശബ്ദങ്ങളെ  ഞാന്‍ സ്നേഹിച്ചു തുടങ്ങിയത് എപ്പോഴാണു..., അത്രമേല്‍ ഞാനവയോട് ഇഴുകി ചേര്‍ന്നതിനാല്‍ ഇപ്പോഴെനിക്ക് ഓരോ കാലൊച്ചകളേയും  വേര്‍തിരിച്ചറിയാനാകും.

ആ ശബ്ദങ്ങളുടേഉടമകള്‍ ആരെന്നറിയാന്‍ ഒന്ന് തല പൊന്തിച്ച് നോക്കുക പോലും വേണ്ടനിക്ക്..,കാലടികളുടെ അമർന്ന ശബ്ദം, ഒരു മുരടനക്കൽ, അല്ലെങ്കിൽ മൊബൈലിന്റെ പരിചിതമായ കുണുങ്ങലുകൾ, അതിൽ നിന്നറിയാം ഇരുട്ടിലൂടെ കടന്നു പോകുന്നത് ആരാണെന്ന്. 

ഒരു ഫോട്ടൊക്ക് അടിക്കുറിപ്പെഴുതി പോസ്റ്റ് ചെയ്യുന്നതിനിടയിലാവും ഒരു ചുംബനത്തിന്റെ സീൽക്കാരം ജനൽ ചില്ലയിൽ തട്ടി ,ചുമരിലെ കണ്ണാടിയിൽ തടഞ്ഞ് എന്റെ നേർക്ക് ചരിഞ്ഞ് വീഴുക. ഇവിടിരുന്നാൽ അയാളെ എനിക്ക് കാണാനാകുന്നുണ്ട്, അജ്ഞാതയായ അയാളുടെ കാമുകിയേയും. ചെറുപ്പമാണയാൾ, പ്രണയം അയാളുടെ മുഖത്തെ ജ്വലിപ്പിക്കുന്നുണ്ട്.  ഉറച്ച ആത്മ വിശ്വാസം ദ്വോതിപ്പിക്കുന്ന കാൽ വെപ്പുകൾ. അതെന്തായാലും ഈ നിമിഷം അയാളുടെ കാമുകി ഭാഗ്യവതിയാണു, ഭാവിയിൽ എന്താകുമെന്ന് ഒരുറപ്പുമില്ല. 

ഇനി വരാനുള്ളത് കുട്ടനാണു. അൽ‌പ്പം  സ്വാധീന ക്കുറവുള്ള ഇടത് കാലിലെ വള്ളിച്ചെരിപ്പ് റോഡിലുരയുന്ന ശബ്ദം കേട്ടാൽ  അപ്പുറത്തും ഇപ്പുറത്തുമുള്ള പൂച്ചകളൊന്നാകെ വഴിയിലിറങ്ങും. അവക്കറിയാം കുട്ടന്റെ കൈയിൽ അമ്പലത്തിലെ പ്രസാദം ഉണ്ടെന്നു. അമ്മിണി, ബാലു, പാറുക്കുട്ടി എന്നൊക്കെ ഈ നഗരത്തിലും പൂച്ചകൾക്ക് പേരുണ്ടെന്നു ഞാൻ അറിഞ്ഞത് അതിശയത്തോടെയാണു. ചോദിച്ചാൽ  പുഴു തിന്ന് അടർന്ന് വീഴാറായ പല്ലുകൾ കാട്ടി കുട്ടൻ  ചിരിക്കും. “ ഇവറ്റോളെ അല്ലാതെ ഞാനാരെയാ പേരെടുത്ത് വിളിക്ക്യാ...”

അജ്ഞാതനായ ആ കാമുകനേയും കുട്ടനേയും വിട്ട് എന്തേലുമെഴുതാനായുമ്പോളാവും രാമേട്ടന്റെ വരവ്. രണ്ട് വശത്തേക്കും കൊതുകിനെ കൊല്ലാനുള്ള ബാറ്റ് ആഞ്ഞു വീശി രാമേട്ടൻ നടക്കുമ്പോൾ കടുക് മണികൾ പൊട്ടിച്ചിതറുന്നത് പോലെ നാലുപാടും കൊതുകുകൾ ചത്തു വീഴും. അപ്പുറത്ത് ഒഴിഞ്ഞ് കിടക്കുന്ന വീട്ടിലെ വാച്ച്മാനാണു രാമേട്ടൻ. ഗേറ്റടക്കുന്നതിനിടയിൽ മതിലിനു മുകളിലൂടെ ഗുഡ്നൈറ്റ് രാമേട്ടാന്ന് വിളിച്ച് പറയുന്ന എന്റെ നേരെ ബാറ്റ് വീശി അയാൾ ചിരിക്കും.” ഞ്ഞി ഒറങ്ങിക്കൊ, ഞാനീടെ ഉണ്ട്.” പാവം രാമേട്ടൻ. ജീവിതത്തിലെ സായം കാലത്ത് വീട്ടിൽ കിടന്നു വിശ്രമിക്കുന്നതിനു പകരം ഈ കൊതുക് കടിയും കൊണ്ട് രാവ് മുഴുവൻ ഉറക്കൊഴിയണം.   ഗ്രാറ്റുവിറ്റിയൊ പങ്കാളിത്ത പെൻഷനോ പോയിട്ട് അസുഖം വന്നാൽ ചികിത്സിക്കാൻ കൂടി ഗതിയില്ലാത്ത ഒരു വലിയ  വിഭാഗത്തിന്റെ പ്രതിനിധിയാണു രാമേട്ടൻ. 

ഇനി കട അടച്ച് മുഹമ്മദിക്ക് കൂടി പോയാൽ എനിക്കുറങ്ങാം. വീടിനു മുന്നിലെ നിരത്ത് മുറിച്ച് കടന്നാൽ കാണുന്നതാണു ആയിഷ സ്റ്റോർ. നേരമിരുട്ടി കടയിൽ ചെന്നാൽ മുഹമ്മദിക്ക കണ്ണുരുട്ടും . “ നീയെന്തിനേപ്പൊ വന്നെ, ഇരുട്ടത്ത്, “ , മോനില്ലെ അവിടെ..?’“
“ അവനു പരീക്ഷയാണു പഠിക്ക്യാണെന്ന് പറഞ്ഞാൽ എനിക്ക് വേണ്ടുന്ന സാധനങ്ങൾ വേഗത്തിൽ എടുത്ത് തന്ന് എന്നെ പറഞ്ഞയക്കുന്ന കരുതൽ. എല്ലാ മനുഷ്യരും ഇങ്ങനെ നല്ലവരാണെന്നു വിശ്വസിക്കാൻ തന്നെയാണു ഈ കാലത്തും എനിക്കിഷ്ടം. ജീവിക്കാനാകില്ല അല്ലെങ്കിലെനിക്ക്.ഇങ്ങനെയുള്ള ചുരുക്കം ചില മനുഷ്യർ കാരണമാണു ഇപ്പോഴും ഈ ഭൂമി ഇങ്ങനെ നില നിൽക്കുന്നത്



ലൈറ്റോഫാക്കി ജനലടക്കാൻ നോക്കിയാൽ എത്ര ശ്രമിച്ചാലും ഒരു ജനലടയില്ല, വാടക വീടുകളുടെ മനശാസ്ത്രം അങ്ങനെയാണു, എത്ര നല്ല വീടാണേലും ഒരു കുറ്റിയോ കൊളുത്തോ ഉണ്ടാകും പിടി തരാതെ..., എന്നാലും ഈ വീടുകളെയെല്ലാം ഞാൻ സ്നേഹിക്കുന്നുണ്ട്. ജീവിതത്തിലെ എല്ലാ നല്ല നിമിഷങ്ങളിലും എന്റൊപ്പം ചിരിച്ചും കരഞ്ഞും ഈ വീടുകളുമുണ്ടായിരുന്നു എന്നും.

“ ബാമുണ്ടോ, ഇപ്പളും നല്ല വേദനയാ..” അയ്യപ്പനാണത്, ഇരുട്ടത്തും ആ ശബ്ദം കേട്ടാൽ എനിക്കറിയാം. കഴുത്തും തിരുമ്മി അയ്യപ്പൻ വന്നു നിൽക്കുമ്പോൾ ഇത്രകാലം കഴിഞ്ഞിട്ടും എനിക്ക് സങ്കടം വരും. തൂങ്ങിമരിച്ചതാണു അയ്യപ്പൻ. എന്തിനാണു എന്റടുത്ത് എപ്പളും ഇങ്ങനെ വരണേന്നു ചോദിച്ചാൽ അയ്യപ്പൻ കണ്ണു നിറക്കും, “ എന്നെ ഓർക്കണൊരടുത്തല്ലെ ഞാൻ പോവ്വാ..”

സ്കൂളിലെ പ്യൂണായിരുന്നു അയ്യപ്പൻ. ആളുകൾ സ്വയം ഇല്ലാണ്ടാകുന്നത് എന്തിനാണെന്ന് അന്നൊന്നും എനിക്കറിയില്ലായിരുന്നു. ക്ലാസ്സ് മുറിയിലെ കഴുക്കോലിൽ തൂങ്ങിയാടുന്ന ആ രൂപം ഇപ്പോഴും എന്റെ കണ്ണിലുണ്ട്. മാഞ്ഞു പോണില്ല ഒന്നും.

ഇനി വരിക പാത്തേബിയാണു. മുലകൾ വേദനിക്കുന്നൂന്ന് പറഞ്ഞ് അവൾ കരയുമ്പോൾ കൈകൾ നെഞ്ചത്തമർതത്തി ഞാൻ കമിഴ്ന്നു കിടക്കും. എനിക്ക് കാണാൻ വയ്യ അത്. പാത്തേബി എന്നു എല്ലാവരും വിളിച്ചിരുന്ന ഫാത്തിമകുട്ടി. പെറ്റ് നാല്പത് നാൾ തികയും മുൻപ് കെട്ടിയവൻ ചവിട്ടിക്കൊന്നവൾ. സംശയമായിരുന്നു ആ കാലമാടന്റെ മനസ്സു നിറയെ. സ്കൂളിലേക്കുള്ള എളുപ്പ വഴിയായിരുന്നു ഞങ്ങൾക്ക് പാത്തേബിയുടെ പുരയിടം. ഇടവഴി കയറി പുരക്ക് മുന്നിലൂടെ ചുറ്റി വന്നാൽ റെയിൽ പാളമായി, പാളം മുറിച്ച് കടന്നാൽ ഒറ്റയോട്ടത്തിനു സ്കൂളിലെത്താം. നീല ഞരമ്പോടിയ കൈതണ്ടയിൽ നിറയെ കറുത്ത കുപ്പിവളകളും മൈലാഞ്ചി ചോപ്പുമായി പാത്തേബിയുണ്ടാകും മുറ്റത്ത്. ആ മൊഞ്ചത്തിയാണു ഇങ്ങനെ  പാലൊലിക്കുന്ന നെഞ്ചുമായി മുന്നിൽ വന്ന് നിൽക്കുന്നതെന്ന് വിശ്വസിക്കാനാകില്ല.   മരിച്ചവർക്കും വയസ്സാകുമെന്നു  ആരെങ്കിലും പറഞ്ഞാൽ അതിൽ ഒട്ടും  അതിശയോക്തി ഇല്ല  !


മരിച്ചവരെന്തിനാണു എനിക്ക് ചുറ്റും ഇങ്ങനെ  അലയുന്നത്..? കേൾക്കാനാകുന്നില്ല ആ ഞരക്കങ്ങൾ. 


37 comments:

  1. This comment has been removed by the author.

    ReplyDelete
  2. ഇത് എഴുത്തുകാരിയുടെ മുറിയോ മരിച്ചവരുടെ വാടക വീടോ... ?
    നന്നായി.. :)
    ആശംസകള്‍...,...

    http://drmanojvellanad.blogspot.in/2013/02/blog-post_13.html

    ReplyDelete
  3. എഴുത്തുകാരിയുടെ മുറി തന്നെ...
    കഥയും,കഥാപാത്രങ്ങളും അനസ്യൂതം ഒഴുകിവരികയല്ലേ!
    എന്തൊരു ഭാഗ്യം!!
    നന്നായിരിക്കുന്നു "എഴുത്തുകാരിയുടെ മുറി".
    ആശംസകള്‍

    ReplyDelete
  4. എഴുത്തുകാരിയുടെ മുറിയില്‍ ധാരാളം വിഭവങ്ങള്‍ ഉണ്ടല്ലോ.
    നല്ലൊരു കറി ഉണ്ടാക്കമല്ലോ.
    ഇനി എന്തായാലും വാടക വീടെടുക്കുമ്പോള്‍ കുറ്റിയും കൊളുത്തും ഉണ്ടോന്ന് ഉറപ്പു വരുത്തിയിട്ടേ കാര്യമുള്ളൂ.

    ReplyDelete
  5. നല്ല രസകരമായിരുന്നു ഈ വായന... :)

    ReplyDelete
  6. വിത്യസ്തമായ ഒരു വായനാനുഭവമായി.
    ആളുകൾ സ്വയം ഇല്ലാണ്ടാകുന്നത് എന്തിനാണെന്ന് അന്നൊന്നും എനിക്കറിയില്ലായിരുന്നു..തുടങ്ങിയ കാവ്യാത്മകമായ വാചകങ്ങള്‍ ഏറെ ഇഷ്ടപ്പെട്ടു.

    ReplyDelete
  7. സുഖമുള്ള വായന സമ്മാനിച്ച വാചകങ്ങൾ..

    ReplyDelete
  8. മുല്ലയുടെ രചനകള്‍ എന്നും എന്നെ അതിശയിപ്പിക്കാറ് എഴുത്തിലെ വശ്യത കൊണ്ട്തന്നെയാണ്. വായിച്ചാലും വായിച്ചാലും മതിവരാത്ത ശൈലിയും ഏറെ ചിന്തിക്കാന്‍ മനസ്സിലേക്ക് എറിഞ്ഞുതരുന്ന ശകലങ്ങളും എത്ര അനായാസേനയാണ് എഴുതിപതിപ്പിക്കുന്നത്..

    ReplyDelete
  9. രസമുള്ള വായന തന്നു...

    ReplyDelete
  10. This comment has been removed by the author.

    ReplyDelete
  11. ലേറ്റാ വന്താലും ലേറ്റസ്റ്റാ വന്നു.
    എഴുത്തുകാരിയുടെ മുറി നിറയെ കഥാപാത്രങ്ങള്‍

    ReplyDelete
  12. മുറിയിലെ ഏകാന്തതയില്‍ ഇരുന്നുള്ള ചിന്തകള്‍ അക്ഷരങ്ങളായി മാറിയപ്പോള്‍ ,എന്തോ വല്ലാത്ത ആകര്‍ഷണം ഈ അക്ഷരങ്ങള്‍ക്ക് .ശൈലി ഒരുപാടിഷ്ടായി ഇനിയും എഴുതുക ഒത്തിരി ആശംസകളോടെ ഒരു കുഞ്ഞുമയില്‍പീലി

    ReplyDelete
  13. മുല്ലയുടെ ഈ രചന വളരെ ഇഷ്ടമായി കേട്ടോ. അഭിനന്ദനങ്ങള്‍.

    ReplyDelete
  14. ഓരോ എഴുത്തുകാരിയുടെ ഉള്ളിലും :) മന്മറഞ്ഞതും മറയാത്തതും ആയി എത്രയോ കഥാപാത്രങ്ങള്‍ . എല്ലാരെയും ഓര്‍ത്തു വെക്കുകയും അക്ഷരങ്ങള്‍ക്ക് കൊണ്ട് ജീവന്‍ നല്‍കുകയും ചെയ്തത് നന്നായി മുല്ലേ ...

    ReplyDelete
  15. എഴുത്തുകാരിയുടെ മുറി മനസ്സില്‍ സന്തോഷവും വേദനയും നിറയ്ക്കുന്നു ...

    ReplyDelete
  16. കൊള്ളാം .... നിദ്രക്കും നിജത്തിനും ഇടക്കൊരു ഉറക്കു ജീവിതം ... മിഴിവാര്‍ന്ന കഥാപാത്രങ്ങള്‍ നല്ലൊരു കഥയില്‍ ജീവിച്ചു വരുന്നത് കാണാന്‍ കാത്തിരിക്കുന്നു ..!

    ReplyDelete
  17. നന്നായിരിക്കുന്നു മുല്ലാ...

    ReplyDelete
  18. ആത്മാക്കള്‍ ,സൗഹൃദം , സ്നേഹം. തികച്ചും വിത്യസ്തമായ ഒന്ന്.
    ആ ഫോട്ടോയിലുള്ള സേതുവിന്‍റെ "അറിയാത്ത വഴികള്‍ " ഞാനും തുറന്നു വെച്ചിട്ടുണ്ട്. വായന തുടങ്ങിയില്ല

    ReplyDelete
  19. മുല്ലേ , നന്നായി എഴുതീ .........
    കടുക് പൊട്ടി തെറിക്കുന്ന ശബ്ദം ..
    സത്യമാണേട്ടൊ .. ഞാനൊന്നു മനസ്സില്‍ ഓര്‍ത്ത് നോക്കി ..
    മുല്ലയുടെ വരികളെപ്പൊഴോ വായിച്ചത്
    മനസ്സില്‍ അടിഞ്ഞു പൊയ വരികളാണിതെന്ന് അടിവരയിടുന്നു ..
    "" എല്ലാ മനുഷ്യരും ഇങ്ങനെ നല്ലവരാണെന്ന് വിശ്വസ്സിക്കാന്‍
    ആണ് ഈ മനസ്സിനിഷ്ടം എന്നുള്ളത് ""
    ആ റിക്ഷകാരന്റെ വരികളിലാണാവൊ .. എവിടെയോ ...!
    ഒരൊ പേരുകളും മുന്നില്‍ വന്നു നില്‍ക്കുന്നു .....
    ചില വരികള്‍ വീണു പൊകുന്നത് , ഇങ്ങനെയോക്കെയാവാം അല്ലേ ..
    ന്റെ ഒരു കൂട്ടുകാരി പണ്ട് പറഞ്ഞതൊര്‍ക്കുന്നു ..
    ചായ ഉണ്ടാക്കുമ്പൊള്‍ ഒരു വരി വന്നു വീണൂന്ന് ..
    കുളിച്ച് കഴിഞ്ഞ് എത്ര ആലൊചിച്ചിട്ടും പിന്നെ അതിനേ കിട്ടിയില്ലെന്ന് ..
    മനസ്സ് .. ഇങ്ങനെ ഒഴുകുന്നുണ്ട് , എന്തൊക്കെ , എതൊക്കെയോ
    കഥാപാത്രങ്ങളിലൂടേ , നമ്മുക്കു മുന്നിലൂടെ മറഞ്ഞവര്‍
    സ്നേഹമായി കൂടെയുള്ളവര്‍ , ഒരു തുണ്ട് നിമിഷം കൊണ്ട്
    ഒരു കാലം തന്നവരായി ഒക്കെ ...............
    ഇഷ്ടായീ ഈ എഴുത്തിന്റെ മനസ്സ് ..

    ReplyDelete
  20. ‘എല്ലാ മനുഷ്യരും ഇങ്ങനെ നല്ലവരാണെന്നു വിശ്വസിക്കാൻ തന്നെയാണു ഈ കാലത്തും എനിക്കിഷ്ടം. ജീവിക്കാനാകില്ല അല്ലെങ്കിലെനിക്ക്.ഇങ്ങനെയുള്ള ചുരുക്കം ചില മനുഷ്യർ കാരണമാണു ഇപ്പോഴും ഈ ഭൂമി ഇങ്ങനെ നില നിൽക്കുന്നത് ‘ ---
    അതെ ഇതുപോലെയുള്ള
    നന്മനിറഞ്ഞ ആളുകളാൽ ചുറ്റപ്പെട്ട
    മുറിക്കുള്ളിൽ ഒറ്റപ്പെട്ടിരിക്കുമ്പോൾ ...പുസ്തകങ്ങളിൽ
    നിന്നിറങ്ങിവന്ന ദുരന്താത്മക്കളുടെ കൂട്ടുമായിരിക്കുന്ന ആ എഴുത്തുകാരിയുടെ
    രേഖാചിത്രം സൂപ്പറായി വരികളിൽ കൂടി വരച്ചിട്ടിരിക്കുകയാണല്ലോ അല്ലേ ഇവിടെ...

    അഭിനന്ദനങ്ങൾ..കേട്ടൊ മുല്ലേ

    ReplyDelete
  21. >>എല്ലാ മനുഷ്യരും ഇങ്ങനെ നല്ലവരാണെന്നു വിശ്വസിക്കാൻ തന്നെയാണു ഈ കാലത്തും എനിക്കിഷ്ടം. <<എല്ലാവരും നല്ലവര്‍ തന്നെയാണ് മുല്ല.

    ചീത്തയാ യവരുടെ ഉള്ളില്‍ എവിടെങ്കിലും ഉണ്ടാവും ഒരിറ്റു നന്മ...അത് നമ്മള്‍ കാണാ തെപോകുന്നതാനെന്നു തോന്നുന്നു

    നല്ല ഒരു വായന തന്നതിന് നന്ദി

    ReplyDelete
  22. യാസ്മിനോട് പൂര്‍ണമായും യോജിക്കുന്നു.
    എഴുത്തുകാരിയുടെ ഭാവനകള്‍ പലപ്പോഴും സാമ്പാറിലും ചോറിലും,ചപ്പാത്തിയിലും കറിയിലും കുഴഞ്ഞു കിടപ്പാണ്.

    ReplyDelete
  23. എഴുത്തുകാരിയുടെ മുറിയില്‍ ഇനിയും ഓരോരുത്തര്‍ വന്ന് ശല്യം ചെയ്തു കൊണ്ടേയിരിക്കട്ടെ. എന്നാലേ ഇങ്ങനെ വായിക്കാന്‍ സാധിക്കൂ. നല്ല എഴുത്ത്. ആശംസകള്‍

    ReplyDelete
  24. നല്ലമുറി,
    ഒരുപാട് കഥാപാത്രങ്ങള്‍ പൂത്ത,പൂക്കുന്ന മുല്ലപ്പൂങ്കാവനം...!

    ReplyDelete
  25. എല്ലാം അനുകൂലം ആകുമ്പോള്‍, കാര്യങ്ങള്‍ നടന്നുപോകും- ഇവിടെ എഴുത്ത് എന്ന ജോലിയും നടന്നുപോകും. എന്നാല്‍, ആശയദാരിദ്ര്യമില്ലായ്മ, പുതുമ ഒക്കെ എഴുത്തില്‍ കടുന്നു കൂടണമെങ്കില്‍ അതിനിടയില്‍ പ്രതിബന്ധങ്ങള്‍ നേരിട്ടുകൊണ്ടിരിക്കണം.
    ഭാവുകങ്ങള്‍.

    ReplyDelete
  26. നന്നായിരിക്കുന്നു കഥ...
    ആശംസകൾ...

    ReplyDelete
  27. കുട്ടനും അയ്യപ്പനും രാമേട്ടനും എല്ലാം കടന്നുപോയി കണ്മുന്നിലൂടെ. ഓര്‍മ്മകള്‍ മൃതമാവുന്നില്ല ചിലത് കാലം ചെല്ലുമ്പോള്‍ കൂടുതല്‍ തെളിഞ്ഞു വരും. നാളെ നമ്മളെല്ലാം മറ്റുള്ളവര്‍ക്ക് ഓര്‍മ്മകളാവാനുള്ളവരാണല്ലോ. നല്ല ഓര്‍മ്മകളാവാന്‍ നമുക്ക് ശ്രമിക്കാം. ഈ നല്ല എഴുത്തിലെ മുഹമ്മദിക്കയെ പോലെ

    ReplyDelete
  28. എഴുത്തുകാരിയുടെ മുറിയില്‍ വരികയും അഭിപ്രായം എഴുതുകയും ചെയ്ത എന്റെ എല്ലാ കൂട്ടുകാര്ക്കും നന്ദി, സ്നേഹം 

    ReplyDelete
  29. പ്രിയപ്പെട്ട മുല്ല.... ഏകാന്തതയിൽ ദിവസങ്ങൾ തള്ളീനീക്കുന്നവരുടെ മനോവികാരങ്ങൾ എഴുത്തുകാരിയുടെ ഈ മുറിയിൽ നിറഞ്ഞുനിൽക്കുന്നു..(പ്രവാസിയായി ജീവിയ്ക്കുന്നതുകൊണ്ട് തോന്നുന്നതായിരിയ്ക്കും അല്ലേ... :) അവർക്കൊക്കെ കൂട്ട് ആത്മാക്കളായി അലഞ്ഞുനടക്കുന്ന ഓർമ്മകളും, നഷ്ടപ്പെട്ടുകൊണ്ടിരിയ്ക്കുന്ന ജീവിതത്തേക്കുറിച്ചുള്ള സ്വപ്നങ്ങളും മാത്രമല്ലേയുള്ളു... വളരെ നന്നായി എഴുതിയിരിയ്ക്കുന്നു...
    ഒന്നുകൂടി വായിച്ചു.... ആശംസകൾ..

    ReplyDelete
  30. മുല്ലയുടെ കുറച്ചു സുഹൃത്തുക്കളെ പരിചയപ്പെട്ടു...നല്ല എഴുത്ത്.

    ReplyDelete
  31. ഇതുപോലെ മനസില്‍ തോന്നുന്നതൊക്കെ തീവ്രത ചോര്‍ന്നുപോകാത്ത അപ്പപ്പോള്‍ കുറിച്ചിടാനുള്ള എന്തെങ്കിലും സോഫ്റ്റ്‌വെയര്‍ വരുമായിരിക്കും. അപ്പോള്‍ എഴുത്തുകാരിക്ക് മുറിവിട്ട്‌ പാറിപ്പറക്കാം...

    ReplyDelete
  32. മുല്ലയുടെ എഴുത്ത് മുറിയും ബ്ലോഗും വ്യത്യസ്തമായ വായനാ സുഖമാണ് എന്നും നല്‍കുന്നത്. വശ്യമായ എഴുത്തിനു ആശംസകളോടെ.

    ReplyDelete
  33. വ്യത്യസ്തമായ ഒരു വായനാനുഭവം.അഭിനന്ദനം

    ReplyDelete
  34. Sthreethwathinte manoharamaaya aavishkaaram...

    mattullavarkkum sugandham pakarnnu nalkunna ee arimullaykku orayiram abhivaadyangal...

    ReplyDelete
  35. എഴുത്തുകാരിയുടെ മുറി ഇഷ്ടായി , ശൈലി കൊണ്ട് അനുഗ്രഹീത

    ReplyDelete

നിങ്ങളുടെ അഭിപ്രായങ്ങള്‍ വിലപ്പെട്ടതാണു.അതെന്തായാലും എഴുതൂ..